Powered By Blogger

Tuesday, December 20, 2011

മിട്ടായിനോമ്പ്.


ഇന്നലെ വൈകീട്ട് വീട്ടില്‍ ചെന്ന് കയറുന്നതിനു മുന്‍പേ, സീറോ അവറില്‍ എന്തോ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട പ്രമേയം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ആകെ ബഹളം. നടുത്തളത്തിലാണ് ബഹളം നടക്കുന്നത്. സ്പീക്കർടെ ചേംബറില്‍ എന്‍റെ ഭാര്യ വാച് ആന്‍ഡ്‌ വാര്‍ഡിന്റെ പണികൂടി എടുക്കാന്‍ തയ്യാറായി ഇരിപ്പുണ്ട്. സംഭവം അതിശക്തമായ എന്തോ ക്രമസമാധാന ലംഘനമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണം വിട്ടു പോകാവുന്ന അവസ്ഥയിലാണെന്നും മനസ്സിലാക്കാന്‍ എനിക്ക് രണ്ട് മിനിട്ട് തികച്ചു വേണ്ടി വന്നില്ല.
ചുറ്റും നോക്കി. സന്ദര്‍ശക ഗാലരിയില്‍  അപ്പനും അമ്മയും ചിരി അടക്കിപ്പിടിചിരിക്കുന്നു.

ദേഷ്യത്തിന്റെ പാരമ്യത്തില്‍ "നിന്നെ ഇന്ന് കാണിച്ചു തരാമെടാ" എന്ന് പറഞ്ഞു മുന്നോട്ടു കുതിച്ച ഭരണപക്ഷ എമ്മെല്ലെയെ(മൂത്ത സന്താനഗോപാലം) ഞാന്‍ പിടിച്ചു നിറുത്തി.

"നീ പോടാ.. പൂച്ചേ" പ്രതി പക്ഷത്തിനു ഒരു കൂസലുമില്ല.

'ങേ, പൂച്ചയോ? അതെന്താ അങ്ങിനെ ഒരു പ്രയോഗം?' എന്‍റെ ആത്മഗതത്തിനു ഒപ്പം സ്പീക്കര്ടെ കയ്യില്‍ ഒരു വടി പ്രത്യക്ഷപ്പെട്ടു. സന്ദര്‍ശക ഗാലറിയില്‍നിന്നും മുറുമുറുപ്പുകള്‍ ഉയര്‍ന്നു.

"ഞാന്‍ ചീത്ത വാക്കൊന്നും പറഞ്ഞിട്ടില്ല.. പട്ടീന്ന് വിളിച്ചാലല്ലേ കൊഴപ്പോള്ളൂ.." പ്രതിപക്ഷ എമ്മെല്ലേ വിശദീകരണക്കുറിപ്പിറക്കി.

സ്പീക്കര്‍ പഴയ റൂളിങ്ങുകള്‍ മനസ്സില്‍ പരിശോധിച്ച് ഇങ്ങിനെയൊരു പ്രയോഗം കുഴപ്പമില്ലെന്നു കണ്ടെത്തിയെങ്കിലും സഭാനടപടിയുടെ രേഖകളില്‍നിന്നു നീക്കി.
ഇനി ഈ പ്രയോഗം വേണ്ടെന്ന മുന്നറിയിപ്പും കൊടുത്തു. വഴക്കും വാദപ്രതിവാദവും തുടര്‍ന്നു. ചര്‍ച്ച എങ്ങുമെത്താതെ പോകുന്നതില്‍ അരിശം കൊണ്ട സ്പീക്കര്‍ പ്രശ്നം പഠിച്ചു തീര്‍പ്പ് കല്‍പ്പിക്കാന്‍ ഏകാംഗ കമ്മീഷനെ അഥവാ എന്നെ ഏല്‍പ്പിച്ചു.
സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിച്ചു വിട്ടു.

കമ്മീഷന്‍ വിചാരണ തുടങ്ങി.

"എന്തൂട്ടണ്ടാ എല്ലാ നേരോം ഈ തല്ലൂട്ടം? ഇപ്പൊ എന്താ പ്രശ്നം?"

"അതേയ് ദിവനില്ലേ ... " "അവന്‍ ആദ്യം എന്‍റെ..." രണ്ട് പേരും ഒരുമിച്ചു കാരണം ബോധിപ്പിച്ചു തുടങ്ങി..

"അതേയ്.. ഓരോരുത്തര് പറയാ.. ആദ്യം ചെറിയ ആള്‍.. കുഞ്ഞു പറ, എന്താ കാര്യം?"

"അതേയ്, ചേട്ടന്‍ എന്‍റെ ടോയ്സേടുത്ത് കളിച്ചു ബാറ്ററി തീര്‍ത്തു. എനിക്ക് ഗിഫ്റ്റ് കിട്ടിയ പേന ചീത്തയാക്കി, എന്‍റെ ക്രയോണ് ബോക്സീന്നു യെല്ലോ ക്രയോണ് കാണാണ്ടാക്കി."
ഒറ്റ ശ്വാസത്തില്‍ പരാതികളുടെ കെട്ടഴിഞ്ഞു.

"ഇതൊക്കെ മുന്‍പേ സംഭവിച്ച കാര്യങ്ങളാണല്ലോ ഇപ്പൊ എന്താ പ്രശ്നം?"

"എനിക്കൊരു പ്രശ്നോമില്ല. പപ്പാ ചേട്ടനോടു തന്നെ ചോദിക്"

"അപ്പൊ, നിന്റെ കാര്യം കഴിഞ്ഞു. ഇനി കുട്ടന്‍ പറയ്‌."

"പപ്പയ്ക്കറിഞ്ഞൂടെ, എനിക്ക് മിട്ടായി നോമ്പുണ്ടായിരുന്നൂന്നുള്ള കാര്യം ?" മൂത്തവന്‍ തുടങ്ങി.

സംഭവം ശരിയാണ്. ക്രിസ്തുമസ് നോമ്പ് പ്രമാണിച്ച് വീട്ടില്‍ എല്ലാവരും നോമ്പിലാണ്. എന്തിനാണ് ഈ നോമ്പ് എന്നു ഗെടി ചോദിച്ചിരുന്നു. ഇഷ്ടമുള്ള സാധനങ്ങള്‍ ത്യജിച്ചു ജീസസിന്റെ പിറവിയ്ക്ക് വേണ്ടി ഹൃദയത്തെ ഒരുക്കാനാണെന്നും പിള്ളേര്‍ക്ക് നോമ്പോന്നും വേണ്ട എന്നും ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവന്‍ കണ്ട് പിടിച്ച പുതിയ നോമ്പാണ്‌ മിട്ടായി നോമ്പ്!

"ഒക്കെ.. അതിനിപ്പോ എന്താ പ്രശ്നംണ്ടായെ?"

"ഞാന്‍ പപ്പാ തന്നതും അപ്പൂപ്പന്‍ തന്നതും ഒക്കെ ഒരു ഹൈഡ് ആന്‍ഡ്‌ സീക്കിന്റെ ചെപ്പിലിട്ടു സൂക്ഷിച്ചിരുന്നു, ഫ്രിഡ്ജില്‍. കൊറേ ഇണ്ടാര്‍ന്നു. ഇന്നലെ പരീക്ഷ കഴിഞ്ഞു വന്നു ഞാന്‍ ട്യൂഷന് പോയി. തിരിച്ചു വന്നപ്പോ ഒറ്റ എണ്ണമില്ല. എല്ലാം ദിവന്‍ തിന്നു തീർത്ത്. നിക്കണ കണ്ടില്ലേ.. അനിയനാത്രേ. സാധനം"

എനിക്ക് ചിരി വന്നു. ഫ്രിഡ്ജിന്റെ ബി നിലവറ തുറന്നു പരിശോധിച്ച് അതിലുള്ള നിധി കടത്തിയെന്നതാണ് സംഭവം.

"അത് ശരി, നിന്റെ മിട്ടായിനോമ്പു പോളിഞ്ഞതാണ് പ്രശ്നം. ല്ലേ? അത് സാരമില്ലെടാ.. നമുക്ക് വേറെ വാങ്ങാം."

"അതല്ല പപ്പാ. ക്രിസ്തുമസ് ഗിഫ്ടായിട്ട് പാവപ്പെട്ട കുട്ടികള്‍ക്ക് കൊടുക്കാന്‍ ഞങ്ങള്‍ ഫ്രെണ്ട്സേല്ലാവരും പ്ലാന്‍ ചെയ്തു പരിപാടിയാ." അവന്റെ കണ്ണ് നിറഞ്ഞത്‌ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. മാറ്റി വയ്ക്കപ്പെട്ട മിട്ടായികള്‍ക്ക് മേല്‍ അവന്‍ കുഞ്ഞു  ത്യാഗത്തിന്റെ മധുരവും വിതറിയിരുന്നു എന്നോര്‍ത്ത് എനിക്ക് സന്തോഷവും തോന്നി.
"അതാണ്‌ ഇവന്‍ തിന്നു തീര്‍ത്തത്."

"സാരല്ല്യടാ.."  ഞാന്‍ രണ്ട് പേരെയും പിടിച്ചു മടിയിലിരുത്തി.
"നമുക്കിഷ്ടപ്പെട്ട എത്രയെത്ര സാധനങ്ങള്‍ പുറത്തൊക്കെ കാണാന്‍ പറ്റും. അതൊക്കെ കിട്ടാന്‍ നമുക്ക് ആഗ്രഹാമുണ്ടാവില്ലേ? പക്ഷെ അത് വേറെ ആള്‍ക്കാര്‍ടെ  ആവുമ്പോ എന്താ ഉണ്ടാവാ, നമ്മളെടുത്താ അവര്‍ക്ക് വിഷമാവില്ലേ? അപ്പൊ, ഒരിക്കലും അങ്ങിനെ ചെയ്യാന്‍ പാടില്ലാ ട്ടാ. ഇപ്പൊ കണ്ടാ.. ചേട്ടന് വിഷമായില്ലേ?" കുഞ്ഞൂന്റെ കണ്ണ് നിറഞ്ഞു. "എനിക്ക് കൊതിയായിട്ടാ പപ്പാ.. ഇനിയങ്ങിനെ ചെയ്യില്ല. ചേട്ടാ, സോറി." അവന്‍ പറഞ്ഞു.

"ഇതൊക്കെ പരീക്ഷണം ആണ് കുട്ടാ. ജീസസ് ഫോര്ടി വന്‍ ഡെയ്സ് ഉപവസിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ പരീക്ഷിക്കാന്‍ വന്നത് സാത്താനാ. അത് പോലെ നിന്റെ നോമ്പിനെ പരീക്ഷിച്ചതാവും" മൂത്തവനോടു ഞാന്‍ പറഞ്ഞു.
രംഗം ശാന്തമായി. വകുപ്പ് മാറ്റി ചെലവഴിക്കപ്പെട്ട മിട്ടായികള്‍ കേന്ദ്രവിഹിതം ഉപയോഗിച്ച് വീണ്ടും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി.

എണീറ്റ്‌ നടക്കുമ്പോള്‍ കുഞ്ഞൂസ് പിറകീന്നു വിളിച്ചു.
"പപ്പാ.." "പപ്പയ്ക്കും നോമ്പില്ലേ?"

"ഉണ്ടല്ലോ."

"പപ്പാ ഇങ്ങനെ സേവ് ചെയ്യണതൊക്കെ പാവങ്ങള്‍ക്ക് കൊടുക്ക്വോ?"

"കൊടുക്കാമല്ലോ."

"ഫിഷും മീറ്റും ഒക്കെ പാവപ്പെട്ടോര്‍ക്കു കൊടുക്ക്വോ?"

"കൊടുക്കാടോ. എന്തെ?"

ഒന്ന് നിറുത്തി, എന്നെ കണ്ഫ്യൂശന്റെ പടുകുഴിയില്‍ വീഴ്ത്താനുള്ള ആഗ്നേയാസ്ത്രം ലവന്‍ തൊടുത്തു.

"ബ്രാണ്ട്യോ?"

Friday, December 9, 2011

ഒരു കരോളിന്റെ ഓര്‍മ്മയ്ക്ക്‌


ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോളാണ് അപ്പന്‍ ഒരു ക്രിബ് സെറ്റ് വാങ്ങിച്ചു തന്നത്.
രാജാക്കന്മാരെയും ഒട്ടകത്തെയും ആട്ടിന്‍ കുട്ടികളെയും നോക്കി ഞാന്‍ കുറെ നേരം ഇരുന്നു.

പുല്‍ക്കൂടും അതിനു മുന്നില്‍ നൂലില്‍ കെട്ടിയിറക്കാന്‍ പോകുന്ന മാലാഖയേയും ഭാവനയില്‍ കണ്ടു.
പക്ഷെ, ആ കൊല്ലം ആറ്റു നോറ്റു പുല്‍ക്കൂടുണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ അപ്പന്റെ വല്യപ്പന്‍ മരിച്ചു എന്നാ വാര്‍ത്ത വന്നു. വാലായ്മ്മ കാരണം നോ പുല്‍ക്കൂട്‌! 

വിഷമിച്ചു കരഞ്ഞു.

പിന്നീടുള്ള കുറച്ചു വര്‍ഷങ്ങളില്‍ അപ്പന്റെ ഹെല്പ്പോടെ, പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കപ്പെട്ടു. അത് കഴിഞ്ഞു സ്വയം സൃഷ്ടികള്‍. സ്ടൂല് മലര്ത്തിയിട്ട്, മേശപ്പുറത്തു, പുല്ലു മേഞ്ഞ്, നെല്ലും തിനയും കിളിര്പ്പിച്ചു.. അങ്ങിനെ അങ്ങിനെ പല തരം പുല്‍ക്കൂടുകള്‍ റെഡി.


പത്താം ക്ലാസ്സ് കഴിഞ്ഞപ്പോളാണ് വീട്ടിനടുത്തുള്ള ഗെഡികളോടൊപ്പം ആദ്യമായി കരോള്‍ സംഘം ഉണ്ടാക്കിയത്. ചെറിയ തണുപ്പുള്ള രാത്രിയില്‍ കരോള്‍ പാട്ടുകളൊക്കെ പാടി വീടുകളിലെ ആളുകള്‍ക്ക് ഷെയ്ക്ക് ഹാന്ടും ടാറ്റയും കൊടുത്തു ക്രിസ്തുമസ് ഫാദറിനൊപ്പം ഞങ്ങള്‍ നൃത്തം വച്ച് നടന്നു. കുടുക്കയില്‍ വീഴുന്ന കാശിനേക്കാള്‍ ഓരോ വീടുകളിലും നിന്ന് കിട്ടുന്ന സ്വീകരണത്തിനു എന്ത് സുഖമായിരുന്നു.

കാലം മുന്നോട്ടോഴുകിയപ്പോള്‍, വീട്ടിലെ പുല്‍ക്കൂട്‌ പണി എങ്ങിനെയും തീര്ത്ത് പള്ളിയില്‍ ക്രിസ്തുമസ് ഗംഭീരമാക്കുന്നതില്‍ മുഴുകി. ഓരോ തവണയും പുതിയ മാതൃകകളില്‍, ഭംഗിയില്‍, വലിപ്പത്തില്‍ പുല്‍ക്കൂടുകലുണ്ടാക്കി. ഇത്തവണത്തെ പുല്‍ക്കൂട്‌ കഴിഞ്ഞ തവണത്തെക്കാള്‍ ഗുമ്മാ യീണ്ട് എന്ന് കേള്‍ക്കാനുള്ള വാശിയില്‍  ഓരോ തവണയും ഞങ്ങള്‍ ഉറക്കമൊളിച്ചു.

ക്രിസ്തുമസ് ഈവിനു (ഇരുപത്തിനാലിന് വൈകീട്ട്) വിപുലമായ കരോളിനു ഞങ്ങള്‍ തുടക്കമിട്ടു . സൈക്കിളില്‍ വെച്ച് കെട്ടിയ മൈക്ക് സെറ്റും വാടകയ്ക്കെടുത്ത ചെണ്ട, തപ്പ്, തകില്‍ എന്നിവയുമായി പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ പള്ളിയ്ക്ക് ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും ഞങ്ങള്‍ കയറി. കട്ടന്‍ കാപ്പിയും വട്ടെപ്പവും ഷെയര്‍ ചെയ്തു കഴിച്ചു. പാട്ട് പാടി, കൈ കൊട്ടി. എങ്ങിനെയൊക്കെ പരസ്പരം പ്രോത്സാഹിപ്പിച്ചിട്ടും  ഒരു ഉന്മേഷക്കുറവു ഫീല്‍ ചെയ്യുന്നു. പാട്ടുകള്‍ക്ക് സ്പീഡില്ല എന്നതാണ് പ്രശ്നം. കൊട്ടിന് കൊഴുപ്പ് കൂട്ടി, വിസിലടിച്ചു . 'ടെമ്പോ' കുറവായ കരോള്‍ പാട്ടുകള്‍ക്ക് സ്പീഡ് കൂട്ടി നോക്കി!
പക്ഷെ ഈ വക അഭ്യാസങ്ങളൊക്കെ ചെയ്തിട്ടും ഒരു ഗുമ്മില്ല. ഒരു ആവേശം ഉണ്ടാവുന്നില്ല.

"ഡാ.. പാട്ടൊന്നു മാറ്റിപ്പിടിച്ചാലോ?"


"എന്ത് പാട്ട്?"

"സിനിമാ പാട്ട് പെടച്ചാലോ?"

സിനിമാപാട്ട് പാടിയാല്‍ വികാരി അച്ഛന്റെ സില്‍ബന്ധികള്‍ ഞങ്ങളെ ഒറ്റിക്കോടുക്കുമെന്നു ഉറപ്പാണ്. അങ്ങനെ വിവിധ വിചാരങ്ങള്‍, കണ്ഫ്യൂഷനുകള്‍ തുടങ്ങിയവയില്‍ മുഴുകി തല പുകയുന്ന നേരത്ത് എന്‍റെ കൂട്ടുകാരന്‍ ബിജു ഉറക്കെ പ്രസ്താവിച്ചു..

"ഇനി പുതിയൊരു പാട്ട്... ഏക്‌ ദോ തീന്‍ ന്നു പറഞ്ഞ ഹിന്ദി പാട്ടിന്റെ ട്യൂണിലാണെ .. കൊട്ടുകാരോക്കെ തയ്യാരെടുത്തോ."

അച്ഛന്റെ സില്‍ബന്ധികള്‍ മുഖത്തോട് മുഖം നോക്കി നെറ്റി ചുളിച്ചു.

"നിങ്ങള്‍ ബെജാരാവണ്ട.. യെശൂന്റെ പാട്ടന്ന്യാ.." ബിജു പറഞ്ഞു.

"ഓക്കേ റെഡി.. മ്യൂസിക്കിട്ടോ.."
ചെണ്ടകൊട്ടുയര്‍ന്നു.. 
"ഡിംഗ് ടോന്ഗ് ഡിംഗ്..
ഡിംഗ് ടോന്ഗ്...." ബിജു തുടങ്ങി..


"ഇത് സിനിമാ പാട്ടന്ന്യാ.. ഞാന്‍ അച്ഛനോട് പറയും." ഒരു മര്‍ക്കടന്‍  ഭീഷണി മുഴക്കി.


ഒന്നമ്പരന്ന ഞങ്ങളെ നോക്കി കണ്ണിറുക്കി ബിജു തൊണ്ട പൊട്ടുന്ന ശബ്ദത്തില്‍ തുടര്‍ന്നു പാടി..

"ഓരെശു, രണ്ടെശു, മൂന്നെശു, നാലേശു.. അഞ്ചാരേശു..
ദേ കെടക്കണ് പുല്ലുംകൂട്ടില്‍..
അയ്യടാ, കാണാന്‍ എന്തൊരു ചന്തം!"

Thursday, December 1, 2011

ദ ലാസ്റ്റ് ഹീറോ - കൈസര്‍ - 5

ദൈവികപരിവെഷത്തിലാണ് കൈസര്‍ ഇപ്പോള്‍! അവന്റെ രൂപാന്തരം ഈ ലിങ്കുകളില്‍നിന്നു വായിച്ചറിയാം.









ദ ലാസ്റ്റ് ഹീറോ 
കൈസര്‍ -

തുടര്‍ന്നുള്ള ദിനങ്ങളില്‍ ഗ്രാമത്തിന്റെ വിഷമസ്ന്ധികളില്‍ ആശ്വാസമേകുന്ന ഒരത്ഭുതമായി കൈസര്‍ മാറി. പശൂനു പാലുകൂടാന്‍ മുതല്‍ പാടത്തു മുഞ്ഞയിറങാതിരിക്കാന്‍ വരെയുള്ള പ്രാര്‍ത്ഥനകളില്‍ ഓരോ പങ്ക് കൈസറിനും അവര്‍ നീക്കി വച്ചു!

പേപ്പറിലെ ഭാഗ്യക്കുറി ഫലം നോക്കുന്നതിനു മുന്‍പ് ചെത്തുകാരന്‍ ഭാസ്കരന്‍ “കൈസറേ, ഇതു അടിച്ചാല്‍ നിനക്കെന്നും ഓരോ ഗ്ലാസ് കള്ള്  ” എന്നു പറഞ്ഞതു വേലുക്കുട്ടിയുടെ ചായക്കടയില്‍ ചിരിക്കു തിരി കൊളുത്തി. “അവനെ കണ്ടാ ഞാന്‍ ആവശ്യമുള്ളതു കൊടുത്തൊളാം കള്ള് നീ ഇങ്ങ്ടു തന്നെക്ക്!“ രാമന്‍ നായര്‍ തമാശയില്‍ പങ്കു ചേറ്ന്നു.

“ചിരിക്കണ്ട.. ഇപ്പൊ കൈസറാ ദൈവം.” ഭാസ്കരന്റെ സീരിയസ്സായ സംസാരത്തില്‍ ചിരിക്കൂട്ടം സംസാരം നഷ്ടപ്പെട്ട് മുഖത്തൊട് മുഖം നോക്കി. പിന്നെ, ചായയുടെ ആവിയൂതി ചൂടാറ്റുന്നതിലും പുട്ടിന്‍ കഷണങ്ങള്‍ക്കിടയില്‍ തേങ്ങ കുറവാണൊ എന്നു പരിശോധിക്കുന്നതിലും മുഴുകി.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, വീട്ടിനുള്ളില്‍ എന്തൊ അടക്കം പറച്ചിലുകളും മുറുമുറുക്കലുകളും രാമന്നായര്‍ ശ്രദ്ധിച്ചു.

എന്തേ, ഒരു ഗൂഡാലോചന.. അമ്മേം മക്കളും കൂടി ഇനീം എന്തെങ്കിലും ഒപ്പിക്കാന്‍ പരിപാടിയിണ്ടാ?“

എയ്.. അതൊന്നുമല്ല.ഇത് വേറൊരു അല്ല, ഒന്നുല്ല്യ.

ഇനീം മുന്‍പത്തെ പൊലെ വല്ലതും സംഭവിച്ചാ.. ഞാന്‍ ഈ ഉത്തരത്തുമ്മെ ഇണ്ടാവും, തൂങ്ങീട്ട് ഉള്ള കാര്യം പറഞ്ഞേക്കാം

ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തിനാ ആലൊചിച്ചു കൂട്ടണെ? ഞങ്ങള്‍ ഒന്നു ആശുപത്രീല്‍ പൊയ്ക്കൊട്ടെ?”

എന്തേ, എന്തു പറ്റി? രമയ്ക്കു പനിയ്ക്കുന്നുണ്ടൊ?”

“രമയ്ക്കു ഒരു കൊഴപ്പോം ഇല്ല്യ. വിടില്ലാന്നു പറയരുത്.. മ്മടെ കൊച്ചുവാവ, മീനുട്ടി.. ആശുപത്രീലാ. ഇത്തിരി കൂടുതലാന്നാ പറയണെ..കണ്ണ് നിറഞ്ഞ്, വിറയ്ക്കുന്ന ശബ്ദത്തില്‍ ഭാരതിയമ്മ പറഞ്ഞു. യാചനയുടെ ദൈന്യഭാവങ്ങളുമായി രമയും വീണയും നിന്നു.

രാമന്നായരുടെ നെഞ്ചില്‍ ഒരു തുടി കൊട്ടുയര്‍ന്നു. മുത്തച്ചാ എന്ന ഒരു വിളി അശരീരിപൊലെ കാതു തുളച്ചു കടന്നു പൊയി.

എന്താന്നു വച്ചാ ചെയ്തൊ. എന്നൊടു ചോദിച്ചിട്ടല്ലല്ലൊ നിങ്ങളൊന്നും ചെയ്യണതു.
പരമാവധി നിസ്സംഗത മുഖത്തു വരുത്തി അയാള്‍ പറഞ്ഞു.

ഉച്ച തിരിഞ്ഞു അവര്‍ തിരിച്ചെത്തുന്നതു വരെ അയാള്‍ വീട്ടില്‍ തന്നെ ഇരുന്നു. നെഞ്ചിലെ തുടികൊട്ട് ഇടയ്ക്കു മുറുകിയപ്പൊള്‍ പത്തായപ്പുരയില്‍ സൂക്ഷിച്ച് വച്ചിരുന്ന കുപ്പീന്നു രണ്ടെണ്ണം വിട്ടു.  ഭാര്യയും മക്കളും വന്നപ്പൊള്‍ ഒട്ടും താല്പര്യമില്ലാത്ത ഭാവത്തില്‍ അവരുടെ വാക്കുകള്‍ക്കു കാതോര്‍ത്തു.

നാളെ പറയാമെന്നാ പറഞ്ഞേക്കണെ, കഫം ട്യൂബ് ഇട്ടു എടുക്കാ. വാവ ചില്ലു കൂട്ടിലന്ന്യാ. മുന്‍പ് തെക്കേലെ ജാനൂന്റെ മോള്‍ടെ കുട്ടി സുഖല്ല്യാണ്ട് കെടന്നപ്പോ പൊയി കണ്ട അതേ സ്ഥലത്ത്. ആരേം കാനിക്കണില്ല്യ. വരാന്തേലു നിന്നാ കാറ്റത്തു കറ്ട്ടന്‍ നീങ്ങുമ്പൊ എടേക്കൂടെ ഇത്തിരീശ്ശെ കാണാം. ദീപ മുറീലാ. പാലു കൊടുക്കാന്‍ മാത്രം മോള്‍ടെ അടുത്തേക്കു പൊവും.ഭാരതിയമ്മ പറഞ്ഞു.

ഒരു പൊക്കങ്ട് പോയാ.. പിന്നെ തിരിച്ചു വരണംന്നു ഒരു ആഗ്രഹൊമില്ലല്ലേ. ജന്തുക്കള്‍. കാലത്തു പോയതാ.. നായര്‍ ദേഷ്യ

ഇതെന്തൂട്ട് മനുഷ്യനാ.. വെറുതേയല്ല ദീപേച്ചി രക്ഷപ്പെട്ടതുരമ വീണയോട് അടക്കം പറഞ്ഞു.

ഡീ.. ഞാന്‍ കേക്കാന്‍ പാകത്തിനു പറയടീ..

വെറുതെയല്ല, മറ്റേ സാധനം വലിച്ചു കേറ്റ്യേക്കല്ലേ. ഞാന്‍ ചത്താലും നിങ്ങളു ഇതീ കൂടുതലൊന്നും കാണിക്കാന്‍ പൊണില്ല. അറിയാം.നിങ്ങള്‍ പൊയേ പിള്ളേരെഭാരതിയമ്മ പറഞ്ഞു. അവരുടെ കണ്ണീരു തറയില്‍ വീണു ചിതറി.

ഇനി അതും പറഞ്ഞു നിന്നു മോങ്ങീക്കോ. ഞാന്‍ ഒരിടം വരെ പൊവാ.. രാത്രി വൈകീട്ടെ തിരിച്ചു വരൂ.
ഷര്‍ട്ടു എടുത്തിട്ട്, മുണ്ട് മാറി വെള്ളമുണ്ട് ഉടുത്ത് നായര്‍ പുറത്തേയ്ക്കിറഞ്ഞി.

എവിടേയ്ക്കാ നായരേ, മൂന്ത്യ നേരത്ത്?“
ടൌണിലേയ്ക്കു, ആറുമണീടെ ബസു കാത്തു നിക്കുമ്പോള്‍ കുമാരന്‍ ചൊദിച്ചു.

മലഞ്ചരക്കു കൊടത്ത പീടികേന്നു കാശ് കിട്ടാന്‍ണ്ട്. വാങ്ങണം.

ഹയ്.. അപ്പൊ തിരിച്ചു ബസു കിട്ടില്ലല്ലോ നായരേ, ഇത്തിരിം കൂടെ നേരത്തേ എറങ്ങാറ്ന്നില്ലേ?”

അതു സാരല്ല്യടോ.. തിരിച്ചു നടക്കാം
ബസില്‍ കയറി ടൌണിലിറങ്ങി കിട്ടാനുള്ള കാശും വാങ്ങി നായര്‍ മുന്നോട്ടു നടന്നു.
ദ്വാരകയില്‍ കയറി ചായേം നെയ് റോസ്റ്റും കഴിച്ചിറങ്ങിയപ്പൊള്‍ ഏഴര മണി.
രാത്രീലേയ്ക്കുള്ള ഭക്ഷണപ്പൊതികളുമായി അകത്തേയ്ക്കു പൊകുന്ന ആളുകള്‍ക്കൊപ്പം നായര്‍ ആശുപത്രിയില്‍ കടന്നു. മുന്‍പ് വന്നിട്ടുള്ളതിനാല്‍ കുട്ടികളുടെ ഐ സി യു കണ്ടു പിടിക്കാന്‍ നേരം പിടിച്ചില്ല. മുന്നിലുള്ള വരാന്തയിലൂടെ പോകുന്നവര്‍ക്കിടയിലൂടെ അയാള്‍ ഒന്നു ചുറ്റിത്തിരിഞ്ഞു. ഫാനിന്റെ കാറ്റത്തു ഇളകുന്ന കര്‍ട്ടനിടയിലൂടെ ഒരു കുഞ്ഞിന്റെ ഡ്രിപ്പു കയറിക്കൊന്ണ്ടിരിക്കുന്ന കൈകള്‍ മാത്രം അയാള്‍ കണ്ടു. നെഞ്ഞിടിപ്പു കൂടി. കണ്ണുകള്‍ സജലങ്ങളാവുന്നതും തൊണ്ട വരെയെത്തി ഒരു ഗദ്ഗദം പിന്‍ വാങ്ങിയതും  അയാളറിഞ്ഞു. ചില്ലിനടുത്തു പതുങ്ങി നില്‍ക്കുന്ന തന്നെ അതു വഴി കടന്നു പോയ നെഴ്സ് ശ്രദ്ധിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞ് പിന്തിരിയുമ്പൊള്‍ വരാന്തയുടെ അറ്റത്ത് തന്നെത്തന്നെ നൊക്കി നില്‍ക്കുന്ന മുരളിയെ കണ്ട് നായര്‍ പകച്ചു.

അടുത്തു വന്ന് ഇടറുന്ന ശബ്ദത്തില്‍ മുരളി പറഞ്ഞു..
എങ്ങിന്യാ വിളിക്കണ്ടെന്നറിയില്ല..
എന്നൊട് ക്ഷമിക്കണം.
വാവേനെ കാണാന്‍ വന്നൂലൊ.. അത് മാത്രം മതി..
ഞാന്‍ ദീപോട് പറയട്ടെ..

രാമന്‍ നായര്‍ കണ്ണീരു പടര്‍ന്ന കണ്ണുകളുയര്‍ത്തി മുരളിയെ നോക്കി.
വേണ്ട.. ആരൊടും പറയണ്ട.. പറയരുത്.
സ്നേഹവും വാത്സല്യവും ആ മുഖത്ത് മിന്നി മറഞ്ഞു.

മോള്‍ക്കു……….?” കര്‍ട്ടനിട്ടു മറച്ച ചില്ലു ചൂണ്ടി അയാള്‍ ചൊദിച്ചു.

നാളെ പറയാമെന്നാ പറഞ്ഞേക്കണത്  , ചെലപ്പൊ മെഡിക്കല്‍ കോളേജിലേയ്ക്കു കൊണ്ടോണ്ടി വരും.

ഏയ്.. അതൊന്നും വേണ്ടി വരില്ല്യ.. ഭഗവതി കൂട്ടിനുന്ണ്ടാവും.” നായര്‍ സമാധാനിപ്പിച്ചു.

ആരെങ്കിലും വരുന്നുണ്ടോ എന്ന് ചുറ്റും നോക്കി മടിയില്‍ ചുരുട്ടി വച്ചിരുന്ന  ഒരു പിടി നോട്ടു മുരളിയുടെ കൈയില്‍ നിര്‍ബന്ധിച്ചു ഏല്‍പ്പിച്ചു.
 വേണ്ട എന്നു പറയരുത്.. ന്റെ മനസ്സമാധാനത്തിനാ..

കര്‍ട്ടന്‍ കാറ്റിലിളകുന്നുണ്ടൊ എന്നു ഒന്നുകൂടെ നോക്കി അയാള്‍ തിരിച്ചു നടന്നു.

ആളൊഴിഞ്ഞ വഴിയിലൂടെ തിരിച്ചു നടക്കുമ്പൊള്‍ നായര്‍ കരയുകയായിരുന്നു. വിഷമം കൊണ്ട് നെഞ്ചില്‍ അമ്മികേറ്റി വച്ചതു പൊലെ ഭാരമേറുന്നതും കാലുകള്‍ക്കു ബലം കുറയുന്നതും അയാളറിഞ്ഞു. ആരോ  തന്നോടൊപ്പം നടക്കുന്നുണ്ടെന്ന തോന്നലില്‍  അയാള്‍ ചുറ്റും നോക്കി. ആരുമില്ല. അര മണിക്കൂറുകൊണ്ടു നടന്നെത്താറുള്ള വഴി തീരാത്തതു പോലെ തോന്നി, പാടം മുറിച്ചു പൊകുന്ന തോടിന്റെ മുകളിലെ പാലത്തിന്റെ കൈവരിയില്‍ അയാള്‍ ഇരുന്നു. പേരക്കുട്ടിയുടെ കിടപ്പു മനസ്സില്‍ കണ്ട് കരഞ്ഞു. ആകാശത്തേക്കു നോക്കി കൈകള്‍ കൂപ്പി.

വീണ്ടും എണീറ്റു നടക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും തന്നെ ആരോ പിന്തുടരുന്നതു പോലെ സംശയം തോന്നി പലവട്ടം അയാള്‍ തിരിഞ്ഞു നോക്കി. ഒന്നും കണ്ടെത്താനാവാതെ തോന്നലാവും എന്നു സ്വയം സമാധാനിച്ചു. അമ്പലത്തിന്റെ അടുത്തുള്ള രാഘവന്റെ വീട്ടുപടിക്കല്‍ വച്ചു പെട്ടെന്നു ചുറ്റുപാടും ഒന്നു കറങ്ങിത്തിരിയുന്നതും തനിക്കു തല ചുറ്റുന്നതുമായി തോന്നി നായര്‍ നിലത്തിരുന്നു. ലോകം കീഴ്മേല്‍ മറിയുന്ന തോന്നലിനിടയില്‍ അയാളുടെ കണ്ണൂകളില്‍ ഇരുട്ടു കയറി. ഭഗവതീ എന്ന തന്റെ വിളിയ്ക്കു ശബ്ദമുണ്ടായില്ലെങ്കിലും തെളിച്ചം മറിഞ്ഞു തുടങ്ങുന്ന കണ്ണുകളില്‍ കൈസറ് തൊട്ടടുത്ത്‌ നില്‍ക്കുന്നത് അയാള്‍ കണ്ടു!

“എന്താടോ നായരെ, പറ്റീത്?”

കണ്ണു തുറന്നപ്പൊള്‍ കേട്ടത് രാഘവന്റെ ശബ്ദമാണ്.
ഒരു നിമിഷം ചുറ്റും പകച്ചു നോക്കി.
റോഡില്‍, തനിക്കു തല ചുറ്റിയ അതെ സ്ഥലത്തു തന്നെ വെള്ളത്തില്‍ കുളിച്ചാണ് താന്‍ കെടക്കുന്നത്. എണീറ്റിരുന്ന്, അമ്പരപ്പോടെ നായര്‍ പറഞ്ഞു..
“ഒന്നു തല ചുറ്റി. പിന്നെന്താ ഉണ്ടായെ.. അറിയില്ല.”

“ഞങ്ങള്‍ സീരിയലു കാണാര്‍ന്നു.” രാഘവന്‍ പറഞ്ഞു.
"വാതുക്കേന്നു ഒരു പട്ടികൊര കേട്ടു. സീരിയലിലു മുഴുകിയ കാരണം കൊറച്ചു കഴിഞ്ഞാ വാതില്‍ തൊറന്നതു. അപ്പൊ ഒന്നും കാണാനില്ല. പക്ഷേ, ചെടി നനക്കുന്ന പൈപ്പിന്റെ അറ്റം ഗേറ്റിന്റെ പോറത്തേക്കു ആരൊ കൊണ്ടോയേക്കണ്! എന്താ സംഭവംന്നു വന്നു നൊക്കുമ്പൊ പൈപ്പ് തന്റെ മേത്ത്‌ കെടപ്പുണ്ട്. വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു. ആരാണാവോ.. എന്തായാലും അത് നന്നായി. അല്ലെങ്കില്‍ താന്‍ വല്ല വഴിയാത്രക്കാരും കാണണ വരെ ഇവടെ കെടന്നെനെ."

നായര് ചുറ്റും നോക്കി. കൈസറിന്റെ പൊടി പോലുമില്ല. രാഘവനും ഭാര്യയുമല്ലാതെ ആരും സംഭവം അറിഞ്ഞ മട്ടില്ല. എണീറ്റ് നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി രാഘവന്റെ മുണ്ടു മാറിയുടുത്ത് കുറച്ചു നേരം ആ വീട്ടി‍ലിരുന്നു വിശ്രമിച്ചു. രാഘവന്റെ ഭാര്യ കൊണ്ട് കൊടുത്ത കട്ടന്‍ ചായ മൊത്തി കുടിക്കൂമ്പോള്‍ രാമന്‍ നായരുടെ കണ്ണുകള്‍ ചുറ്റുമുള്ള ഇരുട്ടില്‍ കൈസറിനു വേണ്ടി അലഞ്ഞു.

“ഡോ.. ആശുപത്രീ പോണോ? ജയന് ഇപ്പൊ വീട്ടിലെത്തിക്കാണും. കാറു കൊണ്ടു വരാന്‍ പറയട്ടെ?“

“എയ്.. ഇപ്പൊ ശര്യായി. ആ നേരത്തെന്തോ മനസ്സിനും ശരീരത്തിനും ആകെ സുഖം ഇല്ലാര്‍ന്നു. ഞാന്‍ എറങ്ങാ.. മുണ്ട് നാളെ തരാഡൊ“

ഇറങ്ങുമ്പോള്‍ നായര്‍ കൂട്ടിചേര്‍ത്തു..
“ഇതൊന്നും ആരൊടും പറയണ്ടാ.. ട്ടോ.
ഭാരതി കേട്ടാ, പിന്നെ അതു മതി ആധി പിടിക്കാന്‍. ന്നട്ട്.. ഞാന്‍ തന്നെ കെട്ടിചോന്നു കൊണ്ടു പൊവാന്‍ നിക്കണം.“

വീട്ടിലേക്കു നടക്കുമ്പൊള്‍ ഇരുട്ടില്‍  തനിക്കു സമാന്തരമായി നീങ്ങുന്ന രണ്ടു തിളങ്ങുന്ന കണ്ണൂകള്‍ അയാള്‍ കണ്ടു. വീടു വരെ ആ കണ്ണൂകള്‍ നായരുടെ പാദങ്ങള്‍ക്കു കരുത്തേകി. തനിക്കു അഭൌമമായ ഒരു ശക്തിയുടെ സംരക്ഷണം ഉള്ളതായാണു നായര്‍ക്കു തോന്നിയത്. കാലുകള്‍ക്ക് കരുത്തു കിട്ടിയ പോലെ. നെഞ്ചിലെ ഭാരം കുറഞ്ഞ പോലെ. വീട്ടില്‍ കയറുന്നതിനു മുന്‍പ് അയാള്‍ തിരിഞ്ഞു നോക്കി. ഒരു മിന്നാമിനുങ്ങിന്റെ വെട്ടമല്ലാതെ കൈസറിന്റെ കണ്ണുകള്‍ അവിടെയെങ്ങും ഇല്ലായിരുന്നു. വിളക്കു വയ്ക്കുന്ന തറയുടെ മുകളില്‍ വച്ച കൈസറിന്റെ ചങ്ങല അയാള്‍ കയ്യിലെടുത്തു തലോടി, ഒരു പാടു അര്‍ഥങ്ങള്‍ നിറഞ്ഞ ഒരു നെടുവീര്‍പ്പിട്ടു.

രാത്രി, അപ്പുറത്തു ബ്രൂണൊ മോങ്ങുന്നത്  കേട്ട് നായര്‍ ജനലിലൂടെ നോക്കി. തന്റെ പഴയ സ്ഥലത്ത് ചുറ്റുപാടും വീക്ഷിച്ചുകൊണ്ട്, കൈസറ് കിടപ്പുണ്ടായിരുന്നു. “കൈസറെ“ എന്നു വിളിക്കാന്‍ നായര്‍ക്കു തോന്നിയില്ല. ഇമ വെട്ടാതെ കുറേ ഏറെ നേരം അയാള്‍ അവനെ നോക്കിയിരുന്നു. ഇടയ്ക്കു തുറന്നിട്ട ജനാലയിലേക്കു കൈസറ് നോക്കിയപ്പൊള്‍ നായര്‍ പിന് വാങ്ങി. എപ്പൊഴൊ ഉറക്കം തന്നെ കീഴടക്കുന്നതായി മനസ്സിലായപ്പോള്‍ അയാള്‍ പോയി കിടന്നു.

ഗ്ലൂക്കൊസ് കയറുന്ന ഒരു കൊച്ചു കൈത്തണ്ട സ്വപ്നം കണ്ടാണ് നായര്‍ എണീറ്റത്.
മണി എട്ട് കഴിഞ്ഞിരിക്കുന്നു. ഉണ്ടാവില്ലെന്നറിഞ്ഞിട്ടും ജനാലയിലൂടെ കൈസറിനു വേണ്ടി മിഴികള്‍ പരതി. ഉമിക്കരികൊണ്ട് പല്ലു തേക്കുന്നതിനിടയിലും ചായ കുടിക്കുന്നതിനിടയിലും വീട്ടിലെ സംസാരങ്ങള്‍ക്കിടയില്‍നിന്നു കൊച്ചു വാവയുടെ എന്തെങ്കിലും വിശേഷങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന് കാതു കൂര്‍പ്പിച്ചു.

“ഞാനൊന്നു പാടത്തേക്കു പോവാ.” അയാള്‍ പറഞ്ഞു.
“ഇന്നലെ, എവിട്യെങ്കിലും വീണോ? മുണ്ടുമ്മെലും കുപ്പായത്ത്തിലും വെള്ളം..? പിന്നെ ഉടുത്തു വന്നതു വേറൊരു മുണ്ടുമാണല്ലൊ?“ ഭാരതിയമ്മ ചോദിച്ചു.

“ആ.. അതു.. ഇന്നലെ രാത്രി നടന്നു വരുമ്പോ, കാലൊന്നു വഴുക്കി. ചെളീല്‍ക്ക് ഒന്നു മൂടു കുത്തി. മുണ്ട് രാഘവന്റെ മാറി ഉടുത്തതാ” കരുതി വച്ച മറുപടി അയാള്‍ പറഞ്ഞു.

“ചെറുപ്പായി വര്വല്ല ട്ടാ. മറ്റേ സാധനം അകത്താക്കണതു ഇത്തിരി കൂടുണുണ്ട്” എന്ന പതിവ്  വര്‍ത്താനത്തിനു ചെവി കൊടുക്കാതെ നായര്‍ നടന്നു.

വേലുട്ടീടെ ചായക്കടയില്‍ ആള്‍ക്കാരുടെ തിരക്കില്ല. കടുപ്പത്തിലൊരു ചായ പറഞ്ഞു  പേപ്പറില്‍ മുഖം പൂഴ്ത്തിയെങ്കിലും കണ്ണുകള്‍ പത്തരയുടെ ബസിനെ തിരയുകയായിരുന്നു. ബസ് വന്നു, അപ്പുറത്തെ ബസ് സ്റ്റോപ്പില്‍ മുരളി ഇറങ്ങി. തന്നെ കണ്ട് അവന്‍ ചായക്കട ലക്ഷ്യമാക്കി വരുന്നതു കണ്ട് നായര്‍ അമ്പരന്നു. ഒരു നിമിഷം കണ്ണുകള്‍ കൂട്ടി മുട്ടിയെങ്കിലും ചുറ്റും ഒന്നു പരതി നോക്കി നായര്‍ വീണ്ടും പേപ്പറില്‍ മുഴുകി.

“വേലുട്ട്യേട്ടാ, ഒരു ചായ.“ മുരളി പറഞ്ഞു.

“ങാ.. ടാ, എന്തായി ആശുപത്രിക്കേസ്? ഡോക്ട്രറ് വന്നോ? എന്തെങ്കിലും പറഞ്ഞോ?“

“ഇന്നലെ രാത്രിയൊടെ നല്ലൊണം കൊറഞ്ഞു. ഇന്നു കാലത്തു ഡോക്ടറ് വന്നു നൊക്കിയിട്ടു മുറീലിക്കു മാറ്റിക്കോളാന്‍ പറഞ്ഞു. ഇപ്പൊ ഒരാശ്വാസായി. “ ചായയടിക്കുന്ന വേലുക്കുട്ടിയേയും പേപ്പറില്‍ മുഴുകി  തന്നെ ശ്രദ്ധിക്കുന്ന രാമന്‍ നായരേയും മാറി മാറി നോക്കി മുരളി പറഞ്ഞു.

“ഒരു ചായ, പറ്റിലെഴുതീക്കൊ” പേപ്പറ് ചുരുട്ടി മേശമേലിട്ടു നായരു ഇറങ്ങി നടന്നു.

“ഇയ്യാള്‍ക്ക് ഒരു വിഷ്യോം അല്ലെ, ഇതൊന്നും? ഇതെന്തൂട്ട് മല മൂരിയണ്ടപ്പാ.. ഇങ്ങനിണ്ടൊ മനുഷ്യന്മാര്?!!“ വേലുക്കുട്ടി നായരുടെ പോക്കു നൊക്കി ചിറി കോട്ടി പറയുമ്പോള്‍ ചുണ്ടില്‍ വിരിഞ്ഞ ചെറിയ ചിരിക്കൊപ്പം മുരളിയുടെ കണ്ണൂ നിറഞ്ഞു.

ഒരു കാലവര്‍ഷവും ഇടവപ്പാതിയും കൂടി കടന്നു പോയി. കുളങ്ങളില്‍ തള്ളയുടെ തണല്‍ പറ്റി നിന്നിരുന്ന ചുവന്ന ബ്രാല്‍ കുഞ്ഞുങ്ങള്‍ വലുതായി. പിള്ളേരുടെ ചൂണ്ടകളില്‍ കുടുങ്ങിയവയ്ക്ക് യാത്രാ മൊഴി ചൊല്ലിയ അവയുടെ കൂട്ടുകാര്‍ വേനലില്‍ വെള്ളം വറ്റി വരുന്നതു കണ്ടു പരുങ്ങി നിന്നു. ഇതിനിടയിലെ  പല രാത്രികളിലും കൈസര്‍ തന്റെ പഴയ സ്ഥലത്ത് വന്നു കിടക്കുകയും രാമന്‍നായര്‍ അടുക്കാന്‍ ശ്രമിക്കുമ്പോളെയ്ക്കും മാഞ്ഞു പോവുകയും ചെയ്തു. ഒരു ദിവസം വിറകുപുരയുടെ കോലായത്തില്‍ എടുത്ത് വച്ചിരുന്ന  കൈസറിന്റെ പഴയ പാത്രത്തില്‍ നായര്‍ കുറച്ചു കഞ്ഞിയും മുള്ളന്‍ ചുട്ടതും അവന്റെ സ്ഥലത്ത് കൊണ്ട് വച്ചു. പിറ്റേന്ന് അത് അനങ്ങാതിരിക്കുന്നതു കണ്ട് അയാള്‍ നിരാശനായി. കൈസര്‍ തൊട്ടു നോക്കിയില്ല എങ്കിലും പിന്നീടുള്ള ദിവസങ്ങളിലും അത് പതിവായി. 


കോഴിവളം കൊണ്ട് മലപ്പുറംകാരുടെ ലോറി വരുമെന്ന് അറിഞ്ഞു നേരെത്തെ എണീറ്റ ഒരു പുലര്‍ച്ചയ്ക്ക്, പകര്‍ന്നു വച്ച ഭക്ഷണം കഴിച്ച്, പണ്ടുള്ള ശീലം ആവര്‍ത്തിച്ച് പാത്രം കമഴ്തിയിട്ടിരിക്കുന്ന കാഴ്ച കണ്ട് നായര്‍ സന്തോഷം കൊണ്ട് കരഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വിളക്ക് വയ്ക്കുന്ന തറയില്‍ എടുത്തു വച്ച പഴയ ചങ്ങല അവിടെനിന്ന് കൈസര്‍ കിടക്കാറുള്ള സ്ഥലത്ത് തന്നെ കൊണ്ടിട്ടിരിക്കുന്നതും സ്ഥിരം കിടക്കാറുള്ള സ്ഥലത്ത് പൂഴികൊണ്ട്‌  മെത്തയൊരുക്കിയതും കണ്ടു രാമന്‍ നായര്‍ സന്തോഷിച്ചു.


കൈസര്‍ പകല്‍ സമയങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഭാരതിയമ്മയുടെ കോഴികളെയും അവയുടെ കുഞ്ഞുങ്ങളെയും കാക്കയും ഇരുളാനും വരെ തങ്ങളുടെ മെനുവില്‍നിന്നു വെട്ടി മാറ്റി. പാമ്പുകളും കീരികളും കുറുക്കന്മാരും നായരുടെ പറമ്പ് നിരോധിത മേഖലയായി വീണ്ടും മനസ്സിലുറപ്പിച്ചു. മിന്നല്‍ പോലെ മിന്നി മായുന്നതല്ലാതെ പേരെടുത്തു ഒന്നു വിളിക്കാനുള്ള ഇട പോലും ഈ കാലയളവില്‍ കൈസര്‍ നായര്‍ക്കു കൊടുത്തില്ല.

വേനല്ചൂടിലെയ്ക്ക് വഴി തുറക്കുന്ന ഒരു രാത്രിയില്‍ കൈസറിന്റെ ശബ്ദം കേട്ട് നായരുണര്‍ന്നു. പുറത്തെ ലൈറ്റ് ഇട്ടു വാതില്‍ പുറത്തുനിന്നു അടയ്ക്കുന്നതിന് മുന്പ് നായര്‍ ക്ലോക്കില്‍ നോക്കി, പുലര്‍ച്ച മൂന്ന് മണി. ജനലിനു നേരെ  നോക്കി കുരയ്ക്കുകയും വറീതേട്ടന്റെ  വീട്ടിനു നേരെ നോക്കി പ്രത്യേക ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന കൈസറെ നോക്കി നായര്‍ വാതില്‍ തുറന്നു. പതിവ്  പോലെ ഓടി മറഞ്ഞു പോകുമെന്ന് കരുതിയ അയാളെ അമ്പരപ്പിച്ചു കൊണ്ട് കൈസര്‍ അരികിലെയ്ക്ക് കുതിച്ചെത്തുകയും അയാളുടെ മുണ്ടില്‍ കടിച്ചു വലിച്ചു വറീതേട്ടന്റെ വീട്ടിലേയ്ക്ക് നയിക്കുകയും ചെയ്തു. 

'വറീതേട്ടാ.. പൂയ്..' എന്നാ വിളിക്ക് കഫം കൊണ്ട് മോടി പിടിപ്പിച്ച ഒരു ചുമയും പുറത്ത് തെളിഞ്ഞ ലൈറ്റും കൊണ്ട് മറുപടി കിട്ടി.

വാതില്‍ തുറന്നു ലുങ്കി മുറുക്കി ഉടുത്തുകൊണ്ട് വറീതേട്ടന്‍ പുറത്ത് വന്നു.
"എന്താടോ? എന്താ കാര്യം?"

"ആവോ.. ദേ, ഈ കൈസര്‍ എണീപ്പിച്ചതാ. അവന്റെ മട്ടും ഭാവോം കണ്ടിട്ട് എന്തോ പന്തികേട് ഇവിടെ നടന്നണ്ട്"

"അയ്യോ, കള്ളന്മാര് വല്ലോം കേറീണ്ടോ , മാതാവേ!.." വറീതെട്ടന്‍ അകത്തേയ്ക്കോടി.

രാമന്നായര് തിരിഞ്ഞു തന്റെ വീട് നോക്കി. അവിടെ, ലൈറ്റ് തെളിഞ്ഞിട്ടുണ്ട്, ഭാരതീം പിള്ളേരും ജനലിലൂടെ നോക്കി നില്‍ക്കുന്നത് അയാള്‍ കണ്ടു.

'ചേട്ടോ, ആ പൊറകിലത്തെ ലൈട്ടിട്ടേ"
കൈസര്‍ വറീതെട്ടന്റെ വീടിനു പുറകിലേയ്ക്ക് ഓടുന്നതും തിരിച്ചു വന്നു എന്തൊക്കെയോ ശബ്ദമുണ്ടാക്കുന്നതും കണ്ടു നായര് വിളിച്ചു പറഞ്ഞു.. എന്നിട്ട് ടോര്‍ച്ചും തെളിച്ചു അങ്ങോട്ട്‌ കുതിച്ചു.

വീടിനു കുറച്ചു മാറിയുള്ള കിനറിനരികിലെയ്ക്ക് കൈസര്‍ വീണ്ടുമോടി. കിണറിന്റെ വാക്കല്ലില്‍ കാലു കയറ്റിവച്ച് അവന്‍ അകത്തോട്ടു നോക്കി. തല തിരിച്ചു നായരെയും. രാമന്നായരുടെ നെഞ്ചില്‍ ഒരു പെരുമ്പറകൊട്ടുയര്‍ന്നു.

ലൈറ്റ് തെളിഞ്ഞു. വറീതേട്ടന്‍ പുറകിലെ വാതില്‍ തുറന്നു ഇറങ്ങി വന്നു. 
"ഏയ്‌.. കള്ളന്‍ കയറ്റമൊന്നും ഉണ്ടായിട്ടില്ല. അതിനു ധൈര്യമുള്ള കള്ളന്മാരോന്നും ഈ ഭൂമിമലയാളത്തിലില്ല, നായരെ. 
ബ്രൂണോ..ഡാ, ബ്രൂണോ..  ഇവിടൊരു കുരിപ്പുണ്ടായിരുന്നല്ലോ.. അത് നാട് വിട്ടോ.. "

മറുപടിയായി കൈസര്‍ കിണറ്റില്‍നിന്നും നോട്ടം മാറ്റി വരീതെട്ടനെ നോക്കി കുരച്ചു.

"ഹായ്.. ഇമ്മടെ കൈസറല്ലേ ഇത്.. " വരീതേട്ടന്‍ അതിശയം പൂണ്ടു.. 
"ആ, അപ്പൊ.. ബ്രൂണോ മുങ്ങീണ്ടാവും ..ല്ലേ!!" വളിച്ച ചിരി അകമ്പടി കലര്‍ത്തി അയാള്‍ പറഞ്ഞു.

"ചേട്ടോ.. ആ കിണറ്റില്‍ എന്തോ ഉണ്ട്." രാമന്‍ നായര്‍ കിണറിലേയ്ക്ക് കൈ ചൂണ്ടി.

വറീതേട്ടന്റെ മുഖത്തെ തമാശ മാഞ്ഞു. പതിഞ്ഞ പാദചലനങ്ങളുമായി കിണറിനടുത്തെയ്ക്ക് നീങ്ങുമ്പോള്‍, കൈസറിന്റെ കുരയുടെ ഇടവേളകളില്‍ എന്തോ നീന്തിത്തുടിയ്ക്കുന്നതിന്റെയും അണയ്ക്കുന്നതിന്റെയും ശബ്ദങ്ങള്‍  വ്യക്തമായി.

"നായരെ, നിക്ക്.. മ്മക്ക് വാസൂനേം വേലുട്ടീനെമോക്കെ വിളിച്ചാലോ, കള്ളന്‍ കിണറ്റീ വീണൂന്നാ തോന്നണേ."  ശബ്ദം പരമാവധി താഴ്ത്തി വരീതേട്ടന്‍ പറഞ്ഞു.

വിളിക്കേണ്ടി വന്നില്ല.. 
ടോർച്ച് മിന്നിച്ചുകൊണ്ട് അവിടേയ്ക്കു വന്ന വാസുവും വേലുട്ടിയും കൈസറെ കണ്ട് വിട്ര്ന്ന കണ്ണുകളുമായി ഒരു നിമിഷം അവനെയും നായരേയും മാറി മാറി നോക്കി.

“എന്താ സംഭവം. ഞാൻ കൊറേ നേരായി ഈ ലൈറ്റും ടോർച്ച് മിന്നിക്കലും ഒക്കെ കാണ്വാ.. അവസാനം വാസൂനേം വിളിച്ച് ഇങ്ങടു പോന്നു.” വേലുട്ടി പറഞ്ഞു.

“ഡാ.. ഒന്നു പതുക്കെ, ആരോ കിണറ്റിൽ വീണിട്ടുണ്ട്. കക്കാൻ വന്ന ആരൊ ആണെന്നാ ന്റെ വിചാരം” വറീതേട്ടൻ പറഞ്ഞു.

“പൊലീസിനെ വിളിച്ചാലോ?” വാസു ചൊദിച്ചു.

“ഔ.. നമുക്കു ആദ്യം കിണറ്റിൽ എന്താന്നു നൊക്കാം.. എന്നിട്ടാവാം.“

ടോർച്ചുകളുടെ വെളിച്ചങ്ങൾ ഒരുമിച്ചു കിണറ്റിലേയ്ക്കു ചെന്നു. ഇളകി മറിയുന്ന കിണർജലത്തിനു മുകളിൽ രണ്ട് കണ്ണുകൾ തിളങ്ങി.
“ദെന്തൂട്ടാ.. ദ് സാധനം? പുല്യാ..?”

വാസൂന്റെ ചോദ്യത്തിനു മറുപടി പറയാൻ മറ്റുള്ളവർ കണ്ണൂ സൂക്ഷ്മമാക്കി.
അതൊരു വലിയ കാട്ടുപൂച്ചയായിരുന്നു. കിണറിന്റെ വളയത്തിൽ നഖമുടക്കി വച്ചു മുങ്ങിപ്പൊകാതെ നിൽക്കാൻ അത് പരിശ്രമിക്കുകയായിരുന്നു.

“എന്തായാലും ആളല്ല.. 
ഈ പിശാച്, വാക്കല്ലു കെട്ടിയ കെണറ്റിലു ചാടീതെന്തിനാണാവൊ!! അതും ഇമ്മടോടത്തേലന്നെ..” വറതേട്ടന്റെ ഉറക്കെയുള്ള ആത്മഗതത്തിനൊപ്പം ജലപ്പരപ്പിലെയ്ക്കു മറ്റൊരു രൂപം ഉയർന്നു വന്നു..

“അയ്യൊ, ബ്രൂണോ..” വറതേട്ടൻ നിലവിളിച്ചു.
ബ്രൂണോ അവശനായിക്കഴിഞ്ഞിരുന്നു. വക്കുകളിലൊന്നും പിടുത്തം കിട്ടാതെ ഇടയ്ക്കവൻ താഴ്ന്നു പോയി. വെള്ളം കോരുന്ന ബക്കറ്റ് കയറിലൂടെ ഇറക്കിയതിൽ പിടുത്തം ഉറപ്പിച്ച് അവ്ൻ ഒന്നാശ്വസിച്ചു. ഇടയ്ക്കു പിടുത്തം വിട്ടു വെള്ളം കുടിച്ചു. നായർ വീട്ടീന്നു കൊണ്ടുവന്ന നാളികേരം പെറുക്കിക്കൂട്ടുന്ന വലിയ കുട്ട കയറിൽ കെട്ടിയിറക്കി. കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ ബ്രൂണോ കരയ്ക്കു കയറി. മറിയാമ്മചെടത്തി അവനെ തോർത്തിയെടുത്തു. തണുത്തു വിറച്ചു കൊണ്ടിരുന്ന അവനെ കിഴി പിടിച്ചു ചൂടാക്കി.

വാസുവും വേലുട്ടിയും കാട്ടുപൂച്ചയിറച്ചിയും നാടൻ വാറ്റും തമ്മിലുള്ള കൊംബിനേഷൻ സ്വപ്നം കണ്ട്, ബഹളം കേട്ടു എത്തിച്ചേർന്ന മറ്റുള്ളവർക്കൊപ്പം അതിനെ പുറത്തെടുക്കുന്ന കാര്യം ഏറ്റെടുത്തു.

“നീയെന്തിനാടാ കണ്ണീകണ്ട പൂച്ചേടേം മരപ്പട്ടീടെം പിന്നാലെ പൊയേ?”  
വറീതേട്ടൻ ബ്രൂണൊയെ തലൊടി.

“ഉവ്വ, കൈസറ് കൊരച്ചു ബഹളം വചില്ലെങ്കിൽ ഇപ്പൊ ഇതിനെ കുഴിച്ചിടാർന്നു.“
വേലുട്ടിയുടെ സംസാരത്തിനൊപ്പം ബ്രൂണൊയടക്കം എല്ലാവരുടേയും കണ്ണൂകൾ കൈസറെ തിരഞ്ഞു. പതിവുപോലെ, അവൻ മറഞ്ഞു കഴിഞ്ഞിരുന്നു.

ബ്രൂണോയുടെ രക്ഷകനായി കൈസറ് അവതരിച്ച കഥ കാട്ടുപൂച്ചയിറച്ചിയുടെ ഗുണഗണങ്ങൾ മേമ്പൊടി ചേർത്ത്  ചായപ്പീടികയിൽ രണ്ടു വാരം ഹൌസ് ഫുള്ളായി ഓടി.

“നായരെ, തന്നെ അമ്പലത്തിലേയ്ക്കു കാണാനില്ലല്ലൊ. ഉത്സവം കൊടിയേറി ട്ടൊ” വേലുട്ടീടെ സ്പെഷ്യൽ ചായ വീശി ഉഷാറാവാൻ ചെന്ന രാമന്നായരോട് വാര്യർ മാഷു പറഞ്ഞു.

“മ്മടെ, കാശെത്ര്യാന്നു പറഞ്ഞാ മതി. അതാ തരാം. പിരിവിനെറങ്ങാനൊന്നും ഞാനില്ല. ഇനിക്കിത്തിരി മിടുക്കു കൊറവാ. പുതിയ ഭരണസമിതീലു മിടുക്കന്മാരുണ്ടല്ലൊ.” നായരുടെ മറുപടിയിൽ നീരസം കലർന്നിരുന്നു.

മാഷ് പിന്നൊന്നും മിണ്ടിയില്ല.

“മാഷെ, ഇത്തവണ ഏതാ ആന?“ പിരിമുറുക്കത്തിനു അയവുവരുത്തി പ്രഭാകരൻ ചോദിച്ചു.

“ഇത്തവണ കേമനാ.. തെക്കെപ്പാട്ടു ശിവദാസൻ. “

“അതല്ലെ, കഴിഞ്ഞേന്റെ മുന്നത്തെ കൊല്ലം പാപ്പാനെ പൂശീത്?“

“അതന്നെ.  പക്ഷെണ്ടല്ലൊ, നോക്ക്യാ കണ്ണെടുക്കില്ല. നെലത്തെഴയണ തുമ്പീം. മൊറം പൊലത്തെ ചെവീം..”
ചർച്ചകൾ നീണ്ടു പോയി.

ഉത്സവത്തലേന്നു വൈകീട്ടു പള്ളിവേട്ട നേരത്ത് തടിച്ചു കൂടിയ ഗ്രാമത്തിനു മുന്നിൽ തീവെട്ടികൾക്കു പുറകിലായി നെറ്റിപ്പട്ടവും തിടമ്പുമേറ്റി ശിവദാസൻ നിന്നപ്പോൾ ചായക്കടേലെ വിദഗ്ദസമിതി വിധിയെഴുതി “ശര്യാ.. ഇവൻ ആളു ഗംഭീരനാ.”

ദീപയുടെ ഒക്കത്തുനിന്നു മുരളിയുടെ നേർക്ക് കയ്യുയർത്തി എടുക്കാൻ ആംഗ്യം കാണിക്കുന്ന പേരക്കുട്ടിയെ ആൾക്കൂട്ടത്തിൽ കണ്ട് നായരുടെ മനസ്സ് ആർദ്രമായി. മറ്റാരും ശ്രദ്ധിക്കാത്ത വിധത്തിൽ അയാൾ ആ കുസൃതികൾ മാത്രം നോക്കി നിന്നു. പള്ളിവേട്ടയുടെ അവസാനത്തിൽ ഒരു ചെറിയ ചിഹ്ന്നം വിളിയും തലവെട്ടിക്കലും കണ്ടു ആനയെ തൊട്ടുരുമ്മി നിന്നവർ ഓടി മാറി. ജനം ഒന്നു പേടിച്ചു.

“മനുഷ്യർക്കു അറിയില്ലേലും മൃഗങ്ങൾക്കറിയാം ഭഗവാന്റെ സാന്നിധ്യം. ഇന്നേരത്തു എവിടേം പതിവാ. പേടിക്കണ്ട.“ താലപ്പൊലിയ്ക്കു പിറകിലായി അമ്പലത്തിലേയ്ക്കു നീങ്ങുന്നതിനിടയിൽ ശാന്തിക്കാരൻ പറഞ്ഞു.

രാവിലെ, അമ്പലത്തിൽ പോകാൻ കുളിച്ചോരുങ്ങലും വേഷം മാറലും അകത്തു തകൃതിയായി നടക്കുമ്പോൾ അകലെനിന്നു എന്തോ ബഹളം അടുത്തു വരുന്നതായി നായർക്കു തോന്നി. ഭീതി ജനിപ്പിക്കുന്ന ചങ്ങല കിലുക്കത്തിനും നിലവിളിശബ്ദങ്ങൾക്കുമിടയിൽ ആന മദിച്ചു എന്ന സത്യം മനസ്സിലാക്കി അയാൾ നടുങ്ങി.

“ഓടി മാറിക്കൊ.. ആന വരണേ.. “ തന്റെ വീടിനു മുന്നിലുള്ള വഴിയിലൂടെ വരുന്നവർക്കു മുന്നറിയിപ്പു കൊടുത്തുകൊണ്ട് നായർ അലറി.
ഒരു നിമിഷത്തിനുള്ളിൽ ഭീമാകാരമായ ശരീരം കൊണ്ട് വഴിയിലുള്ളതെല്ലാം തട്ടിത്തെറിപ്പിച്ച് ശിവദാസൻ പാഞ്ഞു പോയി. ഭാരതിയമ്മയുടേയും കുട്ടികളുടേയും എതിർപ്പു വക വയ്ക്കാതെ രാമൻ നായർ ആനയുടെ പുറകെ കൂടിയ ജനക്കൂട്ടത്തിൽ ചേർന്നു.

“ഇത്തിരി ശീലക്കേടുണ്ടാക്കീപ്പൊ പാപ്പാന്റെ കയ്യീന്നു രണ്ടെണ്ണം കിട്ടി. ചങ്ങലയഴിച്ചപ്പൊ പാപ്പാനെ തട്ടി. കുത്തു കൊണ്ടില്ല. അവടന്നു തൊടങ്ങീതാ ഓട്ടം.“

“ചന്ദ്രന്റെ ആല തട്ടിക്കളഞ്ഞു. സജീവന്റെ രണ്ട് തെങ്ങ് മറിച്ചിട്ടു.“

“ഇന്നലത്തെ ഭാവം കണ്ടപ്പൊ തന്നെ എനിക്കു തോന്നീണ്ടായി.. എന്തൊ പന്തികേടുണ്ടെന്നു”

വിശേഷങ്ങൾ ഓട്ടത്തിനിടയിൽ നായർക്കു കൈമാറിക്കിട്ടി.

റോഡ് വിട്ട് പുരയിടങ്ങളിലൂടെ മുന്നോട്ട് കുതിച്ച ആന കണ്ണിൽ കണ്ടതെല്ലാം എടുത്തെറിഞ്ഞു. രാവുണ്ണി മേനോന്റെ പറമ്പിൽനിന്നു വലത്തോട്ട് തിരിയുന്നതു കണ്ട് രാമൻ നായർ സ്തബ്ദനായി. അതു മുരളിയുടെ വീടായിരുന്നു. പത്തലു കൊണ്ടു കെട്ടിയ വേലി `പിഴുതെറിഞ്ഞ് ആന മുരളിയുടെ ആശാരിപ്പുര തട്ടിത്തെറിപ്പിച്ചു. വീടിനു നേരെ തിരിഞ്ഞ ആനയെ ജനലിലൂടെ കണ്ടു പേടിച്ച ദീപ മുരളിയ്ക്കു തടഞ്ഞു നിർത്താനാവുന്നതിനു മുൻപ് കൊച്ചിനേയുമെടുത്തു പുറത്തെയ്കോടി. ജനക്കൂട്ടത്തിന്റെ ‘അയ്യൊ‘ എന്ന നിലവിളികൾക്കിടയിൽ മുറ്റത്തു ചിതറി കിടന്ന പട്ടികക്കഷണങ്ങളിൽ തട്ടി അവൾ താഴെ വീണു. കൊച്ച് കയ്യിൽനിന്നു തെറിച്ചു പോയി. തനിക്ക് എഴുന്നേൽക്കാനാവുന്നില്ലെന്നും ആന അടുത്തയ്ക്കു നടന്നടുക്കുകയാണെന്നും മനസ്സിലാക്കി ദീപ കണ്ണൂകളടച്ചു. തുമ്പികൊണ്ട് ദീപയെ തട്ടിയുരുട്ടാൻ മുന്നൊട്ടാഞ്ഞ ആനയുടെ പിൻ കാലിൽ അതിശക്തമായ ഒരടി വീണു. അതു രാമൻ നായരായിരുന്നു. ആന തിരിയുമ്പോളേയ്ക്കും അടുത്ത അടി കിട്ടി. തുമ്പി നിവർത്തിയുള്ള ആനയുടെ അടിയിൽ രാമന്നായർ തെറിച്ചു പോയി. വേലിക്കടുത്തു നിന്നിരുന്ന അരളിയുടെ ചുവട്ടിൽ അയാൾ ചുരുണ്ടു കിടന്നു.  അലമുറകളിലും ദേഹത്തു വീഴുന്ന മൺകട്ടകളിലും ശ്രദ്ധ പതറാതെ ആന നായർക്കരികിലേയ്ക്കു നടന്നടുത്തു. ജനം കണ്ണൂകൾ പൊത്തി.

പെട്ടെന്ന്, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ശൂന്യതയിൽനിന്നെ വണ്ണം പ്രത്യക്ഷപ്പെട്ട കൈസർ ഇടിമിന്നലിന്റെ വേഗതയിൽ ആനയ്ക്കു നേരെ കുരച്ചു ചാടി. ആനയുടെ വലത്തെ ചെവിക്കു താഴെ കൈസർ കടിചു തൂങ്ങിക്കിടന്നു. നായരെ കുത്താനാഞ്ഞ ആന ദുസ്സഹമായ വേദനയാൽ ചിഹ്നം വിളിച്ചു നിവർന്നു. വീശിയ തുമ്പിക്കൈയിൽനിന്നും കൈസര്‍  ഒഴിഞ്ഞു മാറി താഴെയ്ക്കു  ചാടി. തന്നെ തിരഞ്ഞ ചുവന്ന കണ്ണൂകളെ കബളിപ്പിച്ച് ആനച്ചോട്ടിലൂടെ പുറകിലെത്തിയ കൈസർ ആനയുടെ പിൻ കാലിനു മുകളിൽ കടിച്ചു തൂങ്ങി. നാലു വട്ടം തിരിഞ്ഞ ആന കൂടുതൽ ഉച്ചത്തിൽ ചിഹ്നം വിളിച്ചു.

രാമൻ നായരെ എടുത്തു മാറ്റുന്നതിനും മുരളിയ്ക്കു ദീപയെ എണീപ്പിച്ച് വീട്ടിൽ കയറ്റുന്നതിനും ആ നേരം മതിയായിരുന്നു. ദീപയുടെ കയ്യിൽനിന്നും തെറിച്ചു വീണു നിലവിളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ഒരു സെക്കന്റു കൊണ്ട് കയ്യിലൊതുക്കി രാവുണ്ണീമേനൊന്റെ പറമ്പിലെയ്ക്കൊടിക്കയറിയ ചെത്തുകാരൻ പ്രഭാകരൻ നാട്ടുകാരുടെ കയ്യടി നേടി.

അതിശക്തിയായ ഒരു കുടച്ചിലിൽ കൈസർ കടി വിട്ടു തെറിച്ചു പോയി. അതിഘോരം കുരച്ചുകൊണ്ട് വീണ്ടും അവൻ ചാടിയെണീറ്റു. കുത്താനും തട്ടിത്തെറിപ്പിക്കാനുമാഞ്ഞ ആനയെ കബളിപ്പിച്ച് രണ്ട് പ്രാവശ്യം കൂടി കൈസർ കടിയുടെ വേദനയറിയിച്ചു. ഒരൊ ആക്രമണത്തിനും ജനം ഹർഷാരവം മുഴക്കി. പൊളിഞ്ഞു കിടന്ന വേലിയിലൂടെ മുന്നൊട്ടോടിയ കൈസറെ വന്യമായ ആവേശത്തോടെ ആന പിന്തുടർന്നു. തൊട്ടു തൊട്ടില്ലെന്ന നിലയിൽ അതിവേഗം മുന്നോട്ടു നീങ്ങിയ ആ രണ്ട് ജീവികളെ, നാട്ടുകാരും .

പീറ്ററിന്റെ പറമ്പിന്റെ ഇറക്കമിറങ്ങുമ്പോൾ ആന ഒന്നു നിന്നു. ആർത്തിരമ്പുന്ന ജനക്കൂട്ടത്തെ നോക്കി അതൊന്നു തിരിഞ്ഞു. ജനം ചിതറിയോടി. കുരകൊണ്ട് ആനയെ പ്രകോപിപ്പിച്ച് ഒരു വട്ടം വലം വച്ച് കൈസർ അതിനെ വീണ്ടും മുന്നൊട്ടു നയിച്ചു. പിന്തുടർന്ന ആന ഒരു നിമിഷം കാഴ്ചയിൽനിന്നു മാഞ്ഞു പോയതു കണ്ടു ജനം സ്തബ്ദരായി. കൈസറെ പിടിക്കാൻ മുന്നൊട്ടാഞ്ഞ ആന തൊട്ടു മുന്നിലെയ്ക്കുള്ള കല്ലുവെട്ടാം കുഴിയിലെയ്ക്കു താഴ്ന്നു പോവുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ആനയുടെ പരാക്രമം അവിടെ അവസാനിച്ചു. ജനം ആഹ്ലാദാരവം മുഴക്കി, കൈസറിനു ജെയ് വിളിച്ചു.

കൈസർ കുഴിക്കു ചുറ്റും നടന്നു. ആനക്ക്  അവിടേനിന്നു കേറാനാവില്ലെന്നുറപ്പു വരുത്തി. എന്നിട്ടു തിരിച്ചു ഓടി. ആനയെ വിട്ടു ജനം വീരനായകനെ പിന്തുടർന്നു. മുരളിയുടെ വീട്ടിലെത്തിയ കൈസർ മീനാക്ഷിക്കുട്ടിയെ ലാളിക്കുന്ന രാമൻ നായരേയും അയാൾക്കരികിൽ നിൽക്കുന്ന ദീപയെയും കണ്ട്  ഒരു പ്രത്യേക ശബ്ദത്തില്‍ കുരച്ചു.

രാമൻ നായർ കൈസറെ നോക്കി. ആ കണ്ണുകളിൽനിന്നു കണ്ണൂനീർ നിറഞ്ഞു തുളുമ്പി.

“കൈസറേ”  അയാൾ വിളിച്ചു.

കൈസർ അടുത്തു വന്ന് കൊച്ചു വാവയെ ഒന്നു മണത്തു. മൂക്കുകൊണ്ട് ഒന്നു തൊട്ടു. സന്തോഷസൂചകമായ ഒരു സ്വരം ഉണ്ടാക്കി. നായരുടെ ഒരു തലോടലിനു നിന്നു കൊടുത്തു, എന്നിട്ട് പതിയെ തിരിഞ്ഞു നടന്നു.

“ഡാ .. കൈസറേ” പടി കടന്നു പോകുന്ന കൈസറെ നോക്കി ഇടറുന്ന ശബ്ദത്തോടെ നായർ വിളിച്ചു. കൊച്ചിനെ ദീപയുടെ കയ്യിൽ കൊടുത്ത് അയാൾ കൈസറെ പിന്തുടർന്നു. അയാൾക്കു പുറകെ ഗ്രാമം മുഴുവനും കൂടി.

നായരുടെ  വീട്ടിലേയ്ക്ക് കൈസർ തിരിഞ്ഞപ്പോൾ നായർക്കു പുറമേ ജനക്കൂട്ടവും ആശ്വസത്തിൽ കുതിർന്ന നെടുവീർപ്പിട്ടു. താൻ മുൻപു കിടക്കാറുള്ള സ്ഥലത്തു ഒരു നിമിഷം കൈസർ നിന്നു. വറീതേട്ടന്റെ വീട്ടിൽനിന്നു ബ്രൂണോ എന്തൊ ശബ്ദമുണ്ടാക്കിയതു ശ്രദ്ധിച്ച് ഒരു നിമിഷം കൊണ്ട് ആ വേലി അവൻ ചാടിക്കടന്നു. വാല് കാലുകൾക്കിടയിലാക്കി പതുങ്ങിക്കിടന്ന ബ്രൂണോയുടെ അടുത്തെത്തിയ കൈസർ അവനെ ഒന്നു നോക്കി. അവർക്കു മാത്രം മനസ്സിലാവുന്ന ഭാഷയിൽ എന്തോ പറഞ്ഞു. ബ്രൂണോ എണീറ്റ് വാലാട്ടി സ്നേഹം പ്രകടിപ്പിച്ചു. താളത്തിലുയർന്ന കൈയ്യടികൾക്കിടയിൽ തിരിച്ചു വേലി ചാടിക്കടന്നു തന്റെ സ്ഥലത്തെത്തി അവൻ നായരെ നോക്കി. താഴെ കിടന്ന ചങ്ങലയുടെ അറ്റം കടിച്ചെടുത്ത് അവൻ നായരുടെ അരികിലെത്തി. അയാളുടെ വിരലുകളുടെ സ്പർശത്തിനായി മുറിവാൽ ആട്ടി അവൻ നിന്നു.

വിതുമ്പി കരഞ്ഞു കൊണ്ട് രാമൻ നായർ കൈസറിനരികെ നിലത്തിരുന്നു. കൈകൾ അവന്റെ കഴുത്തിലൂടെ ചുറ്റി നെറുകയിൽ ഒരു മുത്തം നൽകിക്കൊണ്ട് നിറഞ്ഞു തുളുമ്പിയ സ്നേഹത്തോടെ അയാൾ വിളിച്ചു..
“മോനേ..”

…………………………………………………………………………………………………..



കൈസർ, തന്റെ വീരക്ര്ത്യങ്ങൾ തൽക്കാലം അവസാനിപ്പിക്കുകയാണ്.