കാലിന്റെ പെരുവിരലിൽനിന്നു വേദന അരിച്ചു കയറുന്നു.
ഇനിയത് കാലു മുഴുവൻ വ്യാപിക്കും. കാലിനടിയിൽ കിട്ടിയ അടികളും ബൂട്സിന്റെ ചവിട്ടിക്കൂട്ടലുകളും സമ്മാനിച്ച ഈ വേദന പത്തിരുപതു വർഷമായി കൂടെയുണ്ട്. ഇത്തിരി തണുപ്പ് തുടങ്ങിയാൽ വേദന കൂടും. കാലൊന്നു തിരുമ്മി ചൂടാക്കിയാൽ ഒരാശ്വാസം കിട്ടും. അഴികൾക്കിടയിലൂടെ അരിച്ചെത്തുന്ന അരണ്ട വെളിച്ചത്തിന് പുറം തിരിഞ്ഞ് ഫൈസൽ കിടക്കുന്നുണ്ട്. അവനോടു പറഞ്ഞാലോ?
വേണ്ട. പാവം, ഇന്ന് മുഴുവൻ അടുക്കളപ്പുറകിൽ വിറകു കീറലായിരുന്നു. ക്ഷീണിച്ചുറങ്ങുകയാ.
നല്ലൊരു പയ്യൻ. ''വല്യുപ്പാ'' എന്നാണു തന്നെ വിളിക്കുന്നത്... ആ വിളി കേള്ക്കുമ്പോ ചങ്കു കലങ്ങും. അബുവിന്റെ ''ബാപ്പാ'' എന്ന നീട്ടിവിളിയുടെ ഈണമുണ്ട് ഫൈസലിന്റെ വല്യുപ്പാ വിളിയ്ക്ക്.
അബു.. പോലീസ് ജീപ്പിന്റെ പുറകിലൂടെയുള്ള അവന്റെ ഓട്ടവും നിലവിളിയും മാത്രമാണ് മനസ്സിൽ ബാക്കി നില്ക്കുന്ന ചിത്രം. എന്നോ ഒരിക്കൽ വാർഡൻ നീട്ടിയ ദിനപത്രത്തിലെ 'പതിനഞ്ചു വയസുകാരൻ തൂങ്ങി മരിച്ചു' എന്ന വാര്ത്തയുടെ ഓർമ്മ തുളുമ്പിച്ചിതറാൻ തുടങ്ങിയ കണ്ണൂനീർക്കണത്തിനു മുന്നിലിരുന്നു വിറച്ചു.
അശാന്തിയുടെ കടലിരമ്പുന്ന മനസും രോഗങ്ങൾ കീഴടക്കിയ ശരീരവുമായി ഇന്നും വിചാരണയ്ക്കായി കാത്തു കിടക്കുന്ന തനിക്ക് എന്താണ് മരണമെന്ന ശാന്തതയോടു ഇഷ്ടമില്ലാത്തത്? പലവട്ടം ഉണ്ടാക്കിയ തുണിക്കുരുക്കുകൾ താൻ തന്നെ അഴിച്ചു മാറ്റിയത് എന്തിനായിരുന്നു.
ഒരു ദീർഘനിശ്വാസത്തിനോപ്പം അയാൾ നെറ്റി തടവി.അവിടെ, പ്രായം തീർത്ത ചുളിവുകൾക്ക് മുകളിൽ അപ്പോളും ആയിഷയുടെ കണ്ണീരു കലർന്ന ചുംബനമേല്പ്പിച്ച പോള്ളലിന്റെ വിങ്ങലുണ്ടായിരുന്നു.
1
3 comments:
വാര്‍ദ്ധക്യം!!
ഓര്‍മ്മകളെ താലോലിച്ച്....
ആശംസകള്‍
മരിക്കാതെ മരിച്ച് ജീവിക്കുന്നവരുടെ വിങ്ങൽ
Post a Comment