Powered By Blogger

Wednesday, December 4, 2013

ഷഷ്ഠിക്കച്ചവടം

കൊടകര എന്ന ഞങ്ങടെ നാടിന്റെ ദേശീയോത്സവമാണ്‌ ഷഷ്ഠി. ഓര്മ്മയിലെ ഷഷ്ഠി ദിവസങ്ങളിൽ കൊടകര ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെടുന്നതും പല കാര്യങ്ങളും ഓണ്‍ ദ സ്പോട്ട് തീരുമാനമാക്കുന്നതും മുന്പ് പതിവായിരുന്നു. അതിന്റെ ആവേശത്തിൽ തലേ ദിവസം വരെ പരസ്പരം പല്ലിറുമ്മി നടന്നവർ  പുറത്തുനിന്നു വന്നു ഡാവിറക്കുന്ന ഗെഡികൾക്കെതിരെ ഒന്നിച്ചണിനിരക്കുക വരെ ചെയ്യും. അന്ന് കൊടകരക്കാരൻ ആതിഥേയൻ, പരോപകാരി, കലിപ്പൻ, അലമ്പൻ, ഒത്തുതീർപ്പ് വിദഗ്ദൻ, പോലീസ്, ജഡ്ജി.. ഒക്കെ ആവും. "ഡാ.. കിട്ടീത് വാങ്ങി വിട്ടോ.. വിട്ടോ.. ഇതിന്റെ ബാക്കി പെരുന്നാളിന്, ട്ടാ.." എന്നൊരു താക്കീതോടെ ആവും മിക്കവാറും വിധി വരുന്നത്!

അപ്പൊ പറഞ്ഞു വന്നതെന്താന്നു വച്ചാൽ ഷഷ്ഠി കൊടകരയുടെ ജീവശ്വാ സമാണ്.

പൊരി, മുറുക്ക്, ചീട, ഉഴുന്നട, അലുവ (നോട് ഹൽവ .. നോട്ട് ദി പോയിന്റെ) തുടങ്ങിയവയും ഈന്തപ്പഴവും കരിമ്പും കൊണ്ട് ഓരോ ഷഷ്ഠിയും കൂടുതൽ വിഭവസമൃദ്ധമാക്കാൻ കച്ചവടക്കാർ എത്തും. താല്ക്കാലിക ചായക്കടകൾ, കൈ നോക്കിയും തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ചും ഭാവി പറയുന്ന അമ്മൂമ്മമാർ, വള, ചാന്തു, കണ്മഷി സ്ടാളുകൾ തുടങ്ങിയ പ്രസ്ഥാനങ്ങൾ റോഡിനിരുവശവും അമ്പലപ്പറമ്പിലും നിറയും. സർപ്പസുന്ദരിയും മിനി കാഴ്ചബംഗ്ലാവും മരണക്കിണറും കാണാനും യന്ത്ര  ഊഞ്ഞാലിൽ വട്ടം കറങ്ങാനും ആളുകള് ഒഴുകിയെത്തും. മരണക്കിണറിൽ വട്ടം ചുറ്റുന്ന അഭ്യാസി ഹീറോ ആവും. ഇപ്പോഴും ഒരു കൊല്ലവും മുടങ്ങാതെ ഇതൊക്കെ ആവര്ത്തിക്കും. ബാറിൽ മാത്രം പഴയ തിരക്ക് കാണില്ല. ! ഷഷ്ടി ദിവസം ഏഴു പ്രദർശനങ്ങൾ - സോറി, ഏഴു കളികൾ -എന്നെഴുതിയ സിനിമാ പോസ്റ്ററുകൾ മാത്രം കാണാതായിരിക്കുന്നു. തീയെറ്ററില്ലാതെ സിനിമ പറ്റില്ലല്ലോ. 

 "കൊടുങ്ങലൂർ ഭരണിക്ക് ഞങ്ങള് പോയപ്പോ കൊടകര നിന്നൊരു കോള് കിട്ടി" എന്നൊരു പാട്ട് ഉണ്ടാര്ന്നെങ്കിലും ഞങ്ങൾ കൊടകരക്കാർക്ക് വല്യ അഭിമാനം അതിൽ തോന്നിയിരുന്നില്ല. "അതെഴുത്യോനെ കിട്ട്യാ..." എന്ന് ആരേം മെക്കിട്ടു കയറാൻ കിട്ടാതാവുമ്പൊ പലവട്ടം പലരും പറയുന്നത് കെട്ടിട്ടുണ്ട്. കുറെ കൊല്ലങ്ങൾക്ക് ശേഷം കലാഭവൻ മണി, "വരിക്കച്ചക്കേടെ ചൊള കണക്കിന് തുടു തുടുത്തൊരു കല്യാണി.. കൊടകരയിൽ കാവടിയാടുമ്പോ കണ്ടെടീ ഞാനൊരു മിന്നായം.." എന്ന പാട്ടിലൂടെ രാജ്യാന്തര പ്രശസ്തി കൊടകരയ്ക്ക് കൊണ്ട് തന്നപ്പോ വൈശാലീൽ മഴ പെയ്ത പോലെ കൊടകരയിലെ രോമമുള്ളവർ രോമാഞ്ചവും അല്ലാത്തവർ തോലാഞ്ചവും കൊണ്ടു എന്നതാണ് സത്യം. പാട്ടിൽ കൊടകര വന്നു എന്ന് മാത്രമല്ല, കാവടിയാട്ടവും ഒപ്പം വന്നു എന്നതിലായിരുന്നു മേൽ പറഞ്ഞ 'ആഞ്ച'ങ്ങൾ. പക്ഷെ, പതിയെ പതിയെ ഷഷ്ടി 'ആഗോള ശക്തി'കൾ കീഴടക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. കൊടകരക്കാരുടെ റോൾ മാറിമാറി കാഴ്ചക്കാരോ ആസ്വാദകരൊ ആവുന്നതും ഒപ്പം കാണേണ്ടി വരുന്നു. എങ്കിലും, ഷഷ്ഠി ഞങ്ങള്ക്ക് ഷഷ്ഠിയാണ്. "ഷഷ്ഠിയ്ക്ക് ഉണ്ടാവില്ലേ?" എന്ന് പരസ്പരം ചോദിക്കാനോ, "ഷഷ്ഠിയ്ക്ക് കാണണം..ട്ടോ" എന്ന് പറയാനോ ഉള്ള ഒരു വികാരം.

ഇത്രേം ആമുഖമായി പറഞ്ഞ സ്ഥിതിയ്ക്ക് ഇരുപതു കൊല്ലങ്ങൾക്ക് മുമ്പുള്ള ഒരു ഷഷ്ഠി ഒര്മ്മിക്കാതിരിക്കാൻ വയ്യ. പതിവായി ചെയ്തു വരാറുള്ള 'പബ്ലിസിറ്റി ബ്യൂറോ' എന്ന സ്ഥിരം പരിപാടിയ്ക്ക് പകരം ഒരു ഇന്നോവേറ്റീവ് ഐഡിയ വേണം എന്ന ഉറച്ച വാശിയിലായിരുന്നു ഞങ്ങൾ. നടന്നു പരസ്യം പിടിക്കണം. അതിനു സ്ക്രിപ്റ്റ് ഉണ്ടാക്കണം, ഡബ്ബു ചെയ്യാൻ വരുന്ന ചേട്ടായിമാർക്ക് സംതിങ്ങ് കൊടുക്കണം, റെക്കോഡ് ചെയ്യണം, സ്പീക്കർ മുതൽ ആമ്പ്ലിഫയർ വരെ വാടകയ്ക്കെടുക്കണം. സ്ഥാപിക്കാനുള്ള സ്ഥലത്തിനും വാടക വേണം, എല്ലാം കഴിഞ്ഞു പോലീസ് പെര്മ്മിഷനും വേണം. ഇതൊക്കെ കഴിഞ്ഞു കാശ് ചോദിച്ചു ചെല്ലുമ്പൊ ഒരായിരം കുറ്റം പറച്ചിൽ ഉണ്ട്.
 "എന്റെ കടേരെ പരസ്യം എന്തൂട്ടാർന്നു ? പരസ്യാ അത്? മറ്റൊന്റെ പരസ്യം നിങ്ങള് നന്നായി ചെയ്തൂല്ലേ..." തുടങ്ങിയ പരാതികളും പ്രാക്കും. അവസാനം നോക്കുമ്പോൾ പത്തിരുന്നൂറ് രൂപ മാത്രം മിച്ചം ഉണ്ടാവും. ഒരു മാസത്തെ നടപ്പും സജി ഹോട്ടലീന്നും ഗരുഡയില്നിന്നും കഴിച്ച പൊറോട്ടേം ചാറും മാത്രം ഓർമ്മയിൽ സൂക്ഷിക്കാൻ ബാക്കി. ഇത്തവണ അത് പോരാ എന്ന ചിന്തകള് ഞങ്ങൾ പ്ളീനം കൂടി പങ്കു വച്ചു. ഒന്നുകിൽ കൂടുതൽ ലാഭം വേണം. അല്ലെങ്കിൽ പണി കുറയണം. 

"രണ്ടും ഒരുമിച്ചു നടക്കുന്ന ഒരു പരിപാടി ഉണ്ട്." രാജേഷ് 
"എന്ത് പരിപാടി? മുച്ചീട്ടുകളി ഇടി കിട്ടുന്ന ഏർപ്പാടാ?.. ഞാൻ ഇല്ല."
"ഓ.. കോപ്പ്. ഒരു പെട്ടീൽ എത്ര ചീട്ടുണ്ട് എന്നറിയാത്തോനാണ് മുച്ചീട്ടുകളി. ഒന്ന് പോടാപ്പാ.."
"നീ കാര്യം പറ."
"നമുക്ക് ഒരു ഹോട്ടൽ അങ്ങ് നടത്ത്യാലോ?"
"ഹോട്ടലോ!!"
"ന്നു വച്ചാ,    ഒരു ഹോട്ടൽ.... പോലെ ഒരു തട്ടുകട."
"ആഹ.. ബെസ്റ്റ്."
"എന്ത്യേ?"
"സ്ഥലം, അടുപ്പ്, സ്റ്റവ്‌.. പിന്നെ തിന്നാനല്ലാതെ ആര്ക്കറിയാം പാചകം?"
"എനിക്കറിയാം."
"അയ്യോ.. വാചകമല്ല.. പാചകം!"
"പോടാ മൈ .. മൈഗുണാപ്പാ .. ഞാൻ ബെസ്റ്റ് ആയിട്ട് ചെയ്യും."
"എന്തൂട്ട്?"
"ഓംലെറ്റ്, കൊള്ളി (കപ്പ) അതൊക്കെ ഞാൻ ഉണ്ടാക്കാം."
"അവസാനം ആൾക്കാർ പ്ലെയ്ട്ടിൽ ഓം ന്ന് എഴുതി വെയ്ക്കും."

എന്തൊക്കെ കലപില പറഞ്ഞാലും കാര്യം തീരുമാനിക്കപ്പെട്ടു.

ബിജൂന്റെ വീടിനു മുന്നില് ആണ് നിര്ദ്ദിഷ്ട സ്ഥലം. റോഡരികിലാണ്.
കപ്പ രവീടെ വീട്ടില് പുഴുങ്ങൽ & കറി വെയ്ക്കൽ.
ബീഫ് പ്രിപ്പറേഷൻ ഡേവീസിന്റെ വീട്ടിൽ.
മുട്ട വില്സേട്ടന്റെ കടേന്ന് വായ്പ്പ. 
സോഡാ അന്തോണ്യെട്ടന്റെ കടേന്ന് കടം.
ജ്യൂസ് ഷാജൂന്റെ വീട്ടില് ഉണ്ടാക്കും.
ബെഞ്ച്‌ & ഡസ്ക് പാപ്പു മാഷ്ടെ പാരലൽ കൊളെജീന്നു അട്ജസ്റ്മെന്റിൽ ഒപ്പിക്കാം.
മുകളിൽ കെട്ടാനുള്ള ടാര്പായ, വിളമ്പാനും പാചകം ചെയ്യാനുമുള്ള പാത്രങ്ങൾ എന്നിവ ഞാനും സോണിയും..

അങ്ങനെ ഹോട്ടലിന്റെ രൂപരേഖ ആയി.
ഷഷ്ടി ദിവസം വന്നു.
വൈകീട്ട് ആറു മണിക്ക് ഹോട്ടൽ ആരംഭിച്ചു. നേരം ഇരുട്ടിയിട്ടു മതി എന്ന് ചിലര്ക്ക് നിര്ബന്ധം. തട്ടുകട നടത്തി ഇത്തിരി ഗ്ളാമർ കുറഞ്ഞാലോ എന്നും ഈ റോൾ കണ്ട് വല്ല ലൈൻ കേസും അർദ്ധ വിരാമത്തിലായാലോ എന്നും ഉള്ള സംശയങ്ങളാണ് ഞങ്ങളെ ഇരുട്ടിന്റെ ആത്മാക്കൾ ആക്കിയത്.

ഉള്ളി സബോള, പച്ചമുളക് അരിയൽ നടക്കുന്നു. ചപ്പാത്തി മാവ് കുഴയ്ക്കൽ  തകൃതി. കഴുകിയ പാത്രം വീണ്ടും കഴുകുന്നു. ചൂടായ കല്ലിൽ വെള്ളം തളിച്ച് ശബ്ദം ഉണ്ടാക്കുന്നു...

ആറര..
പരിചയം ഉള്ള ചിലര് നോക്കി ചിരിച്ചു വര്ത്താനം പറഞ്ഞു പോകുന്നതല്ലാതെ ആരും കയറുന്നില്ല.

ഏഴ് .. 
"യെവടെ. ഇത് മൂ.. പോയെന്നാ തോന്നണേ. സോണി പറഞ്ഞു."
"അങ്ങനെ ഉണ്ടാവോ.. ഏയ്‌.."
മറുപടിയെന്നോണം  കസ്റ്റമേഴ്സ് വന്നു. സീനിയേഴ്സ് ആയ രണ്ടു ചേട്ടന്മാർ.
എന്താ വേണ്ടതെന്നു ചോദിക്കാൻ മത്സരിച്ച ഞങ്ങളെ തടഞ്ഞ് അവർ പറഞ്ഞു.
"ഞങ്ങക്കൊന്നും വേണ്ട. പക്ഷെ, നിങ്ങള്ക്ക് ആള് കയറണേൽ ഒരു കാര്യം പറഞ്ഞു തരാം. ചെറിയ ഒരു മറ വേണം. ഇതിപ്പോ റോഡീക്കൂടെ പോകുന്നൊരു മുഴുവൻ കഴിക്കുന്നവരെ കാണും. അതിനു ഒരു സംവിധാനം ഉണ്ടാക്കു. അപ്പൊ ആള് കേറും."
ഞങ്ങളുടെ തലയ്ക്കുമുകളിൽ ബൾബുകൾ ഒരുമിച്ചു മിന്നി.

മറ വന്നു..ആദ്യത്തെ കസ്ട്ടമരും - അപ്പുറത്ത് ബലൂണ്‍ വില്ക്കുന്ന ഒരു 'മദ്യ'വയസ്കൻ! 
ഓംലെറ്റ് ആണ് ഓർഡർ.
ഭയങ്കര പാചക വിദഗ്ദൻ എന്ന് സ്വയം അവകാശപ്പെട്ട സന്ദീപ്‌ കാര്യം ഏറ്റെടുത്തു. 
'കുടുകിടുകുടു...' എന്ന ശബ്ദത്തിൽ മുട്ടയും പച്ചമുളകും സബോളയും ഉപ്പും സ്ടീൽഗ്ളാസ്സിൽ സംയോജിക്കപ്പെട്ടു. പത്തോളം മുതലാളിമാരുടെയും ഒരേയൊരു കസ്ട്ടമരുടെയും ഉദ്വേഗം മുറ്റി നിന്ന നിമിഷങ്ങൾക്ക്  വിരാമമിട്ടുകൊണ്ട് അത് എണ്ണ തളിച്ച ചട്ടിയിൽ ഒഴിക്കപ്പെട്ടു. റോക്കറ്റ്, ലോഞ്ചിംഗ് പാഡില്നിന്നു വിട്ടുപോയ ആവേശം പങ്കു വയ്ക്കുന്ന ശാസ്ത്രജ്ഞന്മാരെപ്പോലെ ഞങ്ങൾ പരസ്പരം അഭിനന്ദിച്ചു. 

പക്ഷെ,
മറിച്ചിട്ടപ്പോൾ നിർദ്ദാക്ഷിണ്യം ചറ പറാ കീറിപ്പറിഞ്ഞുകൊണ്ട് മോസ്റ്റ്‌ അവൈടറ്റട് ഓംലെറ്റ് ഞങ്ങളുടെ ആഹ്ലാദത്തിനു സമയദൈർഘ്യം നല്കാതെ മൂക്കുകുത്തി വീണു. ആദ്യവിഭവം സപ്ളെ ചെയ്യാൻ തല്ലു കൂടിനിന്നിരുന്ന എല്ലാവരും പതിയെ വലിഞ്ഞു. എന്തായാലും സാധനം ഭയഭക്തി ബഹുമാനങ്ങളോടെ അങ്ങേർക്കു മുന്നില് അവതരിക്കപ്പെട്ടു.

"ആമ്പ്ളൈറ്റ് കൊണ്ടരാൻ പറഞ്ഞിട്ട് കൊത്തിപ്പൊരി കൊണ്ട് വച്ചെക്കണോ? കൊണ്ട് പോടാ അവടന്ന്."
"മറിച്ചിട്ടപ്പോ പോട്ടീതാ ചേട്ടാ. വേറെ എടുക്കാം."
"ഇനി എന്റെ പട്ടിക്ക് വേണം." അയാള് പിറ് പിറുത്തുകൊണ്ട് ഇറങ്ങി നടന്നു.
ആദ്യത്തെ കച്ചോടം തന്നെ അലമ്പായല്ലൊ എന്ന ചിന്തയിൽ ഞങ്ങൾ ഹതാശരായി.
"അയാൾക്ക്‌ യോഗല്യ.. ഷെയ്പ്പില്ലെങ്കിലും  പെടപ്പൻ സാധനാര്ന്നു.." 
സന്ദീപ്‌ തീറ്റ തുടങ്ങി. എല്ലാവരും ചാടി വീണു നേരത്തെ തന്നെ അവശയായ ആ പാവം ഓംലെറ്റിനെ പിച്ചിച്ചീന്തി. 

പതിയെ ഓരോരുത്തരായി കസ്റ്റമേഴ്സ് കടയിൽ വന്നു തുടങ്ങി. ആദ്യത്തെ  ചപ്പാത്തികൾ വിവിധ രാജ്യങ്ങളുടെ ഭൂപടം പോലെ ഇരുന്നെങ്കിലും പിന്നീട് പെര്ഫെക്റ്റ് ആയി. സന്ദീപ്‌, ഓംലെറ്റ് ഉണ്ടാക്കുന്നതിൽ എക്സ്പര്ട്ടായി. മെയിൻ ചെഫ്‌ ബിജു അളന്നിട്ട കറിയുടെ കൂടെ രണ്ടു കഷണം ഞാനും പിന്നേം രണ്ടു കഷണം രവിയും ആഡ് ചെയ്തിട്ടാണ് ആദ്യ വിതരണങ്ങൾ നടന്നത്. 'ഒരു ബീഫേ പറഞ്ഞുള്ളൂ.. ഇത് കൂടുതൽ ....' എന്നു വരെ കഴിക്കാൻ വന്നവരെക്കൊണ്ട്‌ പറയിച്ചതോടെ  ക്വാണ്ടിറ്റി കണ്ട്രോൾ വകുപ്പ് ഇടപെട്ടു. പത്തര ആയപ്പോ ബീഫ് കഴിയാറായി. കപ്പേം കാലിയാവാൻ തുടങ്ങുന്നു. മുട്ട കടം വാങ്ങാൻ അന്വേഷിച്ചു പോയെങ്കിലും നിരാശയോടെ തിരിച്ചു വരേണ്ടി വന്നു. ബാക്കി വന്ന ബീഫിൽ ചൂടുവെള്ളം ഒഴിച്ച് ചാറാക്കി, പിന്നെ അതായി സപ്ളെ. ജ്യൂസ് കുടിക്കുന്നവർ വളരെ വിരളം. ആ സംഭവം എന്തോരം പ്രമോട്ട് ചെയ്തിട്ടും ആരും വാങ്ങുന്നില്ല. ഇടയ്ക്ക് ചില ടീംസ് സോഡാ കാര്യമായി വാങ്ങിക്കുന്നത് കണ്ടപ്പോളാണ് ഞങ്ങളുടെ 'മള്ട്ടി ക്യുസിൻ റെ സ്റൊരന്റ്റ്' ഒരു ബാറും ആയി മാറിയെന്നു മനസിലാക്കിയത്. 

ഇടയ്കൊരു കാവടി സെറ്റിൽ ഉണ്ടായ തല്ല്, കടയെ ബാധിക്കുമെന്നായപ്പോൾ ഞങ്ങൾ കൈ കോര്ത്ത് പിടിച്ച് സംരക്ഷണവലയം തീർത്തു. കടയിൽ ഒഴിവു വന്ന മുറയ്ക്ക് മുതലാളിമാർ ഓരോരുത്തരായി ഭക്ഷണം തകർത്തു. ഇടയ്ക്കൊരു ടീം വന്നു ഭേഷായി ഫുഡ് അടിച്ചു കാശ് തരാതെ മുങ്ങി. ചപ്പാത്തിക്കല്ലീന്നു 'ശീ.....' ന്നോരോച്ച കേട്ടത് ഉറക്കം തൂങ്ങി ബിജൂന്റെ മൂക്ക് അതിൽ വന്നിരുന്നതാണെന്ന് അറിഞ്ഞ് ചിരീം കളിയാക്കലും നടന്നു.

എന്തായാലും എല്ലാവരും അവശരായി തുടങ്ങി. സാധനങ്ങളും ഏകദേശം കഴിഞ്ഞു. 
ജ്യൂസ് ഉണ്ടാക്കി വച്ച വട്ടക അതുപോലെ തന്നെ ഇരിപ്പുണ്ട്. കുറച്ചു സോഡാക്കുപ്പികൾ പൊട്ടിക്കാതെ ബാക്കി ആയിട്ടുണ്ട്‌.

ഓരോരുത്തരായി ബെഞ്ചിലും ഡസ്കിലും സൈഡായി. കണക്കുകൾ മുഴുവൻ കൈകാര്യം ചെയ്തിരുന്ന രവി മാത്രം ഉറക്കം വരാതെ ഉഴറി നടന്നു.

രാവിലെ എഴുന്നേൽക്കുമ്പോൾ കാഷ്യര് മേശയ്ക്കരികെ പേനയും പേപ്പറും ആയി രവി മാത്രം ഉറങ്ങാതെ. 
"എന്ത്യേടാ.. കണക്കു കൂട്ടി വയ്യാണ്ടായോ? കാശ് കുറെ ഉണ്ടല്ലോ."
"തീറ്റ ലാഭം എന്ന് വിചാരിച്ചാ മതി.. എൻപതു രൂപ മിച്ചം ഉണ്ട്!"
"ങേ.. പോടാ.. കയ്യിൽ ഇഷ്ടം പോലെ കാഷിരിക്കുന്നുണ്ടല്ലോ?"
"ഇതൊക്കെ കടം വാങ്ങ്യോടത്ത് കൊടുക്കണ്ടേ? ഭക്ഷണം പാചകം ചെയ്തു തന്ന വീടുകളിൽ ഒക്കെ എന്തെങ്കിലും കൊടുക്കാം എന്ന് വിചാരിച്ചതാ. ഒന്നും നടക്കില്ല. ആ ജ്യൂസിൽ ശരിക്ക് പണി കിട്ടി. അത് ചീത്തയായി പോവേം ചെയ്തു. ഓരോരുത്തരുടെം ബന്ധുക്കലേം പരിചയക്കാരേം വിളിച്ചു കയറ്റി സല്ക്കരിക്കുന്നെന് പകരം ആ ജ്യൂസ് കൊടുത്തിരുന്നെങ്കിൽ അത് കഴിഞ്ഞും പോയേനെ. ഓസിനു അടിച്ചു പോയ ഫുഡിന് പത്തു കാശും കിട്ട്യേനെ. എന്നാ അത്  ഒരു തെണ്ടിക്കും തോന്നീമില്ല. "
"അതേയോ.. ശേ. ഞാൻ വിചാരിച്ചു ഒരു പത്തഞ്ഞൂറു രൂപ ലാഭം ഉണ്ടാവും ന്നാ. പിന്നെ, മ്മക്ക് മിനിമം നൂറു മുട്ടേം കൂടി വാങ്ങാർന്നു, സാധനം  ചെലവായി പോയേനേ."
"അതിപ്പോ ആയിരം മുട്ട വാങ്ങ്യാലും കഴിഞ്ഞേനെ.. നമ്മടെ തീറ്റയാ പകുതി സാധനം തീര്ത്തത്." 

സംസാരം കേട്ടുകൊണ്ട് ഓരോരുത്തരായി ഉണര്ന്നു വന്നു.
ഡേവീസ്  എണീറ്റ പാടെ ഒരു സോഡാക്കുപ്പി എടുത്ത് ഓപ്പണർ അന്വേഷിച്ചു നടപ്പായി.
"ഹലോ, എന്താ നിന്റെ പരിപാടി?"
"എന്ത്യേ?"
"അല്ല സോഡാക്കുപ്പീം കൊണ്ട്?"
"മുഖം കഴുകാൻ.."
"നീ ആ കുപ്പി അവിടെ വച്ചേ..ദേ, ആ പാത്രത്തിൽ ജ്യൂസ് ഇരിപ്പുണ്ട്. അതോണ്ട് ആയിക്കോ നിന്റെ തിരുമോന്ത കഴുകൽ."
"മുഖം കഴുകണത് ജ്യൂസോണ്ടോ?"
"ആ.. അത് തെങ്ങിൻ കടേൽ ഒഴിച്ച് കളയാൻ പോണതാ.. സോഡാ തിരിച്ചു കൊടുത്താ അതിന്റെ കാശ് അന്തോണ്യെട്ടന് കൊടുക്കാനുള്ളതീന്നു കുറയ്ക്കാം."

ചുരുക്കത്തിൽ ഷഷ്ഠിക്കാഴ്ചകളും മിസ്സായി, ലാഭോം ഇല്ലാണ്ടായി.

ഉറക്കച്ചടവിൽ, സത്യത്തിനു മുന്നില് പകച്ചു നിന്ന് പോയ കൂട്ട് കച്ചവടക്കാരായ ഞങ്ങൾ ഒരു തീരുമാനമെടുത്തു.

ഇനി മേലാൽ ജ്യൂസ് ബാക്കി വെക്കില്ല!!

Thursday, October 31, 2013

കേരളപ്പിറവി ദിനം




കേരളപ്പിറവി ദിനം

എന്റെ കേരളം
എന്റെ അഭിമാനം 
എന്റെ......

ഹോ.. കേരളപ്പിറവിയാണല്ലോ, എങ്ങിനെ കൊണ്ടാടണം എന്ന ചിന്ത  മനസിനെ ഉഴുതു മറിച്ചു തുടങ്ങിയിട്ട് ദിവസം ഒന്ന് കഴിഞ്ഞു. ഒരു പകലും രാത്രിയും ഉണര്ന്നു ഉറങ്ങിയും ചിന്തിച്ചിട്ട് (?!)  ഒരു രക്ഷയും ഇല്ലായിരുന്നു. ശ്രേഷ്ഠഭാഷയായി മലയാളം മാറിയതിന്റെ പ്രശ്നമാണ്. സ്ഥിരം കൊസ്റ്റ്യൂമായ ജീന്സും ടീഷർട്ടും മാറ്റി മുണ്ടും ഷർട്ടും ധരിച്ചാൽ സാധാരണ കേരളപ്പിറവി ആഘോഷക്കാരനായി മാറാറുണ്ട്. പക്ഷെ, ശ്രേഷ്ടഭാഷ... അത് കൂടി ഇന്ക്ലൂഡു ചെയ്യണ്ടേ?

രാവിലെ, കിടയ്ക്ക വിട്ടെണീറ്റപ്പോളും ചിന്ത അത് തന്നെ.
ഗേറ്റിനരികീന്നു ദിനപത്രം എടുക്കാൻ നടക്കുമ്പോൾ മനസ്സിൽ പൊരിഞ്ഞ ചർച്ച. അതും ചാനൽ സ്റ്റൈലിൽ.
''മലയാളം പ്രിന്റ്‌ ചെയ്ത ടീ-ഷര്ട്ട്  ഇട്ടാലോ?''
''ഏയ്‌.. ശരിയാവില്ല ആൾക്കാർ ചിരിക്കും.''
''പിന്നെ? പിന്നെന്തു ചെയ്യും?''
''ഒന്നും ചെയ്തില്ലെങ്കിലും എന്താ പ്രശ്നം?''
''അല്ല.. എന്തെങ്കിലും ചെയ്യുന്നതല്ലേ അതിന്റെ ഒരു ബ്യൂട്ടി.''
''പിന്നെ.. ആൾക്കാരെ കാണിക്കാനല്ലേ  ഓരോന്ന് ചെയ്യുന്നത് ''

അടിയാവുന്നതിനു മുൻപ് വേറൊരു ദൃശ്യത്തിലേയ്ക്കു കട്ട് ചെയ്തു.
മുന്പിലെ റോഡിലൂടെ കേരള സാരി ധരിച്ച് ഒരു സ്ത്രീ ജോലിയ്ക്ക് പോകുന്നു. 

യൂഷ്വൽ.. 
ഓണക്കാലം, മലയാളം  മാസം ഒന്നാം തിയതി, കേരളപ്പിറവി...സ്ഥിരം കൊസ്റ്റ്യൂം.

തിരിഞ്ഞു നടക്കുമ്പോൾ മതില് കാണുന്ന മലയാളിയുടെ മോഹം ഉണര്ന്നു.
ഒരു രാത്രിയിലെ അടക്കി പിടിച്ചു വച്ച ചിന്തകള് മൂത്രമായി മതിലിൽ പെയ്തിറങ്ങി.

അതിശയം!
സിമന്റിൽ രചിക്കപ്പെട്ട ആ ആര്ട്ടിനു  'അ' എന്ന അക്ഷരത്തിന്റെ അതേ രൂപം!!
ശ്രേഷ്ഠഭാഷ - മതിൽ ഗ്രാഫിറ്റി സമന്വയം..
ആഹാ ഹ..
സൈഡിൽ നിന്ന് സെൽഫിയെടുത്ത് എഫ്‌ബിലിടണംസംഭവം വൈറൽ ആവട്ടെ.
ആവും.. ആവണം!

 

Friday, October 11, 2013

താഴേയ്ക്ക് ചൂണ്ടിയ വിരൽ.


അത് ചൂണ്ടു വിരലായിരുന്നു. 
സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ചിലപ്പോൾ വലം കയ്യുടെ, 
മറ്റു ചിലപ്പോൾ ഇടം കയ്യുടെ.

എന്നോ, എപ്പോളോ ഒരിക്കൽ തലയ്ക്കു മുകളിൽ തെളിഞ്ഞ താഴേയ്ക്ക് ചൂണ്ടിയ ചൂണ്ടു വിരലിൽ പിടിച്ചാണെത്രേ ആദ്യമായി എഴുന്നേറ്റു നിന്നത്. 
ഒറ്റയടി വച്ച് തുടങ്ങിയതും അതിൽ പിടിച്ചായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

"ഉം" എന്ന ആജ്ഞാശക്തിയുള്ള മൂളലും താഴേയ്ക്ക് ചൂണ്ടിയ വിരലിലെ പിടുത്തത്തിന്റെ ബലത്തിൽ വീഴാതെ നടന്ന വഴികളുമാണ് ഓര്ത്തെടുക്കാവുന്നത്.

വിരലിന്റെ ഉയരം മുഖത്തിനും താഴെയായ ഏതോ സമയത്ത് ആ വിരളില്നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാൻ യാതൊരു വിമുഖതയും കാണിചില്ലെനാണ് ഓർമ്മ.

വിരലിന്റെ സ്ഥാനം നോട്ടത്തിനുമോരുപാടു താഴെയായ ഒരു കാലത്ത് ആ സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്തിരുന്നു.

പിന്നീടെപ്പോഴോ താഴേയ്ക്ക് ചൂണ്ടിയ വിരലിനെ ശ്രദ്ധിക്കാതായി. 
പതിയെ മറന്നും പോയി..

ഇന്നലെ..
ചലനമറ്റ. ചുളുങ്ങിയ കൈകളിൽ കുരിശു പിടിപ്പിക്കാൻ ശ്രമിക്കുമ്പോളാണ് ആ ചൂണ്ടുവിരൽ വീണ്ടും ശ്രദ്ധിച്ചത് .
അത് ചൂണ്ടിയിരുന്നത് താഴെയ്ക്കായിരുന്നില്ല..
എന്റെ നേരെയായിരുന്നു.

Tuesday, October 1, 2013

സിമന്റു തറകൾക്ക് പറയാനുള്ളത്.

 

കാലിന്റെ പെരുവിരലിൽനിന്നു വേദന അരിച്ചു കയറുന്നു.
ഇനിയത് കാലു മുഴുവൻ വ്യാപിക്കും. കാലിനടിയിൽ കിട്ടിയ അടികളും ബൂട്സിന്റെ ചവിട്ടിക്കൂട്ടലുകളും സമ്മാനിച്ച ഈ വേദന പത്തിരുപതു വർഷമായി കൂടെയുണ്ട്. ഇത്തിരി തണുപ്പ് തുടങ്ങിയാൽ വേദന കൂടും. കാലൊന്നു തിരുമ്മി ചൂടാക്കിയാൽ ഒരാശ്വാസം കിട്ടും. അഴികൾക്കിടയിലൂടെ അരിച്ചെത്തുന്ന അരണ്ട വെളിച്ചത്തിന് പുറം തിരിഞ്ഞ് ഫൈസൽ കിടക്കുന്നുണ്ട്. അവനോടു പറഞ്ഞാലോ?
വേണ്ട. പാവം, ഇന്ന് മുഴുവൻ അടുക്കളപ്പുറകിൽ വിറകു കീറലായിരുന്നു. ക്ഷീണിച്ചുറങ്ങുകയാ.
നല്ലൊരു പയ്യൻ. ''വല്യുപ്പാ'' എന്നാണു തന്നെ വിളിക്കുന്നത്‌... ആ വിളി കേള്ക്കുമ്പോ ചങ്കു കലങ്ങും. അബുവിന്റെ ''ബാപ്പാ'' എന്ന നീട്ടിവിളിയുടെ ഈണമുണ്ട് ഫൈസലിന്റെ വല്യുപ്പാ വിളിയ്ക്ക്.

അബു.. പോലീസ് ജീപ്പിന്റെ പുറകിലൂടെയുള്ള അവന്റെ ഓട്ടവും നിലവിളിയും മാത്രമാണ് മനസ്സിൽ ബാക്കി നില്ക്കുന്ന ചിത്രം. എന്നോ ഒരിക്കൽ വാർഡൻ നീട്ടിയ ദിനപത്രത്തിലെ 'പതിനഞ്ചു വയസുകാരൻ തൂങ്ങി മരിച്ചു' എന്ന വാര്ത്തയുടെ ഓർമ്മ തുളുമ്പിച്ചിതറാൻ തുടങ്ങിയ കണ്ണൂനീർക്കണത്തിനു മുന്നിലിരുന്നു വിറച്ചു.

അശാന്തിയുടെ കടലിരമ്പുന്ന മനസും രോഗങ്ങൾ കീഴടക്കിയ ശരീരവുമായി ഇന്നും വിചാരണയ്ക്കായി കാത്തു കിടക്കുന്ന തനിക്ക് എന്താണ് മരണമെന്ന ശാന്തതയോടു ഇഷ്ടമില്ലാത്തത്? പലവട്ടം ഉണ്ടാക്കിയ തുണിക്കുരുക്കുകൾ താൻ തന്നെ അഴിച്ചു മാറ്റിയത് എന്തിനായിരുന്നു. 

ഒരു ദീർഘനിശ്വാസത്തിനോപ്പം അയാൾ നെറ്റി തടവി.അവിടെ, പ്രായം തീർത്ത ചുളിവുകൾക്ക് മുകളിൽ അപ്പോളും ആയിഷയുടെ കണ്ണീരു കലർന്ന ചുംബനമേല്പ്പിച്ച പോള്ളലിന്റെ വിങ്ങലുണ്ടായിരുന്നു.
1

Tuesday, July 23, 2013

മിസ്സായി പോയ തുപ്പുകള്‍





1997
മഴ തിമിര്‍ത്തുപെയ്യുന്ന ഒരു കര്‍ക്കിടകമാസ രാത്രി.
സമയം പതിനൊന്നര കഴിഞ്ഞു കാണും.
ദൂരദര്‍ശനില്‍ ഏതോ ഹിന്ദി പ്രോഗ്രാം നടക്കുന്നുണ്ടായിരുന്നു. സീരിയലിനോടുള്ള താല്‍പര്യത്തേക്കാള്‍ അത് കഴിഞ്ഞ് വരാനുള്ള ഏതോ ഫുട്‌ബോള്‍ മാച്ച് ഉന്നം പിടിച്ച് നെല്‍സന്‍ ടിവിയ്ക്ക് മുന്നിലിരുന്നു. അപ്പുറത്തെ മുറിയില്‍ പെങ്ങള്‍ ഇരുന്ന് പഠിക്കുന്നുണ്ട്. അപ്പനും അമ്മയും ഉറക്കം കഴിഞ്ഞു. പുറത്ത്, കനം കൂട്ടിയും കുറച്ചും മഴ സിംഫണി തീര്‍ത്തുകൊണ്ടിരുന്നു.

ഫോണ്‍ ശബ്ദിച്ചു.

ഈ നേരത്ത്.. ആരാണാവോ. എന്ന് ചിന്തിച്ച് അങ്ങോട്ട് നടക്കാന്‍ തുടങ്ങുമ്പോളേയ്ക്കും പെങ്ങള്‍ വന്ന് ഫോണെടുത്തു."ആരാ?" എന്ന അപ്പുറത്തെ മുറിയില്‍നിന്നുള്ള അന്വേഷണത്തിന്, "അതു ചേട്ടനുള്ളതാ" എന്ന് പറഞ്ഞ് നിലീന ഫോണ്‍ നീട്ടി.

"സിന്ധുവാന്ന് തോന്നണു."

നെല്‍സന്റെ ഒരുമാതിരിപ്പെട്ട ഫ്രന്‍ഡ്‌സിനെയൊക്കെ അവള്‍ക്കറിയാം.

"എന്താണാവോ പാതിരായ്ക്ക്.." എന്ന ആത്മഗതത്തോടെ നെല്‍സന്‍ ഫോണ്‍ വാങ്ങി.

"ഹലോ.."
"ഹലോ."
"എന്താ സിന്ധൂ.. ശബ്ദം ഒരുമാതിരി ഇരിക്കുന്നേ. അസുഖം വല്ലതും?"
"ഏയ്. ഒന്നൂല്ല്യ."
"പിന്നെന്താ രണ്ടെണ്ണം കീറിയോ. ഫിറ്റായിട്ട് സംസാരിക്കുന്ന പോലെ. അനൂപോ?"
"ഇവിടെ ഉണ്ട്."
"എന്താണാവോ ഈ നേരത്ത് നമ്മളെ കുത്തിയെണീപ്പിക്കാന്‍ കാരണം?"
"ഒന്നൂല്ല്യ.. എനിക്ക് നിന്റെ സ്വരം അവസാനമായിട്ട് കേക്കണം ന്ന് തോന്നി."
"അതെന്താ ഞാന്‍ നാളെ തൊട്ട് മിണ്ടില്ലേ?!"
"അതല്ല.. കേള്‍ക്കാന്‍ ഞാനുണ്ടാവില്ല."
"നീയെവിടെപ്പോണ്?"
"ഞാന്‍ മരിക്കാന്‍ പോണ്."
"എന്തൂട്ട്?"
"അതെ, ഞാന്‍ സൂയിസൈഡ് ചെയ്യാന്‍ പോവാ. മുപ്പത്തിരണ്ട് ടാബ്‌ലെറ്റ് വിഴുങ്ങി. അതു കഴിഞ്ഞപ്പോ നിന്നെ ഓര്‍മ്മ വന്നു. ആത്മഹത്യ ചെയ്തവരുടെ ഡെഡ് ബോഡിയില്‍ തുപ്പണം ന്നൊക്കെ പറയണ ആളല്ലേ. നീ വന്ന് തുപ്പുമോ എന്നറിയണമല്ലോ."
"ഡീ.. നീ ഫോണ്‍ വച്ചേ. പാതിരായ്ക്ക് കണ കുണാന്ന് പറഞ്ഞ് കളിക്കാന്‍ നിക്കാ. പോയിക്കിടന്ന് ഉറങ്ങടീ." നെല്‍സന്‍ ശബ്ദം കൂട്ടി.
"പ്ലീസ്.. ഫോണ്‍ വെയ്ക്കല്ലേ. ബോധം പോകുന്ന വരെ എനിക്ക് സംസാരിക്കണം. നിന്നോട് സംസാരിച്ചിരുന്നാല്‍ മനസിന് ഒരു സുഖാ."
"എനിയ്ക്ക് വേറെ പണീണ്ട്. മോള് പോയി ഉറങ്ങ്." അവന്‍ ഫോണ്‍ കട്ട് ചെയ്തു.

"സിന്ധു തന്നെ അല്ലേ? അനൂപേട്ടന്റെ വൈഫ്? എന്താ പ്രശ്‌നം?" നിലീന ചോദിച്ചു.
"ഏയ് പ്രശ്‌നൊന്നുല്ല്യ. അവള്‍ക്ക് വട്ട്."
"ഞാന്‍ വിചാരിച്ചു ആശുപത്രിക്കേസു വല്ലോം ആവുംന്ന്. ഞാന്‍ ഉറങ്ങാന്‍ പോവാ."
"ഓ കെ.. രാവിലെ ഞാന്‍ എണീറ്റില്ലെങ്കിലൊന്നു വിളിച്ചേക്കണേ."
"ശരി." അവള്‍ പോയി.

നെല്‍സന്‍ കണ്‍ഫ്യൂഷനിലായി.
ഇനി അവള്‍ ശരിക്കും പില്‍സെടുത്ത് കഴിച്ച് കാണുമോ?
'ഏയ്. ഇതവള്‍ നമ്പറടിച്ചതല്ലേ!' സ്വയം സമാധാനിച്ചു.

സിന്ധു നെല്‍സന്റെ കൊളീഗാണ്. അതിലുപരി അനൂപിന്റെ ഭാര്യ. അനൂപ് കോളേജ് വരെ നെല്‍സന്റെ അയല്‍വാസിയായിരുന്നു. അമ്മയ്ക്ക് സ്ഥലം മാറ്റം വന്നപ്പോള്‍ അവര്‍ സ്ഥലം വിറ്റ് നഗരത്തിനടുത്ത് താമസമാക്കി. ഇപ്പോഴും രണ്ട് കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധത്തിലാണ്. രണ്ട് വര്‍ഷം മുമ്പായിരുന്നു അനൂപിന്റേയും സിന്ധുവിന്റേയും വിവാഹം. അതും പ്രേമവിവാഹം! കുറേയേറെ പ്രശ്‌നങ്ങള്‍ ഉണ്ടണ്ടാക്കിയതിനുശേഷമായിരുന്നു അത് നടന്നത്. ഇപ്പോള്‍ ഒരു കുട്ടിയായി. സിന്ധുവിന്റെ വീട്ടുകാര്‍ ഇപ്പോഴാണ് ഒന്ന് അയഞ്ഞു വരുന്നത്. നെല്‍സന് നഗരത്തില്‍ ജോലിയായപ്പോള്‍ മുതല്‍ പഴയ ചങ്ങാതിമാര്‍ വീണ്ടും ഒന്നിച്ചു. സിന്ധു അങ്ങിനെ നെല്‍സന്റെ വീട്ടിലെ പരിചയക്കാരിയായി. എന്തിന്, 'പ്രേമിച്ച് കെട്ടുകയാണെങ്കില്‍ ഇങ്ങിനത്തെ കുട്ടികളെ വേണം കെട്ടാന്‍' എന്ന് നെല്‍സന്റെ അമ്മയെക്കൊണ്ട് പോലും പറയിച്ച മിടുക്കി.

പകുതി ടിവിയിലും പകുതി ചിന്തയിലും മുഴുകിയിരിക്കുമ്പോള്‍ വീണ്ടും ഫോണ്‍ ശബ്ദിച്ചു.
ചെന്നെടുത്തു. സിന്ധു തന്നെ.

"നിനക്ക് വേറെ ഒരു പണീമില്ലേ.." എന്ന് പറയാനാഞ്ഞ നെല്‍സനെ തളര്‍ത്തിക്കൊണ്ട് ഒരു തേങ്ങലാണ് ആദ്യം കേട്ടത്.
"പ്ലീസ്.. ഫോണ്‍ കട്ടു ചെയ്യല്ലേടാ.. പ്ലിസ് എന്തെങ്കിലും പറയ്.. എനിക്ക്.. എനിക്ക് സംസാരിച്ചുകെണ്ടിരിക്കണം, നീ പറയ്.. പ്ലിസ്... പ്ലിസ്.."
"അനൂപ് എവിടെ?" സമചിത്തത കൈവിടാതെ അവന്‍ ചോദിച്ചു.
"അവരൊക്കെ താഴ്യാ.. ഞാന്‍ മോളിലാ." ബലമില്ലാത്ത ശബ്ദത്തില്‍ മറുപടി വന്നു.
"എന്താ നിന്റെ പ്രശ്‌നം? എന്നോട് കാര്യം പറയ്."
"ന്നെ.. വേണ്ട. ആര്‍ക്കും." ഏങ്ങലിന്റെ അകമ്പടി കേട്ടു. "അപ്പോ പിന്നെ ഞാന്‍ മറ്റുള്ളവര്‍ക്ക് ഭാരമായിട്ട് എന്തിനാ."
വാക്കുകള്‍ വിക്കി വിക്കി, ആയാസപ്പെട്ടാണ് പറയുന്നത്.

"ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത്? വെറുതേ ഓരോന്ന് ചിന്തിച്ച് കൂട്ടാതെ പോയി കിടന്ന് ഉറങ്ങ്."
"ഹ്മം.. ഉറങ്ങാന്‍ പോവാ. അവസാനത്തെ ഉറക്കം."
"നീ തമാശ പറയല്ലേ, സിന്ധൂ. നമുക്ക് നാളെ രാവിലെ സംസാരിക്കാം."
"പ്ലീസ്.. ഫോണ്‍ വെയ്ക്കല്ലേ. ഞാന്‍ പറഞ്ഞതൊക്കെ സത്യാ.. ഞാന്‍, ഞാന്‍ പോവാ.. നീ എന്നേം തുപ്പ്വോ?"

അവളുടെ വാക്കുകള്‍ ഇഴഞ്ഞു തുടങ്ങി. ആ ശബ്ദത്തില്‍ മരണത്തിന്റെ മരവിപ്പ് പടരുന്നത് അവനറിഞ്ഞു.
ഇവള്‍ പറയുന്നത് സത്യമാണ്. പില്‍സ് കഴിച്ചിട്ടുണ്ട്.
ദൈവമേ.. അടിമുടിയൊരു വിറയലിനൊപ്പം നെല്‍സണ്‍ വിയര്‍ത്തു. പേടിയെന്ന വികാരം ഇലക്ട്രിക് ഷോക്ക് പോലെ അവനെ കീഴടക്കി.
ഫണം വിരിച്ചു നില്‍ക്കുന്ന ഒരു പാമ്പാണ് കയ്യിലിരിക്കുന്നതെന്ന് തോന്നിയ മാത്രയില്‍ നെല്‍സണ്‍ ഫോണ്‍ കട്ട് ചെയ്തു.
വീണ്ടും ഒന്നു കൂടി ചെവിയില്‍ വച്ചു.
സിന്ധുവിന്റെ ശബ്ദം അപ്പോഴും അതിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നു.
പതിയെ, റിസീവര്‍ എടുത്ത് മാറ്റി വച്ചു.
ഫോണ്‍ മൂടി വയ്ക്കുന്ന ഫ്‌ളാനല്‍ കൊണ്ട് റിസീവര്‍ മൂടി വച്ച് സെറ്റിയില്‍ പോയിരിക്കുമ്പോള്‍ ഹൃദയം പടപടാന്ന് ഇടിക്കുന്നത് അവന്‍ അനുഭവിച്ചു.
സിന്ധു ടാബ്‌ലെറ്റ്‌സ് കഴിച്ചിട്ടുണ്ടെന്ന് ഉറപ്പായിക്കഴിഞ്ഞു. പുറത്ത് കോരിച്ചൊരിയുന്ന മഴയുടെ തണുപ്പിലും നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടെന്നവനറിഞ്ഞു.

എന്താ ഇനി ചെയ്യാ?
സിന്ധു എന്താണാവോ പെട്ടെന്നിങ്ങനെ..
വല്ല സൗന്ദര്യപ്പിണക്കവും ഉണ്ടായിക്കാണും.
എന്നാലും ഇന്ന് ഓഫീസില്‍ കണ്ടപ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലല്ലോ..
ഈ കുരിശ് ചത്തു പോവുമോ?
മുപ്പത്തിരണ്ട് സ്‌ലീപ്പിംഗ് പില്‍സൊക്കെ തിന്നാല്‍ മരിക്കില്ലേ?
ഇവള്‍ക്കേത് നേരത്താണാവോ എന്നെ വിളിക്കാന്‍ തോന്നിയത്.. അടങ്ങാനായിട്ട്
അനൂപിനെ എങ്ങിനെ ഈ അവസ്ഥ അറിയിക്കും?
ഇത് എന്നെ പറ്റിക്കാനുള്ള കലാപരിപാടി ആണോ?
പറയാന്‍ പറ്റില്ല. അതിനും സാധ്യതയുണ്ട്.

നൂറായിരം ചോദ്യങ്ങളും ചിന്തകളും തേനീച്ചകളേപ്പോലെ തലയ്ക്ക് ചുറ്റും വട്ടം കറങ്ങി.

ടിവിയില്‍ ഫുട്‌ബോള്‍ തുടങ്ങുകയാണ്. നോട്ടം അതിലേയ്ക്കും മനസ് ചിന്താലോകത്തുമായി ഒന്നും ചെയ്യാനില്ലാത്തവനേപ്പോലെ കുറച്ചു നേരം ഇരുന്നു.

അനൂപിനെ വിളിക്കാം. അവനെടുക്കുമ്പോള്‍ സിന്ധു എവിടെയെന്ന് ചോദിക്കാം. അല്ല, എന്നെ പറ്റിക്കാനുള്ള വിളിയായിരുന്നെങ്കില്‍ രണ്ടും ചേര്‍ന്നുള്ള കളിയായിരിക്കും. എങ്കില്‍ ചെകിടത്ത് ഒന്ന് പൊട്ടിച്ചിട്ടേ നാളെ വര്‍ത്താനമുള്ളൂ.

ഫോണിനടുത്തേയ്ക്ക് നീങ്ങുമ്പോള്‍ നെല്‍സന്റെ മനസില്‍ ആത്മവിശ്വാസമായിരുന്നു.
റിസീവര്‍ മെല്ലെ ചെവിയിലേയ്‌ക്കെടുത്തു വച്ചു.

"പ്ലീസ്.. എന്തെങ്കിലും.. പ റ യ്.." എന്ന നേര്‍ത്ത ശബ്ദം അവന്റെ എല്ലാ കരുത്തിനേയും ചോര്‍ത്തിക്കളഞ്ഞു.

ഉറപ്പായി.
അര മണിക്കൂറായിട്ടും സിന്ധു വച്ചിട്ടില്ല. ശബ്ദം അബോധാവസ്ഥയിലെ സംസാരം പോലെ ആയിക്കഴിഞ്ഞു.
മരണമാണ് അവള്‍ക്കരികില്‍. അതറിയാവുന്ന മറ്റൊരാള്‍ താന്‍ മാത്രമാണ്.
എന്ത് ചെയ്യും?

കയ്യില്‍ അമ്മിക്കുഴയുടെ ഭാരമായി ഫോണിന്റെ കനം വര്‍ദ്ധിക്കുന്നത് അവനറിഞ്ഞു.
ഫോണ്‍ കട്ട് ചെയ്ത് സെറ്റിയിലേയ്ക്ക് തിരികെ നടക്കുമ്പോള്‍ അവനാകെ തളര്‍ന്നു പോയിരുന്നു.

ചിരിച്ചുല്ലസിക്കുന്ന കുഞ്ഞുവാവയുടെ മുഖവും സിന്ധുവിന്റെ പ്രസരിപ്പും അനൂപിന്റെ ശബ്ദവും മനസില്‍ തെളിഞ്ഞു.

''നെല്‍സാ, ഓഫീസിലൊന്നു കെയര്‍ ചെയ്‌തേക്കണേടാ. എന്തിലെങ്കിലും എന്‍ഗേജ്ഡ് ആക്കിയാല്‍ മതി''
''ആ കാര്യത്തില്‍ നീ പേടിക്കണ്ട. ഒരു മിനിട്ട് സമയം സിന്ധൂന് വെറുതെയിരിക്കാന്‍ കിട്ടില്ല!''

പ്രസവത്തോടെ സിന്ധു മാനസികമായി പ്രശ്‌നത്തിലായിരുന്നു. അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു ഡിസോര്‍ഡര്‍. കുറച്ചു നാള്‍ കുട്ടിയെപ്പോലും മൈന്‍ഡ് ചെയ്യാതെ ഇരുന്നു. 'കുറച്ചു കാലം കൊണ്ട് ശരിയാവും. സ്‌നേഹവും പരിചരണവും കൊടുക്കുക. ട്രൈക്ക കഴിക്കുക.' ഡോക്ടര്‍ പറഞ്ഞു. അഞ്ചാറു മാസം കഴിഞ്ഞപ്പോളേയ്ക്കും ഒരു വിധം ഓര്‍ഡറായി. ട്രൈക്ക ഡോസ് കുറച്ചു. അപ്പോളാണ് താന്‍ വര്‍ക്ക് ചെയ്യുന്ന ഓഫീസില്‍ ഒരു ജോലി ഒഴിവു വന്നതും സിന്ധുവിനെ ജോലിക്ക് ജോയിന്‍ ചെയ്യിച്ചതും.

ഓഫീസില്‍ എല്ലാവരുടേയും ഇഷ്ടപ്പട്ട സഹപ്രവര്‍ത്തകയാണ് സിന്ധു.
വീട്ടിലും ഇപ്പോള്‍ ഓകെ. ഏറ്റവും മൈല്‍ഡ് ഡോസ് മരുന്നേ കഴിക്കുന്നുള്ളൂ. അതും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ത്താം എന്ന് ഡോക്ടര്‍ പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്.
എന്നിട്ട് ഇപ്പോള്‍....

ആലോചിക്കും തോറും തല പെരുത്തു വരുന്നു.
ടിവിയില്‍ ഫുട്‌ബോള്‍ ഇടവേളയിലാണ്.
സമയം നോക്കി. ഒന്നരയാവുന്നു.
ഫോണ്‍ വീണ്ടുമെടുത്ത് നോക്കി. കട്ട് ചെയ്തിട്ടില്ല. അപ്പുറത്ത് ഇടയ്‌ക്കോരോ ഞരക്കം കേള്‍ക്കാം.
എന്തു ചെയ്യും?
എന്തു ചെയ്യണം?

അനൂപിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്ന ആരുടേയും ഫോണ്‍ നമ്പര്‍ അറിയില്ല.
പോയി പറയേണ്ടി വരും.
എങ്ങിനെ? പെരുമഴയത്ത് മൂന്നുകിലോമീറ്റര്‍ നടന്ന് സെന്ററിലെത്തിയാല്‍ തന്നെ ഈ നേരത്ത് ബസ് കിട്ടില്ല. കിട്ടിയാല്‍ തന്നെ മുക്കാല്‍ മണിക്കൂര്‍ യാത്രയുണ്ട് നഗരത്തിലേയ്ക്ക്.
ആശയക്കുഴപ്പം, അസ്വസ്ഥത....
ടിവിയും ലൈറ്റും ഓഫാക്കി സെറ്റിയില്‍ തന്നെ ഇരുന്നു.
വീട്ടില്‍ പറഞ്ഞാലോ?
വേണ്ട. ഒന്നും സംഭവിച്ചില്ലെങ്കില്‍ നാണക്കേടാവും. സംഭവിച്ചാലും ആകെ പ്രശ്‌നമാവും. സിന്ധു വിളിച്ചത് നിലീന കേട്ടിട്ടുണ്ട്.
നിസ്സഹായതയുടെ മുമ്പില്‍ കീഴടങ്ങി നെല്‍സന്‍ ഇരുട്ടിലിരുന്നു.
എപ്പോഴോ ഉറങ്ങിപ്പോയെന്നു തോന്നുന്നു. ഞെട്ടിയെണീറ്റ് ലൈറ്റിട്ടു.
അഞ്ചുമണിയാവുന്നു.
ചാടിയെണീറ്റ് ടോയ്‌ലെറ്റില്‍ പോയി. കുളിയും പല്ലുതേപ്പും കഴിഞ്ഞിറങ്ങുമ്പോള്‍ അടുക്കള സജീവമായിട്ടുണ്ട്. അമ്മ, ചോറിനുള്ള അരി കഴുകിയിടുന്നു. അതു തിളച്ചാല്‍ രണ്ട് ചകിരിപ്പൊളി അടുപ്പില്‍ തിരുകി ആളൊരിത്തിരി കൂടി മയങ്ങും.

"എനിക്കൊരു അത്യാവശ്യമുണ്ട്. ഇറങ്ങ്വാ.."
"എന്തേ? .... ചായ വേണോ?"
"ഏയ്, വേണ്ട."
ഇറങ്ങി ഓടി.
അഞ്ചരയ്ക്കുള്ള ആദ്യ ബസ് തന്നെ കിട്ടി.
ആറേകാലിന് സ്റ്റാന്‍ില്‍നിന്ന് ഓട്ടോയില്‍ കയറുമ്പോള്‍ ഒരേ ലക്ഷ്യം മാത്രം. ഉഷസ്സ് - അനൂപിന്റെ വീട്.

ജംഗ്ഷനില്‍നിന്ന് അനൂപിന്റെ വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്ക് കയറുമ്പോള്‍ പറഞ്ഞു..
"ഇവിടെ നിര്‍ത്തിക്കോ"

മുന്നില്‍ കാണുന്ന വഴിയിലൂടെ നൂറുമീറ്ററോളം നടന്ന് ലെഫ്റ്റ് തിരിഞ്ഞ് മൂന്നാമത്തെ വീട്. അതിനെന്തിനാ ഞാന്‍ ഇവിടെ നിര്‍ത്താന്‍ പറഞ്ഞത്?
താന്‍ തന്നെയാണോ പറഞ്ഞതെന്ന സംശയത്തില്‍ നെല്‍സന്‍ സ്വയം നോക്കി.
ഓട്ടോ നിന്നു.

കൂലികൊടുത്ത് മുന്നോട്ട് നടക്കുമ്പോള്‍ ഉള്ളില്‍നിന്നൊരു സ്വരമുയര്‍ന്നു.
''എന്താ പരിപാടി?''
''അനൂപിനെ വിളിച്ച് കാര്യം പറയണം.''
''എന്നിട്ട്?''
''എന്നിട്ട്....''
''നീ ഇതെങ്ങിനെ അറിഞ്ഞു എന്ന ചോദ്യത്തിനെ എങ്ങിനെ നേരിടും? നിന്നെ വിളിക്കാന്‍ എന്താ കാരണം എന്ന ചോദ്യമോ? സിന്ധു മരിച്ചിട്ടുണ്ടെങ്കില്‍ എന്തായിരിക്കും അവസ്ഥ?'
'ദൈവമേ.. അങ്ങിനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടേയില്ല.''
''അവളുടെ വീട്ടുകാര്‍ കേസ് കൊടുക്കും. ഉറപ്പ്. അല്ലെങ്കില്‍ തന്നെ ക്രിമിനല്‍ കേസാവും. നീ തൂങ്ങും അത് അതിലേറെ ഉറപ്പ്.''

ഒരൊറ്റ നിമിഷം.. നെല്‍സന്‍ നിന്നു.
റോഡില്‍ ആരുമില്ല.
ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഭീരുത്വം ഉള്ളില്‍ കൊടിവീശിച്ചിരിച്ചു.

എങ്ങിനെയൊക്കെയോ സമയം കഴിച്ചുകൂട്ടി ഓഫീസില്‍ ചെന്നു കയറി. തലയ്ക്ക് ആകെയൊരു മന്ദത. സമയമായിട്ടും സിന്ധു വന്നിട്ടില്ല.

ഓരോ ഫോണ്‍ബെല്ലുകളും നാഴികമണിയില്‍ കൂടം കൊണ്ടടിക്കുന്നതു പോലെയാണ് മുഴങ്ങുന്നത്.
എപ്പോഴെങ്കിലും തന്റെ അഭിനയം പൊളിക്കുന്ന ഒരു ഫോണ്‍കോള്‍ വന്നേക്കുമെന്ന് ഭയന്ന് അവനിരുന്നു.
ഇടയ്ക്ക് പുറത്ത് പോവേണ്ടി വന്നപ്പോള്‍ അനൂപിന്റെ വീടുവഴി പോയി നോക്കിയാലോ എന്നു ചിന്തിച്ചെങ്കിലും ''പൊട്ടത്തരം കാണിക്കല്ലേടാ, മണ്ടാ' എന്ന ഉള്‍വിളിയില്‍ ആ ശ്രമം ഉപേക്ഷിച്ചു.

''എന്തിന് ടെന്‍ഷനടിക്കണം? നിന്റെ ആരാ അവള്‍? ചുമ്മാ മനസ് പുണ്ണാക്കാതിരിക്കൂ..''
''അതല്ല.. ഞാന്‍ ഇത്രേം അറിഞ്ഞിട്ട്...''
''അറിഞ്ഞു ശരി.. ഇടപെടാന്‍ പറ്റിയില്ല. ആരേലും ചോദിച്ചാല്‍ തമാശയ്ക്കാണെന്നാ കരുതിയത് എന്നു വേണേല്‍ പറഞ്ഞോ.''
മനസാക്ഷിക്കുള്ളില്‍ നടന്ന വടംവലികളില്‍ സ്ഥലകാലബോധം മറന്ന് അവനിരുന്നു.

''നെല്‍സന് ഒരു കോള്‍'' എന്ന വിളി കേട്ടപ്പോള്‍ ഉള്ളിലെ കിടുക്കം ഞെട്ടലായി പുറത്തു വന്നു.'

''ഹലോ..'' ചെറിയൊരു വിക്കല്‍ ശബ്ദത്തിനുണ്ടായോ.. ഏയ്.
''എടാ.. ഞാനാ. അനൂപ്. നീ മെട്രോ വരെ ഒന്നു വരാമോ. വിശേഷം ഇവിടെ എത്തിയിട്ട് പറയാം.''

പറയാനുള്ള വിശേഷം എന്താണെന്ന് അറിയാം. പ്രതികരണം എങ്ങിനെയാവണമെന്ന് പ്ലാനിങ്ങ് നടത്തി.

ഓഫീസില്‍ പറഞ്ഞ് ഇറങ്ങി.
മെട്രോ ഹോസ്പിറ്റലിനു മുന്നിലെ പാര്‍ക്കിംഗ് സ്‌പെയ്‌സില്‍ അനൂപ് നില്‍ക്കുന്നുണ്ട്.
'' എടാ, സിന്ധു കുറച്ച് പില്‍സെടുത്ത് വിഴുങ്ങി.''
''എപ്പോ?'' എങ്ങിനെയാണ് അത് തിരിച്ച് ചോദിച്ചതെന്ന് മനസിലായില്ല. തന്റെ മുഖത്ത് താനറിയാതെ അമ്പരപ്പിന്റെ ഭാവം കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ടെണ്ടെന്ന് നെല്‍സന് അറിഞ്ഞു.

''ഇന്നലെ രാത്രി.. ചെറിയ ഒരു ഉടക്ക് ഞങ്ങള്‍ തമ്മിലുണ്ടായി. ചെറുത്. ഇത്രയ്ക്ക് പ്രശ്‌നം ഉണ്ടാവുമെന്ന് കരുതിയില്ല.ഒരു രണ്ടരയ്ക്ക് ഞാന്‍ മുകളില്‍ പോയി നോക്കിയപ്പോളാ സംഭവം മനസിലായത് അപ്പോ തന്നെ ഇങ്ങ് കൊണ്ട് പോന്നു. കുഴപ്പമില്ല. റൂമിലേയ്ക്ക് മാറ്റി. വേറൊരു കാര്യം. സിന്ധൂന്റെ അച്ഛനും അമ്മേം വന്നു, സംസാരിച്ചു. നീ വാ.''

നെല്‍സന്‍ യാന്ത്രികമായി അനൂപിനെ പിന്തുടര്‍ന്നു.
അകത്ത്, കിടക്കയില്‍ സിന്ധു മയങ്ങിക്കിടക്കുന്നു. അവളുടെ അചഛനും അമ്മയുമുണ്ട്. പരിചയപ്പെട്ടു.

''ഹോ.. അപ്പോള്‍ കയറി നോക്കാന്‍ തോന്നിയില്ലെങ്കില്‍...'' എന്നൊക്കെ പറയുമ്പോള്‍ തനിക്കൊരു ചാഞ്ചല്യവുമില്ലെന്ന് നെല്‍സന്‍ തിരിച്ചറിഞ്ഞു.

കാന്റീനില്‍നിന്ന്  ചായ വാങ്ങിച്ച് കൊണ്ടു വരുമ്പോള്‍ ഒരു ഫോണ്‍കോളും തനിക്ക് വന്നിട്ടേയില്ലെന്നു തന്നെയാണ് എപ്പോള്‍ ചോദിച്ചാലും മനസ് പറയാന്‍ പോകുന്നതെന്ന് നെല്‍സന് തീരുമാനമാനിച്ചുറച്ചു.

''സിന്ധുവിനെ ടെന്‍ഷനടിപ്പിക്കരുത്. കഴിഞ്ഞതിനെക്കുറിച്ച് ഒന്നും പറയരുത്. പരമാവധി സന്തോഷം മാത്രം കൊടുക്കണം.." ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി അവരുടെ ബന്ധുക്കളുടെ മുമ്പില്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയുടെ ഒരു പ്രദര്‍ശനവും കൂടി നടത്തി.

ഇനി ആകെ ഒരു പ്രശ്‌നം സിന്ധുവിനെ ഫെയ്‌സ് ചെയ്യല്‍ മാത്രമാണ്.
തലേന്നത്തെ ഫോണ്‍വിളിയെക്കുറിച്ച് പറഞ്ഞാല്‍, ''എപ്പോ, എനിക്കൊന്നും വിളിച്ചില്ലല്ലോ '' എന്നു പറഞ്ഞാലോ? അതൊക്കെ അപ്പോള്‍ തോന്നുന്നത് ചെയ്യാം. ഇത്രേം അഭിനയിക്കാമെങ്കില്‍ പിന്നെ!

വൈകീട്ട്, വിളറിയ ചിരിയുമായി സിന്ധു കണ്ണുതുറന്നപ്പോള്‍ അനൂപിനൊപ്പം നെല്‍സനുമുണ്ടായിരുന്നു.

''സോറി..'' അനൂപിനോട് സിന്ധു പറഞ്ഞു.
''തുപ്പാനുള്ള അവസരം മിസ്സായി ല്ലേ നെല്‍സാ..''

ആണിയടിക്കിടയില്‍ ചുറ്റിക തെറ്റി കയ്യില്‍ കൊണ്ടതു പോലെ ഒരു കാലത്തും മാറാത്ത മുറിവായി ആ വാചകം വിങ്ങിക്കൊണ്ടിരുന്നു.

''തുപ്പാനുള്ള അവസരം മിസ്സായി ല്ലേ നെല്‍സാ..''

വര്‍ഷങ്ങളെത്ര കഴിഞ്ഞു.
ആത്മ വഞ്ചനയുടെ കൊടുമുടികള്‍ യാതൊരു പ്രശ്‌നവുമില്ലാതെ കയറുമ്പോളും സിന്ധു പറഞ്ഞ ആ വാചകം മാത്രമാണ് അല്‍പ്പമെങ്കിലും അലട്ടിയിട്ടുള്ളത്.

''തുപ്പാനുള്ള അവസരം മിസ്സായി ല്ലേ നെല്‍സാ..''

എല്ലാം അഭിനയമാണ്. ജീവിതം മുഴുവന്‍..
സ്വയം തുപ്പാനുള്ള അവസരമാണ് ഓരോ നിമിഷവും.
പക്ഷേ, എല്ലാം മിസ്സായി പോകുന്നു.



ചുമലില്‍ ആരോ സ്പര്‍ശിച്ചുവെന്ന് തോന്നിയപ്പോഴാണ് ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍നിന്ന് നെല്‍സന്‍ കണ്ണ് തുറന്നത്.
കറങ്ങുന്ന ഫാനിനും തുള്ളിയായി വീഴുന്ന ഡ്രിപ്പിനുമിടയില്‍ അവര്‍......   - അനൂപും സിന്ധുവും.
അഞ്ചാറു വര്‍ഷം മുമ്പ് കണ്ടതിനേക്കാള്‍ കുറേ മാറ്റങ്ങള്‍.
അനൂപിന്റെ മീശ വെളുത്തു തുടങ്ങിയിരിക്കുന്നു.
സിന്ധു തടി വച്ചിട്ടുണ്ട്.
ചിരി പോലെന്തോ വരുത്തിയെന്നു തോന്നി.

''എന്താടാ നിനക്കിങ്ങനെ തോന്നാന്‍.. ?''അനൂപ് ചോദിച്ചു.

സിന്ധുവിന്റെ കണ്ണുകളില്‍ വെള്ളം നിറഞ്ഞിരുന്നു.
തൊണ്ട ശരിയാക്കി അവള്‍ ചെറിയൊരു ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു..

''നിനക്കൊരു തുപ്പു തരണമെന്ന് വിചാരിച്ച് വന്നതാ..
മിസ്സായി പോയി!''






Thursday, June 27, 2013

മേഘച്ചിറകേറി മഴനൂലുകള്‍ വാരിപ്പുതച്ചൊരു യാത്ര.


...................................................................................................

വിവിധ സ്ഥലങ്ങളെ, ഭൂപ്രകൃതിയെ, സംസ്‌കാരങ്ങളെ തൊട്ടറിഞ്ഞുകൊണ്ട് നാം നടത്തുന്ന യാത്രകള്‍ വെറും വിനോദയാത്രകള്‍ എന്നു മാത്രം വിളിക്കപ്പെട്ട് ഒതുക്കിക്കളയേണ്ടവയല്ല. ഓരോ യാത്രയും ഓരോ പാഠമാണ്. ഹൃദയത്തില്‍ എന്നെന്നും സൂക്ഷിക്കാനും ഓര്‍ക്കാനും ഓമനിക്കാനും അത്തരം ഒരുപാടനുഭവങ്ങള്‍ സമ്മാനിച്ച ഒരു യാത്രയിലേയ്ക്ക്.
       
''അടുത്ത വരവ് ജൂണില്‍, ബൈക്കില്‍ എങ്ങോട്ടെങ്കിലും ഒരു ട്രിപ്പ് പോയാലോ?'' എന്ന് സുധീഷ് പറയുമ്പോള്‍ അത് നടപ്പിലാവാന്‍ തരിമ്പും സാധ്യതയില്ലാത്ത ഒന്നാവും എന്നാണ് അന്ന് കരുതിയത്. കാരണം ജൂണ്‍, മണ്‍സൂണ്‍ കൊടുമ്പിരി കൊള്ളുന്ന മാസമാണ്. ബൈക്ക് റൈഡ് സാധാരണ ആരും പ്രിഫര്‍ ചെയ്യില്ല. ഗൂഗിള്‍ പ്ലസിലെ മലയാളികളുടെ കൂട്ടായ്മയില്‍ കാര്യം അവതരിപ്പിക്കപ്പെടുകയും ചാലക്കുടിയില്‍നിന്ന് വാല്‍പ്പാറ , ആളിയാര്‍, പൊള്ളാച്ചി വഴി തിരിച്ച് പുറപ്പെട്ടിടത്തേയ്ക്ക് എന്ന് റൂട്ട് തീരുമാനിക്കപ്പെടുകയും ചെയ്തപ്പോള്‍ എനിക്ക് ചിരി വന്നു. ഇത് നടക്കാനുള്ളതല്ലല്ലോ! പക്ഷേ, എന്നെ അമ്പരപ്പിച്ചുകൊണ്ട് അതു തീരുമാനിക്കപ്പെട്ടു. മഴയെന്നു കേള്‍ക്കുമ്പോഴേ പലരും പിന്നിലേയ്ക്ക് വലിയുമെന്ന വിചാരം തെറ്റാണെന്ന് മനസിലായി. താല്പര്യമുള്ളവര്‍ പ്ലസില്‍ ഒത്തു ചേര്‍ന്നു. അത് പതിയെ 26 പേര്‍ അടങ്ങുന്ന ഒരു സംഘമായി മാറി എന്നതു അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. റൂട്ട് കൃത്യമായി തീരുമാനിക്കപ്പെട്ടു. ജൂണ്‍ 22, 23 എന്നീ തിയ്യതികള്‍ തീരുമാനമായി. രാവിലെ ചാലക്കുടിയില്‍നിന്ന് യാത്ര തുടങ്ങി അതിരപ്പിള്ളി, മലക്കപ്പാറ വഴി വാല്‍പ്പാറയില്‍ എത്തുന്നു. അന്ന് രാത്രി അവിടെ താമസം. പിറ്റേന്ന് ടോപ്പ് സ്‌ലിപ്പ് കയറി പൊള്ളാച്ചി, പാലക്കാട് വഴി തൃശൂര്‍ എത്തി പിരിയുന്നു. മണ്‍സൂണ്‍ ട്രിപ്പ് സംഘം റെഡിയായി. പലരും പരസ്പരം കണ്ടിട്ടില്ലാത്തവര്‍. എങ്കിലും ഓണ്‍ലൈന്‍ കൂട്ടുകാര്‍ ഒരു കുടുംബമായി മാറുന്നതിലെ രസം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. യാത്രക്കൊരുങ്ങുന്നവര്‍ പരസ്പരം വിവരങ്ങള്‍ കൈമാറി. താമസം എന്ന വിഷയത്തിലെ ഘോരമായ ചര്‍ച്ചകള്‍ക്ക് ശേഷം ആന്റണി അവതരിപ്പിച്ച 'മണമ്പിള്ളി' എന്ന ഫോറസ്റ്റ് ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്യപ്പെട്ടു. വെളിച്ചത്തിന് സോളാര്‍ ലാമ്പ് മാത്രം. മൊബൈല്‍ റെയ്ഞ്ചില്ല. ഇന്റര്‍നെറ്റില്ല. അസൗകര്യങ്ങളെ മനസില്‍നിന്ന് മാറ്റിവെയ്ക്കാന്‍ നെറ്റില്‍നിന്ന് കിട്ടിയ ഗസ്റ്റ് ഹൗസിന്റെ പടം മതിയായിരുന്നു! കാടിനു നടുവില്‍ ഒരു ബംഗ്ലാവ്. ചുറ്റിയൊഴുകുന്ന പുഴ. അതു തന്നെ മതിയെന്ന ഭൂരിപക്ഷാഭിപ്രായപ്രകാരം മണമ്പിള്ളി ഉറച്ചു.  പതിനാറു പേര്‍ക്ക് മാത്രം താമസസൗകര്യമുള്ള അവിടെ ജയേഷിന്റേയും ശാന്തിനിയുടേയും മകനായ അനിക്കുട്ടനടക്കം ഇരുപത്താറു പേരെ താമസിപ്പിക്കാനുള്ള അനുവാദത്തിനായി സുധീഷും ആന്റണിയും കുറേ മിനക്കെട്ടു.

പറഞ്ഞ ദിവസം അടുക്കും തോറും എനിക്ക് ടെന്‍ഷന്‍ ആയിത്തുടങ്ങി. പതിവിലും വിട്ട് മഴ കനക്കുകയാണ്. വരുന്നവര്‍ക്ക് ഈ വഴിയെക്കുറിച്ചെന്തറിയാം? ചെറുപ്പം മുതലേ അതിരപ്പിള്ളി എനിക്ക് സ്ഥിരം റൂട്ടാണ്. പക്ഷേ, അതു കഴിഞ്ഞിട്ടുള്ള വഴി...ഓരോ മുക്കിലും മൂലയിലും അപകടങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള യാത്രയാണ് മുന്നില്‍. യാത്രാസംഘത്തിലാണെങ്കില്‍ സ്ത്രീകളും കുട്ടിയും. ഇടിയുന്ന റോഡ്, കുത്തിയൊലിക്കുന്ന വെള്ളം, ഉരുള്‍ പൊട്ടല്‍, വഴിക്ക് കുറുകെ വീണേക്കാവുന്ന മരങ്ങള്‍, വന്യമൃഗങ്ങളുടെ ആക്രമണം, ബ്രേക്ക് ഡൗണ്‍ ആവുകയോ ആര്‍ക്കെങ്കിലും ശാരീരികമായ അവശതകളുണ്ടാവുകയോ ചെയ്താല്‍ ഒരു സഹായവും ലഭ്യമല്ലാത്ത ഏരിയ. പോകുന്നതിന്റെ രണ്ടു ദിവസം മുന്‍പ് പ്ലാന്റേഷനില്‍ ഒറ്റയാനിറങ്ങി എന്നുകൂടെ കേട്ടപ്പോള്‍ അസ്വസ്ഥത കൂടി. എങ്കിലും ആരേയും ഭയപ്പെടുത്താതിരിക്കാന്‍ ആശങ്കകള്‍ ഒന്നും പറഞ്ഞില്ല.

ട്രിപ്പിന്റെ തലേന്ന് തന്നെ ബിജൂ, അച്ചു, നൗഷാദ്, ദിലീപ്, സപ്തന്‍ എന്നിവര്‍ ചാലക്കുടിയിലെത്തി. രാത്രി മഴ തകര്‍ത്തു പെയ്തു. പിറ്റേന്ന് രാവിലെ, മഴയ്‌ക്കൊരു ശമനം. ചാറല്‍ മാത്രമായി മഴയൊന്ന് പതുങ്ങി. ഓരോരുത്തരായി വന്നുചേരുന്നതിനനുസരിച്ച് വിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. നൗഷാദ് & ടീം വാല്‍പ്പാറ എത്തുമ്പോള്‍ ഭക്ഷണം ഗ്രില്ലുചെയ്യാന്‍ കരിയും സാമഗ്രികളുമായി റെഡിയാണെന്ന് അറിയിപ്പു വന്നു. ഒരേയൊരാവശ്യം, തീ കൂട്ടാന്‍ കുറച്ച് മണ്ണെണ്ണ! അതു ഞാന്‍ ഏറ്റെടുത്തു. 'വരുമ്പോള്‍ ഒരു ചെറിയ ഹാമര്‍ എടുക്കണേ'' എന്ന സുധീഷിന്റെ ആവശ്യം മാനിച്ച് വീട്ടിലേയ്ക്ക് തിരിച്ചു പോവേണ്ടി വന്നെങ്കിലും പത്തു മിനിട്ടു കൊണ്ട് ചാലക്കുടിയിലെത്തി. 

ചാലക്കുടിയില്‍ എത്തിയപ്പോള്‍ ഫളൈ ഓവറിനു സമാന്തരമായ റോഡിലൂടെ ചെറുമഴ കൊണ്ട് അതാ വരുന്നു പട്ടാളം! അതുല്യാമ്മ, അനില്‍കുമാര്‍ പാക്കരന്‍, മത്തായി, ബിന്‍സി, സപ്തന്‍, ഇട്ടിമാളു, ടിജോ, നൗഷാദ്, ബിജു, നന്ദന്‍, അച്ചു, ദിലീപ്, കുമാര്‍, സുധീഷ്, സുധീഷിന്റെ സുഹൃത്ത്, അനോണി ആന്റണി, യായ്രയയ്ക്കാന്‍ വന്ന മനോജ്... 

''മുള്ളൂക്കാരന്‍?''
''പനിയടിച്ചു. ഇല്ല.''

ആരെങ്കിലും വരാതായാല്‍ മാത്രം നിനക്ക് ചാന്‍സ് തരാം എന്നു പറഞ്ഞൊരു യാത്രാമോഹിയെ ഒതുക്കി നിര്‍ത്തിയിട്ടുണ്ടായിരുന്നു. കാര്യം അറിയിക്കേണ്ട താമസം. പത്തു മിനിട്ടില്‍ ചുള്ളന്‍ ഹാജര്‍ വച്ചു.

''ഞാന്‍ കൃഷ്ണദാസ്, കൊടകര ഏരിയയില്‍ ഷാരൂഖ് ഖാന്‍ എന്നറിയപ്പെടുന്നു'' എന്ന സെല്‍ഫ് ഇന്‍ട്രൊഡക്ഷനോടെ ആള്‍ ഹിറ്റ്.

തലേന്ന് ബംഗളുരുവില്‍നിന്ന് പുറപ്പെട്ട ടീം രാവിലെ തൃശൂര്‍ എത്തിയതായി അറിയിച്ചിരുന്നു. 'പുറപ്പെട്ടു, വേണേല്‍ അര മണിക്കൂര്‍ മുമ്പേ പുറപ്പെടാം' എന്ന പുതിയ അറിയിപ്പു കിട്ടി! ഇപ്പോള്‍ ''ഒമ്പത് മണി. അവരെത്താന്‍ മിനിമം പത്തര കൂട്ടിക്കോളൂ..'' എന്ന കമന്റ് വന്നു. 'ചലോ റോയല്‍ പാലസ്' എന്നാരോ പറഞ്ഞു. അപ്പവും മുട്ടക്കറിയും, മസാലദോശയും ടേബിളുകളില്‍ ഓടി നടന്നു. ധനകാര്യമന്ത്രിയായി അതുല്യാമ്മയെ എതിരില്ലാതെ തെരഞ്ഞെടുത്തു. (നന്നായി. ഇതല്ലാതെ, എന്റെ ഓര്‍മ്മയിലെ ഒരു ട്രിപ്പും ബഡ്ജറ്റ് മിച്ചം വച്ചിട്ടില്ല) വഴിച്ചിലവിലേയ്ക്കായി പിരിവ് നടത്തുന്നത് കണ്ട് 'രാവിലെ തന്നെ ഇവര്‍ ഷെയറിട്ടു തുടങ്ങിയോ' എന്ന് സപ്ലയര്‍ അതിശയം കൊണ്ടു. ചാലക്കുടിക്കാരന് അങ്ങിനെ ചിന്തിക്കാന്‍ സ്വാതന്ത്ര്യമുള്ളതുകൊണ്ട് ആര്‍ക്കും അതില്‍ പ്രത്യേകത തോന്നിയില്ല. ഭക്ഷണത്തിനിടയില്‍ നിഷയും ജോയും ഒപ്പം ചേര്‍ന്നു. ഭക്ഷണത്തിന് ശേഷം സമയം വെറുതേ കളഞ്ഞില്ല. രാത്രിഭക്ഷണം പാചകം ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ ഒരു ടീം പോയി. ബാക്കിയുള്ളവര്‍ തലേ ദിവസത്തെ താമസക്കാരുടെ മുറികളില്‍ ഇരച്ചുകയറി ഹോട്ടലുകാരുടെ വെറുപ്പ് സമ്പാദിച്ചു. മഴ ചെറുതായി ചാറിക്കൊണ്ടേയിരുന്നു.

തളത്തില്‍ ദിനേശന്‍ എന്ന സതീഷ് ചന്ദ്രന്‍, അനിയന്‍ പദ്മരാജ്, ശങ്കര്‍ദാസ്, ജയേഷ്, ശാന്തിനി, അനിക്കുട്ടന്‍ എന്നിവര്‍ രണ്ട് കാറുകളിലായി എത്തിച്ചേരുമ്പോള്‍ പത്തേമുക്കാല്‍. നേരം വൈകാന്‍ പല കാരണങ്ങളുണ്‌ടെങ്കിലും എല്ലാം പാവം(?) അനിക്കുട്ടന്റെ തലയില്‍. ലഗേജുകള്‍ കാറില്‍ അടുക്കിപ്പെറുക്കി വച്ച് അതുല്യാമ്മയുടെ വിസില്‍ വിളിയിലൂടെ ആറ് ബൈക്കുകളിലും മൂന്ന് കാറുകളിലുമായി യാത്ര തുടങ്ങുമ്പോള്‍ സമയം പതിനൊന്ന്.



വണ്ടികള്‍ ചാലക്കുടി ടൗണ്‍ കഴിഞ്ഞ് ആനമല റോഡിലേയ്ക്ക് കടക്കേണ്ട താമസം, മഴ വന്നു. ''അങ്ങിനെ മണ്‍സൂണ്‍ ട്രിപ്പ് ഐശ്വര്യമായി തുടങ്ങുകയായി.'' എന്റെ പില്യണ്‍ ആയി പുറകില്‍ സ്ഥാനം പിടിച്ച ടിജോ പറഞ്ഞു. ആ വഴിയെക്കുറിച്ചുള്ള എന്റെ വിജ്ഞാനം വിളമ്പുന്നത് അവന് ബോറടിക്കുന്നുണ്‌ടെന്ന് മൂളല്‍ കേള്‍ക്കാതായപ്പോള്‍ മനസിലായതോടെ ഞാന്‍ വിക്കിപീഡിയ അടച്ചു! പുറപ്പെടാന്‍ സമയം വൈകിയതുകൊണ്ട് തുമ്പൂര്‍മുഴിയില്‍ ഇറങ്ങുക എന്ന ട്രിപ്പിലെ ആദ്യ പ്രോഗ്രാം ഉപേക്ഷിച്ച് മുന്നോട്ടു നീങ്ങവേ മഴ കോരിച്ചൊരിഞ്ഞു. തുള്ളിക്കൊരു കുടം എന്നു പറയുന്ന പോലുള്ള മഴ. റോഡിനു നടുവിലെ 'വര' മാത്രം കാണാം! വണ്ടികളുടെ ലൈറ്റ് തെളിഞ്ഞു. നല്ല റോഡായതുകൊണ്ട് വണ്ടികള്‍ പതിയെ മുന്നോട്ട് നീങ്ങി. മഴക്കോട്ടുകൊണ്ട് തീര്‍ത്ത പ്രതിരോധമെല്ലാം പരാജയപ്പെട്ടു. അടിമുടി നനഞ്ഞു കുതിര്‍ന്നു. എങ്കിലും മഴക്കുളിര് ആവേശം ഇരട്ടിയാക്കുകയാണ് ചെയ്തത്. 



മഴയൊതുങ്ങിയതും യാത്ര അതിരപ്പിള്ളിയിലെത്തിയതും ഏകദേശം ഒന്നിച്ചായിരുന്നു. ചൂടുള്ള ഓരോ കട്ടന്‍ ചായയടിച്ച് വെള്ളച്ചാട്ടം കാണാന്‍ വ്യൂ പോയന്റിലേയ്ക്ക്  നീങ്ങി. മൂടിക്കെട്ടിയ പുകമഞ്ഞില്‍ മുങ്ങിക്കിടക്കുകയാണ് അതിരപ്പിള്ളി. ഒന്നും കാണാന്‍ വയ്യ. ഞങ്ങളെ നിരാശപ്പെടുത്താതെ പ്രകൃതി തന്റെ തിരശീല മെല്ലെ നീക്കി. സ്വപ്നം പോലെ വെള്ളച്ചാട്ടം തെളിഞ്ഞു. ചിത്രങ്ങളിലും സിനിമകളിലും കണ്ട് പരിചയിച്ച അതിരപ്പിള്ളിയുടെ സൗന്ദര്യം മഴക്കാലത്ത് നിറഞ്ഞ് കവിഞ്ഞ് താഴോട്ട് പതിക്കുന്നതിന്റെ രൗദ്രഭാവത്തിലേയ്ക്ക് മാറിയത് പലര്‍ക്കും പുതുമയായിരുന്നു. ചുറ്റുമുള്ള കടകളില്‍നിന്ന് ചെറിയ പര്‍ച്ചെയ്‌സുകള്‍ നടന്നു. ഫോട്ടോഗ്രാഫി പ്രൊഫഷണലുകള്‍ നിറഞ്ഞ സംഘം ഫോട്ടോ സെഷന്‍ തുടങ്ങി. ''മതി, മതി ഇനി അടുത്ത സ്ഥലം. വെറുതെ നേരം കളയണ്ട'' എന്ന നിര്‍േദ്ദശം വേഗം പാലിക്കപ്പെട്ടു. മാനം പെയ്‌തൊഴിട്ടും മരങ്ങള്‍ പെയ്യുന്ന വഴിയിലൂടെ വണ്ടികള്‍ മുന്നോട്ട്.



അടുത്ത സ്റ്റോപ്പ് ചാര്‍പ്പ വെള്ളച്ചാട്ടം. അതിരപ്പിള്ളിയ്ക്കും വാഴച്ചാലിനുമിടയില്‍ കണ്ണിനു വിരുന്നൊരുക്കുന്ന ചാര്‍പ്പ, ഏറ്റവും മനോഹരിയാവുന്നത് മഴക്കാലത്താണ്. കടുത്ത വേനലില്‍ ഇതിലൂടെ കടന്നു പോകുന്നവര്‍ ചാര്‍പ്പയെ കണ്ടെന്നു പോലും വരില്ല. ഇടതുവശത്തെ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ആര്‍ത്തലച്ചൊഴുകി റോഡിലെ പാലത്തിന് കീഴിലൂടെ താഴോട്ടു പോകുന്ന വെള്ളച്ചാട്ടത്തിന്റെ ചിതറിത്തെറിക്കുന്ന കണങ്ങള്‍ മുഖത്തും ശരീരത്തിലും സംഘാംഗങ്ങള്‍ മതിയാവോളം ഏറ്റുവാങ്ങി. പടം വേട്ടക്കാര്‍ ആയുധങ്ങള്‍ പുറത്തെടുത്തു. പോസിങ്ങിന്റെ തിരക്കുകള്‍. മിന്നുന്ന ഫ്‌ളാഷുകള്‍. സന്തോഷം കവിഞ്ഞൊഴുകുന്ന മുഖങ്ങള്‍.

വാഴച്ചാല്‍ ഇറങ്ങിക്കാണുക എന്ന പരിപാടി ഉപേക്ഷിക്കപ്പെട്ടു. യാത്ര തുടര്‍ന്നു. ചെക്ക് പോസ്റ്റില്‍ വണ്ടി നിന്നു. ബൈക്കുകള്‍ക്ക് വേഗം എന്‍ട്രി കിട്ടി. ''ഭക്ഷണം ഇവിടെ കിട്ടുമോ എന്നന്വേഷിച്ചു വരാം'' എന്ന് പറഞ്ഞ് മുന്നോട്ടു പോയ കൃഷണദാസ്, നോഹിന്റെ പെട്ടകത്തില്‍നിന്ന് പോയി മരക്കമ്പുമായി തിരികെ വന്ന പ്രാവിനെപ്പോലെ ന്യൂസ് തന്നു.
'ഫുഡ് അവിടെ, ഷാജ്യേട്ടന്റെ കടയില്‍ റെഡി.''
''ആരാ ഷാജ്യേട്ടന്‍, പരിചയക്കാരനാ?''
''ഇങ്ങിനെയല്ലേ പരിചയപ്പെടുന്നത്!''



ചെക്കിംഗ് കഴിഞ്ഞ് നേരെ ഹോട്ടലിലേയ്ക്ക്. ചെറുതെങ്കിലും വൃത്തിയുള്ള ഹോട്ടല്‍. പൊറോട്ട തീര്‍ന്നപ്പോള്‍ ചപ്പാത്തി. അതു തീര്‍ന്നപ്പോള്‍ ചോറ്. ബീഫ്, പുഴമീന്‍, പുളിശേരി.... അങ്ങോട്ടുമിങ്ങോട്ടും ഷെയര്‍ ചെയ്തും പരസ്പരം കളിയാക്കിയും ഭക്ഷണത്തിന്റെ ആസ്വാദ്യകരമായ രുചിയറിഞ്ഞ നിമിഷങ്ങള്‍. പുറത്തിറങ്ങി വീണ്ടും പടം പിടുത്തം. ഇനിയും എഴുപതു കിലോമീറ്ററോളം പോണം. വൈകീട്ട് അഞ്ചിനു മുമ്പ് വാല്‍പ്പാറ റിപ്പോര്‍ട്ട് ചെയ്യണം. ജനവാസമുള്ള വഴി കഴിഞ്ഞു. ഇനി കൊടും കാടാണ്. സമയം രണ്ടു കഴിഞ്ഞു എന്ന തിരിച്ചറിവില്‍ പരിപാടികള്‍ ഫാസ്റ്റാക്കാന്‍ പരസ്പരം പറഞ്ഞു. 

ബൈക്കുകള്‍ പാഞ്ഞു. ഇരു വശവും മരങ്ങള്‍ തിങ്ങിനിറഞ്ഞ് ഇരുള്‍ വീണ വിജനമായ റോഡ്. ഇടയ്ക്ക് പെയ്തുകൊണ്ടിരിക്കുന്ന മഴ.  പലയിടത്തും റോഡിലേയ്ക്ക് വീണ മരങ്ങള്‍ അറുത്തുമാറ്റിയിട്ടിരിക്കുന്നു. ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒഴുകിയിറങ്ങുന്ന വെള്ളം റോഡില്‍ പരന്നൊഴുകുന്നുണ്ട്. ഈ ആനകള്‍ റോഡ് മാത്രമാണോ ഇതിന് തെരഞ്ഞെടുക്കുന്നത് എന്ന് തോന്നിപ്പിക്കുമാറ് ആനപ്പിണ്ഡം വഴിനീളെ. പെരിങ്ങല്‍കുത്ത് ഡാമിലേയ്ക്കുള്ള വഴി ചൂണ്ടി, ''ഡാം നിറഞ്ഞ് തുറന്നു വിട്ടു'' എന്ന് പറഞ്ഞ് മുന്നോട്ട്. സ്പീഡ് കുറച്ച് കുറേ കിലോമീറ്ററുകള്‍ പോയിട്ടും പുറകേ വരുന്ന കാറുകളുടെ അഡ്രസില്ല. ഒപ്പം അതുല്യാമ്മയും മത്തായിയും സഞ്ചരിച്ച ബൈക്കും. മറ്റ് ബൈക്ക് യാത്രികര്‍ അസ്വസ്ഥരായി. 'ഇവന്‍മാര് വഴിയില്‍ നിര്‍ത്തി നിര്‍ത്തി പോന്നാല്‍ നമുക്ക് പണി കിട്ടുമല്ലോ' എന്നൊക്കെ പരസ്പരം പറയുമ്പോഴും ചെറിയൊരു ടെന്‍ഷന്‍ എല്ലാവരിലും നിറഞ്ഞു. നിറഞ്ഞൊഴുകുന്ന ആനക്കയത്തിന് സമാന്തരമായി നിങ്ങുന്ന റോഡിലൂടെ, ഒഴുകുന്ന പുഴയ്ക്ക് മുകളിലെ പാലത്തിനപ്പുറത്തെത്തിയപ്പോള്‍ ''ഒന്ന് മുള്ളാനുള്ളില്‍ തീരാ ദാഹം...'' എന്ന പാട്ടിന്റെ അകമ്പടിയോടെ ഒരു പിറ്റ് സ്റ്റോപ്പ്. 



ഏകദേശം ഇരുപതു മിനിട്ടിന്റെ വ്യത്യാസത്തില്‍ കാറുകള്‍ എത്തി. ഭക്ഷണം കഴിച്ചിടത്തുനിന്ന് പുറപ്പെടാന്‍ വൈകിയതാണ് കാരണം. അക്കൂട്ടത്തില്‍ സ്ത്രീകളുണ്‌ടെന്നും അവര്‍ക്ക് ഫ്രഷ് ആവാന്‍ കാട് ശരിയാവില്ലെന്നും ചിന്താക്കാഞ്ഞതില്‍ ചെറിയ കുറ്റബോധം തോന്നി. ഇനി സമയം കളയാനില്ല, പരമാവധി വേഗം.. ഇത്തവണ കാറുകള്‍ ആദ്യം നീങ്ങി. റോഡരികിലെ ചെറിയ വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം നുകര്‍ന്ന് ഞങ്ങള്‍ വീണ്ടും മുന്നോട്ട്.

ഷോളയാര്‍ ഡാമിന്റെ പരിസരത്ത് എത്തിയതോടെ റോഡ് കുണ്ടും കുഴിയുമായി. ഒരു വശത്ത് താഴെയായി ഷോളയാര്‍ ഡാമിന്റെ ദൃശ്യം. വെള്ളം നിറഞ്ഞ് തുടങ്ങുന്നതേയുള്ളൂ. ഗട്ടറുകള്‍ ഒഴിവാക്കിയും കാടിന്റെ സംഗീതം ആസ്വദിച്ചും വണ്ടികള്‍ കുതിച്ചു. സഞ്ചാരം കാറിനകത്തുനിന്ന് ക്യാമറയില്‍ പകര്‍ത്താന്‍ നൗഷാദും ബിജുവും പലപ്പോഴും തല പുറത്തേയ്ക്കിട്ടു. കാടിന്റെ ഭാവങ്ങള്‍ മാറിയും മറഞ്ഞും വന്നു. ചിലയിടങ്ങളില്‍ കോട പുതച്ച വന്യസൗന്ദര്യം മറ്റു ചിലയിടത്ത് മേഘങ്ങള്‍ക്കിടയിലൂടെത്തി നോക്കിയ സൂര്യപ്രകാശത്തില്‍ തിളങ്ങി. ചീവീടുകളുടെ ശബ്ദത്തിനിടയിലൂടെ ചില കിളികള്‍ ചിലച്ചാര്‍ത്തു പാഞ്ഞു. റോഡ് വീണ്ടും സൗമ്യമായി.

തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കാടു കീഴടക്കിത്തുടങ്ങി. അതെ, ഞങ്ങള്‍ മലക്കപ്പാറയെ സമീപിക്കുകയാണ്. തേയില നുള്ളുന്ന സ്ത്രീകള്‍ വരിവരിയായി റോഡരികിലൂടെ മുന്നോട്ട് നീങ്ങുന്നു. കൊളുന്തു നിറച്ച ഒരു ട്രാക്ടര്‍ എതിരെ വന്നു. അതിന് വഴികൊടുത്ത് റോഡിന് കുറുകെ വച്ച തടസത്തിനു മുന്നില്‍ ഞങ്ങള്‍ ബ്രേക്കിട്ടു. മലക്കപ്പാറ ചെക്ക് പോസ്റ്റ്. വണ്ടികള്‍ വീണ്ടും ചെക്കിങ്ങിന് വിധേയമായി. 

ചെക്ക് പോസ്റ്റിനടുത്തുള്ള കടയില്‍നിന്ന് ചായ കുടിച്ച് എല്ലാവരും ഉഷാറായി. സമയം നാല്. വാല്‍പ്പാറയ്ക്ക് മുപ്പത് കിലോമീറ്ററില്‍ താഴെ മാത്രം. 'നമ്മള്‍ സമയത്തിനെത്തും' എല്ലാവരും ആശ്വാസം കൊണ്ടു. ബൈക്കുകള്‍ നീങ്ങി. ഉദ്ദേശം പന്ത്രണ്ട് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒരു ദിശാസൂചകപ്പലക കണ്ടു. വാല്‍പ്പാറ 15 കി.മീ. എന്നതിന്റെ കൂടെ മണമ്പിള്ളി 9 കി.മീ എന്നു കണ്ട് ഞങ്ങള്‍ പരസ്പരം നോക്കി. 'ഇതതല്ലേ?'
തൊട്ടടുത്ത ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ അന്വേഷണം. തികച്ചും സൗമ്യമായ പെരുമാറ്റം. സ്ഥലം അതുതന്നെ. ബോര്‍ഡ് കണ്ടില്ലെങ്കില്‍ വാല്‍പ്പാറ വരെ പോയി തിരികെ വരേണ്ടി വന്നേനെ. ബൈക്കുകള്‍ എസ്റ്റേറ്റിന്റെ വഴിയിലേയ്ക്ക് വിടില്ലെന്ന് നേരത്തേ അറിവു കിട്ടിയിരുന്നു. എവിടെ സൂക്ഷിക്കും? അതിന് ചെക്ക് പോസ്റ്റിനുപുറകിലായി ഒരു സ്ഥലം അനുവദിക്കപ്പെട്ടു. സമീപത്ത് രണ്ട് വലിയ ഇരുമ്പ് കൂട് കിടപ്പുണ്ട്. നാട്ടിലിറങ്ങുന്ന പുലിയെ കെണിവെച്ച് പിടിക്കാനുള്ളതാണ്. വണ്ടികളൊതുക്കി വച്ച് ഹെല്‍മെറ്റ് ചെക്ക്‌പോസ്റ്റില്‍ ഏല്‍പ്പിച്ച് ഇറങ്ങുമ്പോഴും കാറുകള്‍ എത്തിയിട്ടില്ല. മൊബൈലിന് റെയിഞ്ചുമില്ല.കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം അവര്‍ എത്തി. ഗ്രില്ലിങ്ങിനു കൊണ്ടു വന്ന കരിയാണെത്രേ ചെക്ക് പോസ്റ്റില്‍ വില്ലനായത്! ചിക്കന്‍ വാങ്ങാന്‍ ഒരു കാര്‍ വാല്‍പ്പാറ ടൗണിലേയ്ക്ക് വിട്ടു. മറ്റ് രണ്ടു വണ്ടികളും ബൈക്കില്‍ വന്നവര്‍ക്കായി ഫോറസ്റ്റ് ഓഫീസില്‍ തമിഴ് പേശി, അതുല്യാമ്മയും അന്തുവും ഒരുക്കിയ മിനി ബസും മണമ്പിള്ളി എന്ന അജ്ഞാത ലോകത്തേയ്ക്ക് നീങ്ങി.

ചെറിയ വഴി നിറയെ വളവും തിരിവും കയറ്റങ്ങളും ഇറക്കങ്ങളും. കുറേ വഴി കഴിഞ്ഞപ്പോള്‍ ഷോളയാര്‍ പവര്‍ ഹൗസിന്റെ ഒരു പ്രൊജക്ട് കണ്ടു. കുറേ കോര്‍ട്ടേഴ്‌സുകളും.  'കാടെന്നൊക്കെ പറഞ്ഞിട്ട്.. ഇത്..'' ചിലര്‍ ആശങ്കപ്പെട്ടു.

"ദാ.. കരിങ്കുരങ്ങ്''
''അതു ബസിലെ മിററില്‍ നിന്റെ പ്രതിബിംബമാടാ..''
''ഹ ഹ..''
''അതു കരിങ്കുരങ്ങല്ല.. സിംഹവാലനാണ്. മത്താപ്പ് കാര്യം പറഞ്ഞു.''



രണ്ടു വാച്ചര്‍മാരെ വഴിയില്‍നിന്ന് കയറ്റി വണ്ടി മുന്നോട്ട് നീങ്ങി. കോര്‍ട്ടേഴ്‌സുകള്‍ പുറകില്‍ മറഞ്ഞു. കാട് വന്ന് ഞങ്ങളെ പൊതിഞ്ഞു. കുറേ ദൂരം പോയി, വണ്ടി ഒരിടത്ത് നിന്നു. മുന്നില്‍ ഒരു ദിവസത്തേയ്ക്ക് ഞങ്ങള്‍ക്കൊരുക്കിയ സ്വര്‍ഗ്ഗം. മണമ്പിള്ളി! നാലു മുറികളും വിശാലമായ മുറ്റവും ചുറ്റിയൊഴുകുന്ന പുഴയും പുഴയ്ക്കപ്പുറത്തെ മലയും കാടും.. ആഹഹ.. എല്ലാവരും പറഞ്ഞുപോയി. വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ ഗസ്റ്റ് ഹൗസിനു ചുറ്റും കിടങ്ങ് കുഴിച്ചിട്ടുണ്ട്. കിടങ്ങിനു മുകളിലുള്ള ഇരുമ്പുപാലത്തിലൂടെ ഗസ്റ്റ് ഹൗസിലേയ്ക്ക് കടക്കാം. ഷീറ്റ് വിരിച്ച ഒരു സ്ഥലം ഗ്രില്ലിംഗിന് ഉപയോഗിക്കാമെന്ന് തീരുമാനമായി. ആവശ്യത്തിന് കസേരകളുമുണ്ട്. അടുക്കള വേറെ ഒരെണ്ണം. സാധനങ്ങള്‍ എത്തിച്ചാല്‍ ഭക്ഷണം പാകപ്പെടുത്തിത്തരാന്‍ വാച്ചറും സഹായിയും റെഡി. സിമന്റ് ടൈല്‍ വിരിച്ച മുറ്റത്തിനു മുമ്പിലെ ഗെയ്റ്റിലൂടെ കിടങ്ങിനു മുകളിലെ ഒറ്റത്തടിപ്പാലം കടന്ന് പുഴയിലേയ്ക്കിറങ്ങാം. ഒരുപാടുകാലത്തെ സ്മരണകള്‍ ഒളിപ്പിച്ചുകൊണ്ട് ഒരു പടുകൂറ്റന്‍ മരം പുഴക്കരയില്‍ വീണുകിടക്കുന്നു. പച്ചിലക്കൂട്ടക്കുടകള്‍ക്കിടയിലൂടെ അന്തിവെളിച്ചം അരിച്ചെത്തുന്ന ആ സന്ധ്യയ്ക്ക് ജീവിതത്തിലിതുവരെ കാണാത്ത വ്യശ്യഭംഗിയുണ്ടായിരുന്നു.



ഷൂ..... എന്ന് നല്ല ബെയ്‌സുള്ള ശബ്ദത്തിലെ ചൂളം വിളികള്‍ കാട്ടില്‍നിന്ന് മുഴങ്ങിക്കേട്ടു. നല്ല ഈണം. പേരറിയാപ്പക്ഷികള്‍ കൂടണയാന്‍ പോകുന്നതിന്റെ കലപില ശബ്ദം ഭേദിച്ചുകൊണ്ട് കൃഷ്ണദാസ് ആദ്യത്തെ അട്ടകടി റിപ്പോര്‍ട്ട് ചെയ്തു. പിന്നെ അട്ട എന്ന ജീവിയുടെ പ്രത്യേകതകള്‍, അട്ടകടികൊണ്ടുണ്ടാവുന്ന ഗുണദോഷങ്ങള്‍, പ്രതിരോധമാര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ ചര്‍ച്ച നീണ്ടു. ഓരോരുത്തരായി കുളികഴിഞ്ഞു വന്നു. പുറത്ത് ഇറങ്ങി നടന്ന ഒരുവിധം എല്ലാവര്‍ക്കും അട്ടകടി കിട്ടി. പിന്നെപ്പിന്നെ അതു വലിയ വിഷയമല്ലാതായി.




നേരം ഇരുട്ടി. സാധനങ്ങള്‍ പര്‍ച്ചെയ്‌സ് ചെയ്യാന്‍ പോയവരുടെ വിവരമില്ല. പതിയെ പതിയെ എല്ലാവരും ടെന്‍ഷനിലായി. അതു മറക്കാനെന്നവണ്ണം പച്ചക്കറി അരിയല്‍, വാങ്ങിക്കാത്ത ഉരുളക്കിഴങ്ങ് തിരയല്‍ എന്നിവ നടന്നു. ഇരുമ്പന്‍ പുളി അച്ചാര്‍ ടെയ്സ്റ്റ് നോക്കിയതോടെ എനിക്ക് ബാര്‍ലി വെള്ളം കുടിക്കാന്‍ മുട്ടി. പലരും ആ അവസ്ഥയിലാണെന്ന് മനസിലായി! നൗഷാദും ടീമും വരാതെ എങ്ങിന്യാ ന്നുള്ള ചിന്തയില്‍ സ്വയം സമാധാനിച്ചു. ഏതോ ഒരിടത്ത് ബി എസ് എന്‍ എല്‍ റെയ്ഞ്ച് കിട്ടുന്നുണ്‌ടെന്ന് പറഞ്ഞ് ദിലീപും ദിനേശനും സാധനങ്ങള്‍ വാങ്ങാന്‍ പോയവരെ വിളിക്കാന്‍ പോയി.  അവര്‍ തിരിച്ചു ചെക്ക് പോസ്റ്റ് കടന്ന് പോന്നിട്ടുണ്ട് എന്ന് ഫോറസ്റ്റ് ഓഫീസില്‍നിന്ന് അറിയിപ്പ് കിട്ടി. ആശ്വാസം. ജോണിവാക്കറേട്ടന്‍ ഗ്‌ളാസുകളില്‍നിന്ന് ഗ്‌ളാസുകളിലേയ്ക്ക് പോകുമ്പോള്‍ പര്‍ച്ചെയ്‌സിങ്ങ് ടീം എത്തി. പിന്നെല്ലാം ചടപടേന്നായിരുന്നു. ഇടയില്‍ രാഷ്ട്രീയം പറഞ്ഞ സുധീഷിന്റെ സുഹൃത്തിനെ ഞാനും നന്ദനും ചേര്‍ന്ന് വഴിതെറ്റിക്കാന്‍ പരമാവധി ശ്രമിച്ചു. എവിടെ, നന്ദന്‍ വഴിതെറ്റി അല്ല വരി തെറ്റി!


മാരിനേറ്റിങ്ങ് കഴിഞ്ഞപ്പോള്‍ ഗ്രില്ലിംഗ് തുടങ്ങി. ബിന്‍സിയുടെ കയ്യില്‍ ഒരു പൊള്ളല്‍ ഏല്‍പ്പിക്കുന്നതില്‍ ഞാന്‍ വിജയിച്ചു. ചുട്ടെടുക്കലും തിന്നലും മുറയ്ക്ക് നടന്നു. ദിനേശന്‍ കൊണ്ടുവന്ന ജയില്‍ ചപ്പാത്തിയും ഗ്രില്‍ഡ് ചിക്കനും ബെസ്റ്റ് കോമ്പിനേഷനായിരുന്നു. ഇടയില്‍ മുദ്രാവാക്യം വിളിയും ബോലോ ഭാരത് മാതാ വിളിയും ഒക്കെയായി രാത്രി ഭക്ഷണം തകര്‍ത്തുകൊണ്ടിരിക്കുന്നതിനിടയില്‍ പാട്ട് തുടങ്ങി. 'ഇതാണോടൈ പാട്ട്?'' എന്ന ചോദ്യവും പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന പാട്ടും ചുവടുകളുമായി അന്തു അവതരിച്ചതോടെ നല്ല ഗാനങ്ങളിലേയ്ക്ക് കടന്നു. ഏതു പാട്ടും എട്ടു കട്ടയില്‍ പാടുന്ന സുധീഷ് 'ഒന്നിനി ശ്രുതി താഴ്തി'യും അങ്ങിനെ പാടിയത് എങ്ങിനെ മറക്കാന്‍. ജയചന്ദ്രന്‍ ഹിറ്റുകളിലേയ്ക്കും തരംഗിണിയിലേയ്ക്കും ഗിയര്‍ മാറ്റിയ സംഗീതസദ്യ ഒന്നു തളര്‍ന്ന തക്കം നോക്കി അച്ചു ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം വിശദീകരിച്ചു തുടങ്ങി. അതോടെ ഉറക്കം എന്ന മഹാസത്യം ഞങ്ങള്‍ക്കിടയിലേയ്ക്ക് കടന്നു വന്നു. ഉറങ്ങാന്‍ പോകുമ്പോള്‍സമയം ഒരു മണി.

ഓരോരുത്തരായി കിടക്കയിലേയ്ക്ക്. കിടക്കുന്നതിനു മുമ്പ് കുളിക്കുക എന്ന ശീലം വേണ്ടായിരുന്നു എന്ന് തോന്നിയത് കുളി കഴിഞ്ഞതോടെ തണുത്ത് മരവിച്ചപ്പോളാണ്. ഉറങ്ങാന്‍ കിടന്നതും മുഖത്ത് ആരോ വെള്ളം തളിച്ചു. ഇതാരടാ എന്ന് ചിന്തിക്കുമ്പോളേയ്ക്കും കാര്യം മനസിലായി. മുകളില്‍  വിരിച്ചിരിക്കുന്ന മച്ചിനിടയിലൂടെ വെള്ളം തുള്ളിയായി വീഴുന്നതാണ്. അവിടെനിന്ന് കുറച്ച് നീങ്ങിക്കിടന്ന് പ്രശ്‌നം ഒഴിവാക്കി.


അഞ്ചരയ്ക്ക് ആദ്യത്തെ അലാറം. ഓഫ് ചെയ്ത് വീണ്ടും കിടന്നു. ബിജുവും കൃഷ്ണദാസും കിടക്കുന്നുണ്ട്. സുധീഷിന്റെ സുഹൃത്ത് എണീറ്റ് കഴിഞ്ഞു. പുറത്ത് വിസിലിംഗ് സംഗീതം തകര്‍ക്കുന്നു. കുറച്ചു നേരം അത് കേട്ടു കിടന്നപ്പോള്‍ ഉറക്കം പറന്നകന്നു. പതിയെ വാതില്‍ തുറന്നപ്പോള്‍ പറന്നുയരുന്ന ഈയാന്‍പാറ്റകളെ പിടിക്കാന്‍ കറുപ്പില്‍ കടും നീല കലര്‍ത്തിയ ഉടലുമായി ചൂളംവിളിക്കാരന്‍ ചൂളക്കാക്ക. നേരില്‍ കാണുന്നത് ആദ്യം. ബിജുവിനെ എഴുന്നേല്‍പ്പിച്ച് കാര്യം പറഞ്ഞെങ്കിലും പിന്നെ അവനെ കണ്ടു കിട്ടിയില്ല. പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ് പൂമുഖത്തെത്തിയപ്പോള്‍ എല്ലാവരും പുഴക്കരയില്‍ ചൂണ്ടയിടല്‍ തിരക്കില്‍. മഴ ചെറുതായി പൊടിയുന്നുണ്ട്. ഒരു പൊടിമീന്‍ വരെ ആര്‍ക്കും കിട്ടിയില്ല. ആ ശ്രമങ്ങള്‍ വേഗം അവസാനിച്ചു. പുഴയ്ക്കക്കരെ മരങ്ങളില്‍ പലതരം പക്ഷികളുടെ ശബ്ദപ്രപഞ്ചം. ചൂളക്കാക്കകള്‍ നിരന്തരം പാട്ടുപാടുന്നുണ്ട്. വന്‍മരത്തിലൊരു വേഴാമ്പല്‍ച്ചിറകടി. മരക്കൂട്ടങ്ങളില്‍ രണ്ട് മലയണ്ണാന്‍മാര്‍ കളിച്ചു തിമിര്‍ക്കുന്നു. വെള്ളിലംതാളിക്കൂട്ടത്തിനിടയിലൂടെ ഒരു കൃഷ്ണശലഭം പറന്നു നീങ്ങി. മണ്ണിലെ സ്വര്‍ഗ്ഗത്തിലാണെന്ന നിര്‍വൃതിയിലായിരുന്നു എല്ലാവരും.

പുഴയിലിറങ്ങാന്‍ ആരെങ്കിലും പോരുന്നോ? എന്ന മത്താപ്പിന്റെ ചോദ്യത്തിന് ആദ്യം നല്ല പ്രതികരണമായിരുന്നില്ലെങ്കിലും പിന്നെ ആളുകൂടി. ഒരു വിധം എല്ലാവരും പുഴയില്‍ മുങ്ങി. വെള്ളത്തിന്റെ കുളിരില്‍ തരളിതമായ ഹൃദയവുമായി തിരിച്ചു കയറുമ്പോള്‍ പ്രാതല്‍ റെഡി. നനച്ച അവല്‍, ചപ്പാത്തി, ബ്രെഡ്.....  തിരിച്ച്, വന്ന വഴി പോയാലോ എന്ന ഒരു ആശയം ഉയര്‍ന്നെങ്കിലും അത് ഉപേക്ഷിക്കപ്പെട്ടു. പത്തരയ്ക്ക് ബൈക്കുകാരെ കൊണ്ടു പോവാന്‍ വണ്ടി വരുമെന്നുള്ളതുകൊണ്ട് അതിനു മുമ്പ് ഒരു സമൂഹ ഫോട്ടോയ്ക്ക് അരങ്ങൊരുങ്ങി. മുറ്റത്തിറങ്ങി നടന്ന ഞങ്ങള്‍ക്കിടയിലേയ്ക്ക് ആദ്യം ഒരു വിറവാലന്‍ ശലഭം വിരുന്നെത്തി. പിന്നീട് ഒരെണ്ണം കൂടെ. ഞങ്ങളെ യാത്രയയയ്ക്കാനെന്നവണ്ണം അവ അവിടെ മുഴുവന്‍ പറന്നു നടന്നു. മണമ്പിള്ളിയ്ക്ക് മനസുകൊണ്ട് വിട പറഞ്ഞ് എല്ലാവരും ചെക്ക് പോസ്റ്റിലേയ്ക്ക് നീങ്ങി. 

ബൈക്കുകളിറക്കി. യാത്ര തുടര്‍ന്നു. മഴയൊഴിഞ്ഞു നിന്നു. ഇത്തവണ സപ്തന്‍ എന്റെ പില്യണ്‍ ആയി. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വാല്‍പ്പാറ ടൗണും കടന്ന് ടോപ്പ് സ്‌ലിപ്പിലേയ്ക്ക്. വഴിയില്‍ അപ്പര്‍ ഷോളയാര്‍ ഡാം. കിലോമീറ്ററുകളോളം ഡാമിനെ ചുറ്റിവളഞ്ഞു കിടക്കുന്ന റോഡിലൂടെ പ്രകൃതിയുടെ സൗന്ദര്യം ആവോളം നുകര്‍ന്ന് വാഹനവ്യൂഹം മുന്നോട്ട് നീങ്ങി. കയറ്റം തുടങ്ങി. നാല്‍പ്പത് ഹെയര്‍ പിന്നുകള്‍ ഇവിടെ തുടങ്ങുന്നു എന്ന ബോര്‍ഡ് ഞങ്ങളെ സ്വാഗതം ചെയ്തു. സപ്തന്‍, ബൈക്കിനു പുറം തിരിഞ്ഞിരുന്ന് ചിത്രങ്ങളെടുത്തുകൊണ്ടിരുന്നു. ചെവിയടയുന്ന കാറ്റിനൊപ്പം മൂടല്‍മഞ്ഞ് ഞങ്ങളെ മൂടി. കാണെക്കാണെ അതിനു കനം വച്ചു. മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്ന അനുഭൂതിയില്‍ ശരീരം കോരിത്തരിച്ചു. അഞ്ചോ ആറോ ഹെയര്‍പിന്‍ വളവുകള്‍ മൂടല്‍മഞ്ഞിലൂടെ സഞ്ചരിക്കേണ്ടി വന്നു. പക്ഷേ എല്ലാവരും അത് ആസ്വദിച്ചു. ഇടയിലൊരു ചെറിയ വെള്ളച്ചാട്ടത്തിനടുത്തുള്ള കടയില്‍ നിന്ന് ചായ കുടിച്ചു. താഴ്‌വാരങ്ങളില്‍ പുകമഞ്ഞ് പൊതിയുന്നതും വീശിയടിക്കുന്ന കാറ്റില്‍ മേഘശകലങ്ങള്‍ അപ്പൂപ്പന്‍താടി പോലെ പറന്നു നടക്കുന്നതും കണ്ടറിഞ്ഞ് വീണ്ടും യാത്ര. താഴേയ്ക്ക് ഇറങ്ങിത്തുടങ്ങുമ്പോള്‍ വളഞ്ഞ് പുളഞ്ഞ് നീങ്ങുന്ന റോഡിന്റെ ദൃശ്യങ്ങളും ആളിയാല്‍ ഡാമും താഴെ ഒരു ചിത്രം പോലെ തെളിഞ്ഞു. വീശിയടിക്കുന്ന കാറ്റിനു സ്വയമേല്‍പ്പിച്ച് എല്ലാവരും ആ മനോഹരദൃശ്യത്തിനു വേണ്ടി ക്യാമറ തുറന്നു.

മലയിറങ്ങി, മങ്കി ഫാള്‍സില്‍ സ്റ്റോപ്പ് ചെയ്യാതെ മുന്നോട്ടു നീങ്ങുമ്പോള്‍ മുന്നില്‍ തണല്‍ വിരിച്ച മരത്തിലൊരു അനക്കം. ഒരു വലിയ മലയണ്ണാന്‍. ക്യാമറയ്ക്ക് പോസു ചെയ്യാനെന്നവണ്ണം ചങ്ങാതി കുറേ നേരം അനങ്ങാതെ കിടന്നു. ആളിയാര്‍ ഡാമിനരികെ ഉച്ചഭക്ഷണം. ദോശ, ഓംലെറ്റ്, കൊത്തു പൊറോട്ട. എല്ലാവരും കൂടെ കയ്യിട്ടു വാരി കഴിച്ചു. നൗഷാദ് & ടീം പൊള്ളാച്ചി വഴി പാലക്കാട് കൂടി പെരിന്തല്‍മണ്ണയ്ക്കാണ്. അവര്‍ ആദ്യം പിരിഞ്ഞു. ബാംഗ്ലൂര്‍ ടീം അവിടെനിന്ന് പൊള്ളാച്ചി വഴി തിരിക്കുമെന്ന് അറിയിപ്പ് കിട്ടി. ആനമലയില്‍ വച്ച് അവരോടും യാത്രപറഞ്ഞു. 

വണ്ടികള്‍ക്ക് വേഗം കൂടി. മുതലമട വഴി കൊല്ലങ്കോടും കടന്ന് നെന്‍മാറയിലെത്തുമ്പോള്‍ പ്രകൃതി വീണ്ടും ഞങ്ങള്‍ക്കു മേല്‍ മഴപ്പുതപ്പ് വരിച്ചു. വടക്കഞ്ചേരിയില്‍നിന്ന് നാഷണല്‍ ഹൈവേയിലെത്തിയപ്പോള്‍ യാത്രയുടെ ഏറ്റവും പ്രധാനമായ ഒരു ഘട്ടം ആരംഭിച്ചു. സാഹസിക ഘട്ടം! പാടമുഴുതിട്ട പോലുള്ള ദേശീയപാതയിലൂടെ വെള്ളത്തില്‍ മുങ്ങിയ മണ്ണുത്തിയിലെത്തുമ്പോള്‍ ആശ്വാസത്താല്‍ എല്ലാവരും പരസ്പരം നോക്കി ചിരിച്ചു.

അവിടെനിന്ന് സുധീഷ്, കുമാര്‍, അന്തു, മത്തായി എന്നിവരുടെ ബൈക്കുകള്‍ എറണാകുളം ലക്ഷ്യമാക്കി നീങ്ങി. നിഷ, ബിന്‍സി, നന്ദന്‍, സപ്തന്‍, ടിജോ എന്നിവര്‍ ബസ് സ്റ്റാന്‍ഡിലേയ്ക്ക്. ദിനേശന്റെ വണ്ടി സുരക്ഷിതസ്ഥാനത്തെത്തിച്ച് ഞാനും ഷാരൂഖും കൊടകരയിലേയ്ക്കും. 

മഴനൂലുകള്‍ വരിപ്പുതച്ച് പച്ചപ്പിന്റെ പരിശുദ്ധി നുകര്‍ന്ന് ഒരു യാത്ര. ജീവിതം ധന്യമാക്കുന്നതുതന്നെ ഇത്തരം ചില ഓര്‍മ്മകളല്ലേ?! 







..............................................................................................................................
25 ാം തിയ്യതി ചൊവ്വാഴ്ച രാത്രി ഉരുള്‍ പൊട്ടി ഒരു ബസ് ഒലിച്ചു പോയി കൊക്കയിലേയ്ക്ക് സീ-സോ കളിച്ചു നിന്ന റോഡിലൂടെയാണ് അതിന് രണ്ട് ദിവസം മുന്‍പ് അര്‍മ്മാദിച്ചു പോയതെന്ന കാര്യം ഓര്‍ക്കുമ്പോള്‍ എനിക്കൊരു വിറയല്‍ വരുന്നുണ്ട്.

Tuesday, June 4, 2013

താങ്ക് യു

പണിയോടുള്ള ഇഷ്ടം, നേരവും കാലവും നോക്കാതെയും ഭക്ഷണവും സമയവും ശ്രദ്ധിക്കാതെയും ആഘോ ഷിച്ചുകൊണ്ടിരുന്ന ഒരു കാലം.. അതായത്, പെണ്ണും പിള്ളേരും ജീവിതത്തിലേയ്ക്ക് കടന്നു വരുന്നതിനു കുറെ മുൻപ് .

വര്ക്ക് തീർത്ത് സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്യുമ്പോൾ  സമയം രാത്രി  പതിനൊന്നര. ബിജു എന്ന ഒരു സഹപ്രവര്ത്തകൻ കൂടെ ഉണ്ട്. പകൽ മുഴുവൻ തകര്ത്തു പെയ്തത്തിനു ഒരു ഇടവേള പോലെ  പുറത്ത് മഴ ചെറുതായി ചിണുങ്ങി പെയ്യുന്നുണ്ട്.  എനിക്ക് വീട്ടിലെത്താൻ ഹൈവേ വഴി ഇരുപതു കിലോമീറ്റർ മതിയെങ്കിലും ബിജുവിനെ കരുവന്നൂർ ഇറക്കി വിട്ടു ഇരിഞ്ഞാലക്കുട കൂടി കൊടകര എത്താൻ നാല്പ്പത് കിലോമീട്ടര്നു താഴെ ബൈക്ക് ഓടിക്കണം. മൂന്നു നാലുദിവസമായി കോരി ചൊരിയുന്ന മഴയുടെ കുളിരും പാതിരാവിന്റെ ഇരുട്ടും എന്റെ മനസ് കുളിർപ്പിച്ചു. മഴയത്തുള്ള യാത്രകൾ എനിക്കങ്ങിനെയാണ്.. പെരുത്തിഷ്ടം പകരുന്നവ.

ബാഗ് പുറത്തിട്ടു, റെയിൻ കോട്ടും ലോവർ, ഹെല്മെറ്റ് ഇത്യാതി സാമഗ്രികളുമണിഞ്ഞു ഞാൻ നീൽ  ആംസ്ട്രോങ്ങായപ്പോൾ ബിജു തൊപ്പിയും പ്ലാസ്റ്റിക്‌ കവർ കൊണ്ട് തീർത്ത ഇൻസ്റ്റന്റ് റെയിൻ കൊട്ടുമണിഞ്ഞു യാത്രയ്ക്കൊരുങ്ങി.

രണ്ടാമത്തെ കിക്കിൽ ഞങ്ങളുടെ സുസുക്കി സമുറായി വിക്ഷേപണത്തിനു തയ്യാറായി. ഗിയറിലിടുന്നതിനു മുൻപ് ഓഫുമായി! 

"പണിയാവോ ഗെഡീ ?"

"എങ്ങിനെ ആവാതിരിക്കും.. നീയല്ലേ പിന്നിൽ.."

"പോടാ.. പോടാ.." 

കുറെ ചവിട്ടി.. അവസാനം റിസർവ്വാക്കി, ചോക്കിട്ടു അടിച്ചപ്പോ മ്മടെ ചുള്ളൻ മുരണ്ടു, മുക്രയിട്ടു.

വളവുകൾ  കിടത്തിത്തിരിച്ചും ഫുൾ ആക്സിലേട്ടറിൽ തന്നെ ഗിയര് ഷിഫ്റ്റ് ചെയ്തു കളിച്ചും ഞാൻ യാത്ര ഉഷാറാക്കി. ഇടയ്ക്ക്  ശക്തി കുറഞ്ഞ ഇടിയും മിന്നലും ഉണ്ട്. ചാറ്റൽ മഴ ശക്തി കൂടി. മുഖത്ത്‌ വീണ മഴത്തുള്ളികൾ എന്നെ ഒരു ഗോളിന് പിന്നിട്ടു നില്ക്കുന്ന ടീമിന്റെ ഫോർവേർഡ് ആക്കി!

"ഡാ, തെണ്ടീ.. നീയെന്നെ കൊല്ലാൻ കൊണ്ടൂവാ?"

"നിനക്കിത്തിരി പേടി നല്ലതാ കണ്ണടചിരുന്നോ ട്ടാ."

"നീയാരാ ഷുമാക്കറോ?  മഴ പെയ്യുമ്പൊ സ്പീഡു കൂടാൻ.."

"മഴയാത്രേ മഴ.. ഞാനെത്ര മഴ കണ്ടതാ.. "ന്നു പറയലും ഒരു ഗട്ടറിൽ വണ്ടി വീണതും ഒരുമിച്ചായിരുന്നു.

ബിജു വണ്ടീന്ന് രണ്ടടി പൊങ്ങി സീറ്റിൽ തന്നെ വീണു. ഞാനും ശരിക്ക് ഒന്ന് കിടുങ്ങി.  

വണ്ടിയുടെ ലൈറ്റ് കെട്ടു. 

"കോപ്പ്, പണിയായീന്നാ തോന്നണേ.."

"നിന്റെ ഒടുക്കത്തെ പോക്ക് കണ്ടപ്പോ ഞാൻ വിചാരിച്ചിരുന്നു.."

"ചുമ്മാതിരിയെടാ.." 

നാല്പ്പത് വാട്ട് ബള്ബ് മിന്നിക്കത്തുന്ന ഒരു കടയുടെ മുന്നില് വണ്ടി നിറുത്തി, ഹെഡ് ലൈറ്റ് അഴിച്ചു ബൾബ് ഒന്നൂരിയിട്ടു വയർ കണക്ഷനുകൾ ഒന്നിളക്കി നോക്കിയപ്പോൾ ലൈറ്റ് കത്തി. 

യാത്ര തുടർന്നു. 
പാലത്തിനു മുകളിൽ വണ്ടി നിർത്തി.
കരുവന്നൂർ പുഴ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പാതിരായ്ക്ക്, ഇടയ്ക്ക് തെളിയുന്ന മിന്നലിന്റെ ഫ്‌ളാഷുകളിൽ  കുത്തിയൊഴുകുന്ന പുഴ കാണാൻ നല്ല രസം.

"ഹോ.. രണ്ടെണ്ണം വിട്ടിട്ട് ഇതും കണ്ട് നേരം വെളുക്കണ വരെ നിക്കണം."

"പിന്നെ, ഇതിലങ്ങു ചാടി നീന്തി അറബിക്കടല് വരെ പോണ്ടേ? വണ്ടി വിട്രാ.. പാതിരയ്ക്ക് അവന്റെ ഡാഷ് വർത്താനം.."

പാലം കടന്ന്  ബിജു ഇറങ്ങേണ്ട സ്ഥലമായപ്പോൾ വണ്ടി നിർത്തി. സ്ട്രീറ്റ്‌  ലൈറ്റുകൾ മുഴുവൻ കെട്ടു.

"ആഹ.. ഹ എന്തോരൈശ്വര്യം.. കാലു കുത്തേണ്ട താമസം കരണ്ടു വരെ പണി മുടക്കി.." ഞാൻ കളിയാക്കി.

"ഞാൻ വന്നാൽ പിന്നെ  വെളിച്ചം ആവശ്യമില്ല അതാടാ."

"ഞാൻ ചിരിച്ചാൽ എന്നൂടെ പരയാർന്നില്ലെ.. വെളിച്ചത്തിന്റെ ഒക്കെ മീനിങ്ങ് പോയ പോക്കേ.."

"അത് പോട്ടെ. നീ വിട്ടോ ഇനീം കുറെ പോവാനില്ലേ. സൂക്ഷിച്ചു പോണം. വീട്ടിലെത്തിയാൽ വിളിക്കണം. ഞാൻ വൈറ്റ് ചെയ്യും. നേരത്തെ പോന്ന സ്പീഡ് വേണ്ട. ഇനി വഴീ കിടന്നാൽ ഒരാളും   ഉണ്ടാവില്ല. അറിയാലോ?"
  
"ഹ ഹ.. എന്നെ ഇവൻ വഴീ കേടത്തിയിട്ടില്ലെടാ ഇത് വരെ. ഞാൻ വണ്ടിയെ സ്നേഹപൂർവ്വം തഴുകി."

"വഴീ കെടത്തിയിട്ടില്ല.. പക്ഷെ കഴിഞ്ഞ കൊല്ലം ആശുപത്രീ കെടത്തി.. ഓര്മ്മയുണ്ടല്ലോ. അപ്പൊ അഭ്യാസങ്ങൾ വേണ്ട. വിട്ടോ.. ഗുഡ് നൈറ്റ്."

"അപ്പൊ ശരി.." വണ്ടി നീങ്ങി.

മാപ്രാണം, ഇരിഞ്ഞാലക്കുട, പുല്ലൂർ, തൊമ്മാന, ആളൂർ, കൊടകര .. വഴിയും പോയിന്റ് സ്റ്റേഷനുകളും മനസ്സിൽ കണക്കു കൂട്ടി ഞാൻ വീണ്ടുമൊരു ബൈക്ക് റേസർ ആവാൻ പ്ളാൻ ചെയ്തു. പിന്നെ  ബിജുവിന്റെ വാക്കുകൾ ഓർത്ത് വേണ്ടെന്ന് വച്ചു!

മാപ്രാണം എത്താറായപ്പോൾ വേറൊരു ചിന്ത തലയിൽ ബള്ബ് കത്തിച്ചു. ലെഫ്റ്റ് തിരിഞ്ഞ് മാടായിക്കോണം പാടത്തിനു നടുവിലെ റോഡിലൂടെ ആനന്ദപുരം, ആലത്തൂർ വഴി അങ്ങ് പെടച്ചാലോ.. ആറോ ഏഴോ കിലോമീറ്റർ വഴിയും സമയവും ലാഭിക്കുകയും ചെയ്യാം. പിന്നെ ചിന്തിച്ചില്ല. വണ്ടി ഇടത്തോട്ട് തിരിഞ്ഞു. അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ കടകളും വീടുകളും കഴിഞ്ഞു. കട്ട പിടിച്ച ഇരുട്ടിനെ കീറി മുറിച്ച വണ്ടിയുടെ ഹെഡ് ലൈറ്റിൽ വിജനമായ റോഡിലേയ്ക്ക് ചാഞ്ഞു നില്ക്കുന്ന മരങ്ങളും റോഡിൽ വീണു ചിതറിയ മരച്ചില്ലകളും ഇലകളും മഴയും ചേർന്ന് ഏതോ ഹോളിവുഡ് ഹൊറർ ചിത്രത്തിലെ ദൃശ്യം സമ്മാനിച്ചു. മുന്നോട്ടു നീങ്ങും തോറും ചെറിയൊരു പേടി എന്നെ വന്നു പൊതിഞ്ഞു. മഴയുടെ തണുപ്പിനെ വെല്ലുന്നൊരു കുളിരിൽ ഞാനൊന്ന് വിറച്ചു. 

'തിരിച്ചു പോയാലോ..'

'പിന്നെ, ഇത്രേം വഴി വന്നിട്ട് തിരിച്ചു പോവല്ലേ.'

'കോൾപ്പാടത്തിനു നടുവിലൂടെ പോകുന്ന ഒരു കിലോമീറ്റർ റോഡ്‌ പ്രശ്നമുള്ള സ്ഥലമാണ്. ഒരീച്ചക്കുഞ്ഞു പോലും കാണില്ല. പിടിച്ചു പറിയൊക്കെ നടക്കുന്നു എന്നൊക്കെയാണ് കേൾവി.'

'ഹ ഹ.. എന്നെ പിടിച്ചു പറിക്കാൻ വന്നാൽ അവര് ചമ്മി പോവെ ഉള്ളൂ..'
മനസ്സിൽ നടന്ന വടം വലിയിൽ ചെറുപ്പത്തിന്റെ ധൈര്യം തന്നെ ജയിച്ചു.

മാപ്രാണം റോഡീന്നു പാടത്തേയ്ക്ക് തിരിയുന്ന മൂലയിലെ മുളംകൂട്ടം കാറ്റിൽ റോഡിലേയ്ക്ക്  ചാഞ്ഞു നിന്നുലയുന്നു. 
ആരോ പിടിച്ചുലയ്ക്കുന്നതാണോ? 
'ഹ ഹ ഓരോ ചിന്തകളേയ് .. പേടി എന്ന വികാരം ഒരു പ്രശ്നം തന്നെയാ..' എന്ന സ്വയം സമാധാനത്തിൽ മുളപ്പടർപ്പിനടിയിലൂടെ മുന്നോട്ടു നീങ്ങിയ ബൈക്കിന് കുറച്ച് മുന്നില് എന്തോ നീങ്ങുന്നത്‌ കണ്ടു മനസ് കിടുങ്ങി. വെള്ളം നിറഞ്ഞ പാടത്തിനു നടുവിലെ റോഡിൽ മഴയിൽ നനഞ്ഞ് ഒരാൾ!  എന്റെ നടുക്കം കൂട്ടിക്കൊണ്ട് ഒരു മിന്നൽ അയാൾക്ക്‌ പുറകിലെ ആകാശത്തിൽ തെളിഞ്ഞു. കയ്യിൽ എന്തോ പിടിച്ചിട്ടുണ്ട്‌.... വണ്ണം കുറഞ്ഞ്, അധികം ഉയരമില്ലാത്ത ഒരു മനുഷ്യൻ. ബ്രേക്കിൽ അറിയാതെ കാലമർന്നു. സ്പീഡ് കുറഞ്ഞു. എനിക്ക് പത്തടി അകലെ നിന്ന് അയാൾ കൈ കാട്ടി.

ഉദ്ദേശം പന്ത്രണ്ടര, സ്ഥലം ഒട്ടും ശരിയല്ലാത്തത്.. പെടച്ചു വിട്ടാലൊ.. എന്ന ചിന്തയാണ് ആദ്യം വന്നത്. പക്ഷെ, അയാള്ക്കടുത്ത് എന്റെ ബൈക്ക് നിന്നു. അയാള് പുറകിൽ കയറുന്നതും വണ്ടി മുന്നോട്ടു നീങ്ങുന്നതും അറിയുമ്പോൾ ഞാൻ ഒരു യന്ത്രം പോലെ ആയിരുന്നു. അയാളുടെ നിശ്വാസം എന്റെ ചുമലിൽ തട്ടി. ഭയം കനത്തൊരു കരിമ്പടമായി എന്നെ വന്ന് പൊതിഞ്ഞു കഴിഞ്ഞു. നോക്കെത്താ ദൂരം വെള്ളം നിറഞ്ഞു നില്ക്കുന്ന കോൾപ്പാടത്തിന് നടുവിലെ റോഡ്‌ ആര്ത്തലയ്ക്കുന്ന കടലിനു നടുവിൽ വെട്ടിയ വഴി പോലെ തോന്നിച്ചു.

ഏതോ ഒരാൾ. ലിഫ്റ്റ് ചോദിച്ചു, ഞാൻ കൊടുത്തു. അല്ലാതെ പേടിക്കുന്നതെന്തിന്? ആശങ്കകളെ മനസ്സിൽ മൂടി വച്ച് വണ്ടിക്കു സ്പീഡ് കൂട്ടി.

ഒരു നിമിഷം, മുന്നില് റോഡ്‌ അവസാനിച്ചത്‌ കണ്ട് ഞാൻ പകച്ചു. റോഡ്‌ വെള്ളത്തിനടിയിലെയ്ക്ക് താഴ്ന്നു പോയത് പോലെ! ബ്രെയ്ക്ക് ചവിട്ടി വണ്ടി നിർത്തി. ഇടതു വശത്തെ പാടം കവിഞ്ഞു വെള്ളം വലതു വശത്തേയ്ക്ക് ഒഴുകുന്നതാണെന്ന് മനസിലാക്കാൻ കുറച്ചു നേരമെടുത്തു. ഇനി കുറച്ചു വഴി റോഡ്‌ താഴ്ചയിലാണ്. പാടത്തിന്റെ പകുതി ദൂരം പിന്നിട്ടു കഴിഞ്ഞു. തിരിച്ചു പോകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ വയ്യ. ഹൈ ബീമിന്റെ വെളിച്ചത്തിൽ വെള്ളത്തിൽ വരിയായി നില്ക്കുന്ന അതിര്ത്തി കുറ്റികൾ കാണാം.

ഞാൻ ചുറ്റുപാടും ഒന്ന് നോക്കി. വെള്ളം നിറഞ്ഞ ഒരു ലോകത്തിൽ പെട്ട് പോയ രണ്ടു പേർ എന്ന പോലെ ഞാനും എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളും. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നിലെ വെള്ളം തിളങ്ങി. എന്താ ചെയ്യേണ്ടത് എന്ന ഭാവത്തിൽ ഞാൻ മുഖം തിരിച്ച് അയാളെ നോക്കി. ദൈന്യതയാര്ന്ന കണ്ണുകളോടെ, ഒരുപാടു പ്രതീക്ഷകളോടെ അയാള് എന്നെയും.

അത് മതിയായിരുന്നു എനിക്ക്. അയാൾക്ക്‌ എന്നെ ആവശ്യമുണ്ട് എന്ന വിചാരം മനസിലെ ഭയത്തെ ചവിട്ടി പുറത്താക്കി. ഞാനൊരു കുരിശു വരച്ചു.

"നമ്മള് പോവാ, പിടിച്ചിരുന്നോ."

വണ്ടി  പതുക്കെ നീങ്ങി.

"സൈലന്സറിൽ വെള്ളം കയറി വണ്ടി ഓഫായാൽ പിന്നെ പണിയായി. ആക്സിലേറ്റർ കുറയ്ക്കാതെ ക്ളച്ചിൽ താങ്ങി പൊയ്ക്കോളൂ. സ്പീഡു ഒട്ടും വേണ്ട. ഒഴുക്ക് പിടിച്ചാൽ കണ്ട്രോൾ പോവും."
പുറകിൽനിന്നു അയാൾ പറഞ്ഞു.

'പിന്നെ, ഇയാൾ പറഞ്ഞു തന്നിട്ട് വേണം.. എനിക്കറിയാം' എന്ന മട്ടിൽ ഞാൻ ഒന്ന് തലയാട്ടി.

റോഡിലെ തന്നെ താഴ്ചയുള്ള ചില ഭാഗങ്ങളിൽ സൈലന്സരിനും മുകളിൽ വെള്ളം എത്തുന്നതും വണ്ടിയുടെ ശബ്ദം മാറുന്നതും അറിഞ്ഞു. സ്പീഡ് ഇത്തിരി കൂടുമ്പോൾ തന്നെ വെള്ളത്തിന്റെ ഒഴുക്കിൽ വണ്ടി വലതു വശത്തേയ്ക്ക് പോകുന്നത് ഫീൽ ചെയ്തു. ഞാൻ ഒറ്റയ്ക്കാണെങ്കിൽ വെള്ളത്തിലൂടെ പോന്നാൽ പാടത്ത് കിടന്നേനെ.. ഉറപ്പ്. മനസ് പറഞ്ഞു.

ഇരുന്നൂറു മീറ്ററോളം പോയപ്പോൾ റോഡ്‌ വീണ്ടും പ്രത്യക്ഷപ്പെട്ടു! ആശങ്കകൾ മാറി ഞാൻ ഉഷാറായി. പാടം  കഴിഞ്ഞു, വണ്ടി ജനവാസമുള്ള സ്ഥലത്തേയ്ക്ക് എത്തിക്കഴിഞ്ഞു.

ഇനി പ്രശ്നം ഒന്നുമില്ല.

"ആനന്ദപുരം റോഡിലാണോ ഇറങ്ങുന്നത്?" ഞാൻ ചോദിച്ചു.
ഉം ന്നൊരു മറുപടി കിട്ടിയെന്നു തോന്നി.

അവിടെയെത്തുമ്പോൾ ഇറങ്ങി ഒന്ന് മൂത്രോം ഒഴിക്കാം ഞാൻ ചിന്തിച്ചു. തുടർ സംസാരം ഒന്നും ഉണ്ടായില്ല. മഴ കനത്തു. ഞാൻ ഹെൽമെറ്റിന്റെ ഉയർത്തി വച്ച ഗ്ളാസ് താഴ്ത്തി.

ഒരുപാടു കാലം ഓർമ്മിക്കാൻ കളിയും ചിരിയും ആവേശവും ഭയവും ധൈര്യവും എല്ലാം ഇടകലർന്ന ഒരു യാത്ര. കൊള്ളാം.
ഇങ്ങേര് എന്താണാവോ ആരുമില്ലാത്ത ആ വഴിയിൽ പെട്ടത്? ഞാൻ വണ്ടിയിൽ കയറ്റിയില്ലായിരുന്നെങ്കിൽ ആള് ഇത്രേം വഴി നടന്നു പോരുമായിരുന്നോ? ആ.. എന്തായാലും ആളുണ്ടായത് നന്നായി. ഇല്ലേൽ ചെലപ്പോ വെള്ളത്തിൽ ചത്തു പൊന്തിയെനെ.. എന്തായാലും ഇറങ്ങുമ്പോ ആള് താങ്ക്സ് പറയും. അതിനു മുൻപേ യാത്രയിൽ ഒരു കൂട്ടായതിന് ഒരു താങ്ക്സ് അങ്ങോട്ട്‌ പറയണം. വിവിധ ചിന്തകൾക്കിടയിൽ അയാള്ക്കിറങ്ങേണ്ട സ്ഥലമെത്തി.

വണ്ടി നിർത്തി, ഹെൽമെറ്റിന്റെ വൈസര് ഉയർത്തി...
"അപ്പൊ, ഓക്കെ,
താങ്ക് യു" പുറകോട്ടു തിരിഞ്ഞു ഞാൻ പറഞ്ഞു.

അത്യപൂർവ്വമായ ഒരു വികാരത്തിൽ എന്റെ രോമകൂപങ്ങൾ എണീറ്റ്‌ നിന്നു.

കാരണം,
അവിടെ ആരും ഉണ്ടായിരുന്നില്ല!!






https://www.facebook.com/groups/malayalamblogwriters

https://www.facebook.com/ThankYouMMovie