Powered By Blogger

Monday, November 19, 2012

വെറ്റിലപ്പാമ്പ്

വെറ്റിലപ്പാമ്പ്
.................................................
"വരിക്കച്ചക്കെടെ ചുള കണക്കിന് തുടു തുടുത്തൊരു കല്യാണി
കൊടകരയില് കാവടിയാടുമ്പോ കണ്ടെടീ ഞാനൊരു മിന്നായം.."


കേട്ടിട്ടില്ലേ?

ആ മിന്നായങ്ങളും മറിമായങ്ങളുമായി..ഷഷ്ഠി ഞങ്ങളുടെ ദേശീയോത്സവമാണ്‌. കാവടിയാട്ടവും കരകാട്ടവും തല്ലും ഒക്കെയായി ശരിക്കും ഒരു ഉത്സവം!


പ്രായപൂത്രി ആയില്ല എന്നഭിനയിച്ചു കൊണ്ട് പെണ്ണ് കെട്ടാതെ നടക്കുന്ന കാലത്തെ ഒരു ഷഷ്ഠി ദിവസം.


രാവിലെ തുടങ്ങിയ വായില്‍ നോട്ടം, പഴയ ഗെടികളോട് പരിചയം പുതുക്കല്‍, ദേഷ്യമുള്ളവരോടു കലിപ്പിറക്കല്‍ തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം വൈകീട്ട് കുളിച്ചു കുട്ടപ്പന്മാരായി അമ്പലനട ലക്ഷ്യത്തിലേയ്ക്ക്. ഇടയില്‍ ഒന്നര- രണ്ടു -രണ്ടര വീതം പ്രായത്തിനും കപ്പാക്കിറ്റിക്കും അനുസരിച്ച് അടിച്ചിട്ടുണ്ട്. മണം വരാതിരിക്കാന്‍ റോജാ പാക്കും!


ഇരുട്ടായി..

അമ്പലപ്പറമ്പു മുഴുവന്‍ ആളുകളാണ്. അമ്പലത്തില്‍ തൊഴാനും കാര്‍ണിവല്‍ കാണാനും കണകുണ സാധനങ്ങള്‍ വാങ്ങാനും പൊരിയും അലുവയും കരിമ്പും വാങ്ങാനും എത്തിയവരുടെ തിരക്ക് ആസ്വദിച്ചു ഞങ്ങള്‍ നിന്നു.


"മ്മക്കൊരോ മുറുക്കാന്‍ അങ്ങട് പൂശ്യാലോ?"

ഞാന്‍ ചോദിച്ചു.


അന്ന് പലതരം സാമഗ്രികള്‍ ചേര്‍ത്ത മുറുക്കാന്‍ കിട്ടുന്നത് വല്ല ഹിന്ദിക്കാരും ഉത്സവം പ്രമാണിച്ച് ഇടുന്ന താല്‍ക്കാലിക സ്റ്റാളുകളില്‍നിന്നു ഇത്തരം വിശേഷ സന്ദര്‍ഭങ്ങളിലാണ്.


"അത് നല്ലതാ.. ഈ മണം ഒന്ന് പോവേം ചെയ്യും"


"മീട്ടാപാന്‍ മതി."


"ഒക്കെ, ഏഴു മീട്ടാ പാന്‍, ഒരു സാധാ, മുറുക്കാന്‍.. " ഞാന്‍ പറഞ്ഞു.


"അതെന്താ സാധാ?" - കണ്ണന്‍


"അത് എനിക്കാ.. ഇത്തിരി പോകല ഇടും"


"ആഹ, അത്രയ്ക്കായോ? 6 മീട്ടാ, ഒരു സാധാ, ഒരു ചാര്‍ സൌ ബീസ് "


"ചാര്‍ സൌ ബീസോ? നിനക്ക് മുറുക്കി പരിചയമുണ്ടോ?"


"നീയൊന്നു പോടാപ്പാ.. എന്നെ പഠിപ്പിക്കാന്‍ വന്നെക്കാണ് "


"എന്നാ പിന്നെ ഓക്കെ."


എല്ലാവരും മുറുക്ക് തുടങ്ങി..

ഒറ്റ മിനിട്ട്

കണ്ണന്റെ നെറ്റിയില്‍ വലിയ വിയര്‍പ്പു തുള്ളികള്‍ പ്രത്യക്ഷപ്പെട്ടു.

മിണ്ടാട്ടം ഇല്ലാണ്ടായി. പെട്ടെന്ന് കണ്ണ് മറിയുന്നതും കുഴഞ്ഞു വീഴാന്‍ തുടങ്ങുന്നതും കണ്ടു ഞങ്ങള്‍ താങ്ങി.


കോപ്പ്.. അലമ്പായി.


"ഈ തെണ്ടിയ്ക്ക് ആവശ്യമുള്ളത് തിന്നാ പോരെ."


"എല്ലാ കാര്യത്തിനും ഏറ്റവും വെല്യത് അന്വേഷിച്ചു നടന്നാ ഇങ്ങിനെ ഉണ്ടാവും."


"ഡാ.. നിനക്ക് ഒരു 'ആയിരം' കൂടി വേണോന്നു, മുറുക്കാന്‍കാരന്‍ ചോദിക്കുന്നു.."


നോ അനക്കം.


ഞാനും അനൂപും ചേര്‍ന്ന് കണ്ണന്റെ ഓരോ കൈ തോളിലെയ്ക്കിട്ടു. എല്ലാവരും ഒരു വലയം പോലെ ചുറ്റും നിന്നു. തിരക്കില്‍നിന്നും പരിചയക്കാരില്‍നിന്നും അവനെ മാറ്റുകയായിരുന്നു ഉദ്ദേശം.

നിമിഷ നേരം കൊണ്ട് അത് ഞങ്ങള്‍ ചെയ്തു. ഒരു വീടിനോടു ചേര്‍ന്നുള്ള ചെറിയ വഴിയിലേയ്ക്കു ഞങ്ങള്‍ അവനെ മാറ്റി.


അതൊരു മണ്ണിട്ട വഴിയാണ്. വെളിച്ചം കുറവാണ്. ചില ആളുകള്‍ അതിലൂടെ അമ്പലത്തിലേയ്ക്ക് വരുന്നുണ്ട്. ആരോ കൊണ്ട് വന്ന സോഡ മുഖത്തോഴിച്ചിട്ടും പലകുറി കുലുക്കി വിളിച്ചിട്ടും കണ്ണന് അനക്കം കാണാതായപ്പോള്‍ ഒരു പേടി ഞങ്ങള്‍ക്ക് മൊത്തം കയറി. വീട്ടിലെങ്ങാന്‍ അറിഞ്ഞാല്‍ എന്ന കാര്യം കൂടി ആലോചിച്ചപ്പോള്‍ മൊത്തം ടീം പേടിയിലായി.


ഓട്ടോ കിട്ടാന്‍ ടാര്‍ റോഡു വരെ നടക്കണം. അനൂപും ഞാനും മാറി മാറി കണ്ണന്‍ വേതോളത്തിനെ തോളിലേറ്റി. കൂടെയുള്ള ഗെടികളെ ഓട്ടോ സെറ്റപ്പ് ചെയ്യാനായി മുന്നില്‍ വിട്ടു. ആരെങ്കിലും ആ വഴിയിലൂടെ വരുമ്പോള്‍ കണ്ണനെ ഞങ്ങള്‍ മതിലില്‍ ചാരി നിറുത്തി! എന്നിട്ടു അവന്റെ മേല് ഊഴമിട്ടു ചാരി നിന്ന് ഞങ്ങൾ സീരിയസ് വർത്തനങ്ങൾ പറഞ്ഞു. അങ്ങിനെ റോഡു എത്തി.


ഒരോട്ടോ എവിടെന്നോ തപ്പിപ്പിടിച്ചു. കൊടകര ടൌണിലെയ്ക്കു വെറും അര കിലോമീട്ടരെ ഉള്ളൂ എങ്കിലും തിരക്കും ആളുകള്‍ തിരിച്ചരിഞ്ഞെക്കുമോ എന്ന ഭയവും മൂലം മൂന്നാല് കിലോമീറ്റര്‍ വളഞ്ഞു.ഉറുമ്പത്ത് കുന്ന് വഴിയാണ് പോകുന്നത്. ലവന്‍ അപ്പോളും കുഴഞ്ഞു ബോധമില്ലാതെ ഞങ്ങളുടെ മടിയില്‍ കിടക്കുകയാണ്. ഞങ്ങളുടെ പരിഭ്രാന്തി കണ്ടപ്പോള്‍ ഓട്ടോക്കാരന്‍ കാര്യം തിരക്കി. ഞങ്ങള്‍ ചാര്‍ സൌ ബീസിന്റെ കാര്യം പറഞ്ഞു.

ഏയ്‌ അത് കുറച്ചു കഴിയുമ്പോള്‍ ശരിയാവും എന്ന മറുപടി പ്രതീക്ഷിച്ച ഞങ്ങളുടെ മനസ്സില്‍ തീ കോരിയിട്ടു അങ്ങേരു പറഞ്ഞു..


" ഇത് മറ്റേതാ.."


"മറ്റേതോ?"


"ആ.. വെറ്റിലപ്പാമ്പ് "


"എന്തൂട്ട് പാമ്പ്?"


"കേട്ടട്ടില്ല്യെ..വെറ്റിലപ്പാമ്പ്. കാര്ന്നവന്മാര് വെറ്റില തലേല്‍ തെയ്ക്കന്നത് കണ്ടിട്ടില്ലേ അത് ഈ വെറ്റി ലപ്പാമ്പു ചാവാനാ. തലേല്‍ എണ്ണമയം ഉണ്ടാവുല്ലോ. എണ്ണ തൊട്ടാ പാമ്പ് ചാവും."


ഞങ്ങള്‍ സമൂഹമായി വായും പൊളിച്ചു കേട്ടു.


"ഒന്ന് പോ ചേട്ടാ പാമ്പല്ലേ വെറ്റിലയില്‍ ഇരിക്കണത്!"


"ആ.. പശ്റ്റ്.. ഡാ പിള്ളേരെ, പാമ്പെന്നൊക്കെ പറയുമ്പോ അതിന്റെ വലുപ്പം നോക്കണ്ട. നൂല് വലിപ്പമേ കാണൂ. സാധനം കടിച്ചാലുണ്ടല്ലോ."


ഞങ്ങള്‍ കൂടുതല്‍ പേടിച്ചു.


ഞാന്‍ കണ്ണന്റെ മൂക്കില്‍ വിരല്‍ വച്ച് നോക്കി. കുരിപ്പിനു ശാസം ഉണ്ട്.


"അയ്യോ, ആശുപത്രീ കൊണ്ടോണോ?"

''ഡാ. വീട്ടിലറിഞ്ഞാ വല്യ പണിയാ. എന്താപ്പോ ചെയ്യാ?"

''ഈ പിശാശിനെക്കൊണ്ട് തോറ്റു"

''മ്മക്ക് ശാന്തീ പോവല്ലേ ?"


"എന്നെ ഷാജൂന്റെ കടേല്‍ കൊണ്ട് പോ.. കുറച്ചു നേരം കിടന്നാ ശേര്യാവും" ബോധം കേട്ട് കിടക്കണ 'രോഗി' മൊഴിഞ്ഞു!


"ങേ!"


"ഡാ, തെണ്ടീ, നിനക്ക് ബോധാമുണ്ടോ?"


" ഉം "


"എന്നിട്ടാണോ.. മൈ .."


"അനങ്ങാന്‍ വയ്യടാ.അതാ"


"അപ്പൊ വെറ്റിലപാമ്പല്ല.. അതാണെങ്കില്‍ തീരണ്ട സമയം കഴിഞ്ഞു. കുറച്ചു നേരം കെടക്കട്ടെ.. ശര്യാവും" ഓട്ടോക്കാരന്‍.


"ചേട്ടന്‍ വെര്‍തെ പേടിപ്പിച്ചു"


ടൗണിലെത്തി കൂട്ടുകാരന്റെ കടയുടെ നിരപ്പലക തുറന്നു നാട്ടുകാര്‍ കാണാത്ത രീതിയിലുള്ള ഒരു കമാന്‍ഡോ ഒപ്പറെഷനിലൂടെ കണ്ണനെ അകത്തേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഇനി എന്താ ചെയ്യണ്ടേ എന്ന് കണ്ഫ്യൂഷനിളിരിക്കുമ്പോള്‍ ബെന്നി വന്നു.- നിഷ്കളങ്കന്‍, ആത്മാര്‍ത്ഥത ഇത്തിരി കൂടുതലുള്ളവന്‍...

അവന്‍ ഈ വക കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ല. പക്ഷെ, എന്തോ പന്തികേട് തോന്നിയ അവന്‍ കാര്യം അന്വേഷിച്ചു.


"ഈ ഗെടിക്ക്‌ കഴപ്പാണല്ലോ.. ഒരു ചാര്‍ സൌ ബീസ് കേറ്റിയതാ" ആരോ പറഞ്ഞു. ബെന്നി ആ പേര് ആദ്യമായി കേള്‍ക്കുകയാണ്.


"എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിനു പോണത്.... നിന്നെ ആദ്യം തല്ലണം" ലവൻ എന്നോട്..


"ഞാനെന്തു പെഴച്ചു?"


"നിനക്ക് അവനെ കണ്ട്രോള്‍ ചെയ്തൂടാര്ന്നോ"


"പിന്നെ, അവന്‍ ഇള്ളക്കുട്ടിയല്ലെ."


അങ്ങനെ ഞങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കം നടക്കുമ്പോള്‍ രമേശേട്ടന്‍ വന്നു.


"എന്തൂട്ടാണ്ടാ.വെര്‍തെ തമ്മീതല്ലു കൂടാനുള്ള പരിപാട്യാണോ"


" അല്ല ചേട്ടാ. ദിവരോക്കെകൂടി കണ്ണനെ എന്തൂട്ടങ്ങാണ്ട് കുടിപ്പിച്ചു ബോധം ഇല്ലാണ്ടാക്കി കൊണ്ട് വന്നു ഇട്ടട്ടുണ്ട്"


"ങേ.. "

ഞങ്ങള്‍ അമ്പരന്നു.


"എന്തൂട്ട് കുടിപ്പിച്ചു?"


"ചാര്‍ സൌ....... എന്തോ  അങ്ങനെ എന്താങ്ങാണ്ട് ഒരു സാധനം. മര്യാദയ്ക്ക് വല്ല ഓള്‍ഡ്‌ കാസ്കോ ഒപ്പിയാരോ കുടിച്ചാ മതി.ഞ്ഞിപ്പോ ബിയർ വേണെങ്കി തന്നെ കെഎഫ്‌ഇല്ലേ? ഷഷ്ഠിയായിട്ടു ഒരു പുതിയ സാധനം കുടിപിച്ചക്കണ് -@#$!"

"എന്തൂട്ട് സാധനമാ അവനെ കുടിപ്പിച്ചത്?"

ഞങ്ങളൊരു മറ്റതും കുടിപ്പിച്ചിട്ടില്ല എന്ന് പറയാൻ അവസരം, തരാതെ ബെന്നി പറഞ്ഞു..

ചാര്‍ സൌ ബീര്‍"

11 comments:

animeshxavier said...

HI

Baburaj said...

അതെ കൊടകരയില്‍ ഓരോ മനുഷ്യനേം ചികഞ്ഞാല്‍ ഓരോ കഥാ തന്തു കിട്ടും അല്ലെ !!!!!! ഹ ഹാ ...!!!

കൊമ്പന്‍ said...

ഹഹഹ് അത് കലക്കി പുതിയ സാദനത്തിന്റെ പേര് കണ്ടെത്തല്‍
പഴേ പൂര പറമ്പ് ഓര്‍മയില്‍ കൊണ്ട് വന്നു ആശംസകള്‍

ഒരു യാത്രികന്‍ said...

ഹ...ഹ....രസികന്‍ സംഭവം. ആസ്വദിച്ചു ചിരിച്ചു .............സസ്നേഹം

പട്ടേപ്പാടം റാംജി said...

ചര്‍സോ ബീസും പിന്നെ വെറ്റില പാമ്പും അല്ലെ?
കൊടകര ഷഷ്ടിക്ക് ഇപ്പോഴും കരകാട്ടം ഇല്ലേ?
എത്തൂട്ടായാലും സംഭവം ഉഷാറായിഷ്ടാ.

ajith said...

"ചേട്ടന്‍ വെര്‍തെ പേടിപ്പിച്ചു"

ഹഹഹ..ചിരിച്ചുപോയി, അറിയാതെ.

jayanEvoor said...

ഹ! ഹ!!
നാടൻ നർമ്മങ്ങൾ!

(ആലപ്പുഴയിൽ പണ്ട് ഒരു പാൻ മസാലക്കച്ചവടക്കാരനെ പറ്റിച്ച കഥയുണ്ട്. പിന്നെഴുതാം!)

Manoj Vellanad said...

കൊടകര കൊടകര കോടകരാന്നു ഏതോ സിനിമയില്‍ കേട്ടിട്ടുണ്ട്... ഇപ്പോള്‍ അവിടുത്തെ ഷഷ്ടിയെ പറ്റിയും.. നല്ല രസമുണ്ടായിരുന്നു... ;) ആശംസകള്‍...

© Mubi said...

നന്നായിട്ടുണ്ട്...

ശ്രീക്കുട്ടന്‍ said...

രസകരം..ഒരിക്കല്‍ ഈ സാധനം ഒന്നു പരീക്ഷിച്ച് ഈയുള്ളവനും വണ്ടി മറിഞ്ഞിട്ടുണ്ട്. നാവിന്റെ തൊലി പറിഞ്ഞുപോവുകേം ചെയ്തു...

rameshkamyakam said...

മൊത്തത്തിൽ ഒരു സുഖം തോന്നിയെങ്കിലും എവിടെയോ ഒഴുക്കിലൊരു തട്ടും തടവും.