ഒരു പെറ്റ് വേണമെന്നും അതൊരു പക്ഷിയായാൽ നന്നാവും എന്നും എനിക്ക് തോന്നി തുടങ്ങിയിട്ട് കുറെ നാളായിരുന്നു. അമ്മയുടെ മിന്നു പറന്നുപോയതോടെ ആ ആഗ്രഹം കലശലായി. അങ്ങിനെ നേരത്തേ ബുക്ക് ചെയ്ത്, നാലഞ്ചുമാസം കാത്തിരുന്ന് 2013 ഫെബ്രുവരി 8 ന് കയ്യീ കിട്ടുമ്പോൾ അതിനു തൂവൽ വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. തീരെ ചെറുതിനെ വേണം എന്ന് എനിക്ക് ആഗ്രഹവും ഉണ്ടായിരുന്നു.
റാഗി കുറുക്കിയതും ഗ്ലൂക്കോസും ഫില്ലർകൊണ്ട് കൊടുത്തും പതിയെ പഴവും കുതിർത്ത കടലയും തീറ്റിച്ചും അവനെ ഒരു മിടുക്കനാക്കി. ഒരു പ്ലാസ്റ്റിക് ബാസ്കറ്റായിരുന്നു ആദ്യം അവന്റെ കൂട്. പതിയെ മക്കളായി കെയർ റ്റേക്കർമാർ. ചിർ ചിർ .. ന്നുള്ള ശബ്ദമുണ്ടാക്കി അത് മക്കളുടെ കയ്യീന്ന് ഇറങ്ങാണ്ട് നടന്നു. റിയോ എന്ന കാര്‍ട്ടൂണ്‍ സിനിമ കണ്ടതിന്റെ ഹാങ്ങ് ഓവറിൽ അവർ അതിനു റിയോ എന്ന് പേരിട്ടു.
പിള്ളേർക്ക് വാങ്ങിക്കേണ്ടി വന്നിട്ടില്ലെങ്കിലും സെരിലാക്കും നവധാന്യപ്പൊടിയുമൊക്കെ വാങ്ങിക്കുന്നത് കണ്ട് കൂട്ടുകാര്‍ കളിയാക്കി, അതെ, ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തന്നെ ആയിരുന്നു എനിക്ക് റിയോ. ഫില്ലരീന്നും സ്പൂണിൽനിന്നുമുള്ള തീറ്റ മതിയാക്കി ഇഷ്ടൻ എന്റെ കയ്യീന്ന് കിട്ടിയാലേ തിന്നൂ എന്നായി. കടി കിട്ടുമോ എന്ന പേടി കാരണം വേറെ ആരും ആ സാഹസത്തിനു മുതിര്ന്നുമില്ല.
വളര്‍ച്ചയുടെ കാലയളവിൽ റിയോയുടെ ശബ്ദം മാറി. ഭക്ഷണം കഴിഞ്ഞ് ചിറകുകൾ ആഞ്ഞു വീശി വ്യായാമം ചെയ്തു. ഇടയ്ക്കിത്തിരി പറക്കാൻ ശ്രമിച്ചു. പറക്കാൻ നോക്കി മൂക്കും (സോറി കൊക്ക്!) കുത്തി വീഴുന്നതൊക്കെ നല്ല കാഴ്ചയായിരുന്നു.
പ്ലസ്റ്റിക് കൂട് റിയോക്കിഷ്ടമുള്ളപ്പോൾ തള്ളിത്തുറക്കും എന്ന അവസ്ഥ വന്നപ്പോൾ ആളെ ഇരുമ്പുകൂട്ടിലേയ്ക്കു മാറ്റി. ആളുള്ളപ്പോൾ പുറത്ത്. അല്ലാത്തപ്പോൾ അകത്ത് എന്ന മട്ടിലായിരുന്നു പിന്നീട്. പൂച്ചപ്പേടി തന്നെ കാരണം.
പകൽ വർക്കിംഗ് ഏരിയയിലും രാത്രി ഡൈനിംഗ് റൂമിലുമായി റിയോയുടെ കൂടു ഷിഫ്റ്റ് ചെയ്യപ്പെട്ടു. നാടൻ തത്തകളുടെ തനതായ ശബ്ദമല്ല ഇവയ്ക്ക്. അസാമാന്യ ഫ്രീക്വന്‍സിയിലുള്ള ശബ്ദം ഒരുപാടകലേയ്ക്ക് കേള്‍ക്കാം.
പതിയെ, ചോറും പാലും മറ്റു ധാന്യങ്ങളും തിന്നു തുടങ്ങി. എന്റെ ഭക്ഷണം കൊടുക്കൽ രാവിലെ മാത്രമായി ചുരുങ്ങി. ബാക്കി അപ്പനും അമ്മയും ഏറ്റെടുത്തു. 'തത്തമ്മേ പൂച്ച പൂച്ച' എന്ന സ്ഥിരം ക്ലീഷേ ദയലോഗ് തത്തയെ പഠിപ്പിക്കേണ്ട, നമുക്കിവനെ ഒരു ന്യൂ ജെൻ ആക്കം എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങിനെ ഗുഡ് മോണിംഗ്, ഹലോ, സീയു, ഗുഡ് നൈറ്റ് എന്നിവയാണ് പഠിപ്പിച്ചു തുടങ്ങിയത്..
ഞാൻ ഇത് വരെ പാടിക്കെട്ടിട്ടുള്ള അപ്പന്റെ ഒരേയൊരു സ്റ്റോക്ക് "കിഴക്ക് കിഴക്കൊരാനയാണ്"! എന്നേം അനിയത്തിയേം ഞങ്ങടെ പിള്ളേരേം ഒക്കെ പാടി 'കണ്ഫ്യൂഷ'നിലാക്കിയിട്ടുള്ള അതേ സംഭവം അപ്പൻ റിയോയ്ക്കു നേരെയും പ്രയോഗിച്ചു! "അവനും ഇത് സഹിക്കേണ്ടി വന്നല്ലോ" എന്ന് ഞങ്ങൾ കളിയാക്കി.
ആദ്യം അനുകരിക്കപ്പെട്ടത് സ്ഥിരം വരാറുള്ള കാക്കകളുടെ ശബ്ദമാണെങ്കിലും പിന്നീട് അമ്മയുടെ ഗുഡ് മോർണിങ്ങും പുറകെ വന്നു. കുറച്ചു നാളുകൾക്കുള്ളിൽ 'കിഴക്ക് കിഴക്കൊരാന' പാടി ഞങ്ങളെ അന്തം വിടീപ്പിക്കാൻ അവനു കഴിഞ്ഞു.
പിന്നെപ്പിന്നെ, അപ്പനായി അവന്റെ കെയര്‍ റ്റേക്കർ. കൂടു ക്ലീൻ ചെയ്യൽ, കൂട് ശിഫട്ടിംഗ്, റിയോയ്ക്കു വേണ്ട പേരക്ക ദിവസവും കൊണ്ട് വരൽ അങ്ങിനെ അവൻ അപ്പന്റെ ലൈഫിന്റെ ഒരു ഭാഗമായി.അപ്പൻ കുറെ ഏറെ നേരം റിയോയുടെ കൂടിനരുകിൽ ചിലവഴിച്ചു. മാസങ്ങൾക്കുള്ളിൽ
"കിഴക്ക് കിഴക്കൊരാന പൊന്നണിഞ്ഞു നിൽക്കണു
ആലവട്ടം വെഞ്ചാമരം താലീ പീലി നെറ്റിപ്പട്ടം
എനിക്കറിയാം എനിക്കറിയാം അമ്പിളിമാമൻ"
എന്ന് പാടാൻ റിയോയ്ക്കു കഴിഞ്ഞു.
എന്നെ അനുകരിച്ചു അവൻ ചൂളം വിളിച്ചു.
രാവിലെ മക്കളെ വിളിച്ചെഴുന്നേൽപ്പിക്കുന്ന അതേ ടോണിൽ റിയോയും മക്കളെ വിളിച്ചു. ആറു മണിയ്ക്ക് എണീറ്റ് അലാം പോലെ ചിലച്ചാർത്തു. രാത്രിയിൽ മക്കൾക്കൊപ്പം കുത്തി മറിഞ്ഞു.
ഞങ്ങടെ വീട്ടിലെ ഏഴാമത്തെ അംഗമായിരുന്നു റിയോ. വീട്ടില്‍ വരുന്നവരെല്ലാം റിയോയെ കാണാതെ പോകില്ലെന്നായി. ഫോണ്‍ വിളിക്കുന്ന ബന്ധുക്കൾ റിയോയുടെ കാര്യം അന്വേഷിച്ചു. ഒരു ദിവസം വീട്ടീന്ന് വിട്ടു നില്‍ക്കേണ്ടി വന്നാൽ റിയോയെ എന്ത് ചെയ്യും എന്ന ചിന്ത ഞങ്ങളെ അലട്ടി.
റിയോയുമായി അപ്പൻ സമയം ചിലവഴിക്കുന്നതിനിടയിൽ ഞങ്ങൾ സന്തോഷിച്ചു. അസുഖം എന്ന സംഭവം ഓർമ്മിക്കാൻ പോലുമിഷ്ടമില്ലാത്ത ആള്‍ക്ക്, റിയോ ഒരു സന്തോഷമായിരുന്നു. അതിനിടെ കഴിഞ്ഞ ഓണത്തിനു മുമ്പ് അപ്പൻ പെട്ടെന്ന് വീക്കായി. ഒപ്പം റിയോ സംസാരം നിർത്തിയത് ഞങ്ങൾ ശ്രദ്ധിച്ചില്ല. ഡിസന്റ്രി പിടിപെട്ടത് ആരോടും പറയാതെ രണ്ടു ദിവസം ആൾ മാനേജ് ചെയ്തു. രണ്ടാം ദിവസം വൈകീട്ടായപ്പോഴേയ്ക്കും അവസ്ഥ ആകെ മാറി. എണീറ്റിരിക്കാൻ പറ്റാത്ത വിധം അപ്പൻ തളർന്നു. ഒപ്പം റിയോ ഭക്ഷണം കഴിയ്ക്കാതായി. അപ്പനെ ആശുപത്രീ കൊണ്ടുപോയി, ഗ്ലൂക്കോസും ഒക്കെയായി രണ്ടു ദിവസം. രണ്ടു ദിവസവും റിയോയ്ക്ക് ഭക്ഷണം ഞാൻ നിര്‍ബന്ധിച്ചു കൊടുത്തു. മരുന്ന് കൊടുത്തു. അപ്പൻ പതിയെ റിക്കവർ ആയി. പക്ഷേ ആറാം ദിവസം രാവിലെ മരവിച്ച ശരീരവുമായി റിയോ തന്റെ കൂട്ടിൽ ചത്തു കിടന്നു.
റിയോ പോയി.
മക്കൾ കരഞ്ഞു പൊളിച്ചു. തേങ്ങലടക്കി ഞങ്ങൾ അവരെ ആശ്വസിപ്പിച്ചു. യുവത്വം ദാനം ചെയത് ജരാനരകൾ ഏറ്റുവാങ്ങിയ പുരാണ കഥ പോലെയോ പെറ്റുകൾ ഏറ്റവും പ്രിയപ്പെട്ടവരുടെ ജീവിതം തിരിച്ചു നല്കി സ്വയം മരിക്കുമെന്ന ചൈനീസ് മിത്ത് പോലെയോ ആ വേര്‍പാടിനെ വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം.
ഇപ്പോഴും ഒഴിഞ്ഞ കൂട് നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അതുവഴി പോകുമ്പോൾ എവിടെനിന്നോ ആ ശബ്ദം കേള്‍ക്കാം..
".. എനിക്കറിയാം.. എനിക്കറിയാം..
അമ്പിളിമാമൻ."
...............................................................................................................................................
റിയോ ഞങ്ങള്‍ക്ക് എന്തായിരുന്നു എന്ന് ഇതോടൊപ്പമുള്ള വീഡിയോ നോക്കിയാലറിയാം.
https://youtu.be/w6QptVacdik
6 comments:
,
വായിച്ച് നല്ല സങ്കടം തോന്നി.
വീഡിയോയുടെ കൂടെ ഫോട്ടോയും ഇടാരുന്നു.
ഇതുങ്ങളെയൊക്കെ വളർത്തിയാൽ ഇങ്ങനെയൊരു പ്രശ്നമുണ്ട്. അവർക്ക് നമ്മടത്രേം ആയുസ്സില്ലല്ലോ. ഇണങ്ങിക്കഴിഞ്ഞ് ചത്തുപോകുമ്പോൾ വല്ലാത്ത വിഷമം വരും
കൂടും,മൊഴികളും......
നൊമ്പരമായ്.................
സങ്കടാക്കി... :(
പാവം റിയോ! അതെ, ഇതൊരു ചൈനീസ് മിത്ത് പോലെ തോന്നുന്നുണ്ട്.... റിയോയുടെ സ്നേഹം എന്നും ഓര്‍മ്മയിലുണ്ടാകട്ടെ ....
നമുക്കില്ലാത്ത , അവിശ്വസനീയമായ ഒരുപാട് കഴിവുകള്‍ പക്ഷിമൃഗാദികള്‍ക്ക് ഉണ്ടെന്നാണ് പറയുന്നത്. വീഡിയോ കണ്ടു.. നല്ല കുറെ നിമിഷങ്ങളായിരുന്നു...
Post a Comment