Thursday, November 20, 2014

ഹെലികോപ്ടർ ഷോട്ട്

തലയിൽ കൈ വച്ചു. 
കൈ വച്ച് പോയതാണ്.. 
യോർക്കർ ലെങ്ങ്ത്തിൽ എറിയപ്പെട്ട ഒരു പന്ത് ലോങ്ങ്‌ ഓണിലേയ്ക്ക് സിക്സര് പായുന്നത് കണ്ട് ബൌളറും തലയിൽ കൈ വച്ച് ടി വിയിൽ നില്ക്കുന്നുണ്ടായിരുന്നു

'വീ വാണ്ട് ഹെലികോപ്റ്റർ' എന്നെഴുതിയ ബാനർ ഗാലറിയിൽ ഒന്നു കണ്ടതേ ഉള്ളൂ. ഇനീം പതിനെട്ടു ബോളിൽ നാൽപ്പത്തേഴു റണ്സ്  വേണം. അടുത്ത ഹെലികോപ്ടർ ഏതു പന്തിലും പ്രതീക്ഷിക്കാം. ആവേശം കൊണ്ടു കസേരത്തുമ്പിലേയ്ക്കു നീങ്ങി.  

ഒന്നൊന്നര സാധനമാണ് ഈ ധോനീ സ്പെഷ്യൽ ഷോട്ട്. എങ്ങിനെയാണാവോ ഈ ഗെഡി ബാലന്സ് ചെയ്യുന്നത്.
വലതു കാലിന്റെ പെരുവിരലിൽ ഊന്നിയുള്ള 'ഹെലികോപ്ടർ' ഒന്നുകൂടി കാണുവാൻ റീപ്ളെയ്ക്ക് കണ്ണ് നട്ടിരിക്കുമ്പോൾ ഫോണ്‍  റിംഗ് ചെയ്തു.

കോപ്പ്, ഇതാരെടാ..
'ഒരു അഞ്ചു മിനിട്ട് സൗര്യം തരില്ലല്ലോ.. നാശം' എന്ന്  പറഞ്ഞുകൊണ്ട് തന്നെ ഫോണെടുത്തു.

"ഡാ, നീയെവിട്യാ?" സുരേഷാണ് 
"വീട്ടില്. എന്ത്യേ?"
"വണ്ടീം എടുത്തു വേഗം വാ. മ്മടെ പോളിന്റെ അനിയനെ പാമ്പ് കടിച്ചു."
"ഡേവീസിന്യോ? എപ്പോ? അവനെന്തിനാ ഈ സന്ധ്യ നേരത്തു പുറത്തിറങ്ങി നടന്നത് ?"
"മൈ .. ഇതെന്ത്? പോലീസ് സ്റ്റേഷനോ? നീ ഇങ്ങട് വാ.. ഇനി കടിക്കുമ്പോ രാഹുകാലം കഴിയുന്നത്‌ നോക്കി കടിക്കാൻ പറയാം."

കയ്യീ കിട്ടിയ കാശെടുത്തു പോക്കറ്റീ തിരുകി, വണ്ടിയെടുത്ത് പാഞ്ഞു.

വളവു തിരിയുന്നിടത്ത് കുറച്ചു പേർ കൂടി നില്ക്കുന്നു.വണ്ടി നിർത്തി ഇറങ്ങി ചെല്ലുമ്പോൾ ചെക്കൻ പേടിച്ചു വിറച്ച് നിലത്തിരിപ്പുണ്ട്. "വണ്ടി വന്നൂടാ" എന്ന് പറഞ്ഞ് സുരേഷ് വഴിയുണ്ടാക്കി.

"നീർക്കോലി വല്ലോം ആവും." ഞാൻ സുരേഷിന്റെ ചെവിയിൽ പറഞ്ഞു.
"നീർക്കോലി .. ഉവ്വ, ഒന്നാംതരം ചേനത്തണ്ടനാ.. ദേ, രവിയേട്ടൻ തല്ലിക്കൊന്നു പ്ലാസ്റ്റിക് കവറിൽ ഇട്ടിട്ടുണ്ട്." അവൻ അതേ പോലെ തിരിച്ച് എന്നോടും പറഞ്ഞു.

അമ്പത് പൈസേടെ പ്ലാസ്റ്റിക് കവറിൽ അങ്ങാടീന്നു ചാള വാങ്ങി വരണ ഭാവത്തിൽ രവിയേട്ടൻ നില്പ്പുണ്ട്. ചെറുതല്ലാത്ത ഒരു ആട്ടവും കൂടുതൽ ചോരച്ച കണ്ണും കണ്ടപ്പോൾ ആള് കിടിലൻ ഫോമിൽ ആണെന്ന് മനസിലായി. പണി കഴിഞ്ഞ് ഒരു പൈന്റ് മിനിമം കീറിയിട്ടാണ് രവ്യേട്ടൻ സ്ഥിരമായി വീട്ടിലെത്തുന്നത്. ആ യാത്രയിൽ ആണ് ഈ കൊലപാതകം നടത്തി വീരശൂര പരാക്രമിയായി നില്ക്കുന്നത്. ഞാൻ നോക്കുന്ന കണ്ടപ്പോ  കൊമ്പനെ വെടി വച്ച് കൊന്ന് അതിന്റെ മേൽ ചവിട്ടി നില്ക്കുന്ന വീരപ്പന്റെ ചിത്രം ഓർമ്മിപ്പിച്ചുകൊണ്ട് ആള് മീശ തടവി ഒരു ബീഡി കത്തിച്ചു.


"ചെക്കന്റെ വീട്ടീന്ന് ആരെങ്കിലും വന്നോ?"
"അമ്മ മാത്രേ വീട്ടിലുള്ളൂ.. പോള് കമ്പനീന്ന് പോന്നണ്ട്. അത് നോക്കി നിക്കണ്ട, എളേപ്പനുണ്ടല്ലോ നമുക്ക് കൊണ്ടൂവാം".
"ശരി, ചെക്കനെ കേറ്റ്. ജൂബിലീല്യ്ക്ക്‌ വിട്വല്ലേ?"
"വേണ്ട്രാ.. അങ്കമാലീ പോട്ടെ, അതാ വച്ച് കീറാൻ എളുപ്പം."
"എന്നാ അങ്ങിനെ."

സുരേഷും പോളിന്റെ ഇളയപ്പനും പയ്യനേം കൊണ്ട് പുറകിൽ കേറി. ചെറുക്കൻ പകുതി ബോധത്തിലാണ്. മുന്നില് സുരേന്ദ്രൻ മാഷ്‌ കേറി. അങ്ങേര് ഉണ്ടായാ ഒരു വിധം സ്ഥലങ്ങളിൽ ഒക്കെ ഇടിച്ചു കയറാം.

വണ്ടി സ്ടാര്റ്റ് ചെയ്തു.

"നിങ്ങള് എവിടിയ്ക്കണ്ടാ പായണത്? മെയിൻ  സാധനം എന്റെലണ്ടാ.." എന്നൊരു അലര്ച്ച കേട്ടു നോക്കിയപ്പോ, പാമ്പിൻ കവറും പൊക്കിപ്പിടിച്ചു കുത്തഴിഞ്ഞ മുണ്ട് കൂട്ടിപ്പിടിച്ച് വീരപ്പൻ.. അല്ല രവ്യേട്ടൻ!

ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
എല്ലാവരും ഓരോ തെറി മനസ്സിൽ പറഞ്ഞു.

"ഈ പിശാശിനെ ചുമക്കേണ്ടി വരൂലോ, ഈശ്വരാ.." മാഷ്‌ പറഞ്ഞു.

ഒരു കയ്യിൽ കവറും ഊരിപ്പിടിച്ച ചെരിപ്പുകളും മറ്റേ കയ്യിൽ വാരിക്കൂട്ടിയ മുണ്ടുമായി രവ്യേട്ടൻ പുറകിൽ ഇടിച്ചു കയറി.

"ഇയാളെന്താ ചെരുപ്പ് കയ്യീ പിടിചേക്കണേ? മനുഷ്യന്റെ തലേൽ മുട്ടി. നാശം." മാഷ്‌ പിറുപിറുത്തു.
 "ചെരിപ്പ് വാങ്ങീട്ട് അഞ്ചാറ് മാസേ അയീട്ടുള്ളൂ.. പാമ്പിനെ ഇതോണ്ട് തല്ലിക്കൊന്നൂന്നു വച്ച് അങ്ങനെ വഴീ കളയാനുള്ള കാശൊന്നും മ്മടെ കയ്യിളില്ല്യ. മാഷോന്നു ക്ഷമി......."
പിന്നെ കുറച്ച് തെറികൾ പല്ല് ഞെരിക്കലിനൊപ്പം ഡിജെ മിക്സ് പോലെ മുഴങ്ങി.

"രവ്യേട്ടാ.. വെറുതെ അലമ്പുണ്ടാക്കിയാ വഴീൽ ഇറക്കി വിടും ട്ടോ." സുരേഷ് ശബ്ദമുയർത്തി

ഞാനൊന്ന് തിരിഞ്ഞു നോക്കി.
ദൈവമേ, ഈ ചെരിപ്പോണ്ടാണോ ഇയാള് ഈ എമണ്ടൻ ചേനത്തണ്ടനെ തല്ലിക്കൊന്നത്! മദ്യത്തിന്റെ ഒരു ശക്തിയേ..
ഉയരുന്ന പല്ല് ഞെരിച്ചിലുകളിൽ "തേഞ്ഞു ബ്ലേഡ് പോലുള്ള ഭാഗം കൊണ്ട് പാമ്പ് മുറിഞ്ഞു ചത്തതാണൊ ചേട്ടാ?"എന്ന കുനുഷ്ട് ചോദ്യം ഞാൻ കുഴി കുത്തി കുഴിച്ചു മൂടി.

വണ്ടി അതിവേഗം ബഹുദൂരം മുന്നോട്ടു നീങ്ങുന്നതിനിടയിൽ ഏതോ കടയുടെ മുന്നിൽ ആൾ കൂടി നില്ക്കുന്നതും അവർ കണ്ടുകൊണ്ടിരിക്കുന്ന ടിവിയിൽ ധോനിയുടെ ക്ളോസ് അപും കണ്ടു.

കാണാതെ പോയ ഹെലികോപ്ടർ ഷോട്ടുകൾ എന്നിൽ ഇത്തിരി വിഷമം നിറച്ചു. ജയിച്ചു കാണുമായിരിക്കും. വീണ്ടും ഹെലികോപ്ടർ പറന്നിരിക്കുമോ ആവോ... ഇത്യാദി ചിന്തകൾ പ്രസവവേദനയ്ക്കിടയിലെ വീണവായന ആണെന്നു റിയർവ്യൂ മിററിലൂടെ കണ്ട പയ്യന്റെ മുഖം ഓർമ്മിപ്പിച്ചു.

"ഒന്ന് ചവിട്ടു.. ദാ ആ മരം നിൽക്കുന്നതിന്റെ മുന്വശത്ത്‌.: ഇളയപ്പൻ പറഞ്ഞു.
"എന്ത് പറ്റി?" ഏല്ലാവരും ആകാംക്ഷാഭരിതരായി.
"അതൊരു വിഷവൈദ്യന്റെ വീടാ. ഒന്ന് അങ്ങേരെ കാണിച്ചിട്ട് കൊണ്ടൂവാം."
"വേണോ? സമയം വൈകിപ്പിയ്ക്കൽ ആകുമോ?"
"ഏയ്‌.. എനിക്ക് പരിചയം ഉള്ള ആളാ. ലക്ഷണം നോക്കി കാര്യം പറഞ്ഞു തരും."

വേറെ ആർക്കും മനസില്ലാഞ്ഞിട്ടും വണ്ടി അവിടെ ചവിട്ടി. ഇനി അങ്ങേര് പറഞ്ഞിട്ട് കേട്ടില്ലെങ്കിൽ അത് മതി. ഞാൻ വാച്ച് നോക്കി. കടിച്ച സമയം കഴിഞ്ഞിട്ട് ഇരുപതു ഇരുപത്തിരണ്ടു മിനിട്ടേ ആവുന്നുള്ളൂ.

ബെല്ലടിച്ചു.
ആളുവന്നു. കാര്യം അവതരിപ്പിക്കപ്പെട്ടു.
"കുട്ടിയെ കൊണ്ടു വരൂ." എന്ന് പറഞ്ഞു വൈദ്യൻ കസേരയിലെയ്ക്ക് നടന്നു.


ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആദ്യം അകത്തു കടന്നത്‌ രവ്യേട്ടൻ ആയിരുന്നു.
വൈദ്യൻ ഒന്ന് നിന്നു.
നെറ്റിയും മൂക്കും ചുളിച്ച് തിരിഞ്ഞു നോക്കി.

"ഇയാൾ പുറത്ത് കടക്ക്വാ.."

രവ്യേട്ടൻ അന്തം വിട്ടു.

"തന്നോടാ പറഞ്ഞത്, പുറത്ത് കടക്കാൻ."
"ഞാ.. ഞാനീ പാമ്പിനെ കാണിക്കാൻ..."
"അതൊക്കെ ഞാൻ കണ്ടോളാം. താൻ കടക്ക് "

രംഗം വഷളാവുമെന്നു കണ്ട് ഞാൻ രവിയേട്ടന്റെ തോളിൽ പിടിച്ചു.
"വാ രവ്യേട്ടാ.. മ്മക്ക് പുറത്ത് നിക്കാം."

ദേഷ്യം കടിച്ചമർത്തി രവ്യേട്ടൻ എന്നൊടൊപ്പം മുറിയ്ക്ക് പുറത്തിറങ്ങി.
"ഏതാടാ ഈ മലമൈ...."
"രവ്യേട്ടാ പ്ളീസ്."
"എന്തൂട്ട് പ്ളീസ്. പാമ്പിനെ കാണണ്ടേ അയാൾക്ക്‌. വിഷ വൈദ്യനാത്രേ, ഈ രോമത്തിൽ നിർത്തിയ നിന്നെ ചവിട്ടണം."
"ബഹളം ഉണ്ടാക്കല്ലേ, ഇപ്പോ ആ കൊച്ചിന്റെ കാര്യമല്ലേ വലുത്. മിണ്ടാണ്ടിരിക്ക്‌."

പല്ലിറുമ്മലിൽമാത്രമാക്കി ഞാൻ അയാളെ ഒരു വിധത്തിൽ ഒതുക്കി.
അകത്തേയ്ക്കു നോക്കി.
ചെറുക്കനെ മേശമേൽ കിടത്തി പരിശോധിക്കുകയാണ്.

മുറിവ് പരിശോധിച്ച് വൈദ്യൻ പറഞ്ഞു
"ഇത് നീർക്കോലി.. മോൻ പേടിക്കണ്ട കേട്ടോ."

അന്തം വിട്ട മറ്റുള്ളവരുടെ മുഖത്ത് നോക്കി അയാള് പയ്യൻ കാണാതെ കണ്ണടച്ചു.

'ഓ.. ആക്റ്റിങ്ങായിരുന്നല്ലേ' എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ രവ്യേട്ടൻ എന്നെ തോണ്ടി. എന്നിട്ട് ചെവിയിൽ മുരണ്ടു.
"ഞാൻ പറഞ്ഞത് എങ്ങിനിണ്ട്?"
"എന്ത്?"
"ഈ പൂ.. മോന് പത്തീസേടെ വിവരില്ല്യാന്നു തന്നെ. നീർക്കോലിയാത്രേ.. ആളോളെ ഊമ്പിക്കാൻ നോക്കാ.. "
അകത്തേയ്യ്ക്കു പോകാൻ ആഞ്ഞ അങ്ങേരെ ഞാൻ തടഞ്ഞു.
"താനൊന്ന് മിണ്ടാണ്ടിരിക്കാമോ?" ഞാൻ ദേഷ്യപ്പെട്ടത്‌ കണ്ട് രവ്യേട്ടൻ വലിഞ്ഞു.

ശ്രദ്ധ വീണ്ടും അകത്തേയ്ക്കു പോയി.

പയ്യന് എന്തൊക്കെയോ രുചിക്കാൻ കൊടുക്കുന്നതു കണ്ടു.
എന്ത് രുചിയാണ് തോന്നുന്നത് എന്നൊക്കെ ചോദിച്ചു.
അവൻ ഒന്ന് ഉഷാറായതു പോലെ. വെറും നീര്ക്കൊലി ആണെന്ന് പറഞ്ഞത് ധൈര്യം കൊടുത്തു കാണും.

അപ്പുറത്ത് എവിടേയോ നിന്ന് ഒരാരവം കേട്ടു.
ഇന്ത്യ ജയിച്ചു കാണും.
ഹെലികോപ്ടർ ഉണ്ടായോ ആവോ. ശെ.. മിസ്സായി..

"അപ്പോ ഒരു കാര്യം ചെയ്യാ.. " അകത്തുനിന്നും വൈദ്യരുടെ ശബ്ദം പൊങ്ങി.
"ഇയാളെ ആശുപത്രീലോന്നു കാണിച്ചോ. അങ്കമാലീലല്ലേ.. അടുത്തല്ലേ.
പേടിക്കാൻ ഒന്നുമില്ലാ ട്ടോ മോനെ.
നീർക്കോലി കടിച്ചാ എന്താ ഉണ്ടാവാ? അത്താഴം മുടങ്ങും അത്ര തന്നെ.
അല്ലാതെ..."

കാതിവിടേയും മനസ് ക്രിക്കറ്റിലുമായിരുന്ന എന്റെ പുറകു വശത്തുനിന്നു മുറുമുറുപ്പുയരുന്നതും അത് കൊടും തെറികളായി പരിണമിക്കുന്നതും, പ്ലാസ്റ്റിക് കവറിൽനിന്നു പുറത്തെടുക്കപ്പെട്ട ചത്ത ചേനത്തണ്ടനുമായി രവ്യേട്ടൻ മുറിയിലേയ്ക്ക് കുതിയ്ക്കുന്നതും ഞാൻ കണ്ടു. ഒരു നിമിഷം കൊണ്ട് ഞാൻ അയാളെ അരക്കെട്ടിൽ വട്ടം പിടിച്ചു. ബാലന്സ് പോയി തലകുത്തി വീഴാനൊരുങ്ങുന്നതിനിടയിലും "ഇതാണോടാ തെണ്ടീ നീർക്കോലി ?" എന്നാക്രോശിച്ചുകൊണ്ട്‌ രവ്യേട്ടൻ കയ്യിലിരുന്ന പാമ്പിനെ വൈദ്യരുടെ മുഖത്തേയ്ക്കെറിഞ്ഞു.

ബോധം കേട്ട് വീഴുന്ന വൈദ്യരുടെ രൂപം ഔട്ട്‌ ഓഫ് ഫോക്കസാവുകയും രവ്യേട്ടന്റെ മുഖം ക്ളിയർ ആവുകയും ചെയ്ത നിമിഷം എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

ഹെലികോപ്ടർ.. ഹെലികോപ്ടർ ഷോട്ട് !!
                                                                                   * ചേനത്തണ്ടൻ  - അണലി വർഗ്ഗത്തിൽ പെട്ട ഒരു പാമ്പ്‌ 

Sunday, August 3, 2014

ലോർഡ്സ് ഓഫ് ദി റിങ്ങ്സ് - കൈസർ - 6

കൈസർ - 6

ലോർഡ്സ് ഓഫ് ദി റിങ്ങ്സ് 

പാടത്തിനോട് ചേർന്നുള്ള മനപ്പറമ്പിലെ മരങ്ങളിൽ നീര്ക്കാക്കകളും ചേരക്കൊഴികളും പതിവുപോലെ കൂടു കെട്ടുകയും കുഞ്ഞുങ്ങളെ വിരിയിച്ച് പറന്നു പോവുകയും ചെയ്ത ഒന്നുരണ്ട് വർഷങ്ങൾ കൂടി കടന്നു പോയി. കൈസർ ദിവസവും രാവിലെ മുരളിയുടെ വീട്ടിലേയ്ക്ക്‌ സവാരി നടത്തുകയും ദീപയുടെ കയ്യിൽനിന്ന് കിട്ടുന്ന എന്തെങ്കിലും കഴിയ്ക്കുകയും മീനാക്ഷിയ്ക്കൊപ്പം കുറച്ചു നേരം കളിക്കുകയും ചെയ്തു പോന്നു. കുഞ്ഞിനെ അംഗനവാടിയിൽ ചേർത്തപ്പോൾ അതിന്റെ പടി വരെ കൈസർ കൂട്ട് പോയി. ഉച്ച തിരിഞ്ഞ് ക്ളാസ് കഴിയുമ്പോൾ കൃത്യമായി അംഗനവാടി പടിക്കൽ കാത്തുനിൽക്കുകയും മീനാക്ഷിയെ കൂട്ടിക്കൊണ്ടു പോകാൻ വരുന്ന ദീപയ്ക്കോ മുരളിയുടെ വല്യമ്മയ്ക്കോ ഒപ്പം അവരുടെ വീടുവരെ അകമ്പടി സേവിയ്ക്കലും പതിവായി.

പാടത്തിനോട് ചേർന്നുള്ള വീടുകളിൽനിന്ന് കോഴികളും താറാവുകളും കാണാതെ പോകാറുണ്ടെങ്കിലും ചില വീടുകളിൽനിന്നു ആടുകളും പട്ടികളും അപ്രത്യക്ഷമായപ്പോൾ നാട്ടുകാർ മൂക്കത്ത് വച്ചു. 

"ഇതെന്തു കുന്തമാടാ.. പട്ടികളെ വരെ പിടിച്ച് കൊണ്ട് പോവാൻ."

"പേപ്പറിൽ കണ്ടില്ലേ..അജ്ഞാതജീവി, അതാവുമോ?"

"പുലിയാവും. അത് നാട്ടിലിറങ്ങിയാ പട്ടിയെ ആണ് പിടിക്ക്യാ."

"ശര്യാ.. ഞാൻ വായിച്ചിട്ടുണ്ട്."

"എയ്യ്.. പുലിയാണെങ്കിൽ ആരെങ്കിലും ഒക്കെ കണ്ടേനെ."

എന്നൊക്കെ ചർച്ചകൾ നടന്നെങ്കിലും സംഭവങ്ങൾക്ക് പിന്നിലെ വില്ലൻ ആരാണെന്ന് പിടി കിട്ടിയില്ല. സ്ഥലത്തെ മെയിൻ കാശുകാരനും ഭൂപ്രഭുവുമായ ശ്രീധരവാര്യരുടെ പശുക്കുട്ടിയെ കാണാതായ ദിവസം കലി കയറി അങ്ങേരും പണിക്കാരും പാടവും പറമ്പുമായി ദേശം മുഴുവനരിച്ചു പെറുക്കിയിട്ടും "പോലീസുകാര്ക്ക് ഈ വീട്ടില് എന്താ കാര്യം" എന്ന മട്ടിൽ അജ്ഞാതൻ വാനിഷ്ഡ് ബ്യൂട്ടി ആയി. കാൽപ്പാടുകൾ നോക്കി ചിലര് 'ഇത് പുലി തന്നെ' എന്നുറപ്പിച്ചു. ചിലർ കരടിയാണെന്നു പറഞ്ഞു. ''വലിച്ചിഴച്ചു കൊണ്ട് പോയത് കണ്ടോ.. കടുവയാ'' എന്ന് പറയാനും ആളുണ്ടായി.

വേലുക്കുട്ടിയുടെ ചായക്കടയിൽ പണ്ടത്തെ വേട്ടക്കാരുടെ കഥകൾ റീ റിലീസ് ചെയ്ത് ഹിറ്റായി മൂന്നും നാലും വാരങ്ങൾ പിന്നിട്ടു.

പിന്നെയും ചില വളർത്തുമൃഗങ്ങൾ അപ്രത്യക്ഷരായി.

ഒരു ദിവസം രാത്രി അതിഘോരമായ പട്ടികുര കേട്ടാണ് പാടത്തിന്റെ കരയിലുള്ള വീടുകളിൽ വെളിച്ചം തെളിഞ്ഞത്. പുഴയിൽനിന്നു ദേശം മുഴുവൻ വെള്ളമെത്തിയ്ക്കുന്ന വലിയ തോടിന്റെ കരയിൽനിന്നാണ് കോലാഹലം കേൾക്കുന്നതെന്ന് മനസിലായെങ്കിലും ആരും പേടിച്ച് പുറത്തിറങ്ങിയില്ല. വീടുകളില്നിന്നു വീടുകളിലേയ്ക്ക് ആശയവിനിമയം നടന്നു.

"സുബ്രാ.. മറ്റേ സാധനം ഇറങ്ങീട്ടുണ്ടെന്നു തോന്നുണ്ട്രാ.."
"അതന്യാവും. ഇറങ്ങണോ?"
"വേണ്ടാ ല്ലേ?"
"ന്നാലും അത് ശര്യാണോ?"
"ദാമ്വേട്ടന്റെ വീട്ടീന്ന് ലൈറ്റ് കാണ്ണ്ട്‌. "
"ഇറങ്ങി നോക്കാം ല്ലേ?"

"വാതിലടച്ചു കിടന്നോ" എന്ന് വീട്ടുകാരോട് പറഞ്ഞ് പെട്രോൾമാക്സ് കത്തിച്ച് ഉണ്ണിയും മരം വെട്ടുന്ന വെട്ടുകത്തിയും അഞ്ചു സെല്ലിന്റെ ടോർച്ചുമായി സുബ്രനും കരുതലോടെ വഴിയിലേയ്ക്കിറങ്ങി.

"വാടാ. കിട്ടീതെടുത്തോ" എന്നു പറഞ്ഞ് ഒരു കൂട്ടം ആളുകൾ വഴിയിൽ അവരോടു ചേർന്നു.

പാടത്തെയ്ക്കിറങ്ങുമ്പോൾ പട്ടികുര ശബ്ദം അടുത്തടുത്ത് വന്നു. ഓരോ വഴിയില്നിന്നും വെളിച്ചം ഒഴുകി വരുന്നത് കണ്ട് സംഘം ആവേശഭരിതരായി.

"ദാ.. അവിടെ." ആരോ അലറി.
തോട്ടിൽനിന്നും അഞ്ചാറു കണ്ടം ഇപ്പുറത്ത് എന്തോ നീങ്ങുന്നത്‌ കണ്ട് ജനം കണ്ണ് കൂർപ്പിച്ചു.
അരണ്ട നാട്ടു വെളിച്ചമുണ്ട്. പിന്നെ, ഓലചൂട്ടുകളും പെട്രോൾ മാക്സുകളും ടോര്ച്ചുകളും.വിതയ്ക്കാൻ നിലമോരുക്കിയ ചെളിക്കണ്ടത്തിലൂടെ കുരച്ചു ശബ്ദമുണ്ടാക്കി നീങ്ങുന്ന രണ്ടു നായ്ക്കൾക്ക് തൊട്ടു പുറകെ കൂടിയിരിയ്ക്കുന്ന ഭീമാകാര രൂപം കണ്ട് ആളുകൾ കിടുങ്ങി.

"മുതലയാടാ അത്." ഉണ്ണി പറഞ്ഞു.
"നമ്മുടെ പാടത്തോ? കലികാലം.."
"അത് കൈസറാ ട്ടോ. പിന്നെ വറീതെട്ടന്റെ നായേം."

നായരും വറീതെട്ടനും വന്നെത്തിയപ്പോളേയ്ക്കും ജനം കണ്ടം വളഞ്ഞിരുന്നു.
കൈസറും ബ്രൂണോയും കുര നിർത്തി.
വറീതേട്ടൻ തന്റെ പട്ടാള പ്രാഗത്ഭ്യം പുറത്തെടുത്തു.
ജനക്കൂട്ടം അയാളുടെ കമാണ്ടിനനുസരിച്ചു പെരുമാറി.

മുളംകുറ്റികളും കഴുക്കൊലുകളും ചെളിയിൽ അടിച്ചു താഴ്‌ത്തി മുതലയ്ക്ക് ചുറ്റും വലയം തീർക്കുകയും അതിന്റെ വലിപ്പം കുറച്ചു കൊണ്ട് വരികയുമായിരുന്നു 'യുദ്ധ'രീതി! "മുതല ചത്തു പോയാൽ ജയിലീ പോയി കിടക്കേണ്ടി വരും" എന്ന കാര്യം വറീതേട്ടൻ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിചിരുന്നതിനാൽ ആരും വെട്ടുകയോ കുത്തുകയോ ചെയ്തില്ല. 

പെട്ടുപോയെന്നു മനസിലായ മുതല ജനത്തെ ആക്രമിയ്ക്കാൻ പല കുറി ശ്രമിച്ചു.
അവസാനം.. കുടുക്കുകളിൽ കുടുങ്ങി, പായയിൽ പൊതിഞ്ഞ് വില്ലനെ കവലയിലേയ്ക്ക് കൊണ്ട് വന്നപ്പോൾ നേരം പുലരാറായിരുന്നു.

'അജ്ഞാതജീവി'യെ ഗ്രാമത്തിലെ എല്ലാവരും കണ്‍ നിറയെ കണ്ടു. വാര്യർ വിളിച്ചു പറഞ്ഞതിനനുസരിച്ചു പോലീസും ഫൊറസ്റ്റുകാരും വന്ന് വണ്ടീക്കയറ്റി മുതലയെ കൊണ്ട് പോയിട്ടും അതിശയോക്തി കലര്ത്തിയ കഥകൾ പങ്കു വച്ച് ജനം കവലയിൽ കൂടി നിന്നു. 

"ഇത്ര നാളും ഇതിനെ ആരും കണ്ടില്ലെന്നു വച്ചാ.. "ചിലര് അതിശയം പൂണ്ടു.
"തോട്ടിലല്ലേ.. ഇപ്പോളും തോട്ടിലെറങ്ങ്യാ ഈ മൊതലിനെ കാണാൻ കിട്ട്വോ?"
"അത് ശര്യാ.. അതിനു ആ നായ്ക്കളെ സമ്മതിക്കണം."
"കൈസറിനന്ന്യേ ഇതൊക്കെ പറ്റൂ."
"തോട് തൊട്ട് ഇവടേം വരെ ആ മൊതലിനെ എത്തിച്ചൊണ്ടല്ലെ മ്മക്ക് കാര്യം മനസിലായെ!"
"അതന്നെ.. ഒരു കിലോമീറ്റർ ഇപ്പുറത്തെത്തിച്ചില്ലേ!!"
"ഒരു കിലോ മീറ്റർ ഒന്നുല്ല്യ.. നാലഞ്ചു കണ്ടം."
"പോരെ, മ്മക്ക്‌ സാധനത്തിനെ വളയാൻ പറ്റ്യാ?"
"അത് സത്യം."
"കൈസറിനിതൊക്കെ നിസാരം.. ആനയെ കുഴീ ചാടിച്ചത് മറന്നോ?"
"എന്തായാലും കൈസർന് പറ്റ്യ കൂട്ടുകാരൻ തന്നെ ബ്രൂണോ."
"സിനിമാ സ്റ്റൈൽ അല്ലെ.. ഉടക്കി ഗെടികളായ ടീംസല്ലേ.."
"അതെയതെ.."

പതിയെ പതിയെ ജനം പിരിഞ്ഞു പോയി. വേലുക്കുട്ടിയുടെ ചായക്കടേലെ സകല സാധനവും വിറ്റു തീർന്നു. 'ഈശ്വരാ, എന്നും ഓരോ മുതലയെ കിട്ടിയിരുന്നെങ്കിൽ...' എന്ന് അയാള് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. 

കുറച്ചു നാൾ കൂടി മുതലക്കഥകളും കൈസറും ബ്രൂണോയും വറീതേട്ടനും വേലുക്കുട്ടീസ്  ക്ളബിലെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചു . പള്ളിപ്പെരുന്നാള്ളിനു പ്രദക്ഷിണത്തിനിടയിൽ ഉണ്ടായ അടിയുടെ വാർത്തയിൽ അതെല്ലാം മുങ്ങിപ്പോയി.

ഗ്രാമം അതിന്റെ ദിനചര്യകൾ തുടർന്നു. 

കൊയ്തു മെതിച്ച് പൊലിയളന്നു ക്ഷീണിച്ചു കിടന്നുറങ്ങിയ ഒരു രാത്രി അസാധാരണമായ എന്തോ ശബ്ദം കേട്ട് രാമൻ നായർ ഞെട്ടിയുണർന്നു. തലയിണയ്ക്കടിയിലെ ടോർച്ചു തപ്പിയെടുത്ത് ചുവരിലെ ക്ളോക്കിലേയ്ക്ക് അയാള് വെളിച്ചം തെളിച്ചു. ഒരു മണി കഴിഞ്ഞിട്ടുണ്ട് . ഉറക്കച്ചടവിന്റെ ആലസ്യത്തിനു മുകളിലേയ്ക്ക് ആ ശബ്ദം വീണ്ടും കയറി വന്നു. അതൊരു ഓരിയിടലായിരുന്നു. അങ്ങകലേനിന്നു ആരോ ഓരിയിടും പോലെ. കിടയ്ക്കയിൽ എഴുന്നേറ്റിരുന്നു അയാള് ചെവി വട്ടം പിടിച്ചു. അകലെ നിന്നല്ല.. അടുത്ത് നിന്ന് തന്നെ. 
ആരോ പേടിച്ചു നിലവിളിക്കുകയാണോ? കൈസർ എന്താ മിണ്ടാത്തത്?
ഭഗവതീ.. രാമൻനായർ മനസ്സിൽ വിളിച്ചു. 
അയാള് കട്ടിലിൽനിന്നിറങ്ങി. അല്പ്പം പേടിയോടെയാണെങ്കിലും ജനവാതിൽ ശബ്ദമുണ്ടാക്കാതെ കുറച്ചു തുറന്നു. മാവിൻ ചില്ലകൽക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവിനു കീഴിൽ അയാളുടെ കണ്ണുകൾ പരതി നടന്നു.

വീണ്ടും ആ ശബ്ദമുയര്ന്നു.

നായർ ഒന്ന് ഞെട്ടി.

ടിവിയിലെപ്പോളോ കണ്ട ഭീകര സിനിമയിലെ ചെന്നായെപ്പോലെ തുളസിത്തറയുടെ അപ്പുറത്ത് കൈസര് ഇരിപ്പുണ്ടായിരുന്നു. മുകളിലേയ്ക്ക് തലയുയർത്തി അവൻ ഒന്നുകൂടെ ഓരിയിട്ടു. പുറകെ അപ്പുറത്തുനിന്നു ബ്രൂണോയും അത് തുടര്ന്നു.

നിലാവിന്റെ പ്രഭയിൽ, ഇളം കാറ്റിലുലയുന്ന വാഴയിലകൾ ആൾ രൂപങ്ങളായി അയാൾക്ക്‌ തോന്നി. രാമന്നായരുടെ ശരീരമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു. അയാളുടെ രോമകൂപങ്ങൾ ത്രസിച്ചുണർന്നു. 

കൈസറിന്റെ ശ്രദ്ധ തിരിക്കാൻ ജനൽ പാളി അയാൾ ശബ്ദമുണ്ടാക്കി തുറന്നു. കൈസർ ഒന്ന് നോക്കി. ആ കണ്ണുകളിൽ അസാധാരണമായ  തിളക്കം നായര് കണ്ടു.

"എന്താടാ? എന്താ കാര്യം?"

മറുപടിയായി വറീതെട്ടന്റെ വീട്ടിലേയ്ക്ക് നോക്കി ഒരു ഓരിയിടൽ കൂടി കൈസര് നടത്തി. മനുഷ്യന്റെ ശബ്ദം പോലെയാണ് നായര്ക്ക് തോന്നിയത്. ആരോ ഉറക്കെ നിലവിളിക്കുന്ന പോലെ. അത് നിന്നപ്പോൾ അപ്പുറത്തുനിന്നു ബ്രൂണോയുടെ ശബ്ദമുയര്ന്നു.

"കുരിപ്പുകൾ.. മനുഷ്യന്റെ സ്വസ്ഥത കളയാൻ. 
ഒന്ന് നിർത്തെടാ." നായര് വിളിച്ചു പറഞ്ഞു.

ജനവാതിൽ കൊട്ടിയടച്ച്, ചെന്ന് കിടന്നു.

'സാധാരണ ഇത് പതിവുള്ളതല്ലല്ലോ. എന്തെങ്കിലും കണ്ടാൽ കുരച്ചു തകര്ക്കാറാണല്ലോ പതിവ്. ഇതിപ്പോ, പ്രേതത്തിനെയോ പിശാചിനെയോ കണ്ടിട്ട് എന്ന് ആരാണ്ടും പറഞ്ഞപോലെ... ഇനി അങ്ങിനെ വല്ലതും ആവുമോ?' പല വിധ ചിന്തകൾക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി.

സ്വപനത്തിലാണോ എന്ന സംശയത്തിൽ, അല്ലെന്ന് ഒന്നു കൂടി ഉറപ്പു വരുത്തിയാണ് കണ്ണ് തുറന്നത്. അതെ.. കേട്ടത് നിലവിളിയാണ്.  ആരൊക്കെയോ അലറിക്കരയുന്നുണ്ട്. നേരം പുലർന്നിരിക്കുന്നു. എണീറ്റ്‌ വേഗത്തിൽ പുറത്തേയ്ക്ക് നടക്കുമ്പോളേയ്ക്കും ഭാരതിയമ്മ അണച്ചുകൊണ്ട് കയറി വന്നു.

കണ്ണ് കലങ്ങി ചുവന്നിട്ടുണ്ട്.
"എന്ത്യേ? എന്താ പറ്റ്യേ ?" നായര് പരിഭ്രാന്തനായി ചോദിച്ചു.

"വർതേട്ടൻ പോയി. രാവിലെ എണീറ്റപ്പോളാ ചേടത്തി അറിഞ്ഞത്. ഇന്നലെ രാത്രി എപ്പോളോ ആണ്." 

ആദ്യം നോക്കിയത് കൈസറിനെയാണ്. തല മണ്ണിൽ മുട്ടിച്ച് അവൻ കിടക്കുന്നുണ്ട്. അപ്പുറത്തുനിന്നു ബ്രൂണോയുടെ മോങ്ങൽ കേൾക്കുന്നു..ഇത്തിരി കാലം കൊണ്ട് ഒത്തിരിയടുത്തുപോയ ചങ്ങാതിയെ നഷ്ടപ്പെട്ട വിഷമത്തിൽ രാമൻ നായരുടെ കണ്ണ് നിറഞ്ഞു. പതിയെ അയാൾ വിളക്ക് വയ്ക്കുന്ന തറയുടെ അരികെ നിലത്ത് ചെന്നിരുന്നു. തൊണ്ടയിൽ എന്തോ തടയുന്ന പോലെ. നിറഞ്ഞൊഴുകിയ  കണ്ണുകളിൽ ചുറ്റുമുള്ള ലോകം അവ്യക്തമായുന്നതും നെഞ്ചിന്  കനമേറുന്നതും അയാളറിഞ്ഞു. ബോധം പോയി മറിഞ്ഞു വീഴുമെന്നു  തോന്നിയ നേരത്ത് മുഖത്ത്‌ നനുത്ത ഒരു സ്പർശം തോന്നിയപ്പോൾ അയാള് തല പൊക്കി നോക്കി. ശരീരത്തോട് ചേർന്ന് കൈസർ നിൽപ്പുണ്ടായിരുന്നു. നനുത്ത മൂക്കുകൊണ്ട്‌ അവൻ നായരുടെ കവിളിൽ വീണ്ടും തൊട്ടു. ഒരു കൈകൊണ്ട് കൈസറിനെ ചുറ്റിപ്പിടിച്ച് നായർ കരഞ്ഞു, മതി വരുവോളം.

ഒരു ദിവസം കാത്തു വച്ചിട്ടാണ് വറീതേട്ടന്റെ ശരീരം പള്ളിയിൽ കൊണ്ട് പോയി അടക്കിയത്‌.വറീതേട്ടന്റെ മകൻ ജോബി, ഗൾഫീന്ന് വരാൻ വേണ്ടിയായിരുന്നു കാത്തു വെപ്പ്. നഗരത്തിലെ ആംബുലൻസ് സർവീസിനൊപ്പം എത്തിയ മൊബൈൽ മോർച്ചറി കാണുവാൻ ജനം തിക്കിത്തിരക്കി. "ഐസ് പെട്ടീൽ കിടക്കാനും ഒരു യോഗം വേണം" എന്ന് പറയാനും പട്ടാളക്വോട്ട ഷെയറിട്ടടിക്കാൻ ചാൻസ് പോയതോർത്ത് വിഷമിക്കാനും ആളുണ്ടായി. 

വീടിന് പുറകിലേയ്ക്ക് മാറ്റിക്കെട്ടിയിടത്തുനിന്നു ചങ്ങല പൊട്ടിച്ചോടി സ്കാരസമയത്തു സിമിത്തെരിയിലെയ്ക്ക് വന്നു ബ്രൂണോ സകലരെയും കരയിച്ചു. പള്ളിയിലെ ചടങ്ങുകൾക്ക് രാവിലെയെത്തുമ്പോൾ കുഴിമാടത്തിന് മുകളിൽ കിടക്കുന്ന ബ്രൂണോയെ കണ്ട് ബന്ധുക്കൾ വീണ്ടും കരഞ്ഞു. ആര് വിളിച്ചിട്ടും പോവാതെ കുറച്ച് ദിവസങ്ങളോളം അവൻ ആ കുഴിമാടത്തിനെ ചുറ്റിപ്പറ്റി നിന്നു. ആര് വിളിച്ചിട്ടും ബ്രൂണോ പോയില്ല. അവസാനം വറീതേട്ടന്റെ ഭാര്യ വന്ന് ബ്രൂണോയെ കൂട്ടിക്കൊണ്ട് പോയി. 

നായും മനുഷ്യനുമായുള്ള ഉദാത്ത സൌഹൃദത്തിന്റെ കഥകൾ ജനം പരസ്പരം പറഞ്ഞു. ചർച്ചകളിൽ കുറച്ചു ദിവസം ബ്രൂണോ തിളങ്ങി നിന്നു. ഇടയിൽ ചിലര് കൈസറിനെയും ഓർത്തു. ക്രമേണ, മറ്റു പുതിയ വിശേഷങ്ങൾ തഴച്ചു വളർന്നതിനിടയിൽവറീതേട്ടനും പട്ടാളക്കഥകളും ഞെരുങ്ങിപ്പോയി.

.................................................................................................................................................................കൈസർ ഫാന്റം, മാണ്ട്രെക് ഒക്കെ പോലെ ഒരു സീരീസാണെത്രേ!  വായിക്കാത്തവർക്ക്‌ ശിക്ഷ താഴെ 


http://animeshxavier.blogspot.in/2011/12/5.html

Monday, May 26, 2014

കാൽപ്പന്തുകളിക്കാലം 1 - കണ്ഫ്യൂഷൻ


എന്റെ ആദ്യ വേൾഡ് കപ്പ്‌ അർമാദക്കാലം. അതായത് 1990.

കളി പാതിരായ്ക്കാണ്. അന്നത്തെ പാതിരായാണ് പാതിരാ! ഇന്നതില്ലേ എന്ന് ചോദിക്കരുത്.. അന്ന്, സന്ധ്യാനാമജപമൊ കുടുംബപ്രാർഥനയോ കഴിഞ്ഞ് കഞ്ഞീം കറിയും കഴിച്ച് റെഡിയോവിലെ  പരിപാടികളും കേട്ട് ആളുകള് ഉറങ്ങും. ഒമ്പത് പത്തു മണി ആവുമ്പൊളെയ്ക്കും പകല് മുഴുവൻ പണിയെടുത്തു വലഞ്ഞു ക്ഷീണിച്ചുറങ്ങുന്നവന്റെ ആത്മഗതങ്ങൾ കയറ്റം കയറി വരുന്ന ലോറിയായും അറക്കമില്ലിലെ വാളായും ഒക്കെ കൂര്ക്കം വലികളുടെ രൂപത്തിൽ അവതരിക്കും. അത്തരം കൂര്ക്കം വലി സിംഫണികളുടെ താളം ഭേദിക്കുന്നത് സെക്കണ്ട് ഷോ കഴിഞ്ഞു മണ്‍ റോഡിലൂടെ വരുന്ന സൈക്കിൾ അഭ്യാസികളുടെ ചെയിൻ കവർ അടിക്കുന്ന 'കട കട' ശബ്ദമാവും.

ഇപ്പോൾ ഞങ്ങളുടെ നാടിന്റെ ഏകദേശരൂപം പിടി കിട്ടിയല്ലോ?

അങ്ങിനെ കളി കാണാൻ പോക്ക് ഒരു ഉത്സവം ആയി നടക്കുന്നു. പന്ത്രണ്ടു മണിയ്ക്ക് എണീറ്റ്‌ ഞാൻ വാതിൽ തുറന്ന് പുറത്തുനിന്നു പൂട്ടി ആലിന്റെ ചുവട്ടിൽ  കാത്തുനില്ക്കുന്ന ചേട്ടന്മാരോട് ചേർന്ന് പ്രദീപേട്ടന്റെ വീട്ടിലേയ്ക്ക് പോകുന്നു. അവിടെയാണ് കളി കാണൽ. നേരത്തെ എത്തിയവരും ഉറങ്ങാതെ കാത്തിരിക്കുന്നവരും നടപ്പുരയിൽ റമ്മി കളിചിരിക്കുകയോ വിളിച്ചു കളിച്ചു കുണ്ക്കുകളാൽ അലങ്കൃതരായി ഇരിക്കുകയോ ചെയ്യുന്നുണ്ടാവും. കളി കാണുന്ന വീട്ടിലെ കുടുംബാംഗങ്ങളും ഫുട്ബോൾ പ്രാന്തുള്ളവരാണ്. അവര് കട്ടനൊക്കെ തിളപ്പിച്ച്‌ വച്ചിട്ടുണ്ടാവും.

"ഡാ, തെണ്ടീ ആവേശം കൂടുമ്പോ വല്ലോന്റെ വീട്ടിലാ ഇരിക്കനത് എന്ന് മറക്കരുത്."

"എന്താ ഉണ്ടായേ?"

"ഇന്നലെ കനീജിയയെ  കാമറൂണ്‍ കാരൻ ഫൌൾ ചെയ്തപ്പോ അവനെ നോക്കി നീ മൈ-- കൊന്നു കളയടാ ആ ശവീനെ എന്ന് വിളിച്ചു  കാറീത്  ഓര്മ്മയുണ്ടോ?"

"ഓ.. ഇതാ ഇപ്പൊ വല്യ കാര്യം. അപ്പൊ അനന്തൻ റഫരീടെ അമ്മയ്ക്ക് വിളിച്ചതോ?"

"എല്ലാം കണക്കാ.. ഒന്ന് കണ്ട്രോൾ ചെയ്യണത് നല്ലതാ."

തുടങ്ങിയ സംഭാഷണങ്ങളാൽ സ്വയം തിരുത്തുന്നതായി ഒക്കെ ഭാവിച്ച് എല്ലാവരും ഡീസന്റാവും. കളി തുടങ്ങുമ്പോൾ അകത്തു കയറി നിലത്ത് കിടന്നും ഇരുന്നും ഒക്കെയാണ് കളി കാണൽ. ഓരോ രാജ്യത്തിന്റെയും ദേശീയഗാനം മുഴങ്ങുമ്പോൾ ചുരുട്ടിപ്പിടിച്ച കൈ നെഞ്ചിൽ  ചേര്ത്ത് ഇഷ്ടതാരങ്ങൾക്കൊപ്പം  ഞങ്ങളും പ്രാർത്ഥിച്ചു. ആവേശത്തിമിർപ്പിൽ മുൻപ് മനസിലെടുത്ത നന്നാവലോക്കെ മറന്നു കളഞ്ഞ് ചിലര് തെറിത്തുമ്പു വരെയെത്തി സ്വയം നിയന്ത്രിച്ചു! ഇടവേള സമയത്ത് വാക് പോരിൽ മുഴുകി. കളി കഴിഞ്ഞ് തിരികെ പോരുമ്പോൾ പിറ്റേന്നത്തെ കളിയുടെ ഫലമെന്താവുമെന്നു പ്രവചനം നടത്തി.

ദിവസങ്ങള് കൊഴിഞ്ഞു വീണു. ഞാൻ സ്ഥിരമായി കൃത്യ സമയത്ത് എണീക്കുകയും മുടങ്ങാതെ ഹാജര് വെക്കുകയും ചെയ്യുന്നതുകൊണ്ട് ചിലരെ വിളിച്ചെണീപ്പിച്ചു കൊണ്ട് പോകുന്ന ജോലി എനിക്ക് കിട്ടി. ഞാൻ അത് സസന്തോഷം ഏറ്റെടുത്തു.എന്റെ വീടിരിക്കുന്ന വഴിയിൽ നിന്ന് ഞാനടക്കം ഏഴു പേരാണ് കാഴ്ച്ചക്കൂട്ടത്തിലുള്ളത്. അതിൽ അവസാനത്തെ വീടാണ് എന്റേത്. ആരെങ്കിലും നേരത്തെ എണീറ്റ്‌ പോയിട്ടുണ്ടെങ്കിൽ എന്റെ വീടിനു മുമ്പിൽ പച്ചില വച്ചിട്ട് പോകും. അതാണ്‌ ഞങ്ങളുടെ ഹാജര് ബുക്ക്‌.

എന്റെ വീടിനു അടുത്തുള്ള ഒരു ചേട്ടൻ ആയിടെയാണ് വിവാഹിതനായത്. ആള് താമസിക്കുന്നത് വീടിനു തൊട്ടടുത്തുള്ള 'ഔട്ട്‌ ഹൗസി'ലാണ്. തൊഴുത്തിനോടും വിരകുപുരയോടും ചേര്ന്നുള്ള ഒരു കൊച്ചു റൂമാണ് മേൽ പറഞ്ഞ വിജ്രംഭിച്ച ഔട്ട്‌ ഹൌസ്!

ഞാൻ ആളുടെ ജനവാതിലിൽ തട്ടി വിളിക്കും. ''ആ.. നടന്നോടാ'' എന്നൊരു മറുപടിയിൽ സംപ്രീതനായി ഞാൻ നടക്കും. അതാണ്‌ പതിവ്. മറ്റുള്ളവർ  മിക്കവാറും എന്റെ റൂമിലെ ലൈറ്റ് കണ്ടു പടിക്കൽ ഹാജര് വച്ച് ആലിന്ചോട്ടിൽ കാത്തിരിപ്പുണ്ടാവും.

അങ്ങിനെയിരിക്കെ ഒരു ദിവസം.. ആലാറം ശബ്ദിച്ചു. ഞാൻ എണീറ്റ്‌ വാതിൽ പൂട്ടി ഇറങ്ങി. ചെറുതായി മഴ പൊടിയുന്നുണ്ട്. എന്റെ പടിക്കൽ മൂന്നിലകൾ കല്ല്‌ കയറ്റി വച്ച നിലയിൽ കാണപ്പെട്ടു. അതായത് മൂന്നു പേർ ഹാജര് വച്ച് പോയിട്ടുണ്ട്. ഞാൻ എന്റെ ഡ്യൂട്ടിയിൽ വ്യാപൃതനായി. നേരെ ചേട്ടന്റെ വീട്ടിലേയ്ക്ക്. ഓടിനിടയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നു. അതായത് ഗെഡി എണീട്ടിട്ടുണ്ട്.

"ചേട്ടാ.."  വിളിയോടെ ഞാൻ ജനലിൽ മുട്ടി.
നോ മറുപടി.
ങ്ങേ.. ഇങ്ങേരു പോയോ? അതോ മിണ്ടാതിരിക്കുന്നതോ.
വീണ്ടും മുട്ട്
നോ രക്ഷ.
വിളിക്കാണ്ട് പോയാൽ പിന്നെ തെറിയായിരിക്കും.
ജനലിൽ ഒന്നമര്ത്തി മുട്ടി വീണ്ടും വിളിച്ചു.
 ഭാഗ്യം, ജനൽ പതിയെ ഇത്തിരി തുറന്നു. ഞാൻ രണ്ടടി പുറകോട്ടു മാറി നിന്നു. ഇനി റൂമിലേയ്ക്ക് എത്തി നോക്കി എന്ന ഫീൽ അങ്ങേർക്കു വേണ്ടല്ലോ. ഇന്നില്ലെന്ന് പറയാനായിരിക്കും. അല്ലെങ്കിൽ "നടന്നോടാ" എന്ന ഡയലോഗല്ലേ പതിവ്.
പക്ഷെ, ഒരനക്കവും ഇല്ല.

അകത്തുനിന്നുള്ള വെളിച്ചം എന്റെ മുഖത്ത്‌ വീഴുന്നുണ്ട്‌.
"ചേട്ടാ, പോരുന്നില്ലേ" എന്ന ചോദ്യവുമായി ഞാൻ ജനലിനടുത്തെയ്ക്ക് നീങ്ങി.
അവിടെ അകത്തു കണ്ട കാഴ്ചയിൽ ഞാൻ സ്ടണ്ടായി.. ഐസായി.. ആസ്ബറ്റൊസായി.. അങ്ങിനെ എന്തൊക്കെയോ ആയി.

ഇത്തിരി പോന്ന ആ റൂമിൽ പരിപൂര്ന്ന നഗ്നരായി ആ ചേട്ടനും ചേച്ചിയും ഉറങ്ങി കിടക്കുന്നു. സുരതത്തിന്റെ ക്ഷീണത്തിലുള്ള ഉറക്കമായിരിക്കും എന്നൊന്നും ചിന്തിക്കാൻ നിന്നില്ല.. ഞെട്ടലിൽനിന്നുനർന്നു ശബ്ദമുണ്ടാക്കാതെ ഞാൻ ഓടി.

റോഡിലെത്തിയപ്പോലാണ് ശാസം നേരെ വീണത്‌. ദൈവമേ, രക്ഷപ്പെട്ടു. ഞാൻ ഒന്നാശ്വസിച്ചു.

എന്ത് സീനാ ഇപ്പൊ തന്നെ കണ്ടത്! പക്ഷെ, അതൊരു പേടിപ്പിക്കുന്ന ദൃശ്യം പോലെ എന്തേ ഫീൽ ചെയ്തതാവോ? ശേ.. മോശമായി..ഞാൻ ചിന്തിച്ചു. ജനൽ തനിയെ തുറന്നതാണെന്ന ചിന്ത ആശ്വാസത്തിന് മേൽ  അതിന്റെ ഞണ്ടുകാലുകൾ വച്ച് ഇറുക്കിയത് പെട്ടെന്നാണ്. ജനൽ തുറന്നു കിടക്കുകയാണല്ലോ എന്ന കാര്യം അടുത്ത ഇടിത്തീയായി തലയിൽ വീണു. അതടച്ചിട്ടു വരാൻ ഞാൻ തിരിഞ്ഞു.

"എങ്ങോട്ടാടാ മണ്ടാ? നീ അവിടെ ഇനി ചെല്ലുമ്പോൾ ആരെങ്കിലും ഉണർന്നാൽ?" മനസിലെ കോർട്ടിൽ വിചാരണ തുടങ്ങി.

"അല്ല എന്നാലും ആരേലും ആ കിടപ്പ് കണ്ടാൽ മോശമല്ലേ?"

"എന്നാ ചെല്ല്. സീനടിക്കാൻ പോയീന്നു നാട്ടുകാരേം അറിയിക്ക്."

"അതിനു ഞാൻ അങ്ങിനെ ഒരു ഉദ്ദേശത്തോടെ അല്ലല്ലോ ..."

"അത് നിനക്കല്ലേ അറിയൂ."

"അതല്ല. ഞാൻ വിളിക്കാൻ ചെന്ന് കാണുമെന്നും തുറന്ന  ജനല് വഴി എല്ലാം കണ്ടു കാണുമെന്നും ആൾ വിചാരിക്കില്ലേ? മാത്രോമല്ല ഞാൻ വിളിച്ചത് അങ്ങേര്ടെ അമ്മയോ അച്ഛനോ ഒക്കെ കേട്ടുകാണില്ലേ?"

"കോപ്പ്.. കൻഫ്യൂഷനിലാക്കല്ലേ .."

അന്ന് കണ്ഫ്യൂഷൻ തീർക്കണമേ എന്ന പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. ഇല്ലെങ്കിൽ ഞാനത് പാടിയേനെ.

"എന്താടാ ഇവിടെ തിരിഞ്ഞു കളിക്കണത്? കളി കാണാൻ വരണില്ലേ? ആ ഇനിപ്പോ ഇല വെയ്ക്കണ്ടല്ലോ ല്ലേ?" ഇരുട്ടില്നിന്നു എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ശബ്ദം അടുത്ത് വന്നു. കുറച്ചപ്പുറത്ത്‌ വീടുള്ള മറ്റൊരു ചേട്ടനാണ്.

"അത്.. ഞാൻ ഇങ്ങേരെ വിളിക്കാൻ... അപ്പൊ അവിടെ ലൈറ്റ് " ഞാൻ വിക്കി.

"പിന്നെ, വിളിചെഴുന്നെൽപ്പിചില്ലെങ്കിൽ അവൻ വരില്ല.
ചെറു മഴയത്ത് കെട്ടിപ്പിടിച്ചു കിടക്കാവും.
ഹൈ .. ലൈറ്റൊക്കെ ഉണ്ടല്ലോ. അപ്പൊ ഗെഡി എണീട്ടിട്ടുണ്ട്. അവൻ വന്നോളും നീ പോരെ."

 ഒരക്ഷരം മിണ്ടാനാവാതെ ഞാൻ അങ്ങേരെ പിന്തുടർന്നു.
കളി തുടങ്ങുന്നതിനു മുമ്പുള്ള ചര്ച്ചകളിലും കളിയിലും ഒന്നും ശ്രദ്ധിക്കാനാവാതെ ഞാൻ വീര്പ്പു മുട്ടി ഇരുന്നു.

ദൈവമേ, ആരും അത് വഴി പോകല്ലേ. അങ്ങേരു ഇടയ്ക്കെപ്പോളെങ്കിലും എണീറ്റ്‌ ആ ജനല്പ്പാളി അടച്ചിടണേ.. എന്നൊക്കെയുള്ള പ്രാർത്ഥനകളായിരുന്നു മനസ്സിൽ.

"ഡാ.. നീയെന്താടാ എന്നെ വിളിക്കാതെ പോന്നത്? "എന്ന ചോദ്യവുമായി ഇടവേളയാകാറായപ്പോൾ നമ്മുടെ സ്വന്തം വീരനായകൻ വന്നു കയറിയപ്പോൾ തോണ്ടി സഹിതം പിടിക്കപ്പെട്ട കള്ളനെപ്പോലെ ഞാൻ ഞാൻ പരുങ്ങി, വിയര്ത്തു.. വിക്കി.

"ഓ.. പിന്നെ, നീ എണീട്ടിരുന്നല്ലോ. റൂമിൽ ലൈറ്റ് കണ്ടപ്പോ, ഞാനാ വിളിക്കെന്ടെന്നു പറഞ്ഞത്." ഹോ ദൈവദൂതൻ സപ്പോര്ട്ടിനെത്തി!

രക്ഷപ്പെട്ടു.
പക്ഷെ, കൊല്ലങ്ങളേറെക്കഴിഞ്ഞിട്ടും പിന്നേം കുറെ ലോകകപ്പുകൾ ഒപ്പമിരുന്നു കളി കണ്ടിട്ടും ഇപ്പോളും ആ ചേട്ടനോ ചേച്ചിയോ മുഖത്ത് നോക്കുമ്പോ എന്തോ ഒരു ജാള്യത.. ഇളിഭ്യത.
3

കാൽപ്പന്തുകളിക്കാലം

 
പന്തുകളിയുടെ താളവും വേഗവും മനസിലെയ്ക്കിരച്ചു കയറിയത് ഹൈസ്കൂൾ കാലത്താണ്. തുണിപ്പന്തു കളിച്ചു കാലുരഞ്ഞു പൊട്ടിയ നീറ്റലുകൾക്ക് മേൽ കളി നന്നായെന്ന കോംപ്ലിമെന്റുകൾ നനുത്ത തൂവല്സ്പർശമായി തലോടിയ കാലം. ബില്ലിയുടെ ബൂട്ടുകളെന്ന ചിത്രകഥയും വിംസിയുടെ റിപ്പോര്ട്ടുകളും സ്വപ്നങ്ങളിൽ നിറഞ്ഞു നിന്ന കാലം. റെഡിയോയിലെ ഫുട്ബോൾ കമന്ടറികളിൽ നിറഞ്ഞിരുന്ന കിഷാനുഡേയും ബികാസ് പാഞ്ചിയും ബാബുമണിയും മാത്രമല്ല ഭാരതത്തിനു പുറത്താണ് ശരിക്കും പന്തുകളിയുള്ളത് എന്ന് മനസിലാക്കിയ കാലം.

86 വേൾഡ് കപ്പ് അര്ജന്റിന നേടുമ്പോൾ ടീവി എന്ന വിശിഷ്ട വസ്തുവിൽ കളി  കാണാനുള്ള ഭാഗ്യം എനിക്കില്ലായിരുന്നു. വായിച്ചു കൂട്ടിയ കായിക കോളങ്ങളിൽ നിന്ന് മറഡോണ ഇറങ്ങി വന്ന് മായിക ചലനങ്ങൾ നടത്തി. സോക്രട്ടീസും മത്തെയൂസും സാങ്കല്പ്പിക ടാക്ളിങ്ങുകൾ നടത്തി. ഗോളെന്നുറച്ച അവസരങ്ങൾ പുംപിഡോ കുത്തിയകറ്റി. കളി കണ്ടു വിശേഷങ്ങൾ പങ്കു വയ്ക്കുന്ന മുതിര്ന്നവരുടെ സംഭാഷണങ്ങൾക്ക് ചെവികൂർപ്പിച്ചു പിടിച്ചെടുത്ത് എന്റെ വക പൊലിപ്പിയ്ക്കലുകൾ നടത്തി കൂട്ടുകാരോട് പങ്കു വച്ചു ഞാൻ മിടുക്കനായി. പിന്നീടെപ്പോളോക്കെയോ ആ കളികൾ റീ ടെലികാസ്റ്റ് ചെയ്തു കണ്ടപ്പോൾ ഞാൻ ഭാവനയിൽ കണ്ട പലതും സത്യം തന്നെ ആയിരുന്നു എന്നറിഞ്ഞ് പുളകിതനായി! അടുത്ത വേൾഡ് കപ്പ്‌ വന്നപ്പോളെയ്ക്കും വീട്ടില് ടി വി വന്നെങ്കിലും സംഘം ചേർന്ന് കളി കാണുന്നതിലെ സന്തോഷം അനുഭവിക്കാൻ കാൽ കിലോമീറ്റർ അകലെ ഉള്ള പ്രദീപേട്ടന്റെ വീട്ടില്, മുതിര്ന്നവരും ചേട്ടന്മാരും ഒക്കെയുള്ള കൂട്ടത്തിൽ ഞാനും അംഗമായി. ചില ദിവസങ്ങളിൽ കൂട്ടം വികസിച്ചു എഴുപതിലധികം ആളുകളായി! ബെറ്റുകളും വാഗ്വാദങ്ങളും നടന്നു. ആവേശത്തള്ളലിൽ നിറഞ്ഞ മനസുമായി ഉറങ്ങാൻ കിടന്നിട്ടുമുറക്കം വരാതെ പാതിരാവിലെ കളിയുടെ നേരം നോക്കിയിരുന്ന ദിനങ്ങൾ.

പിന്നീട് ഓരോ ലോക കപ്പ്‌ കാലത്തും ഇതെല്ലാമാവര്ത്തിച്ചു.സ്ഥലവും ആളുകളും അങ്ങൊട്ടുമിങ്ങൊട്ടുമൊക്കെ മാറിയെന്നു മാത്രം. ഇന്നുമുണ്ടാവേശം. ഒരു കളിയും വിടാതെ കാണാൻ... ഒക്കുമെങ്കിൽ കൂട്ടം കൂടിയിരുന്നു കാണാൻ.

കാഴ്ചക്കാരൻ എന്ന നിലയിൽ ഇതുവരെയുള്ള എന്റെ ലോക കപ്പ്‌ എക്സ്പീരിയന്സിലെ ചില അനുഭവങ്ങളാണ് കാല്പ്പന്തുകളിക്കാലം എന്ന സീരീസിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. മിക്കതും തമാശകൾ - നാട്ടിന്പുറത്തിന്റെ നന്മ മേമ്പൊടി ചേർത്തവ. 

Friday, May 23, 2014

ആസ്വാദകന്‍.

തൊണ്ണൂറുകളുടെ പകുതി..

സിനിമ, സംഗീതം, നാടകം, ബാലെ എന്ന് വേണ്ട മാര്‍ഗ്ഗം കളിയുടെയും ദര്ഫ്മുട്ടിന്റെയും വരെ ഒരു അവലോകന കേന്ദ്രമായിരുന്നു
സുരേഷ് ഹോട്ടല്‍.
നാട്ടിന്‍ പുറത്തെ കലാ സാംസ്കാരിക ചര്‍ച്ചകള്‍ നടക്കുന്ന ഒരിടം.

ഒരു സാധാരണ ദിവസം..
കുഞ്ഞുണ്ണിയേട്ടന്‍ ചായ കുടിക്കാന്‍ വന്നു.
മുട്ടെത്തുന്ന ജബ, വെള്ള മുണ്ട്, നീണ്ടു കിടക്കുന്ന ചുരുളന്‍ മുടി.
കയ്യില്‍ ഒരു ഡയറി, പോക്കറ്റില്‍ പേനയും കാജാ ബീഡിയും.
നാടകം, എഴുത്ത് തുടങ്ങിയ അസ്കിതകള്‍ ഉള്ള ആളാണ്‌.
അകത്തു കയറിയപ്പോള്‍ തരംഗിണിയുടെ വസന്തഗീതങ്ങള്‍ ചായയടിക്കുന്ന ശബ്ദത്തിനൊപ്പം ഒഴുകി വരുന്നു.

'ആഹ..' കുഞ്ഞുണ്ണിയേട്ടന്‍ ആത്മഗതം പറഞ്ഞു.

"സുരേഷേ, ഒരു ലൈറ്റ് ചായ, ഒരു പരിപ്പുവട." ഓര്‍ഡര്‍ വന്നു.

കടയില്‍ അവിടവിടെയായിരിക്കുന്നവര്‍ ആളെ ഒന്ന് നോക്കി, 

"ദേദണ്ടാ ഈ അവതാരം?" എന്ന് ചോദിച്ച ഒരു ആളോട് 
"അറീല്ലെ, മ്മടെ, സുകുമാരന്റെ അനിയന്‍. 
...ഹ.. കുന്നിലെ, 
പാട്ടുകാരന്‍ സുകുമാരന്ട്യേയ്...
ഇപ്പൊ, സിനിമക്ക് കഥ എഴുതാ."
എന്ന് മറുപടി വന്നു.

"അമ്പോ.. ആള് നിസ്സാരകാരനല്ലാ ല്ലേ?"

ഇതൊക്കെ കേള്‍ക്കാത്ത ഭാവത്തില്‍ കുഞ്ഞുണ്ണിയേട്ടന്‍ ഇരുന്നു.
ദാസേട്ടന്റെ ശബ്ദം 'മാമാങ്ക'മായി ഒഴുകി വന്നു.
പാട്ടിനനുസരിച്ച് ഗ്ലാസ്സുകൊണ്ട് മേശമേല്‍ വട്ടം ചുറ്റിച്ചും വരികള്‍ക്കിടയില്‍ മുസിക് വരുമ്പോള്‍ പരിപ്പുവട കഷണം കഷണമായി അതിനു വേദനയുണ്ടാക്കാത്ത്ത വിധത്തില്‍ തിന്നുകൊണ്ടും ഇടയ്ക്ക് കൈകൊണ്ടു വായുവില്‍ പാട്ടിനനുസരിച്ച് പടം വരച്ചും ആള് ഒരു താരമായി മാറി.

ചുറ്റുമിരുന്നവര്‍ പിറ് പിറ് സംസാരം നിറുത്തി.
പാട്ടും കുഞ്ഞുണ്ണിയുടെ മുഖത്ത് തെളിയുന്ന ഭാവങ്ങളും ആസ്വാദനത്തിന്റെ പുതിയ ശൈലിയും ചുറ്റും കൂടിയിരുന്നവര്‍ അന്തം വിട്ട് കണ്ടിരുന്നു..

".. തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ, ഇന്നെന്റെ ചിന്തയ്ക്കരങ്ങേറുവാന്‍.. " എന്ന വരിയെത്തിയപ്പോള്‍ അല്‍പ്പം ഉറക്കെത്തന്നെ കുഞ്ഞുണ്ണിയെട്ടന്‍ പറഞ്ഞു..

"അവിടെ ദാസ് കളഞ്ഞു."

കാഴ്ചക്കാര്‍ ഒരു നിമിഷം പരസ്പരം നോക്കി..പിന്നെ, 
ഛെ, എന്ന ഭാവത്തിലിരിക്കുന്ന പുത്തന്‍ ആസ്വാദക നികുന്ജത്തെ നോക്കി.. 
എന്നിട്ട് കോറസ്സായി പറഞ്ഞു..അല്ല അലറി..

"പ് ഫാ...
ഇറങ്ങി പോടാ"

Friday, April 11, 2014

ചരമ പേജ്

ഫ്ളൈ ഓവറിന് ഇടതു വശത്തെ റോഡിലൂടെ ട്രാൻസ്പോർട്ട് സ്ടാണ്ടിലേയ്ക്കുള്ള വഴിയിലേയ്ക്ക് ബസ് കയറുമ്പോൾ സീറ്റിൽനിന്നു എണീറ്റു. ഇറങ്ങാനായി വാതില്ക്കലെയ്ക്ക് നടക്കുമ്പോൾ വാച്ചിൽ വീണ്ടും നോക്കി.

മൂന്നര.. നേരം വെളുക്കാൻ ഇനീം എത്ര നേരം..

'എന്തൊരു കത്തിക്കലാണപ്പാ. ഇങ്ങേർക്ക് ഇത്തിരി പതുക്കെ ഓടിച്ചൂടെ? '
പതിനഞ്ചു മിനിട്ടെങ്കിലും നേരത്തെ എത്തിച്ച് , എങ്ങനിണ്ട് എന്റെ പെട? എന്ന ഭാവത്തിലിരിക്കുന്ന 'ഫോർമുല വണ്‍' ഡ്രൈവറോട് അയാള് കേള്ക്കാതെ ഒരു ചോദ്യം ചോദിച്ചു.

വാതിൽ തുറന്നു, ഇറങ്ങി. വേറാരും  ഇറങ്ങാനും കയറാനും ഇല്ല.

'ഇങ്ങേർക്കിറങ്ങാൻ വേണ്ടി മാത്രാ ഞാനീ കിടുത്താപ്പിലെയ്ക്ക് വന്നത്' എന്ന ഭാവത്തിൽ വാതില്ക്കലെയ്ക്ക് നോക്കിയ ഡ്രൈവറുടെ മുഖത്തേയ്ക്ക് വാതിൽ കൊട്ടിയടച്ച് വെയ്റ്റിംഗ് റൂമിലേയ്ക്ക് നടക്കുമ്പോൾ ബസ് പുറകിൽ ഒരു ഹോണ്‍ മുഴക്കി. 
മനസിലായി.
അങ്ങേരുടെ വക തെറിയാണ്! വാതിൽ കനത്തിലടച്ചതിന്റെ മറുപടി.

ഈ നേരത്ത് സാധാരണ ഇവിടെ എത്തുക പതിവുള്ളതല്ല. ഇതിപ്പോ രണ്ട്  മണിക്കൂറോളം ബസിന് വേണ്ടി കാത്തിരിക്കണം. 'ഹൈവേ സൈഡിലൊക്കെ വീടുള്ള ദുഷ്ടന്മാരെ, നിങ്ങളുടെ ഭാഗ്യം. നമുക്ക് രക്ഷയില്ലല്ലോ. അഥവാ കണ്ടക്ടരുടെ കാലുപിടിച്ചു ബെല്ലടിപ്പിച്ചു വീടിനു നാലഞ്ചു കിലോമീറ്റർ ഇപ്പുറത്തുള്ള ജങ്ങ്ഷനിലെ സ്റ്റോപ്പിൽ ചെന്നിറങ്ങിയാലും വഴിക്കാര്യോം വാടകേം പറഞ്ഞ് ഓട്ടോക്കാരോട് തല്ലുകൂടാൻ നിക്കണം. അല്ല.. അവരെ പറഞ്ഞിട്ട് കാര്യമില്ല, അത്ര നല്ല റോഡാണല്ലോ!' ആത്മഗതങ്ങളുടെ വേലിയേറ്റം ബാക്പാക്കിലാക്കി വെയ്റ്റിംഗ് ഏരിയയിലെ സീറ്റിൽ നിക്ഷേപിച്ചു.

വെയ്റ്റിംഗ് റൂമെന്ന് ബോർഡുണ്ടെങ്കിലും അവിടെ കാത്തിരിപ്പുകാർ കാര്യമായി ആരുമില്ല. എപ്പോഴോ വന്നിറങ്ങിയ കുറച്ചു ബംഗാളികൾ നിലത്ത് ചുരുണ്ട് കിടപ്പുണ്ട്. അവരുടെ കെട്ടും ഭാണ്ഡവും മുന്നില് നിരന്നിരിക്കുന്നു. ആദ്യത്തെ ബസിനു വേണ്ടിയുള്ള കാത്തു കിടപ്പായിരിക്കും. പിന്നെ രണ്ടു മൂന്നു പേര് അവിടവിടെ ഇരിപ്പുണ്ട്. ഇരിപ്പിടങ്ങളോടു ചേർന്ന് പുറത്തേയ്ക്ക് തുറക്കുന്ന  ചെറിയ കടയുടെ മുന്നിലും സൈഡിലുമായി  കുറച്ചു പേര് ചായകുടിയും വര്ത്തമാനവും ആയി നില്പ്പുണ്ട്. ഇരിക്കാനാഞ്ഞ സീറ്റിനടിയിൽ എന്തോ അനക്കം കണ്ടു ഞെട്ടിയപ്പോൾ, 'ഉറങ്ങാനും സമ്മതിക്കൂല്ലടെയ്' എന്ന മുഖഭാവവുമായി ഒരു പട്ടി എണീറ്റ്‌ നടന്നു. ചുറ്റും നോക്കി, ഞെട്ടൽ ആരും കണ്ടിട്ടില്ല... സമാധാനം ! 

സെക്കണ്ട് ഷോയ്ക്ക് കയറുന്നതിനു മുൻപ് കഴിച്ച ടൂബോര്ഗിന്റെ തണുപ്പ് ഇരട്ടി ഉഷ്ണമായി ഷര്ട്ടിനെ നനയ്ക്കുന്നതും അതുണ്ടാക്കുന്ന അസ്വസ്ഥത സഹിയ്ക്കാവുന്നതിനുമപ്പുറത്തെയ്ക്കു വളരുന്നതും കുറയ്ക്കാൻ തണുത്തൊരു നാരങ്ങാസോഡാ കഴിച്ചാലോ എന്ന ആലോചനയിൽ എണീറ്റ്‌ കടയിലേയ്ക്ക് നടന്നു. 

"നാരങ്ങ ഇല്ല ഭായീ.. മാത്രല്ല, സോഡ തണുപ്പുമില്ല."

കോപ്പ്.. 
അതും പൊളിഞ്ഞു. ഇന്ന് മൊത്തം കാൽക്കുലേഷൻ മിസ്സിങ്ങായിരുന്നു. വീക്കെൻഡിൽ സാധാരണ പണി കുറവുള്ളതാ. ഇന്നാണേൽ ഒടുക്കത്തെ പണി. ഒരു തരത്തിൽ ജോലി കഴിഞ്ഞിറങ്ങി റിയയെ മീറ്റ് ചെയ്യാനുള്ള ഓട്ടം ഓടിയത് വെറുതെയായി. പത്തു മിനിട്ട് കാത്തു നിക്കാൻ ആ വെടക്കിനു പറ്റിയില്ല. ആകെ ആശ്വാസം ചുരുങ്ങിയത് ഒരിരുന്നൂറ്റമ്പതു രൂപ ലാഭം എന്നത്  മാത്രം! പിന്നെ രമേഷിനെ കാണാൻ ഒരു മണിക്കൂർ വെയ്റ്റ് ചെയ്തു. അവനാണെങ്കിൽ വന്നതു തന്നെ നാട്ടീ പോകാനുള്ള ട്രെയിൻ ടിക്കറ്റും പൊക്കിപ്പിടിച്ച്. അവന്റെ തല തിന്നാം എന്ന വ്യാമോഹം അതോടെ അസ്തമിച്ചു. അവസാനം തട്ട് കടേന്ന്  ഒരു കൂതറ ഭക്ഷണവും കഴിച്ച്, സീലോർഡീന്ന് രണ്ടു ടൂബോര്ഗും കഴിച്ച് സിനിമയ്ക്ക് കേറുമ്പോൾ ഭയങ്കര പ്ളാനിങ്ങായിരുന്നു. സിനിമ കഴിയുമ്പോൾ പന്ത്രണ്ടര. പതിയെ നടന്ന് ബസ് കിട്ടുമ്പോൾ ഒരു മണി. നാല് - നാലര മണിക്കൂർ  ബസിൽ. സ്ടാണ്ടിൽനിന്ന് ഒരു ചായ അടിച്ച് അഞ്ചെമുക്കാലിന്റെ ബസിൽ നാട്ടിലേയ്ക്ക്. ആഹ ഹ..

എവിടെ.. 
സിനിമയുടെ നീളം ഒന്നേമുക്കാൽ മണിക്കൂർ, പുറപ്പെടാൻ തയ്യാറായി നിന്ന ബസ്, ഡ്രൈവറുടെ ഫോര്മുല വണ്‍ ഡ്രൈവിംഗ്.. മൂന്നേമുക്കാലിനു ദേ. ദിവിടെ! 


സീറ്റിൽ തന്നെ പോയിരുന്നു. മൊബൈലെടുത്തു. ഹോ.. ബാറ്ററി ചുവന്നു കത്തുന്നു. എന്തൊരു കഷ്ടമാണപ്പാ. വിഗ്ഗ് വയ്ക്കാൻ മറന്ന തലേൽ കാക്ക തൂറി എന്ന് ആരോ പറഞ്ഞ പോലെ ആയി. സമയം പോകാൻ ഇനി എന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിലിരിക്കുമ്പോളാണ് സ്ടാന്റിലേയ്ക്ക് ഒരു പിക് അപ് കയറി വന്നത്. കടയുടെ മുമ്പിൽ അത് നിർത്തി. എവിടെനിന്നോ മൂന്നുനാലുപേർ വണ്ടിക്കു ചുറ്റും പ്രത്യക്ഷപ്പെട്ടതും ഡ്രൈവർ ഇറങ്ങി, പുറകുഭാഗം തുറക്കുന്നതും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കെ മനസ്സിൽ പെട്ടെന്നിടിവെട്ടി മഴ പെയ്തു. കാരണം ഇറക്കിയ കെട്ടുകൾ പത്രങ്ങളായിരുന്നു. സമയം തള്ളി നീക്കാൻ ദൈവം തരുന്ന മാര്ഗ്ഗം. സന്തോഷമായി.
കെട്ട് പൊട്ടിച്ചു തരം തിരിക്കുന്നതിനു മുൻപേ, പത്രം വാങ്ങാൻ ആക്രാന്തം കാട്ടിയ എന്നെ കണ്ണുരുട്ടി നോക്കിയെങ്കിലും കടക്കാരന്റെ കയ്യീന്ന് പത്രം കിട്ടി. ഇതിനാണ്  ചൂടോടെ വാർത്ത വായിക്കുക എന്ന് പറയുന്നത് എന്ന ഭാവത്തിൽ പത്രം നിവർത്തി. നേരെ പുറകിലെ പേജിലേയ്ക്ക്. അവിടെനിന്നാണ് വായന ആരംഭിക്കുന്നത്. പരസ്യം, സിനിമ, സ്പോര്ട്സ്... പിന്നെ മുൻ പേജിലേയ്ക്ക് അതാണ്‌ ക്രമം. 

സ്പോര്ട്സ് പേജിലെ 'എൽ - ക്ളാസികോ' റിപ്പോര്ട്ടിൽ മുഴുകിയിരിക്കുമ്പോൾ എന്തോ മനസ് അസ്വസ്ഥമാകുന്ന പോലെ. എന്തോ സംഭവിക്കാൻ പോകുന്ന പോലുള്ള ഒരു ഫീലിംഗ്. ചുറ്റും ഒന്ന് നോക്കി. തൊട്ട്‌ പുറകിലത്തെ വരിയിൽ ഇങ്ങോട്ട് തന്നെ ശ്രദ്ധിച്ചുകൊണ്ട് ഒരു പരിചിത രൂപം - ശാരദാമ്മ. ഇങ്ങോട്ട് തന്നെ ആണ് നോട്ടം. അലക്ഷ്യമായൊരു ഭാവം സ്വന്തം നോട്ടത്തിന് കൊടുത്ത് അവരെ കാണാത്ത ഭാവത്തിൽ മുഖം വീണ്ടും പത്രത്തിൽ പൂഴ്ത്തി.

'ഓ.. ഈ കുരിശു് ഇവിടെ ഉണ്ടാര്ന്നോ? ഇത്രേം നേരം കണ്ടില്ലല്ലോ.
പണ്ടാരമടങ്ങാനായിട്ട്, ഏതേലും അമ്പലത്ത്തിലെയ്ക്കുള്ള എഴുന്നള്ളത്തായിരിക്കും.
എവിടെ പോയാലും ഏതേലും ഇത്തിക്കണ്ണി എന്റെ മേല് കയറുന്നത് എന്തിനാണാവോ.'

വീണ്ടും ഒന്ന് പാളി നോക്കി. ഇങ്ങോട്ട് തന്നെ നോക്കിയിരിപ്പുണ്ട്‌.
'പൂതന. ഇതെന്തൂട്ട് സാധനമാണപ്പാ.' 

പുതിയ വീടു വാങ്ങി താമസമാക്കാൻ വന്നപ്പോൾ അഞ്ചാം ക്ളാസിലായിരുന്നു എന്നാണു ഓർമ്മ, സ്കൂൾ വിട്ടു വരുമ്പോൾ വെള്ളം കുറഞ്ഞ കനാലീന്ന് മീൻ പിടിച്ച വിശേഷം വീട്ടിലവതരിപ്പിച്ച് അടി വാങ്ങിത്തന്നു കൊണ്ടായിരുന്നു ശാരദാമ്മ ജീവിതത്തിലേയ്ക്ക് കയറി വന്നത്. അന്നവര്ക്ക് അമ്പതിനടുത്ത് പ്രായം കാണും. ഭര്ത്താവ് നേരത്തെ മരിച്ചു പോയി, ഒരു മകനുണ്ട്, അത് തന്നെ കുറെ വൈകി ഉണ്ടായതാണ്, ഐ ടി ഐ യിലോ മറ്റോ പഠിക്കുന്നു, കുറച്ചു പറമ്പുണ്ട്. അവിടെ അല്ലറ ചില്ലറ കൃഷിയും ഭര്ത്താവിന്റെ പെന്ഷനും ഒക്കെ ആയി ജീവിക്കുന്നു എന്നെല്ലാം ക്രമേണ അറിഞ്ഞു. ലോകകാര്യങ്ങൾ മുഴുവൻ അന്വേഷിക്കലും അമ്പലം നിരങ്ങലും ഏഷണി കേറ്റലുമാണ് മെയിൻ ഹോബി. 'നിന്റെ ലോക്കൽ ഗാർഡിയൻ ഞാനാ' എന്ന മട്ടിലായിരുന്നു എന്നോടുള്ള പെരുമാറ്റം. അവരുടെ വാക്ക് കേട്ട് തുള്ളാൻ അച്ഛനും അമ്മയും. 

ചൂരലിന്റെ അടയാളങ്ങൾ ചുവപ്പ് വീഴ്ത്തിയ എത്രയെത്ര സന്ദർഭങ്ങളാണ് അവരെനിക്കു സമ്മാനിച്ചിട്ടുള്ളത്! പാടത്ത് പന്ത് കളിക്കാൻ പോയതിന്, കുട്ടപ്പേട്ടന്റെ കൊക്കരണിയിൽ നീന്തൽ പഠിക്കാൻ പോയതിന്, കശുവണ്ടി കൊടുത്തു ഐസ് ഫ്രൂട്ട് വാങ്ങിയതിന്, പ്രദീപും മുരളിയുമായി കൂട്ട് കൂടിയതിന്, സാവിത്ര്യേച്ചീടെ കടയില്നിന്നു പൊറോട്ടയും ചാറും വാങ്ങിയതിന്... എന്തിന്, പത്തു കഴിഞ്ഞ് ഒരു ദിവസം ഉണ്ണിമോൻ ചേട്ടന്റെ കയ്യീന്ന് ഒരു ബീഡി അടിച്ചു മാറ്റി വലിച്ചത് വരെ കൃത്യമായി അവരുടെ മുന്നില് പെട്ടു. മിക്കവാറും പൂശു കിട്ടുന്നത് ശാരദാമ്മയുടെ മുന്നില് വച്ച് തന്നെയാവും. അവർ അത് ആസ്വദിച്ചു ചിരിക്കും.തോട്ടിനപ്പുറത്തെ ശിവരാമേട്ടന്റെ മോള് ചിത്രയുമായി സംസാരിച്ചു നില്ക്കുന്ന വിവരം വീട്ടിൽ അറിയിച്ചു ഭൂകമ്പമുണ്ടാക്കിയത് പ്ലസ് റ്റു കഴിഞ്ഞ സമയത്താണ്. അപ്പോഴേയ്ക്കും അടി നിർത്തി 'നിന്നെയൊക്കെ തല്ലീട്ടു നേരെയാവുന്ന കാലം കഴിഞ്ഞു' എന്ന അവസ്ഥയിലേയ്ക്ക് അച്ഛൻ എത്തിയിരുന്നു. അമ്മ പിന്നെ പണ്ടേ, പതം പറച്ചിലും കരച്ചിലും ആയിരുന്നു. അതിന്റെ അളവ് കൂട്ടി എന്ന് മാത്രം.

പക്ഷെ, ആ സംഭവത്തോടെ ശാരദാമ്മയെ ലൈഫീന്നു ഒഴിവാക്കി.
നേരെ അവരുടെ വീട്ടീ ചെന്നു.

"എന്താ മോനെ? വാ ഇരിക്ക്." ചിരി, ആതിഥേയ മര്യാദ 
"മോനോ? ആരുടെ മോൻ? ഞാനിരിക്കാൻ വന്നതല്ല."
"എന്തേ, ചൂടായിട്ട് ?"
"ആ.. ചൂടായിട്ടു തന്ന്യാ. നിങ്ങളേയ്  ഇനി മേലാൽ എന്റെ കാര്യം അന്വേഷിക്കരുത്. ഇത്രത്തോളം മതി."
"എന്താണാവോ? കൊച്ചു കുഞ്ഞായിരിക്കുമ്പൊ മുതൽ നിന്നെ കണ്ടു തുടങ്ങീതല്ലേ. ഇങ്ങന്യോന്നും മോൻ സംസാരിക്കണത് കേട്ടിട്ടില്ലല്ലോ."
"ഹും. എന്നേ സംസാരിക്കെണ്ടാതായിരുന്നു. നിങ്ങളാരാ എന്റെ കാര്യം അന്വേഷിക്കാൻ. നിങ്ങള്ക്ക് വേറെ ഒരു പണീമില്ലേ? അവനവന്റെ കാര്യം അന്വേഷിച്ചാ പോരെ?"
"എന്താ പ്പോ പ്രശ്നം."
"നിങ്ങളെന്റെ പുറകീന്ന് മാറില്ലേ? എവിടേയ്ക്ക് തിരിഞ്ഞാലും നിങ്ങളെ പേടിച്ചു നടക്കണല്ലോ."
"അതിപ്പോ.... പരിചയമുള്ള കുട്ട്യല്ലേ, വഴി പിഴച്ചു പോവണ്ടല്ലോ എന്ന് കരുതിയല്ലെ, ശാരദാമ്മ ഓരോ കാര്യങ്ങള് പറഞ്ഞു തന്നിട്ടുള്ളത്."
"നിങ്ങളാദ്യം നിങ്ങടെ മോനെ നന്നാക്ക്. വേറെ ജാതീന്നു പെണ്ണും കെട്ടി, അതിനെ ഉപേക്ഷിച്ച് കള്ളും കഞ്ചാവുമായി കാനേൽ കെടക്കണില്ലേ? അങ്ങേരെ ഉപദേശിച്ചു നേര്യാക്ക്.. എന്നിട്ട് മതി നാട്ടുകാർടെ പിള്ളേരെ നന്നാക്കൽ. ലോകം നന്നാക്കാൻ ഇറങ്ങിയിരിക്കുന്ന ഒരു മഹതി."

അവരുടെ വാക്കുകൾ പെട്ടെന്ന് നിന്നു. കണ്ണുകൾ നിറഞ്ഞു. 

അവിടെനിന്നു ഇറങ്ങി പോരുമ്പോൾ അതിന്റെ പേരിൽ മറ്റൊരു ഭൂകമ്പം പ്രതീക്ഷിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. അതോടെ തലയ്ക്കു മുകളിൽ തൂങ്ങിയിരുന്ന ശാരദാമ്മ എന്ന വാൾ മാറിക്കിട്ടി.പിന്നെ, ഒറ്റിക്കൊടുക്കലുകൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ഇടയ്ക്കാലോചിക്കുമ്പൊൾ അവർ പറഞ്ഞതെല്ലാം നല്ലതിനായിരുന്നില്ലേ, എന്ന ചിന്ത തോന്നായ്കയില്ല. എന്നാലും ആ സംഭവത്തോടെ ശാരദാമ്മയെ ബുക്കീന്ന് വെട്ടിക്കളഞ്ഞു.

എങ്കിലും. "ഇപ്പൊ എവിട്യാ ജോലി? ശമ്പളം എത്ര കാണും? താമസം എവിടെ? ഭക്ഷണം ആരാ ഉണ്ടാക്കി കൊടുക്കുന്നെ? " തുടങ്ങിയ ചോദ്യങ്ങളും "ബൈക്കിനു സ്പീഡു കൂടുതലാ, മൊബൈലിൽ സംസാരിച്ച് വണ്ടി ഓടിക്കുന്നു" എന്നീ പരാതികളും "എല്ലാ നേരവും കമ്പ്യൂട്ടറിന് മുന്നില് ഇരുന്നാൽ കണ്ണ് കേടാവും" തുടങ്ങിയ സാരോപദേശങ്ങളും വിളമ്പാൻ അമ്മയുടെ അടുത്ത് വരുന്നത് കാണാം. മൈൻഡ് ചെയ്യാറില്ല. ഇപ്പൊ പ്രായം കൂടി. അസുഖങ്ങൾ ധാരാളം. വിവിധ അമ്പലങ്ങൾ ചുറ്റാൻ നടക്കലാണ് പരിപാടി എന്ന് പറഞ്ഞു കേട്ടിരുന്നു. അങ്ങനെ വല്ല യാത്രയിലുമായിരിക്കും.

ഒന്നുകൂടെ നോക്കി.
നോട്ടം ഇങ്ങോട്ട് തന്നെ. എന്തോ പറയാനുള്ള വ്യഗ്രത മുഖത്ത് കാണാം.
'എന്തേ' എന്നൊരു ചോദ്യം പുരികം കൊണ്ടെറിഞ്ഞു.

"പേപ്പറ് .."

കോപ്പ്, പിന്നേം ശല്യമാണല്ലോ. ഒരാള് വായിക്കുന്നത് കണ്ടൂടെ. കഷണം കഷണമാക്കി പലര്ക്കു വീതിച്ചു കൊടുത്തു വായിക്കുന്ന ഒരു രീതി പണ്ടേ ഇഷ്ടമല്ല. ഇപ്പൊ ഇതീന്ന് കിട്ടണം. ഇവർ എന്നും നമുക്കൊരു ശല്യമാണല്ലോ, ഈശ്വരാ. എന്നൊക്കെ ചിന്തിച്ചെങ്കിലും പത്രത്തിന്റെ ഔട്ടർ പേജുകൾ മാറ്റിയെടുത്ത് യാന്ത്രികമായി അവര്ക്ക് നീട്ടി. 

മുഖത്തൊരു തെളിച്ചമില്ലല്ലോ.
മുഴുവനും വേണായിരിക്കും. ഓ. ശല്യം.

"ഇത് മൊത്തം വേണോ? " ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"വേണ്ട, ചരമ പേജു് .."

ഓ. ഇത് ഒരു പ്രായമാവുമ്പോൾ എല്ലാവര്ക്കും ഉണ്ടാവുന്ന സൂക്കേടാണെന്നു തോന്നുന്നു. അച്ഛനും അമ്മയും ഇപ്പൊ ചരമപെജു് അരിച്ചു പെറുക്കൽ തുടങ്ങീട്ടുണ്ട്.

കൊടുത്തു, ഇനി അതിന്റെ കുറവ് വേണ്ട. മുമ്പ് കൊടുത്ത പേജു് തിരികെ കിട്ടി.
ഇടയ്ക്കൊന്നുകൂടി നോക്കിയപ്പോൾ ചരമ വാർത്തകൾ കാര്യമായി ശ്രദ്ധിക്കുന്നതും മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി മറിയുന്നതും കണ്ടു.

ചില ബസുകൾ വന്നു പോയി. ആളുകള് കൂടിക്കൂടി വന്നു. ബംഗാളികൾ എണീറ്റു. 
വായനയുടെ ഇടയിൽ എപ്പോഴോ ഉറങ്ങിപ്പോയി. ഞെട്ടിയെണീറ്റു വാച്ചിൽ നോക്കിയപ്പോൾ അഞ്ചര. സീറ്റിൽ ശാരദാമ്മ ഇല്ല. പത്രത്തിന്റെ പേജ് അവിടെ തന്നെ ഉണ്ട്.

'ങേ. പോയോ?'
മൊത്തം ഒന്ന് നോക്കി. ആളെ കാണാനില്ല.
മുമ്പ് വന്ന വല്ല ബസുകളിലും കയറി പോയി കാണും. എന്നാലും ഒരു സാധനം വാങ്ങിച്ചാ തിരിച്ചു തന്നൂടെ. ആ.. പോട്ട്. ആള് പോയല്ലോ. സമാധാനം.

പത്രം മടക്കി ബാഗിൽ തിരുകി ഒരു ചായ കുടിച്ചു.
കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും ഒന്ന് നടന്നു. ഉഷാറായി.
ബസ് ബോര്ഡ് വച്ചു. കയറിയിരുന്ന് വീണ്ടും ഒരു നോട്ടം കൂടെ നടത്തി.

നോ ശാരദാമ്മ!

വീട്ടില് ചെന്ന് കയറുമ്പോൾ ആറര.
"എന്താടാ ഇത്രേം വൈക്യേ?"
"ഞാൻ വൈകുംന്നു പറഞ്ഞിരുന്നില്ലേ?"
"ഉവ്വ.. ന്നാലും ഞാൻ കരുതി മൂന്നു മൂന്നര ആവുമ്പൊളേയ്ക്കും എത്തുംന്ന്."
"വേണേൽ എത്താർന്നു. അച്ഛന്റേം അമ്മേടേം ഉറക്കം കളയേണ്ടന്നു കരുതി."
"ഉറക്കം അല്ലേലും ഉണ്ടാര്ന്നില്ല. അച്ഛൻ ദാ വന്നു കയറിയേ ഉള്ളൂ."
"എന്ത് പറ്റി?"
"മ്മടെ ശാരദാമ്മ മരിച്ചു. ഇന്നലെ വൈകീട്ട് ഒരു എട്ടുമണി ആയിക്കാണും. രാത്രി മുഴുവൻ അച്ഛൻ അവിട്യാർന്നു."
"ആര്?"
"ശാരദാമ്മ. നമ്മടെ വാര്യത്തെ ശാരദാമ്മന്നെ."

കിടുങ്ങിപ്പോയി. ഒരു വിറയൽ ശരീരത്തിലൂടെ കടന്നു പോയി. വിയർത്തു. വിറയ്ക്കുന്ന കൈകൾ  കൊണ്ട് പത്രം തുറന്നു ചരമ പേജ് എടുത്തു.
കണ്ണിൽ ഇരുട്ട് കയറുന്നതിനിടയിൽ മൂന്നാമത്തെ കോളത്തിൽ കണ്ടു.

പടമടക്കം... 
ശാരദ വാരസ്യാർ (67)


Wednesday, March 5, 2014

മുടിയഴിയ്ക്കാത്ത തെയ്യം

2014 ഫെബ്രുവരി ഇരുപത്തേഴ്
രാത്രി പതിനൊന്നു കഴിഞ്ഞു.
കുളി കഴിഞ്ഞ് ഡ്രെസ് വലിച്ചു കയറ്റുന്നതിനിടയിൽ ഫോണ്‍ കരഞ്ഞു.

"ചേട്ടാ.. വീട്ടീന്ന് ഇറങ്ങിയോ?"
"ഇറങ്ങാൻ പോകുന്നു. എന്തെ?"
"സെക്കണ്ട് ഷോ പതിനോന്നായപ്പോഴെയ്ക്കും കഴിഞ്ഞു എന്ന് പറഞ്ഞ് ജോ, റെയിൽ വേ സ്റെഷനിൽ ഇരിപ്പുണ്ട്. ഒന്ന് വേഗം ചെല്ലാമോ? ഞങ്ങൾ പോന്നിട്ടില്ല. ട്രെയിൻ ഇത്തിരി ലേറ്റാണ്‌ എന്ന് പറയുന്നുണ്ട്."
"ഓക്കേ. ഞാൻ വേഗം പോവാം."

മത്തായിയാണ്. തെയ്യം കാണാൻ കണ്ണൂര് പോകുന്ന കൊച്ചി ടീമിന്റെ ബാക്ക് ബോണ്‍! ജോ തൃശൂര് നേരത്തെ എത്തിയിരുന്നു. സെക്കന്ഡ് കണ്ട് ഇറങ്ങി ഭക്ഷണം കഴിക്കുമ്പോളെയ്ക്കും ഞാൻ അവനൊപ്പം ചേരാം എന്നായിരുന്നു ധാരണ. അതാണ്‌ പൊളിഞ്ഞത് . അവനു വല്ല തമിഴ് പടവും കാണാര്ന്നില്ലേ ആവോ.

അര മണിക്കൂറുകൊണ്ട് തൃശൂര് എത്തി.വെറുതേ റെയിൽവേ പോലീസിനു പണി കൊടുക്കാതിരിക്കാൻ രണ്ടു പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തു. ജോയെ മീറ്റ് ചെയ്തു രണ്ടാം നമ്പര് പ്ളാറ്റ്ഫൊമിലേയ്ക്കു നീങ്ങവേ സ്റ്റേഷനിലെ കൂറ്റൻ അക്വോറിയത്തിലെ അരോണ മത്സ്യത്തിന് മുന്നില് കുറച്ചു സമയം നിന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഇനം. എന്നെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവൻ. ചൈനീസ് മിത്തുകളിലെ സ്വന്തം കഥാപാത്രം. കൊടുത്തു അവനെക്കുറിച്ചു വലിയൊരു കത്തി ജോയുടെ പള്ളയ്ക്ക് ! പാവം ജോ.

രണ്ടാം നമ്പര് പ്ളാറ്റ്ഫോമിൽ ഞങ്ങളെ പൊക്കിയെടുത്ത് കണ്ണൂരെത്തിയ്ക്കാനുള്ള കൊട്ടെഷനുമായി തുരുതുരാ ആക്രമണം. വ്യോമഗതാഗതം സേഫല്ല എന്ന് ഉറപ്പിച്ച് ഞങ്ങളും തിരികെ പൊരുതി. കൊതുകുകളുമായി ഒരു മണിക്കൂറിലധികം നീണ്ടു നിന്ന യുദ്ധത്തിനിടയിൽ മംഗലാപുരം വണ്ടി വന്നു. അത് ഞങ്ങൾക്കുള്ളതല്ല. വണ്ടി വിട്ടപ്പോൾ കൊച്ചി ടീമിനെ വിളിച്ചു.

"നിങ്ങൾ എവിടെ? പറഞ്ഞ കംപാർട് മെന്റിലൊന്നും കാണാനില്ലല്ലോ."
"അതിനു ഞങ്ങൾ അങ്കമാലി എത്തിയെ ഉള്ളല്ലോ."
"ങേ? അപ്പൊ ഞങ്ങൾ മംഗലാപുരം ട്രെയിനിൽ കയറീലോ."
"അയ്യോ.. പണിയായോ?"
"കുഴപ്പമില്ല. ഞങ്ങൾ പൂങ്കുന്നത്ത് ഇറങ്ങി തിരിച്ചു പോന്നോളാം."
"എന്തേലും ചെയ്യൂ. വേഗം."

അങ്ങിനെ ആദ്യത്തെ അമിട്ടിന് തിരികൊളുത്തി ഞങ്ങൾ സ്റ്റെഷനിൽ ഇരുന്നു ചിരിച്ചു.
ഇടയ്ക്കിടയ്ക്ക് വിളി വന്നുകൊണ്ടിരിക്കുകയും ഞങ്ങൾ സങ്കൽപ്പത്തിൽ വണ്ടി ചങ്ങല വലിച്ചു നിർത്തുകയും തിരിച്ചു പോരുകയും ചെയ്തുകൊണ്ടിരുന്നു! വണ്ടി വന്നു. മത്തായിയും ടിജോയും ഞങ്ങളെ എതിരേറ്റു.

"ഒരു കുഞ്ഞിക്കൊച്ചുണ്ടാർന്നല്ലോ ?"
"ബിന്സ്യല്ലേ? അപ്പര് ബെർത്തിൽ ഉറക്കമെഷീൻ പ്രവര്ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു."
"ഓക്കെ."

വേഗം കിടന്നു.

എന്റെ സെറ്റ് ചെയ്തു വച്ച അലാറമുകളില്നിന്നു പുലർച്ചയിൽ സഹയാത്രികരെ രക്ഷിക്കാനായി. ഫോണ്‍  തലയുടെ അടുത്ത് തന്നെ വച്ചു. പെട്ടെന്ന് ഓഫ് ചെയ്യാൻ. എവിടെ, അതിനു മുൻപേ മത്തായി അലാറം  തുടങ്ങി. എണീറ്റ വശം പതിനഞ്ചു തുമ്മൽ!

ഈ കുടുംബത്ത് ഞാനറിയാണ്ട് ആരാ കുപ്പി തുറന്നത് എന്ന ആശങ്കയിൽ എണീറ്റപ്പോൾ കാണുന്നത് മാഹി സ്റ്റെഷൻ. പിന്നെ ഉറക്കം വന്നില്ല. എല്ലാവരും കത്തി  തുടങ്ങി. കണ്ണൂരിറങ്ങി തളിപ്പറമ്പിലേയ്ക്കു പോരുന്നതാവും നല്ലത് എന്ന ആതിഥേയ വചനത്തിന്റെ പോരുളന്വേഷിച്ചു ഞങ്ങൾ ഇറങ്ങി. പിന്നൊരു ബസ് യാത്ര. അതും കഴിഞ്ഞ് നടത്തം. അവസാനം വേരുകളിറങ്ങി പടര്ന്നു വളര്ന്നൊരു പേരാൽ തണലിൽ ഞങ്ങളുടെ യാത്ര ചെന്ന് നിന്നു. അതിന്റെ തണലിൽ തളിപ്പറമ്പ് ഗസ്റ്റ് ഹൗസ് . സമയം ഏകദേശം എട്ടു കഴിഞ്ഞു കാണും. ബാന്ഗളുരു ടീമുകൾഎത്തിയിട്ടുണ്ട്. ഒന്നുരണ്ട് പേര് മരച്ചോട്ടിൽ കിടപ്പുണ്ട്. റൂം ഒന്നേ ഒഴിഞ്ഞ് കിട്ടിയിട്ടുള്ളൂ ഉറക്കം റിസർവ്വിൽ സൂക്ഷിയ്ക്കാനുള്ള  പരിപാടി.

"റൂം മുഴുവൻ വെക്കേറ്റ് ആയിട്ടില്ല. നമുക്ക് വെയ്റ്റ് ചെയ്യാം."
"അതിന്നെന്താ"
"ആരൊക്കെ എത്തി?"
ദിനേശൻ, ശങ്കർ, ജയേഷ്, ശാന്തിനി, അനിക്കുട്ടൻ, സന്ധ്യ, ദിനെശന്റെം ശങ്കരന്റെം രണ്ടു കൂട്ടുകാർ.. പരിചയപ്പെട്ടു. പ്രവിജും കുര്യനും.

പല്ല് തേച്ചിട്ടേ എന്തേലും കഴിയ്ക്കൂ എന്ന് പറഞ്ഞവരെ അവഗണിച്ചുകൊണ്ട് ഞാൻ ശങ്കറിന്റെ കയ്യിലെ പ്ലാസ്റിക് ടിന്നീന്നു ഇഡലിയാക്രമണം തുടങ്ങി. ബിന്സിയും ഈ യുദ്ധത്തിൽ എന്നോടൊപ്പം ചേര്ന്നു. അൽപ്പസമയത്തിനകം, "ഒരു കാടും പടലവും ഇളകി വരുന്നേ.." എന്ന മുന്നറിയിപ്പിനോപ്പം പരിപാടിയുടെ സംഘാടകനും സർവ്വോപരി സ്നേഹസമ്പന്നനുമായ ഷാജി മുള്ളൂക്കാരന്റെ നാനോ എത്തിചേര്ന്നു. റൂമിന്റെ കാര്യങ്ങൾ ശരിയാക്കി ഞങ്ങൾ മുണ്ട് വാങ്ങാനിറങ്ങി. അമ്പലത്തിൽ മുണ്ട് ഒരു സൗകര്യമാണെത്രെ. ഖാദി ഷോറൂം തുറപ്പിച്ചു മുണ്ട് വാങ്ങിയ ആദ്യ പ്ലസർ എന്ന വിശേഷണത്തിന് ഷാജി അര്ഹനായി. അതിനിടയിൽ സർവ്വത്ര ആൾക്കാർക്കും അറിയാമെങ്കിലും അനോണി ആയി തുടരുന്ന സീന എത്തിചേര്ന്നു എന്ന വിവരം കിട്ടി. ബസ് സ്ടാണ്ടിനു പുറത്ത് ഷാളുപോലെ എന്തോ വാരിപ്പുതച്ചു സീന നില്പ്പുണ്ടായിരുന്നു.

റൂമുകളിൽ ഉറക്കം, കുളി, പല്ലുതേപ്പ് തുടങ്ങിയ പരിപാടികൾ നടന്നു. എന്തെങ്കിലും കഴിയ്ക്കാം എന്ന് പറഞ്ഞു പുറത്ത് പോവുമ്പോൾ സമയം പന്ത്രണ്ടാവാറായി. ഒന്നും നോക്കിയില്ല. ബിരിയാണി തന്നെ എല്ലാരും പൂശി.

തിരികെ റസ്റ്റ്‌ ഹൌസിൽ എത്തിയപ്പോൾ കുമാർ വൈക്കവും ഫാമിലിയും എത്തിചേർന്നിരിക്കുന്നു . പുറകെ വിജേഷ് ചാക്ക്. കുറച്ചു കഴിഞ്ഞപ്പോൾ മോസ്റ്റ്‌ അവൈറ്റട് പുണ്യാളൻ, പകല്ക്കിനാവൻ എന്ന പകലൻ, പുണ്യാളന്റെ സുഹൃത്ത് ബാലുചേട്ടൻ, നിതിൻ എന്നിവരും എത്തി. അവർക്ക് വേറൊരു റൂം തപ്പിപ്പിടിച്ചു കൊടുത്ത് കുറെ നേരം കൂടെ റസ്റ്റ്‌ ഹൗസ് മുറ്റത്ത്. പാരകളും മറുപാരകളും നിരവധി വന്നു. ഇടയിൽ കുറച്ചു നേരം പന്ത് കളി, ഫൊട്ടൊസെഷൻ.. ശരിക്കും ഒരു ഓന്ലൈൻ മീറ്റ്‌ മൂഡ്‌. അവസാനം എല്ലാ വണ്ടികളും വരിയായി തെയ്യം കാണാൻ നീങ്ങി.

"സമയം ആയിട്ടില്ല. നമുക്ക് കണ്ടൽ കാണാൻ പോകാം" എന്ന നിര്ദ്ദേശം അക്ഷരം പ്രതി പാലിക്കപ്പെട്ടു. എഴോം വഴി വണ്ടികൾ മുന്നോട്ട്.. രാവണന്റെ, സജിയുടെ, വിനീഷിന്റെ ഒക്കെ നാട്. പണിതുയര്ത്തപ്പെടുന്ന പുതിയ വീടുകൾ ധാരാളം ഉണ്ടെങ്കിലും നഗരവല്ക്കരണം അങ്ങ് പിടിമുറുക്കിയിട്ടില്ല. തെങ്ങും കവുങ്ങും പച്ചക്കറികൃഷിയും എവിടെയും കാണാം. പതിയെപ്പതിയെ റോഡിനു വശങ്ങളിൽ വെള്ളക്കെട്ടുകൾ കണ്ടു തുടങ്ങി. ഒപ്പം കണ്ടലുകളും. വേലിയേറ്റത്തിനു തടയിടാനെന്ന വണ്ണം കണ്ടലുകൾ ചെറുകാടുകളായി വെള്ളത്തിലേയ്ക്കിറങ്ങിചെന്ന് നില്ക്കുന്നു. എഴോം മൂലയിലുള്ള ഒരു കടയുടെ സമീപത്തു വണ്ടികൾ നിന്നു. ബണ്ടിലൂടെ ഒരു നടത്തം. എക്കലടിഞ്ഞ വശങ്ങളിൽ ആയിരക്കണക്കിന് ഒറ്റയിറുക്കുകാലൻ ചുവപ്പൻ കുഞ്ഞു ഞണ്ടുകൾ കൈവീശിക്കാണിക്കുന്നു. ബണ്ടിന്റെ ഇപ്പുറത്ത് വെള്ളത്തിൽ മാനത്തുകണ്ണികളും പള്ളത്തികളും നീന്തിനടക്കുന്നുണ്ട്. ബണ്ടിന് മുകളിലെ കുഞ്ഞുപുരയിൽ മീന്പിടുത്ത്ത സാമഗ്രികൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ. അപ്പുറത്തുള്ള കായലിലേയ്ക്ക് വഞ്ചി തുഴഞ്ഞ് ഒരാള് നീങ്ങി. മീൻ തരം തിരിച്ചു വിടുന്ന ഷെഡിനപ്പുറത്ത്  നില്ക്കുന്ന കണ്ടൽ മരത്തിലെ കായകൾ എങ്ങിനെയാണ് ചെളിയിൽ കുത്തി വീഴുക എന്നും പുതിയ ചെടി മുളയ്ക്കുക എന്നും മുള്ളൂക്കാരൻ പറഞ്ഞത് കേട്ട് പുസ്തകം വായിച്ചു മാത്രം അറിഞ്ഞ പരിമിതജ്ഞാനത്തെ പലരും വികസിപ്പിച്ചു.ഫോട്ടോസെഷൻ.. ഷട്ടറുകൾ തുറന്നടയുന്ന ശബ്ദ കോലാഹലങ്ങൾ. വഴിവക്കിലെ കടയില്നിന്നു ഒരു കുല പഴവും ചായപ്പൊടി തീരുന്ന വരെ ചായയും കഴിച്ചു വീണ്ടും മുന്നോട്ട്. അകലെ മാടായിപ്പാറ ദൃശ്യമാവുന്ന ഒരു വ്യൂ പോയന്റിൽ വീണ്ടും സ്റ്റോപ്പ്‌. ശ്രീലാൽ അവിടെ വച്ച് കൂട്ടത്തിൽ ചേര്ന്നു. വെള്ളത്തിൽ കുത്തി നിർത്തിയ മരക്കുറ്റികളിൽ നീർക്കാക്കകൾ അന്തിവെയിൽ  കായുന്നു. പറന്നു നീങ്ങുന്ന കൊക്കുകൾ. ചിലച്ചാർക്കുന്ന വലിയ പൊന്മാൻ. വേലിത്തത്തകൾ, കുരുവികൾ, ഒഴുകിനീങ്ങുന്ന പരുന്തുകൾ... കണ്ടലുകലുടെ ഇടയിൽ കിളികുല പ്രപഞ്ചം!

ഫോട്ടോഗ്രാഫർമാർ സൂര്യൻ അസ്തമിക്കാറാവുന്നത്  വരെ പടം പിടിച്ച് മതിമറന്നു. അല്ലാത്തവർ പോസ് ചെയ്തും. തിരിച്ചു പോരുന്ന വഴിയിൽ കണ്ടലുകൾക്കിടയിലെ സിമന്റു കെട്ടിയ കുടീരത്തിനു മുന്നില് വിളക്ക് വയ്ക്കാനോരുങ്ങുന്ന ഒരു മനുഷ്യൻ. പടം കണ്ട് പരിചിതനായൊരാൾ. കല്ലേൻ പൊക്കുടൻ. കണ്ടലുകളുടെ സംരക്ഷകൻ എന്ന നിലയിൽ  ലോകമറിയപ്പെടുന്ന ഒരു സാധു മനുഷ്യൻ.

"വണ്ടി നിർത്ത് വിജേഷേ.. " ഞാൻ പറഞ്ഞു.
നേരെ ചെന്ന് സംസാരിച്ചു, തൃശൂർക്കാരനാനെന്നു പറഞ്ഞപ്പോൾ സന്തോഷം. അൽപ്പ നേരം സംസാരിച്ച് മടങ്ങി. ചില പ്രതിഭാസങ്ങളെ നേരിൽ കാണാൻ കഴിയുന്നത്‌ മനസിലുണ്ടാക്കുന്ന സന്തോഷം ചെറുതല്ല.കൈവേലി ജങ്ങ്ഷനിൽനിന്നു ഷാജിയുടെ വീട്ടിലേയ്ക്ക് തിരിയുമ്പോൾ വെളിച്ചം ഇരുട്ടിനു വഴിമാറി തുടങ്ങി. മോലോത്ത് അമ്പലത്തിനു മുകളിലേയ്ക്കുള്ള വഴിയിലൂടെ കുന്നു കയറി ഷാജിയുടെ വീട്ടിലേയ്ക്ക്. "ആരോ വീട്ടില് വന്നിട്ടുണ്ട്. അമ്മയോട് ആരാന്നു പറഞ്ഞില്ല. ആരാണാവോ" എന്ന ഷാജിയുടെ ടെൻഷനെ അസ്ഥാനത്താക്കിക്കൊണ്ട് മനോജ്‌ പട്ടെട്ട് പ്രത്യക്ഷനായി. കൈകൊടുക്കലുകൾ, കെട്ടിപ്പിടിക്കലുകൾ, പരിചയപ്പെടലുകൾ. പിന്നെ, ഷാജിയുടെ വീട്ടീന്ന് ഓരോ ചായ കുടിച്ചു തെയ്യം നടക്കുന്ന ക്ഷേത്രത്തിലേയ്ക്ക്.

ടാറിട്ട റോഡിൽനിന്നു തിരിഞ്ഞ് മണ്ണിടവഴിയും കടന്നു നരിക്കോട് പാറമ്മൽ ക്ഷേത്രത്തിലേയ്ക്ക്. ഇടയിൽ ട്രൗസർധാരികളെല്ലാം 'മുണ്ട'ന്മാരായി. പാന്റുകാര്ക്ക് പ്രശ്നമൊന്നുമില്ല. മതില്ക്കെട്ടിനു പുറത്ത് ഒരു വശത്ത് ആഴികൂട്ടുവാൻ കനലോരുങ്ങുന്നു. അമ്പലത്തിനടുത്തുള്ള വീട്ടിലെ പന്തലിൽ അന്നദാനത്തിനുള്ള ഭക്ഷണം റെഡിയാവുന്നതിന്റെ തിരക്കുകൾ. തോൽപ്പുറത്ത് താളത്തിൽ പതിക്കുന്ന ചെണ്ടക്കോലുകൾ. മതിൽക്കെട്ടിനകത്തു ഏതോ ഭഗവതിയുടെ തോറ്റം നടക്കുന്നുണ്ട്. പുറത്ത്  കുത്തുവിളക്കിന്റെ വെളിച്ചത്തിൽ തെയ്യമൊരുക്കാൻ കുരുത്തോലയിൽ വിസ്മയം സൃഷ്ടിക്കുന്ന കലാകാരന്മാർ. ചിലയിടത്ത് മുഖത്തെഴുത്ത്‌ നടക്കുന്നു. ചുവപ്പും കറുപ്പും കാവിയും മഞ്ഞയും സൃഷ്ടിക്കുന്ന മനോഹാരിത നിറഞ്ഞ മുഖമെഴുത്തുകൾ. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. കമുകിൽ വലിച്ചു കെട്ടിയ കയറിൽ തൂങ്ങി തെയ്യങ്ങളുടെ ആടയാഭരണങ്ങൾ കിടക്കുന്നു. ഞാൻ കൂട്ടുകാരെ നോക്കി, മീറ്റ്‌ മൂഡില്നിന്നു എല്ലാവരും എത്ര പെട്ടെന്നാണ് സീരിയസ് ആയത്. പടമെടുക്കൽ മുറയ്ക്ക് നടക്കുന്നു. പുണ്യാളനും പകലനും പ്രൊഫഷനൽ വിശ്വരൂപം പുറത്തെടുത്തു തുടങ്ങി. വെള്ളാട്ടുകൾ നടന്നു. വീശുന്ന ചൂട്ടുകട്ടകൽക്കിടയിലൂടെ തെയ്യങ്ങൾ കടന്നു വന്നു. വീരൻ, വീരാളി, പുലിമാരൻ, കാളപ്പുലി,  കരിന്തിരി നായർ.... 'ഓരോ തെയ്യങ്ങളുടെയും പുറകിലെ ഐതിഹ്യങ്ങള് അറിയേണ്ടതായിരുന്നു. എങ്കിൽ കുറേക്കൂടി ആസ്വാദ്യമായേനെ. തല്ക്കാലം ഭംഗിയാസ്വദിക്കാം.' മനസിനെ സ്വയം സമാധാനിപ്പിച്ചു. എത്ര ലെയര് ഉടുപ്പുകളാണ്  ഓരോ തെയ്യവുമണിയുന്നത്. ഓരോ തെയ്യത്തിനു പുറകിലും എത്ര മണിക്കൂറുകളുടെ അധ്വാനം ഉണ്ടെന്നു മനസിലായപ്പോൾ ഒരു ഭയ ഭക്തി ബഹുമാനം വന്ന പോലെ.

ക്ഷേത്രത്തിനു ചുറ്റുമുള്ള വിശാലമായ പറമ്പിനെ ചുറ്റി നല്ല വീതിയിൽ പുഴയോഴുകുന്നുണ്ട്. അപ്പുറത്തെ കരയില്നിന്നുള്ള ചെറിയ വെളിച്ചങ്ങൾ പുഴയുടെ കുഞ്ഞോളങ്ങളിൽ പ്രതിഫലിക്കുന്നു. തെങ്ങുകൾ മാനത്തിനും ഭൂമിയ്ക്കുമിടയിൽ കുട പിടിച്ചു നാട്ടു വെളിച്ചത്തെ മറച്ചിരിക്കുന്നു. മൊത്തം ഒരു പ്രത്യേക മൂഡ്‌.

തെയ്യം കളമൊഴിഞ്ഞ ഒരു ഇടവേളയിൽ പോയി ഭക്ഷണം കഴിച്ചു. തിരിച്ചു വരുമ്പോൾ മനോജ്‌ അവന്റെ സ്നേഹിതനോപ്പം ക്ഷേത്രത്തിലെത്തിക്കഴിഞ്ഞു. ഫോട്ടോഗ്രാഫർ പ്രവീണും അവിടെ എത്തിയിട്ടുണ്ട്. കുറച്ചു സമയത്തിനകം ശാശ്വത് കൂടി സംഘത്തിൽ ചേർന്നു. തെയ്യവും വെള്ളാട്ടും തോറ്റവും നടക്കുന്ന നേരത്ത് അതിൽ മുഴുകിയും ഇടവേളകളിൽ സംസാരം പൊടിപൊടിച്ചും സമയം മുന്നോട്ടു നീങ്ങി. ഇടയിൽ, ക്ഷേത്രം വിട്ട് പുറത്തേയ്ക്ക് പോയ ഒരു തെയ്യം തിരികെ വന്നതിനൊപ്പം താലപ്പോലിയേന്തിയ കുട്ടികളും മുത്തുക്കുടകളെന്തി നാട്ടുകാരും വലിയ ഡ്രമ്മുകളുമായി ഒരു സംഘം വാദ്യക്കാരും കുറച്ചു ഫയര് ഷോക്കാരും എത്തി. പിന്നെ കുറച്ചു നേരത്തേയ്ക്ക് തീകൊണ്ടൊരു പ്രപഞ്ചം! ഒപ്പം ശബ്ദഘോഷവും.

'ഇനി പുലര്ച്ചയ്ക്കാണ് തെയ്യം. മൂന്നു മൂന്നര മണിക്കൂർ ഗ്യാപ്പുണ്ട്. റൂമിൽ  പോയി കിടന്നുറങ്ങി വരാം' എന്ന ആശയം ആരും സ്വീകരിച്ചില്ല. സംഘം നീങ്ങിയത് തെങ്ങിൻ തോപ്പിലെയ്ക്ക്. താഴെ വീണ തെങ്ങിൻ പട്ടകൾ കൊണ്ട് മെത്തയൊരുക്കി വിശ്രമത്തിനുള്ള മൂഡിൽ ചിലർ. ആര്ക്കും ഉറക്കം വരുന്നില്ല. സംസാരങ്ങൾ കൊടുമ്പിരിക്കൊണ്ടു. വണ്ടി പാര്ക്ക് ചെയ്തിരുന്നിടത്തെയ്ക്ക് ക്യാമറ മുതലായ സാധനങ്ങൾ കൊണ്ട് വയ്ക്കാൻ പോയ എല്ലാവരും തിരിച്ചു വന്നു. സംസാരം പതിയെ കവിതകളിലെയ്ക്കും പിന്നെ പാട്ടിലെയ്ക്കും വഴി മാറി. മണിക്കൂറുകൾ നീണ്ടു നിന്ന സംഗീത സദസ്സ്! ചിലര് അതിനിടയിൽ ഉറങ്ങി. മറ്റു ചിലര് വണ്ടികളിൽ പോയി കിടക്കാൻ വട്ടം കൂട്ടി. പുണ്യാളന്റെ സുഹൃത്ത് ബാലുചേട്ടന്റെ ഐസ് ബ്രേക്കിംഗ് സെക്ഷനായിരുന്നു അത്. ആ കൂടിച്ചെരലോടെ ആള് എല്ലാരുടെയും ബാലേട്ടനായി. മൂന്നാവാറായപ്പോൾ പട്ടേട്ടു യാത്ര പറഞ്ഞ് പോയതോടെ എല്ലാവരും സൈഡായി.

"ഇതൊരു ഗംഭീര ഉറക്കമാണ് കേട്ടോ."  എന്നാരോ ചൂണ്ടിക്കാണിച്ചപ്പോളാണ് പകലനെ ശ്രദ്ധിച്ചത്. ഒരു കാമറയ്ക്കുമുകളിൽ തല വച്ച് മറ്റു രണ്ടെണ്ണം വശങ്ങളിൽ വച്ച് ഒരു സുഖനിദ്ര. ഓരോരുത്തരായി ഉറക്കത്തിലേയ്ക്ക് പോയിക്കൊണ്ടിരുന്നു. അവസാനം ശാശ്വതും ഞാനും. ഉറക്കം കീഴടക്കുമെന്ന് തോന്നിയ ഒരു മാത്രയിൽ അമ്പലത്തിൽനിന്നു കൊട്ടുയര്ന്നു. ഞാനും ശാശുവും അങ്ങോട്ട്‌ നീങ്ങി. പുതിയ ഭഗവതി ഒരുങ്ങുന്നെ ഉള്ളൂ. ഇതെന്തോ തോറ്റമോ വെള്ളാട്ടോ ആണ്.  പത്തുമിനിട്ട്.. അപ്പുറത്ത് നില്ക്കുന്ന ആളെ കണ്ടു ഞാൻ  അമ്പരന്നു. പകലൻ! ഇങ്ങേരല്ലേ തൊട്ടു മുമ്പ് അന്തം വിട്ടുറങ്ങിയിരുന്നത്. അതിനുമപ്പുറത്ത് പുണ്യാളൻ. നമിച്ചു. പ്രോഫഷനലുകൾ തന്നെ. എപ്പോ പടമെടുക്കണം എന്നൊക്കെ അവര്ക്ക് നല്ല ധാരണകൾ ഉണ്ട്. എന്തിനധികം പറയുന്നു, അര മണിക്കൂറിനുള്ളിൽ സകലരും റെഡി. ഇടയിൽ ഞാൻ കുറച്ചു ലൈവ് സ്കെച്ചുകൾക്കായി പരിശ്രമം നടത്തി നോക്കി. പുതിയ ഭഗവതിയ്ക്ക് ശേഷം വിഷ്ണുമൂർത്തി എത്തി. അതോടെ നേരവും വെളുത്തു.


രാവിലെ ചായയും പലഹാരവും ഷാജിയുടെ വീട്ടില് ഒരുക്കിയിരുന്നു. അതിനു മുന്പ് ഫ്രെഷായി വരാൻ പലരും റൂമിൽ പോയി. ഷാജിയുടെ വീടിനു മുകളിലെ കുന്നിന്പരപ്പു കണ്ടപ്പോഴേ മനസ്സിൽ വിരിഞ്ഞ ഒരാശയം പ്രാവർത്തികമാക്കാൻ ഞങ്ങൾ കരുക്കൾ നീക്കി. വേറൊന്നുമല്ല ക്രിക്കറ്റ് കളിക്കാൻ. ചായയും അപ്പവും പത്തിരിയും ഒക്കെയായി രാവിലത്തെ പരിപാടി തുടങ്ങുമ്പോൾ ഉഗ്രനും കണ്ണനും ടീമും ജോയിൻ ചെയ്തു. ഏഴുപേർ. അർജുൻ, റിസ്വാൻ, ലോഹിത്, സന, സില്ല

പൊടി കലക്കാത്ത കള്ള് കിട്ടുമെന്ന അറിവിൽ ഷാജിയും ഞാനും പുറത്ത് പോയി ഒരന്വേഷണം നടത്തി. സാധനം കിട്ടാനുള്ള വഴി കണ്ടു പിടിച്ചു.

"പത്തര ആവും."
"ആവട്ടെ."
"നമുക്ക് ഉച്ച തിരിഞ്ഞു കപ്പയും മീങ്കറിയും കള്ളും ആക്കിയാലോ?"
"പിന്നെന്താ."

അങ്ങിനെ അത് തീരുമാനമായി.
തിരിച്ചു വരുമ്പോൾ ക്രിക്കറ്റ് മാച്ച്  തുടങ്ങിക്കഴിഞ്ഞു.
ഞാൻ ഉള്പ്പെട്ട ടീം അപ്പോൾ കൂറ്റൻ സ്കോറിലേയ്ക്ക് കുതിയ്ക്കുകയായിരുന്നു. ഞാൻ ഇറങ്ങിയതോടെ അതൊന്നു ഇരുന്നു! എങ്കിലും മികച്ച ബൌളിങ്ങും ഫീല്ടിങ്ങും ഞങ്ങള്ക്ക് തകര്പ്പൻ ജയം സമ്മാനിച്ചു.

കളി കഴിഞ്ഞതിനു പിന്നാലെ സഭ പിരിഞ്ഞു. ഉറക്കത്തിലേയ്ക്ക് ഒരു മടക്കം. ഞാനും ഷാജിയും സരിനും ദിനേശനും ഹുണ്ടായും (ഷാജീടെ കൂട്ടുകാരനാത്രേ, ആള് കമ്പനിയാ) കൂടി ഒരു കറക്കം. കള്ളാണ്  ഉന്നം. രണ്ടു ഷാപ്പീന്നായി പതിനഞ്ചു ലിറ്റർ കിട്ടി. ഒരിടത്തുനിന്ന് അപ്പോം ബീഫും ചിക്കനും കഴിച്ചു. സൂപ്പര് ബീഫ് കറി. റെസ്റ്റ് ഹൗസിൽ ചെന്ന് ദിനെശനേം സരിനെയും ഡ്രോപ്പ് ചെയ്ത് നേരെ ചന്തയിലേയ്ക്ക്. ഇടയിൽ എല്ലാവരെയും കാണാനെത്തിയ ചിത്രകാരനെ കാണാനും സംസാരിക്കാനും മറന്നില്ല. അയലയും കപ്പയും അനുബന്ധ സാമഗ്രികളും വാങ്ങി. വീട്ടിലെത്തി, വിശദമായൊരു കപ്പ തൊലികളയൽ. മനോജും ബിന്സിയും ഒക്കെ കൂടി. ഷാജിയുടെ അമ്മ കപ്പ നുറുക്കി. ഷാജിയും ഞാനും ബിന്സിയും ചേർന്ന് അടുപ്പ് കൂട്ടി കപ്പ വേവിക്കുമ്പൊളേയ്ക്കു അമ്മ മീനിന്റെ പണി തുടങ്ങി. കൂടെ മല്ലിയിലയും പുതിനയിലയും അരച്ച ഒരു ചമ്മന്തിയും.

കപ്പയും കറിയും റെഡിയായപ്പോളേയ്ക്കും ഉറങ്ങി റിഫ്രെഷ് ആയവർ തിരിച്ചെത്തി തുടങ്ങി. പിന്നൊരു കൂട്ടപ്പെരുക്കം. കള്ളിന് പോളിംഗ് കുറവായിരുന്നു.

ഭക്ഷണം കഴിഞ്ഞു ഒരു ടീം താഴെ ഇല്ലം കാണാൻ പോയി. ഇല്ലത്തിന് തെയ്യവുമായി  ബന്ധമുണ്ട്. തെയ്യങ്ങൾ ഇല്ലത്തെത്തുന്ന ഒരു കീഴ് വഴക്കവും ഉണ്ട് എന്നറിഞ്ഞു. അവിടെനിന്ന് തള്ളിപ്പുറത്താക്കും മുമ്പ് എല്ലാരും തിരികെ എത്തി! വീണ്ടും ക്ഷേത്രത്തിൽ പോകാൻ റെഡിയായി. ഇടയിൽ സുനിലേട്ടൻ, ജസ്റ്റിൻ എന്നിവര് സംഘത്തിൽ ചേര്ന്നു. അമ്പലത്തിലെത്തുമ്പോൾ സ്വപ്നാടകൻ ഹാജർ.

വീണ്ടും തെയ്യത്തിരക്കിലെയ്ക്ക്. "ഓരോ തെയ്യത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. തെയ്യം കെട്ടുന്നത് തന്നെ വിവിധ സമുദായക്കാരാണ്. ഓരോ സമുദായക്കാരും കെട്ടുന്ന തെയ്യങ്ങൾക്ക് അതിന്റേതായ പ്രത്യേകതയും ഉണ്ട്." തെയ്യം കേട്ടുന്നവർക്കിടയിൽനിന്നു ഒരു കാരണവരെ കിട്ടിയത് നന്നായി. കുറച്ചു അറിവുകൾ കിട്ടി. ഇടയിൽ ഞാനൊന്ന് മയങ്ങാൻ പോയി. 'എണീറ്റ്‌ പോയാൽ  ഇപ്പൊ ചോറുണ്ണാൻ പറ്റും' എന്ന അറിയിപ്പിൽ ഞെട്ടി ഉണര്ന്നു. ഭക്ഷണം കഴിച്ചു വന്നപ്പോൾ തെയ്യങ്ങൾ തകര്ത്താടുന്നു. അനുഗ്രഹങ്ങൾ വാരി വിതറി തെയ്യങ്ങൾ വന്നും പോയുമിരുന്നു. പതിയെ തെയ്യങ്ങൾ മുറ്റമൊഴിഞ്ഞു. സംഘം വീണ്ടും അമ്പലപ്പറമ്പിലേയ്ക്ക്. പാട്ടുകൾ തുടങ്ങി. എന്ത് പാടിയാലും ബാബുരാജ് ടച്ചുമായി സ്വപ്നൻ, ഫാസ്റ്റ് നമ്പറുകളും കൃത്യം വാക്കുകളുമായി അർജുൻ, വയലാര് മാജിക്കുമായി ബാലെട്ടൻ.... സഭ കൊഴുത്തു.പന്ത്രണ്ടാവാറായി. നിമിഷ നേരം കൊണ്ട് മേശ വന്നു. കേക്കുകൾ നിരന്നു. തിരികൾ കത്തി. അനൗൻസ്മെന്റ് വന്നു. 'പോയ ആഴ്ച ജന്മദിനം ആഘോഷിച്ച ശാന്തിനി, തൊട്ടു തലേന്ന് ജന്മദിനം ആഘോഷിയ്ക്കേണ്ട സന (പ്രത്യേകം പറയണം. കാരണം ഫെബ്രുവരി 29 ജന്മദിനമായുള്ള ഒരു അപൂര്വ്വ ജീവിയാകുന്ന, ലവൾ), മൂന്നാലു ദിവസത്തിനുള്ളിൽ ജന്മദിനം വരുന്ന പുണ്യാളൻ.. എന്നിവർ വേദിയിലെത്തുക!' അപ്രതീക്ഷിത നീക്കത്തിൽ പകച്ച്‌ മൂന്നു പേരും എത്തി. ഇങ്ങിനെ ഒരു പരിപാടി സംഘത്തിലുള്ള അധികം പേരും അറിഞ്ഞിരുന്നില്ല. ടിജോ, മത്തായി തുടങ്ങിയവരുടെ സംഘാറ്നടമികവിൽ ആദ്യം മറ്റുള്ളവർ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ആഹ്ളാദത്തിമിർപ്പായി. 'ബെര്ത്ത് ഡേ ബേബികൾ'  തിരിയൂതി. കേക്ക് മുറിച്ചു. മുഖത്ത്‌ ക്രീം കൊണ്ട് അലങ്കരിക്കപ്പെട്ടു! തോറ്റം പാട്ട് പോലെ 'ഹാപ്പി ബെർത്ത്‌ ഡേ ടൂ യു' ഉയര്ന്നു. എന്തായാലും പരിപാടി തകർത്തു. വേഷമഴിച്ച തെയ്യം വരെ ആഘോഷത്തിമിർപ്പിൽ പങ്കു ചേർന്നു.  ഒളിപ്പോരു മാതൃകയിൽ ഒരു പിറന്നാളാഘോഷം.വീണ്ടും പാട്ടുകളിലെയ്ക്ക്. പതിയെ പതിയെ പുലര്ച്ചെ നാട്ടിലിറങ്ങുന്ന തെയ്യങ്ങളെ പ്രതീക്ഷിച്ച് എല്ലാവരും ഉറക്കമായി.

തെയ്യത്തിന്റെ വരവ് അറിയിച്ചുകൊണ്ടുയര്ന്ന ചെണ്ടത്താളം കേട്ടാണ് മൂന്നാം ദിവസം ഉറക്കമുണർന്നത്. രണ്ട്  തെയ്യങ്ങൾ. ക്ഷേത്ര മുറ്റത്തും പുറത്തുമൊക്കെ അവർ ഓടിനടന്നു, പിന്നെ നാട് കാണാൻ ഓടിപ്പോയി. പുറകെ ഞങ്ങളും. ഫോട്ടോഗ്രഫെര്സ് പുറകേ നടന്നു പടമെടുത്തു. ഷാജിയുടെ വീടിനു പുറകിലെ കുന്നിലെയ്ക്കാണ് ഒരു തെയ്യം പോയത്. ഞങ്ങൾ അവിടെയെത്തുമ്പോൾ നേരം വെളുക്കുന്നതെയുള്ളൂ. കുന്നിറങ്ങി വരുന്ന തെയ്യത്തിനെ പകര്ത്തി പകലൻ അതിനു മുൻപിൽ നടക്കുന്നു. ഒപ്പം ക്യാമാറാധാരികളായ മറ്റു ചില ടീം മെമ്പർമാരും. പുണ്യാളൻ & ടീം മറ്റേ തെയ്യത്തിനോപ്പം ആയിരുന്നു. എന്തായാലും രണ്ടു തെയ്യങ്ങളേയും അമ്പലത്തിൽ തിരിച്ചെത്തിച്ചിട്ടെ അവർ മടങ്ങിയുള്ളൂ.

ഷാജിയുടെ വീടിനു പുറകില്നിന്നു സൂര്യൻ കുന്നിന്മുകളിലെയ്ക്ക് കയറിവരുന്നു. മനോഹരമായ കാഴ്ച. ഞാൻ പടമെടുത്തു. തെയ്യത്തിനു പോയിട്ട് എനിക്ക് കിട്ടിയതിൽ ഏറ്റവും ഇഷ്ടമായ പടം. കുന്നിന്മുകളിൽ നിറയെ കശുമാവുകളും പൊന്തക്കാടുകളുമാണ്. കിളികളുടെ സംഗീതം പ്രഭാതത്തിന് ഉണർവ്വേകി. പക്ഷികളുടെ ഇരുപതിലധികം ഇനങ്ങൾ ആ സമീപപ്രദേശങ്ങളിൽ ഞങ്ങൾ നിരീക്ഷിച്ചു.ഷാജിയുടെ അമ്മ തന്ന ചായ ഓരോന്ന് കഴിച്ച്  അമ്മയ്ക്ക് നന്ദി പറഞ്ഞ് പുണ്യാളനും പകലനും ബാലു ചേട്ടനും നിതിനുമോപ്പം ഞാൻ നാട്ടിലേയ്ക്ക് മടങ്ങി. ഉച്ച കഴിഞ്ഞു അണിനിരക്കുന്ന തെയ്യങ്ങളുടെ വിവരങ്ങൾ കമന്ററി ആയി ഫോണിലൂടെ എത്തിക്കൊണ്ടിരുന്നു. കുറത്തിയും കുണ്ടോറ ചാമുണ്ഡിയും വിഷ്ണുമൂര്ത്തിയും പുലിയൂര് കാളിയും പുള്ളി കരിം കാളിയും   അനുഗ്രഹം വിതറി കടന്നു പോയിക്കൊണ്ടിരിക്കുന്ന  വിവരം കേട്ട് കൊതി മൂത്തെങ്കിലും ഒക്കെ കടിച്ചമര്ത്തി.  അത് കൂടി കണ്ടിട്ട് പോരാൻ അന്ന് രാത്രിയിൽ ചെയ്തു തീര്ക്കേണ്ട ചില വർക്കുകൾ എന്നെ അനുവദിക്കുമായിരുന്നില്ല എന്നതാണ് സത്യം. അവസാനം ഉഗ്രൻ & ടീമിനൊപ്പം  ഫൈസൽ  ചേർന്നതും അവർ ആറു മണിയോടെ പിരിഞ്ഞതും കേൾക്കുമ്പോൾ ഞാൻ നീട്ടിലെത്താറായിരുന്നു.

കമന്റിട്ടും പളസടിച്ചും പരിചയപ്പെട്ട് കീ ബൊർഡിനുമപ്പുറത്തെയ്ക്കു വളര്ന്ന സൗഹൃദങ്ങൾ നേരിൽ കണ്ടും വര്ത്തമാനം പറഞ്ഞും കെട്ടിപ്പിടിച്ചും സൗഹൃദം ഊട്ടിയുറപ്പിയ്ക്കുന്ന  കാഴ്ചകളാണ്  തെയ്യത്തെക്കാൾ എനിക്ക് നിരീക്ഷിക്കാനുണ്ടായിരുന്നത്. അതൊരു കുടുംബമായിരുന്നു. ഈര്ഷ്യകളും ഈഗൊകളും  ഒന്നുമില്ലാതെ ഒരേ താളത്തിൽ ചിന്തിക്കുന്ന ഒരു വലിയ കുടുംബം. ഒരാൾക്കും ഒരപരിചിത്വവും കണ്ടില്ല. എന്തിന്, "കഴിഞ്ഞ വര്ഷം കണ്ടിരുന്നില്ലല്ലോ, പുതിയ ആളാ, നാട് എവിടെ?" എന്ന് ചോദിച്ച തെയ്യം കെട്ടുന്ന ചങ്ങാതിയ്ക്ക്‌ പോലും! 

നരിക്കോട് തെയ്യം ഒരു ഉത്സവത്തിന്റെ ആവേശത്തിനോപ്പം മനസ്സിൽ നിറയ്ക്കുന്നത് കൂട്ടായ്മയുടെ, നന്മയുള്ള നാട്ടിൻപുറത്തിന്റെ മരിക്കാത്ത ഓര്മ്മകളാണ്. 
മുഖത്തെഴുത്തും കുരുത്തോലയലങ്കാരവുമൊക്കെയായി അവയെന്നും മനസ്സിൽ ആടിത്തിമിര്ക്കും... ഒരിക്കലും മുടിയഴിയ്ക്കാതെ!  
.............................................................................................................................................................
ചിത്രങ്ങൾ : സീന വയോവിൻ, ഷാജി മുള്ളൂക്കാരൻ, ഞാൻ (ഞാൻ തന്നെ! തല്ലരുത് )

ഇതിനെ  സഞ്ചാര സാഹിത്യമെന്നൊ  ഇവന്റ് റിപ്പോര്ട്ടിങ്ങെന്നോ  എന്ത് വിളിക്കും എന്ന് അറിയില്ല. എനിക്ക് ഫീൽ ചെയ്തത് ഇതാണ്. അത് എഴുതി.