Wednesday, July 13, 2011

കൂട്ടുകാരന്റെ നെയിം ബോര്‍ഡ്

കൂട്ടുകാരാ  ..

നേരിട്ട് തന്നെ പറയണമെന്നുണ്ടായിരുന്നു. അതിനുള്ള ഒരു ആത്മബലം എനിക്കില്ലെന്നൊരു തോന്നല്‍. അതുകൊണ്ട് എഴുതുന്നു. ഇത് വായിച്ചു കഴിഞ്ഞു ഉണ്ടാകുന്ന വികാരം എന്താണെന്ന് എനിക്കറിയേണ്ട. പക്ഷെ, എനിക്കിത് നിന്നെ അറിയിച്ചേ തീരൂ. അല്ലെങ്കില്‍ എന്‍റെ ഹൃദയം എന്നോട് തന്നെ, ക്ഷമിക്കില്ലെന്നൊരു തോന്നല്‍.

കാലമെത്ര മുന്‍പാണ് നമ്മുടെ സൗഹൃദം തുടങ്ങിയത് ?
സ്കൂളിന്റെ മഞ്ഞയും കറൂപ്പുമടിച്ച ഭിത്തികല്ക്കുള്ളില്‍നിന്നും ആരംഭിച്ച ആ ബന്ധത്തിന് മുപ്പതു വര്‍ഷത്തിനു മേല്‍ പ്രായമുന്ടെന്നു അറിയുമ്പോള്‍, പെന്‍സിലും മിട്ടായിയും കൈമാറി വളര്‍ന്നു, പ്രാരാബ്ധങ്ങളും പണിത്തിരക്കുമായി ലോകത്തിന്റെ തന്നെ രണ്ടു ഭാഗങ്ങളിലേയ്ക്കു വലിച്ചു മാറ്റപ്പെട്ടപ്പോളും എനിക്ക് നിന്റെ വിശേഷങ്ങള്‍ കൈമാറുന്ന സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത് ഭാഗ്യമായി ഞാന്‍ കരുതിയിരുന്നു.  ഇടയ്ക്ക് വല്ലപ്പോളും കണ്ടു മുട്ടും നേരം ആരാണ് വലിയവനെന്ന ഈഗോയുടെ മൂടുപടമഴിച്ചു വച്ച് കുട്ടിക്കാലത്തിന്റെ നൈര്‍മ്മല്യത്തോടെ പരസ്പരം പുഞ്ചിരി കൈമാറാന്‍ കഴിയുമ്പോള്‍.. ഞാന്‍  തിരിച്ചറിയുന്നുണ്ടായിരുന്നു.. നമുക്കിടയിലുള്ള സുതാര്യമായ  ബന്ധത്തിന്റെ ആഴം.

കാലത്തിന്റെ ഒഴുക്കില്‍ നിനക്ക് ഉദ്യോഗപ്പെരുമയെക്കാള്‍  സാമൂഹ്യ സേവന മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പുതിയ പരിവേഷം ചാര്‍ത്തി നല്‍കുന്നത് ഉള്പ്പുളകത്തോടെയാണ്  ഞാന്‍ കണ്ടിരുന്നത്‌. ഭൂകമ്പവും സുനാമിയും മുതല്‍ സമൂഹവിവാഹവും സൌജന്യവിദ്യാഭ്യാസവും വരെ, അവസരമെതായാലും  നിന്റെ സമയോചിതമായ ഇടപെടലുകള്‍  ആശ്വാസമേകുകയോ അനേകരുടെ ജീവിതം തന്നെ വെളിച്ചത്തിലേയ്ക്കു നയിക്കപ്പെടുകയോ ചെയ്യപ്പെട്ടത് എന്നില്‍  എന്‍റെ സുഹൃത്തിനെക്കുറിച്ച്‌ എത്രമാത്രം അഭിമാനമുയര്ത്തിയതെന്നോ. പതിയെപ്പതിയെ നിന്റെ നിലയും വിലയും  എന്തിനു, നിന്റെ പേര് തന്നെ മാറി... പഞ്ചായത്ത് സംഘടിപ്പിച്ച സ്വീകരണത്തിന്റെ നോട്ടീസില്‍  'ഉദാര ഹൃദയന്‍' എന്ന നിന്റെ പുതിയ വിളിപ്പേര് കണ്ട് എന്‍റെ മക്കള്‍  ''ഇത് അച്ഛന്റെ കൂട്ടുകാരനല്ലേ'' എന്ന് തിരിച്ചറിഞ്ഞു. വിദേശത്തുനിന്നും എത്തുന്ന സമയങ്ങളില്‍ നിനക്ക് കിട്ടുന്ന സ്വീകരണങ്ങളിലെ ഒരു കാഴ്ചക്കാരനായി ഞാന്‍ മാറി. നിനക്ക് ലഭിക്കുന്ന പ്രശസ്തിയും പേരും കണ്ട്  ഒരു വേള, നീ ഒരു ആള്ദൈവമായി മാറുമോ എന്ന് പോലും ഞാന്‍ സംശയിച്ചിരുന്നു! 

ഇടയില്‍, വിധിയുടെ അനിവാര്യത എന്‍റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആരും  അറിയാതിരിക്കാനും  സൌഭാഗ്യങ്ങളെന്നു തോന്നിയിരുന്നതോരോന്നോരോന്നായി വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകുമ്പോളും പ്രസന്നതയഭിനയിക്കാനും ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.  കീഴടങ്ങാതിരിക്കാനുള്ള ത്വരയെന്നോ അപമാനിക്കപ്പെടരുതെന്ന ദുരഭിമാനമെന്നോ അതിനെ വിളിക്കാം. അതെന്റെ പരാജയമായിരുന്നോ? മക്കളുടെ പഠനം നില്‍ക്കുമെന്ന  അവസ്ഥയിലാണ് ഞാന്‍ എന്നെത്തന്നെ പുനര്‍വിചിന്തനം ചെയ്തത്.  എന്‍റെ എല്ലാ മുഖംമൂടികളും മാറ്റിവച്ചു, അവധിയ്ക്ക് നാട്ടിലെത്തിയ നിന്നെ വന്നൊന്നു കാണണം എന്ന് എനിക്ക് തോന്നിയതും അപ്പോളാണ് . നാട്ടിലുള്ള ആരെയും എന്‍റെ അവസ്ഥ അറിയിക്കരുതെന്ന ഒരു ചിന്തയും അതിന്റെ പുറകിലുണ്ടായിരുന്നു.  

എന്‍റെ ഭാര്യയെപ്പോലും അറിയിക്കാതെയാണ് ഇന്നലെ സന്ധ്യയ്ക്ക് നിന്റെ വീട്ടിലെത്തിയത്. തറവാട് പൊളിച്ചു കളഞ്ഞു അവിടെത്തന്നെ പണിതുയര്ത്തിയിരിക്കുന്ന ആ വീട് ഇത്രയടുത്ത് കാണുന്നത് ആദ്യമായിട്ടായിരുന്നു. വീടുതാമാസത്തിനു  വിളിക്കാനും മാത്രം ബന്ധം നമ്മള്‍ തമ്മിളില്ലായിരുന്നോ എന്ന്  ചിന്തയെ, വലിയ ആളുകള്‍ മാത്രം പങ്കെടുത്തിരുന്ന ഒരു ചടങ്ങായിരുന്നിരിക്കണം എന്ന സമാശ്വാസം കൊണ്ട് അടിച്ചമര്‍ത്തി.  നിറയെ തൂണുകളും, പഴയ കൊട്ടാരങ്ങളുടെ പോലെയുള്ള ബാല്ക്കണിയും എല്ലാം ഗംഭീരം. ഗേറിന് പുറത്തു നെയിം ബോര്‍ഡിലെ അക്ഷരങ്ങളില്‍ നിന്റെ പേരിനു താഴെ 'ഉദാര ഹൃദയന്‍ ' എന്ന് അരണ്ട വെളിച്ചത്തില്‍ വായിച്ചു. 

ബെല്ലടിച്ചു നിന്നെ കാത്തിരുന്ന എന്നെ, അത്ഭുതപ്പെടുത്തുന്ന സ്വീകരണമാണ് നീ നല്‍കിയതെന്ന് പറയാതിരിക്കാന്‍ വയ്യ. നിന്റെ ഭാര്യയേയും മക്കളെയും പരിചയപ്പെടുത്തിയതും അതിലടങ്ങിയിരുന്ന ആത്മാര്‍ത്ഥതയും എന്നെ സ്വയം കുറ്റപ്പെടുത്തി. കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ കണ്ട മമ്മൂട്ടിയായി നീയും ശ്രീനിവാസനായി ഞാനും മാറുന്ന പോലെ എനിക്ക് തോന്നി . മുഖവുരകളില്‍ തപ്പിത്തടഞ്ഞ എനിക്ക് ''നീ പറഞ്ഞോട.. എന്നോടല്ലേ'' എന്ന നിന്റെ വാക്കുകള്‍ എത്ര മാത്രം ആശ്വാസം നല്‍കിയെന്നോ. 'കടമായിട്ടെ'ന്നും 'എത്രയും വേഗം തിരിച്ചു നല്‍കാ'മെന്നും ഞാന്‍ പറഞ്ഞ വാക്കുകള്‍ നിന്നെ അലോസരപ്പെടുതത്തുന്നതുപോലെയാണ് എനിക്ക് അപ്പോള്‍ തോന്നിയത്. നീ ആലോചനയില്‍ മുഴുകിയപ്പോള്‍ ഞാന്‍ ലേബര്‍ റൂമിന് പുറത്തു കാത്തു നില്‍ക്കുന്ന ടെന്‍ഷന്‍ വീണ്ടും അനുഭവിച്ചു.

"ഇത് നമുക്ക് ജോറാക്കാം. 
നെറ്റിലും ഫോണിലുമായി ഒരു ചെറിയ കവറെജ് .. 
നാട്ടീന്നും ഗുള്‍ഫീന്നുമായി ഒരു നല്ല തുക സ്വരൂപിക്കാം. 
ഞാനല്ലേ മുന്നിട്ടിറങ്ങുന്നത്, മോശമാവാന്‍ തരമില്ല.. 
ഒരു പത്തു ദിവസം മതി. 
പിന്നൊരു പ്രസ്‌ കോണ്‍ഫറന്‍സ്.. എല്ലാ മീഡിയകളും വരട്ടെ.  
നല്ല ദിവസം നോക്കി ഒരു പൊതുയോഗം.. ഒരു മന്ത്രി - അത് ഞാന്‍ സംഘടിപ്പിക്കാം..
അതില് വച്ച് അവശതയനുഭവിക്കുന്ന പഴയ സുഹൃത്തിന്റെ കുടുംബത്തിനു "ഉദാര ഹൃദയന്‍" തുക കൈമാറുന്നു! എങ്ങിനെയുണ്ട്? 
നീ വന്നത്  നല്ല നേരത്താ.. 
ഈ വെക്കേഷന്‍  ഒന്ന്  മൂഡാക്കണം  എന്നാലോചിചിരിക്ക്യായിരുന്നു. 
രോഗി ഇചിച്ചതും  വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്ന് പറഞ്ഞ പോലെതന്നെ ആയി ......." 

പിന്നെയും നീയെന്തോക്കെയോ തുടരുന്നുണ്ടായിരുന്നെന്നാണ് തോന്നിയത്. എനിക്ക് പിന്നീട് അവിടിരിക്കാന്‍ കഴിഞ്ഞില്ല. ഒരു നല്ല അതിഥിയുടെ   മര്യാദ പോലും കാണിക്കാതെ, യാത്ര പോലും പറയാതെയാണ് ഞാന്‍ പുറത്തിറങ്ങിയത്. ഈ പാവം ദുരഭിമാനി പിന്നെയും അവിടെ നിന്നിരുന്നെങ്കില്‍ പണ്ട് അപ്പന് വിളിച്ച രാജേഷിനെ തല്ലിയിട്ടു വാര്യരുമാഷിന്റെ കയ്യീന്ന് അടിവാങ്ങാന്‍ നിന്ന പോലെ, പോലീസ്  സ്റ്റേഷനില്‍  നില്‍ക്കേണ്ടി വന്നേനെ.  

ഇറങ്ങി, നിന്റെ ഗേറ്റ് ചാരുമ്പോള്‍ നെയിം ബോര്‍ഡ്‌ വീണ്ടും .. "ഉദാര ഹൃദയന്‍ "!  
അതിന്മേല്‍ കാര്ക്കിച്ചൊരു തുപ്പു തുപ്പാന്‍ അടുതോട്ടു നീങ്ങിയപ്പോള്‍ കണ്ടു, 
ഔസേപ്പുണിയാന്റെ കപ്പേളയില്‍ മെഴുകുതിരി കത്തിക്കുന്നിടത് ഒലിച്ചിറങ്ങിയ പോലെ 
നിരനിരയായി തുപ്പലുകള്‍!! 

നിറുത്തട്ടെ,
ഇനിയൊരിക്കലും നേരില്‍ കാണരുതെന്ന ആഗ്രഹത്തോടെ..
പഴയൊരു പരിചയക്കാരന്‍.

10 comments:

Visala Manaskan said...

കഥ കലക്കീണ്ട്. എനിക്ക് തോന്നുന്നത് നായകന്റെ സുഹൃത്തിനെ നീ കുറച്ചും കൂടെ ‘ഡേഷ്’ ആക്കിയിരുന്നേ കുറച്ചും കൂടെ ഇഫക്റ്റ് വന്നേനെ എന്നാണ്.

------------
off topic:

ഞാനൊക്കെ പച്ചരി വാങ്ങി ജിവിക്കുന്നത് കണ്ടിട്ട് നിനക്കൊന്നും സഹിക്കുന്നില്ല ല്ലേ?? :))

rejimash said...

hahhaaah ee kathayile katha pathram jeevichirikkunnu alle? first responsil thanne vedi pakshikku thanne kondu ennu thonnunnu.....ny way nice ettaa......

Animesh said...

ഇത് എഴുതിയതിന്റെ പ്രചോദനം "വിശാലമനസ്കന്‍" എന്ന നമ്മുടെ സജീവിന്റെ വീട്ടിലെ നെയിം പ്ലേറ്റ് ആണ്.
ഇന്ന് രാവിലെ, അവന്റെ വീടിനെ ഫോട്ടോസ് എടുക്കാന്‍ ചെന്നപ്പോളാണ് ആ ബോര്‍ഡ് കണ്ടത്.
'സജീവ്‌ എടത്താടന്‍'
വിശാലമനസ്കന്‍'.
ഇത് കണ്ടു ഏതെങ്കിലും പിച്ചക്കാര്‍ വല്ല അഞ്ചോ പത്തോ കിട്ടുമെന്ന് പ്രതീക്ഷിച്ചു ചെല്ലുകയും അത് പോയിട്ട് പത്തു പൈസ കിട്ടാതിരിക്കുകയും ചെയ്യുന്ന കാര്യം ആലോചിച്ചപ്പോള്‍ ഉണ്ടായ ഒരു ത്രെഡ്. തമാശയെ ഒന്ന് സീരിയസ് ആക്കി എന്ന് മാത്രം. സജീവിനോട് ഞാന്‍ ഈ കാര്യം സൂചിപ്പിച്ചപ്പോള്‍ "നീ പൂശടാ" എന്ന് പറഞ്ഞിരുന്നു.

Animesh said...

സജീവേ,
നീ ബിരിയാണി തന്നെ തിന്നനമെന്നാണ് എന്‍റെ ആഗ്രഹംട്ടാ..
എനിക്ക് വായനക്കാര്‍ കുറവായത് എന്‍റെ തന്നെ ഭാഗ്യം!ഇല്ലെങ്കില്‍ നിന്റെ ഫാന്‍സ്‌ "ഇത് വിശാലനെപ്പറ്റി എഴുതിയതാണ്, വിശാലനെപ്പറ്റി തന്നെ എഴുതിയതാണെന്നും" പറഞ്ഞു എന്നെ, എടുത്തിട്ട് ചളുക്കിയേനെ!

Vineed said...

Animesh, ശെരിക്കും തെറ്റിദ്ധരിച്ചു കേട്ടോ !!

dinkan said...

pichakkare kondu varunnavarkku commission kodukkum ennoru board koodi vachalo...gatinu purath

Animesh said...

vineeth.. thettidharikkalle.
Dinkan.. ennittu venam aa board aarenkilum eduthu akathottu thirichu vaykkan..!! enneyangu kollu :))

biju bhaskaran said...

name board kalakki ... ethaaa kakshii... any way last prayokam nannayyiiii ....haa haahaaa

Neema Rajan said...

ദേവീം.. കൊടകരയെ തോന്ന്യവാസങ്ങള്‍ പിടിച്ചോ?!!! ഹ ഹ.. ന്തായാലും കലക്കീ ട്ടാ.. അനിയെട്ടനും പ്രചോദനമായ വിശാലേട്ടനും നമസ്കാരം.. :-))

Animesh said...

കൊടകര കഥകള്‍ മുഴുവന്‍ പറഞ്ഞതുകൊണ്ട് എനിക്ക് വേറെ വല്ല കാര്യങ്ങളും പറയണ്ടേ എന്നതു മാത്രം ബാക്കി.!! നന്ദി.