Powered By Blogger

Tuesday, September 23, 2008

നിഖണ്ടുവിലില്ലാത്ത വാക്കുകള്‍ - 1

'നിഖണ്ടുവിലില്ലാത്ത തരം തെറികള്‍ ' എന്ന പ്രയോഗമാണ് ഈ ഒരു ഉദ്യമത്തിന് എന്നെ പ്രേരിപ്പിച്ചത്! കാലാകാലങ്ങളായി മലയാളികളായ എല്ലാരും സാര്‍വത്രികമായി ഉപയോഗിച്ചു വരികയും "തമിഴ്നാട്ടില്‍ ഇതിന് വെറും രോമമെന്നു മാത്രമെ അര്‍ത്ഥമുള്ളൂ" എന്ന് വീമ്പടിക്കുകയും ചെയ്യുന്ന വാക്കും നിഖണ്ടുവില്‍ കയറിയപ്പോള്‍ എന്റെ ക്ഷമ കെട്ടു. impossible എന്ന വാക്ക് എന്റെ നിഖണ്ടുവിലില്ല എന്ന് പറഞ്ഞ മഹാനോട് "എന്ത് സാധനവും നോക്കി വാങ്ങിച്ചില്ലെങ്കില്‍ ഇതിലപ്പുറവും സംഭവിക്കുമെന്ന്" പറയാന്‍ എന്റെ അഹന്ത അനുവദിക്കുന്നുമില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എട്ടാം തരവും ഡ്രില്ലും ലോകകാര്യങ്ങളില്‍ വിജ്ഞാനത്തിന്റെ വിളനിലവുമായ ഒരു സുഹൃത്തില്‍നിന്നു ഒന്നാംതരമൊരു വാക്കു കിട്ടിയത് - ക്ലെട്ജ്.

ക്ലെട്ജ് ഒരു ഇംഗ്ലീഷ് വാക്കാകുന്നു! കണ്ടുപിടുതതിനുള്ള നോബല്‍ സമ്മാനം കേരളത്തിലേയ്ക്ക് കൊണ്ടു വരാവുന്ന ഒരു വാക്ക്‌. സമയാസമയങ്ങളില്‍ സന്ദര്‍ഭത്തിനനുസരിച്ചുള്ള അര്‍ത്ഥം സ്വയം സ്വീകരിക്കാം എന്നതാണ് ഈ വാക്കിന്റെ പ്രത്യേകത. ഒരേ വാചകത്തില്‍ തന്നെ പല സ്ഥലങ്ങളിലോ ഒരുമിച്ചോ ക്ലെട്ജ് ഉപയോഗിക്കാം!
ക്ലെട്ജ് ന്റെ ചില ഉപയോഗങ്ങള്‍ നോക്കാം.
ഹലോ, എന്തൊക്കെയാ ക്ലെട്ജ് കള്‍ ? (വിശേഷങ്ങള്‍)
എടാ, നിന്റെ പഴയ ക്ലെട്ജ് മറ്റൊരുത്തനുമായി ക്ലെട്ജ് ആയെന്നു കേട്ടല്ലോ.. (ലൈന്‍, ലോഹ്യം)
ശോ.. ഈ മനുഷ്യന്റെ ക്ലെട്ജ് എന്ന് നിരുത്തുന്നോ, അന്ന് ഈ ക്ലെട്ജ് ഗുണം പിടിക്കും. (കുടി, വീട്)
ക്ലെട്ജ് ആയില്ലല്ലോ, നിന്റെ ക്ലെട്ജ് ല് ക്ലെട്ജ് വല്ലതും ഉണ്ടോന്നു നോക്കിയെ.
(കിക്ക്, പോക്കറ്റില്‍, കാശ് )
എങ്ങിനെയുണ്ട്? ക്ലെട്ജ് ന്റെ ക്ലെട്ജ് ല് ക്ലെട്ജ് കൊണ്ടു ക്ലെട്ജ് ല്ലേ..

Tuesday, September 16, 2008

ഓണത്തെക്കുറിച്ച് തന്നെ!!

ഓണമാണ് മോനേ, കൊല്ലം തോറും ഒരുപാടു ഓര്‍മ്മക്കുറിപ്പുകള്‍ മനസ്സിലും ശരീരത്തിലും ബാക്കി വച്ചുകൊണ്ട് കടന്നു പോകുന്ന ഒന്നാന്തരം ആഘോഷം!! ഓണം വെക്കേഷന്‍ മുതല്‍ തുടങ്ങുകയല്ലേ, മേളം. പിള്ളേര്‍ക്ക് അവധിയാഘോഷിക്കാന്‍ കമ്പൂട്ടര്‍ ഗെയിം വാങ്ങി കൊടുക്കണം. (പണ്ടൊക്കെ രണ്ടു മച്ചിങ്ങയും ഓരോലമടലും കൊണ്ടു ഓണക്കാലം കഴിഞ്ഞേനെ!) ഓണച്ചന്തക്ക് മുന്നിലും ബിവരെജസിനുമുന്നിലും വരിനിന്നു നടുവോടിയണം, ഓണം റിലീസ് വരുന്ന പടത്തിന്റെ വരിയിലും പിന്നിലാവാന്‍ അഭിമാനം സമ്മതിക്കില്ലല്ലോ. കിലോയ്ക്ക് 110 രൂപ വരെ പറയുന്ന ചെണ്ടുമല്ലിപ്പൂക്കള്‍ 75 നു റെഡി ആക്കാനും, പൂക്കാരന്‍ കാണാതെ ഒരു വാരല്‍ അടിച്ച് മാറ്റാനും ഉള്ള ടെന്‍ഷന്‍ വേറെ. ശരിക്കുമുള്ള ടെന്‍ഷന്‍ വരുന്നേയുള്ളൂ.. 250 നും 350 നും വാങ്ങുന്ന "ഓണപ്പുടവകള്‍ക്ക് " വിലക്കൂടുതലിന്റെ സ്ടിക്കെര്‍ ഒട്ടിക്കാനുള്ള പാട് അനുഭവിച്ചു തന്നെയറിയണം. ഓണസദ്യയ്ക്ക് മാത്രം മേലങ്ങേണ്ട! ഉപ്പേരി മുതല്‍ കാളന്‍ വരെ വാങ്ങാന്‍ കിട്ടും. ഇലയില്‍ അണിഞ്ഞു പ്രഥമന്‍ ഉണ്ടാക്കിയ കാലം ഇനി വരില്ല.. സമാധാനം. വീട്ടുകാരി അറിഞ്ഞു വാങ്ങിച്ചത് അമ്മായിയച്ചന്‍ മുതല്‍ വകേലുള്ള അമ്മാവന്മാര്‍ക്ക് വരെ വീതം വെയ്ക്കുംമ്പോളും കൂട്ടുകൂടി വീശാനുള്ളത് അവളറിയാതെ മാറ്റി വെയ്ക്കെണ്ടേ! ഒന്നടിച്ചു മൂക്കുമ്പോള്‍ ഒരു ഫുള്ളിനു കൂടി വകുപ്പോപ്പിക്കാനും അത് വാങ്ങാന്‍ പോകുമ്പോള്‍ കാക്കിക്കാര്‍ ഊതിക്കുന്നതില്‍ നിന്നു രക്ഷപ്പെടാനും പെടാപ്പാടു പെടണം. എല്ലാം കഴിയുമ്പോള്‍ മോഹന്‍ ലാലിന്റെ ദയലോഗ് ഓര്മ്മ വരും. "ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ ഇനി എന്തുണ്ട്?" കാണം വിറ്റും ആഘോഷിച്ച ഓണത്തിന്റെ നാണമില്ലാത്ത ഓര്‍മ്മകളല്ലാതെ!