Powered By Blogger

Wednesday, November 28, 2012

നിരാശാ കാമുകന് പറയാനുള്ളത്!

പ്രിയമുള്ള അനിയന്മാരെ,

ആടുമേയ്ക്കല്‍ മറന്നു ഫ്ലൂട്ട് വായിച്ചു ചന്ദ്രികയെ സന്തോഷിപ്പിച്ചു അവസാനം പ്രാന്തനായ രമണന്റെ കഥയിലൂടെ സ്വന്തം ജീവിതം പകര്‍ത്തിയ എന്റെ ആത്മീയ ഗുരു ചങ്ങമ്പുഴയെ മനസ്സില്‍ സ്മരിച്ചുകൊണ്ട്, 'സന്യാസിനീ...' പാടി നടന്ന ദിവസങ്ങള്‍ക്കു ശേഷം സ്വന്തം പോക്കറ്റ് നോക്കി, "പണ്ടാരക്കാലീ നീ മുടിഞ്ഞു പോവേയുള്ളൂ" എന്ന് മനസ് നൊന്തു പ്രാകിയ ആയിരക്കണക്കിന് മുന്‍ഗാമികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്‌.. രാവിലെ ഷെയര്‍ ചെയ്തടിച്ച പൈന്റിന്റെ ആന്തല് കഴിഞ്ഞപ്പോ വീണ്ടും വന്ന ഹൃദയവേദനയില്‍ ചാലിചെടുത്ത ടച്ചിങ്ങ്സ് .. അല്ല കുറച്ചു വാക്കുകള്‍ - നിലയില്ലാക്കയത്തിലെയ്ക്കെടുത്ത് ചാടി സായൂജ്യമടയാന്‍ ഒരുങ്ങുന്ന പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പറയുകയാണ്‌.

വേണെങ്കി കേട്ടോ.

ദിപ്പോ, നിങ്ങളീ കാണിക്കാന്‍ പോണ ആവേശമുണ്ടല്ലോ അതിന്റെ എഴെരട്ട്യാര്‍ന്നു എനിക്ക്. ഹോ.. എന്താര്‍ന്നു! പത്താം ക്ലാസില് തോടങ്ങ്യ പരിപാട്യല്ലേ.... എന്തൂട്ട്? എന്റെ പ്രേമം! അമ്പലത്തീ പോയി വരണ അവള്‍ടേം കൂട്ടുകാരീടേം മുന്നില്‍ ഇടിഞ്ഞു പൊളിഞ്ഞൊരു വീഴ്ച. സൈക്കിളുമേന്നു. അന്നത്തെ ചിരിയില്‍ ഞാന്‍ വീണ്ടും വീണു. അന്ന് തുടങ്ങീതാ.. "പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും..." എന്ന പാട്ട് മനസ്സില്‍ പാടിയങ്ങു തുടങ്ങി.
ഹ്മം.. അവള് ദേവസ്ത്രീയായി.. ഞാനൊരു പിച്ചക്കാരനും!

പ്ലസ് ടൂ നു അവള് പഠിക്കണ സ്ഥലത്ത് തന്നെ ചേരണമെന്ന് എന്റെ ആഗ്രഹം നടന്നില്ല. മോഡറെഷന്‍ എന്ന റേഷന്‍ കിട്ടി ജയിചോര്‍ക്ക് അവിടെ പഠിക്കാന്‍ സീറ്റ് കിട്ടുമായിരുന്നില്ല. എങ്ങനെ കിട്ടും പുത്തകം തോറക്കുംപോ തെളിയല്ലേ, ലവള്ടെ മോന്ത. അങ്ങനെ, ഞാന്‍ പിള്ളമാഷ്ടെ 'ഓലപ്പെരക്കൊളേ ജി'ലും അവള് പത്രാസുകാര് പഠിക്കണ കൊണ്‍വെന്ടിലും ആണെങ്കിലും മറ്റാരും കാണാതെ എന്നെ നോക്കിയുള്ള ചിരിയും ആ നോട്ടവും ഹൃദയത്തില്‍ വെച്ചുകൊണ്ട് നടന്നു ഞാന്‍ രണ്ടു കൊല്ലം തള്ളി നീക്കി - വായീനോക്കി എന്ന പേര് കിട്ടിയെങ്കിലും!

നഗരത്തിലെ കോളേജില്‍ അവള്‍ ചേര്‍ന്നപ്പോ ഞാന്‍ ഐടീസീ ചേര്‍ന്നു. വേറാരും അവളെ ലൈനടിക്കാതിരിക്കാന്‍ രാവിലേം വൈകീട്ടും എസ്കോര്‍ട്ട് പോയി.അവളുടെ നോട്ടവും ചിരിയും വര്ത്താനങ്ങളിലെയ്ക്കും ഐസ്ക്രീമിലെയ്ക്കും വളര്‍ന്നു. എന്റെ മാത്രം എന്ന ചിന്തയില്‍, അവള്‍ കൊളേജിലാരോടും മിണ്ടുന്നുണ്ടോന്നറിയാന്‍ സ്വന്തം ഗെഡീസിനെ ഉണ്ടാക്കി. അവര്‍ക്ക് ചെലവു ചെയ്യാന്‍ ഇലക്ട്രീഷ്യന്‍ അശോകേട്ടന്റെ കൂടെ ചുമര് വെട്ടിപ്പോളിക്കും പ്ലംബിംഗ് പണിക്കും പോയി. അവളോടു ഐ ലവ് യു പറഞ്ഞ ഒരുത്തനു പൂരത്തിന്റെ അന്ന് ടൌണിലിട്ടു പടക്കം പൊട്ടിക്കാന്‍ കെലിപ്പ് ടീംസിനെ ഇറക്കി. അതിനു മെനയ്ക്ക് ചെമ്പ് ചെലവായി. അത് കൊടുക്കാന്‍ വീട്ടിലെ ചെമ്പും ചരുവോം വിറ്റത് കൃഷ്ണന്‍ മൂശാരി ഒറ്റിക്കൊടുത്തതോടെ വേറൊരു പേര് കൂടിയായി.. കള്ളന്‍.

പൂശു കൊണ്ടവന്റെ കയ്യില്‍ കൂടുതല്‍ കാശുണ്ടാര്‍ന്നുന്ന്. ഞാന്‍ ഇറക്കിയ ടീംസ് തന്നെ എന്നെ തിരിച്ചു കിഴിയിട്ടപ്പോ മനസിലായി. ഇഞ്ച ചതയ്ക്കണ പോലയല്ലേ പൂശീത്. ബോധം കേട്ട പോലെ അഭിനയിച്ച കാരണം പൂത്യാവാതെ രക്ഷപ്പെട്ടു. ആ.. മറ്റൊരു പേര് കൂടി കിട്ടി - തല്ലുകൊള്ളി.

ഇടയ്ക്കവള്‍ "വീട്ടീന്ന് തരുന്നില്ല" എന്ന് പറഞ്ഞു പല കാര്യങ്ങള്‍ക്കും കാശ് വാങ്ങി. "പിശുക്കാ.. ഇതൊക്കെ തിരിച്ചു ഈടാക്കിക്കൊളാം" എന്ന് അവള്‍ടെ അച്ഛനോട് മനസ്സില്‍ പറഞ്ഞു ഞാനതൊക്കെ കൊടുത്തു. ടൂര്‍ പോകാനോക്കെ ഉണ്ടാക്കിക്കൊടുത്ത കാശിന്റെ പിന്നിലെ കളികള്‍ അറിഞ്ഞാ ഞാനന്ന് എസ ഐ അബ്ദുള്ള സാറിന്റെ കയ്യീന്ന് കാലിന്റെ അടീല്‍ പൂശു കൊണ്ട് ലോക്കപ്പില്‍ കേടന്നെനെ!

കോളേജും, കമ്പ്യൂട്ടര്‍ കോഴ്സും കഴിഞ്ഞു അവളെ കെട്ടിച്ചു വിടാന്‍ തീരുമാനിച്ചപ്പോ, എനിക്ക് ഇളകി. മതില് ചാടി അവളെ കാണാന്‍ ചെന്ന എന്നെ 'കള്ളന്' ന്നു പറഞ്ഞു ഓടിച്ചിട്ട് പിടിച്ചു തെങ്ങില്‍ കെട്ടിയിട്ടടിയ്ക്കാനും തെറി പറയാനും അച്ഛനും അമ്മയും ഒഴികെ നാട്ടിലെ എല്ലാരുമുണ്ടാര്‍ന്നു. ആ സംഭവത്തില്‍ പിന്നെ അച്ഛന്‍ പുറത്തിറങ്ങാതായി, രോഗിയായി.. പിന്നെ, മോളില്‍ക്ക് പോയി.

നാടുവിട്ടു പോയാലോ എന്ന ചിന്ത എന്റെ പ്രിയപ്പെട്ടവളെക്കുറിച്ചാലോചിച്ചു ഞാന്‍ കുഴിച്ചിട്ടു. എന്നോടുള്ള പ്രേമം മൂത്ത് ഞാന്‍ വിളിച്ചാല്‍ അവള്‍ ഇറങ്ങി വരുമെന്നും അങ്ങിനെ ഇല്ലെങ്കില്‍ തന്നെ അവളുടെ കല്യാണം വീട്ടുകാര്‍ നടത്താന്‍ തുനിഞ്ഞാല്‍ ഞാനൊരു കൊലപാതകിയാവുമെന്നും മനസ്സില്‍ ഉറപ്പിച്ചു.

ഒരു ദിവസം "ഡാ.. എവിട്യാ എന്റെ മോള് ?"ന്നും ചോദിച്ചു കലി കയറി വന്ന അവള്‍ടെ അച്ഛന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് - അവള്‍ പോയിത്രേ!! 

ക്രമേണ അറിഞ്ഞു.. ഫെസ് ബുക്കില്‍ പരിചയപ്പെട്ട ഏതോ മരക്കൊന്തന്റെ കൂടെ ചാറ്റി ചാറ്റി ലവള്‍ എന്നെ ചീറ്റു ചെയ്തൂന്ന്. 

ഹ്മം.. ഞാന്‍ വരീന്നു പോയി. 

മാനഹാനി, ധനനഷ്ടം.. സമയ നഷ്ടം.. ചുരുക്കത്തില്‍ ജീവിതം തന്നെ കൈ വിട്ടു പോയി.

ഇതെന്റെ മാത്രം അനുഭവല്ല.. ഒരുപാടു പെര്ടെ ജീവിതം ഇതിനോപ്പണ്ട്.

മതി.. 
ഇനീം പ്രേമിക്കാന്‍ കഴപ്പ് മൂത്ത് നടക്കുന്നൊരു പൊക്കോ.. 
പോയി വാ..
വരും, ഇവടെ വരും. വരാണ്ട് എവടെ പോവാന്‍! 

ഇവിടെ, ദേ ഈ ബിവരെജിന്റെ ഉമ്മറത്ത്.. 
കുടിച്ചു വാള് വെയ്ക്കുംപോ പൊറം ഉഴിഞ്ഞു തരാന്‍ ഞാനുണ്ടാവും ട്ടോ.
ഞാനുണ്ടാവും. ഈ ചേട്ടന്‍.

നന്ദി.. 
നമസ്കാരം.

Monday, November 19, 2012

വെറ്റിലപ്പാമ്പ്

വെറ്റിലപ്പാമ്പ്
.................................................
"വരിക്കച്ചക്കെടെ ചുള കണക്കിന് തുടു തുടുത്തൊരു കല്യാണി
കൊടകരയില് കാവടിയാടുമ്പോ കണ്ടെടീ ഞാനൊരു മിന്നായം.."


കേട്ടിട്ടില്ലേ?

ആ മിന്നായങ്ങളും മറിമായങ്ങളുമായി..ഷഷ്ഠി ഞങ്ങളുടെ ദേശീയോത്സവമാണ്‌. കാവടിയാട്ടവും കരകാട്ടവും തല്ലും ഒക്കെയായി ശരിക്കും ഒരു ഉത്സവം!


പ്രായപൂത്രി ആയില്ല എന്നഭിനയിച്ചു കൊണ്ട് പെണ്ണ് കെട്ടാതെ നടക്കുന്ന കാലത്തെ ഒരു ഷഷ്ഠി ദിവസം.


രാവിലെ തുടങ്ങിയ വായില്‍ നോട്ടം, പഴയ ഗെടികളോട് പരിചയം പുതുക്കല്‍, ദേഷ്യമുള്ളവരോടു കലിപ്പിറക്കല്‍ തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം വൈകീട്ട് കുളിച്ചു കുട്ടപ്പന്മാരായി അമ്പലനട ലക്ഷ്യത്തിലേയ്ക്ക്. ഇടയില്‍ ഒന്നര- രണ്ടു -രണ്ടര വീതം പ്രായത്തിനും കപ്പാക്കിറ്റിക്കും അനുസരിച്ച് അടിച്ചിട്ടുണ്ട്. മണം വരാതിരിക്കാന്‍ റോജാ പാക്കും!


ഇരുട്ടായി..

അമ്പലപ്പറമ്പു മുഴുവന്‍ ആളുകളാണ്. അമ്പലത്തില്‍ തൊഴാനും കാര്‍ണിവല്‍ കാണാനും കണകുണ സാധനങ്ങള്‍ വാങ്ങാനും പൊരിയും അലുവയും കരിമ്പും വാങ്ങാനും എത്തിയവരുടെ തിരക്ക് ആസ്വദിച്ചു ഞങ്ങള്‍ നിന്നു.


"മ്മക്കൊരോ മുറുക്കാന്‍ അങ്ങട് പൂശ്യാലോ?"

ഞാന്‍ ചോദിച്ചു.


അന്ന് പലതരം സാമഗ്രികള്‍ ചേര്‍ത്ത മുറുക്കാന്‍ കിട്ടുന്നത് വല്ല ഹിന്ദിക്കാരും ഉത്സവം പ്രമാണിച്ച് ഇടുന്ന താല്‍ക്കാലിക സ്റ്റാളുകളില്‍നിന്നു ഇത്തരം വിശേഷ സന്ദര്‍ഭങ്ങളിലാണ്.


"അത് നല്ലതാ.. ഈ മണം ഒന്ന് പോവേം ചെയ്യും"


"മീട്ടാപാന്‍ മതി."


"ഒക്കെ, ഏഴു മീട്ടാ പാന്‍, ഒരു സാധാ, മുറുക്കാന്‍.. " ഞാന്‍ പറഞ്ഞു.


"അതെന്താ സാധാ?" - കണ്ണന്‍


"അത് എനിക്കാ.. ഇത്തിരി പോകല ഇടും"


"ആഹ, അത്രയ്ക്കായോ? 6 മീട്ടാ, ഒരു സാധാ, ഒരു ചാര്‍ സൌ ബീസ് "


"ചാര്‍ സൌ ബീസോ? നിനക്ക് മുറുക്കി പരിചയമുണ്ടോ?"


"നീയൊന്നു പോടാപ്പാ.. എന്നെ പഠിപ്പിക്കാന്‍ വന്നെക്കാണ് "


"എന്നാ പിന്നെ ഓക്കെ."


എല്ലാവരും മുറുക്ക് തുടങ്ങി..

ഒറ്റ മിനിട്ട്

കണ്ണന്റെ നെറ്റിയില്‍ വലിയ വിയര്‍പ്പു തുള്ളികള്‍ പ്രത്യക്ഷപ്പെട്ടു.

മിണ്ടാട്ടം ഇല്ലാണ്ടായി. പെട്ടെന്ന് കണ്ണ് മറിയുന്നതും കുഴഞ്ഞു വീഴാന്‍ തുടങ്ങുന്നതും കണ്ടു ഞങ്ങള്‍ താങ്ങി.


കോപ്പ്.. അലമ്പായി.


"ഈ തെണ്ടിയ്ക്ക് ആവശ്യമുള്ളത് തിന്നാ പോരെ."


"എല്ലാ കാര്യത്തിനും ഏറ്റവും വെല്യത് അന്വേഷിച്ചു നടന്നാ ഇങ്ങിനെ ഉണ്ടാവും."


"ഡാ.. നിനക്ക് ഒരു 'ആയിരം' കൂടി വേണോന്നു, മുറുക്കാന്‍കാരന്‍ ചോദിക്കുന്നു.."


നോ അനക്കം.


ഞാനും അനൂപും ചേര്‍ന്ന് കണ്ണന്റെ ഓരോ കൈ തോളിലെയ്ക്കിട്ടു. എല്ലാവരും ഒരു വലയം പോലെ ചുറ്റും നിന്നു. തിരക്കില്‍നിന്നും പരിചയക്കാരില്‍നിന്നും അവനെ മാറ്റുകയായിരുന്നു ഉദ്ദേശം.

നിമിഷ നേരം കൊണ്ട് അത് ഞങ്ങള്‍ ചെയ്തു. ഒരു വീടിനോടു ചേര്‍ന്നുള്ള ചെറിയ വഴിയിലേയ്ക്കു ഞങ്ങള്‍ അവനെ മാറ്റി.


അതൊരു മണ്ണിട്ട വഴിയാണ്. വെളിച്ചം കുറവാണ്. ചില ആളുകള്‍ അതിലൂടെ അമ്പലത്തിലേയ്ക്ക് വരുന്നുണ്ട്. ആരോ കൊണ്ട് വന്ന സോഡ മുഖത്തോഴിച്ചിട്ടും പലകുറി കുലുക്കി വിളിച്ചിട്ടും കണ്ണന് അനക്കം കാണാതായപ്പോള്‍ ഒരു പേടി ഞങ്ങള്‍ക്ക് മൊത്തം കയറി. വീട്ടിലെങ്ങാന്‍ അറിഞ്ഞാല്‍ എന്ന കാര്യം കൂടി ആലോചിച്ചപ്പോള്‍ മൊത്തം ടീം പേടിയിലായി.


ഓട്ടോ കിട്ടാന്‍ ടാര്‍ റോഡു വരെ നടക്കണം. അനൂപും ഞാനും മാറി മാറി കണ്ണന്‍ വേതോളത്തിനെ തോളിലേറ്റി. കൂടെയുള്ള ഗെടികളെ ഓട്ടോ സെറ്റപ്പ് ചെയ്യാനായി മുന്നില്‍ വിട്ടു. ആരെങ്കിലും ആ വഴിയിലൂടെ വരുമ്പോള്‍ കണ്ണനെ ഞങ്ങള്‍ മതിലില്‍ ചാരി നിറുത്തി! എന്നിട്ടു അവന്റെ മേല് ഊഴമിട്ടു ചാരി നിന്ന് ഞങ്ങൾ സീരിയസ് വർത്തനങ്ങൾ പറഞ്ഞു. അങ്ങിനെ റോഡു എത്തി.


ഒരോട്ടോ എവിടെന്നോ തപ്പിപ്പിടിച്ചു. കൊടകര ടൌണിലെയ്ക്കു വെറും അര കിലോമീട്ടരെ ഉള്ളൂ എങ്കിലും തിരക്കും ആളുകള്‍ തിരിച്ചരിഞ്ഞെക്കുമോ എന്ന ഭയവും മൂലം മൂന്നാല് കിലോമീറ്റര്‍ വളഞ്ഞു.ഉറുമ്പത്ത് കുന്ന് വഴിയാണ് പോകുന്നത്. ലവന്‍ അപ്പോളും കുഴഞ്ഞു ബോധമില്ലാതെ ഞങ്ങളുടെ മടിയില്‍ കിടക്കുകയാണ്. ഞങ്ങളുടെ പരിഭ്രാന്തി കണ്ടപ്പോള്‍ ഓട്ടോക്കാരന്‍ കാര്യം തിരക്കി. ഞങ്ങള്‍ ചാര്‍ സൌ ബീസിന്റെ കാര്യം പറഞ്ഞു.

ഏയ്‌ അത് കുറച്ചു കഴിയുമ്പോള്‍ ശരിയാവും എന്ന മറുപടി പ്രതീക്ഷിച്ച ഞങ്ങളുടെ മനസ്സില്‍ തീ കോരിയിട്ടു അങ്ങേരു പറഞ്ഞു..


" ഇത് മറ്റേതാ.."


"മറ്റേതോ?"


"ആ.. വെറ്റിലപ്പാമ്പ് "


"എന്തൂട്ട് പാമ്പ്?"


"കേട്ടട്ടില്ല്യെ..വെറ്റിലപ്പാമ്പ്. കാര്ന്നവന്മാര് വെറ്റില തലേല്‍ തെയ്ക്കന്നത് കണ്ടിട്ടില്ലേ അത് ഈ വെറ്റി ലപ്പാമ്പു ചാവാനാ. തലേല്‍ എണ്ണമയം ഉണ്ടാവുല്ലോ. എണ്ണ തൊട്ടാ പാമ്പ് ചാവും."


ഞങ്ങള്‍ സമൂഹമായി വായും പൊളിച്ചു കേട്ടു.


"ഒന്ന് പോ ചേട്ടാ പാമ്പല്ലേ വെറ്റിലയില്‍ ഇരിക്കണത്!"


"ആ.. പശ്റ്റ്.. ഡാ പിള്ളേരെ, പാമ്പെന്നൊക്കെ പറയുമ്പോ അതിന്റെ വലുപ്പം നോക്കണ്ട. നൂല് വലിപ്പമേ കാണൂ. സാധനം കടിച്ചാലുണ്ടല്ലോ."


ഞങ്ങള്‍ കൂടുതല്‍ പേടിച്ചു.


ഞാന്‍ കണ്ണന്റെ മൂക്കില്‍ വിരല്‍ വച്ച് നോക്കി. കുരിപ്പിനു ശാസം ഉണ്ട്.


"അയ്യോ, ആശുപത്രീ കൊണ്ടോണോ?"

''ഡാ. വീട്ടിലറിഞ്ഞാ വല്യ പണിയാ. എന്താപ്പോ ചെയ്യാ?"

''ഈ പിശാശിനെക്കൊണ്ട് തോറ്റു"

''മ്മക്ക് ശാന്തീ പോവല്ലേ ?"


"എന്നെ ഷാജൂന്റെ കടേല്‍ കൊണ്ട് പോ.. കുറച്ചു നേരം കിടന്നാ ശേര്യാവും" ബോധം കേട്ട് കിടക്കണ 'രോഗി' മൊഴിഞ്ഞു!


"ങേ!"


"ഡാ, തെണ്ടീ, നിനക്ക് ബോധാമുണ്ടോ?"


" ഉം "


"എന്നിട്ടാണോ.. മൈ .."


"അനങ്ങാന്‍ വയ്യടാ.അതാ"


"അപ്പൊ വെറ്റിലപാമ്പല്ല.. അതാണെങ്കില്‍ തീരണ്ട സമയം കഴിഞ്ഞു. കുറച്ചു നേരം കെടക്കട്ടെ.. ശര്യാവും" ഓട്ടോക്കാരന്‍.


"ചേട്ടന്‍ വെര്‍തെ പേടിപ്പിച്ചു"


ടൗണിലെത്തി കൂട്ടുകാരന്റെ കടയുടെ നിരപ്പലക തുറന്നു നാട്ടുകാര്‍ കാണാത്ത രീതിയിലുള്ള ഒരു കമാന്‍ഡോ ഒപ്പറെഷനിലൂടെ കണ്ണനെ അകത്തേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഇനി എന്താ ചെയ്യണ്ടേ എന്ന് കണ്ഫ്യൂഷനിളിരിക്കുമ്പോള്‍ ബെന്നി വന്നു.- നിഷ്കളങ്കന്‍, ആത്മാര്‍ത്ഥത ഇത്തിരി കൂടുതലുള്ളവന്‍...

അവന്‍ ഈ വക കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ല. പക്ഷെ, എന്തോ പന്തികേട് തോന്നിയ അവന്‍ കാര്യം അന്വേഷിച്ചു.


"ഈ ഗെടിക്ക്‌ കഴപ്പാണല്ലോ.. ഒരു ചാര്‍ സൌ ബീസ് കേറ്റിയതാ" ആരോ പറഞ്ഞു. ബെന്നി ആ പേര് ആദ്യമായി കേള്‍ക്കുകയാണ്.


"എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിനു പോണത്.... നിന്നെ ആദ്യം തല്ലണം" ലവൻ എന്നോട്..


"ഞാനെന്തു പെഴച്ചു?"


"നിനക്ക് അവനെ കണ്ട്രോള്‍ ചെയ്തൂടാര്ന്നോ"


"പിന്നെ, അവന്‍ ഇള്ളക്കുട്ടിയല്ലെ."


അങ്ങനെ ഞങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കം നടക്കുമ്പോള്‍ രമേശേട്ടന്‍ വന്നു.


"എന്തൂട്ടാണ്ടാ.വെര്‍തെ തമ്മീതല്ലു കൂടാനുള്ള പരിപാട്യാണോ"


" അല്ല ചേട്ടാ. ദിവരോക്കെകൂടി കണ്ണനെ എന്തൂട്ടങ്ങാണ്ട് കുടിപ്പിച്ചു ബോധം ഇല്ലാണ്ടാക്കി കൊണ്ട് വന്നു ഇട്ടട്ടുണ്ട്"


"ങേ.. "

ഞങ്ങള്‍ അമ്പരന്നു.


"എന്തൂട്ട് കുടിപ്പിച്ചു?"


"ചാര്‍ സൌ....... എന്തോ  അങ്ങനെ എന്താങ്ങാണ്ട് ഒരു സാധനം. മര്യാദയ്ക്ക് വല്ല ഓള്‍ഡ്‌ കാസ്കോ ഒപ്പിയാരോ കുടിച്ചാ മതി.ഞ്ഞിപ്പോ ബിയർ വേണെങ്കി തന്നെ കെഎഫ്‌ഇല്ലേ? ഷഷ്ഠിയായിട്ടു ഒരു പുതിയ സാധനം കുടിപിച്ചക്കണ് -@#$!"

"എന്തൂട്ട് സാധനമാ അവനെ കുടിപ്പിച്ചത്?"

ഞങ്ങളൊരു മറ്റതും കുടിപ്പിച്ചിട്ടില്ല എന്ന് പറയാൻ അവസരം, തരാതെ ബെന്നി പറഞ്ഞു..

ചാര്‍ സൌ ബീര്‍"

Wednesday, November 7, 2012

സായിപ്പിന്റെ കള്ളുകുടി

കുറെ വര്‍ഷങ്ങള്‍ക്കു മുന്പ്, ഉണ്ണി എമ്ബിഎ ചെയ്യാന്‍ അമേരിക്കയ്ക്ക് പോയത് വല്യ വാര്‍ത്തയായിരുന്നു. തിരികെ വന്നത് ഒരു സായ്പ്പുമായിട്ട്! അങ്ങേരു ഇവിടെ കറങ്ങാന്‍ വന്നതാണ്. ഏതോ കഞ്ഞി സായിപ്പ്. ഒരു മധ്യ വയസ്കന്‍. അലന്ന മുടീം ഒക്കെ ആയി ഒരു ലൂക്കില്ലാത്തവന്‍. കവലയിലെ സംഗമസ്ഥാനത്ത് കൊണ്ട് വന്നു എല്ലാവരേം പരിചയപ്പെടുത്തി. "ഹോള" പറഞ്ഞു.. കൈ തന്നു .. "ഓരോ വക ചൊറികളേം കൊണ്ട് എഴുന്നള്ളിക്കോളും" എന്ന് എല്ലാവരെക്കൊണ്ടും മനസ്സില്‍  പറയിച്ചു. 

അഞ്ചാറു ദിവസം കൊണ്ട് സായിപ്പ് മലയാളം പഠിച്ചു! ഉണ്ണി ഇല്ലെങ്കിലും ആള് ഹാജര് വച്ച് തുടങ്ങി. അങ്ങിനെയിരിക്കെ അമ്പലത്തില്‍ ഉത്സവം. സായിപ്പ് കൂടെ ഉള്ളതിനാല്‍ സകല പെന്മിഴികളും ഇങ്ങോട്ട്. എല്ലാവരും ഉന്മാദ പുളകിതരായി. ഉണ്ണിക്കു ദേഷ്യം/ അസൂയ ഒക്കെ വന്നു.

"നൌ യു ടെയ്ക്  റെസ്റ്റ്." എന്ന് പറഞ്ഞു സായിപ്പിനെ അവന്‍ വീട്ടീ കൊണ്ടുപോയാക്കി തിരിച്ചു പോന്നു.
അങ്ങിനെ എല്ലാവരും വിവിധങ്ങളായ കാര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ഒരുത്തന്‍ വിളിച്ചു..

"ഡാ, നോക്ക്യേ."

എല്ലാവരും നോക്കി.

പ്രാദേശിക ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്ന ഉത്സവം ലൈവില്‍ ആല്‍ത്തറയില്‍ ഇരുന്നു താളം പിടിക്കുന്ന സായിപ്പ്!!

"ങേ.. ഇയാളെ ഞാന്‍ വീട്ടീ കൊണ്ടോയാക്കീതല്ലേ!" ഉണ്ണി അന്തം വിട്ടു.

"ലൈവ് തന്ന്യാടാ.."

"നിങ്ങ വന്നെ.."

ഞങ്ങള്‍ ചെല്ലുമ്പോള്‍ ചുറ്റും കൂടി നില്‍ക്കുന്ന കുറെ പേരുടെ നടുവില്‍ തകിലിന്റെ പെരുക്കത്തിനോപ്പം ചുള്ളന്‍ ഡാന്‍സ്‌ കളിക്കുന്നു.

"ഹലോ.. വാട്ട് ഹാപ്പെണ്ട് ?"

"ഐം സൊ ബോര്‍ഡ് .. സൊ.."

സായിപ്പിനെ നൃത്തത്തില്‍നിന്നു പിന്തിരിപ്പിച്ചത് ഇഷ്ടപ്പെടാതിരുന്ന ഒരു ടീം ഞങ്ങളുമായി ചെറുതായി കോര്‍ത്തു.

"ഈ തെണ്ടി എന്റെ കൈ വിട്ടു പോയി ട്ടാ. ഉണ്ണി പറഞ്ഞു."

"അമേരിക്കെലിരുന്ന സായിപ്പിനെ വീട്ടീകൊണ്ടന്ന ഉണ്ണീടെ പോലെ..എന്നൊരു പ്രയോഗം ക്രമേണ പ്രതീക്ഷിക്കാം... ല്ലേ?"

"പോടാ തെണ്ടികളെ."

അങ്ങിനെ ടൌണില്‍ തിരിച്ചെത്തി.

"പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നേരുംതാഴത്ത് രാഘവന്‍ മകന്‍ ചന്ദ്രേട്ടന്‍ ഒരു കുപ്പി പട്ടാളം സ്പോന്‍സര്‍ ചെയ്തിരിക്കുന്നു." ആന്റൂന്റെ അനൌന്‍സ്മെന്റ്.

"ആഹ, എന്നാ അത് കഴിഞ്ഞു മതി ബാക്കി."

ഷാജന്റെ കടെന്ന് ഡിസ്പോസിബിള്‍ ഗ്ലാസ് ഒന്ന് വന്നു. കുപ്പി തുറന്നു. 
ഒഴിക്കാന്‍ തുടങ്ങുംപോളേയ്ക്കും സായിപ്പ് കുപ്പിയില്‍ പിടുത്തമിട്ടു.
"ങേ.."

"ഈ ഡാഷ് മോന്‍ എന്റെ കയ്യീന്ന് ഇന്ന് വേടിക്കും ട്ടോ ഉണ്ണ്യേ."

ആള് കുപ്പി തിരിച്ചും മറിച്ചും നോക്കി.
മൂടി തുറന്നു..
മണം ആസ്വദിച്ചു.. അത് കണ്ടപ്പോ തന്നെ ഒരു കുത്തല്‍ മനസ്സില്‍ വന്നു.
എന്നിട്ട് കുപ്പീന്ന് നേരിട്ട് ഒരു കവിള്‍ റമ്മു വായിലോഴിച്ചു 

"ദൈവമേ, ഇത് അവടത്തെ വാറ്റുകാരനാണോടാ, ഉണ്ണ്യേ?"

മദ്യത്തിനെ ഈ കവിളില്‍ നിന്ന് മറ്റേ കവിളിലേയ്ക്കു ഒറ്റ തവണ സ്ഥലം മാറ്റം. ഒരു ചെറിയ ഗാര്‍ഗിള്‍ എന്നിട്ട് ഒറ്റ വിഴുങ്ങല്‍.
ഞങ്ങള്‍ എല്ലാവരുംവായും പൊളിച്ചു നില്‍ക്കെ.. ഡയലോഗ് വന്നു.

"ഇട്സ് വെരി സ്ട്രോങ്ങ്‌. നൈസ്.. ഹ്മം.. ലൈക്‌ ഇറ്റ്‌. എന്ജോയ്‌"

"സായിപ്പ് ഇമ്മടെ ടീമാടാ.."

ഞങ്ങള്‍ അടി തുടങ്ങി. മലയാളം മാറി. സംസാരം ആംഗലേയം ആയി.

"മിസ്റ്റര്‍ സായിപ്പ് യു ഇവര്‍ ട്രൈ ഔര്‍ ടോഡി?"

"നോ.. ഐ ഹിയെദ് എബൌട്ട്‌ ദാറ്റ്‌."

"ഹ്.. യു വെയിസ്ട്ടട്‌ യുവര്‍ പകുതി ലൈഫ്."

"അല്ല പിന്നെ."

"ഇറ്റ്‌ ഈസ്‌ .........ഹോ അതെങ്ങിന്യാ പറയാ.. സ്വീറ്റ്, നുരഞ്ഞു.. പതഞ്ഞു.. "

"നാളെ പുരുഷേട്ടന്റെ വീട്ടീന്ന് സായിപ്പിന് കള്ള് ഞാന്‍ വാങ്ങി കൊടുക്കും." സുനി പറഞ്ഞു.


പിറ്റേന്ന്, 

"ഡാ ..നിന്നെ കാണാന്‍ ഒരു ആള് വന്നെക്കണ് " എന്ന അമ്മയുടെ വിളി കേട്ടാണ് സുനി എണീറ്റത്.

ഉമ്മറത്തെത്തുമ്പോ ദാ നിക്കണ് സായിപ്പ്!

"ഗുഡ് മോണിംഗ് മാന്‍, ഐ വാണ്ണ ടെയിസ്റ്റ് ടോഡി.."

നേരം വെളുപ്പിനെയോ. 
കാലത്തന്നെ കള്ള് കുടിക്കാന്‍ വന്നെക്കുന്നു. ഇംഗ്ലീഷ്‌ അമ്മക്ക് അറിയാഞ്ഞത് ഭാഗ്യം അല്ലെങ്കില്‍ ഇപ്പൊ തന്നെ ചൂലും കെട്ട് എടുത്തേനെ.

"ഇപ്പൊ വരാം" ന്നു പറഞ്ഞു ഗെഡീനേം കൊണ്ട് ഇറങ്ങി.

പുരുഷേട്ടന്റെ വീട്ടില്‍ ചെല്ലുമ്പോ ആള് കള്ള് അളക്കാന്‍ കൊണ്ട് പോയി വന്നിട്ടുണ്ട്.

"ചേട്ടോ ഒരു കുപ്പി വേണല്ലോ .. ദീ സായിപ്പിന് കള്ള് കുടിക്കാന്‍ ഒരു മോഹം."

"കള്ള് അളന്നു പോയല്ലോ സുന്യേ..
നീ അന്തിക്ക് വാ.. അതാവുമ്പോ നല്ല സാധനം തരാം."

"അയ്യോ, ചേട്ടാ അതങ്ങിനെ പറയല്ലേ.. നാളെ എന്ന് പറഞ്ഞാലും ഈ നിക്കണ സാധനത്തിനെ അത് വരെ ഞാന്‍ ചുമക്കേണ്ടി വരും.എന്തെങ്കിലും തന്നെ പറ്റൂ."

ഏതു മുടിഞ്ഞ നേരത്താണാവോ അങ്ങിനെ പറയാന്‍ തോന്നീത്. സുനി, മനസ്സില്‍ സ്വയം ശപിച്ചു.

"സാധനം ഇണ്ടാവണ്ട്രാ സുന്യേ, ഇന്നലെ ചൊരുക്ക ഉണ്ടാക്കാന്‍ പാത്യേംപുറത്ത് കേറ്റിയ ഒരു കുപ്പി തന്നാല്‍ പോരല്ലോ, നിങ്ങള്ക്ക് കള്ളല്ലേ വേണ്ടത്."

"മതി, ചേട്ടന്‍ അതിങ്ങേടുത്തെ."

"ങേ?"

"അത് മതി ചേട്ടാ."

"വേണ്ട്രാ.. മൂത്ത് പുളിച്ചു ഒരു വിധായീണ്ടാവും."

"സായിപ്പ് ചേട്ടന്റെ അളിയനോന്നും അല്ലല്ലോ. സാധനം എടുക്ക്."

കുപ്പി വന്നു.
സായിപ്പ് മണപ്പിച്ചു. മുഖത്ത്‌ പ്രത്യേക ഭാവങ്ങള്‍ വിടര്‍ന്നു. പിന്നെ, ശാന്തം.
ഒരു കവിള്‍..
നവരസങ്ങള്‍..
വീണ്ടും ഒന്നുകൂടി.
സുനി ശ്വാസമടക്കി.

"മെയ്ഡ് ഫ്രം കോക്കനട്ട് ട്രീ?"

"ഹ്മം.".

വീണ്ടും ഒരു കവിള്‍.

"ഐ തിങ്ക്‌ ദിസ്‌ ഈസ്‌ എ കൈന്ദ് ഓഫ് സോഫ്റ്റ്‌ ഡ്രിങ്ക്."

"നോ നോ നോ.. ത്രീ ഫോര്‍ കുപ്പീസ് അടിച്ചാല്‍ ഫിറ്റ്‌ ആകും."

"ഓ.."

കാശും കൊടുത്തു സൈക്കിളില്‍ കയറ്റി ഉണ്ണീടെ വീട്ടില്‍ കൊണ്ടാക്കി പോരുമ്പോ സുനി ടാപ്പില്‍ വെള്ളമില്ലേ എന്നും ഫ്ലഷ് വര്‍ക്ക് ചെയ്യുന്നില്ലേ എന്നും ഉറപ്പു വരുത്തി!

അന്ന് വൈകീട്ട് സായിപ്പിനെ കണ്ടില്ല. പിറ്റേന്ന് വൈകീട്ട്

"സായിപ്പേ, ഹൌ വാസ് ഔര്‍ ടോഡി?" എന്ന ചോദ്യത്തിനു ക്ഷീണസ്വരത്തില്‍ ഇങ്ങിനെ മറുപടി കിട്ടി.

"ഇറ്റ്‌ ടെയ്സ്ട്ട്സ് ഗുഡ്.. ബട്ട്‌ ഇറ്റ്സ് സ്മെല്‍ .. ഹോ.. ആസ് ഷിറ്റ്...  
ആന്‍ഡ്‌ മൈ ഷിറ്റ് കാരീസ് ഇട്ട്സ് സ്മെല്‍ ഫോര്‍ ടു ഡേയ്സ്.."