Powered By Blogger

Wednesday, March 5, 2014

മുടിയഴിയ്ക്കാത്ത തെയ്യം

2014 ഫെബ്രുവരി ഇരുപത്തേഴ്
രാത്രി പതിനൊന്നു കഴിഞ്ഞു.
കുളി കഴിഞ്ഞ് ഡ്രെസ് വലിച്ചു കയറ്റുന്നതിനിടയിൽ ഫോണ്‍ കരഞ്ഞു.

"ചേട്ടാ.. വീട്ടീന്ന് ഇറങ്ങിയോ?"
"ഇറങ്ങാൻ പോകുന്നു. എന്തെ?"
"സെക്കണ്ട് ഷോ പതിനോന്നായപ്പോഴെയ്ക്കും കഴിഞ്ഞു എന്ന് പറഞ്ഞ് ജോ, റെയിൽ വേ സ്റെഷനിൽ ഇരിപ്പുണ്ട്. ഒന്ന് വേഗം ചെല്ലാമോ? ഞങ്ങൾ പോന്നിട്ടില്ല. ട്രെയിൻ ഇത്തിരി ലേറ്റാണ്‌ എന്ന് പറയുന്നുണ്ട്."
"ഓക്കേ. ഞാൻ വേഗം പോവാം."

മത്തായിയാണ്. തെയ്യം കാണാൻ കണ്ണൂര് പോകുന്ന കൊച്ചി ടീമിന്റെ ബാക്ക് ബോണ്‍! ജോ തൃശൂര് നേരത്തെ എത്തിയിരുന്നു. സെക്കന്ഡ് കണ്ട് ഇറങ്ങി ഭക്ഷണം കഴിക്കുമ്പോളെയ്ക്കും ഞാൻ അവനൊപ്പം ചേരാം എന്നായിരുന്നു ധാരണ. അതാണ്‌ പൊളിഞ്ഞത് . അവനു വല്ല തമിഴ് പടവും കാണാര്ന്നില്ലേ ആവോ.

അര മണിക്കൂറുകൊണ്ട് തൃശൂര് എത്തി.വെറുതേ റെയിൽവേ പോലീസിനു പണി കൊടുക്കാതിരിക്കാൻ രണ്ടു പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തു. ജോയെ മീറ്റ് ചെയ്തു രണ്ടാം നമ്പര് പ്ളാറ്റ്ഫൊമിലേയ്ക്കു നീങ്ങവേ സ്റ്റേഷനിലെ കൂറ്റൻ അക്വോറിയത്തിലെ അരോണ മത്സ്യത്തിന് മുന്നില് കുറച്ചു സമയം നിന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഇനം. എന്നെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവൻ. ചൈനീസ് മിത്തുകളിലെ സ്വന്തം കഥാപാത്രം. കൊടുത്തു അവനെക്കുറിച്ചു വലിയൊരു കത്തി ജോയുടെ പള്ളയ്ക്ക് ! പാവം ജോ.

രണ്ടാം നമ്പര് പ്ളാറ്റ്ഫോമിൽ ഞങ്ങളെ പൊക്കിയെടുത്ത് കണ്ണൂരെത്തിയ്ക്കാനുള്ള കൊട്ടെഷനുമായി തുരുതുരാ ആക്രമണം. വ്യോമഗതാഗതം സേഫല്ല എന്ന് ഉറപ്പിച്ച് ഞങ്ങളും തിരികെ പൊരുതി. കൊതുകുകളുമായി ഒരു മണിക്കൂറിലധികം നീണ്ടു നിന്ന യുദ്ധത്തിനിടയിൽ മംഗലാപുരം വണ്ടി വന്നു. അത് ഞങ്ങൾക്കുള്ളതല്ല. വണ്ടി വിട്ടപ്പോൾ കൊച്ചി ടീമിനെ വിളിച്ചു.

"നിങ്ങൾ എവിടെ? പറഞ്ഞ കംപാർട് മെന്റിലൊന്നും കാണാനില്ലല്ലോ."
"അതിനു ഞങ്ങൾ അങ്കമാലി എത്തിയെ ഉള്ളല്ലോ."
"ങേ? അപ്പൊ ഞങ്ങൾ മംഗലാപുരം ട്രെയിനിൽ കയറീലോ."
"അയ്യോ.. പണിയായോ?"
"കുഴപ്പമില്ല. ഞങ്ങൾ പൂങ്കുന്നത്ത് ഇറങ്ങി തിരിച്ചു പോന്നോളാം."
"എന്തേലും ചെയ്യൂ. വേഗം."

അങ്ങിനെ ആദ്യത്തെ അമിട്ടിന് തിരികൊളുത്തി ഞങ്ങൾ സ്റ്റെഷനിൽ ഇരുന്നു ചിരിച്ചു.
ഇടയ്ക്കിടയ്ക്ക് വിളി വന്നുകൊണ്ടിരിക്കുകയും ഞങ്ങൾ സങ്കൽപ്പത്തിൽ വണ്ടി ചങ്ങല വലിച്ചു നിർത്തുകയും തിരിച്ചു പോരുകയും ചെയ്തുകൊണ്ടിരുന്നു! വണ്ടി വന്നു. മത്തായിയും ടിജോയും ഞങ്ങളെ എതിരേറ്റു.

"ഒരു കുഞ്ഞിക്കൊച്ചുണ്ടാർന്നല്ലോ ?"
"ബിന്സ്യല്ലേ? അപ്പര് ബെർത്തിൽ ഉറക്കമെഷീൻ പ്രവര്ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു."
"ഓക്കെ."

വേഗം കിടന്നു.

എന്റെ സെറ്റ് ചെയ്തു വച്ച അലാറമുകളില്നിന്നു പുലർച്ചയിൽ സഹയാത്രികരെ രക്ഷിക്കാനായി. ഫോണ്‍  തലയുടെ അടുത്ത് തന്നെ വച്ചു. പെട്ടെന്ന് ഓഫ് ചെയ്യാൻ. എവിടെ, അതിനു മുൻപേ മത്തായി അലാറം  തുടങ്ങി. എണീറ്റ വശം പതിനഞ്ചു തുമ്മൽ!

ഈ കുടുംബത്ത് ഞാനറിയാണ്ട് ആരാ കുപ്പി തുറന്നത് എന്ന ആശങ്കയിൽ എണീറ്റപ്പോൾ കാണുന്നത് മാഹി സ്റ്റെഷൻ. പിന്നെ ഉറക്കം വന്നില്ല. എല്ലാവരും കത്തി  തുടങ്ങി. കണ്ണൂരിറങ്ങി തളിപ്പറമ്പിലേയ്ക്കു പോരുന്നതാവും നല്ലത് എന്ന ആതിഥേയ വചനത്തിന്റെ പോരുളന്വേഷിച്ചു ഞങ്ങൾ ഇറങ്ങി. പിന്നൊരു ബസ് യാത്ര. അതും കഴിഞ്ഞ് നടത്തം. അവസാനം വേരുകളിറങ്ങി പടര്ന്നു വളര്ന്നൊരു പേരാൽ തണലിൽ ഞങ്ങളുടെ യാത്ര ചെന്ന് നിന്നു. അതിന്റെ തണലിൽ തളിപ്പറമ്പ് ഗസ്റ്റ് ഹൗസ് . സമയം ഏകദേശം എട്ടു കഴിഞ്ഞു കാണും. ബാന്ഗളുരു ടീമുകൾഎത്തിയിട്ടുണ്ട്. ഒന്നുരണ്ട് പേര് മരച്ചോട്ടിൽ കിടപ്പുണ്ട്. റൂം ഒന്നേ ഒഴിഞ്ഞ് കിട്ടിയിട്ടുള്ളൂ ഉറക്കം റിസർവ്വിൽ സൂക്ഷിയ്ക്കാനുള്ള  പരിപാടി.

"റൂം മുഴുവൻ വെക്കേറ്റ് ആയിട്ടില്ല. നമുക്ക് വെയ്റ്റ് ചെയ്യാം."
"അതിന്നെന്താ"
"ആരൊക്കെ എത്തി?"
ദിനേശൻ, ശങ്കർ, ജയേഷ്, ശാന്തിനി, അനിക്കുട്ടൻ, സന്ധ്യ, ദിനെശന്റെം ശങ്കരന്റെം രണ്ടു കൂട്ടുകാർ.. പരിചയപ്പെട്ടു. പ്രവിജും കുര്യനും.

പല്ല് തേച്ചിട്ടേ എന്തേലും കഴിയ്ക്കൂ എന്ന് പറഞ്ഞവരെ അവഗണിച്ചുകൊണ്ട് ഞാൻ ശങ്കറിന്റെ കയ്യിലെ പ്ലാസ്റിക് ടിന്നീന്നു ഇഡലിയാക്രമണം തുടങ്ങി. ബിന്സിയും ഈ യുദ്ധത്തിൽ എന്നോടൊപ്പം ചേര്ന്നു. അൽപ്പസമയത്തിനകം, "ഒരു കാടും പടലവും ഇളകി വരുന്നേ.." എന്ന മുന്നറിയിപ്പിനോപ്പം പരിപാടിയുടെ സംഘാടകനും സർവ്വോപരി സ്നേഹസമ്പന്നനുമായ ഷാജി മുള്ളൂക്കാരന്റെ നാനോ എത്തിചേര്ന്നു. റൂമിന്റെ കാര്യങ്ങൾ ശരിയാക്കി ഞങ്ങൾ മുണ്ട് വാങ്ങാനിറങ്ങി. അമ്പലത്തിൽ മുണ്ട് ഒരു സൗകര്യമാണെത്രെ. ഖാദി ഷോറൂം തുറപ്പിച്ചു മുണ്ട് വാങ്ങിയ ആദ്യ പ്ലസർ എന്ന വിശേഷണത്തിന് ഷാജി അര്ഹനായി. അതിനിടയിൽ സർവ്വത്ര ആൾക്കാർക്കും അറിയാമെങ്കിലും അനോണി ആയി തുടരുന്ന സീന എത്തിചേര്ന്നു എന്ന വിവരം കിട്ടി. ബസ് സ്ടാണ്ടിനു പുറത്ത് ഷാളുപോലെ എന്തോ വാരിപ്പുതച്ചു സീന നില്പ്പുണ്ടായിരുന്നു.

റൂമുകളിൽ ഉറക്കം, കുളി, പല്ലുതേപ്പ് തുടങ്ങിയ പരിപാടികൾ നടന്നു. എന്തെങ്കിലും കഴിയ്ക്കാം എന്ന് പറഞ്ഞു പുറത്ത് പോവുമ്പോൾ സമയം പന്ത്രണ്ടാവാറായി. ഒന്നും നോക്കിയില്ല. ബിരിയാണി തന്നെ എല്ലാരും പൂശി.

തിരികെ റസ്റ്റ്‌ ഹൌസിൽ എത്തിയപ്പോൾ കുമാർ വൈക്കവും ഫാമിലിയും എത്തിചേർന്നിരിക്കുന്നു . പുറകെ വിജേഷ് ചാക്ക്. കുറച്ചു കഴിഞ്ഞപ്പോൾ മോസ്റ്റ്‌ അവൈറ്റട് പുണ്യാളൻ, പകല്ക്കിനാവൻ എന്ന പകലൻ, പുണ്യാളന്റെ സുഹൃത്ത് ബാലുചേട്ടൻ, നിതിൻ എന്നിവരും എത്തി. അവർക്ക് വേറൊരു റൂം തപ്പിപ്പിടിച്ചു കൊടുത്ത് കുറെ നേരം കൂടെ റസ്റ്റ്‌ ഹൗസ് മുറ്റത്ത്. പാരകളും മറുപാരകളും നിരവധി വന്നു. ഇടയിൽ കുറച്ചു നേരം പന്ത് കളി, ഫൊട്ടൊസെഷൻ.. ശരിക്കും ഒരു ഓന്ലൈൻ മീറ്റ്‌ മൂഡ്‌. അവസാനം എല്ലാ വണ്ടികളും വരിയായി തെയ്യം കാണാൻ നീങ്ങി.

"സമയം ആയിട്ടില്ല. നമുക്ക് കണ്ടൽ കാണാൻ പോകാം" എന്ന നിര്ദ്ദേശം അക്ഷരം പ്രതി പാലിക്കപ്പെട്ടു. എഴോം വഴി വണ്ടികൾ മുന്നോട്ട്.. രാവണന്റെ, സജിയുടെ, വിനീഷിന്റെ ഒക്കെ നാട്. പണിതുയര്ത്തപ്പെടുന്ന പുതിയ വീടുകൾ ധാരാളം ഉണ്ടെങ്കിലും നഗരവല്ക്കരണം അങ്ങ് പിടിമുറുക്കിയിട്ടില്ല. തെങ്ങും കവുങ്ങും പച്ചക്കറികൃഷിയും എവിടെയും കാണാം. പതിയെപ്പതിയെ റോഡിനു വശങ്ങളിൽ വെള്ളക്കെട്ടുകൾ കണ്ടു തുടങ്ങി. ഒപ്പം കണ്ടലുകളും. വേലിയേറ്റത്തിനു തടയിടാനെന്ന വണ്ണം കണ്ടലുകൾ ചെറുകാടുകളായി വെള്ളത്തിലേയ്ക്കിറങ്ങിചെന്ന് നില്ക്കുന്നു. എഴോം മൂലയിലുള്ള ഒരു കടയുടെ സമീപത്തു വണ്ടികൾ നിന്നു. ബണ്ടിലൂടെ ഒരു നടത്തം. എക്കലടിഞ്ഞ വശങ്ങളിൽ ആയിരക്കണക്കിന് ഒറ്റയിറുക്കുകാലൻ ചുവപ്പൻ കുഞ്ഞു ഞണ്ടുകൾ കൈവീശിക്കാണിക്കുന്നു. ബണ്ടിന്റെ ഇപ്പുറത്ത് വെള്ളത്തിൽ മാനത്തുകണ്ണികളും പള്ളത്തികളും നീന്തിനടക്കുന്നുണ്ട്. ബണ്ടിന് മുകളിലെ കുഞ്ഞുപുരയിൽ മീന്പിടുത്ത്ത സാമഗ്രികൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ. അപ്പുറത്തുള്ള കായലിലേയ്ക്ക് വഞ്ചി തുഴഞ്ഞ് ഒരാള് നീങ്ങി. മീൻ തരം തിരിച്ചു വിടുന്ന ഷെഡിനപ്പുറത്ത്  നില്ക്കുന്ന കണ്ടൽ മരത്തിലെ കായകൾ എങ്ങിനെയാണ് ചെളിയിൽ കുത്തി വീഴുക എന്നും പുതിയ ചെടി മുളയ്ക്കുക എന്നും മുള്ളൂക്കാരൻ പറഞ്ഞത് കേട്ട് പുസ്തകം വായിച്ചു മാത്രം അറിഞ്ഞ പരിമിതജ്ഞാനത്തെ പലരും വികസിപ്പിച്ചു.



ഫോട്ടോസെഷൻ.. ഷട്ടറുകൾ തുറന്നടയുന്ന ശബ്ദ കോലാഹലങ്ങൾ. വഴിവക്കിലെ കടയില്നിന്നു ഒരു കുല പഴവും ചായപ്പൊടി തീരുന്ന വരെ ചായയും കഴിച്ചു വീണ്ടും മുന്നോട്ട്. അകലെ മാടായിപ്പാറ ദൃശ്യമാവുന്ന ഒരു വ്യൂ പോയന്റിൽ വീണ്ടും സ്റ്റോപ്പ്‌. ശ്രീലാൽ അവിടെ വച്ച് കൂട്ടത്തിൽ ചേര്ന്നു. വെള്ളത്തിൽ കുത്തി നിർത്തിയ മരക്കുറ്റികളിൽ നീർക്കാക്കകൾ അന്തിവെയിൽ  കായുന്നു. പറന്നു നീങ്ങുന്ന കൊക്കുകൾ. ചിലച്ചാർക്കുന്ന വലിയ പൊന്മാൻ. വേലിത്തത്തകൾ, കുരുവികൾ, ഒഴുകിനീങ്ങുന്ന പരുന്തുകൾ... കണ്ടലുകലുടെ ഇടയിൽ കിളികുല പ്രപഞ്ചം!

ഫോട്ടോഗ്രാഫർമാർ സൂര്യൻ അസ്തമിക്കാറാവുന്നത്  വരെ പടം പിടിച്ച് മതിമറന്നു. അല്ലാത്തവർ പോസ് ചെയ്തും. തിരിച്ചു പോരുന്ന വഴിയിൽ കണ്ടലുകൾക്കിടയിലെ സിമന്റു കെട്ടിയ കുടീരത്തിനു മുന്നില് വിളക്ക് വയ്ക്കാനോരുങ്ങുന്ന ഒരു മനുഷ്യൻ. പടം കണ്ട് പരിചിതനായൊരാൾ. കല്ലേൻ പൊക്കുടൻ. കണ്ടലുകളുടെ സംരക്ഷകൻ എന്ന നിലയിൽ  ലോകമറിയപ്പെടുന്ന ഒരു സാധു മനുഷ്യൻ.

"വണ്ടി നിർത്ത് വിജേഷേ.. " ഞാൻ പറഞ്ഞു.
നേരെ ചെന്ന് സംസാരിച്ചു, തൃശൂർക്കാരനാനെന്നു പറഞ്ഞപ്പോൾ സന്തോഷം. അൽപ്പ നേരം സംസാരിച്ച് മടങ്ങി. ചില പ്രതിഭാസങ്ങളെ നേരിൽ കാണാൻ കഴിയുന്നത്‌ മനസിലുണ്ടാക്കുന്ന സന്തോഷം ചെറുതല്ല.



കൈവേലി ജങ്ങ്ഷനിൽനിന്നു ഷാജിയുടെ വീട്ടിലേയ്ക്ക് തിരിയുമ്പോൾ വെളിച്ചം ഇരുട്ടിനു വഴിമാറി തുടങ്ങി. മോലോത്ത് അമ്പലത്തിനു മുകളിലേയ്ക്കുള്ള വഴിയിലൂടെ കുന്നു കയറി ഷാജിയുടെ വീട്ടിലേയ്ക്ക്. "ആരോ വീട്ടില് വന്നിട്ടുണ്ട്. അമ്മയോട് ആരാന്നു പറഞ്ഞില്ല. ആരാണാവോ" എന്ന ഷാജിയുടെ ടെൻഷനെ അസ്ഥാനത്താക്കിക്കൊണ്ട് മനോജ്‌ പട്ടെട്ട് പ്രത്യക്ഷനായി. കൈകൊടുക്കലുകൾ, കെട്ടിപ്പിടിക്കലുകൾ, പരിചയപ്പെടലുകൾ. പിന്നെ, ഷാജിയുടെ വീട്ടീന്ന് ഓരോ ചായ കുടിച്ചു തെയ്യം നടക്കുന്ന ക്ഷേത്രത്തിലേയ്ക്ക്.

ടാറിട്ട റോഡിൽനിന്നു തിരിഞ്ഞ് മണ്ണിടവഴിയും കടന്നു നരിക്കോട് പാറമ്മൽ ക്ഷേത്രത്തിലേയ്ക്ക്. ഇടയിൽ ട്രൗസർധാരികളെല്ലാം 'മുണ്ട'ന്മാരായി. പാന്റുകാര്ക്ക് പ്രശ്നമൊന്നുമില്ല. മതില്ക്കെട്ടിനു പുറത്ത് ഒരു വശത്ത് ആഴികൂട്ടുവാൻ കനലോരുങ്ങുന്നു. അമ്പലത്തിനടുത്തുള്ള വീട്ടിലെ പന്തലിൽ അന്നദാനത്തിനുള്ള ഭക്ഷണം റെഡിയാവുന്നതിന്റെ തിരക്കുകൾ. തോൽപ്പുറത്ത് താളത്തിൽ പതിക്കുന്ന ചെണ്ടക്കോലുകൾ. മതിൽക്കെട്ടിനകത്തു ഏതോ ഭഗവതിയുടെ തോറ്റം നടക്കുന്നുണ്ട്. പുറത്ത്  കുത്തുവിളക്കിന്റെ വെളിച്ചത്തിൽ തെയ്യമൊരുക്കാൻ കുരുത്തോലയിൽ വിസ്മയം സൃഷ്ടിക്കുന്ന കലാകാരന്മാർ. ചിലയിടത്ത് മുഖത്തെഴുത്ത്‌ നടക്കുന്നു. ചുവപ്പും കറുപ്പും കാവിയും മഞ്ഞയും സൃഷ്ടിക്കുന്ന മനോഹാരിത നിറഞ്ഞ മുഖമെഴുത്തുകൾ. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. കമുകിൽ വലിച്ചു കെട്ടിയ കയറിൽ തൂങ്ങി തെയ്യങ്ങളുടെ ആടയാഭരണങ്ങൾ കിടക്കുന്നു. ഞാൻ കൂട്ടുകാരെ നോക്കി, മീറ്റ്‌ മൂഡില്നിന്നു എല്ലാവരും എത്ര പെട്ടെന്നാണ് സീരിയസ് ആയത്. പടമെടുക്കൽ മുറയ്ക്ക് നടക്കുന്നു. പുണ്യാളനും പകലനും പ്രൊഫഷനൽ വിശ്വരൂപം പുറത്തെടുത്തു തുടങ്ങി. വെള്ളാട്ടുകൾ നടന്നു. വീശുന്ന ചൂട്ടുകട്ടകൽക്കിടയിലൂടെ തെയ്യങ്ങൾ കടന്നു വന്നു. വീരൻ, വീരാളി, പുലിമാരൻ, കാളപ്പുലി,  കരിന്തിരി നായർ.... 'ഓരോ തെയ്യങ്ങളുടെയും പുറകിലെ ഐതിഹ്യങ്ങള് അറിയേണ്ടതായിരുന്നു. എങ്കിൽ കുറേക്കൂടി ആസ്വാദ്യമായേനെ. തല്ക്കാലം ഭംഗിയാസ്വദിക്കാം.' മനസിനെ സ്വയം സമാധാനിപ്പിച്ചു. എത്ര ലെയര് ഉടുപ്പുകളാണ്  ഓരോ തെയ്യവുമണിയുന്നത്. ഓരോ തെയ്യത്തിനു പുറകിലും എത്ര മണിക്കൂറുകളുടെ അധ്വാനം ഉണ്ടെന്നു മനസിലായപ്പോൾ ഒരു ഭയ ഭക്തി ബഹുമാനം വന്ന പോലെ.





ക്ഷേത്രത്തിനു ചുറ്റുമുള്ള വിശാലമായ പറമ്പിനെ ചുറ്റി നല്ല വീതിയിൽ പുഴയോഴുകുന്നുണ്ട്. അപ്പുറത്തെ കരയില്നിന്നുള്ള ചെറിയ വെളിച്ചങ്ങൾ പുഴയുടെ കുഞ്ഞോളങ്ങളിൽ പ്രതിഫലിക്കുന്നു. തെങ്ങുകൾ മാനത്തിനും ഭൂമിയ്ക്കുമിടയിൽ കുട പിടിച്ചു നാട്ടു വെളിച്ചത്തെ മറച്ചിരിക്കുന്നു. മൊത്തം ഒരു പ്രത്യേക മൂഡ്‌.

തെയ്യം കളമൊഴിഞ്ഞ ഒരു ഇടവേളയിൽ പോയി ഭക്ഷണം കഴിച്ചു. തിരിച്ചു വരുമ്പോൾ മനോജ്‌ അവന്റെ സ്നേഹിതനോപ്പം ക്ഷേത്രത്തിലെത്തിക്കഴിഞ്ഞു. ഫോട്ടോഗ്രാഫർ പ്രവീണും അവിടെ എത്തിയിട്ടുണ്ട്. കുറച്ചു സമയത്തിനകം ശാശ്വത് കൂടി സംഘത്തിൽ ചേർന്നു. തെയ്യവും വെള്ളാട്ടും തോറ്റവും നടക്കുന്ന നേരത്ത് അതിൽ മുഴുകിയും ഇടവേളകളിൽ സംസാരം പൊടിപൊടിച്ചും സമയം മുന്നോട്ടു നീങ്ങി. ഇടയിൽ, ക്ഷേത്രം വിട്ട് പുറത്തേയ്ക്ക് പോയ ഒരു തെയ്യം തിരികെ വന്നതിനൊപ്പം താലപ്പോലിയേന്തിയ കുട്ടികളും മുത്തുക്കുടകളെന്തി നാട്ടുകാരും വലിയ ഡ്രമ്മുകളുമായി ഒരു സംഘം വാദ്യക്കാരും കുറച്ചു ഫയര് ഷോക്കാരും എത്തി. പിന്നെ കുറച്ചു നേരത്തേയ്ക്ക് തീകൊണ്ടൊരു പ്രപഞ്ചം! ഒപ്പം ശബ്ദഘോഷവും.

'ഇനി പുലര്ച്ചയ്ക്കാണ് തെയ്യം. മൂന്നു മൂന്നര മണിക്കൂർ ഗ്യാപ്പുണ്ട്. റൂമിൽ  പോയി കിടന്നുറങ്ങി വരാം' എന്ന ആശയം ആരും സ്വീകരിച്ചില്ല. സംഘം നീങ്ങിയത് തെങ്ങിൻ തോപ്പിലെയ്ക്ക്. താഴെ വീണ തെങ്ങിൻ പട്ടകൾ കൊണ്ട് മെത്തയൊരുക്കി വിശ്രമത്തിനുള്ള മൂഡിൽ ചിലർ. ആര്ക്കും ഉറക്കം വരുന്നില്ല. സംസാരങ്ങൾ കൊടുമ്പിരിക്കൊണ്ടു. വണ്ടി പാര്ക്ക് ചെയ്തിരുന്നിടത്തെയ്ക്ക് ക്യാമറ മുതലായ സാധനങ്ങൾ കൊണ്ട് വയ്ക്കാൻ പോയ എല്ലാവരും തിരിച്ചു വന്നു. സംസാരം പതിയെ കവിതകളിലെയ്ക്കും പിന്നെ പാട്ടിലെയ്ക്കും വഴി മാറി. മണിക്കൂറുകൾ നീണ്ടു നിന്ന സംഗീത സദസ്സ്! ചിലര് അതിനിടയിൽ ഉറങ്ങി. മറ്റു ചിലര് വണ്ടികളിൽ പോയി കിടക്കാൻ വട്ടം കൂട്ടി. പുണ്യാളന്റെ സുഹൃത്ത് ബാലുചേട്ടന്റെ ഐസ് ബ്രേക്കിംഗ് സെക്ഷനായിരുന്നു അത്. ആ കൂടിച്ചെരലോടെ ആള് എല്ലാരുടെയും ബാലേട്ടനായി. മൂന്നാവാറായപ്പോൾ പട്ടേട്ടു യാത്ര പറഞ്ഞ് പോയതോടെ എല്ലാവരും സൈഡായി.

"ഇതൊരു ഗംഭീര ഉറക്കമാണ് കേട്ടോ."  എന്നാരോ ചൂണ്ടിക്കാണിച്ചപ്പോളാണ് പകലനെ ശ്രദ്ധിച്ചത്. ഒരു കാമറയ്ക്കുമുകളിൽ തല വച്ച് മറ്റു രണ്ടെണ്ണം വശങ്ങളിൽ വച്ച് ഒരു സുഖനിദ്ര. ഓരോരുത്തരായി ഉറക്കത്തിലേയ്ക്ക് പോയിക്കൊണ്ടിരുന്നു. അവസാനം ശാശ്വതും ഞാനും. ഉറക്കം കീഴടക്കുമെന്ന് തോന്നിയ ഒരു മാത്രയിൽ അമ്പലത്തിൽനിന്നു കൊട്ടുയര്ന്നു. ഞാനും ശാശുവും അങ്ങോട്ട്‌ നീങ്ങി. പുതിയ ഭഗവതി ഒരുങ്ങുന്നെ ഉള്ളൂ. ഇതെന്തോ തോറ്റമോ വെള്ളാട്ടോ ആണ്.  പത്തുമിനിട്ട്.. അപ്പുറത്ത് നില്ക്കുന്ന ആളെ കണ്ടു ഞാൻ  അമ്പരന്നു. പകലൻ! ഇങ്ങേരല്ലേ തൊട്ടു മുമ്പ് അന്തം വിട്ടുറങ്ങിയിരുന്നത്. അതിനുമപ്പുറത്ത് പുണ്യാളൻ. നമിച്ചു. പ്രോഫഷനലുകൾ തന്നെ. എപ്പോ പടമെടുക്കണം എന്നൊക്കെ അവര്ക്ക് നല്ല ധാരണകൾ ഉണ്ട്. എന്തിനധികം പറയുന്നു, അര മണിക്കൂറിനുള്ളിൽ സകലരും റെഡി. ഇടയിൽ ഞാൻ കുറച്ചു ലൈവ് സ്കെച്ചുകൾക്കായി പരിശ്രമം നടത്തി നോക്കി. പുതിയ ഭഗവതിയ്ക്ക് ശേഷം വിഷ്ണുമൂർത്തി എത്തി. അതോടെ നേരവും വെളുത്തു.


രാവിലെ ചായയും പലഹാരവും ഷാജിയുടെ വീട്ടില് ഒരുക്കിയിരുന്നു. അതിനു മുന്പ് ഫ്രെഷായി വരാൻ പലരും റൂമിൽ പോയി. ഷാജിയുടെ വീടിനു മുകളിലെ കുന്നിന്പരപ്പു കണ്ടപ്പോഴേ മനസ്സിൽ വിരിഞ്ഞ ഒരാശയം പ്രാവർത്തികമാക്കാൻ ഞങ്ങൾ കരുക്കൾ നീക്കി. വേറൊന്നുമല്ല ക്രിക്കറ്റ് കളിക്കാൻ. ചായയും അപ്പവും പത്തിരിയും ഒക്കെയായി രാവിലത്തെ പരിപാടി തുടങ്ങുമ്പോൾ ഉഗ്രനും കണ്ണനും ടീമും ജോയിൻ ചെയ്തു. ഏഴുപേർ. അർജുൻ, റിസ്വാൻ, ലോഹിത്, സന, സില്ല

പൊടി കലക്കാത്ത കള്ള് കിട്ടുമെന്ന അറിവിൽ ഷാജിയും ഞാനും പുറത്ത് പോയി ഒരന്വേഷണം നടത്തി. സാധനം കിട്ടാനുള്ള വഴി കണ്ടു പിടിച്ചു.

"പത്തര ആവും."
"ആവട്ടെ."
"നമുക്ക് ഉച്ച തിരിഞ്ഞു കപ്പയും മീങ്കറിയും കള്ളും ആക്കിയാലോ?"
"പിന്നെന്താ."

അങ്ങിനെ അത് തീരുമാനമായി.
തിരിച്ചു വരുമ്പോൾ ക്രിക്കറ്റ് മാച്ച്  തുടങ്ങിക്കഴിഞ്ഞു.
ഞാൻ ഉള്പ്പെട്ട ടീം അപ്പോൾ കൂറ്റൻ സ്കോറിലേയ്ക്ക് കുതിയ്ക്കുകയായിരുന്നു. ഞാൻ ഇറങ്ങിയതോടെ അതൊന്നു ഇരുന്നു! എങ്കിലും മികച്ച ബൌളിങ്ങും ഫീല്ടിങ്ങും ഞങ്ങള്ക്ക് തകര്പ്പൻ ജയം സമ്മാനിച്ചു.

കളി കഴിഞ്ഞതിനു പിന്നാലെ സഭ പിരിഞ്ഞു. ഉറക്കത്തിലേയ്ക്ക് ഒരു മടക്കം. ഞാനും ഷാജിയും സരിനും ദിനേശനും ഹുണ്ടായും (ഷാജീടെ കൂട്ടുകാരനാത്രേ, ആള് കമ്പനിയാ) കൂടി ഒരു കറക്കം. കള്ളാണ്  ഉന്നം. രണ്ടു ഷാപ്പീന്നായി പതിനഞ്ചു ലിറ്റർ കിട്ടി. ഒരിടത്തുനിന്ന് അപ്പോം ബീഫും ചിക്കനും കഴിച്ചു. സൂപ്പര് ബീഫ് കറി. റെസ്റ്റ് ഹൗസിൽ ചെന്ന് ദിനെശനേം സരിനെയും ഡ്രോപ്പ് ചെയ്ത് നേരെ ചന്തയിലേയ്ക്ക്. ഇടയിൽ എല്ലാവരെയും കാണാനെത്തിയ ചിത്രകാരനെ കാണാനും സംസാരിക്കാനും മറന്നില്ല. അയലയും കപ്പയും അനുബന്ധ സാമഗ്രികളും വാങ്ങി. വീട്ടിലെത്തി, വിശദമായൊരു കപ്പ തൊലികളയൽ. മനോജും ബിന്സിയും ഒക്കെ കൂടി. ഷാജിയുടെ അമ്മ കപ്പ നുറുക്കി. ഷാജിയും ഞാനും ബിന്സിയും ചേർന്ന് അടുപ്പ് കൂട്ടി കപ്പ വേവിക്കുമ്പൊളേയ്ക്കു അമ്മ മീനിന്റെ പണി തുടങ്ങി. കൂടെ മല്ലിയിലയും പുതിനയിലയും അരച്ച ഒരു ചമ്മന്തിയും.

കപ്പയും കറിയും റെഡിയായപ്പോളേയ്ക്കും ഉറങ്ങി റിഫ്രെഷ് ആയവർ തിരിച്ചെത്തി തുടങ്ങി. പിന്നൊരു കൂട്ടപ്പെരുക്കം. കള്ളിന് പോളിംഗ് കുറവായിരുന്നു.

ഭക്ഷണം കഴിഞ്ഞു ഒരു ടീം താഴെ ഇല്ലം കാണാൻ പോയി. ഇല്ലത്തിന് തെയ്യവുമായി  ബന്ധമുണ്ട്. തെയ്യങ്ങൾ ഇല്ലത്തെത്തുന്ന ഒരു കീഴ് വഴക്കവും ഉണ്ട് എന്നറിഞ്ഞു. അവിടെനിന്ന് തള്ളിപ്പുറത്താക്കും മുമ്പ് എല്ലാരും തിരികെ എത്തി! വീണ്ടും ക്ഷേത്രത്തിൽ പോകാൻ റെഡിയായി. ഇടയിൽ സുനിലേട്ടൻ, ജസ്റ്റിൻ എന്നിവര് സംഘത്തിൽ ചേര്ന്നു. അമ്പലത്തിലെത്തുമ്പോൾ സ്വപ്നാടകൻ ഹാജർ.

വീണ്ടും തെയ്യത്തിരക്കിലെയ്ക്ക്. "ഓരോ തെയ്യത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. തെയ്യം കെട്ടുന്നത് തന്നെ വിവിധ സമുദായക്കാരാണ്. ഓരോ സമുദായക്കാരും കെട്ടുന്ന തെയ്യങ്ങൾക്ക് അതിന്റേതായ പ്രത്യേകതയും ഉണ്ട്." തെയ്യം കേട്ടുന്നവർക്കിടയിൽനിന്നു ഒരു കാരണവരെ കിട്ടിയത് നന്നായി. കുറച്ചു അറിവുകൾ കിട്ടി. ഇടയിൽ ഞാനൊന്ന് മയങ്ങാൻ പോയി. 'എണീറ്റ്‌ പോയാൽ  ഇപ്പൊ ചോറുണ്ണാൻ പറ്റും' എന്ന അറിയിപ്പിൽ ഞെട്ടി ഉണര്ന്നു. ഭക്ഷണം കഴിച്ചു വന്നപ്പോൾ തെയ്യങ്ങൾ തകര്ത്താടുന്നു. അനുഗ്രഹങ്ങൾ വാരി വിതറി തെയ്യങ്ങൾ വന്നും പോയുമിരുന്നു. പതിയെ തെയ്യങ്ങൾ മുറ്റമൊഴിഞ്ഞു. സംഘം വീണ്ടും അമ്പലപ്പറമ്പിലേയ്ക്ക്. പാട്ടുകൾ തുടങ്ങി. എന്ത് പാടിയാലും ബാബുരാജ് ടച്ചുമായി സ്വപ്നൻ, ഫാസ്റ്റ് നമ്പറുകളും കൃത്യം വാക്കുകളുമായി അർജുൻ, വയലാര് മാജിക്കുമായി ബാലെട്ടൻ.... സഭ കൊഴുത്തു.



പന്ത്രണ്ടാവാറായി. നിമിഷ നേരം കൊണ്ട് മേശ വന്നു. കേക്കുകൾ നിരന്നു. തിരികൾ കത്തി. അനൗൻസ്മെന്റ് വന്നു. 'പോയ ആഴ്ച ജന്മദിനം ആഘോഷിച്ച ശാന്തിനി, തൊട്ടു തലേന്ന് ജന്മദിനം ആഘോഷിയ്ക്കേണ്ട സന (പ്രത്യേകം പറയണം. കാരണം ഫെബ്രുവരി 29 ജന്മദിനമായുള്ള ഒരു അപൂര്വ്വ ജീവിയാകുന്ന, ലവൾ), മൂന്നാലു ദിവസത്തിനുള്ളിൽ ജന്മദിനം വരുന്ന പുണ്യാളൻ.. എന്നിവർ വേദിയിലെത്തുക!' അപ്രതീക്ഷിത നീക്കത്തിൽ പകച്ച്‌ മൂന്നു പേരും എത്തി. ഇങ്ങിനെ ഒരു പരിപാടി സംഘത്തിലുള്ള അധികം പേരും അറിഞ്ഞിരുന്നില്ല. ടിജോ, മത്തായി തുടങ്ങിയവരുടെ സംഘാറ്നടമികവിൽ ആദ്യം മറ്റുള്ളവർ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ആഹ്ളാദത്തിമിർപ്പായി. 'ബെര്ത്ത് ഡേ ബേബികൾ'  തിരിയൂതി. കേക്ക് മുറിച്ചു. മുഖത്ത്‌ ക്രീം കൊണ്ട് അലങ്കരിക്കപ്പെട്ടു! തോറ്റം പാട്ട് പോലെ 'ഹാപ്പി ബെർത്ത്‌ ഡേ ടൂ യു' ഉയര്ന്നു. എന്തായാലും പരിപാടി തകർത്തു. വേഷമഴിച്ച തെയ്യം വരെ ആഘോഷത്തിമിർപ്പിൽ പങ്കു ചേർന്നു.  ഒളിപ്പോരു മാതൃകയിൽ ഒരു പിറന്നാളാഘോഷം.



വീണ്ടും പാട്ടുകളിലെയ്ക്ക്. പതിയെ പതിയെ പുലര്ച്ചെ നാട്ടിലിറങ്ങുന്ന തെയ്യങ്ങളെ പ്രതീക്ഷിച്ച് എല്ലാവരും ഉറക്കമായി.

തെയ്യത്തിന്റെ വരവ് അറിയിച്ചുകൊണ്ടുയര്ന്ന ചെണ്ടത്താളം കേട്ടാണ് മൂന്നാം ദിവസം ഉറക്കമുണർന്നത്. രണ്ട്  തെയ്യങ്ങൾ. ക്ഷേത്ര മുറ്റത്തും പുറത്തുമൊക്കെ അവർ ഓടിനടന്നു, പിന്നെ നാട് കാണാൻ ഓടിപ്പോയി. പുറകെ ഞങ്ങളും. ഫോട്ടോഗ്രഫെര്സ് പുറകേ നടന്നു പടമെടുത്തു. ഷാജിയുടെ വീടിനു പുറകിലെ കുന്നിലെയ്ക്കാണ് ഒരു തെയ്യം പോയത്. ഞങ്ങൾ അവിടെയെത്തുമ്പോൾ നേരം വെളുക്കുന്നതെയുള്ളൂ. കുന്നിറങ്ങി വരുന്ന തെയ്യത്തിനെ പകര്ത്തി പകലൻ അതിനു മുൻപിൽ നടക്കുന്നു. ഒപ്പം ക്യാമാറാധാരികളായ മറ്റു ചില ടീം മെമ്പർമാരും. പുണ്യാളൻ & ടീം മറ്റേ തെയ്യത്തിനോപ്പം ആയിരുന്നു. എന്തായാലും രണ്ടു തെയ്യങ്ങളേയും അമ്പലത്തിൽ തിരിച്ചെത്തിച്ചിട്ടെ അവർ മടങ്ങിയുള്ളൂ.

ഷാജിയുടെ വീടിനു പുറകില്നിന്നു സൂര്യൻ കുന്നിന്മുകളിലെയ്ക്ക് കയറിവരുന്നു. മനോഹരമായ കാഴ്ച. ഞാൻ പടമെടുത്തു. തെയ്യത്തിനു പോയിട്ട് എനിക്ക് കിട്ടിയതിൽ ഏറ്റവും ഇഷ്ടമായ പടം. കുന്നിന്മുകളിൽ നിറയെ കശുമാവുകളും പൊന്തക്കാടുകളുമാണ്. കിളികളുടെ സംഗീതം പ്രഭാതത്തിന് ഉണർവ്വേകി. പക്ഷികളുടെ ഇരുപതിലധികം ഇനങ്ങൾ ആ സമീപപ്രദേശങ്ങളിൽ ഞങ്ങൾ നിരീക്ഷിച്ചു.



ഷാജിയുടെ അമ്മ തന്ന ചായ ഓരോന്ന് കഴിച്ച്  അമ്മയ്ക്ക് നന്ദി പറഞ്ഞ് പുണ്യാളനും പകലനും ബാലു ചേട്ടനും നിതിനുമോപ്പം ഞാൻ നാട്ടിലേയ്ക്ക് മടങ്ങി. ഉച്ച കഴിഞ്ഞു അണിനിരക്കുന്ന തെയ്യങ്ങളുടെ വിവരങ്ങൾ കമന്ററി ആയി ഫോണിലൂടെ എത്തിക്കൊണ്ടിരുന്നു. കുറത്തിയും കുണ്ടോറ ചാമുണ്ഡിയും വിഷ്ണുമൂര്ത്തിയും പുലിയൂര് കാളിയും പുള്ളി കരിം കാളിയും   അനുഗ്രഹം വിതറി കടന്നു പോയിക്കൊണ്ടിരിക്കുന്ന  വിവരം കേട്ട് കൊതി മൂത്തെങ്കിലും ഒക്കെ കടിച്ചമര്ത്തി.  അത് കൂടി കണ്ടിട്ട് പോരാൻ അന്ന് രാത്രിയിൽ ചെയ്തു തീര്ക്കേണ്ട ചില വർക്കുകൾ എന്നെ അനുവദിക്കുമായിരുന്നില്ല എന്നതാണ് സത്യം. അവസാനം ഉഗ്രൻ & ടീമിനൊപ്പം  ഫൈസൽ  ചേർന്നതും അവർ ആറു മണിയോടെ പിരിഞ്ഞതും കേൾക്കുമ്പോൾ ഞാൻ നീട്ടിലെത്താറായിരുന്നു.

കമന്റിട്ടും പളസടിച്ചും പരിചയപ്പെട്ട് കീ ബൊർഡിനുമപ്പുറത്തെയ്ക്കു വളര്ന്ന സൗഹൃദങ്ങൾ നേരിൽ കണ്ടും വര്ത്തമാനം പറഞ്ഞും കെട്ടിപ്പിടിച്ചും സൗഹൃദം ഊട്ടിയുറപ്പിയ്ക്കുന്ന  കാഴ്ചകളാണ്  തെയ്യത്തെക്കാൾ എനിക്ക് നിരീക്ഷിക്കാനുണ്ടായിരുന്നത്. അതൊരു കുടുംബമായിരുന്നു. ഈര്ഷ്യകളും ഈഗൊകളും  ഒന്നുമില്ലാതെ ഒരേ താളത്തിൽ ചിന്തിക്കുന്ന ഒരു വലിയ കുടുംബം. ഒരാൾക്കും ഒരപരിചിത്വവും കണ്ടില്ല. എന്തിന്, "കഴിഞ്ഞ വര്ഷം കണ്ടിരുന്നില്ലല്ലോ, പുതിയ ആളാ, നാട് എവിടെ?" എന്ന് ചോദിച്ച തെയ്യം കെട്ടുന്ന ചങ്ങാതിയ്ക്ക്‌ പോലും! 

നരിക്കോട് തെയ്യം ഒരു ഉത്സവത്തിന്റെ ആവേശത്തിനോപ്പം മനസ്സിൽ നിറയ്ക്കുന്നത് കൂട്ടായ്മയുടെ, നന്മയുള്ള നാട്ടിൻപുറത്തിന്റെ മരിക്കാത്ത ഓര്മ്മകളാണ്. 
മുഖത്തെഴുത്തും കുരുത്തോലയലങ്കാരവുമൊക്കെയായി അവയെന്നും മനസ്സിൽ ആടിത്തിമിര്ക്കും... ഒരിക്കലും മുടിയഴിയ്ക്കാതെ!  




.............................................................................................................................................................
ചിത്രങ്ങൾ : സീന വയോവിൻ, ഷാജി മുള്ളൂക്കാരൻ, ഞാൻ (ഞാൻ തന്നെ! തല്ലരുത് )

ഇതിനെ  സഞ്ചാര സാഹിത്യമെന്നൊ  ഇവന്റ് റിപ്പോര്ട്ടിങ്ങെന്നോ  എന്ത് വിളിക്കും എന്ന് അറിയില്ല. എനിക്ക് ഫീൽ ചെയ്തത് ഇതാണ്. അത് എഴുതി.