Sunday, February 1, 2015

കൊക്കെയിൻ

കൊല്ലം മൂന്നായി നടപ്പു തുടങ്ങിയിട്ട്.
കിടക്കാൻ പോകുന്നതിനു മുമ്പ് കണ്ണാടിയിലെ പ്രതിബിംബം നോക്കി നിരാശ കൊണ്ട് തെറി വിളിക്കും. എന്നാലും നേരം വെളുക്കുമ്പൊ ബാഗുമെടുത്തു ഇറങ്ങാതിരിക്കാൻ കഴിയുന്നില്ല.

വീട്ടീന്ന് ഇപ്പോ വല്യ ചോദ്യവും ഉത്തരവും ഒന്നും ഇല്ല. തഴഞ്ഞ മട്ടാണ്.

നാട്ടുകാരെയും കൂട്ടുകാരേയും കൊണ്ടാണ് വലിയ ശല്യം.

"നിവിൻ പോളിയുടെ ഡെയ്റ്റ്  കിട്ടിയോ? "
"ഫഹദ് കഥ കേട്ടൊ?"
"പ്രോഡ്യൂസർ ആയോ?"
തുടങ്ങിയ ചോദ്യങ്ങൾ...

"ആന്റണി പെരുമ്പാവൂരിനെ ഒഴിവാക്കി ലാലേട്ടന്റെ അടുത്ത് ഡയരക്റ്റ് ചെല്ലാൻ പറ്റ്യാ നീ രക്ഷപ്പെട്ടു."
"മമ്മുക്ക ആണു ബെസ്റ്റ്. ആള് എത്ര പുതുമുഖ സംവിധായകരേം കഥാകാരേയും രക്ഷപ്പെടുത്തിയിരിക്കുന്നു."
"തമിഴ് ഒന്ന് നോക്കാം ട്ടോ."
തുടങ്ങിയ ഫ്രീ ഉപദേശങ്ങൾ..

"നല്ല പ്രാന്താ ല്ലേ!"
"വേറെ വല്ല പണിക്കും പോടാപ്പാ."
തുടങ്ങിയ പരിഹാസങ്ങൾ..

കോടമ്പാക്കത്ത് പൈപ്പുവെള്ളം കുടിച്ചു അലഞ്ഞു നടന്നു താരങ്ങളായവരേയും കഷ്ടപ്പെട്ട് വലിയ നിലയിലെത്തിയവരേയും ഒക്കെ ആലോചിച്ചു ഇത്ര നാളും പിടിച്ചു നിന്നു.

ഇക്കണ്ട നാളുകൾക്കിടയിൽ നാല് വണ്‍  ലൈനും മൂന്നു തിരക്കഥയും കൊണ്ട് കയറിനിരങ്ങാത്ത സ്ഥലങ്ങളില്ല.

പേരിലാണു പ്രശ്നം എന്ന് തോന്നിയപ്പോ രണ്ട് അക്ഷരം കൂട്ടി പേര് പരിഷ്കരിച്ചു. 
എവിടെ!!

ന്യൂജെൻ റോളിലാ ഇപ്പൊ നടപ്പ്.  
"അവന്റെ തലേലെ കാടിനൊരു ദിവസം ഞാൻ തീ വെയ്ക്കും" എന്ന് അപ്പൻ ഒരൂസം അമ്മയോട് പറയുന്ന കേട്ടു!
ഏയ്‌.. അങ്ങിനെ ഒന്നും ചെയ്യില്ലായിരിക്കും.

പക്ഷേ ഈ പോക്ക് ശുഭമല്ല.
സിനിമാക്കാരുടെ ഇടയിൽ ഒരു ഓളം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
"ഇത് നമ്മുടെ മറ്റേ ചങ്ങാതി അല്ലേ"? എന്ന് എവിടെ കയറി ചെന്നാലും ഒരു ഇന്റ്രോ കിട്ടണം.
പിന്നെ ഈസി ആണ്.
നേരിട്ടു കാര്യങ്ങളിലേയ്ക്കു കടക്കാം.
എന്തെങ്കിലും ചെയ്യണം..
ചെയ്തേ പറ്റൂ.

കൊച്ചിയുടെ മണം. 
ശീലമായതോണ്ട് പ്രശ്നമില്ല.
മെട്രോ പണി കാരണം ബസ് കൂടുതൽ നിരങ്ങി നീങ്ങുന്നു.
അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം. കുറച്ചു നേരം മറൈൻ ഡ്രൈവിൽ പോയി വായി നോക്കി ഇരിക്കാം.
അല്ലാതെന്ത് ചെയ്യാൻ.

ഇറങ്ങി 
റോഡ്‌ ക്രോസ് ചെയ്യുന്നതിനിടയി ഒരു ആമ്ബുലന്സും പുറകെ ഒരു പോലീസ് ജീപ്പും പാഞ്ഞു പോയി.
എന്താണാവോ പുകിൽ... ആ.
പെട്ടെന്നാണ്‌ തലയി ഒരു കൊള്ളിയാൻ മിന്നിയത്..
എന്റമ്മോ തകര്പ്പൻ ട്വിസ്റ്റ്.. കൊള്ളാമെടാ. സ്വയം അഭിനന്ദിച്ചു.

നേരെ പബ്ലിക് ടെലഫോണ്‍ ബൂത്തിൽ കയറി.
"നാർകോട്ടിക് സെല്ലല്ലേ?
സിനിമാക്കാര്ക്ക് കൊക്കെയിൻ എത്തിക്കുന്ന മെയി എജന്റിനെക്കുറിച്ചു വിവരം തരാനാണ്...
മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിന്റെ അടുത്തുനിന്നു മൂന്നാമത്തെ മരത്തിനു താഴെ.. ചുവന്ന പാന്റും ഓറഞ്ച് ടീഷർട്ടും ഇട്ടു മുടി വളര്ത്തിയ ഒരുത്തൻ.."
പെട്ടിക്കടയിൽനിന്നു പത്തുരൂപ കൊടുത്തൊരു കുഞ്ഞു ഡപ്പി പൌഡറും മുറുക്കാൻ വിൽക്കുന്ന ഭായീടെ കയ്യീന്ന് അത് പൊതിഞ്ഞു കൊടുക്കുന്ന ഒരു പ്ലാസ്റ്റിക് കവറും വാങ്ങി പോലീസ് വണ്ടിയുടെ ശബ്ദവും പ്രതീക്ഷിച്ച് മുന്നോട്ടു നടക്കുമ്പോ, ഉള്ളിൽ ഒന്നാംതരം ഒരു ചിരിയങ്ങ് ചിരിച്ചു.

10 comments:

animesh xavier said...

കൊക്കെയിൻ... ന്ന് :)

Cv Thankappan said...

ചിരി കരച്ചിലാകാണ്ടീര്‍ന്നാ മത്യാര്‍ന്നു!
ആശംസകള്‍

Nanda Kummar said...

Hahahahaha
Twist kalakki :)

Aarsha Sophy Abhilash said...

Eesoye!!!

പട്ടേപ്പാടം റാംജി said...

എന്തെങ്കിലും ചെയ്യണം...
ചെയ്ത് നന്നായി.

zain said...

എന്നാലും ഇത്രേം ചെയ്യണ്ടാർന്നു ..

മാനവൻ മയ്യനാട് said...

ഹ ഹ ഹ .... രസിച്ചു സുഹൃത്തേ, ഇന്നു ഇതാണ് പ്രശസ്ഥി ആവാനുള്ള എളുപ്പ വഴി

Shahid Ibrahim said...

ആശംസകള്‍

സുധി അറയ്ക്കൽ said...

ഹാ ഹ.ഏറ്റവും നല്ല വഴി.

വിനോദ് കുട്ടത്ത് said...

കൊള്ളാം ബെസ്റ്റ് ഐഡിയ...,.
ഐഡിയ ക്യാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ്....