Thursday, October 27, 2011

ക്വാളിറ്റി

ഓഫീസിലെ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍..

"അവന്‍ ആള് കണ്ടാ ഒരു വെലയില്ലാത്തോനാണെങ്കിലും ക്വാളിറ്റി ഉള്ളോനാ.
എ മാന്‍ വിത്ത്‌ സം ക്വാളിട്ടീസ്.. പക്ഷെ, മറ്റവനുണ്ടല്ലോ.. അവനു ഡിസ്ക്വാളിറ്റികളെ ഉള്ളൂ.."

"എന്തൂട്ട് ഭാഷയാട ഇത്? ഡിസ് ക്വാളിറ്റിയോ? അങ്ങിനെ ഒരു വാക്കില്ല.."

"ക്വാളിഫിക്കേഷന്‍ ഓപ്പോസിറ്റ് ഡിസ്ക്വാളിഫിക്കേഷന്‍..
ക്വാളിറ്റി ഓപ്പോസിറ്റ് ......
ശരിയാണല്ലോ.. ശെ ഞാന്‍ പറഞ്ഞത് തെറ്റാ.."

"അപ്പോള്‍ ക്വാളിറ്റിയുടെ ഓപ്പോസിറ്റ് എന്താ..?"

പ്രശ്നം വേറൊരു തലത്തിലേയ്ക്ക് കടന്നു.
മറ്റേ ചര്‍ച്ചയില്‍ പങ്കെടുക്കാത്തവരും ഇതില്‍ സജീവമായി.
പല വാക്കുകളും സംഭാവന ചെയ്യപ്പെട്ടുകൊണ്ടിരുന്നു..
ചൂട് പിടിച്ച നിര്‍ദേശങ്ങള്‍.. തിരുത്തലുകള്‍..

"അയ്യേ..
ക്വാളിറ്റിടെ 
പോസിറ്റ് അറിയാത്ത നിങ്ങളൊക്കെ തൃശ്ശൂക്കാരാണോ?"
ഡ്രൈവര്‍ ശിവന്‍.

എല്ലാവരും നിറുത്തി.

"എന്നാ പിന്നെ നീ പറയെടാ.. ക്വാളിറ്റിടെ 
പോസിറ്റ് എന്തൂട്ടാ?"

"ദേ.. ചൊറി വര്‍ത്താനം പറയാനാ ഭാവംന്നു വച്ചാല്‍ തലേമേ മേട് കിട്ടും ട്ടാ.."

"ഒന്ന് പോയെ അവടന്ന്.. എനിക്കോറപ്പുള്ളതന്ന്യാ ഞാന്‍ പറയോള്ളോ..
ക്വാളിറ്റിടെ ഓപ്പോസിറ്റ് മെട്രോ.. എന്ത്യേ?"

"മേട്രോയോ? എന്ത് മെട്രോ?"


"കൊടുക്കടാ അവന്റെ നടുപോറത്തോരെണ്ണം."

"വരട്ടെ, വരട്ടെ..
അതല്ലാണ്ട് പിന്നെന്താ?
എന്‍റെ മെക്കട്ട് കേറനെലും മുന്‍പ് എനിക്കും അറിയണല്ലോ.."

"അതറിയാഞ്ഞിട്ടല്ലേ ഞങ്ങള് ഇവിടിരുന്നു സംസാരിക്കണേ..
ഇനി മേലാല്‍ ഈ വഴി വന്നു പോവരുത്.."

"ഓ.. നിങ്ങള് വല്യ വിവരക്കാര്..
വേണേ പോയി നോക്ക്.. അപ്പൊ അറിയാം സത്യം ഞാന്‍ പറഞ്ഞതന്ന്യാന്നു."

"എന്ത് നോക്കാന്‍?"

"ക്വാളിറ്റി ലോട്ടറി എജെന്സിയുടെ ഓപ്പോസിറ്റ് നല്ല ചക്ക വലുപ്പത്തില്‍ മെട്രോ ഷൂസ്ന്നു ബോര്‍ഡു എഴുതി വെച്ചണ്ട്..
എന്‍റെ ഗെട്യാ ആ കടേലെ സെയില്‍സ്മാന്‍. ഞാന്‍ ദിവസോം നിര്‍ത്തി വര്‍ത്താനം പറയണതാ..
ആ എന്നോട് അതല്ലാന്നു..
പടം കാണണ പെട്ടീടെ മുന്നില്‍ ചടഞ്ഞു ഇരുന്നാ മാത്രം പോരാ പൊറത്തിറങ്ങി ഒന്ന് നടക്ക്..."

Sunday, October 23, 2011

പടക്കങ്ങള്‍ !!

പടക്കങ്ങള്‍ എന്നും എന്‍റെ വീക്നെസായിരുന്നു!
നിങ്ങളില്‍ പലരും  അതെ വീക്നെസ് ഉള്ളവരാനെന്നറിയാം. 
എന്‍റെ ഓര്‍മ്മയില്‍നിന്നു ഒന്ന് രണ്ട് അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നു..

ഒന്ന്.

ഒരു കൊല്ലം വിഷുവിനു ഞാന്‍ എന്‍റെ സുഹൃത്തുക്കള്‍ടെ വീട്ടിലെത്തി. 
പടക്കം പോട്ടിക്കലാണ് ലക്‌ഷ്യം.
ഞാന്‍ മാത്രമല്ല, അഞ്ചാറു പേര്‍ വേറെയുണ്ട്. 
"ശബ്ദമുള്ളതൊക്കെ വീട്ടീന് പുറത്തു"..ഓമനെച്ചി - കൂട്ടുകാരന്റെ അമ്മ പറഞ്ഞു.
അവരുടെ വീടിന് മുന്‍പില്‍ ഉള്ള റോഡില്‍ പടക്കം പൊട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു പെട്ടി വാണം അവതരിപ്പിക്കപ്പെട്ടു.
"വാണം അപകടാ.. റോഡിന്‍റെ രണ്ട് സൈഡിലും വീടുകളാ.. ചെരിഞ്ഞു പോയാല്‍ പണിയാവും ട്ടാ.." തുടങ്ങിയ മുന്നറിയിപ്പുകള്‍ ഞാനടക്കമുള്ളവര്‍ പുച്ചിച്ചു തള്ളി.
വാണം തീ കൊളുത്താന്‍ സ്ടാണ്ട് ആയി വെക്കാന്‍ കുപ്പിയെടുക്കാന്‍ പോയവനെ അക്ഷമയാല്‍ തഴഞ്ഞു, ഇത്തിരി മണ്ണ് കൂട്ടി അതില്‍ വാണം കുത്തിവച്ചു ഞാന്‍ തീ കൊളുത്തി!
രണ്ടടി പൊങ്ങിയ വാണം ഇന്ഗ്ലിഷ് സിനിമേല് മിസ്സൈല്‍ പോകുന്നപോലെ സുഹൃത്തുക്കള്‍ക്ക് നേരെ വെട്ടിത്തിരിയുകയും രണ്ട് വശങ്ങളിലുമുള്ള മതിലുകളില്‍ ഇടിച്ചും തട്ടിയും അവര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു.
ഗെടികള്ടെ ഓട്ടവും വെപ്രാളവും കണ്ട് പൊട്ടിച്ചിരിച്ച എന്‍റെ നേരെ തൊട്ടടുത്ത നിമിഷം അത് പാഞ്ഞു വന്നു!
'അയ്യോ' എന്നലറിക്കൊണ്ടോടിയ എന്നെ കളിയാക്കി കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു.
വാണം ഒന്ന് നിന്ന്, കഴുത്തോടിച്ചിട്ട കോഴിയെപ്പോലെ റോട്ടില്‍ കിടന്നു പിടഞ്ഞു.
എന്നിട്ട്, അണയാന്‍ നേരെത്തെ 'തന്തയില്ലാപ്പണി' കാണിച്ചു.
'ട്ടോ'  എന്ന് ഒരു പൊട്ട്!
എന്നിട്ട് ആത്മഹത്യാ സ്ക്വാഡിലെ തീവ്രവാദിയെപ്പോലെ അതിന്റെ തീചീളുകളാല്‍  കൂട്ടി വച്ചിരിക്കുന്ന ബാക്കി വാണങ്ങളെ ആശ്ലേഷിച്ചു!
ബാക്കി എന്തോക്കെയുണ്ടായെന്നു എഴുതുന്നില്ല.

എന്റമ്മേ...
അന്ന് ഞങ്ങള്‍ ഓടിയ ഓട്ടം.. 
ചുറ്റുമുള്ള വീടുകളീന്നു കിട്ടിയ വിഷുകൈനീട്ടം.. 
ഹോ മറക്കില്ല.

അന്ന് തുടങ്ങിയതാ സുഹൃത്തുക്കളെ, വാണത്തിനോടു ഒരു ഇറവറന്‍സ്! 
...............................................................................................................

രണ്ട് 

കഴിഞ്ഞ കൊല്ലം പിണ്ടി പെരുന്നാളിന്...
വഴിയമ്പലം കപ്പെളയുടെ മുന്നില്‍,

മുകളിലേയ്ക്ക് 'ശും ശും' ന്നു പോകുന്ന ഇരുന്നൂരെണ്ണമുള്ള ചൈനീസ് വാണങ്ങള്ടെ പെട്ടിക്കു തീകൊളുത്തി..
പോട്ടിത്തുടങ്ങും മുന്‍പ് ഒരു 'രാജ വെമ്പാല' വന്നു ആ പെട്ടിയെടുത്ത്‌ തലയില്‍ വച്ചു!
തലയില്‍ നിന്ന് സാധനങ്ങള്‍ മുകളില്‍ പോയി പൊട്ടിത്തുടങ്ങി.
ആളുകള്‍ ആദ്യം അമ്പരന്നു, പിന്നെ.. ആസ്വദിച്ചു!
കാവടിയാട്ടക്കാരന്‍ കേന്ദ്ര കഥാപാത്രമായ പോലെ, മിടുക്കന്‍ അതങ്ങ് ആസ്വദിച്ചു.
കാലുകൊണ്ട്‌ ഒന്ന് രണ്ട് ചുവടു വച്ചു.

"താഴെ വെക്കട.."


"എന്ത് മറ്റതണ്ടാ കാണിച്ചേ"


തുടങ്ങിയ സംഘാടകരുടെ ആക്രോശങ്ങളും ഓരോന്നും മോളിലെയ്ക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന ചൂടും പുകയും വെമ്പാലയെ പെട്ടി താഴെ ഇറക്കാന്‍ പ്രേരിതനാക്കി.
അപ്പോളാണ് പ്രശ്നം തുടങ്ങിയത്..
തല ചരിക്കുമ്പോള്‍, പെട്ടി ചരിയുമ്പോള്‍.. ഓരോന്നും ആളുകളുടെ ഇടയിലേയ്ക്കു!
ഒരെണ്ണം ചരിഞ്ഞു പോയി തെങ്ങിന്റെ മണ്ടേല്.. അവിടെ ഒരു തീ പിടുത്തം.

വട്ടം കൂടി നിന്നവര്‍ അന്തം വിട്ടോടി.
തോക്ക്മെടുത്ത് പാഞ്ഞ രാധാകൃഷ പിള്ളയെപ്പോലെ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ വെമ്പാലയുടെ  പരാക്രമം!
പൊലീസുകാരടക്കം ആരും ലവന്റെ ചുറ്റുവട്ടത്തില്ല!

തലമുടിക്ക് വരെ തീ പിടിച്ച്, പെട്ടി താഴെ ഇറക്കാന്‍ വെമ്പല്‍ കൊണ്ട അവനോടു
മതിലിനു പിറകിലോളിച്ച സംഘാടകര്‍ മുന്‍പത്തെ വാക്ക് മാറ്റി അലറി..

"--- മോനെ, താഴെ ഇറക്കിയാല്‍ നിന്റെ കയ്യും കാലും ഞങ്ങള്‍ തല്ലിയൊടിക്കും"

..........................................................................................................................................
ദീപാവലി മുന്നറിയിപ്പ്!!
സൂക്ഷിക്കുക. ആവേശം പടക്കങ്ങളോടല്ല വേണ്ടൂ!!

Wednesday, October 19, 2011

വിദ്യാരംഭം

ഞായറാഴ്ച കുര്‍ബാനയുടെ പ്രസംഗത്തിനവസാനം അച്ഛന്‍ പറഞ്ഞു..
"കുട്ടികളെ അടുത്ത ഞായറാഴ്ച രാവിലെ ഏഴു മണിക്ക് എഴുത്തിനിരുത്താനുള്ള ദിവസമാണ്. മുന്‍പ് വിളിച്ചു പറഞ്ഞിരുന്നു.. ഇനിയും ആരെങ്കിലും ഉണ്ടെങ്കില്‍ വേഗം പേര് തരേണ്ടതാണ്. അക്ഷരം പഠിച്ചു തുടങ്ങുന്നതിനു മുന്നോടിയായി പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ മണലില്‍ യേശു എന്നെഴുതി വിദ്യാരംഭം കുറിക്കുന്നത് വളരെ നല്ല കാര്യമാണ്. കുട്ടികള്‍ക്ക് ദൈവാനുഗ്രഹം ലഭിക്കും..........."
എനിക്കെന്തോ ചുമ വന്നു. 

ബോര്‍ അടിക്കുമ്പോള്‍ അത് പതിവാ. 
പള്ളിക്കകത്തുനിന്നും പതിയെ പുറത്തിറങ്ങി. പ്രസംഗം അവസാനിച്ചപ്പോള്‍ വീണ്ടും അകത്തു കയറി.

കുര്‍ബാന കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുമ്പോള്‍ എന്‍റെ പ്രിയ സുഹൃത്ത് ചോദിച്ചു.
"ഇത് വരെ പേര് കൊടുത്തിട്ടില്ലല്ലോ.. കൊടുക്കണ്ടേ?"

മുകളില്‍ നിന്ന് താഴേയ്ക്ക് നീണ്ട ഒരു നോട്ടവും ഒരു ബെസ്റ്റ് മൂളലും തിരികെ കിട്ടിയതില്‍ അവള്‍ സായൂജ്യമടഞ്ഞു!


വീട്ടില്‍ ചെന്നപ്പോള്‍ ചോദ്യം വേറെ സ്ഥലത്ത്നിന്നെത്തി..
"അടുത്ത ആഴ്ച രാവിലത്തെ കുര്‍ബാനയ്ക്ക് കുട്ടനേം കൊണ്ട് പൊക്കോ. എഴുത്തിനിരുത്തണ്ടേ?" അമ്മയാണ്.

"ഹ്മം..." അവിടേം മൂളല് കൊണ്ട് മറുപടി കൊടുത്തു..

അടുത്ത ഞായറാഴ്ച..
രാവിലെ നേരത്തെ എണീറ്റ്‌ കുട്ടനെ വിളിച്ചെണീപ്പിച്ചു കുളിപ്പിച്ചു.
നേരെ പോയി അപ്പനെ വിളിച്ചു..

"ആ.. നീ കുട്ടന്റെ പേര് കൊടുത്തിരുന്നോ?
ഞാന്‍ വിചാരിച്ചത് പേര് കൊടുത്ത്തിട്ടില്ലെന്നാ.."

അപ്പന്റെ കണ്ണുകളിലേയ്ക്ക് നോക്കി ഞാന്‍ പറഞ്ഞു..
"ഞാന്‍ ഇവനെ പള്ളീല്‍ കൊണ്ട് പോയി എഴുത്തിനിരുത്താന്‍ പോണില്ല.
മുപ്പതു കൊല്ലത്തെക്കാള്‍ കൂടുതല്‍ അധ്യാപകരായി ആയിരക്കണക്കിന് വിദ്യാര്‍തഥികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്ത ഒരപ്പൂപ്പനും അമ്മൂമ്മയും അവനുണ്ട്.
അവരങ്ങ് എഴുത്തിനിരുത്തിയാ മതി.
അതുകൊണ്ടുണ്ടാവുന്ന സുകൃതം മതി അവനു.
പള്ളീല് എഴുത്തിനിരുത്താതെ ഇങ്ങിനെ ച്യ്തിട്ടു അവന്റെ ദൈവാനുഗ്രഹം അങ്ങ് കുറഞ്ഞു പോയെങ്കില്‍ അവന്റെ തന്ത എന്ന നിലയില്‍ ഞാന്‍ സഹിച്ചു.
എനിക്ക് ഇതാ കൂടുതല്‍ നല്ലതായി തോന്നുന്നത്."

അപ്പന്‍ ഒരു നിമിഷം ഒന്നും പറയാനാവാതെ നിന്നു..

അമ്മൂമ്മയുടെ മടിയിലിരുന്നു ചിരിച്ചു ഉല്ലസിച്ചു മോന്‍ ആദ്യാക്ഷരം കുറിച്ചു. 

ആ കുഞ്ഞു വിരലുകള്‍ കൊണ്ട് അക്ഷരമെഴുതിക്കുമ്പോള്‍ അപ്പന്റെ കണ്ണുകളില്‍ ചെറിയ നനവുണ്ടായിരുന്നു.
മുഖത്ത് ഏതു ദൈവാനുഗ്രഹത്തെക്കളും വിലമതിക്കുന്ന അഭിമാനം കലര്‍ന്ന സന്തോഷവും.

Thursday, October 13, 2011

ചുരിദാര്‍..

കല്യാണത്തിരക്കിന്റെ ആലസ്യം മറന്നു ഭാര്‍ഗവിയമ്മ രാവിലെയെനീറ്റു ചായ തിളപ്പിച്ചു. രണ്ടു ഗ്ലാസില്‍ ചായ പകര്‍ന്നു തട്ടിന്‍ മുകളിലെ മണിയറയിലെയ്ക്ക് ഗോവണി കയരുമ്പോള്‍ അവരുടെ മുഖത്ത് നാണം കലര്‍ന്നൊരു മന്ദഹാസമുണ്ടായിരുന്നു. തനിക്കും വീടിനും താങ്ങും തണലുമായിരുന്ന മകന്റെ കല്യാണം ഭാര്‍ഗവിയമ്മയുടെ സ്വപ്നമായിരുന്നു. ബാധ്യതകളൊഴിഞ്ഞു ഒരു വിവാഹം കഴിക്കാന്‍ മുപ്പത്തിരണ്ട് വയസ്സ് വരെ അവനു കാത്തിരിക്കേണ്ടി വന്നല്ലോ എന്ന വിഷമം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. എങ്കിലെന്താ, നല്ല ഒന്നാംതരം കുട്ടിയല്ലേ ഈ വീട്ടിലേയ്ക്ക് വന്നു കയറിയത്. ചിന്തകള്‍ക്കിടയില്‍ അവര്‍ വാതിലിനു മുന്നിലെത്തി. അകത്ത്തെന്തോ തട്ടും മുട്ടും കേള്‍ക്കുന്നുണ്ട്. മടിച്ചു മടിച്ചു വാതിലില്‍ തട്ടി. ഷീജയാണ് വാതില്‍ തുറന്നത്. ചായക്കപ്പ് നീട്ടി അകത്തേയ്ക്ക് ഒന്ന് പാളി നോക്കിയപ്പോള്‍, സതീശന്‍ പെണ്ണിന്റെ വീട്ടില്‍നിന്നു കൊണ്ട് വന്ന അവളുടെ ഡ്രെസ്സുകള്‍ മുഴുവന്‍ ഒരു ബാഗില്‍ കുത്തിനിറയ്ക്കുന്നതാണ് ആ അമ്മ കണ്ടത്. രണ്ടു പേരും പുറത്തേയ്ക്ക് പോകാനുള്ള വേഷത്തിലാണ്. അവര്‍ അമ്പരന്നു മോനേം മരുമകളേം നോക്കി. രണ്ടിന്റേം മുഖം കടന്നല് കുത്തിയ പോലുണ്ട്. 

"എന്താ ഉണ്ടായേ മോളെ?"
ഷീജ ഒന്നും മിണ്ടിയില്ല.

"സതീശാ.. നീയെന്താ ഈ കാണിക്കണേ?"

സതീശന്‍ പല്ല് കടിച്ചു ഒരു നോട്ടം ഷീജയെ നോക്കി.
ഷീജ നിസ്സഹായയായി, നിരാലംബയായി നിന്നു.
ബാഗിന്റെ സിപ്പടച്ചു നിവര്‍ന്ന സതീശന്‍ ഷീജയുടെ കയ്യില്‍ പിടിച്ചു മുന്നിലേയ്ക്ക് നടന്നു.
ഭാര്ഗ്ഗവിയമ്മ നെഞ്ഞുപോട്ടുന്ന വേദനയോടെ മകന്റെ മുന്‍പില്‍ കയറി നിന്നു.

"എന്താടാ.. നീ അമ്മയോട് പറ. എന്തിനായാലും സമാധാനമുണ്ടാക്കാം".

"ഇതൊന്നും അമ്മെക്കൊണ്ട് പറ്റില്ലമ്മേ."
"നീ വാ.. " സതീശന്‍ മുന്നോട്ടു നടന്നു.

"ഡാ.. നാളെ നിങ്ങളെ അങ്ങോട്ട്‌ കൂട്ടിക്കൊണ്ടു അങ്ങോട്ട്‌ ചെല്ലേണ്ട ദിവസമാ..
അതിനു മുന്‍പ് നിങ്ങള്‍ അവിടെ ചെന്ന് കയറരുത്.
ഇതിനൊക്കെ ഒരു നാട്ടുനടപ്പും രീതികളുമോക്കെയുണ്ട്."
അമ്മ വിറയ്ക്കുന്ന ശബ്ദങ്ങളോടെ പറഞ്ഞു.

സതീശന്‍ തിരിഞ്ഞു നിന്നു.
"ഞങ്ങള്‍ ഷീജെടെ വീട്ടിലെയ്ക്കല്ല..
വേറൊരു കാര്യം ഉണ്ട്. വേഗം തിരിച്ചു വരാം."

ഹാവൂ..
ഭാര്‍ഗവിയമ്മ ഒരു ദീര്ഗ്ഗനിശ്വാസം വിട്ടു.
"പിന്നെന്താ മക്കളെ, എങ്ങോട്ടാ ചായ പോലും കുടിക്കാതെ ഒരു പോക്ക്?"

"ഇവള്‍ടെ മറ്റേ.. ശെ.. എന്താ പറയ.. ശരിയാക്കാനാ.. "സതീശന്‍ പറഞ്ഞു.

"ശരിയാക്കെ? ഡാ.. ആള്‍ക്കാര് കണ്ടാ എന്താ വിചാരിക്ക്യാ.. നീ അകത്തു കേറ്.
വന്നെ മോളെ."
ഭാര്ഗ്ഗവിയമ്മ ഷീജയുടെ കയ്യില്‍ പിടിച്ചു.

"എന്താ പ്രശ്നം നിങ്ങളെവിടെയ്ക്കാ.. " അകത്തുനിന്നു ഇറങ്ങി വന്നു മൂത്ത ചേച്ചി ചോദിച്ചു.

സതീശന്റെം ഷീജെടെം പരിഭ്രമം കൂടി വരുന്നതും എന്താ പറയേണ്ടതെന്ന് അറിയാതെ പരുങ്ങുന്നതും കണ്ടപ്പോ എന്തോ പിടി കിട്ടിയ പോലെ ചേച്ചിക്ക് പുറകിലായി പ്രത്യക്ഷപ്പെട്ട അളിയന്‍ ചിരിച്ചു.
"നിങ്ങളെല്ലാരും അകത്തു പോ.. ഞാന്‍ ചോദിക്കട്ടെ.."

അമ്മയും ചേച്ചിയും മുഖത്തോടു മുഖം നോക്കി.
"മോളിങ്ങു വന്നെ", എന്നും പറഞ്ഞു ഷീജയെ അകത്തോട്ടു വിളിച്ചു കൊണ്ട് പോയി.
ശതീശന്‍ മിഴുങ്ങസ്യാന്നു നില്‍ക്കുകയായിരുന്നു.

അളിയന്‍ സതീശന്റെ തോളത്തു കയ്യിട്ടു ഉമ്മറത്ത്തൂടെ വീടിന്റെ സൈഡിലെയ്ക്കു നടന്നു.

സതീശന്‍ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഒരു ഗംഭീര കള്ളച്ചിരിയോടെ അളിയന്‍ ചോദിച്ചു.
"അളിയാ, എന്തെ.. ആശുപത്രീ പോകേണ്ട കുഴപ്പം വല്ലതും ഉണ്ടായോ?
അതിനെന്തിനാ ഇത്രേം ഡ്രെസ്സൊക്കെ..? ഞങ്ങളുടെ ഫസ്റ് നൈറ്റിലും ഇത്തിരി ജോക്ക് ഒക്കെ ഉണ്ടായി.
ഇതൊക്കെ പതിവല്ലെ? എന്നോടൊന്നു സൂചിപ്പിച്ചാ പോരായിരുന്നോ.. ഞാന്‍ പറഞ്ഞെനല്ലോ ഐഡിയകള്‍ നൂറെണ്ണം!
ഇതിപ്പോ അളിയനാണോ ഷീജയ്ക്കാണോ പ്രശ്നം?
എന്നാലും അളിയന്‍ ഇത്രേം പരിഭ്രമിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല..
അമ്മേനേം ചേച്ചിയേം പേടിപ്പിച്ചു കളഞ്ഞല്ലോ.
അല്ല, സതീശാ.. ഇതൊക്കെ പറഞ്ഞു തരാന്‍ കൂട്ടുകാരൊന്നും ഉണ്ടായില്ലേ?
അതിനെങ്ങന്യാ.. വലില്ല്യ, കുടില്ല്യാ.. അപ്പൊ ഇതൊക്കെ പറയാന്‍ പറ്റുന്ന കൂട്ടുകാരും ഉണ്ടാവില്ല്യ..ല്ലേ?
കഷ്ടം.."

"നിര്ത്ത്യെ അളിയാ.."
സതീശന്‍ ശബ്ദമുയര്‍ത്തി
..

"അതൊന്നുമല്ല കാര്യം.
ഇനി പറയാണ്ടിരിക്കിനില്ല്യ.
ഇന്നലെ പത്ത് മണി തൊട്ടു പുലരും വരെ ഞങ്ങള്‍ രണ്ടാളും തച്ചിനിരുന്നു പണിയെടുത്തിട്ടും അവള്‍ടെ ചുരിദാറിന്റെ കെട്ടൊന്നു അഴിക്കാന്‍ പറ്റിയില്ല.
കടും കേട്ട് വീനുന്നെയ്.
പുതിയ ചുരിദാരായ കാരണം മുറിക്കാന്‍ ഷീജയ്ക്ക് ഒരു മടി.
നേരം വെളുത്തപ്പോ വീട്ടീന് കൊടുത്തയച്ച ഡ്രെസ്സുകള്‍ ഒന്നൊതുക്കി വച്ചു . അപ്പോളുണ്ട്‌ പതിനാറു പുതിയ ചുരിദാരുകള്.
ഇനി ഈ പേരും പറഞ്ഞു ദിവസങ്ങള്‍ കളയാന്‍ പറ്റില്ല്യ.
എല്ലാതും കൂടി പെറുക്കിക്കൂട്ടി എലാസ്ടിക്കോ സിപ്പോ പിടിപ്പിക്കാന്‍ കൊണ്ട് പോവാര്‍ന്നു..
അല്ലാണ്ട് നിങ്ങള് വിചാരിക്കണ പോലെ.. ശെ, അയ്യേ."

Wednesday, October 12, 2011

ശിക്ഷയും ശിക്ഷണവും.


"നിന്നെക്കൊണ്ടു തോറ്റു" എന്ന സ്ഥിരം പല്ലവിക്ക് അവസാനം അമ്മ മാക്സിമം തരുന്നത് തലയില്‍ കിഴുക്കാണ്.
അത് യൂപി ക്ലാസുകളിലെത്തിയപ്പോലെയ്ക്കും വിഷയമല്ലാതായി.
പിന്നെ, ഇടയ്ക്കൊക്കെ ഒരു നുള്ളോ ഈര്‍ക്കില്‍ കൊണ്ടൊരു അടിയോ..
അതും മാനെജബിള്‍!

അടി.. ചവറു പോലെ കിട്ടീട്ടുണ്ട്, അപ്പന്റെ കയ്യീന്ന്.
ചെവിപോട്ടും വിധം ഉച്ചത്തില്‍ ചീത്തയും കേട്ടിട്ടുണ്ട്.
പത്തിലും പ്രീഡിഗ്രിക്ക് പഠിക്കുംബോളും ഒക്കെ കിട്ടീട്ടുണ്ട്!
അപ്പന്റെ മുഖഭാവം മാറിയാല്‍ തന്നെ പേടിയാവും.
പിന്നെപ്പിന്നെ, പേടിയൊക്കെ പോയി.
അടിയ്ക്കീണം കൂടുന്നതിനനുസരിച്ച് വാശിയും കൂട്ടി.
എന്തിനും ഏതിനും വഴക്ക് അല്ലെങ്കില്‍ അടി..
അപ്പോള്‍ പിന്നെ അതൊരു ശീലമായി!

പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍, ഒരു രാത്രി അപ്പന്റെ റൂമില്‍ ലൈറ്റ് അണഞ്ഞപ്പോള്‍ ഞാന്‍ ഒളിപ്പിച്ചു വച്ചിരുന്ന ഒരു സിഗരെട്ടു കത്തിച്ചു.
ആദ്യത്തെ പുക എടുത്തു..
അടുത്ത നിമിഷം അപ്പുറത്ത് ലൈറ്റ് തെളിഞ്ഞു.
ഇന്ന് എന്‍റെ അവസാനമാണ് എന്ന് ഞാന്‍ കരുതി!
അപ്പന് ദേഷ്യം വന്നാല്‍ പിന്നെ പ്രാന്താ.
കയ്യീക്കിട്ടിയതെടുത്തടിക്കും.
വാതിലില്‍ തട്ട് കേട്ടു.
സിഗരെട്ടു കെടുത്തി, ഒളിപ്പിച്ചു പുകച്ചുരുളിനെ കൈകൊണ്ടു തട്ടി മാറ്റി പേടിച്ചു പേടിച്ചു വാതില്‍ തുറന്നു.
കിട്ടുന്ന അടിക്കു കാത്തു ഞാന്‍ നില്‍ക്കുമ്പോള്‍ അപ്പന്‍ പറഞ്ഞു..

"ഇനി മേലില്‍ ഞാന്‍ വീട്ടിലുള്ളപ്പോള്‍ ഇത് ആവര്‍ത്തിക്കരുത്.."

ആള്‍ പോയി..
ഞാന്‍ വായും തുറന്നു നിന്നു.
അപ്പന്‍ അന്പ്രേടിക്ടബില്‍ ആയി പെരുമാറി അത്ഭുതപ്പെടുത്തിക്കളഞ്ഞു. 

എന്‍റെ ഉറക്കവും കളഞ്ഞു!

ചെയ്യരുതെന്ന് അടിച്ചു പറഞ്ഞു പഠിപ്പിച്ച പലതും പുല്ലുപോലെ ചെയ്തിട്ടും എനിക്ക് വീട്ടില്‍ വച്ചു സിഗരറ്റ് വലിക്കാന്‍ പിന്നെ തോന്നിയിട്ടില്ല.
അപ്പന്‍ ഇല്ലാതിരുന്ന സമയങ്ങളിലും ഉള്ളപ്പോളും. പത്തിരുപതു കൊല്ലം കഴിഞ്ഞിട്ടും ആ വാക്കുകള്‍ ഞാന്‍ പാലിക്കുന്നുണ്ട്.

ചില നേരങ്ങളില്‍ കുട്ടികള്‍ പ്രേടിക്റ്റ് ചെയ്യുന്ന നമ്മുടെ പെരുമാറ്റം (പ്രത്യേകിച്ചും നമ്മള്‍ ശിക്ഷിക്കും അല്ലെങ്കില്‍ വഴക്ക് പറയും എന്ന് അവര്‍ പ്രതീക്ഷിക്കുമ്പോള്‍) തകിടം മറിച്ചാല്‍ സ്പെഷ്യല്‍ റിസള്‍ട്ടുകള്‍ കിട്ടുമെന്ന് എന്‍റെ ഈ അനുഭവത്തെ മുന്‍ നിറുത്തി ഞാന്‍ പ്രവര്‍ത്തിച്ചു വിജയിക്കുന്നുണ്ട്!

ശിക്ഷയല്ല ശിക്ഷണം ആണ് വേണ്ടതെന്നു എന്‍റെ പക്ഷം.
ഇന്നതിനാണ് നിനക്ക് വഴക്ക് കേട്ടത്, അല്ലെങ്കില്‍ അടി കിട്ടിയത് എന്ന് കുട്ടിക്ക് മനസ്സിലാവണം.
അല്ലാതെ, അച്ഛനോ അമ്മയ്ക്കോ ദേഷ്യം വന്നാല്‍ എനിക്ക് കിട്ടും എന്ന തോന്നല്‍ അവര്‍ക്കുണ്ടായാല്‍ അത് പണിയാവും!

അതല്ലാതെ, 'എന്നെ അന്ന് വഴക്ക് പറഞ്ഞത് ഞാന്‍ നന്നാവാനായിരുന്നു' എന്നൊന്നും നാളെയുടെ പൌരന്മാരായ മിടുക്കന്മാരും മിടുക്കികളും ചിന്തിക്കാന്‍ മിനക്കെടില്ല..
അവര്‍ക്കതിനു സമയവും കിട്ടില്ല