Powered By Blogger

Tuesday, June 4, 2013

താങ്ക് യു

പണിയോടുള്ള ഇഷ്ടം, നേരവും കാലവും നോക്കാതെയും ഭക്ഷണവും സമയവും ശ്രദ്ധിക്കാതെയും ആഘോ ഷിച്ചുകൊണ്ടിരുന്ന ഒരു കാലം.. അതായത്, പെണ്ണും പിള്ളേരും ജീവിതത്തിലേയ്ക്ക് കടന്നു വരുന്നതിനു കുറെ മുൻപ് .

വര്ക്ക് തീർത്ത് സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്യുമ്പോൾ  സമയം രാത്രി  പതിനൊന്നര. ബിജു എന്ന ഒരു സഹപ്രവര്ത്തകൻ കൂടെ ഉണ്ട്. പകൽ മുഴുവൻ തകര്ത്തു പെയ്തത്തിനു ഒരു ഇടവേള പോലെ  പുറത്ത് മഴ ചെറുതായി ചിണുങ്ങി പെയ്യുന്നുണ്ട്.  എനിക്ക് വീട്ടിലെത്താൻ ഹൈവേ വഴി ഇരുപതു കിലോമീറ്റർ മതിയെങ്കിലും ബിജുവിനെ കരുവന്നൂർ ഇറക്കി വിട്ടു ഇരിഞ്ഞാലക്കുട കൂടി കൊടകര എത്താൻ നാല്പ്പത് കിലോമീട്ടര്നു താഴെ ബൈക്ക് ഓടിക്കണം. മൂന്നു നാലുദിവസമായി കോരി ചൊരിയുന്ന മഴയുടെ കുളിരും പാതിരാവിന്റെ ഇരുട്ടും എന്റെ മനസ് കുളിർപ്പിച്ചു. മഴയത്തുള്ള യാത്രകൾ എനിക്കങ്ങിനെയാണ്.. പെരുത്തിഷ്ടം പകരുന്നവ.

ബാഗ് പുറത്തിട്ടു, റെയിൻ കോട്ടും ലോവർ, ഹെല്മെറ്റ് ഇത്യാതി സാമഗ്രികളുമണിഞ്ഞു ഞാൻ നീൽ  ആംസ്ട്രോങ്ങായപ്പോൾ ബിജു തൊപ്പിയും പ്ലാസ്റ്റിക്‌ കവർ കൊണ്ട് തീർത്ത ഇൻസ്റ്റന്റ് റെയിൻ കൊട്ടുമണിഞ്ഞു യാത്രയ്ക്കൊരുങ്ങി.

രണ്ടാമത്തെ കിക്കിൽ ഞങ്ങളുടെ സുസുക്കി സമുറായി വിക്ഷേപണത്തിനു തയ്യാറായി. ഗിയറിലിടുന്നതിനു മുൻപ് ഓഫുമായി! 

"പണിയാവോ ഗെഡീ ?"

"എങ്ങിനെ ആവാതിരിക്കും.. നീയല്ലേ പിന്നിൽ.."

"പോടാ.. പോടാ.." 

കുറെ ചവിട്ടി.. അവസാനം റിസർവ്വാക്കി, ചോക്കിട്ടു അടിച്ചപ്പോ മ്മടെ ചുള്ളൻ മുരണ്ടു, മുക്രയിട്ടു.

വളവുകൾ  കിടത്തിത്തിരിച്ചും ഫുൾ ആക്സിലേട്ടറിൽ തന്നെ ഗിയര് ഷിഫ്റ്റ് ചെയ്തു കളിച്ചും ഞാൻ യാത്ര ഉഷാറാക്കി. ഇടയ്ക്ക്  ശക്തി കുറഞ്ഞ ഇടിയും മിന്നലും ഉണ്ട്. ചാറ്റൽ മഴ ശക്തി കൂടി. മുഖത്ത്‌ വീണ മഴത്തുള്ളികൾ എന്നെ ഒരു ഗോളിന് പിന്നിട്ടു നില്ക്കുന്ന ടീമിന്റെ ഫോർവേർഡ് ആക്കി!

"ഡാ, തെണ്ടീ.. നീയെന്നെ കൊല്ലാൻ കൊണ്ടൂവാ?"

"നിനക്കിത്തിരി പേടി നല്ലതാ കണ്ണടചിരുന്നോ ട്ടാ."

"നീയാരാ ഷുമാക്കറോ?  മഴ പെയ്യുമ്പൊ സ്പീഡു കൂടാൻ.."

"മഴയാത്രേ മഴ.. ഞാനെത്ര മഴ കണ്ടതാ.. "ന്നു പറയലും ഒരു ഗട്ടറിൽ വണ്ടി വീണതും ഒരുമിച്ചായിരുന്നു.

ബിജു വണ്ടീന്ന് രണ്ടടി പൊങ്ങി സീറ്റിൽ തന്നെ വീണു. ഞാനും ശരിക്ക് ഒന്ന് കിടുങ്ങി.  

വണ്ടിയുടെ ലൈറ്റ് കെട്ടു. 

"കോപ്പ്, പണിയായീന്നാ തോന്നണേ.."

"നിന്റെ ഒടുക്കത്തെ പോക്ക് കണ്ടപ്പോ ഞാൻ വിചാരിച്ചിരുന്നു.."

"ചുമ്മാതിരിയെടാ.." 

നാല്പ്പത് വാട്ട് ബള്ബ് മിന്നിക്കത്തുന്ന ഒരു കടയുടെ മുന്നില് വണ്ടി നിറുത്തി, ഹെഡ് ലൈറ്റ് അഴിച്ചു ബൾബ് ഒന്നൂരിയിട്ടു വയർ കണക്ഷനുകൾ ഒന്നിളക്കി നോക്കിയപ്പോൾ ലൈറ്റ് കത്തി. 

യാത്ര തുടർന്നു. 
പാലത്തിനു മുകളിൽ വണ്ടി നിർത്തി.
കരുവന്നൂർ പുഴ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പാതിരായ്ക്ക്, ഇടയ്ക്ക് തെളിയുന്ന മിന്നലിന്റെ ഫ്‌ളാഷുകളിൽ  കുത്തിയൊഴുകുന്ന പുഴ കാണാൻ നല്ല രസം.

"ഹോ.. രണ്ടെണ്ണം വിട്ടിട്ട് ഇതും കണ്ട് നേരം വെളുക്കണ വരെ നിക്കണം."

"പിന്നെ, ഇതിലങ്ങു ചാടി നീന്തി അറബിക്കടല് വരെ പോണ്ടേ? വണ്ടി വിട്രാ.. പാതിരയ്ക്ക് അവന്റെ ഡാഷ് വർത്താനം.."

പാലം കടന്ന്  ബിജു ഇറങ്ങേണ്ട സ്ഥലമായപ്പോൾ വണ്ടി നിർത്തി. സ്ട്രീറ്റ്‌  ലൈറ്റുകൾ മുഴുവൻ കെട്ടു.

"ആഹ.. ഹ എന്തോരൈശ്വര്യം.. കാലു കുത്തേണ്ട താമസം കരണ്ടു വരെ പണി മുടക്കി.." ഞാൻ കളിയാക്കി.

"ഞാൻ വന്നാൽ പിന്നെ  വെളിച്ചം ആവശ്യമില്ല അതാടാ."

"ഞാൻ ചിരിച്ചാൽ എന്നൂടെ പരയാർന്നില്ലെ.. വെളിച്ചത്തിന്റെ ഒക്കെ മീനിങ്ങ് പോയ പോക്കേ.."

"അത് പോട്ടെ. നീ വിട്ടോ ഇനീം കുറെ പോവാനില്ലേ. സൂക്ഷിച്ചു പോണം. വീട്ടിലെത്തിയാൽ വിളിക്കണം. ഞാൻ വൈറ്റ് ചെയ്യും. നേരത്തെ പോന്ന സ്പീഡ് വേണ്ട. ഇനി വഴീ കിടന്നാൽ ഒരാളും   ഉണ്ടാവില്ല. അറിയാലോ?"
  
"ഹ ഹ.. എന്നെ ഇവൻ വഴീ കേടത്തിയിട്ടില്ലെടാ ഇത് വരെ. ഞാൻ വണ്ടിയെ സ്നേഹപൂർവ്വം തഴുകി."

"വഴീ കെടത്തിയിട്ടില്ല.. പക്ഷെ കഴിഞ്ഞ കൊല്ലം ആശുപത്രീ കെടത്തി.. ഓര്മ്മയുണ്ടല്ലോ. അപ്പൊ അഭ്യാസങ്ങൾ വേണ്ട. വിട്ടോ.. ഗുഡ് നൈറ്റ്."

"അപ്പൊ ശരി.." വണ്ടി നീങ്ങി.

മാപ്രാണം, ഇരിഞ്ഞാലക്കുട, പുല്ലൂർ, തൊമ്മാന, ആളൂർ, കൊടകര .. വഴിയും പോയിന്റ് സ്റ്റേഷനുകളും മനസ്സിൽ കണക്കു കൂട്ടി ഞാൻ വീണ്ടുമൊരു ബൈക്ക് റേസർ ആവാൻ പ്ളാൻ ചെയ്തു. പിന്നെ  ബിജുവിന്റെ വാക്കുകൾ ഓർത്ത് വേണ്ടെന്ന് വച്ചു!

മാപ്രാണം എത്താറായപ്പോൾ വേറൊരു ചിന്ത തലയിൽ ബള്ബ് കത്തിച്ചു. ലെഫ്റ്റ് തിരിഞ്ഞ് മാടായിക്കോണം പാടത്തിനു നടുവിലെ റോഡിലൂടെ ആനന്ദപുരം, ആലത്തൂർ വഴി അങ്ങ് പെടച്ചാലോ.. ആറോ ഏഴോ കിലോമീറ്റർ വഴിയും സമയവും ലാഭിക്കുകയും ചെയ്യാം. പിന്നെ ചിന്തിച്ചില്ല. വണ്ടി ഇടത്തോട്ട് തിരിഞ്ഞു. അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ കടകളും വീടുകളും കഴിഞ്ഞു. കട്ട പിടിച്ച ഇരുട്ടിനെ കീറി മുറിച്ച വണ്ടിയുടെ ഹെഡ് ലൈറ്റിൽ വിജനമായ റോഡിലേയ്ക്ക് ചാഞ്ഞു നില്ക്കുന്ന മരങ്ങളും റോഡിൽ വീണു ചിതറിയ മരച്ചില്ലകളും ഇലകളും മഴയും ചേർന്ന് ഏതോ ഹോളിവുഡ് ഹൊറർ ചിത്രത്തിലെ ദൃശ്യം സമ്മാനിച്ചു. മുന്നോട്ടു നീങ്ങും തോറും ചെറിയൊരു പേടി എന്നെ വന്നു പൊതിഞ്ഞു. മഴയുടെ തണുപ്പിനെ വെല്ലുന്നൊരു കുളിരിൽ ഞാനൊന്ന് വിറച്ചു. 

'തിരിച്ചു പോയാലോ..'

'പിന്നെ, ഇത്രേം വഴി വന്നിട്ട് തിരിച്ചു പോവല്ലേ.'

'കോൾപ്പാടത്തിനു നടുവിലൂടെ പോകുന്ന ഒരു കിലോമീറ്റർ റോഡ്‌ പ്രശ്നമുള്ള സ്ഥലമാണ്. ഒരീച്ചക്കുഞ്ഞു പോലും കാണില്ല. പിടിച്ചു പറിയൊക്കെ നടക്കുന്നു എന്നൊക്കെയാണ് കേൾവി.'

'ഹ ഹ.. എന്നെ പിടിച്ചു പറിക്കാൻ വന്നാൽ അവര് ചമ്മി പോവെ ഉള്ളൂ..'
മനസ്സിൽ നടന്ന വടം വലിയിൽ ചെറുപ്പത്തിന്റെ ധൈര്യം തന്നെ ജയിച്ചു.

മാപ്രാണം റോഡീന്നു പാടത്തേയ്ക്ക് തിരിയുന്ന മൂലയിലെ മുളംകൂട്ടം കാറ്റിൽ റോഡിലേയ്ക്ക്  ചാഞ്ഞു നിന്നുലയുന്നു. 
ആരോ പിടിച്ചുലയ്ക്കുന്നതാണോ? 
'ഹ ഹ ഓരോ ചിന്തകളേയ് .. പേടി എന്ന വികാരം ഒരു പ്രശ്നം തന്നെയാ..' എന്ന സ്വയം സമാധാനത്തിൽ മുളപ്പടർപ്പിനടിയിലൂടെ മുന്നോട്ടു നീങ്ങിയ ബൈക്കിന് കുറച്ച് മുന്നില് എന്തോ നീങ്ങുന്നത്‌ കണ്ടു മനസ് കിടുങ്ങി. വെള്ളം നിറഞ്ഞ പാടത്തിനു നടുവിലെ റോഡിൽ മഴയിൽ നനഞ്ഞ് ഒരാൾ!  എന്റെ നടുക്കം കൂട്ടിക്കൊണ്ട് ഒരു മിന്നൽ അയാൾക്ക്‌ പുറകിലെ ആകാശത്തിൽ തെളിഞ്ഞു. കയ്യിൽ എന്തോ പിടിച്ചിട്ടുണ്ട്‌.... വണ്ണം കുറഞ്ഞ്, അധികം ഉയരമില്ലാത്ത ഒരു മനുഷ്യൻ. ബ്രേക്കിൽ അറിയാതെ കാലമർന്നു. സ്പീഡ് കുറഞ്ഞു. എനിക്ക് പത്തടി അകലെ നിന്ന് അയാൾ കൈ കാട്ടി.

ഉദ്ദേശം പന്ത്രണ്ടര, സ്ഥലം ഒട്ടും ശരിയല്ലാത്തത്.. പെടച്ചു വിട്ടാലൊ.. എന്ന ചിന്തയാണ് ആദ്യം വന്നത്. പക്ഷെ, അയാള്ക്കടുത്ത് എന്റെ ബൈക്ക് നിന്നു. അയാള് പുറകിൽ കയറുന്നതും വണ്ടി മുന്നോട്ടു നീങ്ങുന്നതും അറിയുമ്പോൾ ഞാൻ ഒരു യന്ത്രം പോലെ ആയിരുന്നു. അയാളുടെ നിശ്വാസം എന്റെ ചുമലിൽ തട്ടി. ഭയം കനത്തൊരു കരിമ്പടമായി എന്നെ വന്ന് പൊതിഞ്ഞു കഴിഞ്ഞു. നോക്കെത്താ ദൂരം വെള്ളം നിറഞ്ഞു നില്ക്കുന്ന കോൾപ്പാടത്തിന് നടുവിലെ റോഡ്‌ ആര്ത്തലയ്ക്കുന്ന കടലിനു നടുവിൽ വെട്ടിയ വഴി പോലെ തോന്നിച്ചു.

ഏതോ ഒരാൾ. ലിഫ്റ്റ് ചോദിച്ചു, ഞാൻ കൊടുത്തു. അല്ലാതെ പേടിക്കുന്നതെന്തിന്? ആശങ്കകളെ മനസ്സിൽ മൂടി വച്ച് വണ്ടിക്കു സ്പീഡ് കൂട്ടി.

ഒരു നിമിഷം, മുന്നില് റോഡ്‌ അവസാനിച്ചത്‌ കണ്ട് ഞാൻ പകച്ചു. റോഡ്‌ വെള്ളത്തിനടിയിലെയ്ക്ക് താഴ്ന്നു പോയത് പോലെ! ബ്രെയ്ക്ക് ചവിട്ടി വണ്ടി നിർത്തി. ഇടതു വശത്തെ പാടം കവിഞ്ഞു വെള്ളം വലതു വശത്തേയ്ക്ക് ഒഴുകുന്നതാണെന്ന് മനസിലാക്കാൻ കുറച്ചു നേരമെടുത്തു. ഇനി കുറച്ചു വഴി റോഡ്‌ താഴ്ചയിലാണ്. പാടത്തിന്റെ പകുതി ദൂരം പിന്നിട്ടു കഴിഞ്ഞു. തിരിച്ചു പോകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ വയ്യ. ഹൈ ബീമിന്റെ വെളിച്ചത്തിൽ വെള്ളത്തിൽ വരിയായി നില്ക്കുന്ന അതിര്ത്തി കുറ്റികൾ കാണാം.

ഞാൻ ചുറ്റുപാടും ഒന്ന് നോക്കി. വെള്ളം നിറഞ്ഞ ഒരു ലോകത്തിൽ പെട്ട് പോയ രണ്ടു പേർ എന്ന പോലെ ഞാനും എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളും. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നിലെ വെള്ളം തിളങ്ങി. എന്താ ചെയ്യേണ്ടത് എന്ന ഭാവത്തിൽ ഞാൻ മുഖം തിരിച്ച് അയാളെ നോക്കി. ദൈന്യതയാര്ന്ന കണ്ണുകളോടെ, ഒരുപാടു പ്രതീക്ഷകളോടെ അയാള് എന്നെയും.

അത് മതിയായിരുന്നു എനിക്ക്. അയാൾക്ക്‌ എന്നെ ആവശ്യമുണ്ട് എന്ന വിചാരം മനസിലെ ഭയത്തെ ചവിട്ടി പുറത്താക്കി. ഞാനൊരു കുരിശു വരച്ചു.

"നമ്മള് പോവാ, പിടിച്ചിരുന്നോ."

വണ്ടി  പതുക്കെ നീങ്ങി.

"സൈലന്സറിൽ വെള്ളം കയറി വണ്ടി ഓഫായാൽ പിന്നെ പണിയായി. ആക്സിലേറ്റർ കുറയ്ക്കാതെ ക്ളച്ചിൽ താങ്ങി പൊയ്ക്കോളൂ. സ്പീഡു ഒട്ടും വേണ്ട. ഒഴുക്ക് പിടിച്ചാൽ കണ്ട്രോൾ പോവും."
പുറകിൽനിന്നു അയാൾ പറഞ്ഞു.

'പിന്നെ, ഇയാൾ പറഞ്ഞു തന്നിട്ട് വേണം.. എനിക്കറിയാം' എന്ന മട്ടിൽ ഞാൻ ഒന്ന് തലയാട്ടി.

റോഡിലെ തന്നെ താഴ്ചയുള്ള ചില ഭാഗങ്ങളിൽ സൈലന്സരിനും മുകളിൽ വെള്ളം എത്തുന്നതും വണ്ടിയുടെ ശബ്ദം മാറുന്നതും അറിഞ്ഞു. സ്പീഡ് ഇത്തിരി കൂടുമ്പോൾ തന്നെ വെള്ളത്തിന്റെ ഒഴുക്കിൽ വണ്ടി വലതു വശത്തേയ്ക്ക് പോകുന്നത് ഫീൽ ചെയ്തു. ഞാൻ ഒറ്റയ്ക്കാണെങ്കിൽ വെള്ളത്തിലൂടെ പോന്നാൽ പാടത്ത് കിടന്നേനെ.. ഉറപ്പ്. മനസ് പറഞ്ഞു.

ഇരുന്നൂറു മീറ്ററോളം പോയപ്പോൾ റോഡ്‌ വീണ്ടും പ്രത്യക്ഷപ്പെട്ടു! ആശങ്കകൾ മാറി ഞാൻ ഉഷാറായി. പാടം  കഴിഞ്ഞു, വണ്ടി ജനവാസമുള്ള സ്ഥലത്തേയ്ക്ക് എത്തിക്കഴിഞ്ഞു.

ഇനി പ്രശ്നം ഒന്നുമില്ല.

"ആനന്ദപുരം റോഡിലാണോ ഇറങ്ങുന്നത്?" ഞാൻ ചോദിച്ചു.
ഉം ന്നൊരു മറുപടി കിട്ടിയെന്നു തോന്നി.

അവിടെയെത്തുമ്പോൾ ഇറങ്ങി ഒന്ന് മൂത്രോം ഒഴിക്കാം ഞാൻ ചിന്തിച്ചു. തുടർ സംസാരം ഒന്നും ഉണ്ടായില്ല. മഴ കനത്തു. ഞാൻ ഹെൽമെറ്റിന്റെ ഉയർത്തി വച്ച ഗ്ളാസ് താഴ്ത്തി.

ഒരുപാടു കാലം ഓർമ്മിക്കാൻ കളിയും ചിരിയും ആവേശവും ഭയവും ധൈര്യവും എല്ലാം ഇടകലർന്ന ഒരു യാത്ര. കൊള്ളാം.
ഇങ്ങേര് എന്താണാവോ ആരുമില്ലാത്ത ആ വഴിയിൽ പെട്ടത്? ഞാൻ വണ്ടിയിൽ കയറ്റിയില്ലായിരുന്നെങ്കിൽ ആള് ഇത്രേം വഴി നടന്നു പോരുമായിരുന്നോ? ആ.. എന്തായാലും ആളുണ്ടായത് നന്നായി. ഇല്ലേൽ ചെലപ്പോ വെള്ളത്തിൽ ചത്തു പൊന്തിയെനെ.. എന്തായാലും ഇറങ്ങുമ്പോ ആള് താങ്ക്സ് പറയും. അതിനു മുൻപേ യാത്രയിൽ ഒരു കൂട്ടായതിന് ഒരു താങ്ക്സ് അങ്ങോട്ട്‌ പറയണം. വിവിധ ചിന്തകൾക്കിടയിൽ അയാള്ക്കിറങ്ങേണ്ട സ്ഥലമെത്തി.

വണ്ടി നിർത്തി, ഹെൽമെറ്റിന്റെ വൈസര് ഉയർത്തി...
"അപ്പൊ, ഓക്കെ,
താങ്ക് യു" പുറകോട്ടു തിരിഞ്ഞു ഞാൻ പറഞ്ഞു.

അത്യപൂർവ്വമായ ഒരു വികാരത്തിൽ എന്റെ രോമകൂപങ്ങൾ എണീറ്റ്‌ നിന്നു.

കാരണം,
അവിടെ ആരും ഉണ്ടായിരുന്നില്ല!!






https://www.facebook.com/groups/malayalamblogwriters

https://www.facebook.com/ThankYouMMovie







16 comments:

animeshxavier said...

Post your comment, Please.

Mahesh Ananthakrishnan said...

ശരിയാണ്.... ഏതാണ്ട് ഒരേപോലുള്ള അനുഭവം..... ചിലപ്പോള്‍ പലര്‍ക്കും ഇതേ അനുഭവം ഉണ്ടായിക്കാണും....
ആശംസകള്‍ :) ഒപ്പം നന്ദിയും.. ശ്രദ്ധയില്‍ പെടുത്തിയതിന് :)
http://maheshananthakrishnan.blogspot.in/2012/07/blog-post.html

Prime said...

10/15/20/25 കൊല്ലം മുമ്പ് മഴയത്ത് ലിഫ്റ്റ് തന്നിട്ട് വണ്ടി ഗട്ടറിൽ വീണപ്പോൾ ഞാൻ വീണതറിയാതെ പോയ വിദ്വാൻ താനായിരുന്നല്ലേ എന്ന കമന്റ് വരുമോ എന്നറിയാൻ ഒരു ട്രാക്ക്...
;)

Vishnu said...

swalpam Aamen effect aano ennoru doubt Animesh ! just joking !

JKW said...

First price goes to :)
http://justinkwilliams.blogspot.com/

Sangeeth Nagmurali said...

കൊള്ളാം ,പരിണാമ ഗുപ്തി എന്ന് പറയുന്ന സാധനം അലക്കീട്ടുണ്ട് ......

Cv Thankappan said...

വായനാസുഖം നല്‍കുന്ന കഥ.
മാപ്രാണം-ആനന്ദപുരം വഴി ഞാന്‍ യാത്ര പോകാറുണ്ട്.ആ വിജനമായ ഭാഗം
രാത്രിയില്‍ പേടിസ്വപ്നമായിരുന്നു പണ്ടൊക്കെ.കളവും,തട്ടിപ്പറിയും....
ബൈക്കില്‍ പോകുന്നവരെ കുരുക്കെറിഞ്ഞ് വീഴ്ത്തി...
കഥകളുണ്ടേറെ....
ഇന്നതൊന്നും ഇല്ല.ജനവാസവും,വാഹനഗതാഗതവും
കൂടിയല്ലോ.
ആശംസകള്‍

ajith said...

വായനാരസം മിനിമം ഗാരന്റിയാണ് അനിമേഷിന്റെ രചനകളില്‍

ഇതും പതിവ് തെറ്റിച്ചില്ല

viddiman said...

കഥയാണോ അനുഭവമാണോ ?

യുക്തിവാദത്തിന്റെ രോഗം ചെറുതായുള്ളതുകൊണ്ട്, എന്നെ ഒരു ഡോ. മാത്യു വെല്ലൂർ ആക്കരുത്..

Madhusudanan P.V. said...

ഒരു നല്ല കഥ സമ്മാനിച്ചതിന്‌, താങ്ക്‌ യൂ

Anonymous said...

അനുഭവവും ഫാന്റസിയും തമ്മില്‍ മേളിക്കുന്ന കഥ. ഇഷ്ടപ്പെട്ടു.

TOMS KONUMADAM said...

വായനാസുഖം നല്കുന്ന ഒരു നല്ല കഥ..
ആശംസകൾ അനിമേഷ്

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കഥയാണെന്ന് കരുതി .... ചിലപ്പോൾ നടന്നതാണെന്ന് തോന്നി , പിന്നേം കഥ അല്ല നടന്നത് ..... എന്തായാലും കലക്കി

Vineeth M said...

വിനയന്‍ കാണണ്ട.... അടുത്ത പടത്തില്‍ ഹൊറര്‍ എലെമെന്റ് ഇതായിരിക്കും...

കാഴ്ചകളിലൂടെ said...

superb animesh... superb

നല്ലി . . . . . said...

ഏതോ പാവത്തിനെ ബൈക്കേ കേറ്റി വഴീലെങ്ങാണ്ട് ഉരുട്ടി ഇട്ടതും പോരാഞ്ഞിട്ട്, അങ്ങേരു പ്രേതമാന്നൂടെ വരുത്താന്‍ നൊക്കുന്നൊ മനുഷ്യാ !!!!!