Powered By Blogger

Tuesday, February 24, 2015

കാക്ക



"ഈ കാക്കേക്കൊണ്ട് തോറ്റെന്റെ ഈശോയെ..
പൊറത്തിറങ്ങി നടക്കാൻ വയ്യാണ്ടായീനു വച്ചാ എന്ത്താ ചെയ്യാ.
പള്ളീൽ നൊവേനയ്ക്കു വരെ പോവാൻ വരെ പറ്റാണ്ടായി.
ശോ.. ഇങ്ങനീണ്ടോ ഒരു മാരണം. കോപ്പ്..
ആരോഗ്യം ഉണ്ടാര്ന്ന കാലത്താണെങ്കി തക്കം നോക്കി ഞാൻ എങ്ങനെയെങ്കിലും കുരിപ്പിനെ തല്ലിക്കൊന്നേനെ.."

മെടയാൻ വേണ്ടി തേമാലിയിലെ കുളത്തിൽ താഴ്ത്തിയിട്ടിരുന്ന ഓലക്കെട്ട് കഷ്ടപ്പെട്ട് വലിച്ചുകൊണ്ട് മുറ്റത്തേയ്ക്ക് വരുന്നതിനിടയിൽ കത്തിരിങ്ങ ചേടത്തി എന്ന് നാട്ടുകാരു വിളിക്കുന്ന കത്രീന ചേടത്തി ഉച്ചത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു.

ഒരാഴ്ച മുമ്പ് കാലത്തെണീട്ടു വാതിലു തുറന്നപ്പോൾ ഉമ്മറത്ത് തന്നെ ഒരു കാക്കക്കുഞ്ഞ്.പറന്നു തുടങ്ങീട്ടില്ല. അല്ലേ തന്നെ വല്യ ശല്യാ ഇവറ്റകളെക്കൊണ്ട്. മുറ്റം അടിച്ചു വാരാൻ വച്ചിരുന്ന ചൂലെടുത്ത് കട തിരിച്ച് ഒന്ന് കൊടുത്തു. 

ആഹ ഉഗ്രൻ ഷോട്ട് !

കവര ഡ്രൈവ് ഫോറാവുന്നതു നോക്കി നില്ക്കുന്ന സച്ചിനെപ്പോലെ ആത്മസംതൃപ്തിയിൽ മുഴുകിയ ചേടത്തീടെ തലയിൽ തൊട്ടടുത്ത നിമിഷം ബൗൻസർ കൊണ്ടു. കാക്കക്കുഞ്ഞ് തന്തയ്ക്കും തള്ളയ്ക്കും ജനിച്ചത്‌ തന്നെയാണെന്നു തെളിഞ്ഞു. അമ്മാതിരി ആക്രമണം ആയിരുന്നു പാരന്റ്സിന്റെ വക.

അന്ന് തൊട്ടിന്നു വരെ സമാധാനമായി പുറത്തിറങ്ങാൻ പറ്റിയിട്ടില്ല. ഇപ്പൊ തലയില ച്ചുംമാടു വച്ച് അതിനും മുകളിൽ തോർത്ത് കൊണ്ട് കെട്ടിയാ നടപ്പ്.
കാക്കക്കുഞ്ഞിനെ കാലപുരിയ്ക്കയയ്ക്കാൻ തോന്നിയ നേരത്തെ ചേടത്തി മനസ്സില് ശപിച്ചു.

വീടിന്റെ ഉമ്മറത്ത്, തിണ്ണയിൽ ജോബ് ഇരിപ്പുണ്ടായിരുന്നു. 

"ജോപ്പാ, നീ കഞ്ഞി കുടിചചോടാ ?"
മറുപടി ഉണ്ടാവില്ല എന്ന് അറിയാമായിരുന്നിട്ടും ചേടത്തി ചോദിച്ചു.

ജോപ്പൻ എന്ന ജോബിന്റെ നിർവ്വികാരമായ നോട്ടം സാധാരണ പോലെ ചക്രവാളത്തിനപ്പുരത്തുള്ള ഏതോ അന്യഗ്രഹത്തിലേയ്ക്കു നീളുകയും അവിടെയുള്ള ഏതോ യു എഫ് ഒയുമായി ആശയവിനിമയം നടത്തുകയും ചെയ്തു!

ചേടത്തി ഒരു നെടുവീര്പ്പ് പാസാക്കി.

ജോബ് ഇരുപതു വയസ്സിൽ നാടു വിട്ടു പോയതാ. മുംബൈയിലും ചെന്നൈയിലും ഒക്കെ പല നാട്ടുകാരും അവനെ പലപ്പോഴായി കണ്ടിട്ടുണ്ടായിരുന്നു. നല്ല ബെസ്റ്റ് ഗുണ്ടയായിരുന്നു- ത്രേ . (ത്രേ.. ചേര്ക്കാതെ വഴിയില്ല. നുമ്മടെ നാട്ടുകാരാ. ഒരോരുത്തരും ആയിരം സായാഹ്നപത്രത്തിനൊക്കും) എന്തിനു പറയണൂ.. തിരിച്ചു വന്നത് നാല്പത്തിരണ്ടാം വയസ്സിൽ. ഏതോ നാട്ടുകാരൻ ചെന്നൈയിൽ വച്ചു കണ്ടപ്പോ വിളിച്ചു കൊണ്ട് വന്നതാ.  'വയസുകാലത്ത് എന്നെ നോക്കാൻ ദൈവം വിട്ടതാ അവനെ' എന്ന് കത്രീന ചേടത്തി പറഞ്ഞെങ്കിലും ഒരാഴ്ച കൊണ്ട് തന്നെ പറഞ്ഞത് മായ്ക്കേണ്ടി വന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച്ചവരുടെ പോലെ ഒരേ ഇരുപ്പ്. ഇടങ്ങഴി അരിയുടെ ചോറ് തിന്നും എന്നല്ലാതെ വന്നിട്ട് നാല് മാസമായിട്ടും സ്വന്തം അണ്ടർവെയര് വരെ കഴുകീട്ടില്ല. പെണ്ണിന്റെ വാക്ക് കേട്ട് ഭാഗം വാങ്ങി പോയ പെണ് കോന്തൻ ആന്റപ്പനെ പള്ളീ വച്ച് കണ്ടപ്പോ "അമ്മേ തോൽപ്പിക്കാമെന്നു നീ കരുതണ്ട്രാ.. എന്നെ നോക്കാൻ എന്റെ മോൻ ജോപ്പൻ വന്നണ്ട് " എന്ന് വീമ്പടിച്ചത് പാഴായി. ഇപ്പോ ഇവനെ നോക്കാൻ കൂടി പാടു പെടാറായി.

ഇവന് ഇത്തിരീശെ വട്ടാണോ?

അതോ മേലനങ്ങാതെ മാമം മുണുങ്ങാൻ അഭിനയമാണോ?


ഇന്നാളു പിള്ളേര് പറഞ്ഞിട്ട് "മേരിക്കുണ്ടൊരു കുഞ്ഞാട്" ടീവീൽ കണ്ടു. അതിലെ ബിജു മേനോന്റെ ഭാവമാ ജോപ്പന്.. പക്ഷെ, ഒരു വാഴക്കുഴി കുത്തുന്നത് പോയിട്ട്  ഒരു ഈര്ക്കില് വരെ.. ങേ ഹേ..

"നീയവന്റെ കയ്യും കാലും കണ്ടാ.. ഇരുമ്പു പോല്യാ.."

"അമ്മാതിരി തീറ്റ്യല്ലേ"

"അവന് ഒരു കൊഴപ്പോം ഇല്ല്യാ ട്ടാ.. ഇതെന്തോ അടവാ."

"നാളേരം കട്ടേന് ജോപ്പനെ തെങ്ങേൽ കെട്ടിയിട്ടു തല്ല്യ നിന്റെ അപ്പനോടൊക്കെ ഒന്ന് സൂക്ഷിചോളാൻ പറ."

"എന്തിന് ?"

"ഡാ.. പ്രാന്തുള്ളോര്ക്ക്  കൊലപാതകം നടത്തിയാ സുഖായിട്ടു ഊരിപ്പോരാം."

ഇത്യാദി സംസാരങ്ങൾ ചുറ്റും കേള്ക്കുന്നുണ്ട്.

സാരല്യ. എത്രയോ കൊല്ലങ്ങൾക്ക് ശേഷം വന്നതാ. ഇത്രേം നാള്  കൊടുക്കാൻ പറ്റാണ്ടിരുന്ന സ്നേഹം കൊടുത്തു വീട്ടുക തന്നെ.

'എന്നാലും.....
ഹോ.. എല്ലാം എന്റെ തലേലാണല്ലോ ദൈവമേ..' സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെയ്ക്ക് ചേടത്തി കണ്ണുകളുയർത്തി..

എന്റമ്മോ ദാ വരുന്നു സ്റ്റെൽത്ത് ബോംബർ  !
ഒന്നിനെ പുറകെ ഒന്നായി രണ്ടെണ്ണം. 
ഇടതുകയ്യിൽ ഉണ്ടായിരുന്ന വടി തല്ക്കാലം വിമാനവേധോപകരണം ആയി.

വിറകുപുര ബങ്കറിൽ കയറി തല്ക്കാലം രക്ഷപ്പെട്ടു.

ദേഷ്യോം സങ്കടോം കൂടുന്നത് ഇതൊന്നും ബാധകമാവാത്ത മട്ടിൽ ജോപ്പൻ - യു എഫ് ഓ ആശയ വിനിമയം നിര്ബാധം നടക്കുന്ന കാണുമ്പോളാ..

ഒരു നിമിഷം. എല്ലാ കണ്ട്രോളും പോയി.

"ഡാ.." ചേടത്തി അലറി..
"ഒരു പണീം ചെയ്യില്ല.. ചെയ്യണ്ട, ന്നാ.. നിന്റെ തള്ളേനെ ശല്യപ്പെടുത്തണ കാക്കേനെ എങ്കിലും ഓടിച്ചു വിട്രാ. 
തീറ്റ മാത്രം പണിയായ ഒരുത്തനെ ആണല്ലോ കര്ത്താവേ എന്റെ ഒടുക്കത്തെ കാലത്ത് കൊണ്ട് തന്നത്.."

സ്വപ്നത്തിൽനിന്ന് എന്ന വണ്ണം ജോപ്പൻ എണീറ്റു.
'ഹാവൂ..' എന്ന  ചേടത്തിയുടെ ആശ്വാസം അമ്പരപ്പാക്കി മാറ്റിക്കൊണ്ട് പടികടന്ന് ഒറ്റ പോക്ക്.

അതിനും മാത്രം ഒന്നും പറഞ്ഞില്ലല്ലോ.
കാക്കയെ ഓടിക്കാൻ പറഞ്ഞതിന് ഇനി വീണ്ടും പുറപ്പെട്ടു പോവുമോ?
ഏയ്‌ ..

സാധാരണ ഒരു പോക്കുണ്ട്. കവലയിലേയ്ക്ക് നടന്നു പോയി നാല് ചാൽ അതിലേം ഇതിലേം നടന്ന്, പിന്നെ കലുങ്കിൽ ഇത്തിരി നേരം ഇരുന്ന് തിരികെ വരും. ആരോടും ഒരക്ഷരവും മിണ്ടാറില്ല.
അതുപോലെ പോയതായിരിക്കും.

ആവില്ലേ? 
പറഞ്ഞത് കൂടിപ്പോയോ.. 
തലയ്ക്കു ചെറിയ വിങ്ങൽ.
വിഷമം വരുമ്പോ തല വിങ്ങൽ വരുന്നത് പതിവാ..
ശെ.. ഒന്നും പറയണ്ടായിരുന്നു.
ഉച്ചയൂണിനു രണ്ട് മാന്തൾ വറുക്കാം.
പണ്ടേ അവനു ഇഷ്ടമുള്ളതാ.

ആരോ ഓടിക്കിതച്ച് വരുന്നത് കണ്ട് ചേടത്തി അറ്റൻഷനായി.
അപ്രത്തെ വീട്ടിലെ ജോര്ജിന്റെ മോനാണല്ലോ..

"എന്ത്യേടാ?" അവന്റെ കിതപ്പിനിടയിലെ ശ്വാസം വലിയ്ക്ക്‌ സമയം കൊടുക്കാൻ ചേടത്തി ചോദിച്ചു.

"അതേയ്..
ജോപ്പാൻ ചേട്ടനില്ലെ...."

"ദൈവമേ.. പിന്നേം പോയോ.." ചേടത്തി ഒരു നിലവിളിയ്ക്ക് കോപ്പ് കൂട്ടി.

"അതല്ല.."

"പിന്നെ?" നിലവിളി സ്റ്റാർട്ടിങ്ങ് ട്രബിളിൽ കുടുങ്ങി.

"അങ്ങേര് .. മ്മടെ സൈതാലിക്കാക്കാന്റെ പെട്ടിക്കട തല്ലിപ്പൊളിക്കണൂ..
അമ്മേനെ വഴി നടത്തില്ല അല്ലേടാ എന്നൊക്കെ ആണു പറയണത്. ഞങ്ങളാരും പിടിച്ചിട്ടു നിക്കണില്ല. ചേടത്തി ഒന്നിങ്ങു വേഗം വന്നേ. .."

"ദൈവമേ.." ചേടത്തി തലയിൽ കൈ വച്ചു മുകളിലേയ്ക്ക് നോക്കി.

തെങ്ങിന്മുകളിൽ, അടുത്ത ആക്രമണത്തിനു കോപ്പ് കൂട്ടി പ്രതികാരദാഹവുമായി ഇരുപ്പുണ്ടായിരുന്നു, കാക്ക.. ദി റിയൽ കാക്ക!

Saturday, February 21, 2015

പേരെഴുതിയ കുപ്പായം.

എണ്പത്തിആറിൽ  അഞ്ചര അടിയിൽ താഴെ പൊക്കമുള്ള മറഡോണ അർജന്റീനയ്ക്കു ലോകകപ്പു നേടിക്കൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ കുപ്പായത്തിൽ മറഡോണ എന്ന പേര് ഉണ്ടായിരുന്നില്ല. 10 എന്നൊരു നമ്പർ മാത്രം. തമിഴ്നാട്ടീന്നു വെട്ടാൻ കൊണ്ട് വരുന്ന മൂരികളുടെ ചന്തിക്കു 'ഋ'കാരം പോലെ ആകൃതിയിൽ കമ്പി പഴുപ്പിച്ചു വച്ച് ചാപ്പ കുത്തിയ പോലുള്ള ആ പത്താം നമ്പർ വച്ചായിരുന്നു അങ്ങേരെ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നത് . അർജന്റീനയുടെ പത്ത് മറഡോണ, ബെല്ജിയത്ത്തിന്റെ പത്ത് - ഷിഫോ.. അങ്ങിനെ, അങ്ങിനെ. 

അതിനും കൊല്ലങ്ങൾക്ക് മുമ്പ്, കനാല്ത്തിണ്ടിലൂടെ സ്കൂളിലേയ്ക്കുള്ള വാക്ക് & ടാക്ക് യാത്രയിൽ കനാൽ വെള്ളത്തിലൂടെ തിമിംഗലം വല്ലോം വരുന്നുണ്ടോ എന്ന ഭാവേന സൂക്ഷ്മ നിരീക്ഷണം നടത്തുന്ന , കഞ്ഞിക്കലത്തിനടിയിൽ കരിക്കട്ട വച്ച് വരച്ച പോലത്തെ നിറവും അഞ്ചടിയിൽ താഴെ പൊക്കവും മടക്കിക്കുത്തിയ കൈലിയും കഷ്ടപ്പെട്ട് പിരിച്ചു വച്ച മുള്ളൻ മീശയും ചോരക്കണ്ണ്കളും മോടി പിടിപ്പിച്ച ദി ഗ്രേറ്റ് അപ്പുട്ടേട്ടൻ എന്ന പ്രസ്ഥാനം (റെഫർ 'കർക്കട ചെകുത്താൻ' - കൊടകരപുരാണം - വിശാലമനസ്കൻ ) ഒരു ദിവസം എന്റെ കണ്ണു തള്ളുന്ന ഒരു കാഴ്ച സമ്മാനിച്ചു. ഇട്ടിരിക്കുന്ന സാന്ഡോ ബനിയനിൽ എന്തോ എഴുതിയിരിക്കുന്നു! ഹാപ്പി എന്ന് ഗോൾഡ്‌ ലെറ്ററിൽ വളചെഴുതിയ ഫോറിൻ ടീ ഷർട്ടുകൾ ഗൾഫുകാരുടെ വീട്ടീന്ന് വരുന്ന സമപ്രായക്കാരോട് കുശുമ്പും കുന്നായ്മയും നിറയ്ക്കുന്ന കാലമാണ്. ഞാൻ കൗതുകകുതൂഹലനായി. അടുത്തെത്തുംതോറും അക്ഷരങ്ങൾ തെളിഞ്ഞു വന്നു.

"കൊടകര അപ്പുക്കുട്ടൻ
കാവടി ബാലൻസ് "

അമ്മമ്മോ, തകർത്തു. ഞാൻ മനസ്സിൽ മൊഴിഞ്ഞു.

ധൻസ് ആർട്സിന്റെ അക്ഷരങ്ങളാണല്ലോ എന്ന് മനസ്സിൽ പറയേം ചെയ്തു.
കൊല്ലങ്ങൾ കഴിഞ്ഞു, ആരൊക്കെ അടുത്ത ദിവസം ഈ നമ്പറിൽ ഇന്നുണ്ടാവും നാളെ ഇല്ലാണ്ടാവും എന്നൊക്കെ അറിയാത്ത അവസ്ഥ ഇല്ലാതിരിക്കാനാണോ പേര് വിളിച്ചു തെറി പറയാനാനോ അതോ ചുവപ്പ് / മഞ്ഞ കാർഡു കാണിക്കാനോ ഗുമ്മില്ലാത്തോണ്ടാണോ എന്നറിയില്ല, കളിക്കാരുടെ ജെഴ്സികളിൽ പേരടിച്ചു വന്നു.വെള്ളക്കുപ്പായത്തീന്നു കളർ ഡ്രെസിലേയ്ക്കു ഏകദിനം ട്രാന്സ്ഫോം ചെയ്തപ്പോൾ ക്രിക്കറ്റ് കളിക്കാരുടെ ജേഴ്സിയിലും പേരു വന്നു.

ഉള്ള ജേഴ്സി ഊരി അതിന്റെ നമ്പറിനു മുകളിൽ വെളുത്ത തുണിക്കഷണത്തിൽ വേറെ നമ്പര് എഴുതീട്ട് വേണം സബ്സ്ടിട്യൂട്ടിനു ഇറങ്ങാൻ എന്ന അവസ്ഥയുള്ള ടീമുമായി ആലുവ അത്താണി ഗ്രൗണ്ടിൽ സെവൻസ് കളിക്കാൻ പോയപ്പോൾ എതിര് ടീം രാജേഷ്, മെൽവിൻ എന്നൊക്കെ പേരുള്ള കുപ്പായം ഇട്ടു വന്നത് കണ്ട് അന്തിച്ചു നിന്നിട്ടുണ്ട്. പകുതി കളി അപ്പ തന്നെ തോറ്റു. ഇന്നിപ്പോ നാട്ടിലെ സമഭാവന കണ്‍സ്റ്റ്രക്ഷൻസ് സ്പോണ്‍സർ ചെയ്യുന്ന ടെന്നീസ് ബോൾ വച്ച് ക്രിക്കറ്റ് കളിക്കുന്ന ടീമിന് വരെ ഉണ്ട് ജേഴ്സിയിൽ സ്വന്തം പേര് !

"ടെൻ എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതീത് ഈ ദുൽക്കർ എന്ന കളിക്കാരന് മാത്രേ ഉള്ളൂ?" എന്ന് നമ്മുടെ സാക്ഷാൽ സച്ചിൻ 'TEN ദുല്ക്കരി'ന്റെ ജേഴ്സി കണ്ട് അടുത്ത വീട്ടിലെ ഓമനേച്ചി ചോദിച്ചത് പിന്നെ ഞാൻ ഓർത്തത് 1983 സിനിമയിലെ "എനിക്കീ ഹിന്ദി സിനിമാ നടന്മാരെ ഒന്നും അറിയില്ല" എന്ന സച്ചിന്റെ പടം കണ്ടിട്ട് പറയുന്ന ഡയലോഗ് കേട്ടപ്പോളാണ്.
ഇപ്പോപ്പിന്നെ സർവ്വത്ര സ്ഥലത്തും കുപ്പായത്തീ പേരായി. വെല്ലോന്റെ പേരുള്ള കുപ്പായം പോസിലണിഞ്ഞു നടക്കാൻ ആര്ക്കും മടിയില്ലാതുമായി. എന്റെ മക്കളിൽ ഒരുത്തൻ അർജന്റീനയുടെ മെസ്സിയും മറ്റവൻ ബാർസയുടെ മെസ്സിയുമാണ്!

ഇന്ത്യയുടെ പ്രധാനമന്ത്രി പേരെഴുതിയ കുപ്പായം ഇട്ടപ്പോൾ, പിന്നെ അതൂരി ലേലത്തിനു വച്ചപ്പോൾ വലിയ പ്രശ്നമൊന്നും തോന്നിയില്ല. പക്ഷേ, സെല്ഫ് മാർക്കട്ടിങ്ങിനു കിടിലോൽക്കിടിലൻ ഐഡിയ കണ്ടു പിടിച്ച അപ്പുട്ടേട്ടനെ ഓര്മ്മ വന്നു. കാലത്തിനും മുമ്പേ സഞ്ചരിച്ച ആ ക്രാന്തദർശിയെ  ഇക്കാര്യത്തിലെങ്കിലും എങ്ങിനെ മറക്കും! ഒപ്പം ആ രംഗത്തിനു എന്നോടൊപ്പം സാക്ഷിയായ അന്നത്തെ ഒരു സഹ നടപ്പുകാരനുമായുള്ള സംഭാഷണവും ഓര്മ്മ വന്നു.

"ആ ബനിയന്മേ എഴുത്യേക്കണതു .... അപ്പുക്കുട്ടൻ...ന്നല്ലേ? അതാരാ? "

"അത് .. മനസിലായില്ലേ, ആ ചേട്ടൻ തന്നെ.അതിന്റെ അടീൽ കണ്ടില്ലേ - കാവടി ബാലന്സ് - ന്ന്. ആള് പൊരിഞ്ഞ കാവട്യാട്ടല്ലേ."

"അതിന് അയാൾടെ പേര് കർക്കടം ന്നല്ലേ? കർക്കട ചെകുത്താൻ"

"ശ്..
അതയാള്ടേ കുറ്റപ്പേരാടാ."

"ഓ.. അത് ശരിക്കും ഉള്ള പേര് അല്ലല്ലേ..
ഞാൻ കരുതി...
ന്നാലും കർക്കടം തന്ന്യാ നല്ലത്‌.
അപ്പുക്കുട്ടൻ ന്നുള്ള പേര് അയാൾക്ക്‌ ചേരണ്‍ല്യാ ട്ടാ."

Sunday, February 1, 2015

കൊക്കെയിൻ

കൊല്ലം മൂന്നായി നടപ്പു തുടങ്ങിയിട്ട്.
കിടക്കാൻ പോകുന്നതിനു മുമ്പ് കണ്ണാടിയിലെ പ്രതിബിംബം നോക്കി നിരാശ കൊണ്ട് തെറി വിളിക്കും. എന്നാലും നേരം വെളുക്കുമ്പൊ ബാഗുമെടുത്തു ഇറങ്ങാതിരിക്കാൻ കഴിയുന്നില്ല.

വീട്ടീന്ന് ഇപ്പോ വല്യ ചോദ്യവും ഉത്തരവും ഒന്നും ഇല്ല. തഴഞ്ഞ മട്ടാണ്.

നാട്ടുകാരെയും കൂട്ടുകാരേയും കൊണ്ടാണ് വലിയ ശല്യം.

"നിവിൻ പോളിയുടെ ഡെയ്റ്റ്  കിട്ടിയോ? "
"ഫഹദ് കഥ കേട്ടൊ?"
"പ്രോഡ്യൂസർ ആയോ?"
തുടങ്ങിയ ചോദ്യങ്ങൾ...

"ആന്റണി പെരുമ്പാവൂരിനെ ഒഴിവാക്കി ലാലേട്ടന്റെ അടുത്ത് ഡയരക്റ്റ് ചെല്ലാൻ പറ്റ്യാ നീ രക്ഷപ്പെട്ടു."
"മമ്മുക്ക ആണു ബെസ്റ്റ്. ആള് എത്ര പുതുമുഖ സംവിധായകരേം കഥാകാരേയും രക്ഷപ്പെടുത്തിയിരിക്കുന്നു."
"തമിഴ് ഒന്ന് നോക്കാം ട്ടോ."
തുടങ്ങിയ ഫ്രീ ഉപദേശങ്ങൾ..

"നല്ല പ്രാന്താ ല്ലേ!"
"വേറെ വല്ല പണിക്കും പോടാപ്പാ."
തുടങ്ങിയ പരിഹാസങ്ങൾ..

കോടമ്പാക്കത്ത് പൈപ്പുവെള്ളം കുടിച്ചു അലഞ്ഞു നടന്നു താരങ്ങളായവരേയും കഷ്ടപ്പെട്ട് വലിയ നിലയിലെത്തിയവരേയും ഒക്കെ ആലോചിച്ചു ഇത്ര നാളും പിടിച്ചു നിന്നു.

ഇക്കണ്ട നാളുകൾക്കിടയിൽ നാല് വണ്‍  ലൈനും മൂന്നു തിരക്കഥയും കൊണ്ട് കയറിനിരങ്ങാത്ത സ്ഥലങ്ങളില്ല.

പേരിലാണു പ്രശ്നം എന്ന് തോന്നിയപ്പോ രണ്ട് അക്ഷരം കൂട്ടി പേര് പരിഷ്കരിച്ചു. 
എവിടെ!!

ന്യൂജെൻ റോളിലാ ഇപ്പൊ നടപ്പ്.  
"അവന്റെ തലേലെ കാടിനൊരു ദിവസം ഞാൻ തീ വെയ്ക്കും" എന്ന് അപ്പൻ ഒരൂസം അമ്മയോട് പറയുന്ന കേട്ടു!
ഏയ്‌.. അങ്ങിനെ ഒന്നും ചെയ്യില്ലായിരിക്കും.

പക്ഷേ ഈ പോക്ക് ശുഭമല്ല.
സിനിമാക്കാരുടെ ഇടയിൽ ഒരു ഓളം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
"ഇത് നമ്മുടെ മറ്റേ ചങ്ങാതി അല്ലേ"? എന്ന് എവിടെ കയറി ചെന്നാലും ഒരു ഇന്റ്രോ കിട്ടണം.
പിന്നെ ഈസി ആണ്.
നേരിട്ടു കാര്യങ്ങളിലേയ്ക്കു കടക്കാം.
എന്തെങ്കിലും ചെയ്യണം..
ചെയ്തേ പറ്റൂ.

കൊച്ചിയുടെ മണം. 
ശീലമായതോണ്ട് പ്രശ്നമില്ല.
മെട്രോ പണി കാരണം ബസ് കൂടുതൽ നിരങ്ങി നീങ്ങുന്നു.
അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം. കുറച്ചു നേരം മറൈൻ ഡ്രൈവിൽ പോയി വായി നോക്കി ഇരിക്കാം.
അല്ലാതെന്ത് ചെയ്യാൻ.

ഇറങ്ങി 
റോഡ്‌ ക്രോസ് ചെയ്യുന്നതിനിടയി ഒരു ആമ്ബുലന്സും പുറകെ ഒരു പോലീസ് ജീപ്പും പാഞ്ഞു പോയി.
എന്താണാവോ പുകിൽ... ആ.
പെട്ടെന്നാണ്‌ തലയി ഒരു കൊള്ളിയാൻ മിന്നിയത്..
എന്റമ്മോ തകര്പ്പൻ ട്വിസ്റ്റ്.. കൊള്ളാമെടാ. സ്വയം അഭിനന്ദിച്ചു.

നേരെ പബ്ലിക് ടെലഫോണ്‍ ബൂത്തിൽ കയറി.
"നാർകോട്ടിക് സെല്ലല്ലേ?
സിനിമാക്കാര്ക്ക് കൊക്കെയിൻ എത്തിക്കുന്ന മെയി എജന്റിനെക്കുറിച്ചു വിവരം തരാനാണ്...
മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിന്റെ അടുത്തുനിന്നു മൂന്നാമത്തെ മരത്തിനു താഴെ.. ചുവന്ന പാന്റും ഓറഞ്ച് ടീഷർട്ടും ഇട്ടു മുടി വളര്ത്തിയ ഒരുത്തൻ.."
പെട്ടിക്കടയിൽനിന്നു പത്തുരൂപ കൊടുത്തൊരു കുഞ്ഞു ഡപ്പി പൌഡറും മുറുക്കാൻ വിൽക്കുന്ന ഭായീടെ കയ്യീന്ന് അത് പൊതിഞ്ഞു കൊടുക്കുന്ന ഒരു പ്ലാസ്റ്റിക് കവറും വാങ്ങി പോലീസ് വണ്ടിയുടെ ശബ്ദവും പ്രതീക്ഷിച്ച് മുന്നോട്ടു നടക്കുമ്പോ, ഉള്ളിൽ ഒന്നാംതരം ഒരു ചിരിയങ്ങ് ചിരിച്ചു.

Thursday, November 20, 2014

ഹെലികോപ്ടർ ഷോട്ട്

തലയിൽ കൈ വച്ചു. 
കൈ വച്ച് പോയതാണ്.. 
യോർക്കർ ലെങ്ങ്ത്തിൽ എറിയപ്പെട്ട ഒരു പന്ത് ലോങ്ങ്‌ ഓണിലേയ്ക്ക് സിക്സര് പായുന്നത് കണ്ട് ബൌളറും തലയിൽ കൈ വച്ച് ടി വിയിൽ നില്ക്കുന്നുണ്ടായിരുന്നു

'വീ വാണ്ട് ഹെലികോപ്റ്റർ' എന്നെഴുതിയ ബാനർ ഗാലറിയിൽ ഒന്നു കണ്ടതേ ഉള്ളൂ. ഇനീം പതിനെട്ടു ബോളിൽ നാൽപ്പത്തേഴു റണ്സ്  വേണം. അടുത്ത ഹെലികോപ്ടർ ഏതു പന്തിലും പ്രതീക്ഷിക്കാം. ആവേശം കൊണ്ടു കസേരത്തുമ്പിലേയ്ക്കു നീങ്ങി.  

ഒന്നൊന്നര സാധനമാണ് ഈ ധോനീ സ്പെഷ്യൽ ഷോട്ട്. എങ്ങിനെയാണാവോ ഈ ഗെഡി ബാലന്സ് ചെയ്യുന്നത്.
വലതു കാലിന്റെ പെരുവിരലിൽ ഊന്നിയുള്ള 'ഹെലികോപ്ടർ' ഒന്നുകൂടി കാണുവാൻ റീപ്ളെയ്ക്ക് കണ്ണ് നട്ടിരിക്കുമ്പോൾ ഫോണ്‍  റിംഗ് ചെയ്തു.

കോപ്പ്, ഇതാരെടാ..
'ഒരു അഞ്ചു മിനിട്ട് സൗര്യം തരില്ലല്ലോ.. നാശം' എന്ന്  പറഞ്ഞുകൊണ്ട് തന്നെ ഫോണെടുത്തു.

"ഡാ, നീയെവിട്യാ?" സുരേഷാണ് 
"വീട്ടില്. എന്ത്യേ?"
"വണ്ടീം എടുത്തു വേഗം വാ. മ്മടെ പോളിന്റെ അനിയനെ പാമ്പ് കടിച്ചു."
"ഡേവീസിന്യോ? എപ്പോ? അവനെന്തിനാ ഈ സന്ധ്യ നേരത്തു പുറത്തിറങ്ങി നടന്നത് ?"
"മൈ .. ഇതെന്ത്? പോലീസ് സ്റ്റേഷനോ? നീ ഇങ്ങട് വാ.. ഇനി കടിക്കുമ്പോ രാഹുകാലം കഴിയുന്നത്‌ നോക്കി കടിക്കാൻ പറയാം."

കയ്യീ കിട്ടിയ കാശെടുത്തു പോക്കറ്റീ തിരുകി, വണ്ടിയെടുത്ത് പാഞ്ഞു.

വളവു തിരിയുന്നിടത്ത് കുറച്ചു പേർ കൂടി നില്ക്കുന്നു.വണ്ടി നിർത്തി ഇറങ്ങി ചെല്ലുമ്പോൾ ചെക്കൻ പേടിച്ചു വിറച്ച് നിലത്തിരിപ്പുണ്ട്. "വണ്ടി വന്നൂടാ" എന്ന് പറഞ്ഞ് സുരേഷ് വഴിയുണ്ടാക്കി.

"നീർക്കോലി വല്ലോം ആവും." ഞാൻ സുരേഷിന്റെ ചെവിയിൽ പറഞ്ഞു.
"നീർക്കോലി .. ഉവ്വ, ഒന്നാംതരം ചേനത്തണ്ടനാ.. ദേ, രവിയേട്ടൻ തല്ലിക്കൊന്നു പ്ലാസ്റ്റിക് കവറിൽ ഇട്ടിട്ടുണ്ട്." അവൻ അതേ പോലെ തിരിച്ച് എന്നോടും പറഞ്ഞു.

അമ്പത് പൈസേടെ പ്ലാസ്റ്റിക് കവറിൽ അങ്ങാടീന്നു ചാള വാങ്ങി വരണ ഭാവത്തിൽ രവിയേട്ടൻ നില്പ്പുണ്ട്. ചെറുതല്ലാത്ത ഒരു ആട്ടവും കൂടുതൽ ചോരച്ച കണ്ണും കണ്ടപ്പോൾ ആള് കിടിലൻ ഫോമിൽ ആണെന്ന് മനസിലായി. പണി കഴിഞ്ഞ് ഒരു പൈന്റ് മിനിമം കീറിയിട്ടാണ് രവ്യേട്ടൻ സ്ഥിരമായി വീട്ടിലെത്തുന്നത്. ആ യാത്രയിൽ ആണ് ഈ കൊലപാതകം നടത്തി വീരശൂര പരാക്രമിയായി നില്ക്കുന്നത്. ഞാൻ നോക്കുന്ന കണ്ടപ്പോ  കൊമ്പനെ വെടി വച്ച് കൊന്ന് അതിന്റെ മേൽ ചവിട്ടി നില്ക്കുന്ന വീരപ്പന്റെ ചിത്രം ഓർമ്മിപ്പിച്ചുകൊണ്ട് ആള് മീശ തടവി ഒരു ബീഡി കത്തിച്ചു.


"ചെക്കന്റെ വീട്ടീന്ന് ആരെങ്കിലും വന്നോ?"
"അമ്മ മാത്രേ വീട്ടിലുള്ളൂ.. പോള് കമ്പനീന്ന് പോന്നണ്ട്. അത് നോക്കി നിക്കണ്ട, എളേപ്പനുണ്ടല്ലോ നമുക്ക് കൊണ്ടൂവാം".
"ശരി, ചെക്കനെ കേറ്റ്. ജൂബിലീല്യ്ക്ക്‌ വിട്വല്ലേ?"
"വേണ്ട്രാ.. അങ്കമാലീ പോട്ടെ, അതാ വച്ച് കീറാൻ എളുപ്പം."
"എന്നാ അങ്ങിനെ."

സുരേഷും പോളിന്റെ ഇളയപ്പനും പയ്യനേം കൊണ്ട് പുറകിൽ കേറി. ചെറുക്കൻ പകുതി ബോധത്തിലാണ്. മുന്നില് സുരേന്ദ്രൻ മാഷ്‌ കേറി. അങ്ങേര് ഉണ്ടായാ ഒരു വിധം സ്ഥലങ്ങളിൽ ഒക്കെ ഇടിച്ചു കയറാം.

വണ്ടി സ്ടാര്റ്റ് ചെയ്തു.

"നിങ്ങള് എവിടിയ്ക്കണ്ടാ പായണത്? മെയിൻ  സാധനം എന്റെലണ്ടാ.." എന്നൊരു അലര്ച്ച കേട്ടു നോക്കിയപ്പോ, പാമ്പിൻ കവറും പൊക്കിപ്പിടിച്ചു കുത്തഴിഞ്ഞ മുണ്ട് കൂട്ടിപ്പിടിച്ച് വീരപ്പൻ.. അല്ല രവ്യേട്ടൻ!

ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
എല്ലാവരും ഓരോ തെറി മനസ്സിൽ പറഞ്ഞു.

"ഈ പിശാശിനെ ചുമക്കേണ്ടി വരൂലോ, ഈശ്വരാ.." മാഷ്‌ പറഞ്ഞു.

ഒരു കയ്യിൽ കവറും ഊരിപ്പിടിച്ച ചെരിപ്പുകളും മറ്റേ കയ്യിൽ വാരിക്കൂട്ടിയ മുണ്ടുമായി രവ്യേട്ടൻ പുറകിൽ ഇടിച്ചു കയറി.

"ഇയാളെന്താ ചെരുപ്പ് കയ്യീ പിടിചേക്കണേ? മനുഷ്യന്റെ തലേൽ മുട്ടി. നാശം." മാഷ്‌ പിറുപിറുത്തു.
 "ചെരിപ്പ് വാങ്ങീട്ട് അഞ്ചാറ് മാസേ അയീട്ടുള്ളൂ.. പാമ്പിനെ ഇതോണ്ട് തല്ലിക്കൊന്നൂന്നു വച്ച് അങ്ങനെ വഴീ കളയാനുള്ള കാശൊന്നും മ്മടെ കയ്യിളില്ല്യ. മാഷോന്നു ക്ഷമി......."
പിന്നെ കുറച്ച് തെറികൾ പല്ല് ഞെരിക്കലിനൊപ്പം ഡിജെ മിക്സ് പോലെ മുഴങ്ങി.

"രവ്യേട്ടാ.. വെറുതെ അലമ്പുണ്ടാക്കിയാ വഴീൽ ഇറക്കി വിടും ട്ടോ." സുരേഷ് ശബ്ദമുയർത്തി

ഞാനൊന്ന് തിരിഞ്ഞു നോക്കി.
ദൈവമേ, ഈ ചെരിപ്പോണ്ടാണോ ഇയാള് ഈ എമണ്ടൻ ചേനത്തണ്ടനെ തല്ലിക്കൊന്നത്! മദ്യത്തിന്റെ ഒരു ശക്തിയേ..
ഉയരുന്ന പല്ല് ഞെരിച്ചിലുകളിൽ "തേഞ്ഞു ബ്ലേഡ് പോലുള്ള ഭാഗം കൊണ്ട് പാമ്പ് മുറിഞ്ഞു ചത്തതാണൊ ചേട്ടാ?"എന്ന കുനുഷ്ട് ചോദ്യം ഞാൻ കുഴി കുത്തി കുഴിച്ചു മൂടി.

വണ്ടി അതിവേഗം ബഹുദൂരം മുന്നോട്ടു നീങ്ങുന്നതിനിടയിൽ ഏതോ കടയുടെ മുന്നിൽ ആൾ കൂടി നില്ക്കുന്നതും അവർ കണ്ടുകൊണ്ടിരിക്കുന്ന ടിവിയിൽ ധോനിയുടെ ക്ളോസ് അപും കണ്ടു.

കാണാതെ പോയ ഹെലികോപ്ടർ ഷോട്ടുകൾ എന്നിൽ ഇത്തിരി വിഷമം നിറച്ചു. ജയിച്ചു കാണുമായിരിക്കും. വീണ്ടും ഹെലികോപ്ടർ പറന്നിരിക്കുമോ ആവോ... ഇത്യാദി ചിന്തകൾ പ്രസവവേദനയ്ക്കിടയിലെ വീണവായന ആണെന്നു റിയർവ്യൂ മിററിലൂടെ കണ്ട പയ്യന്റെ മുഖം ഓർമ്മിപ്പിച്ചു.

"ഒന്ന് ചവിട്ടു.. ദാ ആ മരം നിൽക്കുന്നതിന്റെ മുന്വശത്ത്‌.: ഇളയപ്പൻ പറഞ്ഞു.
"എന്ത് പറ്റി?" ഏല്ലാവരും ആകാംക്ഷാഭരിതരായി.
"അതൊരു വിഷവൈദ്യന്റെ വീടാ. ഒന്ന് അങ്ങേരെ കാണിച്ചിട്ട് കൊണ്ടൂവാം."
"വേണോ? സമയം വൈകിപ്പിയ്ക്കൽ ആകുമോ?"
"ഏയ്‌.. എനിക്ക് പരിചയം ഉള്ള ആളാ. ലക്ഷണം നോക്കി കാര്യം പറഞ്ഞു തരും."

വേറെ ആർക്കും മനസില്ലാഞ്ഞിട്ടും വണ്ടി അവിടെ ചവിട്ടി. ഇനി അങ്ങേര് പറഞ്ഞിട്ട് കേട്ടില്ലെങ്കിൽ അത് മതി. ഞാൻ വാച്ച് നോക്കി. കടിച്ച സമയം കഴിഞ്ഞിട്ട് ഇരുപതു ഇരുപത്തിരണ്ടു മിനിട്ടേ ആവുന്നുള്ളൂ.

ബെല്ലടിച്ചു.
ആളുവന്നു. കാര്യം അവതരിപ്പിക്കപ്പെട്ടു.
"കുട്ടിയെ കൊണ്ടു വരൂ." എന്ന് പറഞ്ഞു വൈദ്യൻ കസേരയിലെയ്ക്ക് നടന്നു.


ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആദ്യം അകത്തു കടന്നത്‌ രവ്യേട്ടൻ ആയിരുന്നു.
വൈദ്യൻ ഒന്ന് നിന്നു.
നെറ്റിയും മൂക്കും ചുളിച്ച് തിരിഞ്ഞു നോക്കി.

"ഇയാൾ പുറത്ത് കടക്ക്വാ.."

രവ്യേട്ടൻ അന്തം വിട്ടു.

"തന്നോടാ പറഞ്ഞത്, പുറത്ത് കടക്കാൻ."
"ഞാ.. ഞാനീ പാമ്പിനെ കാണിക്കാൻ..."
"അതൊക്കെ ഞാൻ കണ്ടോളാം. താൻ കടക്ക് "

രംഗം വഷളാവുമെന്നു കണ്ട് ഞാൻ രവിയേട്ടന്റെ തോളിൽ പിടിച്ചു.
"വാ രവ്യേട്ടാ.. മ്മക്ക് പുറത്ത് നിക്കാം."

ദേഷ്യം കടിച്ചമർത്തി രവ്യേട്ടൻ എന്നൊടൊപ്പം മുറിയ്ക്ക് പുറത്തിറങ്ങി.
"ഏതാടാ ഈ മലമൈ...."
"രവ്യേട്ടാ പ്ളീസ്."
"എന്തൂട്ട് പ്ളീസ്. പാമ്പിനെ കാണണ്ടേ അയാൾക്ക്‌. വിഷ വൈദ്യനാത്രേ, ഈ രോമത്തിൽ നിർത്തിയ നിന്നെ ചവിട്ടണം."
"ബഹളം ഉണ്ടാക്കല്ലേ, ഇപ്പോ ആ കൊച്ചിന്റെ കാര്യമല്ലേ വലുത്. മിണ്ടാണ്ടിരിക്ക്‌."

പല്ലിറുമ്മലിൽമാത്രമാക്കി ഞാൻ അയാളെ ഒരു വിധത്തിൽ ഒതുക്കി.
അകത്തേയ്ക്കു നോക്കി.
ചെറുക്കനെ മേശമേൽ കിടത്തി പരിശോധിക്കുകയാണ്.

മുറിവ് പരിശോധിച്ച് വൈദ്യൻ പറഞ്ഞു
"ഇത് നീർക്കോലി.. മോൻ പേടിക്കണ്ട കേട്ടോ."

അന്തം വിട്ട മറ്റുള്ളവരുടെ മുഖത്ത് നോക്കി അയാള് പയ്യൻ കാണാതെ കണ്ണടച്ചു.

'ഓ.. ആക്റ്റിങ്ങായിരുന്നല്ലേ' എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ രവ്യേട്ടൻ എന്നെ തോണ്ടി. എന്നിട്ട് ചെവിയിൽ മുരണ്ടു.
"ഞാൻ പറഞ്ഞത് എങ്ങിനിണ്ട്?"
"എന്ത്?"
"ഈ പൂ.. മോന് പത്തീസേടെ വിവരില്ല്യാന്നു തന്നെ. നീർക്കോലിയാത്രേ.. ആളോളെ ഊമ്പിക്കാൻ നോക്കാ.. "
അകത്തേയ്യ്ക്കു പോകാൻ ആഞ്ഞ അങ്ങേരെ ഞാൻ തടഞ്ഞു.
"താനൊന്ന് മിണ്ടാണ്ടിരിക്കാമോ?" ഞാൻ ദേഷ്യപ്പെട്ടത്‌ കണ്ട് രവ്യേട്ടൻ വലിഞ്ഞു.

ശ്രദ്ധ വീണ്ടും അകത്തേയ്ക്കു പോയി.

പയ്യന് എന്തൊക്കെയോ രുചിക്കാൻ കൊടുക്കുന്നതു കണ്ടു.
എന്ത് രുചിയാണ് തോന്നുന്നത് എന്നൊക്കെ ചോദിച്ചു.
അവൻ ഒന്ന് ഉഷാറായതു പോലെ. വെറും നീര്ക്കൊലി ആണെന്ന് പറഞ്ഞത് ധൈര്യം കൊടുത്തു കാണും.

അപ്പുറത്ത് എവിടേയോ നിന്ന് ഒരാരവം കേട്ടു.
ഇന്ത്യ ജയിച്ചു കാണും.
ഹെലികോപ്ടർ ഉണ്ടായോ ആവോ. ശെ.. മിസ്സായി..

"അപ്പോ ഒരു കാര്യം ചെയ്യാ.. " അകത്തുനിന്നും വൈദ്യരുടെ ശബ്ദം പൊങ്ങി.
"ഇയാളെ ആശുപത്രീലോന്നു കാണിച്ചോ. അങ്കമാലീലല്ലേ.. അടുത്തല്ലേ.
പേടിക്കാൻ ഒന്നുമില്ലാ ട്ടോ മോനെ.
നീർക്കോലി കടിച്ചാ എന്താ ഉണ്ടാവാ? അത്താഴം മുടങ്ങും അത്ര തന്നെ.
അല്ലാതെ..."

കാതിവിടേയും മനസ് ക്രിക്കറ്റിലുമായിരുന്ന എന്റെ പുറകു വശത്തുനിന്നു മുറുമുറുപ്പുയരുന്നതും അത് കൊടും തെറികളായി പരിണമിക്കുന്നതും, പ്ലാസ്റ്റിക് കവറിൽനിന്നു പുറത്തെടുക്കപ്പെട്ട ചത്ത ചേനത്തണ്ടനുമായി രവ്യേട്ടൻ മുറിയിലേയ്ക്ക് കുതിയ്ക്കുന്നതും ഞാൻ കണ്ടു. ഒരു നിമിഷം കൊണ്ട് ഞാൻ അയാളെ അരക്കെട്ടിൽ വട്ടം പിടിച്ചു. ബാലന്സ് പോയി തലകുത്തി വീഴാനൊരുങ്ങുന്നതിനിടയിലും "ഇതാണോടാ തെണ്ടീ നീർക്കോലി ?" എന്നാക്രോശിച്ചുകൊണ്ട്‌ രവ്യേട്ടൻ കയ്യിലിരുന്ന പാമ്പിനെ വൈദ്യരുടെ മുഖത്തേയ്ക്കെറിഞ്ഞു.

ബോധം കേട്ട് വീഴുന്ന വൈദ്യരുടെ രൂപം ഔട്ട്‌ ഓഫ് ഫോക്കസാവുകയും രവ്യേട്ടന്റെ മുഖം ക്ളിയർ ആവുകയും ചെയ്ത നിമിഷം എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

ഹെലികോപ്ടർ.. ഹെലികോപ്ടർ ഷോട്ട് !!




                                                                                   * ചേനത്തണ്ടൻ  - അണലി വർഗ്ഗത്തിൽ പെട്ട ഒരു പാമ്പ്‌ 

Sunday, August 3, 2014

ലോർഡ്സ് ഓഫ് ദി റിങ്ങ്സ് - കൈസർ - 6

കൈസർ - 6

ലോർഡ്സ് ഓഫ് ദി റിങ്ങ്സ് 

പാടത്തിനോട് ചേർന്നുള്ള മനപ്പറമ്പിലെ മരങ്ങളിൽ നീര്ക്കാക്കകളും ചേരക്കൊഴികളും പതിവുപോലെ കൂടു കെട്ടുകയും കുഞ്ഞുങ്ങളെ വിരിയിച്ച് പറന്നു പോവുകയും ചെയ്ത ഒന്നുരണ്ട് വർഷങ്ങൾ കൂടി കടന്നു പോയി. കൈസർ ദിവസവും രാവിലെ മുരളിയുടെ വീട്ടിലേയ്ക്ക്‌ സവാരി നടത്തുകയും ദീപയുടെ കയ്യിൽനിന്ന് കിട്ടുന്ന എന്തെങ്കിലും കഴിയ്ക്കുകയും മീനാക്ഷിയ്ക്കൊപ്പം കുറച്ചു നേരം കളിക്കുകയും ചെയ്തു പോന്നു. കുഞ്ഞിനെ അംഗനവാടിയിൽ ചേർത്തപ്പോൾ അതിന്റെ പടി വരെ കൈസർ കൂട്ട് പോയി. ഉച്ച തിരിഞ്ഞ് ക്ളാസ് കഴിയുമ്പോൾ കൃത്യമായി അംഗനവാടി പടിക്കൽ കാത്തുനിൽക്കുകയും മീനാക്ഷിയെ കൂട്ടിക്കൊണ്ടു പോകാൻ വരുന്ന ദീപയ്ക്കോ മുരളിയുടെ വല്യമ്മയ്ക്കോ ഒപ്പം അവരുടെ വീടുവരെ അകമ്പടി സേവിയ്ക്കലും പതിവായി.

പാടത്തിനോട് ചേർന്നുള്ള വീടുകളിൽനിന്ന് കോഴികളും താറാവുകളും കാണാതെ പോകാറുണ്ടെങ്കിലും ചില വീടുകളിൽനിന്നു ആടുകളും പട്ടികളും അപ്രത്യക്ഷമായപ്പോൾ നാട്ടുകാർ മൂക്കത്ത് വച്ചു. 

"ഇതെന്തു കുന്തമാടാ.. പട്ടികളെ വരെ പിടിച്ച് കൊണ്ട് പോവാൻ."

"പേപ്പറിൽ കണ്ടില്ലേ..അജ്ഞാതജീവി, അതാവുമോ?"

"പുലിയാവും. അത് നാട്ടിലിറങ്ങിയാ പട്ടിയെ ആണ് പിടിക്ക്യാ."

"ശര്യാ.. ഞാൻ വായിച്ചിട്ടുണ്ട്."

"എയ്യ്.. പുലിയാണെങ്കിൽ ആരെങ്കിലും ഒക്കെ കണ്ടേനെ."

എന്നൊക്കെ ചർച്ചകൾ നടന്നെങ്കിലും സംഭവങ്ങൾക്ക് പിന്നിലെ വില്ലൻ ആരാണെന്ന് പിടി കിട്ടിയില്ല. സ്ഥലത്തെ മെയിൻ കാശുകാരനും ഭൂപ്രഭുവുമായ ശ്രീധരവാര്യരുടെ പശുക്കുട്ടിയെ കാണാതായ ദിവസം കലി കയറി അങ്ങേരും പണിക്കാരും പാടവും പറമ്പുമായി ദേശം മുഴുവനരിച്ചു പെറുക്കിയിട്ടും "പോലീസുകാര്ക്ക് ഈ വീട്ടില് എന്താ കാര്യം" എന്ന മട്ടിൽ അജ്ഞാതൻ വാനിഷ്ഡ് ബ്യൂട്ടി ആയി. കാൽപ്പാടുകൾ നോക്കി ചിലര് 'ഇത് പുലി തന്നെ' എന്നുറപ്പിച്ചു. ചിലർ കരടിയാണെന്നു പറഞ്ഞു. ''വലിച്ചിഴച്ചു കൊണ്ട് പോയത് കണ്ടോ.. കടുവയാ'' എന്ന് പറയാനും ആളുണ്ടായി.

വേലുക്കുട്ടിയുടെ ചായക്കടയിൽ പണ്ടത്തെ വേട്ടക്കാരുടെ കഥകൾ റീ റിലീസ് ചെയ്ത് ഹിറ്റായി മൂന്നും നാലും വാരങ്ങൾ പിന്നിട്ടു.

പിന്നെയും ചില വളർത്തുമൃഗങ്ങൾ അപ്രത്യക്ഷരായി.

ഒരു ദിവസം രാത്രി അതിഘോരമായ പട്ടികുര കേട്ടാണ് പാടത്തിന്റെ കരയിലുള്ള വീടുകളിൽ വെളിച്ചം തെളിഞ്ഞത്. പുഴയിൽനിന്നു ദേശം മുഴുവൻ വെള്ളമെത്തിയ്ക്കുന്ന വലിയ തോടിന്റെ കരയിൽനിന്നാണ് കോലാഹലം കേൾക്കുന്നതെന്ന് മനസിലായെങ്കിലും ആരും പേടിച്ച് പുറത്തിറങ്ങിയില്ല. വീടുകളില്നിന്നു വീടുകളിലേയ്ക്ക് ആശയവിനിമയം നടന്നു.

"സുബ്രാ.. മറ്റേ സാധനം ഇറങ്ങീട്ടുണ്ടെന്നു തോന്നുണ്ട്രാ.."
"അതന്യാവും. ഇറങ്ങണോ?"
"വേണ്ടാ ല്ലേ?"
"ന്നാലും അത് ശര്യാണോ?"
"ദാമ്വേട്ടന്റെ വീട്ടീന്ന് ലൈറ്റ് കാണ്ണ്ട്‌. "
"ഇറങ്ങി നോക്കാം ല്ലേ?"

"വാതിലടച്ചു കിടന്നോ" എന്ന് വീട്ടുകാരോട് പറഞ്ഞ് പെട്രോൾമാക്സ് കത്തിച്ച് ഉണ്ണിയും മരം വെട്ടുന്ന വെട്ടുകത്തിയും അഞ്ചു സെല്ലിന്റെ ടോർച്ചുമായി സുബ്രനും കരുതലോടെ വഴിയിലേയ്ക്കിറങ്ങി.

"വാടാ. കിട്ടീതെടുത്തോ" എന്നു പറഞ്ഞ് ഒരു കൂട്ടം ആളുകൾ വഴിയിൽ അവരോടു ചേർന്നു.

പാടത്തെയ്ക്കിറങ്ങുമ്പോൾ പട്ടികുര ശബ്ദം അടുത്തടുത്ത് വന്നു. ഓരോ വഴിയില്നിന്നും വെളിച്ചം ഒഴുകി വരുന്നത് കണ്ട് സംഘം ആവേശഭരിതരായി.

"ദാ.. അവിടെ." ആരോ അലറി.
തോട്ടിൽനിന്നും അഞ്ചാറു കണ്ടം ഇപ്പുറത്ത് എന്തോ നീങ്ങുന്നത്‌ കണ്ട് ജനം കണ്ണ് കൂർപ്പിച്ചു.
അരണ്ട നാട്ടു വെളിച്ചമുണ്ട്. പിന്നെ, ഓലചൂട്ടുകളും പെട്രോൾ മാക്സുകളും ടോര്ച്ചുകളും.വിതയ്ക്കാൻ നിലമോരുക്കിയ ചെളിക്കണ്ടത്തിലൂടെ കുരച്ചു ശബ്ദമുണ്ടാക്കി നീങ്ങുന്ന രണ്ടു നായ്ക്കൾക്ക് തൊട്ടു പുറകെ കൂടിയിരിയ്ക്കുന്ന ഭീമാകാര രൂപം കണ്ട് ആളുകൾ കിടുങ്ങി.

"മുതലയാടാ അത്." ഉണ്ണി പറഞ്ഞു.
"നമ്മുടെ പാടത്തോ? കലികാലം.."
"അത് കൈസറാ ട്ടോ. പിന്നെ വറീതെട്ടന്റെ നായേം."

നായരും വറീതെട്ടനും വന്നെത്തിയപ്പോളേയ്ക്കും ജനം കണ്ടം വളഞ്ഞിരുന്നു.
കൈസറും ബ്രൂണോയും കുര നിർത്തി.
വറീതേട്ടൻ തന്റെ പട്ടാള പ്രാഗത്ഭ്യം പുറത്തെടുത്തു.
ജനക്കൂട്ടം അയാളുടെ കമാണ്ടിനനുസരിച്ചു പെരുമാറി.

മുളംകുറ്റികളും കഴുക്കൊലുകളും ചെളിയിൽ അടിച്ചു താഴ്‌ത്തി മുതലയ്ക്ക് ചുറ്റും വലയം തീർക്കുകയും അതിന്റെ വലിപ്പം കുറച്ചു കൊണ്ട് വരികയുമായിരുന്നു 'യുദ്ധ'രീതി! "മുതല ചത്തു പോയാൽ ജയിലീ പോയി കിടക്കേണ്ടി വരും" എന്ന കാര്യം വറീതേട്ടൻ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിചിരുന്നതിനാൽ ആരും വെട്ടുകയോ കുത്തുകയോ ചെയ്തില്ല. 

പെട്ടുപോയെന്നു മനസിലായ മുതല ജനത്തെ ആക്രമിയ്ക്കാൻ പല കുറി ശ്രമിച്ചു.
അവസാനം.. കുടുക്കുകളിൽ കുടുങ്ങി, പായയിൽ പൊതിഞ്ഞ് വില്ലനെ കവലയിലേയ്ക്ക് കൊണ്ട് വന്നപ്പോൾ നേരം പുലരാറായിരുന്നു.

'അജ്ഞാതജീവി'യെ ഗ്രാമത്തിലെ എല്ലാവരും കണ്‍ നിറയെ കണ്ടു. വാര്യർ വിളിച്ചു പറഞ്ഞതിനനുസരിച്ചു പോലീസും ഫൊറസ്റ്റുകാരും വന്ന് വണ്ടീക്കയറ്റി മുതലയെ കൊണ്ട് പോയിട്ടും അതിശയോക്തി കലര്ത്തിയ കഥകൾ പങ്കു വച്ച് ജനം കവലയിൽ കൂടി നിന്നു. 

"ഇത്ര നാളും ഇതിനെ ആരും കണ്ടില്ലെന്നു വച്ചാ.. "ചിലര് അതിശയം പൂണ്ടു.
"തോട്ടിലല്ലേ.. ഇപ്പോളും തോട്ടിലെറങ്ങ്യാ ഈ മൊതലിനെ കാണാൻ കിട്ട്വോ?"
"അത് ശര്യാ.. അതിനു ആ നായ്ക്കളെ സമ്മതിക്കണം."
"കൈസറിനന്ന്യേ ഇതൊക്കെ പറ്റൂ."
"തോട് തൊട്ട് ഇവടേം വരെ ആ മൊതലിനെ എത്തിച്ചൊണ്ടല്ലെ മ്മക്ക് കാര്യം മനസിലായെ!"
"അതന്നെ.. ഒരു കിലോമീറ്റർ ഇപ്പുറത്തെത്തിച്ചില്ലേ!!"
"ഒരു കിലോ മീറ്റർ ഒന്നുല്ല്യ.. നാലഞ്ചു കണ്ടം."
"പോരെ, മ്മക്ക്‌ സാധനത്തിനെ വളയാൻ പറ്റ്യാ?"
"അത് സത്യം."
"കൈസറിനിതൊക്കെ നിസാരം.. ആനയെ കുഴീ ചാടിച്ചത് മറന്നോ?"
"എന്തായാലും കൈസർന് പറ്റ്യ കൂട്ടുകാരൻ തന്നെ ബ്രൂണോ."
"സിനിമാ സ്റ്റൈൽ അല്ലെ.. ഉടക്കി ഗെടികളായ ടീംസല്ലേ.."
"അതെയതെ.."

പതിയെ പതിയെ ജനം പിരിഞ്ഞു പോയി. വേലുക്കുട്ടിയുടെ ചായക്കടേലെ സകല സാധനവും വിറ്റു തീർന്നു. 'ഈശ്വരാ, എന്നും ഓരോ മുതലയെ കിട്ടിയിരുന്നെങ്കിൽ...' എന്ന് അയാള് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. 

കുറച്ചു നാൾ കൂടി മുതലക്കഥകളും കൈസറും ബ്രൂണോയും വറീതേട്ടനും വേലുക്കുട്ടീസ്  ക്ളബിലെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചു . പള്ളിപ്പെരുന്നാള്ളിനു പ്രദക്ഷിണത്തിനിടയിൽ ഉണ്ടായ അടിയുടെ വാർത്തയിൽ അതെല്ലാം മുങ്ങിപ്പോയി.

ഗ്രാമം അതിന്റെ ദിനചര്യകൾ തുടർന്നു. 

കൊയ്തു മെതിച്ച് പൊലിയളന്നു ക്ഷീണിച്ചു കിടന്നുറങ്ങിയ ഒരു രാത്രി അസാധാരണമായ എന്തോ ശബ്ദം കേട്ട് രാമൻ നായർ ഞെട്ടിയുണർന്നു. തലയിണയ്ക്കടിയിലെ ടോർച്ചു തപ്പിയെടുത്ത് ചുവരിലെ ക്ളോക്കിലേയ്ക്ക് അയാള് വെളിച്ചം തെളിച്ചു. ഒരു മണി കഴിഞ്ഞിട്ടുണ്ട് . ഉറക്കച്ചടവിന്റെ ആലസ്യത്തിനു മുകളിലേയ്ക്ക് ആ ശബ്ദം വീണ്ടും കയറി വന്നു. അതൊരു ഓരിയിടലായിരുന്നു. അങ്ങകലേനിന്നു ആരോ ഓരിയിടും പോലെ. കിടയ്ക്കയിൽ എഴുന്നേറ്റിരുന്നു അയാള് ചെവി വട്ടം പിടിച്ചു. അകലെ നിന്നല്ല.. അടുത്ത് നിന്ന് തന്നെ. 
ആരോ പേടിച്ചു നിലവിളിക്കുകയാണോ? കൈസർ എന്താ മിണ്ടാത്തത്?
ഭഗവതീ.. രാമൻനായർ മനസ്സിൽ വിളിച്ചു. 
അയാള് കട്ടിലിൽനിന്നിറങ്ങി. അല്പ്പം പേടിയോടെയാണെങ്കിലും ജനവാതിൽ ശബ്ദമുണ്ടാക്കാതെ കുറച്ചു തുറന്നു. മാവിൻ ചില്ലകൽക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവിനു കീഴിൽ അയാളുടെ കണ്ണുകൾ പരതി നടന്നു.

വീണ്ടും ആ ശബ്ദമുയര്ന്നു.

നായർ ഒന്ന് ഞെട്ടി.

ടിവിയിലെപ്പോളോ കണ്ട ഭീകര സിനിമയിലെ ചെന്നായെപ്പോലെ തുളസിത്തറയുടെ അപ്പുറത്ത് കൈസര് ഇരിപ്പുണ്ടായിരുന്നു. മുകളിലേയ്ക്ക് തലയുയർത്തി അവൻ ഒന്നുകൂടെ ഓരിയിട്ടു. പുറകെ അപ്പുറത്തുനിന്നു ബ്രൂണോയും അത് തുടര്ന്നു.

നിലാവിന്റെ പ്രഭയിൽ, ഇളം കാറ്റിലുലയുന്ന വാഴയിലകൾ ആൾ രൂപങ്ങളായി അയാൾക്ക്‌ തോന്നി. രാമന്നായരുടെ ശരീരമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു. അയാളുടെ രോമകൂപങ്ങൾ ത്രസിച്ചുണർന്നു. 

കൈസറിന്റെ ശ്രദ്ധ തിരിക്കാൻ ജനൽ പാളി അയാൾ ശബ്ദമുണ്ടാക്കി തുറന്നു. കൈസർ ഒന്ന് നോക്കി. ആ കണ്ണുകളിൽ അസാധാരണമായ  തിളക്കം നായര് കണ്ടു.

"എന്താടാ? എന്താ കാര്യം?"

മറുപടിയായി വറീതെട്ടന്റെ വീട്ടിലേയ്ക്ക് നോക്കി ഒരു ഓരിയിടൽ കൂടി കൈസര് നടത്തി. മനുഷ്യന്റെ ശബ്ദം പോലെയാണ് നായര്ക്ക് തോന്നിയത്. ആരോ ഉറക്കെ നിലവിളിക്കുന്ന പോലെ. അത് നിന്നപ്പോൾ അപ്പുറത്തുനിന്നു ബ്രൂണോയുടെ ശബ്ദമുയര്ന്നു.

"കുരിപ്പുകൾ.. മനുഷ്യന്റെ സ്വസ്ഥത കളയാൻ. 
ഒന്ന് നിർത്തെടാ." നായര് വിളിച്ചു പറഞ്ഞു.

ജനവാതിൽ കൊട്ടിയടച്ച്, ചെന്ന് കിടന്നു.

'സാധാരണ ഇത് പതിവുള്ളതല്ലല്ലോ. എന്തെങ്കിലും കണ്ടാൽ കുരച്ചു തകര്ക്കാറാണല്ലോ പതിവ്. ഇതിപ്പോ, പ്രേതത്തിനെയോ പിശാചിനെയോ കണ്ടിട്ട് എന്ന് ആരാണ്ടും പറഞ്ഞപോലെ... ഇനി അങ്ങിനെ വല്ലതും ആവുമോ?' പല വിധ ചിന്തകൾക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി.

സ്വപനത്തിലാണോ എന്ന സംശയത്തിൽ, അല്ലെന്ന് ഒന്നു കൂടി ഉറപ്പു വരുത്തിയാണ് കണ്ണ് തുറന്നത്. അതെ.. കേട്ടത് നിലവിളിയാണ്.  ആരൊക്കെയോ അലറിക്കരയുന്നുണ്ട്. നേരം പുലർന്നിരിക്കുന്നു. എണീറ്റ്‌ വേഗത്തിൽ പുറത്തേയ്ക്ക് നടക്കുമ്പോളേയ്ക്കും ഭാരതിയമ്മ അണച്ചുകൊണ്ട് കയറി വന്നു.

കണ്ണ് കലങ്ങി ചുവന്നിട്ടുണ്ട്.
"എന്ത്യേ? എന്താ പറ്റ്യേ ?" നായര് പരിഭ്രാന്തനായി ചോദിച്ചു.

"വർതേട്ടൻ പോയി. രാവിലെ എണീറ്റപ്പോളാ ചേടത്തി അറിഞ്ഞത്. ഇന്നലെ രാത്രി എപ്പോളോ ആണ്." 

ആദ്യം നോക്കിയത് കൈസറിനെയാണ്. തല മണ്ണിൽ മുട്ടിച്ച് അവൻ കിടക്കുന്നുണ്ട്. അപ്പുറത്തുനിന്നു ബ്രൂണോയുടെ മോങ്ങൽ കേൾക്കുന്നു..ഇത്തിരി കാലം കൊണ്ട് ഒത്തിരിയടുത്തുപോയ ചങ്ങാതിയെ നഷ്ടപ്പെട്ട വിഷമത്തിൽ രാമൻ നായരുടെ കണ്ണ് നിറഞ്ഞു. പതിയെ അയാൾ വിളക്ക് വയ്ക്കുന്ന തറയുടെ അരികെ നിലത്ത് ചെന്നിരുന്നു. തൊണ്ടയിൽ എന്തോ തടയുന്ന പോലെ. നിറഞ്ഞൊഴുകിയ  കണ്ണുകളിൽ ചുറ്റുമുള്ള ലോകം അവ്യക്തമായുന്നതും നെഞ്ചിന്  കനമേറുന്നതും അയാളറിഞ്ഞു. ബോധം പോയി മറിഞ്ഞു വീഴുമെന്നു  തോന്നിയ നേരത്ത് മുഖത്ത്‌ നനുത്ത ഒരു സ്പർശം തോന്നിയപ്പോൾ അയാള് തല പൊക്കി നോക്കി. ശരീരത്തോട് ചേർന്ന് കൈസർ നിൽപ്പുണ്ടായിരുന്നു. നനുത്ത മൂക്കുകൊണ്ട്‌ അവൻ നായരുടെ കവിളിൽ വീണ്ടും തൊട്ടു. ഒരു കൈകൊണ്ട് കൈസറിനെ ചുറ്റിപ്പിടിച്ച് നായർ കരഞ്ഞു, മതി വരുവോളം.

ഒരു ദിവസം കാത്തു വച്ചിട്ടാണ് വറീതേട്ടന്റെ ശരീരം പള്ളിയിൽ കൊണ്ട് പോയി അടക്കിയത്‌.വറീതേട്ടന്റെ മകൻ ജോബി, ഗൾഫീന്ന് വരാൻ വേണ്ടിയായിരുന്നു കാത്തു വെപ്പ്. നഗരത്തിലെ ആംബുലൻസ് സർവീസിനൊപ്പം എത്തിയ മൊബൈൽ മോർച്ചറി കാണുവാൻ ജനം തിക്കിത്തിരക്കി. "ഐസ് പെട്ടീൽ കിടക്കാനും ഒരു യോഗം വേണം" എന്ന് പറയാനും പട്ടാളക്വോട്ട ഷെയറിട്ടടിക്കാൻ ചാൻസ് പോയതോർത്ത് വിഷമിക്കാനും ആളുണ്ടായി. 

വീടിന് പുറകിലേയ്ക്ക് മാറ്റിക്കെട്ടിയിടത്തുനിന്നു ചങ്ങല പൊട്ടിച്ചോടി സ്കാരസമയത്തു സിമിത്തെരിയിലെയ്ക്ക് വന്നു ബ്രൂണോ സകലരെയും കരയിച്ചു. പള്ളിയിലെ ചടങ്ങുകൾക്ക് രാവിലെയെത്തുമ്പോൾ കുഴിമാടത്തിന് മുകളിൽ കിടക്കുന്ന ബ്രൂണോയെ കണ്ട് ബന്ധുക്കൾ വീണ്ടും കരഞ്ഞു. ആര് വിളിച്ചിട്ടും പോവാതെ കുറച്ച് ദിവസങ്ങളോളം അവൻ ആ കുഴിമാടത്തിനെ ചുറ്റിപ്പറ്റി നിന്നു. ആര് വിളിച്ചിട്ടും ബ്രൂണോ പോയില്ല. അവസാനം വറീതേട്ടന്റെ ഭാര്യ വന്ന് ബ്രൂണോയെ കൂട്ടിക്കൊണ്ട് പോയി. 

നായും മനുഷ്യനുമായുള്ള ഉദാത്ത സൌഹൃദത്തിന്റെ കഥകൾ ജനം പരസ്പരം പറഞ്ഞു. ചർച്ചകളിൽ കുറച്ചു ദിവസം ബ്രൂണോ തിളങ്ങി നിന്നു. ഇടയിൽ ചിലര് കൈസറിനെയും ഓർത്തു. ക്രമേണ, മറ്റു പുതിയ വിശേഷങ്ങൾ തഴച്ചു വളർന്നതിനിടയിൽവറീതേട്ടനും പട്ടാളക്കഥകളും ഞെരുങ്ങിപ്പോയി.

.................................................................................................................................................................



കൈസർ ഫാന്റം, മാണ്ട്രെക് ഒക്കെ പോലെ ഒരു സീരീസാണെത്രേ!  വായിക്കാത്തവർക്ക്‌ ശിക്ഷ താഴെ 






http://animeshxavier.blogspot.in/2011/12/5.html

Monday, May 26, 2014

കാൽപ്പന്തുകളിക്കാലം 1 - കണ്ഫ്യൂഷൻ


എന്റെ ആദ്യ വേൾഡ് കപ്പ്‌ അർമാദക്കാലം. അതായത് 1990.

കളി പാതിരായ്ക്കാണ്. അന്നത്തെ പാതിരായാണ് പാതിരാ! ഇന്നതില്ലേ എന്ന് ചോദിക്കരുത്.. അന്ന്, സന്ധ്യാനാമജപമൊ കുടുംബപ്രാർഥനയോ കഴിഞ്ഞ് കഞ്ഞീം കറിയും കഴിച്ച് റെഡിയോവിലെ  പരിപാടികളും കേട്ട് ആളുകള് ഉറങ്ങും. ഒമ്പത് പത്തു മണി ആവുമ്പൊളെയ്ക്കും പകല് മുഴുവൻ പണിയെടുത്തു വലഞ്ഞു ക്ഷീണിച്ചുറങ്ങുന്നവന്റെ ആത്മഗതങ്ങൾ കയറ്റം കയറി വരുന്ന ലോറിയായും അറക്കമില്ലിലെ വാളായും ഒക്കെ കൂര്ക്കം വലികളുടെ രൂപത്തിൽ അവതരിക്കും. അത്തരം കൂര്ക്കം വലി സിംഫണികളുടെ താളം ഭേദിക്കുന്നത് സെക്കണ്ട് ഷോ കഴിഞ്ഞു മണ്‍ റോഡിലൂടെ വരുന്ന സൈക്കിൾ അഭ്യാസികളുടെ ചെയിൻ കവർ അടിക്കുന്ന 'കട കട' ശബ്ദമാവും.

ഇപ്പോൾ ഞങ്ങളുടെ നാടിന്റെ ഏകദേശരൂപം പിടി കിട്ടിയല്ലോ?

അങ്ങിനെ കളി കാണാൻ പോക്ക് ഒരു ഉത്സവം ആയി നടക്കുന്നു. പന്ത്രണ്ടു മണിയ്ക്ക് എണീറ്റ്‌ ഞാൻ വാതിൽ തുറന്ന് പുറത്തുനിന്നു പൂട്ടി ആലിന്റെ ചുവട്ടിൽ  കാത്തുനില്ക്കുന്ന ചേട്ടന്മാരോട് ചേർന്ന് പ്രദീപേട്ടന്റെ വീട്ടിലേയ്ക്ക് പോകുന്നു. അവിടെയാണ് കളി കാണൽ. നേരത്തെ എത്തിയവരും ഉറങ്ങാതെ കാത്തിരിക്കുന്നവരും നടപ്പുരയിൽ റമ്മി കളിചിരിക്കുകയോ വിളിച്ചു കളിച്ചു കുണ്ക്കുകളാൽ അലങ്കൃതരായി ഇരിക്കുകയോ ചെയ്യുന്നുണ്ടാവും. കളി കാണുന്ന വീട്ടിലെ കുടുംബാംഗങ്ങളും ഫുട്ബോൾ പ്രാന്തുള്ളവരാണ്. അവര് കട്ടനൊക്കെ തിളപ്പിച്ച്‌ വച്ചിട്ടുണ്ടാവും.

"ഡാ, തെണ്ടീ ആവേശം കൂടുമ്പോ വല്ലോന്റെ വീട്ടിലാ ഇരിക്കനത് എന്ന് മറക്കരുത്."

"എന്താ ഉണ്ടായേ?"

"ഇന്നലെ കനീജിയയെ  കാമറൂണ്‍ കാരൻ ഫൌൾ ചെയ്തപ്പോ അവനെ നോക്കി നീ മൈ-- കൊന്നു കളയടാ ആ ശവീനെ എന്ന് വിളിച്ചു  കാറീത്  ഓര്മ്മയുണ്ടോ?"

"ഓ.. ഇതാ ഇപ്പൊ വല്യ കാര്യം. അപ്പൊ അനന്തൻ റഫരീടെ അമ്മയ്ക്ക് വിളിച്ചതോ?"

"എല്ലാം കണക്കാ.. ഒന്ന് കണ്ട്രോൾ ചെയ്യണത് നല്ലതാ."

തുടങ്ങിയ സംഭാഷണങ്ങളാൽ സ്വയം തിരുത്തുന്നതായി ഒക്കെ ഭാവിച്ച് എല്ലാവരും ഡീസന്റാവും. കളി തുടങ്ങുമ്പോൾ അകത്തു കയറി നിലത്ത് കിടന്നും ഇരുന്നും ഒക്കെയാണ് കളി കാണൽ. ഓരോ രാജ്യത്തിന്റെയും ദേശീയഗാനം മുഴങ്ങുമ്പോൾ ചുരുട്ടിപ്പിടിച്ച കൈ നെഞ്ചിൽ  ചേര്ത്ത് ഇഷ്ടതാരങ്ങൾക്കൊപ്പം  ഞങ്ങളും പ്രാർത്ഥിച്ചു. ആവേശത്തിമിർപ്പിൽ മുൻപ് മനസിലെടുത്ത നന്നാവലോക്കെ മറന്നു കളഞ്ഞ് ചിലര് തെറിത്തുമ്പു വരെയെത്തി സ്വയം നിയന്ത്രിച്ചു! ഇടവേള സമയത്ത് വാക് പോരിൽ മുഴുകി. കളി കഴിഞ്ഞ് തിരികെ പോരുമ്പോൾ പിറ്റേന്നത്തെ കളിയുടെ ഫലമെന്താവുമെന്നു പ്രവചനം നടത്തി.

ദിവസങ്ങള് കൊഴിഞ്ഞു വീണു. ഞാൻ സ്ഥിരമായി കൃത്യ സമയത്ത് എണീക്കുകയും മുടങ്ങാതെ ഹാജര് വെക്കുകയും ചെയ്യുന്നതുകൊണ്ട് ചിലരെ വിളിച്ചെണീപ്പിച്ചു കൊണ്ട് പോകുന്ന ജോലി എനിക്ക് കിട്ടി. ഞാൻ അത് സസന്തോഷം ഏറ്റെടുത്തു.എന്റെ വീടിരിക്കുന്ന വഴിയിൽ നിന്ന് ഞാനടക്കം ഏഴു പേരാണ് കാഴ്ച്ചക്കൂട്ടത്തിലുള്ളത്. അതിൽ അവസാനത്തെ വീടാണ് എന്റേത്. ആരെങ്കിലും നേരത്തെ എണീറ്റ്‌ പോയിട്ടുണ്ടെങ്കിൽ എന്റെ വീടിനു മുമ്പിൽ പച്ചില വച്ചിട്ട് പോകും. അതാണ്‌ ഞങ്ങളുടെ ഹാജര് ബുക്ക്‌.

എന്റെ വീടിനു അടുത്തുള്ള ഒരു ചേട്ടൻ ആയിടെയാണ് വിവാഹിതനായത്. ആള് താമസിക്കുന്നത് വീടിനു തൊട്ടടുത്തുള്ള 'ഔട്ട്‌ ഹൗസി'ലാണ്. തൊഴുത്തിനോടും വിരകുപുരയോടും ചേര്ന്നുള്ള ഒരു കൊച്ചു റൂമാണ് മേൽ പറഞ്ഞ വിജ്രംഭിച്ച ഔട്ട്‌ ഹൌസ്!

ഞാൻ ആളുടെ ജനവാതിലിൽ തട്ടി വിളിക്കും. ''ആ.. നടന്നോടാ'' എന്നൊരു മറുപടിയിൽ സംപ്രീതനായി ഞാൻ നടക്കും. അതാണ്‌ പതിവ്. മറ്റുള്ളവർ  മിക്കവാറും എന്റെ റൂമിലെ ലൈറ്റ് കണ്ടു പടിക്കൽ ഹാജര് വച്ച് ആലിന്ചോട്ടിൽ കാത്തിരിപ്പുണ്ടാവും.

അങ്ങിനെയിരിക്കെ ഒരു ദിവസം.. ആലാറം ശബ്ദിച്ചു. ഞാൻ എണീറ്റ്‌ വാതിൽ പൂട്ടി ഇറങ്ങി. ചെറുതായി മഴ പൊടിയുന്നുണ്ട്. എന്റെ പടിക്കൽ മൂന്നിലകൾ കല്ല്‌ കയറ്റി വച്ച നിലയിൽ കാണപ്പെട്ടു. അതായത് മൂന്നു പേർ ഹാജര് വച്ച് പോയിട്ടുണ്ട്. ഞാൻ എന്റെ ഡ്യൂട്ടിയിൽ വ്യാപൃതനായി. നേരെ ചേട്ടന്റെ വീട്ടിലേയ്ക്ക്. ഓടിനിടയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നു. അതായത് ഗെഡി എണീട്ടിട്ടുണ്ട്.

"ചേട്ടാ.."  വിളിയോടെ ഞാൻ ജനലിൽ മുട്ടി.
നോ മറുപടി.
ങ്ങേ.. ഇങ്ങേരു പോയോ? അതോ മിണ്ടാതിരിക്കുന്നതോ.
വീണ്ടും മുട്ട്
നോ രക്ഷ.
വിളിക്കാണ്ട് പോയാൽ പിന്നെ തെറിയായിരിക്കും.
ജനലിൽ ഒന്നമര്ത്തി മുട്ടി വീണ്ടും വിളിച്ചു.
 ഭാഗ്യം, ജനൽ പതിയെ ഇത്തിരി തുറന്നു. ഞാൻ രണ്ടടി പുറകോട്ടു മാറി നിന്നു. ഇനി റൂമിലേയ്ക്ക് എത്തി നോക്കി എന്ന ഫീൽ അങ്ങേർക്കു വേണ്ടല്ലോ. ഇന്നില്ലെന്ന് പറയാനായിരിക്കും. അല്ലെങ്കിൽ "നടന്നോടാ" എന്ന ഡയലോഗല്ലേ പതിവ്.
പക്ഷെ, ഒരനക്കവും ഇല്ല.

അകത്തുനിന്നുള്ള വെളിച്ചം എന്റെ മുഖത്ത്‌ വീഴുന്നുണ്ട്‌.
"ചേട്ടാ, പോരുന്നില്ലേ" എന്ന ചോദ്യവുമായി ഞാൻ ജനലിനടുത്തെയ്ക്ക് നീങ്ങി.
അവിടെ അകത്തു കണ്ട കാഴ്ചയിൽ ഞാൻ സ്ടണ്ടായി.. ഐസായി.. ആസ്ബറ്റൊസായി.. അങ്ങിനെ എന്തൊക്കെയോ ആയി.

ഇത്തിരി പോന്ന ആ റൂമിൽ പരിപൂര്ന്ന നഗ്നരായി ആ ചേട്ടനും ചേച്ചിയും ഉറങ്ങി കിടക്കുന്നു. സുരതത്തിന്റെ ക്ഷീണത്തിലുള്ള ഉറക്കമായിരിക്കും എന്നൊന്നും ചിന്തിക്കാൻ നിന്നില്ല.. ഞെട്ടലിൽനിന്നുനർന്നു ശബ്ദമുണ്ടാക്കാതെ ഞാൻ ഓടി.

റോഡിലെത്തിയപ്പോലാണ് ശാസം നേരെ വീണത്‌. ദൈവമേ, രക്ഷപ്പെട്ടു. ഞാൻ ഒന്നാശ്വസിച്ചു.

എന്ത് സീനാ ഇപ്പൊ തന്നെ കണ്ടത്! പക്ഷെ, അതൊരു പേടിപ്പിക്കുന്ന ദൃശ്യം പോലെ എന്തേ ഫീൽ ചെയ്തതാവോ? ശേ.. മോശമായി..ഞാൻ ചിന്തിച്ചു. ജനൽ തനിയെ തുറന്നതാണെന്ന ചിന്ത ആശ്വാസത്തിന് മേൽ  അതിന്റെ ഞണ്ടുകാലുകൾ വച്ച് ഇറുക്കിയത് പെട്ടെന്നാണ്. ജനൽ തുറന്നു കിടക്കുകയാണല്ലോ എന്ന കാര്യം അടുത്ത ഇടിത്തീയായി തലയിൽ വീണു. അതടച്ചിട്ടു വരാൻ ഞാൻ തിരിഞ്ഞു.

"എങ്ങോട്ടാടാ മണ്ടാ? നീ അവിടെ ഇനി ചെല്ലുമ്പോൾ ആരെങ്കിലും ഉണർന്നാൽ?" മനസിലെ കോർട്ടിൽ വിചാരണ തുടങ്ങി.

"അല്ല എന്നാലും ആരേലും ആ കിടപ്പ് കണ്ടാൽ മോശമല്ലേ?"

"എന്നാ ചെല്ല്. സീനടിക്കാൻ പോയീന്നു നാട്ടുകാരേം അറിയിക്ക്."

"അതിനു ഞാൻ അങ്ങിനെ ഒരു ഉദ്ദേശത്തോടെ അല്ലല്ലോ ..."

"അത് നിനക്കല്ലേ അറിയൂ."

"അതല്ല. ഞാൻ വിളിക്കാൻ ചെന്ന് കാണുമെന്നും തുറന്ന  ജനല് വഴി എല്ലാം കണ്ടു കാണുമെന്നും ആൾ വിചാരിക്കില്ലേ? മാത്രോമല്ല ഞാൻ വിളിച്ചത് അങ്ങേര്ടെ അമ്മയോ അച്ഛനോ ഒക്കെ കേട്ടുകാണില്ലേ?"

"കോപ്പ്.. കൻഫ്യൂഷനിലാക്കല്ലേ .."

അന്ന് കണ്ഫ്യൂഷൻ തീർക്കണമേ എന്ന പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. ഇല്ലെങ്കിൽ ഞാനത് പാടിയേനെ.

"എന്താടാ ഇവിടെ തിരിഞ്ഞു കളിക്കണത്? കളി കാണാൻ വരണില്ലേ? ആ ഇനിപ്പോ ഇല വെയ്ക്കണ്ടല്ലോ ല്ലേ?" ഇരുട്ടില്നിന്നു എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ശബ്ദം അടുത്ത് വന്നു. കുറച്ചപ്പുറത്ത്‌ വീടുള്ള മറ്റൊരു ചേട്ടനാണ്.

"അത്.. ഞാൻ ഇങ്ങേരെ വിളിക്കാൻ... അപ്പൊ അവിടെ ലൈറ്റ് " ഞാൻ വിക്കി.

"പിന്നെ, വിളിചെഴുന്നെൽപ്പിചില്ലെങ്കിൽ അവൻ വരില്ല.
ചെറു മഴയത്ത് കെട്ടിപ്പിടിച്ചു കിടക്കാവും.
ഹൈ .. ലൈറ്റൊക്കെ ഉണ്ടല്ലോ. അപ്പൊ ഗെഡി എണീട്ടിട്ടുണ്ട്. അവൻ വന്നോളും നീ പോരെ."

 ഒരക്ഷരം മിണ്ടാനാവാതെ ഞാൻ അങ്ങേരെ പിന്തുടർന്നു.
കളി തുടങ്ങുന്നതിനു മുമ്പുള്ള ചര്ച്ചകളിലും കളിയിലും ഒന്നും ശ്രദ്ധിക്കാനാവാതെ ഞാൻ വീര്പ്പു മുട്ടി ഇരുന്നു.

ദൈവമേ, ആരും അത് വഴി പോകല്ലേ. അങ്ങേരു ഇടയ്ക്കെപ്പോളെങ്കിലും എണീറ്റ്‌ ആ ജനല്പ്പാളി അടച്ചിടണേ.. എന്നൊക്കെയുള്ള പ്രാർത്ഥനകളായിരുന്നു മനസ്സിൽ.

"ഡാ.. നീയെന്താടാ എന്നെ വിളിക്കാതെ പോന്നത്? "എന്ന ചോദ്യവുമായി ഇടവേളയാകാറായപ്പോൾ നമ്മുടെ സ്വന്തം വീരനായകൻ വന്നു കയറിയപ്പോൾ തോണ്ടി സഹിതം പിടിക്കപ്പെട്ട കള്ളനെപ്പോലെ ഞാൻ ഞാൻ പരുങ്ങി, വിയര്ത്തു.. വിക്കി.

"ഓ.. പിന്നെ, നീ എണീട്ടിരുന്നല്ലോ. റൂമിൽ ലൈറ്റ് കണ്ടപ്പോ, ഞാനാ വിളിക്കെന്ടെന്നു പറഞ്ഞത്." ഹോ ദൈവദൂതൻ സപ്പോര്ട്ടിനെത്തി!

രക്ഷപ്പെട്ടു.
പക്ഷെ, കൊല്ലങ്ങളേറെക്കഴിഞ്ഞിട്ടും പിന്നേം കുറെ ലോകകപ്പുകൾ ഒപ്പമിരുന്നു കളി കണ്ടിട്ടും ഇപ്പോളും ആ ചേട്ടനോ ചേച്ചിയോ മുഖത്ത് നോക്കുമ്പോ എന്തോ ഒരു ജാള്യത.. ഇളിഭ്യത.
3

കാൽപ്പന്തുകളിക്കാലം

 
പന്തുകളിയുടെ താളവും വേഗവും മനസിലെയ്ക്കിരച്ചു കയറിയത് ഹൈസ്കൂൾ കാലത്താണ്. തുണിപ്പന്തു കളിച്ചു കാലുരഞ്ഞു പൊട്ടിയ നീറ്റലുകൾക്ക് മേൽ കളി നന്നായെന്ന കോംപ്ലിമെന്റുകൾ നനുത്ത തൂവല്സ്പർശമായി തലോടിയ കാലം. ബില്ലിയുടെ ബൂട്ടുകളെന്ന ചിത്രകഥയും വിംസിയുടെ റിപ്പോര്ട്ടുകളും സ്വപ്നങ്ങളിൽ നിറഞ്ഞു നിന്ന കാലം. റെഡിയോയിലെ ഫുട്ബോൾ കമന്ടറികളിൽ നിറഞ്ഞിരുന്ന കിഷാനുഡേയും ബികാസ് പാഞ്ചിയും ബാബുമണിയും മാത്രമല്ല ഭാരതത്തിനു പുറത്താണ് ശരിക്കും പന്തുകളിയുള്ളത് എന്ന് മനസിലാക്കിയ കാലം.

86 വേൾഡ് കപ്പ് അര്ജന്റിന നേടുമ്പോൾ ടീവി എന്ന വിശിഷ്ട വസ്തുവിൽ കളി  കാണാനുള്ള ഭാഗ്യം എനിക്കില്ലായിരുന്നു. വായിച്ചു കൂട്ടിയ കായിക കോളങ്ങളിൽ നിന്ന് മറഡോണ ഇറങ്ങി വന്ന് മായിക ചലനങ്ങൾ നടത്തി. സോക്രട്ടീസും മത്തെയൂസും സാങ്കല്പ്പിക ടാക്ളിങ്ങുകൾ നടത്തി. ഗോളെന്നുറച്ച അവസരങ്ങൾ പുംപിഡോ കുത്തിയകറ്റി. കളി കണ്ടു വിശേഷങ്ങൾ പങ്കു വയ്ക്കുന്ന മുതിര്ന്നവരുടെ സംഭാഷണങ്ങൾക്ക് ചെവികൂർപ്പിച്ചു പിടിച്ചെടുത്ത് എന്റെ വക പൊലിപ്പിയ്ക്കലുകൾ നടത്തി കൂട്ടുകാരോട് പങ്കു വച്ചു ഞാൻ മിടുക്കനായി. പിന്നീടെപ്പോളോക്കെയോ ആ കളികൾ റീ ടെലികാസ്റ്റ് ചെയ്തു കണ്ടപ്പോൾ ഞാൻ ഭാവനയിൽ കണ്ട പലതും സത്യം തന്നെ ആയിരുന്നു എന്നറിഞ്ഞ് പുളകിതനായി! അടുത്ത വേൾഡ് കപ്പ്‌ വന്നപ്പോളെയ്ക്കും വീട്ടില് ടി വി വന്നെങ്കിലും സംഘം ചേർന്ന് കളി കാണുന്നതിലെ സന്തോഷം അനുഭവിക്കാൻ കാൽ കിലോമീറ്റർ അകലെ ഉള്ള പ്രദീപേട്ടന്റെ വീട്ടില്, മുതിര്ന്നവരും ചേട്ടന്മാരും ഒക്കെയുള്ള കൂട്ടത്തിൽ ഞാനും അംഗമായി. ചില ദിവസങ്ങളിൽ കൂട്ടം വികസിച്ചു എഴുപതിലധികം ആളുകളായി! ബെറ്റുകളും വാഗ്വാദങ്ങളും നടന്നു. ആവേശത്തള്ളലിൽ നിറഞ്ഞ മനസുമായി ഉറങ്ങാൻ കിടന്നിട്ടുമുറക്കം വരാതെ പാതിരാവിലെ കളിയുടെ നേരം നോക്കിയിരുന്ന ദിനങ്ങൾ.

പിന്നീട് ഓരോ ലോക കപ്പ്‌ കാലത്തും ഇതെല്ലാമാവര്ത്തിച്ചു.സ്ഥലവും ആളുകളും അങ്ങൊട്ടുമിങ്ങൊട്ടുമൊക്കെ മാറിയെന്നു മാത്രം. ഇന്നുമുണ്ടാവേശം. ഒരു കളിയും വിടാതെ കാണാൻ... ഒക്കുമെങ്കിൽ കൂട്ടം കൂടിയിരുന്നു കാണാൻ.

കാഴ്ചക്കാരൻ എന്ന നിലയിൽ ഇതുവരെയുള്ള എന്റെ ലോക കപ്പ്‌ എക്സ്പീരിയന്സിലെ ചില അനുഭവങ്ങളാണ് കാല്പ്പന്തുകളിക്കാലം എന്ന സീരീസിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. മിക്കതും തമാശകൾ - നാട്ടിന്പുറത്തിന്റെ നന്മ മേമ്പൊടി ചേർത്തവ.