Powered By Blogger

Sunday, October 23, 2011

പടക്കങ്ങള്‍ !!

പടക്കങ്ങള്‍ എന്നും എന്‍റെ വീക്നെസായിരുന്നു!
നിങ്ങളില്‍ പലരും  അതെ വീക്നെസ് ഉള്ളവരാനെന്നറിയാം. 
എന്‍റെ ഓര്‍മ്മയില്‍നിന്നു ഒന്ന് രണ്ട് അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നു..

ഒന്ന്.

ഒരു കൊല്ലം വിഷുവിനു ഞാന്‍ എന്‍റെ സുഹൃത്തുക്കള്‍ടെ വീട്ടിലെത്തി. 
പടക്കം പോട്ടിക്കലാണ് ലക്‌ഷ്യം.
ഞാന്‍ മാത്രമല്ല, അഞ്ചാറു പേര്‍ വേറെയുണ്ട്. 
"ശബ്ദമുള്ളതൊക്കെ വീട്ടീന് പുറത്തു"..ഓമനെച്ചി - കൂട്ടുകാരന്റെ അമ്മ പറഞ്ഞു.
അവരുടെ വീടിന് മുന്‍പില്‍ ഉള്ള റോഡില്‍ പടക്കം പൊട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു പെട്ടി വാണം അവതരിപ്പിക്കപ്പെട്ടു.
"വാണം അപകടാ.. റോഡിന്‍റെ രണ്ട് സൈഡിലും വീടുകളാ.. ചെരിഞ്ഞു പോയാല്‍ പണിയാവും ട്ടാ.." തുടങ്ങിയ മുന്നറിയിപ്പുകള്‍ ഞാനടക്കമുള്ളവര്‍ പുച്ചിച്ചു തള്ളി.
വാണം തീ കൊളുത്താന്‍ സ്ടാണ്ട് ആയി വെക്കാന്‍ കുപ്പിയെടുക്കാന്‍ പോയവനെ അക്ഷമയാല്‍ തഴഞ്ഞു, ഇത്തിരി മണ്ണ് കൂട്ടി അതില്‍ വാണം കുത്തിവച്ചു ഞാന്‍ തീ കൊളുത്തി!
രണ്ടടി പൊങ്ങിയ വാണം ഇന്ഗ്ലിഷ് സിനിമേല് മിസ്സൈല്‍ പോകുന്നപോലെ സുഹൃത്തുക്കള്‍ക്ക് നേരെ വെട്ടിത്തിരിയുകയും രണ്ട് വശങ്ങളിലുമുള്ള മതിലുകളില്‍ ഇടിച്ചും തട്ടിയും അവര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു.
ഗെടികള്ടെ ഓട്ടവും വെപ്രാളവും കണ്ട് പൊട്ടിച്ചിരിച്ച എന്‍റെ നേരെ തൊട്ടടുത്ത നിമിഷം അത് പാഞ്ഞു വന്നു!
'അയ്യോ' എന്നലറിക്കൊണ്ടോടിയ എന്നെ കളിയാക്കി കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു.
വാണം ഒന്ന് നിന്ന്, കഴുത്തോടിച്ചിട്ട കോഴിയെപ്പോലെ റോട്ടില്‍ കിടന്നു പിടഞ്ഞു.
എന്നിട്ട്, അണയാന്‍ നേരെത്തെ 'തന്തയില്ലാപ്പണി' കാണിച്ചു.
'ട്ടോ'  എന്ന് ഒരു പൊട്ട്!
എന്നിട്ട് ആത്മഹത്യാ സ്ക്വാഡിലെ തീവ്രവാദിയെപ്പോലെ അതിന്റെ തീചീളുകളാല്‍  കൂട്ടി വച്ചിരിക്കുന്ന ബാക്കി വാണങ്ങളെ ആശ്ലേഷിച്ചു!
ബാക്കി എന്തോക്കെയുണ്ടായെന്നു എഴുതുന്നില്ല.

എന്റമ്മേ...
അന്ന് ഞങ്ങള്‍ ഓടിയ ഓട്ടം.. 
ചുറ്റുമുള്ള വീടുകളീന്നു കിട്ടിയ വിഷുകൈനീട്ടം.. 
ഹോ മറക്കില്ല.

അന്ന് തുടങ്ങിയതാ സുഹൃത്തുക്കളെ, വാണത്തിനോടു ഒരു ഇറവറന്‍സ്! 
...............................................................................................................

രണ്ട് 

കഴിഞ്ഞ കൊല്ലം പിണ്ടി പെരുന്നാളിന്...
വഴിയമ്പലം കപ്പെളയുടെ മുന്നില്‍,

മുകളിലേയ്ക്ക് 'ശും ശും' ന്നു പോകുന്ന ഇരുന്നൂരെണ്ണമുള്ള ചൈനീസ് വാണങ്ങള്ടെ പെട്ടിക്കു തീകൊളുത്തി..
പോട്ടിത്തുടങ്ങും മുന്‍പ് ഒരു 'രാജ വെമ്പാല' വന്നു ആ പെട്ടിയെടുത്ത്‌ തലയില്‍ വച്ചു!
തലയില്‍ നിന്ന് സാധനങ്ങള്‍ മുകളില്‍ പോയി പൊട്ടിത്തുടങ്ങി.
ആളുകള്‍ ആദ്യം അമ്പരന്നു, പിന്നെ.. ആസ്വദിച്ചു!
കാവടിയാട്ടക്കാരന്‍ കേന്ദ്ര കഥാപാത്രമായ പോലെ, മിടുക്കന്‍ അതങ്ങ് ആസ്വദിച്ചു.
കാലുകൊണ്ട്‌ ഒന്ന് രണ്ട് ചുവടു വച്ചു.

"താഴെ വെക്കട.."


"എന്ത് മറ്റതണ്ടാ കാണിച്ചേ"


തുടങ്ങിയ സംഘാടകരുടെ ആക്രോശങ്ങളും ഓരോന്നും മോളിലെയ്ക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന ചൂടും പുകയും വെമ്പാലയെ പെട്ടി താഴെ ഇറക്കാന്‍ പ്രേരിതനാക്കി.
അപ്പോളാണ് പ്രശ്നം തുടങ്ങിയത്..
തല ചരിക്കുമ്പോള്‍, പെട്ടി ചരിയുമ്പോള്‍.. ഓരോന്നും ആളുകളുടെ ഇടയിലേയ്ക്കു!
ഒരെണ്ണം ചരിഞ്ഞു പോയി തെങ്ങിന്റെ മണ്ടേല്.. അവിടെ ഒരു തീ പിടുത്തം.

വട്ടം കൂടി നിന്നവര്‍ അന്തം വിട്ടോടി.
തോക്ക്മെടുത്ത് പാഞ്ഞ രാധാകൃഷ പിള്ളയെപ്പോലെ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ വെമ്പാലയുടെ  പരാക്രമം!
പൊലീസുകാരടക്കം ആരും ലവന്റെ ചുറ്റുവട്ടത്തില്ല!

തലമുടിക്ക് വരെ തീ പിടിച്ച്, പെട്ടി താഴെ ഇറക്കാന്‍ വെമ്പല്‍ കൊണ്ട അവനോടു
മതിലിനു പിറകിലോളിച്ച സംഘാടകര്‍ മുന്‍പത്തെ വാക്ക് മാറ്റി അലറി..

"--- മോനെ, താഴെ ഇറക്കിയാല്‍ നിന്റെ കയ്യും കാലും ഞങ്ങള്‍ തല്ലിയൊടിക്കും"

..........................................................................................................................................
ദീപാവലി മുന്നറിയിപ്പ്!!
സൂക്ഷിക്കുക. ആവേശം പടക്കങ്ങളോടല്ല വേണ്ടൂ!!

Wednesday, October 19, 2011

വിദ്യാരംഭം

ഞായറാഴ്ച കുര്‍ബാനയുടെ പ്രസംഗത്തിനവസാനം അച്ഛന്‍ പറഞ്ഞു..
"കുട്ടികളെ അടുത്ത ഞായറാഴ്ച രാവിലെ ഏഴു മണിക്ക് എഴുത്തിനിരുത്താനുള്ള ദിവസമാണ്. മുന്‍പ് വിളിച്ചു പറഞ്ഞിരുന്നു.. ഇനിയും ആരെങ്കിലും ഉണ്ടെങ്കില്‍ വേഗം പേര് തരേണ്ടതാണ്. അക്ഷരം പഠിച്ചു തുടങ്ങുന്നതിനു മുന്നോടിയായി പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ മണലില്‍ യേശു എന്നെഴുതി വിദ്യാരംഭം കുറിക്കുന്നത് വളരെ നല്ല കാര്യമാണ്. കുട്ടികള്‍ക്ക് ദൈവാനുഗ്രഹം ലഭിക്കും..........."
എനിക്കെന്തോ ചുമ വന്നു. 

ബോര്‍ അടിക്കുമ്പോള്‍ അത് പതിവാ. 
പള്ളിക്കകത്തുനിന്നും പതിയെ പുറത്തിറങ്ങി. പ്രസംഗം അവസാനിച്ചപ്പോള്‍ വീണ്ടും അകത്തു കയറി.

കുര്‍ബാന കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുമ്പോള്‍ എന്‍റെ പ്രിയ സുഹൃത്ത് ചോദിച്ചു.
"ഇത് വരെ പേര് കൊടുത്തിട്ടില്ലല്ലോ.. കൊടുക്കണ്ടേ?"

മുകളില്‍ നിന്ന് താഴേയ്ക്ക് നീണ്ട ഒരു നോട്ടവും ഒരു ബെസ്റ്റ് മൂളലും തിരികെ കിട്ടിയതില്‍ അവള്‍ സായൂജ്യമടഞ്ഞു!


വീട്ടില്‍ ചെന്നപ്പോള്‍ ചോദ്യം വേറെ സ്ഥലത്ത്നിന്നെത്തി..
"അടുത്ത ആഴ്ച രാവിലത്തെ കുര്‍ബാനയ്ക്ക് കുട്ടനേം കൊണ്ട് പൊക്കോ. എഴുത്തിനിരുത്തണ്ടേ?" അമ്മയാണ്.

"ഹ്മം..." അവിടേം മൂളല് കൊണ്ട് മറുപടി കൊടുത്തു..

അടുത്ത ഞായറാഴ്ച..
രാവിലെ നേരത്തെ എണീറ്റ്‌ കുട്ടനെ വിളിച്ചെണീപ്പിച്ചു കുളിപ്പിച്ചു.
നേരെ പോയി അപ്പനെ വിളിച്ചു..

"ആ.. നീ കുട്ടന്റെ പേര് കൊടുത്തിരുന്നോ?
ഞാന്‍ വിചാരിച്ചത് പേര് കൊടുത്ത്തിട്ടില്ലെന്നാ.."

അപ്പന്റെ കണ്ണുകളിലേയ്ക്ക് നോക്കി ഞാന്‍ പറഞ്ഞു..
"ഞാന്‍ ഇവനെ പള്ളീല്‍ കൊണ്ട് പോയി എഴുത്തിനിരുത്താന്‍ പോണില്ല.
മുപ്പതു കൊല്ലത്തെക്കാള്‍ കൂടുതല്‍ അധ്യാപകരായി ആയിരക്കണക്കിന് വിദ്യാര്‍തഥികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്ത ഒരപ്പൂപ്പനും അമ്മൂമ്മയും അവനുണ്ട്.
അവരങ്ങ് എഴുത്തിനിരുത്തിയാ മതി.
അതുകൊണ്ടുണ്ടാവുന്ന സുകൃതം മതി അവനു.
പള്ളീല് എഴുത്തിനിരുത്താതെ ഇങ്ങിനെ ച്യ്തിട്ടു അവന്റെ ദൈവാനുഗ്രഹം അങ്ങ് കുറഞ്ഞു പോയെങ്കില്‍ അവന്റെ തന്ത എന്ന നിലയില്‍ ഞാന്‍ സഹിച്ചു.
എനിക്ക് ഇതാ കൂടുതല്‍ നല്ലതായി തോന്നുന്നത്."

അപ്പന്‍ ഒരു നിമിഷം ഒന്നും പറയാനാവാതെ നിന്നു..

അമ്മൂമ്മയുടെ മടിയിലിരുന്നു ചിരിച്ചു ഉല്ലസിച്ചു മോന്‍ ആദ്യാക്ഷരം കുറിച്ചു. 

ആ കുഞ്ഞു വിരലുകള്‍ കൊണ്ട് അക്ഷരമെഴുതിക്കുമ്പോള്‍ അപ്പന്റെ കണ്ണുകളില്‍ ചെറിയ നനവുണ്ടായിരുന്നു.
മുഖത്ത് ഏതു ദൈവാനുഗ്രഹത്തെക്കളും വിലമതിക്കുന്ന അഭിമാനം കലര്‍ന്ന സന്തോഷവും.

Thursday, October 13, 2011

ചുരിദാര്‍..

കല്യാണത്തിരക്കിന്റെ ആലസ്യം മറന്നു ഭാര്‍ഗവിയമ്മ രാവിലെയെനീറ്റു ചായ തിളപ്പിച്ചു. രണ്ടു ഗ്ലാസില്‍ ചായ പകര്‍ന്നു തട്ടിന്‍ മുകളിലെ മണിയറയിലെയ്ക്ക് ഗോവണി കയരുമ്പോള്‍ അവരുടെ മുഖത്ത് നാണം കലര്‍ന്നൊരു മന്ദഹാസമുണ്ടായിരുന്നു. തനിക്കും വീടിനും താങ്ങും തണലുമായിരുന്ന മകന്റെ കല്യാണം ഭാര്‍ഗവിയമ്മയുടെ സ്വപ്നമായിരുന്നു. ബാധ്യതകളൊഴിഞ്ഞു ഒരു വിവാഹം കഴിക്കാന്‍ മുപ്പത്തിരണ്ട് വയസ്സ് വരെ അവനു കാത്തിരിക്കേണ്ടി വന്നല്ലോ എന്ന വിഷമം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. എങ്കിലെന്താ, നല്ല ഒന്നാംതരം കുട്ടിയല്ലേ ഈ വീട്ടിലേയ്ക്ക് വന്നു കയറിയത്. ചിന്തകള്‍ക്കിടയില്‍ അവര്‍ വാതിലിനു മുന്നിലെത്തി. അകത്ത്തെന്തോ തട്ടും മുട്ടും കേള്‍ക്കുന്നുണ്ട്. മടിച്ചു മടിച്ചു വാതിലില്‍ തട്ടി. ഷീജയാണ് വാതില്‍ തുറന്നത്. ചായക്കപ്പ് നീട്ടി അകത്തേയ്ക്ക് ഒന്ന് പാളി നോക്കിയപ്പോള്‍, സതീശന്‍ പെണ്ണിന്റെ വീട്ടില്‍നിന്നു കൊണ്ട് വന്ന അവളുടെ ഡ്രെസ്സുകള്‍ മുഴുവന്‍ ഒരു ബാഗില്‍ കുത്തിനിറയ്ക്കുന്നതാണ് ആ അമ്മ കണ്ടത്. രണ്ടു പേരും പുറത്തേയ്ക്ക് പോകാനുള്ള വേഷത്തിലാണ്. അവര്‍ അമ്പരന്നു മോനേം മരുമകളേം നോക്കി. രണ്ടിന്റേം മുഖം കടന്നല് കുത്തിയ പോലുണ്ട്. 

"എന്താ ഉണ്ടായേ മോളെ?"
ഷീജ ഒന്നും മിണ്ടിയില്ല.

"സതീശാ.. നീയെന്താ ഈ കാണിക്കണേ?"

സതീശന്‍ പല്ല് കടിച്ചു ഒരു നോട്ടം ഷീജയെ നോക്കി.
ഷീജ നിസ്സഹായയായി, നിരാലംബയായി നിന്നു.
ബാഗിന്റെ സിപ്പടച്ചു നിവര്‍ന്ന സതീശന്‍ ഷീജയുടെ കയ്യില്‍ പിടിച്ചു മുന്നിലേയ്ക്ക് നടന്നു.
ഭാര്ഗ്ഗവിയമ്മ നെഞ്ഞുപോട്ടുന്ന വേദനയോടെ മകന്റെ മുന്‍പില്‍ കയറി നിന്നു.

"എന്താടാ.. നീ അമ്മയോട് പറ. എന്തിനായാലും സമാധാനമുണ്ടാക്കാം".

"ഇതൊന്നും അമ്മെക്കൊണ്ട് പറ്റില്ലമ്മേ."
"നീ വാ.. " സതീശന്‍ മുന്നോട്ടു നടന്നു.

"ഡാ.. നാളെ നിങ്ങളെ അങ്ങോട്ട്‌ കൂട്ടിക്കൊണ്ടു അങ്ങോട്ട്‌ ചെല്ലേണ്ട ദിവസമാ..
അതിനു മുന്‍പ് നിങ്ങള്‍ അവിടെ ചെന്ന് കയറരുത്.
ഇതിനൊക്കെ ഒരു നാട്ടുനടപ്പും രീതികളുമോക്കെയുണ്ട്."
അമ്മ വിറയ്ക്കുന്ന ശബ്ദങ്ങളോടെ പറഞ്ഞു.

സതീശന്‍ തിരിഞ്ഞു നിന്നു.
"ഞങ്ങള്‍ ഷീജെടെ വീട്ടിലെയ്ക്കല്ല..
വേറൊരു കാര്യം ഉണ്ട്. വേഗം തിരിച്ചു വരാം."

ഹാവൂ..
ഭാര്‍ഗവിയമ്മ ഒരു ദീര്ഗ്ഗനിശ്വാസം വിട്ടു.
"പിന്നെന്താ മക്കളെ, എങ്ങോട്ടാ ചായ പോലും കുടിക്കാതെ ഒരു പോക്ക്?"

"ഇവള്‍ടെ മറ്റേ.. ശെ.. എന്താ പറയ.. ശരിയാക്കാനാ.. "സതീശന്‍ പറഞ്ഞു.

"ശരിയാക്കെ? ഡാ.. ആള്‍ക്കാര് കണ്ടാ എന്താ വിചാരിക്ക്യാ.. നീ അകത്തു കേറ്.
വന്നെ മോളെ."
ഭാര്ഗ്ഗവിയമ്മ ഷീജയുടെ കയ്യില്‍ പിടിച്ചു.

"എന്താ പ്രശ്നം നിങ്ങളെവിടെയ്ക്കാ.. " അകത്തുനിന്നു ഇറങ്ങി വന്നു മൂത്ത ചേച്ചി ചോദിച്ചു.

സതീശന്റെം ഷീജെടെം പരിഭ്രമം കൂടി വരുന്നതും എന്താ പറയേണ്ടതെന്ന് അറിയാതെ പരുങ്ങുന്നതും കണ്ടപ്പോ എന്തോ പിടി കിട്ടിയ പോലെ ചേച്ചിക്ക് പുറകിലായി പ്രത്യക്ഷപ്പെട്ട അളിയന്‍ ചിരിച്ചു.
"നിങ്ങളെല്ലാരും അകത്തു പോ.. ഞാന്‍ ചോദിക്കട്ടെ.."

അമ്മയും ചേച്ചിയും മുഖത്തോടു മുഖം നോക്കി.
"മോളിങ്ങു വന്നെ", എന്നും പറഞ്ഞു ഷീജയെ അകത്തോട്ടു വിളിച്ചു കൊണ്ട് പോയി.
ശതീശന്‍ മിഴുങ്ങസ്യാന്നു നില്‍ക്കുകയായിരുന്നു.

അളിയന്‍ സതീശന്റെ തോളത്തു കയ്യിട്ടു ഉമ്മറത്ത്തൂടെ വീടിന്റെ സൈഡിലെയ്ക്കു നടന്നു.

സതീശന്‍ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഒരു ഗംഭീര കള്ളച്ചിരിയോടെ അളിയന്‍ ചോദിച്ചു.
"അളിയാ, എന്തെ.. ആശുപത്രീ പോകേണ്ട കുഴപ്പം വല്ലതും ഉണ്ടായോ?
അതിനെന്തിനാ ഇത്രേം ഡ്രെസ്സൊക്കെ..? ഞങ്ങളുടെ ഫസ്റ് നൈറ്റിലും ഇത്തിരി ജോക്ക് ഒക്കെ ഉണ്ടായി.
ഇതൊക്കെ പതിവല്ലെ? എന്നോടൊന്നു സൂചിപ്പിച്ചാ പോരായിരുന്നോ.. ഞാന്‍ പറഞ്ഞെനല്ലോ ഐഡിയകള്‍ നൂറെണ്ണം!
ഇതിപ്പോ അളിയനാണോ ഷീജയ്ക്കാണോ പ്രശ്നം?
എന്നാലും അളിയന്‍ ഇത്രേം പരിഭ്രമിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല..
അമ്മേനേം ചേച്ചിയേം പേടിപ്പിച്ചു കളഞ്ഞല്ലോ.
അല്ല, സതീശാ.. ഇതൊക്കെ പറഞ്ഞു തരാന്‍ കൂട്ടുകാരൊന്നും ഉണ്ടായില്ലേ?
അതിനെങ്ങന്യാ.. വലില്ല്യ, കുടില്ല്യാ.. അപ്പൊ ഇതൊക്കെ പറയാന്‍ പറ്റുന്ന കൂട്ടുകാരും ഉണ്ടാവില്ല്യ..ല്ലേ?
കഷ്ടം.."

"നിര്ത്ത്യെ അളിയാ.."
സതീശന്‍ ശബ്ദമുയര്‍ത്തി
..

"അതൊന്നുമല്ല കാര്യം.
ഇനി പറയാണ്ടിരിക്കിനില്ല്യ.
ഇന്നലെ പത്ത് മണി തൊട്ടു പുലരും വരെ ഞങ്ങള്‍ രണ്ടാളും തച്ചിനിരുന്നു പണിയെടുത്തിട്ടും അവള്‍ടെ ചുരിദാറിന്റെ കെട്ടൊന്നു അഴിക്കാന്‍ പറ്റിയില്ല.
കടും കേട്ട് വീനുന്നെയ്.
പുതിയ ചുരിദാരായ കാരണം മുറിക്കാന്‍ ഷീജയ്ക്ക് ഒരു മടി.
നേരം വെളുത്തപ്പോ വീട്ടീന് കൊടുത്തയച്ച ഡ്രെസ്സുകള്‍ ഒന്നൊതുക്കി വച്ചു . അപ്പോളുണ്ട്‌ പതിനാറു പുതിയ ചുരിദാരുകള്.
ഇനി ഈ പേരും പറഞ്ഞു ദിവസങ്ങള്‍ കളയാന്‍ പറ്റില്ല്യ.
എല്ലാതും കൂടി പെറുക്കിക്കൂട്ടി എലാസ്ടിക്കോ സിപ്പോ പിടിപ്പിക്കാന്‍ കൊണ്ട് പോവാര്‍ന്നു..
അല്ലാണ്ട് നിങ്ങള് വിചാരിക്കണ പോലെ.. ശെ, അയ്യേ."

Wednesday, October 12, 2011

ശിക്ഷയും ശിക്ഷണവും.


"നിന്നെക്കൊണ്ടു തോറ്റു" എന്ന സ്ഥിരം പല്ലവിക്ക് അവസാനം അമ്മ മാക്സിമം തരുന്നത് തലയില്‍ കിഴുക്കാണ്.
അത് യൂപി ക്ലാസുകളിലെത്തിയപ്പോലെയ്ക്കും വിഷയമല്ലാതായി.
പിന്നെ, ഇടയ്ക്കൊക്കെ ഒരു നുള്ളോ ഈര്‍ക്കില്‍ കൊണ്ടൊരു അടിയോ..
അതും മാനെജബിള്‍!

അടി.. ചവറു പോലെ കിട്ടീട്ടുണ്ട്, അപ്പന്റെ കയ്യീന്ന്.
ചെവിപോട്ടും വിധം ഉച്ചത്തില്‍ ചീത്തയും കേട്ടിട്ടുണ്ട്.
പത്തിലും പ്രീഡിഗ്രിക്ക് പഠിക്കുംബോളും ഒക്കെ കിട്ടീട്ടുണ്ട്!
അപ്പന്റെ മുഖഭാവം മാറിയാല്‍ തന്നെ പേടിയാവും.
പിന്നെപ്പിന്നെ, പേടിയൊക്കെ പോയി.
അടിയ്ക്കീണം കൂടുന്നതിനനുസരിച്ച് വാശിയും കൂട്ടി.
എന്തിനും ഏതിനും വഴക്ക് അല്ലെങ്കില്‍ അടി..
അപ്പോള്‍ പിന്നെ അതൊരു ശീലമായി!

പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍, ഒരു രാത്രി അപ്പന്റെ റൂമില്‍ ലൈറ്റ് അണഞ്ഞപ്പോള്‍ ഞാന്‍ ഒളിപ്പിച്ചു വച്ചിരുന്ന ഒരു സിഗരെട്ടു കത്തിച്ചു.
ആദ്യത്തെ പുക എടുത്തു..
അടുത്ത നിമിഷം അപ്പുറത്ത് ലൈറ്റ് തെളിഞ്ഞു.
ഇന്ന് എന്‍റെ അവസാനമാണ് എന്ന് ഞാന്‍ കരുതി!
അപ്പന് ദേഷ്യം വന്നാല്‍ പിന്നെ പ്രാന്താ.
കയ്യീക്കിട്ടിയതെടുത്തടിക്കും.
വാതിലില്‍ തട്ട് കേട്ടു.
സിഗരെട്ടു കെടുത്തി, ഒളിപ്പിച്ചു പുകച്ചുരുളിനെ കൈകൊണ്ടു തട്ടി മാറ്റി പേടിച്ചു പേടിച്ചു വാതില്‍ തുറന്നു.
കിട്ടുന്ന അടിക്കു കാത്തു ഞാന്‍ നില്‍ക്കുമ്പോള്‍ അപ്പന്‍ പറഞ്ഞു..

"ഇനി മേലില്‍ ഞാന്‍ വീട്ടിലുള്ളപ്പോള്‍ ഇത് ആവര്‍ത്തിക്കരുത്.."

ആള്‍ പോയി..
ഞാന്‍ വായും തുറന്നു നിന്നു.
അപ്പന്‍ അന്പ്രേടിക്ടബില്‍ ആയി പെരുമാറി അത്ഭുതപ്പെടുത്തിക്കളഞ്ഞു. 

എന്‍റെ ഉറക്കവും കളഞ്ഞു!

ചെയ്യരുതെന്ന് അടിച്ചു പറഞ്ഞു പഠിപ്പിച്ച പലതും പുല്ലുപോലെ ചെയ്തിട്ടും എനിക്ക് വീട്ടില്‍ വച്ചു സിഗരറ്റ് വലിക്കാന്‍ പിന്നെ തോന്നിയിട്ടില്ല.
അപ്പന്‍ ഇല്ലാതിരുന്ന സമയങ്ങളിലും ഉള്ളപ്പോളും. പത്തിരുപതു കൊല്ലം കഴിഞ്ഞിട്ടും ആ വാക്കുകള്‍ ഞാന്‍ പാലിക്കുന്നുണ്ട്.

ചില നേരങ്ങളില്‍ കുട്ടികള്‍ പ്രേടിക്റ്റ് ചെയ്യുന്ന നമ്മുടെ പെരുമാറ്റം (പ്രത്യേകിച്ചും നമ്മള്‍ ശിക്ഷിക്കും അല്ലെങ്കില്‍ വഴക്ക് പറയും എന്ന് അവര്‍ പ്രതീക്ഷിക്കുമ്പോള്‍) തകിടം മറിച്ചാല്‍ സ്പെഷ്യല്‍ റിസള്‍ട്ടുകള്‍ കിട്ടുമെന്ന് എന്‍റെ ഈ അനുഭവത്തെ മുന്‍ നിറുത്തി ഞാന്‍ പ്രവര്‍ത്തിച്ചു വിജയിക്കുന്നുണ്ട്!

ശിക്ഷയല്ല ശിക്ഷണം ആണ് വേണ്ടതെന്നു എന്‍റെ പക്ഷം.
ഇന്നതിനാണ് നിനക്ക് വഴക്ക് കേട്ടത്, അല്ലെങ്കില്‍ അടി കിട്ടിയത് എന്ന് കുട്ടിക്ക് മനസ്സിലാവണം.
അല്ലാതെ, അച്ഛനോ അമ്മയ്ക്കോ ദേഷ്യം വന്നാല്‍ എനിക്ക് കിട്ടും എന്ന തോന്നല്‍ അവര്‍ക്കുണ്ടായാല്‍ അത് പണിയാവും!

അതല്ലാതെ, 'എന്നെ അന്ന് വഴക്ക് പറഞ്ഞത് ഞാന്‍ നന്നാവാനായിരുന്നു' എന്നൊന്നും നാളെയുടെ പൌരന്മാരായ മിടുക്കന്മാരും മിടുക്കികളും ചിന്തിക്കാന്‍ മിനക്കെടില്ല..
അവര്‍ക്കതിനു സമയവും കിട്ടില്ല

Thursday, September 15, 2011

സ്വപ്നാടനം.


"ഉരിയാടുന്ന വാക്കുകളിലും എന്തിനു, ഉച്ഹ്വാസ വായുവില്‍ വരെ വിഷമുള്ള നിങ്ങളുടെ ഭീഷണികള്‍ക്കുമുന്പില്‍ ഞാന്‍ തലകുനിക്കില്ല.. 
കരള്‍  കൊത്തിപ്പറിക്കാനെത്തുന്ന കഴുകന്‍ സമ്മാനിക്കുന്ന വേദന...., ജ്വലിക്കുന്ന അഗ്നിയില്‍ തിളങ്ങുന്ന മനുഷ്യന്റെ ചിരിയില്‍ അലിഞ്ഞു പോകും.."

പാറയിടുക്കില്‍ ചങ്ങലയില്‍ തളയ്ക്കപ്പെട്ട പ്രൊമിത്യൂസ് ആയി സോമേട്ടന്‍.. കരള്‍ കൊത്തിപ്പറിക്കാനടുക്കുന്ന കഴുകനായി ഞാന്‍..  'പ്രൊമിത്യൂസ്' അരങ്ങില്‍ തകര്‍ത്താടി.

കര്‍ട്ടന്‍ വീണു.. ജനം ഏറ്റു വാങ്ങിയാതിന്റെ അടയാളമായി നല്ല കയ്യടി. 
വേദിക്ക് പുറകില്‍ ഞങ്ങള്‍ പരസ്പരം കൈ കൊടുത്തു.

"ഇനി ഒരെണ്ണം കൂടിയേ ഉള്ളൂ.. അത് എനിക്കറിയാവുന്ന സാധനാ.. 
മ്മടെ ജോന്സന്മാഷ്ടെ, കിരാതീയം. മ്മടെ അത്രേം വരില്ല." കബീര്‍ പറഞ്ഞു.

ഞങ്ങളുടെ സ്ഥലത്തുനിന്നും മുപ്പതോളം കിലോമീറ്റര്‍ അകലെ നാടകം, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ താല്പര്യമുള്ള കുറെ ചെറുപ്പക്കാരുടെ കൂട്ടായ്മ്മ സംഘടിപ്പിച്ച  ഏകാങ്ക നാടകമത്സരവേദി ആയിരുന്നു അത്. സ്ഥലത്തെ സര്‍ക്കാര്‍ ഹൈ സ്കൂളിലാണ് മത്സരം. ഒരു വേനല്‍ക്കാലം. രാവിലെ മുതല്‍ മത്സരം ആരംഭിച്ചു. പതിനാറു ടീമുകള്‍. ആയിരം രൂപ ഒന്നാം സമ്മാനം. വൈകീട്ട് നടക്കുന്ന പൊതുയോഗത്തില്‍ നടന്‍ ശ്രീരാമന്‍ സമ്മാനം വിതരണം ചെയ്യുന്നു. സമ്മാനം ഒരു വിഷയമേ അല്ലായിരുന്നു. നാടകത്തിനോട് ഇഷ്ടം മൂത്ത് അത് ജീവിതം തന്നെയാക്കി മാറ്റിയ സോമേട്ടന്‍ എന്ന ഞങ്ങളുടെ 'നാടകാശാന്റെ' ആഗ്രഹവും പഠിച്ചത് പ്രദര്‍ശിപ്പിക്കുക എന്ന എല്ലാവരുടെയും ഇഷ്ടവും മത്സരത്തില്‍ പങ്കെടുക്കുന്നതിനു ഞങ്ങളെ പ്രേരിപ്പിച്ചു. മാസങ്ങള്‍ നീണ്ട റിഹെഴ്സലിനു ശേഷം ഞങ്ങള്‍ അരങ്ങിലെത്തിച്ച 'പ്രൊമിത്യൂസ്' നാട്ടിലും ചുറ്റുവട്ടത്തുമായി കുറച്ചു വേദികളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

"നാല് വേദികളില്‍ കയറിയതിന്റെ അനായാസതയും ആധികാരികതയും മത്സരവേദിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 
കബീരെ, നിന്റെ മൂവ്മെന്റ്  ഒന്ന് പാളീ ല്ലേ? കുഴപ്പില്ല്യ  പ്രകാശന്‍ അത് മാനേജ് ചെയ്തു. നന്നായി." സോമേട്ടന്‍ പറഞ്ഞു.

കിരാതീയവും കഴിഞ്ഞു. അരങ്ങൊഴിഞ്ഞു. 
റിസള്‍ട്ട് വന്നു. 
മികച്ച നാടകം പ്രോമിത്യുസ്.. 
നല്ല നടന്‍ പ്രകാശന്‍. 
മികച്ച സംവിധായകന്‍ സോമേട്ടന്‍. 
ഞങ്ങള്‍ക്ക് മൂന്നു അവാര്‍ഡ്!

കെട്ടിപ്പിടിച്ചു ആഹ്ലാദം പങ്കു വെയ്ക്കുമ്പോള്‍ സംഘാടകര്‍ അരികിലെത്തി. 

"ചുള്ളന്മാരെ, പെടച്ചൂ ട്ടാ. 
ഒരു കാര്യം കൂടിണ്ട്. ആറരയ്ക്ക് പൊതുയോഗം.. അതില്‍ ശ്രീരാമനാണ് സമ്മാനദാനം, അറിയാലോ? 
പിന്നെ, മുഷിയരുതു.. പ്രൊമിത്യൂസ് ഒന്ന് കൂടി പെടയ്ക്കണം. നാട്ടുകാര് ഒന്ന് കാണട്ടെ."

"മാത്രല്ല ഗെടികളെ..
കുറച്ചു ചെറിയ പിള്ളേരടെ പരിപാടികളല്ലാണ്ട് ആള്‍ക്കാര്‍ക്ക് സുഖിക്കണത് ഒന്നുല്ല്യ.. അതോണ്ടും കൂട്യാ"
നിറഞ്ഞ സദസ്സിനു മുന്നില്‍ ഒരിക്കല്‍ കൂടി സ്വയം മറന്നാടാന്‍ എല്ലാവര്ക്കും ആഗ്രഹമുള്ളതുകൊണ്ട് ആര്‍ക്കും ഒരെതിര്‍പ്പും തോന്നിയില്ല. ആരും മറുത്തൊന്നും പറഞ്ഞുമില്ല.

"ന്നാ. പിന്നെ പോയി ഒന്ന് വിശ്രമിച്ചോ. ആ എട്ടു ബി നിങ്ങള്‍ക്കെടുക്കാം." 
ഒരു ക്ലാസ് റൂം ഞങ്ങള്‍ക്ക് അനുവദിച്ചു കിട്ടി.
ഞങ്ങള്‍ റൂമീചെന്നു. 
സോമേട്ടന്റെ കയ്യീനു ബീഡി വാങ്ങി പങ്കിട്ടു വലിക്കുമ്പോള്‍ മുരളിയ്ക്ക് പെട്ടെന്ന് ബോധോദയം ഉണ്ടായി..

"ഡാ വനെ, പരിപാടി കഴിഞ്ഞാ മ്മക്ക് ബസ് കിട്ടില്ലല്ലോ. എങ്ങനെ വീട്ടീ പോവും?"

അപ്പോളാണ് അതിനെ കുറിച്ച് ഞങ്ങള്‍ ബോധവാന്മാരാകുന്നത്‌.
സംഘാടകരുടെ അവസ്ഥ അറിയാവുന്നതുകൊണ്ട്‌ ചോദിയ്ക്കാന്‍ എല്ലാര്ക്കും മടി.
ദയ, ദാക്ഷിണ്യം, വകതിരിവ് എന്നിവ വളരെ കുറഞ്ഞവന്‍ എന്ന വിശേഷണങ്ങള്‍ സ്വന്തമായുണ്ടായിരുന്ന ഞാന്‍ ആ കര്‍മ്മം ഏറ്റെടുത്തു.

" അപ്പളെ.. പരിപാടി തീര്‍ന്നാ ഫുഡ്‌ കിട്ട്വോ? 
അതും കഴിഞ്ഞു ഒരു വീട്ടീപ്പോക്കുണ്ടല്ലോ.. അതെങ്ങന്യ ഡീസന്റ് ചെയ്തെക്കണത്?
അതോ ഐറ്റം ഫിനിഷായാ ഞങ്ങള് വഴിയാധാരമാക്വോ ഇഷ്ടാ?" വരി വരിയായി കുറെ ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു.

"അതേയ് .. ങ്ങട് വന്നെ." എന്നെ വിളിച്ചു കൊണ്ട് ഒരു മൂലയിലേയ്ക്ക് മാറി നിന്ന് അവര്‍ അവരുടെ പ്ലാന്‍ പറഞ്ഞു.

"പരിപാടി കഴിഞ്ഞാ മ്മക്ക് ഇവിടെ കൂടാം. നാളെ കാലത്ത് ആദ്യത്തെ ബസില് സ്ഥലം വിടാലോ. 
വണ്ടി വിളിച്ചു നിങ്ങളെ വിടണംന്നൊക്കെ ഉണ്ട്. അതിന്ള്ള സെറ്റപ്പില്ല ഗെടീ.."

"ഈ സ്കൂളിലാ?" ഞാന്‍ ചോദിച്ചു.

"ഏയ്‌.. നല്ല കാര്യായി. ഇവടെ അടുത്ത് മ്മടെ ശിവകുമാറിന്റെ .. ദേ ഈ ചുള്ളന്റെ തറവാട് ഉണ്ട്. 
ആരും താമസംല്ല്യ. വെല്യ പറമ്പും നടുവില് വീടും. ആഴ്ചെല് അടിച്ചു വൃത്ത്തിയാക്കിടണതാ. അവടെ കൂടാം. ഫുഡ്‌ അവടെ പോയി കഴിക്കാം. 
കൂട്ടിനു, നല്ല നാടന്‍ ഇണ്ട് ട്ടാ.. അടിക്കണോരില്ല്യെ, കൂട്ടത്തില്‍..?"
ലാസ്റ്റ് ഐറ്റത്തില്‍ ഞാന്‍ വീണു. 
അത് വന്നു പറഞ്ഞപ്പോ കൂട്ടത്തില്‍ എല്ലാവരും വീണു!

സമ്മേളനം തുടങ്ങി.
സമ്മാനം വാങ്ങി.
ശ്രീരാമന്‍ അല്ല, ശ്രീരാമെട്ടനെ പരിചയപ്പെട്ടു.
'പ്രൊമിത്യൂസ്' സ്വര്‍ഗ്ഗത്തില്‍നിന്നു അഗ്നി കൊണ്ടുവന്നു.. മനുഷ്യര്‍ക്ക്‌ നല്‍കി.. ശാപം ഏറ്റു വാങ്ങി..ബന്ധനതില്‍നിന്നു മോചനമേകാന്‍ വരുന്നവനു വേണ്ടി കാത്തിരുന്നു..
കര്‍ട്ടന്‍ താഴ്ന്നു.
കാണികള്‍ കയ്യടിച്ചു. അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി ഞങ്ങള്‍ സിനിമാ നടന്മാരെപ്പോലെ അവര്‍ക്കിടയിലൂടെ നടന്നു.

"സമയം പത്താവാറായീട്ടാ.. വെശന്നിട്ടു ഞാന്‍ ദിപ്പോ താഴെ വീഴും." ഗംഗന്‍

"അതന്നെ, ഞ്ഞി.. ലവന്മാര് എപ്പോ നമ്മളെ ആ വീട്ടീ കൊണ്ട് ചെന്നാക്കും?" മുരളി 

"ഹോ. ഒന്ന് സമാധാനിക്കടാ.. നിങ്ങള്‍ക്കറിഞ്ഞൂടെ ഒരു പരിപാടി നടത്ത്താണെന്റെ ബുദ്ധിമുട്ട്..?" സോമേട്ടന്‍.
സംസാരം അധികം നീളുമ്പോളേയ്ക്കും രണ്ടു പേര്‍ വന്നു ഞങ്ങളെ വിളിച്ചു.

"വാ.. ആ കാണുന്ന വഴീക്കൂടെ പോണം"
വഴിവിളക്കുകള്‍ മങ്ങിക്കത്തുന്ന വഴിയിലൂടെ ഞങ്ങള്‍ അവരുടെ ടോര്‍ച്ചിന്റെ വെളിച്ചം പിന്തുടര്‍ന്നു.
ഇലക്ട്രിക് ബള്‍ബുകള്‍ പ്രകാശിക്കുന്ന ചില വീടുകള്‍ ഇടയ്ക്കിടെ കണ്ടു. 
പരിപാടി കണ്ടു വന്ന ചിലര്‍ അതിനെക്കുറിച്ച് പരസ്പരം പറയുന്നത് ഞങ്ങള്‍ ചെവിയോര്‍ത്തു ആസ്വദിച്ചു ഞങ്ങള്‍ നടന്നു.

"ദാ.. എത്തി." വഴികാട്ടികള്‍ ഒരു വീട് ചൂണ്ടിക്കാട്ടി.
വലിയൊരു പറമ്പിനു നടുവില്‍, കട്ട പിടിച്ച ഇരുട്ടിന നടുവില്‍, മുന്‍വശത്തെ വെളിച്ചം കുറഞ്ഞ ബള്‍ബിന്റെ പ്രകാശത്തില്‍ തെളിയുന്ന പൂമുഖത്തോടെ ഓടിട്ട ഒരു രണ്ടു നില മാളിക.

"ആഹ.. പെടച്ചു!"

"ഭാര്‍ഗവീനിലയം ഇവിടെയാണോ ഷൂട്ട്‌ ചെയ്തത്?" 

"ഇതാടാ മോനെ തറവാട്.. നിനക്ക് ഇല്ലാത്തത്!"
തുടങ്ങിയ സംസാരങ്ങളോടെ ഞങ്ങള്‍ ആ വീട്ടില്‍ ചെന്ന് കയറി.

"ഒന്ന് കുളിക്കാന്‍ സൌകര്യം കിട്ട്വോ? സോമേട്ടന്‍ ചോദിച്ചു."

"ദാ.. അവിടെ ടാപ്പുണ്ട് . സോപ്പ് അതിനടുത്തുതന്നെ ഉണ്ട്. പേടിക്കണ്ട, ടാങ്കിലെ വെള്ളം ഇന്നലെ അടിച്ചിട്ടതാ, വീട് ക്ലീന്‍ ചെയ്യാന്‍ വന്നപ്പോള്‍ "
മുറ്റത്തു കാലിയായ തൊഴുത്തിന് അടുത്തേയ്ക്ക് വഴികാട്ടികളിലോരാള്‍ കൈ ചൂണ്ടി.

പൈപ്പില്‍നിന്നു വെള്ളമെടുത്തു ഞങ്ങള്‍ എല്ലാവരും ഒരു സമൂഹ കുളി നടത്തി. ആകെയുണ്ടായിരുന്ന തോര്‍ത്ത്‌ വീതം വച്ചു തുവര്‍ത്തി ഓരോരുത്തരായി വെളിച്ചത്തിലേയ്ക്കു കയറി.
അപ്പോളേയ്ക്കും വാഴയിലകൊണ്ട് മൂടിയ ഒരു കോട്ടയില്‍ ചോറും കറികളും ആയി രണ്ടു പേരുകൂടെ എത്തി. 

"ഹാവൂ.. എത്തിപ്പോയി.. ന്നാ ഒരു പിടി പിടിക്ക്യല്ലേ?" എന്‍റെ ആക്രാന്തം വാക്കുകളായി പുറത്തു വന്നു.

"വരട്ടെ, ഒരു സ്പെഷ്യല്‍ ഞങ്ങള്‍ കൊണ്ടന്നണ്ട്.. " കൊട്ടയുടെ ഉള്ളീന്ന്, രണ്ടു കുപ്പി നാടന്‍ സംഘാടകര്‍ പുറത്തെടുത്തു. ഒപ്പം രണ്ടു ഗ്ലാസും.

പുഴുങ്ങിയ മുട്ടേം ഇഞ്ചംപുളിയും അകമ്പടിയാക്കി, ഇറങ്ങിപ്പോകുന്ന വഴി അനുഭവിപ്പിക്കുന്ന ആ കിടിലന്‍ സാധനം പത്ത് മിനിറ്റൊണ്ട് തീര്‍ന്നു. 
എരിച്ചിലടക്കാന്‍ ഇലയില്‍ വിളമ്പിയ ചോറും ശടെന്നു അവസാനിച്ചു.

"കിടിലന്‍ കറികളാട്ടാ.."

"എന്നാ പിന്നെ, ഞങ്ങളെറങ്ങാ.. 
രാവിലെ വരാം. പായ മൂന്നാലെണ്ണം നടുവിലെ അകത്തു ഇട്ടിട്ടുണ്ട്. പുറത്തിറങ്ങി നടക്കരുത്, പുല്ലു നിറഞ്ഞു കിടക്കണ കാരണം പാമ്പുണ്ടാവും. അപ്പൊ, എല്ലാം പറഞ്ഞ പോലെ."
സംഘാടകര്‍ ഇറങ്ങി.

നാടന്റെ വീര്യത്തില്‍ 'നാളെകളില്‍ നമ്മള്‍ കേരളത്തിന്റെ നാടകലോകത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുമെന്നും അത് ലോകത്തിന്റെ മുഖച്ഛായ മാറ്റി മറിക്കുമെന്നും' ഒക്കെ ഞങ്ങള്‍ പറഞ്ഞു. 

സംസാരം വഴിമാറി കവിതയായി കടമ്മനിട്ടയുടെ കുറത്തിയിലെയ്ക്ക് എത്തിയപ്പോള്‍ സോമേട്ടന്‍ ഇടപെട്ടു.

"ഡ ഡാ  ഒറങ്ങാന്‍ നോക്ക്യേ, നാട്ടുകാര്‍ക്ക് ശല്യം ആവണ്ട."
ലൈറ്റ് ഓഫായി. എല്ലാവരും ചുരുണ്ടു. തുറന്നിട്ട ജനലിലൂടെ ചെറിയ നിലാവെളിച്ചം അരിച്ചെത്തി.

"നല്ല വീട് അല്ലെ?"

"അതന്നെ, വേനല്കാലമായിട്ടും ഉള്ളില്‍ നല്ല തണുപ്പാ.."

"ഈ പറമ്പിന്റെ പുറകില് പാടമാവണം. തണുത്ത കാറ്റ് വരുന്നുണ്ട്."

"വെള്ളമടിക്കാന്‍ എന്താ സെറ്റ് അപ്പ് ല്ലേ?"

"ഒന്ന് പോടാ, എവിടെ ചെന്നാലും ഈ ഒരു വിചാരേ ഉള്ളൂ.."

ശബ്ദം താഴ്ത്തിയുള്ള സംസാരങ്ങള്‍ ഓരോന്നോരോന്നായി നിലച്ചു. 
അകലെ എവിടെയോ രാപ്പാടികളുടെ പാട്ട് കേട്ടു. ഒരു മിന്നാമിനുങ്ങ്‌ ജനലിലൂടെ അകത്തു വന്നു, ഞങ്ങളെ മൊത്തം ഒന്ന് വട്ടം കറങ്ങി തിരിച്ചു പോയി. പതിയെ ഉറക്കം അതിന്റെ മാന്ത്രികവിരലുകളാല്‍ ഞങ്ങളെ തഴുകി. 
അഗാധ നിദ്രയില്‍ എത്ര നേരം കഴിഞ്ഞുവെന്നറിയില്ല, എന്തോ തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. 
ഞാന്‍ മാത്രമല്ല ഉറങ്ങിയാല്‍ സകല ലോകവും മറക്കുന്ന കബീര്‍ വരെ എണീറ്റു.
എല്ലാവരും സ്ഥലകാല ബോധമില്ലാതെ തപ്പിത്തടഞ്ഞു.
സോമേട്ടന്‍ തീപ്പെട്ടി കത്തിച്ചു. ലൈറ്റിന്റെ സ്വിച്ച് ഇട്ടു.

"എന്താടാ ശബ്ദം കേട്ടത്/"

"ഞാനും കേട്ടു. എന്തോ വീണു തകര്‍ന്ന പോലെ."

"വല്ല പൂച്ചയും എന്തെങ്കിലും തട്ടി മറിച്ചതാവും."

"പിന്നെ, ആള്‍താമസമില്ലാത്ത വീട്ടിലല്ലേ പൂച്ചക്ക് പണി."

"കള്ളന്മാരാവോ?"

"നീ ഇവിടുള്ളപ്പോളോ? പോടാ."

"ഓ.. പ്രസവവേദനക്കിടയിലും വീണ വായിക്കാന്‍ നോക്കണേ.."
അങ്ങോട്ടും ഇങ്ങോട്ടും തോട്ടിയിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ വേണു തുറന്നു കിടക്കുന്ന വാതിലിനു നേരെ വിരല്‍ ചൂണ്ടി.

"ഡാ.. ഈ വാതിലാരാ തുറന്നെ?"
അപ്പോളാണ് ഞങ്ങള്‍ അത് ശ്രദ്ദിച്ചത്‌. ഒരകത്തെയ്ക്കുള്ള വാതില്‍ തുറന്നു കിടക്കുന്നു. ഞങ്ങള്‍ തമാശ വിട്ടു. മുഖത്തോട് മുഖം നോക്കി.

"പുറത്തേയ്ക്കുള്ള വാതിലും തുറന്നു കിടക്കുകയാണല്ലോ." സോമേട്ടന്‍ പറഞ്ഞു.

"ദേ, ഇതും." കബീറിന്റെ ശബ്ദത്തില്‍ ഇടര്ച്ചയുണ്ടായിരുന്നു. 

ഹാളില്‍ നിന്നും അകത്തേയ്ക്ക് നീളുന്ന ഇടനാഴിയുടെ വാതിലും തുറന്നു കിടക്കുന്നത് ഞങ്ങള്‍ കണ്ടു.
ഒരു വിറയല്‍ എന്നെ കടന്നു പോയി.
കാറ്റിനു മുല്ലപ്പൂവിന്റെ ഗന്ധം ഉണ്ടെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു.
എന്തോ നിഗൂഡത ഞങ്ങള്‍ക്ക് ചുറ്റും ഒരു മൂടല്‍മഞ്ഞു പോലെ പരക്കുന്നത് പോലെ..
അടുത്ത നിമിഷം മുരളി എന്‍റെ കയ്യില്‍ അമര്‍ത്തി പിടിച്ചു ശബ്ദിക്കാന്‍ പറ്റാത്തവനെപ്പോലെ എന്തോ ശബ്ദമുണ്ടാക്കി.

"എന്താടാ.. എന്താ പറ്റിയെ?"

"എവിടെടാ.. പ്രകാശന്‍? അവനെ കാണാനില്ല."
എല്ലാവരും ഒന്ന് നടുങ്ങി. പ്രകാശന്‍ കൂട്ടത്തിലില്ല എന്ന സത്യം ഓര്‍ത്തതും അറിഞ്ഞതും അപ്പോള്‍ മാത്രമാണ്. 

"സോമേട്ടാ.." കരച്ചിലിന്റെ വക്കില്‍ നിന്ന് ഞാന്‍ വിളിച്ചു.
സോമേട്ടന്‍ ഒരു നിമിഷം സ്തബ്ദനായി നിന്നു എന്നിട്ട് ഇടനാഴിയിലെയ്ക്ക് തുറന്ന വാതിലിനു നേരെ കുതിച്ചു.
ഒരു അപകടത്തിലെയ്ക്കെന്ന പോലെ ഞങ്ങള്‍ പുറകെയും.
ഇരുട്ടിലൂടെ തപ്പിത്തടഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ "അമ്മെ.. "എന്നൊരു വിളിയും ഒരു വീഴ്ചയും ഞങ്ങള്‍ക്ക് മുന്നില്‍ സംഭവിച്ചു. 

"പണ്ടാരമടങ്ങാനായിട്ടു.. 
ആരും വരണ്ട.. ഡാ.. വെളിച്ചം കൊണ്ടാ.. " സോമേട്ടന്‍ അലറി..
ഹാളില്‍നിന്നും എത്തി നോക്കുന്ന വെളിച്ചത്തില്‍ സോമേട്ടന്‍ വീണിടത്തുനിന്നു തപ്പിത്തടഞ്ഞു എണീക്കുന്നത് ഞാന്‍ കണ്ടു.
ഞാന്‍ കൈ എത്തി പിടിക്കുമ്പോള്‍ സോമേട്ടന്‍ പറഞ്ഞു..

"എന്തിലോ ചവിട്ടിയപ്പോള്‍ വഴുക്കിയതാ.. എന്തോ വഴു വഴുപ്പുള്ളതില്‍.."
സോമേട്ടന്റെ കയ്യില്‍ പുരണ്ടിരുന്ന ആ വഴുവഴുപ്പ് ചോരയുടെതാണെന്ന തിരിച്ചരിവ് ഒരു വെള്ളിടി പോലെ എന്‍റെ തലയിലൂടെ പാഞ്ഞു പോയി.
ചോരയുടെ മണം എന്നെ ഒരു നിമിഷം തളര്‍ത്തി..

"സോമേട്ടാ.. ഇത് ചോരയാണല്ലോ.. "
എല്ലാവരും സ്തബ്ധരായി..
വേണു എവിടെയോ തപ്പി ലൈറ്റിന്റെ സ്വിച്ച് കണ്ടു പിടിച്ചു.
വെളിച്ചം വന്നു.
അത് അടുക്കളയോട് ചേര്‍ന്നുള്ള ഒരു മുറിയായിരുന്നു.
കറുത്ത് തിളങ്ങുന്ന തറയില്‍, ഭീതിയുടെ ആയിരം മുള്ളുകള്‍ ഹൃദയത്തില്‍ തീര്‍ത്തുകൊണ്ട് ഒരു ചോരച്ചാല് ഞങ്ങള്‍ കണ്ടു.
അതില് തെന്നിയാണ് സോമേട്ടന്‍ വീണത്‌.
ആ ചോരച്ചാലിന്റെ അറ്റത്തു, പ്രകാശന്‍ ബോധം ഇല്ലാതെ ഒടിഞ്ഞു നുറുങ്ങി കിടപ്പുണ്ടായിരുന്നു.
നെറ്റി മുറിഞ്ഞു ഒഴുകുന്ന ചോരയാണ് തറയില്‍..
തൊട്ടു മുന്‍പിലുള്ള അടച്ചിട്ട നാല് പാളി വാതിലില്‍ തലയിടിച്ചു വീണതാണെന്നു ഒറ്റനോട്ടത്തില്‍ മനസ്സിലായി.
ഞാന്‍ ഓടിച്ചെന്നു പ്രകാശനെ കുലുക്കി വിളിച്ചു. ഒരു അനക്കവും ഇല്ല.

"വാതിലിലെ ഒരു കൊളുത്ത്‌ നെറ്റിയില്‍ അടിച്ചു മുറിഞ്ഞിരിക്കുന്നതാണ്. ചോരയുടെ അളവ് നോക്കണ്ട..ആഴമില്ല." അവനെ പരിശോധിച്ചുകൊണ്ട്‌ സോമേട്ടന്‍ പറഞ്ഞു.
വേണു വെള്ളം കൊണ്ട് വന്നു മുഖത്ത് തെളിച്ചപ്പോള്‍ അവന്‍ പതിയെ കണ്ണ് തുറന്നു. ഞങ്ങളുടെ മുഖത്തേയ്ക്കു മിഴിച്ചു നോക്കി.
കുറച്ചു വെള്ളം വായിലോഴിച്ചു കൊടുത്തപ്പോള്‍ അതോരിറക്ക് കുടിച്ചു.

"ന്ഹെ.. ഞാന്‍.. ഞാനെവിട്യാ? അവളെവിടെ?" പ്രകാശന്‍ ചോദിച്ചു.

"അവളോ?" 
നെറ്റിയിലെ മുറിവില്‍ ചോര നില്ക്കാന്‍ അമര്ത്തിപ്പിടിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.

"അപ്പോളേ ഈ തെണ്ടിയോടു ഞാന്‍ പറഞ്ഞതാ, പ്രകാശന് കൊടുക്കണ്ടാന്ന്. ഇപ്പൊ എന്തായി?"

"പോടാ.. "

"പണ്ടാരക്കാലാ നീ എങ്ങോട്ടാ ഈ പാതിരായ്ക്ക് എണീറ്റ്‌ നടന്നത്?"

"പാതിരയോ? മണി മൂന്നരയായി."

"ഓരോ പുലിവാലുകള്‍ ഉണ്ടാക്കാനായിട്ടു.."

"മൂത്രമോഴിക്കണമെങ്കില്‍ നിനക്ക് ആ ജനലീക്കൂടെ ആവാര്‍ന്നില്ലേ?"

ഞങ്ങളുടെ ചോദ്യങ്ങള്‍ക്കിടയില്‍ പ്രകാശന്‍ പതിയെ എണീറ്റിരുന്നു.
ഞങ്ങളെ മാറി മാറി നോക്കി. 
ഞാന്‍ അവന്റെ നെറ്റിയില്‍നിന്നു കയ്യെടുത്തു.
ചോര നിന്നിട്ടുണ്ട്‌. ഞാന്‍ ലുങ്കിയുടെ ഒരു തുമ്പ് കീറി വെള്ളത്തില്‍ മുക്കി അവന്റെ മുഖം തുടച്ചു.

"എന്താടാ പറ്റീത്?" ഞാന്‍ ചോദിച്ചു.
മുഖം ഒന്നുകൂടി കഴുകി ഉടുത്തിരുന്ന മുണ്ടുകൊണ്ട് ഒപ്പിക്കൊണ്ട് പ്രകാശന്‍ പതിയെ പറഞ്ഞു..

"അതേയ്.. 
നമ്മള്‍ ഉറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വാതിലില്‍ മുട്ടി.
ഞാന്‍ പോയി തുറന്നപ്പോള്‍ ഒരു പെണ്ണ്..''

"പെണ്ണോ?"
കോറസ്സായി ഞങ്ങള്‍ ചോദിച്ചു.

"അതെന്നു.. അവള്‍ എന്നോട് പറഞ്ഞു. നിങ്ങളെ ഉണര്‍ത്തണ്ടാന്നു." പ്രകാശന്‍ ഒന്ന് നിറുത്തി.
ഞങ്ങള്‍ പരസ്പരം നോക്കി. പ്രകാശനെ നോക്കി പുരികം ചുളിച്ചു.

"എന്നിട്ട്?"

"ഞങ്ങള്‍ പുറത്തോട്ടിറങ്ങി..
എനിക്ക് ആ കുട്ടിയോട് നല്ല പരിചയം. എന്‍റെ സ്വന്തം എന്ന പോലെ.
അവള്‍ എന്നോട് കുറെ കാര്യങ്ങള്‍ പറഞ്ഞു.. 
എന്താന്നു..  ശെ.. ഓര്‍മ്മ വരുന്നില്ല..
പിന്നെ ഞങ്ങള്‍ പറമ്പിലൂടെ കൈ കോര്‍ത്ത്‌ പിടിച്ചു നടന്നു.
കുറെ നടന്നപ്പോള്‍ മരങ്ങള്‍ നിറഞ്ഞ ഒരു സ്ഥലത്തെത്തി.
അവിടെയുള്ള വള്ളികളില്‍ പിടിച്ചു ഞാന്‍ തൂങ്ങിക്കിടന്നു, അവളെന്നെ ഊഞ്ഞാലാട്ടി.
ഒരു കശുമാവിന്റെ താഴ്ന്ന കൊമ്പില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു പാട്ട് പാടി.
താഴെ വീണു കിടക്കുന്ന മഞ്ചാടിമണികള്‍ പെറുക്കിക്കൂട്ടി ഒരു തേക്കിലയില്‍ കൂട്ടി വച്ചു.
നാട്ടുമാവിന്റെ ചോട്ടില്‍ ചെന്ന് ഞങ്ങള്‍ മാമ്പഴം തിന്നു. 
കുറെ നേരം കഴിഞ്ഞു ഞങ്ങള്‍ ഇങ്ങോട്ട് തിരിച്ചു നടന്നു.
പടര്‍ന്നു നില്‍ക്കുന്ന മുല്ലയില്‍നിന്നു അവള്‍ കുറെ പൂക്കള്‍ പൊട്ടിച്ചു എന്‍റെ കയ്യിലിട്ടു തന്നു.
അകത്തു കയറി വലതു വശത്തെ മുറീല് ഞങ്ങള്‍ കിടക്ക വിരിച്ചു.
പൂക്കള്‍ കിടക്കയില്‍ വിതറി.
വെള്ളമെടുത്തിട്ടു വരാം എന്ന് പറഞ്ഞു അവള്‍ ദാ.. ഇതിലൂടെ വന്നു. 
എന്നിട്ട് ഈ വാതിലിലൂടെ അപ്പുറത്തെയ്ക്ക് പോയി.
ഞാന്‍ പുറകെ വന്നപ്പോള്‍ എന്തിലോ തട്ടി.. പിന്നൊന്നും ഓര്‍മ്മയില്ല."
പ്രകാശന്‍ പറഞ്ഞു നിര്‍ത്തി.

"ഹ ഹ.. " സോമേട്ടന്‍ ഉറക്കെ ചിരിച്ചു.
"നിനക്ക് നല്ല നടനുള്ള അവാര്‍ഡ് മാത്രമല്ല പ്രകാശാ.. നല്ല കഥാകാരനുള്ളതും കൂടി കിട്ടും.
ഒന്ന് ശ്രമിച്ചേ. നടക്കും."

ഞങ്ങളും ചിരിയില്‍ പങ്കു ചേര്‍ന്നു.
"ഓ.. എന്നാലും നിനക്ക് ആ മുല്ലപ്പൂവു വിരിച്ച കട്ടിലില്‍ ഉണ്ടാവുന്ന സീന്‍ കൂടി കൂട്ടാമായിരുന്നു."

"മഞ്ചാടി പെരുക്കിക്കളി...ല്ലേ? വേറെ കളി വല്ലതും ഉണ്ടായോടാ?"

"സത്യമായിട്ടും ഞാന്‍ പറഞ്ഞതെല്ലാം ഉള്ളതാ..വിശ്വാസിക്ക് "

"ഉവ്വ, വിശ്വസിച്ചു. ഇനി അവള് വരുമ്പോ ഞാന്‍ പോവാട്ടാ.."

"പോയി കിടന്നുറങ്ങടാ.. "
ഞങ്ങളുടെ വര്‍ത്തമാനങ്ങള്‍ കേട്ട് പ്രകാശന്‍ വിളറിയ മുഖവുമായി ഇരുന്നു.

ഞങ്ങള്‍ എല്ലാവരും എണീറ്റു.
ചോര ഞാന്‍ തുടച്ചു മാറ്റി.
ആ മുറിയിലെ ലൈറ്റ് ഓഫാക്കി.
ഹാളില്‍ വന്നു പുറത്തേയ്ക്കുള്ള വാതില്‍ അടച്ചു. ലൈറ്റ് അണച്ചു.
പ്രകാശനെ കളിയാക്കിക്കൊണ്ട്‌ എല്ലാവരും കിടന്നു.
മുല്ലപ്പൂവിന്റെ മണം വഹിച്ചുകൊണ്ട് ഇളം കാറ്റ് വീണ്ടും അകത്തേയ്ക്ക് വന്നു.
പതിയെ ഓരോരുത്തരായി മയങ്ങി.

നല്ല ഉറക്കത്തില്‍ കബീര്‍ കുലുക്കി വിളിച്ചു.
"കൊറച്ചു  നേരം കൂടി കേടക്കട്ടെടാ.."

"അതല്ലെടാ.. നീയോന്നു എണീറ്റെ"

ഞാന്‍ ചാടിയെണീറ്റ് പ്രകാശനെ നോക്കി. അവന്‍ മലര്‍ന്നു കിടന്നുറങ്ങുന്നുണ്ട്‌.
ബാക്കി എല്ലാരും എണീറ്റിരിക്കുന്നു.
നേരെം വെളുത്തു വരുന്നതേയുള്ളൂ.
വേണു വലത്തെ മുറിയുടെ വാതിക്കല്‍ നില്‍പ്പുണ്ട്.
അവന്‍ എന്നെ അവിടെയ്ക്ക് വിളിച്ചു.

"എന്താടാ" എന്ന് ചോദിച്ചു ചെന്ന എന്നോട് അകത്തെയ്ക്ക് നോക്കാന്‍ ആംഗ്യം കാണിച്ചു.
അവിടെ, കുടഞ്ഞു വിരിച്ച കിടയ്ക്കയില്‍ വിതറിയിട്ട മുല്ലപ്പൂക്കള്‍!
ഞാന്‍ തിരിഞ്ഞു കൂടുകാരെയും നിഷ്കളങ്കമായി ഉറങ്ങുന്ന പ്രകാശനേയും നോക്കി.

"കബീറാ കണ്ടത്.
പ്രകാശന്‍ പറഞ്ഞത് ശരിക്കും ഉണ്ടായീണ്ടാവോ?" ഗംഗന്‍ പറഞ്ഞു.

"നിങ്ങള്‍ വാ.. 
സോമേട്ടാ, ഇവിടെ പ്രകാശന് കൂട്ടിരിക്ക്‌. ഞങ്ങളിപ്പോ വരാം."
എല്ലാവരെയും കൂട്ടി ഞാന്‍ പുറത്തിറങ്ങി.

നിറയെ പൂത്തു നില്‍ക്കുന്ന മുല്ലകള്‍ നിറഞ്ഞ തറയും കടന്നു ഞങ്ങള്‍ പറമ്പിലെ പുല്ലിലൂടെ നടന്നു.
വിശാലമായ പറമ്പിന്റെ ഒരു ഭാഗത്ത് മരങ്ങള്‍ ഇട തൂര്‍ന്നു നില്‍പ്പുണ്ടായിരുന്നു.
മുന്നോട്ടു നീങ്ങും തോറും അതൊരു കാവാണെന്നു ഞങ്ങള്‍ക്ക് മനസ്സിലായി. 
കബീര്‍ എന്‍റെ കയ്യീ പിടിച്ചു. 

"ഡാ, ഞാന്‍ വന്നാ പ്രശ്നമാവോ?"

"നീയിങ്ങട് വാടപ്പാ.." മുന്നോട്ടു നടന്നു കൊണ്ട് ഞാന്‍ പറഞ്ഞു.
ഉണക്കിലകള്‍ വീണു നിറഞ്ഞ കാവില്‍ പ്രഭാത സൂര്യന്‍ നിഴലും വെളിച്ചവും ചേര്‍ന്ന വിസ്മയം സൃഷ്ടിച്ചു.
ഒന്നുരണ്ടു നരിച്ചീറുകള്‍ ഞങ്ങളുടെ സാന്നിധ്യം ഇഷ്ടപ്പെടാതെ തലങ്ങും വിലങ്ങും പറന്നു.

പെട്ടെന്ന്,
മുന്നില്‍ നടന്നിരുന്ന എന്‍റെ കാലു തട്ടി ഒരു തേക്കിലയില്‍നിന്നു ഒരായിരം മഞ്ചാടിക്കുരുകള്‍ മുന്നില്‍ ചിതറി. 
ഞാന്‍ ഒരു നിമിഷം നിശ്ചലനായി. ഒരു തണുപ്പ് എന്‍റെ ശരീരത്തിലേയ്ക്ക് പടര്‍ന്നു കയറുന്നത് പോലെ എനിക്ക് തോന്നി.
കൂട്ടുകാര്‍ക്കും ആ കാഴ്ച അവിശ്വസനീയമായിരുന്നു.
പ്രകാശന്‍ തൂങ്ങിക്കിടന്നതും 'അവള്‍'ആട്ടിയിരിക്കാന്‍ സാധ്യതയുമുള്ളതായ ബലമുള്ള ഒരു വള്ളി അപ്പുറത്തെ മരത്തില്‍നിന്ന് ഞാന്നു കിടപ്പുണ്ടായിരുന്നു.
കുറച്ചുകൂടെ മുന്നോട്ടു പോയപ്പോള്‍ ഒരു സര്‍പ്പക്കല്ലിനപ്പുറത്തു പടര്‍ന്നു വളര്‍ന്ന കശുമാവും അവരിരുന്നു പാട്ട് പാടിയ അതിന്റെ കൊമ്പും ഞങ്ങളെ വരവേറ്റു.
കുറച്ചു മുന്‍പിലായി വലിയൊരു നാട്ടുമാവും അതിന്റെ ചുവട്ടിലായി ഉടച്ചു പിഴിഞ്ഞ് ചാറ് കുടിച്ച മാമ്പഴങ്ങളും കണ്ട് ഞങ്ങള്‍ തരിച്ചു നിന്നു. 
അഭൗമമായൊരു വലയം ഞങ്ങള്‍ക്ക് ചുറ്റും രൂപം കൊള്ളുന്നതായി തോന്നിയ മാത്രയില്‍ കബീര്‍ മുന്നോട്ടോടി.
പുറകെ ഞങ്ങളും.
ഓടിക്കിതച്ചു വീട്ടില്‍ കയറിയപ്പോള്‍ സോമേട്ടനരികെ പ്രകാശന്‍ അപ്പോളും ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. 
കണ്ട വിശേഷങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ ഒരു നെടുവീര്‍പ്പുമായി സോമേട്ടന്‍ എണീറ്റു. 
ചിന്തകളുടെ കുത്തോഴുക്കില്  കലങ്ങിയ മനസ്സുമായി രണ്ടു ചാല്‍ ഹാളിലൂടെ നടന്നു.
എന്നിട്ട് ഞങ്ങളോട് പ്രകാശന്‍ വീണു കിടന്നിരുന്ന മുറിയിലേയ്ക്ക് വരാന്‍ ആംഗ്യം കാണിച്ചു.
സോമേട്ടനെ പിന്തുടര്‍ന്നു, പഴക്കം കൊണ്ട് ദ്രവിച്ച, പൊളിഞ്ഞു വീഴാറായ വാതിളിവാതിലിനു മുന്നില്‍ എത്തി നിന്നു. പ്രകാശന്റെ സ്വപ്ന സുന്ദരി വെള്ളമെടുക്കാന്‍ പോയ വാതില്‍. അവളെ പിന്തുടര്‍ന്ന പ്രകാശന്‍ തലയടിച്ചു വീണ വാതില്‍..  ഒട്ടും ബലം പ്രയോഗിക്കാതെ സോമേട്ടന്‍ അത് തുറന്നു.. 
ആ വാതിലിനു പിന്നിലെ കാഴ്ച കണ്ട് ഞങ്ങള്‍ ഞെട്ടി.

അത് തുറന്നത് പാതാളത്തോളം താഴ്ചയുള്ള ഒരു കിണറ്റിലെയ്ക്കായിരുന്നു !

Monday, September 5, 2011

റോസിലിടീച്ചര്‍


അഞ്ചാം ക്ലാസ്സിലെ സയന്‍സ് ടീച്ചര്‍, ആറാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. ഏഴാം ക്ലാസിലും സയന്‍സ് പഠിപ്പിച്ചിരുന്നു. അത്രേയുള്ളൂ.
യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ മൂന്നു വര്ഷം ക്ലാസ്സെടുത്തിരുന്നു എന്നല്ലാതെ കൂടുതല്‍ പ്രത്യേകതയൊന്നും റോസിലി ടീച്ചരെക്കുരിച്ചു തോന്നിയിരുന്നുമില്ല.
ആളിത്തിരി സ്ത്രിക്റ്റ് ആയതുകൊണ്ട് നല്ല പേടിയും ഉണ്ടായിരുന്നു.

ഹൈ സ്കൂളും കോളേജും ഒക്കെ കഴിഞ്ഞു, വല്ലപ്പോളും ടീച്ചറെ കാണുമ്പോള്‍ ഒരു ചിരി.. അല്ലെങ്കില്‍ ഒഴിഞ്ഞുമാറ്റം.
ഇരുപതുകളുടെ തുടക്കത്തില്‍ ഉഴപ്പും ബഹളവും ഒക്കെയായി അല്‍പ്പം സാമൂഹ്യപ്രശന്ങ്ങള്‍ ഉണ്ടാക്കുന്ന, റിബല്‍ എന്ന് വീട്ടുകാരും നാട്ടുകാരും വിളിക്കുന്ന അവസ്ഥയില്‍ ഒരു ദിവസം പഴയ സ്കൂളീന്ന് ഒരു വിളി, ഒന്ന് സ്കൂളിലേയ്ക്ക് ചെല്ലണം.
ചെന്നു. സയന്‍സ് എക്സിബിഷന്‍, പ്രവൃത്തി പരിചയമേള എന്നിവയ്ക്ക് കൊണ്ട് പോകുന്ന കുട്ടികള്‍ക്ക് വേണ്ടി ചില സാധനങ്ങള്‍ ഉണ്ടാക്കാനാണ്.

"ഏതോ കുട്ടി പറഞ്ഞു ഇങ്ങനൊരു ചേട്ടനുണ്ട്, ആളോട് ഹെല്പ് ചെയ്യാന്‍ പറഞ്ഞാലോ? അങ്ങിനെയാണ് നിന്നെ തപ്പി പിടിച്ചത്. നീ ഇവടത്തെ ആളല്ലേ." സിസ്റ്റര്‍ ഇന്‍ ചാര്‍ജു പറഞ്ഞു.
(പടം വരക്കാര്‍ക്ക് ഒരു ഗുണമുണ്ട്.. അടിച്ചു പാമ്പായി കാനേല്‍ കിടന്നാലും കാര്യം ചെയ്തു കിട്ടാന്‍ പിറ്റേന്ന് വീണ്ടും ആള്‍ക്കാര് കാണാന്‍ വരും!)

കുറച്ചു ചാര്‍ട്ട്, കളിമണ്ണ്കൊണ്ട് കുറച്ചു സാധനങ്ങള്‍.. രണ്ടു മൂന്നു ദിവസം കൊണ്ട് തീര്ക്കാവുന്നതെയുള്ളൂ.
പണ്ട് പഠിപ്പിച്ച ടീച്ചര്‍മാര്‍, സിസ്റെര്സ് ഒക്കെ ഇടയ്ക്കു വന്നു കുശലം പറഞ്ഞു പോകുന്നുണ്ട്.
ഇടയ്ക്കു റോസിലിടീച്ചര്‍ വന്നു ഓരോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്നു പോകും.

മൂന്നാം ദിവസം ഉച്ചക്ക് ടീച്ചര്‍ എന്നോട് പറഞ്ഞു. 


"കഴിഞ്ഞാലുടനെ ഓടിപ്പോവരുത്, എനിക്ക് ഒരു കാര്യം പറയാനുണ്ട്"
എന്ത് കുരിശാണാവോ എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു.

"അനിമേഷ് ഇങ്ങു വന്നെ.." 
സെക്കന്ഡ് പിരീഡു കഴിഞ്ഞപ്പോള്‍ ടീച്ചര്‍ എന്നെ വന്നു വിളിച്ചു.
സ്റ്റാഫ്‌ റൂമിന്റെ ഒരു മൂലയിലുള്ള ടേബിലിനരികില്‍ ഒരു കസേരയില്‍ ടീച്ചരിരുന്നു. 

എതിര്‍ വശത്തേക്ക് നീങ്ങിയ എന്നോട് അടുത്ത് വന്നിരിക്കാന്‍ പറഞ്ഞു.
ഞാന്‍ ഇരുന്നു. 

ടീച്ചര്‍ എന്‍റെ മുഖത്ത് നോക്കി. 
ആ കണ്ണുകളില്‍ കണ്ണീരു നിറയുന്നതും അത് ഒരു തുള്ളിയായി രൂപപ്പെടുന്നതും കവിളിലൂടെ പതിയെ ഊര്‍ന്നിറങ്ങി താഴേയ്ക്ക് പതിക്കുന്നതും കണ്ട് ഞാന്‍ എന്തുചെയ്യണം എന്നറിയാതെ ഇരുന്നു.

കണ്ണ് തുടച്ചു തൊണ്ട ശരിയാക്കി ടീച്ചര്‍ എന്നോട് പറഞ്ഞു..

"കഴിഞ്ഞ രണ്ടു കൊല്ലമായി ഞാന്‍ ഒന്ന് കണ്ട് പറയണം എന്ന് വിചാരിക്കുന്നു.
ഇപ്പോളാണ് അവസരം ഒത്തു വന്നത്.
എനിക്കൊരു അനിയനുണ്ട്.. 

അവന്‍ പണ്ട് പോയ പോക്കാണ് നീ ഇപ്പൊ പോകുന്നത്.
ഒക്കെ നശിപ്പിക്കാന്‍ എളുപ്പമാണ്. ഉണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടും.
നിന്നെക്കുറിച്ചു ഓരോന്ന് കേള്‍ക്കുമ്പോളും എനിക്കെന്തുമാത്രം വിഷമമുണ്ടെന്നു അറിയ്വോ?
അനിയന്റെ സ്ഥിതി ഞാന്‍ ഇപ്പോള്‍ പറയുന്നില്ല..
അങ്ങിനെ ആവരുത്.. ഹ്മം.. പൊയ്ക്കോ."

ഞാന്‍ എന്‍റെ ജീവിതത്തില്‍ അത് വരെ കേട്ടതില്‍ ഏറ്റവും ഇന്റിമസി ഉള്ള വാക്കുകളായിരുന്നു അത്.
എന്‍റെ ചില പ്രവൃത്തികള്‍ ചിലരിലെങ്കിലും ഉണ്ടാക്കുന്ന വേദന എനിക്ക് ഫീല്‍ ചെയ്തതു ആ വാക്കുകള്‍ കേട്ടപ്പോളാണ്.

ടീച്ചര്‍ക്ക് എന്നോട് ഒരു സാധാരണ വിദ്യാര്‍ഥി എന്നതില്‍ കവിഞ്ഞു ഒരു ഇഷ്ടമുന്ടെന്നുപോലും എനിക്ക് അത് വരെ തോന്നിയിരുന്നില്ല.

എനിക്ക് കരച്ചില്‍ വന്നു.. അവിടെനിന്നു പോന്നു വീട്ടില്‍ വന്നു ഞാന്‍ മതി വരുവോളം കരഞ്ഞു.

പിന്നെ..
തിരുത്തലും സ്വയം പുനര്നിര്‍മ്മാനവുമായി കുറെ കൊല്ലങ്ങള്‍.

ടീച്ചര്‍ റിട്ടയര്‍ ചെയ്തു..

മിക്കവാറും ഞായറാഴ്ചകളില്‍ ടീച്ചറെ കാണും. ഇടയ്ക്ക് സംസാരിക്കും. വീട്ടുവിശേഷങ്ങള്‍ പറയും.
മക്കളുടെ കാര്യങ്ങള്‍ ചോദിക്കും..
"പിള്ളേര്‍ക്ക് കുറുംമ്പില്ലേ? നിന്റെ മക്കളല്ലേ..ഉണ്ടാവണമല്ലോ.."

ഒരു ദിവസം സൂപ്പര്‍മാര്‍ക്കറ്റില്‍ വീട്ടുസാധനങ്ങള്‍ വാങ്ങുമ്പോള്‍ ടീച്ചറും ഫാമിലിയും അവിടെയുണ്ട്.

"അനിമെഷേട്ടാ കാണാറില്ലല്ലോ" ടീച്ചറുടെ മോന്‍ എന്നോട് പറഞ്ഞു..

"ബിസിയായിപ്പോയില്ലേ.." ടീച്ചര്‍ ചിരിച്ചു കൊണ്ട് കൂട്ടിച്ചേര്‍ത്തു.

വിശേഷങ്ങള്‍ പറഞ്ഞു ബില്ല് പേ ചെയ്തു പുറത്തെത്തിയപ്പോള്‍ ടീച്ചര്‍ എനിക്ക് മൂന്നു 'മഞ്ച്' എടുത്തു തന്നു.

"മക്കള്‍ക്ക്‌.."
"വേണ്ട ടീച്ചറെ" ഞാന്‍ പറഞ്ഞു..

"പിടിക്കട.. അവന്‍ ഒരു മാതിരി..."

"എന്നാ.. രണ്ടെണ്ണം മതി.. രണ്ടു പിള്ളേരല്ലേ ഉള്ളൂ.."

ഒരു നിമിഷം എന്നെ നോക്കീട്ടു ടീച്ചര്‍ പറഞ്ഞു..

"നീയങ്ങു വലുതായോ..?
എനിക്കിപ്പോഴും ആ പഴയ സ്കൂള്‍കുട്ടി തന്ന്യാ."




Thursday, September 1, 2011

പീസ്‌ ബുക്ക്


പണ്ട്..
രാമേട്ടന്റെ പെട്ടിക്കടയില്‍നിന്നു പോലീസുകാരന്‍ ഒരു കേട്ട് 'പീസ്‌' ബുക്ക് പിടിച്ചു!

"താന്‍ ഇത്രേം പ്രായമായിട്ടും പിള്ളേരെ വഴി തെറ്റിക്കാന്‍ നടക്കാ.. ല്ലെടാ ...."
തിരിഞ്ഞു,  വെടിക്കെട്ടിന് തിരി കൊളുത്തുന്നത് കാത്തു നില്‍ക്കുന്ന കാഴ്ച്ചക്കാരോട്..
"എന്താടാ കാഴ്ച കാണാന്‍ നിക്കണേ? വീട്ടീപോടാ" 
ഒപ്പം ശൂ.. .ശൂ... എന്ന് വായുവില്‍ ശബ്ദമുണ്ടാക്കി ലാത്തി രണ്ടു വീശും.

എല്ലാവനും ഗര്‍ഭം കലക്കി പൊട്ടുമ്പോ ബാക്കിലെയ്ക്ക് മാറുന്ന മാതിരി കുഴിയാനകളായി.

രാമേട്ടന് ഇതിലും വല്യ നാണക്കേട്‌ ജീവിതത്തില്‍ സംഭവിച്ചിട്ടില്ലാത്ത പോലെ തോന്നി.
'ഇതിലും ഭേദം വല്ല പെന്നുങ്ങളേം  ബലാല്‍സംഗം ചെയ്യാര്‍ന്നു' എന്ന് മനസ്സില്‍ ചിന്തിച്ചു നില്‍ക്കുമ്പോള്‍ പോലീസുകാരന്‍ പാറപ്പുറത്ത് ചിരട്ട ഉറച്ചു.

"ഡോ.. താനെന്താ മിഴിച്ചു നിക്കണേ? അവന്റെ ഒരു നിപ്പു കണ്ടില്ലേ"

"സാറേ എനിക്കറിയില്ലായിരുന്നു, ഇതൊക്കെ ഇങ്ങനത്തെ പുസ്തകമാണെന്ന്" രാമേട്ടന്‍ മൊഴിഞ്ഞു.

"ആഹാ... അയ്യോ പാവം.. താന്‍ അതീന്നു ഒരു കഥ വായിച്ചേ.. 
ഉറക്കെ... എനിക്ക് കേക്കണം. എങ്ങനത്തെ പുസ്തകം ആണെന്ന് തനിക്കും മനസ്സിലാവട്ടെ"
തൊലി ഉരിഞ്ഞു പോയ പോലെ രാമേട്ടന്‍ നിന്നു.

"എന്താടാ.. വായിക്കാന്‍ അറിയില്ലേ? ദിപ്പോ കിട്ടും.." തുടര്‍ച്ചയായി ലാത്തി ഒരു ഓങ്ങലും .

നാണക്കെടോണ്ട് തല താഴ്ത്തി രാമേട്ടന്‍ വായന തുടങ്ങി.. 

"... അവന്‍ കയ്യെത്തിച്ച് ബ്ലൌസിന്റെ ........................."
ആദ്യം തപ്പി തടഞ്ഞു തുടങ്ങിയ വായന പിന്നെ ടോപ്‌ ഗിയരിലെത്തി..

ഇടയ്ക്കു വായനയില്‍ സ്പീഡ് കുറയുകയോ തടസ്സം നേരിടുകയോ ചെയ്യുമ്പോള്‍ പോലീസുകാരന്‍ ബ്രേക്ക്‌ ലൈറ്റ് പോലെ കളറുള്ള കണ്ണോണ്ട് രാമേട്ടനെ തറപ്പിച്ചു നോക്കി... പല്ലിറുമ്മി... കൈ ചുരുട്ടി കാണിച്ചു...

കഥയുടെ ക്ലൈമാക്സിലെത്താറായപ്പോള്‍ കൈപ്പത്തി പരത്തി 'മതി' എന്ന ആംഗ്യത്ത്തോടെ  ഇത്തവണ ചിരട്ട സൌമ്യമായി പാറപ്പുറത്തുരഞ്ഞു. 

"ഡൊ.. ഇവ്ടന്നെ നിക്കണം. മുങ്ങിക്കളയരുത്.
ഇവടത്തെ മൂത്രപ്പെരക്ക് വാതിലില്ലേ?  

ഞാന്‍ ഇപ്പൊ വരാം.."