Powered By Blogger

Thursday, September 19, 2019

കറുപ്പ്

ഞങ്ങടെ നാട്ടില് സായിപ്പിന്റെ നിറമുള്ള ആളോള് വളരെ കുറവാർന്നു. അത്യാവശ്യം പണിക്കു പോന്നോരും വെയില് കൊള്ളണോരും ആയതോണ്ടാവും. എന്നാലും "എന്തൂട്ടാ പെങ്കുട്ടീരെ നെറം, കയ്യ് കഴുകി തൊടണം " എന്നൊക്കെ പുകഴ്ത്തി പറയാനും, "സൂര്യൻ ചാഞ്ഞാ പിന്നെ ചിരിച്ചോണ്ട് നടക്കടാ, നിന്നെ കാണാണ്ട് ആരേലും മേത്ത് വന്നിടിക്കും" എന്ന് ഇകഴ്ത്താനും ആൾക്കാരുണ്ടായിരുന്നു. കളർ അളവുകോലൊക്കെ ഇപ്പോൾ അപ്രത്യക്ഷമായെങ്കിലും മുമ്പ് അത് കൂടുതലായിരുന്നു. ഞങ്ങടെ കുമാരേട്ടന്റെ മോൻ 'ഉണ്ണ്യമ്പുരു' എന്ന അനിൽകുമാർ, സന്തോഷ്‌ട്രോഫിയും അതുകഴിഞ്ഞു ചർച്ചിലും ബഗാനും പോലുള്ള ടീമുകളിലും കളിച്ചു ഐ ലീഗ് ഇന്ത്യൻ ടോപ് സ്‌കോറർ ആയിട്ടും ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ പോയിട്ടും കളിക്കാൻ ഇറങ്ങുമ്പോ "സാംബിയക്ക് ത്രൂ പാസ് കൊടുക്കടാ", "സാംബിയേ, വിളിച്ചു കളിപ്പിക്കടാ.." എന്നൊക്കെ അലറി വിളിക്കാൻ കേരളത്തിലെ എല്ലായിടത്തെയും കാണികളുണ്ടായിരുന്നു.! ആ കാര്യത്തിൽ കേരളം മൊത്തം അങ്ങിനെ ഒരു ചിന്തയുണ്ടായിരുന്നെന്നു മനസിലാക്കിയത് അങ്ങിനെയാണ്. എന്തായാലും അനിലിന്റെ കാര്യത്തിൽ എനിക്ക് സന്തോഷമായിരുന്നു. എന്റെ നാട്ടുകാർ സാംബിയ എന്ന് വിളിച്ചു കണ്ടിട്ടില്ല!

"നെറം നോക്കറാ, തന്നെ ആരേലും നായരായി കൂട്ടുമോ! അതൊക്കെ ഞാൻ പറയൻമാർലെ നമ്പൂര്യാണ്ട ഞാൻ" എന്ന് ശിവരാമൻ ചായക്കടേലിരുന്നു പ്രസ്താവിച്ചിരുന്ന ഞങ്ങളുടെ നാടിനോടുള്ള ഇഷ്ടവും മേൽ പറഞ്ഞ ലെവലിലുള്ള സെൻസ് ഓഫ് ഹ്യൂമർ ആയിരുന്നു.

സെവൻസ് കളിക്കാൻ ഇറക്കുമതി ചെയ്യപ്പെടുന്ന നൈജീരിയൻ പിള്ളേരുടെ കളി കണ്ടാ 'കറുപ്പിനഴക്' എന്ന പാട്ടു അന്ന് ഇറങ്ങാത്തതു കാരണം പാടാൻ അറിയില്ലാരുന്നു എന്നെ ഉള്ളൂ. അവരോടു മൊത്തത്തിൽ ആരാധനയായിരുന്നു. ക്രൈസ്റ്റിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യാൻ ഒരു 'കറുത്ത വർഗ്ഗക്കാരന് ഉണ്ടെന്നു എനിക്ക് കൗതുകമായിരുന്നു. വെളുത്ത് ചുവന്ന ഇറാനിയൻസൊക്കെ ഉണ്ടെങ്കിലും ലവനെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ചാലക്കുടിയിലെ സതേൺ കോളേജിൽ നൈജീരിയേന്നും മൊറോക്കോയിൽനിന്നുമൊക്കെ ഗെഡീസ് കുറച്ചെണ്ണം പഠിക്കാൻ വന്നത് അറിയുന്നത്. അവര് നാട് കടന്നു പ്രസിദ്ധനായി. അവരുടെ ലോഹ പോലുള്ള വസ്ത്രമിട്ട് മാർക്കറ്റിൽ പോയി. 'ട' ഇല്ലാതെ 'ത' വച്ച് സംസാരിച്ചു കൗതുകമുണ്ടാക്കി. പള്ളീൽ പോയി വരുന്ന അമ്മാമമാർ കൊച്ചച്ചന്മാർക്കു സ്തുതി കൊടുത്തു. "ഇപ്പൊ കളർ ളോഹ ഇടാമോ? എന്ന് ചോദ്യവും "ഇത് വേറെ ഏതെങ്കിലും സഭയാവും" എന്ന് ഉത്തരവും പരസ്പരം കൈമാറി സംതൃപ്തരായി!

അങ്ങിനെയിരിക്കെ ഒരു ദിവസം ബസിൽ, സീറ്റിൽ ഇരുന്നിരുന്ന മൂന്നു ഫ്രീക്കന്മാരെ കണ്ടക്ടർ സംഭാഷണത്തിൽനിന്നുണർത്തുന്നു.
"അതേയ്, സ്ത്രീകളുടെ സീറ്റാ, എണീയ്റ്റു കൊടുക്ക്."
ലവര് അത് കേട്ടെങ്കിലും കേൾക്കാത്ത മാതിരി ഇരുന്നു.
കണ്ട്രാവി വോള്യം മാക്സിമത്തിൽ വച്ചു
ഹലോ, നിങ്ങളോടാ പറഞ്ഞത്.. സീറ്റു എണീറ്റ് കൊടുക്കാൻ.
വാത് ആ യു തോക്കിൻ അബോത്ത് ? എന്ന് അവര് ചോദിച്ചത് റിട്ടയർ ആവാറായ മി. കണ്ടക്ടർക്ക് പിടി കിട്ടില്യാ. പോരാത്തതിന് ചുറ്റും നിന്നോരുടെ ചിരിയും.
വൈ ദിസ് മാൻ ഷൗത്തിങ് .. എന്ന് പറഞ്ഞു കൈമലർത്തിക്കാണിച്ചു അവർ അമർന്നിരുന്നു. യാത്രക്കാർ കുശുകുശുപ്പും ചിരീം കണ്ടിന്യൂ ചെയ്തു.

പിഎസ്സി വഴി അല്ലാരുന്നു എന്ന് തോന്നണു നിയമനം. അതോണ്ട് പിടിപാടുള്ളവരുടെ പിൻബലവും ഇല്ലായിരുന്നിരിക്കും. സോ, സപ്പോർട്ടില്ലാതെ കണ്ട്റോ  ചമ്മി, നാറി.

"അവരുടെ സ്പ്രിങ് മുടീം ഇങ്ളീഷും. കരിമാക്കന്മാര്.. സൗജന്യപഠിപ്പാണല്ലോ, ആ പേരും പറഞ്ഞു പുലയപ്പിള്ളേര് കൽസറായീം കേറ്റി കുറ്റീം പറിച്ചു ഇറങ്ങിക്കോളും. നിങ്ങളെ കാണിച്ചു താരാടാ." എന്ന് ജാത്യാധിക്ഷേപം നടത്തി അയാൾ വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്ക് നയിച്ച്!

വണ്ടി വന്നു നിന്ന അപ്പൊ തന്നെ പോലീസ് സ്റ്റേഷൻ ജോലിക്കാരൻ കർമ്മ നിരതനായി. ഒരു ചൂരലെടുത്ത് ബസിന്റെ പാട്ടയിൽ നാലടി! (എന്താ ജോലി? ന്നു ചോദിച്ചപ്പോൾ ഒരാള് പറഞ്ഞതാണത്രേ, പോലീസ് സ്റ്റേഷനിലാണ് ജോലി എന്ന്! അതെന്താ പോലീസുകാരൻ എന്ന് പറയാത്തെ എന്ന് ചോദിച്ചപ്പോൾ ഇനി അത് പറഞ്ഞാൽ കല്യാണം മുടങ്ങിയാലോ എന്നും!!)

"ആരാ എടുത്തതെന്ന് വച്ചാ സാധനം താഴത്തിട്ടോ. അല്ലെങ്കി മുഴുവൻ ആൾക്കാരേം വിളിച്ചിറക്കി തപ്പി കണ്ടു പിടിക്കും. പിന്നെ അറിയാലോ.."

കണ്ട്റോ.. പതുങ്ങി.
"സാറേ, ഇത് പോക്കറ്റടി അല്ല. പെണ്ണുങ്ങളുടെ സീറ്റിൽനിന്നു പിള്ളേര് എണീക്കാഞ്ഞിട്ടാ."

"അത് ശരി പറയണ്ടേ.." തുടർന്ന്, പിള്ളേരിരിക്കുന്ന വശത്ത് ചെന്ന് അവിടേം പാട്ടയിൽ വടി കൊണ്ട് രണ്ടടി. എന്നിട്ട്
"ആർരാ പെണ്ണുങ്ങടെ സീറ്റിന് മാറാത്തത്? ഇങ്ങട് എറങ്ങി വാടാ" എന്ന് ആക്രോശ് കിയാ.

മ്മടെ ഗെഡീസ്.. 'വാത്ത ഹെൽ ഹാപ്പനിംഗ്' എന്നും പറഞ്ഞു മിഴിച്ചിരുന്നു. ദി പോലീസുകാരൻ ആൾസോ ഓൺ ചമ്മൽ. യാത്രിയാം എഗൈൻ ചിരി കിയാ.

ഇന്നിവരെ ഞാൻ എന്ന് പറഞ്ഞു ബസിൽ കയറുന്നതിനു മുമ്പ് വേറൊരു പോലീസുകാരൻ സ്റ്റേഷനീന്നു ഓടിവന്നു പറഞ്ഞു, 'എസ്ഐ വരുന്നുണ്ട്'.

എസ്ഐ അകത്തൂന്നു വന്നു.
എന്താ ഇവിടെ പ്രശ്നം?
കണ്ട്റു അടിമുടി ആളെ നോക്കി നോക്കി, വാ പൊളിച്ചു.
എന്നിട്ടു പറഞ്ഞു, "ഒരു പ്രശ്നോല്ല സാറേ. ഞങ്ങള് പൊക്കോളാ.."






Wednesday, September 18, 2019

ശാക്തീകരണം

"ടീച്ചറേ, ഹെഡ് മിസ്ട്രസ് വിളിക്കുന്നു."
എട്ടാം ക്ലാസ്സുകാരുടെ അസൈന്മെന്റുകളിൽ മുഴുകിയിരിക്കുകയായിരുന്നു, ലാലിടീച്ചർ.
"എന്താ രശ്മീ കാര്യം?"
"യൂപീല് കുറേ ടീച്ചേഴ്സ് ഇല്ല. ലാലിടീച്ചർക്ക് അങ്ങോട്ട്‌ ഒരു ചാർജ് കിട്ടാൻ വഴിയുണ്ട്."
"എന്താ ഇത്ര പ്രശ്നം?"
"ക്ലസ്റ്റർ നടക്കുകയല്ലേ. കുറെ പേര് അങ്ങോട്ട്‌ പോയി."

നാലാം പിരീഡും അഞ്ചാം പിരീഡും ക്ലാസുണ്ട്. ഉച്ചയ്ക്ക് ശേഷം ടെൻ ബിയിൽ ലാസ്റ്റ് പിരീഡ്. മാനേജ് ചെയ്യാവുന്ന കാര്യം.
ലാലി ടീച്ചര് എണീറ്റു. ഹെഡ്മിസ്ട്രസിന്റെ റൂമിലേയ്ക്ക് നടക്കുമ്പോൾ ചിന്തിച്ചു.. തന്നെ ഇത്തരം ഡെപ്യൂട്ടേഷനുകൾ, പ്രത്യേകിച്ചും യുപിയിലെ, ഏൽപ്പിക്കാറില്ലല്ലോ.

"കോഴ്സിനു പോവലും ഡി ഇ ഓ ഓഫീസിൽ പോക്കും ഒക്കെയായി യു പിയിൽ കുറേ ടീച്ചേഴ്സ് ഇല്ല. അതോണ്ടാ ടീച്ചറെ ബുദ്ധിമുട്ടിക്കുന്നത്. ആറാം ക്ളാസുകാരെ ഒരുമിച്ചാക്കി സ്‌കൂള് വിടുന്ന വരെ ഒന്നിരുത്തണം. അത്രേ ഉള്ളൂ. നല്ല ബഹളമാണെന്നേ."

"എനിക്ക് ഇന്ന് ക്‌ളാസ്സുണ്ടല്ലോ."

"അത് അഡ്ജസ്റ് ചെയ്യാം ടീച്ചറെ, മുതിർന്ന കുട്ടികളല്ലേ. ഇവിടെ അങ്ങനെ അല്ലല്ലോ."

ലാലി ടീച്ചർ ചിരിച്ചു.

"നാല് ആറാം  ക്ലാസ്സുകാരെ ഒരുമിച്ചാക്കണേ. മൊത്തം നൂറ്റിനാല്പതു കുട്ടികളെ ഉള്ളൂ. ഓഡിറ്റോറിയം മതിയോ ടീച്ചറേ?"

ടീച്ചർ ഒരു നിമിഷം ചിന്തിച്ചു.
"തൽക്കാലം ഗ്രൗണ്ടിന്റെ ഗാലറി മതി. അവിടെയാവുമ്പോ നല്ല മരത്തണലും ഉണ്ടല്ലോ."

"ശരി.  ആയിക്കോട്ടെ. ആലീസ്, ആ സിക്സ്ത് സ്റ്റാൻഡേർഡ്കാരോട്  ടീച്ചർ പറയുന്നിടത്തേയ്ക്കു ചെല്ലാൻ പറയൂ. എല്ലാ ക്ലാസ്സുകാരോടും. പിന്നെ, ടീച്ചർക്ക് ചെയറും. ഒരു പോർട്ടബിൾ ബോർഡും അങ്ങോട്ടെത്തിക്കണം. ശിവപ്രിയയോടും കൂടി പറഞ്ഞോ."

 "ഞാൻ പറഞ്ഞില്ലേ ടീച്ചറെ.. പണി കിട്ടിയില്ലേ?" എന്ന് ഹെഡ് മിസ്ട്രെസിന് മുഖം കൊടുക്കാതെ ലാലിടീച്ചറുടെ മുന്നിലൂടെ തിരിഞ്ഞു നടക്കുന്നതിനിടയിൽ ആലീസ് പറഞ്ഞു

ടീച്ചർക്ക് ചിരി വന്നു.
'ഇതൊക്കെയെന്ത്‌ പണി. അല്ലെങ്കിൽ തന്നെ ലൈഫ് മൊത്തം പണിയല്ലേ ആലീസേ'. മനസ്സിൽ പറഞ്ഞു.

സ്റ്റാഫ് റൂമിൽ ഒന്ന് തലയിട്ടു നോക്കി. ആരുമില്ല. ഓഫീസിൽ വരാറുണ്ടെങ്കിലും യു പിയിലെ സ്റ്റാഫ് റൂമിൽ വരവില്ല. ഗ്രൗണ്ടിലേക്ക് നടക്കുമ്പോൾ കുട്ടികൾ വരിവരിയായി പോകുന്നുണ്ട്. ബാഗും തൂക്കിയുള്ള ആ പോക്ക് കണ്ടപ്പോ വിഷമം വന്നു. ബാഗ് എടുപ്പിക്കേണ്ടായിരുന്നു. പാവങ്ങൾ.
സാരമില്ല.. എന്തെങ്കിലും എഴുതിപ്പിക്കുകയോ വായിപ്പിക്കുകയോ ചെയ്യണമെങ്കിൽ ആവശ്യം വന്നേക്കും. സ്വയം സമാധാനിച്ചു.

"ടീച്ചറെ, ഞങ്ങളെവിട്യാ ഇരിക്ക്യാ?"
കുട്ടികൾ കണ്ഫയൂഷനിലാണ്.
"ആ മരത്തണലിൽ ഗാലറിയിൽ ഇരുന്നോളൂ."
"ആൺകുട്ടികൾ ഈ ഭാഗത്തും പെൺകുട്ടികൾ ആ ഭാഗത്തുമാണോ?"
 ഏതോ ക്ലാസ്സിന്റെ ലീഡറായിരിക്കണം.
അത് നിങ്ങൾ സൗകര്യം പോലെ ഇരുന്നോളൂ..എന്ന് പറയാൻ മനസ്സിലെ സദാചാര കമ്മിറ്റി സമ്മതിച്ചില്ല. ഇനി അതൊരു കുരിശായാലോ! അതുകൊണ്ട് പകരം
"ആ.. ആൺകുട്ടികൾ വലതു വശത്തും പെൺകുട്ടികൾ ഇടത്ത് വശത്തും." എന്നാണു പറഞ്ഞത്.
 കംഫർട്ടബിൾ ആയ ഇരിപ്പിടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞപ്പോൾ പിന്നെ അണക്കെട്ടു തുറന്നു വിട്ട പോലെയായി ചോദ്യങ്ങൾ.

"ഏതു പുസ്തകമാ ടീച്ചറെ എടുക്കേണ്ടത്?"
"ടിഫിൻ ഇപ്പൊ കഴിക്കാമോ?"
"ടീച്ചർ എവിടെ ഇരിക്കും?"
"ടീച്ചർ ഞങ്ങൾക്കെന്താ ക്ലാസെടുക്കാൻ വരാത്തത്?"
"ടീച്ചറുടെ പേരെന്താ?
 "ടീച്ചറുടെ കുട്ടികൾ എത്രാംക്ലാസ്സിലായി?"
........

ചോദ്യങ്ങൾ കലപിലയായപ്പോൾ ടീച്ചർ അവർക്കിടയിലൂടെ പടികളിറങ്ങി. മുട്ടിനു അത്യാവശ്യം ഇടർച്ച ഫീൽ ചെയ്യുന്നുണ്ട്. ആലീസ് കൊണ്ട് വന്നിട്ട കസേര നീക്കി ഗ്രൗണ്ടിൽ,  കുട്ടികൾക്ക് മുന്നിലായിട്ടു. മുക്കാലിയിൽ നിൽക്കുന്ന ഒരു ബോർഡും കൊണ്ട് വന്നിട്ടിട്ടുണ്ട്.

കയ്യുയർത്തി.. ശാസിക്കേണ്ടി വന്നില്ല. യേശുവിനു മുന്നിൽ പ്രക്ഷുബ്ധമായ കടൽ ശാന്തമായതുപോലെ കുട്ടികൾ സൈലന്റായി.
ലാലിടീച്ചർക്കു ചിരി വന്നു.

കുട്ടികളേ.. ഞാൻ പറയുന്നത് പുറകിലേക്ക് കേൾക്കാമോ?
"ആ.." കോറസ്
"എന്നെ എല്ലാവര്ക്കും കാണാമോ?"
"ആ.. " വീണ്ടും.
"എന്റെ പേര് ലാലി ജോസഫ്. ഹൈസ്‌കൂളിൽ മലയാളം പഠിപ്പിക്കുന്നു. യു പി കഴിഞ്ഞാൽ ഈ സ്‌കൂളിൽ ആൺകുട്ടികൾ ഇല്ലല്ലോ. അപ്പോൾ, നിങ്ങളുടെ ചേച്ചിമാരെയൊക്കെ ഞാൻ പഠിപ്പിച്ചു കാണും. നിങ്ങളെ ഹൈ സ്‌കൂളിൽ പഠിപ്പിക്കാൻ ഞാനുണ്ടാവില്ല. അടുത്ത വര്ഷം റിട്ടയർ ചെയ്യും. എന്റെ പരിചയപ്പെടുത്തൽ കഴിഞ്ഞൂട്ടോ!"
"ടീച്ചറെന്താ ഇപ്പൊ ഞങ്ങളെ പഠിപ്പിക്കുന്നത്?"
"ഞാൻ കുറച്ചു കഥകൾ പറഞ്ഞു തരാം."
കുട്ടികൾ ഉത്സുകരായി.
"ഇടയ്ക്കൊരോ കഥകൾ നിങ്ങളും പറയണം".
"ഈ കുട്ടി പറയും.." "റെനിലിനു ഒരുപാട് കഥകളറിയാം." തുടങ്ങിയ ഒരു ഇരമ്പം കൂടി ഉയർന്നു. വീണ്ടും യേശുവായി മാറേണ്ടി വന്നു.

"എവിടെനിന്നാണ് കഥകൾ വരുന്നത്?"
കളിക്കുടുക്ക, മാജിക് പോട്ട്, ലൈബ്രറി, ബാലഭൂമി, ബാലരമ... ഉത്തരങ്ങൾ പലതും. ഇടയിൽ കൊച്ചു റ്റീവി, കാർട്ടൂൺ നെറ്റ് വർക്ക് ഒക്കെ കേട്ടു.

"അത് ഇപ്പോഴത്തെ കാലം. പണ്ട് കഥകൾ എന്തിനായിരുന്നു എന്നറിയാമോ? ചില സാരോപദേശങ്ങളിലൂടെ നല്ല കാര്യങ്ങൾ പഠിപ്പിക്കാൻ. പഞ്ചതന്ത്രകഥകൾ എന്ന് കേട്ടിട്ടുണ്ടോ?"
"ആ.." കോറസ് വീണ്ടും. "ഞങ്ങൾക്ക് പഠിക്കാനുണ്ട്"
"ആ കഥകൾ ഉണ്ടായത് എങ്ങിനെയാണെന്നറിയാമോ? എന്തിനാണെന്നറിയാമോ?"
നിശ്ശബ്ദം.
"അത് ബുദ്ധി കുറവായ രാജകുമാരന്മാരെ സാരോപദേശങ്ങൾ പഠിപ്പിക്കാൻ പറഞ്ഞു കൊടുത്തിരുന്നതാ. കുമാരന്മാർ കഥകൾ കേട്ടാണ് മിടുക്കന്മാരായത്."

"പണ്ട്, ടീച്ചറുടെ കുട്ടിക്കാലത്ത് കഥ പറഞ്ഞു തന്നത് അമ്മൂമ്മയായിരുന്നു. പിന്നെ, അമ്മയും, അമ്മായിമാരും ഒക്കെ. അന്ന് ടീവിയും കമ്പ്യൂട്ടറും ഒന്നും ഉണ്ടായിരുന്നില്ല ട്ടോ. അമ്മൂമ്മമാർ കഥ പറഞ്ഞു തരുന്ന കുട്ടികൾ ആരൊക്കെയുണ്ട്?"
ഒന്നോ രണ്ടോ പേര് മാത്രം കൈകളുയർത്തി.
"അമ്മൂമ്മമാർ വീട്ടിലുള്ള കുട്ടികൾ എത്ര പേർ?"
കുറെ കൈകളുയർന്നു.
"അവർ കഥ പറഞ്ഞു തരില്ലേ?"
"ട്യൂഷന്  പോയിട്ട് വരുമ്പോൾ അമ്മൂമ്മ ടീവിക്ക്‌ മുന്നിലാവും" എന്ന മട്ടിൽ ചില മറുപടികൾ കേട്ടു.

"എന്തായാലും ഞാൻ ഒരു കഥ പറഞ്ഞു തുടങ്ങാം. ചിലരെങ്കിലും കേട്ട് കാണും. അവർ നിശ്ശബ്ദരായിരിക്കണം."

കഥ പറഞ്ഞു. വീണ്ടും കഥ പറഞ്ഞു. കവിതകൾ പാടി. കുട്ടികളെക്കൊണ്ട് കഥ പറയിച്ചു, പാട്ടു പാടിച്ചു. ഇന്റർവെല്ലും  ഉച്ചയൂണ് വരെയുള്ള സമയവും കഴിഞ്ഞു.

"ഇഷ്ടമായോ?"
"ആ.." കോറസ്.
"എന്താ ഇഷ്ടമായത്?
"ഈ സ്ഥലം ഇഷ്ടമായി. പിന്നെ രസമുള്ള കഥകൾ."
"ഇനി ക്ലാസ് എന്നും ഇവിടെ ആക്കുമോ ടീച്ചറേ ?"
"എന്തിനാ?"
"ഇവിടെ നല്ല കാറ്റുണ്ട്,
ഓടാൻ സ്ഥലമുണ്ട്, കിളികളുടെ ശബ്ദമുണ്ട്.."
"നിങ്ങള്ക്ക് സന്തോഷമായോ?"
"ആയി.. " കോറസ്!

"ഉച്ചയ്ക്ക് ശേഷം ബെല്ലടിക്കുമ്പോൾ ഇങ്ങോട്ടു തന്നെ വന്നാൽ മതി."

"ശരി ടീച്ചറേ."

ഊണ് കഴിക്കാൻ സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ഫോണിൽ മൂന്നു മിസ്ഡ് കോൾ. നീതുവാണ്‌. എന്താണാവോ. എന്തെങ്കിലും അത്യാവശ്യം ഉണ്ടോ? മനസ്സിലൊരു ടെൻഷൻ.

ടെലെഗ്രാമിൽ മോളുടെ  മെസ്സേജ്  ഉണ്ട്. എന്താണാവോ!
ഇപ്പൊ അവിടെ നട്ടപ്പാതിരാ. നല്ല ഉറക്കമായിരിക്കും. ഡ്യൂട്ടി കഴിഞ്ഞു വന്നു ക്ഷീണിച്ചുറങ്ങുകയാവും. വോയ്‌സ് മെസ്സേജ് തുറന്നു.

"അമ്മാ.. വിശേഷങ്ങളൊന്നും ഇല്ലല്ലോ. കുര്യൻ നൈറ്റ് ഷിഫ്റ്റാ. കാഷ്വാലിറ്റി ചാർജ്. പിന്നെ, വിളിച്ചത് അതിനല്ല. കൊച്ചൂന്റെ മൊത്തം ലക്ഷണം കണ്ടിട്ട് അവള് ഫസ്റ്റ് മെൻസസിലേക്കാണെന്നു തോന്നുന്നു. ഒരമ്മ എങ്ങിനെ അത് ഡീൽ ചെയ്യാന്ന് ഒന്ന് പറഞ്ഞു തന്നേ. ഞാൻ അവൾക്കു അതിന്റെ സയന്റിഫിക് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്. എന്നാലും  മോൾക്ക് ഒരു വോയിസ് മെസ്സേജ് കൂടെ അമ്മ അയച്ചോണേ. അമ്മാമ്മ പറഞ്ഞാ അവൾക്ക് സീരിയസ്നെസ്സ് വരും. അപ്പൊ ഓക്കേ."
തീർന്നു.

കൊച്ചൂന് പതിമൂന്നാവുന്നല്ലേ ഉള്ളൂ..
നീതു എന്തൂട്ട് എംഡിക്കാരിയാണ്. ഇവളൊക്കെ എങ്ങിനെയാ രോഗികളെ ചികിത്സിക്കുന്നതാവോ?! സ്വന്തം മോളോട് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ പറ്റാത്ത ഡോക്ടറ്...
അല്ല. താനെങ്ങിനെയായിരുന്നു.
എന്തോ അരുതാത്തതു നിനക്ക് സംഭവിക്കാൻ പോകുന്നു എന്ന മട്ടിലല്ലേ, നീതുവിന്റെ പതതാം ക്ലാസ്സിൽ ഇതേ അവസ്ഥ താൻ ട്രീറ്റ് ചെയ്തത്.
എല്ലാ അമ്മമാരും ഇങ്ങിനെയൊക്കെ ആണെന്നെ.

ഇപ്പോഴത്തെ പിള്ളേര് യാതൊരു മറയും ഒളിയും ഇല്ലാതെ ചില കാര്യങ്ങൾ പറയുന്നത് കേട്ട് ഇപ്പോഴും ചൂളിപ്പോവാറുണ്ട്. കഴിഞ്ഞ മാസം ഒമ്പതാം ക്‌ളാസിൽ "ആരുടെയെങ്കിലും കയ്യിൽ വിങ്‌സ് ഉള്ള നാപ്കിൻ ഉണ്ടോ?" എന്ന് പരസ്യമായി ചോദിച്ചു ഒമ്പതു ബിയിലെ ശ്രുതി അമ്പരപ്പിക്കുകയും ഓപ്പണായി പായ്ക്കറ്റെടുത്ത് അതീന്നു ഒരെണ്ണം യാതൊരു മറയുമില്ലാതെ എടുത്ത് കൊടുത്തു മഞ്ജിമ ഞെട്ടിക്കുകയും ചെയ്തു.
കാലം മാറിയ മാറ്റമേ!
പണ്ട്, തുണി മടക്കി ഉപയോഗിച്ചിരുന്നതും ആ ദിവസങ്ങളിൽ അത് മാറ്റി വയ്ക്കാതെ തിരികെ വീട്ടിൽ എത്തിയിരുന്നതും ആലോചിക്കുമ്പോൾ..ഹോ.

യു പി സ്റ്റാഫ് റൂമിൽ ഇരുന്നാണ് ഊണ് കഴിച്ചത്. പത്തിലെ കുട്ടികൾ ഇടയ്ക്ക് കാണാൻ വന്നിരുന്നു. ഒപ്പം ഒരു കെട്ട് കോമ്പോസിഷനും.

"അവിടെ വച്ചാ  മതി മക്കളെ,... എന്റെ ടേബിളിൽ"  അവരെ തിരിച്ചു വിട്ടു.

ഉച്ചയ്ക്ക് വീണ്ടും തണൽച്ചുവട്ടിൽ, കുട്ടികൾക്കൊപ്പം.
"ഇനി ഏതു കഥയാ?"
"ഇനി നമുക്ക് ഒരു രണ്ടു ഗ്രൂപ്പ് ആയി തിരിഞ്ഞു ചർച്ച നടതതാം. ചോദ്യങ്ങൾ ചോദിക്കാം."
"എന്ത് ചോദ്യങ്ങൾ?"
"എന്തും? പക്ഷെ, ഉത്തരവും വിശദീകരണവും വേണം. നല്ല വിശദീകരണത്തിനു സ്‌പെഷ്യൽ മാർക്കുണ്ട്."
"എന്ന് വച്ചാ?"
ഇപ്പൊ, ബൾബ് കണ്ടു പിടിച്ചതാരാണ്? ഉത്തരം എഡിസൺ. ആ ഉത്തരത്തിന് രണ്ടു മാർക്ക്. എഡിസൺ നടത്തിയ മറ്റു കണ്ടു പിടുത്തങ്ങൾ, എഡിസന്റെ കുട്ടിക്കാലം.. അങ്ങനെ അറിയാവുന്നതെല്ലാം. കൃത്യമായ ഓരോ പ്രസ്ഥാവനയ്ക്കും അര  മാർക്ക് വീതം. മൊത്തം ഒരു ചോദ്യത്തിന് അഞ്ചു മാർക്ക്. പ്രസ്താവനകൾ കുറഞ്ഞാൽ മാർക്ക് കുറയും."

"എഡിസന് ആ താരേ സമീൻ പർ സിനിമയിലെ അസുഖം ഉണ്ടാർന്നു"
"എന്തസുഖം?" ലാലിടീച്ചർ അന്തം വിട്ടു.
"ഡിസ് .. ഡിസ്.. "
"ഡിസ്‌ലെക്സിയയോ?"
"ആ.. അതന്നെ. ആ സിനിമേല് ആമിർഖാൻ പറയുന്നുണ്ട്."

അത് ടീച്ചർക്ക് പുതിയ അറിവായിരുന്നു. പുതിയ കുട്ടികളീന്ന് എന്തൊക്കെ പഠിക്കാനുണ്ട്! ടീച്ചർ ചിന്തിച്ചു.
കാലം മാറുന്നതിനൊപ്പം മാറുന്ന കാര്യത്തിൽ മാത്രമല്ല അറിവ് നേടുന്നതിലും പ്രായമാവും തോറും പതുക്കെയാവുകയാണ്.

"ആൺകുട്ടികള് ഒരു ഗ്രൂപ്പ്  പെൺകുട്ടികളു വേറെ." കുട്ടികളുടെ ശബ്ദം കേട്ട് ചിന്തയിൽനിന്നുണർന്നു.
"അത് വേണോ?"
"അത് മതി ടീച്ചർ."
"ശരി. ആര് തുടങ്ങും?"
മുറുമുറുപ്പ്.. അടക്കിയ ശബ്ദങ്ങൾ..
"ഞങ്ങൾ തുടങ്ങാം." ആമ്പിള്ളേര്
"വേണ്ട ഞങ്ങള് തുടങ്ങാം." പെൺകുട്ടികൾ അവകാശപ്രമേയമിറക്കി.
"പെൺകുട്ടികൾക്ക് ആദ്യ ചാൻസ്.. അതാണ് മര്യാദ." പ്രസ്താവനയിറക്കി ബഹളം നിയന്ത്രിക്കേണ്ടി വന്നു.
"ആദ്യ ചോദ്യം വരട്ടെ."
കുശുകുശുപ്പ്..അവസാനം ചോദ്യകർത്താവ് എണീറ്റു
"ഇന്ത്യയിലെ മികച്ച നടന് കൊടുക്കുന്ന അവാർഡ് ഏറ്റവും ആദ്യം നേടിയ മലയാള നടൻ?
"മ...",  "മോ ..." തുടങ്ങിയ ശബ്ദങ്ങൾ "ശ്...." എന്ന് നിയന്ത്രിക്കപ്പെട്ടു.
"ആരും ഇടയിൽ കയറണ്ട, പ്രണവ് പറയും." കൂട്ടത്തിൽ ഇത്തിരി കൂടുതൽ ഉറച്ച ശബ്ദമുള്ള ഒരു കുട്ടി പറഞ്ഞു. അവന് ഇത്തിരി ആന്റി ഹീറോ പരിവേഷം ഉണ്ടെന്നു തോന്നുന്നു. മൊത്തം ആമ്പിള്ളേർ വിധേയരായി ശബ്ദമൊതുക്കി.

"പി ജെ ആന്റണി, നിർമ്മാല്യം എന്ന സിനിമ.വെളിച്ചപ്പാട് ആയിരുന്നു അവതരിപ്പിച്ച വേഷം. അവാർഡ് കിട്ടിയ വര്ഷം 1973. സിനിമ സംവിധാനം എം ടി വാസുദേവൻ നായർ. മികച്ച ഫീച്ചർഫിലിം നു ദേശീയ പുരസ്കാരവും സംസ്ഥാന അവാർഡും നിര്മാല്യത്തിനുണ്ടായിരുന്നു. കൊടിയേറ്റം ഗോപി, ബാലൻ കെ നായർ, പ്രേംജി, മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ബാലചന്ദ്രമേനോൻ, മുരളി, സലിംകുമാർ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർക്ക് മലയാളത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് മൂന്നു പ്രാവശ്യവും മോഹൻലാലിനു രണ്ടു പ്രാവശ്യവും."

ഒറ്റ ശ്വാസം..
നിശബ്ദത പിന്നെ, കാതടപ്പിക്കുന്ന കയ്യടി!

ഇവനാളു കൊള്ളാമല്ലോ.

"മോന്റെ പേരെന്താ?"
"ആദിത് ശങ്കർ"
"കൊള്ളാം.. ഇതൊക്കെ, ഈ വിവരമൊക്കെ എങ്ങിനെ സമ്പാദിച്ചു?"
"ഞാൻ ഐഎഎസ് കോച്ചിങ്ങിനു പോണുണ്ട്. അവിടെനിന്ന്.."

ആറാം ക്ലാസ്സുകാരൻ.. ഐ എ എസ്..
ലാലിടീച്ചറുടെ മുഖം ഒരു നിമിഷം ഇരുണ്ടു. പെട്ടെന്ന് പ്രസന്നത വീണ്ടെടുത്തു.

"ഇനി ചോദ്യം പെൺകുട്ടികൾക്ക് ഉള്ളത്."

ചോദ്യങ്ങളും ഉത്തരങ്ങളും വന്നുകൊണ്ടിരുന്നു. മാർക്കുകൾ ഏറെക്കുറെ തുല്യമായി നീങ്ങി. ഇന്റെർവെല്ലിനു പല കുട്ടികളും ഒന്നിന് പോവാതെ ഗാലറിയിൽ തന്നെ ഇരുന്നു ചർച്ചകൾ നടത്തി.

"അടുത്ത ചോദ്യം ചോദിക്കേണ്ടത് ആൺകുട്ടികൾ.." ടീച്ചർ പറഞ്ഞു.

ആലോചനകൾക്കു പെൺകുട്ടികളുടെ അത്ര ശബ്ദമില്ല. എല്ലാ പ്രതീക്ഷകളും ആദിത്തിനു നേരെയാണ്. പക്ഷെ, കണ്ടു പിടിക്കുന്ന പല ചോദ്യങ്ങൾക്കും അവനു തന്നെ ഉറപ്പില്ല എന്ന് തോന്നുന്നു. പെട്ടെന്ന്, ഗാലറിയുടെ രണ്ടാമത്തെ സ്റ്റെപ്പിൽനിന്നു ഒരുവൻ എണീറ്റു. സപ്പോർട്ട്  ചെയ്യുന്നവർ കുറവാണെങ്കിലും ചില്ലറ എതിർപ്പുകൾ ഉണ്ടെങ്കിലും അവൻ ചോദ്യം ഉന്നയിക്കാൻ തയ്യാറായി. കുട്ടികൾ  നിശബ്ദരായി.

"ഒരു ഒളിമ്പിക്സിൽ മൂന്നു സ്വർണ്ണം നേടിയ ആദ്യത്തെ അമേരിക്കൻ വനിത ആര്?"

ഇത് പെൺകുട്ടികൾ പറഞ്ഞേക്കുമല്ലോ എന്ന് അവരുടെ പ്രതികരണങ്ങളിൽ തോന്നി. ഇതൊരു ഇരയില്ലാത്ത ചോദ്യമാണെന്നു ആദിത്ത് ആൻഡ് ടീം ഉറപ്പിച്ചു എന്ന് തോന്നുന്നു. ചോദ്യകർത്താവിനോട് അവരുടെ മുഖത്തൊരു പുച്ഛരസം.

പെണ്കുട്ടികളിൽനിന്നൊരു മിടുക്കി എണീറ്റു.
''ഹിൽമ റുഡോൾഫ് ''

പെണ്കുട്ടികളിൽനിന്നു കയ്യടി. ആൺകുട്ടികൾ ഒന്ന് പതുങ്ങി.
കുട്ടികൾക്ക് നല്ല ലോകവിവരം വിവരം ഉണ്ടല്ലോ.
"ബാക്കി?"
"അല്ല മിസ്, ആ പേര് തെറ്റാണ്." ചോദ്യകർത്താവ് പറഞ്ഞു.
"പിന്നെ ആരാ?"
"അവരുടെ പേര് വിൽമ റുഡോൾഫ് എന്നാണു."
"ഓ പിന്നെ, അത് തെറ്റൊന്നുമല്ല, ഞങ്ങള് പറഞ്ഞത് അങ്ങിനെ തന്നെയാ നിങ്ങള് കേട്ടതിന്റെയാവും" എന്ന മട്ടിൽ പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങി. നേരത്തെ പുച്ഛിച്ച ആൺകുട്ടികളും കൂടി ചേർന്ന് അതിനെ നേരിട്ടു.

"സൈലൻസ്.. ബഹളം വേണ്ട. എല്ലാരും സംസാരം നിർത്തു "

ബഹളം ക്രമേണ ശാന്തമായി.
"ബാക്കി പറയു"

"യു എസ് അത്ലറ്റ് ആണ്."
"അത് ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ."
"100 മീ, ഇരുന്നൂറു മീ, ലോങ്ങ് ജമ്പ് ഇവന്റുകൾ ആയിരുന്നു."
"തെറ്റി.. ലോങ്ങ് ജമ്പ് ഇല്ല"
പിന്നെ?
"4 x 100 മീ. റിലേ ആയിരുന്നു."
"ഇനി?"
"ഇനി ... ഇനി ഒന്നും ഇല്ല."
"ആ 100, 200 ഗസ് ആയിരുന്നു ല്ലേ?"
"ആണെങ്കിലെന്താ.. ശരികൾക്കു മാർക്ക് വേണം"
"തർക്കം വേണ്ട, ഇനി വിൽമയെപ്പറ്റി കൂടുതൽ പറയാനുണ്ടോ?" ലാലിടീച്ചർ ഇടപെട്ടു.
"ഉണ്ട്.
ഇരുപത്തിരണ്ട് സഹോദരർക്കിടയിലെ ഇരുപതാമത്തെ ആളായിരുന്നു വിൽമ. ചെറുപ്പത്തിൽ പോളിയോ ബാധിച്ചു വടിയുടെ സഹായത്താൽ നടന്നിരുന്ന കുട്ടി ആയിരുന്നു. 1956 ലാണ് ആദ്യ ഒളിമ്പിക്സ്. അന്ന് ഒരു ഓട്ടുമെഡൽ. 1960 ഒളിംപിക്സിൽ മൂന്നു സ്വർണ്ണം. വിൽമയ്ക്കു സ്വന്തം ഇനങ്ങളിൽ ലോക റെക്കോഡ് കൂടി ഉണ്ടായിരുന്നു. ഒരു പ്രധാന കാര്യം, വിൽമ ഒരു കറുത്ത വർഗ്ഗക്കാരി ആയിരുന്നു. "

കൃത്യമാണല്ലോ, അവരെപ്പറ്റി നീതു വായിച്ചു കേട്ടിട്ടുണ്ട്.

ചോദ്യകർത്താവിന്റെ പേരെന്താ?"
"ബിമൽ "
"വിൽമയെ എവിടെനിന്നു പരിചയപ്പെട്ടു?"
"എനിക്ക് ചെറിയ വളർച്ചാ ഹോർമോൺ പ്രശ്നം ഉണ്ടായിരുന്നു. അപ്പോൾ പണ്ടേ തൊട്ടു പപ്പാ പറഞ്ഞു തന്നിട്ടുള്ളതാ."
"ഓ.. നല്ല ഇൻസ്പയറിങ് പപ്പാ ആണല്ലോ.. ഇനി മാർക്ക് പറയാം..
ഉത്തരം പകുതി പറഞ്ഞതിന് രണ്ടര മാർക്ക് പെൺകുട്ടികൾക്ക്. ബാക്കി പകുതി ആൺകുട്ടികൾക്ക്.. എന്ത് പറയുന്നു?"

ഒരൊറ്റ നിമിഷം.
അപ്രതീക്ഷിതമായി സജീവമായ അഗ്നിപർവ്വതം പോലെ ആൺകുട്ടികൾ പൊട്ടിത്തെറിച്ചു.
"ഉത്തരം പറഞ്ഞതെ തെറ്റ്.. അവർക്കു ഇത്രേം മാർക്കോ.."
പെൺകുട്ടികളും വിട്ടു കൊടുത്തില്ല.
നോക്കിയിരിക്കാൻ രസമുണ്ട്. പെൺകുട്ടികളുടെ കലപില ബഹളത്തെ ആക്രോശങ്ങൾകൊണ്ട് നേരിടുന്ന ആൺകുട്ടികൾ! വല്ലാതെ ബഹളം വരുമ്പോൾ ടീച്ചർ നിയന്ത്രിച്ചു.. എന്നിട്ടു വീണ്ടും കൗതുകത്തോടെ നോക്കി നിന്നു.മിനിറ്റുകൾ നീണ്ട വാക്പയറ്റ്‌. പതിയെ പെൺകുട്ടികൾ ദുര്ബലരായി തുടങ്ങി. വിജയിച്ചു എന്ന മട്ടിൽ ആഹ്ളാദാരവം ആൺകുട്ടികൾ തുടങ്ങി. ആ നേരത്താണ് അത് സംഭവിച്ചത്..
ഇടയിൽനിന്നെണീറ്റു വന്ന ഒരു പെൺകുട്ടി, നേരെ ഇറങ്ങി വന്ന് കസേരയെടുത്ത് ആൺകുട്ടികൾക്ക് മുന്നിൽ കൊണ്ട് പോയിട്ട് അതിൽ കയറിനിന്ന് നീട്ടിയൊരൊറ്റ കൂവൽ!  ആസന്നമായ തോൽവിക്കെതിരെ ദേഷ്യവും വാശിയും കലർന്ന അവസാനത്തെ പ്രതിരോധം.

ലാലി ടീച്ചർ മാത്രമല്ല.. കുട്ടികളും മൊത്തത്തിൽ ഒന്ന് തരിച്ചു.
ആൺകുട്ടികൾ അമ്പരന്ന് നിശബ്ദരായി. പെൺകുട്ടികളും അന്തം വിട്ടു.
അവളെ ശാന്തയാക്കി തിരികെ പറഞ്ഞയച്ചു ഒരു സന്ധി പ്രഭാഷണത്തിന് മുതിരുമ്പോൾ ബെല്ലടിച്ചു.

"നാളെ ഇങ്ങോട്ടു തന്നെയാണോ?"
"നാളത്തെ കാര്യം  ഹെഡ്മിസ്ട്രസ് പറയും.."
"താങ്ക്യൂ ടീച്ചർ" കോറസ്
"താങ്ക് യു." യാന്ത്രികമായി പറഞ്ഞു.

വീട്ടിലേയ്ക്കു നടക്കുമ്പോൾ ടീച്ചർ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. ആ കുട്ടിക്ക് വല്ല മെന്റൽ പ്രോബ്ളവും ഉണ്ടോ? അവൾക്കു എന്റെ കസേര എടുത്ത് കയറിനിന്നു കൂവാൻ എന്ത് ധൈര്യം ആണ് ഉണ്ടായത്. പക്ഷെ, ആ കൂവൽ കൊണ്ട് ആമ്പിള്ളേര് ഒതുങ്ങിപ്പോയി! താനൊക്കെ ഇപ്പോളും ഒരാണിന്റെ മുഖത്ത് നോക്കി കാര്യമായി എന്തെങ്കിലും പറയാൻ ഒന്ന് ശങ്കിക്കും. ഇപ്പോഴത്തെ പിള്ളേര്.. ആ, തങ്ങൾക്കു ഉൾക്കൊള്ളാൻ പറ്റാത്തത്തിന് എതിരെ കോളേജിൽ ഒരു കുട്ടി കൂവി പ്രതികരിച്ചത് കുറച്ചു കൊല്ലം മുമ്പല്ലേ....

സ്ഥിരം വഴിയിലൂടെ ടീച്ചർ മുന്നോട്ടു നടന്നു. എതിരെ വരുന്ന പലരും പരിചിതഭാവം പ്രകടിപ്പിച്ചു കടന്നു പോയി.
മതിലിൽ പരിചിതമായ കൈപ്പട പോസ്റ്ററിൽ കണ്ടപ്പോൾ ഒന്ന് നോക്കി.
"സ്ത്രീ പക്ഷ ചിന്തകൾ"
കരിക്കൂർ സെന്ററിൽ
വൈകീട്ട് 4 .30 ന്
സ: കുര്യാക്കോസ് സംസാരിക്കുന്നു.

തിയ്യതി ഇന്ന് തന്നെ. സഖാവ് തന്നെ എഴുതിയതാവും. പതിച്ചതും ആള് തന്നെ ആവും.
ഒരുകാലത്തു ചുറ്റും ആരവമുണ്ടായിരുന്ന,  ഒറ്റയ്ക്കായിപ്പോയ ഒരു വിപ്ലവകാരി!
പാവം.

പാവമോ?

പാർട്ടിയെന്നും പറഞ്ഞു, ഉള്ള ജോലി പോലും വലിച്ചെറിഞ്ഞു പെണ്ണിന്റെ ശമ്പളം കൈനീട്ടി വാങ്ങി അതോണ്ടും പാർട്ടി പ്രവർത്തനം നടത്തി, ഉണ്ടായിരുന്ന സ്വർണ്ണവും പുരയിടവും വിറ്റു പാവങ്ങളെ ഉയർത്തി, വീടും വീട്ടുകാരും നാട്ടുകാരും എന്നതിനേക്കാൾ പാർട്ടിയെ സ്നേഹിച്ചു, അവസാനം ആശയങ്ങളുടെ പേരിൽ അവിടെനിന്നും പുറത്തായി, ഇപ്പോഴും എന്റെ ആശയങ്ങൾ എന്നും പറഞ്ഞു നടക്കുന്ന കുരിയാക്കോസ് സഖാവോ?!

കുടുംബത്തേയ്ക്കു ഇക്കാലം തിരിഞ്ഞു നോക്കിയിട്ടുണ്ടോ? ഉള്ള ബന്ധുക്കൾ ഓരോരുത്തരായി സ്വന്തം സ്വഭാവമഹിമകൊണ്ട് അകന്നു പോയവരെ ഒന്ന് ഓർത്തിട്ടു കൂടിയുണ്ടോ! എന്തിന്, സ്വന്തം അമ്മയുടെ വരെ വെറുപ്പ് സമ്പാദിച്ചു അവരുടെ അവസാന കാലത്ത് രണ്ടു ദിവസം ഒപ്പം നിൽക്കാൻ പറ്റിയിട്ടുണ്ടോ?

നീതുവുന്റെ വിദ്യാഭ്യാസത്തിന്റെ.. അവളുടെ പുസ്തകങ്ങളുടെ, വസ്ത്രങ്ങളുടെ എന്തെങ്കിലും കാര്യം... അവളുടെ എൻട്രൻസ്, പഠനം.. ഹോ.. വല്ലതും അറിഞ്ഞിട്ടുണ്ടോ സഖാവ്. എന്റെ പിഎഫ് ഉള്ളത്കൊണ്ട് നടന്നു പോയ അവളുടെ വിദ്യാഭ്യാസം, സ്കോളർഷിപ്പ് വാങ്ങി പഠിച്ച അവളുടെ മിടുക്ക്. ഇല്ലെങ്കിൽ അവളുടെ പേരിന്റെ പുറകിൽ ഡിഗ്രികളൊന്നും ഉണ്ടാകുമായിരുന്നില്ല. അഭിമാനവും സന്തോഷവും കലർത്തി നിറകണ്ണുകളോടെ അവളുടെ ആദ്യശമ്പളം എന്റെ കയ്യീ തന്നത് യാതൊരു ഉളുപ്പുമില്ലാതെ വാങ്ങി കൊണ്ട് പോയ ആളാ ! ഞാൻ ലോണെടുത്ത് പണിത വീട്, കാര്യമായ ചെലവില്ലാതെ നടന്ന നീതുവിന്റെ കല്യാണം. ഈ ജോലിയില്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെ. ആൾക്ക് വല്ലോം അറിയണോ. സമത്വം പറഞ്ഞു നടക്കുവല്ലേ. എന്നിട്ടോ, പുല്ലു പോലെ അവരെടുത്ത് പുറത്തിട്ടിട്ടും വീണ്ടും ഉദ്ധരിക്കാൻ നടക്കുന്നു.. ഉയർന്ന സർവീസുള്ള ഹൈസ്കൂൾ അധ്യാപിക ഒരു നല്ല സാരി ഉടുത്തിട്ടുണ്ടോ എന്ന് പോലും അന്വേഷിക്കാത്ത ഒരു ഭർത്താവ്.

ഓർക്കുമ്പോൾ ദേഷ്യവും സ്വയം പുച്ഛവും...
ലാലി ടീച്ചർ അമർത്തിച്ചവിട്ടി നടന്നപ്പോൾ മുട്ടുകൾ വേദനിച്ചു.

എന്തിനാണ് താനിങ്ങിനെയൊക്കെ ചിന്തിച്ചത്?
എങ്ങിനെ ഇത്തരം ചിന്തകൾ ഉണ്ടായി!. ലാലിടീച്ചർ ഒരു നിമിഷം കൊണ്ട് തന്നിലേക്ക്  മടങ്ങി വന്നു. പശുവിനെക്കറന്ന്, ചായയും പലഹാരവുമുണ്ടാക്കി,  കുളിച്ചു വരുമ്പോഴേയ്ക്കും  കഴുകി കഞ്ഞിപ്പശ ചേർത്ത് ഉണക്കി തേച്ചു വടി പോലാക്കി മടക്കി വച്ച സഖാവിന്റെ  ഷർട്ടും മുണ്ടുമായി കാത്തിരിക്കുന്ന പഴയ ലാലി ടീച്ചർ. കിട്ടുന്ന ശമ്പളം അങ്ങനെ തന്നെ ഭർത്താവിനെ ഏൽപ്പിച്ചു അണ്ടർഗാര്മെന്റ്സ് പോലും വാങ്ങാൻ കാശിന് കെട്ടിയവനോട് കാശ് ചോദിക്കുന്ന അതേ ലാലിടീച്ചർ.

സെന്ററിൽ എത്താറാവുമ്പോൾ ബസ്‌സ്റ്റോപ്പിന് എതിർവശത്തെ കോർണറിൽ പത്തുമുപ്പതു പേരുടെ ഒരു കൂട്ടത്തെ അഭിസംബോധന ചെയ്ത് സഖാവ് സംസാരിക്കുന്നുണ്ട്. ടീച്ചർക്ക് സന്തോഷം വന്നു. "ഉഗ്രൻ പ്രസംഗാ ടീച്ചറെ, ടീച്ചറുടെ സഖാവിന്റെ" പല സഹപ്രവർത്തകരും പറയാറുള്ളത് ഓർത്തു.

പ്രസംഗത്തിനിടയിൽ തന്നെ കണ്ടെന്നു തോന്നുന്നു. പക്ഷെ, യാതൊരു ഭാവമാറ്റങ്ങളുമില്ല.

സഖാവിന്റെ പ്രസംഗത്തിന് ഒരു ഈണമുണ്ട്. രസമാണ് കേൾക്കാൻ. ഉദ്ധരണികളും നാടൻ പ്രയോഗങ്ങളും ഒക്കെയായി നല്ല ഇന്ട്രെസ്റ്റിംഗ്.

' ഉയരാനുള്ള പെണ്ണിന്റെ ആശയ്ക്ക് കടയ്ക്കൽ കത്തിവയ്ക്കുന്ന ഏതൊരു ആണും ആണെന്ന് വിളിക്കപ്പെടേണ്ടവനല്ല. ചരിത്രവും പുരാണങ്ങളും കഥകളും ...' സഖാവ് കത്തിക്കയറുന്നുണ്ട്. ടീച്ചർ നടപ്പിന് വേഗം കുറച്ച് ചുറ്റും നോക്കി. ബസ് കാത്ത് നിൽക്കുന്നവരും കച്ചവടക്കാരും ഒക്കെ ശ്രദ്ധിക്കുന്നുണ്ട്.

സ്ത്രീ ശാക്തീകരണത്തിന്റെ കാര്യങ്ങളാണ് പറയുന്നത്. പെണ്ണിനെ ഇല്ലാതാക്കുകയല്ല സപ്പോർട്ട് ചെയ്യുന്നതിലൂടെ അവളെ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തയാക്കേണ്ടതിന്റെ ആവശ്യങ്ങളെക്കുറിച്ച്‌.

അതിയാൾക്കു പറയാൻ..
എന്ത് സപ്പോര്ട്ടാണാവോ സ്വന്തം വീട്ടിൽ തന്നിട്ടുള്ളത്!
പ്രസംഗത്തെക്കാൾ പ്രവൃത്തി എന്നൊക്കെയാണ് പറയുന്നത്..
എന്ത് പ്രവൃത്തി!

സഖാവ് കത്തിക്കയറുകയാണ്..

ടീച്ചർ ബസ്‌സ്റ്റോപ്പിന്റെ തൂണിൽ പിടിച്ചു.
ആയാസപ്പെട്ടെങ്കിലും യാന്ത്രികമായി സ്റ്റോപ്പിന്റെ തിണ്ണയിൽ കയറി.

'ഇതെന്താ ഈ കാണിക്കുന്നേ?' എന്ന ഒരുപാട് ആശ്ചര്യങ്ങൾക്കിടയിൽ സർവ്വ ശക്തിയും സംഭരിച്ച് പ്രസംഗം തുടരാനാവാത്തവിധം തടസ്സപ്പെടുത്തിക്കൊണ്ട് ലാലിടീച്ചർ നീട്ടിയൊരു കൂവലങ്ങു കൂവി!