Thursday, January 28, 2016

പലരിൽ ചിലർ 2


ചെറിയ ക്ലാസ്സുകളിലെ സഹപാഠി എന്നതിൽ കവിഞ്ഞ് ഒരു പരിഗണനയും ഞാനവൾക്ക് നല്കിയിരുന്നില്ല. വീട്ടുകാർ തമ്മിലും അവളുടെ അനിയനും ഞാനും തമ്മിലും നല്ല ബന്ധമുണ്ടായിട്ടും കണ്ടാൽ ചിരിക്കാൻ പോലും ചെറിയ മടി കാണിക്കുന്ന ഒരകലം എന്നും ഞങ്ങൾ കാത്തുസൂക്ഷിച്ചു. ഉൾവലിഞ്ഞ സ്വഭാവമുള്ള ഒരു കുട്ടി. യാതൊരു കാര്യത്തിലും തന്റെ സാന്നിദ്ധ്യം നിർബന്ധമെല്ലെന്ന പോലെയാണ്  അവൾ നടന്നിരുന്നത്. ഏതെങ്കിലും കല്യാണത്തിനോ മറ്റോ പഴയ കൂട്ടുകാരെ കാണുന്ന വേളയിൽ പോലും വളരെ ഔപചാരികമായ വിശേഷം കൈമാറലിൽ ഞങ്ങൾ സംതൃപ്തരായി.

കാലം കടന്നു പോയതിനൊപ്പം അവൾ കല്യാണം കഴിച്ചു, ജോലിക്കു പോയി, കുട്ടികളെ വളര്ത്തി. വല്ലപ്പോഴും നേരിൽ കാണുമ്പോഴത്തെ പല്ല് കാണിക്കാത്ത ചിരിയിൽ ഒതുങ്ങി ഞങ്ങൾ. തമ്മിൽ വല്യ താല്പര്യമില്ലാത്ത ആളായതുകൊണ്ട് അങ്ങോട്ടു ഇടിച്ചു കയറുക എന്ന സ്വഭാവം പലപ്പോഴും ഒഴിവാക്കേം ചെയ്തു. 

ഇടയ്ക്കെപ്പോഴോ അറിഞ്ഞു, അവൾക്ക് കാൻസറാണെന്ന്. 'അയ്യോ' എന്ന് മനസ്സില് വിചാരിക്കേം ചെയ്തു. സഹതാപം പ്രകടിപ്പിക്കുക എന്ന ശീലം ഇല്ലാത്തതുകൊണ്ട് അതൊന്നും അഭിനയിക്കാതെ അടുത്ത തവണ കണ്ടപ്പോൾ നല്ലൊരു ചിരി ചിരിച്ചു.മറുപടിയായി ഒരു ചിരി കിട്ടി. 

പിന്നീട് പലപ്പോഴും കാണുമ്പൊ സംസാരിക്കാനോ ചിരിക്കാനോ മന:പൂര്വ്വം ശ്രമിക്കേം ചെയ്തു. അയ്യോ പാവം നോട്ടങ്ങൾക്കിടയിൽ അങ്ങിനെ ഒരു ഭാവം തരിമ്പു പോലും കടന്നു വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു.

കീമോയൊക്കെ കഴിഞ്ഞു മുടി പോയി കുറച്ചു നാൾ തല മറച്ചു നടന്ന നാളുകളിലെപ്പോളൊ ചുമ്മാ വീട്ടു വിശേഷങ്ങൾ കൈ മാറി. 
ഔപചാരികതയുടെ ഒരു മുഖവുരയുമില്ലാതെ ഞാൻ പറഞ്ഞു., 
"നീ മതം മാറിയോന്ന് നാട്ടുകാര്ക്ക് സംശയം ഉണ്ട് ട്ടാ." 
"ങേ.. എന്ത് പറ്റി?"
"അല്ല ഈ തലയില് തട്ടമൊക്കെ ഇട്ടു നടക്കുന്നതു കണ്ടപ്പോ.".
"ഹ ഹ.. അങ്ങിനെ."
"എന്തായാലും നിനക്ക് തട്ടം നന്നായി ചേരുന്നുണ്ട്." എന്നൊരു കമന്റും പറഞ്ഞു പിരിഞ്ഞു.

അസുഖവും പറഞ്ഞ് ഒതുങ്ങിക്കൂടി ചുരുണ്ടിരിക്കാൻ പോയില്ല എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു.അതെ, അസുഖത്തിനെ വളരെ പോസറ്റീവ് ആയാണ് അവൾ സമീപിക്കുന്നത്.

"എടാ, നീ എന്റെ അനിയനെ ഒന്നുപദേശിക്കണം." 
അവൾ ഒരു ദിവസം പറഞ്ഞു.  

"ഞാൻ.. ഹ ഹ. നിനക്ക് നല്ല വട്ടാണല്ലേ?"
"അങ്ങിനെയല്ല. നീയൊക്കെ പറഞ്ഞാൽ അവൻ കേൾക്കും."
"ങേ, എപ്പോ? എന്ന് തൊട്ട്?"
"കളിക്ക് പറഞ്ഞതല്ലടാ.. നിന്നോട്  അവനൊരു വീരാരാധന ഉണ്ട്."
"അത് മുമ്പല്ലെടീ.. ഞാനിപ്പോ തല്ലുകൊള്ളിത്തരം ഒക്കെ നിര്ത്തിയില്ലേ?"
"ഉവ്വ. നിന്നെ ചില്ല് കൂട്ടില് വച്ചിട്ടാണ് അടുത്ത പെരുന്നാൾ.. നിനക്ക് പറയാൻ പറ്റുവോ?" 

എനിക്ക് ചിരി വന്നു. ഇവള്ക്ക് ഇത്രേം സെന്സ് ഓഫ് ഹ്യൂമറൊക്കെ?!!

"ഡീ.. നിനക്ക് അസുഖം വന്നത് ഒരു കണക്കിന് നന്നായി."
"ങേ, അത് ഭയങ്കര കൊമ്പ്ലിമെന്റായല്ലോ.. എന്താ അങ്ങിനെ തോന്നാൻ?"
"നിനക്ക് നിന്റെ മാറ്റം അറിയാൻ വഴിയില്ല, പക്ഷേ, എനിക്ക് നിന്റെ ആറ്റിട്ട്യൂഡ് ഭയങ്കര പോസട്ടീവായി ഫീൽ ചെയ്യുന്നുണ്ട്."

ഇപ്പോ മുടിയൊക്കെ ഇത്തിരി വല്തായി 'ബോ'യൊക്കെ വച്ചു ബോബ് ചെയ്ത ചുള്ളത്തികൾടെ പോലെയായി.

ഇന്നാളു കണ്ടപ്പോ മോൻ കൂടെയുണ്ട്. 
"എവിടെന്നാ?"
"ചുമ്മാ.. 
അല്ലേ നിന്നോടു മാത്രം പറയാം.
ഞാനും മോനും കൂടെ ഷോപ്പിങ്ങിനു പോവാന്ന് പറഞ്ഞ് വീട്ടിലറിയാതെ സിനിമയ്ക്ക് പോയി വര്വാ.."
ഞാൻ ചിരിച്ചു.
അവളും.

ആ ചിരിയങ്ങു തുടര്ന്നു പോകട്ടെ.

Thursday, January 21, 2016

പലരിൽ ചിലർ - 1

ചടുലമായ ചെറുപ്പത്തിന്റെ കൂലംകുത്തിയോഴുക്കിനിടയിലാണ് ഞാൻ അവനെ നേരിട്ടു പരിചയപ്പെട്ടത്‌. അതിനു മുമ്പ് പലപ്പോഴും തലങ്ങും വിലങ്ങുമുള്ള പാച്ചിലുകൾക്കിടയിൽ ഞാനവനെ കണ്ടിട്ടുണ്ട്. തല്ക്കാലം അവനെ x എന്ന് വിളിക്കാം. 

ഷെയറിട്ടൊരു കുപ്പി അടിക്കുന്നതിനിടയിൽ ആയിരുന്നു ഈ നേരിട്ടു പരിചയപ്പെടൽ. പിരിച്ചെടുത്ത കാശ് ഡീൽ ചെയ്യേണ്ട ആൾ ഞാനായതുകൊണ്ട് വളരെ കരുതലോടെ, ഓർഡർ  ചെയ്യുന്ന സംഭവങ്ങൾ കണക്കു കൂട്ടുകയായിരുന്നു ഞാൻ,
"എത്രയായി നിങ്ങടെ ബില്ല്?" റൂമിലേയ്ക്കു കടന്നു വന്നുകൊണ്ട് അവൻ ചോദിച്ചു.
"ങേ? എന്തിനാ?"
"അത് ഞാൻ കൊടുത്തോളാം."
"ഏയ്‌.. അതൊന്നും വേണ്ട. "
"ഓ.. അപ്ലയ്ക്കും സീരിയസായി. നീ പറയടപ്പാ."
മനസില്ലാ മനസോടെ ഞാൻ തുക പറഞ്ഞു. 120 രൂപയ്ക്കൊക്കെ എംസി ഫുൾ കിട്ടുന്ന കാലമാണ്. പക്ഷേ ജോലീം കൂലീം ഇല്ലാത്ത ഞങ്ങക്ക് അതന്നു വലിയ തുകയാണ്.
"അപ്പൊ നിങ്ങ കഴി. ഇത് വരെ ഉള്ള ബില്ല് ഞാൻ കൊടുത്തിട്ടു പോകുന്നുണ്ടേ.. അപ്രത്തെ റൂമില് നമ്മടെ പിള്ളേരാണോ? ഓപ്പോസിറ്റ് റൂമില് നമ്മടെ ഗെടികളാ അവർടെ ഞാൻ കൊടുത്തിട്ടുണ്ടേ" 
"അപ്രത്ത് നമ്മുടെ ടീമാ."
"പറഞ്ഞത് നന്നായി. ഇനി എത്തിച്ചു നോക്കി പ്രശ്നം ഉണ്ടാക്കണ്ടല്ലോ."
അന്തം വിട്ടിരുന്ന എന്നെ നോക്കി ചിരിച്ച് x പോയി.

"അവനു പുതിയ ലോഡിന്റെ കാശ് കിട്ടിക്കാണും."
"ലോഡോ?"
"ആ. ഗോതുരുത്തുന്ന് ലോഡായിട്ട് ചാരായം ഇറക്കി സപ്ലെ ചെയ്യുന്ന ഹോൾസെയിലറാടാ അവൻ."
"അത് ശരി".

പിന്നീടു ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. 

ഒരുപാടു കേസുകളുണ്ട് സ്വന്തം പേരില്. അന്വേഷിച്ചപ്പോൾ സ്വന്തം കാര്യത്തിനു വേണ്ടി ഉണ്ടാക്കിയ ഒന്നുമില്ല. എല്ലാം കൂട്ടുകാര്ക്ക് വേണ്ടിയാണ്. ശരിക്കും അന്വേഷിച്ചപ്പോ xനെ പലരും യൂട്ടിലൈസ് ചെയ്യുകയാണ്. ആ തന്റേടം, കയ്യിലുള്ള കാശ്. എല്ലാം
.
പിന്നെപ്പിന്നെ പലപ്പോഴും ഞങ്ങൾ ഒത്തു കൂടി. ചില പ്രശ്നങ്ങളിൽ നിന്നു "നീയെന്തിനാ അതിലേയ്ക്ക് കുത്തിക്കയറണെ?" എന്ന് പറഞ്ഞു അവനെ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

മറ്റു ചിലപ്പോൾ "എടാ.. നീ വീട്ടീ പോയേ, ഇത് കളി മാറി ടൂള്സ് വച്ചാവാൻ സാധ്യതയുണ്ട്" എന്ന് നിർബന്ധിച്ച് അവൻ എന്നെ വീട്ടിലേയ്ക്കു വിട്ടു.

ജോലിയൊക്കെയായി ഞാൻ പണിയില്ലാത്ത റ്റീമിനെടേന്നു മിഡിൽ സ്കൂട്ടായി.എങ്കിലും വല്ലപ്പോഴും എല്ലാവരേയും കാണാനും സംസാരിക്കാനും കൂടാനും സമയം കണ്ടെത്തി.

ഒരു ദിവസം രാത്രി ടൌണിൽ വച്ച് കാണുമ്പോ നല്ല പിമ്പിരിയായി X നില്പ്പുണ്ട്. 
"ഡാ.. നീ ഒരു കാര്യം കണ്ടാ?"
"എന്ത് കാര്യം?"
"എന്റെ കൂടെ വല്ല ഡാഷുകളും ഉണ്ടോന്നു നോക്ക്യേ?"
"ഒരു ഡാഷ് ഉണ്ടല്ലോ, ഞാൻ."
"പോടാ. കാശില്ലേങ്കി കൂട്ട് വേണ്ടാത്തവരെ ഉള്ളൂ."
"ഞാനും അങ്ങിനെ തന്ന്യാ. നിന്റെ കയ്യീ കാശുണ്ടാ?" ഞാൻ തമാശ പറഞ്ഞു.
"പോടാ.. പോടാ എന്നൊട് കാശ് വച്ച് അളക്കാത്ത ഒരാള് നീയാ. നിനക്ക് ഞാൻ എന്തൂട്ടാ ചെയ്തു തരണ്ടേ?"
"എനിക്ക് എന്ത് ചെയ്യാൻ?"
"കാശ് ചോദിക്കരുത്. ടൈറ്റാ. അഞ്ചാറു കേസ് കാശ് കൊടുത്തു ഒതുക്കി. മറ്റേ പരിപാടി നിർത്തി. അതോണ്ട് കാശില്ല. നിനക്ക് ദേഷ്യമുള്ള ആരെങ്കിലും ഉണ്ടാ? ഞാൻ ഡീൽ ചെയ്യാം."
"എന്റെ പോന്നു ഗെഡീ.. വേണ്ടേയ്. എനിക്ക് എന്നോടു തന്നെ ഇത്തിരീശെ ദേഷ്യം ഉണ്ടെന്നല്ലാതെ."

വേറൊരു ദിവസം എന്നോടു പറഞ്ഞു.
"ഡാ, നാളെ എന്റെ കൂടെ കളക്റ്റരേറ്റ് വരെ വരണം."
"എന്തിനു?"
"നീ വാ. അവര് പറയണത് മനസിലാക്കാൻ പറ്റണ ഒരു ആളു വേണ്ടേ."
"എന്നെ പിടിച്ചു അകത്തിട്വോ?"
"ഉവ്വടാ. അത് ഞാൻ ജീവിച്ചിരിക്കുമ്പോ.."
"ഏയ്‌.. ഞാൻ തമാശ പറഞ്ഞതാ."
പോയി.
ഒരു വെൽഫെയർ ഓഫീസർ ഉണ്ട്. ലേഡിയാ. ഐപിഎസ് ഒക്കെ ആണ്.
കുറച്ചു ഉപദേശം.
"തനിക്കു നല്ല ആരോഗ്യം ഒക്കെ ഉണ്ടല്ലോ ജോലി വല്ലതും ചെയ്യരുതോ?"
"ഒരു കൊല്ലം കൂടി കഴിഞ്ഞു ചെയ്യാം സാറേ."
"അതെന്താ ഒരു കൊല്ലം?"
"രണ്ടു കൊല്ലം മുമ്പ് ദേ ഈ വയറിന്റെ താഴെയായി ഒരു കുത്ത് കിട്ടിയിരുന്നു. പത്തു മുപ്പതു തുന്നലിട്ടു. കൊടലു ചെര്തായിട്ടു പുറത്ത് വന്നു. മൂന്നു കൊല്ലം കഴിഞ്ഞു കനപ്പെട്ട പണിയെടുത്തോളാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്."
"ഇയാൾ കനമില്ലാത്ത പണി എടുത്താ മതി."
"ഉവ്വ്."
ഇറങ്ങി.
മാസത്തിൽ ഒരിക്കൽ എസ്പി ഓഫീസിൽ പോയി ഒപ്പിടാനും മാത്രം വളര്ന്ന ജില്ലാ റൗഡി ലിസ്റ്റിലുള്ള ഒരുത്തനാണ് x എന്ന് ഞാൻ അന്ന് മനസിലാക്കി.

കാലം കടന്നു പോയിക്കൊണ്ടിരുന്നു.
ഇടയ്ക്കു കാണുമ്പോ വര്ത്താനം പറയും.
"കുറെ ഒതുങ്ങീടാ. ഇനി ഒരു നാലെണ്ണം കൂടി." 

ഒരിക്കൽ ഒരു അപകടക്കേസിൽ സാക്ഷി പറയാൻ പോയപ്പോൾ റിമാൻഡ് പ്രതികൾക്കിടയിൽ x .

"അവസാനിക്കാത്ത ഒരെണ്ണത്തിന്റെ പണിയാ." എന്ന് പറഞ്ഞു അവന്റെ ഹാജര് പറഞ്ഞു പോയി. 

എന്റെ കല്യാണം കഴിഞ്ഞ്  ഭാര്യവീട്ടീ പോവുമ്പോ വഴിയിൽ  വച്ച് കണ്ടപ്പോൾ ഞാൻ വണ്ടി നിർത്തി ആളെ ഒന്ന് പരിചയപ്പെടുത്തി. 
ഇടയിൽ ചോദിച്ചു.
"എന്തായീടാ മറ്റേ കാര്യം?"
"അത് തീര്ന്നു. ഇപ്പൊ ഒന്നും നിലവിലില്ല."
"എങ്ങിനെ? കാശ് കൊടുത്തോ?"
"അത് കാശ് ഉള്ളത് കൊടുക്കാംന്നു പറഞ്ഞിട്ടും തീരാത്ത കേസല്ലേ. അവസാനം ഞാൻ പോയി പറഞ്ഞു, എന്റേൽ ഇതേ ഉള്ളൂ. ഇനി നിനക്കെന്നെ ജയിലിൽ തള്ളിയേ മത്യാവുള്ളൂന്ന്വേച്ചാ വെല്ലോനു വേണ്ടിയല്ല, എനിക്ക് വേണ്ടി ഞാനൊന്നുകൂടി ഇറങ്ങും. സംഭവം കോമ്പ്രമൈസായി.
വേറെ വഴിയില്ലാര്ന്നു."
"എന്തേലുമാവട്ടെ, നല്ല കാര്യം."
"ഇനി എന്താ പരിപാടി."
"ഒരു ചെറിയ ലോൺ ഒക്കെ ശര്യാക്കീണ്ട്. ചെറിയ ഒരു വ്യവസായം തുടങ്ങണം."
"ആൾ ദി ബെസ്റ്റ്."

"ദൈവമേ, ഇത് ആ x ന്നു പറയുന്ന ആളല്ലെ?" ഭാര്യ ചോദിച്ചു.
"അതെ."
"ഇവരോക്ക്യായിട്ടാ കമ്പനി?"
ഹ ഹ.. ഞാൻ ചിരിച്ചു. 

ഇടയിൽ അവന്റെ കല്യാണം കഴിഞ്ഞതറിഞ്ഞു.
പിന്നേം ഇടയ്ക്കു കാണും. വിശേഷങ്ങൾ പറയും. യൂനിറ്റ് കുഴപ്പമില്ലാതെ പോകുന്നു. 

ഒരു ദിവസം ഭാര്യ വന്നു പറഞ്ഞു.
"മോന് സുഖമില്ലാതെ ആശുപത്രീ പോയപ്പോ x വന്നേക്കുന്നു. എന്ത് പറ്റി എന്നൊക്കെ ചോദിച്ച്. എനിക്കാകെ പേട്യായി. പെട്ടെന്ന് തന്നെ എല്ലാ കാര്യങ്ങളും ശര്യാക്കി, ഓട്ടോ വിളിച്ചു തന്നിട്ടാ പോയത്."

"നീ പേടിക്ക്യൊന്നും വേണ്ട. വെറ്തെ ചിരിച്ച് അങ്ങോട്ട്‌ തിരിഞ്ഞു മുറുമുറുക്കണ ആൾക്കാരേക്കാൾ നൂറിരട്ടി നല്ലതാ അവനൊക്കെ."

യൂനിറ്റ് പച്ച പിടിച്ചു എന്നും വീട് വയ്ക്കുന്നു എന്നും ഒക്കെ ഇടയ്ക്ക് കാണുമ്പോ അറിഞ്ഞു.

കഴിഞ്ഞ കൊല്ലം ഒരു സന്ധ്യയ്ക്ക് അപ്പനേം കൊണ്ട് ഒരു വീടന്വേഷിച്ചു  പോകുമ്പോ എതിരെ x.
"വണ്ടി ചവിട്ട്, വീട് അയാളോട് ചോദിക്കാം" എന്ന് പറഞ്ഞു അപ്പൻ
.
അപ്പൻ വീട് ചോദിച്ചപ്പോ അവൻ അപ്പന്റെ സൈഡീന്നു എന്റെ അടുത്തേയ്ക്ക് വന്നു. വീട് പറഞ്ഞു തന്നു. 
"ഞാൻ രണ്ടെണ്ണം വിട്ടണ്ട്രാ. അതാ ഇപ്രത്തേയ്ക്കു വന്നത്." എന്നോടു സ്വകാര്യം പറഞ്ഞു.

ഞാൻ ചിരിച്ചു.

"അത് x  അല്ലെ?" വണ്ടിയെടുത്തപ്പോ അപ്പൻ ചോദിച്ചു.
"അതെ."
"അവന്റെ പരിപാടിയൊക്കെ നന്നായി പോകുന്നുണ്ട് എന്നാ കേട്ടത്. എന്തായാലും തല്ലുകൊള്ളിത്തരം കൊണ്ട് നടന്നിട്ടു ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നൊരു ചുരുക്കാ. അതിലവന് മാര്ക്ക് കൊടുക്കണം."
"അവൻ രണ്ടെണ്ണം അടിച്ചിട്ടുണ്ടായിരുന്നു. അതാ എന്റെ അടുത്തേയ്ക്കു മാറീത്." ഞാൻ പറഞ്ഞു.
"എനിക്ക് മനസിലായി. ആള്ക്കാരെ അറിഞ്ഞു പെരുമാറാനുള്ള വിവേചനം ഉണ്ടല്ലോ. 
നന്നാവും."

അപ്പന്റെ കയ്യീന്ന് കോമ്പ്ലിമെന്റ്. ഞാൻ മനസ്സില് ചിരിച്ചു.

കഴിഞ്ഞ മാസം ടൗണിൽ വച്ച് കണ്ടപ്പോൾ അവന്റെ ബൈക്കിനു പുറകിൽ ഒരു ചങ്ങാതി ഉണ്ട്. അയാളെ എന്നെ പരിചയപ്പെടുത്തി. തിരിച്ചു എന്നെയും.

"ഇതെന്റെ പഴേ ഒരു ഗെട്യാ.
ഇപ്പഴും അങ്ങന്യന്ന്യാ ട്ടോ.
പണ്ടത്തെ ഗെടികളിൽ ഇപ്പഴും കാണെം വര്ത്താനം പറയേം ഒക്കെ ചെയ്യണ ഒരാള് ഇവനാ..
പക്ഷേ, ഈ തെണ്ടി എന്നെ ഇവന്റെ കല്യാണം വിളിച്ചില്ലെടാ..
എനിക്ക് അന്ന് ഭയങ്കര വിഷമായി.
പകരം ഞാനെന്തു ചെയ്തു, എന്റെ കല്യാണം ഇവനേം വിളിച്ചില്ല.
അങ്ങനെ വിട്ടാ പറ്റില്ലല്ലോ."

ഞാൻ ഒരു ഉണ്ടാക്കിച്ചിരി ചിരിച്ചു വിട്ടെങ്കിലും ഉള്ളിൽ ചളുങ്ങിപ്പോയി.കല്യാണത്തിനു വിളിക്കേണ്ടവരിലെ ലിസ്റ്റിൽ x എന്ന പേര് ഓർത്തില്ലായിരുന്നു. ഇത്ര വര്ഷം കഴിഞ്ഞിട്ടും അവനതു ഓര്മ്മ വയ്ക്കണമെങ്കിൽ.. അവന്റെ കല്യാണത്തിനു എന്നെ വിളിക്കാഞ്ഞതിനെക്കുരിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടേ ഇല്ല.
അവന്റെ മനസിൽ എനിക്കുള്ള സ്ഥാനം ഞാനവനു തിരിച്ചു കൊടുത്തിട്ടില്ലല്ലോ എന്നാലോചിച്ച് ഇപ്പഴും ചെറിയൊരു നൊമ്പരം. എത്രയോ പേരുണ്ടാവും, നമ്മൾ ഇഷ്ടപ്പെടുന്നതിനെക്കാൾ എത്രയോ മടങ്ങ് നമ്മളെ ഇഷ്ടപ്പെടുന്നവർ.

Saturday, January 2, 2016

കൂടോഴിയാത്ത കിളിമൊഴികൾ

ഒരു പെറ്റ് വേണമെന്നും അതൊരു പക്ഷിയായാൽ നന്നാവും എന്നും എനിക്ക് തോന്നി തുടങ്ങിയിട്ട് കുറെ നാളായിരുന്നു. അമ്മയുടെ മിന്നു പറന്നുപോയതോടെ ആ ആഗ്രഹം കലശലായി. അങ്ങിനെ നേരത്തേ ബുക്ക് ചെയ്ത്, നാലഞ്ചുമാസം കാത്തിരുന്ന് 2013 ഫെബ്രുവരി 8 ന് കയ്യീ കിട്ടുമ്പോൾ അതിനു തൂവൽ വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. തീരെ ചെറുതിനെ വേണം എന്ന് എനിക്ക് ആഗ്രഹവും ഉണ്ടായിരുന്നു.

റാഗി കുറുക്കിയതും ഗ്ലൂക്കോസും ഫില്ലർകൊണ്ട് കൊടുത്തും പതിയെ പഴവും കുതിർത്ത  കടലയും തീറ്റിച്ചും അവനെ ഒരു മിടുക്കനാക്കി. ഒരു പ്ലാസ്റ്റിക് ബാസ്കറ്റായിരുന്നു ആദ്യം അവന്റെ കൂട്. പതിയെ മക്കളായി കെയർ റ്റേക്കർമാർ. ചിർ ചിർ .. ന്നുള്ള ശബ്ദമുണ്ടാക്കി അത് മക്കളുടെ കയ്യീന്ന് ഇറങ്ങാണ്ട് നടന്നു. റിയോ എന്ന കാര്ട്ടൂണ്‍ സിനിമ കണ്ടതിന്റെ ഹാങ്ങ് ഓവറിൽ അവർ അതിനു റിയോ എന്ന് പേരിട്ടു.

പിള്ളേർക്ക് വാങ്ങിക്കേണ്ടി വന്നിട്ടില്ലെങ്കിലും സെരിലാക്കും നവധാന്യപ്പൊടിയുമൊക്കെ വാങ്ങിക്കുന്നത് കണ്ട് കൂട്ടുകാര് കളിയാക്കി, അതെ, ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തന്നെ ആയിരുന്നു എനിക്ക് റിയോ. ഫില്ലരീന്നും സ്പൂണിൽനിന്നുമുള്ള തീറ്റ മതിയാക്കി ഇഷ്ടൻ എന്റെ കയ്യീന്ന് കിട്ടിയാലേ തിന്നൂ എന്നായി. കടി കിട്ടുമോ എന്ന പേടി കാരണം വേറെ ആരും ആ സാഹസത്തിനു മുതിര്ന്നുമില്ല.

വളര്ച്ചയുടെ കാലയളവിൽ  റിയോയുടെ ശബ്ദം മാറി. ഭക്ഷണം കഴിഞ്ഞ് ചിറകുകൾ ആഞ്ഞു വീശി വ്യായാമം ചെയ്തു. ഇടയ്ക്കിത്തിരി പറക്കാൻ ശ്രമിച്ചു. പറക്കാൻ നോക്കി മൂക്കും (സോറി കൊക്ക്!) കുത്തി വീഴുന്നതൊക്കെ നല്ല കാഴ്ചയായിരുന്നു.

പ്ലസ്റ്റിക് കൂട് റിയോക്കിഷ്ടമുള്ളപ്പോൾ തള്ളിത്തുറക്കും എന്ന അവസ്ഥ വന്നപ്പോൾ ആളെ ഇരുമ്പുകൂട്ടിലേയ്ക്കു മാറ്റി. ആളുള്ളപ്പോൾ പുറത്ത്. അല്ലാത്തപ്പോൾ അകത്ത് എന്ന മട്ടിലായിരുന്നു പിന്നീട്. പൂച്ചപ്പേടി  തന്നെ കാരണം.

പകൽ വർക്കിംഗ് ഏരിയയിലും രാത്രി ഡൈനിംഗ് റൂമിലുമായി റിയോയുടെ കൂടു ഷിഫ്റ്റ്‌ ചെയ്യപ്പെട്ടു. നാടൻ തത്തകളുടെ തനതായ ശബ്ദമല്ല ഇവയ്ക്ക്. അസാമാന്യ ഫ്രീക്വന്സിയിലുള്ള ശബ്ദം ഒരുപാടകലേയ്ക്ക്‌ കേള്ക്കാം.

പതിയെ, ചോറും പാലും മറ്റു ധാന്യങ്ങളും തിന്നു തുടങ്ങി. എന്റെ ഭക്ഷണം കൊടുക്കൽ രാവിലെ മാത്രമായി ചുരുങ്ങി. ബാക്കി അപ്പനും അമ്മയും ഏറ്റെടുത്തു. 'തത്തമ്മേ പൂച്ച പൂച്ച' എന്ന സ്ഥിരം ക്ലീഷേ ദയലോഗ് തത്തയെ പഠിപ്പിക്കേണ്ട, നമുക്കിവനെ ഒരു ന്യൂ ജെൻ  ആക്കം എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങിനെ ഗുഡ് മോണിംഗ്, ഹലോ, സീയു, ഗുഡ് നൈറ്റ് എന്നിവയാണ് പഠിപ്പിച്ചു തുടങ്ങിയത്..

ഞാൻ ഇത് വരെ  പാടിക്കെട്ടിട്ടുള്ള അപ്പന്റെ ഒരേയൊരു സ്റ്റോക്ക് "കിഴക്ക് കിഴക്കൊരാനയാണ്"! എന്നേം അനിയത്തിയേം ഞങ്ങടെ പിള്ളേരേം ഒക്കെ പാടി 'കണ്ഫ്യൂഷ'നിലാക്കിയിട്ടുള്ള അതേ സംഭവം അപ്പൻ റിയോയ്ക്കു നേരെയും പ്രയോഗിച്ചു! "അവനും ഇത് സഹിക്കേണ്ടി വന്നല്ലോ" എന്ന് ഞങ്ങൾ കളിയാക്കി.

ആദ്യം അനുകരിക്കപ്പെട്ടത്‌ സ്ഥിരം വരാറുള്ള കാക്കകളുടെ  ശബ്ദമാണെങ്കിലും പിന്നീട് അമ്മയുടെ ഗുഡ് മോർണിങ്ങും പുറകെ വന്നു. കുറച്ചു നാളുകൾക്കുള്ളിൽ 'കിഴക്ക് കിഴക്കൊരാന' പാടി ഞങ്ങളെ അന്തം വിടീപ്പിക്കാൻ അവനു കഴിഞ്ഞു.

പിന്നെപ്പിന്നെ, അപ്പനായി അവന്റെ കെയര് റ്റേക്കർ. കൂടു ക്ലീൻ ചെയ്യൽ, കൂട് ശിഫട്ടിംഗ്, റിയോയ്ക്കു വേണ്ട പേരക്ക ദിവസവും കൊണ്ട് വരൽ അങ്ങിനെ അവൻ അപ്പന്റെ ലൈഫിന്റെ ഒരു ഭാഗമായി.അപ്പൻ കുറെ ഏറെ നേരം റിയോയുടെ കൂടിനരുകിൽ ചിലവഴിച്ചു. മാസങ്ങൾക്കുള്ളിൽ 
"കിഴക്ക് കിഴക്കൊരാന പൊന്നണിഞ്ഞു നിൽക്കണു 
ആലവട്ടം വെഞ്ചാമരം താലീ പീലി നെറ്റിപ്പട്ടം 
എനിക്കറിയാം എനിക്കറിയാം അമ്പിളിമാമൻ"
എന്ന് പാടാൻ റിയോയ്ക്കു കഴിഞ്ഞു.
എന്നെ അനുകരിച്ചു അവൻ ചൂളം വിളിച്ചു.
രാവിലെ മക്കളെ വിളിച്ചെഴുന്നേൽപ്പിക്കുന്ന അതേ ടോണിൽ റിയോയും മക്കളെ വിളിച്ചു. ആറു മണിയ്ക്ക് എണീറ്റ്‌ അലാം പോലെ ചിലച്ചാർത്തു. രാത്രിയിൽ മക്കൾക്കൊപ്പം കുത്തി മറിഞ്ഞു.

ഞങ്ങടെ വീട്ടിലെ ഏഴാമത്തെ അംഗമായിരുന്നു റിയോ. വീട്ടില് വരുന്നവരെല്ലാം റിയോയെ കാണാതെ പോകില്ലെന്നായി. ഫോണ് വിളിക്കുന്ന ബന്ധുക്കൾ റിയോയുടെ കാര്യം അന്വേഷിച്ചു. ഒരു ദിവസം വീട്ടീന്ന് വിട്ടു നില്ക്കേണ്ടി വന്നാൽ റിയോയെ എന്ത് ചെയ്യും എന്ന ചിന്ത ഞങ്ങളെ അലട്ടി.

റിയോയുമായി അപ്പൻ സമയം ചിലവഴിക്കുന്നതിനിടയിൽ ഞങ്ങൾ സന്തോഷിച്ചു. അസുഖം എന്ന സംഭവം ഓർമ്മിക്കാൻ പോലുമിഷ്ടമില്ലാത്ത ആള്ക്ക്, റിയോ ഒരു സന്തോഷമായിരുന്നു. അതിനിടെ കഴിഞ്ഞ ഓണത്തിനു മുമ്പ് അപ്പൻ പെട്ടെന്ന് വീക്കായി. ഒപ്പം റിയോ സംസാരം നിർത്തിയത് ഞങ്ങൾ ശ്രദ്ധിച്ചില്ല.  ഡിസന്റ്രി  പിടിപെട്ടത്‌ ആരോടും പറയാതെ രണ്ടു ദിവസം ആൾ മാനേജ് ചെയ്തു. രണ്ടാം ദിവസം വൈകീട്ടായപ്പോഴേയ്ക്കും അവസ്ഥ ആകെ മാറി. എണീറ്റിരിക്കാൻ പറ്റാത്ത വിധം അപ്പൻ തളർന്നു. ഒപ്പം റിയോ ഭക്ഷണം കഴിയ്ക്കാതായി. അപ്പനെ ആശുപത്രീ കൊണ്ടുപോയി, ഗ്ലൂക്കോസും ഒക്കെയായി രണ്ടു ദിവസം. രണ്ടു ദിവസവും റിയോയ്ക്ക് ഭക്ഷണം ഞാൻ നിര്ബന്ധിച്ചു കൊടുത്തു. മരുന്ന് കൊടുത്തു. അപ്പൻ പതിയെ റിക്കവർ ആയി. പക്ഷേ ആറാം ദിവസം രാവിലെ മരവിച്ച ശരീരവുമായി റിയോ തന്റെ കൂട്ടിൽ ചത്തു കിടന്നു.

റിയോ പോയി.

മക്കൾ കരഞ്ഞു പൊളിച്ചു. തേങ്ങലടക്കി ഞങ്ങൾ അവരെ ആശ്വസിപ്പിച്ചു. യുവത്വം ദാനം ചെയത് ജരാനരകൾ ഏറ്റുവാങ്ങിയ പുരാണ കഥ പോലെയോ പെറ്റുകൾ ഏറ്റവും പ്രിയപ്പെട്ടവരുടെ ജീവിതം തിരിച്ചു നല്കി സ്വയം മരിക്കുമെന്ന ചൈനീസ് മിത്ത് പോലെയോ ആ വേര്പാടിനെ വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം.

ഇപ്പോഴും ഒഴിഞ്ഞ കൂട് നോക്കി നെടുവീര്പ്പിട്ടുകൊണ്ട്‌ അതുവഴി പോകുമ്പോൾ എവിടെനിന്നോ ആ ശബ്ദം കേള്ക്കാം..
".. എനിക്കറിയാം.. എനിക്കറിയാം..
അമ്പിളിമാമൻ."


...............................................................................................................................................
റിയോ ഞങ്ങള്ക്ക് എന്തായിരുന്നു എന്ന് ഇതോടൊപ്പമുള്ള വീഡിയോ നോക്കിയാലറിയാം. 
https://youtu.be/w6QptVacdik