Monday, November 7, 2011

നായേര്സ് ഏയ്‌ഞ്ചല്‍! - കൈസര്‍ - 4


കൈസറിന്റെ പൂര്‍വ്വകാലം അറിയാന്‍ ദിവിടെ, ദവിടെ, ദതിന്റെ പ്പുറത്ത് ഒക്കെ പോവുക.
കൈസര്‍ ഒരു മഹാപ്രസ്ഥാനമായി വളരുന്നത്‌ കണ്ടു സന്തോഷത്തിലാണ് ഗ്രാമം. അവനെയൊന്നു നേരില്‍ കാണാനാവാഞ്ഞതിന്റെ വിഷമത്തില്‍ രാമന്‍ നായരും... 

നായേര്സ് ഏയ്‌ഞ്ചല്‍!
കൈസര്‍ - 4 

തുലാവര്‍ഷം കഴിഞ്ഞ് പകലെണ്ണാമന്മാരും എരണ്ടകളും പാടത്തു വിരുന്നു വരികയും അടുത്ത പൂവ് കൃഷി കൊയ്ത്തും മെതിയും പൊലിയളവും കഴിഞ്ഞ് കടന്നു പൊവുകയും ചെയ്തു. ഒരു മഴക്കാലവും കൂടി വന്നു പൊയി. ഈ കാലയളവുകളില്‍ രാമന്‍ നായരുടെ വീട്ടിന്റെ പടിഞ്ഞാറേ കളത്തില്‍ അഞ്ചാറ് ചേനത്തണ്ടന്‍ കുഞ്ഞുങ്ങളേയും രണ്ട് കീരികളെയും ദാരുണമായി കടിച്ചു കീറി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി!

എണീറ്റ ഉടനെ പടിഞാറേ കളത്തില്‍ എന്തെങ്കിലും ഉണ്ടൊ എന്നു നോക്കല്‍ ഭാരതിയമ്മയ്ക്കു ശീലമായി. ബ്രൂണൊയുടെ മൊങ്ങല്‍ കെള്‍ക്കുന്ന രാത്രികളിലാണു ഇവ വേട്ടയാടപ്പെട്ടത് എന്നു നായരുടെ മനസ്സില്‍ ഉറങ്ങിക്കിടന്ന അന്വേഷണോദ്യോഗസ്ഥന്‍ കണ്ട് പിടിച്ചെങ്കിലും കണ്ണു നട്ടു നോക്കിയിരുന്നിട്ടും കൈസറിനെ ഒരു നോക്ക് കാണാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.

ദീപ പ്രസവിച്ചു എന്ന വാര്‍ത്ത ഗ്രാമം സന്തോഷത്തോടെ സ്വീകരിച്ചു. രാമന്‍ നായരൊഴികെ എല്ലാവരും അത് കേട്ടു സന്തോഷിച്ചു. മൂപ്പില്സിനെ പേടിച്ചു വീട്ടീന്നാരും കുട്ടിയെ കാണാന്‍ പൊയില്ല. കുറച്ചു നാള്‍ കഴിഞ്ഞ്, അമ്പലത്തില്‍ തൊഴാന്‍ പോയ ഭാരതിയമ്മയ്ക്കും മക്കള്‍ക്കും അടുത്തേയ്ക്കു ദീപ കൊച്ചിനെ കൊണ്ടു ചെന്നെന്നും ആദ്യം തിരിഞ്ഞു നടന്നിട്ടും പിന്നെ, ആ അമ്മൂമ്മ പൊയി കൊച്ചിനെ എടുത്തു ഉമ്മ വച്ചെന്നുമുള്ള വാര്‍ത്ത കേട്ടു കലി കയറി “ഇന്നവറ്റകളുടെ അവസാനാ’ ന്നു പറഞ്ഞ് കലി തുള്ളി രാമന്‍ നായര്‍ വീട്ടിലേയ്ക്കു പൊയെങ്കിലും തിളച്ചു മറിയുന്ന കോപത്തിനു മേല്‍ വാത്സല്യം എന്ന വികാരം ആധിപത്യം സ്ഥാപിക്കുന്നതു മനസ്സിലാക്കി അയാള്‍ ഒന്നും മിണ്ടാതെ തല താഴ്തി ഉമ്മറത്തെ ചാരുകസേരയില്‍ കുത്തിയിരുന്നു.

“ഡോ നായരെ, താനെന്നെ തെറി പറഞ്ഞാലും കൊഴപ്പില്ല്യ.
തന്റെ പേരക്കുട്ടി തന്നെ മുറിച്ചു വെച്ചേക്കണ മാതിരിണ്ട്രൊ..“ ഒരു ദിവസം ചായക്കടേല്‍ ചെന്നു കയറിയ നായരോട് വറതേട്ടന്‍ പറഞ്ഞു.

വാവയ്ക്ക് അച്ചന്റെ മുഖച്ഛായയാണെന്നു താഴെയുള്ളവള്‍ രണ്ടാമത്തവളൊടു പറയുന്നതു രാവിലെ കെട്ടതേ ഉണ്ടായിരുന്നുള്ളൂ. നായര്‍ ഒന്നും മിണ്ടിയില്ല. ചായ കുടിച്ചു ഇറങ്ങിയ അയാളൊട് വാര്യരു മാഷ് പറഞ്ഞു.

“കഴിഞ്ഞതു കഴിഞ്ഞു.. ഇനീം എന്തിനാ ഈ വാശി?
താന്‍ അങ്ങോട്ടൊന്നും പോണ്ട.
ഞാന്‍ അവരെ കൊണ്ടു വരാം തന്റെ അടുത്തെയ്ക്കു.. എന്ത്യേ.. അലോഹ്യണ്ടാ?”

“എനിക്കങ്ങിനെ ഒരു മോളില്ലല്ലോ മാഷെ”
മാഷുടെ മുഖത്തേയ്ക്കു നോക്കി, പതിഞ്ഞതെങ്കിലും ഉറച്ച സ്വരത്തില്‍ നായര്‍ പറഞ്ഞു..
തല താഴ്തി തിരിഞ്ഞു നടക്കുമ്പൊള്‍ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു.

കൊച്ചിന്റെ പേരുവിളിയ്ക്കു വീട്ടീന്നു ആരും പൊയില്ല. പക്ഷേ, അന്നു വൈകീട്ടു മുരളിയും ദീപയും അമ്പലത്തില്‍ വന്നു, ഭാരതിയമ്മയുടെ കയ്യില്‍ കൊച്ചിനെ കൊടുത്ത് അനുഗ്രഹം വാങ്ങിയെന്നും പേരക്കുട്ടിയ്ക്കു വേണ്ടി താന്‍ മനസ്സില്‍ കരുതി വച്ചിരുന്ന മീനാക്ഷി എന്ന പേരു തന്നെയാണു ഇട്ടതെന്നും അറിഞ്ഞ് രാമന്നായരുടെ തൊണ്ട ഇടറി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നായര്‍ക്കു ഉറക്കം കുറഞ്ഞു. ഒരു പിഞ്ചു കുഞ്ഞ് കൈകള്‍ നീട്ടി 'മുത്തച്ഛാ' എന്നു വിളിക്കുന്ന സ്വപ്നം കണ്ട് അയാള്‍ പലപ്പൊളും ഉണര്‍ന്നു. അങ്ങിനെ ഉണര്‍ന്ന ഒരു രാത്രിയില്‍ കുറച്ചകലേനിന്നു കൈസറിന്റെ കുര അയാള്‍ കേട്ടു. ഒപ്പം ആരുടേയോ നിലവിളിയും. ചാടിയെണീറ്റു ടോര്‍ച്ചും കട്ടിലിനരികില്‍ ചാരി വച്ച പേരവടിയുമായി അയാള്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. വറതേട്ടന്റെ വീട്ടീലും വെളിച്ചം തെളിഞ്ഞിരിക്കുന്നു.

"വറതേട്ടാ.. എന്തോ ഒരു ബഹളം കേള്‍ക്കുന്നുണ്ടൊ?"

"ഉണ്ടല്ലൊ. ഞാനും അതു കേട്ടാ എണീറ്റത്."

"വാ.. നമുക്കൊന്നു പൊയി നൊക്കാം."

"താന്‍ പൊക്കൊ.. ഞാന്‍.. എനിക്ക് രാത്രി അങ്ങട് കണ്ണൂ പിടിയ്ക്കില്ല്യാ. എറങ്ങ്യാ ശരിയാവില്ല്യ."

പട്ടാളക്കാരനാര്‍ന്നൂ ത്രെ, പേടിത്തൂറി. എന്നു മനസ്സില്‍ കരുതി, വാതിലടയ്ക്കാന്‍ ഭാര്യയൊടു പറഞ്ഞ്, നായര്‍ ശബ്ദം കേട്ട ദിക്കിലേയ്ക്കു ഓടി.

റോട്ടിലെത്തിയപ്പോള്‍ വെറെയും ഒന്നു രണ്ടു പേര്‍ അങ്ങോട്ട് പായുന്നുണ്ട്.

“അമ്പലത്തിനു മുന്നീന്നാ നെലോളി കേട്ടതു.“ ഓടുന്നതിനിടയില്‍ കൂടെയുള്ളതു ആരെന്നു നോക്കാതെ നായര്‍ പറഞ്ഞു.

“അതെ. ആദ്യം ഒരു പട്ടികൊരയാ കേട്ടത് ....
സൂക്ഷിക്കണെ, അവിടെ ഒരു കല്ലുണ്ട് “

“പറഞ്ഞതു നന്നായി അല്ലെങ്കില്‍ ഇപ്പൊ അതീ തട്ടി മൂക്കും കുത്തി വീണേനെ”
കല്ലിനെ വെട്ടിയൊഴിഞ്ഞ്, നായര്‍ മുന്നറിയിപ്പു തന്നതാരാണെന്നു നോക്കി.
ആശാരി വാസുദേവന്റെ മോന്‍ - മുരളി..!!
നായരുടെ കാലുകള്‍ക്കു വേഗം കുറഞ്ഞു.

ഇറക്കം ഇറങ്ങി അമ്പലത്തിനു മുന്നിലെത്തുമ്പോള്‍ അവിടെ അഞ്ചാറാള്‍ക്കാര്‍ കൂടിയിട്ടുണ്ട്.
അവിടെയെങ്ങും മുന്‍പ് കണ്ടിട്ടില്ലാത്ത ഒരുത്തന്‍ നിലത്ത് ഇരിക്കുന്നു. വേറൊരുത്തന്‍ കിടക്കുന്നു.
രണ്ടിന്റേയും ദേഹമാസകലം ചോരയില്‍ കുളിച്ചിരിക്കുകയാണ്‍. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരിക്കുന്നു.
രണ്ടു പെരും വേദന കൊണ്ടു ഞരങ്ങുന്നുണ്ട്.

അപകടം പറ്റിയതാവുമൊ?
വഴിവിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ വ്യക്തമാവുന്നില്ല.
ജനക്കൂട്ടത്തിനു കനം വച്ചു വന്നു.

“ആശുപത്രീ കൊണ്ടു പോവാന്‍ നോക്കാം.“

“ജയനോട് കാറ് എറക്കാന്‍ പറ..“

“എന്നാലും ഇടിച്ച വണ്ടിയെവിടെ”

തുടങ്ങിയ അഭിപ്രായങ്ങള്‍ക്കിടയില്‍ അവരുടെ അടുത്തു കിടന്നിരുന്ന ചാക്ക് കെട്ടു മുരളി തുറന്നു. അവന്‍ തരിച്ചു നില്‍ക്കുന്നതു കണ്ട് ആകാംക്ഷാഭരിതരായി ചാക്കിലെയ്ക്കു നോക്കിയവര്‍ നടുങ്ങി.

ഭഗവതീടെ വിഗ്രഹം!

രാമന്‍ നായരുടെ കയ്യീന്നു വടി വാങ്ങി ആദ്യത്തെ അടി അടിച്ചതു മുരളിയാണ്.
പിന്നെ തലങ്ങും വിലങ്ങും അടി വീണു.
‘നിര്‍ത്തടാ..‘ ന്നു പറഞ്ഞിട്ടും അടി തുടര്‍ന്നു.
അവസാനം നായര്‍ മുരളിയെ വട്ടം പിടിച്ചു മാറ്റി.

“മര്‍മ്മത്തിലടി കൊണ്ടാ ചത്തു പൊവും”
അടി നിന്നു.

“പൊലീസിനെ വിളി.“
അതിനു ആളു പോയി.

കയ്യ് കൂട്ടിക്കെട്ടി രണ്ടിനെയും അമ്പലത്തിനു മുന്നിലെ വെളിച്ചത്തിലേയ്ക്കു കൊണ്ടു വന്നു.
അപ്പൊളാണു എല്ലാവരും പരിക്കുകള്‍ കണ്ടതു. ശരീരം മുഴുവന്‍ കീറിപ്പൊളിഞ്ഞിരിക്കുന്നു.

"സത്യം പറഞ്ഞൊ.. എന്താടാ ഉണ്ടായെ?"

"തല്ലി കൊല്ലരുതു.. ഇത്തിരി വെള്ളം തരൊ?"

"അതൊക്കെ തരാം ഉള്ള കാര്യം ഉണ്ടായ പൊലെ പറഞ്ഞൊ.. ഇല്ലെങ്കില്‍ നിങ്ങളുടെ ശവം ഇവിടേന്നു പൊലീസിനു കൊണ്ട് പോണ്ടി വരും."

കേട്ടറിഞ്ഞു പിന്നേയും ആളുകള്‍ വന്നുകൊണ്ടിരുന്നു. ചുരുങ്ങിയ നേരം കൊണ്ട് അമ്പലപ്പറമ്പ് ജനങ്ങളേക്കൊണ്ട് നിറഞ്ഞു.

വെള്ളം മടമടാന്ന് കുടിച്ച് കള്ളന്മാരിലൊരുത്തന്‍ വേദനയോടെ ഞരങ്ങി.
മറ്റവന് ബോധമില്ലാതെ കിടക്കുന്നുണ്ട്.


"മതീടാ കുടിച്ചത്.. ഉണ്ടായതു പറയെടാ കഴുവേര്‍ടെ മോനെ"

"ഞങ്ങള്‍ ഓടിളക്കിയാണ്  അകത്തു കടന്നത്‌. വിഗ്രഹം ഇളക്കി ചാക്കില്‍ കെട്ടി പുറത്തെത്തുന്ന വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.
അമ്പലത്തിനു പുറത്തേയ്ക്ക് പിന്നിലെ മതിലു ചാടി കടക്കുമ്പോള്‍ ഒരു ശബ്ദം കേട്ടു. ഒരു മുരള്‍ച്ച. നോക്കുമ്പോ ആ വഴി മുടക്കി ഒരു പട്ടി. കല്ലെടുത്ത്‌ ഓങ്ങിയിട്ടൊന്നും അതിനൊരു കുലുക്കോമില്ല. പട്ടി കുരച്ചാല്‍ ആള്‍ക്കാരറിഞ്ഞ് പ്രശ്നാവുമല്ലോന്നു കരുതി അവസാനം ഞങ്ങള്‍ തിരിഞ്ഞു.
വീണ്ടും അമ്പലത്തിലേയ്ക്കു കടന്നു മുന്നിലെ മതിലു ചാടി വന്നപ്പോളുണ്ട് അവിടെയും അത് നില്‍ക്കുന്നു!
വരണതു വരട്ടേന്നു വച്ച് അതിനെ കാര്യമാക്കാതെ മുന്നോട്ടു നടന്നതാ.. പെട്ടെന്ന് നായയ്ക്കു ചുറ്റും ഒരു പ്രകാശം പരക്കുന്നതു പോലെ തോന്നി. അതിന്റെ രോമങ്ങളൊക്കെ എണീറ്റ് ഇരട്ടി വലിപ്പായി! ഞങ്ങള്‍ക്കു ഓടാന്‍ പൊയിട്ടു ഒരിഞ്ചു അനങ്ങാന്‍ പറ്റിയില്ല. കാലുകള്‍ നിലത്തുറഞ്ഞ പൊലെ. അത് ഞങ്ങളെ കടിച്ചു കുടഞ്ഞു. അവസാനം ദേവീ മാപ്പാക്കണം ന്നു  നിലവിളിച്ചപ്പോളാ കടീം മാന്തും  നിറുത്തീത്.“

വിക്കിയും വിറച്ചും കള്ളന്‍ പറഞ്ഞു തീര്‍ത്തു.

‘ഭഗവതീ.‘ വെളിച്ചപ്പാട് കൈകള്‍ മുകളിലേയ്ക്കുയര്‍ത്തി ഉറക്കെ വിളിച്ചു.
കുറേ പെര്‍ അതു ഏറ്റു വിളിച്ചു.

 “ഇവന്മാരു പറേണതു വിശ്വസിക്കാമൊ?“

“കടിയും മാന്തും കിട്ടാത്ത ഒരിഞ്ചു സ്ഥലമില്ല. സംഭവം പട്ട്യന്നെ”

“കക്കാന്‍ കേറീന്നു അവര്‍ സമ്മതിച്ചല്ലോ. അപ്പൊ ബാക്കി പറഞ്ഞതും സത്യന്ന്യാ.“

“ശരിയാ.. പട്ടികൊര കെട്ടിരുന്നു.“

വിവരണം നടത്തിയവന്റെ അടുത്തു ചെന്നു കുന്തിച്ചിരുന്നു രാമന്‍ നായര്‍ ചോദിച്ചു.
“എന്നിട്ട് ആ പട്ടിയെവിടെ?“

ജനം മറുപടിയ്ക്കു കാതു കൂര്‍പ്പിച്ചു.

“ഒരു ചോന്ന നെറത്തിലുള്ള നായയായിരുന്നു. വാലില്ലാത്ത നാടന്‍ നായ,
ആള്‍ക്കാരു വരണ വരെ അതു ഇവടെ തന്നെ ഉണ്ടായിരുന്നു.
പിന്നെ പെട്ടെന്നു കാണാണ്ടായി.”

“കൈസറ്!!“ ജനക്കൂട്ടം പിറുപിറുത്തു.
രാമന്നായര്‍ വായും പോളിച്ച് ഇത്തിരി നേരം കൂടി അതെ ഇരിപ്പിരുന്നു.

ജനക്കൂട്ടത്തിന്റെ പിറുപിറുക്കലുകള്‍ക്കിടയിലൂടെ കടന്നു വന്ന്‍, നായരുടെ തൊളില്‍ കൈ വച്ച് അമ്പലത്തിലെ ശാന്തിക്കാരന്‍ പറഞ്ഞു.

“ഈശ്വരചൈതന്യത്തെ പരീക്ഷിക്കുന്നവര്‍ക്കു മുന്നില്‍ ഏതു രൂപത്തിലും ആ മഹാശക്തി അവതരിക്കും. കെട്ടിട്ടില്ലെ? പാണ്ഡവരെ പിന്തുടറ്ന്ന നായയെപ്പറ്റി.. യമരാജനായിരുന്നു അവിടെ ആ രൂപത്തില്‍ വന്നത്. ഇവിടെ, മഹാശക്തയായ ദേവിയും.“

ജനം ഭക്തിപുരസരം കൈ കൂപ്പി.
“നമ്പൂരി പറഞ്ഞതു ശര്യാ.. കൈസറായി ദേവി വന്നതെല്ലാം ഒരൊരുത്തരും കരഞ്ഞു നിലവിളിച്ചു പ്രാര്ത്ഥിച്ചപ്പോളല്ലെ?“

“അപ്പൊ ജോസിനെ കൊളത്തീന്നു കേറ്റീതോ? അവന്‍ ക്രിസ്ത്യാന്യല്ലെ?“

“ഈശ്വരനു എന്തു മതവും ജാതിയും. നമ്മള്‍ വീതം വച്ച് അവരെ അമ്പലത്തിലും പള്ളീലും കേറ്റിയിരുത്ത്യേക്കല്ലേ.“

“കൈസറ് എന്തായാലും പഴയ കൈസറല്ല. അവന്റെ തിരിച്ച് വരവില്‍ എന്തൊ നിയോഗണ്ട്.“

ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടു.

“നായരെ, നിങ്ങള്‍ ഭാഗ്യവാനാടോ.. ദേവീടെ അംശമുള്ള ഒരു ജീവീടെ ഉടമസ്ഥനായിരുന്നല്ലോ.“

താന്‍ കൈസറിന്റെ മുന്‍ യജമാനന്‍ മാത്രമാകുന്നതും തന്റെ കണ്മുന്നില്‍ അവനു ദൈവീക പരിവേഷം ചാര്‍ത്തപ്പെടുന്നതും കണ്ട് ഒന്നും മിണ്ടാതെ നിന്ന നായരുടെ മുന്നിലൂടെ കള്ളന്മാരെ കയറ്റിയ പൊലീസ് ജീപ്പ് പൊടി പറത്തി കടന്നു പോയി.

കൈസറ് തന്നെ വിട്ടു പൊയ കാലയളവില്‍ തനിക്കു സംഭവിച്ചതെല്ലാം തിരിച്ച് വീട്ടിലേയ്ക്കു നടക്കുമ്പൊള്‍ അയാള്‍ ചിന്തിച്ചു. വീടിനുമുന്നിലെ കുറ്റിയില്‍ ചുറ്റിയിരുന്ന പൊട്ടിയ ചങ്ങല അഴിച്ചെടുത്ത് ഉടുമുണ്ടുകൊണ്ട് തുടച്ച് പൊടിയും അഴുക്കും കളഞ്ഞ്, വിളക്കു വയ്ക്കുന്ന തറയില്‍ സ്താപിച്ച്, തൊട്ടു നെറുകയില്‍ വച്ചു വീട്ടിലേയ്ക്കു കയറുമ്പോള്‍ നായര്‍ മനസ്സില്‍ വിളിച്ചു..

ഭഗവതീ..!


....................................................................................................................................................................

നേരത്തേ പറഞ്ഞത് മായിച്ചു! പിന്നേ, കൈസറിന്റെ മേലല്ലേ സത്യം ചെയ്തു കളിക്കണത്!!
ലവന്‍ ഇനീം വരും! കാത്തിരിക്കൂ..30 comments:

Animesh said...

കല്ലേരാവാം..!!

ഒരു യാത്രികന്‍ said...

അനിമുവിന്റെ കയ്യടക്കം സമ്മതിച്ചിരിക്കുന്നു. എഴുത്തിനെ ഗൌരവമായി കണ്ടു തുടരൂ.......സസ്നേഹം

Animesh said...

നന്ദി.. വിനീത്.
ഒരു ചെറിയ തമാശക്കഥയില്‍നിന്നു കൈസരെ ഇവിടെ വരെ വളര്‍ത്തിയത് ഇനീം അവനെക്കുറിച് എഴുതൂ എന്ന് പറഞ്ഞ കുറച്ചു സുഹൃത്തുക്കളാണ്. മിനി, സനിജ, രവി, സ്നേഹ, രാഹുല്‍.... (പേര് പറയാത്തവര്‍ ക്ഷമിക്കുമല്ലോ!) എല്ലാവരേയും ഒരുപാടിഷ്ടത്തോടെ ഓര്‍ക്കുന്നു.

RAHUL said...

നന്നായിരിക്കുന്നു .. അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു. ബസ്സ്‌ നിര്‍ത്തിപ്പോകുന്നതിനു മുമ്പ് പോസ്റ്റു ചെയ്യണേ :))))))
സസ്നേഹം......

Animesh said...

ഉറപ്പു.. ചെയ്തിരിക്കും.!

Anonymous said...

amazing frames..
like a movie..

should continue..

Animesh said...

Thanks Mini

manoos said...

animesh നന്നായിരിക്കുന്നു , താങ്കളുടെ ഒരു പ്രേമ വിവാഹം ആണോ
.........

Animesh said...

ഹ ഹ.. അതിഭീകര ചോദ്യമായല്ലോ !!
പ്രേമ വിവാഹമാല്ലായിരുന്നു.. ഇപ്പൊ മുടിഞ്ഞ പ്രേമത്തിലാ!

Neema Rajan said...

ഭഗവതീം!! കൈസര്‍ പുണ്യാളന്റെ കൂടുതല്‍ കഥകള്‍ കേള്‍ക്കാന്‍ -ഭക്തി- ആര്‍ത്തിയോടെ കാത്തിരിക്കുന്നു.. :-))))

ചക്രൂ said...

വമ്പന്‍ .....കൈസറിന്റെ അടുത്ത കഥയ്ക്കായി കാത്തിരിക്കുകയാണ് ... പണ്ട് ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും കാത്തിരിക്കണ പോലെ
അനിമേഷ് ചേട്ടാ ധീരതയോടെ നയിച്ചോളു ലക്ഷം ലക്ഷം പിന്നാലെ

Animesh said...

ഹ ഹ... ഭാഗവതീനെ വിട്ടു, നീമേ!
ഇന്നലെ ബസ്സിറങ്ങി ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍ ഒരു നായ എന്നെ സൂക്ഷിച്ചൊരു നോട്ടം.. ഹമ്മേ, ഇനി ഭാഗവതീനെ പിടിച്ചൊരു കളിയില്ല!

അഖില്‍.. കുട്ടിക്കാലത്തിന്റെ ആ ആവേശം തിരിച്ചു പിടിക്കാനെങ്കിലും കൈസര്‍ ഉപകരിച്ചല്ലോ.. ആശ്വാസമായി.

Minesh R Menon said...

കൊള്ളാം ചേട്ടാ .. പക്ഷെ കൈസര്‍ നേരിട്ട് വന്നില്ല അല്ലെ .പിന്നെ സെന്ടന്സുകള്‍ വല്ലാതെ നീളം കൂടുന്നുണ്ട്. അത് ചിലയിടത്തെല്ലാം ഒരു അഭംഗി തോന്നിക്കുന്നു. മുറിക്കേണ്ടിടത് മുറിക്കണം. എന്നാല്‍ സൌന്ദര്യം കൂടും
ഉദാഹരണത്തിന്

പക്ഷേ, അന്നു വൈകീട്ടു മുരളിയും ദീപയും അമ്പലത്തില്‍ വന്നു, ഭാരതിയമ്മയുടെ കയ്യില്‍ കൊച്ചിനെ കൊടുത്ത് അനുഗ്രഹം വാങ്ങിയെന്നും പേരക്കുട്ടിയ്ക്കു വേണ്ടി താന്‍ മനസ്സില്‍ കരുതി വച്ചിരുന്ന മീനാക്ഷി എന്ന പേരു തന്നെയാണു ഇട്ടതെന്നും അറിഞ്ഞ് രാമന്നായരുടെ തൊണ്ട ഇടറി.

എന്ന വാചകം

പക്ഷേ, അന്നു വൈകീട്ടു മുരളിയും ദീപയും അമ്പലത്തില്‍ വന്നു, ഭാരതിയമ്മയുടെ കയ്യില്‍ കൊച്ചിനെ കൊടുത്ത് അനുഗ്രഹം വാങ്ങി. പേരക്കുട്ടിയ്ക്കു വേണ്ടി താന്‍ മനസ്സില്‍ കരുതി വച്ചിരുന്ന മീനാക്ഷി എന്ന പേരു തന്നെയാണു അവര്‍ ഇട്ടതു എന്ന അറിവ് രാമനായരെ വല്ലാതെ ഉലച്ചു.

ഇങ്ങനെയും പറയാമല്ലോ ....

അതുപോലെ പല വാക്യങ്ങളും ലളിതമാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും

Animesh said...

മിനെഷ്, വളരെ നല്ല സജഷന്‍. അതൊരു ശീലമായിപ്പോയി. തീര്‍ച്ചയായും ശ്രമിക്കാം.

ഷിബു തോവാള said...

അനിമേഷ്...വളരെ നല്ല എഴുത്ത്..ഇന്നാണ് ഈ ബ്ലോഗിൽ എത്തുവാൻ സാധിച്ചത്...എല്ലാ പോസ്റ്റും, പ്രത്യേകിച്ച് കൈസറിന്റെ കഥകൾ എല്ലാം വളരെ നന്നായിരിക്കുന്നു.. കൂടുതൽ വീരകഥകളുമായി കൈസർ വരുമെന്ന് പ്രതീക്ഷിക്കുന്നു...ആശംസകൾ.

Animesh said...

ഷിബു,
നന്ദി. ശ്രമിക്കാം എന്ന് ഉറപ്പു തരുന്നു.
കൈസര്‍ ഇനിയും വരും.

Anonymous said...

wooww...!!
kaisarinu ithrayere aradhakar.. !!!

"visualizer" said...

hai animesh.
katha nannayirikkunnu.
veendum pradheeshikkunnu.

eanne orkkunnudo aavo...
njan tvm valappilayile oru
pazhaya jolikkaranayirunnu.

Animesh said...

കൈസര്‍ തരക്കേടില്ലാത്ത വിധം പ്രസിധനായിട്ടുണ്ട് അല്ലെ, മിനീ.
അവന്റെ യോഗം!!

Visualizer..അതാരാ.. അങ്ങിനെയൊരാള്‍?
സാബുലാല്‍ ആണോ?

Pradeep said...

അനി, ക്ഷമിക്കൂ....മൂന്നാം ഭാഗം വായിക്കാന്‍ വിട്ടുപോയത് കൊണ്ടാണ് അന്ന് അപ്പൂര്‍ണ്ണത ഫീല്‍ ചെയ്തത്. നന്നായിട്ടുണ്ട്. വല്ലാത്ത കയ്യടക്കം. ഒന്നും അമിതമായില്ല. ശരിക്കും ഒരു നോവല്‍ എഴുതാന്‍ കഴിയും അനിക്ക്. നല്ല ഭാഷ. എഴുത്തിനെ കുറച്ചു കൂടി ഗൗരവത്തോടെ കാണണേ. എല്ലാ ഭാവുകങ്ങളും. അപക്വമായ ഒരു ഫീഡ് ബാക്ക് ആദ്യം തന്നതിന് ക്ഷമ ചോദിക്കുന്നു . എന്റെ തെറ്റ്. കൈസറിന്റെ തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നൂ.

Animesh said...

@ Pradeep

അത് ശരി.
ദുഷ്ടാ.. ഞാന്‍ ഒന്ന് കിടുങ്ങി ഇരിക്കുകയായിരുന്നു!.
നോവലോ!!
അയ്യോ.. എന്തായാലും നായ നായകനായ ബ്ലോഗിലെ ആദ്യത്തെ നോവലൈറ്റ് ഇതാവും ല്ലേ?!!!

Pradeep said...

അനി ...നാട്ടില്‍ പോകാനുള്ള തിരക്കില്‍ പലതും മിസ്സ്‌ ആകുന്നു. ക്ഷമിക്കണേ. ഇപ്പോഴാണ് ഇതൊന്നു നല്ലപോലെ യിക്കാന്‍ കഴിഞ്ഞത്. നല്ല ഭാഷയുണ്ട്,കയ്യടക്കമുണ്ട്. പിന്നെ മിനേഷ് പറഞ്ഞപോലുള്ള ചില്ലറ മാറ്റങ്ങള്‍. അത് മതിയാകും. കൈസര്‍ വളരെ പോപ്പുലര്‍ ആയി കഴിഞ്ഞു. ഒരു സജഷന്‍ ഉണ്ട്. കൈസറിന്റെ നാലാം ഭാഗത്തില്‍ ക്ലൈമാക്സ് ഗസ് ചെയ്യാന്‍ കഴിഞ്ഞു. അത് വരാത്തെ ഞങ്ങളെ കുറച്ചു കൂടി ഉദ്ദ്യെഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍...ആ ക്യുരിയോസിറ്റി കൂട്ടുന്ന തരത്തില്‍ എഴുതാന്‍ ശ്രദ്ധിക്കണേ. നന്നായിട്ടുണ്ട്.

Anija said...

thamasha kariyam akumo????????????
balaramakku polum ithreum kathirunatilla, idipol.......... super. bhaviyil "devamane sathyam" ennu paraunadinu pakaram "kaisarane sathyam" ennu kochu kuttikal parayan thudangum......... mashine samadichu......

Animesh said...

ഞാന്‍ കാത്തിരിക്കുകയായിരുന്നു കമന്റ്
വേഗം വേണം എന്ന് തിരക്ക് പിടിച്ചിരുന്ന ഒരാള്‍ താനാണല്ലോ.
എന്തായാലും അടുത്ത ഒരു ഭാഗത്തോടെ കൈസരെ അടക്കി നിര്‍ത്തുകയാണ്.

അനിജയെ കൈസര്‍ രക്ഷിക്കട്ടെ! ഹ ഹ.

Anija said...

vayikan kathirunnu open cheidu randu vari vaichapol kanam veetilekku pokenda oru avishyam pinne,,,,,, angane vaiki......... hum kaisar enkilum rakshicha madiyayirunnu...........

Animesh said...

ഹ ഹ...
കൈസര്‍ രക്ഷിക്കട്ടെ!!

jayarajmurukkumpuzha said...

aashamsakal.............

Animesh said...

Thank you, Jayaram

അനില്‍ഫില്‍ (തോമാ) said...

കൈസറിനു വേണ്ടി പ്രത്യേകം മറ്റൊരു അമ്പലം പണിതാലോ? കൈസര്‍ ദേവസ്ഥാനം എന്നൊ മറ്റോ പേരിടാം

ajith said...

“ഒരു ചോന്ന നെറത്തിലുള്ള നായയായിരുന്നു. വാലില്ലാത്ത നാടന്‍ നായ,
ആള്‍ക്കാരു വരണ വരെ അതു ഇവടെ തന്നെ ഉണ്ടായിരുന്നു.
പിന്നെ പെട്ടെന്നു കാണാണ്ടായി.”

ദേ....രോമാഞ്ചം രോമാഞ്ചം!