Wednesday, January 4, 2012

അമ്പ്‌ പെരുന്നാള്‍.

അമ്പ്‌ പെരുന്നാള്‍.

.......................................................
സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാളുകളുടെ കാലം വരുന്നു.
ഇവിടങ്ങളില്‍ തകര്‍പ്പന്‍ ആഘോഷമാണ്.
വീടുകളില്‍ ബന്ധുക്കള്‍ വിരുന്നു വരും. കെട്ടിച്ചു വിട്ട പെണ് മക്കളൊക്കെ കുടുംബ സമേതം വരും. സ്ത്രീധനം തന്നതിലെ കുറവിലെ മുറുമുറുപ്പുകള്‍ മറന്ന് അളിയന്മാരും വരും. 
ബാണ്ട് സെറ്റും, ട്വിസ്ടടിയും (ഇടക്കാലത്ത് ബ്രേക്ക്.. ഇപ്പൊ ഡാന്‍സ്)  പ്രദക്ഷിണവും, കുടകളും, പിണ്ടികൊണ്ടുള്ള അലങ്കാരങ്ങളും,കുടിയും, തീറ്റയും,  വെടിക്കെട്ടും, ഒപ്പം കഴിഞ്ഞ കൊല്ലത്തെ പെരുന്നാളിന്റെ ബാക്കി വച്ചിരിക്കുന്ന തല്ലും പിടിച്ചുമാറ്റലും കോമ്പ്രമൈസും..... അങ്ങിനെയങ്ങിനെ.
ആഘോഷങ്ങള്ടെ ഒരു സമ്മേളനം.
എല്ലാവരും കൂടി തിരുനാള്‍ കുര്‍ബാനയ്ക്ക് പോകും. പ്രായമായവര്‍ മാത്രം പള്ളീല്‍ കേറും. 
തിരുനാള്‍ പ്രസംഗം എന്നത് അതിബൃഹത്തായ ആശയങ്ങളുടെ ഒരു മണിക്കൂറിലേറെ നീളുന്ന ബഹിര്സ്ഫുരണമാണ്. ആ നേരത്ത്, കൊല്ലത്തിലൊരിക്കല്‍ മാത്രം കണ്ടുമുട്ടുന്ന സുഹൃത്തുക്കളോടു നുണ മുതല്‍ വീമ്പുകള്‍ വരെ പറഞ്ഞു ചെറുപ്പക്കാർ നില്‍ക്കും. മദ്ധ്യവയസ്കര്‍ ഇപ്പോളത്തെ പെരുന്നാളോന്നും അങ്ങട് പോരാ എന്ന് പറയും.
പണ്ട്, ചെറിയ പിള്ളേര്‍ ബലൂണും പീപ്പിയും മേടിക്കാന്‍ കരയും. 
ഇപ്പോ ബെന്ന് ടെന്‍ എലിയന്ഫോര്‍സ് മുതൽ ഫൈഡ്‌ജെറ് സ്പിന്നർ വരെ  കിട്ടിയില്ലെങ്കില്‍ "ദിപ്പോ സുയിസൈഡു ചെയ്യു"മെന്ന് പറയും!
മുതിര്‍ന്നവര്‍ വീട്ടിലെ കുട്ടികള്‍ക്ക് നേര്ച്ചയിടാന്‍ എന്ന പേരില്‍ പൈസ കൊടുക്കും. അതൊക്കെ മാതാപിതാക്കള്‍ സെന്‍സര്‍ ചെയ്തുവാങ്ങി വയ്ക്കും! എന്നിട്ട് ചില്ലറപ്പൈസ മാത്രം നേര്ച്ചയിടാന്‍ തരും. (അങ്ങിനെ പുണ്യാളന്‍ ഇപ്പൊ സുഖിക്കണ്ട!)
നാലാള്‍ കാണെ തന്നെ പ്രായഭേദമന്യേ ആ ദിവസങ്ങളില്‍ ഐസ് ഫ്രൂട്ടു തിന്നും.
ചെറുപ്പത്തില്‍,
എന്‍റെ ഒരു ഗെടിക്ക്‌ അവന്റെ അമ്മ രണ്ട് ഇരുപത്തഞ്ചു പൈസകള്‍  കൊടുത്തു.
ഒന്ന് നേര്ച്ചയിടാന്‍. മറ്റേതു ഐസ് ഫ്രൂട്ട് വാങ്ങാന്‍.
ഗെടി കൊതി കാരണം ചെന്നപ്പോ തന്നെ ഒരു ഐസ് തിന്നു.
കുര്‍ബാന കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുമ്പോ ചുള്ളന്‍ ഐസും തിന്നു പോണത് അമ്മ കണ്ടു.
"ഡാ..നേര്ച്ച ഇട്ടില്ല്യാ ല്ലേ.. 
വീട്ടീ വാടാ നിന്നെ ശേര്യാക്കി തരാം. 
സത്യം പറയെടാ.. നീ നേര്ച്ചയിട്ടോ? 
ഞാന്‍ നിന്നെ അവിടെ കണ്ടില്ലല്ലോ?"
പെട്ടു. കള്ളി വെളിച്ചത്തായി. 
പക്ഷെ മറുപടി വന്നു.
"ഞാന്‍ ഓടീപ്പോ നേര്ച്ചയിടാന്‍ തന്ന ഇരുപത്തഞ്ചു പൈസ കീശേന്നു പോയി"
(നേര്ച്ചയിടാന്‍ തന്ന പൈസ തന്നെയേ പോകാവൂ.. ഐസ് വാങ്ങാന്‍ തന്ന പൈസ പോയാല്‍ എന്തായേനെ!)

അതൊക്കെ പഴയ കാലം.
കുറച്ചു കൊല്ലം മുന്‍പ് ഞങ്ങള്‍ നേര്ച്ചയിടാന്‍ പോയപ്പോള്‍ എന്‍റെ അനിയത്തിയുടെ കുട്ടി അവിടെ ഓടിപ്പാഞ്ഞു നടക്കുകയാണ്.പെങ്ങള്‍ കണ്ണുരുട്ടി കാണിച്ചു. അമ്മൂമ്മ വിളിച്ചു. ങേ ഹേ.. ചുള്ളത്തി തിമിര്‍പ്പ് തന്നെ.അവസാനം പോയി പിടിച്ചു കൊണ്ട് വന്നു.
കൈ കൂപ്പി പു ണ്യാളനോടു  പ്രാര്‍ഥിക്കാന്‍ പറഞ്ഞു.
"എന്തൂട്ടാ പ്രാര്ത്ഥിക്ക്യാ?"
"നല്ല ബുദ്ധിണ്ടാവാനും. അസുഖങ്ങളോന്നും വരാതിരിക്ക്യാനും ഒക്കെ"
അവള്‍ കുറച്ചു നേരം പുണ്യാളന്റെ രൂപം നോക്കി നിന്നു.
അധികം കണ്ടു പരിചയം ഇല്ല.
"ഈ തമ്പാച്ചന്റെ  മേലൊക്കെ എന്തൂട്ടാ?"
"അത് അമ്പ്‌ തറച്ചേക്കണതാ, പുണ്യാളനെ കൊല്ലാന്‍ അമ്പെയ്തതാ. മോള് പ്രാര്ത്ഥിക്കു." 
കുറച്ചു നേരം കൂടി രൂപം നോക്കി അമ്മൂമ്മയോടു ഒരു പ്രസ്താവന അവള്‍ നടത്തി.
"ഞാന്‍ പ്രാര്‍ഥിക്കണില്ല്യ!"
"അതെന്താ?"
"ഈ മരത്ത്മേ കെട്ടിയിട്ടു അമ്പുകൊണ്ട് കെടക്കണ തമ്പാച്ചന് ഒരു ശക്തീം ല്ല്യ. 
ഞാന്‍ കുതിരപ്പോറത്തു കുന്തോം കൊണ്ട് വരണ തമ്പാച്ചനോടു പ്രാര്‍ഥിച്ചോളാം."


--
Animesh Xavier

09847192777

Monday, January 2, 2012

കിളിമൊഴികളുടെ കൂട്ട്.

വാതിലില്‍ തട്ട് കേട്ടാണ് എണീറ്റത്.

മൊബൈലില്‍ നോക്കി, സമയം ആറെകാല്‍. കര്‍ട്ടന്റെ തടസ്സം മറികടന്നു വെളിച്ചം അകത്തു കടന്നു തുടങ്ങിയിട്ടുണ്ട്. ഇടതു വശത്ത് ഭാര്യ പുതപ്പിനുള്ളില്‍ സുഖ ശയനം. വലതു ഭാഗത്ത്, എന്റെ മേലേയ്ക്കു കാലെടുത്തു വച്ച് കുഞ്ഞന്‍ കിടക്കുന്നുണ്ട്. പുതപ്പു മാറി പോയത് കൊണ്ട് തണുത്തു ചുരുണ്ടു കൂടി താഴെയുള്ള ബെഡ്ഡില്‍ കുട്ടനും. ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞു രാത്രി ഒന്നരയ്ക്ക് വന്നു കിടന്നതാണ്.

"ഞങ്ങള് പള്ളീ പോവാ.. വാതിലടച്ചേക്കൂ.." അമ്മയുടെ ശബ്ദം വാതിലിനു പുറത്ത് നിന്ന് കേട്ടു.

"ആ ശരി, ഞാനെഴുന്നേറ്റു. ഇറങ്ങീക്കോ " പുതപ്പിനുള്ളില്‍നിന്നു പുറത്ത് കടന്നു കൊണ്ട് ഞാന്‍ പറഞ്ഞു.

കുട്ടനെ പുതപ്പിച്ചു, വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ അപ്പനും അമ്മയും പള്ളിയില്‍ പോകാന്‍ ഇറങ്ങുന്നു.

"ഹാപ്പി ന്യൂ  ഇയര്‍" ഞാന്‍ പറഞ്ഞു.

"ഹാപ്പി ന്യൂ ഇയര്‍, ഇന്നലെ പ്രോഗ്രാം എങ്ങിനെ ഉണ്ടായിരുന്നു?" അമ്മ ചോദിച്ചു.

"നല്ല പ്രോഗ്രാം ആയിരുന്നു." ഒന്നാം തിയ്യതിയിലെ പത്രം അപ്പന്റെ കയ്യീന്ന് ഏറ്റു വാങ്ങിക്കൊണ്ടു ഞാന്‍ പറഞ്ഞു.

പത്രം ഒന്ന് മറിച്ചു നോക്കി.
കാര്യമായി ഒന്നുമില്ല!
വാതിലടച്ചു ടോയ്ലെറ്റിലെയ്ക്കു നടന്നു. ചില സമയങ്ങളില്‍ എന്റെ വായനാമുറി കൂടിയാണ് അത്. നോക്കിയപ്പോള്‍ ഷെല്‍ഫിനു മുകളില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിരിപ്പുണ്ട്. പറന്നുയരുന്ന ചിത്രശലഭം ഷെരീഫിന്റെ വരയില്‍ മുഖചിത്രമായി മോഹിപ്പിക്കുന്നു. വായിച്ചതാണെങ്കിലും നസീറിന്റെ കരടി ചിത്രങ്ങളും ശശി ഗായത്രിയുടെ ശലഭചിത്രങ്ങളും നോക്കിയിരുന്നു.
ബ്രഷും ചെയ്തു പുറത്തിറങ്ങിയപ്പോളും  പെണ്ണും പിള്ളേരും നല്ല ഉറക്കത്തില്‍ തന്നെയാണ്. ശല്യപ്പെടുത്താതെ പുറത്ത് കടന്നു.

വിസിറ്റിംഗ് റൂമിന്റെ ജനാല തുറക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഒരു ശലഭം ചിറകടിച്ചു. തലേന്നു രാത്രി അകത്തു പെട്ടതാവണം. തുറന്ന ജനലിലൂടെ അത് പുറത്ത് പോകുന്നില്ല. ഞാന്‍ സൂക്ഷ്മം ചിറകു മുറിയാതെ അതിനെ പിടിച്ചു. വാതില്‍ തുറന്നു പുറത്തിറങ്ങി, ചെടികള്‍ക്കിടയില്‍ വച്ച് അതിനെ സ്വതന്ത്രമാക്കി. ഒരു നിമിഷം എന്റെ കയ്യില്‍ ഇരുന്നു ചിറകടിച്ചു അത് ആകാശത്തേയ്ക്ക് പറന്നുയര്‍ന്നു.

തണുത്തൊരു കാറ്റ് രോമാഞ്ചം ഉണ്ടാക്കിക്കൊണ്ട് കടന്നു പോയി. കിഴക്ക് വശത്തെ മാവിനും ചാമ്പയ്ക്കും ഇടയിലൂടെ സൂര്യപ്രകാശം എന്റെ മുഖത്തേയ്ക്കു സൂക്ഷ്മനിരീക്ഷണം നടത്തി. മരങ്ങള്‍ക്കിടയിലൂടെഅരിച്ചിറങ്ങുന്ന സൂര്യപ്രകാശം എന്നില്‍ നവോന്മേഷം നിറച്ചു. ചുറ്റുപാടും നോക്കിക്കൊണ്ട്‌ ഞാന്‍ ഉമ്മറപ്പടിയിലിരുന്നു.

പത്ത് പതിനാലു കൊല്ലം മുന്‍പ് വാങ്ങുമ്പോള്‍ കാടു കയറിക്കിടന്ന പറമ്പായിരുന്നു. ഇപ്പോള്‍ ഒരു തരി പുല്ലിനു തല നീട്ടണമെങ്കില്‍ അപ്പന്റെ അനുവാദം വേണം.

"ദേ, ആ കിണറിന്റെ അടുത്തുനിന്നു പുല്ലു കളയരുത് കേട്ടോ. കുറച്ചു മുയല്‍ച്ചെവി നില്‍ക്കുന്നതവിടെ യാ. പിള്ളേര്‍ക്ക് ജലദോഷം വന്നാല്‍ അതും തേടി വേറെ പറമ്പീ പോകാന്‍ വയ്യ" അമ്മ ഇടയ്ക്ക് ഓര്‍മ്മിപ്പിക്കും.

ചെറിയൊരു കാറ്റില്‍ മാവോന്നുലഞ്ഞു. മഞ്ഞു തുള്ളികള്‍ പെയ്യ്ന്ന പോലെ ഒന്ന് രണ്ടു വെള്ളത്തുള്ളികള്‍ താഴെ വീണു. അടുക്കളയ്ക്ക് പുറകില്‍ മിന്നു കലപില തുടങ്ങി. മിന്നു ഞങ്ങളുടെ തത്തയാണ്. അവളെ സംസാരിപ്പിക്കാന്‍ അമ്മ പഠിച്ച പണി മുഴുവന്‍ പയറ്റുന്നുണ്ട്. നോ രക്ഷ. ചര പരാന്നു അവള്‍ മണിക്കൂറുകള്‍ വര്‍ത്തമാനം പറയും - അവള്‍ക്കു മാത്രം മനസ്സിലാവുന്ന ഭാഷയില്‍! ഇടയ്ക്ക് അകലെയെവിടെനിന്നെങ്കിലും മറ്റു തത്തകളുടെ ശബ്ദം കേട്ടാല്‍ അതിനു മറുമൊഴി ചൊല്ലും. കൂട്ടില്‍ പാഞ്ഞു നടക്കും. അത് കാണുമ്പോ എനിക്കൊരു വിഷമം വരും.

പുറകു വശത്തേയ്ക്ക് ചെന്ന് ഞാന്‍ മിന്നുവിന്റെ കൂടിനടുത്തെത്തി. എന്നെ കണ്ടതും അവള്‍ കൂട്ടില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. അവള്‍ അമ്മയുടെ മാത്രം ആളാണ്‌. എന്നെയും പിള്ളേരെയും വല്യ താല്പര്യം ഇല്ല. ഞാന്‍ അവളെ ഉപേക്ഷിച്ചു കോഴിക്കൂട് തുറന്നു. എട്ടു പത്തെണ്ണം ഉണ്ട്. പിന്നെ കുഞ്ഞുങ്ങളും. അപ്പന്റെം അമ്മയുടെയും പെറ്റുകളാണ്. അവര്‍ പുറത്തിറങ്ങിയാല്‍ മിന്നു അവളുടെ എക്സസ് തീറ്റ ഓരോ ചെറിയ കഷണങ്ങളാക്കി താഴേയ്ക്കിടും! കോഴികള്‍ താഴെ, തിക്കിത്തിരക്കി തലയുയര്‍ത്തിപ്പിടിച്ചു അതിനു വേണ്ടി കാത്തു നില്‍ക്കും. രസമുള്ള കാഴ്ചയാണ്. ഇന്ന് പക്ഷെ, മിന്നുവിന്റെ കലാപരിപാടി  നടന്നില്ല. അമ്മയുടെ രാവിലത്തെ പള്ളി പ്രോഗ്രാം, വെളുപ്പിനെ കിട്ടേണ്ട റേഷന്‍ നിഷേധിച്ചിരിക്കുന്നു.

പറമ്പിലൂടെ ഒന്ന് നടക്കാന്‍ ഞാന്‍ തീര്‍ച്ചയാക്കി. എന്റെ മുന്നിലൂടെ പതിഞ്ഞ കാല്‍  വെപ്പുകളുമായി  ഒരു ചെമ്പോത്ത് നടന്നും പിന്നെ ഓടിയും നീങ്ങി. ചേനയുടെ തടം കോരിയതിലൂടെ നീങ്ങുമ്പോള്‍ വാല് വിടര്‍ത്തി അത് തന്റെ ശരീരം ബാലന്‍സ് ചെയ്തു. പറമ്പ് സ്വന്തമായപ്പോള്‍ മുതല്‍ ഇതിലെ സ്ഥിരം കാഴ്ചയാണ് ചെമ്പോത്തുകള്‍. ആദ്യമാദ്യം ഇവയല്ലാതെ ഒരൊറ്റ കിളിയും തൊടിയിലോന്നും കാണില്ലായിരുന്നു. പിന്നെ പിന്നെ ഓരോരുത്തരായി വിരുന്നെത്തി. ചിലര്‍ സ്ഥിരം താമസക്കാരായി. ഇവറ്റകളുടെ കൂട്ടിലാണല്ലോ നീലക്കൊടുവേലിയുടെ മാജിക്കല്‍ മിത്ത്  എന്ന് ചിന്തിക്കുംപോളെയ്ക്കും ട്വീ.... ട്ട്. എന്ന കിളി മൊഴി മുഴങ്ങി. അതൊരു വണ്ണാത്തിപ്പുള്ളായിരുന്നു.എനിക്കടുത്ത് നിന്ന കരിശു മരത്തില്‍ ചെന്നിരുന്നു അവന്‍ (അതോ അവളോ) മധുരമായി ചൂളം വിളിച്ചു. ഓരോ ചൂളം വിളിയ്ക്കുമനുസരിച്ചു ഓര്‍ക്കെസ്ട്രാ കണ്ടക്ടരെപ്പോലെ അതിന്റെ വാല്‍ ഉയര്‍ന്നു താഴ്ന്നു. മറുപടിയായി ഒരു ചൂളം അപ്പുറത്തെ ആത്തമരത്തില്‍ നിന്ന്  ഉയര്‍ന്നു. അത് ഇണക്കിളിയായിരുന്നു. മധുരമായ ഒരു രാഗം പോലെ വണ്ണാത്തികള്‍ സ്വരരാഗ സുധ തുടര്‍ന്നു.

കാതുകള്‍ കൂടുതല്‍ വിടര്‍ന്നു. കാക്കകളുടെ കോറസിനോപ്പം മുറ്റത്തുനിന്നു ചിറകടിയ്ക്കു പിറകെ പൂവന്റെ കാഹളം ഉയരുന്നത് ഞാന്‍ കേട്ടു. പപ്പായ തിന്നാനെത്തിയ പച്ചക്കുടുക്കകള്‍ കുടുര്‍..  കുടുര്‍ .. എന്ന് ചിലച്ചു. ചിലമ്പിയാര്ത്തുകൊണ്ട് ഒരു പൊന്മാന്‍ പറന്നു പോയി. ചമ്പത്തെങ്ങിനു മുകളില്‍നിന്നു ഒരു മരംകൊത്തി താളമിട്ടു. പതിയെ മുന്നോട്ടു നീങ്ങിയ എനിക്ക് ചുറ്റും ഒരു സംഖം പൂത്താംകിരികള്‍ പറന്നിറങ്ങി. എന്തോ കാര്യം പങ്കുവച്ചുകൊണ്ട് ഒരു ജോഡി മൈനകള്‍ കുണുങ്ങി നടന്നു. റിയോ എന്ന അനിമേഷന്‍ ഫിലിമിന്റെ തുടക്കം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഒരു ഇരണ്ടക്കൂട്ടം മന്ത്രം ചൊല്ലി അര്‍ദ്ധവൃത്താകൃതിയില്‍ ആകാശത്ത് കൂടെ നീങ്ങി. കലപില ചിലമ്പി തല്ലുകൂടി ഉരുണ്ടു പിരണ്ടു രണ്ടു തേങ്കുരുവികള്‍ താഴേയ്ക്ക് വീണു. മറ്റു രണ്ടെണ്ണം അവയ്ക്ക് ചുറ്റും ചിലച്ചുകൊണ്ട് പറന്നു നടന്നു.  തുന്നാരന്മാരുടെ 'ടിയോ ടിയോ' എന്ന ശബ്ദം ഇടതടവില്ലാതെ മുഴങ്ങി. വാലിനു കീഴെ തൊങ്ങലുമായി പറന്നു കാക്കത്തമ്പുരാട്ടികള്‍ മധുരമായി പാടി. തെങ്ങോലകളിലൂഞ്ഞാലാടി  ഓലേഞ്ഞാലികള്‍ "വഴി കുറുതായി" എന്ന വിശേഷം പറഞ്ഞു. പോലീസുകാരന്റെ വിസില് പോലുള്ള ശബ്ദവുമായി ഒരു ഇരുലാന്‍ അപ്പുറത്തെ തൊടിയിലേയ്ക്ക് പറന്നു പോയി. കോഴിക്കുഞ്ഞുങ്ങള്‍ ഒന്ന് പതുങ്ങി. പ്ലാവിന്‍ മുകളില്‍ അണ്ണാന്‍ ചിലച്ചു. ചങ്ങാലികളുടെ ങ്ങുര്‍.. ങ്ങുര്‍.. ശബ്ദം മുഴങ്ങി. താഴ്ന്നു പ റന്ന ഇരട്ടതലചിയെ പിന്തുടര്‍ന്നു ഞാന്‍ അവയുടെ കൂടും രണ്ടു മുട്ടയും കണ്ടെത്തി. കൂടുണ്ടാക്കാന്‍ ചുള്ളിക്കമ്പുമായി ഒരമ്പലപ്രാവ് പറന്നുയര്‍ന്നു. വേലിക്കരികില്‍നിന്നു 'ഉപ്പുപ്പെന്നു' ചെമ്പോത്ത് ഉറക്കെയാര്ത്തു. അകലെയെവിടെയോനിന്നു ഒരു കുയില്‍നാദം ഒഴുകി വന്നു..

"നല്ല ആളാ. എനീട്ടിട്ടു എത്ര നേരായി? ഒന്ന് വിളിചൂടായിരുന്നോ?" സ്വയം മറന്നു നില്‍ക്കുന്ന എന്നെ തൊട്ടു വിളിച്ചുകൊണ്ടു ഭാര്യ ചോദിച്ചു.

കേട്ടില്ല.
ഞാന്‍ വേറൊരു ലോകത്തായിരുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കളകൂജനങ്ങളാല്‍  പ്രകൃതി എനിക്ക് വേണ്ടി ഒരുക്കിയ സിംഫണിയുടെ വിസ്മയലോകത്ത്.. എന്നും ഞാന്‍ ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞിരുന്ന ദൈവീകലോകത്ത്!


(നന്ദി, മാതൃഭൂമി ആഴ്ചപ്പതിപ്പിന്. കിളിമോഴികളെയും ശലഭവര്‍ണ്ണങ്ങളെയും തിരിച്ചു പിടിക്കാന്‍ മനസ്സിനെ ആഗ്രഹിപ്പിച്ചതിനു!)