Tuesday, July 17, 2012

ഹൃദയത്തിന്റെ കയ്യൊപ്പ്.


എന്തോ പണിയില്‍ തലകുത്തി മറിയുമ്പോള്‍ ഓഫീസ് ഫോണില്‍ പ്രിയയുടെ വിളി വന്നു..

"എടാ.. നീയൊന്നു വന്നെ.
ഞാന്‍ ഇവിടെ, ടൗണ്‍ ഹാളിന്റെ മുന്‍പില്‍ വെയ്റ്റ് ചെയ്യുന്നു. വേഗം."

ആ വിളിക്ക് മറുപടിയായി എക്സ്ക്യൂസുകളില്ല.
എന്‍റെ സര്‍വ്വത്ര കാര്യങ്ങളും അറിഞ്ഞിട്ടുള്ള വിളിയാണ്.

"പോലീസുകാരുടെ ഇടി മാതിരിയാണ് നിന്റെ ചില വിളികള്‍" ഞാന്‍ കളിയാക്കും.
"അതെന്താ?"
"രണ്ടിനും. തടയില്ലല്ലോ.."
"പോടാ.. ഓ, ഞാന്‍ വിളിച്ചിട്ട് നീയങ്ങു നശിച്ചു പോയി!"
"ചുമ്മാ പറഞ്ഞതാട്യപ്പാ.. ഇനി അതും പറഞ്ഞു തല്ലു കൂടണ്ട."

അതാണവള്‍.. 
അതാണ്‌ ഞങ്ങള്‍ തമ്മിലുള്ള ഒരു ഇരിപ്പുവശം.

ചെന്നു. 
കാണാനില്ലല്ലോ, എവിടെപ്പോയി എന്ന് തിരയുമ്പോള്‍ റോഡിനു അപ്പുറത്ത് ചായക്കടയുടെ മുന്നീന്ന് വിളി വന്നു.

"ദേ, ഇവിടെ.."
"അത് ശരി, അവിടെ പോയി നിക്ക്വാ?" 

റോഡ്‌ ക്രോസ് ചെയ്തു ചെല്ലുമ്പോള്‍ അവളുടെ കൂടെ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നത് കണ്ട് തിരക്കില്‍നിന്നു വിളിച്ചു വരുത്തിയതിനു അവളെ പറയാന്‍ വച്ചിരുന്ന തെറികള്‍ ഞാന്‍ വിഴുങ്ങി.
ഇതേതാ പുതിയ അവതാരമാവോ?
ഞാന്‍ ഡീസന്റായി.

"ചേട്ടാ.. ഇത് വിനോദ്. എറണാകുളത്ത് ഒരു സെന്‍ട്രല്‍ ഗവര്‍മെന്റ്റ് ഓഫീസില്‍ വര്‍ക്ക് ചെയ്യുന്നു."

ഞാന്‍ 'ഹലോ' പറഞ്ഞു കൈ കൊടുത്തു.

"ഇതാണ്  ഞാന്‍ പറഞ്ഞ കക്ഷി. എന്‍റെ ഫ്രണ്ട്.. ചേട്ടന്‍ എന്ന് പറയാം."

എന്നെ തിരിച്ചു പരിചയപ്പെടുത്തി.
ഞാന്‍ ആകെ ചിന്താഭാരത്തിലായി. 
അവളെക്കാള്‍ ഏഴു മാസം മൂപ്പുള്ള എന്നെ "ചേട്ടാന്നു വിളിയെടീ.. നിന്നെക്കാള്‍ ഒരോണവും ക്രിസ്തുമസും ഞാന്‍ കൂടുതല്‍ ഉണ്ടിട്ടുണ്ടെന്നു" പല ഭാവങ്ങളില്‍ പറഞ്ഞിട്ടും വിളിക്കാത്ത ഞാന്‍ പെട്ടെന്നെങ്ങിനെ ചേട്ടനായി! ഇത് വല്ല നമ്പരും ആണോ? ഇവളുടെ കാര്യം ഒന്നും പറയാന്‍ പറ്റില്ല. വല്ലാണ്ട് ശല്യം ചെയ്ത ഒന്ന് രണ്ട് ചുള്ളന്മാരെ നേരെ എന്‍റെ മുന്നേ കൊണ്ട് നിര്‍ത്തീട്ടുണ്ട്‌. ഇതിപ്പോ.. ഏയ്‌.. ചങ്ങാതീടെ വേഷം, പ്രായം ഒക്കെ നോക്കുമ്പോ അതാവാന്‍ വഴിയില്ല.
വിനോദ് കൌതുകത്തോടെ ഞങ്ങളെ വീക്ഷിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചു.
എന്നാലും എനിക്ക് അവളോടു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"എപ്പോളാടീ പൊട്ടീ ഞാന്‍ നിന്റെ ചെട്ടനായത്?"
"ദിപ്പോ, ആവശ്യം വരുമ്പോളല്ലേ ഒരാളെ അങ്ങിനെ ആക്കാന്‍ പറ്റൂ.." ഒരു നിമിഷം വൈകാതെ അവള്‍ തിരിച്ചടിച്ചു.

ഞാന്‍ തോറ്റു!

"നിനക്ക് ഞാന്‍ തരാ ട്ടാ"
"ചേട്ടോ.
വിനോദ് എന്നെ പെണ്ണ് കാണാന്‍ വന്നതാ.
അപ്പൊ ഉത്തരവാദിത്വപ്പെട്ടവര്‍ ആരെങ്കിലും ഒപ്പം വേണ്ടേ?
അതല്ലേ നിന്നെ ചേട്ടനാക്കിയത്!"

ഞാന്‍ വാ പൊളിച്ചു.

"വായടയ്ക്ക്..ഈച്ച കേറും" അവള്‍ പറഞ്ഞു.

"ഞാന്‍ വിളിച്ചപ്പോള്‍ തന്നെ, ഇങ്ങിനെ ഒരാളെക്കുറിച്ച് പറഞ്ഞിരുന്നു. നേരിട്ട് വന്നു കണ്ടിട്ട് നിങ്ങളോട് രണ്ട് പേരോടും സംസാരിച്ചിട്ടു മതി വീട്ടില്‍ ചെന്നു കാണല് എന്ന് കരുതി." വിനോദ് പറഞ്ഞു.

"ഓക്കെ.. അത്.. അത് മതി." മൊത്തത്തില്‍ കണ്ഫ്യൂഷനിലാണെങ്കിലും മനസ്സില്‍ ഞാന്‍ അവളുടെ ചേട്ടനായി മാറി.
"നമുക്ക് ഓരോ ചായ കുടിച്ച് സംസാരിക്കാം? ഇവിടെ വേണ്ട, കോഫീ ഹൗസില്‍ പോകാം." ഞാന്‍ അവരെ ക്ഷണിച്ചു.

ഒരു ടേബിളിനു ചുറ്റും ഞങ്ങള്‍ മൂന്നുപേരും ഇരുന്നു.

"ചായയല്ലേ?" ഞാന്‍ വിനോദിനോട്‌ ചോദിച്ചു.
"യെസ്.. കടുപ്പം കുറവ്."
"രണ്ട് ലെയ്റ്റ്  ചായ, ഒരു ബ്ലാക്ക് ടീ." ഞാന്‍ ഓര്‍ഡര്‍ കൊടുത്തു.
"ബ്ലാക്ക് ടീ ഇവള്ക്കാ.. പണ്ടെങ്ങാണ്ട് പശു പ്രസവിക്കണ കണ്ടു എന്ന് പറഞ്ഞു, പാല് കുടിക്കില്ല."
"പോടാ.. അതുകൊണ്ടൊന്നുമല്ല കേട്ടോ."

വിനോദ് ചിരിച്ചു. ഞങ്ങളെ സാകൂതം നോക്കി. 

"എനിക്കിഷ്ടമായി.."
"അത് ശരി.. അത്രേം എത്തിയോ?" 
"അയ്യോ.. അതല്ല.. നിങ്ങളുടെ ഫ്രണ്ട്ഷിപ്പ്."
"താങ്ക് യു. പക്ഷെ, ഞങ്ങള്‍ തമ്മിലുള്ള അടി കണ്ടാല്‍ വിനോദ് ബോധം കേട്ട് വീഴും."

ഹ ഹ.. വിനോദ് ചിരിച്ചു.

ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. പരസ്പരം കൂടുതല്‍ പരിചയപ്പെട്ടു. വിനോദ് പ്രിയയുടെ ക്ലാസ്മേറ്റിന്റെ അയല്‍ക്കാരനാണ്.ആ കുട്ടി പറഞ്ഞാണ് ഈ കല്യാണാലോചന വന്നത്. ഞാന്‍ പ്രിയയുടെ വീട്ടിലെ കാര്യങ്ങള്‍ പറഞ്ഞു. രാവിലെ ആറര മുതല്‍ വൈകീട്ട് ആറര വരെ വിവിധ ഇന്‍സ്റ്റിട്യൂട്ടുകളില്‍ ക്ലാസേടുക്കുന്നതിനെക്കുറിച്ച് , ഞായറാഴ്ച പോലും ഒഴിവില്ലാത്തതിനെക്കുറിച്ച് , ഉത്തരവാദിത്വമില്ലാത്ത അച്ഛനെക്കുറിച്ച്, വെറും പാവം അമ്മയെക്കുറിച്ച്, സ്വന്തം കാര്യം നോക്കി പോയ ചേച്ചിയെക്കുറിച്ച്, അനിയത്തിയുടെ പഠനത്തെക്കുറിച്ച്, വീട്ടുചെലവുകള്‍ മുഴുവന്‍ നടത്തിക്കൊണ്ടു പോകുന്നതിനെക്കുറിച്ച്, ഒരു കല്യാണം നടത്തേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച്...

പെങ്ങള്‍ക്ക് കല്യാണാലോചന വന്നപ്പോള്‍ എന്‍റെ വീട്ടില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ എത്ര പേരുണ്ടായിരുന്നു എന്നു ഞാന്‍ ഇടയില്‍ ആലോചിച്ചു. ഇതിപ്പോ സുഹൃത്തെന്നല്ലാതെ ആരാന്നു നിര്‍വ്വചിക്കാനാവാത്ത ഞാന്!

ക്ലാസിനു സമയമായപ്പോള്‍ സംസാരിച്ചെണീറ്റ് പ്രിയ ഇന്‍സ്ട്ടിട്യൂട്ടിലെയ്ക്ക് പോയി. വിനോദിനെ ബസ് സ്റ്റാന്‍ഡില്‍ ഡ്രോപ്പ് ചെയ്യാന്‍ പോകുന്ന വഴി ഞാന്‍ ഞങ്ങളുടെ സൌഹൃദത്തിന്റെ കഥ പറയാനാഞ്ഞു

"വേണ്ട ഭായി, നിങ്ങള്‍ വരുന്നത് വരെ പ്രിയ അതാണ്‌ സംസാരിച്ചത്." വിനോദ് പറഞ്ഞു.
"അത് ശരി. അപ്പൊ ഇനി എനിക്കൊന്നും പറയാനില്ല."

ഞാന്‍ വിനോദിനെ എറണാകുളം ബസ് കാണിച്ചു കൊടുത്തു.

"അപ്പൊ.. കാര്യങ്ങളെന്തൊക്കെ ആയാലും പറയൂ. എന്‍റെ നമ്പര്‍ തരാം."
"അതൊക്കെ പ്രിയ തന്നു. ഞാന്‍ വിളിക്കാം."
"ഓക്കേ, ബൈ."
"ബൈ."

തിരിച്ചു ഓഫീസ്സില്‍ പോരുമ്പോള്‍ എനിക്ക് എന്തോ നല്ല സന്തോഷം തോന്നി. ഇതിനു മുന്‍പ് പ്രിയയ്ക്ക് വന്ന വിവാഹാലോചനകള്‍ക്ക് തോന്നാതിരുന്ന ഒരു താല്പര്യം. മുന്‍പത്തെ പല കേസുകളും ഒരു തരത്തിലും അവള്‍ക്കു യോജിക്കാത്തതായിരുന്നു. ഇത് പക്ഷെ, അങ്ങിനെയല്ല. "ദൈവമേ, ഇത് നടക്കണേ." പുത്തന്‍ പള്ളിയുടെ മുന്നിലൂടെ പോകുമ്പോള്‍ ഞാന്‍ പ്രാര്‍തഥിച്ചു. 

പിറ്റേന്ന് വിനോദ് ഫോണ്‍ ചെയ്തു.

"വീട്ടുകാരോടൊപ്പം ഞാന്‍ പ്രിയയെ കാണാന്‍ വരുന്നു ഞായറാഴ്ച. ഭായി ഉണ്ടാവില്ലേ?"
"നന്നായി.. പക്ഷെ, ഞാന്‍ ഉണ്ടാവില്ല."
"എന്തെ?"
"വിനോദ്, അറിയാലോ.. ഒരു ആണ്‍ പെണ് സൌഹൃദത്തെ അതിന്റെ അളവില്‍ നോക്കിക്കാണാന്‍ പറ്റാത്ത ആരെങ്കിലും ഉണ്ടാവും കൂട്ടത്തില്‍. പ്രിയയുടെ വീട്ടിലെ ആള്‍ക്കാര്‍ക്ക് വരെ എന്നെ മുഴുവനായി അറിയില്ല."
"ഓക്കേ. മനസ്സിലായി. അപ്പോള്‍ എന്താണെന്ന് വച്ചാല്‍ ചെയ്യൂ."
"കാര്യങ്ങളൊക്കെ വീട്ടില്‍ പറഞ്ഞോ? ഈ വീടും വീട്ടുകാരും വിനോദിന്റെ വീട്ടുകാരുടെ ഒപ്പമെത്തില്ല എന്ന കാര്യം അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുമോ?"
"ഞാനല്ലേ ഭായീ കെട്ടുന്നത്. വീട്ടുകാര്‍ക്ക് ഒപ്പം വരാം. കാണാം. അത്ര മാത്രം."
"അപ്പൊ ശരി. നടക്കട്ടെ. ബെസ്റ്റ് ഓഫ് ലക്ക്."
"വെക്കല്ലേ, പ്രിയ എന്നെപ്പറ്റി എന്ത് പറഞ്ഞു?"
"നല്ലത് തന്നെയാ പറഞ്ഞത്, വിനോദ്."
"ശരി.. ഓക്കെ."
"ബൈ."

ഞായറാഴ്ച വൈകീട്ട് പ്രിയ വിളിച്ചു.

"ഡാ.. ഇത് നടക്കാനുള്ള കോളാ.. എന്ത് ചെയ്യും?"
"എന്ത്യേ.. അങ്ങിനെ ഒരു ചോദ്യം?"
അല്ല.. കല്യാണം..ന്നൊക്കെ പറയുമ്പോ.."
"പറയുമ്പോ? അതിന്റെ തലേന്ന് നിനക്ക് എന്‍റെ കൂടെ ഒളിചോടണോ? പഴേത് വല്ലോം ബാക്കിയുണ്ടോ?"
"പോടാ തെണ്ടി. നീ എന്നോടു ഒരു മാതിരി ഡാഷ് വര്‍ത്താനം പറയരുത്..
ഞാന്‍ പറഞ്ഞത് കല്യാണം നടത്തുന്ന കാര്യത്തെക്കുറിച്ചാ. 
നീ.. അല്ല, ചേട്ടന്‍ വേണം എല്ലാം നടത്തി തരാന്‍!"
"പ്ഫ.. കാര്യം കാണാന്‍ ചേട്ടന്‍ ല്ലേ. ഹും. നാളെ കാണാം.
നേരില്‍ കാണുമ്പോ സംസാരിക്കാം. ഇത്തിരി പണിയുണ്ടേ."
"ഓക്കെ.."

ഞാന്‍ ഭൂതകാലത്തിലെയ്ക്കൂളിയിട്ടു.
യാദൃശ്ചികമായ പരിചയപ്പെടല്‍, സ്കൂള്‍ ബാച്ച് മേറ്റുകളായിരുന്നെന്നുള്ള അറിവ്, ഒരുമിച്ചു ചില പ്രോജെക്റ്റുകള്‍, ആഴമേറി വന്നപ്പോള്‍ പലരും തെറ്റിദ്ധരിച്ച സൗഹൃദം.

ഒരിക്കല്‍ പ്രിയ ചോദിച്ചു..

"നിനക്കെന്നോട് പ്രേമം ഉണ്ടോ?"
"എന്തെ? "
"എനിക്ക് നിന്നോടു എന്തോ തോന്നുന്നുണ്ട്."
"എന്ത്, പ്രേമോ?"
"ഉം."
"എപ്പോ തൊട്ട്?"
"ഇന്നലെ തൊട്ട്."
"ഹ്മം.. എനിക്ക് നിന്നോടു തോന്നിയിരുന്നു.. പ്രേമമല്ല.. കാമം. മൂന്നു വര്ഷം മുന്‍പ്.
ആ സമയത്ത് നിനക്ക് എന്നോടു വല്ലതും തോന്നിയിരുന്നെങ്കില്‍ ...."
"പോടാ. നീ പറ."
"ഇപ്പൊ നീ ഈ ചോദിച്ചത് ഇതേ ഫ്രീക്വന്‍സിയില്‍ നാളെ വീണ്ടും ചോദിച്ചാല്‍ ഞാന്‍ മറുപടി പറയാം."

പിറ്റേന്ന് രാവിലെ,

"ഡാ.. ഞാന്‍ ഇന്നലെ ഒന്നും ചോദിച്ചിട്ടുമില്ല നീ കേട്ടിട്ടുമില്ല. എനിക്കാകെ ചമ്മലായിരിക്കുകയാ. നീ അതെക്കുറിച്ച് എന്നെ തോട്ടിയിട്ടാല്‍ കയ്യീ കിട്ടുന്നതെടുത്ത് ഞാന്‍ അടിക്കും."
"പിന്നെ, എന്‍റെ പട്ടി പറയും. അങ്ങിനെ നീ സുഖിക്കണ്ട.."

അതായിരുന്നു സൗഹൃദത്തിനും കൂടുതല്‍ സൗഹൃദത്തിനുമിടയിലുള്ള ഞങ്ങളുടെ പ്രേമക്കുഴി.
അതിനു മുകളിലെ തലമുടിയിഴപ്പാലം ഞങ്ങള്‍ ആയാസമില്ലാതെ കീഴടക്കി.

"ഇവരിതെന്തിനാ നീട്ടിക്കൊണ്ടു പോകുന്നതെ"ന്ന് പറഞ്ഞവരെ ഞങ്ങള്‍ രണ്ടുപേരും കളിയാക്കിച്ചിരിച്ചു.
ഉം.. എന്ന മൂളലുകളെയും അര്‍ത്ഥം വച്ച നോട്ടങ്ങളെയും തള്ളിക്കളഞ്ഞ് എത്ര വര്‍ഷങ്ങള്‍...

ചിന്തകള്‍ ഒരനുഭൂതിയായി എന്നെ തഴുകിയൊഴുകി.

വിനോദും വീട്ടുകാരും വന്നു കണ്ടതിനു ശേഷം ഇവിടെന്നു കുറച്ചു പേര്‍ പോയി. കൂടുതല്‍ വരവും പോക്കും ഒന്നുമില്ല.നിശ്ചയത്തിനു തിയതി കുറിച്ചു.അതിനു ഇരുപതു ദിവസത്തിനു ശേഷം കല്യാണം.
കല്യാണം നടത്താനുള്ള ഒരു സെറ്റപ്പും ആ വീട്ടിലില്ല. 

"കല്യാണം ഞാന്‍ നടത്തും ബാക്കി എനിക്കറിയില്ല" എന്നാണു പ്രിയയുടെ അച്ഛന്‍ പറയാറ്.
അതായത് കരക്കാരുടെ കല്യാണത്തിനും അടിയന്തിരത്തിനുമൊക്കെ പോയപ്പോള്‍ സമ്മാനം കൊടുത്ത കാശ് ഈ കല്യാണത്തിനു തിരിച്ചു കിട്ടുമെന്ന് അങ്ങേര്ക്കറിയാം. മൂത്തവളുടെ കല്യാണം രേജിസ്ട്ടരാഫീസില്‍ ആയിരുന്നതുകൊണ്ട് കുറെ കാശ് തിരിച്ചു കിട്ടിയില്ലെന്ന വിഷമത്തിലായിരുന്നു അങ്ങേര്‍!

"ഡാ.. ചേട്ടാ.. ഒന്ന് കാണണല്ലോ.. ഉച്ചയ്ക്ക് ലീവ് എടുക്കാമോ?" ഒരു ദിവസം പ്രിയ വിളിച്ചു.
"പിന്നെന്താ.. ഞാന്‍ റെഡി."

ചെന്നപ്പോള്‍ പ്രിയ ഒരു പുസ്തകം എനിക്ക് തന്നു.

"എന്താ ഇത്?"
"കല്യാണം നടത്താനുള്ള ചെലവുകളുടെ പട്ടികയാ..ഇനം തിരിച്ച്.ഓരോ പേജില്‍ ഓരോന്ന്"
"ഓഹോ. കല്യാണം പഞ്ചവല്‍സര പദ്ധതിയാ?"
"അതും പറഞ്ഞിരിക്കണ്ട. ചെട്ടനാന്നു പറഞ്ഞിട്ടെന്താ കാര്യം? ഇതൊക്കെ ചെയ്തു തരണ്ടേ?"
"ആരടെ ചേട്ടന്‍? ഞാന്‍ നിന്റെ ചെട്ടനോന്നുമല്ല."
"അപ്പൊ നീയല്ലേ എന്നെക്കാള്‍ മൂന്നു ദിവസം മൂത്തതാണെന്നോ ഓക്കെ പറഞ്ഞു നടന്നിരുന്നത്?"
"മൂന്നു ദിവസോ? ഏഴു മാസം. അപ്പൊ നീ സമ്മതിച്ചിരുന്നില്ലല്ലോ. കല്യാണം ആയപ്പോളാണല്ലോ ഒരു ചേട്ടന്‍ വിളി."
"പിന്നല്ലാണ്ട്.. കാര്യം നടക്കണ്ടേ."
"പോടി.."
"ആ.. അത് വിട്. നീ ആ പുസ്തകം നോക്ക്."

നോക്കി.
ഓരോ പേജിലും കല്യാണത്തിനു ആവശ്യമുള്ള കാര്യങ്ങള്‍.
വീട്ടുകാര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍ മുതല്‍ കല്യാണ ആല്‍ബം വരെ.

"ഭയങ്കര പ്ലാനിങ്ങാ.. കാശ് മാത്രം ഇല്ല. ഞാന്‍ കളിയാക്കി."
"അതിനല്ലേ നീ."
"ഞാനോ? എന്‍റെല് എവിടെന്നു?"
"ഹ്മം.. ടെന്ഷനടിക്കണ്ട. ഞാന്‍ പറഞ്ഞു തരാം എന്ത് ചെയ്യണമെന്നു.
ബാങ്കില്‍ ഞാന്‍ സേവ് ചെയ്ത കുറച്ചു പൈസ ഉണ്ട്. അതീന്നു അന്‍പതിനായിരം എടുക്കും. കല്യാണ നിശ്ചയത്തിനു തലേന്ന് നീ അത് വീട്ടീ കൊടുക്കണം. അത് ചെറുക്കന്‍ വീട്ടുകാര്‍ക്ക് കൊടുക്കാനുള്ളതാ."
"ഞാനോ? അത് നിനക്ക് അങ്ങ് കൊടുത്താല്‍ പോരെ?"
"നിന്റെ കയ്യീന്ന് കടം വാങ്ങുന്നതാനെന്നാണ് പറയുന്നത്. പിന്നെ അത് കഴിയുമ്പോ കല്യാണം.. വീട്ടിലുള്ളവര്‍ക്ക് ഡ്രെസ്സുകള്‍ക്കുള്ള കാശ്, വീട് മോഡിഫിക്കേഷന്‍ വേണ്ടത് ഓക്കെ ഞാന്‍ കണ്ടു വച്ചിട്ടുണ്ട്. പിന്നെ, കല്യാണത്തിനു ഒരു എഴുപത്തഞ്ചു കൂടി അവര്‍ക്ക് കൊടുക്കണം. അതില്‍ ചേച്ചി ഇരുപത്തഞ്ചു തരും. ബന്ധുക്കള്‍ പലരുമായി ഇരുപത്തഞ്ചു കൂടി. പിന്നെ ഉള്ള ഇരുപത്തഞ്ചു എന്‍റെ കയ്യീന്നു. എന്‍റെ കയ്യില്‍ ആകെ അറുപതിനായിരം രൂപയെ ഉള്ളൂ എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. പന്തല്‍ ആന്‍ഡ്‌ സദ്യ ബൈ അച്ഛന്‍.. അങ്ങിനെ കല്യാണം ശുഭം."
"ഈശ്വരാ.." ഞാന്‍ അന്തം വിട്ടു.
"അങ്ങേരെ വിളിചിട്ടോന്നും കാര്യമില്ല. ഒരു ബലം കിട്ടും എന്ന് മാത്രം."
"ഹ്മം.. അപ്പൊ നിനക്ക് ഡ്രസ്സ്‌ എടുക്കണ്ടേ?"
"ഏയ്‌.. എനിക്ക് വേണ്ടതൊക്കെ വിനോദിന്റെ വീട്ടീന്ന് കൊണ്ട് വരും. അണ്ടെര്‍ ഗാര്‍മെന്റ്സ് അടക്കം."
"അല്ലടീ അങ്ങോട്ട്‌ പോകുമ്പോള്‍ കുറച്ചു ഡ്രെസ്സുകള്‍ വേണ്ടേ?"
"അതൊക്കെ നമുക്ക് ശരിയാക്കാം."
"ആഭരണങ്ങള്‍?"
"പൊന്നുംകുടത്തിനു പൊട്ടു വേണ്ട."
"അത് പൊന്നും കുടത്തിനല്ലേ? മണ്കുടത്ത്തിനു വേണല്ലോ!"

ഞാന്‍ സന്ദര്‍ഭത്തിനു ചേരാത്ത ഒരു വളിച്ച തമാശ പറഞ്ഞു.

"അതിനൊക്കെ എന്തേലും വഴി കാണാം."
"എന്ത് വഴി..?"

എന്‍റെ തല ചെറുതായി പെരുത്തു..
ഇങ്ങിനെ ഒരു സന്ദര്‍ഭം വന്നാല്‍ എന്ത് ചെയ്യുമായിരുന്നു ഞാന്‍? എന്ത് ചെയ്യാന്‍.. എനിക്ക് മാത്രമായി ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാനൊക്കെ എന്തിനാ ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്നതെന്ന് തോന്നി. ഒരു പെണ്ണ്. അവളുടെ മുന്നില്‍ ചെറുതായി ചെറുതായി ഒരുറുമ്പു പോലെയാകുന്നത് ഞാന്‍ അറിഞ്ഞു. 

"എന്താടാ ചിന്തിക്കുന്നത്?"
"ഏയ്‌.. ശരിക്കും യു ആര്‍ ഗ്രെറ്റ്, പ്രിയാ.."
"എന്തെ, എന്നെ ഞാന്‍ തന്നെ കെട്ടിച്ചു വിടുന്നത് കണ്ടിട്ടാണോ?
എന്‍റെ കാര്യം നോക്കാന്‍ ഞാന്‍ തന്നെ വേണ്ടെടാ. പിന്നെ, നീ...നീയില്ലേ?  ഇങ്ങിനെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനും എന്നെ കെയര്‍ ചെയ്യാനും ദൈവം തന്നതല്ലെടാ നിന്നെ."

അവളുടെ തൊണ്ടയിടറി.
എനിക്ക് തൊണ്ടയില്‍ എന്തോ തടഞ്ഞു. കണ്ണ് നിറഞ്ഞു.
ഇപ്പൊ കരയും എന്ന് തോന്നിയ അവസ്ഥയില്‍ ഞാന്‍ എണീറ്റു ഒപ്പം പ്രിയയും.

നിശ്ചയത്തലേന്നു പണം കൊണ്ട് പോയി ഞാന്‍ അച്ഛനെ ഏല്‍പ്പിച്ചു.
നിശ്ചയം ഭംഗിയായി കഴിഞ്ഞു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടുകാര്‍ക്ക് വേണ്ട ഡ്രെസ്സുകള്‍ എടുത്തു.
'ഇത്തിരികൂടി കാശിന്റെ ആവാര്‍ന്നു' എന്ന് ചിലരെങ്കിലും പരാതി പറഞ്ഞു.
ഞാനും പ്രിയയും മനസ്സില്‍ പരസ്പരം ചിരിച്ചു.

ഒരു സാരിയും ചുരിദാറും എന്‍റെ വീട്ടുകാരുടെ വക പ്രിയയ്ക്ക് ഗിഫ്റ്റ് കൊടുത്തു.

"നീ ഇത് കല്യാണത്തിനു തന്നാ മതി. അല്ലേല്‍ ഇത് താങ്ങിപ്പോകാന്‍ ആള്‍ക്കാര്‍ വരും." പ്രിയ പറഞ്ഞു.

ഫോട്ടോ പരിപാടി ഞങ്ങളുടെ ഒരു കോമണ്‍ സുഹൃത്ത് ഏറ്റെടുത്തു.
എക്സ്പോസ് ചെയ്തു തരും. മതി.. പ്രിന്റ്‌ അടിക്കലും ആല്‍ബം സെറ്റ് ചെയ്യലും എനിക്ക് ചെയ്യാവുന്നതെ ഉള്ളൂ.
എല്ലാം പ്രിയ ഉദ്ദേശിച്ച രീതിയില്‍ നടന്നുകൊണ്ടിരുന്നു.

ഒരു ദിവസം ടെന്ഷന്‍റെ  അറ്റത്ത്‌ നിന്ന് ഞാന്‍ ചോദിച്ചു 

"ഡീ.. ആഭരണം?"
വീട്ടുകാര്‍ക്കില്ലാത്ത  ചിന്ത നിനക്കെന്തിനാടാ?"
"അല്ല.. ഞാന്‍.."
"ഏയ്‌. ചുമ്മാ പറഞ്ഞതാ. അതിനു ഒരു വഴി കണ്ടിട്ടുണ്ട്. ഒരു കുറിയുണ്ട്. ആരും അറിയാതെ അടച്ചുകൊണ്ടിരുന്നതാ. അത് നീ പോയി വിളിക്കണം. ജാമ്യം നില്‍ക്കാന്‍ രണ്ട് പേര്‍ റെഡി."
"ഓക്കെ." എന്ന് പറയുമ്പോള്‍ പ്രിയ വീണ്ടും ഒരു കൊടുമുടിയുടെ വലിപ്പത്തില്‍ എന്‍റെ മുന്നില്‍ വളര്‍ന്നു.

കുറി വിളിച്ചെടുത്തു. അതിന്റെ കാശ് കിട്ടി ആഭരണമെടുത്തത് കല്യാണത്തിനു രണ്ട് ദിവസം മുന്പ്. ആഭരണമെടുക്കാന്‍ ചേച്ചിയും അനിയത്തിയും വന്നു. എടുത്തു കഴിഞ്ഞപ്പോള്‍ കരുതിയതിലും കൂടുതലായി. പ്രിയ എന്നോടു സ്വകാര്യം പറഞ്ഞു.

"അതേയ്, കയ്യിലുള്ള കമ്പ്ലീറ്റു കാശ് കഴിഞ്ഞു. നീ കുറച്ചു കാശ് തന്നേ."
"എത്ര?"
"ഒരു..... പതിനായിരം."

കൊടുത്തു, അത്രേം നാളത്തെ എന്‍റെ സമ്പാദ്യം ആയിരുന്നു അത്. അവനവന്റെ കാര്യം മാത്രം നോക്കുന്ന ആണൊരുത്തന്റെ സമ്പാദ്യം! ഇതാവള്‍ക്കുള്ള വിവാഹസമ്മാനമായി ഇരിക്കട്ടെ എന്ന് മനസ്സില്‍ ഉറപ്പിക്കുമ്പോള്‍ പ്രിയ പറഞ്ഞു.

"ഈ മാസത്തെ എന്‍റെ സാലറി നിന്നെ ഏല്‍പ്പിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതീന്നു തിരിചെടുത്തോ. അതും ഇതുമോന്നും പറയണ്ട നിര്‍ബന്ധമാ. അതിന്റെ ബാക്കി വീട്ടില്‍ കൊടുക്കണ്ട. എന്നെ കൊണ്ടുവരാന്‍ ഇവിടെന്നു ആള്‍ക്കാര്‍ വരും. ആ വണ്ടി ഞാന്‍ പറഞ്ഞു വച്ചിട്ടുണ്ട്. അയാള്‍ക്ക്‌ കൊടുക്കണം. ബാക്കി ഞാന്‍ വരുമ്പോ എന്‍റെ കയ്യീ തന്നാ മതി."

യാന്ത്രികമായി ഞാന്‍ അതൊക്കെ ശരി വച്ചു.
ബസ് കയറ്റി വിടാന്‍ നടക്കുമ്പോള്‍ പ്രിയ പറഞ്ഞു.

"നാളെ രാവിലെ ഇന്‍സ്റ്റിട്യൂട്ടില്‍ വരുന്നുണ്ട്. വരണം."
"മറ്റന്നാള്‍  നിന്റെ കല്യാണമാണ് ട്ടോ !"
"എന്നെക്കാളും ടെന്ഷനാണല്ലോ നിനക്ക്. ഓ.. ചേട്ടന്മാര്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരിക്കും അല്ലെ." അവള്‍ എന്നെ കളിയാക്കി.
"നാളെ വാ.. ഒരു മെയിന്‍ കാര്യം ഉണ്ട്." അവള്‍ തുടര്‍ന്നു.
"എന്താണാവോ..       ശരി. ഏഴരയ്ക്ക്?"
"അതെ."

പിറ്റേന്ന് രാവിലെ ഏഴരയ്ക്ക് പ്രിയ പഠിപ്പിക്കുന്ന ഇന്‍സ്റ്റിട്യൂട്ടില്‍ എത്തിയപ്പോള്‍ ഓഫീസില്‍ ആരുമില്ല. ഒരു ബാച്ചിന് ക്ലാസ് നടക്കുന്നുണ്ട് അത് റീന ആണ് എടുക്കുന്നത്. 'അപ്പുറത്തുണ്ട്' റീന ആംഗ്യം കാണിച്ചു. തൊട്ടടുത്ത ക്ലാസ് റൂമില്‍ പ്രിയ ഒറ്റയ്ക്ക്.

"വാ.." അവള്‍ വിളിച്ചു.

ഞാന്‍ അടുത്ത് ചെന്നു.

"ഇങ്ങോട്ട് വാടപ്പാ.. ഇവിടെ നിക്ക്."
"എന്താ നിന്റെ പരിപാടി?" എനിക്ക് ഒരു വല്ലായ്ക തോന്നി.
"ഒരു മിനിട്ടേ.. ഞാന്‍ ഒരു സാധനം എടുക്കട്ടെ."

പ്രിയ ബാഗില്‍നിന്നു എന്തോ എടുക്കുന്നത് കണ്ടു.

"കൈ നീട്ടൂ.."

ഞാന്‍ നീട്ടി.

"ശോ, രണ്ട് കയ്യും."

ഞാന്‍ രണ്ട് കയ്യും നീട്ടി.
കൈക്കുടന്നയിലെയ്ക്ക് കുറച്ചു വെറ്റിലയും അടയ്ക്കയും നാണയവും അവള്‍ വച്ചു തന്നു.
എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി പതിയെ പറഞ്ഞു.

"അനുഗ്രഹം വാങ്ങാന്‍ അമ്മയല്ലാതെ എനിക്കുള്ളത് നീയാ.
അനുഗ്രഹിക്കൂ.."

പിന്നെ, കുനിഞ്ഞു എന്റെ കാലില്‍ നമസ്കരിച്ചു.

എന്ത് ചെയ്യണമെറിയാതെ ഒരു നിമിഷം നിന്ന ഞാന്‍ പതിയെ കൈകള്‍ പ്രിയയുടെ തലയിലമര്ത്തി.
വിതുമ്പലോടെ പറഞ്ഞു.

"എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ."

രണ്ട് തുള്ളി കണ്ണീരിന്റെ അകമ്പടിയോടെ ജീവിതത്തില്‍ ആദ്യമായി നല്‍കിയ ആ അനുഗ്രഹത്തില്‍ എന്‍റെ ഹൃദയത്തിന്റെ കയ്യോപ്പുണ്ടായിരുന്നു.

Friday, July 13, 2012

അമ്മയുടെ മിന്നു.


രണ്ടര വര്ഷം മുമ്പാണ് വഴിയിലിരുന്നു തത്തകളെ വിറ്റുകൊണ്ടിരുന്ന ഒരു മറുനാടന്‍ കച്ചവടക്കാരന്‍ ചെക്കന്റെ കയ്യീന്ന് രണ്ട് തത്തകളെ വാങ്ങിയത്. മക്കള്‍ക്ക്‌ പെരുത്ത് സന്തോഷം. അമ്മയ്ക്ക് അതിലേറെ. തത്തകള്‍ രണ്ടും കൂടി കൂട്ടില്‍ കൊത്തുകൂടിയപ്പോള്‍ ഒന്നിനെ ഭാര്യവീട്ടിലെയ്ക്ക് നാട് കടത്തി. അമ്മ ഇവളെ മിന്നു എന്ന് പേരിട്ടു വിളിച്ചു. കൌതുകവും ആകര്‍ഷണവും കഴിഞ്ഞപ്പോള്‍ പിള്ളേര് അതിന്റെ എരിയയിലെയ്ക്ക് വരവ് കുറഞ്ഞു. ഇടയ്ക്കൊരു ദിവസം എന്‍റെ കൈ കൊത്തിപ്പറിച്ചത് കണ്ടതോടെ അവര്‍ക്ക് പേടിയുമായി. എങ്കിലും അമ്മയുടെ കൂട്ടുകാരിയായി അവള്‍ വളര്‍ന്നു. അടുക്കളയ്ക്കടുത്താണ്  കൂട്. നേരം വെളുത്തു അമ്മ അടുക്കളയില്‍ എത്തുംപോളേ, ചലപിലാന്ന് ശബ്ദമുണ്ടാക്കി തുടങ്ങും. തത്തമ്മേ പൂച്ച എനൊക്കെ പറഞ്ഞു പഠിപ്പിച്ചു നാവു കഴച്ചിട്ടും പനയോല, കാ‍ന്താരി തുടങ്ങി എല്ലാ വിധ പരിപാടികളും നോക്കിയിട്ടും അവള്‍ ഒരക്ഷരം മനുഷ്യഭാഷ സംസാരിച്ചില്ല. പക്ഷെ, അവളുടെതായ ഭാഷയില്‍ അവള്‍ക്കു തോന്നുന്ന നേരത്ത് ചറ പറാന്നു ചിലയ്ക്കും. അമ്മയൊഴികെ ആര് അടുത്ത് ചെന്നാലും ഉടന്‍ പ്രഭാഷണം നിര്‍ത്തുകയും ചെയ്യും.

എന്തും തിന്നും. ചോറ് മുതല്‍ ആപ്പിള്‍ വരെ. പേരയ്ക്ക വലിയ ഇഷ്ടമാണ്. വയറു നിറഞ്ഞു കഴിഞ്ഞാല്‍ കൂട്ടില്‍ പരക്കം പാഞ്ഞു നടക്കും. വല്ലപ്പോളും അത് വഴി പറന്നു പോകുന്ന തത്തകളുടെ ചൊല്ലിനു മറുമൊഴി ചൊല്ലും. കോഴിക്കൂട് തുറന്നു വിട്ടു കഴിഞ്ഞാല്‍ മിന്നു ഉഷാറാണ്. കിട്ടിയ തീറ്റ കൂട്ടില്‍ ബാക്കിയുണ്ടെങ്കില്‍ അത് കഷണങ്ങളാക്കി കോഴികള്‍ക്ക് ഇട്ടുകൊടുക്കല്‍ ഒരു ഇഷ്ടവിനോദമാണ്. 

"ഇന്നലെ മിന്നൂന്റെ കൂടിന്മേല്‍ വേറെ രണ്ട് തത്തകള്‍ വന്നിരുന്നു." കഴിഞ്ഞ മാസം ഒരു ദിവസം അമ്മ എന്നോടു പറഞ്ഞു.

"ആഹ.. കൂട്ടുകാരൊക്കെ ആയോ?"

"ഉവ്വ്.. എന്നെ കണ്ടപ്പോള്‍ രണ്ടും പറന്നു പോയി.."

പിള്ളേര്‍ കണ്ണ് മിഴിച്ചു.

"മ്മക്ക് അവറ്റകളെ പിടിക്കാം പപ്പേ."

"ഉവ്വ്.. അങ്ങ് ചെന്നാ മതി. ഇപ്പൊ കിട്ടും."

"നമുക്ക് വല വച്ചാലോ?"

"നടപ്പിലാവണ കാര്യം പറയെടാ ചെക്കാ. അത് ഇന്നൊരു ദിവസം മിന്നൂനെ കണ്ടപ്പോ വന്നതാവും."

തിരശീല വീണു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കൂട്ടുകാരിയും രണ്ട് തത്തകളെ കണ്ടെന്നു എന്നെ ബോധിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ നാലോ അഞ്ചോ തത്തകള്‍ ചുറ്റുമുള്ള മരങ്ങളിലോക്കെയായി വന്നിരിക്കുന്നതും മിന്നുവും അവരുമായി അവരുടേതായ ഭാഷയില്‍ സംസാരിക്കുന്നതും ആളനക്കമില്ലാതായാല്‍ ഒന്ന് രണ്ടെണ്ണം കൂടിനുമേല്‍ പറന്നിരിക്കുന്നതും ഞാനും മക്കളും ഒളിഞ്ഞിരുന്നു കണ്ടു. ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ "ഇന്ന് ആറെണ്ണം ഉണ്ടാര്‍ന്നു. ഒരെണ്ണം വന്നു മിന്നൂനെ കൊത്തി." എന്നൊക്കെ പിള്ളേര് പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങളുടെ പറമ്പിന്റെ താഴെ ആളൊഴിഞ്ഞ വലിയ പറമ്പില്‍ അഞ്ചാറു തെങ്ങുകള്‍ തല പോയി നില്‍ക്കുന്നതും അതില്‍ തത്തക്കൂടുകള്‍ ഉള്ളതും പിള്ളേരും ഞാനും കണ്ട് പിടിച്ചു. 'വെറുതെയല്ല ഇത്രെയെണ്ണം ഈ പരിസരത്ത്'. സലിം അലികളായതില്‍ ഞങ്ങള്‍ പുളകിതരായി. പിള്ളേരുടെ തത്ത നിരീക്ഷണവും എന്‍റെ അടുത്തുള്ള റിപ്പോര്ട്ടിങ്ങുകളും മുറയ്ക്ക് നടന്നുകൊണ്ടിരുന്നു.

ഇന്നലെ വീട്ടില്‍ ചെന്നപോള്‍ അമ്മ പറഞ്ഞു..

"നമ്മുടെ മൊതല് പോയീ ട്ടാ.."

"എന്ത്?"

"മിന്ന്വേ, 
അത് പറന്നു പോയി. മൂന്നു മണി വരെ ഉണ്ടാര്‍ന്നു. ഇവിടെയൊക്കെ അവള്‍ടെ കൂട്ടുകാരുടെ ശബ്ദോം കേള്‍ക്കുന്നുണ്ടാര്‍ന്നു. പിന്നെ എപ്പോളോ പോയി."

എന്‍റെ ചുണ്ടില്‍ ചെറിയൊരു ചിരി വന്നു. അതിനെ തുറന്നു വിട്ടാലോ എന്ന് പല വട്ടം ഞാന്‍ ആലോചിച്ചതാണ്. 
പിള്ളേരെ നോക്കി. ആമ ചത്തപ്പോള്‍ ഒരാഴ്ച കരഞ്ഞവനാണ്. വലിയ ഭാവഭേദമില്ല!

"നീ അറിഞ്ഞില്ലെടാ?"

"അത് പോട്ടെ പപ്പേ.. പക്ഷെ..."

"ഉം? എന്താ ഒരു പക്ഷെ?"

"അതിനു പറക്കാന്‍ പറ്റ്വോ? 
റിയോയിലെ ബ്ലൂവിന്റെ മാതിരി.. അത് നടന്നു പോകുകയായിക്ക്യോ?"

"ഏയ്‌.. അങ്ങിനെ ഒന്നും ഉണ്ടാവില്ലെടാ. അത് പറന്നു പോയിക്കാണും."

എനിക്ക് പക്ഷെ ഒരു ആശങ്ക തോന്നി.

"കുഞ്ഞൂസിനു വിഷമണ്ടോ?"

"അത് കൂട്ടുകാരുടെ കൂടെ പോയീതല്ലേ.."

ഹാവൂ.. രണ്ടാളും ഒക്കെ. എനിക്ക് നേരത്തെ സന്തോഷമായി.
മിന്നു പുതിയ ആകാശവും ഭൂമിയും തേടട്ടെ.

ഇന്ന് രാവിലെ അമ്മ മൂത്തവനോടു ചോദിച്ചു. 
"കുട്ടാ, കൂടുതുറന്നു വച്ചു ഒരു പഴോം വച്ചു കൊടുത്താലോ? 
മിന്നു ചിലപ്പോ തിരിച്ചു വന്നാലോ?"

"വേണ്ട അമ്മൂമ്മേ, പുറത്ത് പറന്നു നടക്കട്ടെ. 
ശബ്ദം കേട്ടാ നോക്കിക്കോളൂ ട്ടോ.. 
ചെലപ്പോ അമ്മൂമ്മേ കാണാന്‍ വരും."

"ഹ്മം.. " അമ്മ ഒരു നെടുവീര്‍പ്പിട്ടു.
അകത്തേയ്ക്ക് പോകുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു.

Friday, July 6, 2012

സ്വപ്നച്ചിറകുകള്‍.


പാടത്തിനു നടുവിലുള്ള ചെമ്മണ്ണ് റോഡിലൂടെ നടക്കുമ്പോള്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. മുന്‍പ് പെയ്ത പെരുമഴയില്‍ ഉയര്‍ന്നു പൊങ്ങിയ വെള്ളം, താഴ്ന്ന ഭാഗങ്ങളിലൂടെ റോഡു മുറിച്ചോഴുകിക്കൊണ്ടിരുന്നു.നോക്കെത്താ ദൂരം വെള്ളം. പാടത്തിനെ മുറിച്ചുകൊണ്ട് പോയിരുന്ന തോട്ടുവക്കിലെ കൈതകള്‍ മാത്രം വെള്ളത്തില്‍ അങ്ങിങ്ങ് തലയുയര്‍ത്തി നില്‍പ്പുണ്ട്. കാലിനടിയില്‍ എന്തോ പിടഞ്ഞപ്പോള്‍ ഞെട്ടി കാല്‍ പിന്‍വലിച്ചു. അതൊരു മുഷിക്കുഞ്ഞനായിരുന്നു. കൂടെയുള്ളവന്‍ അതിനെ പിടിക്കാനാഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു. "അത് ചെറുതാടാ.. പോട്ടെ". കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോള്‍ റോഡു മുറിച്ചു കടക്കുന്ന വെള്ളത്തില്‍ വെള്ളിത്തിളക്കം.. ഒരു പരല്‍ക്കൂട്ടം! റോഡിന്റെ വളവില്‍ ചൂണ്ടയിടുന്ന കുട്ടികള്‍. അവര്‍ക്കൊപ്പം കൂടി. ഒരു ചാടനെ കോര്‍ത്തു ഞാനും ചൂണ്ടയിട്ടു. ചൂണ്ട നൂല് താഴ്ന്നതിനോപ്പം ചിറകുകള്‍ വീശി, കുമിള വിട്ടു  ഒരു വലിയ വരാല്‍  എന്‍റെ തൊട്ടടുത്ത്‌ വെള്ളപ്പരപ്പിലെയ്ക്ക് പൊന്തിവന്നു. ഞാന്‍ ചൂണ്ട ഉപേക്ഷിച്ചു.. പതിയെ കുനിഞ്ഞു.  വരാല്‍  അനങ്ങിയില്ല! ഞാന്‍ വിരല്‍ കൊണ്ട് അതിന്റെ മുതുകില്‍ തൊട്ടു. ഇക്കിളിയായതുപോലെ അത് ഒന്നനങ്ങി. ചിറകുകള്‍ വീശി എന്നെത്തന്നെ നോക്കിനിന്നു. അതിനു ചുറ്റും നിരവധി കുമിളകള്‍ ഉയരുന്നതും ചുവന്ന നിറത്തിലുള്ള ഒരായിരം വരാലുകള്‍ ചിറകുവീശി വെള്ളപ്പരപ്പില്‍ പ്രത്യക്ഷപ്പെടുന്നതും ഞാന്‍ കണ്ടു. എനിക്ക് ചുറ്റും ഒരു വൈദ്യുത തരംഗവും പ്രകാശവും രൂപപ്പെടുന്നതും ഞാനറിഞ്ഞു. വളരെ പതിയെ, വെള്ളത്തിലേയ്ക്ക് ഞാന്‍ അലിഞ്ഞിറങ്ങി. എനിക്കപ്പോള്‍ ചുവപ്പ് നിറമായിരുന്നു. കൈകളുടെ സ്ഥാനത്ത് വരാല്‍ ചിറകുകളും.