Powered By Blogger

Wednesday, April 24, 2013

പലഹാരപ്പൊതികൾ

ജോലി കഴിഞ്ഞു വരുന്ന അമ്മയെ കാത്ത് കൊണ്‍വെന്റിലെ പ്രസിലും കുറച്ചു കൂടി മുതിർന്നപ്പോൾ ബസ് സ്റ്റോപ്പിനടുത്തുള്ള സുകുവേട്ടന്റെ ബാര്ബർ ഷോപ്പിനു മുന്നിലും സ്കൂൾ യൂണിഫോമുമിട്ടു കാത്തുനിന്നിരുന്ന കാലത്ത് ആ സമയം കളയലിൽ ദേഷ്യവും വളർന്നുകൊണ്ടിരിക്കുകയായിരുന്നു.

മറ്റു പിള്ളേർ മുഴുവൻ വീട്ടിലെത്തിക്കാണും. കളിച്ചു തിമിർക്കുന്നുണ്ടാവും. അവര്ക്ക് വീട്ടിൽ കാപ്പിക്ക് പലഹാരം കിട്ടുന്നുണ്ടാവും. തുടങ്ങിയ നിരന്തര ചിന്തകൾ മനസ്സിൽ അസ്വസ്ഥത വാരി വിതറിക്കൊണ്ടേയിരുന്ന ഒരു കാലമായിരുന്നു അത്. 

വീട്ടില് വേറെ ആരുമില്ല. അപ്പൻ ജോലി കഴിഞ്ഞ് എത്തുന്നത് രാത്രിയാണ്.  വീട്ടിലെത്തി, പൂട്ടിയിട്ട് പോന്ന വീട് തുറന്നാൽ ചായ ഉണ്ടാക്കി കിട്ടുന്നതിനോപ്പം ചിലപ്പോൾ ടിന്നിലടച്ചു വച്ച റസ്ക് കിട്ടും. ഗോതമ്പ് പൊടി കൊണ്ട് ദോശ, അട തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. മറ്റു പിള്ളേർക്ക് വൈകീട്ട് പലതരം സാധനങ്ങൾ തിന്നാൻ കിട്ടുന്നുണ്ടെന്നറിയുമ്പോൾ പിന്നേം ദേഷ്യം കൂടും. രാവിലെ എഴുന്നേറ്റു ചോറും കറിയും വച്ച് എല്ലാവര്ക്കും പാത്രത്തിലാക്കി വീടും പൂട്ടി ഇറങ്ങുന്നതിനിടയിൽ രാവിലേയും അമ്മയുടെ കയ്യീന്ന് കഞ്ഞിയല്ലാതെ വേറൊന്നും കിട്ടില്ല. ഉച്ചയ്ക്ക് എന്നും ചോറ് തന്നെ. ഓരോരുത്തന്മാർ ഇഡലിയും ദോശയുമൊക്കെ കൊണ്ട് വന്നു ഉച്ചക്ക് തിന്നുന്നത് കാണുമ്പോളും "ഇന്ന്  രാവിലെ ഇഡലി, ഇന്നലെ പുട്ടും പഴോം, മിനിയാന്ന് ദോശ" എന്നൊക്കെ ഓരോരുത്തന്മാർ വന്നു പറയുമ്പോളും  അമ്മയോടുള്ള ദേഷ്യം, ദേഷ്യം സ്ക്വയറും ദേഷ്യം + സങ്കടം ആൾ സ്ക്വയറും ഒക്കെ ആയി മാറിക്കൊണ്ടിരിക്കും. 

ഇതിനിടയിൽ പെയ്യുന്ന കുളിർമഴകളായിരുന്നു അമ്മയുടെ സ്കൂളിലെ സ്റ്റാഫ് മീറ്റിങ്ങുകൾ. അത് ഉണ്ടാവുന്ന ദിവസം വൈകീട്ട് അമ്മയുടെ ചോറുംപാത്രത്തിൽ ഉഴുന്നുവട, ലഡ്ഡു, ഇത്തിരി മിക്ചർ, വെണ്ണക്കടലാസിൽ പൊതിഞ്ഞ കേക്ക് പീസ്‌, ജിലേബി, മിട്ടായി, റോജാ പാക്കിന്റെ ഒരു ചെറിയ പാക്കറ്റ് എന്നിങ്ങനെ ഉള്ള എന്തെങ്കിലും ഒക്കെ ഉണ്ടാവും. മീറ്റിങ്ങിന്റെ പ്രത്യേകത അനുസരിച്ച് ഐറ്റംസ് കൂടിയും കുറഞ്ഞും ഇരിക്കും. റോജാ പാക്കിന്റെ പാക്കറ്റ് അപ്പന്. ബാക്കി എനിക്കും അനിയത്തിക്കും വീതം വച്ച് തരും. അതൊരു ആഘോഷമായിരുന്നു. 

വളരുന്നതിനനുസരിച്ച് അതിനോടും താല്പര്യം കുറഞ്ഞു വന്നു. "ഓ ഒരു പകുതി ലഡ്ഡു.. ആകെ ഇതേ ഉള്ളൂ .. ആര്ക്ക് വേണം" എന്ന ഒരു ഭാവം അങ്ങ് വരും. 
"വേണേൽ തിന്നിട്ടു എണീറ്റ്‌ പോടാ" അമ്മ പറയും. "കൊണ്ട് വന്നു കൊടുത്താലും പൊരാ.. " എന്ന മുറുമുറുപ്പും കേൾക്കാം. 

ഹൈ സ്കൂളിലെത്തിയപ്പോൾ "അമ്മയെന്തിനാ ഇതിങ്ങോട്ടു കേട്ടിച്ചോന്നു കൊണ്ട് വരണേ? അവിടെ വച്ച് കഴിച്ചൂടെ. വേറെ ടീച്ചർമാരെക്കൊണ്ട് പറയിക്കാൻ" എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ചിലപ്പോൾ എന്റെ പങ്ക് കൊതിയടക്കി ഉപേക്ഷിക്കാനും!

പലഹാരം കിട്ടാതിരിക്കാനുള്ള കാരണങ്ങൾ ഒക്കെ മനസിലാക്കിയും ഭക്ഷണകാര്യത്തിൽ  ഒന്നിന് വേണ്ടിയും വാശി പിടിക്കാതിരിക്കാനും പഠിച്ച് കാലമെത്ര കടന്നു പോയി. എനിക്കും മക്കളായി. എന്ത് പലഹാരവും ഉണ്ടാക്കികൊടുക്കാനുള്ള സമയവും സെറ്റപ്പുമായി. അങ്ങനെ ഉണ്ടാക്കിക്കൊടുത്താലും  അവർ അത് മൈൻഡ് ചെയ്യാതിരിക്കുന്നതു കണ്ട് തലമുറയുടെ അന്തരത്തെക്കുരിച്ചു ചിന്തിച്ചു വശക്കേടായി. 

"നിനക്കൊക്ക്യെ...  സമയത്തിനും തരത്തിനും കിട്ടീട്ടാ, കിട്ടാണ്ടാവുമ്പൊ പഠിച്ചോളും" എന്ന് ഭാര്യ പിള്ളെരോടു പറയുന്നത്‌ പലപ്പോളും ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ വിട്ടു.

കഴിഞ്ഞ ആഴ്ച ഇത്തിരി നേരത്തെ വീട്ടിലെത്തിയപ്പോൾ കൂട്ടുകാരി ജോലി കഴിഞ്ഞ് വന്നു കയറിയിട്ടേ ഉള്ളൂ. വെക്കേഷൻ സ്പെഷൽ ടിവി കാണൽ മക്കൾ തകർക്കുന്നുണ്ട്. അമ്മ അവര്ക്കടുത്തിരുന്നു എന്തോ തുന്നുന്നു. ഞാൻ മക്കൾക്കോപ്പം കൂടി. 

ഡ്രെസ് ചെയിഞ്ചു ചെയ്യാൻ പോയ സഹധർമ്മിണി എന്തോ പൊതിയും കൊണ്ട് അടുക്കളയിലേയ്ക്ക് പോകുന്നത് കണ്ടു. അൽപ്പ സമയത്തിനകം രണ്ടു പ്ലെയ്റ്റിലായി പകുതി മുറിച്ച ഒരു പഫ്സും കുറച്ചു ഫിന്ഗർ ചിപ്സും കൊണ്ട് വന്നു മക്കൾക്ക് കൊടുത്തു. 

"ഇന്ന് ഓഫീസിൽ ഒരു കുട്ടിയുടെ ട്രീറ്റുണ്ടായിരുന്നു.ഞാൻ പറയാറില്ലേ വിനീത. ആ കുട്ടിയുടെ ഹസ്ബന്റു ഇന്നലെ വന്നു. അതിന്റെ .... " 

ഞാൻ അവളെ നോക്കി, പിന്നെ അമ്മയെയും.
ഒരുപാടോർമ്മകൾ എന്നെ തഴുകിയൊഴുകി.
കണ്ണ് നിറഞ്ഞോ.. ആവൊ.  

എത്ര ശ്രമിച്ചാലാണ് എനിക്കൊരു അമ്മയെപ്പോലെ അഭിനയിക്കാനെങ്കിലും കഴിയുക!! 

Monday, March 4, 2013

പാവം



ചെന്ന് കയറിയാതെ അമ്മ 'റേഡിയോ' ഓണ്‍ ചെയ്തു. 

"നിന്റെ കൊളെജീന്നു പരീക്ഷേടെ മാര്‍ക്ക് കാര്‍ഡ് ആയി വന്നണ്ട്. 
മൂന്നെണ്ണത്തില്‍ ചോപ്പ മഷി കൊണ്ട് ഫെയില്‍ എന്ന് എഴ്തീണ്ടെന്നു അപ്രത്തെ വീട്ടിലെ രാജി പറഞ്ഞു. അവള്‍ പറഞ്ഞില്ലെങ്കിലും എനിക്കരിയാര്‌ന്നു. ചോപ്പ് കണ്ടാ തോറ്റതന്നെ.. മൂന്നെണ്ണതതില്‍ തോറ്റുല്ലേ? എന്റെ പുന്നാര മോന്‍ എന്തിനാ കളസോം ഷര്‍ട്ടും കുത്തിക്കേറ്റി രാവിലെ പോണത്? അച്ഛന്‍ മരുഭൂമിയില്‍ വെയില് കൊണ്ടുണ്ടാക്കണ കാശ് കടലീ കായം കലക്കണ പോലെ ആക്കാനൊ ... "

'ഈ... ശ്വരാ.. ' 
മനസിലൂടെ ഒരു വെള്ളിടി പാഞ്ഞു പോയി. 

പണ്ടാരക്കാലന് പ്രിന്സിക്ക് കാര്‍ഡിലല്ലാതെ ഈ കോപ്പ് അയയ്ക്കാന്‍ തോന്നിയില്ലെ. 

പോസ്റ്റ് മാന്‍ തെണ്ടീ.. കൃത്യമായി അമ്മേടെ കയ്യീ തന്നെ കൊടുത്തു അല്ലെ? എന്റെ കയ്യീന്ന് കിട്ടിയ ഫോറിന്‍ പെനയ്ക്കുള്ള നന്ദിയെങ്കിലും വേണമെടാ പട്ടീ. 

രാജീടെ മുഖത്ത് ഇനി എങ്ങിനെ നോക്കും..  ബ്രൂട്ടസി.. അവള്‍ താപ്പു നോക്കി വുഡ് ബി അമ്മായമ്മേടടുത്ത് സ്കോര്‍ ചെയ്തു. ഇതിനു തിരിച്ചു പണി ഞാന്‍ തരും. 

അനിയന്‍ ഇപ്പൊ വരും. അവന്‍ കൂടി അറിഞ്ഞാല്‍ പിന്നെ, നാളെ നേരം വെളുക്കുംമ്പോളേയ്ക്കും  ഈ നാട്ടിലറിയാന്‍ ആരെങ്കിലും ബാകിയുണ്ടാവുമൊ എന്തോ

"എന്താണ്ട വായും പൊളിച്ചു നില്‍ക്കുന്നത്? നാവിറങ്ങിപ്പോയോ?"

"അമ്മ പറഞ്ഞോണ്ടിരിക്ക്യല്ലേ.. " 

പെട്ടെന്ന്. 
പ്ലസ് ടു വിനു പഠിക്കുമ്പോള്‍ സയന്‍സ് ലാബിലെ ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞു എന്ന് പറഞ്ഞു തിരിച്ചു കിട്ടിയ കോഷന്‍ ഡെപ്പോസിറ്റ് മുക്കിയ കഥ ഓര്‍മ്മ വന്നു. 

തലയ്ക്കു മുകളില്‍ ഹൈ മാക്സ് ബള്‍ബുകള്‍ ഒരുമിച്ചു മിന്നി. വിദ്യാഭ്യാസപരമായി അമ്മ വട്ടപൂജ്യമാണ്. തപ്പി തടഞ്ഞു എന്തോ വായിക്കാനറിയാം എന്ന് മാത്രം. ആ അമ്മ എന്നോട് .. ഹും. 

കൊടുത്തു, അഡ്വാന്‍സ് ചെയ്ത ഗോളിയുടെ തലയ്ക്കു മുകളിലൂടെ ഒരു ലോബ് .. 

"അമ്മേടെ പ്രക്ഷേപണം കഴിഞ്ഞോ?
പത്തു പൈസേടെ വിവരമില്ലാത്ത ആ രാജിയൊന്നും പറയുന്ന കേട്ട് തുള്ളരുത് .. 
മറ്റു വിഷയങ്ങളില്‍ ഇത്തിരി മാര്‍ക്ക് കുറവാണ് ശര്യാ.. 
പക്ഷെ നിങ്ങള്‍ കണ്ടു പിടിച്ച ആ മൂന്നു ഫെയില്‍ ഉണ്ടല്ലൊ.. അത് ഫെയില്ട്   അല്ല. 
ഫയല്‍ട് . ഫ  യ  ല്‍ട് !!
ഫയല്ദ്.. ന്നു വച്ചാ ഫയല്‍ ചെയ്തിരിക്കുന്നു. കേട്ടിട്ടില്ലേ, കേസ് ഫയല്‍ ചെയ്തിരിക്കുന്നു എന്നൊക്കെ? 
എവടെ.. വല്ല വാര്‍ത്തയും കാണ്.  എല്ലാ നേരവും സീരിയലിനു മുന്നില്‍ ഇരിക്കാതെ. 
ആ മൂന്ന് സബ്ജെക്ടിലും ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് എനിക്കാ. അത് കോളേജില്‍ ഫയല്‍ ചെയ്തു വച്ചിട്ടുണ്ട്. ഇനി വരുന്ന കുട്ടികള്‍ക്ക് റെഫര്‍ ചെയ്യാന്‌. 
അമ്മയും അമ്മയുടെ കണ്ടു പിടുത്തങ്ങളും. "

ഗോള്‍ !!!

അമ്മ വായും പൊളിച്ചു നില്‍ക്കുന്നതും കുറ്റബോധം ആ മുഖത്ത് വിരിഞ്ഞതും കണ്ടു മനസ്സില്‍  ചിരിച്ചു. ആ താപ്പിനു കാര്‍ഡ് ഒപ്പിടീച്ചു പുറത്തേയ്ക്ക് നടക്കാനായുമ്പോള്‍ അടുത്ത വല വീശി. 

"അതേയ്, ഫൈനല്‍ എക്സാമിന്റെ ടൈം ടേബിള്‍ ഫീസ് വേണം. അഞ്ഞൂറ്റി മുപ്പത്തേഴ് , അമ്മ ഒരറന്നൂര് തന്നോ.. !"

"പരീക്ഷാ ഫീസ്‌ നീ അടച്ചതല്ലേ?"

"അത് എക്സാം ഫീസല്ലേ? ഇത് വേറെ, ഇതടച്ചില്ലെങ്കില്‍ ടൈം ടേബിള്‍ കിട്ടില്ല. അവസാനം മെയിന്‍ പഠിച്ചു ചെല്ലുമ്പൊ സബ്ജെക്റ്റ് ആവും വരണത് .. "

"അയ്യൊ.. അങ്ങനെ ഒക്കെ വര്വോ?"

"വരാണ്ടിരിക്കാനല്ലേ ഫീസ്‌ അടയ്ക്കണത് "

"ഹും.. പത്തു പൈസ ഞാന്‍ കൂടുതല്‍ തരില്ല. കെട്ടല്ലൊ. "

"ഓ, അല്ലെങ്കില്‍ അമ്മയങ്ങു തന്നിട്ട് .....  എനിക്കറിയാം അമ്മ തരില്ലാന്ന്. 

പുറത്തേയ്ക്ക് നടക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു. 

"പാവം "

Tuesday, January 29, 2013

നീന്തല്‍ പഠനം.




മുന്പ് താമസിച്ചിരുന്ന വീട് നിന്നിരുന്ന സ്ഥലത്തിനു താഴോട്ടു തട്ട് തട്ട് പോലെയാണ് പറമ്പുകള്‍. മൂന്നോ നാലോ പറമ്പുകള്‍ കഴിഞ്ഞാല്‍ തേമാലിപ്പറമ്പുകളായി. തുടര്‍ന്ന്‍ വിശാലമായ പാടം. പാടത്തിന്റെ ലെവലിലുള്ള പറമ്പില്‍ ചാലുകള്‍ കീറും. ആ മണ്ണ് ചാലുകള്‍ക്കിടയില്‍ ഇട്ടു ഉയര്‍ത്തും. അതില്‍ തെങ്ങും ഇടവിളകളും കൃഷി ചെയ്യും. ചാലുകള്‍ക്ക് നാലടിയോളം താഴ്ച കാണും. പത്തടിയോളം വീതിയും. പറമ്പുകള്‍ക്കനുസരിച്ച് അറുപതും എഴുപതും അടി നീളം വരെ ചാലുകള്‍ക്ക് കാണും.രണ്ടു ചാലുകല്‍ക്കിടയില്‍ പതിനഞ്ചു - ഇരുപതടി സ്ഥലം. ഇങ്ങനെ ചാലുകളും കരയും കൂടിച്ചേര്‍ന്നതാണ് തേമാലിപ്പറമ്പുകള്‍. മഴക്കാലത്ത് ചാലുകള്‍ നിറഞ്ഞു കവിയും. ഓരോ ചാലിനെയും ബന്ധിപ്പിക്കുന്ന കഴകളിലൂടെ, പാടത്തെ വെള്ളം കവിഞ്ഞ് മീനുകള്‍ കയറി വരും. ബ്രാലുകള്‍ പാറ്റും. കുളംചാടികള്‍ കൂട്ട് കൂടി നടക്കും. കരിപ്പിടികള്‍ 'ഗ്ലപ്' എന്ന ശബ്ദത്തോടെ നീര്‍ കുടിച്ചു പോകും. ചാലിലെയ്ക്ക് ചാഞ്ഞിറങ്ങുന്ന പുല്ലിനിടയിലൂടെ നീര്‍ക്കോലികള്‍ തല നീട്ടും. വേനലില്‍ ചാലുകള്‍ വെള്ളം വലിഞ്ഞു വറ്റും. ചാലിലെ തന്നെ കൂടുതല്‍ ആഴമുള്ള ഭാഗത്തേയ്ക്ക് വന്നു ചേരുന്ന മീനുകളെ ആളുകള്‍ തേവിപ്പിടിയ്ക്കും. 

ഇടവിളകള്‍ക്കു വെള്ളം കിട്ടാനുള്ള സംവിധാനം ഒരുങ്ങുന്നത് വേനലിലാണ്. അതിനു വേണ്ടി പത്തുമുപ്പതടി താഴ്ചയ്യുള്ള ചതുരക്കിണറൂകളുണ്ടാക്കും. പത്തു പതിനഞ്ചടി വീതിയും ഇരുപതടിയോളം നീളവും ഇതിനുണ്ടാവും. ചിലര്‍ ഇതിനെ കൊക്കരണി എന്ന് വിളിക്കും. ഇത്തരം കുഴികളുടെ വശത്തായി വളര്‍ത്തിയിരിക്കുന്ന കരിശു പോലുള്ള മരങ്ങള്‍ക്കിടയില്‍ വിലങ്ങനെ വച്ച് കെട്ടിയ കനമുള്ള ഇരുമ്പുകമ്പിയിലാണ് ജലസേചന സംവിധാനം സ്ഥാപിക്കുന്നത്. ഇതൊരു നീളമുള്ള മരക്കഷണമാണ്. മുകളില്‍ പറഞ്ഞ ഇരുമ്പുകമ്പിയില്‍  ഇതു കോര്‍ത്ത്‌ കയറ്റി താങ്ങുകളില്‍ പിടിപ്പിച്ചാല്‍ 'കൊട്ടത്തേക്കി'ന്റെ പ്രാഥമിക രൂപമായി.  ഒരു സീസോ പോലെ ഇത് നില്‍ക്കും.വെള്ളം എടുക്കാനുള്ള ഭാഗത്ത് നീളം കൂടുതലുള്ള മുളകൊണ്ടുണ്ടാക്കിയ കോല്‍ കെട്ടിയിടുന്നു. മറു വശത്ത് ഭാരത്തിനായി കുമ്പിളാകൃതിയില്‍ മുള വച്ച് കെട്ടി അതില്‍ കല്ലും മണ്ണും ചെളിയും നിറച്ചു ഭാരം ഉണ്ടാക്കുന്നു. ഇനി വെള്ളം കോരിയെടുക്കാനുള്ള മരം കൊണ്ടുണ്ടാക്കിയ കൊട്ട മുളംകോലിനറ്റത്ത് പിടിപ്പിച്ചാല്‍ ഒരു ഉത്തോലകം പോലെ ഈ കൊട്ടത്തെക്ക് ഉപയോഗിക്കാം. ഒറ്റ കൊരലില്‍ നാല്‍പ്പതു - നാല്‍പ്പത്തഞ്ചു ലിറ്റര്‍ വെള്ളം കിട്ടും. തേവുന്ന കുഴിയ്ക്കു മുകളില്‍ വിലങ്ങനെ ബലമുള്ള മരക്കഷണം ഇടും. അതിനു മുകളില്‍ നിന്ന് കരയിലേയ്ക്ക് അടയ്ക്കാമരത്തിന്റെ പൊളികള്‍ രണ്ടോ മൂന്നോ കമഴ്ത്തിയിട്ട്‌ അതില്‍നിന്നാണ് വെള്ളം തേവുന്നത്. ബാലന്‍സ് വേണ്ട പണിയാണ്. നാട്ടിന്‍പുറങ്ങളിലെ എല്ലാവര്ക്കും ഇതില്‍ എക്സ്പീരിയന്‍സ് ഉണ്ടായിരുന്നു. കൊട്ട താഴ്ത്താന്‍ ഇത്തിരി ആരോഗ്യം വേണം. ഒമ്പത് പത്തു ക്ലാസിലോക്കെ എത്തിയപ്പോളേയ്ക്കും ഞാന്‍ ഇതിലൊക്കെ നല്ല കൈത്തഴക്കം കൈവരിച്ചു. 

പറമ്പ് വിട്ടു പാടത്തോട്ടു ഇറങ്ങിയാല്‍ കുളങ്ങളുടെ ബഹളമാണ്. നായര്‍ തറവാടുകളുടെ പിറകില്‍ മിനിമം ഒരു കുളമെങ്കിലും കാണും. അതും വലുപ്പമുള്ളത്‌. പാടത്തിനു നടുവിലൂടെ ഒരു വലിയ തോട്. അതില്‍നിന്നൊഴുകുന്ന ചെറിയ തോടുകള്‍. സമചതുരത്തില്‍ വെട്ടിയിറക്കിയ നടുവില്‍ കിണറുള്ള ചെട്ട്യാരുകുളം. വീട്ടു വളപ്പിനു വശത്തുകൂടെ ഒഴുകുന്ന ഇറിഗേഷന്‍ കനാല്‍.. ഇങ്ങിനെ ചെറുതും വലുതുമായ സ്വിമ്മിംഗ് പരിശീലന സ്ഥലങ്ങളും മികവുറ്റ 'പരിശീലകരും' ഉണ്ടായിട്ടും എനിക്ക് ഹൈസ്കൂളില്‍ എത്തുന്ന കാലത്ത് നീന്തലറിയില്ലായിരുന്നു! നീന്തല്‍ പഠിക്കാന്‍ പോയിട്ട്, വെള്ളത്തിലിറങ്ങാന്‍ പോലും അമ്മയറിഞ്ഞാല്‍ സമ്മതിക്കില്ല. എങ്കിലും ഞാന്‍ വേലി ചാടും.മേല്‍പ്പറഞ്ഞ അക്വാറ്റിക് പൂള്‍ കോംപ്ലക്സിന്റെ ഭൂമിശാസ്ത്രം മുഴുവന്‍ എനിക്ക് അറിയാം. മഴക്കാലത്ത് വെള്ളം കയറുമ്പോള്‍, ഏതൊക്കെ ചാലുകളില്‍ സേഫായി ഇറങ്ങാമെന്നു നല്ല നിശ്ചയമായിരുന്നു. അതില്‍ മാത്രം ഞാനിറങ്ങും.അതിനു നീന്തല്‍ അറിയേണ്ടല്ലോ! ഒരുവിധപ്പെട്ട സമപ്രായക്കാര്‍ക്കൊക്കെ ഞാനൊരു 'നീരാളി'ആണെന്ന ധാരണ പരത്താന്‍ എന്നെക്കൊണ്ട് സാധിച്ചു.നീന്തലറിയില്ലെന്നെങ്ങാന്‍ പറഞ്ഞുപോയാല്‍ ഇടിഞ്ഞു തകരാന്‍ പോകുന്ന ഇമേജ് കണക്കിലെടുത്ത് ഞാന്‍ അത് മൂടി വച്ചു.

നീന്തല്‍ അറിയില്ലെന്ന് പറഞ്ഞു നാണം കെടാതെ നീന്തല്‍ പഠിക്കാന്‍ ഞാന്‍ രണ്ടു മാസ്റ്റെഴ്സിനെ കണ്ടെത്തി. ജോണിയും സജീവനും. ഞാന്‍ എട്ടില്‍ പഠിക്കുമ്പോള്‍ ജോണി ആറില്‍. സജീവന്‍ അഞ്ചില്‍. അവരാവുമ്പോള്‍ ഉള്ള ഗുണമെന്താണെന്ന് വച്ചാല്‍ നമ്മള്‍ പറയുന്നത് കേട്ടോളും. പിന്നെ, രണ്ടും കിടിലന്‍ നീന്തുകാരാണ്. അങ്ങിനെ, സ്കൂള്‍ ഉച്ചയ്ക്ക് വിടുന്ന ദിവസങ്ങളില്‍, അപ്പനും അമ്മയും വീടിലില്ലാത്ത ദിവസങ്ങളില്‍ ഒക്കെ ഞാന്‍ മേല്‍പ്പറഞ്ഞ മാഷുമ്മാരെ കുളംചാടിമറിയലിനിടയില്‍ വീക്ഷിക്കാന്‍ തുടങ്ങി.

അവര്‍ മലര്‍ന്നും, കമിഴ്ന്നും, മുങ്ങാംകുഴിയിട്ടും, വെള്ളച്ചവിട്ടില്‍ നിന്നും, മുതലക്കൂപ്പ് നടത്തിയും എന്നില്‍ ആവേശം പകര്‍ന്നു. ഞാന്‍ എനിക്ക് നിലയുള്ള ഭാഗത്ത് ഈ വക പരീക്ഷണങ്ങള്‍ നടത്തുന്നതായി അഭിനയിച്ച് അവരെ പറ്റിച്ചു!

അങ്ങിനെയിരിക്കെ ഒരു വേനല്‍ക്കാലത്ത്, ഞങ്ങള്‍ സംഖം ചേരുന്നു, വിഷയം മീന്‍പിടുത്തം ആന്‍ഡ്‌ കുളം ചാടല്‍. മീന്‍പിടുത്തം വേഗം അവസാനിച്ചു. ചാലുകളായ ചാലുകളൊക്കെ കലങ്ങി മറിഞ്ഞു കിടക്കുന്നു. അപ്പോള്‍ കുളി അലമ്പാവുമോ എന്ന സംശയത്തിനു "നമുക്ക് തോട്ടില്‍ പോവാം" എന്ന സജഷന്‍ ഞാന്‍ വെച്ചു. അവിടെ നിലയുണ്ടെന്നു എനിക്ക് നല്ല ഉറപ്പാ.

"ഏയ്‌.. നമുക്ക് കുട്ടപ്പന്‍ വെല്ല്യച്ചന്റെ കൊട്ടത്തേക്ക് കുഴിയില്‍ മദിക്കാം" എന്നായി മാസ്റ്റേഴ്സ് ഓഫ് യൂണിവേഴ്സ്

എന്റെ ഉള്ളു കാളി. വേനലായിട്ടും രണ്ടാള്‍ക്ക്‌ വെള്ളമുള്ള കുഴി. സൈഡില്‍ പിടിച്ചു നില്‍ക്കാന്‍ പടവു പോലുമില്ല.അവിടെയെത്തുമ്പോ ഇവരെ എന്തെങ്കിലും കാര്യം പറഞ്ഞു പിന്തിരിപ്പിക്കാം എന്ന് ചിന്തിച്ചു ഞാന്‍ ഗെടികളെ ഫോളോ ചെയ്തു.

എന്റെ എല്ലാ കണക്കുകൂട്ടലും തെറ്റി.

കാര്യങ്ങള്‍ വിശദമാക്കുന്നതിനു മുന്‍പ് തന്നെ രണ്ടു പേരും തേവുന്ന പടിയില്‍നിന്നു വെള്ളത്തിലേയ്ക്ക് മുതലക്കൂപ്പ് നടത്തി. കണ്ണീരു പോലെ തെളിഞ്ഞ വെള്ളം. അതിനകത്ത് ജോണിയുടെയും സജീവന്റെയും ആര്‍മാദം. രണ്ടു പേരും ഇടയ്ക്ക് കരയ്ക്ക്‌ കയറുന്നു, പല തരം ഡൈവുകള്‍ നടത്തുന്നു, എന്നോടു "ഇറങ്ങുന്നില്ലേ" എന്ന് ചോദിക്കുന്നു.

എനിക്ക് ആവേശവും കൊതിയും മൂത്ത് പ്രാന്തായി.
ചുറ്റും നോക്കിയപ്പോള്‍ അതാ ഇരിക്കുന്നു പതിനഞ്ചു ലിറ്റര്‍ കൊള്ളുന്ന ഒരു പ്ലാസ്റ്റിക് കാന്‍ വിത്ത് അടപ്പ് . 'യഹി ഹേ റായ്ട്ട് ചോയ്സ് ബേബി..ആഹ..' 

സാധനം എടുത്തു വാഴവള്ളികൊണ്ട് ഒരു സേഫ്റ്റി ബെല്‍ട്ടും ഫിറ്റ് ചെയ്ത്‌, മുണ്ടഴിച്ച് വച്ച് തോര്‍ത്തുടുത്ത്‌ ഞാന്‍ കുഴിയിലെയ്ക്കിറങ്ങി. കാനിനു മുകളില്‍ വെള്ളത്തില്‍ കിടന്നു. "ചുമ്മാ നീന്തി ആരോഗ്യം കളയേണ്ട എന്ന് കരുതി" എന്നൊരു വിശദീകരണക്കുറിപ്പിറക്കി. മറ്റവര്‍ രണ്ടാളും ചാട്ടവും മറിയലും തുടര്‍ന്നുകൊണ്ടിരുന്നു. 

ഇടയില്‍ എനിക്കൊരു ബോധോദയമുണ്ടായി. എനിക്കെന്തുകൊണ്ട്‌ ഒരു സമ്മര്‌സൊള്‍ട്ട്  പരീക്ഷിച്ചു കൂടാ?

കൂടുതല്‍ ആലോചനകള്‍ ഉണ്ടായില്ല. 
മുകളില്‍ കയറി. ഓരോന്നൊന്നര ചാട്ടമങ്ങു വച്ച് കൊടുത്തു.

വെള്ളം തലയ്ക്ക് മുകളില്‍ ആരവമുയര്ത്തുന്നതും തുടര്‍ന്നു കാനിന്റെ ബലത്തില്‍ മുകളിലേയ്ക്ക് പൊന്തുന്നതും കണക്കു കൂട്ടിയിരുന്ന എനിക്ക് തെറ്റി. സേഫ്റ്റി ബെല്റ്റ് പൊട്ടി എന്റെ ജീവന്‍ ഞാനെല്പ്പിച്ചിരുന്ന ആ പ്ലാസ്റ്റിക് ക്യാന്‍ എന്നില്‍നിന്ന് വേര്‍പെട്ട് ദൂരേയ്ക്ക് നീങ്ങിപ്പോയി. 

കയ്യും കാലുമിട്ടടിച്ചു ഞാന്‍ മുകളിലേയ്ക്ക് പൊന്തി വന്നു. വെള്ളം കുറെ കുടിച്ചു. ജോണിയും സജീവനും എല്ലാം കണ്ടു നില്‍പ്പുണ്ട്. എന്റെ പരാക്രമം കണ്ടപ്പോള്‍ ജോണിക്ക് എന്തോ കത്തി. അവന്‍ വെള്ളത്തിലേക്ക് ചാടുന്നത് കണ്ടാണ്‌ ഞാന്‍ വീണ്ടും താഴ്ന്നു പോയത്.

കയ്യും കാലും തളര്‍ന്നു തുടങ്ങി.. കാലുകള്‍ നിലം മുട്ടി. പെട്ടെന്ന് മുന്നിലൂടെ എന്തോ നീങ്ങുന്നത്‌ കണ്ടു ഞാന്‍ അതില്‍ കയറിപ്പിടിച്ചു. അത് ജോണിയുടെ കാലായിരുന്നു. എന്റെ കനം മുകളിലെയ്ക്കുയര്ത്താന്‍ അവനു പറ്റിയില്ലെന്നു തോന്നുന്നു. പിടി വിടുവിക്കാന്‍വേണ്ടി എന്റെ  തലയില്‍ തന്നെ അവനു ചവിട്ടി മുകളിലേയ്ക്ക് കുതിക്കേണ്ടി വന്നു.

ഞാന്‍ വീണ്ടും വെള്ളം കുടിച്ചു.

കൈകളും കാലുകളും കുഴയുന്നതും മരണം വിളറിയ വെളിച്ചമായി അടുത്ത് വരുന്നതും  ഞാന്‍ തിരിച്ചറിഞ്ഞു. 

ഒരു നിമിഷം. എന്റെ തലയിലൂടെ ഒരു മിന്നല്‍ പാഞ്ഞു. 
ഇത് കുഴിയല്ലേ? വീതി കുറവല്ലേ?

ഞാന്‍ ഉള്ള ശക്തി മുഴുവന്‍ സംഭരിച്ചു കുളത്തിനടിയിലെ ചെളിയിലൂടെ നടന്നു. രണ്ടു സ്റ്റെപ്പ് വച്ചപ്പോലെയ്ക്കും കൈ കുളത്തിന്റെ വശത്ത് തട്ടി. അതിലൂടെ പരുങ്ങിപ്പിടിച്ചു ഞാന്‍ മുകളിലെയ്ക്കുയര്‍ന്നു.  തല വെള്ളത്തിനു മുകളിലെത്തിയപ്പോള്‍ പ്രാണവായു ആവോളം ഞാന്‍ വലിച്ചു കയറ്റി. കിതപ്പിനിടയില്‍ മരണത്തെ ഞാന്‍ തോല്‍പ്പിച്ചിരിക്കുന്നു എന്ന കാര്യം എന്റെയുള്ളില്‍ സന്തോഷം പരത്തി. അമ്പരന്നു നില്‍ക്കുന്ന സജീവനെയും ജോണിയും നോക്കി ഞാനൊരു ചിരി ചിരിച്ചു. ജീവിതത്തിന്റെ ചിരിയായിരുന്നു അതെങ്കിലും "ഇതൊക്കെ എന്റെയൊരു നമ്പരല്ലേ എന്ന ഭാവം പരമാവധി വരുത്തിയ ഒരു ചിരി.

അടുത്ത നിമിഷം ഞാന്‍ പിടിച്ചിരുന്ന വശത്തെ മണ്ണ് ഒരു വലിയ പാളിയായി ഇടിഞ്ഞു. ഞാനും മണ്ണും കൂടി വീണ്ടും വെള്ളത്തിലേയ്ക്ക് താഴ്ന്നു. വീണ്ടും കുറെ വെള്ളം കുടിച്ചു. നേരത്തെ കിട്ടിയ കുറച്ചു വായുവിന്റെ ബലത്തില്‍ പൊന്തി വന്നു. സജീവനോടു ഞാന്‍ പറഞ്ഞു..

"ഡാ.. എന്റെ മുണ്ടിട്ടു താടാ!"

താഴ്ന്നു, വീണ്ടും പൊന്തുമ്പോള്‍ എന്റെ കയ്യകലത്തില്‌ മുണ്ടിന് തലപ്പു ഞാന്‍ കണ്ടു.

എന്റെ ഡയറക്ഷന്‍ അനുസരിച്ച് എല്ലാ കാര്യങ്ങളും നടക്കുന്നതില്‍ പുളകിതനായി ഞാന്‍ മുണ്ടില്‍ പിടിച്ചുയര്‍ന്നു.

ശ്വാസകോശം നിറയുമാറു വെള്ളം കുടിച്ചുകൊണ്ട് ഞാനും മുണ്ടും കൂടി വെള്ളത്തില്‍ താഴ്ന്നു പോയി!


കരയ്ക്ക്‌ കേറി, ചര്‍ദ്ദിച്ചു അവശനായി തളര്‍ന്നിരിക്കുമ്പോള്‍ ജോണി പറഞ്ഞു. "എന്നേം കൂടെ കൊന്നേനെ.." 

ഞാനൊരു ഇളിഞ്ഞ ചിരി ചിരിച്ചു. എന്നിട്ട് സജീവനോടു ചോദിച്ചു..

"ഡാ, തെണ്ടീ.. നീ എന്ത് പണ്യാ കാണിച്ചേ.. "

"മുണ്ടിട്ടു തരാന്‍ പറഞ്ഞു, ഇട്ടു തന്നു. 
ഞാന്‍ വിചാരിച്ചു ഉടുക്കാനാണെന്ന് 
മറ്റെ തല പിടിക്കണമെന്ന് ചേട്ടന്‍ പറഞ്ഞില്ലല്ലോ.. !"


Monday, January 21, 2013

ചീട്ടുകളി


ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പെട്ടെന്നായിരുന്നു.
തലേന്നു രാത്രി അതിനുള്ള ഒരു ലാഞ്ചനയും കണ്ടില്ല. അതുകൊണ്ട് തന്നെ ഹര്‍ത്താല്‍ ദ്രാവകം വാങ്ങാനോ ഇറച്ചിയും മീനും വാങ്ങി അതിനു കൊഴുപ്പെകുവാനോ ഞങ്ങളുടെ നാട്ടിന്‍ പുറത്തെ പലര്‍ക്കും കഴിഞ്ഞില്ല. ജോലിയ്ക്ക് പുറപ്പെടുകയും ബസില്ലെന്നറിഞ്ഞു കവലയില്‍ കൂടി നില്‍ക്കുകയും ഒരുങ്ങാന്‍ സമയം തരാത്ത ഹര്‍ത്താല്‍ ആഹ്വാനികളെ മനസ്സില്‍ തെറി പറഞ്ഞൊതുക്കുകയും ചെയ്യുന്നതിനിടയിലാണ് ഒരുത്തന്‍ പ്രസ്ഥാവനയിറക്കിയത്.

"മ്മക്ക് രണ്ടു റൌണ്ട് റമ്മി ഇരുന്നാലോ? ഒരു അമ്പതിന്റെ കൈ വച്ച് ഇരിക്കാം. എട്ടു പേരുണ്ട്.ഒരു ഫുള്ളിനുള്ള കാശ്."

വല്യ കുഴപ്പമില്ലാത്ത നിര്‌ദ്ദെശമായതിനാലും വേറെ പ്രത്യേക പരിപാടികള്‍ നടക്കാന്‍ വഴിയില്ലാത്തതിനാലും എല്ലാവരും സമ്മതിച്ചു. പ്രകാശന്റെ പലചരക്കു കടയുടെ വരാന്തയില്‍ കളി തുടങ്ങി. കുറച്ചു കാഴ്ചക്കാരായി.. ആവേശപൂര്‍വ്വം കളി നീങ്ങി. പെട്ടെന്നാണ്  പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പോലെ ഒരു ശബ്ദം മുഴങ്ങിയത്.

"ആരും ഓടരുത്.. ചീട്ടുകളി പിടിച്ചിരിക്കുന്നു."

ശബ്ദത്തിന്റെ ഉടമയെ കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു പോയി. ഹെഡ് കൊന്‍സ്ട്ടബിള്‍ ആന്റണി. ഹര്‍ത്താലിന് സ്റ്റെഷനിലെയ്ക്കെത്താന്‍ സൈക്കിളിലാണ് വരവ്. സാധാരണ സെന്റ്‌ ജോണ് ബസില്‍ ഓസാണ് പതിവ്.

"ഹും.. കാശ് വച്ച് ചീട്ടു കളി.. അതും എന്റെ മുന്നില്‍.. നടന്നോ, എല്ലാവരും സ്റ്റെഷനിലെയ്ക്ക്.." പോലീസുകാരന്‍ മൊബൈലെടുത്തു. എസൈയെ വിളിക്കാന്‍.

"എന്റെ പോന്നു സാറേ, വെറുതെ ഒരു നേരം പോക്കിന് ഇരുന്നതാ. കാശ് വച്ചിട്ടുള്ള കളിയൊന്നുമല്ല."

"സാറേ, ഞാന്‍ വാട്ടര്‍ അതോരിട്ടിയിലെ,... ബസു കിട്ടാണ്ടായപ്പോ ചുമ്മാ രസത്തിനു ഒന്നിരുന്നതാ.."

"വീട്ടിലറിഞ്ഞാല്‍, ഞാന്‍ ആത്മഹത്യ ചെയ്യെ ഉള്ളൂ"

തുടങ്ങിയ വിലാപങ്ങളില്‍ ആന്റണിപ്പോലീസിന്റെ മനസ്സ് ഒന്നലിഞ്ഞു എന്ന് കണ്ടപ്പോ രമേശന്‍  സംഭവം ഏറ്റെടുത്തു.

"സാറ് ഇവരെയൊക്കെ അറിയണതല്ലേ? ഞങ്ങളൊക്കെ അത്തരക്കാരാണോ?"

"അല്ല, എന്നാലും"

"അതൊക്കെ വിട് സാറേ, സാറ് വേണേല്‍ എന്റെ കയ്യില്‍ ഇരുന്നോ, ഞാന്‍ വീട്ടീ പോവാ"

"ഏയ്‌, എനിക്ക് സ്റ്റേഷനീ പോണം"

"ഉവ്വ, അവിടെ സാറ് ചെന്നിട്ടു വേണം മല മറിക്കാന്‍, സാറ് ഈ കയ്യങ്ങോട്ടു വാങ്ങിച്ചേ."

പോലീസുകാരന്‍ രമേഷിന്റെ കൈ ഒന്ന് പാളി നോക്കി. ലൈഫ്, സെക്കണ്ട്, ഒരു ജോക്കര്‍, ചാന്‍സ്..ആഹ.

വേണ്ട എന്ന ഭാവം മുഖത്ത്‌ വരുത്തി, ചീട്ടു ഏറ്റു വാങ്ങി. തൊപ്പിയൂരി ചുവരിലെ ആണിയില്‍ തൂക്കി പോലീസുകാരന്‍ കളിയില്‍ ചേര്‍ന്നു. രണ്ടു റൌണ്ട് പോയി വന്നപ്പോലെയ്ക്കും ഗെഡി കമഴ്ത്തി. രണ്ടു പേര്‍ ഔട്ട്‌. മൂന്നു പേര് നിര്‍ബന്ധമായും കളിക്കേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. താന്‍ ലീസ്റ്റ് പോയന്റില്‍ ആണെന്ന് കണ്ടു മനസ്സിലെ സന്തോഷം ഒതുക്കി വച്ച് പോലീസുകാരന്‍ ചോദിച്ചു.

"എത്രയ്ക്കാടാ കളി?"

"അമ്പത് രൂപെയുള്ളൂ"

"വല്ല പത്തിരുന്നൂറ്റംപതിനും കളിചൂടാര്‍ന്നില്ലെടോ? ഇത് ഒരു മാതിരി പിള്ളേര്‍, മിട്ടായിക്ക് കളിക്കുന്ന പോലെ"

"അല്ല അതിനു ഞങ്ങള്‍.."

"സാരല്ല്യ, അമ്പതെങ്കില്‍ അമ്പത് .. മൊത്തം മുന്നൂറ്റമ്പത്.. ഹും. ചീട്ടിറക്ക്"

ചീട്ടു വന്നു, ഒരു രക്ഷയുമില്ല. സ്കൂട്ട്‌ ചെയ്യാന്‍ മനസിലുറ പ്പിക്കുമ്പോള്‍  രണ്ടാമതിരിക്കുന്നവന്‍ ഒരു ചീട്ടു വലിച്ചെടുത്തു ഒറ്റ കമഴ്ത്ത്! ഓപ്പന്‍ റമ്മി.. പോലീസുകാരനടക്കം നാല് പേര്‍ ഔട്ട്‌! കാണികളുടെ ആരവത്തിനിടയില്‍നിന്നു അന്റണിപ്പോലീസ് ചമ്മിയ മുഖവുമായി എണീറ്റു.

തൊപ്പിയെടുത്ത് തലയില്‍ ഫിറ്റ് ചെയ്തു, തൊണ്ട ഒന്ന് ശരിയാക്കി 
എന്നിട്ട് പാറപ്പുറത്ത് വീണ്ടും ചിരട്ടയുരച്ചു..

"ആരും ഓടരുത്..
ചീട്ടുകളി വീണ്ടും പിടിച്ചിരിക്കുന്നു!"

Wednesday, November 28, 2012

നിരാശാ കാമുകന് പറയാനുള്ളത്!

പ്രിയമുള്ള അനിയന്മാരെ,

ആടുമേയ്ക്കല്‍ മറന്നു ഫ്ലൂട്ട് വായിച്ചു ചന്ദ്രികയെ സന്തോഷിപ്പിച്ചു അവസാനം പ്രാന്തനായ രമണന്റെ കഥയിലൂടെ സ്വന്തം ജീവിതം പകര്‍ത്തിയ എന്റെ ആത്മീയ ഗുരു ചങ്ങമ്പുഴയെ മനസ്സില്‍ സ്മരിച്ചുകൊണ്ട്, 'സന്യാസിനീ...' പാടി നടന്ന ദിവസങ്ങള്‍ക്കു ശേഷം സ്വന്തം പോക്കറ്റ് നോക്കി, "പണ്ടാരക്കാലീ നീ മുടിഞ്ഞു പോവേയുള്ളൂ" എന്ന് മനസ് നൊന്തു പ്രാകിയ ആയിരക്കണക്കിന് മുന്‍ഗാമികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്‌.. രാവിലെ ഷെയര്‍ ചെയ്തടിച്ച പൈന്റിന്റെ ആന്തല് കഴിഞ്ഞപ്പോ വീണ്ടും വന്ന ഹൃദയവേദനയില്‍ ചാലിചെടുത്ത ടച്ചിങ്ങ്സ് .. അല്ല കുറച്ചു വാക്കുകള്‍ - നിലയില്ലാക്കയത്തിലെയ്ക്കെടുത്ത് ചാടി സായൂജ്യമടയാന്‍ ഒരുങ്ങുന്ന പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പറയുകയാണ്‌.

വേണെങ്കി കേട്ടോ.

ദിപ്പോ, നിങ്ങളീ കാണിക്കാന്‍ പോണ ആവേശമുണ്ടല്ലോ അതിന്റെ എഴെരട്ട്യാര്‍ന്നു എനിക്ക്. ഹോ.. എന്താര്‍ന്നു! പത്താം ക്ലാസില് തോടങ്ങ്യ പരിപാട്യല്ലേ.... എന്തൂട്ട്? എന്റെ പ്രേമം! അമ്പലത്തീ പോയി വരണ അവള്‍ടേം കൂട്ടുകാരീടേം മുന്നില്‍ ഇടിഞ്ഞു പൊളിഞ്ഞൊരു വീഴ്ച. സൈക്കിളുമേന്നു. അന്നത്തെ ചിരിയില്‍ ഞാന്‍ വീണ്ടും വീണു. അന്ന് തുടങ്ങീതാ.. "പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും..." എന്ന പാട്ട് മനസ്സില്‍ പാടിയങ്ങു തുടങ്ങി.
ഹ്മം.. അവള് ദേവസ്ത്രീയായി.. ഞാനൊരു പിച്ചക്കാരനും!

പ്ലസ് ടൂ നു അവള് പഠിക്കണ സ്ഥലത്ത് തന്നെ ചേരണമെന്ന് എന്റെ ആഗ്രഹം നടന്നില്ല. മോഡറെഷന്‍ എന്ന റേഷന്‍ കിട്ടി ജയിചോര്‍ക്ക് അവിടെ പഠിക്കാന്‍ സീറ്റ് കിട്ടുമായിരുന്നില്ല. എങ്ങനെ കിട്ടും പുത്തകം തോറക്കുംപോ തെളിയല്ലേ, ലവള്ടെ മോന്ത. അങ്ങനെ, ഞാന്‍ പിള്ളമാഷ്ടെ 'ഓലപ്പെരക്കൊളേ ജി'ലും അവള് പത്രാസുകാര് പഠിക്കണ കൊണ്‍വെന്ടിലും ആണെങ്കിലും മറ്റാരും കാണാതെ എന്നെ നോക്കിയുള്ള ചിരിയും ആ നോട്ടവും ഹൃദയത്തില്‍ വെച്ചുകൊണ്ട് നടന്നു ഞാന്‍ രണ്ടു കൊല്ലം തള്ളി നീക്കി - വായീനോക്കി എന്ന പേര് കിട്ടിയെങ്കിലും!

നഗരത്തിലെ കോളേജില്‍ അവള്‍ ചേര്‍ന്നപ്പോ ഞാന്‍ ഐടീസീ ചേര്‍ന്നു. വേറാരും അവളെ ലൈനടിക്കാതിരിക്കാന്‍ രാവിലേം വൈകീട്ടും എസ്കോര്‍ട്ട് പോയി.അവളുടെ നോട്ടവും ചിരിയും വര്ത്താനങ്ങളിലെയ്ക്കും ഐസ്ക്രീമിലെയ്ക്കും വളര്‍ന്നു. എന്റെ മാത്രം എന്ന ചിന്തയില്‍, അവള്‍ കൊളേജിലാരോടും മിണ്ടുന്നുണ്ടോന്നറിയാന്‍ സ്വന്തം ഗെഡീസിനെ ഉണ്ടാക്കി. അവര്‍ക്ക് ചെലവു ചെയ്യാന്‍ ഇലക്ട്രീഷ്യന്‍ അശോകേട്ടന്റെ കൂടെ ചുമര് വെട്ടിപ്പോളിക്കും പ്ലംബിംഗ് പണിക്കും പോയി. അവളോടു ഐ ലവ് യു പറഞ്ഞ ഒരുത്തനു പൂരത്തിന്റെ അന്ന് ടൌണിലിട്ടു പടക്കം പൊട്ടിക്കാന്‍ കെലിപ്പ് ടീംസിനെ ഇറക്കി. അതിനു മെനയ്ക്ക് ചെമ്പ് ചെലവായി. അത് കൊടുക്കാന്‍ വീട്ടിലെ ചെമ്പും ചരുവോം വിറ്റത് കൃഷ്ണന്‍ മൂശാരി ഒറ്റിക്കൊടുത്തതോടെ വേറൊരു പേര് കൂടിയായി.. കള്ളന്‍.

പൂശു കൊണ്ടവന്റെ കയ്യില്‍ കൂടുതല്‍ കാശുണ്ടാര്‍ന്നുന്ന്. ഞാന്‍ ഇറക്കിയ ടീംസ് തന്നെ എന്നെ തിരിച്ചു കിഴിയിട്ടപ്പോ മനസിലായി. ഇഞ്ച ചതയ്ക്കണ പോലയല്ലേ പൂശീത്. ബോധം കേട്ട പോലെ അഭിനയിച്ച കാരണം പൂത്യാവാതെ രക്ഷപ്പെട്ടു. ആ.. മറ്റൊരു പേര് കൂടി കിട്ടി - തല്ലുകൊള്ളി.

ഇടയ്ക്കവള്‍ "വീട്ടീന്ന് തരുന്നില്ല" എന്ന് പറഞ്ഞു പല കാര്യങ്ങള്‍ക്കും കാശ് വാങ്ങി. "പിശുക്കാ.. ഇതൊക്കെ തിരിച്ചു ഈടാക്കിക്കൊളാം" എന്ന് അവള്‍ടെ അച്ഛനോട് മനസ്സില്‍ പറഞ്ഞു ഞാനതൊക്കെ കൊടുത്തു. ടൂര്‍ പോകാനോക്കെ ഉണ്ടാക്കിക്കൊടുത്ത കാശിന്റെ പിന്നിലെ കളികള്‍ അറിഞ്ഞാ ഞാനന്ന് എസ ഐ അബ്ദുള്ള സാറിന്റെ കയ്യീന്ന് കാലിന്റെ അടീല്‍ പൂശു കൊണ്ട് ലോക്കപ്പില്‍ കേടന്നെനെ!

കോളേജും, കമ്പ്യൂട്ടര്‍ കോഴ്സും കഴിഞ്ഞു അവളെ കെട്ടിച്ചു വിടാന്‍ തീരുമാനിച്ചപ്പോ, എനിക്ക് ഇളകി. മതില് ചാടി അവളെ കാണാന്‍ ചെന്ന എന്നെ 'കള്ളന്' ന്നു പറഞ്ഞു ഓടിച്ചിട്ട് പിടിച്ചു തെങ്ങില്‍ കെട്ടിയിട്ടടിയ്ക്കാനും തെറി പറയാനും അച്ഛനും അമ്മയും ഒഴികെ നാട്ടിലെ എല്ലാരുമുണ്ടാര്‍ന്നു. ആ സംഭവത്തില്‍ പിന്നെ അച്ഛന്‍ പുറത്തിറങ്ങാതായി, രോഗിയായി.. പിന്നെ, മോളില്‍ക്ക് പോയി.

നാടുവിട്ടു പോയാലോ എന്ന ചിന്ത എന്റെ പ്രിയപ്പെട്ടവളെക്കുറിച്ചാലോചിച്ചു ഞാന്‍ കുഴിച്ചിട്ടു. എന്നോടുള്ള പ്രേമം മൂത്ത് ഞാന്‍ വിളിച്ചാല്‍ അവള്‍ ഇറങ്ങി വരുമെന്നും അങ്ങിനെ ഇല്ലെങ്കില്‍ തന്നെ അവളുടെ കല്യാണം വീട്ടുകാര്‍ നടത്താന്‍ തുനിഞ്ഞാല്‍ ഞാനൊരു കൊലപാതകിയാവുമെന്നും മനസ്സില്‍ ഉറപ്പിച്ചു.

ഒരു ദിവസം "ഡാ.. എവിട്യാ എന്റെ മോള് ?"ന്നും ചോദിച്ചു കലി കയറി വന്ന അവള്‍ടെ അച്ഛന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് - അവള്‍ പോയിത്രേ!! 

ക്രമേണ അറിഞ്ഞു.. ഫെസ് ബുക്കില്‍ പരിചയപ്പെട്ട ഏതോ മരക്കൊന്തന്റെ കൂടെ ചാറ്റി ചാറ്റി ലവള്‍ എന്നെ ചീറ്റു ചെയ്തൂന്ന്. 

ഹ്മം.. ഞാന്‍ വരീന്നു പോയി. 

മാനഹാനി, ധനനഷ്ടം.. സമയ നഷ്ടം.. ചുരുക്കത്തില്‍ ജീവിതം തന്നെ കൈ വിട്ടു പോയി.

ഇതെന്റെ മാത്രം അനുഭവല്ല.. ഒരുപാടു പെര്ടെ ജീവിതം ഇതിനോപ്പണ്ട്.

മതി.. 
ഇനീം പ്രേമിക്കാന്‍ കഴപ്പ് മൂത്ത് നടക്കുന്നൊരു പൊക്കോ.. 
പോയി വാ..
വരും, ഇവടെ വരും. വരാണ്ട് എവടെ പോവാന്‍! 

ഇവിടെ, ദേ ഈ ബിവരെജിന്റെ ഉമ്മറത്ത്.. 
കുടിച്ചു വാള് വെയ്ക്കുംപോ പൊറം ഉഴിഞ്ഞു തരാന്‍ ഞാനുണ്ടാവും ട്ടോ.
ഞാനുണ്ടാവും. ഈ ചേട്ടന്‍.

നന്ദി.. 
നമസ്കാരം.

Monday, November 19, 2012

വെറ്റിലപ്പാമ്പ്

വെറ്റിലപ്പാമ്പ്
.................................................
"വരിക്കച്ചക്കെടെ ചുള കണക്കിന് തുടു തുടുത്തൊരു കല്യാണി
കൊടകരയില് കാവടിയാടുമ്പോ കണ്ടെടീ ഞാനൊരു മിന്നായം.."


കേട്ടിട്ടില്ലേ?

ആ മിന്നായങ്ങളും മറിമായങ്ങളുമായി..ഷഷ്ഠി ഞങ്ങളുടെ ദേശീയോത്സവമാണ്‌. കാവടിയാട്ടവും കരകാട്ടവും തല്ലും ഒക്കെയായി ശരിക്കും ഒരു ഉത്സവം!


പ്രായപൂത്രി ആയില്ല എന്നഭിനയിച്ചു കൊണ്ട് പെണ്ണ് കെട്ടാതെ നടക്കുന്ന കാലത്തെ ഒരു ഷഷ്ഠി ദിവസം.


രാവിലെ തുടങ്ങിയ വായില്‍ നോട്ടം, പഴയ ഗെടികളോട് പരിചയം പുതുക്കല്‍, ദേഷ്യമുള്ളവരോടു കലിപ്പിറക്കല്‍ തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം വൈകീട്ട് കുളിച്ചു കുട്ടപ്പന്മാരായി അമ്പലനട ലക്ഷ്യത്തിലേയ്ക്ക്. ഇടയില്‍ ഒന്നര- രണ്ടു -രണ്ടര വീതം പ്രായത്തിനും കപ്പാക്കിറ്റിക്കും അനുസരിച്ച് അടിച്ചിട്ടുണ്ട്. മണം വരാതിരിക്കാന്‍ റോജാ പാക്കും!


ഇരുട്ടായി..

അമ്പലപ്പറമ്പു മുഴുവന്‍ ആളുകളാണ്. അമ്പലത്തില്‍ തൊഴാനും കാര്‍ണിവല്‍ കാണാനും കണകുണ സാധനങ്ങള്‍ വാങ്ങാനും പൊരിയും അലുവയും കരിമ്പും വാങ്ങാനും എത്തിയവരുടെ തിരക്ക് ആസ്വദിച്ചു ഞങ്ങള്‍ നിന്നു.


"മ്മക്കൊരോ മുറുക്കാന്‍ അങ്ങട് പൂശ്യാലോ?"

ഞാന്‍ ചോദിച്ചു.


അന്ന് പലതരം സാമഗ്രികള്‍ ചേര്‍ത്ത മുറുക്കാന്‍ കിട്ടുന്നത് വല്ല ഹിന്ദിക്കാരും ഉത്സവം പ്രമാണിച്ച് ഇടുന്ന താല്‍ക്കാലിക സ്റ്റാളുകളില്‍നിന്നു ഇത്തരം വിശേഷ സന്ദര്‍ഭങ്ങളിലാണ്.


"അത് നല്ലതാ.. ഈ മണം ഒന്ന് പോവേം ചെയ്യും"


"മീട്ടാപാന്‍ മതി."


"ഒക്കെ, ഏഴു മീട്ടാ പാന്‍, ഒരു സാധാ, മുറുക്കാന്‍.. " ഞാന്‍ പറഞ്ഞു.


"അതെന്താ സാധാ?" - കണ്ണന്‍


"അത് എനിക്കാ.. ഇത്തിരി പോകല ഇടും"


"ആഹ, അത്രയ്ക്കായോ? 6 മീട്ടാ, ഒരു സാധാ, ഒരു ചാര്‍ സൌ ബീസ് "


"ചാര്‍ സൌ ബീസോ? നിനക്ക് മുറുക്കി പരിചയമുണ്ടോ?"


"നീയൊന്നു പോടാപ്പാ.. എന്നെ പഠിപ്പിക്കാന്‍ വന്നെക്കാണ് "


"എന്നാ പിന്നെ ഓക്കെ."


എല്ലാവരും മുറുക്ക് തുടങ്ങി..

ഒറ്റ മിനിട്ട്

കണ്ണന്റെ നെറ്റിയില്‍ വലിയ വിയര്‍പ്പു തുള്ളികള്‍ പ്രത്യക്ഷപ്പെട്ടു.

മിണ്ടാട്ടം ഇല്ലാണ്ടായി. പെട്ടെന്ന് കണ്ണ് മറിയുന്നതും കുഴഞ്ഞു വീഴാന്‍ തുടങ്ങുന്നതും കണ്ടു ഞങ്ങള്‍ താങ്ങി.


കോപ്പ്.. അലമ്പായി.


"ഈ തെണ്ടിയ്ക്ക് ആവശ്യമുള്ളത് തിന്നാ പോരെ."


"എല്ലാ കാര്യത്തിനും ഏറ്റവും വെല്യത് അന്വേഷിച്ചു നടന്നാ ഇങ്ങിനെ ഉണ്ടാവും."


"ഡാ.. നിനക്ക് ഒരു 'ആയിരം' കൂടി വേണോന്നു, മുറുക്കാന്‍കാരന്‍ ചോദിക്കുന്നു.."


നോ അനക്കം.


ഞാനും അനൂപും ചേര്‍ന്ന് കണ്ണന്റെ ഓരോ കൈ തോളിലെയ്ക്കിട്ടു. എല്ലാവരും ഒരു വലയം പോലെ ചുറ്റും നിന്നു. തിരക്കില്‍നിന്നും പരിചയക്കാരില്‍നിന്നും അവനെ മാറ്റുകയായിരുന്നു ഉദ്ദേശം.

നിമിഷ നേരം കൊണ്ട് അത് ഞങ്ങള്‍ ചെയ്തു. ഒരു വീടിനോടു ചേര്‍ന്നുള്ള ചെറിയ വഴിയിലേയ്ക്കു ഞങ്ങള്‍ അവനെ മാറ്റി.


അതൊരു മണ്ണിട്ട വഴിയാണ്. വെളിച്ചം കുറവാണ്. ചില ആളുകള്‍ അതിലൂടെ അമ്പലത്തിലേയ്ക്ക് വരുന്നുണ്ട്. ആരോ കൊണ്ട് വന്ന സോഡ മുഖത്തോഴിച്ചിട്ടും പലകുറി കുലുക്കി വിളിച്ചിട്ടും കണ്ണന് അനക്കം കാണാതായപ്പോള്‍ ഒരു പേടി ഞങ്ങള്‍ക്ക് മൊത്തം കയറി. വീട്ടിലെങ്ങാന്‍ അറിഞ്ഞാല്‍ എന്ന കാര്യം കൂടി ആലോചിച്ചപ്പോള്‍ മൊത്തം ടീം പേടിയിലായി.


ഓട്ടോ കിട്ടാന്‍ ടാര്‍ റോഡു വരെ നടക്കണം. അനൂപും ഞാനും മാറി മാറി കണ്ണന്‍ വേതോളത്തിനെ തോളിലേറ്റി. കൂടെയുള്ള ഗെടികളെ ഓട്ടോ സെറ്റപ്പ് ചെയ്യാനായി മുന്നില്‍ വിട്ടു. ആരെങ്കിലും ആ വഴിയിലൂടെ വരുമ്പോള്‍ കണ്ണനെ ഞങ്ങള്‍ മതിലില്‍ ചാരി നിറുത്തി! എന്നിട്ടു അവന്റെ മേല് ഊഴമിട്ടു ചാരി നിന്ന് ഞങ്ങൾ സീരിയസ് വർത്തനങ്ങൾ പറഞ്ഞു. അങ്ങിനെ റോഡു എത്തി.


ഒരോട്ടോ എവിടെന്നോ തപ്പിപ്പിടിച്ചു. കൊടകര ടൌണിലെയ്ക്കു വെറും അര കിലോമീട്ടരെ ഉള്ളൂ എങ്കിലും തിരക്കും ആളുകള്‍ തിരിച്ചരിഞ്ഞെക്കുമോ എന്ന ഭയവും മൂലം മൂന്നാല് കിലോമീറ്റര്‍ വളഞ്ഞു.ഉറുമ്പത്ത് കുന്ന് വഴിയാണ് പോകുന്നത്. ലവന്‍ അപ്പോളും കുഴഞ്ഞു ബോധമില്ലാതെ ഞങ്ങളുടെ മടിയില്‍ കിടക്കുകയാണ്. ഞങ്ങളുടെ പരിഭ്രാന്തി കണ്ടപ്പോള്‍ ഓട്ടോക്കാരന്‍ കാര്യം തിരക്കി. ഞങ്ങള്‍ ചാര്‍ സൌ ബീസിന്റെ കാര്യം പറഞ്ഞു.

ഏയ്‌ അത് കുറച്ചു കഴിയുമ്പോള്‍ ശരിയാവും എന്ന മറുപടി പ്രതീക്ഷിച്ച ഞങ്ങളുടെ മനസ്സില്‍ തീ കോരിയിട്ടു അങ്ങേരു പറഞ്ഞു..


" ഇത് മറ്റേതാ.."


"മറ്റേതോ?"


"ആ.. വെറ്റിലപ്പാമ്പ് "


"എന്തൂട്ട് പാമ്പ്?"


"കേട്ടട്ടില്ല്യെ..വെറ്റിലപ്പാമ്പ്. കാര്ന്നവന്മാര് വെറ്റില തലേല്‍ തെയ്ക്കന്നത് കണ്ടിട്ടില്ലേ അത് ഈ വെറ്റി ലപ്പാമ്പു ചാവാനാ. തലേല്‍ എണ്ണമയം ഉണ്ടാവുല്ലോ. എണ്ണ തൊട്ടാ പാമ്പ് ചാവും."


ഞങ്ങള്‍ സമൂഹമായി വായും പൊളിച്ചു കേട്ടു.


"ഒന്ന് പോ ചേട്ടാ പാമ്പല്ലേ വെറ്റിലയില്‍ ഇരിക്കണത്!"


"ആ.. പശ്റ്റ്.. ഡാ പിള്ളേരെ, പാമ്പെന്നൊക്കെ പറയുമ്പോ അതിന്റെ വലുപ്പം നോക്കണ്ട. നൂല് വലിപ്പമേ കാണൂ. സാധനം കടിച്ചാലുണ്ടല്ലോ."


ഞങ്ങള്‍ കൂടുതല്‍ പേടിച്ചു.


ഞാന്‍ കണ്ണന്റെ മൂക്കില്‍ വിരല്‍ വച്ച് നോക്കി. കുരിപ്പിനു ശാസം ഉണ്ട്.


"അയ്യോ, ആശുപത്രീ കൊണ്ടോണോ?"

''ഡാ. വീട്ടിലറിഞ്ഞാ വല്യ പണിയാ. എന്താപ്പോ ചെയ്യാ?"

''ഈ പിശാശിനെക്കൊണ്ട് തോറ്റു"

''മ്മക്ക് ശാന്തീ പോവല്ലേ ?"


"എന്നെ ഷാജൂന്റെ കടേല്‍ കൊണ്ട് പോ.. കുറച്ചു നേരം കിടന്നാ ശേര്യാവും" ബോധം കേട്ട് കിടക്കണ 'രോഗി' മൊഴിഞ്ഞു!


"ങേ!"


"ഡാ, തെണ്ടീ, നിനക്ക് ബോധാമുണ്ടോ?"


" ഉം "


"എന്നിട്ടാണോ.. മൈ .."


"അനങ്ങാന്‍ വയ്യടാ.അതാ"


"അപ്പൊ വെറ്റിലപാമ്പല്ല.. അതാണെങ്കില്‍ തീരണ്ട സമയം കഴിഞ്ഞു. കുറച്ചു നേരം കെടക്കട്ടെ.. ശര്യാവും" ഓട്ടോക്കാരന്‍.


"ചേട്ടന്‍ വെര്‍തെ പേടിപ്പിച്ചു"


ടൗണിലെത്തി കൂട്ടുകാരന്റെ കടയുടെ നിരപ്പലക തുറന്നു നാട്ടുകാര്‍ കാണാത്ത രീതിയിലുള്ള ഒരു കമാന്‍ഡോ ഒപ്പറെഷനിലൂടെ കണ്ണനെ അകത്തേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഇനി എന്താ ചെയ്യണ്ടേ എന്ന് കണ്ഫ്യൂഷനിളിരിക്കുമ്പോള്‍ ബെന്നി വന്നു.- നിഷ്കളങ്കന്‍, ആത്മാര്‍ത്ഥത ഇത്തിരി കൂടുതലുള്ളവന്‍...

അവന്‍ ഈ വക കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ല. പക്ഷെ, എന്തോ പന്തികേട് തോന്നിയ അവന്‍ കാര്യം അന്വേഷിച്ചു.


"ഈ ഗെടിക്ക്‌ കഴപ്പാണല്ലോ.. ഒരു ചാര്‍ സൌ ബീസ് കേറ്റിയതാ" ആരോ പറഞ്ഞു. ബെന്നി ആ പേര് ആദ്യമായി കേള്‍ക്കുകയാണ്.


"എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിനു പോണത്.... നിന്നെ ആദ്യം തല്ലണം" ലവൻ എന്നോട്..


"ഞാനെന്തു പെഴച്ചു?"


"നിനക്ക് അവനെ കണ്ട്രോള്‍ ചെയ്തൂടാര്ന്നോ"


"പിന്നെ, അവന്‍ ഇള്ളക്കുട്ടിയല്ലെ."


അങ്ങനെ ഞങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കം നടക്കുമ്പോള്‍ രമേശേട്ടന്‍ വന്നു.


"എന്തൂട്ടാണ്ടാ.വെര്‍തെ തമ്മീതല്ലു കൂടാനുള്ള പരിപാട്യാണോ"


" അല്ല ചേട്ടാ. ദിവരോക്കെകൂടി കണ്ണനെ എന്തൂട്ടങ്ങാണ്ട് കുടിപ്പിച്ചു ബോധം ഇല്ലാണ്ടാക്കി കൊണ്ട് വന്നു ഇട്ടട്ടുണ്ട്"


"ങേ.. "

ഞങ്ങള്‍ അമ്പരന്നു.


"എന്തൂട്ട് കുടിപ്പിച്ചു?"


"ചാര്‍ സൌ....... എന്തോ  അങ്ങനെ എന്താങ്ങാണ്ട് ഒരു സാധനം. മര്യാദയ്ക്ക് വല്ല ഓള്‍ഡ്‌ കാസ്കോ ഒപ്പിയാരോ കുടിച്ചാ മതി.ഞ്ഞിപ്പോ ബിയർ വേണെങ്കി തന്നെ കെഎഫ്‌ഇല്ലേ? ഷഷ്ഠിയായിട്ടു ഒരു പുതിയ സാധനം കുടിപിച്ചക്കണ് -@#$!"

"എന്തൂട്ട് സാധനമാ അവനെ കുടിപ്പിച്ചത്?"

ഞങ്ങളൊരു മറ്റതും കുടിപ്പിച്ചിട്ടില്ല എന്ന് പറയാൻ അവസരം, തരാതെ ബെന്നി പറഞ്ഞു..

ചാര്‍ സൌ ബീര്‍"

Wednesday, November 7, 2012

സായിപ്പിന്റെ കള്ളുകുടി

കുറെ വര്‍ഷങ്ങള്‍ക്കു മുന്പ്, ഉണ്ണി എമ്ബിഎ ചെയ്യാന്‍ അമേരിക്കയ്ക്ക് പോയത് വല്യ വാര്‍ത്തയായിരുന്നു. തിരികെ വന്നത് ഒരു സായ്പ്പുമായിട്ട്! അങ്ങേരു ഇവിടെ കറങ്ങാന്‍ വന്നതാണ്. ഏതോ കഞ്ഞി സായിപ്പ്. ഒരു മധ്യ വയസ്കന്‍. അലന്ന മുടീം ഒക്കെ ആയി ഒരു ലൂക്കില്ലാത്തവന്‍. കവലയിലെ സംഗമസ്ഥാനത്ത് കൊണ്ട് വന്നു എല്ലാവരേം പരിചയപ്പെടുത്തി. "ഹോള" പറഞ്ഞു.. കൈ തന്നു .. "ഓരോ വക ചൊറികളേം കൊണ്ട് എഴുന്നള്ളിക്കോളും" എന്ന് എല്ലാവരെക്കൊണ്ടും മനസ്സില്‍  പറയിച്ചു. 

അഞ്ചാറു ദിവസം കൊണ്ട് സായിപ്പ് മലയാളം പഠിച്ചു! ഉണ്ണി ഇല്ലെങ്കിലും ആള് ഹാജര് വച്ച് തുടങ്ങി. അങ്ങിനെയിരിക്കെ അമ്പലത്തില്‍ ഉത്സവം. സായിപ്പ് കൂടെ ഉള്ളതിനാല്‍ സകല പെന്മിഴികളും ഇങ്ങോട്ട്. എല്ലാവരും ഉന്മാദ പുളകിതരായി. ഉണ്ണിക്കു ദേഷ്യം/ അസൂയ ഒക്കെ വന്നു.

"നൌ യു ടെയ്ക്  റെസ്റ്റ്." എന്ന് പറഞ്ഞു സായിപ്പിനെ അവന്‍ വീട്ടീ കൊണ്ടുപോയാക്കി തിരിച്ചു പോന്നു.
അങ്ങിനെ എല്ലാവരും വിവിധങ്ങളായ കാര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ഒരുത്തന്‍ വിളിച്ചു..

"ഡാ, നോക്ക്യേ."

എല്ലാവരും നോക്കി.

പ്രാദേശിക ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്ന ഉത്സവം ലൈവില്‍ ആല്‍ത്തറയില്‍ ഇരുന്നു താളം പിടിക്കുന്ന സായിപ്പ്!!

"ങേ.. ഇയാളെ ഞാന്‍ വീട്ടീ കൊണ്ടോയാക്കീതല്ലേ!" ഉണ്ണി അന്തം വിട്ടു.

"ലൈവ് തന്ന്യാടാ.."

"നിങ്ങ വന്നെ.."

ഞങ്ങള്‍ ചെല്ലുമ്പോള്‍ ചുറ്റും കൂടി നില്‍ക്കുന്ന കുറെ പേരുടെ നടുവില്‍ തകിലിന്റെ പെരുക്കത്തിനോപ്പം ചുള്ളന്‍ ഡാന്‍സ്‌ കളിക്കുന്നു.

"ഹലോ.. വാട്ട് ഹാപ്പെണ്ട് ?"

"ഐം സൊ ബോര്‍ഡ് .. സൊ.."

സായിപ്പിനെ നൃത്തത്തില്‍നിന്നു പിന്തിരിപ്പിച്ചത് ഇഷ്ടപ്പെടാതിരുന്ന ഒരു ടീം ഞങ്ങളുമായി ചെറുതായി കോര്‍ത്തു.

"ഈ തെണ്ടി എന്റെ കൈ വിട്ടു പോയി ട്ടാ. ഉണ്ണി പറഞ്ഞു."

"അമേരിക്കെലിരുന്ന സായിപ്പിനെ വീട്ടീകൊണ്ടന്ന ഉണ്ണീടെ പോലെ..എന്നൊരു പ്രയോഗം ക്രമേണ പ്രതീക്ഷിക്കാം... ല്ലേ?"

"പോടാ തെണ്ടികളെ."

അങ്ങിനെ ടൌണില്‍ തിരിച്ചെത്തി.

"പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നേരുംതാഴത്ത് രാഘവന്‍ മകന്‍ ചന്ദ്രേട്ടന്‍ ഒരു കുപ്പി പട്ടാളം സ്പോന്‍സര്‍ ചെയ്തിരിക്കുന്നു." ആന്റൂന്റെ അനൌന്‍സ്മെന്റ്.

"ആഹ, എന്നാ അത് കഴിഞ്ഞു മതി ബാക്കി."

ഷാജന്റെ കടെന്ന് ഡിസ്പോസിബിള്‍ ഗ്ലാസ് ഒന്ന് വന്നു. കുപ്പി തുറന്നു. 
ഒഴിക്കാന്‍ തുടങ്ങുംപോളേയ്ക്കും സായിപ്പ് കുപ്പിയില്‍ പിടുത്തമിട്ടു.
"ങേ.."

"ഈ ഡാഷ് മോന്‍ എന്റെ കയ്യീന്ന് ഇന്ന് വേടിക്കും ട്ടോ ഉണ്ണ്യേ."

ആള് കുപ്പി തിരിച്ചും മറിച്ചും നോക്കി.
മൂടി തുറന്നു..
മണം ആസ്വദിച്ചു.. അത് കണ്ടപ്പോ തന്നെ ഒരു കുത്തല്‍ മനസ്സില്‍ വന്നു.
എന്നിട്ട് കുപ്പീന്ന് നേരിട്ട് ഒരു കവിള്‍ റമ്മു വായിലോഴിച്ചു 

"ദൈവമേ, ഇത് അവടത്തെ വാറ്റുകാരനാണോടാ, ഉണ്ണ്യേ?"

മദ്യത്തിനെ ഈ കവിളില്‍ നിന്ന് മറ്റേ കവിളിലേയ്ക്കു ഒറ്റ തവണ സ്ഥലം മാറ്റം. ഒരു ചെറിയ ഗാര്‍ഗിള്‍ എന്നിട്ട് ഒറ്റ വിഴുങ്ങല്‍.
ഞങ്ങള്‍ എല്ലാവരുംവായും പൊളിച്ചു നില്‍ക്കെ.. ഡയലോഗ് വന്നു.

"ഇട്സ് വെരി സ്ട്രോങ്ങ്‌. നൈസ്.. ഹ്മം.. ലൈക്‌ ഇറ്റ്‌. എന്ജോയ്‌"

"സായിപ്പ് ഇമ്മടെ ടീമാടാ.."

ഞങ്ങള്‍ അടി തുടങ്ങി. മലയാളം മാറി. സംസാരം ആംഗലേയം ആയി.

"മിസ്റ്റര്‍ സായിപ്പ് യു ഇവര്‍ ട്രൈ ഔര്‍ ടോഡി?"

"നോ.. ഐ ഹിയെദ് എബൌട്ട്‌ ദാറ്റ്‌."

"ഹ്.. യു വെയിസ്ട്ടട്‌ യുവര്‍ പകുതി ലൈഫ്."

"അല്ല പിന്നെ."

"ഇറ്റ്‌ ഈസ്‌ .........ഹോ അതെങ്ങിന്യാ പറയാ.. സ്വീറ്റ്, നുരഞ്ഞു.. പതഞ്ഞു.. "

"നാളെ പുരുഷേട്ടന്റെ വീട്ടീന്ന് സായിപ്പിന് കള്ള് ഞാന്‍ വാങ്ങി കൊടുക്കും." സുനി പറഞ്ഞു.


പിറ്റേന്ന്, 

"ഡാ ..നിന്നെ കാണാന്‍ ഒരു ആള് വന്നെക്കണ് " എന്ന അമ്മയുടെ വിളി കേട്ടാണ് സുനി എണീറ്റത്.

ഉമ്മറത്തെത്തുമ്പോ ദാ നിക്കണ് സായിപ്പ്!

"ഗുഡ് മോണിംഗ് മാന്‍, ഐ വാണ്ണ ടെയിസ്റ്റ് ടോഡി.."

നേരം വെളുപ്പിനെയോ. 
കാലത്തന്നെ കള്ള് കുടിക്കാന്‍ വന്നെക്കുന്നു. ഇംഗ്ലീഷ്‌ അമ്മക്ക് അറിയാഞ്ഞത് ഭാഗ്യം അല്ലെങ്കില്‍ ഇപ്പൊ തന്നെ ചൂലും കെട്ട് എടുത്തേനെ.

"ഇപ്പൊ വരാം" ന്നു പറഞ്ഞു ഗെഡീനേം കൊണ്ട് ഇറങ്ങി.

പുരുഷേട്ടന്റെ വീട്ടില്‍ ചെല്ലുമ്പോ ആള് കള്ള് അളക്കാന്‍ കൊണ്ട് പോയി വന്നിട്ടുണ്ട്.

"ചേട്ടോ ഒരു കുപ്പി വേണല്ലോ .. ദീ സായിപ്പിന് കള്ള് കുടിക്കാന്‍ ഒരു മോഹം."

"കള്ള് അളന്നു പോയല്ലോ സുന്യേ..
നീ അന്തിക്ക് വാ.. അതാവുമ്പോ നല്ല സാധനം തരാം."

"അയ്യോ, ചേട്ടാ അതങ്ങിനെ പറയല്ലേ.. നാളെ എന്ന് പറഞ്ഞാലും ഈ നിക്കണ സാധനത്തിനെ അത് വരെ ഞാന്‍ ചുമക്കേണ്ടി വരും.എന്തെങ്കിലും തന്നെ പറ്റൂ."

ഏതു മുടിഞ്ഞ നേരത്താണാവോ അങ്ങിനെ പറയാന്‍ തോന്നീത്. സുനി, മനസ്സില്‍ സ്വയം ശപിച്ചു.

"സാധനം ഇണ്ടാവണ്ട്രാ സുന്യേ, ഇന്നലെ ചൊരുക്ക ഉണ്ടാക്കാന്‍ പാത്യേംപുറത്ത് കേറ്റിയ ഒരു കുപ്പി തന്നാല്‍ പോരല്ലോ, നിങ്ങള്ക്ക് കള്ളല്ലേ വേണ്ടത്."

"മതി, ചേട്ടന്‍ അതിങ്ങേടുത്തെ."

"ങേ?"

"അത് മതി ചേട്ടാ."

"വേണ്ട്രാ.. മൂത്ത് പുളിച്ചു ഒരു വിധായീണ്ടാവും."

"സായിപ്പ് ചേട്ടന്റെ അളിയനോന്നും അല്ലല്ലോ. സാധനം എടുക്ക്."

കുപ്പി വന്നു.
സായിപ്പ് മണപ്പിച്ചു. മുഖത്ത്‌ പ്രത്യേക ഭാവങ്ങള്‍ വിടര്‍ന്നു. പിന്നെ, ശാന്തം.
ഒരു കവിള്‍..
നവരസങ്ങള്‍..
വീണ്ടും ഒന്നുകൂടി.
സുനി ശ്വാസമടക്കി.

"മെയ്ഡ് ഫ്രം കോക്കനട്ട് ട്രീ?"

"ഹ്മം.".

വീണ്ടും ഒരു കവിള്‍.

"ഐ തിങ്ക്‌ ദിസ്‌ ഈസ്‌ എ കൈന്ദ് ഓഫ് സോഫ്റ്റ്‌ ഡ്രിങ്ക്."

"നോ നോ നോ.. ത്രീ ഫോര്‍ കുപ്പീസ് അടിച്ചാല്‍ ഫിറ്റ്‌ ആകും."

"ഓ.."

കാശും കൊടുത്തു സൈക്കിളില്‍ കയറ്റി ഉണ്ണീടെ വീട്ടില്‍ കൊണ്ടാക്കി പോരുമ്പോ സുനി ടാപ്പില്‍ വെള്ളമില്ലേ എന്നും ഫ്ലഷ് വര്‍ക്ക് ചെയ്യുന്നില്ലേ എന്നും ഉറപ്പു വരുത്തി!

അന്ന് വൈകീട്ട് സായിപ്പിനെ കണ്ടില്ല. പിറ്റേന്ന് വൈകീട്ട്

"സായിപ്പേ, ഹൌ വാസ് ഔര്‍ ടോഡി?" എന്ന ചോദ്യത്തിനു ക്ഷീണസ്വരത്തില്‍ ഇങ്ങിനെ മറുപടി കിട്ടി.

"ഇറ്റ്‌ ടെയ്സ്ട്ട്സ് ഗുഡ്.. ബട്ട്‌ ഇറ്റ്സ് സ്മെല്‍ .. ഹോ.. ആസ് ഷിറ്റ്...  
ആന്‍ഡ്‌ മൈ ഷിറ്റ് കാരീസ് ഇട്ട്സ് സ്മെല്‍ ഫോര്‍ ടു ഡേയ്സ്.."