Monday, November 7, 2011

നായേര്സ് ഏയ്‌ഞ്ചല്‍! - കൈസര്‍ - 4


കൈസറിന്റെ പൂര്‍വ്വകാലം അറിയാന്‍ ദിവിടെ, ദവിടെ, ദതിന്റെ പ്പുറത്ത് ഒക്കെ പോവുക.
കൈസര്‍ ഒരു മഹാപ്രസ്ഥാനമായി വളരുന്നത്‌ കണ്ടു സന്തോഷത്തിലാണ് ഗ്രാമം. അവനെയൊന്നു നേരില്‍ കാണാനാവാഞ്ഞതിന്റെ വിഷമത്തില്‍ രാമന്‍ നായരും... 

നായേര്സ് ഏയ്‌ഞ്ചല്‍!
കൈസര്‍ - 4 

തുലാവര്‍ഷം കഴിഞ്ഞ് പകലെണ്ണാമന്മാരും എരണ്ടകളും പാടത്തു വിരുന്നു വരികയും അടുത്ത പൂവ് കൃഷി കൊയ്ത്തും മെതിയും പൊലിയളവും കഴിഞ്ഞ് കടന്നു പൊവുകയും ചെയ്തു. ഒരു മഴക്കാലവും കൂടി വന്നു പൊയി. ഈ കാലയളവുകളില്‍ രാമന്‍ നായരുടെ വീട്ടിന്റെ പടിഞ്ഞാറേ കളത്തില്‍ അഞ്ചാറ് ചേനത്തണ്ടന്‍ കുഞ്ഞുങ്ങളേയും രണ്ട് കീരികളെയും ദാരുണമായി കടിച്ചു കീറി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി!

എണീറ്റ ഉടനെ പടിഞാറേ കളത്തില്‍ എന്തെങ്കിലും ഉണ്ടൊ എന്നു നോക്കല്‍ ഭാരതിയമ്മയ്ക്കു ശീലമായി. ബ്രൂണൊയുടെ മൊങ്ങല്‍ കെള്‍ക്കുന്ന രാത്രികളിലാണു ഇവ വേട്ടയാടപ്പെട്ടത് എന്നു നായരുടെ മനസ്സില്‍ ഉറങ്ങിക്കിടന്ന അന്വേഷണോദ്യോഗസ്ഥന്‍ കണ്ട് പിടിച്ചെങ്കിലും കണ്ണു നട്ടു നോക്കിയിരുന്നിട്ടും കൈസറിനെ ഒരു നോക്ക് കാണാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.

ദീപ പ്രസവിച്ചു എന്ന വാര്‍ത്ത ഗ്രാമം സന്തോഷത്തോടെ സ്വീകരിച്ചു. രാമന്‍ നായരൊഴികെ എല്ലാവരും അത് കേട്ടു സന്തോഷിച്ചു. മൂപ്പില്സിനെ പേടിച്ചു വീട്ടീന്നാരും കുട്ടിയെ കാണാന്‍ പൊയില്ല. കുറച്ചു നാള്‍ കഴിഞ്ഞ്, അമ്പലത്തില്‍ തൊഴാന്‍ പോയ ഭാരതിയമ്മയ്ക്കും മക്കള്‍ക്കും അടുത്തേയ്ക്കു ദീപ കൊച്ചിനെ കൊണ്ടു ചെന്നെന്നും ആദ്യം തിരിഞ്ഞു നടന്നിട്ടും പിന്നെ, ആ അമ്മൂമ്മ പൊയി കൊച്ചിനെ എടുത്തു ഉമ്മ വച്ചെന്നുമുള്ള വാര്‍ത്ത കേട്ടു കലി കയറി “ഇന്നവറ്റകളുടെ അവസാനാ’ ന്നു പറഞ്ഞ് കലി തുള്ളി രാമന്‍ നായര്‍ വീട്ടിലേയ്ക്കു പൊയെങ്കിലും തിളച്ചു മറിയുന്ന കോപത്തിനു മേല്‍ വാത്സല്യം എന്ന വികാരം ആധിപത്യം സ്ഥാപിക്കുന്നതു മനസ്സിലാക്കി അയാള്‍ ഒന്നും മിണ്ടാതെ തല താഴ്തി ഉമ്മറത്തെ ചാരുകസേരയില്‍ കുത്തിയിരുന്നു.

“ഡോ നായരെ, താനെന്നെ തെറി പറഞ്ഞാലും കൊഴപ്പില്ല്യ.
തന്റെ പേരക്കുട്ടി തന്നെ മുറിച്ചു വെച്ചേക്കണ മാതിരിണ്ട്രൊ..“ ഒരു ദിവസം ചായക്കടേല്‍ ചെന്നു കയറിയ നായരോട് വറതേട്ടന്‍ പറഞ്ഞു.

വാവയ്ക്ക് അച്ചന്റെ മുഖച്ഛായയാണെന്നു താഴെയുള്ളവള്‍ രണ്ടാമത്തവളൊടു പറയുന്നതു രാവിലെ കെട്ടതേ ഉണ്ടായിരുന്നുള്ളൂ. നായര്‍ ഒന്നും മിണ്ടിയില്ല. ചായ കുടിച്ചു ഇറങ്ങിയ അയാളൊട് വാര്യരു മാഷ് പറഞ്ഞു.

“കഴിഞ്ഞതു കഴിഞ്ഞു.. ഇനീം എന്തിനാ ഈ വാശി?
താന്‍ അങ്ങോട്ടൊന്നും പോണ്ട.
ഞാന്‍ അവരെ കൊണ്ടു വരാം തന്റെ അടുത്തെയ്ക്കു.. എന്ത്യേ.. അലോഹ്യണ്ടാ?”

“എനിക്കങ്ങിനെ ഒരു മോളില്ലല്ലോ മാഷെ”
മാഷുടെ മുഖത്തേയ്ക്കു നോക്കി, പതിഞ്ഞതെങ്കിലും ഉറച്ച സ്വരത്തില്‍ നായര്‍ പറഞ്ഞു..
തല താഴ്തി തിരിഞ്ഞു നടക്കുമ്പൊള്‍ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു.

കൊച്ചിന്റെ പേരുവിളിയ്ക്കു വീട്ടീന്നു ആരും പൊയില്ല. പക്ഷേ, അന്നു വൈകീട്ടു മുരളിയും ദീപയും അമ്പലത്തില്‍ വന്നു, ഭാരതിയമ്മയുടെ കയ്യില്‍ കൊച്ചിനെ കൊടുത്ത് അനുഗ്രഹം വാങ്ങിയെന്നും പേരക്കുട്ടിയ്ക്കു വേണ്ടി താന്‍ മനസ്സില്‍ കരുതി വച്ചിരുന്ന മീനാക്ഷി എന്ന പേരു തന്നെയാണു ഇട്ടതെന്നും അറിഞ്ഞ് രാമന്നായരുടെ തൊണ്ട ഇടറി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നായര്‍ക്കു ഉറക്കം കുറഞ്ഞു. ഒരു പിഞ്ചു കുഞ്ഞ് കൈകള്‍ നീട്ടി 'മുത്തച്ഛാ' എന്നു വിളിക്കുന്ന സ്വപ്നം കണ്ട് അയാള്‍ പലപ്പൊളും ഉണര്‍ന്നു. അങ്ങിനെ ഉണര്‍ന്ന ഒരു രാത്രിയില്‍ കുറച്ചകലേനിന്നു കൈസറിന്റെ കുര അയാള്‍ കേട്ടു. ഒപ്പം ആരുടേയോ നിലവിളിയും. ചാടിയെണീറ്റു ടോര്‍ച്ചും കട്ടിലിനരികില്‍ ചാരി വച്ച പേരവടിയുമായി അയാള്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. വറതേട്ടന്റെ വീട്ടീലും വെളിച്ചം തെളിഞ്ഞിരിക്കുന്നു.

"വറതേട്ടാ.. എന്തോ ഒരു ബഹളം കേള്‍ക്കുന്നുണ്ടൊ?"

"ഉണ്ടല്ലൊ. ഞാനും അതു കേട്ടാ എണീറ്റത്."

"വാ.. നമുക്കൊന്നു പൊയി നൊക്കാം."

"താന്‍ പൊക്കൊ.. ഞാന്‍.. എനിക്ക് രാത്രി അങ്ങട് കണ്ണൂ പിടിയ്ക്കില്ല്യാ. എറങ്ങ്യാ ശരിയാവില്ല്യ."

പട്ടാളക്കാരനാര്‍ന്നൂ ത്രെ, പേടിത്തൂറി. എന്നു മനസ്സില്‍ കരുതി, വാതിലടയ്ക്കാന്‍ ഭാര്യയൊടു പറഞ്ഞ്, നായര്‍ ശബ്ദം കേട്ട ദിക്കിലേയ്ക്കു ഓടി.

റോട്ടിലെത്തിയപ്പോള്‍ വെറെയും ഒന്നു രണ്ടു പേര്‍ അങ്ങോട്ട് പായുന്നുണ്ട്.

“അമ്പലത്തിനു മുന്നീന്നാ നെലോളി കേട്ടതു.“ ഓടുന്നതിനിടയില്‍ കൂടെയുള്ളതു ആരെന്നു നോക്കാതെ നായര്‍ പറഞ്ഞു.

“അതെ. ആദ്യം ഒരു പട്ടികൊരയാ കേട്ടത് ....
സൂക്ഷിക്കണെ, അവിടെ ഒരു കല്ലുണ്ട് “

“പറഞ്ഞതു നന്നായി അല്ലെങ്കില്‍ ഇപ്പൊ അതീ തട്ടി മൂക്കും കുത്തി വീണേനെ”
കല്ലിനെ വെട്ടിയൊഴിഞ്ഞ്, നായര്‍ മുന്നറിയിപ്പു തന്നതാരാണെന്നു നോക്കി.
ആശാരി വാസുദേവന്റെ മോന്‍ - മുരളി..!!
നായരുടെ കാലുകള്‍ക്കു വേഗം കുറഞ്ഞു.

ഇറക്കം ഇറങ്ങി അമ്പലത്തിനു മുന്നിലെത്തുമ്പോള്‍ അവിടെ അഞ്ചാറാള്‍ക്കാര്‍ കൂടിയിട്ടുണ്ട്.
അവിടെയെങ്ങും മുന്‍പ് കണ്ടിട്ടില്ലാത്ത ഒരുത്തന്‍ നിലത്ത് ഇരിക്കുന്നു. വേറൊരുത്തന്‍ കിടക്കുന്നു.
രണ്ടിന്റേയും ദേഹമാസകലം ചോരയില്‍ കുളിച്ചിരിക്കുകയാണ്‍. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരിക്കുന്നു.
രണ്ടു പെരും വേദന കൊണ്ടു ഞരങ്ങുന്നുണ്ട്.

അപകടം പറ്റിയതാവുമൊ?
വഴിവിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ വ്യക്തമാവുന്നില്ല.
ജനക്കൂട്ടത്തിനു കനം വച്ചു വന്നു.

“ആശുപത്രീ കൊണ്ടു പോവാന്‍ നോക്കാം.“

“ജയനോട് കാറ് എറക്കാന്‍ പറ..“

“എന്നാലും ഇടിച്ച വണ്ടിയെവിടെ”

തുടങ്ങിയ അഭിപ്രായങ്ങള്‍ക്കിടയില്‍ അവരുടെ അടുത്തു കിടന്നിരുന്ന ചാക്ക് കെട്ടു മുരളി തുറന്നു. അവന്‍ തരിച്ചു നില്‍ക്കുന്നതു കണ്ട് ആകാംക്ഷാഭരിതരായി ചാക്കിലെയ്ക്കു നോക്കിയവര്‍ നടുങ്ങി.

ഭഗവതീടെ വിഗ്രഹം!

രാമന്‍ നായരുടെ കയ്യീന്നു വടി വാങ്ങി ആദ്യത്തെ അടി അടിച്ചതു മുരളിയാണ്.
പിന്നെ തലങ്ങും വിലങ്ങും അടി വീണു.
‘നിര്‍ത്തടാ..‘ ന്നു പറഞ്ഞിട്ടും അടി തുടര്‍ന്നു.
അവസാനം നായര്‍ മുരളിയെ വട്ടം പിടിച്ചു മാറ്റി.

“മര്‍മ്മത്തിലടി കൊണ്ടാ ചത്തു പൊവും”
അടി നിന്നു.

“പൊലീസിനെ വിളി.“
അതിനു ആളു പോയി.

കയ്യ് കൂട്ടിക്കെട്ടി രണ്ടിനെയും അമ്പലത്തിനു മുന്നിലെ വെളിച്ചത്തിലേയ്ക്കു കൊണ്ടു വന്നു.
അപ്പൊളാണു എല്ലാവരും പരിക്കുകള്‍ കണ്ടതു. ശരീരം മുഴുവന്‍ കീറിപ്പൊളിഞ്ഞിരിക്കുന്നു.

"സത്യം പറഞ്ഞൊ.. എന്താടാ ഉണ്ടായെ?"

"തല്ലി കൊല്ലരുതു.. ഇത്തിരി വെള്ളം തരൊ?"

"അതൊക്കെ തരാം ഉള്ള കാര്യം ഉണ്ടായ പൊലെ പറഞ്ഞൊ.. ഇല്ലെങ്കില്‍ നിങ്ങളുടെ ശവം ഇവിടേന്നു പൊലീസിനു കൊണ്ട് പോണ്ടി വരും."

കേട്ടറിഞ്ഞു പിന്നേയും ആളുകള്‍ വന്നുകൊണ്ടിരുന്നു. ചുരുങ്ങിയ നേരം കൊണ്ട് അമ്പലപ്പറമ്പ് ജനങ്ങളേക്കൊണ്ട് നിറഞ്ഞു.

വെള്ളം മടമടാന്ന് കുടിച്ച് കള്ളന്മാരിലൊരുത്തന്‍ വേദനയോടെ ഞരങ്ങി.
മറ്റവന് ബോധമില്ലാതെ കിടക്കുന്നുണ്ട്.


"മതീടാ കുടിച്ചത്.. ഉണ്ടായതു പറയെടാ കഴുവേര്‍ടെ മോനെ"

"ഞങ്ങള്‍ ഓടിളക്കിയാണ്  അകത്തു കടന്നത്‌. വിഗ്രഹം ഇളക്കി ചാക്കില്‍ കെട്ടി പുറത്തെത്തുന്ന വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.
അമ്പലത്തിനു പുറത്തേയ്ക്ക് പിന്നിലെ മതിലു ചാടി കടക്കുമ്പോള്‍ ഒരു ശബ്ദം കേട്ടു. ഒരു മുരള്‍ച്ച. നോക്കുമ്പോ ആ വഴി മുടക്കി ഒരു പട്ടി. കല്ലെടുത്ത്‌ ഓങ്ങിയിട്ടൊന്നും അതിനൊരു കുലുക്കോമില്ല. പട്ടി കുരച്ചാല്‍ ആള്‍ക്കാരറിഞ്ഞ് പ്രശ്നാവുമല്ലോന്നു കരുതി അവസാനം ഞങ്ങള്‍ തിരിഞ്ഞു.
വീണ്ടും അമ്പലത്തിലേയ്ക്കു കടന്നു മുന്നിലെ മതിലു ചാടി വന്നപ്പോളുണ്ട് അവിടെയും അത് നില്‍ക്കുന്നു!
വരണതു വരട്ടേന്നു വച്ച് അതിനെ കാര്യമാക്കാതെ മുന്നോട്ടു നടന്നതാ.. പെട്ടെന്ന് നായയ്ക്കു ചുറ്റും ഒരു പ്രകാശം പരക്കുന്നതു പോലെ തോന്നി. അതിന്റെ രോമങ്ങളൊക്കെ എണീറ്റ് ഇരട്ടി വലിപ്പായി! ഞങ്ങള്‍ക്കു ഓടാന്‍ പൊയിട്ടു ഒരിഞ്ചു അനങ്ങാന്‍ പറ്റിയില്ല. കാലുകള്‍ നിലത്തുറഞ്ഞ പൊലെ. അത് ഞങ്ങളെ കടിച്ചു കുടഞ്ഞു. അവസാനം ദേവീ മാപ്പാക്കണം ന്നു  നിലവിളിച്ചപ്പോളാ കടീം മാന്തും  നിറുത്തീത്.“

വിക്കിയും വിറച്ചും കള്ളന്‍ പറഞ്ഞു തീര്‍ത്തു.

‘ഭഗവതീ.‘ വെളിച്ചപ്പാട് കൈകള്‍ മുകളിലേയ്ക്കുയര്‍ത്തി ഉറക്കെ വിളിച്ചു.
കുറേ പെര്‍ അതു ഏറ്റു വിളിച്ചു.

 “ഇവന്മാരു പറേണതു വിശ്വസിക്കാമൊ?“

“കടിയും മാന്തും കിട്ടാത്ത ഒരിഞ്ചു സ്ഥലമില്ല. സംഭവം പട്ട്യന്നെ”

“കക്കാന്‍ കേറീന്നു അവര്‍ സമ്മതിച്ചല്ലോ. അപ്പൊ ബാക്കി പറഞ്ഞതും സത്യന്ന്യാ.“

“ശരിയാ.. പട്ടികൊര കെട്ടിരുന്നു.“

വിവരണം നടത്തിയവന്റെ അടുത്തു ചെന്നു കുന്തിച്ചിരുന്നു രാമന്‍ നായര്‍ ചോദിച്ചു.
“എന്നിട്ട് ആ പട്ടിയെവിടെ?“

ജനം മറുപടിയ്ക്കു കാതു കൂര്‍പ്പിച്ചു.

“ഒരു ചോന്ന നെറത്തിലുള്ള നായയായിരുന്നു. വാലില്ലാത്ത നാടന്‍ നായ,
ആള്‍ക്കാരു വരണ വരെ അതു ഇവടെ തന്നെ ഉണ്ടായിരുന്നു.
പിന്നെ പെട്ടെന്നു കാണാണ്ടായി.”

“കൈസറ്!!“ ജനക്കൂട്ടം പിറുപിറുത്തു.
രാമന്നായര്‍ വായും പോളിച്ച് ഇത്തിരി നേരം കൂടി അതെ ഇരിപ്പിരുന്നു.

ജനക്കൂട്ടത്തിന്റെ പിറുപിറുക്കലുകള്‍ക്കിടയിലൂടെ കടന്നു വന്ന്‍, നായരുടെ തൊളില്‍ കൈ വച്ച് അമ്പലത്തിലെ ശാന്തിക്കാരന്‍ പറഞ്ഞു.

“ഈശ്വരചൈതന്യത്തെ പരീക്ഷിക്കുന്നവര്‍ക്കു മുന്നില്‍ ഏതു രൂപത്തിലും ആ മഹാശക്തി അവതരിക്കും. കെട്ടിട്ടില്ലെ? പാണ്ഡവരെ പിന്തുടറ്ന്ന നായയെപ്പറ്റി.. യമരാജനായിരുന്നു അവിടെ ആ രൂപത്തില്‍ വന്നത്. ഇവിടെ, മഹാശക്തയായ ദേവിയും.“

ജനം ഭക്തിപുരസരം കൈ കൂപ്പി.
“നമ്പൂരി പറഞ്ഞതു ശര്യാ.. കൈസറായി ദേവി വന്നതെല്ലാം ഒരൊരുത്തരും കരഞ്ഞു നിലവിളിച്ചു പ്രാര്ത്ഥിച്ചപ്പോളല്ലെ?“

“അപ്പൊ ജോസിനെ കൊളത്തീന്നു കേറ്റീതോ? അവന്‍ ക്രിസ്ത്യാന്യല്ലെ?“

“ഈശ്വരനു എന്തു മതവും ജാതിയും. നമ്മള്‍ വീതം വച്ച് അവരെ അമ്പലത്തിലും പള്ളീലും കേറ്റിയിരുത്ത്യേക്കല്ലേ.“

“കൈസറ് എന്തായാലും പഴയ കൈസറല്ല. അവന്റെ തിരിച്ച് വരവില്‍ എന്തൊ നിയോഗണ്ട്.“

ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടു.

“നായരെ, നിങ്ങള്‍ ഭാഗ്യവാനാടോ.. ദേവീടെ അംശമുള്ള ഒരു ജീവീടെ ഉടമസ്ഥനായിരുന്നല്ലോ.“

താന്‍ കൈസറിന്റെ മുന്‍ യജമാനന്‍ മാത്രമാകുന്നതും തന്റെ കണ്മുന്നില്‍ അവനു ദൈവീക പരിവേഷം ചാര്‍ത്തപ്പെടുന്നതും കണ്ട് ഒന്നും മിണ്ടാതെ നിന്ന നായരുടെ മുന്നിലൂടെ കള്ളന്മാരെ കയറ്റിയ പൊലീസ് ജീപ്പ് പൊടി പറത്തി കടന്നു പോയി.

കൈസറ് തന്നെ വിട്ടു പൊയ കാലയളവില്‍ തനിക്കു സംഭവിച്ചതെല്ലാം തിരിച്ച് വീട്ടിലേയ്ക്കു നടക്കുമ്പൊള്‍ അയാള്‍ ചിന്തിച്ചു. വീടിനുമുന്നിലെ കുറ്റിയില്‍ ചുറ്റിയിരുന്ന പൊട്ടിയ ചങ്ങല അഴിച്ചെടുത്ത് ഉടുമുണ്ടുകൊണ്ട് തുടച്ച് പൊടിയും അഴുക്കും കളഞ്ഞ്, വിളക്കു വയ്ക്കുന്ന തറയില്‍ സ്താപിച്ച്, തൊട്ടു നെറുകയില്‍ വച്ചു വീട്ടിലേയ്ക്കു കയറുമ്പോള്‍ നായര്‍ മനസ്സില്‍ വിളിച്ചു..

ഭഗവതീ..!


....................................................................................................................................................................

നേരത്തേ പറഞ്ഞത് മായിച്ചു! പിന്നേ, കൈസറിന്റെ മേലല്ലേ സത്യം ചെയ്തു കളിക്കണത്!!
ലവന്‍ ഇനീം വരും! കാത്തിരിക്കൂ..Tuesday, November 1, 2011

റിട്ടേണ്‍ ഓഫ് ദ ലെജന്റ് - കൈസര്‍ 3


കൈസറ് – ഒരൊര്‍മ്മ.
ഗ്രാമത്തിന്റെ മുഴുവന്‍ കണ്ണിലുണ്ണിയും ചിലരുടെയെങ്കിലും കണ്ണിലെ കരടും ആയിരുന്നു കൈസറ്. ഒരുപാടു ധീരതയാര്‍ന്ന മുഹൂര്‍ത്തങ്ങളാല്‍ നിറഞ്ഞ അവന്റെ ജീവിതം ബ്രൂണൊ എന്ന് പെരുളള മറ്റൊരു നായുടെ വരവൊടെ ദുരിതപൂര്‍ണമായി. അടിമത്തവും, അവ്ജ്ഞയും, കൊടിയ മര്‍ദ്ദനങ്ങളും, പട്ടിണിയും സഹിച്ച് തകര്‍ന്നെങ്കിലും യജമാനനൊടു വിധേയത്വം പുലര്‍ത്തിയ കൈസറ്, ഗതി കെട്ട്  ഒരിക്കല്‍ പ്രതികരിച്ചു. തന്റെ തകര്‍ച്ചക്കു കാരണരക്കാരനായവനെ ഒതുക്കി മുക്കിലിട്ട്, തന്നെ വേണ്ടാത്തവരെ ഉപേക്ഷിച്ച് എവിടേയ്ക്കൊ മറഞ്ഞു പൊയ കൈസറ്, വല്ലപ്പൊളും എത്തി നോക്കുന്ന ഒരൊര്‍മ്മ മാത്രമായി.

കൈസറിന്റെ മുന്‍ കാലമറിയാന്‍ ഈ ലിങ്കുകള്‍ നോക്കുക.

ഇനി കൈസറിന്റെ വിസ്മയ ലോകത്തേയ്ക്ക്! റിട്ടേണ്‍ ഓഫ് ദ ലെജന്റ്
………കൈസര്‍ 3….….

ഉമ്മിണിത്തൊട് കര കവിഞ്ഞ് ഒഴുകുകയും മരം വെട്ടുകാരന്‍ ചന്ദ്രന്റെ വീട്ടിനു മുകലിലെയ്ക്കു ചമ്പത്തെങ്ങ് മറിഞ്ഞ് വീണ്‍ ചായ്പു തകരുകയും ചെയ്ത് സംഭവബഹുലമായ ഒരു മഴക്കാലം കൂടി ഗ്രാമത്തില്‍ പെയ്തൊഴിഞ്ഞ് പൊയി. ഏറ്റുമീന്‍ പിടിക്കാന്‍ പോയ വേലായുധേട്ടന്‍ പടുകൂറ്റന്‍ ഒരു വാളയെ കിട്ടിയ വാര്‍ത്തയായിരുന്നു ആ മഴക്കാലത്തിന്റെ ഹൈ ലൈറ്റ്. തോട്ടില്‍നിന്നു പൊട്ടിയ കഴയിലൂടെ കയറി വന്ന ആ ഉരുപ്പടി കഴയില്‍ വച്ചിരുന്ന വല തകര്‍ക്കുകയും വേലായുധേട്ടന്റെ ചെകിടത്തു വാലുകൊണ്ട് ഒരെണ്ണം കൊടുക്കുകയും ചെയ്തെന്നും കലി കയറിയ സഖാവ് വേലായുധന്‍  അതിന്റെ ചെകിളയില്‍ കടന്നു പിടിച്ച് പുറത്തു കയറി  ഇരുന്നെന്നും വാള, പാടമായ പാടം മുഴുവന്‍ വേലായുധേട്ടനെ പുറത്തിരുത്തി റൌണ്ടടിച്ച് അവസാനം നിരുപാധികം കീഴടങ്ങി എന്നുമുള്ള വാര്‍ത്ത വേലുട്ട്യേട്ടന്റെ ചായക്കടയില്‍ മൂന്നു വാരം വിജയകരമായി പിന്നിട്ടു. വാര്യര്‍ മാഷുടെ വീട്ടിലു പണിക്കു പോയപ്പൊള്‍ ഉച്ചയൂണിനു തന്ന എരിശേരിയില്‍ നിന്നു കിട്ടിയ മത്തക്കുരു കുഴിച്ചിട്ടിട്ടുണ്ടായ മത്തവള്ളീന്നു ഒരു വണ്ടി മത്തങ്ങ ഇരിങ്ങാലക്കുട ചന്തയ്ക്കു കൊണ്ടോയ കാര്യവുമായി ശിവരാമേട്ടന്‍ വന്നപ്പോളാണ്‍ വാളക്കാര്യം പടിയിറങ്ങിയത്. ഉഗ്രപ്രതാപിയായ കൈസറിന്റെ വിശേഷങ്ങളുമായി ഒരൊ ദിവസവും കളം നിറഞ്ഞ് കളിക്കാറുള്ള രാമന്‍ നായര്‍ പുതിയ വിശേഷങ്ങള്‍ വിളമ്പാനില്ലാതെ, ചര്‍ച്ച്കളില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ മാത്രം പറഞ്ഞ് മടങ്ങി.

രാമന്‍ നായരുടെ സര്‍വ്വത്ര ദുരഭിമാനങ്ങളേയും തച്ചു തകര്‍ക്കുന്ന വാര്‍ത്തയുമായി ഒരു ദിവസം നേരം പുലര്‍ന്നു.
പുലര്‍ച്ചയ്ക്കു അടുപ്പില്‍ തീ കൂട്ടാന്‍ എണീറ്റ ഭാരതിയമ്മ പരിഭ്രാന്തിയോടെ നായരെ വിളിച്ചെണീപ്പിച്ചു.
അടുക്കള വാതില്‍ തുറന്നു കിടക്കുന്നു.
ഡിഗ്രിയും കഴിഞ്ഞ് ടൈപ്പു പടിക്കാന്‍ പൊകുന്ന മൂത്ത മൊള്‍ ദീപയെ കാണാനില്ല.
തലേന്നു ചന്തയില്‍ പൊയി വന്നപ്പൊള്‍ ദീപ പതിവില്ലാതെ തന്നൊടു ചുറ്റിപ്പറ്റി നിന്നിരുന്നതു നായര്‍ക്കു ഒര്‍മ്മ വന്നു. കൂടുതല്‍ ആലോചിച്ചപ്പോള്‍ എന്തോ പന്തികെടു മണത്തു.
വീട്ടിലും പറമ്പിലും എല്ലാം അന്വേഷണം കഴിഞ്ഞു. കുളത്തിലും കിണറ്റിലും വരെ നോക്കി.
അന്വേഷണം അധികമാവും മുന്‍പു തന്നെ കാര്യം അറിഞ്ഞു.
ആശാരി വാസുദേവന്റെ മോന്‍ മുരളിയൊടൊപ്പം അവള്‍ പൊയി.
കുന്നത്തറ അമ്പലത്തിലു വച്ചു കാലത്തു തന്നെ താലി കെട്ടു കഴിഞ്ഞെത്രേ.
രാമന്‍ നായര്‍ക്കു കാലിനടിയില്‍നിന്നു മണ്ണൊലിച്ച് പോകുന്ന പൊലെ തോന്നി.

“എനിക്കു അങ്ങിനെ ഒരു മകള്‍ ഉണ്ടായിരുന്നില്ല.”
ഒരു വാചകത്തില്‍ അയാള്‍ എല്ലാം അവസാനിപ്പിച്ചു.

ഭാരതിയമ്മയും ദീപേടെ താഴെയുള്ള കുട്ടികളും തേങ്ങലടക്കാന്‍ പണിപ്പെട്ടു.
രാമന്‍ നായര്‍ ഒരു കുലുക്കൊം ഇല്ലാതിരുന്നു.

“എന്താ ചെയ്യാ നായരെ? പോലീസില്‍ പരാതി കൊടുത്താലൊ?“

“എന്തിനു? എനിക്കില്ലാത്ത ദെണ്ണം എന്തിനാ നിങ്ങക്കു?“
നായരുടെ നിലപാടു കര്‍ക്കശമായിരുന്നു.

“അയാളെ സമ്മതിക്കണം ട്ടാ.. മനസ്സെയ് ഇരുമ്പാ.. ഇരുമ്പു.”

“ഒരു കുലുക്കൊം ഇല്ല്യാ ല്ലെ? ഹൊ..“

പിറു പിറുത്തു കൊണ്ടു ആശ്വസിപ്പിക്കാന്‍ വന്നവര്‍ പൊയി.

എല്ലാരും പൊയിക്കഴിഞ്ഞപ്പൊള്‍ അടുത്തു വന്ന ഏറ്റവും അടുത്ത കൂട്ടുകാരന്‍ പ്രഭാകരന്റെ കൈ പിടിച്ചു രാമന്‍ നായര്‍ മതി വരുവൊളം പൊട്ടിക്കരഞ്ഞു.

പിറ്റേന്ന് .
ചായക്കടേല്‍ ദീപാപഹരണം അവതരിപ്പിക്കാന്‍ വെമ്പല്‍ കൊണ്ട് വന്ന എല്ലാവരും രാമന്‍ നായര്‍ നേരം വെളുക്കുമ്പോളേ ബെഞ്ചിലിരിക്കുന്നതു കണ്ടു അന്തം വിട്ടു. പലരും നാക്കിന്റെ ചൊറിച്ചില്‍ കൂടുതല്‍ ചൂടുള്ള ചായ കുടിച്ചു മാറ്റി.

“എന്താ ആരും ഒന്നും മിണ്ടാത്തെ?“ എന്ന വേലുക്കുട്ടിയുടെ ചൊദ്യത്തിന്‍
“പൊയിട്ടു ഇത്തിരി പണിയുണ്ടു കടേലൊന്നു പൊണം. പാടത്തു ഞാറു നടല്‍ നടക്കുന്നു
തുടങ്ങിയ ഒഴിവു കഴിവുകളുമായി ഓരൊരുത്തരായി സ്ഥലം വിട്ടു.
എല്ലാവരും പിരിഞ്ഞിട്ടേ നായര്‍ ഇരുന്നിടത്തുനിന്നു എണീറ്റുള്ളൂ.
കുറെ  ദിവസം ഇതു തുടര്‍ന്നു.

പുതിയ വിശേഷങ്ങളുടെ വരവോടെ ദീപ ഒളിച്ചോടിയ വിശേഷം ഗ്രാമം മറന്നു.
മാത്രവുമല്ല മുരളി നല്ലൊരു ചെറുപ്പക്കാരനായിരുന്നു. ദു:ശ്ശീലങ്ങളോ മടിയൊ ഇല്ലാതിരുന്ന അവനെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു.

“ആശാര്യായിക്കൊട്ടെ, അവന്‍ മിടുക്കനാ.. രാമന്‍ നായര്‍ടെ മൊള്‍ടെ ഭാഗ്യാ.. “എന്നു വരെ പലരും പരസ്പരം പറഞ്ഞു.

ഒന്നും സംഭവിക്കാത്ത പൊലെ, രാമന് നായര്‍ ചായക്കടയില്‍ പോയി. പലപ്പൊളും വലിയ വലിയ കാര്യങ്ങളുടെ പ്രാസംഗികനും ചിലപ്പൊള്‍ ശ്രോതാവും ആയി.

കാലം അതിന്റെ വഴിക്കു യാത്ര തുടര്‍ന്നു.


“ഡോ, രാമന്‍ നായരെ, താന്‍ പറഞ്ഞതു ശര്യന്ന്യണ്ടോ..!!”
ഒരു ദിവസം ചായക്കടയിലെയ്ക്കു ചെന്ന രാമന്‍ നായരെ ചെത്തുകാരന്‍ ഗോപി പുതിയ വിശേഷവുമായി വരവേറ്റു.

“അതെന്താ ഗൊപ്യേ, മ്മക്കിട്ടു കാലത്തന്നെ ഒരു താങ്ങ്?... ഏ?
അതെയ്.. രാമന്നായരു നുണ പറയാറില്ല്യാ.. സംശയമുണ്ടെങ്കി വേലുട്ട്യോടു ചൊദിക്ക്.”

“ഒരു സംശ്യോല്ല്യ, നായരെ, ഇന്നലെ എനിക്ക് ബോധ്യായി.
എനിക്കു മാത്രല്ല എന്റെ വെല്യച്ചന്റെ മൊനില്ല്യേ, വില്ലെജൊഫീസിലു ജോലിള്ള സുകുമാരന്‍…?
അവനും പിന്നെ മ്മടെ, കാര്‍ ഡ്രൈവര്‍ ജയനും വിശ്വാസായി.“

വേലുട്ട്യേട്ടന്‍ ചായയടി സ്റ്റോപ് ചെയ്തു.
ഒരു പപ്പട വടയില്‍ ‘കറും മ്മുറും‘ എന്നു വാദ്യസംഗീതം നടത്തിക്കൊണ്ടിരുന്ന നാരയണന്‍ മേസ്ത്രി വായുടെ ചലനം പൊസ് ചെയ്തു.
പത്രപാരായണ വിഭാഗം വായന നിറുത്തി.
എല്ലാവരും കാതു കൂര്‍പ്പിച്ചു..

“ഇന്നലെ രാത്രി, സുകുമാരന്റെ മരുമൊനെ പ്ലെയിന്‍ കേറ്റി വിട്ടു കൊച്ചീന്നു വരണ വഴി,
കാരൂര്‍.. ഷാരടീടെ വീടിന്റെ അവിടെ വച്ച്
രാത്രി രണ്ടു മണി കഴിഞ്ഞണ്ടാവും ട്ടാ..
അപ്പറത്തെ പറമ്പീന്നു വണ്ടീടെ മുന്നില്‍ക്കു ഒരു തൊഴുപ്പന്‍ മൊയല് ഒരു ചാട്ടാ..
ജയന്‍ വണ്ടി സഡന്‍ ബ്രെയ്ക്കു ഇട്ടു നിറ്ത്തി.
കാറിന്റെ ലൈറ്റില് ഞങ്ങളു നൊക്ക്യപ്പൊ..
മൊയല്‍ ചാട്യേന്റെ പിന്നാലെ മിന്നായം പൊലെ മറ്റൊരു ജീവി!
രാമന്നായരുടെ കൈസറ്!!
മൊയലിന്റെ പിന്നാലെ പെടയ്കന്ന്യാ ചുള്ളന്‍!
എന്തായാലും താന്‍ പറഞ്ഞതു ശര്യാ നായരെ..
കൈസറ് മൊയലിന്റെ പിന്നാലെ തന്ന്യാ.”

“ഹൊ ഭയങ്ക്രന്‍! നായരു പറഞ്ഞ പോലെ മാസങ്ങളായിട്ടു മൊയലിന്റെ പിന്നാലെ നിറുത്താണ്ട് ഓടന്ന്യാ?.. ഹൊ. “

“കൈസറന്ന്യാന്നു എന്താ ഉറപ്പു?“

“ഒറപ്പാ.. കൈസറിനെ ഞാന്‍ കാണാത്തതാ.. ങേ?
വാലില്ലാത്ത അതുപൊലത്തെ നായ ഈ ഭൂമി മലയാളത്തിലില്ല.“

“അപ്പൊ അവന്‍ ഇവിടെ തന്നെ ഉണ്ട്.. ല്ലേ?”

“വറതേട്ടാ.. തന്റെ ബ്രൂണൊയ്ക്കു ഇനീം പണിയാവുമല്ലൊ.. ഹ ഹ”

സംസാരം മുറുകിയപ്പൊള് കുടിച്ച ചായ മതിയാക്കി രാമന്‍ നായര്‍ എണീറ്റു. ഒന്നും മിണ്ടാതെ അയാള്‍ വീട്ടിലെയ്ക്കു നടന്നു. ആരും കാണാത്ത ഒരിടത്തു വച്ച് തന്റെ അകം തുടയില്‍ കൈസറ് ഏല്‍പ്പിച്ച പാട് ഉണ്ടൊ എന്നു പരിശോധിച്ചു. അതൊക്കെ മാഞ്ഞു പോയിരിക്കുന്നു. 'തനിക്കു മോശം കാലം വന്നതു കൈസറിന്റെ ഇറങ്ങിപ്പോക്കോടെ ആയിരിക്കുമൊ?' നായരുടെ മനസ്സിലൂടെ അങ്ങിനെ ഒരു ചിന്ത കടന്നു പൊയി.

“ദേ.. അവസാനത്തെ കൊഴിക്കുഞ്ഞിനേം കീരി കൊണ്ടൊയി.. കൈസറുള്ളപ്പൊ ഒരു ഈച്ചക്കുഞ്ഞ് കടക്കാതിരുന്ന പറമ്പാ.. ഇപ്പൊ കീരീം, പാമ്പും, കുറ്ക്കനും വരെ ഉറ്ളാടി നടക്ക്വാ..”
കൈസറിന്റെ ഗതകാലസ്മരണകളില്‍ കുതിറ്ന്ന വാക്കുകളുമായി വീട്ടിലെയ്ക്കു ചെന്നു കയറിയ രാമന്നായരെ ഭാരതിയമ്മ വരവേറ്റു.

വറതേട്ടന്റെ വീട്ടില്‍ ബ്രൂണൊയുടെ പതുങ്ങിയ കുര കേള്‍ക്കാം.
ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ ഉലയുന്ന മനസ്സുമായി രാമന്‍ നായരു പൂമുഖത്തെ ചാരുകസെരയില്‍ ചാഞ്ഞിരുന്നു. ഒരു ദീര്‍ഗ്ഗനിശ്വാസത്തൊടെ കൈസറ് കിടക്കാറുള്ള സ്ഥലത്തേയ്ക്കു നോക്കി.
കെട്ടിയിരുന്ന ഇരുമ്പു കുറ്റിയുടെ അപ്പുറത്തു പൊട്ടിയ ചങ്ങല മണ്ണില്‍ പുതഞ്ഞ് കിടക്കുന്നു.
കൈസറിനു നല്‍കിയ പീഡനപര്‍വ്വം അയാളുടെ കണ്മുന്നില്‍ തെളിഞ്ഞു.
ഒരു തുള്ളി കണ്ണീരായി ആ ഉള്‍ക്കാഴ്ച്ച താഴെ വീണു ചിതറി.

കുറച്ച് ദിവസം കഴിഞ്ഞ് ഒരു തിങ്കളാഴ്ച്ച രാവിലെ പാടവരമ്പത്ത് പുല്ലുവലിക്കാര്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് നില്‍ക്കുമ്പോളാണ്‍  ‘നായരേ‘ എന്നു കരയില്‍ നിന്നു ഒരു വിളി കെട്ടത്. പാല്‍ക്കാരന്‍ കുമാരനാണ്‍. പുറകെ അഞ്ചാറാളുകളുമുണ്ട്. ‘എന്തു കേസുകെട്ടാണാവോ‘ എന്ന ചിന്തയില്‍ പാടത്തൂന്നു കയറി വരുമ്പൊളേ കുമാരന്‍ നായരുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു കരഞ്ഞു.

നൂറായിരം ചിന്തകള്‍ തലയിലൂടെ തലങ്ങും വിലങ്ങും പായുന്നതിനിടയില്‍ ചൊദിച്ച
“എന്താ പറ്റ്യേ കുമാരാ?” എന്ന വാക്കുകള്‍ക്കു വിറയലുണ്ടായിരുന്നു.

“താന്‍ പരിഭ്രമിക്കണ്ടഡോ.. അതു സന്തൊഷക്കണ്ണീരാ..” ഇട്ടൂപ്പു പറഞ്ഞു.

“എന്താ ണ്ടായേന്നു പറയൂ..”

“കുമാരേട്ടന്റെ ചെക്കനില്ലേ.. പത്തിലു പടിക്കണ വിനോദ്? അവന്‍ കാലത്തു പത്രം ഇട്ണ്‍ണ്ടല്ലൊ.
കുറച്ച് ദിവസായി ചുള്ളന്‍ പറയാറ്ണ്ട്, ചന്തേടെ അവടെ കുറേ പട്ടികള്‍ ണ്ട്ന്നു. ചന്തേലെ സാധനങ്ങളു തിന്നു കലിപ്പെളകി നടക്കണോറ്റങ്ങളല്ലെ.. ഇന്നു പുലര്‍ച്ച്ക്ക് വിനൊദ് പത്രം എടുക്കാന്‍ പൊയപ്പൊ, അഞ്ചാറെണ്ണം കൂടി വളഞ്ഞൂ ത്രെ. മേത്തേക്കു ചാടീന്നാ പറയണേ. ചെക്കന്‍ സൈക്കിളുമ്മേന്നു വീണു. സഹായത്തിനു വിളിച്ചാ വരാന്‍ ആ നേരത്തു ആരെങ്കിലും ഉണ്ടൊ? ഭഗവതീ ന്നു വിളിച്ച് കരഞ്ഞൂന്നാ പറയണെ. ഒരു സെക്കന്റു കൊണ്ട് കൈസറ് എവ്ടന്നൊ വന്നു. പിന്നൊരു ബഹളാര്‍ന്നൂ ത്രേ.. കണ്ണു തൊറന്നു വിനൊദ് നൊക്ക്യപ്പൊ  സകലതിനെം കടിച്ചോടിച്ചേക്കണ്‍!!“
ഇട്ടൂപ്പ് ഒറ്റ് ശ്വാസത്തില്‍ പറഞ്ഞു നിറുത്തി.

“കൈസറൊ? എന്റെ 

“നിങ്ങടെ പുലിക്കുട്ട്യന്നെ നായരെ, ങ്ങക്കെന്താ വിശ്വാസം വരാത്ത പൊലെ? ദേ, ദിവനെ നൊക്ക്യേ.. ന്ന്ട്ട് പറ”
ദേഹമാസകലം ഉരഞ്ഞ പാടുകളുമായി വിനൊദ് മുന്നിലെയ്ക്കു കയറി നിന്നു.

രാമന്‍ നായര്‍ കുനിഞ്ഞു വിനോദിന്റെ കണ്ണുകളിലെയ്ക്കു നോക്കി.
“എന്നിട്ട് കൈസറ് എവിടെ?”

“കൊറേ നെരം എന്റെ അടുത്തു നിന്നു. ഞാന്‍ സൈക്കിളെടുത്തു നീറ്ത്തി അതുമ്മെ കേറിയപ്പൊ ടൌണു വരെ എനിക്കു കൂട്ട് വന്നു. പിന്നെ, ഞാന്‍ തിരിഞ്ഞു നൊക്കിയപ്പൊ കാണാനില്ല.”

എവിടെയൊ നിന്നു കൈസറ് തന്നെ കാണുന്നുണ്ടെന്ന തോന്നലില്‍ നായര്‍ ചുറ്റും നോക്കി.
അയാലുടെ ശരീരം രൊമാഞ്ചം കൊണ്ടു.
കൈകള്‍ നെഞ്ചൊട് ചേര്‍ത്ത് ‘ഭഗവതീ..‘ എന്നു നായരും വിളിച്ചു.

പിന്നെ, പലപ്പോളായി കൈസറിന്റെ പ്രത്യക്ഷപ്പെടല്‍ ഗ്രാമത്തില്‍ സംഭവിച്ചു. കെട്ടഴിഞ്ഞു പാടം കയറി മറുകരയിലെയ്ക്കു പൊയ ചന്ദ്ര്യേച്ചീടെ പശൂനെ കുരച്ചു പേടിപ്പിച്ചു ഇങ്ങോട്ടു തന്നെ തിരിച്ചു വിട്ടു. നായ്ക്കന്റെ കുളത്തിലു കുളിയ്ക്കാന്‍ പൊയി അപസ്മാരം വന്നു മുങ്ങിച്ചാകാന്‍ തുടങ്ങിയ ജോസിനെ ഉടുമുണ്ടില്‍ പിടിച്ചു നീന്തി കരയ്ക്കെത്തിച്ചു. അങ്ങിനെ പലതും. ഒരോ പ്രാവശ്യവും കാര്യം കഴിഞ്ഞു ഒരു മിന്നല്പിണര്‍ പൊലെ കൈസറ് മറഞ്ഞു പൊയി. നിറ്ണ്ണായകമായ പല സന്ദറ്ഭങ്ങളിലും ദൈവദൂതനേപ്പോലെ അവതരിച്ച കൈസറ് എങ്ങോട്ടു പൊകുന്നു എന്നതു ഒരു പിടികിട്ടാ ചോദ്യമായി അവശേഷിച്ചു. ഒരൊ തവണയും സാഹസിക കഥ കേള്‍ക്കാനല്ലാതെ അവനെ ഒന്നു കാണാനൊ ആ കുരയൊന്നു കേള്‍ക്കാനോ രാമന്‍ നായര്‍ക്കു യോഗമുണ്ടായില്ല.

കുറച്ചു നാളുകള്‍ക്കു ശേഷം പശുവിനു പുല്ലരിയാന്‍ വന്ന ഭവാനിയുടെ നിലവിളി കേട്ടു കഞ്ഞികുടി പകുതിയ്ക്കു വച്ചു നിറ്ത്തി ഓടിച്ചെന്ന രാമന്‍ നായര്‍ കണ്ടത് പാമ്പു കറ്റിയേറ്റ് പുളയുന്ന അവരെയാണ്‍. ആള്‍ക്കാരെ വിളിച്ചുകൂട്ടി വിഷവൈദ്യന്റെ അടുത്തു കൊണ്ടോയി തിരിച്ചു വന്നപ്പൊള്‍ സംഭവിച്ച അത്യാഹിതത്തെക്കാള്‍ നായര്‍ക്കു വിഷമം പാമ്പിനെ പേടിച്ചു പറമ്പില്‍ ആരും ഇനി പണിയ്ക്കു വരില്ലല്ലൊ എന്നായിരുന്നു. വൈകുന്നേരമായപ്പൊള്‍ ഭവാനിയ്ക്കു കുറവുണ്ടെന്ന ആശ്വാസ വാര്‍ത്തയെത്തി. രാത്രി, തുറന്നിട്ട ജനലിലൂടെ പറമ്പിലെയ്ക്കു നൊക്കി നായര്‍ കുറേ നെരം നിന്നു. ഒരു വേള, ഭാര്യ പറയുന്നതു പൊലെ 'കൈസറുന്ണ്ടായിരുന്നെങ്കില്‍' എന്നു മനസ്സിലോര്‍ത്തു. അപ്പുറത്തു ബ്രൂണൊ മോങ്ങുന്നതു കെട്ടു.
‘ കുറേ നെരമായല്ലൊ തൊടങ്ങീട്ടു...
“ഒഹ്..ഈ ജന്തൂനെക്കൊണ്ടു തൊറ്റു. കുരിപ്പ്..‘ മനസ്സില്‍ പ്രാകി എപ്പോളൊ കിടന്നുറങ്ങി.

കാലിലൂടെ ഇഴഞ്ഞു കയറി തന്റെ കഴുത്തില്‍ ചുറ്റി പത്തി വിടറ്ത്തി നിന്നു ചീറ്റുന്ന ഒരു കരിമൂര്‍ഖനെ കണ്ട് രാമന്‍ നായര്‍ ചാടി എണീറ്റു. തപ്പിപ്പിടിച്ചു ലൈറ്റിട്ടപ്പൊളാണ്‍ അതൊരു സ്വപ്നമായിരുന്നു എന്നു അയാള്‍ക്ക് ബോധ്യമായത്.
ശരീരം മുഴുവന്‍ വിയര്‍ത്തു കുളിച്ചിരുന്നു. വറതേട്ടന്റെ വീട്ടില്‍ ബ്രൂണോയുടെ മോങ്ങല്‍ രോദനരാഗമായി മാറിയിരിക്കുന്നു. വരണ്ട തൊണ്ടയിലെയ്ക്കു അല്‍പ്പം നനവു പകരാന്‍ കൂജയിലെ വെള്ളം എടുക്കാന്‍ ഹാളിലെയ്ക്കു നീങ്ങിയ അയാള്‍, ജനലിലൂടെ പുറത്തേയ്ക്കു നോക്കി. നാട്ടുമാവിന്റെ ചില്ലകള്‍ക്കിടയിലൂടെ പൌര്‍ണ്ണമി തൂകിയ നിലാവ്. പരതിയ മിഴിയാട്ടത്തിനൊടുവില്‍ തെങ്ങോലകള്‍ വീഴ്ത്തിയ നിഴലുകള്‍ക്കിടയില്‍.. പൊട്ടിച്ചെറിഞ്ഞ ചങ്ങലയ്ക്കരികില്‍ കൈസറ് കിടക്കുന്നതു കണ്ടു നായര്‍ സ്തബ്ദനായി.
തൊണ്ട കൂടുതല്‍ വരണ്ടു.
കൈകാലുകള്‍ സ്തംഭിച്ചു.
ഒരു നിമിഷത്തെ നിശ്ചലതയ്ക്കു ശേഷം അയാള്‍ സമനില വീണ്ടെടുത്തു.

“കൈസറേ..“
പതിഞ്ഞ സ്വരത്തില്‍ ജനലിലൂടെ അയാള്‍ വിളിച്ചു.

“എന്താ.. എന്താ നിങ്ങള്‍ക്കു പറ്റ്യേ?“ എന്നു ചൊദിച്ചുകൊണ്ടു ഭാരതിയമ്മ അടുത്തു വന്നു.
“ഈശ്വരാ.. നല്ലോണം പനിക്കണ്‍ ണ്ടല്ലൊ..“  നെറ്റിയില്‍ തൊട്ടു നൊക്കി അവര്‍ പറഞ്ഞു.

“നമ്മടെ കൈസറ്.. ദേ അവിടെ..“ നായര്‍ മുറ്റത്തേയ്ക്കു വിരല്‍ ചൂണ്ടി.
ഭാരതിയമ്മ നായരൊടൊപ്പം പുറത്തേയ്ക്കു നൊക്കി.
പക്ഷേ, കൈസറ് അവിടെ ഉണ്ടായിരുന്നില്ല!

“ഞാന്‍ ഇപ്പൊത്തന്നെ കണ്ടു, ഇവടെ കെടക്കണതു.. അവടിണ്ടാര്‍ന്നു”

“സാരല്ല്യ.. സ്വപ്നം കണ്ടതാവും. വന്നു കിടക്കൂ..”

പത്തു വട്ടം തിരിഞ്ഞു നോക്കി രാമന്‍ നായര്‍ പൊയിക്കിടന്നു.
ഉറക്കം കിട്ടാതെ ഇടയ്ക്കു എണീറ്റ് വന്നു കൈസറ് വീണ്ടും എത്തിയിട്ടുണ്ടൊ എന്നു നോക്കി.
പുലര്‍ച്ചയൊടെ എപ്പൊളൊ അയാള്‍   ഉറങ്ങി.

രാവിലെ, ഭാരതിയമ്മ വിളിച്ചെണീപ്പിച്ച്തു പുതിയ ഒരു വിശേഷവുമായായിരുന്നു.
“ഇങ്ങോട്ടൊന്നു വന്നേ.. ദേ നൊക്ക്യേ..”
അവര്‍ കൈ ചൂണ്ടിയ സ്ഥലത്തേയ്ക്കു നോക്കിയ നായര്‍ കിടുങ്ങി പൊയി.

ഒരാള്‍ടെ നീളമുള്ള ഒത്തൊരു കരിമൂര്‍ഖനെ കൊന്നു മലര്‍ത്തിയിട്ടിരിക്കുന്നു!
കടിച്ചു കീറിയിരിക്കുകയാണു. പത്തിയില്‍ തന്നെയാനു കടി.
സ്നേഹാധിക്യത്താല്‍ വികാരാധീനനായി, കൈകള്‍ നെഞ്ചില്‍ ചെര്‍ത്തു വച്ച് ചുറ്റും പരതി നോക്കി 
രാമന്‍ നായര്‍ ഉറക്കെ വിളിച്ചു..

"കൈസറേ.."

പറമ്പിന്റെ അതിരുകളും കടന്നുപോയ ആ വിളി മറുപടി ലഭിക്കാതെ കാറ്റില്‍ അലിഞ്ഞില്ലാതായി...................................................................................................
അടുത്ത ഭാഗത്തിനു വേണ്ടി ഏതാനും ദിവസം കാത്തിരിക്കുക.