Monday, August 19, 2019

ബ്രാൻഡ്

ജോക്കിയുടെ ഭാഗത്തേയ്ക്ക് നീങ്ങിയ പരിചയമുള്ള സെയിൽസ്മാനെ ഞാൻ തടഞ്ഞു.
"അങ്ങോട്ട്‌ പോണ്ടാ.. ലോ വേസ്റ്റ് പരിപാടി ഇല്ലാത്തോണ്ടാ."
"അല്ലാതെ കാശ് കൂടീതോണ്ടല്ല.!"
"ചില സത്യങ്ങൾ ഒളിച്ചു വയ്ക്കാനുള്ളതാണ്.
വേറെ ഏതാ ഉള്ളത്?"
"വേറെ.. യൂറോ, അമുൽ, റിക്സോ,..
ആ... പഴേ വി ഐ പി വിത്ത് ഓഫർ ഉണ്ട്."
"പഴേതോ?!!"
"അല്ല.. പഴയ ബ്രാൻഡ്."
"ഓ.. അങ്ങിനെ."
'ദൈവമേ, പത്തു രൂപയ്ക്ക് രണ്ടെണ്ണം വഴീന്നു വാങ്ങുമ്പോ സ്പൂണ്‍ ഫ്രീ കൊടുക്കുന്ന പോലത്തെ ഓഫർ വല്ലോം ആണോ?' ആത്മഗതം ഉച്ചത്തിലായിപ്പോയി.
"അല്ല മൂന്നെണ്ണം ഉള്ള പായ്ക്കറ്റിനു ആണ് ഓഫർ."
"മൂന്നെണ്ണം വേണ്ട.. ഇനി ബ്രാൻഡ് ഒന്നും ഇല്ലല്ലേ?"
"പിന്നെ.. ദേ മാഫിയ."
"അത് ശശിയേട്ടന്റെ കമ്പന്യാ ?"
"ഏതു ശശി?"
"ഹ. സിനിമേലൊക്കെ സ്റ്റണ്ട് ചെയ്യണ ഗെഡി."
"ആക്കിയാതാണല്ലേ. ദേ.. ഇനി ഇതും കൂടിയെ ഉള്ളൂ.."
പേര് കണ്ടു കിടുങ്ങി, കണ്ണ് തിരുമ്മി ഒന്നൂടെ വായിച്ചു 
'കമ്പിത് - KAMPIT !!'
പ്രകമ്പിതൻ ആവാതിരിക്കാൻ അത്‌ മനഃപൂർവം വേണ്ടെന്നു വച്ചു.

Saturday, August 3, 2019

വെന്തിങ്ങ വാറുണ്ണി

വെന്തിങ്ങ വാറുണ്ണീന്നു പറഞ്ഞാ അങ്ങാടിയൊന്നു കിടുങ്ങും. ഇടിവെട്ട് കൊണ്ട് തല പോയ തെങ്ങുപോലെ ഉയരം, ചോരക്കണ്ണുകൾ, പാഞ്ചറു ചെക്ക് ചെയ്യാൻ ട്യൂബിൽ എയർ അടിച്ചു നോക്കുമ്പോ കല്ലടിച്ചു വീർത്ത ഭാഗം പെട്ടെന്ന് മുഴച്ചു വരുന്ന പോലെ അവിടവിടെ അസാമാന്യ വലിപ്പത്തിൽ മുഴച്ചു നിൽക്കുന്ന മസിലുകൾ, വട്ടമെത്താത്ത പോലെ ഉടുത്തിരിക്കുന്ന ലുങ്കി മടക്കിക്കുത്തിയതിനടിയിൽ മുക്കാലും കാണുന്ന കീശയുള്ള നിക്കർ, രണ്ടു ബട്ടൺ പറ്റിയാലിട്ടു എന്ന മട്ടിൽ ധരിച്ചിരിക്കുന്ന ഷർട്ട്, തോളിലൊരു തോർത്ത്, എളിയിൽ തിരുകിയിരിക്കുന്ന പിച്ചള കെട്ടിയ ഹുക്ക്, ബ്രാൻഡ് സാധനമേ ധരിക്കൂ എന്ന മട്ടിൽ 70 % ഓഫറിൽ വാങ്ങിയ ബാറ്റയുടെ 399.95 ന്റെ ചെരിപ്പ്...  

മൊത്തത്തിൽ, കീരിക്കാടൻ ജോസും സ്ഫടികം ജോര്ജും അബുസലിമും ഭീമൻ രഘുവും ഒക്കെക്കൂടി സമ്മേളിച്ച പോലൊരു എക്സ്ട്രാ ടെറസ്ട്രിയൽ!

കുഞ്ഞിലേ മുതൽ സാധകം ചെയ്തെടുത്ത, പാറപ്പുറത്ത് ചിരട്ടയുരയ്ക്കുന്ന പോലുള്ള തന്റെ ശബ്ദത്തിൽ അങ്ങാടി മുഴങ്ങും വിധം ചെറൂത്തും വലുതുമായ തെറികളാൽ ആ ഏരിയ സമ്പുഷ്ടമാക്കാൻ വാറുണ്ണി മറക്കാറേയില്ല. ഇടയിൽ ചില്ലറ അഹമ്മതികളുമായി അങ്ങാടിയിൽ വന്നു കയറുന്ന വാറുണ്ണിയെപ്പറ്റി അറിയാത്ത ചിലരെങ്കിലും ചോരയൊലിപ്പിച്ചേ തിരികെ പോവാറുള്ളൂ. പലപ്പോഴും അടികിട്ടിയ മൂർഖൻ പാമ്പുകൾ സംഘം ചേർന്ന് ഒളിപ്പോരിലൂടെ തിരിച്ചടിച്ചിട്ടുണ്ടെങ്കിലും ഇടയ്‌ക്കൊരോന്നു കിട്ടുന്നത് ആണുങ്ങക്ക് ഒരാഭരണമാടപ്പാ എന്ന മട്ടിൽ കുത്തിക്കെട്ടോ ഒടിച്ചിലോ ഉണ്ടെങ്കിൽ പോലും വാറുണ്ണി ഒരൊറ്റ ദിവസവും മുടങ്ങാതെ അങ്ങാടിയിലെത്തും! അങ്ങാടിയുടെ കാവലാളും ശബ്ദവുമാണ് വാറുണ്ണി എന്നതുകൊണ്ട് അവിടെ നടക്കുന്ന ഒരുമാതിരി അക്രമങ്ങളൊക്കെ വാറുണ്ണിയിൽ തന്നെ ഒതുങ്ങി. ചുരുക്കത്തിൽ പത്തിൽ കുറയാത്ത എണ്ണം വീതം വാറുണ്ണി ഗുളികകൾ മിനുട്ടിനു മിനുട്ടിനു കേക്കാതെ അങ്ങാടിയുടെ മണൽത്തരികൾക്കു പോലും ഒരു ഉഷാറില്ലാത്ത അവസ്ഥ.

വെന്തിങ്ങ വാറുണ്ണി എന്ന പേര് കേട്ട് വെന്തിങ്ങ ധരിക്കുന്ന ആളായതോണ്ട് കിട്ടിയ പേരാണെന്ന് ധരിച്ചു കളയല്ലേ, സ്ഥിരം വെന്തിങ്ങ ധരിക്കുന്ന ആളായിരുന്നു വാറുണ്ണിടെ അമ്മ എന്നതുകൊണ്ടും അമ്മയോട് അത്യാദരവ് ഉണ്ടായിരുന്നതുകൊണ്ടും വെന്തിങ്ങ ധരിക്കുന്നവരെ വാറുണ്ണി തല്ലാറില്ല! അങ്ങിനെ കിട്ടിയ പേരാണ് വെന്തിങ്ങ വാറുണ്ണി. നിരയായി താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന പാരചൂട്ടിന്റെയും സുപ്പാരിയുടെയും ഷാമ്പൂവിന്റെയും സാഷേകൾക്കിടയിൽ ''വെന്തിങ്ങകൾ ഈ അങ്ങാടിയിൽ പ്രവേശിക്കുന്നവരുടെ ഐശ്വര്യം'' എന്ന ബോർഡും തൂക്കിയിട്ടു വെന്തിങ്ങ വിൽപ്പന നടത്തി സായൂജ്യമടയുന്നവയാണ് അങ്ങാടിയിലെ പെട്ടിക്കടകൾ. '''വെന്തിങ്ങ വാറുണ്ണി ഈ അങ്ങാടിയുടെ ഐശ്വര്യം' എന്നൊരു ബോർഡ് വാറുണ്ണീടെ പടം നല്ലതു കിട്ടാത്തതോണ്ട് വെച്ചിട്ടില്ല'' എന്ന വിശദീകരണം വരെ വാറുണ്ണി കേക്കാതെ മേൽപ്പറഞ്ഞ പീടിക മുതലാളിമാര് പറയും.

ചുരുക്കത്തിൽ അങ്ങാടീടെ മംഗലശേരി നീലകണ്ഠനും അതെ സമയം മുണ്ടക്കൽ ശേഖരനും ആയിരുന്നു മിസ്റ്റർ വാറുണ്ണി. സ്ഥലപ്പേരിനോപ്പം പ്രസിദ്ധരായ പല തരുണീമണികളുമായും വാറുണ്ണിക്കു അടുപ്പമുണ്ടായിരുന്നെങ്കിലും ഒരു ചെറ്റപൊക്കുകേസിലും വാറുണ്ണിയുടെ പേര് സജീവമാവാറില്ല. ''ആള് ലോക തെണ്ടിയാണെങ്കിലും അമ്പേ ചെറ്റയല്ല'' എന്നൊരു പ്രയോഗം അതോണ്ട് തന്നെ വന്നുചേർന്നു. സ്റ്റേഷനിലെ സ്ഥിരം കുറ്റവാളികളുടെ ഫോട്ടോകളിലെ വാറുണ്ണിച്ചിത്രത്തിനു തലയ്ക്കു ചുറ്റും ഒരു ഹാലോയും ഉണ്ടെന്നായിരുന്നു പോലീസുകാരുടെ ഭാഷ്യം. ഓൺലി അടിപിടി, കുത്ത്, വെട്ടു കേസുകൾ.. ബട്ട്  നോ കൂലിത്തല്ലു, നോ പീഢനംസ്, നോ ചീറ്റിങ്ങ്.... പോലീസുകാർക്ക് തറവാടി ക്രിമിനൽ ആരുന്നു, വി. വാറുണ്ണി!

അങ്ങിനെ ലോക്കൽ റൗഡിയായി വിരാജിച്ചിരുന്ന വാറുണ്ണി ഒരു ദിവസം അപ്രത്യക്ഷനായി! അങ്ങാടി മ്ലാനമായി. ശബ്ദം നഷ്ടപ്പെട്ട പാട്ടുകാരനായി, പെട്രോൾ കഴിഞ്ഞ ബുള്ളറ്റായി.. സ്ഥിരം കഞ്ഞിക്കുടിക്കുന്ന മറിയക്കുട്ടിചേടത്തിയാര്ടെ കടേലും വൈകീട്ട് നാലെണ്ണം ഷെയറിട്ടു കീറുന്ന സെവൻസീസിലും ആള് ഹാജർ വച്ചില്ല. വാറുണ്ണി ഭായി കിധർ ഗയാ? എന്ന് ആശങ്കിച്ച ബീഹാറി ഭായിമാരോട് "കിധറോ ഗയാ" എന്ന് പറഞ്ഞു കൈമലർത്താനേ അങ്ങാടിക്കാർക്കു സാധിച്ചുള്ളൂ. 

"വല്ലോനും വിഷം കൊടുത്തു കൊന്നോ?" ചിലർ സന്ദേഹിച്ചു.
"അതെന്താ തല്ലിക്കൊന്നൂടെ ?" എന്ന് അങ്ങാടിക്കാർ ചോദിച്ചില്ല. കാരണം, വാറുണ്ണിയെ ചതിച്ചു കൊല്ലാൻ മാത്രേ പറ്റൂ എന്നും അത് മദ്യത്തിൽ വിഷം ചേർത്തിട്ടാവുമെന്നും  അവർക്കറിയാമായിരുന്നു!!

ആരെങ്കിലും ഫിറ്റാക്കി കയറ്റിക്കൊണ്ടുപോയി വല്ല കൊക്കയിലോ റെയിൽപാളത്തിലോ വലിച്ചെറിഞ്ഞു കാണുമോ എന്ന സംശയം ഉണ്ടായതുകൊണ്ട് ഇരിപ്പുരയ്ക്കാതെ സ്റ്റേഷനിൽ അന്വേഷിച്ചു ചെന്നവർക്ക് വാറുണ്ണി അതിർത്തിവിട്ടു കളി തുടങ്ങിയോ എന്നൊരു സംശയം ഇല്ലായിരുന്നു. കാരണം ചേക്കിന്റെ സ്വന്തം മീശ മാധവനെപ്പോലെ ആയിരുന്നു അവർക്കു വെന്തിങ്ങ വാറുണ്ണി.

"ഒരു വിവരോം ഇല്ലല്ലോ. ഗെഡി പൂതിയായാ ?" എന്നൊരു മറുചോദ്യം ആണ് പൊലീസീന്നു  കിട്ടിയത്. 

അങ്ങിനെ ഒരാഴ്ച  കഴിഞ്ഞപ്പോൾ 'വെന്തിങ്ങാ വാങ്ങിച്ചിട്ട കാശ് പോയല്ലോ' എന്ന് കരുതി വിഷണ്ണനായി അതെടുത്ത് പുറകിലേക്ക് മാറ്റിയ പെട്ടിക്കട രാജേട്ടന്റെ മനസ്സിൽ കുളിർമഴ പെയ്യിച്ചുകൊണ്ട് വാറുണ്ണി അങ്ങാടിയിൽ പ്രത്യക്ഷപ്പെട്ടു! വാറുണ്ണിവചനങ്ങൾക്കു കാത്ത് അക്ഷമരായ അങ്ങാടിയുടെ കാതുകൾ ഉണർന്നു. പക്ഷെ, വാറുണ്ണി വേറെ ഏതോ ലോകത്തുനിന്നെന്ന പോലെ നടന്നു വന്നു, ലീവ് എഴുതിയ കത്ത് കൊടുത്തു, ഒപ്പിട്ടു, പണി തുടങ്ങി.

വാറുണ്ണി തന്നെയല്ലേ ഇത് എന്ന് ചോദിപ്പിക്കുന്ന വിധം നിശബ്ദം, നിർവ്വികാരം പണിയെടുക്കുന്ന വാറുണ്ണിയെ കണ്ട് അങ്ങാടി മൂക്കത്ത് വിരൽ വച്ചു. 

''എന്താടാ വാർണ്ണീ നിനക്ക് പറ്റിയേ?'' എന്ന് സൗമ്യമായും ''എന്തൂട്ടണ്ടാ, നീ താളവട്ടം സിനിമേലെ മൊട്ടേരെ പോലെ ഇരിക്കണേ?'' ന്ന് കലിപ്പ് അഭിനയിച്ചും ചോദിക്കാൻ പോയിട്ട് സൗമ്യമായി ചിരിച്ചു ''എനിക്ക് ഒരു കുഴപ്പോം ഇല്ലല്ലോ'' എന്ന് പറഞ്ഞു വിസ്മയം പകർന്ന് വാറുണ്ണി ചിരിച്ചു.

വേറൊരു കാര്യം കൂടി എല്ലാവരും ശ്രദ്ധിച്ചു. പണി കഴിഞ്ഞു വാറുണ്ണി സാധാരണ പോകുന്ന സെവൻസീസിൽ ആള് കയറുന്നില്ല! പകരം ബസു കയറി എങ്ങോട്ടോ പോകുന്നു.

വാറുണ്ണിക്കു എന്ത് പറ്റി? വാറുണ്ണി എവിടെയായിരുന്നു? വാറുണ്ണി എങ്ങോട്ടാണ് പോകുന്നത്? എന്നീ അന്വേഷണങ്ങൾ ഹൈ ലെവലിൽ നടക്കുന്നതിനിടയിൽ യുറേക്കാ എന്ന് വിളിച്ചുകൊണ്ട് ഓടിവന്ന ആർക്കിമിഡീസ്, അല്ല അരക്ക് ഡെന്നീസ്‌ പ്രത്യക്ഷപ്പെട്ടു!..


"ഡാ.. വനേ, വാറുണ്ണി പെന്ക്കോസായി"  കിതപ്പിനിടയിൽ ടെന്നീസ് പറഞ്ഞു.
"ഏയ്.. വേണ്ടാത്തത് പറയരുത്. പെണ്ണുകേസിലൊന്നും അവനങ്ങനെ ചാടാറില്ലല്ലോ"
"ഹ.. പെണ്ണുകേസല്ല, പെന്തകോസ്ത്"
"ആ. അങ്ങനെ.. ങേ!!!" 
"ങേ" എന്ന ഞെട്ടലുകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അതും സുരേഷ്‌ഗോപി റിപ്പീറ്റ് ആക്ഷനിൽ ഞെട്ടുന്ന പോലുള്ളത്.

"വാറുണ്ണിയോ.. ഏയ്."
"ഒന്ന് പോടാപ്പാ"
"'അമ്മ തന്നെ സത്യം. ഞാൻ കണ്ടതാ. കോട്ടേടെ മുന്നിൽ മൈക്ക് വച്ച് പ്രസംഗിക്കുന്ന ടീമോള്ടെ കൂടെ വാറുണ്ണി!"

അമ്മേപ്പിടിച്ചു സത്യം ചെയ്താ വിശ്വസിച്ചോളണം. സത്യമാവും. അതാണ് അങ്ങാടിയുടെ ഒരു ഇത്.

അടുത്ത ദിവസങ്ങളിൽ വാറുണ്ണിയോട് ഈ വിവരങ്ങൾ ആരും ചോദിച്ചില്ലെങ്കിലും. എല്ലാവരും വാറുണ്ണിയെ വീക്ഷിച്ചു. സംഭവം സത്യമാണെന്നു എല്ലാവര്ക്കും തോന്നി തുടങ്ങി.സംഭാഷണങ്ങളിൽ ബൈബിൾ വചനങ്ങൾ കയറി വരുന്നത് കണ്ടപ്പോൾ എല്ലാവര്ക്കും കാര്യം മനസിലായി തുടങ്ങി. പണി കഴിഞ്ഞാലും അങ്ങാടി വിട്ടു പോവാത്ത നാലെണ്ണം കേറിയാൽ അങ്ങാടീല്ക്കു തന്നെ തിരിച്ചു വരുന്ന വാറുണ്ണി, പണി കഴിഞ്ഞാൽ ഉടനെ സ്ഥലം വിട്ടു തുടങ്ങി. പല നിഷേധികളും അങ്ങാടിയിൽ ക്രമേണ അങ്ങാടിയിൽ വിലസാൻ തുടങ്ങി. വെന്തിങ്ങ കച്ചോടം നിലച്ചു പോയി. തെറി ക്രൂരമായി ആക്രമിക്കുമ്പോൾ വോള്യം അറ്റം വരെ കൂട്ടി വയ്ക്കാറുള്ള റേഡിയോകൾ ലോ നോയ്‌സ് കിടുത്താപ്പുകളായി. ചുരുക്കത്തിൽ അങ്ങാടി ഗുമ്മു നഷ്ടപ്പെട്ട് പശുവിനെ കെട്ടാത്ത തൊഴുത്ത് പോലെ ആയി.

അങ്ങിനെയിരിക്കെ, ഒരു ദിവസം ഉച്ചതിരിഞ്ഞ നേരത്ത് ഒരു പഴയ മാരുതി ഓമ്നി അങ്ങാടിയിൽ വന്നു.അതീന്നു ഫുൾ സ്ലീവ് വെള്ള ഷർട്ടിന്റെ കഴുത്ത് വരെ ബട്ടനിട്ട മൂന്നാലു പേര് ഇറങ്ങി. "ഇത്?" എന്ന് സംശയിച്ചവർക്കു മറുപടിയുമായി ഒരു കയ്യിൽ നോട്ടീസുമായി വാറുണ്ണി എന്ന ബ്രദർ വർഗീസ് അവസാനം പുറത്തിറങ്ങി! വെള്ള ഫുൾസ്ലീവ് ഷർട്ട്, വെള്ള മുണ്ട്.. സൈമന്റെ ഇറച്ചിക്കടേല് പോത്തെന്നു പറഞ്ഞിട്ട് കാളയ്ക്കു പകരം പോത്തിനെ തന്നെ വെട്ടുന്നത് കണ്ട പോലെ അങ്ങാടി ഞെട്ടിക്കിടുങ്ങി!

വായ പൊളിച്ചു നിന്ന പ്രേക്ഷകർക്ക് കാര്യങ്ങളുടെ കിടപ്പു പിടി കിട്ടി. വാറുണ്ണി ഒരു മുഴുവൻ സമയ വചന പ്രഘോഷകൻ ആയിരിക്കുന്നു അഥവാ ബ്രദർ വർഗീസ് ആയിരിക്കുന്നു!

ഒന്നാം വൈറ്റ് വസ്ത്രധാരി സ്വർഗ്ഗരാജ്യം ദിപ്പോ വരുന്ന കാര്യം കുറെ നേരം പറഞ്ഞു. അവസാനം പറഞ്ഞു നിങ്ങളുടെ കണ്ണിലുണ്ണിയായ ബ്രോതർ വർഗീസ് ആദ്യമായി നിങ്ങളുടെ മുന്നിൽനിന്നു വചനം പ്രഘോഷിച്ചു തുടങ്ങുകയാണ്. 

പതിവിനു വിപരീതമായി രണ്ടു അവഞ്ചേഴ്സ്  അപ്പുറോം ഇപ്പുറോം നിന്നിട്ടാണ് വാറുണ്ണി പ്രസംഗം തുടങ്ങീത്. 
"അതെന്തിനാ ആ വെള്ളാപ്പിശാചുക്കള് സൈഡില്?" എന്ന് സന്ദേഹിച്ച ആൾക്കാരോട്. 
" അതേയ് ആവേശം മൂക്കുമ്പോ, സ്ഥലകാലം മറന്നു തെറി വല്ലോം പറഞ്ഞാലോ എന്ന് കരുതി നിർത്തിയിരിക്കണതാ. അങ്ങനെ സംസാരം തിരിയുന്നതായി തോന്ന്യാ അപ്പൊ അവർ ഷർട്ടിൽ ചെറുതായി വലിക്കും. അപ്പൊ ബ്രദറിന് കണ്ട്രോൾ ചെയ്യാൻ പറ്റും "  വിശദീകരണം കിട്ടി.
"അത് വെണ്ടാർന്നു. ഞങ്ങക്ക് അത് കേക്കാണ്ട് എന്തോ പോലെ ആയിരിക്ക്യാ." ഒരു വാറുണ്ണി ഫാൻ പറഞ്ഞു.
"എന്നാലും അത് ശരിയല്ലല്ലോ സഹോദരാ, ബ്രദർ രക്ഷിക്കപ്പെട്ടില്ലേ, ഇനി അതൊന്നും ഉണ്ടാവില്ല. ആട്ടെ, സഹോദരന് രക്ഷ പ്രാപിക്കണമെന്നുണ്ടോ?" ദി വെള്ള മനുഷ്യൻ വീണ്ടും മൊഴിഞ്ഞു. മറുപടി പറയാതെ നിന്ന വാറുണ്ണി ഫാൻ. ആരാലോ ആ സ്ഥലത്തുനിന്നു രക്ഷിക്കപ്പെട്ടു!

യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചു.മലയിലെ പ്രസംഗം നടത്തി, ഇടയിൽ 'എന്റെ ഭവനം കവർച്ചക്കാരുടെ ആലയമാക്കി' എന്ന് പറഞ്ഞു കർത്താവ് ചാട്ടവാറെടുത്തു  തുടങ്ങിയ ചില സീനുകൾ വിവരിച്ചപ്പോൾ ഷർട്ടുവലിക്കാർക്കു പലവട്ടം ഇടപെടേണ്ടി വന്നെങ്കിലും കാര്യങ്ങൾ സ്മൂത്തായി മുന്നോട്ടു പോയി. ഷർട്ട് വലി പലപ്പോഴും തന്നെ കണ്ട്രോൾ ചെയ്യുന്നുണ്ടല്ലോ എന്ന് വാറുണ്ണിയും സമാധാനിച്ചെന്നു തോന്നുന്നു. കർത്താവിനെ കുരിശിൽ തറച്ചു കൊന്നതോടെ ഷർട്ടുവലിക്കാർ കോറസ് ആയി നെടുവീർപ്പുകൾ പാസാക്കി. 'ഇനി പ്രശ്നമില്ല'. നോട്ടീസ് വിതരണം ഈ ഗാപ്പിൽ കമ്പ്ലീറ്റ് ചെയ്യാമെന്ന കരുതലിൽ അവർ കടകളിലേക്ക് നീങ്ങി. 

"സഹോദരാ, ഇനി കുഴപ്പം ഉണ്ടാവില്ല. ല്ലേ..? പ്രമാണി ഓഫ് ദി ടീം ചോദിച്ചു. നെവർ എന്ന അർത്ഥത്തിൽ ഷർട്ടുവലിക്കാരൻ നമ്പർ രണ്ട് ചുമലുകൾ താടിയെല്ലിൽ മുട്ടിക്കാൻ ശ്രമിച്ചു.

"ദുഷ്ടരായ യഹൂദർ കുരിശിൽ തറച്ചു കൊന്ന കർത്താവിന്റെ ശരീരം ഒരു ഗുഹയിൽ സംസ്കരിച്ചു....പക്ഷെ..," വാറുണ്ണി ഒന്ന് നിർത്തി. സഹ അവഞ്ചേഴ്സ് വാറുണ്ണിയെ നോക്കി. 'ഏയ്.. പ്രശ്നമൊന്നും ഉണ്ടാവാനുള്ള കാര്യങ്ങൾ ഇനി ഇല്ലല്ലോ എന്ന് ആശ്വസിച്ചു ഉറപ്പിച്ചു.

 "പക്ഷെ, " വാറുണ്ണി തുടർന്നു..
സർവ്വ ജൂത പു. മക്കളെയും നൈസായി മൂഞ്ചിച്ചുകൊണ്ട്.. മ്മടെ ഡാവ്, കർത്താവ് മൂന്നാം ദിവസം പുല്ലു പോലെ അങ്ങട് ഉയർത്തെണീറ്റു.! "

മുഖത്ത് വെള്ളം തെളിച്ചു ബോധവൽക്കരിക്കപ്പെട്ട കുഞ്ഞാട്‌ ഒരെണ്ണം ദിങ്ങനെ ആത്മഗതിച്ചു.

"ഇതിലും ഭേദം പഴയ വാറൂണ്ണി തന്നയാർന്നോ ?!"
Thursday, August 1, 2019

പലരിൽ ചിലർ 6

പണ്ട്, എന്റെ കല്യാണം കഴിഞ്ഞു കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ഓഫീസിൽ ഒരു പുതിയ സ്റ്റാഫ്‌ ജോയിൻ ചെയ്തു. ആദ്യമായി ജോലിക്ക് കയറുന്ന ഒരു പെൺകുട്ടി. തല്ക്കാലം നമുക്കവളെ സിന്ധു എന്ന് വിളിക്കാം. ഫ്രണ്ട് ഓഫീസിലാണ് ജോലി. മൊബൈൽ ഇല്ലാത്ത കാലം ആണ്. ഫോൺ അറ്റൻഡ് ചെയ്യുന്നതൊക്കെ അവൾ ആദ്യം നല്ലരീതിയിൽ കുളമാക്കി, പിന്നെപ്പിന്നെ ശരിയായി വന്നു.

ഒരിക്കൽ ഒരു ക്ലൈന്റ് അക്കൗണ്ട്സ്ൽ വന്നു മുടിഞ്ഞ ഷൗറ്റിംഗ്..  അതിലെ ഞാനീ സ്ഥാപനത്തിലെ ആരുമില്ലെന്ന വ്യാജേന  പോവുകയായിരുന്ന എന്നെ ഇവള് കയ്യിൽ കയറി ഒരു പിടുത്തം! ഞാൻ ഒന്ന് അന്തിച്ചു. "ഏട്ടാ പോവല്ലേ. എനിക്ക് പേടിയായിട്ടാ" എന്ന് പറഞ്ഞു. നോക്കുമ്പോൾ കിലുകിലാ വിറയ്ക്കുന്നു. ബഹളത്തിന്റെ ബാക്കിപത്രമാണ്.ഞാൻ സിന്ധുവിനെ ആശ്വസിപ്പിച്ചു കുറച്ച് നേരം അടുത്ത് ഇരുന്ന് ആളെ നോര്മലാക്കി. അന്ന് തൊട്ട് ഞങ്ങൾ ഭയങ്കര കമ്പനി ആയി. നല്ല മിടുക്കി കുട്ടി ആയിരുന്നു. ഒന്നും അറിയാതെ വന്നവൾ ക്രമേണ ഒരു സൂപ്പർ കമ്പ്യൂട്ടർ ആയി ! ഒരൊറ്റ പ്രാവശ്യം വിളിച്ച നമ്പർ  പോലും കാണാതെ അറിയാം. വോയ്‌സ് വച്ച് ആളെ തിരിച്ചറിയാനും  മിടുക്കി. കുടുംബകാര്യങ്ങളൊക്കെ ഷെയർ ചെയ്യുന്ന, ഒരുമിച്ച് ഊണ് കഴിക്കുന്ന, അതിന് പറ്റിയില്ലെങ്കിൽ കൂട്ടാൻ ഷെയർ ചെയ്യുന്ന കൂട്ട്. 

ഫ്രണ്ട് ഓഫീസിന്റെ തൊട്ട് പുറകിലാണ് ഞങ്ങടെ കാബിൻ. എല്ലാ ദിവസവും ഊണ് കഴിഞ്ഞു വീണ്ടും ജോലി തുടങ്ങുമ്പോൾ എനിക്ക് ഭാര്യയെ വിളിച്ച് തരും. ഞങ്ങൾക്ക് മോൻ ആയിട്ടുണ്ട്. കുറച്ച് വീട്ടു വർത്താനം ഒക്കെ കഴിഞ്ഞിട്ടാണ് എനിക്ക് തരുന്നത്. അതവളുടെ അവകാശം ആയിരുന്നു. ഞാൻ തിരക്കിലാണെങ്കിൽ പോലും "ഏട്ടാ, ദാ ചേച്ചി ലൈൻലുണ്ട്. സംസാരിച്ചേ, അത്‌ കഴിഞ്ഞു മതി പണി" എന്നൊക്കെ പറഞ്ഞു ഫോൺ കണക്ട് ചെയ്യും.

അങ്ങനെ ആര് വിളിച്ചാലും വോയ്‌സ് റെക്കഗ്‌നൈസിംഗ് സോഫ്ട്വെയർ വച്ചെന്ന പോലെ ആളെ മനസിലാക്കുന്ന ഇവൾക്ക് ഒരു പണി കൊടുക്കാൻ പലവുരു ശ്രമിച്ചിട്ടും നടക്കാതെ ഇരുന്നതിൽ ഖിന്നരായ ഞങ്ങൾക്ക് ഒരവസരം കിട്ടി. ഊണ് കഴിഞ്ഞു വെള്ളം കുടിക്കാൻ പോയ തക്കത്തിന് ഞാൻ ഫോൺ ചെയ്തു. റിങ് കട്ട്‌ ആവും മുമ്പ് ഓടിപ്പിടഞ്ഞു എത്തിയ അവളോട്‌ ഞാൻ ശബ്ദം മാറ്റി ഷൗട് ചെയ്തു. "എവിടെ പോയി കിടക്കുവാ?  ജോലിയിൽ ഉത്തരവാദിത്വം ഇല്ലാതെ തെരാ പാരാ വർത്താനം പറഞ്ഞു നടക്കുകയാണ് ല്ലേ..  ഞാൻ മുംബൈയിൽ നിന്ന് അത്യാവശ്യം വിളിക്കുമ്പോൾ ഫോൺ എടുക്കാതെ പ്രാന്ത് പിടിപ്പിച്ചോളോ......  " എന്നൊക്കെ അലക്കിയപ്പോൾ അവള് കരുതി മുംബൈയിൽ പോയ എംഡി വിളിച്ചതാണെന്ന്. ഇവളുടെ വിയർക്കലും പരുങ്ങലും ഒക്കെ ഗ്ലാസിനിപ്പുറത്തുനിന്നു കണ്ട് ഞങ്ങൾ ചിരിച്ചു. അവസാനം "പുറകിലേക്ക് തിരിഞ്ഞു നോക്കൂ..  ഇത് ഞാനാ " ന്ന് പറഞ്ഞപ്പോൾ അവൾ തിരിഞ്ഞു. "കഷ്ടം ഉണ്ട് ട്ടോ " എന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്ത് പ്രതിമ പോലെ ഒരു സെക്കൻഡ് ഇരുന്നു. അടുത്ത നിമിഷം കരഞ്ഞു. ഞാൻ അങ്ങോട്ട്‌ ചെന്നു " തമാശയല്ലേ.. വിട് " എന്നൊക്കെ  ആശ്വസിപ്പിക്കാൻ നോക്കീട്ട് രക്ഷയില്ല. കരച്ചിൽ കൂടി. അവസാനം ഞങ്ങടെ ക്യാബിനിലേയ്ക്ക് പിടിച്ച് കൊണ്ട് വന്നു. എവിടെ..  കരച്ചിൽ, ഏങ്ങലടി.

"വേറെ ആരായാലും പ്രശ്നം ഇല്ലാരുന്നു, ഏട്ടനിങ്ങനെ എന്നെ പറ്റിക്കുമെന്നു... " എന്ന് പറഞ്ഞു തുടർന്നപ്പോൾ ഞാൻ ആകെ വല്ലാണ്ടായി.

ആ സംഭവത്തിനു ശേഷം പിറ്റേന്നും അതിന് പിറ്റേന്നും ഒക്കെ ഭാര്യയെ വിളിച്ച് തന്നെങ്കിലും  അവളാ പഴയ ലെവലിലുള്ള സുഹൃദ് ബന്ധത്തിലെത്താൻ ആഴ്ചകൾ പിടിച്ചു.

അന്നത്തെ സംഭവത്തോടെ ഞാൻ കുറേ ഏറെ കാര്യങ്ങൾ പഠിച്ചു.
നമ്മൾ കാണുന്ന പോലെ തന്നെ ആവണമെന്നില്ല തിരികെ പലരും നമ്മെ കാണുന്നത്.
പലരും നമ്മെ ഹൃദയത്തിൽ സൂക്ഷിച്ചതിന്റെ വലിപ്പം നമുക്ക് മനസിലാവണമെന്നില്ല. എല്ലാ തമാശകളും തമാശയായി അവസാനിക്കണം എന്നില്ല.
ആരുടെ അടുത്ത് തമാശ കാണിക്കുന്നു എന്നതുപോലെ തന്നെ പ്രാധാന്യം ഉള്ളതാണ് ആര് തമാശ കാണിക്കുന്നു എന്നത്..
എന്നതൊക്കെ അതിൽ ചിലതാണ്.

Friday, July 12, 2019

നേർച്ചയ്സ്

പെരുന്നാൾക്കു പള്ളീൽ പോവുമ്പോ അമ്മ രണ്ട് ഇരുപത്തഞ്ചു പൈസ ആണ് തന്നത്. "ഒന്ന് നേർച്ച ഇടാൻ മറ്റേത്.. "
"സേമിയയ്സ് വാങ്ങാൻ" മറുപടി കൊടുത്തു.
ഐസ് ഉണ്ടാക്കുന്നത് തോട്ടിലെ ചെളിവെള്ളം കൊണ്ടാണെന്നും സേമിയ പുഴുവാണെന്നും ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും ഐസ് കൊതി അങ്ങനെ പറയിക്കുന്നതാണെന്ന് അമ്മയ്ക്കും അറിയാം. അതുകൊണ്ടാണ് ഈ പെരുന്നാൾ സ്പെഷ്യൽ വയലേഷൻ.
"ഓരോന്നും ഓരോ പോക്കറ്റിൽ ഇട്ടാൽ മതി. ഇടത്തെ പോക്കറ്റിൽ നേർച്ചയിടാൻ ഉള്ള നാണയം. വലത്തേ പോക്കറ്റിൽ നിന്റെ ആ കൂറ സാധനം വാങ്ങിച്ചു തിന്നാൻ. കുർബാനയ്ക്ക് എന്റെ കൂടെ വന്നാൽ പോരേ നിനക്ക്?  "
"ഏയ്‌.. ഞാൻ പോവാ. ശരിയമ്മേ " ഒരൊറ്റ ഓട്ടമായിരുന്നു.
"പള്ളീൽ ചെല്ലുമ്പോൾ തന്നെ നേർച്ച ഇട്ടോണം. ഐസ് തിരിച്ചു വരുമ്പോ വാങ്ങിയാൽ മതി. നേർച്ച ഇട്ടൊന്നു ഞാൻ അവിടെ ചോദിക്കും" പുറകീന്നു അമ്മ വിളിച്ച് പറയുന്നത് കേൾക്കാർന്നു.
പള്ളിപ്പറമ്പിന് പുറത്ത് കുറേ ഐസ്കാര് നിരന്നു നിൽപ്പുണ്ട്. കുർബാനയ്ക്ക് കയറാൻ ഉള്ള മണിമുഴക്കത്തിനു ഐസ്കാരന്റെ മണിയടി ശബ്ദം അല്ലേ എന്ന ചിന്തയിൽ പള്ളിമണി എഡിറ്റ്‌ ചെയ്ത് വിഷ്വൽ കേറിപ്പോയത് സേമിയ ഐസിലേയ്ക്കാണ്! നേർച്ചപ്പെട്ടീൽ വീഴുന്ന കാശ് ഐസുകാരന്റ സഞ്ചിയിലേയ്ക്കും. ഇടത്തെ പോക്കറ്റിലെ തന്നെ എടുത്ത് കൊടുത്തു. ചെല്ലുമ്പോൾ തന്നെ നേർച്ച ഇട്ടോണം എന്ന തിരുവചനം അങ്ങനെ നിറവേറി!
കുർബാന കഴിഞ്ഞു ആളുകൾ പുറത്തിറങ്ങുമ്പോ തിരക്കിട്ടു അടുത്ത ഐസും വാങ്ങി.
ആസ്വദിച്ചു കഴിച്ചോണ്ടിരിക്കുമ്പോളാ അമ്മയുടെ പ്രത്യക്ഷപ്പെടൽ.
"നീ നേർച്ചയിട്ടോടാ?  നിന്നെ അവിടെ കണ്ടില്ലെന്നു പറഞ്ഞല്ലോ കുര്യൻ ചേട്ടൻ "
ആ കുരിശിനു നേർച്ച കൊടുത്താൽ പോരേ? മനുഷ്യനെ തല്ല് കൊള്ളിക്കാൻ.. എന്നൊരു ആത്മഗതം വന്നു.
"സത്യം പറഞ്ഞോ. വീട്ടീ ചെന്നാൽ പുളിവാറല്  ഞാൻ എടുക്കും"
കിട്ടും. ഉള്ള കാര്യം തല്ലി പറയിക്കേം ചെയ്യും. ഐസ്‌ ദഹിച്ചു ന്ന് തോന്നണു.
അവസാനം,
പറഞ്ഞു.....
"ഞാൻ പള്ളീലേയ്ക്ക് ഓടി വന്നപ്പോൾ ഇടത്തെ പോക്കറ്റിൽ കിടന്ന നേർച്ച ഇടാനുള്ള ഇരുപത്തഞ്ചു പൈസ കളഞ്ഞ് പോയമ്മേ. അതോണ്ട് നേർച്ച ഇടാൻ പറ്റിയില്ല. ഐസ് വാങ്ങാൻ ഉള്ള പൈസ വലത്തേ പോക്കറ്റിലുള്ളതോണ്ട് ഇപ്പോ ഐസ് വാങ്ങീതാ "

Thursday, July 11, 2019

രാജേശ്വരി ടാക്കീസ്.

കുറച്ചു കാലപ്പഴക്കമുള്ള ചരിത്രമാണ്.

സ്പെയിനിലെ ഒരു സിനിമാ തീയ്യെറ്ററിലെ സിനിമാ ഷോയ്ക്കിടയിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തവണ്ണം കറന്റു പോവുകയും തീയ്യെറ്ററിൽ ഇരുട്ടു വീഴുകയും ചെയ്ത ഒരു നിമിഷം.

“ഡാ.. ഡേവീസെ, ആളെ പറ്റിക്കാണ്ട് കാർബണ്‍ പുതീതു കത്തിക്കെടാ” എന്നൊരു ആക്രൊശമുയരുകയും “ങെ, വ്വേറൊരു പഞ്ഞാക്കരക്കാരൻ....” എന്നൊരു ആത്മഗതം മറ്റൊരു മൂലയിൽനിന്ന് പുറപ്പെടുകയും അവർ കണ്ടു മുട്ടുകയും ചെയ്ത കഥയിൽനിന്നു മനസിലാക്കാം പഞ്ഞാക്കര രാജേശ്വരി റ്റാക്കീസും അവിടത്തുകാരുമായുള്ള ഒരു ടേംസ്!

ഭക്ഷണം, പാർപ്പിടം , വസ്ത്രം എന്നതു പോലെ സിനിമ എന്നതും മനുഷ്യന് ജീവിക്കാൻ വേണ്ട അത്യാവശ്യ ഘടകമാണ് എന്ന ചിന്തയിലാണ് സുകുമാരൻ നായർ എന്ന സുമാരേട്ടൻ ഓലമേഞ്ഞതാണെങ്കിലും സുന്ദരിയായി രാജേശ്വരിയെ നടത്തിക്കൊണ്ട് പോയിരുന്നത്. മേൽ പറഞ്ഞ ഡേവീസായിരുന്നു രാജേശ്വരിയുടെ ഓപ്പറേറ്റർ. പഞ്ഞാക്കരക്കാരുടെ സ്വപ്നങ്ങളും വികാരങ്ങളും രാജേശ്വരിയിൽ പൂത്തു വിടർന്നു. പാടത്തിനടുത്തായതിനാൽ ബെഞ്ച്‌ ഇട്ടിരിക്കുന്ന ഏ ക്ളാസിൽ മഴക്കാലത്ത് വെള്ളം കയറുന്നതും അതറിയാതെ അകത്തു കയറുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ തന്റെ 'വടി'വൊത്ത അക്ഷരങ്ങളാൽ സുമാരൻ മൊതലാളി തയ്യാറാക്കിയ "ശ്രദ്ധിക്കുക, നനയാതിരിക്കാൻ തുണി പൊക്കിപ്പിടിക്കുക" എന്നെഴുതിയ സ്ലൈഡ് ഇടുന്നതും വൻ ഹിറ്റ്‌ ആയിരുന്നു. വേനൽക്കാലത്ത് ഇറിഗെഷന്റെ വെള്ളം തൊട്ടപ്പുറത്തെ സ്വന്തം പറമ്പിൽ കൊണ്ട് പോവാൻ എ ക്ളാസിനും ബി ക്ളാസിനും ഇടയിലൂടെ തോടു കീറിയത് പോരാഞ്ഞ് പടം നടക്കുന്നതിനിടയിൽ "ശ്രദ്ധിയ്ക്കുക, വെള്ളം പോകുമ്പോൾ കാല് പൊക്കിവേയ്ക്കെണ്ടതാണ് " എന്നൊരു സ്ലൈഡ്‌ പ്രദർശിപ്പിക്കുകയും ചെയ്തതോടെ രാജെശ്വരിയിലെ സ്ലൈഡുകൾ സിനിമയേക്കാൾ സൂപ്പർ ഹിറ്റായി.

ഇടയിലൊരു മഴക്കാലത്ത് എ ക്‌ളാസിൽ ബഞ്ചിൽ ഇരിക്കാൻ പോയ ഒരുത്തന്റെ ചന്തിയിൽ പാമ്പ് കടിച്ചു എന്ന ദാരുണ സംഭവം അക്രമണകാരി നീർക്കോലി ആയതുകൊണ്ടും ഇരയ്ക്കു ആ സിനിമയുടെ ഓപ്പൺ ടിക്കറ്റ് ആ പടം മാറുന്ന വരെ കിട്ടിയതുകൊണ്ടും ഒതുക്കപ്പെട്ടു. ടൗണിൽ പാൽക്കായം വിൽക്കുന്ന തമിഴൻ അണ്ണാച്ചിയുടെ പെസ്റ്റ് കണ്ട്രോൾ കം പാമ്പ് കൺട്രോൾ ഇടപെടൽ മൂലം രാജേശ്വരിയെ പാമ്പ് നിരോധിതമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ, ആരോ വിവരം പറഞ്ഞറിഞ്ഞു, ബൈബിളിൽ യേശു വെള്ളപ്പുറത്ത് ചെയ്ത അത്ഭുതത്തിൽ പ്രചോദിതനായി ഇരുപത്തിനാലു മണിക്കൂറും വെള്ളത്തിൽ നടക്കുന്ന ശിവരാമേട്ടൻ ''ആരെടാ എന്നെ തീയേറ്ററിൽ കയറുന്നതിനു വിലക്കീത്'' എന്ന് ചോദിച്ചു അലമ്പുണ്ടാക്കാൻ ചെന്നത് പാമ്പ് നിരോധിതമേഖലയ്ക്കു ആദ്യത്തെ തിരിച്ചടിയായി.

"ഷോഡപ്പൽണ്ടിപാട്ടുബുക്കെയ്.." എന്ന വായ്ത്താരിയുമായി ഇടവേളസമയങ്ങളിൽ എ, ബി , സി ക്ളാസുകൾക്കിടയിലെ തടസങ്ങൾ സർക്കസുകാരനെപ്പോലെ മറികടന്ന് അന്നത്തെ ഫുഡ് ആൻഡ് ബിവറേജസ് സർവീസ് മൊത്തവ്യാപാരി കുര്യൻ മുടങ്ങാതെ കാണികൾക്കിടയിലെത്തി. എവറെഡി ടോർച്ചിന്റെ ബൾബോണ്ടുണ്ടാക്കിയ സ്‌പെഷ്യൽ ലൈറ്റു പിടിപ്പിച്ച 'ഇല്യൂമിനാണ്ടി' പ്ലാസ്റ്റിക് ബേസിനിലെ ഇഞ്ചിമിട്ടായിയുമായി റാപ്പിയും. പുറത്തെ അയ്യപ്പൻനായരുടെ കടേന്നു പപ്പടവടകൾ വാങ്ങി തൊട്ടടുത്തിരിക്കുന്നവരുടെ ചെവിതല കേൾപ്പിക്കാതെ 'കറും മൂറും' എന്ന് തിന്നിരുന്നവർക്കു ഒരു ഷോയ്ക്കും ഒരു കുറവുമുണ്ടായില്ല. ഇടി സീനെങ്ങാൻ വന്നാൽ ' ഡാ ഒരുത്തൻ പിന്നീക്കൂടെ വരണ്ണ്ട് ട്ടാ ' എന്ന് മുന്നറിയിപ്പ് കൊടുക്കുക മാത്രമല്ല, പതുങ്ങി വന്നവനെ അടിച്ചു താഴെ ഇട്ടാൽ 'ഞാൻ പറഞ്ഞില്ലെങ്കി കാണാരുന്നു' എന്ന് ഊറ്റം കൊള്ളുമായിരുന്ന കാർന്നോന്മാരും ഇഷ്ടം പോലെ കാണികളായി ഉണ്ടായിരുന്നു. സ്‌ക്രീനിൽ ചെങ്കൊടിയുമായി നായകൻ വന്നപ്പോൾ 'ഇൻക്വിലാബ് സിന്ദാബാദ്" വിളിച്ചു പത്തറുപതു പേര് എണീറ്റ് നിൽക്കുന്നതൊക്കെ സാധാരണമായിരുന്നു.

ഉച്ചപ്പടങ്ങൾക്കു പക്ഷെ, ആംബിയൻസ് മാറും. ലൈറ്റ് ഓഫ് ആയിക്കഴിഞ്ഞിട്ടു മാത്രം തപ്പിത്തടഞ്ഞു അകത്തേയ്ക്കു കയറുന്ന മാനാഭിമാനം പണയം വയ്ക്കാനിഷ്ടമില്ലാത്തവർക്കു അതെപ്പോ നഷ്ടപ്പെട്ടു എന്ന് നോക്കിയാ മതി. അകത്ത് കയറുന്നവർക്ക് സീറ്റു കാണാൻ തപ്പിത്തടയണമെങ്കിലും അകത്തിരിക്കുന്നവർക്കു വരുന്നവരെ തിരിച്ചറിയാമല്ലോ! അപ്പൊ പിന്നെ ഇന്നത്തെ ആധാർ കാർഡ് നോക്കി വായിക്കുന്ന പോലെ പേര്, വയസ്സ്, വീട്ടുപേര് ഒക്കെ പല ഇടങ്ങളിൽനിന്നായി അനൗൺസ്‌മെന്റ് വരും. ഒരൊറ്റ പ്രാവശ്യം, പിന്നെ അവരാരും തപ്പിത്തടയാൻ നിൽക്കില്ല, നേരത്തെ എത്തിക്കാണും. പടം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ദേശസ്നേഹം തലയ്ക്കു പിടിച്ച പോലെയാ. എല്ലാവരുടെയും ഹൃദയങ്ങൾ ഒന്നാവുകയായി. ''പീസിഡ്രാ'' എന്ന അലർച്ച പോലും ഒരേ താളത്തിൽ.. ഭാവത്തിൽ. ഓലക്കിടയിലൂടെ എത്തുന്ന വെളിച്ചക്കീറുകൾ കാഴ്ചയുടെ സുഖം നശിപ്പിക്കുന്നതിനെപ്പറ്റി പരാതികൾ ധാരാളം കേൾക്കാം. ഉച്ചപ്പടങ്ങൾക്ക് മുമ്പായി ഓപ്പറേറ്റർ ഡേവീസേട്ടനുമായി ആംഗ്യങ്ങളാൽ ആശയവിനിമയം നടത്തുന്ന പുലികളുണ്ട്. നാവു അണ്ണാക്കിൽ മുട്ടിച്ചു 'ട്ടോ' എന്നൊരു ശബ്ദം. മൈന അല്ല സാക്ഷാൽ ഡേവീസേട്ടൻ പോലും തിരിഞ്ഞു നോക്കും! കൈ മലർത്തി ഒരു സ്മൈലി ആക്ഷൻ ഇവിടെന്നു കാട്ടുന്നു. അവിടെനിന്നു വിരലുകളാൽ രണ്ടു, മൂന്നു, നാല് എന്നൊക്കെയുള്ള സ്മൈലികൾ തിരികെ. വീണ്ടും കൈ മലർത്തിയൊരു ആനിമേറ്റഡ് ജിഫ്. തിരികെ ചൂണ്ടുവിരലും തള്ളവിരലും അറ്റങ്ങൾ മുട്ടിച്ചു ഒരു സ്മൈലി അല്ലെങ്കിൽ വിരലുകളുടെ അറ്റങ്ങൾ ചേർത്തുവച്ചു പെട്ടെന്ന് വിടർത്തുന്ന ആനിമേറ്റഡ് ജിഫ് വരും! അതൊക്കെ കണ്ടു കാര്യം മനസിലാക്കിക്കോണം. അല്ലെങ്കിൽ പ്രഗത്‌ഭമതികളായ കാണികൾ അര മണിക്കൂർ കഴിയുമ്പോൾ എണീറ്റ് പോകുന്നത് കണ്ടാൽ ഉറപ്പിച്ചോളണം, ഇനി ബിറ്റില്ല!

സുമാരേട്ടൻ ഉച്ചപ്പടങ്ങൾക്കു ഉണ്ടാവാറില്ല. സം ടൈംസ് ഉണ്ടെങ്കിൽ അന്ന് ബിറ്റ് കയറില്ല. 'ഈ മൈ.. എന്തിനാ ഇങ്ങോട്ടു ഈ നേരത്ത്? ന്നൊരു മുറുമുറുപ്പ് കാണീസിന്റെ ഭാഗത്തുനിന്ന് ഉയരുമെങ്കിലും ഡേവീസേട്ടൻ 'എന്റെ മിടുക്കോണ്ടു മാത്രം കാണിക്കുന്ന ഔദാര്യമാണെടാ ഇത്. ഇന്നിനി നടക്കില്ല, നാളെ വാ' എന്ന് വരുത്താനും സുമാരേട്ടന് 'ഞാനുള്ളപ്പോ ഇതൊന്നും നടക്കില്ല' എന്ന മട്ടിൽ തലയിൽ ഹാലോ ഉദിക്കുന്ന പുണ്യാത്മാവായി അഭിനയിക്കാനും ഉള്ള അഡ്ജസ്റ്റുമെന്റുകൾ ആയിരുന്നു അതെന്നു കുറെ കൊല്ലം കഴിഞ്ഞാണ് മനസിലായത്!

അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു സെക്കണ്ട് ഷോയുടെ അവസാനത്തെ നാല് റീലുകൾ കയറ്റിയിട്ട് വർക്ക് ചെയ്യിപ്പിച്ച് ഡേവീസ് സുമാരേട്ടനെ നോക്കി.
"ഞാൻ ഉച്ചയ്ക്കു പറഞ്ഞണ്ടാർന്നു.. നേരത്തെ പോണ കാര്യം"
"എനിയ്ക്ക് പണി ഒന്നും കിട്ടില്ലല്ലോ. നിർബന്ധമാണെങ്കി പൊക്കൊ.." സുമാരേട്ടൻ മനസില്ലാമനസോടെ സമ്മതിച്ചു.
ഡേവീസ്‌ പോയി പത്തു മിനിട്ട് .. ഫിലിം പൊട്ടി!
ഫിലിം സിമന്റു കൊണ്ട് പൊട്ടിയതൊട്ടിക്കാൻ പഠിച്ച പണി പതിനെട്ടും പഠിക്കാത്ത വേറെ അഞ്ചെട്ടെണ്ണവും സുമാരെട്ടൻ ട്രൈ ചെയ്തു. 
യെവടെ.. നോ രക്ഷ. 

അകത്തുനിന്നുള്ള കൂവൽ തന്തയ്ക്ക് വിളികളിലേയ്ക്കും കസേരയും ബെഞ്ചും തല്ലിപ്പൊളിക്കലിലേയ്ക്കും ട്രാൻസ്ഫോം ചെയ്തിരിക്കുന്നതു കേട്ട്,, സിനിമ വരുന്ന ഓട്ടയിലൂടെ സുമാരേട്ടൻ തല അകത്തേയ്ക്കിട്ടു.

"പ്രിയപ്പെട്ട നാട്ടുകാരെ, സുഹൃത്തുക്കളേ ..
നസീറും സുകുമാരനും ചേട്ടനും അനിയനുമാണെന്ന് ഒരു ഇടിയിലൂടെ അവര്ക്ക് മനസിലാവും. ജയഭാരതിയുടെ തെറ്റിധാരണകളെല്ലാം മാറും. അവർ സുഖമായി ജീവിക്കും. ആ.. എടേല് ഒരു പാട്ടും ഉണ്ട് ട്ടോ.. 
ഇതാണ് കഥ. 
പടം കാട്ടാൻ ഒരു നിവൃത്തീം ഇല്ല്യാത്തോണ്ടാ. നിർബന്ധാണെങ്കി നാളെ വന്നാ ബാക്കി കാണാം!"

Thursday, March 28, 2019

കൈസർ - ദി ഗാർഡിയൻ എയ്ഞ്ചൽ

"എന്നാലും ആ മൊതല് എങ്ങോട്ടു പോയീടപ്പാ?!"
ഗ്രാമം പരസ്പരമുള്ള ചോദ്യങ്ങളാലും ആംഗ്യങ്ങളാലും പുരികങ്ങളുടെ ചലനങ്ങളാലും ബ്രൂണോയെപ്പറ്റി ചോദിച്ചു.

രണ്ടു ദിവസം വറീതേട്ടന്റെ കുഴിക്കരികിലെത്തുന്നുണ്ടോ എന്ന് രാമൻ നായര് പല പ്രാവശ്യം പോയി നോക്കി. കാൽപ്പാട് പോലും ഇല്ലെന്നു കണ്ട് അയാൾ നിരാശനായി ഓരോ പ്രാവശ്യവും തിരികെ പൊന്നു.

"അത് പേ പിടിച്ചു ചത്തു കാണുന്നെ" ദിവസങ്ങൾക്കു മുൻപ് ഉണ്ടായ ജാള്യത ആരുമറിയാതെ ഒളിപ്പിയ്ക്കാൻ പരമാവധി  ശ്രമിച്ചുകൊണ്ട് വേലായുധൻ പറഞ്ഞു.

"അതന്നെ, പേയിളകിയാൽ പിന്നെ വെള്ളം കുടിക്കണം. അത്ര ദാഹം കാണുമത്രേ. അങ്ങനെ അറപ്പത്തോട്ടിലിറങ്ങി ഒഴുകിപ്പോയിക്കാണും." ചന്ദ്രൻ പിന്താങ്ങി.

"കഷ്ടം. നല്ലൊരു നായയായിരുന്നു."

അങ്ങിനെ, രണ്ടു ദിവസം കൊണ്ട് ജനം ബ്രൂണോയെ കൊന്നു കളഞ്ഞു.

കൈസറിനു വച്ച് കൊടുക്കുന്ന ചോറ് അവൻ അപ്പോൾ തിന്നുന്നില്ലെന്നും രാത്രിയിലെപ്പോഴോ ആണ് അത് കഴിയ്ക്കുന്നതെന്നും രാമൻ നായർ ശ്രദ്ധിച്ചത് ഒന്നുരണ്ടു ദിവസം കൂടി കഴിഞ്ഞിട്ടാണ്.

രാത്രി, കൈസർ കൂടുതൽ ഉഷാറാവുന്നതും താൻ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്ന വേളകളിൽ അവനെ സ്ഥിരം സ്ഥലത്ത് കാണാനില്ലെന്നതും നായർ ശ്രദ്ധിച്ചു. അങ്ങിനെയുള്ള ഒരു ദിവസം, ലൈറ്റ് അണഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ചോറ് കൊടുക്കുന്ന പാത്രത്തിന്റെ ഒരു ശബ്ദം കേട്ടു.

ജനലിന്റെ വിടവിലൂടെ നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്. തനിക്കു കിട്ടിയ ചോറ് നിറച്ച പാത്രം കടിച്ചു പിടിച്ചു മുന്നോട്ടു നീങ്ങുന്ന കൈസർ. വിളിക്കാനാഞ്ഞെങ്കിലും നായർ അത് നിയന്ത്രിച്ചു.

ശബ്ദമുണ്ടാക്കാതെ അയാൾ വാതിൽപ്പാളികൾ തുറന്നു. വരാന്തയിലൂടെ നടന്ന് പുറത്തേയ്ക്കുള്ള വാതിലിന്റെ താക്കോൽ  ദ്വാരത്തിലൂടെ നോക്കുമ്പോൾ പുറകിലെ കയ്യാല കടന്ന് പോകുന്ന കൈസറിന്റെ രൂപം മരങ്ങളുടെ നിഴലിൽ അലിഞ്ഞു തുടങ്ങിയിരുന്നു.

രാമൻ നായർ മനസ്സിൽ ചിരിച്ചു. അയാൾക്ക് എന്തൊക്കെയോ പിടി കിട്ടി. പിറ്റേന്ന്, കാലിയാക്കിയ പാത്രത്തിനരികിൽ ഒന്നുമറിയാത്തപോലെ കിടക്കുന്ന കൈസറിനെ കണ്ട് അയാൾക്ക് ശരിക്കും ചിരി വന്നു.
"എവിടെയാടാ നിന്റെ ചങ്ങാതി? എവിടെ കൊണ്ട് പൂഴ്ത്തി?" നായർ ശബ്ദം താഴ്ത്തി ചോദിച്ചു.

കൈസർ അയാളെ ഒരു നിമിഷം നോക്കി. പിന്നെ കണ്ണടച്ചു.

"ആഹാ, കണ്ണടച്ച് കാണിക്കുന്നു ല്ലേ?! നിന്നെ ഞാൻ.." സ്നേഹപൂർവ്വം അയാൾ കൈസറിന്റെ താടിയിൽ ഒരു തട്ട് കൊടുത്തു.

അന്ന് വൈകീട്ട് മുതൽ അവന് സാധാരണ കൊടുക്കുന്ന ചോറിൽ അൽപ്പം അളവ് കൂട്ടാൻ നായർ മറന്നില്ല.

ഒരാഴ്ച കൂടി കഴിഞ്ഞു കാണും. പാടത്തിന്റെ ഇറമ്പിലെ കുട്ടപ്പൻവൈദ്യരുടെ പറമ്പിലെ തൊട്ടാവാടിക്കൂട്ടത്തിൽ കെട്ടിയിരുന്നതിൽ  ഒരാടിനെ കാണാനില്ലെന്ന വാർത്തയുമായാണ് കല്യാണിയമ്മ സന്ധ്യയ്ക്ക് വേലുക്കുട്ടിയുടെ കടയിൽ വന്നത്.

"പാടമായ പാടം മുഴുവൻ ഞാൻ അരിച്ചു പെറുക്കീന്നേ. ആരാണ്ടു അഴിച്ചു കൊണ്ട് പോയപോലെ. പൊട്ട്ട്യേക്കല്ല, കയറു അഴിഞ്ഞു പോയേക്കാ. അങ്ങനെ സംഭവിക്കണമെങ്കിൽ ആരെങ്കിലും അഴിച്ചു വിടണ്ടേ?"

ചായക്കടയിലെ ആക്ഷൻഫോഴ്‌സ്‌ മുഖത്തോടു മുഖം നോക്കി. ഈ തെരച്ചിലുകൊണ്ടു ഒരു കാര്യവുമില്ലെന്നും ആടിനെ കിട്ടിയാലും ഒരു കുപ്പി കള്ളു പോലും കല്യാണിയമ്മ വാങ്ങി തരില്ലെന്നും നോട്ടങ്ങൾ വഴി സന്ദേശം കൈ മാറി.

"പട്ടാപ്പകല് അതിനെ ആരും കട്ടോണ്ടു പോവോന്നില്ല." വിവരമറിഞ്ഞു എത്തിയ രാമന്നായര് പറഞ്ഞു.
" നമുക്ക് ഒന്ന് നോക്കാന്നേ.."

ആക്ഷൻഫോഴ്‌സ്‌ റെഡി ആയി. ഈ ഓപ്പറേഷൻ ലെഫ്. കേണൽ രാമന്നായര് നയിക്കും എന്ന മട്ടിൽ അവർ നായരുടെ ആജ്ഞകൾക്കു കാതോർത്തു.

"നിങ്ങൾ ഈ ഭാഗത്ത് ഒന്ന് തപ്പ്. ഞങ്ങള് പാടത്തിന്റെ സൈഡിലൊക്കെ നോക്കട്ടെ. വല്ല തേക്കു കുഴീലും വീണോ ആവോ."
ഫോഴ്‌സ് രണ്ടായി പിരിഞ്ഞു ഓപ്പറേഷൻ സ്റ്റാർട്ട് ചെയ്തു.

വേലുക്കുട്ടീടെ ഉള്ളിൽ പണ്ടത്തെ മുതല വരവും അന്ന് ചെലവായ ചായയുടെ കണക്കും ആയിരം വാറ്റു ബൾബ് പോലെ മിന്നി. 'ഈശ്വരാ.. അയാൾ ദൈവങ്ങളുടെ ചിത്രങ്ങൾക്ക് മുമ്പിൽ കത്തുന്ന കെടാവിളക്ക് തിരി ശരിയാക്കി വച്ചു.

സൂര്യൻ അസ്തമിച്ചു കഴിഞ്ഞു. പാടത്തോന്നും ആടിന്റെ ലക്ഷണം കണ്ടില്ല. ഇടയ്ക്ക് ആടിന്റെ കരച്ചിൽ കേൾക്കുന്നുണ്ടോ എന്ന് ചെവിയോർത്തപ്പോൾ കൈസർ അങ്ങകലെ നിന്ന് കുരയ്ക്കുന്ന പോലെ നായർക്ക് തോന്നി.അയാൾ ചെവി ഒന്നുകൂടി വട്ടം പിടിച്ചു പാടത്തിനു അങ്ങേ കരയിൽനിന്ന്, പിഷാരടിയുടെ തേമാലിപ്പറമ്പിൽനിന്നു ഒരു പട്ടി കുര ഉയർന്നു. നായർ ഒരു നിമിഷം ചുണ്ടിൽ വിരലമർത്തി സംഘാംഗങ്ങളെ നിശ്ശബ്ദരാക്കി. കുര  മാത്രമല്ല ആടിന്റെ നേർത്തോരു കരച്ചിലും.

കുര അടുത്ത് വരികയായിരുന്നു. വിളഞ്ഞ നെല്ല് ചാഞ്ഞ കണ്ടത്തിന്റെ വരമ്പിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബ്രൂണോ പ്രത്യക്ഷനായി!

"പേ..പേ .. പേപ്പട്ടി" ആരോ പറഞ്ഞു.
ഒരു നിമിഷം ഒന്ന് പകച്ചെങ്കിലും നായർ ആദ്യം സമചിത്തത വീണ്ടെടുത്തു.
"ബ്രൂണോ.." അയാൾ വിളിച്ചു.
ബ്രൂണോ വട്ടത്തിൽ വാലാട്ടി. വിധേയത്വത്തിന്റെ കുര  കുരച്ചു.


"എടാ, ബ്രൂണോ.. നീ എവഡ്യാർന്നു, ഇത്ര ദിവസം? " നായര് ചോദിച്ചു.
ബ്രൂണോ ദയനീയമായി നായരെ നോക്കി.. പിന്നെ മുഖം തിരിച്ച് പാടത്തിന്റെ മറു കര നോക്കി കുരച്ചു.

"അയ്യോ.. പാവം, തീറ്റ കിട്ടാണ്ട് പാവം ക്ഷീണിച്ചു പോയീലോ. ഒന്നും തിന്നാൻ കിട്ടാതെ പട്ടിണി കിടന്നതു പോലെ ഇല്ല താനും."
"അപ്പൊ ഇതിനു പേയൊന്നും ഇല്ലാരുന്നു ല്ലേ? ആ വേലായുധനാർന്നു ഇതിനെ പേപ്പട്ടിയാക്കാണ്ട്..."

പല അഭിപ്രായങ്ങൾ പുറകില്നിന്നു ഉയരുമ്പോൾ നായർ ബ്രൂണോയെ നോക്കുകയായിരുന്നു. ഇവൻ എവിടെ നോക്കിയാണ് കുരയ്ക്കുന്നത്? അവിടെ എന്താണ് ഉള്ളത്?!

രാമന്നായര് അടുത്തേയ്ക്കു ചെന്നപ്പോൾ ബ്രൂണോ വന്ന വഴിയിലേക്ക് തിരിഞ്ഞു. അവൻ നോക്കി കുരയ്ക്കുന്ന ഭാഗത്തേയ്ക്ക് സംഘം നീങ്ങി. ആടിന്റെ ദയനീയമായ കരച്ചിൽ അടുത്ത് വന്നു. പിഷാരടിയുടെ പറമ്പിന്റെ താഴെയുള്ള മോട്ടോർ പുരയുടെ താഴെ കുളത്തിൽനിന്നു പോകുന്ന വെള്ളമില്ലാത്ത കൈത്തോട്ടിൽ കല്യാണിയമ്മയുടെ ആട് കയർ കാലിൽ കുരുങ്ങി കിടപ്പുണ്ടായിരുന്നു! മുകളിൽ മുഴുവൻ കാട് പിടിച്ചതിനാൽ കാണുകയുമില്ല.

"ആഹാ.. ദേ കല്യാണിയമ്മേടെ ആട്."
"ബ്രൂണോ ആള് കൊള്ളാലോ."
"ഇത് കെട്ടഴിഞ്ഞു ഇവിടെ വന്നു പണ്ടാരമടങ്ങിയത് ആരും കാണില്ലാർന്നു. ഈ കുള്ളൻപട്ടി ഉള്ളത് നന്നായി. അല്ലെങ്കിൽ ഇന്നാടിനെ കുറുക്കൻ തിന്നേനെ. തോട്ടുവക്കത്തു ആവശ്യം പോലെ ഉണ്ടേയ്. ടീമായിട്ടാ വര്വാ. പിന്നെ പൂട പോലും കിട്ടില്ല."

രാമന്നായര് ചിന്തയിലായിരുന്നു. ഇത്രയും ദിവസം കൈസർ ഇവനെ ഒളിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ ഭക്ഷണം പങ്കു വച്ചാണ് അവൻ ബ്രൂണോയെ നോക്കിയത്. ഇപ്പൊ ഈ ആടിനെ കാണാതാവൽ പോലും ഇവരുടെ പ്ളാനിങ്ങാണോ? ഇവര് പട്ടികളോ മനുഷ്യരോ അതോ ഇനി വല്ല ദൈവങ്ങളോ ആണോ!! എന്തായാലും ഇങ്ങിനെ അല്ലെങ്കിൽ ബ്രൂണോയ്ക്കു ഒരു തിരിച്ചുവരവ് നാട്ടിലേയ്ക്ക് ഉടനില്ല.

"നായരെ, ഈ നായയെ എന്ത് ചെയ്യും?"
ചോദ്യം കേട്ട് ചിന്തയിൽനിന്നുണർന്നു രാമന്നായര് മറുപടിയെന്നോണം വിളിച്ചു.
"ബ്രൂണോ, വാടാ"

ആടിനെ ഏൽപ്പിച്ച് സ്പ്ലിറ്റ് ചെയ്യപ്പെട്ട ബറ്റാലിയന്റെ മറ്റംഗങ്ങളും തിരികെ റിപ്പോർട്ട് ചെയ്തു എന്ന് ഉറപ്പു വരുത്തി ബ്രൂണോയുടെ റീ എൻട്രി വിവരിച്ചു വേലുക്കുട്ടിയുടെ കടയിൽനിന്ന് കടുപ്പത്തിലൊരു ചായയും കുടിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോൾ പേയില്ലാത്ത വീരനായി മാറിക്കഴിഞ്ഞിരുന്ന ബ്രൂണോ നായർക്കൊപ്പമുണ്ടായിരുന്നു.

വറീതേട്ടന്റെ പടി എത്തിയപ്പോൾ ബ്രൂണോ ഒന്ന് മുരണ്ടു. മറുപടിയായി കൈസറിന്റെ ഒരു കുര വന്നു.

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നിന്ന ചേടത്തിയുടെ അടുത്ത് ബ്രൂണോയെ ഏൽപ്പിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോൾ രാമന്നായര് കൈസറെ നോക്കി. വേറെ ഏതോ ഗൃഹത്തിൽനിന്ന് വന്ന എനിക്ക് ഇതിലെന്ത്  കാര്യം എന്ന മട്ടിൽ കൈസർ രാമൻനായരെ തിരികെ നോക്കി, പതിയെ കണ്ണിറുക്കി!

Wednesday, June 20, 2018

ആന

ഞാനുമോരാന..
പൂഴിയില്‍ക്കുളിച്ചു, കളിച്ചു തിമിര്‍ത്ത്
പരിണാമപ്പടുകുഴിയില്‍ വീണൊരാന.

ആകുലതകള്‍ ചുമന്നവശരായവരെ
ഒളിഞ്ഞിരുന്നു മണലെറിഞ്ഞു വീഴ്ത്തി
കൊന്നുതിന്നു വിശപ്പടക്കുന്നോരാന.
എന്‍റെ പ്രതീക്ഷകളുടെ ഭാരവും പേറി 
വഴിതെറ്റിയവന്റെ പാദചലനങ്ങള്‍ തേടി,
ചിറകുമുളച്ചുവിണ്ണിലുയരാനൂഴവും കാത്ത്
ഈ മണല്‍ക്കുഴിയില്‍.. ഞാന്‍.

ഞാനുമൊരാന!

ആനയ്ക്ക് സ്വന്തം വലിപ്പമറിയില്ലെന്നാരാ പറഞ്ഞത്?