Powered By Blogger

Tuesday, February 24, 2015

കാക്ക



"ഈ കാക്കേക്കൊണ്ട് തോറ്റെന്റെ ഈശോയെ..
പൊറത്തിറങ്ങി നടക്കാൻ വയ്യാണ്ടായീനു വച്ചാ എന്ത്താ ചെയ്യാ.
പള്ളീൽ നൊവേനയ്ക്കു വരെ പോവാൻ വരെ പറ്റാണ്ടായി.
ശോ.. ഇങ്ങനീണ്ടോ ഒരു മാരണം. കോപ്പ്..
ആരോഗ്യം ഉണ്ടാര്ന്ന കാലത്താണെങ്കി തക്കം നോക്കി ഞാൻ എങ്ങനെയെങ്കിലും കുരിപ്പിനെ തല്ലിക്കൊന്നേനെ.."

മെടയാൻ വേണ്ടി തേമാലിയിലെ കുളത്തിൽ താഴ്ത്തിയിട്ടിരുന്ന ഓലക്കെട്ട് കഷ്ടപ്പെട്ട് വലിച്ചുകൊണ്ട് മുറ്റത്തേയ്ക്ക് വരുന്നതിനിടയിൽ കത്തിരിങ്ങ ചേടത്തി എന്ന് നാട്ടുകാരു വിളിക്കുന്ന കത്രീന ചേടത്തി ഉച്ചത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു.

ഒരാഴ്ച മുമ്പ് കാലത്തെണീട്ടു വാതിലു തുറന്നപ്പോൾ ഉമ്മറത്ത് തന്നെ ഒരു കാക്കക്കുഞ്ഞ്.പറന്നു തുടങ്ങീട്ടില്ല. അല്ലേ തന്നെ വല്യ ശല്യാ ഇവറ്റകളെക്കൊണ്ട്. മുറ്റം അടിച്ചു വാരാൻ വച്ചിരുന്ന ചൂലെടുത്ത് കട തിരിച്ച് ഒന്ന് കൊടുത്തു. 

ആഹ ഉഗ്രൻ ഷോട്ട് !

കവര ഡ്രൈവ് ഫോറാവുന്നതു നോക്കി നില്ക്കുന്ന സച്ചിനെപ്പോലെ ആത്മസംതൃപ്തിയിൽ മുഴുകിയ ചേടത്തീടെ തലയിൽ തൊട്ടടുത്ത നിമിഷം ബൗൻസർ കൊണ്ടു. കാക്കക്കുഞ്ഞ് തന്തയ്ക്കും തള്ളയ്ക്കും ജനിച്ചത്‌ തന്നെയാണെന്നു തെളിഞ്ഞു. അമ്മാതിരി ആക്രമണം ആയിരുന്നു പാരന്റ്സിന്റെ വക.

അന്ന് തൊട്ടിന്നു വരെ സമാധാനമായി പുറത്തിറങ്ങാൻ പറ്റിയിട്ടില്ല. ഇപ്പൊ തലയില ച്ചുംമാടു വച്ച് അതിനും മുകളിൽ തോർത്ത് കൊണ്ട് കെട്ടിയാ നടപ്പ്.
കാക്കക്കുഞ്ഞിനെ കാലപുരിയ്ക്കയയ്ക്കാൻ തോന്നിയ നേരത്തെ ചേടത്തി മനസ്സില് ശപിച്ചു.

വീടിന്റെ ഉമ്മറത്ത്, തിണ്ണയിൽ ജോബ് ഇരിപ്പുണ്ടായിരുന്നു. 

"ജോപ്പാ, നീ കഞ്ഞി കുടിചചോടാ ?"
മറുപടി ഉണ്ടാവില്ല എന്ന് അറിയാമായിരുന്നിട്ടും ചേടത്തി ചോദിച്ചു.

ജോപ്പൻ എന്ന ജോബിന്റെ നിർവ്വികാരമായ നോട്ടം സാധാരണ പോലെ ചക്രവാളത്തിനപ്പുരത്തുള്ള ഏതോ അന്യഗ്രഹത്തിലേയ്ക്കു നീളുകയും അവിടെയുള്ള ഏതോ യു എഫ് ഒയുമായി ആശയവിനിമയം നടത്തുകയും ചെയ്തു!

ചേടത്തി ഒരു നെടുവീര്പ്പ് പാസാക്കി.

ജോബ് ഇരുപതു വയസ്സിൽ നാടു വിട്ടു പോയതാ. മുംബൈയിലും ചെന്നൈയിലും ഒക്കെ പല നാട്ടുകാരും അവനെ പലപ്പോഴായി കണ്ടിട്ടുണ്ടായിരുന്നു. നല്ല ബെസ്റ്റ് ഗുണ്ടയായിരുന്നു- ത്രേ . (ത്രേ.. ചേര്ക്കാതെ വഴിയില്ല. നുമ്മടെ നാട്ടുകാരാ. ഒരോരുത്തരും ആയിരം സായാഹ്നപത്രത്തിനൊക്കും) എന്തിനു പറയണൂ.. തിരിച്ചു വന്നത് നാല്പത്തിരണ്ടാം വയസ്സിൽ. ഏതോ നാട്ടുകാരൻ ചെന്നൈയിൽ വച്ചു കണ്ടപ്പോ വിളിച്ചു കൊണ്ട് വന്നതാ.  'വയസുകാലത്ത് എന്നെ നോക്കാൻ ദൈവം വിട്ടതാ അവനെ' എന്ന് കത്രീന ചേടത്തി പറഞ്ഞെങ്കിലും ഒരാഴ്ച കൊണ്ട് തന്നെ പറഞ്ഞത് മായ്ക്കേണ്ടി വന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച്ചവരുടെ പോലെ ഒരേ ഇരുപ്പ്. ഇടങ്ങഴി അരിയുടെ ചോറ് തിന്നും എന്നല്ലാതെ വന്നിട്ട് നാല് മാസമായിട്ടും സ്വന്തം അണ്ടർവെയര് വരെ കഴുകീട്ടില്ല. പെണ്ണിന്റെ വാക്ക് കേട്ട് ഭാഗം വാങ്ങി പോയ പെണ് കോന്തൻ ആന്റപ്പനെ പള്ളീ വച്ച് കണ്ടപ്പോ "അമ്മേ തോൽപ്പിക്കാമെന്നു നീ കരുതണ്ട്രാ.. എന്നെ നോക്കാൻ എന്റെ മോൻ ജോപ്പൻ വന്നണ്ട് " എന്ന് വീമ്പടിച്ചത് പാഴായി. ഇപ്പോ ഇവനെ നോക്കാൻ കൂടി പാടു പെടാറായി.

ഇവന് ഇത്തിരീശെ വട്ടാണോ?

അതോ മേലനങ്ങാതെ മാമം മുണുങ്ങാൻ അഭിനയമാണോ?


ഇന്നാളു പിള്ളേര് പറഞ്ഞിട്ട് "മേരിക്കുണ്ടൊരു കുഞ്ഞാട്" ടീവീൽ കണ്ടു. അതിലെ ബിജു മേനോന്റെ ഭാവമാ ജോപ്പന്.. പക്ഷെ, ഒരു വാഴക്കുഴി കുത്തുന്നത് പോയിട്ട്  ഒരു ഈര്ക്കില് വരെ.. ങേ ഹേ..

"നീയവന്റെ കയ്യും കാലും കണ്ടാ.. ഇരുമ്പു പോല്യാ.."

"അമ്മാതിരി തീറ്റ്യല്ലേ"

"അവന് ഒരു കൊഴപ്പോം ഇല്ല്യാ ട്ടാ.. ഇതെന്തോ അടവാ."

"നാളേരം കട്ടേന് ജോപ്പനെ തെങ്ങേൽ കെട്ടിയിട്ടു തല്ല്യ നിന്റെ അപ്പനോടൊക്കെ ഒന്ന് സൂക്ഷിചോളാൻ പറ."

"എന്തിന് ?"

"ഡാ.. പ്രാന്തുള്ളോര്ക്ക്  കൊലപാതകം നടത്തിയാ സുഖായിട്ടു ഊരിപ്പോരാം."

ഇത്യാദി സംസാരങ്ങൾ ചുറ്റും കേള്ക്കുന്നുണ്ട്.

സാരല്യ. എത്രയോ കൊല്ലങ്ങൾക്ക് ശേഷം വന്നതാ. ഇത്രേം നാള്  കൊടുക്കാൻ പറ്റാണ്ടിരുന്ന സ്നേഹം കൊടുത്തു വീട്ടുക തന്നെ.

'എന്നാലും.....
ഹോ.. എല്ലാം എന്റെ തലേലാണല്ലോ ദൈവമേ..' സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെയ്ക്ക് ചേടത്തി കണ്ണുകളുയർത്തി..

എന്റമ്മോ ദാ വരുന്നു സ്റ്റെൽത്ത് ബോംബർ  !
ഒന്നിനെ പുറകെ ഒന്നായി രണ്ടെണ്ണം. 
ഇടതുകയ്യിൽ ഉണ്ടായിരുന്ന വടി തല്ക്കാലം വിമാനവേധോപകരണം ആയി.

വിറകുപുര ബങ്കറിൽ കയറി തല്ക്കാലം രക്ഷപ്പെട്ടു.

ദേഷ്യോം സങ്കടോം കൂടുന്നത് ഇതൊന്നും ബാധകമാവാത്ത മട്ടിൽ ജോപ്പൻ - യു എഫ് ഓ ആശയ വിനിമയം നിര്ബാധം നടക്കുന്ന കാണുമ്പോളാ..

ഒരു നിമിഷം. എല്ലാ കണ്ട്രോളും പോയി.

"ഡാ.." ചേടത്തി അലറി..
"ഒരു പണീം ചെയ്യില്ല.. ചെയ്യണ്ട, ന്നാ.. നിന്റെ തള്ളേനെ ശല്യപ്പെടുത്തണ കാക്കേനെ എങ്കിലും ഓടിച്ചു വിട്രാ. 
തീറ്റ മാത്രം പണിയായ ഒരുത്തനെ ആണല്ലോ കര്ത്താവേ എന്റെ ഒടുക്കത്തെ കാലത്ത് കൊണ്ട് തന്നത്.."

സ്വപ്നത്തിൽനിന്ന് എന്ന വണ്ണം ജോപ്പൻ എണീറ്റു.
'ഹാവൂ..' എന്ന  ചേടത്തിയുടെ ആശ്വാസം അമ്പരപ്പാക്കി മാറ്റിക്കൊണ്ട് പടികടന്ന് ഒറ്റ പോക്ക്.

അതിനും മാത്രം ഒന്നും പറഞ്ഞില്ലല്ലോ.
കാക്കയെ ഓടിക്കാൻ പറഞ്ഞതിന് ഇനി വീണ്ടും പുറപ്പെട്ടു പോവുമോ?
ഏയ്‌ ..

സാധാരണ ഒരു പോക്കുണ്ട്. കവലയിലേയ്ക്ക് നടന്നു പോയി നാല് ചാൽ അതിലേം ഇതിലേം നടന്ന്, പിന്നെ കലുങ്കിൽ ഇത്തിരി നേരം ഇരുന്ന് തിരികെ വരും. ആരോടും ഒരക്ഷരവും മിണ്ടാറില്ല.
അതുപോലെ പോയതായിരിക്കും.

ആവില്ലേ? 
പറഞ്ഞത് കൂടിപ്പോയോ.. 
തലയ്ക്കു ചെറിയ വിങ്ങൽ.
വിഷമം വരുമ്പോ തല വിങ്ങൽ വരുന്നത് പതിവാ..
ശെ.. ഒന്നും പറയണ്ടായിരുന്നു.
ഉച്ചയൂണിനു രണ്ട് മാന്തൾ വറുക്കാം.
പണ്ടേ അവനു ഇഷ്ടമുള്ളതാ.

ആരോ ഓടിക്കിതച്ച് വരുന്നത് കണ്ട് ചേടത്തി അറ്റൻഷനായി.
അപ്രത്തെ വീട്ടിലെ ജോര്ജിന്റെ മോനാണല്ലോ..

"എന്ത്യേടാ?" അവന്റെ കിതപ്പിനിടയിലെ ശ്വാസം വലിയ്ക്ക്‌ സമയം കൊടുക്കാൻ ചേടത്തി ചോദിച്ചു.

"അതേയ്..
ജോപ്പാൻ ചേട്ടനില്ലെ...."

"ദൈവമേ.. പിന്നേം പോയോ.." ചേടത്തി ഒരു നിലവിളിയ്ക്ക് കോപ്പ് കൂട്ടി.

"അതല്ല.."

"പിന്നെ?" നിലവിളി സ്റ്റാർട്ടിങ്ങ് ട്രബിളിൽ കുടുങ്ങി.

"അങ്ങേര് .. മ്മടെ സൈതാലിക്കാക്കാന്റെ പെട്ടിക്കട തല്ലിപ്പൊളിക്കണൂ..
അമ്മേനെ വഴി നടത്തില്ല അല്ലേടാ എന്നൊക്കെ ആണു പറയണത്. ഞങ്ങളാരും പിടിച്ചിട്ടു നിക്കണില്ല. ചേടത്തി ഒന്നിങ്ങു വേഗം വന്നേ. .."

"ദൈവമേ.." ചേടത്തി തലയിൽ കൈ വച്ചു മുകളിലേയ്ക്ക് നോക്കി.

തെങ്ങിന്മുകളിൽ, അടുത്ത ആക്രമണത്തിനു കോപ്പ് കൂട്ടി പ്രതികാരദാഹവുമായി ഇരുപ്പുണ്ടായിരുന്നു, കാക്ക.. ദി റിയൽ കാക്ക!

Saturday, February 21, 2015

പേരെഴുതിയ കുപ്പായം.

എണ്പത്തിആറിൽ  അഞ്ചര അടിയിൽ താഴെ പൊക്കമുള്ള മറഡോണ അർജന്റീനയ്ക്കു ലോകകപ്പു നേടിക്കൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ കുപ്പായത്തിൽ മറഡോണ എന്ന പേര് ഉണ്ടായിരുന്നില്ല. 10 എന്നൊരു നമ്പർ മാത്രം. തമിഴ്നാട്ടീന്നു വെട്ടാൻ കൊണ്ട് വരുന്ന മൂരികളുടെ ചന്തിക്കു 'ഋ'കാരം പോലെ ആകൃതിയിൽ കമ്പി പഴുപ്പിച്ചു വച്ച് ചാപ്പ കുത്തിയ പോലുള്ള ആ പത്താം നമ്പർ വച്ചായിരുന്നു അങ്ങേരെ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നത് . അർജന്റീനയുടെ പത്ത് മറഡോണ, ബെല്ജിയത്ത്തിന്റെ പത്ത് - ഷിഫോ.. അങ്ങിനെ, അങ്ങിനെ. 

അതിനും കൊല്ലങ്ങൾക്ക് മുമ്പ്, കനാല്ത്തിണ്ടിലൂടെ സ്കൂളിലേയ്ക്കുള്ള വാക്ക് & ടാക്ക് യാത്രയിൽ കനാൽ വെള്ളത്തിലൂടെ തിമിംഗലം വല്ലോം വരുന്നുണ്ടോ എന്ന ഭാവേന സൂക്ഷ്മ നിരീക്ഷണം നടത്തുന്ന , കഞ്ഞിക്കലത്തിനടിയിൽ കരിക്കട്ട വച്ച് വരച്ച പോലത്തെ നിറവും അഞ്ചടിയിൽ താഴെ പൊക്കവും മടക്കിക്കുത്തിയ കൈലിയും കഷ്ടപ്പെട്ട് പിരിച്ചു വച്ച മുള്ളൻ മീശയും ചോരക്കണ്ണ്കളും മോടി പിടിപ്പിച്ച ദി ഗ്രേറ്റ് അപ്പുട്ടേട്ടൻ എന്ന പ്രസ്ഥാനം (റെഫർ 'കർക്കട ചെകുത്താൻ' - കൊടകരപുരാണം - വിശാലമനസ്കൻ ) ഒരു ദിവസം എന്റെ കണ്ണു തള്ളുന്ന ഒരു കാഴ്ച സമ്മാനിച്ചു. ഇട്ടിരിക്കുന്ന സാന്ഡോ ബനിയനിൽ എന്തോ എഴുതിയിരിക്കുന്നു! ഹാപ്പി എന്ന് ഗോൾഡ്‌ ലെറ്ററിൽ വളചെഴുതിയ ഫോറിൻ ടീ ഷർട്ടുകൾ ഗൾഫുകാരുടെ വീട്ടീന്ന് വരുന്ന സമപ്രായക്കാരോട് കുശുമ്പും കുന്നായ്മയും നിറയ്ക്കുന്ന കാലമാണ്. ഞാൻ കൗതുകകുതൂഹലനായി. അടുത്തെത്തുംതോറും അക്ഷരങ്ങൾ തെളിഞ്ഞു വന്നു.

"കൊടകര അപ്പുക്കുട്ടൻ
കാവടി ബാലൻസ് "

അമ്മമ്മോ, തകർത്തു. ഞാൻ മനസ്സിൽ മൊഴിഞ്ഞു.

ധൻസ് ആർട്സിന്റെ അക്ഷരങ്ങളാണല്ലോ എന്ന് മനസ്സിൽ പറയേം ചെയ്തു.
കൊല്ലങ്ങൾ കഴിഞ്ഞു, ആരൊക്കെ അടുത്ത ദിവസം ഈ നമ്പറിൽ ഇന്നുണ്ടാവും നാളെ ഇല്ലാണ്ടാവും എന്നൊക്കെ അറിയാത്ത അവസ്ഥ ഇല്ലാതിരിക്കാനാണോ പേര് വിളിച്ചു തെറി പറയാനാനോ അതോ ചുവപ്പ് / മഞ്ഞ കാർഡു കാണിക്കാനോ ഗുമ്മില്ലാത്തോണ്ടാണോ എന്നറിയില്ല, കളിക്കാരുടെ ജെഴ്സികളിൽ പേരടിച്ചു വന്നു.വെള്ളക്കുപ്പായത്തീന്നു കളർ ഡ്രെസിലേയ്ക്കു ഏകദിനം ട്രാന്സ്ഫോം ചെയ്തപ്പോൾ ക്രിക്കറ്റ് കളിക്കാരുടെ ജേഴ്സിയിലും പേരു വന്നു.

ഉള്ള ജേഴ്സി ഊരി അതിന്റെ നമ്പറിനു മുകളിൽ വെളുത്ത തുണിക്കഷണത്തിൽ വേറെ നമ്പര് എഴുതീട്ട് വേണം സബ്സ്ടിട്യൂട്ടിനു ഇറങ്ങാൻ എന്ന അവസ്ഥയുള്ള ടീമുമായി ആലുവ അത്താണി ഗ്രൗണ്ടിൽ സെവൻസ് കളിക്കാൻ പോയപ്പോൾ എതിര് ടീം രാജേഷ്, മെൽവിൻ എന്നൊക്കെ പേരുള്ള കുപ്പായം ഇട്ടു വന്നത് കണ്ട് അന്തിച്ചു നിന്നിട്ടുണ്ട്. പകുതി കളി അപ്പ തന്നെ തോറ്റു. ഇന്നിപ്പോ നാട്ടിലെ സമഭാവന കണ്‍സ്റ്റ്രക്ഷൻസ് സ്പോണ്‍സർ ചെയ്യുന്ന ടെന്നീസ് ബോൾ വച്ച് ക്രിക്കറ്റ് കളിക്കുന്ന ടീമിന് വരെ ഉണ്ട് ജേഴ്സിയിൽ സ്വന്തം പേര് !

"ടെൻ എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതീത് ഈ ദുൽക്കർ എന്ന കളിക്കാരന് മാത്രേ ഉള്ളൂ?" എന്ന് നമ്മുടെ സാക്ഷാൽ സച്ചിൻ 'TEN ദുല്ക്കരി'ന്റെ ജേഴ്സി കണ്ട് അടുത്ത വീട്ടിലെ ഓമനേച്ചി ചോദിച്ചത് പിന്നെ ഞാൻ ഓർത്തത് 1983 സിനിമയിലെ "എനിക്കീ ഹിന്ദി സിനിമാ നടന്മാരെ ഒന്നും അറിയില്ല" എന്ന സച്ചിന്റെ പടം കണ്ടിട്ട് പറയുന്ന ഡയലോഗ് കേട്ടപ്പോളാണ്.
ഇപ്പോപ്പിന്നെ സർവ്വത്ര സ്ഥലത്തും കുപ്പായത്തീ പേരായി. വെല്ലോന്റെ പേരുള്ള കുപ്പായം പോസിലണിഞ്ഞു നടക്കാൻ ആര്ക്കും മടിയില്ലാതുമായി. എന്റെ മക്കളിൽ ഒരുത്തൻ അർജന്റീനയുടെ മെസ്സിയും മറ്റവൻ ബാർസയുടെ മെസ്സിയുമാണ്!

ഇന്ത്യയുടെ പ്രധാനമന്ത്രി പേരെഴുതിയ കുപ്പായം ഇട്ടപ്പോൾ, പിന്നെ അതൂരി ലേലത്തിനു വച്ചപ്പോൾ വലിയ പ്രശ്നമൊന്നും തോന്നിയില്ല. പക്ഷേ, സെല്ഫ് മാർക്കട്ടിങ്ങിനു കിടിലോൽക്കിടിലൻ ഐഡിയ കണ്ടു പിടിച്ച അപ്പുട്ടേട്ടനെ ഓര്മ്മ വന്നു. കാലത്തിനും മുമ്പേ സഞ്ചരിച്ച ആ ക്രാന്തദർശിയെ  ഇക്കാര്യത്തിലെങ്കിലും എങ്ങിനെ മറക്കും! ഒപ്പം ആ രംഗത്തിനു എന്നോടൊപ്പം സാക്ഷിയായ അന്നത്തെ ഒരു സഹ നടപ്പുകാരനുമായുള്ള സംഭാഷണവും ഓര്മ്മ വന്നു.

"ആ ബനിയന്മേ എഴുത്യേക്കണതു .... അപ്പുക്കുട്ടൻ...ന്നല്ലേ? അതാരാ? "

"അത് .. മനസിലായില്ലേ, ആ ചേട്ടൻ തന്നെ.അതിന്റെ അടീൽ കണ്ടില്ലേ - കാവടി ബാലന്സ് - ന്ന്. ആള് പൊരിഞ്ഞ കാവട്യാട്ടല്ലേ."

"അതിന് അയാൾടെ പേര് കർക്കടം ന്നല്ലേ? കർക്കട ചെകുത്താൻ"

"ശ്..
അതയാള്ടേ കുറ്റപ്പേരാടാ."

"ഓ.. അത് ശരിക്കും ഉള്ള പേര് അല്ലല്ലേ..
ഞാൻ കരുതി...
ന്നാലും കർക്കടം തന്ന്യാ നല്ലത്‌.
അപ്പുക്കുട്ടൻ ന്നുള്ള പേര് അയാൾക്ക്‌ ചേരണ്‍ല്യാ ട്ടാ."

Sunday, February 1, 2015

കൊക്കെയിൻ

കൊല്ലം മൂന്നായി നടപ്പു തുടങ്ങിയിട്ട്.
കിടക്കാൻ പോകുന്നതിനു മുമ്പ് കണ്ണാടിയിലെ പ്രതിബിംബം നോക്കി നിരാശ കൊണ്ട് തെറി വിളിക്കും. എന്നാലും നേരം വെളുക്കുമ്പൊ ബാഗുമെടുത്തു ഇറങ്ങാതിരിക്കാൻ കഴിയുന്നില്ല.

വീട്ടീന്ന് ഇപ്പോ വല്യ ചോദ്യവും ഉത്തരവും ഒന്നും ഇല്ല. തഴഞ്ഞ മട്ടാണ്.

നാട്ടുകാരെയും കൂട്ടുകാരേയും കൊണ്ടാണ് വലിയ ശല്യം.

"നിവിൻ പോളിയുടെ ഡെയ്റ്റ്  കിട്ടിയോ? "
"ഫഹദ് കഥ കേട്ടൊ?"
"പ്രോഡ്യൂസർ ആയോ?"
തുടങ്ങിയ ചോദ്യങ്ങൾ...

"ആന്റണി പെരുമ്പാവൂരിനെ ഒഴിവാക്കി ലാലേട്ടന്റെ അടുത്ത് ഡയരക്റ്റ് ചെല്ലാൻ പറ്റ്യാ നീ രക്ഷപ്പെട്ടു."
"മമ്മുക്ക ആണു ബെസ്റ്റ്. ആള് എത്ര പുതുമുഖ സംവിധായകരേം കഥാകാരേയും രക്ഷപ്പെടുത്തിയിരിക്കുന്നു."
"തമിഴ് ഒന്ന് നോക്കാം ട്ടോ."
തുടങ്ങിയ ഫ്രീ ഉപദേശങ്ങൾ..

"നല്ല പ്രാന്താ ല്ലേ!"
"വേറെ വല്ല പണിക്കും പോടാപ്പാ."
തുടങ്ങിയ പരിഹാസങ്ങൾ..

കോടമ്പാക്കത്ത് പൈപ്പുവെള്ളം കുടിച്ചു അലഞ്ഞു നടന്നു താരങ്ങളായവരേയും കഷ്ടപ്പെട്ട് വലിയ നിലയിലെത്തിയവരേയും ഒക്കെ ആലോചിച്ചു ഇത്ര നാളും പിടിച്ചു നിന്നു.

ഇക്കണ്ട നാളുകൾക്കിടയിൽ നാല് വണ്‍  ലൈനും മൂന്നു തിരക്കഥയും കൊണ്ട് കയറിനിരങ്ങാത്ത സ്ഥലങ്ങളില്ല.

പേരിലാണു പ്രശ്നം എന്ന് തോന്നിയപ്പോ രണ്ട് അക്ഷരം കൂട്ടി പേര് പരിഷ്കരിച്ചു. 
എവിടെ!!

ന്യൂജെൻ റോളിലാ ഇപ്പൊ നടപ്പ്.  
"അവന്റെ തലേലെ കാടിനൊരു ദിവസം ഞാൻ തീ വെയ്ക്കും" എന്ന് അപ്പൻ ഒരൂസം അമ്മയോട് പറയുന്ന കേട്ടു!
ഏയ്‌.. അങ്ങിനെ ഒന്നും ചെയ്യില്ലായിരിക്കും.

പക്ഷേ ഈ പോക്ക് ശുഭമല്ല.
സിനിമാക്കാരുടെ ഇടയിൽ ഒരു ഓളം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
"ഇത് നമ്മുടെ മറ്റേ ചങ്ങാതി അല്ലേ"? എന്ന് എവിടെ കയറി ചെന്നാലും ഒരു ഇന്റ്രോ കിട്ടണം.
പിന്നെ ഈസി ആണ്.
നേരിട്ടു കാര്യങ്ങളിലേയ്ക്കു കടക്കാം.
എന്തെങ്കിലും ചെയ്യണം..
ചെയ്തേ പറ്റൂ.

കൊച്ചിയുടെ മണം. 
ശീലമായതോണ്ട് പ്രശ്നമില്ല.
മെട്രോ പണി കാരണം ബസ് കൂടുതൽ നിരങ്ങി നീങ്ങുന്നു.
അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം. കുറച്ചു നേരം മറൈൻ ഡ്രൈവിൽ പോയി വായി നോക്കി ഇരിക്കാം.
അല്ലാതെന്ത് ചെയ്യാൻ.

ഇറങ്ങി 
റോഡ്‌ ക്രോസ് ചെയ്യുന്നതിനിടയി ഒരു ആമ്ബുലന്സും പുറകെ ഒരു പോലീസ് ജീപ്പും പാഞ്ഞു പോയി.
എന്താണാവോ പുകിൽ... ആ.
പെട്ടെന്നാണ്‌ തലയി ഒരു കൊള്ളിയാൻ മിന്നിയത്..
എന്റമ്മോ തകര്പ്പൻ ട്വിസ്റ്റ്.. കൊള്ളാമെടാ. സ്വയം അഭിനന്ദിച്ചു.

നേരെ പബ്ലിക് ടെലഫോണ്‍ ബൂത്തിൽ കയറി.
"നാർകോട്ടിക് സെല്ലല്ലേ?
സിനിമാക്കാര്ക്ക് കൊക്കെയിൻ എത്തിക്കുന്ന മെയി എജന്റിനെക്കുറിച്ചു വിവരം തരാനാണ്...
മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിന്റെ അടുത്തുനിന്നു മൂന്നാമത്തെ മരത്തിനു താഴെ.. ചുവന്ന പാന്റും ഓറഞ്ച് ടീഷർട്ടും ഇട്ടു മുടി വളര്ത്തിയ ഒരുത്തൻ.."
പെട്ടിക്കടയിൽനിന്നു പത്തുരൂപ കൊടുത്തൊരു കുഞ്ഞു ഡപ്പി പൌഡറും മുറുക്കാൻ വിൽക്കുന്ന ഭായീടെ കയ്യീന്ന് അത് പൊതിഞ്ഞു കൊടുക്കുന്ന ഒരു പ്ലാസ്റ്റിക് കവറും വാങ്ങി പോലീസ് വണ്ടിയുടെ ശബ്ദവും പ്രതീക്ഷിച്ച് മുന്നോട്ടു നടക്കുമ്പോ, ഉള്ളിൽ ഒന്നാംതരം ഒരു ചിരിയങ്ങ് ചിരിച്ചു.