കൊടകര എന്ന ഞങ്ങടെ നാടിന്റെ ദേശീയോത്സവമാണ് ഷഷ്ഠി. ഓര്‍മ്മയിലെ ഷഷ്ഠി ദിവസങ്ങളിൽ കൊ ടകര ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെടുന്നതും പല കാര്യങ്ങളും ഓണ്‍ ദ സ്പോട്ട് തീരുമാനമാക്കുന്നതും മുന്‍പ് പതിവായിരുന്നു. അതിന്റെ ആവേശത്തിൽ തലേ ദിവസം വരെ പരസ്പരം പല്ലിറുമ്മി നടന്നവർ പുറത്തുനിന്നു വന്നു ഡാവിറക്കുന്ന ഗെഡികൾക്കെതിരെ ഒന്നിച്ചണിനിരക്കുക വരെ ചെയ്യും. അന്ന് കൊടകരക്കാരൻ ആതിഥേയൻ, പരോപകാരി, കലിപ്പൻ, അലമ്പൻ, ഒത്തുതീർപ്പ് വിദഗ്ദൻ, പോലീസ്, ജഡ്ജി.. ഒക്കെ ആവും. "ഡാ.. കിട്ടീത് വാങ്ങി വിട്ടോ.. വിട്ടോ.. ഇതിന്റെ ബാക്കി പെരുന്നാളിന്, ട്ടാ.." എന്നൊരു താക്കീതോടെ ആവും മിക്കവാറും വിധി വരുന്നത്!
അപ്പൊ പറഞ്ഞു വന്നതെന്താന്നു വച്ചാൽ ഷഷ്ഠി കൊടകരയുടെ ജീവശ്വാ സമാണ്.
പൊരി, മുറുക്ക്, ചീട, ഉഴുന്നട, അലുവ (നോട് ഹൽവ .. നോട്ട് ദി പോയിന്റെ) തുടങ്ങിയവയും ഈന്തപ്പഴവും കരിമ്പും കൊണ്ട് ഓരോ ഷഷ്ഠിയും കൂടുതൽ വിഭവസമൃദ്ധമാക്കാൻ കച്ചവടക്കാർ എത്തും. താല്‍ക്കാലിക ചായക്കടകൾ, കൈ നോക്കിയും തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ചും ഭാവി പറയുന്ന അമ്മൂമ്മമാർ, വള, ചാന്തു, കണ്മഷി സ്ടാളുകൾ തുടങ്ങിയ പ്രസ്ഥാനങ്ങൾ റോഡിനിരുവശവും അമ്പലപ്പറമ്പിലും നിറയും. സർപ്പസുന്ദരിയും മിനി കാഴ്ചബംഗ്ലാവും മരണക്കിണറും കാണാനും യന്ത്ര ഊഞ്ഞാലിൽ വട്ടം കറങ്ങാനും ആളുകള്‍ ഒഴുകിയെത്തും. മരണക്കിണറിൽ വട്ടം ചുറ്റുന്ന അഭ്യാസി ഹീറോ ആവും. ഇപ്പോഴും ഒരു കൊല്ലവും മുടങ്ങാതെ ഇതൊക്കെ ആവര്‍ത്തിക്കും. ബാറിൽ മാത്രം പഴയ തിരക്ക് കാണില്ല. ! ഷഷ്ടി ദിവസം ഏഴു പ്രദർശനങ്ങൾ - സോറി, ഏഴു കളികൾ -എന്നെഴുതിയ സിനിമാ പോസ്റ്ററുകൾ മാത്രം കാണാതായിരിക്കുന്നു. തീയെറ്ററില്ലാതെ സിനിമ പറ്റില്ലല്ലോ.
"കൊടുങ്ങലൂർ ഭരണിക്ക് ഞങ്ങള്‍ പോയപ്പോ കൊടകര നിന്നൊരു കോള്‍ കിട്ടി" എന്നൊരു പാട്ട് ഉണ്ടാര്ന്നെങ്കിലും ഞങ്ങൾ കൊടകരക്കാർക്ക് വല്യ അഭിമാനം അതിൽ തോന്നിയിരുന്നില്ല. "അതെഴുത്യോനെ കിട്ട്യാ..." എന്ന് ആരേം മെക്കിട്ടു കയറാൻ കിട്ടാതാവുമ്പൊ പലവട്ടം പലരും പറയുന്നത് കെട്ടിട്ടുണ്ട്. കുറെ കൊല്ലങ്ങൾക്ക് ശേഷം കലാഭവൻ മണി, "വരിക്കച്ചക്കേടെ ചൊള കണക്കിന് തുടു തുടുത്തൊരു കല്യാണി.. കൊടകരയിൽ കാവടിയാടുമ്പോ കണ്ടെടീ ഞാനൊരു മിന്നായം.." എന്ന പാട്ടിലൂടെ രാജ്യാന്തര പ്രശസ്തി കൊടകരയ്ക്ക് കൊണ്ട് തന്നപ്പോ വൈശാലീൽ മഴ പെയ്ത പോലെ കൊടകരയിലെ രോമമുള്ളവർ രോമാഞ്ചവും അല്ലാത്തവർ തോലാഞ്ചവും കൊണ്ടു എന്നതാണ് സത്യം. പാട്ടിൽ കൊടകര വന്നു എന്ന് മാത്രമല്ല, കാവടിയാട്ടവും ഒപ്പം വന്നു എന്നതിലായിരുന്നു മേൽ പറഞ്ഞ 'ആഞ്ച'ങ്ങൾ. പക്ഷെ, പതിയെ പതിയെ ഷഷ്ടി 'ആഗോള ശക്തി'കൾ കീഴടക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. കൊടകരക്കാരുടെ റോൾ മാറിമാറി കാഴ്ചക്കാരോ ആസ്വാദകരൊ ആവുന്നതും ഒപ്പം കാണേണ്ടി വരുന്നു. എങ്കിലും, ഷഷ്ഠി ഞങ്ങള്‍ക്ക് ഷഷ്ഠിയാണ്. "ഷഷ്ഠിയ്ക്ക് ഉണ്ടാവില്ലേ?" എന്ന് പരസ്പരം ചോദിക്കാനോ, "ഷഷ്ഠിയ്ക്ക് കാണണം..ട്ടോ" എന്ന് പറയാനോ ഉള്ള ഒരു വികാരം.
ഇത്രേം ആമുഖമായി പറഞ്ഞ സ്ഥിതിയ്ക്ക് ഇരുപതു കൊല്ലങ്ങൾക്ക് മുമ്പുള്ള ഒരു ഷഷ്ഠി ഒര്മ്മിക്കാതിരിക്കാൻ വയ്യ. പതിവായി ചെയ്തു വരാറുള്ള 'പബ്ലിസിറ്റി ബ്യൂറോ' എന്ന സ്ഥിരം പരിപാടിയ്ക്ക് പകരം ഒരു ഇന്നോവേറ്റീവ് ഐഡിയ വേണം എന്ന ഉറച്ച വാശിയിലായിരുന്നു ഞങ്ങൾ. നടന്നു പരസ്യം പിടിക്കണം. അതിനു സ്ക്രിപ്റ്റ് ഉണ്ടാക്കണം, ഡബ്ബു ചെയ്യാൻ വരുന്ന ചേട്ടായിമാർക്ക് സംതിങ്ങ് കൊടുക്കണം, റെക്കോഡ് ചെയ്യണം, സ്പീക്കർ മുതൽ ആമ്പ്ലിഫയർ വരെ വാടകയ്ക്കെടുക്കണം. സ്ഥാപിക്കാനുള്ള സ്ഥലത്തിനും വാടക വേണം, എല്ലാം കഴിഞ്ഞു പോലീസ് പെര്മ്മിഷനും വേണം. ഇതൊക്കെ കഴിഞ്ഞു കാശ് ചോദിച്ചു ചെല്ലുമ്പൊ ഒരായിരം കുറ്റം പറച്ചിൽ ഉണ്ട്.
"എന്റെ കടേരെ പരസ്യം എന്തൂട്ടാർന്നു ? പരസ്യാ അത്? മറ്റൊന്റെ പരസ്യം നിങ്ങള്‍ നന്നായി ചെയ്തൂല്ലേ..." തുടങ്ങിയ പരാതികളും പ്രാക്കും. അവസാനം നോക്കുമ്പോൾ പത്തിരുന്നൂറ് രൂപ മാത്രം മിച്ചം ഉണ്ടാവും. ഒരു മാസത്തെ നടപ്പും സജി ഹോട്ടലീന്നും ഗരുഡയില്നിന്നും കഴിച്ച പൊറോട്ടേം ചാറും മാത്രം ഓർമ്മയിൽ സൂക്ഷിക്കാൻ ബാക്കി. ഇത്തവണ അത് പോരാ എന്ന ചിന്തകള്‍ ഞങ്ങൾ പ്ളീനം കൂടി പങ്കു വച്ചു. ഒന്നുകിൽ കൂടുതൽ ലാഭം വേണം. അല്ലെങ്കിൽ പണി കുറയണം.
"രണ്ടും ഒരുമിച്ചു നടക്കുന്ന ഒരു പരിപാടി ഉണ്ട്." രാജേഷ്
"എന്ത് പരിപാടി? മുച്ചീട്ടുകളി ഇടി കിട്ടുന്ന ഏർപ്പാടാ?.. ഞാൻ ഇല്ല."
"ഓ.. കോപ്പ്. ഒരു പെട്ടീൽ എത്ര ചീട്ടുണ്ട് എന്നറിയാത്തോനാണ് മുച്ചീട്ടുകളി. ഒന്ന് പോടാപ്പാ.."
"നീ കാര്യം പറ."
"നമുക്ക് ഒരു ഹോട്ടൽ അങ്ങ് നടത്ത്യാലോ?"
"ഹോട്ടലോ!!"
"ന്നു വച്ചാ, ഒരു ഹോട്ടൽ.... പോലെ ഒരു തട്ടുകട."
"ആഹ.. ബെസ്റ്റ്."
"എന്ത്യേ?"
"സ്ഥലം, അടുപ്പ്, സ്റ്റവ്.. പിന്നെ തിന്നാനല്ലാതെ ആര്‍ക്കറിയാം പാചകം?"
"എനിക്കറിയാം."
"അയ്യോ.. വാചകമല്ല.. പാചകം!"
"പോടാ മൈ .. മൈഗുണാപ്പാ .. ഞാൻ ബെസ്റ്റ് ആയിട്ട് ചെയ്യും."
"എന്തൂട്ട്?"
"ഓംലെറ്റ്, കൊള്ളി (കപ്പ) അതൊക്കെ ഞാൻ ഉണ്ടാക്കാം."
"അവസാനം ആൾക്കാർ പ്ലെയ്ട്ടിൽ ഓം ന്ന് എഴുതി വെയ്ക്കും."
എന്തൊക്കെ കലപില പറഞ്ഞാലും കാര്യം തീരുമാനിക്കപ്പെട്ടു.
ബിജൂന്റെ വീടിനു മുന്നില്‍ ആണ് നിര്‍ദ്ദിഷ്ട സ്ഥലം. റോഡരികിലാണ്.
കപ്പ രവീടെ വീട്ടില്‍ പുഴുങ്ങൽ & കറി വെയ്ക്കൽ.
ബീഫ് പ്രിപ്പറേഷൻ ഡേവീസിന്റെ വീട്ടിൽ.
മുട്ട വില്സേട്ടന്റെ കടേന്ന് വായ്പ്പ.
സോഡാ അന്തോണ്യെട്ടന്റെ കടേന്ന് കടം.
ജ്യൂസ് ഷാജൂന്റെ വീട്ടില്‍ ഉണ്ടാക്കും.
ബെഞ്ച് & ഡസ്ക് പാപ്പു മാഷ്ടെ പാരലൽ കൊളെജീന്നു അട്ജസ്റ്മെന്റിൽ ഒപ്പിക്കാം.
മുകളിൽ കെട്ടാനുള്ള ടാര്‍പായ, വിളമ്പാനും പാചകം ചെയ്യാനുമുള്ള പാത്രങ്ങൾ എന്നിവ ഞാനും സോണിയും..
അങ്ങനെ ഹോട്ടലിന്റെ രൂപരേഖ ആയി.
ഷഷ്ടി ദിവസം വന്നു.
വൈകീട്ട് ആറു മണിക്ക് ഹോട്ടൽ ആരംഭിച്ചു. നേരം ഇരുട്ടിയിട്ടു മതി എന്ന് ചിലര്‍ക്ക് നിര്‍ബന്ധം. തട്ടുകട നടത്തി ഇത്തിരി ഗ്ളാമർ കുറഞ്ഞാലോ എന്നും ഈ റോൾ കണ്ട് വല്ല ലൈൻ കേസും അർദ്ധ വിരാമത്തിലായാലോ എന്നും ഉള്ള സംശയങ്ങളാണ് ഞങ്ങളെ ഇരുട്ടിന്റെ ആത്മാക്കൾ ആക്കിയത്.
ഉള്ളി സബോള, പച്ചമുളക് അരിയൽ നടക്കുന്നു. ചപ്പാത്തി മാവ് കുഴയ്ക്കൽ തകൃതി. കഴുകിയ പാത്രം വീണ്ടും കഴുകുന്നു. ചൂടായ കല്ലിൽ വെള്ളം തളിച്ച് ശബ്ദം ഉണ്ടാക്കുന്നു...
ആറര..
പരിചയം ഉള്ള ചിലര്‍ നോക്കി ചിരിച്ചു വര്‍ത്താനം പറഞ്ഞു പോകുന്നതല്ലാതെ ആരും കയറുന്നില്ല.
ഏഴ് ..
"യെവടെ. ഇത് മൂ.. പോയെന്നാ തോന്നണേ. സോണി പറഞ്ഞു."
"അങ്ങനെ ഉണ്ടാവോ.. ഏയ്.."
മറുപടിയെന്നോണം കസ്റ്റമേഴ്സ് വന്നു. സീനിയേഴ്സ് ആയ രണ്ടു ചേട്ടന്മാർ.
എന്താ വേണ്ടതെന്നു ചോദിക്കാൻ മത്സരിച്ച ഞങ്ങളെ തടഞ്ഞ് അവർ പറഞ്ഞു.
"ഞങ്ങക്കൊന്നും വേണ്ട. പക്ഷെ, നിങ്ങള്‍ക്ക് ആള് കയറണേൽ ഒരു കാര്യം പറഞ്ഞു തരാം. ചെറിയ ഒരു മറ വേണം. ഇതിപ്പോ റോഡീക്കൂടെ പോകുന്നൊരു മുഴുവൻ കഴിക്കുന്നവരെ കാണും. അതിനു ഒരു സംവിധാനം ഉണ്ടാക്കു. അപ്പൊ ആള് കേറും."
ഞങ്ങളുടെ തലയ്ക്കുമുകളിൽ ബൾബുകൾ ഒരുമിച്ചു മിന്നി.
മറ വന്നു..ആദ്യത്തെ കസ്ട്ടമരും - അപ്പുറത്ത് ബലൂണ്‍ വില്‍ക്കുന്ന ഒരു 'മദ്യ'വയസ്കൻ!
ഓംലെറ്റ് ആണ് ഓർഡർ.
ഭയങ്കര പാചക വിദഗ്ദൻ എന്ന് സ്വയം അവകാശപ്പെട്ട സന്ദീപ് കാര്യം ഏറ്റെടുത്തു.
'കുടുകിടുകുടു...' എന്ന ശബ്ദത്തിൽ മുട്ടയും പച്ചമുളകും സബോളയും ഉപ്പും സ്ടീൽഗ്ളാസ്സിൽ സംയോജിക്കപ്പെട്ടു. പത്തോളം മുതലാളിമാരുടെയും ഒരേയൊരു കസ്ട്ടമരുടെയും ഉദ്വേഗം മുറ്റി നിന്ന നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അത് എണ്ണ തളിച്ച ചട്ടിയിൽ ഒഴിക്കപ്പെട്ടു. റോക്കറ്റ്, ലോഞ്ചിംഗ് പാഡില്നിന്നു വിട്ടുപോയ ആവേശം പങ്കു വയ്ക്കുന്ന ശാസ്ത്രജ്ഞന്മാരെപ്പോലെ ഞങ്ങൾ പരസ്പരം അഭിനന്ദിച്ചു.
പക്ഷെ,
മറിച്ചിട്ടപ്പോൾ നിർദ്ദാക്ഷിണ്യം ചറ പറാ കീറിപ്പറിഞ്ഞുകൊണ്ട് മോസ്റ്റ് അവൈടറ്റട് ഓംലെറ്റ് ഞങ്ങളുടെ ആഹ്ലാദത്തിനു സമയദൈർഘ്യം നല്‍കാതെ മൂക്കുകുത്തി വീണു. ആദ്യവിഭവം സപ്ളെ ചെയ്യാൻ തല്ലു കൂടിനിന്നിരുന്ന എല്ലാവരും പതിയെ വലിഞ്ഞു. എന്തായാലും സാധനം ഭയഭക്തി ബഹുമാനങ്ങളോടെ അങ്ങേർക്കു മുന്നില്‍ അവതരിക്കപ്പെട്ടു.
"ആമ്പ്ളൈറ്റ് കൊണ്ടരാൻ പറഞ്ഞിട്ട് കൊത്തിപ്പൊരി കൊണ്ട് വച്ചെക്കണോ? കൊണ്ട് പോടാ അവടന്ന്."
"മറിച്ചിട്ടപ്പോ പോട്ടീതാ ചേട്ടാ. വേറെ എടുക്കാം."
"ഇനി എന്റെ പട്ടിക്ക് വേണം." അയാള്‍ പിറ് പിറുത്തുകൊണ്ട് ഇറങ്ങി നടന്നു.
ആദ്യത്തെ കച്ചോടം തന്നെ അലമ്പായല്ലൊ എന്ന ചിന്തയിൽ ഞങ്ങൾ ഹതാശരായി.
"അയാൾക്ക് യോഗല്യ.. ഷെയ്പ്പില്ലെങ്കിലും പെടപ്പൻ സാധനാര്ന്നു.."
സന്ദീപ് തീറ്റ തുടങ്ങി. എല്ലാവരും ചാടി വീണു നേരത്തെ തന്നെ അവശയായ ആ പാവം ഓംലെറ്റിനെ പിച്ചിച്ചീന്തി.
പതിയെ ഓരോരുത്തരായി കസ്റ്റമേഴ്സ് കടയിൽ വന്നു തുടങ്ങി. ആദ്യത്തെ ചപ്പാത്തികൾ വിവിധ രാജ്യങ്ങളുടെ ഭൂപടം പോലെ ഇരുന്നെങ്കിലും പിന്നീട് പെര്‍ഫെക്റ്റ് ആയി. സന്ദീപ്, ഓംലെറ്റ് ഉണ്ടാക്കുന്നതിൽ എക്സ്പര്ട്ടായി. മെയിൻ ചെഫ് ബിജു അളന്നിട്ട കറിയുടെ കൂടെ രണ്ടു കഷണം ഞാനും പിന്നേം രണ്ടു കഷണം രവിയും ആഡ് ചെയ്തിട്ടാണ് ആദ്യ വിതരണങ്ങൾ നടന്നത്. 'ഒരു ബീഫേ പറഞ്ഞുള്ളൂ.. ഇത് കൂടുതൽ ....' എന്നു വരെ കഴിക്കാൻ വന്നവരെക്കൊണ്ട് പറയിച്ചതോടെ ക്വാണ്ടിറ്റി കണ്ട്രോൾ വകുപ്പ് ഇടപെട്ടു. പത്തര ആയപ്പോ ബീഫ് കഴിയാറായി. കപ്പേം കാലിയാവാൻ തുടങ്ങുന്നു. മുട്ട കടം വാങ്ങാൻ അന്വേഷിച്ചു പോയെങ്കിലും നിരാശയോടെ തിരിച്ചു വരേണ്ടി വന്നു. ബാക്കി വന്ന ബീഫിൽ ചൂടുവെള്ളം ഒഴിച്ച് ചാറാക്കി, പിന്നെ അതായി സപ്ളെ. ജ്യൂസ് കുടിക്കുന്നവർ വളരെ വിരളം. ആ സംഭവം എന്തോരം പ്രമോട്ട് ചെയ്തിട്ടും ആരും വാങ്ങുന്നില്ല. ഇടയ്ക്ക് ചില ടീംസ് സോഡാ കാര്യമായി വാങ്ങിക്കുന്നത് കണ്ടപ്പോളാണ് ഞങ്ങളുടെ 'മള്‍ട്ടി ക്യുസിൻ റെ സ്റൊരന്റ്റ്' ഒരു ബാറും ആയി മാറിയെന്നു മനസിലാക്കിയത്.
ഇടയ്കൊരു കാവടി സെറ്റിൽ ഉണ്ടായ തല്ല്, കടയെ ബാധിക്കുമെന്നായപ്പോൾ ഞങ്ങൾ കൈ കോര്‍ത്ത് പിടിച്ച് സംരക്ഷണവലയം തീർത്തു. കടയിൽ ഒഴിവു വന്ന മുറയ്ക്ക് മുതലാളിമാർ ഓരോരുത്തരായി ഭക്ഷണം തകർത്തു. ഇടയ്ക്കൊരു ടീം വന്നു ഭേഷായി ഫുഡ് അടിച്ചു കാശ് തരാതെ മുങ്ങി. ചപ്പാത്തിക്കല്ലീന്നു 'ശീ.....' ന്നോരോച്ച കേട്ടത് ഉറക്കം തൂങ്ങി ബിജൂന്റെ മൂക്ക് അതിൽ വന്നിരുന്നതാണെന്ന് അറിഞ്ഞ് ചിരീം കളിയാക്കലും നടന്നു.
എന്തായാലും എല്ലാവരും അവശരായി തുടങ്ങി. സാധനങ്ങളും ഏകദേശം കഴിഞ്ഞു.
ജ്യൂസ് ഉണ്ടാക്കി വച്ച വട്ടക അതുപോലെ തന്നെ ഇരിപ്പുണ്ട്. കുറച്ചു സോഡാക്കുപ്പികൾ പൊട്ടിക്കാതെ ബാക്കി ആയിട്ടുണ്ട്.
ഓരോരുത്തരായി ബെഞ്ചിലും ഡസ്കിലും സൈഡായി. കണക്കുകൾ മുഴുവൻ കൈകാര്യം ചെയ്തിരുന്ന രവി മാത്രം ഉറക്കം വരാതെ ഉഴറി നടന്നു.
രാവിലെ എഴുന്നേൽക്കുമ്പോൾ കാഷ്യര്‍ മേശയ്ക്കരികെ പേനയും പേപ്പറും ആയി രവി മാത്രം ഉറങ്ങാതെ.
"എന്ത്യേടാ.. കണക്കു കൂട്ടി വയ്യാണ്ടായോ? കാശ് കുറെ ഉണ്ടല്ലോ."
"തീറ്റ ലാഭം എന്ന് വിചാരിച്ചാ മതി.. എൻപതു രൂപ മിച്ചം ഉണ്ട്!"
"ങേ.. പോടാ.. കയ്യിൽ ഇഷ്ടം പോലെ കാഷിരിക്കുന്നുണ്ടല്ലോ?"
"ഇതൊക്കെ കടം വാങ്ങ്യോടത്ത് കൊടുക്കണ്ടേ? ഭക്ഷണം പാചകം ചെയ്തു തന്ന വീടുകളിൽ ഒക്കെ എന്തെങ്കിലും കൊടുക്കാം എന്ന് വിചാരിച്ചതാ. ഒന്നും നടക്കില്ല. ആ ജ്യൂസിൽ ശരിക്ക് പണി കിട്ടി. അത് ചീത്തയായി പോവേം ചെയ്തു. ഓരോരുത്തരുടെം ബന്ധുക്കലേം പരിചയക്കാരേം വിളിച്ചു കയറ്റി സല്ക്കരിക്കുന്നെന് പകരം ആ ജ്യൂസ് കൊടുത്തിരുന്നെങ്കിൽ അത് കഴിഞ്ഞും പോയേനെ. ഓസിനു അടിച്ചു പോയ ഫുഡിന് പത്തു കാശും കിട്ട്യേനെ. എന്നാ അത് ഒരു തെണ്ടിക്കും തോന്നീമില്ല. "
"അതേയോ.. ശേ. ഞാൻ വിചാരിച്ചു ഒരു പത്തഞ്ഞൂറു രൂപ ലാഭം ഉണ്ടാവും ന്നാ. പിന്നെ, മ്മക്ക് മിനിമം നൂറു മുട്ടേം കൂടി വാങ്ങാർന്നു, സാധനം ചെലവായി പോയേനേ."
"അതിപ്പോ ആയിരം മുട്ട വാങ്ങ്യാലും കഴിഞ്ഞേനെ.. നമ്മടെ തീറ്റയാ പകുതി സാധനം തീര്‍ത്തത്."
സംസാരം കേട്ടുകൊണ്ട് ഓരോരുത്തരായി ഉണര്‍ന്നു വന്നു.
ഡേവീസ് എണീറ്റ പാടെ ഒരു സോഡാക്കുപ്പി എടുത്ത് ഓപ്പണർ അന്വേഷിച്ചു നടപ്പായി.
"ഹലോ, എന്താ നിന്റെ പരിപാടി?"
"എന്ത്യേ?"
"അല്ല സോഡാക്കുപ്പീം കൊണ്ട്?"
"മുഖം കഴുകാൻ.."
"നീ ആ കുപ്പി അവിടെ വച്ചേ..ദേ, ആ പാത്രത്തിൽ ജ്യൂസ് ഇരിപ്പുണ്ട്. അതോണ്ട് ആയിക്കോ നിന്റെ തിരുമോന്ത കഴുകൽ."
"മുഖം കഴുകണത് ജ്യൂസോണ്ടോ?"
"ആ.. അത് തെങ്ങിൻ കടേൽ ഒഴിച്ച് കളയാൻ പോണതാ.. സോഡാ തിരിച്ചു കൊടുത്താ അതിന്റെ കാശ് അന്തോണ്യെട്ടന് കൊടുക്കാനുള്ളതീന്നു കുറയ്ക്കാം."
ചുരുക്കത്തിൽ ഷഷ്ഠിക്കാഴ്ചകളും മിസ്സായി, ലാഭോം ഇല്ലാണ്ടായി.
ഉറക്കച്ചടവിൽ, സത്യത്തിനു മുന്നില്‍ പകച്ചു നിന്ന് പോയ കൂട്ട് കച്ചവടക്കാരായ ഞങ്ങൾ ഒരു തീരുമാനമെടുത്തു.
ഇനി മേലാൽ ജ്യൂസ് ബാക്കി വെക്കില്ല!!
11 comments:
..
മ്മടെ കൊടകര ഷഷ്ഠി. അതൊരു കളറു പരിപാട്യന്നേ...ഒരു മാസ്സ് സിനിമ പോലെ ഫുള്‍ പാക്കേജ് .
good.. animesh
"കൊടകര ഷഷ്ഠി" നല്ല രസികന്‍ വിവരണം.. :)
ച്ഛെ....കട തുടങ്ങുന്നതിന് മുമ്പ് ഒരു വാക്ക് പറയാരുന്നില്ലേ? നല്ല മാനേജ്മെന്റ് ടിപ്സ് തന്നേനെ ഞാന്‍!!
പത്തോളം മുതലാളിമാരുടെയും ഒരേയൊരു കസ്ട്ടമരുടെയും ഉദ്വേഗം മുറ്റി നിന്ന നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അത് എണ്ണ തളിച്ച ചട്ടിയിൽ ഒഴിക്കപ്പെട്ടു.
മ്മ്ടെ കൊടകര ഷഷ്ടി ഒരു സംഭവം തന്നെ. തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പോലെ അങ്ങ്ട് കത്തിക്കേറി ട്ടോ.
സംഭവം തന്നെ.. എന്ത് രസാ വായിക്കാൻ :)
പരിചയമില്ലാത്ത ഇത്തരം പണികള്‍ക്ക് പോയി പലപ്പോഴും പണി വാങ്ങിച്ചിട്ടുണ്ട് ഞാനും എന്റെ കൗമാരത്തില്‍..ആകെക്കൂടി ബാക്കിയുള്ളത് അക്കാലത്ത് പരസ്പരം ഉണ്ടായിരുന്ന ഊഷ്മളസ്നേഹത്തിന്റെ ചില ഓര്‍മ്മകള്‍ മാത്രം ..എങ്കിലും നല്ലോണം സമ്പാദിക്കുന്നുണ്ടെങ്കിലും ഇന്നും ആ ഓര്‍മ്മകള്‍ ജീവിതത്തിലെ സഫലനിമിഷങ്ങള്‍ തന്നെ ..നന്നായി എഴുത്ത് ..
നന്നായി കൊടകര ഷഷ്ഠി വിശേഷം
ആശംസകള്‍
ഷഷ്ഠി വിശേഷം നന്നായി.നല്ല വിവരണം
.ഇതുപോലെയാണ് ഞങ്ങള്‍ക്ക് നാട്ടില്‍ കുംഭ ഭരണിയും..പലരും ആ സമയത്ത് കച്ചവടക്കാര്‍ ആകും,,
"ഷഷ്ഠിക്കച്ചവടം" നന്നായി :-)
Post a Comment