Powered By Blogger

Thursday, October 5, 2023

പാമ്പും ഞാനും!

ദി  പാമ്പ്

കുട്ടിക്കാലം മുതൽ ഉള്ള ഓർമ്മകളിൽ പാമ്പുണ്ട്! 
നാട്ടിലെവിടെ പാമ്പ് വന്നാലും " "മാഷേ, രാവുണ്ണിയേട്ടന്റെ വീട്ടിലൊരു മുട്ടൻ പാമ്പ് " "നായരുടെ വിറകുപുരേല് ഒരു മൂർഖൻ" എന്നൊക്കെ പറഞ്ഞു ഏത് നിമിഷവും ആരെങ്കിലും വരികയും ഉണ്ടുകൊണ്ടിരുന്ന ഉരുള പകുതി നിറുത്തി എണീറ്റ് പോവുകയും ചെയ്തിരുന്ന അപ്പൻ ഉണ്ടായിരുന്നതുകൊണ്ട് ആവണം എനിക്ക് പാമ്പുകളോട് കൗതുകമായിരുന്നു.

അപ്പൻ തരക്കേടില്ലാത്ത ഒരു സ്നേക്ക് കില്ലർ ആയിരുന്നു! മുളം കൂട്ടത്തിൽ കയറിയൊരു പുല്ലാനി മൂർഖനെ മുള ചായ്ച്ചു എയറിൽ വച്ച് തന്നെ പുള്ള് അടിച്ചു സിക്സ് തൂക്കാൻ  താപ്പു നോക്കി നിൽക്കവേ അപ്രതീക്ഷിതമായി അപ്പുറത്ത് നിന്നിരുന്ന ബാബുവേട്ടൻ അപ്പർ കട്ട് കളിക്കുകയും അതുമൂലം തന്റെ നേരെ വന്ന ആ മൊതലിനെ പേടിച്ചു ഓടേണ്ടി വരികയും ചെയ്തതോടെ ആളുടെ വീരസ്യം ഇത്തിരി കുറഞ്ഞെങ്കിലും 'ഫിനിഷർ' റോളിൽ മോസ്റ്റ് വാല്യുവബിൾ പ്ലെയർ ആയി തുടരാൻ ആൾക്ക് സാധിച്ചിരുന്നു. 

കൊമ്പൂരിയെടുക്കാൻ കൊന്നിട്ട ആനയ്ക്ക് മുകളിൽ കാലെടുത്തു വച്ച് ഫോട്ടോയ്ക്ക് പോസ് ചെയുന്ന വീരപ്പനെപ്പോലെ തല്ലികൊല്ലപ്പെട്ട പാമ്പുകൾക്കൊപ്പം സ്വയം പ്രദർശിപ്പിക്കാൻ അപ്പന് ഒരു നാണവും ഉണ്ടായിരുന്നില്ല! കാരണം സിമ്പിൾ, വിഷമുള്ളതായാലും ഇല്ലാത്തത്  ആയാലും  എല്ലാ പാമ്പും പ്രശ്നക്കാരാണ് എന്ന വിശ്വാസം തന്നെ. സ്‌നേക് റെസ്ക്യൂ എന്നൊരു പരിപാടി അന്ന് ഇല്ലാത്തതുകൊണ്ടും പാമ്പിനെ തല്ലിക്കൊന്നാൽ കേസുവരും എന്നൊരു കീഴ്വഴക്കം ഇല്ലാതിരുന്നതുകൊണ്ടും അപ്പന്റെ കലാപരിപാടികൾ നാടെങ്ങും തുടർന്ന് പോന്നു.

തറവാട് ഭാഗം വച്ചപ്പോൾ പൈതൃകമായി കൈമാറി കിട്ടാത്തതിൽ അപ്പന് വിഷമം ഉണ്ടായിരുന്നതായി തോന്നിയിട്ടുള്ള ഒന്നേ ശ്രദ്ധിച്ചിട്ടുള്ളൂ, അപ്പന്റെ അപ്പൻ ഉപയോഗിച്ചിരുന്ന പാമ്പിനെ അടിക്കുന്ന ചൂരൽ! എന്നാലും കാലാകാലങ്ങളിൽ മിനുക്കി എടുത്ത് സൂക്ഷിച്ച പേര വടികൾ ആ കുറവ് നികത്തിപ്പോന്നു.

പ്രസ്തുത കാര്യങ്ങളാൽ വേട്ടക്കഥകൾ വായിച്ച് ജിം കോര്ബറ്റിനോട് തോന്നുന്ന പോലൊരു വീരാരാധന അപ്പനോട്  ഉണ്ടായിരുന്നതുകൊണ്ടോ എന്തോ പാമ്പുകളെ എനിക്കിഷ്ടമായിരുന്നു. പാടത്ത് 'മദിക്കാൻ' പോവുമ്പോഴോ കുളത്തിൽ ചാടി മറയുമ്പോഴോ പ്രത്യക്ഷപ്പെടുന്ന നീർക്കോലികളെ, കടിക്കാനുള്ള ടൈമിംഗ് കൊടുക്കാതെ കൈ കൊണ്ട് പൊക്കിയെടുക്കുക എന്ന കാര്യം തരം  കിട്ടുമ്പോഴെല്ലാം ചെയ്തു പോരുകയും അതിനു ഹർഷാരവം ഏറ്റുവാങ്ങുകയും ചെയ്ത ഒരു കൗമാരകാലം എനിക്ക് ഉണ്ടായിരുന്നു. ഇടയിലെപ്പോഴോ കടികളും കിട്ടിയിട്ടുണ്ട്. കടി കിട്ടിയിട്ടും അത്താഴം കഴിച്ചാലും ഒരു പുല്ലും സംഭവിക്കില്ല എന്ന തെളിവായി ജീവിക്കുന്നവനാണ് ഞാൻ.  കാലാന്തരേ അതിരാവിലെ ക്ലാസെടുത്തു  ജോലിക്കു പോവുക എന്നൊരു ശീലം ഉണ്ടായപ്പോൾ വരാന്തയിൽ പ്രത്യക്ഷപ്പെടുന്ന ചേര, മുതൽ ചുമര് പാമ്പ് വരെയുള്ള നിർദോഷകാരികളെ  നല്ലനടപ്പ് ജാമ്യത്തിൽ വിടാവുങ്ങുന്ന മാനസിക നിലയിലേയ്ക്ക് മനസ്സ് പാകപ്പെട്ടുവെങ്കിലും സൊ കോൾഡ് സൂപ്പർ ഫോർ ടീമിനോട് സ്നേഹം  പ്രകടിപ്പിക്കാൻ മനസ്സ് അങ്ങട് അനുവദിക്കാറില്ല. 

അതുകൊണ്ടു തന്നെ ഒരിക്കൽ മലയാറ്റൂർ മല കയറാൻ പോയി തിരിച്ചു വരുമ്പോൾ അപ്പന് ഒരു ചൂരൽ വാങ്ങി സമ്മാനം നൽകി. അതിനു ശേഷം, ങേ ഹേ.. അപ്പന് ദൈവം സഹായിച്ചു ഒരൊറ്റ പാമ്പിനെയും തല്ലേണ്ടി വന്നിട്ടില്ല!! അപ്പൻ മണ്മറഞ്ഞു കഴിഞ്ഞും കുറെ നാള് അത് തുടർന്നു. പിന്നെ ഒരു വരവാർന്നു, പറമ്പിൽ, കോഴിക്കൂട്ടിൽ, നാളികേരം കൂട്ടിയിട്ട സ്ഥലത്ത്, കിളിക്കൂട്ടിൽ, മീൻ വളർത്തുന്ന കുളത്തിൽ.... പക്ഷെ, അപ്പോഴേയ്ക്കും എന്റെ മനസ് ഡീസന്റ് ആയി കഴിഞ്ഞിരുന്നു. ഒരു വിധം പാമ്പുകളും അതുകൊണ്ടു രക്ഷപ്പെട്ടു. ഇപ്പോളൊക്കെ കണ്ടാൽ റെസ്ക്യൂ ചെയ്യണം എന്ന മാനസികാവസ്ഥയിലേക്ക് മാറി.

എന്ന് വച്ച് ഇത് തന്നെ അവസരം എന്നൊന്നും ഒരു പട്ടിയും.. സോറി, പാമ്പും ചിന്തിക്കരുത് എന്ന്  പറയാൻ ഈ അവസരം വിനിയോഗിക്കുകയാണ്.

ഇത്രയൊക്കെ പറയുന്ന ഞാൻ 'കോരിത്തരിച്ചു' പോയ സംഭവങ്ങൾ ഉണ്ട്! ഒരിക്കൽ കുളം വറ്റിച്ചു മീൻ പിടിക്കുന്ന ഞങ്ങൾ ഒരു ബഡാ നീർക്കോലിയെ കണ്ടു. പിന്നെ അവനെ കാണാൻ ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി, അവൻ എന്റെ കാലിൽ ചുറ്റിയിട്ടുണ്ട്. ഞാൻ വളരെ പതിയെ അവന്റെ തലയിൽ പിടുത്തമിടാൻ ഉന്നം നോക്കുന്നതിനിടയിൽ.. "അനങ്ങല്ലേടാ പാമ്പ് നിന്റെ കാലിന്റെ അടുത്തുണ്ട് ഞാൻ വെട്ടിക്കോളാ" എന്ന് പറഞ്ഞു വെട്ടുകത്തി ഓങ്ങുന്ന പാർട്ണറെ കണ്ട് ഞാൻ തോലാഞ്ചകഞ്ചുകിതനായി. (അന്ന് രോമം കാര്യമായി ഉണ്ടായിരുന്നില്ല!) 
പിന്നൊരിക്കൽ കുനിഞ്ഞു നിന്ന് എന്തോ ചെയ്യാൻ തുടങ്ങുമ്പോൾ ചെവിയുടെ സൈസിൽ തട്ടി ഇക്കിളിയാക്കുന്ന കയറ് ഞാനൊരു വലി വലിച്ചു.മുകളിലെ രണ്ടു ബട്ടൻസ് തുറന്നിട്ട അക്കാലത്ത് പാരീസ് ഫാഷൻ ഷോകളിൽ വരെ ഹിറ്റ് ആയിരുന്ന ലൂസ് ഷർട്ടിനു ഉള്ളിലേയ്ക്ക് വീണത് ഒരു പടുകൂറ്റൻ ചേര ആയിരുന്നു എന്ന് മനസിലാക്കാൻ മുണ്ടിന്റെ കുത്തഴിച്ചു സാധനം താഴെ വീഴുന്ന വരെ എടുത്ത കുറച്ചു സെക്കൻഡുകൾ.. ഹോ കുഞ്ചുകമണിഞ്ഞു എന്ന് മാത്രമല്ല പനിയും പിടിച്ചു.

അനുബന്ധം (അനു പിടിച്ചു കെട്ടിയിട്ടത്!)

"ഇന്ന് വീട്ടീ പോണില്ല."
"എന്തെ?"
"പറ്റില്ല, രണ്ടുമൂന്നു ദിവസത്തേയ്ക്കു പറ്റില്ല."
"കാര്യം പറ."
"ഭാര്യ ഇന്നലെ ഇടപ്പിള്ളീൽ പോയി നേര്ച്ച ഇട്ടു  വന്നണ്ട്. ഇനി കുറച്ചു ദിവസത്തേയ്ക്ക് ഇഴ ജന്തുക്കൾക്ക് പണിയാ :)"










Monday, August 7, 2023

പലരിൽ ചിലർ 7

7m 
Shared with Public
Public
പലരിൽ ചിലർ 7
നാട്ടിൽ തന്നെ, വീട്ടിൽ തന്നെ ഉണ്ടെങ്കിലും പുറത്ത് ഇറങ്ങി നടപ്പു കുറഞ്ഞു. അതുകൊണ്ട് തന്നെ ആളുകളെ കാണുന്നതും ഇന്ററാക്ട് ചെയ്യുന്നതും കുറഞ്ഞു. "ലീവിൽ എന്ന് വന്നു? ഇപ്പൊ ഇവിടെ ഇല്ലല്ലേ?" എന്ന് എന്റെ നാട്ടുകാർ തന്നെ ചോദിച്ചു തുടങ്ങി! പലപ്പോഴും ഞാൻ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ചിന്തിക്കാറുണ്ട്. കാലം വരുത്തുന്ന മാറ്റങ്ങൾ എന്ന് സ്വയം സമാധാനിക്കുകയും ചെയ്യാറുണ്ട്.
ഇന്നലെ, ഉച്ച കഴിഞ്ഞു ബാങ്കിൽ പോകുവാൻ ഉണ്ടായിരുന്നു. സൂട്ടർ പാർക്ക് ചെയ്ത് ഒന്നാം നിലയിലേയ്ക്ക് കയറുമ്പോൾ ആണ് ആ കാഴ്ച കണ്ടു നിന്നത്. ക്ഷീണിച്ച ഒരു വല്യമ്മ ഒരു തെരുവുനായയ്‌ക്കു പാർലെ ജി ബിസ്കറ്റ് പാക്കറ്റ് പണിപ്പെട്ടു പൊട്ടിച്ചു കൊടുക്കുന്നതായിരുന്നു അത്. ടൗണിലെ നായ്ക്കൾ എല്ലാം കൊഴുത്തു ഉരുണ്ടിരിക്കുകയാണ്. അവർക്കു വേണ്ട പോലെ ഭക്ഷണം കിട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ, നായയ്ക്ക് സ്വാഭാവികമായി തോന്നേണ്ട ആക്രാന്തമോ അക്ഷമയോ ഒട്ടുമില്ല. അവൻ വാലൊക്കെ ആട്ടി പാവം വല്യമ്മ എന്ന റോളിൽ അവരെ നോക്കിക്കൊണ്ടു നിൽപ്പുണ്ട്. അവനാണെങ്കിൽ എന്തോ ഇവനോട് പറഞ്ഞുകൊണ്ടുമിരിപ്പുണ്ട്.
ബാങ്കിലെ കാര്യം കഴിഞ്ഞു പുറത്ത് വരുമ്പോൾ ഫുട് പാത്തിൽ തന്റെ മുന്നിൽ കിടക്കുന്ന ബിസ്കറ്റുകളെ വേദനിപ്പിക്കാതെ ആസ്വദിച്ചു പതിയെ തിന്നുന്ന നായയെ കണ്ടു. സ്‌കൂട്ടറിൽ കയറുമ്പോൾ തൊട്ടടുത്ത്നിന്നൊരു ശബ്ദം.
" മോനെ, ഒരു സർവ്വത്ത് കുടിക്കാൻ കാശ് തര്വോ?"
ഞാൻ നോക്കിയപ്പോൾ നേരത്തെ പറഞ്ഞ വല്യമ്മയാണ്.
ഞാൻ അവരെ സാകൂതം നോക്കി.
"സർവ്വത്ത് കുടിക്കാൻ കാശില്ലാത്ത വല്യമ്മയാണോ പട്ടിക്ക് പാർലെ ജി വാങ്ങി കൊടുത്തത്! സ്വന്തം കാര്യം കഴിഞ്ഞിട്ട് പോരെ അതൊക്കെ?"
"അതല്ല, സർവ്വത്ത് കുടിക്കാൻ ഒരാശ, അതോണ്ടാ."
"അത് ഞാൻ തരാം. എത്രയാ വേണ്ടേ?"
"ഇരുപത് ....?"
"ശരി, പക്ഷെ, ഈ കാശുകൊണ്ട് പട്ടിക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കാനല്ലേ?! വല്യമ്മേടെ കള്ളച്ചിരി അതാണല്ലോ പറയുന്നത്.. അല്ലെ? അതല്ലേ സത്യം"
അവരുടെ കുഴിയിലായ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു പിന്നെ അത് മാഞ്ഞു.
"കുറേ ആളോള് ചുറ്റും ഉണ്ടായിരുന്ന ആളാർന്നു ഞാൻ. അന്നൊക്കെ എന്നെ എല്ലാർക്കും വേണാർന്നു. പിന്നെ, അവശതയായപ്പോ ആർക്കും വേണ്ടാണ്ടായി. വെച്ചും വെളമ്പിയും കുറെയേറെ ഊട്ടിയതാ, തിരിച്ചൊന്നും വേണ്ട.. ഇങ്ങനെ ഒരാള് ഉണ്ടെന്നു ഒന്ന്...
ഇവറ്റോളാവുമ്പോ കാണുമ്പോ അടുത്ത് വരും, സ്നേഹിക്കും. അതാ ഞാനിങ്ങനെ.."
സന്തോഷത്തിനും കുസൃതിക്കുമിടയിൽ അതിവൈകാരികതയുടെ സീൻ കയറി വന്ന സിനിമ കണ്ട പോലെ ഒരു മിനിറ്റ് ഞാൻ സ്തംഭിച്ചു പോയി. പിന്നെ, യാന്ത്രികമായി പൈസ നീട്ടി.
മനുഷ്യന് ചാവുന്ന വരെ വേണ്ട ഒന്നേയുള്ളൂ പരിഗണന. അത് ചിരിയായോ കുശലാന്വേഷണമായോ കാശുചെലവില്ലാതെ കൊടുക്കാൻ സാധിക്കുന്ന ഒന്നാണെങ്കിലും നമ്മള് പിശുക്കുന്നതിന്റെ പരമാവധി അതിൽ പിശുക്കും. നാളെകളെ കുറിച്ച് ഒട്ടും ചിന്തിക്കാതെ.

Sunday, April 23, 2023

കാന്താരാ ഓഫ് വെള്ളിടിമുക്ക് !

കാന്താരാ ഓഫ് വെള്ളിടിമുക്ക്  


"ഉച്ചക്ക് നിർത്തിക്കോ ട്ടാ. ഒന്നാമത്തേല് ഉച്ച തിരിഞ്ഞത് മഴ്യ, ത്ലാവർഷല്ലേ. പിന്നെ, ഞാണ്ടാവൂല്ല്യ " 

ജെയ്ക്കബ്ബ്‌ പറഞ്ഞത് കേട്ട് ജാതിയ്ക്കു കട വാങ്ങുന്ന പണി സുകുമാരൻ ഒരു നിമിഷം നിർത്തി.

"സുക്വേട്ടൻ നോക്കണ്ട, ഊണ് കഴിച്ചിട്ട് പോയാ മതി."

ചമ്മിയ ഒരു ചിരിയോടെ പണി തുടരുമ്പോൾ മനസ്സിലോർത്തു.

പണ്ടാരമടങ്ങാനായിട്ടു മാസത്തില് പത്ത് പന്തണ്ട് സ്ഥിരം പണി ഇവിടെനിന്നാ. രാവിലെ കഞ്ഞീം, ഉച്ചയ്ക്ക് ചോറും ഉഗ്രൻ കൂട്ടാനുകളും, ഉച്ച തിരിഞ്ഞു ചായേം കടീം. വശക്കേടാവുന്ന പണീമില്ല. അറുന്നൂറു രൂപ ദിവസക്കൂലി. 

"എണ്ണൂറും എണ്ണൂറ്റമ്പതും പറമ്പുപണിയ്ക്കു കൂലിണ്ട് ട്ടാ.'' 

എന്ന് പീറ്ററൊക്കെ പറയും. അത് നല്ലോണം പണിയണോർക്ക് മ്മക്ക് അറുന്നൂറന്നെ ഭാഗ്യം.. എന്ന് മനസിലുണ്ടെങ്കിലും 

"ആടാ, നമ്മളെ പറ്റിക്ക്യന്നെ. ഞാമ്പിന്നെ സ്ഥിരം പണി ആയോണ്ട് സഹിക്കും.'' എന്നൊക്കെ പറയുമെങ്കിലും ഇതുള്ളതു ഭാഗ്യം എന്ന് മനസ്സിൽ തന്നെ ഉപസംഹരിക്കും.    

"സുക്വേട്ടനെക്കൊണ്ട് തെങ്ങുങ്കുഴി കുത്താനൊന്നും പറ്റില്യ. അയിന് മ്മക്കെ വേറെ ആളെ വിളിക്കാം." എന്ന് ജെയ്ക്കബ്ബ് ഇന്നാളു പറഞ്ഞത് കേട്ട് കിടുങ്ങി പോയതാ. നാട്ടീന്നു ഒരെണ്ണത്തിനെ ആ പറമ്പില്   കേറ്റാതെ രണ്ടു ബംഗാളികളെ വച്ച് അഡ്ജസ്റ് ചെയ്തു! ഭാഷ അറിയുന്നോൻ വല്ലോം ആണെങ്കി നമ്മളേപ്പ തെറിച്ചൂന്നു നോക്ക്യാ മതി. എന്ന് ഇടയ്ക്കിടയ്ക്ക് ആത്മഗതം അയവിറക്കുന്നത്  കാരണം വല്യ കന്നന്തിരിവിനൊന്നും നിക്കാറില്ല.

ഉച്ചയ്ക്ക് ഇറങ്ങിയാ എന്ത് ചെയ്യും!

വീട്ടീ പോണേനെ കുറിച്ച് ചിന്തിക്കണ്ട. ആ പണ്ടാരക്കാലി ചെല്ലുമ്പോ മുതല് ചെവിതല തരില്ല്യ. എന്തേലും തിരിച്ചു പറഞ്ഞാ രണ്ടു കുരിപ്പുകളും വന്നു കയറിയാലേ ചോദ്യം ചെയ്യലായി  ഭീഷണീയായി.. കോപ്പ്.

വേൺട്രപ്പോ.. ഇപ്പൊ വീട്ടിലേയ്ക്കില്ല.

ഷെയറിട്ടു അര ലിറ്റര് വാങ്ങാൻ ഷൈജു വരണ്ടേ. അവൻ ബിവറേജിലേയ്ക്ക് നേരിട്ട് വരും. പക്ഷെ, പണി കഴിഞ്ഞു എത്തണം. ആറ് മണിയെങ്കിലും ആവും.

ഷൈജു വരുന്നു. ക്യൂവിൽ കേറുന്നു. ജവാൻ വാങ്ങി മുറിക്കുന്നു. പീതാംബരന്റെ തട്ട് കടെരെ  പിന്നിലെ പൊന്ത മാറാ പറ്റി നിന്ന് അഞ്ചു മിനിട്ടോണ്ട് പൂശുന്നു. ഓരോ കോള്ളീം ബൊട്ടീം കഴിക്കുന്നു.. അടി പൊളി. ഇതാണ് കുറച്ചു കൊല്ലങ്ങളായി തുടരുന്നത്. ഒരാളെക്കൂടി സെറ്റ് ആക്കി ലിറ്റര് തന്നെ വാങ്ങലാണ് പതിവ്. ജവാൻ വാങ്ങി വാങ്ങി ജവാൻ ഓഫ് വെള്ളിടിമുക്ക് എന്നൊരു പേരുകൂടി കിട്ടിയിട്ടുണ്ട്. 

ആ വിളി കേട്ട് കേട്ട് എംസി, കോണ്ടസ ലേബലുകളിലേയ്ക്ക് മാറ്റം നടത്തി നോക്കിയെങ്കിലും ജവാൻ ജവാൻ തന്നെ!

ഊണ് കഴിച്ചു കഴിഞ്ഞു നോക്കിയപ്പോൾ വീട്ടുകാർ എങ്ങോട്ടോ പോവാനുള്ള ഒരുക്കത്തിലാണ്. കഴിച്ച് കഴിഞ്ഞില്ലേ? പോവാറായില്ലേ?  എന്നീ  ചോദ്യങ്ങൾ  നോട്ടങ്ങളിൽ ഫീൽ ചെയ്തപ്പോൾ എണീറ്റു.

മുന്നൂറു വാങ്ങി പോക്കറ്റിൽ ഇട്ടതു അവിടെ തന്നെയില്ലേ എന്ന് ഉറപ്പു വരുത്തി. കുറച്ചു കാശുകൂടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴേ രണ്ടെണ്ണം വിടാമായിരുന്നു. ഇന്നലെ ബാക്കി ഉണ്ടായിരുന്നത് സജീവൻ തരാനുള്ള വകയിൽ എന്ന് പറഞ്ഞു ബലമായി വാങ്ങി. എന്ത് ചെയ്യാൻ. അല്ലെങ്കിലും നാട്ടുകാർക്ക് ഇപ്പൊ ഒരു വിലയുമില്ല. എല്ലാം കളഞ്ഞില്ലേ പുത്രക്കല്ലുകൾ.

മര്യാദയ്ക്ക് നാട്ടിലും വീട്ടിലും കുടിച്ചു അലമ്പുണ്ടാക്കി വാള് വച്ച് നടന്നേർന്നോനാ. പെണ്ണിനും പിള്ളേർക്കും ഒക്കെ പേടിയാർന്നു. അവളുടെ മുടിക്കുത്തിനു പിടിച്ച് കുനിച്ചു നിർത്തി എത്ര ഇടി കൊടുത്തു സന്തോഷിച്ചിട്ടുള്ളതാ. മേശക്കടിയിൽ പതുങ്ങി ഇരിക്കുന്ന പിള്ളേരെ എത്ര പ്രാവശ്യം കണ്ടിട്ടുള്ളതാ. നാട്ടുകാരെ എത്ര തെറി വിളിച്ചിട്ടുള്ളതാ.

കഴിഞ്ഞതിനു മുന്നത്തെ കൊല്ലം മീൻ ചട്ടിയെടുത്ത് വീക്കിയുടച്ച് കഞ്ഞിക്കലം തട്ടി തെറിപ്പിച്ച് പെണ്ണിന് രണ്ടെണ്ണം കൊടുക്കാൻ കയ്യോങ്ങിയതാ. 

"അമ്മയെ ഇനി തൊട്ടാൽ കൈ ഞാൻ വെട്ടും."

അലർച്ചയിൽ കിടുങ്ങി പോയി. കൈയിൽ വെട്ടുകത്തിയുമായി മൂത്തവൻ.

"തൊട്ടു നോക്കടാ ധൈര്യമുണ്ടേൽ.. "രണ്ടാമത്തവനും!

അന്നു തോറ്റു തുടങ്ങിയതാ. പിള്ളേര് തന്നെക്കാളും വലുതായതു മനസിലാക്കിയില്ലാരുന്നു. വീട്ടിൽ, പിന്നെ നാട്ടിൽ, എവിടെയും തോൽവി. ആലോചിച്ചാൽ തല പെരുക്കും. രണ്ടെണ്ണം വിടുമ്പോൾ പഴയ ഊർജ്ജം തികട്ടി  വരും.

....കൈ ഞാൻ വെട്ടും. തലയിൽ മുഴങ്ങുന്ന ശബ്ദം.

ബിവറേജിലേയ്ക്ക് നടന്നു.

"ഹയ്.. എന്ത്യേടാ ഉച്ചയ്ക്ക്? തുള്ളല് പ്രാക്ടീസു ചെയ്യാൻ പോവാ?"

തിരിഞ്ഞു നോക്കി. ശിവനാണ്. തിരിച്ചു പറയാൻ നാക്കു തരിച്ചു.

ശിവനെ തെറി വിളിച്ചതിനു മുമ്പ് കിട്ടിയ ചവിട്ടിക്കൂട്ട് ആലോചിച്ചപ്പോൾ അടക്കി. 

ആദ്യമായിട്ടല്ലെടാ നീ വെളിച്ചപ്പാട് ആവണെ, കുറച്ചു ദിവസം അടി നിർത്തി നോമ്പെടുക്കടാ. ഒരു ചൈതന്യം ഒക്കെ ഉണ്ടാവട്ടെ.

നീ പോടാ മൈ... എന്ന് മനസിലും ഉം എന്നൊരു മൂളൽ ഉറക്കെയും പറഞ്ഞു മുന്നോട്ടു നടന്നു.

വെളിച്ചപ്പാട്.. കുടുംബക്ഷേത്രത്തിലെ ഉത്സാവത്തിനു ചേട്ടനാണ് വെളിച്ചപ്പാടാവാറു പതിവ്. കഴിഞ്ഞ മാസം അങ്ങേരു തെങ്ങുങ്കുഴീല് വീണു കാലൊടിഞ്ഞു. അതോണ്ട് ആ യോഗം എനിക്ക്. പകരക്കാരൻ. ആ, അന്ന് വയറു നിറയെ കള്ളു കിട്ടും. അല്ലാണ്ട് ഒരു പ്രയോജനോം ഇല്ല. അതിനു ഞാൻ നോമ്പെടുക്കാൻ. എന്റെ പട്ടി എടുക്കും.

ഉച്ചയായതുകൊണ്ടാവണം ബിവറേജിൽ ആളില്ല. 

ശോ കാശുണ്ടെങ്കിൽ വാങ്ങി വെക്കാർന്നു. ഇനി തിരക്കാവും. ആരെങ്കിലും പരിചയക്കാർ വന്നാൽ ഫുള്ളിനുള്ള കാശ് ചോദിക്കാർന്നു. 

"ചേട്ടൻ നേരത്തെ ഇവിടെ വന്നു സ്ഥാനം പിടിച്ചോ? "തെക്കേ അങ്ങാടിയിലെ രണ്ടു പിള്ളേരാ. ഗൾഫുകാരാ.. ലീവിന് വന്നതാവും.

"നിങ്ങ എന്താ ഇവിടെ?" ഒന്ന് കാർന്നോരു കളിച്ചു  

"ഞങ്ങളൊരു ബിയറടിച്ചിട്ടു സിനിമയ്ക്ക് കേറാൻ. ചേട്ടന് വേണോ?"

"ഏയ്.. ബിയറ് ശീലല്യ"

"ചൂടല്ലേ ചേട്ടാ. ഒരെണ്ണം ഞങ്ങടെ കൂടെ ആവാം ന്നെ."

"എവിടെ ഇരുന്നു കഴിക്കും?"

"അതിനല്ലേ ഞങ്ങടെ കാറ്. എന്നിട്ടൊരു സിനിമ കണ്ടാ ഹാപ്പി". 

കുപ്പികളും കൊണ്ട് കാറിൽ പോകുമ്പോൾ അവർ വീണ്ടും വിളിച്ചു.

"ചേട്ടൻ വരുന്നുണ്ടേ വാ."

എയർ പിടിച്ച് നിന്നാ ഒന്നും നടക്കില്ല. 

അവർക്കു പുറകെ നടന്നു. ഇവരെ സോപ്പിട്ടു സിനിമയ്ക്കും കയറാം. ഏസിയിൽ ഇരുന്നു ഉറങ്ങാലോ. ഷൈജു വരുമ്പോഴേയ്ക്കും ക്യുവിലും കയറാം. കൊള്ളാം.

കാറിൽ കയറി പെട്ടന്ന് അടിച്ചു തീർത്ത് കുപ്പി കാനയിൽ നിക്ഷേപിച്ച് തിരികെ വരുമ്പോൾ യാതൊരു നാണവും ഇല്ലാതെ ചോദിച്ചു. 

"എനിക്കൂടെ സിനിമയ്ക്ക് ടിക്കറ്റെടുത്ത് തര്വോ?"

അവർ മുഖത്തോടു മുഖം നോക്കി.എന്നിട്ടു വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു "വാ. ഞങ്ങ സിനിമയ്ക്ക് ഇടയിൽ പോയെന്നു വരും. ചേട്ടൻ ഇന്നോ ടിക്കറ്റ് പിടിച്ചോ. കേറിക്കോ, ഞങ്ങ കുറച്ചു കഴിഞ്ഞേ കേറൂ."

നൈസായിട്ടു ഒഴിവാക്കുകയാ അല്ലെ എന്ന് ഏതോ സിനിമയിൽ കണ്ടത് ചോദിക്കാൻ തോന്നി. പകരം അതിനെന്താ എന്ന മട്ടിൽ ചിരിച്ചു. ഓസിനു കിട്ടുന്നവന് എന്ത് ആസിഡ്  !

പടം തുടങ്ങി. തണുപ്പിൽ ഇരുന്നു ഉറങ്ങാൻ പോയവൻ ആണെങ്കിലും സ്‌ക്രീനിൽ നോക്കി. മമ്മൂട്ടീൻ മോഹൻലാലും ഒന്നുമല്ലല്ലോ. മലയാളം ആണ് ഭാഷയെങ്കിലും ഇത് മലയാള പടം അല്ലെ? ബിയറടിച്ച് ഫിറ്റായാ!!

അപ്പുറത്ത് ഇരുന്നവനോട് ചോദിച്ചു. ഇത് മലയാളം..?

കന്നഡ ഫിലിമാ ചേട്ടാ. ഡബ് ചെയ്തേക്കണതാ. കാന്താര 

കാന്താരിയോ ?

കാന്താരാ. കാന്താരി അല്ല. ദേഷ്യം മറുപടിയിൽ കലർന്നപ്പോൾ ചോദ്യോത്തര പംക്തി നിർത്തി.

കണ്ടു കണ്ടങ്ങിരുന്നു പോയി. മൂത്രം ഡിപ്പോ പോവും എന്ന മട്ടിലും കടിച്ചു പിടിച്ച് കണ്ടിരുന്നു. ഇന്റർവെല്ലിനു മൂത്രം ഒഴിച്ച് വന്നിട്ട് വേഗം പാഠം തുടങ്ങാത്തതിന് ദേഷ്യപ്പെട്ടു.

പടം കഴിഞ്ഞു. പിള്ളേരുടെ കാറ് കിടപ്പുണ്ട്. അവർ പോയിട്ടൊന്നുമില്ല.  പോവൂല എന്ന് അറിയാലോ. കാണാത്ത മട്ടിൽ  ബിവറേജിലേയ്ക്ക് നടക്കുമ്പോൾ ഓർത്തു. കാന്താരാ കൊള്ളാലോ. ഭൂതക്കോലം.. നല്ല ഉഗ്രൻ വെളിച്ചപ്പാട്.

വെളി.. ച്ച..    പ്പാട് 

തലയിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി.

തുലാമഴച്ചാറ്റലിന്റെ ഒരു തുള്ളി മുഖത്ത് വന്നു വീണു.  ശരീരം മുഴുവൻ കോരിത്തരിച്ചു.

ചേട്ടൻ നേരം വൈക്യോ? സാധനം വാങ്ങിച്ചു. ഷൈജു ക്യുവിനു പുറത്ത് വച്ചെ വരവേറ്റു.

ഉം .. കനത്തിൽ മൂളി.

അര ലിറ്റർ ഓപീയാർ പകുതി വീതം അളന്നു കുടിച്ച് വീട്ടിലേയ്ക്കു നടക്കുമ്പോഴും ചിന്തകൾ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടേയിരുന്നു.

വീട്ടിൽ ചെന്ന് കിടക്കുമ്പോൾ തലങ്ങും വിലങ്ങും കാന്താരാ.! സ്വപ്നത്തിലും കാന്താരാ!!

ഹലോ, ജവാൻ ഓഫ് വെള്ളിടിമുക്ക്.. ഇന്ന് പണിയില്ലേ ? രാവിലെ അയൽവാസി ദിവാകരന്റെ കുശലം.

"പോവാൻ ഇറങ്ങ്വാ" 

എന്ന് ദിവാകരനോടും 'ജവാൻ അല്ലേടാ, കാന്താരാ ഓഫ് വെള്ളിടിമുക്ക്, ഞാൻ കാണിച്ച് തരാം. ഒരാഴ്ച കഴിയട്ടെ'. എന്ന് മനസ്സിലും പറഞ്ഞു. 

ഇറങ്ങാൻ നേരം ചേട്ടൻ വന്നു.

ഡാ, നാളെ പുലർച്ചെ തൊട്ടു നീ അമ്പലത്തിൽ വേണം. അടിച്ചു ഓഫായി കിടക്കരുത്. ശനിയാഴ്ചയാണ് ഉത്സവം. അന്നു രാവിലെ അമ്പലത്തിലെ പരിപാടികൾ കഴിഞ്ഞാൽ പറയെഴുന്നെള്ളിപ്പാണ്. വീടുകളിലു കയറണം. ഇത്തിരി ദേവീ ചൈതന്യം ഉണ്ടാവാൻ പ്രാർത്ഥിച്ചു കിടന്നുറങ്ങു. ബാക്കി എല്ലാം ദേവി നടത്തിക്കോളും.

തല കുലുക്കി കേട്ടു.

പട്ടി, കഴിഞ്ഞ കൊല്ലം മുഴുവൻ നാട്ടുകാരും കേൾക്കേ  ചെവി പൊട്ടുന്ന ചീത്ത വിളിച്ചവനാ. ദേവി കയറിയതാണെന്നുള്ള പറച്ചിലും. ശരിയാക്കി തരാം.

ഒന്ന് - ഒന്നര - രണ്ടു പെഗ് കണക്കിൽ  ദിവസങ്ങൾ പോയി. 

"നിങ്ങ ശരിക്കും നന്നാവ്വോ ?" 

എന്ന് ചോദിച്ചവരോട് ''എന്തോ ഒരു ദേവീ ചൈതന്യം വരുന്നുണ്ട്'' എന്ന് മാത്രം മറുപടി പറഞ്ഞു.

ശനിയാഴ്ച 

അമ്പലത്തിലെ ചടങ്ങുകൾ കഴിഞ്ഞു പറയെഴുന്നെള്ളിപ്പിനു ഒപ്പം ഇറങ്ങുമ്പോൾ സാത്വിക ഭാവം പരമാവധി വരുത്തി. അല്ലെങ്കിലും ചിലമ്പും  അരമണിയുമണിഞ്ഞു  ചുവന്ന പട്ടുധരിച്ചു കയ്യില് വാളും വാരിപ്പൂശിയ മഞ്ഞളുമൊക്കെയായി നടക്കുമ്പോൾ ഒരു വല്ലാത്ത പരിവേഷമാണ്. ഇന്നലെ വരെ പുച്ഛത്തോടെ നോക്കിയവർക്കൊക്കെ ഒരു ആരാധനാഭാവം!  ഫൂ.. മനസ്സിൽ പറഞ്ഞു. കാന്താരാ തലയിൽ മിന്നി മറിഞ്ഞു. എരപ്പകൾ ഒരു ദിവസംകൊണ്ട് ഞാൻ ദിവ്യനായെത്രെ!

മൂന്നാലു വീടുകളിൽ കല്പനകളും പരിഹാരങ്ങളും പറഞ്ഞു. ചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ തറവാട്ടിലെ സർവരും ഉണ്ട്.

കാന്താരാ..

കലി കയറി.

ചേട്ടനെ തന്നെ പിടിച്ചു.

നമുക്ക് വേണ്ട വിധം ശ്രദ്ധ തരാത്തതെന്താ?

ആവശ്യമുള്ള നേരത്ത് മാത്രം ഉപാസിച്ചാൽ മതിയോ?

പോരാ. 

ശ്രദ്ധിക്കാം.

ശ്രദ്ധിക്ക്യേ ? ആരെ ?

പിന്നങ്ങു തുടങ്ങി. വായ കഴയ്ക്കുന്നതു വരെ ചേട്ടന് കൊടുത്തു. 

ന്നാ, പറഞ്ഞത് പോലെ ഒക്കെ ചെയ്യാവോ?

ഉവ്വ് സഹോദരങ്ങളെ വേണ്ട വിധം നോക്ക്വൊ ?

ഉവ്വ..

ഹ്മ്മ്.. മ്മ് ..

കലിയടങ്ങി.

സമാധാനമായി എന്ന് താൻ  വിചാരിക്കുന്ന പോലെ തന്നെ  "ആശ്വാസമായി. തീർന്നല്ലോ '' എന്ന് അവരും  വിചാരിച്ചു കാണണം.

മനസ്സിൽ ചിരിച്ചു. കാന്താരാ എഫക്ട് മനസ്സിൽ വച്ച് ചിലയിടങ്ങളിൽ ഒന്ന് ഓടി നടക്കാനും അലറാനും മറന്നില്ല.

'സുമാരന്  ശരിക്കും ദേവി ആവേശിച്ചു ട്ടാ '

എന്ന് ആരൊക്കെയോ പറയുന്നത് കേട്ട് ഉള്ളിൽ ചിരിച്ചു.

"ദേവിക്കു ദാഹിക്കുന്നു" എന്ന് പറഞ്ഞപ്പോൾ സ്പ്രൈറ്റ് കയ്യിലുണ്ടായിട്ടും പ ച്ചവെള്ളം നീട്ടിയവനെ നോട്ട് ചെയ്തു വച്ചു!

ഇടയ്ക്കു കള്ളു കിട്ടി. കുടിച്ചു വയറു വീർപ്പിക്കാൻ ഞാനില്ല. മറ്റേതു വരട്ടെ. ഹല്ലാ പിന്നെ.


അടുത്തത് സ്വന്തം വീട്!

കണ്ടപ്പോഴേ കലി വന്നു തുടങ്ങി!

മൂന്നും കൂടെ പറക്കുട്ടയും പറയിൽ വെച്ച തെങ്ങിൻ പൂക്കുലയും ഒക്കെയായി നിൽപ്പുണ്ട്. മനസ്സ് പട പടാ ഇടിച്ചു.

വാള് പറയിൽ മുട്ടിച്ച്‌\ പിടിച്ചു. നെല്ല് പറയിലേയ്ക്ക് മൂത്ത പുത്രൻ ചൊരിയുന്നുണ്ട്. ഭാര്യ എന്ന പൂതന കൈ കൂപ്പി നിൽക്കുന്നു. ഇളയവൻ അമ്മയ്ക്കരികിൽ. 

വാള് വിറച്ചു പിന്നെ കൈകളും തുടർന്ന് ശരീരവും. കലി.. ശരിക്കും കലി  കയറിയതു തന്നെ. വീടിനു ചുറ്റും രണ്ടു വട്ടം ഓടി. അകത്തേയ്ക്കു കയറി. പിന്നാലെ അമ്മയും മക്കളും. മൂത്തവന്റെ തലമുടിയിൽ പിടിച്ചു ചുമരിൽ ഒന്ന് മുട്ടിച്ചു.

"പിതൃക്കൾക്ക് കൊടുക്കാനുള്ളതെന്താ കൊടുക്കാത്തെ?"

ഒന്നു കൂടെ മുട്ടിച്ചു.

പല്ലിറുമ്മുന്നത് മനസ്സിലാവുന്നുണ്ട്. 

ഒരടി കൊടുത്തു. 

"മിണ്ടാട്ടം മുട്ടി നിൽക്കാ? ദേവിയോട് മൊഴിയാ.".

"കൊടുക്കാം."

അലറി.

'ശരിക്കും കലി കയറീ ട്ടാ.' കാഴ്ചക്കാർ പിറുപിറുത്തു.

നീയെന്താ അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാത്തെ ?

ഇളയവന് ഒന്നു കൊടുത്തു. ചെക്കൻ പുളഞ്ഞു പോയി.

ഒന്നുകൂടെപുറത്തിറങ്ങി പറയിൽനിന്നു പൂക്കുല വലിച്ചെടുത്തു. വീണ്ടും അലർച്ചയോടെ അകത്തേയ്ക്! ഭാര്യയെ കിട്ടി. മുടിക്കുത്തിലാണ് പിടിച്ചത്.പൂക്കുല കൊണ്ട് രണ്ടെണ്ണം കൊടുത്തു.

"കുടുംബം നോക്കാതിരുന്നാ ദേവി ചൈതന്യം പോകുമെന്നറിയില്ലേ? "

ഒന്നലറി.

"കുടുംബോം കുടുംബത്തിലുള്ളൊരേം നോക്കാമോ?"

"നോക്കാം."

ഒന്നുകൂടെ കൊടുത്തു. ആഹാ, കാന്താരാ കണ്ടത് വർക്ക്‌ ചെയ്യുന്നു. എല്ലാവരും ആകെ തരിച്ചു നിൽക്കുകയാണ്. വീടിനു ചുറ്റും ഒന്നുകൂടെ ഓടി. വാഴ രണ്ടെണ്ണം വെട്ടി വീഴ്ത്തി.


'കലി അടങ്ങുന്നില്ലല്ലോ!" ആളുകൾ അതിശയം കൂറി 

ശരിക്കും ദേവി ശരീരത്തിൽ കയറിയതുപോലൊരു തോന്നൽ. 

അലറി.

ജനം നടുങ്ങി. മക്കൾ വച്ച രണ്ടു വാഴ കൂടി വെട്ടിയെറിയാൻ കൈ തരിച്ചു. എന്തിനു കുറയ്ക്കണം. ഓടിച്ചെന്നു വാഴയ്ക്ക് ഒരു ചവിട്ടു കൊടുത്തു. അത് പ്രതീക്ഷിച്ചതിലും എളുപ്പത്തിൽ അപ്പുറത്തേയ്ക്ക് മറിഞ്ഞു.

അടുത്ത നിമിഷം ദൈവികമായ ശക്തിയാൽ പാതാളത്തിലേക്കു വലിച്ചെടുക്കപ്പെട്ട പോലൊരു തോന്നൽ.

അല്ല, എങ്ങോട്ടോ അതി വേഗം പോവുകയാണല്ലോ. അയ്യോ ഇത് കിണ .. എന്ന് ചിന്തിക്കുമ്പോഴേയ്ക്കും വെള്ളത്തിനടിയിലേയ്ക്ക് പോയി. കുറച്ചു നേരത്തേയ്ക്കു ഒന്നും മനസിലായില്ല. വെപ്രാളത്തിൽ മുകളിലേക്കുയരുമ്പോൾ താൻ കിണറ്റിൽ വീണു എന്ന യാഥാർഥ്യം മനസിലായി.

മൂക്കിലും ശ്വാസകോശത്തിലും വെള്ളം കയറി. ഒരുകണക്കിന് വെള്ളത്തിനു മുകളിൽ പൊങ്ങി. മുകളിൽ നിറയെ ആളുകൾ എത്തിയിട്ടുണ്ട്.

മേല്  മുഴുവൻ നുറുങ്ങിയ വേദന. കാന്താര പണി തന്നല്ലോ, കോപ്പ്.

"കയറിട്ടു താടാ. എന്നെ കേറ്റടാ." എന്ന് നിലവിളിക്കാതിരിക്കാൻ ആയില്ല.

"കുറച്ചു കഴിഞ്ഞിട്ട് മതി. ചത്തിട്ടൊന്നുല്ല്യ. കലി നല്ലോണം അടങ്ങട്ടെ"

 എന്ന് പറഞ്ഞിട്ട് പോണ ശബ്ദം തന്റെ പെണ്ണുമ്പിള്ളേടെ തന്നെ ആണെന്നും ഞങ്ങ കയറ്റിക്കൊളളു കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞത് മക്കളാണെന്നും  തിരിച്ചറിഞ്ഞ്  ഇട്ടു തരാൻ പോകുന്ന കയറിനെ പ്രതീക്ഷിച്ച് സുകുമാരൻ - കാന്താരാ ഓഫ്  വെള്ളിടിമുക്ക് കിണറിൽ വളർന്ന തൊണ്ടി യുടെ ചില്ലയിൽ പിടിച്ച് നെടുവീർപ്പിട്ടു കിടന്നു.