Powered By Blogger

Wednesday, June 15, 2011

സര്‍ കൈസര്‍

ഒന്നാംതരം കാലവർഷ മഴയുടെ താളക്രമങ്ങൾ ആസ്വദിച്ച് വേലുക്കുട്ടിയുടെ ചായക്കടയിൽ വെറുതെയിരിക്കുകയായിരുന്നു, രാമന്നായരും സംഘവും.
"ഇത്തവണ മഴ ഉഷാറാട്ടാ.."
"ഇന്ന് വൈന്നേരം തന്നെ അറപ്പത്തോട് കവിയും, ഉറപ്പാ."
"ന്നാ.. ഇന്ന് ഇറങ്ങ്വാല്ലേ?"
"എന്തിന്?"
"ഹ, ഇയാൾക്ക് ഒരു വിവരവുമില്ലല്ലോ. അല്ലേലും മഴ മേത്തടിച്ചാ പനി പിടിക്കണ താനൊന്നും വരൻഡ്രോ."
"നായരെ, താൻ ഒറ്റാലും കൂടെ എടുത്തോളൂ ട്ടോ."
"വെഷമം വിചാരിക്കരുത്. എടുക്കില്ല. കഴിഞ്ഞ ഊത്തല് പിടുത്തത്തിന് പോയി തിരികെ വരുമ്പോ രണ്ടഴി കളഞ്ഞട്ടാ ആ സാധനം തിരിച്ച് വീട്ടീ കേറീത്‌. മാക്കോതപ്പറയന്റെ പിന്നാലെ നാല് ചാല് നടന്നിട്ടാ അതൊന്ന് നന്നാക്കി കിട്ടീത്. ഞാൻ വേണേ എന്റെ വട്ടവലയെടുക്കാം."
"എന്നാ.. അങ്ങിനെ."
ചായക്കടയുടെ ഡസ്കിൽ വീണ പപ്പടവടത്തരികളെ സ്വന്തമാക്കാൻ വന്ന ഇക്കിളിയുറുമ്പുകളെ പതുക്കെ ആട്ടിപ്പായിച്ച് അതുകൂടെ വിരലുംകൊണ്ട് തോണ്ടി വായിലാക്കി മഴയുടെ അടുത്ത തോർച്ച നോക്കി നായരിരുന്നു.


മങ്ങിക്കത്തുന്ന വഴിവിളക്കുകൾ പിന്നിട്ട് ചാറിപ്പെയ്യുന്ന മഴയിൽ പാടത്തേയ്ക്കിറങ്ങുമ്പോൾ അവര് നാലുപേരുണ്ടായിരുന്നു. പാടത്തിനു നടുവിലൂടെ ഒറ്റയ്ക്കൊരു പെട്രോമാക്സ് നീങ്ങുന്നു.
"വേലായുധനാ.. ആ ശവി ഒറ്റയ്‌ക്കെ പോവൂള്ളല്ലോ."
"അയാൾ കിട്ടാണത് വിറ്റ് നാല് കാശുണ്ടാക്കാൻ പോന്നോണാ. നമ്മള് രസത്തിനും. അപ്പൊ അവൻ ഒറ്റയ്ക്ക് പോയാ മതി."
"പെട്രോമാക്സ് നനയ്ക്കല്ലേ ട്ടാ. ചില്ലുമ്മെ വെള്ളം വീണാ ചറപറാ പൊട്ടും."
"ഇയാളുടെ കോപ്പു ഇയാളെന്നെ പിടിച്ചോ. എന്റെല് എവറെഡീരെ അഞ്ചു സെല്ല് ടോർച്ചുൻഡ്രോ."

അങ്ങേ കരയിൽ, പിഷാരടീടെ കണ്ടങ്ങളിൽ ആരൊക്കെയോ വെളിച്ചവുമായി ഇറങ്ങിയിട്ടുണ്ട്.

"അമ്പോ, ദേ.. കോളടിച്ചു. ലോനപ്പന്റെ കണ്ടത്തീ നോക്കിയേ."
പെട്രോമാക്സിന്റെ വെളിച്ചത്തിൽ കണ്ടത്തിന്റെ ഒരു ഭാഗം മിന്നിത്തിളങ്ങി.
"മനോഹരാ ആ കഴയടച്ചോ, കുറുവക്കൂട്ടാ. പത്തുനാല്പതെണ്ണം കാണും."
അങ്ങനെ ഊത്ത കയറുന്ന മീനുകളെ പിടിക്കാൻ പരസ്പരം പ്രോത്സാഹിപ്പിച്ചും വെട്ടുകൊള്ളാതെ കബളിപ്പിച്ച് കടന്ന മീനുകളെക്കുറിച്ച് കളിയാക്കിയും സമയം പാതിരയായി.

"മതി. ഇനി ഇമ്മക്ക് പോവാ."
"ഹൈ.. മ്മള് തോടിന്റെ ഭാഗത്തേയ്ക്ക് എത്തീട്ടില്ല. നല്ല ബ്രാലോക്കെ കേറി വരണത് അവടന്നല്ലെ."
"തനിക്കു ഈ മീൻ പോരടോ നായരെ? വീട്ടില് വേറെ ആരും തിന്നേമില്ല."
"ഞാൻ തിരിച്ചു പോവാ."
"അല്ലടാ, ഈ വലേം കൊണ്ട് വന്നിട്ട്... ഒന്ന് എടത്തോട്ടീ എങ്കിലും കുത്താണ്ട്.."
"താൻ പോയി കുത്തിക്കോ."
"ഞങ്ങ പോവാ."
"ദാ തന്റെ പങ്കിന്നോ."
"അല്ലെങ്കിലും ഈ മൈ..കളെ കൊണ്ടൊന്നും ഇറങ്ങരുത്. ശവങ്ങള്."
ഉറക്കെ തെറി പറഞ്ഞുകൊണ്ട് വലേം സഞ്ചിയുമായി നായര്‌ മുന്നോട്ടു നടന്നു.

അറപ്പത്തോട്‌ കവിഞ്ഞിട്ടുണ്ട്.
നായര്‌, ഇടത്തോട്ടിൽ വല കുത്തി.
നല്ലൊരു മഴ പെയ്തു. വലയിലെന്തോ തൊട്ടു. പിടഞ്ഞു തിരിയും മുമ്പ് നായര് വല പൊക്കി. രണ്ടു കിലോയോളം വരുന്നൊരു വാളയായിരുന്നു അത്.
"ആ ശവികൾ പോയത് നന്നായി, അല്ലേൽ ഇത് പങ്കു വയ്‌ക്കേണ്ടി വന്നേനെ." അയാൾ മനസ്സിൽ പറഞ്ഞു.
രണ്ടുമൂന്നു ചെറുമീനുകൾ കൂടി വലയിൽ കുടുങ്ങി. എവിടെനിന്നോ ഒലിച്ചു വന്ന മരക്കഷണങ്ങളും പട്ടികകളും വലയിൽ കയറിത്തുടങ്ങിയപ്പോൾ അയാൾ വല പൊക്കി.

ഇത് അവസാനത്തെ.. എന്നൊരു പ്രസ്താവന സ്വയം നടത്തി, അയാൾ കുറച്ച് കഴിഞ്ഞപ്പോൾ വല വച്ചു. ഇത്തവണ വലയിൽ കുടുങ്ങിയ വിചിത്ര ജീവിയെ കണ്ട് അയാൾ അമ്പരന്നു. നീർനായക്കുഞ്ഞാണോ..? ടോർച്ച് തെളിയിച്ചു അയാൾ വല കുടഞ്ഞു.

അതൊരു നായ്ക്കുട്ടിയായിരുന്നു. തണുത്ത് വിറങ്ങലിച്ച് അത് തോട്ടുവക്കിൽ ചുരുണ്ടു കിടന്നു.
"മനുഷ്യനെ പേടിപ്പിക്കാൻ.. കുരിപ്പ്."
കല്ലും കമ്പും നീക്കി അയാൾ വല ചുരുട്ടി.
തോട്ടുവക്കീന്നു പാടത്തിന്റെ വരമ്പിലേക്കിറങ്ങുമ്പോൾ നായര് ടോർച്ച്, ഒന്നുകൂടെ തെളിയിച്ചു തിരിഞ്ഞു നോക്കി.
കണ്ണുതുറന്ന്, ദയനീയമായി വിറച്ചുകൊണ്ട് ആ നായ്ക്കുഞ്ഞു  അയാളെ തിരിച്ചും..


.......................................


കാലം കടന്നു പോയി..

വെലുക്കുട്ടിയുടെ ചായക്കട, മോഹനന്റെ ബാര്‍ബര്‍ഷാപ്, എരുമയെ തേച്ചു കഴുകാന്‍ കൊണ്ട് പോകുന്ന കനാല്‍ എന്നീ മീറ്റിംഗ് പ്ളേസുകളില്‍ ശൂരതയുടെ പര്യായമായി രാമന്‍ നായര്‍ അവതരിപ്പിക്കുകയും പല ആളുകളും 'എന്നെ കടിക്കാന്‍ വന്നു', 'ലവനെ ഓടിച്ചു'..എന്നീ അനുഭവ കഥകളാല്‍ പൊടിപ്പും തൊങ്ങലും വെയ്ക്കുകയും ചെയ്തതോടെ 'കൈസര്‍' നാട്ടിലെ 'സര്‍' പദവി നേടിയ ആദ്യത്തെ പട്ടി ആയി മാറി. രാമന്‍ നായരുടെ പറമ്പില്‍ കശുവണ്ടി പെറുക്കാനോ കണ്ണിമാങ്ങാ എറിഞ്ഞിടാനോ പിള്ളേര് പോലും കയറാതെയുമായി.

"പട്ടിയെ കെട്ടിയിട്ടില്ലേ?" എന്ന് പടിക്കല്‍ നിന്ന് വിളിച്ചു ചോദിച്ചിട്ടേ ആരും രാമന്‍ നായരുടെ വീട്ടിലേയ്ക്ക് കയറൂ എന്ന അവസ്ഥയും.

അങ്ങിനെ, രാമന്‍ നായരുടെ 'കൈസര്‍' നാട്ടിലെങ്ങും (കു)പ്രസിദ്ധനായി വാഴുന്ന കാലം!
കഥയോന്നുമറിയാത്ത ഒരു അകന്ന ബന്ധു ഒരിക്കല്‍ രാമന്‍ നായരെ കല്യാണം വിളിക്കണോ മറ്റോ വന്നു. പട്ടണത്തിൽ നിന്ന് എപ്പോഴോ സ്റ്റിക്കർവർക്കു ചെയ്യിച്ചു കൊണ്ട് വന്നു പുഷ്പന്റെ വർക് ഷോപ്പിൽ പണിയിച്ച ബോർഡിലെ "നായയുണ്ട് സൂക്ഷിക്കുക" എന്നോ അത് തിരുത്തി  'നായരുണ്ട് സൂഷിക്കുക' എന്ന് വികൃതികൾ പണി കൊടുത്തതോ വായിക്കാനുള്ള വിദ്യാഭാസം സാക്ഷരതാക്ലാസിൽ പോയിട്ടും കൈ വരാതിരുന്ന ആ അതിഥി അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ടു കാലു വച്ചു. പൂഴിമണ്ണില്‍ ഒരു ബെഡ് സെറ്റ് ചെയ്തു, വാലിലെ ചെള്ളുകളെ തെരഞ്ഞു പിടിച്ചുകൊണ്ടിരുന്ന കൈസര്‍ തലപൊക്കി നോക്കിയപ്പോള്‍ തമിള്‍ സിനിമയിലെ ഹാസ്യ നടന്മാരെപ്പോലെ ഒരാള്‍ കൂസലില്ലാതെ കയറി വരുന്നു.
കൈസര്‍ ഒന്ന് മുരണ്ടു..

വടിവേലു സ്റ്റൈലില്‍ ആഗതന്‍ ഒന്ന് നിന്ന്..വീണ്ടും മുന്നോട്ടു ചുവടു വച്ചു.
കൈസര്‍ എണീറ്റ്‌ പൊടിയൊന്നു കുടഞ്ഞു, മുരളലിനെ കുരയാക്കി മാറ്റി.

വടിവേലു 'പോടാ പട്ടി' എന്ന് ഈച്ച റോളില്‍ പറഞ്ഞുകൊണ്ട് മുന്നോട്ടു തന്നെ!

അഭിമാനക്ഷതത്താല്‍ അയാളെ കടിച്ചു കുടയാന്‍ മുന്നോട്ടു കുതിച്ച കൈസര്‍ സെക്കണ്ടുകള്‍ക്കിടയില്‍ അതിഥി ഒരു ട്രാൻസ്ഫോർമേഴ്‌സ് സ്റ്റൈലിൽ ഒരു ശിലായുഗ ജീവിയായി രൂപമാറ്റം ചെയ്യുകയും  താഴെനിന്നെടുത്ത ഓടിന്റെ ചീള് ഉന്നം പിടിക്കുകയും ചെയ്ത കാഴ്ച കണ്ടു ബ്രേക്ക് ഇട്ട പോലെ നില്‍ക്കുകയും അവന്റെ അച്ഛന്‍ (സോറി, ആളെ ഉറപ്പാക്കിയിട്ടില്ല, DNA ടെസ്റ്റ്‌ നടക്കുന്നുണ്ട്! ) ചെയ്യുന്ന പോലെതന്നെ, കാലുകള്‍ക്കിടയില്‍ തിരുകിയ വാലുമായി വീടിനു പുറകിലോട്ടു അപ്രത്യക്ഷനാവുകയും ചെയ്തു.

ഏതോ സീരിയലിന്റെ ഉച്ച സമയത്തെ പുനഃസംപ്രേഷണ രോദനത്തിന് പിന്നാലെ കോളിംഗ് ബെല്‍ കേട്ടാണ് രാമന്‍ നായര്‍ വാതില്‍ തുറന്നത്.

'ഹേ .. ഇതാര വന്നേക്കണേ.. '
എന്ന കുശലത്തിനു പിന്നാലെ ആശ്ചര്യം ആവോളം മേമ്പൊടി ചേര്‍ത്ത്, വന്നയാളുടെ പിറകിലേയ്ക്ക് നോട്ടം അയച്ചുകൊണ്ട് അടുത്ത ചോദ്യം..

'കുര ഒന്നും കേട്ടില്ലല്ലോ, കടി കിട്ടാതെ എങ്ങിനെ ഇവിടം വരെയെത്തി? കൈസറവടെ ഉണ്ടായിരുന്നില്ലേ?'

'കൈസറോ? ആ പട്ടിയാ? ഞാനൊരു കല്ലെടുതപ്പോ അത് വീടിന്റെ ബാക്കിലെയ്ക്ക് പോയീണ്ട്."

രാമന്‍ നായര്‍ ആകെ വിളറി, ചമ്മി, നാറി.. ക്രിക്കറ്റ്‌ ഭാഷയില്‍ പറഞ്ഞാല്‍ നാല് ബോള്‍ അടുപ്പിച്ചു ബീറ്റെന്‍ ആയി ....
പക്ഷെ, ഒരു നിമിഷംകൊണ്ട് മനസ്സാനിധ്യം വീണ്ടെടുത്ത്‌ സ്റ്റെപ് ഔട്ട്‌ ചെയ്തു ആഞ്ഞടിച്ചു..

"ഹ ഹ ..മ്മടെ കൈസറോ? ഓടീന്നാ?
നല്ല കഥയായ്..
കടി കിട്ടണ്ടെങ്കില്‍ വേഗം അകത്തേയ്ക്ക് കയറിക്കോ.
നിനക്കൊന്നും അവന്റെ സ്വഭാവമറിയില്ല,.
ഓടി വന്നു കടിക്കാന്‍ അവന്‍ വീടിനു പുറകിലേയ്ക്ക് ആച്ചിലെടുക്കാന്‍ പോയതാ!!"

സിക്സര്‍..

അതിഥി ധിം!


അനുബന്ധം:
മറ്റൊരിക്കല്‍ നാലാളുടെ മുന്‍പില്‍ വച്ച് കൈസറിന്റെ അനുസരണശീലം കാണിക്കാന്‍ രാമന്‍ നായര്‍
"ഇവിടെ വാടാ കൈസറെ " എന്ന് പറഞ്ഞു..
കേള്‍ക്കേണ്ട താമസം കൈസര്‍ ഒപോസിറ്റ് ദിശയിലേയ്ക്ക് ഒറ്റ പോക്ക്!
"എന്നാ പിന്നെ പോയിട്ട് വാ" എന്നായി നായര്‍!

7 comments:

Anonymous said...

sathyam parayallo chirichu vayandayi.. sir kaisar. nattinpurathiny=te sudhiyulla narmam.

animeshxavier said...

Thank you Thank you.. njaan vinaya kunjukithanaayi

അജീഷ് ജി നാഥ് അടൂര്‍ said...

ഹഹഹ..കിടു ആയി....ചിരിച്ചു...ഇതൊന്നും ആരും കണ്ടിട്ടില്ലേ..

gopipuli said...

superb !!!

dittish said...

ഹാ ഹാ, കലക്കി

© Mubi said...

ഹഹഹഹഹഹ.......ചിരിപ്പിച്ചു കൊല്ലാൻ തന്നെയാണ് ഭാവം, അല്ലേ ??

ajith said...

സര്‍ കൈസര്‍ വരുന്നേന് മുന്‍പ് ഞാന്‍ ഓടട്ടെ.