Powered By Blogger

Monday, August 7, 2023

പലരിൽ ചിലർ 7

7m 
Shared with Public
Public
പലരിൽ ചിലർ 7
നാട്ടിൽ തന്നെ, വീട്ടിൽ തന്നെ ഉണ്ടെങ്കിലും പുറത്ത് ഇറങ്ങി നടപ്പു കുറഞ്ഞു. അതുകൊണ്ട് തന്നെ ആളുകളെ കാണുന്നതും ഇന്ററാക്ട് ചെയ്യുന്നതും കുറഞ്ഞു. "ലീവിൽ എന്ന് വന്നു? ഇപ്പൊ ഇവിടെ ഇല്ലല്ലേ?" എന്ന് എന്റെ നാട്ടുകാർ തന്നെ ചോദിച്ചു തുടങ്ങി! പലപ്പോഴും ഞാൻ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ചിന്തിക്കാറുണ്ട്. കാലം വരുത്തുന്ന മാറ്റങ്ങൾ എന്ന് സ്വയം സമാധാനിക്കുകയും ചെയ്യാറുണ്ട്.
ഇന്നലെ, ഉച്ച കഴിഞ്ഞു ബാങ്കിൽ പോകുവാൻ ഉണ്ടായിരുന്നു. സൂട്ടർ പാർക്ക് ചെയ്ത് ഒന്നാം നിലയിലേയ്ക്ക് കയറുമ്പോൾ ആണ് ആ കാഴ്ച കണ്ടു നിന്നത്. ക്ഷീണിച്ച ഒരു വല്യമ്മ ഒരു തെരുവുനായയ്‌ക്കു പാർലെ ജി ബിസ്കറ്റ് പാക്കറ്റ് പണിപ്പെട്ടു പൊട്ടിച്ചു കൊടുക്കുന്നതായിരുന്നു അത്. ടൗണിലെ നായ്ക്കൾ എല്ലാം കൊഴുത്തു ഉരുണ്ടിരിക്കുകയാണ്. അവർക്കു വേണ്ട പോലെ ഭക്ഷണം കിട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ, നായയ്ക്ക് സ്വാഭാവികമായി തോന്നേണ്ട ആക്രാന്തമോ അക്ഷമയോ ഒട്ടുമില്ല. അവൻ വാലൊക്കെ ആട്ടി പാവം വല്യമ്മ എന്ന റോളിൽ അവരെ നോക്കിക്കൊണ്ടു നിൽപ്പുണ്ട്. അവനാണെങ്കിൽ എന്തോ ഇവനോട് പറഞ്ഞുകൊണ്ടുമിരിപ്പുണ്ട്.
ബാങ്കിലെ കാര്യം കഴിഞ്ഞു പുറത്ത് വരുമ്പോൾ ഫുട് പാത്തിൽ തന്റെ മുന്നിൽ കിടക്കുന്ന ബിസ്കറ്റുകളെ വേദനിപ്പിക്കാതെ ആസ്വദിച്ചു പതിയെ തിന്നുന്ന നായയെ കണ്ടു. സ്‌കൂട്ടറിൽ കയറുമ്പോൾ തൊട്ടടുത്ത്നിന്നൊരു ശബ്ദം.
" മോനെ, ഒരു സർവ്വത്ത് കുടിക്കാൻ കാശ് തര്വോ?"
ഞാൻ നോക്കിയപ്പോൾ നേരത്തെ പറഞ്ഞ വല്യമ്മയാണ്.
ഞാൻ അവരെ സാകൂതം നോക്കി.
"സർവ്വത്ത് കുടിക്കാൻ കാശില്ലാത്ത വല്യമ്മയാണോ പട്ടിക്ക് പാർലെ ജി വാങ്ങി കൊടുത്തത്! സ്വന്തം കാര്യം കഴിഞ്ഞിട്ട് പോരെ അതൊക്കെ?"
"അതല്ല, സർവ്വത്ത് കുടിക്കാൻ ഒരാശ, അതോണ്ടാ."
"അത് ഞാൻ തരാം. എത്രയാ വേണ്ടേ?"
"ഇരുപത് ....?"
"ശരി, പക്ഷെ, ഈ കാശുകൊണ്ട് പട്ടിക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കാനല്ലേ?! വല്യമ്മേടെ കള്ളച്ചിരി അതാണല്ലോ പറയുന്നത്.. അല്ലെ? അതല്ലേ സത്യം"
അവരുടെ കുഴിയിലായ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു പിന്നെ അത് മാഞ്ഞു.
"കുറേ ആളോള് ചുറ്റും ഉണ്ടായിരുന്ന ആളാർന്നു ഞാൻ. അന്നൊക്കെ എന്നെ എല്ലാർക്കും വേണാർന്നു. പിന്നെ, അവശതയായപ്പോ ആർക്കും വേണ്ടാണ്ടായി. വെച്ചും വെളമ്പിയും കുറെയേറെ ഊട്ടിയതാ, തിരിച്ചൊന്നും വേണ്ട.. ഇങ്ങനെ ഒരാള് ഉണ്ടെന്നു ഒന്ന്...
ഇവറ്റോളാവുമ്പോ കാണുമ്പോ അടുത്ത് വരും, സ്നേഹിക്കും. അതാ ഞാനിങ്ങനെ.."
സന്തോഷത്തിനും കുസൃതിക്കുമിടയിൽ അതിവൈകാരികതയുടെ സീൻ കയറി വന്ന സിനിമ കണ്ട പോലെ ഒരു മിനിറ്റ് ഞാൻ സ്തംഭിച്ചു പോയി. പിന്നെ, യാന്ത്രികമായി പൈസ നീട്ടി.
മനുഷ്യന് ചാവുന്ന വരെ വേണ്ട ഒന്നേയുള്ളൂ പരിഗണന. അത് ചിരിയായോ കുശലാന്വേഷണമായോ കാശുചെലവില്ലാതെ കൊടുക്കാൻ സാധിക്കുന്ന ഒന്നാണെങ്കിലും നമ്മള് പിശുക്കുന്നതിന്റെ പരമാവധി അതിൽ പിശുക്കും. നാളെകളെ കുറിച്ച് ഒട്ടും ചിന്തിക്കാതെ.

Sunday, April 23, 2023

കാന്താരാ ഓഫ് വെള്ളിടിമുക്ക് !

കാന്താരാ ഓഫ് വെള്ളിടിമുക്ക്  


"ഉച്ചക്ക് നിർത്തിക്കോ ട്ടാ. ഒന്നാമത്തേല് ഉച്ച തിരിഞ്ഞത് മഴ്യ, ത്ലാവർഷല്ലേ. പിന്നെ, ഞാണ്ടാവൂല്ല്യ " 

ജെയ്ക്കബ്ബ്‌ പറഞ്ഞത് കേട്ട് ജാതിയ്ക്കു കട വാങ്ങുന്ന പണി സുകുമാരൻ ഒരു നിമിഷം നിർത്തി.

"സുക്വേട്ടൻ നോക്കണ്ട, ഊണ് കഴിച്ചിട്ട് പോയാ മതി."

ചമ്മിയ ഒരു ചിരിയോടെ പണി തുടരുമ്പോൾ മനസ്സിലോർത്തു.

പണ്ടാരമടങ്ങാനായിട്ടു മാസത്തില് പത്ത് പന്തണ്ട് സ്ഥിരം പണി ഇവിടെനിന്നാ. രാവിലെ കഞ്ഞീം, ഉച്ചയ്ക്ക് ചോറും ഉഗ്രൻ കൂട്ടാനുകളും, ഉച്ച തിരിഞ്ഞു ചായേം കടീം. വശക്കേടാവുന്ന പണീമില്ല. അറുന്നൂറു രൂപ ദിവസക്കൂലി. 

"എണ്ണൂറും എണ്ണൂറ്റമ്പതും പറമ്പുപണിയ്ക്കു കൂലിണ്ട് ട്ടാ.'' 

എന്ന് പീറ്ററൊക്കെ പറയും. അത് നല്ലോണം പണിയണോർക്ക് മ്മക്ക് അറുന്നൂറന്നെ ഭാഗ്യം.. എന്ന് മനസിലുണ്ടെങ്കിലും 

"ആടാ, നമ്മളെ പറ്റിക്ക്യന്നെ. ഞാമ്പിന്നെ സ്ഥിരം പണി ആയോണ്ട് സഹിക്കും.'' എന്നൊക്കെ പറയുമെങ്കിലും ഇതുള്ളതു ഭാഗ്യം എന്ന് മനസ്സിൽ തന്നെ ഉപസംഹരിക്കും.    

"സുക്വേട്ടനെക്കൊണ്ട് തെങ്ങുങ്കുഴി കുത്താനൊന്നും പറ്റില്യ. അയിന് മ്മക്കെ വേറെ ആളെ വിളിക്കാം." എന്ന് ജെയ്ക്കബ്ബ് ഇന്നാളു പറഞ്ഞത് കേട്ട് കിടുങ്ങി പോയതാ. നാട്ടീന്നു ഒരെണ്ണത്തിനെ ആ പറമ്പില്   കേറ്റാതെ രണ്ടു ബംഗാളികളെ വച്ച് അഡ്ജസ്റ് ചെയ്തു! ഭാഷ അറിയുന്നോൻ വല്ലോം ആണെങ്കി നമ്മളേപ്പ തെറിച്ചൂന്നു നോക്ക്യാ മതി. എന്ന് ഇടയ്ക്കിടയ്ക്ക് ആത്മഗതം അയവിറക്കുന്നത്  കാരണം വല്യ കന്നന്തിരിവിനൊന്നും നിക്കാറില്ല.

ഉച്ചയ്ക്ക് ഇറങ്ങിയാ എന്ത് ചെയ്യും!

വീട്ടീ പോണേനെ കുറിച്ച് ചിന്തിക്കണ്ട. ആ പണ്ടാരക്കാലി ചെല്ലുമ്പോ മുതല് ചെവിതല തരില്ല്യ. എന്തേലും തിരിച്ചു പറഞ്ഞാ രണ്ടു കുരിപ്പുകളും വന്നു കയറിയാലേ ചോദ്യം ചെയ്യലായി  ഭീഷണീയായി.. കോപ്പ്.

വേൺട്രപ്പോ.. ഇപ്പൊ വീട്ടിലേയ്ക്കില്ല.

ഷെയറിട്ടു അര ലിറ്റര് വാങ്ങാൻ ഷൈജു വരണ്ടേ. അവൻ ബിവറേജിലേയ്ക്ക് നേരിട്ട് വരും. പക്ഷെ, പണി കഴിഞ്ഞു എത്തണം. ആറ് മണിയെങ്കിലും ആവും.

ഷൈജു വരുന്നു. ക്യൂവിൽ കേറുന്നു. ജവാൻ വാങ്ങി മുറിക്കുന്നു. പീതാംബരന്റെ തട്ട് കടെരെ  പിന്നിലെ പൊന്ത മാറാ പറ്റി നിന്ന് അഞ്ചു മിനിട്ടോണ്ട് പൂശുന്നു. ഓരോ കോള്ളീം ബൊട്ടീം കഴിക്കുന്നു.. അടി പൊളി. ഇതാണ് കുറച്ചു കൊല്ലങ്ങളായി തുടരുന്നത്. ഒരാളെക്കൂടി സെറ്റ് ആക്കി ലിറ്റര് തന്നെ വാങ്ങലാണ് പതിവ്. ജവാൻ വാങ്ങി വാങ്ങി ജവാൻ ഓഫ് വെള്ളിടിമുക്ക് എന്നൊരു പേരുകൂടി കിട്ടിയിട്ടുണ്ട്. 

ആ വിളി കേട്ട് കേട്ട് എംസി, കോണ്ടസ ലേബലുകളിലേയ്ക്ക് മാറ്റം നടത്തി നോക്കിയെങ്കിലും ജവാൻ ജവാൻ തന്നെ!

ഊണ് കഴിച്ചു കഴിഞ്ഞു നോക്കിയപ്പോൾ വീട്ടുകാർ എങ്ങോട്ടോ പോവാനുള്ള ഒരുക്കത്തിലാണ്. കഴിച്ച് കഴിഞ്ഞില്ലേ? പോവാറായില്ലേ?  എന്നീ  ചോദ്യങ്ങൾ  നോട്ടങ്ങളിൽ ഫീൽ ചെയ്തപ്പോൾ എണീറ്റു.

മുന്നൂറു വാങ്ങി പോക്കറ്റിൽ ഇട്ടതു അവിടെ തന്നെയില്ലേ എന്ന് ഉറപ്പു വരുത്തി. കുറച്ചു കാശുകൂടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴേ രണ്ടെണ്ണം വിടാമായിരുന്നു. ഇന്നലെ ബാക്കി ഉണ്ടായിരുന്നത് സജീവൻ തരാനുള്ള വകയിൽ എന്ന് പറഞ്ഞു ബലമായി വാങ്ങി. എന്ത് ചെയ്യാൻ. അല്ലെങ്കിലും നാട്ടുകാർക്ക് ഇപ്പൊ ഒരു വിലയുമില്ല. എല്ലാം കളഞ്ഞില്ലേ പുത്രക്കല്ലുകൾ.

മര്യാദയ്ക്ക് നാട്ടിലും വീട്ടിലും കുടിച്ചു അലമ്പുണ്ടാക്കി വാള് വച്ച് നടന്നേർന്നോനാ. പെണ്ണിനും പിള്ളേർക്കും ഒക്കെ പേടിയാർന്നു. അവളുടെ മുടിക്കുത്തിനു പിടിച്ച് കുനിച്ചു നിർത്തി എത്ര ഇടി കൊടുത്തു സന്തോഷിച്ചിട്ടുള്ളതാ. മേശക്കടിയിൽ പതുങ്ങി ഇരിക്കുന്ന പിള്ളേരെ എത്ര പ്രാവശ്യം കണ്ടിട്ടുള്ളതാ. നാട്ടുകാരെ എത്ര തെറി വിളിച്ചിട്ടുള്ളതാ.

കഴിഞ്ഞതിനു മുന്നത്തെ കൊല്ലം മീൻ ചട്ടിയെടുത്ത് വീക്കിയുടച്ച് കഞ്ഞിക്കലം തട്ടി തെറിപ്പിച്ച് പെണ്ണിന് രണ്ടെണ്ണം കൊടുക്കാൻ കയ്യോങ്ങിയതാ. 

"അമ്മയെ ഇനി തൊട്ടാൽ കൈ ഞാൻ വെട്ടും."

അലർച്ചയിൽ കിടുങ്ങി പോയി. കൈയിൽ വെട്ടുകത്തിയുമായി മൂത്തവൻ.

"തൊട്ടു നോക്കടാ ധൈര്യമുണ്ടേൽ.. "രണ്ടാമത്തവനും!

അന്നു തോറ്റു തുടങ്ങിയതാ. പിള്ളേര് തന്നെക്കാളും വലുതായതു മനസിലാക്കിയില്ലാരുന്നു. വീട്ടിൽ, പിന്നെ നാട്ടിൽ, എവിടെയും തോൽവി. ആലോചിച്ചാൽ തല പെരുക്കും. രണ്ടെണ്ണം വിടുമ്പോൾ പഴയ ഊർജ്ജം തികട്ടി  വരും.

....കൈ ഞാൻ വെട്ടും. തലയിൽ മുഴങ്ങുന്ന ശബ്ദം.

ബിവറേജിലേയ്ക്ക് നടന്നു.

"ഹയ്.. എന്ത്യേടാ ഉച്ചയ്ക്ക്? തുള്ളല് പ്രാക്ടീസു ചെയ്യാൻ പോവാ?"

തിരിഞ്ഞു നോക്കി. ശിവനാണ്. തിരിച്ചു പറയാൻ നാക്കു തരിച്ചു.

ശിവനെ തെറി വിളിച്ചതിനു മുമ്പ് കിട്ടിയ ചവിട്ടിക്കൂട്ട് ആലോചിച്ചപ്പോൾ അടക്കി. 

ആദ്യമായിട്ടല്ലെടാ നീ വെളിച്ചപ്പാട് ആവണെ, കുറച്ചു ദിവസം അടി നിർത്തി നോമ്പെടുക്കടാ. ഒരു ചൈതന്യം ഒക്കെ ഉണ്ടാവട്ടെ.

നീ പോടാ മൈ... എന്ന് മനസിലും ഉം എന്നൊരു മൂളൽ ഉറക്കെയും പറഞ്ഞു മുന്നോട്ടു നടന്നു.

വെളിച്ചപ്പാട്.. കുടുംബക്ഷേത്രത്തിലെ ഉത്സാവത്തിനു ചേട്ടനാണ് വെളിച്ചപ്പാടാവാറു പതിവ്. കഴിഞ്ഞ മാസം അങ്ങേരു തെങ്ങുങ്കുഴീല് വീണു കാലൊടിഞ്ഞു. അതോണ്ട് ആ യോഗം എനിക്ക്. പകരക്കാരൻ. ആ, അന്ന് വയറു നിറയെ കള്ളു കിട്ടും. അല്ലാണ്ട് ഒരു പ്രയോജനോം ഇല്ല. അതിനു ഞാൻ നോമ്പെടുക്കാൻ. എന്റെ പട്ടി എടുക്കും.

ഉച്ചയായതുകൊണ്ടാവണം ബിവറേജിൽ ആളില്ല. 

ശോ കാശുണ്ടെങ്കിൽ വാങ്ങി വെക്കാർന്നു. ഇനി തിരക്കാവും. ആരെങ്കിലും പരിചയക്കാർ വന്നാൽ ഫുള്ളിനുള്ള കാശ് ചോദിക്കാർന്നു. 

"ചേട്ടൻ നേരത്തെ ഇവിടെ വന്നു സ്ഥാനം പിടിച്ചോ? "തെക്കേ അങ്ങാടിയിലെ രണ്ടു പിള്ളേരാ. ഗൾഫുകാരാ.. ലീവിന് വന്നതാവും.

"നിങ്ങ എന്താ ഇവിടെ?" ഒന്ന് കാർന്നോരു കളിച്ചു  

"ഞങ്ങളൊരു ബിയറടിച്ചിട്ടു സിനിമയ്ക്ക് കേറാൻ. ചേട്ടന് വേണോ?"

"ഏയ്.. ബിയറ് ശീലല്യ"

"ചൂടല്ലേ ചേട്ടാ. ഒരെണ്ണം ഞങ്ങടെ കൂടെ ആവാം ന്നെ."

"എവിടെ ഇരുന്നു കഴിക്കും?"

"അതിനല്ലേ ഞങ്ങടെ കാറ്. എന്നിട്ടൊരു സിനിമ കണ്ടാ ഹാപ്പി". 

കുപ്പികളും കൊണ്ട് കാറിൽ പോകുമ്പോൾ അവർ വീണ്ടും വിളിച്ചു.

"ചേട്ടൻ വരുന്നുണ്ടേ വാ."

എയർ പിടിച്ച് നിന്നാ ഒന്നും നടക്കില്ല. 

അവർക്കു പുറകെ നടന്നു. ഇവരെ സോപ്പിട്ടു സിനിമയ്ക്കും കയറാം. ഏസിയിൽ ഇരുന്നു ഉറങ്ങാലോ. ഷൈജു വരുമ്പോഴേയ്ക്കും ക്യുവിലും കയറാം. കൊള്ളാം.

കാറിൽ കയറി പെട്ടന്ന് അടിച്ചു തീർത്ത് കുപ്പി കാനയിൽ നിക്ഷേപിച്ച് തിരികെ വരുമ്പോൾ യാതൊരു നാണവും ഇല്ലാതെ ചോദിച്ചു. 

"എനിക്കൂടെ സിനിമയ്ക്ക് ടിക്കറ്റെടുത്ത് തര്വോ?"

അവർ മുഖത്തോടു മുഖം നോക്കി.എന്നിട്ടു വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു "വാ. ഞങ്ങ സിനിമയ്ക്ക് ഇടയിൽ പോയെന്നു വരും. ചേട്ടൻ ഇന്നോ ടിക്കറ്റ് പിടിച്ചോ. കേറിക്കോ, ഞങ്ങ കുറച്ചു കഴിഞ്ഞേ കേറൂ."

നൈസായിട്ടു ഒഴിവാക്കുകയാ അല്ലെ എന്ന് ഏതോ സിനിമയിൽ കണ്ടത് ചോദിക്കാൻ തോന്നി. പകരം അതിനെന്താ എന്ന മട്ടിൽ ചിരിച്ചു. ഓസിനു കിട്ടുന്നവന് എന്ത് ആസിഡ്  !

പടം തുടങ്ങി. തണുപ്പിൽ ഇരുന്നു ഉറങ്ങാൻ പോയവൻ ആണെങ്കിലും സ്‌ക്രീനിൽ നോക്കി. മമ്മൂട്ടീൻ മോഹൻലാലും ഒന്നുമല്ലല്ലോ. മലയാളം ആണ് ഭാഷയെങ്കിലും ഇത് മലയാള പടം അല്ലെ? ബിയറടിച്ച് ഫിറ്റായാ!!

അപ്പുറത്ത് ഇരുന്നവനോട് ചോദിച്ചു. ഇത് മലയാളം..?

കന്നഡ ഫിലിമാ ചേട്ടാ. ഡബ് ചെയ്തേക്കണതാ. കാന്താര 

കാന്താരിയോ ?

കാന്താരാ. കാന്താരി അല്ല. ദേഷ്യം മറുപടിയിൽ കലർന്നപ്പോൾ ചോദ്യോത്തര പംക്തി നിർത്തി.

കണ്ടു കണ്ടങ്ങിരുന്നു പോയി. മൂത്രം ഡിപ്പോ പോവും എന്ന മട്ടിലും കടിച്ചു പിടിച്ച് കണ്ടിരുന്നു. ഇന്റർവെല്ലിനു മൂത്രം ഒഴിച്ച് വന്നിട്ട് വേഗം പാഠം തുടങ്ങാത്തതിന് ദേഷ്യപ്പെട്ടു.

പടം കഴിഞ്ഞു. പിള്ളേരുടെ കാറ് കിടപ്പുണ്ട്. അവർ പോയിട്ടൊന്നുമില്ല.  പോവൂല എന്ന് അറിയാലോ. കാണാത്ത മട്ടിൽ  ബിവറേജിലേയ്ക്ക് നടക്കുമ്പോൾ ഓർത്തു. കാന്താരാ കൊള്ളാലോ. ഭൂതക്കോലം.. നല്ല ഉഗ്രൻ വെളിച്ചപ്പാട്.

വെളി.. ച്ച..    പ്പാട് 

തലയിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി.

തുലാമഴച്ചാറ്റലിന്റെ ഒരു തുള്ളി മുഖത്ത് വന്നു വീണു.  ശരീരം മുഴുവൻ കോരിത്തരിച്ചു.

ചേട്ടൻ നേരം വൈക്യോ? സാധനം വാങ്ങിച്ചു. ഷൈജു ക്യുവിനു പുറത്ത് വച്ചെ വരവേറ്റു.

ഉം .. കനത്തിൽ മൂളി.

അര ലിറ്റർ ഓപീയാർ പകുതി വീതം അളന്നു കുടിച്ച് വീട്ടിലേയ്ക്കു നടക്കുമ്പോഴും ചിന്തകൾ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടേയിരുന്നു.

വീട്ടിൽ ചെന്ന് കിടക്കുമ്പോൾ തലങ്ങും വിലങ്ങും കാന്താരാ.! സ്വപ്നത്തിലും കാന്താരാ!!

ഹലോ, ജവാൻ ഓഫ് വെള്ളിടിമുക്ക്.. ഇന്ന് പണിയില്ലേ ? രാവിലെ അയൽവാസി ദിവാകരന്റെ കുശലം.

"പോവാൻ ഇറങ്ങ്വാ" 

എന്ന് ദിവാകരനോടും 'ജവാൻ അല്ലേടാ, കാന്താരാ ഓഫ് വെള്ളിടിമുക്ക്, ഞാൻ കാണിച്ച് തരാം. ഒരാഴ്ച കഴിയട്ടെ'. എന്ന് മനസ്സിലും പറഞ്ഞു. 

ഇറങ്ങാൻ നേരം ചേട്ടൻ വന്നു.

ഡാ, നാളെ പുലർച്ചെ തൊട്ടു നീ അമ്പലത്തിൽ വേണം. അടിച്ചു ഓഫായി കിടക്കരുത്. ശനിയാഴ്ചയാണ് ഉത്സവം. അന്നു രാവിലെ അമ്പലത്തിലെ പരിപാടികൾ കഴിഞ്ഞാൽ പറയെഴുന്നെള്ളിപ്പാണ്. വീടുകളിലു കയറണം. ഇത്തിരി ദേവീ ചൈതന്യം ഉണ്ടാവാൻ പ്രാർത്ഥിച്ചു കിടന്നുറങ്ങു. ബാക്കി എല്ലാം ദേവി നടത്തിക്കോളും.

തല കുലുക്കി കേട്ടു.

പട്ടി, കഴിഞ്ഞ കൊല്ലം മുഴുവൻ നാട്ടുകാരും കേൾക്കേ  ചെവി പൊട്ടുന്ന ചീത്ത വിളിച്ചവനാ. ദേവി കയറിയതാണെന്നുള്ള പറച്ചിലും. ശരിയാക്കി തരാം.

ഒന്ന് - ഒന്നര - രണ്ടു പെഗ് കണക്കിൽ  ദിവസങ്ങൾ പോയി. 

"നിങ്ങ ശരിക്കും നന്നാവ്വോ ?" 

എന്ന് ചോദിച്ചവരോട് ''എന്തോ ഒരു ദേവീ ചൈതന്യം വരുന്നുണ്ട്'' എന്ന് മാത്രം മറുപടി പറഞ്ഞു.

ശനിയാഴ്ച 

അമ്പലത്തിലെ ചടങ്ങുകൾ കഴിഞ്ഞു പറയെഴുന്നെള്ളിപ്പിനു ഒപ്പം ഇറങ്ങുമ്പോൾ സാത്വിക ഭാവം പരമാവധി വരുത്തി. അല്ലെങ്കിലും ചിലമ്പും  അരമണിയുമണിഞ്ഞു  ചുവന്ന പട്ടുധരിച്ചു കയ്യില് വാളും വാരിപ്പൂശിയ മഞ്ഞളുമൊക്കെയായി നടക്കുമ്പോൾ ഒരു വല്ലാത്ത പരിവേഷമാണ്. ഇന്നലെ വരെ പുച്ഛത്തോടെ നോക്കിയവർക്കൊക്കെ ഒരു ആരാധനാഭാവം!  ഫൂ.. മനസ്സിൽ പറഞ്ഞു. കാന്താരാ തലയിൽ മിന്നി മറിഞ്ഞു. എരപ്പകൾ ഒരു ദിവസംകൊണ്ട് ഞാൻ ദിവ്യനായെത്രെ!

മൂന്നാലു വീടുകളിൽ കല്പനകളും പരിഹാരങ്ങളും പറഞ്ഞു. ചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ തറവാട്ടിലെ സർവരും ഉണ്ട്.

കാന്താരാ..

കലി കയറി.

ചേട്ടനെ തന്നെ പിടിച്ചു.

നമുക്ക് വേണ്ട വിധം ശ്രദ്ധ തരാത്തതെന്താ?

ആവശ്യമുള്ള നേരത്ത് മാത്രം ഉപാസിച്ചാൽ മതിയോ?

പോരാ. 

ശ്രദ്ധിക്കാം.

ശ്രദ്ധിക്ക്യേ ? ആരെ ?

പിന്നങ്ങു തുടങ്ങി. വായ കഴയ്ക്കുന്നതു വരെ ചേട്ടന് കൊടുത്തു. 

ന്നാ, പറഞ്ഞത് പോലെ ഒക്കെ ചെയ്യാവോ?

ഉവ്വ് സഹോദരങ്ങളെ വേണ്ട വിധം നോക്ക്വൊ ?

ഉവ്വ..

ഹ്മ്മ്.. മ്മ് ..

കലിയടങ്ങി.

സമാധാനമായി എന്ന് താൻ  വിചാരിക്കുന്ന പോലെ തന്നെ  "ആശ്വാസമായി. തീർന്നല്ലോ '' എന്ന് അവരും  വിചാരിച്ചു കാണണം.

മനസ്സിൽ ചിരിച്ചു. കാന്താരാ എഫക്ട് മനസ്സിൽ വച്ച് ചിലയിടങ്ങളിൽ ഒന്ന് ഓടി നടക്കാനും അലറാനും മറന്നില്ല.

'സുമാരന്  ശരിക്കും ദേവി ആവേശിച്ചു ട്ടാ '

എന്ന് ആരൊക്കെയോ പറയുന്നത് കേട്ട് ഉള്ളിൽ ചിരിച്ചു.

"ദേവിക്കു ദാഹിക്കുന്നു" എന്ന് പറഞ്ഞപ്പോൾ സ്പ്രൈറ്റ് കയ്യിലുണ്ടായിട്ടും പ ച്ചവെള്ളം നീട്ടിയവനെ നോട്ട് ചെയ്തു വച്ചു!

ഇടയ്ക്കു കള്ളു കിട്ടി. കുടിച്ചു വയറു വീർപ്പിക്കാൻ ഞാനില്ല. മറ്റേതു വരട്ടെ. ഹല്ലാ പിന്നെ.


അടുത്തത് സ്വന്തം വീട്!

കണ്ടപ്പോഴേ കലി വന്നു തുടങ്ങി!

മൂന്നും കൂടെ പറക്കുട്ടയും പറയിൽ വെച്ച തെങ്ങിൻ പൂക്കുലയും ഒക്കെയായി നിൽപ്പുണ്ട്. മനസ്സ് പട പടാ ഇടിച്ചു.

വാള് പറയിൽ മുട്ടിച്ച്‌\ പിടിച്ചു. നെല്ല് പറയിലേയ്ക്ക് മൂത്ത പുത്രൻ ചൊരിയുന്നുണ്ട്. ഭാര്യ എന്ന പൂതന കൈ കൂപ്പി നിൽക്കുന്നു. ഇളയവൻ അമ്മയ്ക്കരികിൽ. 

വാള് വിറച്ചു പിന്നെ കൈകളും തുടർന്ന് ശരീരവും. കലി.. ശരിക്കും കലി  കയറിയതു തന്നെ. വീടിനു ചുറ്റും രണ്ടു വട്ടം ഓടി. അകത്തേയ്ക്കു കയറി. പിന്നാലെ അമ്മയും മക്കളും. മൂത്തവന്റെ തലമുടിയിൽ പിടിച്ചു ചുമരിൽ ഒന്ന് മുട്ടിച്ചു.

"പിതൃക്കൾക്ക് കൊടുക്കാനുള്ളതെന്താ കൊടുക്കാത്തെ?"

ഒന്നു കൂടെ മുട്ടിച്ചു.

പല്ലിറുമ്മുന്നത് മനസ്സിലാവുന്നുണ്ട്. 

ഒരടി കൊടുത്തു. 

"മിണ്ടാട്ടം മുട്ടി നിൽക്കാ? ദേവിയോട് മൊഴിയാ.".

"കൊടുക്കാം."

അലറി.

'ശരിക്കും കലി കയറീ ട്ടാ.' കാഴ്ചക്കാർ പിറുപിറുത്തു.

നീയെന്താ അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാത്തെ ?

ഇളയവന് ഒന്നു കൊടുത്തു. ചെക്കൻ പുളഞ്ഞു പോയി.

ഒന്നുകൂടെപുറത്തിറങ്ങി പറയിൽനിന്നു പൂക്കുല വലിച്ചെടുത്തു. വീണ്ടും അലർച്ചയോടെ അകത്തേയ്ക്! ഭാര്യയെ കിട്ടി. മുടിക്കുത്തിലാണ് പിടിച്ചത്.പൂക്കുല കൊണ്ട് രണ്ടെണ്ണം കൊടുത്തു.

"കുടുംബം നോക്കാതിരുന്നാ ദേവി ചൈതന്യം പോകുമെന്നറിയില്ലേ? "

ഒന്നലറി.

"കുടുംബോം കുടുംബത്തിലുള്ളൊരേം നോക്കാമോ?"

"നോക്കാം."

ഒന്നുകൂടെ കൊടുത്തു. ആഹാ, കാന്താരാ കണ്ടത് വർക്ക്‌ ചെയ്യുന്നു. എല്ലാവരും ആകെ തരിച്ചു നിൽക്കുകയാണ്. വീടിനു ചുറ്റും ഒന്നുകൂടെ ഓടി. വാഴ രണ്ടെണ്ണം വെട്ടി വീഴ്ത്തി.


'കലി അടങ്ങുന്നില്ലല്ലോ!" ആളുകൾ അതിശയം കൂറി 

ശരിക്കും ദേവി ശരീരത്തിൽ കയറിയതുപോലൊരു തോന്നൽ. 

അലറി.

ജനം നടുങ്ങി. മക്കൾ വച്ച രണ്ടു വാഴ കൂടി വെട്ടിയെറിയാൻ കൈ തരിച്ചു. എന്തിനു കുറയ്ക്കണം. ഓടിച്ചെന്നു വാഴയ്ക്ക് ഒരു ചവിട്ടു കൊടുത്തു. അത് പ്രതീക്ഷിച്ചതിലും എളുപ്പത്തിൽ അപ്പുറത്തേയ്ക്ക് മറിഞ്ഞു.

അടുത്ത നിമിഷം ദൈവികമായ ശക്തിയാൽ പാതാളത്തിലേക്കു വലിച്ചെടുക്കപ്പെട്ട പോലൊരു തോന്നൽ.

അല്ല, എങ്ങോട്ടോ അതി വേഗം പോവുകയാണല്ലോ. അയ്യോ ഇത് കിണ .. എന്ന് ചിന്തിക്കുമ്പോഴേയ്ക്കും വെള്ളത്തിനടിയിലേയ്ക്ക് പോയി. കുറച്ചു നേരത്തേയ്ക്കു ഒന്നും മനസിലായില്ല. വെപ്രാളത്തിൽ മുകളിലേക്കുയരുമ്പോൾ താൻ കിണറ്റിൽ വീണു എന്ന യാഥാർഥ്യം മനസിലായി.

മൂക്കിലും ശ്വാസകോശത്തിലും വെള്ളം കയറി. ഒരുകണക്കിന് വെള്ളത്തിനു മുകളിൽ പൊങ്ങി. മുകളിൽ നിറയെ ആളുകൾ എത്തിയിട്ടുണ്ട്.

മേല്  മുഴുവൻ നുറുങ്ങിയ വേദന. കാന്താര പണി തന്നല്ലോ, കോപ്പ്.

"കയറിട്ടു താടാ. എന്നെ കേറ്റടാ." എന്ന് നിലവിളിക്കാതിരിക്കാൻ ആയില്ല.

"കുറച്ചു കഴിഞ്ഞിട്ട് മതി. ചത്തിട്ടൊന്നുല്ല്യ. കലി നല്ലോണം അടങ്ങട്ടെ"

 എന്ന് പറഞ്ഞിട്ട് പോണ ശബ്ദം തന്റെ പെണ്ണുമ്പിള്ളേടെ തന്നെ ആണെന്നും ഞങ്ങ കയറ്റിക്കൊളളു കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞത് മക്കളാണെന്നും  തിരിച്ചറിഞ്ഞ്  ഇട്ടു തരാൻ പോകുന്ന കയറിനെ പ്രതീക്ഷിച്ച് സുകുമാരൻ - കാന്താരാ ഓഫ്  വെള്ളിടിമുക്ക് കിണറിൽ വളർന്ന തൊണ്ടി യുടെ ചില്ലയിൽ പിടിച്ച് നെടുവീർപ്പിട്ടു കിടന്നു.

Saturday, April 18, 2020

ഒരു കൊടും കൊറോണക്കാലത്ത് 1


ലൈഫ് ഒഴുകുന്ന വെള്ളത്തിനനുസരിച്ചു നീങ്ങുന്ന വാഴപ്പിണ്ടികളിൽ പിടിച്ചു കിടന്നു നീന്തുന്ന കൗമാരത്തിൽ എനിക്കുണ്ടായ വായനാരസങ്ങൾ സൊ കോൾഡ് 'മ' വാരികകളായിരുന്നു. വായനയുടെ ലോകത്തേയ്ക്ക് ലൈഫ് ജാക്കറ്റ് തന്നു വിളിച്ച ആ 'മ'കളെ എങ്ങിനെ മറക്കാൻ. ഓരോ ദിവസവും ഇന്നലത്തെ ഏങ്ങലടിയുടെ തുടർച്ച ഇന്ന് കരച്ചിലാവുമോ എന്നു കാത്തിരിക്കുന്ന ഇന്നത്തെ സീരിയൽ ഫാൻസിനെപ്പോലെ ആഴ്ചതോറും തുടരൻറെ ബാക്കിക്കായി കാത്തിരിക്കുന്ന ഒരു കാതര ഹൃദയം ഞാനും സ്വന്തമാക്കി.

അത്തരം ഒരു കാലത്താണ് എന്നെ കൊറോണ ബാധിക്കുന്നത്!

അതൊരു വല്ലാത്ത ബാധയായിരുന്നു. തുടരന്മാരുടെ ഓരോ ആഴ്ചയിലേയും അവതാരങ്ങൾക്കിടയിൽ കൊറോണ വന്നുകൊണ്ടേയിരുന്നു. നായകന്മാർ പാരീസിലെ ഈഫൽ ടവറിനു വടക്കുവശത്തെ മൂന്നാം നമ്പർ സ്ട്രീറ്റിലെ അഞ്ചാമത്തെ ബിൽഡിങ്ങിലെ പതിനേഴാം നമ്പർ മുറിയിലോ എട്ടാം നമ്പർ തെരുവിലെ ഓപ്പൺ റെസ്റ്റോറന്റിൽ കപ്പുച്ചിനോ കുടിച്ചു റിലാക്സ് ചെയ്യുമ്പോഴോ ഒക്കെ അവൻ പ്രത്യക്ഷപ്പെട്ടു. എന്നിൽ ആവേശിക്കപ്പെട്ടു.. നിരന്തരം കൊറോണ ബാധിച്ചു ഞാൻ ആ പ്രത്യേക അവസ്ഥയ്ക്ക് അടിമയായിത്തീർന്നു.ഹാഫ് എ കൊറോണ എന്ന ഭീകരൻ!! ഡിക്റ്ററ്റീവ് മാക്സിനോ, ഡി. പുഷ്പരാജോ ഒക്കെ വൻ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതു ഈ സൊ കോൾഡ് കൊറോണയുടെ പിൻബലത്തോടെ ആണെന്ന ചിന്ത എന്നിൽ ഒരു 'അന്യനെ' വളർത്തിക്കൊണ്ടിരുന്നു. കോട്ടയം പുഷ്പനാഥ്‌ എന്ന അതിന്റെ സൃഷ്ടാവ് എന്റെ ആരാധനാ മൂർത്തിയായി.

കൊറോണാ ബാധയിൽ ആവേശഭരിതനായി കുറച്ചു കൊല്ലങ്ങൾ കടന്നു പോയി. "എന്താടാ ഞാൻ വരുമ്പോ സ്‌പെഷ്യൽ ആയി കൊണ്ട് വരേണ്ടത്?" എന്ന് കത്തെഴുതി ചോദിച്ച 'ഫോറിൻകാരൻ' കൂട്ടുകാരനോട് ഇടം വലം നോക്കാതെ 'ഒരു പാക്കറ്റ് ഹാഫ് എ കൊറോണ' എന്ന് പറയാൻ എനിക്ക് പിടി ഉഷയ്ക്ക് മെഡൽ നഷ്ടമായതിന്റെ പത്തിലൊന്നു സമയം പോലും വേണ്ടി വന്നില്ല.

"അതെന്തൂട്ട് ?" എന്ന് അവനും ചോദിച്ചില്ലെന്നാണ് ഓർമ്മ. കാരണം ലവനും പുഷ്, ബോസ് ഫാനായിരുന്നു എന്നുറപ്പല്ലേ. "ഓകെ ഡാ വനേ" എന്ന മറുപടിയിൽ ഞാൻ സ്വപ്നലോകത്തെ ബാലഭാസ്കറായി.

കാത്തുകാത്തിരുന്ന് അവൻ വന്ന വിവരം അറിഞ്ഞു ആ വീടിനു മുന്നിലൂടെ ബെല്ലടിയും എത്തിച്ചുനോട്ടവുമായി മൂന്നാലു ദിവസം പത്ത് ചാലുവീതം പോയി നിരാശാകാമുകന്റെ റോളായി. 'സാധനം ണ്ട്.. ആളൊഴിയട്രാ'ന്ന് കൂട്ടുകാരൻ പറഞ്ഞതിന്റെ വെളിച്ചത്തിൽ ഞാൻ വരം നൽകാൻ എൻട്രി മ്യൂസിക്കിട്ടിട്ടും പ്രത്യക്ഷപ്പെടാത്ത ദൈവങ്ങളെ കാത്ത് നിൽക്കുന്ന താപസനായി. ഗൾഫ്കാരന്റെ വീട്ടീന്ന് ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞിട്ടു വേണ്ടേ മറ്റേ സാധനം എടുക്കാൻ. ക്ഷമയുടെ നെല്ലിപ്പടീടെ അടിയിലെ മണലുവിരിച്ചത്  വരെ കണ്ട്.

അവസാനം, സൂര്യൻ കാൽക്കീഴിൽ തന്നെ നിഴല് വീഴ്ത്തുന്ന ഒരു ഉച്ച സമയം കഴിഞ്ഞപ്പോൾ കൂട്ടുകാരന്റെ സൂചന അനുസരിച്ച് ഞങ്ങൾ നാലഞ്ചു പേര് ലവന്റെ വീട്ടിൽ ഒത്തു കൂടി. അവന്റെ 'അമ്മ മാത്രേ വീട്ടിലുള്ളൂ. ബുർജ് അൽ അറബിനു മുകളിലെ ഹെലിപാഡ്,  മീൻ മാർക്കറ്റിലെ ചാള, കുബ്ബൂസിന്റെ രുചി ഒക്കെ പങ്കു വക്കുമ്പോഴും ഞാൻ അസ്വസ്ഥനായിരുന്നു. എവിടെ 'സാധനം'? 
അവസാനം, 'നീ പറഞ്ഞ സാധനം..' എന്നവൻ പറഞ്ഞപ്പോൾ മനസിന് മുകളിൽ ഉരുണ്ടുകൂടിയ മേഘങ്ങൾ മേഘസ്ഫോടനമായി പെട്ടെന്ന് ഇടി വെട്ടി പെയ്തു.

പക്ഷേ ..

"എടാ, നിന്റെ കൊറോണയ്ക്ക് എന്താ വിലന്നറിയോ? അതൊന്നും മ്മക്ക്  താങ്ങില്ലിഷ്ടാ."
മഴ ഠപ്പേ ന്നു നിന്നു.
ങേ, കൊണ്ടന്നില്ലേ ?!


ഞാൻ നിരാശിത് ഹുവാ. എറിഞ്ഞ ബോളോക്കെ വൈഡ് ആയിപ്പോയ ബൗളർ ആയി.
ഞാൻ പ്രത്യേകം കൊറോണ ഇൻഫോർമേഷൻ കൊടുത്തിരുന്ന കോമൺ ചങ്ങാതിമാർ എന്നെ ഒരു പ്രത്യേക നോട്ടം നോക്കി.
ദയനീയമായി ഞാൻ ഫോറിൻ ഫ്രണ്ട്നെ വീക്ഷിച്ചു. 

"ഡാ, ഡെസ്പാവൻഡറാ.. കൊറോണ ഇല്ലാന്നേ ഉള്ളൂ വേറൊരെണ്ണം കൊണ്ടന്നണ്ട്"
 അവൻ ഒരു പായ്‌ക്കറ്റ്‌ കയ്യിൽ തന്നു. 
മൂന്നെണ്ണം ഉള്ള വേറേതോ ഒരു ബ്രാൻഡിന്റെ ഉഷാർ സിഗാർ പാക്കറ്റ്.! ആറിഞ്ച് നീളം. നല്ല വണ്ണം. കൊള്ളാലോ.. എന്റെ ഉള്ളിൽ ഷു ..ഉ ഉഉ ഊ .. എന്ന ഗുഡ് ബാഡ് ആൻഡ് അഗ്ളി വിസ്‌ലിംഗ്  തീം മ്യൂസിക് അലയടിച്ചു.

സിഗാർ എങ്ങിനെ ഹാൻഡിൽ ചെയ്യണമെന്ന റെഫറൻസ് എനിക്കുണ്ട്. ഞാനത് ഏറ്റു വാങ്ങി. ഒരെണ്ണം എടുത്ത് ഇങ്ങേ അറ്റം മുതൽ ആ അറ്റം വരെ മൂക്കിൽ മുട്ടിച്ചു വലിച്ചു സുഗന്ധം നുകർന്നു. 

"ഇത് കത്തിക്കാൻ ഒരു സ്പെഷ്യൽ ലൈറ്ററും അറ്റം കട്ട് ചെയ്യാൻ ഒരു അടയ്ക്കാ കത്തി പോലത്തെ കിടുത്തത്താപ്പും ഇണ്ട് ട്ടാ."
"അതുണ്ടായോട്ടെ, നീയിപ്പോ തീപ്പെട്ടികൊണ്ടു ഒരെണ്ണം കത്തിയ്ക്ക്."
"അമ്മ?"
"അത് ഞങ്ങക്കല്ലേ പ്രശ്നമുള്ളൂ നിനക്കില്ലല്ലോ."

അത് ശരിയാ.. എന്റെ അവസ്ഥ ഏതാണ്ട് ശബരിമലയ്ക്കു നേർന്ന മു ട്ടനാടിന്റെ പോലാണ്. എനിക്ക് ആരുടെ മുമ്പിലും വലിയ്ക്കാം, തല്ലുണ്ടാക്കാം, കുടിക്കാം, കാനയിൽ കിടക്കാം.

ഒട്ടും വൈകിച്ചില്ല. ചുരുട്ടിന്റെ മുൻ അറ്റം കുറച്ചു കടിച്ചു പുകയില നുണഞ്ഞു. 
"ഇതെന്തൂട്രാപ്പാ ഇത്?" എന്ന് ഏലി വലാഷും ലീ വാൻ ക്ളീഫും ചോദിച്ചപ്പോൾ "ഇതാണ് അതിൻറെ ഒരിത്" എന്ന് കള്ളിമുണ്ടും വലിയ ചെക്കുള്ള ഷർട്ടുമിട്ട ക്ലിന്റ് ഈസ്റ്റ് വുഡ് മറുപടി കൊടുത്തു! 

കത്തിച്ചു. ഒപ്പം ഒരു വലി ഉണ്ടല്ലോ.
ഹമ്മേ.. ഒന്നര കിലോയുടെ കട്ടി കൊണ്ട് ഇടിച്ച പോലെ ഒരു കട്ട പുക വന്നു തൊണ്ടയിൽ ഇടിച്ചു.  
ചുമ ഞാൻ കടിച്ചമർത്തി. കണ്ണ് നിറഞ്ഞു വന്നു. മുഖം ചുവന്നു. 
ആക്‌സിഡണ്ട് പറ്റി ഐസിയുവില് ഡ്രസിങ് നടത്തുമ്പോ സർജിക്കൽ സ്പിരിറ്റ്‌ വച്ച് ക്ളീൻ ചെയ്തിട്ട് ദേഹമാസകലം നീറിപ്പണ്ടാരമടങ്ങി കിടക്കുമ്പോ ഒരു ചോദ്യം ഉണ്ട്,  അതുപോലെ 

"എങ്ങനെ ഉണ്ട്?" ചോദ്യങ്ങൾ വന്നു.
"പെട സാനം ഷ്ടോ.." 

എന്ന് പറഞ്ഞപ്പോ ഇത്തളുകമ്പനീന്ന് കക്ക നീറ്റുമ്പോ പുക വരുന്ന പോലെ ഗുമു ഗുമാന്ന് പുക വന്നു. വിട്ടു കൊടുക്കാൻ അഭിനയിച്ച മടിയ്ക്കു അഭിനയത്തിന് സ്റ്റേറ്റ് അവാർഡ് എങ്കിലും കിട്ടിയേനെ. വലിക്കാൻ ഒരുങ്ങിയവരോട് ഞാൻ പറഞ്ഞു.. 

"ആഞ്ഞു വലിക്കണ്ടാ ട്ടാ. നിങ്ങക്ക് പരിചയമില്ലാത്തതല്ലേ. പുക നല്ല കട്ടിയാ."

ഒന്നുരണ്ടു പേര്  ചുമച്ചു.

"മൈന്റാക്കണ്ട.. ഇതേയ്‌ സിഗരറ്റു പോലെ വലിക്കണ്ട. കൂളായിട്ടു.. പതുക്കെ.."
"എന്തൂട്ടാ ഇതിന്റെ പേര് പറഞ്ഞത്  കോറോന്യോ ?"
"ഇത്.. ആ കൊറോണ തന്നെ. ഹാഫ് എ കൊറോണ." ഞാൻ പറഞ്ഞു.
"ഹാഫ് ഇങ്ങനെ.. അപ്പൊ ഇതിന്റെ ഫുൾ എങ്ങനെ ഇണ്ടാവും ഷ്ഠാ?!"
"ഇതിന്നു തീർ്വോ ?"

ശരിയാ. ഈ കോപ്പ് അനങ്ങുന്നില്ലല്ലോ.
"എടാ, ഇതെയ്  രാവിലെ ഒരെണ്ണം കത്തിച്ചു വച്ചാൽ വൈകീട്ട് വരെ ആഷ്‌ട്രേയിൽ ഇരിക്കും. ഇടയ്ക്കു ഓരോ വലി. അത്രേ ഉള്ളൂ." ഫോറിൻ ഗെഡി പറഞ്ഞു.

ഇടയിൽ ലവന്റെ 'അമ്മ അങ്ങോട്ടും ഇങ്ങോട്ടും പാസ് ചെയ്യുമ്പോൾ 'കൊറോണ' എന്റെ കയ്യിൽ കൃത്യമായി എത്തും.
അന്നത്തെ സിനിമകളിൽ നായകൻറെ എൻട്രി പോലെ പുകയ്ക്കുള്ളിൽനിന്നു ഞാൻ ഓരോ പ്രാവശ്യവും അമ്മയ്ക്ക് മുന്നിൽ തെളിഞ്ഞു വരും!



"ഡാ മോനെ." വീടിനുള്ളിലെ പുക മൊത്തം നോക്കിയിട്ടു എന്റെ ഒരു അടക്കിയ ചുമയ്ക്ക്‌ പുറകെ അമ്മ വിളിച്ചു.

"അതേയ്, ഇത് നിന്റൊടെ പോയിട്ട് പോരെ?"
"അതെന്താ അമ്മെ"?
"അല്ലേടാ, നിനക്കിവിടെ വച്ച് എന്തെങ്കിലും പറ്റിയാ നിന്റെ അപ്പനോട് ഞാൻ സമാധാനം പറയണ്ടേ? നിന്റൊടെ തന്നെ ആവുമ്പൊ പിന്നെ പോസ്റ്റ്മോർട്ടം വേണമെന്നൊന്നും ആരും പറയില്ലല്ലോ !"

(തുടരും)

Saturday, March 28, 2020

ചമ്മലിന്റെ മുപ്പതു വർഷങ്ങൾ

പന്ത് കളി കഴിഞ്ഞ് നാറിയ ഷോർട്സ് &ജേഴ്സി ഉണങ്ങി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ തലയ്ക്ക് മുകളിൽ ബൾബ് കത്തി. എന്തായാലും കുളിക്കണം. എന്നാപിന്നെ മുടിവെട്ടും കഴിയ്ക്കാം. ഒരു കുളിക്കു രണ്ടു കാര്യം. സമയം ഏഴര കഴിഞ്ഞതോണ്ട് അശോകേട്ടൻ 'ആലംബന' ആവാൻ വഴിയില്ല.

"നീ തിങ്കളാഴ്ച വൈന്നേരം വന്നാ മതീ ട്രാ.. " എന്ന് ഇന്നാളു കൂട്ടുകാരനോട് പറഞ്ഞെ ഉള്ളൂ.
"അതെന്താ അന്നത്തെ പ്രത്യേകത?"
"എടാ, വനേ.. നീയിവന്റെ മുടി നോക്യേ. പൂപ്പല് കളയണ കമ്പി ബ്രഷിന്റെ കട്ടിയാ മുടിക്ക്. ചൊവ്വാഴ്ച മൊടക്കലെടാ. അപ്പൊ ഇത് വെട്ടി, മൂർച്ച പോണ കത്രിക കുത്തിയിരുന്നു ചാണയ്ക്കു വെക്കാലോ" എന്നൊക്കെ പറയണ ഗെഡിയാണ് ശ്രീ അശോക്.

"ഹും .. ഇന്ന് അവസാനത്തെ ആളായത്കൊണ്ട് സീറ്റിൽ കേറ്റുന്നു." എന്ന് പറഞ്ഞേക്കും അത് സാരമില്ല. ആള് രസികനാണ്. തമാശക്കാരനാണ്. എല്ലാ ബാര്ബര്മാരെയും പോലെ ലോകവിവരങ്ങളുടെ ഭണ്ടാകാരമാണ്.

 'ഇത്തവണത്തെ നാനയുടെ സെന്റർ സ്പ്രെഡ് മികച്ച ഒരിതായിരിക്കണമെ' എന്ന് ഓർത്തുകൊണ്ട്  ബാർബർ ഷാപ്പിൽ കയറുമ്പോൾ അശോക് ദി ബാർബേറിയൻ ഒരാളെ വെട്ടി മുറിച്ചു ലെവലാക്കുന്നുണ്ട്. സുകുവേട്ടൻ അപ്പുറത്തെ ചെയറിലിരിക്കുന്ന ആരെയോ ഗോദ്രേജ് ഷേവിങ് റൗണ്ട്  പതപ്പിച്ചു ക്രിസ്തുമസ് ഫാദർ ആക്കി ഇരുത്തിയിട്ടുണ്ട്. ഇതാരാണാവോ? ആളെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ പതകൊണ്ട് മൂടി വച്ചിട്ട് സുകുവേട്ടൻ എങ്ങോട്ടോ പോകുന്നു!

"അതേയ് സായ്‌വിന്റെ കട ദിപ്പോ അടയ്ക്കും ത്തിരി പച്ചക്കറി.." എന്നൊരു ജാമ്യം സാന്താക്ളോസിനോട് പറയുകയും ആ പാവംഅത്  കൊടുക്കുകയും ചെയ്തിട്ടുണ്ട്.

സുകുവേട്ടന്റെ ആണ് കട. അശോകൻ ആൾടെ  പെങ്ങൾടെ മോനാണ്. ഒന്നര മില്ലി മീറ്റർ അളന്നു നോക്കി അപ്പന്റെ നിർദ്ദേശം കൃത്യമായി നടപ്പിലാക്കിയിരുന്ന സ്കൂൾ കാലത്ത് സുകുവേട്ടൻ ആയിരുന്നു എന്റെ ബാർബർ. ക്രമേണ, ഞാൻ സ്വയം പര്യാപ്തൻ ആവുകയും ചെറിയ പഴുതാര മീശയും നീട്ടി വളത്തിയ മുടിയും ഒക്കെയായി കോലം കേട്ട് പോവുകയും ചെയ്‌തതോടെ സുകുവേട്ടനെ ഞാൻ ഡിവോഴ്സ് ചെയ്തു! നിർദ്ദാക്ഷിണ്യം ഞാൻ അശോകൻ ആർമിയിൽ ചേർന്നു. ആള് നമ്മടെ ആളാ. നാലഞ്ചു വയസു കൂടുതൽ കാണും. തുണിപ്പന്തു കളി തൊട്ടു റഗ്ബി വരേയും കടലാസൊണ്ട് ഉണ്ടാക്കുന്ന വിമാനം തൊട്ട് മിഗും മിറാഷും വരെയും നേരമുണ്ടെങ്കിൽ ആശയങ്ങൾ കൈ മാറാം. സുക്വേട്ടൻ ഇല്ലാത്ത നേരമായാൽ ഹാപ്പി ആയി.

'ഭ്രൂട്ടീഷൻ വേണ്ടാത്തോണ്ടാ ഇവിടെ' എന്ന മട്ടിൽ യാതൊരു താല്പര്യവും ഇല്ലാത്ത പോലെ ഒരു നാന വെറുതെ മറിച്ചു നോക്കാൻ എടുത്തു. വളരെ കാഷ്വൽ ആയി എന്ന ഭാവത്തിൽ മുഖചിത്രം നോക്കി. താല്പര്യം ഇല്ലാത്ത പോലെ അവിടെ തന്നെ ഇട്ടു. അത് പഴയ ലക്കമാണ്.
പുത്തൻ ?
ഉണ്ടല്ലോ..
വളരെ കാഷ്വൽ ആയി തന്നെ അതെടുത്തു. മുഖചിത്രം നോക്കി കഷ്ടം എന്ന ഭാവത്തിൽ മറിച്ചു. സാന്താക്ളോസ് ഇതൊക്കെ നോക്കുന്നുണ്ടെന്ന ചിന്തയിൽ ആണ് ഇതൊക്കെ അഭിനയിക്കുന്നത്. ഉള്ളിൽ ആക്രാൻത് അലയടിക്കുന്നുണ്ട്.

"ഇത്തവണത്തെ നട് പേജ് ഗംഭീരം. എന്താ ഫോട്ടോ" ഇരയുടെ മുകളിൽ വിരിച്ചിരുന്ന തുണിയും മുടിയും കടയുടെ മൂലയിലുള്ള സെപ്പരേഷനിലേയ്ക്ക് കൊണ്ട് തട്ടുമ്പോൾ അശോകേട്ടൻ.
ഞാൻ ഒന്ന് ചമ്മി, കേൾക്കാത്ത പോലെ ഇരുന്നു.
അപ്പോളുണ്ട് ആള് പുസ്തകം എന്റെ കയ്യീന്ന് വാങ്ങി നടുപേജ്‌ നിവർത്തി ഒറ്റ കാണിക്കൽ!

ആസ് യൂഷ്വൽ മുഖത്തേക്കാൾ കൂടുതൽ മെയ്ക് അപ് തുടകളിലും വയറിലും ക്‌ളീവേജിലും ഇട്ട ഒരു മസാലദോശ എന്നെ നോക്കി ചിരിച്ചു. ഞാൻ താല്പര്യമില്ലാത്ത മട്ടിൽ സാന്താക്ളോസിനെ നോക്കി. അയാൾ മൂകസാക്ഷിയായി ഇരിപ്പുണ്ട്.ആരാണീ മഹാൻ എന്നൊരു പിടീം കിട്ടുന്നില്ല. അതോണ്ട് ഞാനൊരു പുച്ഛച്ചിരി അശോകേട്ടനെ നോക്കി ചിരിച്ചു.

"ഹൌ.. ഇഷ്ടായില്ലാന്നു തോന്നുണു.. അല്ലെങ്കി കമിഴ്ന്നു വീഴാറുണ്ടല്ലോ.
നേരം കളയണ്ട.. ഇരിക്ക്"

ചെറുതല്ലാത്ത രീതിയിൽ ചമ്മി. പിന്നെ ഞാൻ ശരിക്കും ഞാനായി. നനഞ്ഞാൽ പിന്നെ മുങാൻകുഴി ഇട്ടു കുളിച്ചിട്ടേ ഉള്ളൂ.

"ഇതാണോ ഗംഭീര പടം? ഏയ്.. പോരാ ട്ടാ."

സീറ്റിൽ കയറി ഇരുന്നു പുതപ്പു പുതപ്പിക്കാനായി ജേഴ്സി പുറകിലേക്ക് വലിച്ചപ്പോൾ ഒരു നീറ്റൽ. കോർണർ എടുക്കാനുള്ള കൂട്ടപ്പൊരിച്ചിലിനിടയിൽ കഴുത്തിനു പുറകിലായി ഒരു മാന്തു കിട്ടിയത് ഫീൽ ചെയ്തിരുന്നു. കളി സ്പിരിറ്റിൽ അത് മൈൻഡ് ചെയ്തില്ല.

"എന്തൂട്രാ ഇത്?" അശോകേട്ടൻ തൊലിപ്പുറത്തെ തിണർത്ത കോറലു കണ്ടു ചോദിച്ചു.
സാന്താക്ലോസ് എത്തി നോക്കുന്നത് കണ്ടു..
വളരെ കൂളായി, നാടകീയമായി ഞാൻ പറഞ്ഞു..
"നഖം കൊണ്ടതാ.. അവളിങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
ശ്ശെ.
ആവേശത്തിനൊരു പരിധിയില്ലേ.. ദുഷ്ട, മനുഷ്യനെ നാറ്റിയ്ക്കാൻ !"

പത്തോമ്പതാം വയസിന്മേൽ ഓട്ടം പോകുന്ന എന്റെ ഡയലോഗിൽ അശോകേട്ടൻ അറിഞ്ഞു ചിരിച്ചു.
സാന്താക്ളോസിന്റെ മുരടനക്കം കേട്ടു.
മൈൻഡ് ചെയ്തില്ല.

കൂടുതൽ വിശദീകരണത്തിലേയ്ക്ക് പോകുമ്പോഴേയ്ക്കും പച്ചക്കറി സഞ്ചിയുമായി സുകുവേട്ടൻ വന്നു. രംഗത്തിനു സെൻസർബോർഡ് കത്രിക വീണു. വെട്ടിനിരത്തൽ തുടങ്ങി. അവസരോചിതമായി അടിച്ച ഡയലോഗിൽ സ്വയം അഭിരമിച്ച് ഇരുന്ന ഞാൻ അടുത്ത നിമിഷം വിളറി വെളുത്തു.

സത്യത്തിന്റെ കണികകൾ മറ നീക്കി പുറത്ത് വരും എന്ന് പറഞ്ഞ പോലെ സുകുവേട്ടന്റെ ഓരോ ഷേവിലും സാന്താക്ളോസ്ന്റെ യഥാർതഥ മുഖം പുറത്ത് വന്നു... വാസുദേവേട്ടൻ. അപ്പന്റെ ഉറ്റ ദോസ്ത്, അയൽക്കാരൻ..

അന്ന് തോന്നിയ ചമ്മല് പത്തുമുപ്പതു കൊല്ലം കഴിഞ്ഞു കഴിഞ്ഞ ഡിസംബറിലാ മാറിയത്,  വാസുദേവേട്ടൻ മരിച്ചപ്പോ.

Monday, November 18, 2019

ഗർഭർ

ജീവിതം ശാന്തസുന്ദരവും അയത്ന ലളിതവും ആണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ മിനക്കെടുന്ന ഒരു തൊഴിലാളി വേഷക്കാലത്ത്, ജോലി തകർപ്പനായും കുടുംബം സന്തുഷ്ടമായും മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. വീട് പോലെത്തന്നെ അറ്റാച്ച്മെന്റ് ഓഫീസിനോടും തോന്നിയിരുന്നു എന്ന സത്യം പലപ്പോഴും ഓഫീസ് സമയം കഴിഞ്ഞിട്ടും അവിടെ ഇരിക്കുക, ചില്ലറ മെയിന്റനൻസുകൾ ചെയ്യുക, മറ്റുള്ള ഡിപ്പാർട്മെന്റുകാരെ സഹായിക്കാൻ ശ്രമിച്ചു കുഴപ്പങ്ങൾ ഉണ്ടാക്കുക എന്നീ ക്രൂരകൃത്യങ്ങൾ എന്നെക്കൊണ്ട് ചെയ്യിച്ചു പോന്നു.

മെസ് ഹാളിൽ ഇന്ന്, തിങ്കളാഴ്ച ഊണിനു പച്ചക്കറി വിത്ത് സ്പെഷ്യൽ, നാളെ മീൻ, മറ്റന്നാൾ ചിക്കൻ, നാലാംനാൾ മുട്ട തുടങ്ങി ആഴ്ചയിലെ  കറക്റ്റ് മെനുവിനിടയിൽ അഞ്ചാം ദിവസമായ വെള്ളിയോട് വെറും പച്ചക്കറിയായതിനാൽ കൊടും അവജ്ഞയും അത് കഴിഞ്ഞ് വരുന്ന ശനി, ബീഫും കായ/ കൂർക്ക /കടച്ചക്ക/ ചേന ഉള്ളതിനാൽ പ്രേമവും തോന്നിയിരുന്ന ദിവസങ്ങൾ. നാലുമണിക്കാപ്പിക്കു വീണ്ടും മെസ് ഹാളിൽ കപ്പ, ഗ്രീൻ പീസ് അല്ലെങ്കിൽ കടല കറി, പുട്ട്, ഉപ്പുമാവ്, അവൽ തുടങ്ങിയവ എന്തെങ്കിലും  ഉണ്ടാവും. നമ്മോടു ഇഷ്ടം പ്രകടിപ്പിക്കാൻ ഉച്ചയ്ക്ക് ഉണ്ടായിരുന്ന കറി ബാക്കി പതുക്കി വച്ച് തരുവാൻ ഓഫീസ് ബോയ് ചങ്കുകൾ ഉത്സുകരായിരുന്നു. ചെയർമാൻ, എം ഡിമാർ  ഒക്കെ ഈ തീറ്റപ്പെരുക്കിൽ  പങ്കുചേരും. ഒറ്റ ഫ്ലോറിൽ തന്നെയുള്ള ഓഫീസിൽ അഞ്ചെട്ടു ഡിപ്പാർട്ടമെന്റ്കളിൽ ഉള്ള തൊഴിലാളികൾ പരസപരം കണ്ടും ഒരുമിച്ചിരുന്നു ഫുഡ്‌ അടിച്ചും  ഒറ്റയ്ക്കും കൂട്ട് ചേർന്നും കളിയാക്കിയും ഓരോ വീടുകളിലെയും വിശേഷങ്ങൾ ആഘോഷിച്ചും വിഷമങ്ങൾ പങ്കുവെച്ചും വൈകീട്ട് ടെറസ്സിൽ ജിമ്മെടുത്തും ഞങ്ങൾ ഒരു വലിയ കുടുംബം പോലെ ജീവിച്ചു പോന്നു. 

ആ ദിവസങ്ങളിൽ സഹപ്രവർത്തകർ  തങ്ങളുടെ അമ്പലത്തിൽ നടന്ന ഉത്സവം, പള്ളി പെരുന്നാൾ, ചന്ദനക്കുടം തുടങ്ങിയവയ്ക്കു  പായസം, അച്ചപ്പം, കുഴലപ്പം, കാജ അഥവാ മടക്ക്, ഉണ്ണിയപ്പം എന്നിവ വഴിയും ബര്ത്ഡേ, കല്യാണ ട്രീറ്റ്‌കൾ കേക്ക്, മിട്ടായി, ലഡ്ഡു എന്നിവയിലൂടെയും ആവേശം പങ്കു വച്ച് നൽകിപ്പോന്നു.

മൊത്തത്തിൽ ഒരു ഗുമ്മ് നമ്മുടെ ഓഫീസിനില്ല എന്ന തോന്നലാണോ കാശ് കൂടുമ്പോൾ മലയാളിക്ക് വരുന്ന 'ബോയ്ൽഡ് റൈസ് ഇച്ചിങ്‌ ഇൻ ദി ബോൺ' എന്ന സവിശേഷത ആണോ എന്തോ ഞങ്ങൾ ഓഫീസ് അങ്ങ് മാറി. പുതിയ ഓഫീസ് കിടിലൻ ആയിരുന്നു. നാല് നിലകൾ + ഒരു മൂടിയ ടെറസ് ഒക്കെയുള്ള ഒരു സ്വതന്ത്ര സംസ്ഥാനം! 'ഞങ്ങടെ' പുതിയ എന്നൊരു വീമ്പ് എല്ലാവരുടെയും മനസ്സിൽ കയറിക്കൂടുകയും വേഷത്തിൽ, ഭാഷയിൽ, രൂപത്തിൽ, പെരുമാറ്റത്തിൽ എല്ലാം അത് പ്രതിഫലിക്കുകയും ചെയ്തു.
ഞങ്ങളുടെ കൂട്ടത്തിലേക്കു പുതിയതായി കുറച്ച് പേര് വന്നു ചേർന്നു. അതിലൊരാളാണ് വിജയലക്ഷ്മി എന്ന വിജിചേച്ചി. ഞങ്ങടെ ഫ്ലോർ ക്ളീൻ ചെയ്യുന്നതും ചായ തരുന്നതും മെസ് മെയിന്റെയ്ൻ ചെയ്യുന്നതും ഒക്കെ അവരായിരുന്നു.

വേഷമായി സാരിയ്ക്കു മുകളിൽ ഒരു കോട്ട് കൂടെ കിട്ടിയപ്പോൾ ആള് ചിലപ്പോൾ 'കാപ്പിക്കളർ കോട്ട് ധരിച്ച ഡോക്ടർ' എന്ന ഗമയിലൊക്കെ വരും. സകലരുടെയും വീട്ടുവിശേഷം ചികഞ്ഞു പിടിക്കാൻ ചുള്ളത്തി ബഹു മിടുക്കിയായിരുന്നു. ആരെയും മുഷിപ്പിക്കുകയുമില്ല. മറ്റു ഫ്ലോറുകളിലെ ഹെൽപ്പേഴ്സ്ന്റെ ഇടയിൽ തമ്മിൽ വിവരവും കാര്യപ്രാപ്തിയുമുള്ള അവരുടെ ലീഡറായിരുന്നു, വിജിച്ചേച്ചി.

ജോലി കഴിഞ്ഞു വീട്ടിൽ പോകുവാൻ ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അക്കൗണ്ട്സിലെ ബീനയുടെ പിന്നാലെ നടന്നു കമന്റ് പറഞ്ഞ ഒരു ഞെരമ്പിനെ നടുറോഡിൽ തടഞ്ഞു നിർത്തി, സംസ്കൃതഭാഷയാൽ അലംകൃതമായ മലയാളത്തിലും പോരാഞ്ഞു ഹിന്ദിയിലും മറാട്ടിയിലും തെറി വിളിക്കുകയും കൈ നിവർത്തി ഒന്ന് പൊട്ടിക്കുകയും ചെയ്തതോടെ പുള്ളിക്കാരി  സ്റ്റാറായി.

അതിനു ശേഷം ഓഫീസിൽനിന്നു കിട്ടിയ കോംപ്ലിമെന്റുകൾ കേട്ട് വിജിച്ചേച്ചിക്ക്  അൽപ്പം ഉയരം കൂടിയോ എന്നൊരു ചിന്ത ഞങ്ങൾക്കുണ്ടായി. അത് സ്വാഭാവികമായും ആളൊരു ഝാൻസി റാണി ആയി മാറിയതിന്റെ അനന്തരഫലമായി ഞങ്ങൾ വിലയിരുത്തി. ക്രമേണ, ഓഫീസിലെ സ്ത്രീശാക്തീകരണത്തിന്റെ ജിഹ്വ ആയി മാറിയ വിജിച്ചേച്ചി അവിടത്തെ സർവ്വത്ര സ്ത്രീ പ്രശ്നങ്ങളിലും ഇടപെടുകയും കൊട്ടക്കണക്കിനു മുറുമുറുപ്പുകൾ ഏറ്റുവാങ്ങുകയും ചെയ്തു.

താഴത്തെ ഫ്ലോറിലുള്ള ജിഷച്ചേച്ചിയെ കാണാൻ വിസിറ്റേഴ്സ് റൂമിൽ വന്ന ആള് പൊരിഞ്ഞ സ്മാളിലാണെന്നും അൺപാർലമെന്ററി വേർഡിന്റെ അണക്കെട്ടു തുറന്ന് വിട്ടിട്ടുണ്ടെന്നും കേട്ട് പ്രശ്നത്തിൽ നൂണ്ടു കയറിയ വിജിലക്ഷ്മി ബായി അയാളുടെ കയ്യീന്നും വന്ന വാക്കുകളെ തന്റെ പദസമ്പത്തിനാൽ നിഷ്പ്രഭമാക്കിയെങ്കിലും കാനേൽ കിടന്നാലും കുടുംബം നോക്കിയില്ലെങ്കിലും എന്റെ കെട്ട്യോനെ തെറി പറയാൻ നീയാരടീ എന്ന ജിഷേച്ചിയുടെ ആക്രമണത്തിന് മുമ്പിൽ പകച്ചു പണ്ടാരമടങ്ങുകയും നിരായുധയായി കളമൊഴിയുകയും ചെയ്തു.

വീണ്ടും വിജിച്ചേച്ചി പഴയ വിജിച്ച്ചേച്ചി ആയി.ആശ്വാസം.  ചേച്ചിയുടെ ഹിന്ദി, മറാത്തി തെറികൾ കേട്ടു ഭാഷാപ്രാവീണ്യം സംശയിച്ചെങ്കിലും കുറെ നാളുകൾക്കു ശേഷം എപ്പോഴോ സാധനങ്ങൾ ഹാൻഡ് ഓവർ ചെയ്യാൻ വന്ന ഹിന്ദിക്കാരനോട് പ്രളയകാലത്ത് ഡാമുകൾ തുറന്നു വിട്ടപോലെ ഹിന്ദി സംസാരിക്കുന്നത് കേട്ടപ്പോഴാണ് എല്ലാവരും അന്തം വിട്ടത്.

താൻ കുറേക്കാലം മുംബൈ, അതായത് പഴയ ബോംബെയിലായിരുന്നെന്നും ലോവർ പരേലും നവി മുംബൈയും ധാരാവിയും ഗോരഗണുമെല്ലാം തന്റെ കൈവെള്ളയിലായിരുന്നെന്നും ഉള്ള തള്ളുകൾ ഞങ്ങൾ നേരമ്പോക്കായി ആസ്വദിച്ചു പോന്നു.

ഇടയിലെപ്പോഴോ ഞങ്ങടെ തമിഴൻ ഡ്രൈവറുമായി അലമ്പുണ്ടായി എന്ന സംഭവം ഓപ്പണായി പറയാൻ പറ്റാത്ത കാരണം  ഒതുങ്ങിപ്പോയി. "വിജയേചീ പൂരെങ്ങനെണ്ടാർന്നു ?' എന്ന കുശലം ലവന്റെ പ്രൊനൗൻസിയേഷൻ മികവുകൊണ്ട്  തെറിയായി തെറ്റി കേട്ടതായിരുന്നു കാരണം. 'ഈ മൊതലിനോട് അധികം മിണ്ടാതിരിക്കുന്നതാ നല്ലത് ' എന്നൊരു ധാരണ അതോടെ എല്ലാവരും മനസ്സിൽ വച്ചു.

എങ്കിലും അതൊക്കെ എന്റെയൊരു നമ്പറല്ലേ എന്ന മട്ടിൽ ലോകത്തുള്ള സകലമാന കാര്യങ്ങളിലും അവഗാഹമുള്ള 'നാസ' റോളിൽ വിജിച്ചേച്ചി ഓഫീസിൽ പരിലസിച്ചു പൊന്നു. ഞങ്ങളോട് പ്രത്യേക സ്നേഹവും വാത്സല്യവും പരിപ്പുവടയും ഉള്ളിവടയുമൊക്കെയായി എത്താറുള്ളതിനാൽ ഞങ്ങളുടെ സെക്ഷൻ വിജിച്ചേച്ചിയുടെ ഫാൻസായി തുടർന്നു.

അങ്ങിനെയിരിക്കെ ഒരു തിങ്കളാഴ്ച ഓഫീസിൽ എത്തി സീറ്റിലിരുന്ന് ഞങ്ങളുടെ കോണ്ടിനെന്റലിന്റെ കാര്യങ്ങൾ മൊത്തത്തിൽ വീക്ഷിച്ചുകൊണ്ടിരുന്ന എന്നോട് പരിഭവം പിണക്കം എന്നിവയൊക്കെ ചേർത്ത് വിജിച്ചേച്ചി പറഞ്ഞു.

"എനിക്ക് ഇല്ലാ ല്ലേ?"
"എന്താ ചേച്ചീ?"
"ഗര്ഭ.."
"ങേ!" ഞാൻ ചുറ്റും നോക്കി.
വടക്കുന്നാഥനിൽ ഈടു പൊട്ടിക്കുന്ന ശബ്ദത്തിൽ വീണ്ടും..
ഞാൻ ലീവെടുത്ത ദിവസം നോക്കി എല്ലാർക്കും കൊടുത്തു ല്ലേ?
"എന്തൂട്ട്?"
"ഗർഭ...ർ  ഞാൻ ഉണ്ടായൂല്യ. ഇവർക്കൊക്കെ കൊടുക്കേം ചെയ്തു."

കൂട്ടച്ചിരി.
കമന്റുകൾ.
ദിവാകരേട്ടന്റെ വിത്തുകാളയെ നാട്ടുകാർ നോക്കുന്ന പോലത്തെ നോട്ടങ്ങളേറ്റ് ഞാൻ ചമ്മി.

ശനിയാഴ്ച ഞാനെന്തു പാതകമാണ് ചെയ്തതെന്ന് ആലോചിച്ചപ്പോഴാണ് വെഡിങ് ആനിവേഴ്സറി ചെലവായി റൂമിൽ എല്ലാവര്ക്കും ബർഗർ വാങ്ങിച്ചു വിതരണം ചെയ്തത് മനസ്സിൽ തെളിഞ്ഞത്.

"ചേച്ചി ഉദ്ദേശിച്ചത് ബർഗറാണോ?"

"ആ.. ഗര്ഭറന്നെ. എനിക്കൊരെണ്ണം വാങ്ങിച്ചു തരണേ. ഞാനിതു വരെ ഗര്ഭറ് തിന്നട്ടില്ല്യാ"

"ഗര്ഭറല്ല , ബർഗർ.. "എന്ന് പല കുറി പറഞ്ഞിട്ടും അത് ഗെഡിക്കു അങ്ങ് പിടികിട്ടിയില്ല. എനിക്കാണെങ്കിൽ മി.ഗർഭർ എന്നൊരു വിളിപ്പേരും വീണു.

വാൽക്കഷ്ണം;
പിന്നൊരിക്കൽ ഒരു ബർഗർ വാങ്ങി ചേച്ചിക്ക് കൊടുത്തു. " സംഭവം ഇഷ്ടായി, പക്ഷെ എത്ര നേരാ എടുത്തത് തിന്നാൻ."  ചേച്ചി പറഞ്ഞു.
"എന്തിനാ ഇത്ര നേരം?"
"ആ ഈർക്കിലികൊണ്ടു കുത്തി തിന്നണ്ടേ? അതാ മെനക്കേട്‌"

Saturday, November 9, 2019

പോത്ത് ഓർ സെക്സ്?!



"ആൾക്കാർക്ക് ഇറച്ചിയോട് സെക്സിനേക്കാൾ കൂടിയ തോതിൽ അത്രമാത്രം ഭീകരമായ പ്രതിപത്തി കാണുമോ?"
രാജേഷ് ചോദിച്ചത് ജല്ലിക്കെട്ട് സിനിമയിലെ 'പോത്ത്' പൊലിപ്പിക്കൽ കണ്ടിട്ടാണെത്രെ!
സത്യത്തിൽ പോത്തെന്ന വികാരമെന്താണെന്ന് തൽക്കാലം തൃശൂർത്തെ ഒരു നസ്രാണിയെന്ന നിലയിൽ എനിക്ക് പറയാനുള്ളത് താഴെ ചേർക്കുന്നു.
തേക്കിലയിൽനിന്നു കോണ്ടം വീർപ്പിച്ചതിലും കനം കുറവുള്ള അമ്പത് പൈസയുടെ കാരി ബാഗിലേക്കും പിന്നെ നൂറു മൈക്രോൺ പ്ലാസ്റ്റിക് കിറ്റിലേയ്ക്കും പൊതിച്ചിലിന് പരിണാമം വന്നുവെങ്കിലും പോത്തിറച്ചിക്കൊതിയ്ക്കു യാതൊരു പരിണാമവും വരാതെ കാത്തുസൂക്ഷിക്കുന്നവരാണ് ഞങ്ങൾ!
ഒരുമാതിരിപ്പെട്ട പിള്ളേർക്കൊന്നും സ്‌കൂൾ ടൈമിൽ പ്രവേശനം കിട്ടാത്ത സ്ഥലമാണ് കശാപ്പു നടക്കുന്ന എൽ ഓ സി ഏരിയ ഓഫ് മാർക്കറ്റ് & ഇറച്ചിക്കടകൾ!. കോഴി, ആട് മുതലായവ വാങ്ങി ഒക്കെ ഇടയ്ക്ക് പർച്ചെസിങ് സ്കില്ലുകൾ പരിപോഷിപ്പിക്കാൻ അവസരം കിട്ടുമെങ്കിലും പോർക്ക് വരെ താപ്പും തഞ്ചവും നോക്കി വാങ്ങുമെങ്കിലും ലാ ഏരിയ ബാലികേറാമല ആയി അങ്ങ് നിൽക്കും. ''എന്നെ തൊട്ടുകൊണ്ടു നോക്കിയാൽ കാണാനാവും" എന്ന മട്ടിൽ അപ്പനൊപ്പം ഇറച്ചി വാങ്ങാൻ പോകുന്ന കശ്‌മൽസ് പിറ്റേന്ന് സ്കൂളിലെത്തി , 'കാലിന്റെ തൊടേരെ അവിടന്ന് ഒന്നര കിലോ അപ്പൻ ചൂണ്ടിക്കാണിച്ചു മുറിപ്പിച്ചു വാങ്ങിച്ചു " എന്നൊക്കെ പറയുമ്പോൾ അപ്പന്മാര് മാൻഡ്രേക്ക് കഥകളിലെ ലോതറിനെപ്പോലെ അമാനുഷരായി വലുതാവും. ഇറച്ചി വെട്ടുകാര് മൊത്തത്തില് "ഡാ ഇവിടന്ന് വേടിച്ചാ എന്തറാ?" "അത് നിന്റെ അളിയനാ? അവിടന്നു മേടിക്കാൻ.." എന്നൊക്കെ പറയുന്ന, പുള്ളി മുണ്ട് ട്രൗസറിനോ ജെട്ടിക്കോ മുകളിൽ വെറും ഒരു അലങ്കാരമായി കാബറെ ഡാൻസ് കാരുടെ വേഷം പോലെ വളച്ചു കുത്തി,തുടയോക്കെ കാണിച്ചു അതില് കത്ത്യോണ്ട് താളം പിടിച്ചു അലസ മദാലസ ഭാവത്തിൽ നിൽക്കുന്നവർ നമുക്ക് ആ പ്രായത്തിൽ 'ക്രൂർസിംഗു'മാരാണല്ലോ. അപ്പൊ, അവരോടു ഇന്ന സ്ഥലത്തൂന്നു ഒരു കിലോ എന്നൊക്കെ പറഞ്ഞു വാങ്ങുന്നവർ സൂപ്പർഹീറോമാരാവാതെ തരമില്ലല്ലോ!
അങ്ങിനെ വൻ യുദ്ധങ്ങൾ കഴിഞ്ഞു വാങ്ങി കൊണ്ട് വരുന്ന ഇറച്ചി സ്പെഷ്യൽ കത്തി, അരിവാൾ തുടങ്ങിയ സ്പെഷ്യൽ ആയുധങ്ങൾ കൊണ്ട് നുറുക്കുന്നതിൽ ശ്രദ്ധ വേണം. അപ്പനൊക്കെ ഇറച്ചി നുറുക്കുന്നതിനിടയിൽ നുറുക്കിയ കഷണങ്ങൾ താരതമ്യം ചെയ്യുന്നത് കാണുമ്പോൾ ഇങ്ങേര്ക്ക് അളവുതൂക്ക വകുപ്പില് കട്ടികള് സീല് വയ്ക്കലാണോ പണി എന്ന് തോന്നിപ്പോകും. ഇടയ്ക്കെങ്ങാൻ വേറെ ആരെങ്കിലും നുറുക്കിയാൽ മിനിമം നാല് കൊല്ലം 'കണ്ടം തുണ്ടം വെട്ടി നുറുക്കിയ'തിനുള്ള പരാതി കേൾക്കാം. ഇതെന്റെ വീട്ടിൽ മാത്രമല്ല, ഒരുമാതിരി കൃസ്ത്യാനിക്കുടുംബങ്ങളിൽ മൊത്തത്തിൽ ഉണ്ട് എന്നതാണ് ഒരു ആശ്വാസം.
നിരന്തരമായ അപ്ഗ്രഡേഷനിലൂടെ കിട്ടിയ ഡാറ്റകൾ കൂട്ടിവച്ചു, അറുത്ത് കൊണ്ടുവന്ന ഉടനെ വാങ്ങാതെ, ചോര വാർന്നു പോവാനുള്ള നേരം കൊടുത്ത്.. കുളമ്പും വാലും മാത്രമല്ല നെയ്യിന്റെ നിറം നോക്കി ഉരു മൂരിയല്ല, പോത്ത് തന്നെയാണെന്ന് ഉറപ്പു വരുത്തി, തിരക്കുള്ള കടകളിലെ തിരക്ക് കുറയുന്ന നേരം നോക്കി.നെയ്യുള്ള ഉരുവിന്റെ നെയ്യില്ലാത്ത മാംസം നോക്കി.. ചങ്കടി, അണ്ടർ കട്ട്, തണ്ടല്, ചങ്ക്, കൈക്കൊറു, കാൽക്കൊറു, പള്ളപ്പീസ്, പതിര്, തവിട്, വാറ് .. എന്നിങ്ങനെ ഏതുഭാഗം ഏതു തരം കൂട്ടാന് യോജിക്കുമെന്ന പഠിപ്പൊക്കെ തികഞ്ഞു കഴിയുമ്പോ പതിയെ ഇറച്ചി വാങ്ങൽ നമ്മുടെ കൈകളിലെത്തും. അത് മാത്രം പോരാ.. മേല്പറഞ്ഞ ക്രൂർസിംഗുമാരുടെ അഭ്യാസം ഏശാതെ.. "കാശുതന്നെയ്യാഷ്ടാ മ്മളും തരണേ.. ചവ്വു കൊണ്ട് പുഴുങ്ങി തിന്നാനല്ല അത്. " എന്ന് വേണ്ടി വന്നാൽ പറയാനുള്ള ഊറ്റവും ഉണ്ടാക്കും.
രണ്ടു പീസ് കൂമ്പെല്ലു കൂടി വേണം എന്ന് പറഞ്ഞു ഡോഗിനുള്ളത് കൂടി വാങ്ങിക്കാനും മിടുക്കരാകും.
എന്നിട്ടും "അയ്.. നെയ്യ് കൂട്ടിട്ടു പറ്റിച്ചൂലോടാ, എന്നോ നുറുക്കുമ്പോ ചതുരക്കട്ടകളാവട്ടെ ഡാ.. " എന്നോ ഒക്കെ കേൾക്കും. തീർന്നില്ല, "ഓഹ്.. ഇത് കടച്ചക്ക ഇട്ടു വയ്ക്കാനാർന്നു നല്ലതു. കായയ്ക്കു ത്തിരീം കൂടി നെയ്യുള്ള പീസ് വാങ്ങണം. അല്ലെങ്കി കൂർക്ക" എന്നോ "ഇതിനു വേളാങ്കി കൊള്ളിയാർന്നു ബെസ്റ്റ്" എന്നോ എല്ലാം ഒത്തിണങ്ങിയാൽ "കായ നാടൻ കായ, അധികം വലിപ്പം ഇല്ലാത്തതു വാങ്ങണം, അതിനാ ടേസ്റ്റ്" എന്നോ കേൾക്കാം.
ഞായറാഴ്ച വിരുന്നു വന്ന് ഇറച്ചിക്കൂട്ടാൻ കൂട്ടി ചോറുണ്ണുന്ന കാർന്നോന്മാര് "ആരാ എറച്ചി വാങ്ങിക്ക്യാ?, ഇവനാ? ഉം പഠിച്ചൂലോടാ " എന്നൊരു പറച്ചിലുണ്ട്. അതാണ് സർട്ടിഫിക്കേഷൻ. നിസ്സാര സർട്ടിഫിക്കേഷൻ അല്ല അത്. കുടുംബം നോക്കാനായി എന്നും പെണ്ണ് കെട്ടാനും കുടുംബമാവാനും പ്രാപ്തനായി എന്നുമുള്ള പ്രഖ്യാപനമാണ് അത്. അടുത്ത ജനറേഷനിലേയ്ക്ക് ഇതൊക്കെ പകർന്നു കൊടുക്കാൻ നമ്മൾ ബദ്ധശ്രദ്ധാലുക്കളായിരിക്കും!
ഇനി , കഴിഞ്ഞു പോകുന്ന ഞായറാഴ്ചകളിലെ ഒരു സെല്ഫ് അസ്സസ്മെന്റുണ്ട് ഞങ്ങൾക്ക്. അടുത്ത ആഴ്ച ചങ്കടിപ്പീസുവാങ്ങണം. അത് ആറരയ്ക്ക് പോയാ ബുദ്ധിമുട്ടാ. ഇത്തിരീംകൂടെ നേരത്തെ പോണം. കിഴക്കോർത്തെ നേന്ത്രന്റെ താഴത്തെ പടല ഉരിയാം. എന്നോ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യും.അത് കറിയായി കഴിച്ചു കഴിയുമ്പോൾ അടുത്ത ആഴ്ചയിലെ ബീഫ് പർച്ചേയ്‌സിന് വേറൊരു രൂപരേഖ ഉണ്ടാക്കിക്കഴിഞ്ഞിരിക്കും.
ചെറിയൊരു രൂപമായില്ലേ?
കായത്തോട്ടത്തിലൂടെയുയോ കൂർക്കവാരത്തിലൂടെയോ കൊള്ളി(ക
പ്പ)നട്ടതിലൂടെയോ പോത്തോടിയാൽ അതിനൊരു വികാരമാണ് ഞങ്ങൾക്ക്. അത് രുചി മാത്രമല്ല കഴിവും പ്രാപ്തിയും തെളിയിക്കാനുള്ള വേദിയെന്നതുകൂടിയാണ്. കേൾക്കുമ്പോൾ നെറ്റി ചുളിയുന്നുണ്ടോ? ഇത്ര ഹൈപ്പിൽ പോത്തിനെ നിര്ത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടോ?
ഉണ്ടെങ്കിലും ഞങ്ങൾ ഇങ്ങനെയൊക്കെയാണ്.
അപ്പൊ,
അടുത്ത ആഴ്ച അണ്ടർകട്ട് ഒരു പീസ് വാങ്ങി വറുക്കണം

Thursday, October 10, 2019

സയനൈഡോർമ്മകൾ

സയനൈഡ്..
പേര് കേൾക്കുമ്പോൾ തന്നെ ഭീതി വരുന്ന കൊലയാളി. വെള്ളം, സൾഫ്യൂരിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവയല്ലാതെ വേറെ ഒന്നിന്റെയും ഗുണഗണങ്ങൾ കാര്യമായി പിടിയില്ലാതിരുന്ന ഓൾഡൻ  ഡെയ്സിലും നുമ്മ സയനൈഡിനെപ്പറ്റി ബോധവാനാർന്നു.

കുടിച്ചു കൂതറയായി ബഹളമുണ്ടാക്കലും ആത്മഹത്യാ ഭീഷണിയും  സ്ഥിരമായിരുന്ന ഒരു നാട്ടുകാരൻ ഉണ്ടായിരുന്നു. ആള് തമാശയ്ക്കു കിണറ്റിൽ ചാടും. ആള്ക്കാര് കയറ്റും. കൈ മുറിയ്ക്കും; കൊണ്ട് പോയി സ്റ്റിച്ചിടും. ഒരു പ്രാവശ്യം കെട്ടിതൂങ്ങി. വാതിലടച്ചു കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന കക്ഷിയെ ജനലിലൂടെ കണ്ട് വാവിട്ടു നിലവിളിച്ച പെണ്ണിനേം കുട്ടികളെയും ഓടിക്കൂടിയ നാട്ടുകാരെയും സാക്ഷിയാക്കി കട്ടിലിനു മുകളിലിട്ട സ്ടൂളിൽനിന്നു ഒറ്റ ചാട്ടം. ഒരു നിമിഷം പകച്ചു നിന്ന ഓടിക്കൂടിയ ടീമ്സിനു മുൻപിൽ മൂടും കുത്തി ദാ കിടക്കുന്നു താഴെ! വാതില് പൊളിച്ചു അകത്ത് കയറിയവർ കണ്ട കാഴ്ച.. കയറിന് പകരം സൈക്കിൾ ട്യൂബ് ആയിരുന്നു കക്ഷി തൂങ്ങാൻ ഉപയോഗിച്ചത്. അകത്ത് കയറിയവർ വലിഞ്ഞു നിന്ന ട്യൂബിൽ ഗിറ്റാർ വായനയും വില്ലടിച്ചാണ് പാട്ടും നടത്തിയെത്രെ. ഓരോ തവണയും നീരൊലിപ്പത്തലിനു കിട്ടാറുള്ള പൂശിനു പകരം അത്തവണ പുളിവാറല് വെട്ടിയതോണ്ടായിരുന്നു അടി. ഒരിക്കൽ  "ഞാനിതിപ്പൊ കഴിക്കും" എന്ന് പറഞ്ഞു ഒരു കുപ്പിയിലെ ദ്രാവകം കാണിച്ചു ഭീഷണിപ്പെടുത്തുകയും എന്നത്തേയും പോലെ ഈ വക അഭ്യാസങ്ങൾ ചിരിച്ചാസ്വദിക്കാറുള്ള കാണികൾ "അത് വയറ്റിലെത്തും മുമ്പ് ഞങ്ങ നിന്റെ കാലു തല്ലിയൊടിക്കും #@%$^ " എന്ന് പറയുകയും കുറെ നേരം കിളിമാസ് തുടരുകയും ചെയ്തു. അവസാനം നാട്ടുകാർക്ക് "ജനക്കൂട്ടക്കൊല" എന്ന സപ്രിട്ടിക്കറ്റ്‌  ചാർത്തിക്കൊടുക്കാതെ ലത് വായിലൊഴിച്ചു കുഴഞ്ഞു വീണ് പിടഞ്ഞു അങ്ങേര് മരിക്കുകയും ചെയ്തു! പത്തലോടിച്ചു പൂശാൻ ഓടി വന്നവർ നിരാശരായി. ഈ തമാശകൾ ഇനി കാണാനാവില്ലല്ലോ എന്ന് ഭഗ്നാശരായി. "അത് സയനൈഡ് ആർന്നുടാ" എന്ന് വിശദീകരണം വന്നപ്പോഴാണ് കഴിച്ച സാധനം പുലിയാണെന്നു മനസിലായത്. തമിഴ്  പുലികൾ കഴുത്തിൽ കെട്ടി തൂക്കിയ സയനൈഡ് ഗുളികകളുമായാണ് നടപ്പ് എന്നും ചാവാതെ നിവൃത്തിയില്ല എന്ന ഘട്ടത്തിൽ ലത് കഴിച്ചു പൂതിയാവാറുണ്ടെന്നും മനസിലാക്കിയപ്പോളാണ് അത് വെറും പുലിയല്ല, കൊടും പുലിയാണെന്നു മനസിലായത്.

സ്റ്റാമ്പൊ കത്തോ നാവിലെ തുപ്പലുപയോഗിച്ചു ഒട്ടിക്കാറുള്ള ഒരാളെ കൊല്ലാൻ സയനൈഡ് പുരട്ടിയ വസ്തുക്കൾ ഉപയോഗിക്കുന്ന ഒരു അപസർപ്പകൻ എപ്പോഴോ വായിച്ചതോർക്കുന്നു. മുറിവിലൂടെ അകത്ത് കടന്നാലും ആൾക്ക് പണി കിട്ടിയേക്കാം എന്ന കാര്യം അറിഞ്ഞു കിടുങ്ങിയിട്ടുമുണ്ട്.

വിശപ്പ് തീരാത്ത പ്രാന്തായി നടക്കുന്ന കോളേജിൽ പോകുന്ന കാലത്തെ വൈകുന്നേരങ്ങളിൽ കാരംസ് മുതൽ വിളിച്ചു കാളി വരെ നീളുന്ന ഗെയിമുകളുണ്ട്. കൂലിമുട്ടിയാൽ, ബെസ്റ്റ് ഓഫ് ത്രീയിൽ രണ്ടെണ്ണം തോറ്റാൽ ഒക്കെ ചെറിയ ഫൈൻ ഉണ്ട്. ഇൻഡോർ ഗെയിമുകളിൽ താല്പര്യമില്ല എന്ന സത്യം അറിയാമെങ്കിലും ഞാനൊക്കെ തികഞ്ഞ അച്ചടക്കമുള്ള കാണിയാണ്.  ബെറ്റ് വച്ച് കിട്ടുന്ന കാശുകൊണ്ട് കൊക്കുവട, കപ്പ വറുത്തത്, മുറുക്ക്.. അങ്ങിനെ നിമിഷനേരം കൊണ്ട് വാങ്ങി വരുന്ന ഞങ്ങടെ മിടുക്കു കണ്ടിട്ടാണെന്നു തോന്നുന്നു സ്വിഗി പോലുള്ള സർവീസുകൾ തുടങ്ങാനുള്ള ആശയം കിട്ടിയത്! അങ്ങിനെയുള്ള ഒരു വൈകുന്നേരം ഞങ്ങടെ സൂപ്പർ സീനിയർ ചേട്ടന്മാരിൽ ഒരാളായ ജെയ്ക്കബ് ഒരു വലിയ പ്ലാസ്റ്റിക് കവർ "ഇതിവിടെ ഇരിക്കട്രാ, ചീട്ടു നിരത്താറാവുമ്പോളേക്കും ആറാമത്തെ ആളായി ഞാൻ എത്തും" എന്ന് പറഞ്ഞു പോയത്. അൽപ്പ സമയത്തിനകം ആള് തിരിച്ചു വന്നു. ഒരു നിമിഷം തന്റെ പൊതി നോക്കി സ്തംഭിച്ചു. പിന്നെ പരമാവധി സൗമ്യതയോടെ ഇങ്ങനെ
"ഇതാരാ പൊതി എടുത്തേ?" എന്ന് ചോദിച്ചു.
"അതേയ്.. തിന്നാൻ വല്ലോം ഉണ്ടോ എന്ന് നോക്കിയതാ. പൊതി അഴിച്ചപ്പോ പഞ്ചസാരയാണെന്നു കരുതി അതെങ്ങി അത് എന്ന് വച്ച് കുറച്ചു വായിലിട്ടതാ. അയ്യേ.. എന്തൂട്ടാ അത്? വളമാണോ? ഞാൻ തുപ്പിക്കളഞ്ഞു" ഒരു കോമ്രേഡ് മറുപടി പറഞ്ഞു.
"അതിനു താഴെ ഉള്ള ചെറിയ പൊതി നോക്കിയോ?" സൗമ്യതയോടെ ജെയ്ക്കബേട്ടൻ
"അയ്യോ.. പറ്റിപ്പോയി. അത് നോക്കിയില്ല. അത് എന്തൂട്ടാ ?"
"ഡാ കുറിപ്പ, അത് സയനൈഡ് ആർന്നു. മൈ... അത് നോക്കാർന്നില്ലേ. നേരിട്ട് കുഴിച്ചിടാർന്നു. എനിക്ക് ഇലക്ട്രോപ്ലെയ്റ്റിങ് ആണെന്നെങ്കിലും ഓർക്കാർന്നില്ലടാ ശവീ." എല്ലാ സൗമ്യതയും വിട്ടു ഒരു ഡയലോഗ്.
എല്ലാവരും ഫ്രീസ് ആയി.

"പൂച്ചയെക്കൊണ്ട് തോറ്റു. പിശാശ് " എന്ന പ്രാക്കുകൾ കൂട്ടുകാരന്റെ 'അമ്മ സ്ഥിരമായി പറയുന്നത് കേട്ടപ്പോഴാണ് സ്വർണ്ണപ്പണിക്കാരനായ ഒരു ഗെഡി പറഞ്ഞത്.
"അതിനിത്തിരി സയനൈഡ് കൊടുക്കടാ. സാധനം ഞാൻ തരാം."
ഒരു കുഞ്ഞു കുപ്പിയിൽ പിറ്റേന്ന് സാധനം വന്നു. ഒരു തെങ്ങിൻ പട്ട ചീന്തിൽ സാധനം തേച്ചു തന്നു.
"ഇത് പൂച്ചയുടെ വായിൽ തേച്ചാൽ മതി."
ആരാച്ചാരാവാൻ ഒരുത്തൻ മുന്നിട്ടിറങ്ങി. അവസാന ആഗ്രഹം എന്ന പോലെ പൂച്ചയ്ക്ക് മീൻ കൂട്ടി ചോറ് കൊടുത്തു. അതിനടുത്തിരുന്നു ലാളിച്ച് പട്ടചീന്തിലെ സാധനം അതിന്റെ വായിൽ തേച്ചു കൊടുത്തു. പൂച്ചയ്ക്ക് നോ അനക്കം. നോ കൂസൽ. മിനിറ്റുകൾ കഴിയും തോറും പൂച്ചയ്ക്ക് ഉഷാർ കൂടി വരുന്ന പോലെ!
"നീ എന്തൂട്ട് സാധനാടാ തന്നേ? പൂച്ചയ്ക്ക് ഒരു കുഴപ്പോമില്ലല്ലോ?" ഞങ്ങൾ ചെന്ന് അവനോടു പറഞ്ഞു.
"അങ്ങനെ വരില്ലലോ. നോക്കട്ടെ"
അവൻ വന്ന് നോക്കി.
"ഇത് പൂച്ചയ്ക്ക് കൊടുത്തിട്ടില്ലല്ലോ"
"പോടാ, ഇത് തേച്ചു കൊടുത്തതാ."
"കോപ്പാണ് ഏതു വശാ തേച്ചേ? എനിക്ക് തോന്നണത് സയനൈഡ് ഇല്ലാത്ത മറ്റേ വശം പൂച്ചയ്ക്ക് കൊടുത്ത് ന്നാ"
കൈ കഴുകാൻ കിണറ്റും കരയിലേക്ക് പാഞ്ഞ തേപ്പുകാരനെ ഞങ്ങ തടഞ്ഞു. തോട്ടിലും കുളത്തിലും പുഴയിലും ഒന്നും കഴുകാൻ സമ്മതിക്കാതെ ഓട്ടോ വിളിച്ചു കാക്കാത്തുരുത്തി കടലിലിറക്കിയാ കഴുകിയത്!