Powered By Blogger

Saturday, September 24, 2016

പലരിൽ ചിലർ 3

മുമ്പ്..


മിനിമം പത്ത് വര്ഷം മുമ്പ്..

പരസ്യചിത്രത്തിനും സ്റ്റിൽ കാമ്പയിനും വേണ്ടി ന്യൂ മോഡൽ ഫെയ്സുകൾക്കിടയിലൂടെ തെരച്ചിൽ നടത്തുന്നതിനിടയിൽ ഒരു പോർട്ട് ഫോളിയോ കിട്ടി. ഒരുപാട് ആഡുകൾ ഒന്നും ചെയ്തിട്ടില്ല. ഒരു വിധം നമ്മുടെ പരസ്യ കൺസെപ്റ്റിന് യോജിച്ചേക്കും. ഒരു ഓഡിഷൻ വീഡിയോ ആവശ്യപ്പെട്ടു. അതുകൂടി കണ്ടു ഏജൻസിയും ക്ലയന്റും എല്ലാം ചേർന്ന് മോഡലിനെ ഫിക്സ് ചെയ്തു. കക്ഷി മുംബൈയിൽനിന്ന്, പേര് കിർത്തി.

ചെന്നൈ എവിഎം ഫ്ലോറിൽ മൂവീ. മൂന്നു ദിവസത്തെ ഷൂട്ട്. അത് കഴിഞ്ഞൊരു ദിവസം ബ്രെയ്ക്. പിന്നെ രണ്ടു ദിവസം കൊച്ചിയിൽ സ്റ്റിൽ ഷൂട്ട്. എല്ലാം പ്ലാൻഡ്.

ഷൂട്ടിന് തലേന്ന് ആളെത്തി. പരിചയപ്പെട്ടു. മാസ് കമ്യൂണിക്കേഷനും പിന്നെ മോഡലിംഗ് കോഴ്സൊക്കെ ചെയ്തിട്ടുണ്ട്. ബോളിവുഡ് എന്ന ഏതൊരു മോഡലിന്റെയും സ്വപ്നം മനസ്സിൽ പേറുന്നവൾ. ഊർജ്ജമുള്ള കുട്ടി.

ഷൂട്ട് തുടങ്ങി. ആദ്യ ദിവസം തന്നെ ഞങ്ങടെ ടീമിൽ ചേർന്ന്! ബ്രെയ്ക്കുകളിൽ പാട്ടും മലയാളം പഠിത്തവുമൊക്കെയായി അടിപൊളി.

ഷൂട്ട് ഒരു ദിവസം കൂടി നീണ്ടു. ബ്രെയ്ക് എന്ന് വച്ചിരുന്ന ദിവസവും ഷെഡ്യൂളിൽ പെട്ടു. ഷൂട്ട്‌ തീർത്തു വൈകീട്ട് ഞങ്ങൾ കൊച്ചിയ്ക്ക്. ഗെഡി ഫ്‌ളൈറ്റിൽ രാവിലെ കൊച്ചിയിൽ എത്തും . സ്റ്റിൽ ഷൂട്ട് ചുമതല എനിയ്ക്ക്. 

പുലർച്ചെ മൂന്നിന് വീടിന്റെ ചുവരിൽ തൊട്ട് ടീമിനെ പെറുക്കി സ്റ്റുഡിയോയിൽ ചെല്ലാൻ ഓട്ടം തുടങ്ങുമ്പോ ഒരു ഫോൺ..
"ഭയ്യാ.. കീർത്തി ഹും. ഫ്‌ളൈറ്റ് മിസ് ഹുവാ. .. 
മൈ മിസ്റ്റേക്ക്.. പ്ലീസ് ഡോണ്ട് ഷൗട്.. 
ഗോട്ട് ദി ടിക്കറ്റ് ഫോർ ഈവനിംഗ്. 
കാൻ യു മാനേജ് ആൻഡ് കാം എവെരി വൺ? ആൻഡ് ഐ ഹാവ് എ ബിലീഫ്, യു ആർ നോട്ട് റിപ്പോർട്ടിങ് മൈ മിസ്റ്റേക്ക് റ്റു കോ ഓർഡിനേറ്റർ.   പ്ലീസ്.. പ്ലീസ് "

അടിപൊളി.. ഇന്നത്തെ ഷൂട്ട് ഖുദാ ഗവാ..
എന്നാലും നാല് ദിവസത്തെ മൂവീ ഷൂട്ട് കഴിഞ്ഞു അവശ നിലയിൽ മോഡൽ എത്തുന്നതിനേക്കാൾ ഒരു ബ്രെയ്ക് എനിക്കും ഇഷ്ടമായിരുന്നു. സ്റ്റിൽ സെറ്റ് എന്റെയാ. അത് എനിക്ക് മാനേജ് ചെയ്യാവുന്നതേ ഉള്ളൂ. ഫോട്ടോഗ്രാഫറെ വിളിച്ചു, ബാക്കി ക്രൂവിനെയും. എല്ലാവരും ഒരു ദിവസത്തേയ്ക്ക് ഷൂട്ട്‌ ഷിഫ്റ്റ് ചെയ്യാൻ റെഡി.

അങ്ങിനെ രണ്ടു ദിവസത്തെ ഷൂട്ട്‌ കൂടെ കഴിഞ്ഞതിനിടയിൽ ഞങ്ങൾ കൂടുതൽ ഗെഡികളായി. അത് കഴിഞ്ഞു ഷോപ്പിംഗിനു പോയി, എല്ലാവരും ഒരുമിച്ചു ഫുഡ്ഡടിച്ച്.. രാത്രി രണ്ടിന്, ഉറങ്ങിയ കൊച്ചിയിലെ റോഡിലൂടെ സൊ ഗയാ യെ ജഗഹ് പാടി എയർ പോർട്ടീ പോയി. എന്നെങ്കിലും ഒരു ദിവസം അറിയപ്പെടുന്ന നടിയാവുന്നതിനെക്കുറിച്ച് പറഞ്ഞു. അങ്ങിനെ സംഭവിക്കാൻ ആശംസിച്ചു.

യാത്രയാക്കുമ്പോ കീർത്തി പറഞ്ഞു, "താങ്ക് യു ഫോർ എവെരിതിങ്. താങ്ക്സ് ചേട്ടൻ"..
"ങേ?"
"യെസ്"
"യേ ചേട്ടൻ കഹാ സെ മിലാ?"
"മിലാ.. ഹ ഹ.."

ഒരു മോഡൽ എന്നതിൽ വിട്ട് ഷൂട്ട് കഴിഞ്ഞാൽ കോൺടാക്ട് കീപ് ചെയ്യുന്നതേ പതിവില്ലെങ്കിലും കീർത്തി വല്ലപ്പോഴും വിളിച്ചും മെസ്സേജ് അയച്ചും അത് തെറ്റിച്ചു.

ഇടയ്ക്കു ചില നാഷണൽ ആഡുകളിൽ കണ്ടതിന്റെ അഭിനന്ദനം ഞാനറിയിച്ചു.

"നോ, ചേട്ടൻ.. ഇറ്റ്'സ് ഫോർ മൈ പോക്കറ്റ് മണി. മേരാ ഡ്രീം യാദ് ഹേ ന?"

ഒരിക്കൽ മുംബൈയിൽ ഒരു ഷൂട്ടിങ് ആവശ്യത്തിനായി പോയപ്പോൾ വിളിച്ചു. കണ്ടു മുട്ടാൻ ഒരു രക്ഷയുമില്ലാത്ത വിധം രണ്ടിടത്താണ്. സിനിമയിൽ ചാൻസ് നോക്കിയും ഓഡിഷന് അഭിനയിച്ചു തകർത്തും നടപ്പാണെത്രെ. ആൾ ദി ബെസ്റ്റ് പറഞ്ഞു ഫോൺ വച്ച്.

പിറ്റേന്ന് വൈകീട്ട് തിരിച്ചു പോരാൻ എയർ പോർട്ടിലേയ്ക്ക് തിരിക്കുമ്പോൾ ആണ് അറിഞ്ഞത് ചിത്രങ്ങളടങ്ങിയ ഡ്രൈവ് ഫോട്ടോഗ്രാഫറുടെ കയ്യിൽ പെട്ടിരിക്കുന്നു. സമയമുണ്ട്. വിളിച്ചപ്പോൾ ആളൊരു സിനിമാ സെറ്റിൽ പോയി എന്നറിഞ്ഞു. ഡ്രൈവ് കൂടെയുണ്ട് അങ്ങോട്ട് വന്നാൽ സൗകര്യമായി എന്നറിയിച്ചു.  സമയമുണ്ട്.. വണ്ടിയുമുണ്ട്..പോവാമല്ലോ. പോയി. ഒന്നൊന്നര മണിക്കൂർ യാത്ര. ഒരു തകർപ്പൻ ബംഗ്ളാവിലാണ് ഷൂട്ടിങ്. സണ്ണി ഡിയോളോക്കെ ഉണ്ടത്രേ. ഹിന്ദി സിനിമാ ഷൂട്ടിങ് കണ്ടു കളയാം എന്ന പ്രതീക്ഷ പൊളിഞ്ഞു. ഒറ്റ ആളെ കടത്തി വിടുന്നില്ല. ഒരാളോട് ചെന്ന് ഡ്രൈവ് വാങ്ങിച്ചോളാൻ പറഞ്ഞു. അതിനുവേണ്ടി തല്ലു കൂടി ഒരുത്തൻ പോയി.

പുറത്തിറങ്ങി തിരക്കില്ലാത്ത വഴിയിലൂടെ അലസം നടക്കുമ്പോൾ എതിരെ വരുന്ന ഒരു പെൺകുട്ടി ചിരിച്ചു. ങേ.. ഏയ് എന്നെയാവില്ല എന്ന റോളിൽ കാക്ക തൂറിയ ജഗദീഷിനെപ്പോലെ നിന്നു. 
"ഹായ്.. ചേട്ടൻ. ഇറ്റിസ് മി. കീർത്തി."
ഇതവളല്ലേ.. ഞാൻ വായ പൊളിച്ച്‌.

ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർക്കു പോർട്ട് ഫോളിയോ കൊടുക്കാൻ വന്നതാണെന്ന് പറഞ്ഞു.

മുംബൈ പോലൊരു മഹാ നഗരത്തിൽ കാണണം എന്നാഗ്രഹിച്ച ഒരാളെ ഒരു ചാൻസുമില്ലാതെ കണ്ടതിന്റെ സന്തോഷം, അതഭുതം..മൊത്തം ക്രൂ പരിചയക്കാരാണല്ലോ. റോഡിൽ ഒരു ഗെറ്റ് ടുഗെദർ.

പിന്നെയും കൊല്ലങ്ങൾ.
വിളിയും മെസ്സേജുമോക്കെ കുറഞ്ഞെങ്കിലും ഇടയ്ക്കു ചില ആൽബം സോങ്‌സ്, പരസ്യങ്ങൾ ഒക്കെ കണ്ട് അഭിനന്ദനങ്ങൾ എഫ്ബി വഴി വിട്ടു.

'ആരൊക്കെയാ ഇപ്പൊ ആഡ് ചെയ്യുന്നത്?' എന്ന് ചോദിച്ചപ്പോൾ ഞാൻ കുറെ സിനിമാ താരങ്ങളുടെ പേര് പറഞ്ഞു, തമാശയ്ക്ക് . 'ഹം.. ഒരിക്കൽ എന്റെ പേരും ഈ കൂട്ടത്തിൽ പറയും.. നോക്കിക്കോ'

ഇടയിൽ ഗെഡി പതിയെ തിയ്യേറ്റർലേക്ക്‌ തിരിഞ്ഞു എന്നറിഞ്ഞു. ബോക്സ്ഓഫീസിൽ വല്യ ചലനങ്ങൾ ഒന്നും സൃഷ്ടിയ്ക്കാത്ത ചില ചിത്രങ്ങളും ഇറങ്ങി. 

ഇടയിലെപ്പോഴാ "വല്യ നടിയായോ?" എന്നൊരു കളിയാക്കൽ മെയിൽ വിട്ടപ്പോൾ "ആവും, ഇപ്പോഴും ട്രൈ ചെയ്തുകൊണ്ട് ഇരിക്കുന്നു,..ജാൽ കാണൂ" എന്ന് പറഞ്ഞു. 

ജാൽ കണ്ട പലരും തരക്കേടില്ല എന്ന് പറഞ്ഞിരുന്നു. ഞാനതു അഭിനന്ദനമായി സെൻറ് ചെയ്യുകയും ചെയ്തു. പിന്നേം അഡ്രസ്സില്ല. മെസ്സേജില്ല.. വിവരമില്ല.

ഇപ്പൊ,
'പിങ്ക്', ബോളിവുഡ് തകർത്തു വാരുമ്പോ തപ്‍സിയ്ക്കും ആൻഡ്രിയയ്ക്കുമൊപ്പം ഉഗ്രൻ പെർഫോമൻസുമായി അവളുണ്ട്, കിർത്തി കുൽഹാരി ! 

സ്വന്തം ദിവസം ഒരിക്കൽ വരുമെന്ന് ഉറച്ച് വിശ്വസിച്ച് കാത്തിരുന്ന, അതിനു വേണ്ടി നിരന്തരം പരിശ്രമിച്ച പെൺകുട്ടീ..
അങ്ങിനെ സംഭവിക്കട്ടെ.
ആശംസകൾ.