മുമ്പ് ശ്രമിച്ചപ്പോളൊരിക്കലും
ചെവിയോർത്താൽ കേള്ക്കില്ലായിരുന്നു.
പലപ്പോഴും കയ്യമർത്തി വച്ച് നോക്കിയിട്ടും
ചെറുചലനം പോലും അനുഭവപ്പെട്ടിരുന്നുമില്ല.
അവിടെത്തന്നെ ഇല്ലേ?
സംശയം പലകുറി ഉയർന്നിട്ടുമുണ്ട്.
വേഗമേറുന്ന പദചലനങ്ങളോ
ആകസ്മികമായെത്തുന്ന ഭീതിയോ
ആയിരുന്നു ആശ്വാസം.
നാളുകളൊരുപാടു പിന്നിട്ടപ്പോൾ
പതിഞ്ഞ താളത്തിൽ പതിയെപ്പതിയെ,
പിന്നെപ്പിന്നെ.. ടപ് ടപ്പെന്ന്
ഓരോ നിമിഷത്തിലും ഒപ്പമുണ്ടെന്നറിഞ്ഞു
ചെറിയ മിടിപ്പ്
ബൂട്ടുകളുടെ ശബ്ദത്തിനും
പെരുമ്പറകൊട്ടിനും
ചെണ്ടപ്പെരുക്കത്തിനും വഴിമാറി.
താളം വിങ്ങലായപ്പോൾ
പുതപ്പെടുത്തു പുതച്ചു
പ്രയൊജനമില്ലെന്നായപ്പോൾ
അതെടുത്തെറിഞ്ഞു കളഞ്ഞു.
വിങ്ങിപ്പോട്ടുമെന്നായപ്പോളാണ്
കയ്യിൽ തടഞ്ഞ കാണാചരടുകൾ
തലങ്ങും വിലങ്ങും
വരിഞ്ഞ് മുറുക്കാനുപയോഗിച്ചത്
ഇപ്പോൾ കൊള്ളാം..
നല്ല രൂപം!
ഇനിയൊരു തിരിയിട്ട്
തീ കൊളുത്തിയാൽ മതി.