ദി പാമ്പ്
കുട്ടിക്കാലം മുതൽ ഉള്ള ഓർമ്മകളിൽ പാമ്പുണ്ട്!
നാട്ടിലെവിടെ പാമ്പ് വന്നാലും " "മാഷേ, രാവുണ്ണിയേട്ടന്റെ വീട്ടിലൊരു മുട്ടൻ പാമ്പ് " "നായരുടെ വിറകുപുരേല് ഒരു മൂർഖൻ" എന്നൊക്കെ പറഞ്ഞു ഏത് നിമിഷവും ആരെങ്കിലും വരികയും ഉണ്ടുകൊണ്ടിരുന്ന ഉരുള പകുതി നിറുത്തി എണീറ്റ് പോവുകയും ചെയ്തിരുന്ന അപ്പൻ ഉണ്ടായിരുന്നതുകൊണ്ട് ആവണം എനിക്ക് പാമ്പുകളോട് കൗതുകമായിരുന്നു.
അപ്പൻ തരക്കേടില്ലാത്ത ഒരു സ്നേക്ക് കില്ലർ ആയിരുന്നു! മുളം കൂട്ടത്തിൽ കയറിയൊരു പുല്ലാനി മൂർഖനെ മുള ചായ്ച്ചു എയറിൽ വച്ച് തന്നെ പുള്ള് അടിച്ചു സിക്സ് തൂക്കാൻ താപ്പു നോക്കി നിൽക്കവേ അപ്രതീക്ഷിതമായി അപ്പുറത്ത് നിന്നിരുന്ന ബാബുവേട്ടൻ അപ്പർ കട്ട് കളിക്കുകയും അതുമൂലം തന്റെ നേരെ വന്ന ആ മൊതലിനെ പേടിച്ചു ഓടേണ്ടി വരികയും ചെയ്തതോടെ ആളുടെ വീരസ്യം ഇത്തിരി കുറഞ്ഞെങ്കിലും 'ഫിനിഷർ' റോളിൽ മോസ്റ്റ് വാല്യുവബിൾ പ്ലെയർ ആയി തുടരാൻ ആൾക്ക് സാധിച്ചിരുന്നു.
കൊമ്പൂരിയെടുക്കാൻ കൊന്നിട്ട ആനയ്ക്ക് മുകളിൽ കാലെടുത്തു വച്ച് ഫോട്ടോയ്ക്ക് പോസ് ചെയുന്ന വീരപ്പനെപ്പോലെ തല്ലികൊല്ലപ്പെട്ട പാമ്പുകൾക്കൊപ്പം സ്വയം പ്രദർശിപ്പിക്കാൻ അപ്പന് ഒരു നാണവും ഉണ്ടായിരുന്നില്ല! കാരണം സിമ്പിൾ, വിഷമുള്ളതായാലും ഇല്ലാത്തത് ആയാലും എല്ലാ പാമ്പും പ്രശ്നക്കാരാണ് എന്ന വിശ്വാസം തന്നെ. സ്‌നേക് റെസ്ക്യൂ എന്നൊരു പരിപാടി അന്ന് ഇല്ലാത്തതുകൊണ്ടും പാമ്പിനെ തല്ലിക്കൊന്നാൽ കേസുവരും എന്നൊരു കീഴ്വഴക്കം ഇല്ലാതിരുന്നതുകൊണ്ടും അപ്പന്റെ കലാപരിപാടികൾ നാടെങ്ങും തുടർന്ന് പോന്നു.
തറവാട് ഭാഗം വച്ചപ്പോൾ പൈതൃകമായി കൈമാറി കിട്ടാത്തതിൽ അപ്പന് വിഷമം ഉണ്ടായിരുന്നതായി തോന്നിയിട്ടുള്ള ഒന്നേ ശ്രദ്ധിച്ചിട്ടുള്ളൂ, അപ്പന്റെ അപ്പൻ ഉപയോഗിച്ചിരുന്ന പാമ്പിനെ അടിക്കുന്ന ചൂരൽ! എന്നാലും കാലാകാലങ്ങളിൽ മിനുക്കി എടുത്ത് സൂക്ഷിച്ച പേര വടികൾ ആ കുറവ് നികത്തിപ്പോന്നു.
പ്രസ്തുത കാര്യങ്ങളാൽ വേട്ടക്കഥകൾ വായിച്ച് ജിം കോര്ബറ്റിനോട് തോന്നുന്ന പോലൊരു വീരാരാധന അപ്പനോട് ഉണ്ടായിരുന്നതുകൊണ്ടോ എന്തോ പാമ്പുകളെ എനിക്കിഷ്ടമായിരുന്നു. പാടത്ത് 'മദിക്കാൻ' പോവുമ്പോഴോ കുളത്തിൽ ചാടി മറയുമ്പോഴോ പ്രത്യക്ഷപ്പെടുന്ന നീർക്കോലികളെ, കടിക്കാനുള്ള ടൈമിംഗ് കൊടുക്കാതെ കൈ കൊണ്ട് പൊക്കിയെടുക്കുക എന്ന കാര്യം തരം കിട്ടുമ്പോഴെല്ലാം ചെയ്തു പോരുകയും അതിനു ഹർഷാരവം ഏറ്റുവാങ്ങുകയും ചെയ്ത ഒരു കൗമാരകാലം എനിക്ക് ഉണ്ടായിരുന്നു. ഇടയിലെപ്പോഴോ കടികളും കിട്ടിയിട്ടുണ്ട്. കടി കിട്ടിയിട്ടും അത്താഴം കഴിച്ചാലും ഒരു പുല്ലും സംഭവിക്കില്ല എന്ന തെളിവായി ജീവിക്കുന്നവനാണ് ഞാൻ. കാലാന്തരേ അതിരാവിലെ ക്ലാസെടുത്തു ജോലിക്കു പോവുക എന്നൊരു ശീലം ഉണ്ടായപ്പോൾ വരാന്തയിൽ പ്രത്യക്ഷപ്പെടുന്ന ചേര, മുതൽ ചുമര് പാമ്പ് വരെയുള്ള നിർദോഷകാരികളെ നല്ലനടപ്പ് ജാമ്യത്തിൽ വിടാവുങ്ങുന്ന മാനസിക നിലയിലേയ്ക്ക് മനസ്സ് പാകപ്പെട്ടുവെങ്കിലും സൊ കോൾഡ് സൂപ്പർ ഫോർ ടീമിനോട് സ്നേഹം പ്രകടിപ്പിക്കാൻ മനസ്സ് അങ്ങട് അനുവദിക്കാറില്ല.
അതുകൊണ്ടു തന്നെ ഒരിക്കൽ മലയാറ്റൂർ മല കയറാൻ പോയി തിരിച്ചു വരുമ്പോൾ അപ്പന് ഒരു ചൂരൽ വാങ്ങി സമ്മാനം നൽകി. അതിനു ശേഷം, ങേ ഹേ.. അപ്പന് ദൈവം സഹായിച്ചു ഒരൊറ്റ പാമ്പിനെയും തല്ലേണ്ടി വന്നിട്ടില്ല!! അപ്പൻ മണ്മറഞ്ഞു കഴിഞ്ഞും കുറെ നാള് അത് തുടർന്നു. പിന്നെ ഒരു വരവാർന്നു, പറമ്പിൽ, കോഴിക്കൂട്ടിൽ, നാളികേരം കൂട്ടിയിട്ട സ്ഥലത്ത്, കിളിക്കൂട്ടിൽ, മീൻ വളർത്തുന്ന കുളത്തിൽ.... പക്ഷെ, അപ്പോഴേയ്ക്കും എന്റെ മനസ് ഡീസന്റ് ആയി കഴിഞ്ഞിരുന്നു. ഒരു വിധം പാമ്പുകളും അതുകൊണ്ടു രക്ഷപ്പെട്ടു. ഇപ്പോളൊക്കെ കണ്ടാൽ റെസ്ക്യൂ ചെയ്യണം എന്ന മാനസികാവസ്ഥയിലേക്ക് മാറി.
എന്ന് വച്ച് ഇത് തന്നെ അവസരം എന്നൊന്നും ഒരു പട്ടിയും.. സോറി, പാമ്പും ചിന്തിക്കരുത് എന്ന് പറയാൻ ഈ അവസരം വിനിയോഗിക്കുകയാണ്.
ഇത്രയൊക്കെ പറയുന്ന ഞാൻ 'കോരിത്തരിച്ചു' പോയ സംഭവങ്ങൾ ഉണ്ട്! ഒരിക്കൽ കുളം വറ്റിച്ചു മീൻ പിടിക്കുന്ന ഞങ്ങൾ ഒരു ബഡാ നീർക്കോലിയെ കണ്ടു. പിന്നെ അവനെ കാണാൻ ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി, അവൻ എന്റെ കാലിൽ ചുറ്റിയിട്ടുണ്ട്. ഞാൻ വളരെ പതിയെ അവന്റെ തലയിൽ പിടുത്തമിടാൻ ഉന്നം നോക്കുന്നതിനിടയിൽ.. "അനങ്ങല്ലേടാ പാമ്പ് നിന്റെ കാലിന്റെ അടുത്തുണ്ട് ഞാൻ വെട്ടിക്കോളാ" എന്ന് പറഞ്ഞു വെട്ടുകത്തി ഓങ്ങുന്ന പാർട്ണറെ കണ്ട് ഞാൻ തോലാഞ്ചകഞ്ചുകിതനായി. (അന്ന് രോമം കാര്യമായി ഉണ്ടായിരുന്നില്ല!)
പിന്നൊരിക്കൽ കുനിഞ്ഞു നിന്ന് എന്തോ ചെയ്യാൻ തുടങ്ങുമ്പോൾ ചെവിയുടെ സൈസിൽ തട്ടി ഇക്കിളിയാക്കുന്ന കയറ് ഞാനൊരു വലി വലിച്ചു.മുകളിലെ രണ്ടു ബട്ടൻസ് തുറന്നിട്ട അക്കാലത്ത് പാരീസ് ഫാഷൻ ഷോകളിൽ വരെ ഹിറ്റ് ആയിരുന്ന ലൂസ് ഷർട്ടിനു ഉള്ളിലേയ്ക്ക് വീണത് ഒരു പടുകൂറ്റൻ ചേര ആയിരുന്നു എന്ന് മനസിലാക്കാൻ മുണ്ടിന്റെ കുത്തഴിച്ചു സാധനം താഴെ വീഴുന്ന വരെ എടുത്ത കുറച്ചു സെക്കൻഡുകൾ.. ഹോ കുഞ്ചുകമണിഞ്ഞു എന്ന് മാത്രമല്ല പനിയും പിടിച്ചു.
അനുബന്ധം (അനു പിടിച്ചു കെട്ടിയിട്ടത്!)
"ഇന്ന് വീട്ടീ പോണില്ല."
"എന്തെ?"
"പറ്റില്ല, രണ്ടുമൂന്നു ദിവസത്തേയ്ക്കു പറ്റില്ല."
"കാര്യം പറ."
"ഭാര്യ ഇന്നലെ ഇടപ്പിള്ളീൽ പോയി നേര്ച്ച ഇട്ടു വന്നണ്ട്. ഇനി കുറച്ചു ദിവസത്തേയ്ക്ക് ഇഴ ജന്തുക്കൾക്ക് പണിയാ :)"
No comments:
Post a Comment