Powered By Blogger

Thursday, June 27, 2013

മേഘച്ചിറകേറി മഴനൂലുകള്‍ വാരിപ്പുതച്ചൊരു യാത്ര.


...................................................................................................

വിവിധ സ്ഥലങ്ങളെ, ഭൂപ്രകൃതിയെ, സംസ്‌കാരങ്ങളെ തൊട്ടറിഞ്ഞുകൊണ്ട് നാം നടത്തുന്ന യാത്രകള്‍ വെറും വിനോദയാത്രകള്‍ എന്നു മാത്രം വിളിക്കപ്പെട്ട് ഒതുക്കിക്കളയേണ്ടവയല്ല. ഓരോ യാത്രയും ഓരോ പാഠമാണ്. ഹൃദയത്തില്‍ എന്നെന്നും സൂക്ഷിക്കാനും ഓര്‍ക്കാനും ഓമനിക്കാനും അത്തരം ഒരുപാടനുഭവങ്ങള്‍ സമ്മാനിച്ച ഒരു യാത്രയിലേയ്ക്ക്.
       
''അടുത്ത വരവ് ജൂണില്‍, ബൈക്കില്‍ എങ്ങോട്ടെങ്കിലും ഒരു ട്രിപ്പ് പോയാലോ?'' എന്ന് സുധീഷ് പറയുമ്പോള്‍ അത് നടപ്പിലാവാന്‍ തരിമ്പും സാധ്യതയില്ലാത്ത ഒന്നാവും എന്നാണ് അന്ന് കരുതിയത്. കാരണം ജൂണ്‍, മണ്‍സൂണ്‍ കൊടുമ്പിരി കൊള്ളുന്ന മാസമാണ്. ബൈക്ക് റൈഡ് സാധാരണ ആരും പ്രിഫര്‍ ചെയ്യില്ല. ഗൂഗിള്‍ പ്ലസിലെ മലയാളികളുടെ കൂട്ടായ്മയില്‍ കാര്യം അവതരിപ്പിക്കപ്പെടുകയും ചാലക്കുടിയില്‍നിന്ന് വാല്‍പ്പാറ , ആളിയാര്‍, പൊള്ളാച്ചി വഴി തിരിച്ച് പുറപ്പെട്ടിടത്തേയ്ക്ക് എന്ന് റൂട്ട് തീരുമാനിക്കപ്പെടുകയും ചെയ്തപ്പോള്‍ എനിക്ക് ചിരി വന്നു. ഇത് നടക്കാനുള്ളതല്ലല്ലോ! പക്ഷേ, എന്നെ അമ്പരപ്പിച്ചുകൊണ്ട് അതു തീരുമാനിക്കപ്പെട്ടു. മഴയെന്നു കേള്‍ക്കുമ്പോഴേ പലരും പിന്നിലേയ്ക്ക് വലിയുമെന്ന വിചാരം തെറ്റാണെന്ന് മനസിലായി. താല്പര്യമുള്ളവര്‍ പ്ലസില്‍ ഒത്തു ചേര്‍ന്നു. അത് പതിയെ 26 പേര്‍ അടങ്ങുന്ന ഒരു സംഘമായി മാറി എന്നതു അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. റൂട്ട് കൃത്യമായി തീരുമാനിക്കപ്പെട്ടു. ജൂണ്‍ 22, 23 എന്നീ തിയ്യതികള്‍ തീരുമാനമായി. രാവിലെ ചാലക്കുടിയില്‍നിന്ന് യാത്ര തുടങ്ങി അതിരപ്പിള്ളി, മലക്കപ്പാറ വഴി വാല്‍പ്പാറയില്‍ എത്തുന്നു. അന്ന് രാത്രി അവിടെ താമസം. പിറ്റേന്ന് ടോപ്പ് സ്‌ലിപ്പ് കയറി പൊള്ളാച്ചി, പാലക്കാട് വഴി തൃശൂര്‍ എത്തി പിരിയുന്നു. മണ്‍സൂണ്‍ ട്രിപ്പ് സംഘം റെഡിയായി. പലരും പരസ്പരം കണ്ടിട്ടില്ലാത്തവര്‍. എങ്കിലും ഓണ്‍ലൈന്‍ കൂട്ടുകാര്‍ ഒരു കുടുംബമായി മാറുന്നതിലെ രസം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. യാത്രക്കൊരുങ്ങുന്നവര്‍ പരസ്പരം വിവരങ്ങള്‍ കൈമാറി. താമസം എന്ന വിഷയത്തിലെ ഘോരമായ ചര്‍ച്ചകള്‍ക്ക് ശേഷം ആന്റണി അവതരിപ്പിച്ച 'മണമ്പിള്ളി' എന്ന ഫോറസ്റ്റ് ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്യപ്പെട്ടു. വെളിച്ചത്തിന് സോളാര്‍ ലാമ്പ് മാത്രം. മൊബൈല്‍ റെയ്ഞ്ചില്ല. ഇന്റര്‍നെറ്റില്ല. അസൗകര്യങ്ങളെ മനസില്‍നിന്ന് മാറ്റിവെയ്ക്കാന്‍ നെറ്റില്‍നിന്ന് കിട്ടിയ ഗസ്റ്റ് ഹൗസിന്റെ പടം മതിയായിരുന്നു! കാടിനു നടുവില്‍ ഒരു ബംഗ്ലാവ്. ചുറ്റിയൊഴുകുന്ന പുഴ. അതു തന്നെ മതിയെന്ന ഭൂരിപക്ഷാഭിപ്രായപ്രകാരം മണമ്പിള്ളി ഉറച്ചു.  പതിനാറു പേര്‍ക്ക് മാത്രം താമസസൗകര്യമുള്ള അവിടെ ജയേഷിന്റേയും ശാന്തിനിയുടേയും മകനായ അനിക്കുട്ടനടക്കം ഇരുപത്താറു പേരെ താമസിപ്പിക്കാനുള്ള അനുവാദത്തിനായി സുധീഷും ആന്റണിയും കുറേ മിനക്കെട്ടു.

പറഞ്ഞ ദിവസം അടുക്കും തോറും എനിക്ക് ടെന്‍ഷന്‍ ആയിത്തുടങ്ങി. പതിവിലും വിട്ട് മഴ കനക്കുകയാണ്. വരുന്നവര്‍ക്ക് ഈ വഴിയെക്കുറിച്ചെന്തറിയാം? ചെറുപ്പം മുതലേ അതിരപ്പിള്ളി എനിക്ക് സ്ഥിരം റൂട്ടാണ്. പക്ഷേ, അതു കഴിഞ്ഞിട്ടുള്ള വഴി...ഓരോ മുക്കിലും മൂലയിലും അപകടങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള യാത്രയാണ് മുന്നില്‍. യാത്രാസംഘത്തിലാണെങ്കില്‍ സ്ത്രീകളും കുട്ടിയും. ഇടിയുന്ന റോഡ്, കുത്തിയൊലിക്കുന്ന വെള്ളം, ഉരുള്‍ പൊട്ടല്‍, വഴിക്ക് കുറുകെ വീണേക്കാവുന്ന മരങ്ങള്‍, വന്യമൃഗങ്ങളുടെ ആക്രമണം, ബ്രേക്ക് ഡൗണ്‍ ആവുകയോ ആര്‍ക്കെങ്കിലും ശാരീരികമായ അവശതകളുണ്ടാവുകയോ ചെയ്താല്‍ ഒരു സഹായവും ലഭ്യമല്ലാത്ത ഏരിയ. പോകുന്നതിന്റെ രണ്ടു ദിവസം മുന്‍പ് പ്ലാന്റേഷനില്‍ ഒറ്റയാനിറങ്ങി എന്നുകൂടെ കേട്ടപ്പോള്‍ അസ്വസ്ഥത കൂടി. എങ്കിലും ആരേയും ഭയപ്പെടുത്താതിരിക്കാന്‍ ആശങ്കകള്‍ ഒന്നും പറഞ്ഞില്ല.

ട്രിപ്പിന്റെ തലേന്ന് തന്നെ ബിജൂ, അച്ചു, നൗഷാദ്, ദിലീപ്, സപ്തന്‍ എന്നിവര്‍ ചാലക്കുടിയിലെത്തി. രാത്രി മഴ തകര്‍ത്തു പെയ്തു. പിറ്റേന്ന് രാവിലെ, മഴയ്‌ക്കൊരു ശമനം. ചാറല്‍ മാത്രമായി മഴയൊന്ന് പതുങ്ങി. ഓരോരുത്തരായി വന്നുചേരുന്നതിനനുസരിച്ച് വിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. നൗഷാദ് & ടീം വാല്‍പ്പാറ എത്തുമ്പോള്‍ ഭക്ഷണം ഗ്രില്ലുചെയ്യാന്‍ കരിയും സാമഗ്രികളുമായി റെഡിയാണെന്ന് അറിയിപ്പു വന്നു. ഒരേയൊരാവശ്യം, തീ കൂട്ടാന്‍ കുറച്ച് മണ്ണെണ്ണ! അതു ഞാന്‍ ഏറ്റെടുത്തു. 'വരുമ്പോള്‍ ഒരു ചെറിയ ഹാമര്‍ എടുക്കണേ'' എന്ന സുധീഷിന്റെ ആവശ്യം മാനിച്ച് വീട്ടിലേയ്ക്ക് തിരിച്ചു പോവേണ്ടി വന്നെങ്കിലും പത്തു മിനിട്ടു കൊണ്ട് ചാലക്കുടിയിലെത്തി. 

ചാലക്കുടിയില്‍ എത്തിയപ്പോള്‍ ഫളൈ ഓവറിനു സമാന്തരമായ റോഡിലൂടെ ചെറുമഴ കൊണ്ട് അതാ വരുന്നു പട്ടാളം! അതുല്യാമ്മ, അനില്‍കുമാര്‍ പാക്കരന്‍, മത്തായി, ബിന്‍സി, സപ്തന്‍, ഇട്ടിമാളു, ടിജോ, നൗഷാദ്, ബിജു, നന്ദന്‍, അച്ചു, ദിലീപ്, കുമാര്‍, സുധീഷ്, സുധീഷിന്റെ സുഹൃത്ത്, അനോണി ആന്റണി, യായ്രയയ്ക്കാന്‍ വന്ന മനോജ്... 

''മുള്ളൂക്കാരന്‍?''
''പനിയടിച്ചു. ഇല്ല.''

ആരെങ്കിലും വരാതായാല്‍ മാത്രം നിനക്ക് ചാന്‍സ് തരാം എന്നു പറഞ്ഞൊരു യാത്രാമോഹിയെ ഒതുക്കി നിര്‍ത്തിയിട്ടുണ്ടായിരുന്നു. കാര്യം അറിയിക്കേണ്ട താമസം. പത്തു മിനിട്ടില്‍ ചുള്ളന്‍ ഹാജര്‍ വച്ചു.

''ഞാന്‍ കൃഷ്ണദാസ്, കൊടകര ഏരിയയില്‍ ഷാരൂഖ് ഖാന്‍ എന്നറിയപ്പെടുന്നു'' എന്ന സെല്‍ഫ് ഇന്‍ട്രൊഡക്ഷനോടെ ആള്‍ ഹിറ്റ്.

തലേന്ന് ബംഗളുരുവില്‍നിന്ന് പുറപ്പെട്ട ടീം രാവിലെ തൃശൂര്‍ എത്തിയതായി അറിയിച്ചിരുന്നു. 'പുറപ്പെട്ടു, വേണേല്‍ അര മണിക്കൂര്‍ മുമ്പേ പുറപ്പെടാം' എന്ന പുതിയ അറിയിപ്പു കിട്ടി! ഇപ്പോള്‍ ''ഒമ്പത് മണി. അവരെത്താന്‍ മിനിമം പത്തര കൂട്ടിക്കോളൂ..'' എന്ന കമന്റ് വന്നു. 'ചലോ റോയല്‍ പാലസ്' എന്നാരോ പറഞ്ഞു. അപ്പവും മുട്ടക്കറിയും, മസാലദോശയും ടേബിളുകളില്‍ ഓടി നടന്നു. ധനകാര്യമന്ത്രിയായി അതുല്യാമ്മയെ എതിരില്ലാതെ തെരഞ്ഞെടുത്തു. (നന്നായി. ഇതല്ലാതെ, എന്റെ ഓര്‍മ്മയിലെ ഒരു ട്രിപ്പും ബഡ്ജറ്റ് മിച്ചം വച്ചിട്ടില്ല) വഴിച്ചിലവിലേയ്ക്കായി പിരിവ് നടത്തുന്നത് കണ്ട് 'രാവിലെ തന്നെ ഇവര്‍ ഷെയറിട്ടു തുടങ്ങിയോ' എന്ന് സപ്ലയര്‍ അതിശയം കൊണ്ടു. ചാലക്കുടിക്കാരന് അങ്ങിനെ ചിന്തിക്കാന്‍ സ്വാതന്ത്ര്യമുള്ളതുകൊണ്ട് ആര്‍ക്കും അതില്‍ പ്രത്യേകത തോന്നിയില്ല. ഭക്ഷണത്തിനിടയില്‍ നിഷയും ജോയും ഒപ്പം ചേര്‍ന്നു. ഭക്ഷണത്തിന് ശേഷം സമയം വെറുതേ കളഞ്ഞില്ല. രാത്രിഭക്ഷണം പാചകം ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ ഒരു ടീം പോയി. ബാക്കിയുള്ളവര്‍ തലേ ദിവസത്തെ താമസക്കാരുടെ മുറികളില്‍ ഇരച്ചുകയറി ഹോട്ടലുകാരുടെ വെറുപ്പ് സമ്പാദിച്ചു. മഴ ചെറുതായി ചാറിക്കൊണ്ടേയിരുന്നു.

തളത്തില്‍ ദിനേശന്‍ എന്ന സതീഷ് ചന്ദ്രന്‍, അനിയന്‍ പദ്മരാജ്, ശങ്കര്‍ദാസ്, ജയേഷ്, ശാന്തിനി, അനിക്കുട്ടന്‍ എന്നിവര്‍ രണ്ട് കാറുകളിലായി എത്തിച്ചേരുമ്പോള്‍ പത്തേമുക്കാല്‍. നേരം വൈകാന്‍ പല കാരണങ്ങളുണ്‌ടെങ്കിലും എല്ലാം പാവം(?) അനിക്കുട്ടന്റെ തലയില്‍. ലഗേജുകള്‍ കാറില്‍ അടുക്കിപ്പെറുക്കി വച്ച് അതുല്യാമ്മയുടെ വിസില്‍ വിളിയിലൂടെ ആറ് ബൈക്കുകളിലും മൂന്ന് കാറുകളിലുമായി യാത്ര തുടങ്ങുമ്പോള്‍ സമയം പതിനൊന്ന്.



വണ്ടികള്‍ ചാലക്കുടി ടൗണ്‍ കഴിഞ്ഞ് ആനമല റോഡിലേയ്ക്ക് കടക്കേണ്ട താമസം, മഴ വന്നു. ''അങ്ങിനെ മണ്‍സൂണ്‍ ട്രിപ്പ് ഐശ്വര്യമായി തുടങ്ങുകയായി.'' എന്റെ പില്യണ്‍ ആയി പുറകില്‍ സ്ഥാനം പിടിച്ച ടിജോ പറഞ്ഞു. ആ വഴിയെക്കുറിച്ചുള്ള എന്റെ വിജ്ഞാനം വിളമ്പുന്നത് അവന് ബോറടിക്കുന്നുണ്‌ടെന്ന് മൂളല്‍ കേള്‍ക്കാതായപ്പോള്‍ മനസിലായതോടെ ഞാന്‍ വിക്കിപീഡിയ അടച്ചു! പുറപ്പെടാന്‍ സമയം വൈകിയതുകൊണ്ട് തുമ്പൂര്‍മുഴിയില്‍ ഇറങ്ങുക എന്ന ട്രിപ്പിലെ ആദ്യ പ്രോഗ്രാം ഉപേക്ഷിച്ച് മുന്നോട്ടു നീങ്ങവേ മഴ കോരിച്ചൊരിഞ്ഞു. തുള്ളിക്കൊരു കുടം എന്നു പറയുന്ന പോലുള്ള മഴ. റോഡിനു നടുവിലെ 'വര' മാത്രം കാണാം! വണ്ടികളുടെ ലൈറ്റ് തെളിഞ്ഞു. നല്ല റോഡായതുകൊണ്ട് വണ്ടികള്‍ പതിയെ മുന്നോട്ട് നീങ്ങി. മഴക്കോട്ടുകൊണ്ട് തീര്‍ത്ത പ്രതിരോധമെല്ലാം പരാജയപ്പെട്ടു. അടിമുടി നനഞ്ഞു കുതിര്‍ന്നു. എങ്കിലും മഴക്കുളിര് ആവേശം ഇരട്ടിയാക്കുകയാണ് ചെയ്തത്. 



മഴയൊതുങ്ങിയതും യാത്ര അതിരപ്പിള്ളിയിലെത്തിയതും ഏകദേശം ഒന്നിച്ചായിരുന്നു. ചൂടുള്ള ഓരോ കട്ടന്‍ ചായയടിച്ച് വെള്ളച്ചാട്ടം കാണാന്‍ വ്യൂ പോയന്റിലേയ്ക്ക്  നീങ്ങി. മൂടിക്കെട്ടിയ പുകമഞ്ഞില്‍ മുങ്ങിക്കിടക്കുകയാണ് അതിരപ്പിള്ളി. ഒന്നും കാണാന്‍ വയ്യ. ഞങ്ങളെ നിരാശപ്പെടുത്താതെ പ്രകൃതി തന്റെ തിരശീല മെല്ലെ നീക്കി. സ്വപ്നം പോലെ വെള്ളച്ചാട്ടം തെളിഞ്ഞു. ചിത്രങ്ങളിലും സിനിമകളിലും കണ്ട് പരിചയിച്ച അതിരപ്പിള്ളിയുടെ സൗന്ദര്യം മഴക്കാലത്ത് നിറഞ്ഞ് കവിഞ്ഞ് താഴോട്ട് പതിക്കുന്നതിന്റെ രൗദ്രഭാവത്തിലേയ്ക്ക് മാറിയത് പലര്‍ക്കും പുതുമയായിരുന്നു. ചുറ്റുമുള്ള കടകളില്‍നിന്ന് ചെറിയ പര്‍ച്ചെയ്‌സുകള്‍ നടന്നു. ഫോട്ടോഗ്രാഫി പ്രൊഫഷണലുകള്‍ നിറഞ്ഞ സംഘം ഫോട്ടോ സെഷന്‍ തുടങ്ങി. ''മതി, മതി ഇനി അടുത്ത സ്ഥലം. വെറുതെ നേരം കളയണ്ട'' എന്ന നിര്‍േദ്ദശം വേഗം പാലിക്കപ്പെട്ടു. മാനം പെയ്‌തൊഴിട്ടും മരങ്ങള്‍ പെയ്യുന്ന വഴിയിലൂടെ വണ്ടികള്‍ മുന്നോട്ട്.



അടുത്ത സ്റ്റോപ്പ് ചാര്‍പ്പ വെള്ളച്ചാട്ടം. അതിരപ്പിള്ളിയ്ക്കും വാഴച്ചാലിനുമിടയില്‍ കണ്ണിനു വിരുന്നൊരുക്കുന്ന ചാര്‍പ്പ, ഏറ്റവും മനോഹരിയാവുന്നത് മഴക്കാലത്താണ്. കടുത്ത വേനലില്‍ ഇതിലൂടെ കടന്നു പോകുന്നവര്‍ ചാര്‍പ്പയെ കണ്ടെന്നു പോലും വരില്ല. ഇടതുവശത്തെ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ആര്‍ത്തലച്ചൊഴുകി റോഡിലെ പാലത്തിന് കീഴിലൂടെ താഴോട്ടു പോകുന്ന വെള്ളച്ചാട്ടത്തിന്റെ ചിതറിത്തെറിക്കുന്ന കണങ്ങള്‍ മുഖത്തും ശരീരത്തിലും സംഘാംഗങ്ങള്‍ മതിയാവോളം ഏറ്റുവാങ്ങി. പടം വേട്ടക്കാര്‍ ആയുധങ്ങള്‍ പുറത്തെടുത്തു. പോസിങ്ങിന്റെ തിരക്കുകള്‍. മിന്നുന്ന ഫ്‌ളാഷുകള്‍. സന്തോഷം കവിഞ്ഞൊഴുകുന്ന മുഖങ്ങള്‍.

വാഴച്ചാല്‍ ഇറങ്ങിക്കാണുക എന്ന പരിപാടി ഉപേക്ഷിക്കപ്പെട്ടു. യാത്ര തുടര്‍ന്നു. ചെക്ക് പോസ്റ്റില്‍ വണ്ടി നിന്നു. ബൈക്കുകള്‍ക്ക് വേഗം എന്‍ട്രി കിട്ടി. ''ഭക്ഷണം ഇവിടെ കിട്ടുമോ എന്നന്വേഷിച്ചു വരാം'' എന്ന് പറഞ്ഞ് മുന്നോട്ടു പോയ കൃഷണദാസ്, നോഹിന്റെ പെട്ടകത്തില്‍നിന്ന് പോയി മരക്കമ്പുമായി തിരികെ വന്ന പ്രാവിനെപ്പോലെ ന്യൂസ് തന്നു.
'ഫുഡ് അവിടെ, ഷാജ്യേട്ടന്റെ കടയില്‍ റെഡി.''
''ആരാ ഷാജ്യേട്ടന്‍, പരിചയക്കാരനാ?''
''ഇങ്ങിനെയല്ലേ പരിചയപ്പെടുന്നത്!''



ചെക്കിംഗ് കഴിഞ്ഞ് നേരെ ഹോട്ടലിലേയ്ക്ക്. ചെറുതെങ്കിലും വൃത്തിയുള്ള ഹോട്ടല്‍. പൊറോട്ട തീര്‍ന്നപ്പോള്‍ ചപ്പാത്തി. അതു തീര്‍ന്നപ്പോള്‍ ചോറ്. ബീഫ്, പുഴമീന്‍, പുളിശേരി.... അങ്ങോട്ടുമിങ്ങോട്ടും ഷെയര്‍ ചെയ്തും പരസ്പരം കളിയാക്കിയും ഭക്ഷണത്തിന്റെ ആസ്വാദ്യകരമായ രുചിയറിഞ്ഞ നിമിഷങ്ങള്‍. പുറത്തിറങ്ങി വീണ്ടും പടം പിടുത്തം. ഇനിയും എഴുപതു കിലോമീറ്ററോളം പോണം. വൈകീട്ട് അഞ്ചിനു മുമ്പ് വാല്‍പ്പാറ റിപ്പോര്‍ട്ട് ചെയ്യണം. ജനവാസമുള്ള വഴി കഴിഞ്ഞു. ഇനി കൊടും കാടാണ്. സമയം രണ്ടു കഴിഞ്ഞു എന്ന തിരിച്ചറിവില്‍ പരിപാടികള്‍ ഫാസ്റ്റാക്കാന്‍ പരസ്പരം പറഞ്ഞു. 

ബൈക്കുകള്‍ പാഞ്ഞു. ഇരു വശവും മരങ്ങള്‍ തിങ്ങിനിറഞ്ഞ് ഇരുള്‍ വീണ വിജനമായ റോഡ്. ഇടയ്ക്ക് പെയ്തുകൊണ്ടിരിക്കുന്ന മഴ.  പലയിടത്തും റോഡിലേയ്ക്ക് വീണ മരങ്ങള്‍ അറുത്തുമാറ്റിയിട്ടിരിക്കുന്നു. ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒഴുകിയിറങ്ങുന്ന വെള്ളം റോഡില്‍ പരന്നൊഴുകുന്നുണ്ട്. ഈ ആനകള്‍ റോഡ് മാത്രമാണോ ഇതിന് തെരഞ്ഞെടുക്കുന്നത് എന്ന് തോന്നിപ്പിക്കുമാറ് ആനപ്പിണ്ഡം വഴിനീളെ. പെരിങ്ങല്‍കുത്ത് ഡാമിലേയ്ക്കുള്ള വഴി ചൂണ്ടി, ''ഡാം നിറഞ്ഞ് തുറന്നു വിട്ടു'' എന്ന് പറഞ്ഞ് മുന്നോട്ട്. സ്പീഡ് കുറച്ച് കുറേ കിലോമീറ്ററുകള്‍ പോയിട്ടും പുറകേ വരുന്ന കാറുകളുടെ അഡ്രസില്ല. ഒപ്പം അതുല്യാമ്മയും മത്തായിയും സഞ്ചരിച്ച ബൈക്കും. മറ്റ് ബൈക്ക് യാത്രികര്‍ അസ്വസ്ഥരായി. 'ഇവന്‍മാര് വഴിയില്‍ നിര്‍ത്തി നിര്‍ത്തി പോന്നാല്‍ നമുക്ക് പണി കിട്ടുമല്ലോ' എന്നൊക്കെ പരസ്പരം പറയുമ്പോഴും ചെറിയൊരു ടെന്‍ഷന്‍ എല്ലാവരിലും നിറഞ്ഞു. നിറഞ്ഞൊഴുകുന്ന ആനക്കയത്തിന് സമാന്തരമായി നിങ്ങുന്ന റോഡിലൂടെ, ഒഴുകുന്ന പുഴയ്ക്ക് മുകളിലെ പാലത്തിനപ്പുറത്തെത്തിയപ്പോള്‍ ''ഒന്ന് മുള്ളാനുള്ളില്‍ തീരാ ദാഹം...'' എന്ന പാട്ടിന്റെ അകമ്പടിയോടെ ഒരു പിറ്റ് സ്റ്റോപ്പ്. 



ഏകദേശം ഇരുപതു മിനിട്ടിന്റെ വ്യത്യാസത്തില്‍ കാറുകള്‍ എത്തി. ഭക്ഷണം കഴിച്ചിടത്തുനിന്ന് പുറപ്പെടാന്‍ വൈകിയതാണ് കാരണം. അക്കൂട്ടത്തില്‍ സ്ത്രീകളുണ്‌ടെന്നും അവര്‍ക്ക് ഫ്രഷ് ആവാന്‍ കാട് ശരിയാവില്ലെന്നും ചിന്താക്കാഞ്ഞതില്‍ ചെറിയ കുറ്റബോധം തോന്നി. ഇനി സമയം കളയാനില്ല, പരമാവധി വേഗം.. ഇത്തവണ കാറുകള്‍ ആദ്യം നീങ്ങി. റോഡരികിലെ ചെറിയ വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം നുകര്‍ന്ന് ഞങ്ങള്‍ വീണ്ടും മുന്നോട്ട്.

ഷോളയാര്‍ ഡാമിന്റെ പരിസരത്ത് എത്തിയതോടെ റോഡ് കുണ്ടും കുഴിയുമായി. ഒരു വശത്ത് താഴെയായി ഷോളയാര്‍ ഡാമിന്റെ ദൃശ്യം. വെള്ളം നിറഞ്ഞ് തുടങ്ങുന്നതേയുള്ളൂ. ഗട്ടറുകള്‍ ഒഴിവാക്കിയും കാടിന്റെ സംഗീതം ആസ്വദിച്ചും വണ്ടികള്‍ കുതിച്ചു. സഞ്ചാരം കാറിനകത്തുനിന്ന് ക്യാമറയില്‍ പകര്‍ത്താന്‍ നൗഷാദും ബിജുവും പലപ്പോഴും തല പുറത്തേയ്ക്കിട്ടു. കാടിന്റെ ഭാവങ്ങള്‍ മാറിയും മറഞ്ഞും വന്നു. ചിലയിടങ്ങളില്‍ കോട പുതച്ച വന്യസൗന്ദര്യം മറ്റു ചിലയിടത്ത് മേഘങ്ങള്‍ക്കിടയിലൂടെത്തി നോക്കിയ സൂര്യപ്രകാശത്തില്‍ തിളങ്ങി. ചീവീടുകളുടെ ശബ്ദത്തിനിടയിലൂടെ ചില കിളികള്‍ ചിലച്ചാര്‍ത്തു പാഞ്ഞു. റോഡ് വീണ്ടും സൗമ്യമായി.

തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കാടു കീഴടക്കിത്തുടങ്ങി. അതെ, ഞങ്ങള്‍ മലക്കപ്പാറയെ സമീപിക്കുകയാണ്. തേയില നുള്ളുന്ന സ്ത്രീകള്‍ വരിവരിയായി റോഡരികിലൂടെ മുന്നോട്ട് നീങ്ങുന്നു. കൊളുന്തു നിറച്ച ഒരു ട്രാക്ടര്‍ എതിരെ വന്നു. അതിന് വഴികൊടുത്ത് റോഡിന് കുറുകെ വച്ച തടസത്തിനു മുന്നില്‍ ഞങ്ങള്‍ ബ്രേക്കിട്ടു. മലക്കപ്പാറ ചെക്ക് പോസ്റ്റ്. വണ്ടികള്‍ വീണ്ടും ചെക്കിങ്ങിന് വിധേയമായി. 

ചെക്ക് പോസ്റ്റിനടുത്തുള്ള കടയില്‍നിന്ന് ചായ കുടിച്ച് എല്ലാവരും ഉഷാറായി. സമയം നാല്. വാല്‍പ്പാറയ്ക്ക് മുപ്പത് കിലോമീറ്ററില്‍ താഴെ മാത്രം. 'നമ്മള്‍ സമയത്തിനെത്തും' എല്ലാവരും ആശ്വാസം കൊണ്ടു. ബൈക്കുകള്‍ നീങ്ങി. ഉദ്ദേശം പന്ത്രണ്ട് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒരു ദിശാസൂചകപ്പലക കണ്ടു. വാല്‍പ്പാറ 15 കി.മീ. എന്നതിന്റെ കൂടെ മണമ്പിള്ളി 9 കി.മീ എന്നു കണ്ട് ഞങ്ങള്‍ പരസ്പരം നോക്കി. 'ഇതതല്ലേ?'
തൊട്ടടുത്ത ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ അന്വേഷണം. തികച്ചും സൗമ്യമായ പെരുമാറ്റം. സ്ഥലം അതുതന്നെ. ബോര്‍ഡ് കണ്ടില്ലെങ്കില്‍ വാല്‍പ്പാറ വരെ പോയി തിരികെ വരേണ്ടി വന്നേനെ. ബൈക്കുകള്‍ എസ്റ്റേറ്റിന്റെ വഴിയിലേയ്ക്ക് വിടില്ലെന്ന് നേരത്തേ അറിവു കിട്ടിയിരുന്നു. എവിടെ സൂക്ഷിക്കും? അതിന് ചെക്ക് പോസ്റ്റിനുപുറകിലായി ഒരു സ്ഥലം അനുവദിക്കപ്പെട്ടു. സമീപത്ത് രണ്ട് വലിയ ഇരുമ്പ് കൂട് കിടപ്പുണ്ട്. നാട്ടിലിറങ്ങുന്ന പുലിയെ കെണിവെച്ച് പിടിക്കാനുള്ളതാണ്. വണ്ടികളൊതുക്കി വച്ച് ഹെല്‍മെറ്റ് ചെക്ക്‌പോസ്റ്റില്‍ ഏല്‍പ്പിച്ച് ഇറങ്ങുമ്പോഴും കാറുകള്‍ എത്തിയിട്ടില്ല. മൊബൈലിന് റെയിഞ്ചുമില്ല.കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം അവര്‍ എത്തി. ഗ്രില്ലിങ്ങിനു കൊണ്ടു വന്ന കരിയാണെത്രേ ചെക്ക് പോസ്റ്റില്‍ വില്ലനായത്! ചിക്കന്‍ വാങ്ങാന്‍ ഒരു കാര്‍ വാല്‍പ്പാറ ടൗണിലേയ്ക്ക് വിട്ടു. മറ്റ് രണ്ടു വണ്ടികളും ബൈക്കില്‍ വന്നവര്‍ക്കായി ഫോറസ്റ്റ് ഓഫീസില്‍ തമിഴ് പേശി, അതുല്യാമ്മയും അന്തുവും ഒരുക്കിയ മിനി ബസും മണമ്പിള്ളി എന്ന അജ്ഞാത ലോകത്തേയ്ക്ക് നീങ്ങി.

ചെറിയ വഴി നിറയെ വളവും തിരിവും കയറ്റങ്ങളും ഇറക്കങ്ങളും. കുറേ വഴി കഴിഞ്ഞപ്പോള്‍ ഷോളയാര്‍ പവര്‍ ഹൗസിന്റെ ഒരു പ്രൊജക്ട് കണ്ടു. കുറേ കോര്‍ട്ടേഴ്‌സുകളും.  'കാടെന്നൊക്കെ പറഞ്ഞിട്ട്.. ഇത്..'' ചിലര്‍ ആശങ്കപ്പെട്ടു.

"ദാ.. കരിങ്കുരങ്ങ്''
''അതു ബസിലെ മിററില്‍ നിന്റെ പ്രതിബിംബമാടാ..''
''ഹ ഹ..''
''അതു കരിങ്കുരങ്ങല്ല.. സിംഹവാലനാണ്. മത്താപ്പ് കാര്യം പറഞ്ഞു.''



രണ്ടു വാച്ചര്‍മാരെ വഴിയില്‍നിന്ന് കയറ്റി വണ്ടി മുന്നോട്ട് നീങ്ങി. കോര്‍ട്ടേഴ്‌സുകള്‍ പുറകില്‍ മറഞ്ഞു. കാട് വന്ന് ഞങ്ങളെ പൊതിഞ്ഞു. കുറേ ദൂരം പോയി, വണ്ടി ഒരിടത്ത് നിന്നു. മുന്നില്‍ ഒരു ദിവസത്തേയ്ക്ക് ഞങ്ങള്‍ക്കൊരുക്കിയ സ്വര്‍ഗ്ഗം. മണമ്പിള്ളി! നാലു മുറികളും വിശാലമായ മുറ്റവും ചുറ്റിയൊഴുകുന്ന പുഴയും പുഴയ്ക്കപ്പുറത്തെ മലയും കാടും.. ആഹഹ.. എല്ലാവരും പറഞ്ഞുപോയി. വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ ഗസ്റ്റ് ഹൗസിനു ചുറ്റും കിടങ്ങ് കുഴിച്ചിട്ടുണ്ട്. കിടങ്ങിനു മുകളിലുള്ള ഇരുമ്പുപാലത്തിലൂടെ ഗസ്റ്റ് ഹൗസിലേയ്ക്ക് കടക്കാം. ഷീറ്റ് വിരിച്ച ഒരു സ്ഥലം ഗ്രില്ലിംഗിന് ഉപയോഗിക്കാമെന്ന് തീരുമാനമായി. ആവശ്യത്തിന് കസേരകളുമുണ്ട്. അടുക്കള വേറെ ഒരെണ്ണം. സാധനങ്ങള്‍ എത്തിച്ചാല്‍ ഭക്ഷണം പാകപ്പെടുത്തിത്തരാന്‍ വാച്ചറും സഹായിയും റെഡി. സിമന്റ് ടൈല്‍ വിരിച്ച മുറ്റത്തിനു മുമ്പിലെ ഗെയ്റ്റിലൂടെ കിടങ്ങിനു മുകളിലെ ഒറ്റത്തടിപ്പാലം കടന്ന് പുഴയിലേയ്ക്കിറങ്ങാം. ഒരുപാടുകാലത്തെ സ്മരണകള്‍ ഒളിപ്പിച്ചുകൊണ്ട് ഒരു പടുകൂറ്റന്‍ മരം പുഴക്കരയില്‍ വീണുകിടക്കുന്നു. പച്ചിലക്കൂട്ടക്കുടകള്‍ക്കിടയിലൂടെ അന്തിവെളിച്ചം അരിച്ചെത്തുന്ന ആ സന്ധ്യയ്ക്ക് ജീവിതത്തിലിതുവരെ കാണാത്ത വ്യശ്യഭംഗിയുണ്ടായിരുന്നു.



ഷൂ..... എന്ന് നല്ല ബെയ്‌സുള്ള ശബ്ദത്തിലെ ചൂളം വിളികള്‍ കാട്ടില്‍നിന്ന് മുഴങ്ങിക്കേട്ടു. നല്ല ഈണം. പേരറിയാപ്പക്ഷികള്‍ കൂടണയാന്‍ പോകുന്നതിന്റെ കലപില ശബ്ദം ഭേദിച്ചുകൊണ്ട് കൃഷ്ണദാസ് ആദ്യത്തെ അട്ടകടി റിപ്പോര്‍ട്ട് ചെയ്തു. പിന്നെ അട്ട എന്ന ജീവിയുടെ പ്രത്യേകതകള്‍, അട്ടകടികൊണ്ടുണ്ടാവുന്ന ഗുണദോഷങ്ങള്‍, പ്രതിരോധമാര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ ചര്‍ച്ച നീണ്ടു. ഓരോരുത്തരായി കുളികഴിഞ്ഞു വന്നു. പുറത്ത് ഇറങ്ങി നടന്ന ഒരുവിധം എല്ലാവര്‍ക്കും അട്ടകടി കിട്ടി. പിന്നെപ്പിന്നെ അതു വലിയ വിഷയമല്ലാതായി.




നേരം ഇരുട്ടി. സാധനങ്ങള്‍ പര്‍ച്ചെയ്‌സ് ചെയ്യാന്‍ പോയവരുടെ വിവരമില്ല. പതിയെ പതിയെ എല്ലാവരും ടെന്‍ഷനിലായി. അതു മറക്കാനെന്നവണ്ണം പച്ചക്കറി അരിയല്‍, വാങ്ങിക്കാത്ത ഉരുളക്കിഴങ്ങ് തിരയല്‍ എന്നിവ നടന്നു. ഇരുമ്പന്‍ പുളി അച്ചാര്‍ ടെയ്സ്റ്റ് നോക്കിയതോടെ എനിക്ക് ബാര്‍ലി വെള്ളം കുടിക്കാന്‍ മുട്ടി. പലരും ആ അവസ്ഥയിലാണെന്ന് മനസിലായി! നൗഷാദും ടീമും വരാതെ എങ്ങിന്യാ ന്നുള്ള ചിന്തയില്‍ സ്വയം സമാധാനിച്ചു. ഏതോ ഒരിടത്ത് ബി എസ് എന്‍ എല്‍ റെയ്ഞ്ച് കിട്ടുന്നുണ്‌ടെന്ന് പറഞ്ഞ് ദിലീപും ദിനേശനും സാധനങ്ങള്‍ വാങ്ങാന്‍ പോയവരെ വിളിക്കാന്‍ പോയി.  അവര്‍ തിരിച്ചു ചെക്ക് പോസ്റ്റ് കടന്ന് പോന്നിട്ടുണ്ട് എന്ന് ഫോറസ്റ്റ് ഓഫീസില്‍നിന്ന് അറിയിപ്പ് കിട്ടി. ആശ്വാസം. ജോണിവാക്കറേട്ടന്‍ ഗ്‌ളാസുകളില്‍നിന്ന് ഗ്‌ളാസുകളിലേയ്ക്ക് പോകുമ്പോള്‍ പര്‍ച്ചെയ്‌സിങ്ങ് ടീം എത്തി. പിന്നെല്ലാം ചടപടേന്നായിരുന്നു. ഇടയില്‍ രാഷ്ട്രീയം പറഞ്ഞ സുധീഷിന്റെ സുഹൃത്തിനെ ഞാനും നന്ദനും ചേര്‍ന്ന് വഴിതെറ്റിക്കാന്‍ പരമാവധി ശ്രമിച്ചു. എവിടെ, നന്ദന്‍ വഴിതെറ്റി അല്ല വരി തെറ്റി!


മാരിനേറ്റിങ്ങ് കഴിഞ്ഞപ്പോള്‍ ഗ്രില്ലിംഗ് തുടങ്ങി. ബിന്‍സിയുടെ കയ്യില്‍ ഒരു പൊള്ളല്‍ ഏല്‍പ്പിക്കുന്നതില്‍ ഞാന്‍ വിജയിച്ചു. ചുട്ടെടുക്കലും തിന്നലും മുറയ്ക്ക് നടന്നു. ദിനേശന്‍ കൊണ്ടുവന്ന ജയില്‍ ചപ്പാത്തിയും ഗ്രില്‍ഡ് ചിക്കനും ബെസ്റ്റ് കോമ്പിനേഷനായിരുന്നു. ഇടയില്‍ മുദ്രാവാക്യം വിളിയും ബോലോ ഭാരത് മാതാ വിളിയും ഒക്കെയായി രാത്രി ഭക്ഷണം തകര്‍ത്തുകൊണ്ടിരിക്കുന്നതിനിടയില്‍ പാട്ട് തുടങ്ങി. 'ഇതാണോടൈ പാട്ട്?'' എന്ന ചോദ്യവും പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന പാട്ടും ചുവടുകളുമായി അന്തു അവതരിച്ചതോടെ നല്ല ഗാനങ്ങളിലേയ്ക്ക് കടന്നു. ഏതു പാട്ടും എട്ടു കട്ടയില്‍ പാടുന്ന സുധീഷ് 'ഒന്നിനി ശ്രുതി താഴ്തി'യും അങ്ങിനെ പാടിയത് എങ്ങിനെ മറക്കാന്‍. ജയചന്ദ്രന്‍ ഹിറ്റുകളിലേയ്ക്കും തരംഗിണിയിലേയ്ക്കും ഗിയര്‍ മാറ്റിയ സംഗീതസദ്യ ഒന്നു തളര്‍ന്ന തക്കം നോക്കി അച്ചു ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം വിശദീകരിച്ചു തുടങ്ങി. അതോടെ ഉറക്കം എന്ന മഹാസത്യം ഞങ്ങള്‍ക്കിടയിലേയ്ക്ക് കടന്നു വന്നു. ഉറങ്ങാന്‍ പോകുമ്പോള്‍സമയം ഒരു മണി.

ഓരോരുത്തരായി കിടക്കയിലേയ്ക്ക്. കിടക്കുന്നതിനു മുമ്പ് കുളിക്കുക എന്ന ശീലം വേണ്ടായിരുന്നു എന്ന് തോന്നിയത് കുളി കഴിഞ്ഞതോടെ തണുത്ത് മരവിച്ചപ്പോളാണ്. ഉറങ്ങാന്‍ കിടന്നതും മുഖത്ത് ആരോ വെള്ളം തളിച്ചു. ഇതാരടാ എന്ന് ചിന്തിക്കുമ്പോളേയ്ക്കും കാര്യം മനസിലായി. മുകളില്‍  വിരിച്ചിരിക്കുന്ന മച്ചിനിടയിലൂടെ വെള്ളം തുള്ളിയായി വീഴുന്നതാണ്. അവിടെനിന്ന് കുറച്ച് നീങ്ങിക്കിടന്ന് പ്രശ്‌നം ഒഴിവാക്കി.


അഞ്ചരയ്ക്ക് ആദ്യത്തെ അലാറം. ഓഫ് ചെയ്ത് വീണ്ടും കിടന്നു. ബിജുവും കൃഷ്ണദാസും കിടക്കുന്നുണ്ട്. സുധീഷിന്റെ സുഹൃത്ത് എണീറ്റ് കഴിഞ്ഞു. പുറത്ത് വിസിലിംഗ് സംഗീതം തകര്‍ക്കുന്നു. കുറച്ചു നേരം അത് കേട്ടു കിടന്നപ്പോള്‍ ഉറക്കം പറന്നകന്നു. പതിയെ വാതില്‍ തുറന്നപ്പോള്‍ പറന്നുയരുന്ന ഈയാന്‍പാറ്റകളെ പിടിക്കാന്‍ കറുപ്പില്‍ കടും നീല കലര്‍ത്തിയ ഉടലുമായി ചൂളംവിളിക്കാരന്‍ ചൂളക്കാക്ക. നേരില്‍ കാണുന്നത് ആദ്യം. ബിജുവിനെ എഴുന്നേല്‍പ്പിച്ച് കാര്യം പറഞ്ഞെങ്കിലും പിന്നെ അവനെ കണ്ടു കിട്ടിയില്ല. പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ് പൂമുഖത്തെത്തിയപ്പോള്‍ എല്ലാവരും പുഴക്കരയില്‍ ചൂണ്ടയിടല്‍ തിരക്കില്‍. മഴ ചെറുതായി പൊടിയുന്നുണ്ട്. ഒരു പൊടിമീന്‍ വരെ ആര്‍ക്കും കിട്ടിയില്ല. ആ ശ്രമങ്ങള്‍ വേഗം അവസാനിച്ചു. പുഴയ്ക്കക്കരെ മരങ്ങളില്‍ പലതരം പക്ഷികളുടെ ശബ്ദപ്രപഞ്ചം. ചൂളക്കാക്കകള്‍ നിരന്തരം പാട്ടുപാടുന്നുണ്ട്. വന്‍മരത്തിലൊരു വേഴാമ്പല്‍ച്ചിറകടി. മരക്കൂട്ടങ്ങളില്‍ രണ്ട് മലയണ്ണാന്‍മാര്‍ കളിച്ചു തിമിര്‍ക്കുന്നു. വെള്ളിലംതാളിക്കൂട്ടത്തിനിടയിലൂടെ ഒരു കൃഷ്ണശലഭം പറന്നു നീങ്ങി. മണ്ണിലെ സ്വര്‍ഗ്ഗത്തിലാണെന്ന നിര്‍വൃതിയിലായിരുന്നു എല്ലാവരും.

പുഴയിലിറങ്ങാന്‍ ആരെങ്കിലും പോരുന്നോ? എന്ന മത്താപ്പിന്റെ ചോദ്യത്തിന് ആദ്യം നല്ല പ്രതികരണമായിരുന്നില്ലെങ്കിലും പിന്നെ ആളുകൂടി. ഒരു വിധം എല്ലാവരും പുഴയില്‍ മുങ്ങി. വെള്ളത്തിന്റെ കുളിരില്‍ തരളിതമായ ഹൃദയവുമായി തിരിച്ചു കയറുമ്പോള്‍ പ്രാതല്‍ റെഡി. നനച്ച അവല്‍, ചപ്പാത്തി, ബ്രെഡ്.....  തിരിച്ച്, വന്ന വഴി പോയാലോ എന്ന ഒരു ആശയം ഉയര്‍ന്നെങ്കിലും അത് ഉപേക്ഷിക്കപ്പെട്ടു. പത്തരയ്ക്ക് ബൈക്കുകാരെ കൊണ്ടു പോവാന്‍ വണ്ടി വരുമെന്നുള്ളതുകൊണ്ട് അതിനു മുമ്പ് ഒരു സമൂഹ ഫോട്ടോയ്ക്ക് അരങ്ങൊരുങ്ങി. മുറ്റത്തിറങ്ങി നടന്ന ഞങ്ങള്‍ക്കിടയിലേയ്ക്ക് ആദ്യം ഒരു വിറവാലന്‍ ശലഭം വിരുന്നെത്തി. പിന്നീട് ഒരെണ്ണം കൂടെ. ഞങ്ങളെ യാത്രയയയ്ക്കാനെന്നവണ്ണം അവ അവിടെ മുഴുവന്‍ പറന്നു നടന്നു. മണമ്പിള്ളിയ്ക്ക് മനസുകൊണ്ട് വിട പറഞ്ഞ് എല്ലാവരും ചെക്ക് പോസ്റ്റിലേയ്ക്ക് നീങ്ങി. 

ബൈക്കുകളിറക്കി. യാത്ര തുടര്‍ന്നു. മഴയൊഴിഞ്ഞു നിന്നു. ഇത്തവണ സപ്തന്‍ എന്റെ പില്യണ്‍ ആയി. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വാല്‍പ്പാറ ടൗണും കടന്ന് ടോപ്പ് സ്‌ലിപ്പിലേയ്ക്ക്. വഴിയില്‍ അപ്പര്‍ ഷോളയാര്‍ ഡാം. കിലോമീറ്ററുകളോളം ഡാമിനെ ചുറ്റിവളഞ്ഞു കിടക്കുന്ന റോഡിലൂടെ പ്രകൃതിയുടെ സൗന്ദര്യം ആവോളം നുകര്‍ന്ന് വാഹനവ്യൂഹം മുന്നോട്ട് നീങ്ങി. കയറ്റം തുടങ്ങി. നാല്‍പ്പത് ഹെയര്‍ പിന്നുകള്‍ ഇവിടെ തുടങ്ങുന്നു എന്ന ബോര്‍ഡ് ഞങ്ങളെ സ്വാഗതം ചെയ്തു. സപ്തന്‍, ബൈക്കിനു പുറം തിരിഞ്ഞിരുന്ന് ചിത്രങ്ങളെടുത്തുകൊണ്ടിരുന്നു. ചെവിയടയുന്ന കാറ്റിനൊപ്പം മൂടല്‍മഞ്ഞ് ഞങ്ങളെ മൂടി. കാണെക്കാണെ അതിനു കനം വച്ചു. മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്ന അനുഭൂതിയില്‍ ശരീരം കോരിത്തരിച്ചു. അഞ്ചോ ആറോ ഹെയര്‍പിന്‍ വളവുകള്‍ മൂടല്‍മഞ്ഞിലൂടെ സഞ്ചരിക്കേണ്ടി വന്നു. പക്ഷേ എല്ലാവരും അത് ആസ്വദിച്ചു. ഇടയിലൊരു ചെറിയ വെള്ളച്ചാട്ടത്തിനടുത്തുള്ള കടയില്‍ നിന്ന് ചായ കുടിച്ചു. താഴ്‌വാരങ്ങളില്‍ പുകമഞ്ഞ് പൊതിയുന്നതും വീശിയടിക്കുന്ന കാറ്റില്‍ മേഘശകലങ്ങള്‍ അപ്പൂപ്പന്‍താടി പോലെ പറന്നു നടക്കുന്നതും കണ്ടറിഞ്ഞ് വീണ്ടും യാത്ര. താഴേയ്ക്ക് ഇറങ്ങിത്തുടങ്ങുമ്പോള്‍ വളഞ്ഞ് പുളഞ്ഞ് നീങ്ങുന്ന റോഡിന്റെ ദൃശ്യങ്ങളും ആളിയാല്‍ ഡാമും താഴെ ഒരു ചിത്രം പോലെ തെളിഞ്ഞു. വീശിയടിക്കുന്ന കാറ്റിനു സ്വയമേല്‍പ്പിച്ച് എല്ലാവരും ആ മനോഹരദൃശ്യത്തിനു വേണ്ടി ക്യാമറ തുറന്നു.

മലയിറങ്ങി, മങ്കി ഫാള്‍സില്‍ സ്റ്റോപ്പ് ചെയ്യാതെ മുന്നോട്ടു നീങ്ങുമ്പോള്‍ മുന്നില്‍ തണല്‍ വിരിച്ച മരത്തിലൊരു അനക്കം. ഒരു വലിയ മലയണ്ണാന്‍. ക്യാമറയ്ക്ക് പോസു ചെയ്യാനെന്നവണ്ണം ചങ്ങാതി കുറേ നേരം അനങ്ങാതെ കിടന്നു. ആളിയാര്‍ ഡാമിനരികെ ഉച്ചഭക്ഷണം. ദോശ, ഓംലെറ്റ്, കൊത്തു പൊറോട്ട. എല്ലാവരും കൂടെ കയ്യിട്ടു വാരി കഴിച്ചു. നൗഷാദ് & ടീം പൊള്ളാച്ചി വഴി പാലക്കാട് കൂടി പെരിന്തല്‍മണ്ണയ്ക്കാണ്. അവര്‍ ആദ്യം പിരിഞ്ഞു. ബാംഗ്ലൂര്‍ ടീം അവിടെനിന്ന് പൊള്ളാച്ചി വഴി തിരിക്കുമെന്ന് അറിയിപ്പ് കിട്ടി. ആനമലയില്‍ വച്ച് അവരോടും യാത്രപറഞ്ഞു. 

വണ്ടികള്‍ക്ക് വേഗം കൂടി. മുതലമട വഴി കൊല്ലങ്കോടും കടന്ന് നെന്‍മാറയിലെത്തുമ്പോള്‍ പ്രകൃതി വീണ്ടും ഞങ്ങള്‍ക്കു മേല്‍ മഴപ്പുതപ്പ് വരിച്ചു. വടക്കഞ്ചേരിയില്‍നിന്ന് നാഷണല്‍ ഹൈവേയിലെത്തിയപ്പോള്‍ യാത്രയുടെ ഏറ്റവും പ്രധാനമായ ഒരു ഘട്ടം ആരംഭിച്ചു. സാഹസിക ഘട്ടം! പാടമുഴുതിട്ട പോലുള്ള ദേശീയപാതയിലൂടെ വെള്ളത്തില്‍ മുങ്ങിയ മണ്ണുത്തിയിലെത്തുമ്പോള്‍ ആശ്വാസത്താല്‍ എല്ലാവരും പരസ്പരം നോക്കി ചിരിച്ചു.

അവിടെനിന്ന് സുധീഷ്, കുമാര്‍, അന്തു, മത്തായി എന്നിവരുടെ ബൈക്കുകള്‍ എറണാകുളം ലക്ഷ്യമാക്കി നീങ്ങി. നിഷ, ബിന്‍സി, നന്ദന്‍, സപ്തന്‍, ടിജോ എന്നിവര്‍ ബസ് സ്റ്റാന്‍ഡിലേയ്ക്ക്. ദിനേശന്റെ വണ്ടി സുരക്ഷിതസ്ഥാനത്തെത്തിച്ച് ഞാനും ഷാരൂഖും കൊടകരയിലേയ്ക്കും. 

മഴനൂലുകള്‍ വരിപ്പുതച്ച് പച്ചപ്പിന്റെ പരിശുദ്ധി നുകര്‍ന്ന് ഒരു യാത്ര. ജീവിതം ധന്യമാക്കുന്നതുതന്നെ ഇത്തരം ചില ഓര്‍മ്മകളല്ലേ?! 







..............................................................................................................................
25 ാം തിയ്യതി ചൊവ്വാഴ്ച രാത്രി ഉരുള്‍ പൊട്ടി ഒരു ബസ് ഒലിച്ചു പോയി കൊക്കയിലേയ്ക്ക് സീ-സോ കളിച്ചു നിന്ന റോഡിലൂടെയാണ് അതിന് രണ്ട് ദിവസം മുന്‍പ് അര്‍മ്മാദിച്ചു പോയതെന്ന കാര്യം ഓര്‍ക്കുമ്പോള്‍ എനിക്കൊരു വിറയല്‍ വരുന്നുണ്ട്.

28 comments:

animeshxavier said...

യാത്രാക്കുറിപ്പ് ആദ്യമായിട്ടാണ്. തിരുത്തലുകൾ ധൈര്യമായി പറഞ്ഞോളൂ.

ajith said...

തിരുത്താനൊന്നുമില്ല
രസമായിരിയ്ക്കുന്നു

nandakumar said...

ഉറങ്ങാൻ നേരത്ത് ചിരിപ്പിക്കല്ലേ.. :) :)

സുധീഷിനുള്ളത് വെച്ചിട്ടുണ്ട്. എന്റെ ഒരു മനോഹര രാത്രി ഓഫാക്കിയ കൂട്ടുകാരനെ കൊണ്ടുവന്നതിനു. :)

ബ്ബാക്കി നാളേ

■ uɐƃuɐƃ ■ said...

നന്നായിട്ടുണ്ട്.രസമായി വായിച്ചുപോയി.

Rajesh Karakodan said...

നന്നായിട്ടുണ്ട് ആനിമേഷ് ഭായ് ...

Mukesh M said...

സാഹസിക യാത്രയും വിവരണവും ഇഷ്ടമായി. ചിത്രങ്ങള്‍ കൂടി പരിചയപ്പെടുത്തിയിരുന്നെങ്കില്‍.......!!!

sijo george said...

തകർത്തു..കൊതിപ്പിച്ചു..അസൂയപ്പെടുത്തി.. എല്ലാത്തിനുമൊടുവിലൊര് വല്ലാത്ത ഫീലിംഗും.. ലോകത്തിന്റെ പല കോണിലുമിരിക്കുന്ന നമ്മൾക്കൊക്കെ ഓൺലൈൻ തല്ലുകൂടലുകൾക്കും തമാശകൾക്കുമപ്പുറം ഇങ്ങനെയുള്ള കൂടിച്ചേരലുകൾ തരുന്ന ആ മധുരമുള്ള ഓർമ്മകൾ..

കുഞ്ഞൂസ് (Kunjuss) said...

കൊതിപ്പിക്കുന്ന, മനോഹരമായ യാത്രാ വിവരണം അനിമേഷ്... :)

Unknown said...

ബ്ലോഗിലിട്ടത് നന്നായി അനിമേഷ്!
മ്മക്കൊന്ന് കൂടണംട്ടാ :-)

Unknown said...

ദെ എന്റെ പേരും ബ്ലോഗിലൊക്കെ വന്നു ...
നന്നായിട്ടുണ്ട് അനിയേട്ടാ :)...അങ്ങോട്ടും ഇങ്ങോട്ടും എന്നെ വഹിച്ചതിന് ആദ്യമേ നന്ദി ...പിന്നെ എനിക്ക് ബോറടിച്ചിട്ടൊന്നുമല്ല ഞാൻ മിണ്ടാതിരുന്നത് ...യാത്ര ആസ്വദിക്കുവാരുന്നു :)

animeshxavier said...

നന്ദി,Ajith (Wow! man.. How can you manage this much of reading?!), Nandan, Gangadharan, Rajesh, Dhwani, Kunjus, Sijo, Gandhu, Tijo.... എല്ലാവര്ക്കും.
ഇതുവരെ മലക്കപ്പാറ റോഡിലെ ഗതാഗതം പുന:സ്ഥാപിച്ചിട്ടില്ല എന്നാ സത്യം അറിയിക്കുന്നു. കുതിരാനിൽ മണ്ണിടിഞ്ഞ് ആ വഴിയും ബ്ളോക്കാ!

Unknown said...
This comment has been removed by the author.
Unknown said...

ശരിക്കും കൊതിപ്പിക്കുന്ന യാത്ര...അസൂയ തോന്നുന്നു അനിയേട്ടാ.... മിസ്സ് ചെയ്യരുതായിരുന്നു ഈ ട്രിപ് :(

പാക്കരൻ said...

വാക്കുകൾ പോര ഈ യാത്രയേ വർണ്ണിക്കാൻ.... മഴയും, കാടും, പച്ചപ്പും, കോടമഞ്ഞും, കാട്ടിനുള്ളിലെ രാത്രി സങ്കേതവും, ചുട്ട ചിക്കനും, ചൂളക്കാക്കയുടെ പാട്ടും, വളഞ്ഞുപുളഞ്ഞൊഴുകും വഴിയിലൂടെ മഴയിൽ കുളിച്ചുള്ള ബൈക്ക് സഞ്ചാരവും, കാട്ടിലെ പുഴയിലെ കുളിയും, സൗഹൃദവും, പല പുതിയ സൗഹൃദത്തിലേക്കുള്ള കാൽവെയ്പ്പും എല്ലാം കൊണ്ടും ആ രണ്ട് ദിവസങ്ങൾ ജീവിതത്തിലെ തന്നെ ഏറ്റവും പ്രീയപ്പെട്ടവയിലൊന്നായ് തീരുന്നു....

gopipuli said...

Superb !!!

അനിയന്‍കുട്ടി | aniyankutti said...

സൂപ്പര്‍!! ഒപ്പം അറിഞ്ഞിരുന്നെങ്കില്‍ കൂടെ വന്നേനെ എന്ന നഷ്ടബോധവും... :(

സരിൻ ബാബു said...

അനിയേട്ടാ ,
ശേ
ചാലക്കുടി ക്കാരനയിട്ടും എനിക്ക് ഈ ട്രിപ്പ്‌ മിസ്സായല്ലോ ...
:(

Cv Thankappan said...

വായിച്ചുതീര്‍ന്നതുതന്നെ അറിഞ്ഞില്ല!
അത്രയ്ക്ക് മനോഹരമായിരിക്കുന്നു ഈ സാഹസികയാത്രയുടെ വിവരണവും,ഭാഷാശൈലിയും.
ആശംസകള്‍

rameshkamyakam said...

രണ്ടു തവണയായാണ് വായിച്ചത്.ആദ്യ വായനയ്ക്കിടയിൽ കംപ്യൂട്ടറിന്റെ മറ്റ് ഉപയോക്താക്കൾ കടന്നു വന്ന് അലോസരമുണ്ടാക്കി.എങ്കിലും ആസ്വാദ്യതയ്ക്ക് കുറവൊന്നും വന്നില്ല.അനിമേഷിന്റെ കൂടെ സഞ്ചരിച്ച ഫീൽ നല്കി.വളരെ നന്നായി.സഞ്ചാര വിവരണവും വഴങ്ങും.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

എത്ര മനോഹരമായ യാത്ര......... കൊതിയാവുന്നു ഇങ്ങനെയൊന്ന്

animeshxavier said...

ഒറ്റയാന്‍, Anilkumar, Sarin,Gopippuli, Thankappettan, അനിയന്‍കുട്ടി, രമേഷ്സുകുമാരന്‍ , niDheEsH kRisHnaN @ ~അമൃതംഗമയ- Thank you very much.

ഷാജു അത്താണിക്കല്‍ said...

താങ്കൾ പറഞ്ഞപോലെ യാത്രകൾ നമുക്ക് പലതും പഠിപ്പിക്കും വെറും യാത്രകളല്ല ഓരോ യാത്രകളും

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

യാത്രയില്‍ പങ്കുചെര്‍ന്നപോലെ..ലളിതമായ ആഖ്യാനം.

ഒരു യാത്രികന്‍ said...

ഈ പ്രവാസിയുടെ നഷ്ട ബോധത്തിലേക്ക്‌ ഒരേടുകൂടി. കൊതിപ്പിച്ചു ഗെഡി ..........സസ്നേഹം

പഞ്ചാക്ഷരി said...
This comment has been removed by the author.
പഞ്ചാക്ഷരി said...

കൊതിപ്പിക്കുന്ന യാത്രാ വിവരണം ചേട്ടൻസ് :)

Villagemaan/വില്ലേജ്മാന്‍ said...

മനോഹരം ഈ വിവരണം . വരുന്ന മെയ്‌ മാസത്തിൽ വാൽപ്പാറ പോകണം എന്നുണ്ട് ..നന്ദി

pravaahiny said...

മനോഹരമായ വിവരണം . വാള്‍പാറയെ പറ്റി മുന്‍പ് എവിടെയോ വായിച്ചിട്ടുണ്ട് . സ്നേഹത്തോടെ പ്രവാഹിനി