ജോലി കഴിഞ്ഞു വരുന്ന അമ്മയെ കാത്ത് കൊണ്വെന്റിലെ പ്രസിലും കുറച്ചു കൂടി മുതിർന്നപ്പോൾ ബസ് സ്റ്റോപ്പിനടുത്തുള്ള സുകുവേട്ടന്റെ ബാര്‍ബർ ഷോപ്പിനു മുന്നിലും സ്കൂൾ യൂണിഫോമുമിട്ടു കാത്തുനിന്നിരുന്ന കാലത്ത് ആ സമയം കളയലിൽ ദേഷ്യവും വളർന്നുകൊണ്ടിരിക്കുകയായിരുന്നു.
മറ്റു പിള്ളേർ മുഴുവൻ വീട്ടിലെത്തിക്കാണും. കളിച്ചു തിമിർക്കുന്നുണ്ടാവും. അവര്‍ക്ക് വീട്ടിൽ കാപ്പിക്ക് പലഹാരം കിട്ടുന്നുണ്ടാവും. തുടങ്ങിയ നിരന്തര ചിന്തകൾ മനസ്സിൽ അസ്വസ്ഥത വാരി വിതറിക്കൊണ്ടേയിരുന്ന ഒരു കാലമായിരുന്നു അത്.
വീട്ടില്‍ വേറെ ആരുമില്ല. അപ്പൻ ജോലി കഴിഞ്ഞ് എത്തുന്നത് രാത്രിയാണ്. വീട്ടിലെത്തി, പൂട്ടിയിട്ട് പോന്ന വീട് തുറന്നാൽ ചായ ഉണ്ടാക്കി കിട്ടുന്നതിനോപ്പം ചിലപ്പോൾ ടിന്നിലടച്ചു വച്ച റസ്ക് കിട്ടും. ഗോതമ്പ് പൊടി കൊണ്ട് ദോശ, അട തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. മറ്റു പിള്ളേർക്ക് വൈകീട്ട് പലതരം സാധനങ്ങൾ തിന്നാൻ കിട്ടുന്നുണ്ടെന്നറിയുമ്പോൾ പിന്നേം ദേഷ്യം കൂടും. രാവിലെ എഴുന്നേറ്റു ചോറും കറിയും വച്ച് എല്ലാവര്ക്കും പാത്രത്തിലാക്കി വീടും പൂട്ടി ഇറങ്ങുന്നതിനിടയിൽ രാവിലേയും അമ്മയുടെ കയ്യീന്ന് കഞ്ഞിയല്ലാതെ വേറൊന്നും കിട്ടില്ല. ഉച്ചയ്ക്ക് എന്നും ചോറ് തന്നെ. ഓരോരുത്തന്മാർ ഇഡലിയും ദോശയുമൊക്കെ കൊണ്ട് വന്നു ഉച്ചക്ക് തിന്നുന്നത് കാണുമ്പോളും "ഇന്ന് രാവിലെ ഇഡലി, ഇന്നലെ പുട്ടും പഴോം, മിനിയാന്ന് ദോശ" എന്നൊക്കെ ഓരോരുത്തന്മാർ വന്നു പറയുമ്പോളും അമ്മയോടുള്ള ദേഷ്യം, ദേഷ്യം സ്ക്വയറും ദേഷ്യം + സങ്കടം ആൾ സ്ക്വയറും ഒക്കെ ആയി മാറിക്കൊണ്ടിരിക്കും.
ഇതിനിടയിൽ പെയ്യുന്ന കുളിർമഴകളായിരുന്നു അമ്മയുടെ സ്കൂളിലെ സ്റ്റാഫ് മീറ്റിങ്ങുകൾ. അത് ഉണ്ടാവുന്ന ദിവസം വൈകീട്ട് അമ്മയുടെ ചോറുംപാത്രത്തിൽ ഉഴുന്നുവട, ലഡ്ഡു, ഇത്തിരി മിക്ചർ, വെണ്ണക്കടലാസിൽ പൊതിഞ്ഞ കേക്ക് പീസ്, ജിലേബി, മിട്ടായി, റോജാ പാക്കിന്റെ ഒരു ചെറിയ പാക്കറ്റ് എന്നിങ്ങനെ ഉള്ള എന്തെങ്കിലും ഒക്കെ ഉണ്ടാവും. മീറ്റിങ്ങിന്റെ പ്രത്യേകത അനുസരിച്ച് ഐറ്റംസ് കൂടിയും കുറഞ്ഞും ഇരിക്കും. റോജാ പാക്കിന്റെ പാക്കറ്റ് അപ്പന്. ബാക്കി എനിക്കും അനിയത്തിക്കും വീതം വച്ച് തരും. അതൊരു ആഘോഷമായിരുന്നു.
വളരുന്നതിനനുസരിച്ച് അതിനോടും താല്പര്യം കുറഞ്ഞു വന്നു. "ഓ ഒരു പകുതി ലഡ്ഡു.. ആകെ ഇതേ ഉള്ളൂ .. ആര്‍ക്ക് വേണം" എന്ന ഒരു ഭാവം അങ്ങ് വരും.
"വേണേൽ തിന്നിട്ടു എണീറ്റ് പോടാ" അമ്മ പറയും. "കൊണ്ട് വന്നു കൊടുത്താലും പൊരാ.. " എന്ന മുറുമുറുപ്പും കേൾക്കാം.
ഹൈ സ്കൂളിലെത്തിയപ്പോൾ "അമ്മയെന്തിനാ ഇതിങ്ങോട്ടു കേട്ടിച്ചോന്നു കൊണ്ട് വരണേ? അവിടെ വച്ച് കഴിച്ചൂടെ. വേറെ ടീച്ചർമാരെക്കൊണ്ട് പറയിക്കാൻ" എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ചിലപ്പോൾ എന്റെ പങ്ക് കൊതിയടക്കി ഉപേക്ഷിക്കാനും!
പലഹാരം കിട്ടാതിരിക്കാനുള്ള കാരണങ്ങൾ ഒക്കെ മനസിലാക്കിയും ഭക്ഷണകാര്യത്തിൽ ഒന്നിന് വേണ്ടിയും വാശി പിടിക്കാതിരിക്കാനും പഠിച്ച് കാലമെത്ര കടന്നു പോയി. എനിക്കും മക്കളായി. എന്ത് പലഹാരവും ഉണ്ടാക്കികൊടുക്കാനുള്ള സമയവും സെറ്റപ്പുമായി. അങ്ങനെ ഉണ്ടാക്കിക്കൊടുത്താലും അവർ അത് മൈൻഡ് ചെയ്യാതിരിക്കുന്നതു കണ്ട് തലമുറയുടെ അന്തരത്തെക്കുരിച്ചു ചിന്തിച്ചു വശക്കേടായി.
"നിനക്കൊക്ക്യെ... സമയത്തിനും തരത്തിനും കിട്ടീട്ടാ, കിട്ടാണ്ടാവുമ്പൊ പഠിച്ചോളും" എന്ന് ഭാര്യ പിള്ളെരോടു പറയുന്നത് പലപ്പോളും ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ വിട്ടു.
കഴിഞ്ഞ ആഴ്ച ഇത്തിരി നേരത്തെ വീട്ടിലെത്തിയപ്പോൾ കൂട്ടുകാരി ജോലി കഴിഞ്ഞ് വന്നു കയറിയിട്ടേ ഉള്ളൂ. വെക്കേഷൻ സ്പെഷൽ ടിവി കാണൽ മക്കൾ തകർക്കുന്നുണ്ട്. അമ്മ അവര്ക്കടുത്തിരുന്നു എന്തോ തുന്നുന്നു. ഞാൻ മക്കൾക്കോപ്പം കൂടി.
ഡ്രെസ് ചെയിഞ്ചു ചെയ്യാൻ പോയ സഹധർമ്മിണി എന്തോ പൊതിയും കൊണ്ട് അടുക്കളയിലേയ്ക്ക് പോകുന്നത് കണ്ടു. അൽപ്പ സമയത്തിനകം രണ്ടു പ്ലെയ്റ്റിലായി പകുതി മുറിച്ച ഒരു പഫ്സും കുറച്ചു ഫിന്ഗർ ചിപ്സും കൊണ്ട് വന്നു മക്കൾക്ക് കൊടുത്തു.
"ഇന്ന് ഓഫീസിൽ ഒരു കുട്ടിയുടെ ട്രീറ്റുണ്ടായിരുന്നു.ഞാൻ പറയാറില്ലേ വിനീത. ആ കുട്ടിയുടെ ഹസ്ബന്റു ഇന്നലെ വന്നു. അതിന്റെ .... "
ഞാൻ അവളെ നോക്കി, പിന്നെ അമ്മയെയും.
ഒരുപാടോർമ്മകൾ എന്നെ തഴുകിയൊഴുകി.
കണ്ണ് നിറഞ്ഞോ.. ആവൊ.
എത്ര ശ്രമിച്ചാലാണ് എനിക്കൊരു അമ്മയെപ്പോലെ അഭിനയിക്കാനെങ്കിലും കഴിയുക!!
13 comments:
..
അനുഭവങ്ങളാണ് ജീവിതം എത്ര സുഖ ദു:ഖ അനുഭവങ്ങൾ എത്രയോ പാഠങ്ങൾ...........
ഇതൊന്നും നമ്മൾ അച്ഛന്മാർക്ക് പറഞ്ഞിട്ടുള്ളതല്ല ഇഷ്ടാ എന്നു പറഞ്ഞാൽ എന്നെ തല്ലുന്ന എത്ര അച്ഛന്മാരുണ്ടാവും ?
ചെറിയ ചെറിയ സുഖങ്ങള്‍ ..ഒട്ടും പങ്കു വെക്കാന്‍ ആകാത്തത് ..മനസ്സില്‍ ഒരു അമ്മക്കിളിയുടെ വാത്സല്യം വന്നു നിറയുന്നു
ഞാൻ അവളെ നോക്കി, പിന്നെ അമ്മയെയും.
ഒരുപാടോർമ്മകൾ എന്നെ തഴുകിയൊഴുകി.
കണ്ണ് നിറഞ്ഞോ.. ആവൊ.
എത്ര ശ്രമിച്ചാലാണ് എനിക്കൊരു അമ്മയെപ്പോലെ അഭിനയിക്കാനെങ്കിലും കഴിയുക!!
മധുരമന്ത്രണം പോലെയാണ് ചില വാക്കുകള്‍ ഹൃദയത്തില്‍ വന്ന് പതിയുന്നത്
നല്ല കഥ. ഭംഗിയായി പറഞ്ഞു. അനുമോദനങ്ങൾ
ഷാജു അത്താണിക്കല്‍, viddiman,സിയാഫ് , ajith,Madhusudanan Pv.. നന്ദി. കഥയാക്കാൻ കൂടുതലായൊന്നും കൂട്ടിചെർത്തിട്ടില്ല.. എന്റെ വീട്ടില്‍ (പലരുടെയും) നടക്കുന്നത് തന്നെ.
ഒരു ശരാശരി മലയാളി കുടുംബത്തിലെ, വീട്ടമ്മയുടെ മക്കളായ ഞങ്ങള്‍ക്ക് ഇത്തരം പലഹാരപ്പൊതികൾ കിട്ടിയിരുന്നത് അപ്പനിൽ നിന്നാണ്... ഒരു ലഡുവും, രണ്ടോ മൂന്നോ (വറുത്ത) കശുവണ്ടികളും, അല്പം മിക്സ്ച്ചറും ചേര്‍ന്ന പൊതി അപ്പനൊപ്പം വീട്ടിലെത്തി മൂന്നായി പങ്കു പിരിഞ്ഞിരുന്നത് ഓർത്തപ്പോൾ ഒരു സംതൃപ്തി... കിട്ടുന്നതെന്തും കൂടപ്പിറപ്പുകൾക്ക് പങ്കു വച്ച് അനുഭവിച്ചിരുന്ന ആ പഴയ കാലത്തെ സംതൃപ്തി... :-))))
അവസാന വരികൾ ഹൃദയത്തെ തൊട്ടുതലോടി , നുള്ളി നോവിക്കുന്നു ..... :) നല്ല എഴുത്ത്
നീ ജീവതത്തിനെ മോഡലാക്കി വരച്ച കാന്‍വാസുകള്‍ എല്ലാം നോക്കിക്കഴിയുമ്പോഴേക്കും മങ്ങാറുണ്ട്, ചിലപ്പോള്‍ കണ്ണ് നിറഞ്ഞിട്ടാവും...
എത്ര ശ്രമിച്ചാലാണ് എനിക്കൊരു അമ്മയെപ്പോലെ അഭിനയിക്കാനെങ്കിലും കഴിയുക!!
പലതിന്റെയും വിലയറിയുന്നത് സ്വയമായി അനുഭവങ്ങള്‍ നേരിടുമ്പോഴാണ്.
ഗതകാലസ്മരണകള്‍ നന്നായി.
ആശംസകള്‍
Post a Comment