Powered By Blogger

Monday, October 31, 2016

പ്രേമവും പൊറോട്ടയും

പ്രീ ഡിഗ്രീ (ഇന്നത്തെ പ്ലസ് ടു) ക്ക് പഠിക്കുന്ന കാലം. അതായത് വാട്സാപ്പും ഫേസ്ബുക്കും ഓർകുട്ടും വരുന്നതിനും മുമ്പ്. (ഓന്തുകളുടെയും ദിനോസറുകളുടെയും കാലം എന്ന് ആലങ്കാരികമായി.)
എന്നോടോരുത്തന്‍ അവൻ ലൈൻ വലിക്കുന്ന നിഷയ്ക്ക് ഇംഗ്ലീഷില് ലവ് ലെറ്റര്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞു. 
ഗരുഡ ഹോടലിലെ പൊറോട്ടേം ചാറും ആയിരുന്നു ഓഫര്‍. 
ആ ഭാഷയില്‍ നല്ല പരിജ്ഞാനം ആയതുകൊണ്ട് ഞാന്‍ കണ്ഫ്യൂഷനില്‍ ആയി.
ഇരുന്നും കിടന്നും തലകുത്തിനിന്നും ആലോചിച്ചിട്ടും ഒരു വരി പോലും ഗ്രാമർ ശരിയാണെന്ന വിശ്വാസത്തില്‍ എഴുതാന്‍ പറ്റുന്നില്ല.
പൊറോട്ടയുടെയും ചാറിന്റെയും കൊതി, പാടത്ത് ഉഴാന്‍ കൊണ്ട് വരണ മൂരികള്‍ക്ക് മുന്നില്‍ കമ്പില്‍ കെട്ടിത്തൂക്കുന്ന പുല്ലു പോലെ എന്നെ മോഹിപ്പിച്ചു.
ഒരു വശത്ത് പൊറോട്ട മറുവശത്ത് പ്രേമം അതിങ്ങനെ മാറി മാറി കണ്ട് എന്റെ ഉൾക്കണ്ണു കഴച്ചു.
ആക്രാന്തൻ വന്നാ പിന്നെ എന്ത് ചെയ്‌തളയും എന്നത് ശരി വച്ച് കൊണ്ട് ഞാൻ എഴുതി, 
Nisha, yesterday my life was filled with rain
Nisha , you smiled at me and really eased the pain
The dark days are gone, and the bright days are here,
My Nisha one shines so sincere
Nisha, one so true, I love you
Nisha , thank you for the sunshine bouquet
Nisha , thank you for the love you brought my way
You gave to me your all and all
Now I feel ten feet tall
Nisha one so true, I love you
Nisha , thank you for the truth you let me see
Nisha , thank you for the facts from A to C
My life was torn like a windblown sand,
And the rock was formed when you held my hand
Nisha.. one so true, I love you
Nisha 
Nisha, thank you for the smile upon your face
Nisha, thank you for the gleam that shows its grace
You're my spark of nature's fire,
You're my sweet complete desire
Nisha one so true, I love you
Nisha, yesterday my life was filled with rain
Nisha, you smiled at me and really eased the pain
The dark days are gone, and the bright days are here,
My Nisha one shines so sincere
Nisha.. one so true, I love you
I love you
I love you
I love you
I love you
കത്ത് ലവന് കൈ മാറി. 
അവൻ അത് പെൺകുട്ടിക്ക് കൊടുത്തു.
"എന്താവുമോ എന്തോ..തെണ്ടീ, എന്നെ നാറ്റിക്കില്ലല്ലോ ?" എന്ന അവന്റെ സംശയത്തിന് ഞാൻ പരമ പുച്ഛത്തോടെ ഒരു ചിരി മറുപടി കൊടുത്തു.
പിറ്റേന്ന് ലവൻ വന്നു. 'ഹമ്മോ കിടിലൻ പ്രതികരണം. മതി ഇനി ഞാൻ ഒരു കലക്ക് കലക്കും.' എന്ന് പുളകിതനായി.
"അപ്പോളെന്റെ പൊറോട്ടാ ?" നടൻ അസീസ് സ്റ്റൈലിൽ ഞാൻ ചോദിച്ചു.
ചിയേർസ്.. അവൻ തിരിച്ചു പറഞ്ഞു.
"എന്നാലും നീ.. എടാ.. ഹോ.
ഒന്നാമത്തേല് അവൾ ഇഗ്ളീഷ് മീഡിയം.
എന്നിട്ടും ആകെ ഇമ്പ്രെസ്‌ടായിപ്പോയി. നീ എന്നാലും എങ്ങിനെ സാധിച്ചുടാ?"
ഞാൻ ചിരിച്ചു.
ഗതി കേട്ടപ്പോൾ, അങ്കിള്‍ ഗള്‍ഫീന്ന് കൊണ്ട് വന്ന ബോണി എമ്മിന്റെ കാസറ്റില്‍ പാട്ടുകള്‍ പ്രിന്റ്‌ ചെയ്ത ലീഫ്ലെറ്റിലെ 
"Sunny, yesterday my life was filled with rain.. .... 
എന്ന് തുടങ്ങി 
One so true...
I love you "
എന്നവസാനിക്കുന്ന പാട്ടിലെ 'സണ്ണി' കള്‍ നിര്ദാക്ഷിണ്യം എടുത്തു മാറ്റി പകരം ഞാനവിടെ 'നിഷ'കള്‍ ഫിറ്റ്‌ ചെയ്തു എന്ന നഗ്ന സത്യം ഞാനവനോട് പറഞ്ഞില്ല. ബോണി എം വല്യ പിടിയില്ലാത്തതിനാൽ അത് വീണ്ടും വായിച്ചു വായിച്ച് ലവള്‍ 'എന്തോ കൊണ്ട'തിന്റെ വകയായി പലപ്പോഴും പൊറോട്ടയും ചാറും ഞാന്‍ ലവന്റെ കയ്യീന്ന് വീണ്ടും വീണ്ടും വാങ്ങിച്ചു പെടച്ച്!

Wednesday, October 12, 2016

പലരിൽ ചിലർ 4


"നീ.. നീയൊറ്റ ഒരുത്തിയാണ് നിന്റെ അച്ഛനെ ഇമ്മാതിരിയാക്കുന്നത്."

"ഞാനെന്തു ചെയ്തു?"

"പുതിയ പെട്ടി വണ്ടി വാങ്ങിക്കൊടുക്കുക, അതിന്റെ സി സി കൃത്യമായി അടയ്ക്കുക.. പിന്നെ അങ്ങേർക്കു വല്ല പ്രശ്നവുമുണ്ടോ? കിട്ടുന്ന കാശിനു മുഴുവൻ കുടിക്കാലോ. വണ്ടീടെ സി സിയെങ്കിലും അങ്ങേരു അടയ്ക്കട്ടേടീ, പോത്തേ"
"ഏയ്.. അതൊന്നും വിചാരിച്ചല്ല. അച്ഛൻ എന്തായാലും കുടിക്കും.വണ്ടി ഇല്ലെങ്കിൽ കടം വാങ്ങി കുടിക്കും. ആര് പറഞ്ഞാലും കേൾക്കൂല. ശബരിമലയ്ക്കു പോകാൻ മാലയിട്ടാ, അച്ഛൻ നാല്പത്തതൊന്നു ദിവസം കുടിക്കില്ല.ആ ദിവസങ്ങളിലെ പണി കൊണ്ട് പോകുന്നതിനു മുമ്പ് ഒരു സ്വർണ്ണമാല വാങ്ങും! എന്നിട്ടു നോമ്പെറക്കുമ്പോ മുതൽ കുടി തുടങ്ങും. പണയം വച്ച് കുടിക്കും, പിന്നെ വിറ്റു കുടിക്കും. നിനക്കറിയാലോ,"

"അതന്യാ പറഞ്ഞത്, നിങ്ങള് എതിർത്തു ഒരക്ഷരവും പറയാത്തതാണ് പ്രശ്നമെന്ന്. മൂന്നു പെൺപിള്ളേരായതുകൊണ്ടാ. ഒരെണ്ണം ആണാണെങ്കി കാണാരുന്നു."

"അതല്ലെടാ, അച്ഛനോട് അങ്ങിനെയൊന്നും പറയാമ്പറ്റൂലാ."

"അതെന്താ പേടിയാ? നീ ഇവിടെ ഉണ്ണിയാർച്ചയാണല്ലോ"

"അതല്ലടാ..
നിനക്കറിയാലോ, എന്റേം എന്റെ നാട്ടിലേം സെറ്റപ്. പത്ത് വരെ സ്കൂളീ പോയി മുട്ടിച്ചാ ഭാഗ്യം. അതങ്ങു കഴിഞ്ഞാ പെണ്ണാണെങ്കി ഓട്ടുകമ്പനീൽ പണി, അതാ ഒരു രീതി. അങ്ങനെ ഒരു ചുറ്റുപാടിൽ ഞങ്ങളെ മൂന്നു പേരേം പഠിക്കാൻ അനുവദിച്ചു എന്നതാണ് അച്ഛന്റെ ഗുണം. ഒരൊറ്റ പൈസ അച്ഛൻ തന്നിട്ടില്ല. സ്‌കോളർഷിപ്പും സഹായങ്ങളും ഒക്കെ കൊണ്ടാണ് ചേച്ചിയും അനിയത്തിയും ടീച്ചർമാരായതും ഞാൻ ബി ടെക്കുകാരിയായതും. 
എന്റെ മക്കള് പഠിക്കാൻ പോവാ എന്ന് അപ്പുറത്തെ വീട്ടിലെ ഓട്ടുകമ്പനീന്ന് മാസശമ്പളം വാങ്ങുന്ന കൂട്ടുകാരികളുടെ അച്ഛന്മാരോട് പറയാൻ ഉണ്ടായിരുന്ന ആ ഉറപ്പിന് ഞാൻ കൊടുക്കുന്ന റിട്ടേണാ ഇത്. എനിക്കറിയാം ഈ കുടി നല്ലതല്ലെന്ന്. പക്ഷെ, അച്ഛൻ അത് ആസ്വദിക്കുന്നുണ്ട്. വീട്ടിൽ അലോസരം ഉണ്ടാക്കുന്നുമുണ്ട്. പക്ഷെ, കാലത്തെണീറ്റു പണിക്കു പോവേം വണ്ടിയൊതുക്കി വൈന്നേരം മുതൽ കുടിക്കേം ചെയ്യുന്നതിന്റെ ഇടയിലൊക്കെ ന്റെ മോള് വാങ്ങിച്ചു തന്ന വണ്ടിയാ എന്ന് പറയുമ്പോ ഒരു ചിരിയുണ്ട്.. എനിക്കതു മതി." 

മതി.. 
മതിയാവുമായിരിക്കും. 

Saturday, September 24, 2016

പലരിൽ ചിലർ 3

മുമ്പ്..


മിനിമം പത്ത് വര്ഷം മുമ്പ്..

പരസ്യചിത്രത്തിനും സ്റ്റിൽ കാമ്പയിനും വേണ്ടി ന്യൂ മോഡൽ ഫെയ്സുകൾക്കിടയിലൂടെ തെരച്ചിൽ നടത്തുന്നതിനിടയിൽ ഒരു പോർട്ട് ഫോളിയോ കിട്ടി. ഒരുപാട് ആഡുകൾ ഒന്നും ചെയ്തിട്ടില്ല. ഒരു വിധം നമ്മുടെ പരസ്യ കൺസെപ്റ്റിന് യോജിച്ചേക്കും. ഒരു ഓഡിഷൻ വീഡിയോ ആവശ്യപ്പെട്ടു. അതുകൂടി കണ്ടു ഏജൻസിയും ക്ലയന്റും എല്ലാം ചേർന്ന് മോഡലിനെ ഫിക്സ് ചെയ്തു. കക്ഷി മുംബൈയിൽനിന്ന്, പേര് കിർത്തി.

ചെന്നൈ എവിഎം ഫ്ലോറിൽ മൂവീ. മൂന്നു ദിവസത്തെ ഷൂട്ട്. അത് കഴിഞ്ഞൊരു ദിവസം ബ്രെയ്ക്. പിന്നെ രണ്ടു ദിവസം കൊച്ചിയിൽ സ്റ്റിൽ ഷൂട്ട്. എല്ലാം പ്ലാൻഡ്.

ഷൂട്ടിന് തലേന്ന് ആളെത്തി. പരിചയപ്പെട്ടു. മാസ് കമ്യൂണിക്കേഷനും പിന്നെ മോഡലിംഗ് കോഴ്സൊക്കെ ചെയ്തിട്ടുണ്ട്. ബോളിവുഡ് എന്ന ഏതൊരു മോഡലിന്റെയും സ്വപ്നം മനസ്സിൽ പേറുന്നവൾ. ഊർജ്ജമുള്ള കുട്ടി.

ഷൂട്ട് തുടങ്ങി. ആദ്യ ദിവസം തന്നെ ഞങ്ങടെ ടീമിൽ ചേർന്ന്! ബ്രെയ്ക്കുകളിൽ പാട്ടും മലയാളം പഠിത്തവുമൊക്കെയായി അടിപൊളി.

ഷൂട്ട് ഒരു ദിവസം കൂടി നീണ്ടു. ബ്രെയ്ക് എന്ന് വച്ചിരുന്ന ദിവസവും ഷെഡ്യൂളിൽ പെട്ടു. ഷൂട്ട്‌ തീർത്തു വൈകീട്ട് ഞങ്ങൾ കൊച്ചിയ്ക്ക്. ഗെഡി ഫ്‌ളൈറ്റിൽ രാവിലെ കൊച്ചിയിൽ എത്തും . സ്റ്റിൽ ഷൂട്ട് ചുമതല എനിയ്ക്ക്. 

പുലർച്ചെ മൂന്നിന് വീടിന്റെ ചുവരിൽ തൊട്ട് ടീമിനെ പെറുക്കി സ്റ്റുഡിയോയിൽ ചെല്ലാൻ ഓട്ടം തുടങ്ങുമ്പോ ഒരു ഫോൺ..
"ഭയ്യാ.. കീർത്തി ഹും. ഫ്‌ളൈറ്റ് മിസ് ഹുവാ. .. 
മൈ മിസ്റ്റേക്ക്.. പ്ലീസ് ഡോണ്ട് ഷൗട്.. 
ഗോട്ട് ദി ടിക്കറ്റ് ഫോർ ഈവനിംഗ്. 
കാൻ യു മാനേജ് ആൻഡ് കാം എവെരി വൺ? ആൻഡ് ഐ ഹാവ് എ ബിലീഫ്, യു ആർ നോട്ട് റിപ്പോർട്ടിങ് മൈ മിസ്റ്റേക്ക് റ്റു കോ ഓർഡിനേറ്റർ.   പ്ലീസ്.. പ്ലീസ് "

അടിപൊളി.. ഇന്നത്തെ ഷൂട്ട് ഖുദാ ഗവാ..
എന്നാലും നാല് ദിവസത്തെ മൂവീ ഷൂട്ട് കഴിഞ്ഞു അവശ നിലയിൽ മോഡൽ എത്തുന്നതിനേക്കാൾ ഒരു ബ്രെയ്ക് എനിക്കും ഇഷ്ടമായിരുന്നു. സ്റ്റിൽ സെറ്റ് എന്റെയാ. അത് എനിക്ക് മാനേജ് ചെയ്യാവുന്നതേ ഉള്ളൂ. ഫോട്ടോഗ്രാഫറെ വിളിച്ചു, ബാക്കി ക്രൂവിനെയും. എല്ലാവരും ഒരു ദിവസത്തേയ്ക്ക് ഷൂട്ട്‌ ഷിഫ്റ്റ് ചെയ്യാൻ റെഡി.

അങ്ങിനെ രണ്ടു ദിവസത്തെ ഷൂട്ട്‌ കൂടെ കഴിഞ്ഞതിനിടയിൽ ഞങ്ങൾ കൂടുതൽ ഗെഡികളായി. അത് കഴിഞ്ഞു ഷോപ്പിംഗിനു പോയി, എല്ലാവരും ഒരുമിച്ചു ഫുഡ്ഡടിച്ച്.. രാത്രി രണ്ടിന്, ഉറങ്ങിയ കൊച്ചിയിലെ റോഡിലൂടെ സൊ ഗയാ യെ ജഗഹ് പാടി എയർ പോർട്ടീ പോയി. എന്നെങ്കിലും ഒരു ദിവസം അറിയപ്പെടുന്ന നടിയാവുന്നതിനെക്കുറിച്ച് പറഞ്ഞു. അങ്ങിനെ സംഭവിക്കാൻ ആശംസിച്ചു.

യാത്രയാക്കുമ്പോ കീർത്തി പറഞ്ഞു, "താങ്ക് യു ഫോർ എവെരിതിങ്. താങ്ക്സ് ചേട്ടൻ"..
"ങേ?"
"യെസ്"
"യേ ചേട്ടൻ കഹാ സെ മിലാ?"
"മിലാ.. ഹ ഹ.."

ഒരു മോഡൽ എന്നതിൽ വിട്ട് ഷൂട്ട് കഴിഞ്ഞാൽ കോൺടാക്ട് കീപ് ചെയ്യുന്നതേ പതിവില്ലെങ്കിലും കീർത്തി വല്ലപ്പോഴും വിളിച്ചും മെസ്സേജ് അയച്ചും അത് തെറ്റിച്ചു.

ഇടയ്ക്കു ചില നാഷണൽ ആഡുകളിൽ കണ്ടതിന്റെ അഭിനന്ദനം ഞാനറിയിച്ചു.

"നോ, ചേട്ടൻ.. ഇറ്റ്'സ് ഫോർ മൈ പോക്കറ്റ് മണി. മേരാ ഡ്രീം യാദ് ഹേ ന?"

ഒരിക്കൽ മുംബൈയിൽ ഒരു ഷൂട്ടിങ് ആവശ്യത്തിനായി പോയപ്പോൾ വിളിച്ചു. കണ്ടു മുട്ടാൻ ഒരു രക്ഷയുമില്ലാത്ത വിധം രണ്ടിടത്താണ്. സിനിമയിൽ ചാൻസ് നോക്കിയും ഓഡിഷന് അഭിനയിച്ചു തകർത്തും നടപ്പാണെത്രെ. ആൾ ദി ബെസ്റ്റ് പറഞ്ഞു ഫോൺ വച്ച്.

പിറ്റേന്ന് വൈകീട്ട് തിരിച്ചു പോരാൻ എയർ പോർട്ടിലേയ്ക്ക് തിരിക്കുമ്പോൾ ആണ് അറിഞ്ഞത് ചിത്രങ്ങളടങ്ങിയ ഡ്രൈവ് ഫോട്ടോഗ്രാഫറുടെ കയ്യിൽ പെട്ടിരിക്കുന്നു. സമയമുണ്ട്. വിളിച്ചപ്പോൾ ആളൊരു സിനിമാ സെറ്റിൽ പോയി എന്നറിഞ്ഞു. ഡ്രൈവ് കൂടെയുണ്ട് അങ്ങോട്ട് വന്നാൽ സൗകര്യമായി എന്നറിയിച്ചു.  സമയമുണ്ട്.. വണ്ടിയുമുണ്ട്..പോവാമല്ലോ. പോയി. ഒന്നൊന്നര മണിക്കൂർ യാത്ര. ഒരു തകർപ്പൻ ബംഗ്ളാവിലാണ് ഷൂട്ടിങ്. സണ്ണി ഡിയോളോക്കെ ഉണ്ടത്രേ. ഹിന്ദി സിനിമാ ഷൂട്ടിങ് കണ്ടു കളയാം എന്ന പ്രതീക്ഷ പൊളിഞ്ഞു. ഒറ്റ ആളെ കടത്തി വിടുന്നില്ല. ഒരാളോട് ചെന്ന് ഡ്രൈവ് വാങ്ങിച്ചോളാൻ പറഞ്ഞു. അതിനുവേണ്ടി തല്ലു കൂടി ഒരുത്തൻ പോയി.

പുറത്തിറങ്ങി തിരക്കില്ലാത്ത വഴിയിലൂടെ അലസം നടക്കുമ്പോൾ എതിരെ വരുന്ന ഒരു പെൺകുട്ടി ചിരിച്ചു. ങേ.. ഏയ് എന്നെയാവില്ല എന്ന റോളിൽ കാക്ക തൂറിയ ജഗദീഷിനെപ്പോലെ നിന്നു. 
"ഹായ്.. ചേട്ടൻ. ഇറ്റിസ് മി. കീർത്തി."
ഇതവളല്ലേ.. ഞാൻ വായ പൊളിച്ച്‌.

ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർക്കു പോർട്ട് ഫോളിയോ കൊടുക്കാൻ വന്നതാണെന്ന് പറഞ്ഞു.

മുംബൈ പോലൊരു മഹാ നഗരത്തിൽ കാണണം എന്നാഗ്രഹിച്ച ഒരാളെ ഒരു ചാൻസുമില്ലാതെ കണ്ടതിന്റെ സന്തോഷം, അതഭുതം..മൊത്തം ക്രൂ പരിചയക്കാരാണല്ലോ. റോഡിൽ ഒരു ഗെറ്റ് ടുഗെദർ.

പിന്നെയും കൊല്ലങ്ങൾ.
വിളിയും മെസ്സേജുമോക്കെ കുറഞ്ഞെങ്കിലും ഇടയ്ക്കു ചില ആൽബം സോങ്‌സ്, പരസ്യങ്ങൾ ഒക്കെ കണ്ട് അഭിനന്ദനങ്ങൾ എഫ്ബി വഴി വിട്ടു.

'ആരൊക്കെയാ ഇപ്പൊ ആഡ് ചെയ്യുന്നത്?' എന്ന് ചോദിച്ചപ്പോൾ ഞാൻ കുറെ സിനിമാ താരങ്ങളുടെ പേര് പറഞ്ഞു, തമാശയ്ക്ക് . 'ഹം.. ഒരിക്കൽ എന്റെ പേരും ഈ കൂട്ടത്തിൽ പറയും.. നോക്കിക്കോ'

ഇടയിൽ ഗെഡി പതിയെ തിയ്യേറ്റർലേക്ക്‌ തിരിഞ്ഞു എന്നറിഞ്ഞു. ബോക്സ്ഓഫീസിൽ വല്യ ചലനങ്ങൾ ഒന്നും സൃഷ്ടിയ്ക്കാത്ത ചില ചിത്രങ്ങളും ഇറങ്ങി. 

ഇടയിലെപ്പോഴാ "വല്യ നടിയായോ?" എന്നൊരു കളിയാക്കൽ മെയിൽ വിട്ടപ്പോൾ "ആവും, ഇപ്പോഴും ട്രൈ ചെയ്തുകൊണ്ട് ഇരിക്കുന്നു,..ജാൽ കാണൂ" എന്ന് പറഞ്ഞു. 

ജാൽ കണ്ട പലരും തരക്കേടില്ല എന്ന് പറഞ്ഞിരുന്നു. ഞാനതു അഭിനന്ദനമായി സെൻറ് ചെയ്യുകയും ചെയ്തു. പിന്നേം അഡ്രസ്സില്ല. മെസ്സേജില്ല.. വിവരമില്ല.

ഇപ്പൊ,
'പിങ്ക്', ബോളിവുഡ് തകർത്തു വാരുമ്പോ തപ്‍സിയ്ക്കും ആൻഡ്രിയയ്ക്കുമൊപ്പം ഉഗ്രൻ പെർഫോമൻസുമായി അവളുണ്ട്, കിർത്തി കുൽഹാരി ! 

സ്വന്തം ദിവസം ഒരിക്കൽ വരുമെന്ന് ഉറച്ച് വിശ്വസിച്ച് കാത്തിരുന്ന, അതിനു വേണ്ടി നിരന്തരം പരിശ്രമിച്ച പെൺകുട്ടീ..
അങ്ങിനെ സംഭവിക്കട്ടെ.
ആശംസകൾ.



Thursday, July 14, 2016

ഫയർ എസ്കേപ്


ഒരുഗ്രൻ ജനക്കൂട്ടം ... 

നിയമസഭാ സമ്മേളനം ഒന്നും ഇല്ലാത്തതിനാൽ എമ്മല്ലേ, തോറ്റ എമ്മല്ലേ, പഞ്ചായത്ത് പ്രസിഡന്റിണിയും അഞ്ചാറു മെമ്പർമാരും, തട്ടുകട മുതൽ പബ്ലിക് ബൂത്ത് വരെ നടത്തുന്ന സ്ഥലത്തെ വ്യവസായപ്രമുഖർ, സാമൂഹ്യ സാംസ്കാരികന്മാർ എന്നു ഞെളിയുന്നവർ, സ്ഥലം എസ്‌ഐ & പോലീസ് പരിവാരങ്ങൾ വിത് ആൻഡ് വിത്തൗട്ട്  കുടവയർ, ബിഡിഒ, സ്‌കൂളിലെ മുഴുവൻ പിള്ളേരും മാഷന്മാരും ടീച്ചർമാരും, ഒരു വികാരവുമില്ലാത്ത വികാരി, വേദി മത സൗഹാർദ്ദത്താൽ ബാലൻസ് ചെയ്യാൻ മുക്രിയും പൂജാരിയും, തൊഴിലുറപ്പു പദ്ധതിയിലെ ചേച്ചിമാർ, ഓട്ടർഷ  - ടാസ്‌കി - പെട്ടിവണ്ടി പൈലറ്റസ്... ബിരിയാണിയ്ക്കു മുകളിൽ സവാള മൂപ്പിച്ചിട്ട പോലെ യൂണിയന്കാര്, നാട്ടുകാര് .. ആ ഹ ഹ.. അടിപൊളി. 

സകലരുടെയും ശ്രദ്ധ തന്നിലാണെന്ന് കണ്ട് ശിവരാമൻ.. അല്ല, നോട്ടീസിൽ അടിച്ച പേരനുസരിച്ച് - ഷിവ് റാം -  ഒന്നു പുഞ്ചിരിച്ചു. 
വെറും ഷിവ് റാമല്ല ഹിപ്നോ മെജീഷ്യൻ ഷിവ് റാം! 

വാട്ടർ ഓഫ് ഇന്ത്യ,  വാനിഷിംഗ്‌ ദി പൊറോട്ടാസ് 
എന്നീ ലോകത്തെ വിസ്മയിപ്പിച്ച ഇന്ദ്രജാല പ്രകടനങ്ങൾക്ക് ശേഷം ഹിപ്നോ മെജീഷ്യൻ ഷിവ് റാം അവതരിപ്പിക്കുന്നു..
ദി ഗ്രെയ്റ്റ് ഫയർ എസ്കേപ്. 
17 ന് (ബുധനാഴ്ച) ഉച്ച കഴിഞ്ഞ് മൂന്നു മണിയ്ക്ക് കക്കരിത്തുണ്ടം മൈതാനത്ത്.
നോട്ടീസ് ഒന്നുകൂടി നോക്കി. 
ഹാരി ഹൗഡിനിയ്ക്കും  ഡേവിഡ് കോപ്പർഫീൽഡിനും ഇടയിൽ തന്റെ തലയും അതിനു താഴെ തന്റെ ഫുള്ള് ഫിഗറും കണ്ട് പുളകമണിഞ്ഞു മനസ്സിൽ പറഞ്ഞു.. ഇന്ന് പൊരിയ്ക്കും!

സാധാരണ ലൊടുക്ക് വിദ്യകൾ മുതൽ പല പരിപാടികളും, എന്തിന് കണ്ണു കെട്ടി വണ്ടിയോടിക്കലും കയ്യും കാലും കെട്ടി പുഴയിൽ ചാടലും വരെ കഴിഞ്ഞിട്ടും ഒരു മെയിൻ ചാനലിലെങ്കിലും പത്ത് മിനിട്ടു വാചകമടിക്കാൻ അവസരം.. ങേ ഹേ..
ഒരു നല്ല പരിപാടി അവതരിപ്പിക്കാൻ ചാൻസ്.. ങേ ഹേ ഹേ..
ശിവരാമനോ മാജിക്കോ.. അവനു അവന്റെ ആശാരിപ്പണീം കൊണ്ടു നടന്നാ പോരെ? എന്ന മട്ടിലുള്ളതിൽ വിട്ടു ഒരു അനുകമ്പയും നാട്ടുകാരീന്നുമില്ല.

ഇന്നത്തോടെ എല്ലാം തുടങ്ങുകയാണ്. പ്രാദേശിക ചാനലുകൾ മാത്രമല്ല വെല്യ നെലേലുള്ള ടീമുകളൊക്കെ എത്തീട്ടുണ്ട്. പത്രക്കാരും ഇഷ്ടം പോലെ. അളിയൻ ചെന്നു കാൻവാസ് ചെയ്ത്  'മിന്നാരം ജ്വല്ലറി അന്തപ്പേട്ടനെ' സ്പോൺസറായി കിട്ടിയതാണ് കലക്കിയത്. ആളാരാ മോൻ. കാശിറക്കിയാ അതിനുള്ള പരസ്യം ചെയ്തു ഇവന്റ് മുതലാക്കും. മജീഷ്യന്റെ കോട്ടിലും തൊപ്പിയിലും അസിസ്റ്റന്റുകളുടെ ഡ്രസ്സിലും എന്തിനു ഉരച്ച് കത്തിക്കാൻ പോണ തീപ്പെട്ടീൽ വരെ 'മിന്നാരം ജുവല്ലറി' ഉണ്ട്. അതൊന്നും വിഷയമല്ല. എന്തായാലും സംഭവം  വേറെ ലെവലായി.. കളർഫുള്ളായി.

പരിപാടി തുടങ്ങാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം എന്നുള്ള അനൗൺസ്‌മെന്റ് വന്നു തുടങ്ങി. അളിയനെ സമ്മതിക്കണം. എംബിഎ മാർക്കറ്റിങ് കഴിഞ്ഞു ഇവന്റ് മാനേജ്‌മെന്റ് എന്നും പറഞ്ഞു  കല്യാണ പന്തൽ ഡെക്കറേഷനുമായി നടക്കുന്ന ചെക്കന് ഇത്രേം കപ്പാക്കിറ്റി പ്രതീക്ഷിച്ചില്ല!  ഗെഡി പെട ചുള്ളനാ. എല്ലാ അറേജ്‌മെന്റും പക്കാ. സൗണ്ടും മ്യൂസിക്കും എല്ലാം കിടിലൻ. 

പടുകൂറ്റൻ വൈക്കോൽകൂനയാണ് ഒരുക്കിയിരിക്കുന്നത്. പാലക്കാട്ടുന്നു വൈക്കോലെത്തിച്ച് ഇന്നലെ രാത്രി തന്നെ കൂന കൂട്ടിയിരുന്നു.

ലേശം പരിഭ്രമമുണ്ടോ? മുതുകാടിനെപ്പോലുള്ള ചില പുലികൾ മാത്രമാണ് ഫയർ എസ്കേപ് കേരളത്തിൽ ചെയ്തിട്ടുള്ളത്. 
കൈകളിൽ വിലങ്ങ്, കാലുകളെ ചുറ്റി ഒരു ചങ്ങല വിത്ത് ലോക്ക്. ശരീരം ചുറ്റി വരിയുന്ന മറ്റൊരു ചങ്ങല കഴുത്തിലെ വലയവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിലു മൊത്തം മൂന്നു ലോക്കുകൾ.എല്ലാം ഭദ്രമായി ലോക്ക് ചെയ്തു കഴിഞ്ഞാൽ ചാക്കിൽ കെട്ടി ചാക്കിനെ ചുറ്റിയൊരു ചങ്ങല. അതിനും പൂട്ടുണ്ട്. ചാക്കിൽ കെട്ടി ഒരു ഇരുമ്പ് കൂട്ടിനുള്ളിലാക്കി അതും ലോക്ക് ചെയ്താണ് ക്രെയിനിൽ കൊളുത്തി വൈക്കോൽ കൂനയ്ക്കുള്ളിലിടുന്നത്. വൈക്കോലിന് തീ കൊളുത്തി ഒന്നര മിനിറ്റിനുള്ളിൽ എല്ലാ ലോക്കുകളും തുറന്ന് പുറത്തെത്തണം. അതാണ് ഫയർ എസ്കേപ്. സമയം കഴിഞ്ഞിട്ടും പുറത്തെത്തിയില്ലെങ്കിൽ ഫയർഫോഴ്സും ചങ്ങാതിമാരും റെഡിയാണ്. എസ്കേപ് പൊളിഞ്ഞാലും ജീവന് അപകടമില്ല. അതുകൊണ്ടു തന്നെ താനെന്തിനു പരിഭ്രമിക്കണം? എത്രയോ  പ്രാവശ്യം റിഹേഴ്സൽ ചെയ്തു കുട്ടപ്പനാക്കിയിരിക്കുന്നു.

പലരും വന്ന് കുശലവും ആശംസകളും കൈമാറി പോകുന്നുണ്ട്. ചില ചാനലുകൾക്ക് വേണ്ടി പടമെടുക്കാൻ നിന്നു കൊടുത്തു. വിശദമായ ഇന്റർവ്യൂ എസ്കേപ്പിനു ശേഷം എന്നു പറഞ്ഞു വച്ചിട്ടുണ്ട്.

"അളിയാ.. സമയമാവുകയാണേ. മെയിൻ ആള് വന്നുകൊണ്ടിരിക്കുന്നു." 
"ന്നു വച്ചാ? ഇനിയാരാ വേറെ മെയിൻ?"
"ഹ.. ഒന്നും അറിയാത്ത പോലെ. സമീറ - സിനിമാ നടി."
"എടാ.. സത്യത്തിൽ അവർക്കെന്താ റോൾ?"
"ഓഹ്.. അങ്ങിനെയൊന്നുമില്ലളിയാ. സംഭവം കളറാക്കാൻ ഒരു വഴി. അത്രേയുള്ളൂ." 
"അത്രേ ഉള്ളൂ?"
"അതല്ല.. ഞാനവരുടെ ഭയങ്കര ഫാനാ. ഒപ്പം നിക്കാൻ പറ്റണ ഒരു ചാൻസല്ലേ. അന്തപ്പേട്ടനെ ഒന്നു പൊക്കി വച്ചു കാര്യം നടത്തി. എഫ്‌ബിലൊക്കെ പാഠമിട്ട് ഞാനൊരു വിലസു  വിലസും. തീ കൊളുത്താൻ അവരെ ഏൽപ്പിക്കേം ചെയ്യാം."
"ഹും. അതു എന്തു വേണോ ചെയ്യ്...
അപ്പൊ പരിപാടി ഒന്നുകൂടി പറഞ്ഞേ.."
"ഇരുമ്പുകൂട്ടിൽ കയറി കഴിഞ്ഞാൽ മുപ്പതു സെക്കൻഡ് ക്രെയിനിൽ. വൈക്കോൽ കൂനയിലെത്തിയ്ക്കാൻ. പത്ത് സെക്കന്റിനുള്ളിൽ ക്രെയിൻ വിടുവിക്കും. അതിനുള്ളിൽ നടിയും ഞാനും വൈക്കോലിനടുത്തെത്തും. അതു കഴിഞ്ഞാൽ ഉടനെ ഞാൻ സിഗ്നൽ തരും. തീ വയ്ക്കും. ഒരു മിനിറ്റിനുള്ളിൽ അളിയൻ പുറത്ത് വരും. ഓക്കെയല്ലേ?"
"പെര്ഫക്ട്.
അതായത് നിന്റെ സിഗ്നൽ കിട്ടി ഒരു മിനിട്ടു പൂർത്തിയാകുമ്പോഴേയ്ക്കും ഞാൻ ജനക്കൂട്ടത്തിലുണ്ടാവും."
"അതന്നെ. അളിയനെ ആൾക്കാർ കണ്ടാൽ അപ്പൊ കിടിലൻ മ്യൂസിക്കും സംഭവങ്ങളും പെടയ്ക്കും"
"അപ്പൊ കൊട് കൈ."
"ഞാൻ പരിപാടി തുടങ്ങട്ടെ. അളിയൻ ഞാൻ വിളിക്കുമ്പോ മാത്രം വെയ്‌റ്റിട്ടു സ്റ്റെജി വന്നാ മതീ ട്ടോ."
"അതത്രെ ഉള്ളൂ. കഞ്ഞിക്കു വകയില്ലേലും കിങ്‌സ് മാത്രേ വലിക്കൂ. അറിയാലോ?"
"ഉവ്വ്, വീട്ടീ വച്ചു കിങ് ബീഡിയാ വലി എന്നും അറിയാം."
"ആ .. ആരു പറഞ്ഞു?"
"അളിയന്റെ ഫാര്യ."
"ഫാര്യോ?" 
"അതന്നെ, എന്റെ പെങ്ങളായിട്ടു വരും!"
"ആ.. നീ ചെല്ല്."

നടി വന്നതിന്റെ ആരവം.
വിശിഷ്ടന്മാരും വിശിഷ്ടകളും വേദിയിലേക്ക് ആനയിക്കപ്പെടുന്നതിന്റെ കോലാഹലം. 
ആശംസാ പ്രസംഗങ്ങൾ.

അവസാനം.
തിരശീല രണ്ടായി മാറി വെയിലിനെ വെല്ലുന്ന വെളിച്ചവിസ്മയത്തിൽ കുളിച്ച്, കിടിലൻ മ്യൂസിക്കിന്റെ അകമ്പടിയോടെ ഹിപ്നോ മജീഷ്യൻ ഷിവ് റാം !!

നാലു വാചകം  സംസാരിച്ചു. മൂന്നു വെള്ളി വീണു. ജനം എന്തോ ചിരിച്ചില്ല. 'രാഷ്ട്രീയക്കാരുടെ നാക്കുപിഴകൾക്കിടയിൽ ഇതൊക്കെ എന്തു!' എന്നാവും മനസ്സിൽ.

ചങ്ങലയുടെ കിലുക്കം.
കൈവിലങ്ങിന്റെ ലോക്ക് പൂട്ടി എസ്ഐയുടെ പോക്കറ്റിൽ.
കാലിന്റെ താക്കോൽ എമ്മെല്ലെയുടെ കയ്യിൽ.
അച്ചനും മുക്രിയും പൂജാരിയും ശരീരം മുറുക്കിയ ചങ്ങലപ്പൂട്ടുകളുടെ താക്കോൽ സൂക്ഷിപ്പുകാരായി.
ചാക്കിലാക്കും മുമ്പ് ജനക്കൂട്ടത്തെ നോക്കി ഒന്നു ചിരിച്ചു. മുൻ വരിയിലിരിക്കുന്ന ഭാര്യയെ നോക്കിയില്ലെങ്കിലും നടിയെ ഒന്നു നോക്കാൻ മറന്നില്ല.

ചാക്കടച്ചു കെട്ടി പൂട്ടിയത് വ്യാപാരി വ്യഭി..  അല്ല,  വ്യവസായി പ്രസിഡന്റാവണം. അങ്ങിനെയാണ് പറഞ്ഞിരുന്നത്.

ഇരുമ്പുകൂട്ടിൽ കയറ്റുന്നതിന്റെയും അതു താഴിട്ടു പൂട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ താക്കോലേൽപ്പിക്കുന്നതിന്റെയും ശബ്ദം കേൾക്കാം.
ക്രെയിൻ കൊളുത്തിൽ കൂട് പിടിപ്പിക്കുന്നതും വൈക്കോൽകൂനയിൽ നിക്ഷേപിക്കുന്നതും അറിഞ്ഞു.

ലോക്കുകൾ അഴിഞ്ഞു തുടങ്ങി.

 ഇപ്പോൾ അളിയനും നടിയും വൈക്കോൽ കൂനയ്‌ക്കടുത്തെത്തിക്കാണും.

സിഗ്നൽ വന്നു.

ഇനി വെറും അറുപതു സെക്കൻഡുകൾ.
തൊണ്ണൂറു സെക്കൻഡിൽ കൂടാൻ പാടില്ല.
മനസ്സിൽ എണ്ണിക്കൊണ്ടതാണ് സമയം തള്ളി നീക്കിയത്.

45 , 44 , 43 ...

4, 3, 2 .... 1 

ജനക്കൂട്ടത്തിനു പുറകിലായി പ്രത്യക്ഷപ്പെടുമ്പോൾ ജനം ഉള്ളിലേയ്ക്ക് തന്നെ നോക്കി നിൽക്കുകയാണ്!
ഇതെന്താ ഇങ്ങനെ.
മ്യൂസിക്കോന്നും വന്നില്ലല്ലോ.
ജനത്തെ വകഞ്ഞു മാറ്റാൻ ശ്രമിക്കുമ്പോൾ ചിലർ.. തിരിച്ചറിഞ്ഞു..
 ങേ..
ആശ്ചര്യം..
പുച്‌ഛം ..
"അയ്യേ.. ദേ ദിയാള് ഫയർ ഇല്ലാതെ എസ്കേപ്പായി വന്നേക്കണൂ "
പിന്നെ..
മുറുമുറുപ്പ്..
കൂവൽ..
"ഹ ഹ.. മാജിക്ക് പൊളിഞ്ഞേ...." 
കൂവൽ ഒരു പകർച്ച വ്യാധിയായി പടർന്നു.

കാണികൾ മുഴുവൻ തന്നിലേക്കു തിരിയുമ്പോൾ ഓടണോ അതോ ബോധം കേട്ടു വീഴണോ എന്ന കൺഫ്യൂഷനിടയിലും ശിവരാമൻ കണ്ടു..
ഇനിയും കത്താത്ത വൈക്കോൽ കൂനയ്ക്കു മുന്നിൽ. നടിയ്‌ക്കൊപ്പം നിന്നു ചവറുപോലെ സെല്ഫിയെടുക്കുന്ന അളിയന്റെ മോന്തായത്തിലെ സ്ഥലകാലം മറന്ന ഇളി.

Thursday, May 5, 2016

സ്വപ്നം സുന്ദരം

ഇടതൂര്ന്ന ഒരു വനത്തിലൂടെയായിരുന്നു സഞ്ചാരം. ഉച്ച കഴിഞ്ഞ സമയം. വന്മരങ്ങളുടെ ഇടതൂര്ന്ന ഇലകൾക്കിടയിലൂടെ വെളിച്ചം താഴേയ്ക്ക് വീഴാൻ പഴുതുകൾ നോക്കിക്കൊണ്ടിരുന്നു. അരയോപ്പം വളർന്നിരിക്കുന്ന പുല്ലുകൾക്കിടയിലൂടെ വഴിയുണ്ടാക്കി മുന്നോട്ടുനീങ്ങാൻ പ്രയാസമായിരുന്നു. പക്ഷേ,, മരമൊഴിഞ്ഞൊരു വെളിമ്പ്രദേശം എനിക്കുവേണ്ടി എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നതെന്ന ചിന്തയിൽ തടസ്സങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങി. ഇടയിലൊരു ആനത്താര കണ്ടു. നടത്തം അതിലൂടെയാക്കി. ആനച്ചൂരിന്റെ കുത്തൽ മനസ്സില് ആവേശം നിറച്ചു.
അതാ.. അതെത്തി. മനസ് പറഞ്ഞു. സത്യമായിരുന്നു. മരങ്ങളുടെ കൂട്ടങ്ങൾക്കു നടുവിൽ സ്വർണ്ണ ശോഭയാര്ന്ന പ്രകാശത്തിൽ തിളങ്ങുന്ന ഒരു പുൽത്തകിടി. പച്ചപ്പു നിറഞ്ഞ ഒരു ഫുട്ബോൾ സ്റ്റേഡിയം പോലെയുണ്ട്..

അവിടെ.. മേത്തപോലെ വിരിച്ചിരിക്കുന്ന പുൽത്തട്ടുകളിൽ ചാഞ്ഞും ചരിഞ്ഞും മലര്ന്നും തടി കെട്ടിപ്പിടിച്ചും കിടന്നുറങ്ങുന്ന നൂറുകണക്കിനാനകൾ! അവരുടെ ഉറക്കത്തിനൊരു ശല്യവുമുണ്ടാക്കാതെ മുന്നോട്ടു നീങ്ങുമ്പോൾ അമ്മക്കൈകളിൽ ചുരുണ്ട് കിടന്നുറങ്ങുന്ന കുഞ്ഞൻ.

നെറ്റിപ്പട്ടം അഴിച്ചു തുമ്പിയിൽ ചാരി വച്ചതുപോലെ ഒരു പെണ്ണിനെ.... അതൊന്നും ഒർമ്മവന്നേയില്ല. പകരം സന്തോഷം കൊണ്ട് അവിടെയൊക്കെ ഓടി നടക്കാനാണ് തോന്നിയത്.











സ്വപ്നം കാണൽ കുറവാണ്. ഭംഗിയുള്ള സ്വപ്‌നങ്ങൾ വിരളവും. ഇത് തകർത്തു. നന്ദി, ജംഗിൾ ബുക്കിന്. അതിന്റെ ഹാങ്ങ് ഓവറിൽ വരച്ച കുറച്ചു ആനയുറക്കങ്ങൾ ഒപ്പം ചേർക്കുന്നു.



ഇന്ന് രാത്രി ബാക്കി കാണുവാൻ പറ്റുമോ?!

Thursday, January 28, 2016

പലരിൽ ചിലർ 2


ചെറിയ ക്ലാസ്സുകളിലെ സഹപാഠി എന്നതിൽ കവിഞ്ഞ് ഒരു പരിഗണനയും ഞാനവൾക്ക് നല്കിയിരുന്നില്ല. വീട്ടുകാർ തമ്മിലും അവളുടെ അനിയനും ഞാനും തമ്മിലും നല്ല ബന്ധമുണ്ടായിട്ടും കണ്ടാൽ ചിരിക്കാൻ പോലും ചെറിയ മടി കാണിക്കുന്ന ഒരകലം എന്നും ഞങ്ങൾ കാത്തുസൂക്ഷിച്ചു. ഉൾവലിഞ്ഞ സ്വഭാവമുള്ള ഒരു കുട്ടി. യാതൊരു കാര്യത്തിലും തന്റെ സാന്നിദ്ധ്യം നിർബന്ധമെല്ലെന്ന പോലെയാണ്  അവൾ നടന്നിരുന്നത്. ഏതെങ്കിലും കല്യാണത്തിനോ മറ്റോ പഴയ കൂട്ടുകാരെ കാണുന്ന വേളയിൽ പോലും വളരെ ഔപചാരികമായ വിശേഷം കൈമാറലിൽ ഞങ്ങൾ സംതൃപ്തരായി.

കാലം കടന്നു പോയതിനൊപ്പം അവൾ കല്യാണം കഴിച്ചു, ജോലിക്കു പോയി, കുട്ടികളെ വളര്ത്തി. വല്ലപ്പോഴും നേരിൽ കാണുമ്പോഴത്തെ പല്ല് കാണിക്കാത്ത ചിരിയിൽ ഒതുങ്ങി ഞങ്ങൾ. തമ്മിൽ വല്യ താല്പര്യമില്ലാത്ത ആളായതുകൊണ്ട് അങ്ങോട്ടു ഇടിച്ചു കയറുക എന്ന സ്വഭാവം പലപ്പോഴും ഒഴിവാക്കേം ചെയ്തു. 

ഇടയ്ക്കെപ്പോഴോ അറിഞ്ഞു, അവൾക്ക് കാൻസറാണെന്ന്. 'അയ്യോ' എന്ന് മനസ്സില് വിചാരിക്കേം ചെയ്തു. സഹതാപം പ്രകടിപ്പിക്കുക എന്ന ശീലം ഇല്ലാത്തതുകൊണ്ട് അതൊന്നും അഭിനയിക്കാതെ അടുത്ത തവണ കണ്ടപ്പോൾ നല്ലൊരു ചിരി ചിരിച്ചു.മറുപടിയായി ഒരു ചിരി കിട്ടി. 

പിന്നീട് പലപ്പോഴും കാണുമ്പൊ സംസാരിക്കാനോ ചിരിക്കാനോ മന:പൂര്വ്വം ശ്രമിക്കേം ചെയ്തു. അയ്യോ പാവം നോട്ടങ്ങൾക്കിടയിൽ അങ്ങിനെ ഒരു ഭാവം തരിമ്പു പോലും കടന്നു വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു.

കീമോയൊക്കെ കഴിഞ്ഞു മുടി പോയി കുറച്ചു നാൾ തല മറച്ചു നടന്ന നാളുകളിലെപ്പോളൊ ചുമ്മാ വീട്ടു വിശേഷങ്ങൾ കൈ മാറി. 
ഔപചാരികതയുടെ ഒരു മുഖവുരയുമില്ലാതെ ഞാൻ പറഞ്ഞു., 
"നീ മതം മാറിയോന്ന് നാട്ടുകാര്ക്ക് സംശയം ഉണ്ട് ട്ടാ." 
"ങേ.. എന്ത് പറ്റി?"
"അല്ല ഈ തലയില് തട്ടമൊക്കെ ഇട്ടു നടക്കുന്നതു കണ്ടപ്പോ.".
"ഹ ഹ.. അങ്ങിനെ."
"എന്തായാലും നിനക്ക് തട്ടം നന്നായി ചേരുന്നുണ്ട്." എന്നൊരു കമന്റും പറഞ്ഞു പിരിഞ്ഞു.

അസുഖവും പറഞ്ഞ് ഒതുങ്ങിക്കൂടി ചുരുണ്ടിരിക്കാൻ പോയില്ല എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു.അതെ, അസുഖത്തിനെ വളരെ പോസറ്റീവ് ആയാണ് അവൾ സമീപിക്കുന്നത്.

"എടാ, നീ എന്റെ അനിയനെ ഒന്നുപദേശിക്കണം." 
അവൾ ഒരു ദിവസം പറഞ്ഞു.  

"ഞാൻ.. ഹ ഹ. നിനക്ക് നല്ല വട്ടാണല്ലേ?"
"അങ്ങിനെയല്ല. നീയൊക്കെ പറഞ്ഞാൽ അവൻ കേൾക്കും."
"ങേ, എപ്പോ? എന്ന് തൊട്ട്?"
"കളിക്ക് പറഞ്ഞതല്ലടാ.. നിന്നോട്  അവനൊരു വീരാരാധന ഉണ്ട്."
"അത് മുമ്പല്ലെടീ.. ഞാനിപ്പോ തല്ലുകൊള്ളിത്തരം ഒക്കെ നിര്ത്തിയില്ലേ?"
"ഉവ്വ. നിന്നെ ചില്ല് കൂട്ടില് വച്ചിട്ടാണ് അടുത്ത പെരുന്നാൾ.. നിനക്ക് പറയാൻ പറ്റുവോ?" 

എനിക്ക് ചിരി വന്നു. ഇവള്ക്ക് ഇത്രേം സെന്സ് ഓഫ് ഹ്യൂമറൊക്കെ?!!

"ഡീ.. നിനക്ക് അസുഖം വന്നത് ഒരു കണക്കിന് നന്നായി."
"ങേ, അത് ഭയങ്കര കൊമ്പ്ലിമെന്റായല്ലോ.. എന്താ അങ്ങിനെ തോന്നാൻ?"
"നിനക്ക് നിന്റെ മാറ്റം അറിയാൻ വഴിയില്ല, പക്ഷേ, എനിക്ക് നിന്റെ ആറ്റിട്ട്യൂഡ് ഭയങ്കര പോസട്ടീവായി ഫീൽ ചെയ്യുന്നുണ്ട്."

ഇപ്പോ മുടിയൊക്കെ ഇത്തിരി വല്തായി 'ബോ'യൊക്കെ വച്ചു ബോബ് ചെയ്ത ചുള്ളത്തികൾടെ പോലെയായി.

ഇന്നാളു കണ്ടപ്പോ മോൻ കൂടെയുണ്ട്. 
"എവിടെന്നാ?"
"ചുമ്മാ.. 
അല്ലേ നിന്നോടു മാത്രം പറയാം.
ഞാനും മോനും കൂടെ ഷോപ്പിങ്ങിനു പോവാന്ന് പറഞ്ഞ് വീട്ടിലറിയാതെ സിനിമയ്ക്ക് പോയി വര്വാ.."
ഞാൻ ചിരിച്ചു.
അവളും.

ആ ചിരിയങ്ങു തുടര്ന്നു പോകട്ടെ.

Thursday, January 21, 2016

പലരിൽ ചിലർ - 1

ചടുലമായ ചെറുപ്പത്തിന്റെ കൂലംകുത്തിയോഴുക്കിനിടയിലാണ് ഞാൻ അവനെ നേരിട്ടു പരിചയപ്പെട്ടത്‌. അതിനു മുമ്പ് പലപ്പോഴും തലങ്ങും വിലങ്ങുമുള്ള പാച്ചിലുകൾക്കിടയിൽ ഞാനവനെ കണ്ടിട്ടുണ്ട്. തല്ക്കാലം അവനെ x എന്ന് വിളിക്കാം. 

ഷെയറിട്ടൊരു കുപ്പി അടിക്കുന്നതിനിടയിൽ ആയിരുന്നു ഈ നേരിട്ടു പരിചയപ്പെടൽ. പിരിച്ചെടുത്ത കാശ് ഡീൽ ചെയ്യേണ്ട ആൾ ഞാനായതുകൊണ്ട് വളരെ കരുതലോടെ, ഓർഡർ  ചെയ്യുന്ന സംഭവങ്ങൾ കണക്കു കൂട്ടുകയായിരുന്നു ഞാൻ,
"എത്രയായി നിങ്ങടെ ബില്ല്?" റൂമിലേയ്ക്കു കടന്നു വന്നുകൊണ്ട് അവൻ ചോദിച്ചു.
"ങേ? എന്തിനാ?"
"അത് ഞാൻ കൊടുത്തോളാം."
"ഏയ്‌.. അതൊന്നും വേണ്ട. "
"ഓ.. അപ്ലയ്ക്കും സീരിയസായി. നീ പറയടപ്പാ."
മനസില്ലാ മനസോടെ ഞാൻ തുക പറഞ്ഞു. 120 രൂപയ്ക്കൊക്കെ എംസി ഫുൾ കിട്ടുന്ന കാലമാണ്. പക്ഷേ ജോലീം കൂലീം ഇല്ലാത്ത ഞങ്ങക്ക് അതന്നു വലിയ തുകയാണ്.
"അപ്പൊ നിങ്ങ കഴി. ഇത് വരെ ഉള്ള ബില്ല് ഞാൻ കൊടുത്തിട്ടു പോകുന്നുണ്ടേ.. അപ്രത്തെ റൂമില് നമ്മടെ പിള്ളേരാണോ? ഓപ്പോസിറ്റ് റൂമില് നമ്മടെ ഗെടികളാ അവർടെ ഞാൻ കൊടുത്തിട്ടുണ്ടേ" 
"അപ്രത്ത് നമ്മുടെ ടീമാ."
"പറഞ്ഞത് നന്നായി. ഇനി എത്തിച്ചു നോക്കി പ്രശ്നം ഉണ്ടാക്കണ്ടല്ലോ."
അന്തം വിട്ടിരുന്ന എന്നെ നോക്കി ചിരിച്ച് x പോയി.

"അവനു പുതിയ ലോഡിന്റെ കാശ് കിട്ടിക്കാണും."
"ലോഡോ?"
"ആ. ഗോതുരുത്തുന്ന് ലോഡായിട്ട് ചാരായം ഇറക്കി സപ്ലെ ചെയ്യുന്ന ഹോൾസെയിലറാടാ അവൻ."
"അത് ശരി".

പിന്നീടു ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. 

ഒരുപാടു കേസുകളുണ്ട് സ്വന്തം പേരില്. അന്വേഷിച്ചപ്പോൾ സ്വന്തം കാര്യത്തിനു വേണ്ടി ഉണ്ടാക്കിയ ഒന്നുമില്ല. എല്ലാം കൂട്ടുകാര്ക്ക് വേണ്ടിയാണ്. ശരിക്കും അന്വേഷിച്ചപ്പോ xനെ പലരും യൂട്ടിലൈസ് ചെയ്യുകയാണ്. ആ തന്റേടം, കയ്യിലുള്ള കാശ്. എല്ലാം
.
പിന്നെപ്പിന്നെ പലപ്പോഴും ഞങ്ങൾ ഒത്തു കൂടി. ചില പ്രശ്നങ്ങളിൽ നിന്നു "നീയെന്തിനാ അതിലേയ്ക്ക് കുത്തിക്കയറണെ?" എന്ന് പറഞ്ഞു അവനെ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

മറ്റു ചിലപ്പോൾ "എടാ.. നീ വീട്ടീ പോയേ, ഇത് കളി മാറി ടൂള്സ് വച്ചാവാൻ സാധ്യതയുണ്ട്" എന്ന് നിർബന്ധിച്ച് അവൻ എന്നെ വീട്ടിലേയ്ക്കു വിട്ടു.

ജോലിയൊക്കെയായി ഞാൻ പണിയില്ലാത്ത റ്റീമിനെടേന്നു മിഡിൽ സ്കൂട്ടായി.എങ്കിലും വല്ലപ്പോഴും എല്ലാവരേയും കാണാനും സംസാരിക്കാനും കൂടാനും സമയം കണ്ടെത്തി.

ഒരു ദിവസം രാത്രി ടൌണിൽ വച്ച് കാണുമ്പോ നല്ല പിമ്പിരിയായി X നില്പ്പുണ്ട്. 
"ഡാ.. നീ ഒരു കാര്യം കണ്ടാ?"
"എന്ത് കാര്യം?"
"എന്റെ കൂടെ വല്ല ഡാഷുകളും ഉണ്ടോന്നു നോക്ക്യേ?"
"ഒരു ഡാഷ് ഉണ്ടല്ലോ, ഞാൻ."
"പോടാ. കാശില്ലേങ്കി കൂട്ട് വേണ്ടാത്തവരെ ഉള്ളൂ."
"ഞാനും അങ്ങിനെ തന്ന്യാ. നിന്റെ കയ്യീ കാശുണ്ടാ?" ഞാൻ തമാശ പറഞ്ഞു.
"പോടാ.. പോടാ എന്നൊട് കാശ് വച്ച് അളക്കാത്ത ഒരാള് നീയാ. നിനക്ക് ഞാൻ എന്തൂട്ടാ ചെയ്തു തരണ്ടേ?"
"എനിക്ക് എന്ത് ചെയ്യാൻ?"
"കാശ് ചോദിക്കരുത്. ടൈറ്റാ. അഞ്ചാറു കേസ് കാശ് കൊടുത്തു ഒതുക്കി. മറ്റേ പരിപാടി നിർത്തി. അതോണ്ട് കാശില്ല. നിനക്ക് ദേഷ്യമുള്ള ആരെങ്കിലും ഉണ്ടാ? ഞാൻ ഡീൽ ചെയ്യാം."
"എന്റെ പോന്നു ഗെഡീ.. വേണ്ടേയ്. എനിക്ക് എന്നോടു തന്നെ ഇത്തിരീശെ ദേഷ്യം ഉണ്ടെന്നല്ലാതെ."

വേറൊരു ദിവസം എന്നോടു പറഞ്ഞു.
"ഡാ, നാളെ എന്റെ കൂടെ കളക്റ്റരേറ്റ് വരെ വരണം."
"എന്തിനു?"
"നീ വാ. അവര് പറയണത് മനസിലാക്കാൻ പറ്റണ ഒരു ആളു വേണ്ടേ."
"എന്നെ പിടിച്ചു അകത്തിട്വോ?"
"ഉവ്വടാ. അത് ഞാൻ ജീവിച്ചിരിക്കുമ്പോ.."
"ഏയ്‌.. ഞാൻ തമാശ പറഞ്ഞതാ."
പോയി.
ഒരു വെൽഫെയർ ഓഫീസർ ഉണ്ട്. ലേഡിയാ. ഐപിഎസ് ഒക്കെ ആണ്.
കുറച്ചു ഉപദേശം.
"തനിക്കു നല്ല ആരോഗ്യം ഒക്കെ ഉണ്ടല്ലോ ജോലി വല്ലതും ചെയ്യരുതോ?"
"ഒരു കൊല്ലം കൂടി കഴിഞ്ഞു ചെയ്യാം സാറേ."
"അതെന്താ ഒരു കൊല്ലം?"
"രണ്ടു കൊല്ലം മുമ്പ് ദേ ഈ വയറിന്റെ താഴെയായി ഒരു കുത്ത് കിട്ടിയിരുന്നു. പത്തു മുപ്പതു തുന്നലിട്ടു. കൊടലു ചെര്തായിട്ടു പുറത്ത് വന്നു. മൂന്നു കൊല്ലം കഴിഞ്ഞു കനപ്പെട്ട പണിയെടുത്തോളാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്."
"ഇയാൾ കനമില്ലാത്ത പണി എടുത്താ മതി."
"ഉവ്വ്."
ഇറങ്ങി.
മാസത്തിൽ ഒരിക്കൽ എസ്പി ഓഫീസിൽ പോയി ഒപ്പിടാനും മാത്രം വളര്ന്ന ജില്ലാ റൗഡി ലിസ്റ്റിലുള്ള ഒരുത്തനാണ് x എന്ന് ഞാൻ അന്ന് മനസിലാക്കി.

കാലം കടന്നു പോയിക്കൊണ്ടിരുന്നു.
ഇടയ്ക്കു കാണുമ്പോ വര്ത്താനം പറയും.
"കുറെ ഒതുങ്ങീടാ. ഇനി ഒരു നാലെണ്ണം കൂടി." 

ഒരിക്കൽ ഒരു അപകടക്കേസിൽ സാക്ഷി പറയാൻ പോയപ്പോൾ റിമാൻഡ് പ്രതികൾക്കിടയിൽ x .

"അവസാനിക്കാത്ത ഒരെണ്ണത്തിന്റെ പണിയാ." എന്ന് പറഞ്ഞു അവന്റെ ഹാജര് പറഞ്ഞു പോയി. 

എന്റെ കല്യാണം കഴിഞ്ഞ്  ഭാര്യവീട്ടീ പോവുമ്പോ വഴിയിൽ  വച്ച് കണ്ടപ്പോൾ ഞാൻ വണ്ടി നിർത്തി ആളെ ഒന്ന് പരിചയപ്പെടുത്തി. 
ഇടയിൽ ചോദിച്ചു.
"എന്തായീടാ മറ്റേ കാര്യം?"
"അത് തീര്ന്നു. ഇപ്പൊ ഒന്നും നിലവിലില്ല."
"എങ്ങിനെ? കാശ് കൊടുത്തോ?"
"അത് കാശ് ഉള്ളത് കൊടുക്കാംന്നു പറഞ്ഞിട്ടും തീരാത്ത കേസല്ലേ. അവസാനം ഞാൻ പോയി പറഞ്ഞു, എന്റേൽ ഇതേ ഉള്ളൂ. ഇനി നിനക്കെന്നെ ജയിലിൽ തള്ളിയേ മത്യാവുള്ളൂന്ന്വേച്ചാ വെല്ലോനു വേണ്ടിയല്ല, എനിക്ക് വേണ്ടി ഞാനൊന്നുകൂടി ഇറങ്ങും. സംഭവം കോമ്പ്രമൈസായി.
വേറെ വഴിയില്ലാര്ന്നു."
"എന്തേലുമാവട്ടെ, നല്ല കാര്യം."
"ഇനി എന്താ പരിപാടി."
"ഒരു ചെറിയ ലോൺ ഒക്കെ ശര്യാക്കീണ്ട്. ചെറിയ ഒരു വ്യവസായം തുടങ്ങണം."
"ആൾ ദി ബെസ്റ്റ്."

"ദൈവമേ, ഇത് ആ x ന്നു പറയുന്ന ആളല്ലെ?" ഭാര്യ ചോദിച്ചു.
"അതെ."
"ഇവരോക്ക്യായിട്ടാ കമ്പനി?"
ഹ ഹ.. ഞാൻ ചിരിച്ചു. 

ഇടയിൽ അവന്റെ കല്യാണം കഴിഞ്ഞതറിഞ്ഞു.
പിന്നേം ഇടയ്ക്കു കാണും. വിശേഷങ്ങൾ പറയും. യൂനിറ്റ് കുഴപ്പമില്ലാതെ പോകുന്നു. 

ഒരു ദിവസം ഭാര്യ വന്നു പറഞ്ഞു.
"മോന് സുഖമില്ലാതെ ആശുപത്രീ പോയപ്പോ x വന്നേക്കുന്നു. എന്ത് പറ്റി എന്നൊക്കെ ചോദിച്ച്. എനിക്കാകെ പേട്യായി. പെട്ടെന്ന് തന്നെ എല്ലാ കാര്യങ്ങളും ശര്യാക്കി, ഓട്ടോ വിളിച്ചു തന്നിട്ടാ പോയത്."

"നീ പേടിക്ക്യൊന്നും വേണ്ട. വെറ്തെ ചിരിച്ച് അങ്ങോട്ട്‌ തിരിഞ്ഞു മുറുമുറുക്കണ ആൾക്കാരേക്കാൾ നൂറിരട്ടി നല്ലതാ അവനൊക്കെ."

യൂനിറ്റ് പച്ച പിടിച്ചു എന്നും വീട് വയ്ക്കുന്നു എന്നും ഒക്കെ ഇടയ്ക്ക് കാണുമ്പോ അറിഞ്ഞു.

കഴിഞ്ഞ കൊല്ലം ഒരു സന്ധ്യയ്ക്ക് അപ്പനേം കൊണ്ട് ഒരു വീടന്വേഷിച്ചു  പോകുമ്പോ എതിരെ x.
"വണ്ടി ചവിട്ട്, വീട് അയാളോട് ചോദിക്കാം" എന്ന് പറഞ്ഞു അപ്പൻ
.
അപ്പൻ വീട് ചോദിച്ചപ്പോ അവൻ അപ്പന്റെ സൈഡീന്നു എന്റെ അടുത്തേയ്ക്ക് വന്നു. വീട് പറഞ്ഞു തന്നു. 
"ഞാൻ രണ്ടെണ്ണം വിട്ടണ്ട്രാ. അതാ ഇപ്രത്തേയ്ക്കു വന്നത്." എന്നോടു സ്വകാര്യം പറഞ്ഞു.

ഞാൻ ചിരിച്ചു.

"അത് x  അല്ലെ?" വണ്ടിയെടുത്തപ്പോ അപ്പൻ ചോദിച്ചു.
"അതെ."
"അവന്റെ പരിപാടിയൊക്കെ നന്നായി പോകുന്നുണ്ട് എന്നാ കേട്ടത്. എന്തായാലും തല്ലുകൊള്ളിത്തരം കൊണ്ട് നടന്നിട്ടു ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നൊരു ചുരുക്കാ. അതിലവന് മാര്ക്ക് കൊടുക്കണം."
"അവൻ രണ്ടെണ്ണം അടിച്ചിട്ടുണ്ടായിരുന്നു. അതാ എന്റെ അടുത്തേയ്ക്കു മാറീത്." ഞാൻ പറഞ്ഞു.
"എനിക്ക് മനസിലായി. ആള്ക്കാരെ അറിഞ്ഞു പെരുമാറാനുള്ള വിവേചനം ഉണ്ടല്ലോ. 
നന്നാവും."

അപ്പന്റെ കയ്യീന്ന് കോമ്പ്ലിമെന്റ്. ഞാൻ മനസ്സില് ചിരിച്ചു.

കഴിഞ്ഞ മാസം ടൗണിൽ വച്ച് കണ്ടപ്പോൾ അവന്റെ ബൈക്കിനു പുറകിൽ ഒരു ചങ്ങാതി ഉണ്ട്. അയാളെ എന്നെ പരിചയപ്പെടുത്തി. തിരിച്ചു എന്നെയും.

"ഇതെന്റെ പഴേ ഒരു ഗെട്യാ.
ഇപ്പഴും അങ്ങന്യന്ന്യാ ട്ടോ.
പണ്ടത്തെ ഗെടികളിൽ ഇപ്പഴും കാണെം വര്ത്താനം പറയേം ഒക്കെ ചെയ്യണ ഒരാള് ഇവനാ..
പക്ഷേ, ഈ തെണ്ടി എന്നെ ഇവന്റെ കല്യാണം വിളിച്ചില്ലെടാ..
എനിക്ക് അന്ന് ഭയങ്കര വിഷമായി.
പകരം ഞാനെന്തു ചെയ്തു, എന്റെ കല്യാണം ഇവനേം വിളിച്ചില്ല.
അങ്ങനെ വിട്ടാ പറ്റില്ലല്ലോ."

ഞാൻ ഒരു ഉണ്ടാക്കിച്ചിരി ചിരിച്ചു വിട്ടെങ്കിലും ഉള്ളിൽ ചളുങ്ങിപ്പോയി.കല്യാണത്തിനു വിളിക്കേണ്ടവരിലെ ലിസ്റ്റിൽ x എന്ന പേര് ഓർത്തില്ലായിരുന്നു. ഇത്ര വര്ഷം കഴിഞ്ഞിട്ടും അവനതു ഓര്മ്മ വയ്ക്കണമെങ്കിൽ.. അവന്റെ കല്യാണത്തിനു എന്നെ വിളിക്കാഞ്ഞതിനെക്കുരിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടേ ഇല്ല.
അവന്റെ മനസിൽ എനിക്കുള്ള സ്ഥാനം ഞാനവനു തിരിച്ചു കൊടുത്തിട്ടില്ലല്ലോ എന്നാലോചിച്ച് ഇപ്പഴും ചെറിയൊരു നൊമ്പരം. എത്രയോ പേരുണ്ടാവും, നമ്മൾ ഇഷ്ടപ്പെടുന്നതിനെക്കാൾ എത്രയോ മടങ്ങ് നമ്മളെ ഇഷ്ടപ്പെടുന്നവർ.