Powered By Blogger

Thursday, July 14, 2016

ഫയർ എസ്കേപ്


ഒരുഗ്രൻ ജനക്കൂട്ടം ... 

നിയമസഭാ സമ്മേളനം ഒന്നും ഇല്ലാത്തതിനാൽ എമ്മല്ലേ, തോറ്റ എമ്മല്ലേ, പഞ്ചായത്ത് പ്രസിഡന്റിണിയും അഞ്ചാറു മെമ്പർമാരും, തട്ടുകട മുതൽ പബ്ലിക് ബൂത്ത് വരെ നടത്തുന്ന സ്ഥലത്തെ വ്യവസായപ്രമുഖർ, സാമൂഹ്യ സാംസ്കാരികന്മാർ എന്നു ഞെളിയുന്നവർ, സ്ഥലം എസ്‌ഐ & പോലീസ് പരിവാരങ്ങൾ വിത് ആൻഡ് വിത്തൗട്ട്  കുടവയർ, ബിഡിഒ, സ്‌കൂളിലെ മുഴുവൻ പിള്ളേരും മാഷന്മാരും ടീച്ചർമാരും, ഒരു വികാരവുമില്ലാത്ത വികാരി, വേദി മത സൗഹാർദ്ദത്താൽ ബാലൻസ് ചെയ്യാൻ മുക്രിയും പൂജാരിയും, തൊഴിലുറപ്പു പദ്ധതിയിലെ ചേച്ചിമാർ, ഓട്ടർഷ  - ടാസ്‌കി - പെട്ടിവണ്ടി പൈലറ്റസ്... ബിരിയാണിയ്ക്കു മുകളിൽ സവാള മൂപ്പിച്ചിട്ട പോലെ യൂണിയന്കാര്, നാട്ടുകാര് .. ആ ഹ ഹ.. അടിപൊളി. 

സകലരുടെയും ശ്രദ്ധ തന്നിലാണെന്ന് കണ്ട് ശിവരാമൻ.. അല്ല, നോട്ടീസിൽ അടിച്ച പേരനുസരിച്ച് - ഷിവ് റാം -  ഒന്നു പുഞ്ചിരിച്ചു. 
വെറും ഷിവ് റാമല്ല ഹിപ്നോ മെജീഷ്യൻ ഷിവ് റാം! 

വാട്ടർ ഓഫ് ഇന്ത്യ,  വാനിഷിംഗ്‌ ദി പൊറോട്ടാസ് 
എന്നീ ലോകത്തെ വിസ്മയിപ്പിച്ച ഇന്ദ്രജാല പ്രകടനങ്ങൾക്ക് ശേഷം ഹിപ്നോ മെജീഷ്യൻ ഷിവ് റാം അവതരിപ്പിക്കുന്നു..
ദി ഗ്രെയ്റ്റ് ഫയർ എസ്കേപ്. 
17 ന് (ബുധനാഴ്ച) ഉച്ച കഴിഞ്ഞ് മൂന്നു മണിയ്ക്ക് കക്കരിത്തുണ്ടം മൈതാനത്ത്.
നോട്ടീസ് ഒന്നുകൂടി നോക്കി. 
ഹാരി ഹൗഡിനിയ്ക്കും  ഡേവിഡ് കോപ്പർഫീൽഡിനും ഇടയിൽ തന്റെ തലയും അതിനു താഴെ തന്റെ ഫുള്ള് ഫിഗറും കണ്ട് പുളകമണിഞ്ഞു മനസ്സിൽ പറഞ്ഞു.. ഇന്ന് പൊരിയ്ക്കും!

സാധാരണ ലൊടുക്ക് വിദ്യകൾ മുതൽ പല പരിപാടികളും, എന്തിന് കണ്ണു കെട്ടി വണ്ടിയോടിക്കലും കയ്യും കാലും കെട്ടി പുഴയിൽ ചാടലും വരെ കഴിഞ്ഞിട്ടും ഒരു മെയിൻ ചാനലിലെങ്കിലും പത്ത് മിനിട്ടു വാചകമടിക്കാൻ അവസരം.. ങേ ഹേ..
ഒരു നല്ല പരിപാടി അവതരിപ്പിക്കാൻ ചാൻസ്.. ങേ ഹേ ഹേ..
ശിവരാമനോ മാജിക്കോ.. അവനു അവന്റെ ആശാരിപ്പണീം കൊണ്ടു നടന്നാ പോരെ? എന്ന മട്ടിലുള്ളതിൽ വിട്ടു ഒരു അനുകമ്പയും നാട്ടുകാരീന്നുമില്ല.

ഇന്നത്തോടെ എല്ലാം തുടങ്ങുകയാണ്. പ്രാദേശിക ചാനലുകൾ മാത്രമല്ല വെല്യ നെലേലുള്ള ടീമുകളൊക്കെ എത്തീട്ടുണ്ട്. പത്രക്കാരും ഇഷ്ടം പോലെ. അളിയൻ ചെന്നു കാൻവാസ് ചെയ്ത്  'മിന്നാരം ജ്വല്ലറി അന്തപ്പേട്ടനെ' സ്പോൺസറായി കിട്ടിയതാണ് കലക്കിയത്. ആളാരാ മോൻ. കാശിറക്കിയാ അതിനുള്ള പരസ്യം ചെയ്തു ഇവന്റ് മുതലാക്കും. മജീഷ്യന്റെ കോട്ടിലും തൊപ്പിയിലും അസിസ്റ്റന്റുകളുടെ ഡ്രസ്സിലും എന്തിനു ഉരച്ച് കത്തിക്കാൻ പോണ തീപ്പെട്ടീൽ വരെ 'മിന്നാരം ജുവല്ലറി' ഉണ്ട്. അതൊന്നും വിഷയമല്ല. എന്തായാലും സംഭവം  വേറെ ലെവലായി.. കളർഫുള്ളായി.

പരിപാടി തുടങ്ങാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം എന്നുള്ള അനൗൺസ്‌മെന്റ് വന്നു തുടങ്ങി. അളിയനെ സമ്മതിക്കണം. എംബിഎ മാർക്കറ്റിങ് കഴിഞ്ഞു ഇവന്റ് മാനേജ്‌മെന്റ് എന്നും പറഞ്ഞു  കല്യാണ പന്തൽ ഡെക്കറേഷനുമായി നടക്കുന്ന ചെക്കന് ഇത്രേം കപ്പാക്കിറ്റി പ്രതീക്ഷിച്ചില്ല!  ഗെഡി പെട ചുള്ളനാ. എല്ലാ അറേജ്‌മെന്റും പക്കാ. സൗണ്ടും മ്യൂസിക്കും എല്ലാം കിടിലൻ. 

പടുകൂറ്റൻ വൈക്കോൽകൂനയാണ് ഒരുക്കിയിരിക്കുന്നത്. പാലക്കാട്ടുന്നു വൈക്കോലെത്തിച്ച് ഇന്നലെ രാത്രി തന്നെ കൂന കൂട്ടിയിരുന്നു.

ലേശം പരിഭ്രമമുണ്ടോ? മുതുകാടിനെപ്പോലുള്ള ചില പുലികൾ മാത്രമാണ് ഫയർ എസ്കേപ് കേരളത്തിൽ ചെയ്തിട്ടുള്ളത്. 
കൈകളിൽ വിലങ്ങ്, കാലുകളെ ചുറ്റി ഒരു ചങ്ങല വിത്ത് ലോക്ക്. ശരീരം ചുറ്റി വരിയുന്ന മറ്റൊരു ചങ്ങല കഴുത്തിലെ വലയവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിലു മൊത്തം മൂന്നു ലോക്കുകൾ.എല്ലാം ഭദ്രമായി ലോക്ക് ചെയ്തു കഴിഞ്ഞാൽ ചാക്കിൽ കെട്ടി ചാക്കിനെ ചുറ്റിയൊരു ചങ്ങല. അതിനും പൂട്ടുണ്ട്. ചാക്കിൽ കെട്ടി ഒരു ഇരുമ്പ് കൂട്ടിനുള്ളിലാക്കി അതും ലോക്ക് ചെയ്താണ് ക്രെയിനിൽ കൊളുത്തി വൈക്കോൽ കൂനയ്ക്കുള്ളിലിടുന്നത്. വൈക്കോലിന് തീ കൊളുത്തി ഒന്നര മിനിറ്റിനുള്ളിൽ എല്ലാ ലോക്കുകളും തുറന്ന് പുറത്തെത്തണം. അതാണ് ഫയർ എസ്കേപ്. സമയം കഴിഞ്ഞിട്ടും പുറത്തെത്തിയില്ലെങ്കിൽ ഫയർഫോഴ്സും ചങ്ങാതിമാരും റെഡിയാണ്. എസ്കേപ് പൊളിഞ്ഞാലും ജീവന് അപകടമില്ല. അതുകൊണ്ടു തന്നെ താനെന്തിനു പരിഭ്രമിക്കണം? എത്രയോ  പ്രാവശ്യം റിഹേഴ്സൽ ചെയ്തു കുട്ടപ്പനാക്കിയിരിക്കുന്നു.

പലരും വന്ന് കുശലവും ആശംസകളും കൈമാറി പോകുന്നുണ്ട്. ചില ചാനലുകൾക്ക് വേണ്ടി പടമെടുക്കാൻ നിന്നു കൊടുത്തു. വിശദമായ ഇന്റർവ്യൂ എസ്കേപ്പിനു ശേഷം എന്നു പറഞ്ഞു വച്ചിട്ടുണ്ട്.

"അളിയാ.. സമയമാവുകയാണേ. മെയിൻ ആള് വന്നുകൊണ്ടിരിക്കുന്നു." 
"ന്നു വച്ചാ? ഇനിയാരാ വേറെ മെയിൻ?"
"ഹ.. ഒന്നും അറിയാത്ത പോലെ. സമീറ - സിനിമാ നടി."
"എടാ.. സത്യത്തിൽ അവർക്കെന്താ റോൾ?"
"ഓഹ്.. അങ്ങിനെയൊന്നുമില്ലളിയാ. സംഭവം കളറാക്കാൻ ഒരു വഴി. അത്രേയുള്ളൂ." 
"അത്രേ ഉള്ളൂ?"
"അതല്ല.. ഞാനവരുടെ ഭയങ്കര ഫാനാ. ഒപ്പം നിക്കാൻ പറ്റണ ഒരു ചാൻസല്ലേ. അന്തപ്പേട്ടനെ ഒന്നു പൊക്കി വച്ചു കാര്യം നടത്തി. എഫ്‌ബിലൊക്കെ പാഠമിട്ട് ഞാനൊരു വിലസു  വിലസും. തീ കൊളുത്താൻ അവരെ ഏൽപ്പിക്കേം ചെയ്യാം."
"ഹും. അതു എന്തു വേണോ ചെയ്യ്...
അപ്പൊ പരിപാടി ഒന്നുകൂടി പറഞ്ഞേ.."
"ഇരുമ്പുകൂട്ടിൽ കയറി കഴിഞ്ഞാൽ മുപ്പതു സെക്കൻഡ് ക്രെയിനിൽ. വൈക്കോൽ കൂനയിലെത്തിയ്ക്കാൻ. പത്ത് സെക്കന്റിനുള്ളിൽ ക്രെയിൻ വിടുവിക്കും. അതിനുള്ളിൽ നടിയും ഞാനും വൈക്കോലിനടുത്തെത്തും. അതു കഴിഞ്ഞാൽ ഉടനെ ഞാൻ സിഗ്നൽ തരും. തീ വയ്ക്കും. ഒരു മിനിറ്റിനുള്ളിൽ അളിയൻ പുറത്ത് വരും. ഓക്കെയല്ലേ?"
"പെര്ഫക്ട്.
അതായത് നിന്റെ സിഗ്നൽ കിട്ടി ഒരു മിനിട്ടു പൂർത്തിയാകുമ്പോഴേയ്ക്കും ഞാൻ ജനക്കൂട്ടത്തിലുണ്ടാവും."
"അതന്നെ. അളിയനെ ആൾക്കാർ കണ്ടാൽ അപ്പൊ കിടിലൻ മ്യൂസിക്കും സംഭവങ്ങളും പെടയ്ക്കും"
"അപ്പൊ കൊട് കൈ."
"ഞാൻ പരിപാടി തുടങ്ങട്ടെ. അളിയൻ ഞാൻ വിളിക്കുമ്പോ മാത്രം വെയ്‌റ്റിട്ടു സ്റ്റെജി വന്നാ മതീ ട്ടോ."
"അതത്രെ ഉള്ളൂ. കഞ്ഞിക്കു വകയില്ലേലും കിങ്‌സ് മാത്രേ വലിക്കൂ. അറിയാലോ?"
"ഉവ്വ്, വീട്ടീ വച്ചു കിങ് ബീഡിയാ വലി എന്നും അറിയാം."
"ആ .. ആരു പറഞ്ഞു?"
"അളിയന്റെ ഫാര്യ."
"ഫാര്യോ?" 
"അതന്നെ, എന്റെ പെങ്ങളായിട്ടു വരും!"
"ആ.. നീ ചെല്ല്."

നടി വന്നതിന്റെ ആരവം.
വിശിഷ്ടന്മാരും വിശിഷ്ടകളും വേദിയിലേക്ക് ആനയിക്കപ്പെടുന്നതിന്റെ കോലാഹലം. 
ആശംസാ പ്രസംഗങ്ങൾ.

അവസാനം.
തിരശീല രണ്ടായി മാറി വെയിലിനെ വെല്ലുന്ന വെളിച്ചവിസ്മയത്തിൽ കുളിച്ച്, കിടിലൻ മ്യൂസിക്കിന്റെ അകമ്പടിയോടെ ഹിപ്നോ മജീഷ്യൻ ഷിവ് റാം !!

നാലു വാചകം  സംസാരിച്ചു. മൂന്നു വെള്ളി വീണു. ജനം എന്തോ ചിരിച്ചില്ല. 'രാഷ്ട്രീയക്കാരുടെ നാക്കുപിഴകൾക്കിടയിൽ ഇതൊക്കെ എന്തു!' എന്നാവും മനസ്സിൽ.

ചങ്ങലയുടെ കിലുക്കം.
കൈവിലങ്ങിന്റെ ലോക്ക് പൂട്ടി എസ്ഐയുടെ പോക്കറ്റിൽ.
കാലിന്റെ താക്കോൽ എമ്മെല്ലെയുടെ കയ്യിൽ.
അച്ചനും മുക്രിയും പൂജാരിയും ശരീരം മുറുക്കിയ ചങ്ങലപ്പൂട്ടുകളുടെ താക്കോൽ സൂക്ഷിപ്പുകാരായി.
ചാക്കിലാക്കും മുമ്പ് ജനക്കൂട്ടത്തെ നോക്കി ഒന്നു ചിരിച്ചു. മുൻ വരിയിലിരിക്കുന്ന ഭാര്യയെ നോക്കിയില്ലെങ്കിലും നടിയെ ഒന്നു നോക്കാൻ മറന്നില്ല.

ചാക്കടച്ചു കെട്ടി പൂട്ടിയത് വ്യാപാരി വ്യഭി..  അല്ല,  വ്യവസായി പ്രസിഡന്റാവണം. അങ്ങിനെയാണ് പറഞ്ഞിരുന്നത്.

ഇരുമ്പുകൂട്ടിൽ കയറ്റുന്നതിന്റെയും അതു താഴിട്ടു പൂട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ താക്കോലേൽപ്പിക്കുന്നതിന്റെയും ശബ്ദം കേൾക്കാം.
ക്രെയിൻ കൊളുത്തിൽ കൂട് പിടിപ്പിക്കുന്നതും വൈക്കോൽകൂനയിൽ നിക്ഷേപിക്കുന്നതും അറിഞ്ഞു.

ലോക്കുകൾ അഴിഞ്ഞു തുടങ്ങി.

 ഇപ്പോൾ അളിയനും നടിയും വൈക്കോൽ കൂനയ്‌ക്കടുത്തെത്തിക്കാണും.

സിഗ്നൽ വന്നു.

ഇനി വെറും അറുപതു സെക്കൻഡുകൾ.
തൊണ്ണൂറു സെക്കൻഡിൽ കൂടാൻ പാടില്ല.
മനസ്സിൽ എണ്ണിക്കൊണ്ടതാണ് സമയം തള്ളി നീക്കിയത്.

45 , 44 , 43 ...

4, 3, 2 .... 1 

ജനക്കൂട്ടത്തിനു പുറകിലായി പ്രത്യക്ഷപ്പെടുമ്പോൾ ജനം ഉള്ളിലേയ്ക്ക് തന്നെ നോക്കി നിൽക്കുകയാണ്!
ഇതെന്താ ഇങ്ങനെ.
മ്യൂസിക്കോന്നും വന്നില്ലല്ലോ.
ജനത്തെ വകഞ്ഞു മാറ്റാൻ ശ്രമിക്കുമ്പോൾ ചിലർ.. തിരിച്ചറിഞ്ഞു..
 ങേ..
ആശ്ചര്യം..
പുച്‌ഛം ..
"അയ്യേ.. ദേ ദിയാള് ഫയർ ഇല്ലാതെ എസ്കേപ്പായി വന്നേക്കണൂ "
പിന്നെ..
മുറുമുറുപ്പ്..
കൂവൽ..
"ഹ ഹ.. മാജിക്ക് പൊളിഞ്ഞേ...." 
കൂവൽ ഒരു പകർച്ച വ്യാധിയായി പടർന്നു.

കാണികൾ മുഴുവൻ തന്നിലേക്കു തിരിയുമ്പോൾ ഓടണോ അതോ ബോധം കേട്ടു വീഴണോ എന്ന കൺഫ്യൂഷനിടയിലും ശിവരാമൻ കണ്ടു..
ഇനിയും കത്താത്ത വൈക്കോൽ കൂനയ്ക്കു മുന്നിൽ. നടിയ്‌ക്കൊപ്പം നിന്നു ചവറുപോലെ സെല്ഫിയെടുക്കുന്ന അളിയന്റെ മോന്തായത്തിലെ സ്ഥലകാലം മറന്ന ഇളി.

No comments: