എട്ടില്‍നിന്ന് ഒമ്പതിലെയ്ക്ക് ജയിച്ചു സസന്തോഷം പുതിയ ക്ലാസ്സിലേയ്ക്ക് എത്തിയ ഞങ്ങളെ പ്രതീക്ഷിച്ചു അവരുണ്ടായിരുന്നു.
സുരേഷ് - എട്ടില്‍ രണ്ടു കൊല്ലത്തെ കൈലുകുത്ത് കഴിഞ്ഞു ഒമ്പതില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥി
ജോസ് - ഒമ്പതില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥി
ജോണ് - എട്ടില്‍ രണ്ടു കൊല്ലം കഴിഞ്ഞു ഒമ്പതില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി
ഞങ്ങളില്‍ പലരും ട്രൌസറും പാന്റുമൊക്കെ ധരിച്ചാണ് ചെന്നതെങ്കിലും ഈ സഖാക്കള് മുണ്ടുടുതായിരുന്നു ക്ലാസ്സില്‍ അവതരിച്ചിരുന്നത്.
''ആഹ.. നമ്മുടെ അമ്മാവന്മാരൊക്കെ ഇക്കൊല്ലവും ഉണ്ടല്ലോ..'' എന്ന് മലയാളം ടീച്ചറും
'ബാക്കി കുട്ടികളെ ശല്യപ്പെടുത്തരുത് ' എന്ന് മറ്റു അധ്യാപകരും ആമുഖ ക്ലാസ്സുകളില്‍ ഇവര്‍ക്ക് ആശംസകള്‍ നേര്ന്നതോടെ ഞങ്ങള്‍ക്ക് ഏകദേശം ധാരണയായി.
പേടി കലര്‍ന്ന ബഹുമാനം എല്ലാവരും അവര്‍ക്ക് നല്‍കി.
ത്രിമൂര്‍ത്തികള്‍ ക്രമേണ ഞങ്ങളുടെ സുഹൃത്തുക്കളായി..
മറ്റു ക്ലാസ്സുകളിലെ പിള്ളേര്‍ തല്ലുകൂടാന്‍ വന്നാല്‍ ഇവരെ വച്ച് ഞങ്ങള്‍ തിരിച്ചടിച്ചു.
സ്പോര്‍ട്സ് ഉം ആര്‍ട്സ് ഉം ത്രിമൂര്‍ത്തികളുടെ പിന്തുണ കൊണ്ട് ഞങ്ങള്‍ വിജയികളായി.
'ടൈം ടേബിള്‍ ഫീസ് ' വേണമെന്ന് പറഞ്ഞു (ഇല്ലെങ്കില്‍ ഏതാ പരീക്ഷ എന്ന് അറിയാന്‍ പറ്റില്ലെത്രേ!) വീട്ടീന്ന് കാശു അടിച്ചു മാറ്റിയും 'ലോഗരിതം ടേബിള്‍ 'ന്റെ കാലോടിഞ്ഞതിനു കൊമ്പന്സഷന്‍ വേണമെന്ന് പറഞ്ഞു കാശ് തരമാക്കിയും മഹാ ത്രയങ്ങള്‍ ഞങ്ങളെ രസിപ്പിക്കുകയും പല്ലോട്ടി അഥവാ ടാര്‍ മിട്ടായി, നാരങ്ങ സത്ത്, പൊട്ടു കടല എന്നിവ വാങ്ങി തരുകയും ചെയ്തുപോന്നു.
ഒരിക്കല്‍ അധ്യാപകനില്ലാതെ അപസ്വരമായിക്കൊണ്ടിരുന്ന ഞങ്ങളു ടെ ക്ലാസ്സിലേയ്ക്ക് ബഹളം ശമിപ്പിക്കാന്‍ തൊട്ടടുത്ത ക്ലാസ്സിലെ ടീച്ചര്‍ വന്നു..
സൈലന്‍സ് ..(അകമ്പടിയായി ചൂരലുകൊണ്ട് മേശമേല്‍ ഒരടി) ആരാ നിങ്ങള്ക്ക് ഈ ഹവര്‍?
ജോസിന്റെ നിര്‍ദ്ദേശപ്രകാരം അവന്റെ തൊട്ടു മുന്നില്‍ ഇരുന്നിരുന്ന സ്കൂളില്‍ പുതിയതായി ചേര്‍ന്ന കുട്ടി - ജൈസണ്‍ നിഷ്കളങ്കം പറഞ്ഞു..
'ഘോരന്‍ മാഷാ .. '
ക്ലാസ് മുഴുവന്‍ അട്ടഹസിച്ചു ചിരിച്ചു.
വന്ന ചിരി കടിച്ചമര്‍ത്തി ടീച്ചര്‍ സ്ഥലം കാലിയാക്കി.
സുകുമാരന്‍ എന്ന സയന്‍സ് മാഷുടെ ഇരട്ടപ്പേരാണ് അതെന്നു അറിയാത്തതായി ആ പാവം മാത്രമേ ആ സ്കൂളില്‍ ഉണ്ടായിരുന്നുള്ളൂ!
ഇടയ്ക്ക്, തലവേദന, വയറിളക്കം മുതലായ അസുഖങ്ങളാല്‍ ഇവരിലാരെങ്കിലും മുടങ്ങിയാല്‍ പിറ്റേന്ന് ഞങ്ങള്‍ക്ക് അടുത്ത തിയ്യേറ്ററില്‍ ഓടുന്ന പീസ് പടത്തിന്റെ കഥ കേള്‍ക്കാം.
അങ്ങിനെ.. മുണ്ട് മുഷിയാതിരിക്കാന്‍, ഇരിക്കുമ്പോള്‍ അത് ജെട്ടിയ്ക്ക് മുകളിലേയ്ക്ക് കയറ്റി വച്ചും, ഇത്തിരി പ്രായോഗിക ബുദ്ധി കുറഞ്ഞവരെ നെടു നെടുങ്കനായി പറ്റിച്ചും
വിരാജിച്ചിരുന്ന ത്രിമൂര്‍ത്തി കളെ ചുറ്റിപ്പറ്റി ആ ദിവസങ്ങള്‍ മുന്നോട്ടു പോയി.
പരീക്ഷകളില്‍ സുരേഷ് പാസ്സ്മാര്‍ക്ക് വാങ്ങിത്തുടങ്ങിയപ്പോള് ആണ് എല്ലാ അധ്യാപകരും അവനെ പ്രശംസകൊണ്ട് മൂടി തുടങ്ങിയത് ..
'ഇത് നേരത്തെ ആകാമായിരുന്നില്ലേ, എത്ര കൊല്ലം കളഞ്ഞു' എന്നൊക്കെ പറഞ്ഞു കേട്ട്
' ഓ.. ഞാനിതൊക്കെ വേണ്ടാന്നു വച്ചിട്ടല്ലേ' എന്ന റോളില്‍ സുരേഷ് നിന്നു!
കഷ്ടപ്പെട്ട് ഉറക്കമോളിച്ചിരുന്നു പഠിക്കുകയും എല്ലാ പരീക്ഷയ്ക്കും അറുപതു ശതമാനത്തിനു മുകളില്‍ മാര്‍ക്ക് വാങ്ങുകയും ചെയ്യുന്ന പിയെസ് സുരേഷ് എന്ന പാവത്താന്റെ ഉത്തരങ്ങള്‍ അവനെ ഭീഷണിപ്പെടുത്തി പകര്‍ത്തി എഴുതുന്നതാണ് തന്‍റെ മാര്‍ക്കിന്റെ രഹസ്യമെന്ന് ജോസിനോടും ജോണിനോടും വരെ കഥാനായകന്‍ പറഞ്ഞില്ല.. മറ്റുള്ളവര്‍ അറിഞ്ഞാല്‍ കിട്ടുന്ന അടിയുടെ പേടിയില്‍ പിയെസ് സുരേഷും പറഞ്ഞില്ല!!
അരക്കൊല്ല പരീക്ഷയുടെ ഹിസ്റ്ററി ഉത്തര പേപ്പര്‍ തന്നു കഴിഞ്ഞു..
സുരേഷിന്റെ പേപ്പര്‍ മാത്രം ഇല്ല.
'എന്‍റെ പേപ്പര് കിട്ടിയില്ല ' എന്ന പ്രസ്താവനയ്ക്ക്
'മഹാനായ സുരേഷ് .. ഇങ്ങു വരൂ' എന്നാണ് 'മൂരിക്കുട്ടി' എന്നറിയപ്പെടുന്ന മേരിട്ടീച്ചര്‍ മറുപടിയായി പറഞ്ഞത്..
'നോക്കൂ.. ഇതാണ് മഹാനായ സുരേഷ്.
ആര്‍ക്കു വേണ്ടിയാ നീയൊക്കെ പഠിക്കാന്‍ വരുന്നത്? വീടിനോ നാടിനോ പ്രയോജനം വേണ്ട.. രാജ്യത്തിനോടെങ്കിലും ഒരിത്തിരി നീതി പുലര്‍ത്ത ണ്ടേ..
സ്വാതന്ത്ര്യത്തിനായി എത്ര പേരുടെ ചോര വീണു കുതിര്‍ന്ന മണ്ണിലാണ് നീയൊക്കെ നട്ടെല്ലും നീര്‍ത്തി നില്‍ക്കുന്നതെന്നരിയുമോ?...... ...'
ഞങ്ങള്‍ക്കെന്നല്ല സുരേഷിനും എന്താ കാര്യമെന്ന് മനസ്സിലായില്ല.
'ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ ആര്‍ എന്ന ചോദ്യത്തിന് ഈ മഹാന്‍ എഴുതി വച്ച ഉത്തരം കേള്‍ക്കണോ.. കല്‍ക്കരി !!'
ക്ലാസ് മൊത്തം അമ്പരന്നു.. പിന്നെ കൂട്ടചിരിയിലെയ്ക്ക് വഴിമാറി.
'എന്തിനാടാ രാജ്യത്തെക്കൂടി അവഹേളിക്കുന്നത്? ഒന്നും എഴുതിയില്ലെങ്കിലും ഈ രാജ്യദ്രോഹം എഴുതി വച്ചതെന്തിനാ?..
പറഞ്ഞിട്ടും കാര്യമില്ല, തല്ലീട്ടും കാര്യമില്ല.. ഒരു കാര്യം ചെയ്യ്.. നാളെ അച്ഛനേം വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി. കല്‍ക്കരിവിശേഷം അച്ഛനും അറിയട്ടെ.'
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ വായും പൊളിച്ചു സുരേഷ് ഒടിഞ്ഞു തൂങ്ങിയ തലയുമായി സീറ്റില്‍ വന്നിരുന്നു.
എന്തിനെയും നിസ്സാരമായി എടുക്കാറുള്ള സുരേഷിന്റെ കണ്ണുകളില്‍ ആദ്യമായി കണ്ണീര്‍ പൊടിഞ്ഞത് ഞങ്ങള്‍ കണ്ടു.
പിറ്റേന്ന് എന്നല്ല .. പിന്നീട് സുരേഷ് ക്ലാസ്സില്‍ വന്നെ ഇല്ല.
കുറെ നാളുകള്‍ക്കു ശേഷം ഒരു കടയുടെ മുന്നില്‍ നിറുത്തിയിരുന്ന ലോരിയില്‍നിന്നു അങ്ങാടി സിനി മയിലെ ജയനെപ്പോലെ പച്ചക്കറിചാക് ക് ഇറക്കുന്ന സുരേഷിനെ ഞാന്‍ കണ്ടു.
'രാജ്യദ്രോഹി' സുരേഷ് പഠിപ്പ് നിറുത്തി എന്ന് ഞങ്ങള്‍ സ്തിതീകരിച്ചു.
വര്‍ഷാവസാന പരീക്ഷയുടെ അവസാന ദിവസം.. മറ്റെല്ലവരേം ഒഴിവാക്കി പിയെസ് സുരേഷ് എന്നോട് പറഞ്ഞു..
'ഡാ സുരേഷ് പഠിപ്പ് നിര്‍ത്താന്‍ കാരണം ഞാനാ..
എല്ലാ ഉത്തരവും കോപ്പി അടിക്കുന്നതിലുള്ള ദേഷ്യം കാരണം ഞാന്‍ ഒമ്പതാമത്തെ ചോദ്യത്തിന് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്ന ഉത്തരത്തിനു പകരം കല്‍ക്കരി എന്ന് എഴുതി.
എന്നിട്ട് അവസാനം പേപ്പര്‍ കൊടുക്കാന്‍ നേരം വെട്ടി ശരിയുത്തരമാക്കി.
അവന്‍ അത് അങ്ങിനെതന്നെ പകര്‍ത്തി വച്ചതാ പ്രശ്നമായത്. പാവം .'
പഠിപ്പ് നിര്‍ത്തിയതുകൊണ്ട് ജീവിതത്തില്‍ എങ്ങുമെത്താതെ പോകുന്ന സുരേഷിനെക്കുറിച്ച് എനിക്ക് ആശങ്കയൊന്നും തോന്നിയില്ല.
പക്ഷെ , 'രാജ്യദ്രോഹി' എന്ന വിളി കേട്ട് .. എന്ത് കുറ്റമാണ് ചെയ്തതെന്ന് പോലും മനസ്സിലാകാതെ നിന്ന അവന്റെ കണ്ണില്‍ പൊടിഞ്ഞ കണ്ണീര്‍ക്കണങ്ങളുടെ തിളക്കം ഇന്നും എന്നെ അലോസരപ്പെടുത്തുന്നുണ്ട്.
7 comments:
ഒരു ഉസ്കൂള്‍ പോസ്റ്റിനുള്ള പ്രചോദനം, നന്നായിട്ടുണ്ട്, ഇനിയും ഇനിയും പോരട്ടെ !
പാവം...........!! എന്നാലും ഇങ്ങനെ ഒരു ദ്രോഹം ആ പാവത്തിനോട് വേണ്ടീരുന്നില്ല...!
ഓര്‍മ്മക്കുറിപ്പുകള്‍ ഇനിയും പോരെട്ടെ..അനിയേട്ടാ..:)
നന്നായിട്ടുണ്ട് അനിമേഷേ...
അടുത്തത് പോരട്ടേ...
Thanks to Surya, Sneha and my inspiration - Sajeev
rajyadrohi avasanam oru melodrama ayallo. adr\yam muthal humor konduvannu avasanam sad end..
mood sarikkum mattikalanju tto
Thanks Nivin
Post a Comment