Powered By Blogger

Friday, June 15, 2012

ദൈവത്തിന്റെ കൈ


ഇരുപതോളം വര്‍ഷങ്ങള്‍ക്കു മുന്പ്.
ചാളയടുക്കിയപോലെ ആളെ കുത്തിനിറച്ച ഒരു സിറ്റി ബസില്‍ തോളില്‍ തോക്കിയിട്ട പുസ്തകഭാരവുമായി ഞാന്‍ ഫുട് ബോര്‍ഡില്‍ തൂങ്ങി. പരീക്ഷാഭവന്‍ സ്റ്റൊപ്പില്‍നിന്നു കരമനയ്ക്ക് രണ്ട് കിലോമീട്ടരെ വരൂ. അതിനിടയില്‍ കുഞാലുംമൂട്  എന്നൊരു സ്റ്റോപ്പ് ഉണ്ട് താനും. വലതുകാലിന്റെ പെരുവിരല്‍ മാത്രം ഫുട്ബോര്‍ഡില്‍ തൊടീച്ചു ഒരു കൈകൊണ്ടു കമ്പിയില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന ആത്മവിശ്വാസം കുഞാലുംമൂട്  ബസ് സ്റ്റോപ്പ് ആയിരുന്നു. അവിടെ വണ്ടി നിര്‍ത്തുമ്പോള്‍ താഴെയിറങ്ങി കൈയ്യൊന്ന് കുടഞ്ഞു ഉഷാറായാല്‍ കരമന വരെ വീണ്ടും തൂങ്ങാം. പക്ഷെ, എന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി! ആ സ്റ്റോപ്പില്‍ വണ്ടി നിറുത്തിയില്ല. കൈ വേദനിച്ചു തുടങ്ങി. പിന്നീടുള്ള ഓരോ സെക്കന്ടിലും കൈക്കുഴയിലും ചുമലിലും വേദന കൂടിക്കൂടി വന്നു. മറ്റേ കൈ കൊണ്ട് എന്തെങ്കിലും ചെയ്യാനുള്ള ശ്രമവും വിഫലമായി. ഞാന്‍ വിയര്‍ത്തു. കൈ പറിഞ്ഞു പോകുമെന്ന രീതിയില്‍ വേദന അനുഭവിച്ചു. മനസ്സില്‍ ദൈവത്തെ വിളിച്ചു. പിടിവിട്ടു താഴെ വീഴുമെന്ന അവസ്ഥയിലേയ്ക്ക്  തരിച്ചു തുടങ്ങിയ കയ്യുടെ ബലം കുറയുന്നത് എനിക്ക് മനസ്സിലായി. ഓടുന്ന വണ്ടിയില്‍നിന്ന് വീണാല്‍.. ഈശ്വരാ.. അപ്പനും അമ്മയും പെങ്ങളും കൂട്ടുകാരുമൊക്കെ ഒരു കൊള്ളിമീന്‍ പോലെ മനസ്സിലൂടെ മിന്നി മറഞ്ഞു.

പെട്ടെന്ന്...
കമ്പിയില്‍നിന്നു പിടുത്തമയഞ്ഞു തുടങ്ങിയ എന്‍റെ കൈവിരലുകളില്‍ വളയിട്ട ഒരു കൈ മുറുകെ അമര്‍ന്നു. ആ സ്പര്‍ശം മതിയായിരുന്നു എനിക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനുള്ള അര കിലോമീറ്ററോളം പിന്നിടാന്‍.
പിന്നെ, ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ഓര്‍ത്തിരിക്കാനും എവിടെയെങ്കിലും ദൈവത്തിന്റെ കൈ ആവാന്‍ അവസരം പ്രതീക്ഷിക്കാനും.. 

Tuesday, June 12, 2012

പിങ്ക് സ്കൂട്ടിയില്‍ വരുന്ന പെണ്ണ്

കാറെടുത്തിറങ്ങാന്‍ തോന്നിയ നേരത്തെ മനസ്സില്‍ തെറി വിളിച്ചു. കുറച്ചു സാധനങ്ങള്‍ വീട്ടിലേയ്ക്ക് വാങ്ങിക്കാനുള്ളത് കൊണ്ട് മാത്രമാണ് ഈ അതിക്രമത്തിനു നിര്‍ബന്ധിതനായത്.  സാധാരണയായി ഇരുചക്ര ശകടമോ കേയെസാര്ടീസി കനിഞ്ഞു നല്‍കിയ ആനവണ്ടിയോ ആണ് പതിവ്. ഈ സാധനം പുറത്തെടുക്കുന്നത് കുടുംബസമേതമുള്ള യാത്രകള്‍ക്ക്, അല്ലെങ്കില്‍ വിദേശത്തുനിന്നു വല്ലപ്പോഴും വരുന്ന ഉറ്റ സ്നേഹിതന് വേണ്ടി. അല്ലാത്തപ്പോള്‍ 'ഈ വീട്ടുകാരന്‍ ഒരു ഫ്യൂഡല്‍ മാടമ്പിയാണെ'ന്നു വിളിച്ചു പറയാനുള്ള സിംബലായി മുറ്റത്ത് വിശ്രമം തന്നെ. എല്ലാത്തിലുമുപരി, പ്രഷര്‍ ചെക്ക് ചെയ്യാന്‍ എയടിച്ചുകേറ്റുമ്പോള്‍ ബാരോമീട്ടരില്‍ ഉയരുന്ന രസം പോലെ പൊങ്ങിപ്പൊങ്ങി പോകുന്ന ഇന്ധനവിലയും.

വണ്ടിയുടെ ഹോണിനോപ്പം ഒരു നെടുവീര്‍പ്പിട്ടു. വാച്ച് നോക്കി. ഓഫീസിലെത്താന്‍ സമയമുണ്ട്. റോഡില്‍ അത്യാവശ്യം ട്രാഫിക് ഉണ്ട്. മുമ്പ് തീരെ തിരക്കില്ലാത്ത വഴിയായിരുന്നു. മിഷന്‍ ഹോസ്പിറ്റല്‍ ട്രാന്സ്ഫോം ചെയ്തു സ്വാശ്രയ മെഡിക്കല്‍ കോളേജ് ആയപ്പോളുണ്ടായ മാറ്റമാവാം. ചെറിയ ബ്ലോക്കുകള്‍ വരുമ്പോള്‍ ടൂ വീലറുകള്‍ കുത്തിക്കയറി പോകുന്നുണ്ട്. 

''ഇവന്മാരോക്കെയെന്താ സര്‍ക്കസുകാരോ!'' 

മിക്കപ്പോഴും റോഡില്‍ 'മരണക്കിണര്‍' നടത്താറുള്ള ആളാണെങ്കിലും മനസ്സില്‍ തികട്ടലായി ഈര്‍ഷ്യ വന്നു നിറഞ്ഞു. അതല്ലെങ്കിലും അങ്ങിനെയാണ്. കാറിലിരിക്കുമ്പോള്‍ ബൈക്കുകാരനോടു, ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കാല്നടക്കാരനോട്,  ബസില്‍ സീറ്റ് കിട്ടിയാല്‍ മേല്‍  ചാരുന്നവനോടു..... ഹ ഹ.. ഞാന് ഒട്ടും മോശമല്ല. റിയര്‍വ്യൂമീട്ടര്‍ അഡജസ്റ്റ് ചെയ്തു എന്നെ തന്നെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു. 

മുന്നിലെ മിനി ലോറി ബ്രേക്കിട്ടു, ഞാനും. മുന്നില്‍ എന്തോ ചെറിയ പ്രശ്നമുണ്ട്. എത്തി നോക്കുന്നതിനിടയില്‍ ഒരു ഓട്ടോറിക്ഷ ഞെങ്ങി ഞെരുങ്ങി എന്റെ വലതു വശത്ത് വന്നു നിന്നു. 
'ഈ ശവി എങ്ങോട്ടാ കേറുന്നത്' എന്ന ഭാവത്തില്‍ ഞാനും 'നീ പോടാ തെണ്ടി' എന്ന ഭാവത്തില്‍ ഓട്ടോ ഡ്രൈവറും പരസ്പരം കണ്ണുകൊണ്ട് യുദ്ധം ചെയ്തു. ഇടതു വശത്തുകൂടെ ഒന്നു രണ്ട് ബൈക്കുകള്‍ മുന്നോട്ടു പോയി. മിനി ലോറിയിലെ ബ്രേക്ക് ലൈറ്റ് കെട്ടു. ഞാനോ നീയോ എന്ന കണക്കില്‍ ഓട്ടോക്കാരനും ഞാനും മുന്നോട്ടു നീങ്ങി. എതിരെ ഒരു ബസു വരുന്നത് കണ്ട് ഓട്ടോക്കാരന്‍ എയര്‍ പിടുത്തം വിട്ട്‌ എന്നെ ദയനീയമായി നോക്കി. 

'അങ്ങിനെ വഴിക്ക് വാ..' ഞാന്‍ ഉദാരനായി.

ഒന്ന് ചവിട്ടി ഇടതു വശത്തേയ്ക്ക് മാറ്റി. പെട്ടെന്ന് മിന്നല്‍ പോലൊരു രൂപം കാറിന്റെ ഇടതു വശത്ത് കൂടെ തലനാരിഴ വ്യത്യാസത്തില്‍ മുന്നിലെത്തി. ബ്രേക്കില്‍ അറിയാതെ ചവിട്ടിപ്പോയി. ആദ്യം നോക്കിയത് പുറകിലേയ്ക്കാണ്. വല്ലവനും വന്നു മൂട്ടില്‍ ചാമ്പിയോ എന്ന അന്വേഷണം! ഹാവൂ.. തൊട്ടു പുറകില്‍ വേറെ വണ്ടിയോന്നുമില്ലാഞ്ഞത് ഭാഗ്യം. 

"ആര്‍ടെ  അമ്മയ്ക്ക് വായുഗുളിക മേടിക്കാനുള്ള പാച്ചിലാടാ..."
എന്‍റെ ശബ്ദം 'ടാ'യില്‍ വച്ചു സ്റ്റക്ക് ആയി.  കാരണം, എന്നെ പേടിപ്പിച്ചു മുന്നില്‍ കയറിയ ആ സ്കൂട്ടര് ഓടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നു! എന്റെ പൊളിച്ച വായ അടയ്ക്കാന്‍ സമയം തരാതെ കാറ്റിലൂളിയിടുന്ന പട്ടം പോലെ അവര്‍ മിന്നല്‍ വേഗതയില്‍ കാറിനും ഓട്ടോയ്ക്കുമിടയിലൂടെ വലതു വശത്തേയ്ക്ക് കയറുകയും മുച്ചക്രമൂപ്പനെ ഓവര്‍ ടെക്ക് ചെയ്തു എതിരെ വരുന്ന ബസിനും മിനി ലോറിയ്ക്കും ഇടയിലൂടെ മുന്നോട്ടു കുതിയ്ക്കുകയും ചെയ്തു.

"ഇവളാള് പുലിയാണല്ലോ."

വായടച്ചു ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്നിട്ട് സ്വാഭാവികമായ ജിജ്ഞാസയോടെ ഓട്ടോയും മിനി ലോറിയും മറി കടന്നു  അവരുടെ പുറകിലെത്തി.'അഭ്യാസി'യുടെ വണ്ടി ഒരു സ്കൂട്ടിയായിരുന്നു. പിങ്ക് കളര്‍. കറുത്ത ഹെല്മെറ്റ് വച്ചിരുന്ന യാത്രക്കാരി വെളുപ്പില്‍ വയലറ്റ് പൂക്കളുള്ള ചുരിദാറും ഡീപ്പ് വയലറ്റ്  ബോട്ടവും അണിഞ്ഞിരുന്നു. വലിയ ചുരുളുകളുള്ള മുടി പുറം നിറയെ. ഇടത്തരം ശരീര പ്രകൃതി. ഒരു കോളേജ് വിദ്യാര്‍ഥിനിയുടെ രൂപഭാവങ്ങള്‍ ആയിരുന്നില്ല. അതിനേക്കാള്‍ ഇത്തിരി കൂടെ പ്രായം കാണണം. സാധാരണ സ്ത്രീകളുടെ പോലെ മസില് പിടിച്ച രീതിയില്‍ ഉള്ള ഡ്രൈവിംഗ് രീതി വിട്ട്‌, റോഡിലെ ചെറിയ ഗട്ടറുകള്‍ പോലും ഒഴിവാക്കി വെള്ളത്തിനു മുകളിലെറിഞ്ഞ  പാളിക്കല്ല് പോലെ അവളങ്ങിനെ തെന്നിയും തെറിച്ചും അനായാസം പോകുന്നത് ഞാന്‍ കൌതുകത്തോടെ കണ്ടു.

'കൊള്ളാലോ.. '
ഏമ്പക്കം പോലോരാത്മഗതം പൊന്തി വന്നു.  ഇനി കുറച്ചു സ്ട്രെയ്റ്റ് റോഡാണ്. സ്പീഡു കൂട്ടി സ്കൂട്ടിയ്ക്കൊപ്പമെത്തുമ്പോളാണ് അവളുടെ പറന്നു നടക്കുന്ന ഇളം വയലറ്റ് ഷാള്‍ ശ്രദ്ധിച്ചത്. 

'ഈ പെണ്ണിന് ഇതൊന്നു കെട്ടിയിട്ടൂടെ.. എവിടേലും കൊളുത്തി പ്പിടിച്ചാല്‍..'

സ്കൂട്ടിയെ മറി കടക്കുമ്പോള്‍ ഞാന്‍ അവളുടെ മുഖം നോക്കി. കൂളിംഗ് ഗ്ലാസ്സ് വച്ചിട്ടുള്ളതുകൊണ്ട് കാണാനുള്ളത് മൂക്കും വായും മാത്രം!

'ഹും.. ശെ.. കൊതിപ്പിച്ചു.'

അടുത്ത വളവില്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസിനു പിന്നില്‍ എന്റെ ശകടം പതുങ്ങി. സ്കൂട്ടിക്കാരി അനായാസമായി എന്നെയും ബസിനെയും കടന്നു പോയി. അവളുടെ ഷാള്‍ ബസില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പറന്നത് ഞാന്‍ ഇത്തിരി പേടിയോടെ കണ്ടു. വീണ്ടും സ്പീഡു  എടുത്ത് അവള്‍ക്കു പുറകിലെത്തി. ഒരു ഹോണ്‍ അടിച്ചു. മിററിലൂടെ പുറകിലെ പരാക്രമിയെ നോക്കിയിട്ട് യാതൊരു മൈന്ടും ഇല്ലാതെ അവള്‍ പ്രയാണം തുടര്‍ന്നു. വെറുതെ ഒരു രസത്തിനു വീണ്ടും സ്കൂട്ടിയെ ഓവര്‍ ടെ യ്ക്ക് ചെയ്തു, മിററിലൂടെ ആ വരവ് ആസ്വദിച്ചു. അനായാസമാണ് ആ ഡ്രൈവിംഗ്. സാധാരണ സ്കൂട്ടര്‍ യാത്രക്കാരികളില്‍നിന്നു വ്യത്യസ്തം. ആസ്വദിച്ചു ഡ്രൈവ് ചെയ്യുന്നു. പക്ഷെ പറക്കുന്ന ഷാള്‍...
'അതൊന്നോതുക്കി വയ്ക്കൂ' എന്ന് അവളോട് പറയണമെന്ന് തോന്നി. അതെന്റെ ഒരു ശീലമാണ്. ഫ്യുവല്‍ ടാങ്ക് അടയ്ക്കാന്‍ വിട്ടു പോകുന്ന വണ്ടികള്‍, ഡോര്‍ ശരിക്കടഞ്ഞിട്ടില്ലാത്ത കാറുകള്‍, പാറി നടക്കുന്ന ഷാളണിഞ്ഞ സ്ത്രീകള്‍ സഞ്ചരിക്കുന്ന ബൈക്കുകള്‍ തുടങ്ങിയവ എന്‍റെ മുന്നറിയിപ്പുകള്‍ക്ക് പലപ്പോളും വിധേയമായിട്ടുണ്ട്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുകയും ചെയ്തിട്ടുണ്ട്. 

അവള്‍ ഒപ്പമെത്തുമ്പോള്‍ മുന്നറിയിപ്പ് കൊടുത്തു അഭിമാനിക്കാന്‍ കാറിന്റെ വേഗത കുറച്ചു ഞാന്‍ ഗ്ലാസ് താഴ്ത്തി. എന്നെ നിരാശനാക്കിക്കൊണ്ട് ഇടതു വശത്തൂടെ അവള്‍ കയറിപ്പോയി. 'ആഹ .. അത്രയ്ക്കായോ. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ.. ' വീണ്ടും അവളെ മറികടന്നു. ഇത്തവണ അവള്‍ തല തിരിച്ചു നോക്കുന്നത് ഞാന്‍ കണ്ടു. ഹോസ്പിറ്റലിനപ്പുറത്തെ ക്രോസ്സിങ്ങില്‍  നീണ്ട നിര വണ്ടികള്‍ കിടക്കുന്നു. ബ്ലോക്കാണ്. വണ്ടി ന്യൂട്രലാക്കി, ഹാന്‍ഡ്‌ ബ്രേക്ക് വലിച്ചു. തോട്ടടുത്ത്‌കൂടെ സ്കൂട്ടി ഒഴുകിയെത്തി. കാറിനു മുന്നിലായി സ്ഥലം പിടിച്ചു. ഞാന്‍ ഹോണ്‍ അടിച്ചതിനോപ്പം തന്നെ അവള്‍ തിരിഞ്ഞു എന്നെ നോക്കി. 

"ആ ഷാള്‍ ഒന്ന് കെട്ടൂ.."
 ആംഗ്യത്തിലൂടെ ഞാന്‍ പറഞ്ഞു.

"ഓ.. സോറി."
ഷാളിന്റെ സ്ഥാനം നോക്കി അവള്‍ പറഞ്ഞു.
ഒരിക്കല്‍ കൂടി  എന്നെ തിരിഞ്ഞു നോക്കി "താങ്ക്യൂ "പറഞ്ഞു. എന്നിട്ട് സ്കൂട്ടി കാറിനു മുന്‍പിലെ ഇത്തിരി സ്ഥലത്തുകൂടെ ഇടതു വശത്തേയ്ക്ക് ഓടിച്ച് നിര്‍ത്തി.ബ്ലോക്ക് മാറി വണ്ടികള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ റോഡരികില്‍ നിര്‍ത്തിയ സ്കൂട്ടിയിലിരുന്നു ഷാളിന് കെട്ടിടുന്ന അവളെ ഞാന്‍ മിററിലൂടെ കണ്ടു. സ്വരാജ് റൌണ്ടിലെ തിരക്കുകളിലെയ്ക്ക് കടക്കുമ്പോള്‍ എന്‍റെ ഒപ്പമെത്തി ഒരു ഹോണടിച്ച് ശ്രദ്ധ ക്ഷണിച്ച് ഒരു പുഞ്ചിരിയും സമ്മാനിച്ച് അവള്‍ തിരക്കില്‍ മറഞ്ഞു പോയി.
ചുണ്ടില്‍ അറിയാതെ ഒരു ചിരി വിടര്‍ന്നു.

പിറ്റേന്ന്, ബൈക്കില്‍ യാത്ര തുടങ്ങുമ്പോള്‍ അതേ വഴിയും ആ സമയവും തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് തലവെട്ടിച്ചുള്ള നോട്ടവും   ചിരിയുമായിരുന്നു. അന്നത്തെയും പിറ്റെന്നത്തെയും യാത്രയില്‍ അവള്‍ക്കു വേണ്ടിയുള്ള എന്‍റെ പരതലുകള്‍ അനന്തമായി നീണ്ടു പോയി. തെരച്ചില്‍ മതിയാക്കാനും, 'ആകസ്മികമായി കണ്ടുമുട്ടിയ സ്കൂട്ടിപ്പെണ്ണ്' എന്ന് മനസ്സില്‍ അടിവരയിടാനും ഞാന്‍ തീരുമാനിച്ചു. അവളെ പിടികിട്ടാപ്പുള്ളിയാക്കി മനസ്സില്‍ കേസ് ചാര്‍ജ്ജു ചെയ്തു. ന്യൂസ് പേപ്പറിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ ദിവസങ്ങള്‍ക്കുള്ളില്‍ അത് ചിന്തയില്‍നിന്നു വിട്ടുപോയി. ആഴ്ചയുടെ ബാക്കിയുള്ള ദിവസങ്ങളില്‍ ബസിലായിരുന്നു യാത്ര. അതിനടുത്ത തിങ്കളാഴ്ച, ഹോസ്പിറ്റലിനു മുന്നിലെ സ്ഥിരം ബ്ലോക്കില്‍ ചെന്ന് നിന്ന എന്‍റെ ബൈക്കിനു തൊട്ടടുത്ത്‌ പിങ്ക് സ്കൂട്ടി വന്നു. അതവളായിരുന്നു. തൊട്ടടുത്തായതുകൊണ്ട് ഒരു പാളിനോട്ടം ആണ് നടത്തിയത്. പച്ച ചുരിദാര്‍, വെള്ള ബോട്ടം, ഹെല്‍മെറ്റും കല്ലട ബസിന്റെ മിറര് പോലത്തെ ഗ്ലാസും ചേര്‍ന്നു മോന്തായം മുക്കാലും മറച്ചിട്ടുണ്ട്‌!. ഇത്തിരി ഇരുണ്ട നിറം. ഒരു ഇരുപത്തഞ്ചു വയസ്സിനു താഴെ..... മനസ്സില്‍ റിസള്‍ട്ട് വന്നു. എഴുപതു മാര്‍ക്ക്..  കൊള്ളാം. ഞാന്‍ തിരിച്ചറിഞ്ഞെങ്കിലും അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടില്ലെന്നു മനസ്സിലായി. 

വണ്ടികള്‍ പതുക്കെ നിരങ്ങി നീങ്ങിത്തുടങ്ങി.. എന്റെ മുന്നിലേയ്ക്ക് കയറാന്‍ സ്കൂട്ടിപ്പെണ്ണ്‍  ശ്രമം നടത്തി.. അപ്പോളാണ് ഞാന്‍ കണ്ടത്. ഷാള്‍ ഇന്നും പറത്തിയിട്ടിരിക്കുന്നു. ഇത്തിരി നീങ്ങിയ വണ്ടികള്‍  വീണ്ടും നിന്നു. ഒപ്പമെത്തിയപ്പോള്‍  ഞാന്‍ മുഖം തിരിച്ചു അവളെ നോക്കി. അവള്‍ തല വെട്ടിച്ചു എന്നെയും. യാതൊരു മുഖവുരയുമില്ലാതെ ഞാന്‍ ചോദിച്ചു..
"ശീലമാല്ലേ ?"

"എന്ത്?"

"ഈ ഷാള്‍ പറത്തി യാത്ര ചെയ്യല്"

അവള്‍ എന്നെ സൂക്ഷിച്ചു നോക്കി. ഞാന്‍ തുടര്‍ന്നു.
"കഴിഞ്ഞ ആഴ്ച ഏകദേശം ഇതേ സ്ഥലത്ത് വച്ചു ഞാന്‍ പറഞ്ഞിരുന്നു."

അവള്‍ എന്തോ ഓര്‍ക്കാന്‍ ശ്രമിച്ചു..
"ഓ.. സോറി. ഞാനത് വിട്ടു പോയി... താങ്ക് യു.. ഇനി ഒരിക്കലും മറക്കില്ല."

ഷാളിന്റെ തുമ്പുകള്‍   കൂട്ടിക്കെട്ടിക്കൊണ്ട് അവള്‍ പറഞ്ഞു.

"മറക്കാതിരുന്നാല്‍ അവനവനു കൊള്ളാം." ഞാന്‍ ചിരിച്ചു..

അപ്പുറത്ത് ഹെല്മെറ്റിനുള്ളില്‍ തൌസന്റ് വാട്സ് ചിരി തെളിഞ്ഞു.
ബ്ലോക്ക് മാറി വണ്ടികള്‍ പിന്നെയും മുന്നോട്ടു നീങ്ങി. ഞാന്‍ എന്റെ തിരക്കിലെയ്ക്കും അവള്‍ അവളുടെ തിരക്കിലെയ്ക്കും അലിഞ്ഞു ചേര്‍ന്നു.

പിന്നീട് ആ വഴിയ്ക്ക് പോകുമ്പോള്‍ തുമ്പുകള്‍ കൂട്ടിക്കെട്ടിയ ഷാളുമായി പിങ്ക്  സ്കൂട്ടിയിലെ പെണ്ണ്‍    ചിലപ്പോലെല്ലാം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒന്നോ രണ്ടോ പ്രാവശ്യം ചിരി കൈമാറി. ഒരു പ്രാവശ്യം "ഷാള്‍ കെട്ടിയിട്ടുണ്ടെന്നു' എന്നെ ആംഗ്യത്തില്‍ കാണിച്ചു തന്നു. ഞാന്‍ ഒരു 'തംസ് അപ്' ആംഗ്യം തിരികെ നല്‍കി. ഈ സ്കൂട്ടിയും ഹെല്മെട്ടുമില്ലാതെ അവളെ തിരിച്ചറിയാനേ  പോണില്ലെന്ന് ഞാന്‍ മനസ്സില്‍ മൂന്നു വട്ടം ലേലം വിളിച്ചുറപ്പിച്ചു.

ഏകദേശം രണ്ട് മാസങ്ങള്‍ കഴിഞ്ഞു കാണും. യാത്രയ്ക്കിടെ മുഖത്ത്  വീണതു മഴത്തുള്ളി തന്നെയാണെന്ന് ഉറപ്പിച്ചു ബൈക്കിനു വേഗത കൂട്ടി, സമയത്തിനു ഓഫീസ് കീഴടക്കല്‍ യാത്ര ആവേശഭരിതമാക്കുകയായിരുന്നു ഞാന്‍. വളവിനുമപ്പുറത്തെയ്ക്ക് റോഡ്‌ ക്രോസ് ചെയ്തു ഒന്ന് രണ്ട് പേര്‍ ഓടുന്നത് കണ്ടു വേഗത കുറച്ചു. അങ്ങോട്ട്‌ അടുക്കും തോറും ഹൃദയം അകാരണമായി ഭയപ്പെടുന്നത് ഞാനറിഞ്ഞു. അവിടെ, പഴന്തുണിക്കെട്ടു പോലെ ഒരു സ്ത്രീ കമിഴ്ന്നു വീണു കിടപ്പുണ്ടായിരുന്നു. ചെരിപ്പും ബാഗും അതില്‍നിന്നു വീണുചിതറിയ സാധനങ്ങളും റോഡില്‍ പലയിടങ്ങളിലായി കണ്ടു. ഒന്ന് രണ്ട് വണ്ടികള്‍ നിറുത്തി ആള്‍ക്കാര്‍ കാഴ്ച കാണുന്നുണ്ട്. എന്‍റെ മുന്നിലൂടെ ഒടിയെത്തിയ  ആളുകള്‍ ഒരു അകലം പാലിച്ചു നിന്നു. റോഡ്‌ ക്രോസ് ചെയ്യുന്നതിനിടയില്‍ ഏതോ വണ്ടി തട്ടിയതാവും എന്ന് മനസ്സില്‍ ഉറപ്പിച്ച്‌ ഞാന്‍ ബൈക്ക് സൈഡൊതുക്കി ഓഫാക്കി സ്ടാണ്ടിലിട്ടു. ഹെല്മെറ്റൂരി ലോക്ക് ചെയ്തിട്ട് അപകടം സംഭവിച്ചിടത്തെയ്ക്ക് നടക്കുമ്പോള്‍ ഒന്നു രണ്ട് പേര്‍ ആ സ്ത്രീയെ എഴുന്നേല്‍പ്പിക്കാന്‍ എന്താ ചെയ്യേണ്ടതെന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മറ്റോരാള്‍ ചിതറി വീണ സാധനങ്ങള്‍ പെറുക്കി കൂട്ടുന്നു. പെട്ടെന്ന് ഞാന്‍ രംഗം ഏറ്റെടുത്തു. റോഡില്‍ മുട്ട് കുത്തി വളരെ ശ്രധയോടെ അപകടത്തില്‍ പെട്ട സ്ത്രീയെ തിരിച്ചു കിടത്തിയപ്പോള്‍ ചുറ്റും കൂടിയിരുന്നവരില്‍നിന്നു 'ശ്' എന്നൊരു ശബ്ദമുയര്‍ന്നു. കാരണം ആ സ്ത്രീയുടെ മുഖം മുഴുവന്‍ ചോരയായിരുന്നു. മുഖം മാത്രമല്ല ശരീരം മുഴുവന്‍. പുരികം മുറിഞ്ഞു ചോര ഒഴുകിക്കൊണ്ടെയിരിക്കുന്നു. പല്ല് കൂട്ടിയിടിച്ചു ചുണ്ടിലും പൊട്ടലുണ്ട്. കൈയ്ക്ക് ഒടിവുണ്ടെന്നു തോന്നുന്നു.

"ആരെങ്കിലും ആംബുലന്‍സ് വിളിക്കൂ... ആക്ടിന്റെ നമ്പരില്‍ വിളിച്ചാല്‍ മതി." ഞാന്‍ വിളിച്ചു പറഞ്ഞു. 

അപകടം പറ്റിയ സ്ത്രീയ്ക്ക് ബോധമില്ലായിരുന്നു. കുനിഞ്ഞിരുന്നു ആരോ നീട്ടിയ വെള്ളം ഞാനവരുടെ മുഖത്ത്‌ തളിച്ചു. അസഹനീയമായ വേദനയില്‍ ആ സ്ത്രീ ഒന്നു ഞരങ്ങി. ചുറ്റും കൂടിയവരുടെ കാലുകല്‍ക്കിടയിലൂടെ എന്‍റെ നോട്ടം ഒരു വസ്തുവില്‍ ചെന്ന് നിന്നു. അത് റോഡില്‍ വീണു കിടക്കുന്ന ഒരു പിങ്ക് സ്കൂട്ടിയായിരുന്നു. ഗ്ലാസ്‌ പൊട്ടിയൊരു കറുത്ത ഹെല്മെറ്റും അതിനടുത്ത് കിടപ്പുണ്ടായിരുന്നു. എന്‍റെ മനസ്സില്‍ വെള്ളിടി വെട്ടി. ഈശ്വരാ.. ഞാന്‍ ആ സ്ത്രീയെ നോക്കി. ഇത്.. ഇതവളല്ലേ? സ്കൂട്ടിയില്‍ വരുന്ന പെണ്ണ്? തലമുതല്‍ കാലുവരെ വൈദ്യുതിയേറ്റ പോലെ ഒരു വികാരം എനിക്കുണ്ടായി. ഷാളിന്‍തുമ്പിലെ കെട്ടു കൂടി കണ്ടപ്പോള്‍ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. അര നിമിഷം കൊണ്ട് ഞാന്‍ വിയര്‍ത്തു. നെറ്റിയിലെ ആഴത്തിലുള്ള മുറിവില്‍നിന്നു  വന്നിരുന്ന രക്തം അവളുടെ തല താങ്ങിയിരുന്ന എന്‍റെ കയ്യിലൂടെ ഒഴുകി റോഡില്‍ നൂല് പോലൊരു ചാല് തീര്‍ത്തു. സമനില വീണ്ടെടുത്തു ആ ഷാള്‍ ഞാന്‍ ഊരിയെടുത്തു. അതിന്‍റെ തുമ്പിലെ കെട്ടഴിച്ചു അവളുടെ തല ചെറുതായി ഉയര്‍ത്താന്‍ ഒരാളുടെ സഹായം ചോദിച്ചു. തലയ്ക്ക് ചുറ്റിലുമായി അമര്ത്തി കെട്ടുമ്പോള്‍ എന്‍റെ വളരെ വേണ്ടപ്പെട്ട ആര്‍ക്കോ ആണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന തോന്നലില്‍ എന്‍റെ കണ്ണ് നിറഞ്ഞു. കഴുത്തും തലയും തണ്ടലുമനങ്ങാതെ അവളെ റോഡരികിലെയ്ക്ക് മാറ്റിക്കിടത്തുമ്പോളും കിതച്ചെത്തിയ ആമ്പുലന്‍സിലേയ്ക്ക് കയറ്റുമ്പോളും എന്‍റെ മനസ്സ് വിങ്ങി. 'ദൈവമേ ഇതവളായിരിക്കരുതെ' എന്നും 'ആണെങ്കില്‍ തന്നെ ഗുരുതരമായ പരിക്കുകള്‍ ഒന്നും ഉണ്ടായിരിക്കരുതേ' എന്നും പ്രാര്‍ഥിച്ചു. ഹെല്‍മെറ്റും ഗ്ലാസും വച്ച സ്കൂട്ടിപ്പെണ്ണിന്റെ മുഖവും ചോരയില്‍ കുതിര്‍ന്ന ഈ മുഖവും ആയിരം വട്ടം മനസ്സില്‍ താരതമ്യപ്പെടുത്തി. സ്കൂട്ടിയുടെ നമ്പര്‍ നോക്കി വെയ്ക്കാത്തതിനെയും മറ്റെന്തെങ്കിലും അടയാളം സൂക്ഷിക്കാഞ്ഞതിനെയും മനസ്സില്‍ പ്രാകി. സ്കൂട്ടി, കറുത്ത ഹെല്മെട്റ്റ്, എല്ലാത്തിലുമുപരി ഷാളിലെ കെട്ട്...  കൂടുതല്‍ വിലയിരുത്തലുകളും അത് പിങ്ക് സ്കൂട്ടിയില്‍ വരാറുള്ള പെണ്ണ് തന്നെ എന്ന അനുമാനത്തില്‍ വന്നു നിന്നു. 

കൂട്ടം കൂടിയവര്‍ ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി. ആരാണ് ആംബുലന്‍സില്‍ കയറി കൂട്ട് പോയതെന്നോ അവരുടെ വീട്ടില്‍ അറിയിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്നൊക്കെ ചിന്തിക്കുന്നതിനിടയില്‍ പോലീസെത്തി. പെരുക്കികൂട്ടിയ സാധനങ്ങള്‍ അവര്‍ ഏറ്റെടുത്തു. വണ്ടിയുടെ അരികിലേയ്ക്ക് ഒരു പോലീസുകാരന്‍ നീങ്ങി. മറൊരു പോലീസുകാരന്‍ ചുറ്റും കൂടിയവരോടു എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാന്‍ തൊട്ടടുത്ത വീട്ടില്‍ നിന്നു എത്തിച്ച് നോക്കിയിരുന്ന ചേച്ചിയോട് ഒരു ബക്കറ്റ്‌ വെള്ളം വാങ്ങി കയ്യിലായ ചോര കഴുകിക്കളഞ്ഞു വരുമ്പോള്‍ ഫോണ്‍ ചിലച്ചു. 

"ഹലോ, എത്തിയോ?" ഒഫീസില്‍നിന്നാണ്.

"ഇല്ല.. എന്തെ..?"

"വേഗം വരൂ.. ബോസ് അര മണിക്കൂറിനുള്ളില്‍ ഇറങ്ങും. കുറച്ചു ദിവസം ഉണ്ടാവില്ല. എന്തോ കാര്യങ്ങള്‍ പറയാനാ"

ഫോണ്‍ ഒരൊറ്റ വീക്ക് വച്ചു കൊടുക്കാന്‍ തോന്നി. 

"പണ്ടാരമടങ്ങാനായിട്ട് ...  ബെസ്റ്റ് നേരം, അങ്ങേര്‍ക്കു തെണ്ടാന്‍ പോവാന്‍.." മനസ്സില്‍ പ്രാകി മനസ്സിലാമാനസ്സോടെ വണ്ടിയെടുത്തു.

ഒരാവശ്യവുമില്ലാത്ത മീറ്റിങ്ങായിരുന്നു. അങ്ങേരു ഇറങ്ങിയതിനു പിന്നാലെ പെര്‍മിഷനും വാങ്ങി ഇറങ്ങി. പോകുന്ന വഴിക്കുള്ള ഒരാശുപത്രിയില്‍ കയറി അന്വേഷിച്ചു. അങ്ങിനെ ഒരു കേസ് അവിടെ വന്നിട്ടില്ല. ആക്ടിന്റെ ഓഫീസില്‍ കയറി. രാവിലത്തെ കാര്യം പറഞ്ഞു. "ആ ഡ്രൈവര്‍ ഇനി നാളെയെ വരൂ" എന്ന മറുപടി കിട്ടി. എന്തായാലും അവളെ തപ്പി പിടിക്കണം. മനസ്സ് ഊര്‍ജ്വസ്വലമായി. മെഡിക്കല്‍ കോളേജില്‍ എന്ക്വയരിയില്‍ ഒരു കുന്നു ജനം. പരിചയമുള്ള ഒരു അറ്റന്‍ഡരെ വിളിച്ചു നോക്കിച്ചു. നോ രക്ഷ. ഇവിടെയല്ല. ഇനിയിപ്പോ എങ്ങോട്ടായിരിക്കും കൊണ്ട് പോയിരിക്കുന്നത്. എങ്ങോട്ട് കൊണ്ട് പോയാലും ഞാന്‍ തപ്പിപ്പിടിക്കും.. മനസ്സ് തീരുമാനമെടുത്തു. അവസാന കൈക്ക് പോലീസ് സ്റ്റേഷനില്‍ പോയി അന്വേഷിച്ചാലും കുഴപ്പമില്ല. എന്തായാലും പോയി കാണണം, കാര്യമറിയണം.  ബൈക്ക് മുന്നോട്ടു നീങ്ങി. 

അപകടം നടന്ന സ്ഥലത്തെത്തുമ്പോള്‍ അങ്ങിനെയൊരു കാര്യം സംഭവിച്ചിട്ടില്ലാത്ത രീതിയില്‍ റോഡും പരിസരവും. വെള്ളം തന്ന വീട്ടില്‍ ചെന്ന് ബെല്ലടിച്ചു. അമ്പത് വയസ്സോളം തോന്നിക്കുന്ന ഒരു ചേട്ടന്‍ വന്നു വാതില്‍ തുറന്നു.

"എന്ത്യേ? ഇവിടൊന്നും വേണ്ട" അയാള്‍ വാതിലടയ്ക്കാന്‍ ഭാവിച്ചു.

"ങേ!.." ഞാന്‍ ഒന്നമ്പരന്നു. പിന്നെ സമചിത്തത വീണ്ടെടുത്തു.

"ഹലോ..
ഞാന്‍ ഒന്നും വില്‍ക്കാനോ തരാനോ വന്നതല്ല ചേട്ടോ. കാലത്ത് ഇവിടെ ഒരു ആക്സിടന്റ്റ് ഉണ്ടായി. അതിനെ കുറിച്ച് ഒരു കാര്യം അന്വേഷിക്കാന്‍ വന്നതാ"

അയാള്‍ എന്നെ അടിമുടി നോക്കി. പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി.
"നിങ്ങള് പോലീസീന്നാ? 
ഈസ്റ്റ് സ്റെഷനിലെ കൊണ്സ്ട്ടബിള്‍ തോമാസ് എന്‍റെ ക്ലാസ്മേറ്റാ.. . പിന്നെ വൈഫിന്റെ അനിയത്തിയുടെ എളേമ്മേടെ മോന്‍ ...."

"എന്‍റെ പോന്നു ചേട്ടാ.. ഞാന്‍ പോലീസല്ല" ഞാന്‍ ഇടയില്‍ കയറി.
"രാവിലത്തെ അപകടത്തിനെക്കുരിച്ചു എന്തെങ്കിലും അറിയുമോ എന്ന് ചോദിക്കാന്‍ വന്നതാ. ഞാന്‍ അവരെ ആംബുലന്‍സില്‍ കയറ്റും വരെ ഉണ്ടായിരുന്നു. അപ്പൊ തന്നെ പോകേണ്ടി വന്നതുകൊണ്ട് പിന്നെ എന്താ ഉണ്ടായേ എന്ന് അറിഞ്ഞില്ല.  ഈ വീട്ടിലെ ചേച്ചിയാ എനിക്ക് വെള്ളം തന്നത്. അപ്പോള്‍ എന്തെങ്കിലും കൂടുതല്‍ അറിയാന്‍ വഴിയുണ്ടാവുലോ എന്ന് കരുതി."

"ഓ.. എന്തോരം അപകടങ്ങള് നടക്കണ്.. 
മ്മളതൊക്കെ നോക്കാന്‍ പോവാ? 
അല്ല.. ഞാന്‍ ഉണ്ടായിരുന്നൂം ഇല്ല്യ. വൈഫാണെങ്കി കാലത്തന്നെ മോള്‍ടെ വീട്ടീ പോയി"

വരണ്ടായിരുന്നു എന്നു തോന്നി.
"ശരി.. ചേട്ടാ" എന്നു പറഞ്ഞു പടിയിറങ്ങി.

അപകടം നടന്ന റോഡിനിരുവശത്തും വേറെയുള്ളത് കുറച്ചു സ്ഥാപനങ്ങളാണ്. അതൊന്നും രാവിലെ തുറന്നിട്ടില്ലായിരുന്നു. കുറച്ചു അപ്പുറത്തായി ഒരു പെട്ടിക്കടയുണ്ട്. വെന്തിങ്ങയിട്ട ഒരു വല്യപ്പന്‍ ആണ് കടയില്‍. കാര്യം പറഞ്ഞു.
"ആ പെന്കൊച്ചല്ലേ? അതിനെ മോളില് ലൈട്ടിട്ട വണ്ടീല് കാലത്തന്നെ കൊണ്ടോയീതല്ലേ"

"അതേ... എങ്ങോട്ടാ കൊണ്ടോയീതെന്നു അറിയാമോ?"

"ആര്‍ക്കറിയാം. പോലീസല്ലേ കൊണ്ടോയത്. ഒരു കണക്കിന് നന്നായി. പിന്നിലെ തൂങ്ങി നടക്കാണ്ട് ഒത്തു."

"ആ വണ്ട്യോ?"

"അതും പോലീസ് തന്നെ കൊണ്ടോയി." ഒന്ന് നിറുത്തി വല്യപ്പന്‍ എന്നെ സൂക്ഷിച്ചു നോക്കി.

"കാലത്ത് ആ കൊച്ചിന്റെ തല കെട്ടീത്‌ മോനാ..  ല്ലേ?"

"അതേ, നമ്മുടെ മുന്നില്‍ ഉണ്ടായ അപകടമായ കാരണം അറിയാന്‍ ഒരു താല്പര്യം...
അല്ല വെല്യപ്പാ.. എങ്ങിന്യാ അപകടം ഉണ്ടായീത്?"

"അഹമ്മത്യന്നെ.. 
വണ്ടീമ്മേ ഉള്ള പോക്കന്നെ ശെര്യല്ല. 
പിന്നില്‍ ഒരു വെല്യ വണ്ടി വന്നു ഹോറന്‍ അടിച്ചാ കിളി പോണ പെണ്ണുങ്ങള് ചക്രത്തുംമേ കേറിയാ പിന്നെ പറക്ക്വല്ലേ. 
ഇട്ടേക്കണതോ  ഒരു ഉത്തരീയോം അതുമ്മേ ഒരു കെട്ടും."

ഞാന്‍ കൂടുതല്‍ ജിജ്ഞാസുവായി.

"ഈ കൊച്ചു ഒരു ഒട്ടര്‍ഷേനെ എടതുവശത്തൂടെ കടന്നു പോരാര്‍ന്നു. 
അപ്പൊ ദേ, ദവടെ ഒരു പെട്ടിവണ്ടി നിര്ത്തീണ്ടാര്‍ന്നു. 
അതിലെന്തോ വീട്ടുസാധനങ്ങളും വെറകുമൊക്കെ ഉണ്ടാര്‍ന്നു. അതില്‍, ഉടുപ്പിന്റെ രണ്ടാം മുണ്ട് കൊളുത്തി."

"ഷാളോ?"

"ആ ആ കുന്തം തന്നെ. 
അറ്റത്തു കെട്ടിട്ടില്ല്യാര്‍ന്നൂന്നു വച്ചാ കൊഴപ്പം ഉണ്ടാവില്ലാര്‍ന്നു. ആ കെട്ടുമ്മഴാ തടഞ്ഞു.  
ഓടണ ആള്‍ടെ തലമുടീമ്മേ പിടിച്ചു വലിച്ചിട്ട പോലയായി."

"ഈശ്വരാ.."
എന്‍റെ തല മരവിച്ചു . ദേഹം തളര്‍ന്നു. ഷാളിലെ കേട്ട് ഒരു വില്ലനായി എന്‍റെ മുന്നിലെത്തി. സ്കൂട്ടിപെണ്ണിനോടു പറഞ്ഞു ഷാളില്‍ കെട്ടിടുവിച്ച നേരത്തെ മനസ്സില്‍ ശപിച്ചു.

"മോന്തെമ്മേ ആകെ പരിക്കാ. 
ചാവോന്നില്ല്യാന്നു തോന്നുണ്.." തളര്‍ന്ന മനസ്സുമായി തിരിച്ചു നടക്കുമ്പോള്‍ പുറകില്‍ വല്യപ്പന്‍ തുടരുന്നത് കേട്ടു.

ഞാനാണല്ലോ ഈ അപകടത്തിന്റെ യഥാര്‍ത്ഥ കാരണക്കാരന്‍ എന്ന ചിന്ത കൂടം കൊണ്ടടിച്ചു കയറ്റിയത് പോലെ എന്‍റെ ഉള്ളില്‍ കയറിക്കഴിഞ്ഞു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതിനെ ഓര്‍ത്തു ഞാന്‍ സ്വയം കുറ്റപ്പെടുത്തി. ക്ലൈമാക്സിലെത്താന്‍ പോകുന്ന സിനിമയിലെ മാറിമാറിക്കാണിക്കുന്ന രംഗങ്ങള്‍ പോലെ മെമ്മറി ലോസ് മുതല്‍ മരണം വരെയുള്ള ചിത്രങ്ങള്‍ എന്‍റെ തലയില്‍ ഓടിക്കളിച്ചു. അവള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ആശുപത്രിയില്‍ ചെന്ന് ഇനി എങ്ങിനെ കാണും..? ആവളുടെ നോട്ടത്തെ എങ്ങിനെ നേരിടും? ചിന്തകള്‍  എന്നെ ഒരു ഭീരുവാക്കി.

"ഗെടീ.. ആ പെണ്ണിന്റെ വിവരം വല്ലോം അറിഞ്ഞാ?"

ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങുമ്പോ ഒരു ചെറുപ്പക്കാരന്‍ അടുത്തെത്തി എന്നോട് ചോദിച്ചു.
രാവിലെ എന്നെ കണ്ടതായിരിക്കണം. 
'ഇതൊരു കുരുക്കാണോ?' അനാവശ്യമായ ഒരു ചിന്ത മനസിലൂടെ പാഞ്ഞു.

"ഞാനോ? എനിക്കെങ്ങിനെയറിയാന്‍?" 
ഒരു നിമിഷം കൊണ്ട് ഉല്‍പ്പത്തി പുസ്തകത്തിലെ കായേന്‍ ആയി മാറി ഞാന്‍ മറുപടി പറഞ്ഞു.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു തിരികെ പോരുമ്പോള്‍ സ്കൂട്ടിയില്‍ വരുന്ന പെണ്ണിനെ അന്വേഷിക്കുക എന്ന കാര്യം മനസ്സില്‍നിന്നു ഞാന്‍ മായ്ച്ചു കളഞ്ഞു.

അന്നുച്ചയിലെ പത്രങ്ങളും പിറ്റേന്നത്തെ ന്യൂസ് പേപ്പറും അരിച്ചു പെറുക്കി, ലോക്കല്‍ കേബിളുകളില്‍ പരതി ആ പെണ്ണ് മരിച്ചിട്ടില്ലെന്ന് ഞാന്‍ ഏകദേശം ഉറപ്പു വരുത്തി.
'പേടിച്ചു തൂറി' എന്ന് സ്വയം വിളിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ വഴിയ്ക്കുള്ള പോക്ക് നിറുത്തി! സൈഡ്‌ സ്റ്റാന്ഡ് തട്ടാതെ പോകുന്നവരെയും ഇന്ടിക്കെട്ടര്‍ ഓഫ് ചെയ്യാതെ പോകുന്നവരെയും മനപൂര്‍വ്വം മൈന്‍ഡ് ചെയ്യാതായി.എന്‍റെ മാത്രം ലോകമായി യാത്രകള്‍ മാറി.
ഇടയ്ക്കിടെ തികട്ടി വന്ന കുറ്റബോധത്തെ, 'ഞാന്‍ അതിനെന്തു തെറ്റ് ചെയ്തു?' എന്ന മറു ചിന്തയാല്‍ അടിച്ചമര്‍ത്തി.
"അവള്‍ടെ പോക്ക് കാണുമ്പോ തന്നെ തോന്നിയിരുന്നു.. ലക്കും ലഗാനുമില്ലാത്ത പോക്കാന്ന് ..
ഷാളില്‍ കെട്ടിട്ടിരുന്നില്ലെങ്കിലും അവള് വീണേനെ.." തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ ഞാന്‍ സ്വയം പറഞ്ഞു. എങ്കിലും ചോരയില്‍ കുതിര്‍ന്ന ആ മുഖവും പഴന്തുനിക്കെട്ടുപോലുള്ള ആ കിടപ്പും എന്‍റെ ഉറക്കം കളഞ്ഞു.കുറ്റബോധം ഇടയ്ക്കെങ്കിലും എന്റെ  മുട്ടുന്യായങ്ങളെ തല്ലിയൊതുക്കി.

ആറേഴു ദിവസങ്ങള്‍ക്കു ശേഷം.. മറൊരു പ്രഭാത യാത്രയില്‍, മാര്‍ക്കറ്റിനുമുന്‍പുള്ള സര്‍ക്കിളില്‍ കയറുമ്പോള്‍ ക്രോസ് റോഡിലെ വണ്ടികള്‍ക്ക് പോകാന്‍ സ്റ്റോപ്പ് കാണിചിടത്ത് വണ്ടി നിറുത്തി.


"ഹലോ.. ഹെല്‍മെറ്റിന്റെ സ്ട്രാപ് റ്റൈറ്റ് ചെയ്യാതെ യാത്ര ചെയ്യുന്നതും നല്ല ശീലമല്ലാ ട്ടോ."

തൊട്ടടുത്തുനിന്നു ആരോ എന്നോടു പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.
യക്ഷിക്കഥകളിലെ ദേവതാ പ്രത്യക്ഷം പോലെ..  
മുള്ളുള്‍ക്കിടയില്‍  വിരിഞ്ഞ സുന്ദരപുഷപം പോലെ..
നീറ്റലുകള്‍ക്ക്  മുകളില്‍ വീശിയ തണുത്ത ഇളം കാറ്റുപോലെ..
ഒരു വിസ്മയരൂപം..

അതവളായിരുന്നു.. 
പിങ്ക് സ്കൂട്ടിയില്‍ വരുന്ന പെണ്ണ്!!


ഞാന്‍ അന്തം വിട്ട്‌ അവളെ അടിമുടി നോക്കി. 
പിങ്ക് സ്കൂട്ടി, ഹെല്മെറ്റ്, കണ്ണട..  ഷാളിന്റെ തുമ്പു കെട്ടിയിട്ടുണ്ട്!

"അപ്പോള്‍, തനിക്കല്ലേ... കഴിഞ്ഞ ആഴ്ച..
അപകടം സംഭവിച്ചത്..."? എന്‍റെ വാക്കുകള്‍ വിക്കി വിക്കി പുറത്ത് വന്നു..

"അപകടമോ? എനിക്കോ? ഹ ഹ.. "
അവള്‍ ഒരു പ്രത്യേക ചിരി ചിരിച്ചു.

"എന്നെ ഉപദേശിച്ചു നന്നാക്കിയ ആളല്ലേ?! എന്തായാലും ആ സ്ട്രാപ് റ്റൈറ്റ് ചെയ്യൂ.."

അമ്പരന്നു നിന്ന എന്നില്‍ ഒരു വിറയല്‍ സമ്മാനിച്ചു കൊണ്ട് നീങ്ങിതുടങ്ങിയ വണ്ടികള്‍ക്കിടയിലൂടെ അവള്‍ തെന്നിത്തെറിച്ചു നീങ്ങി!