Tuesday, December 20, 2011

മിട്ടായിനോമ്പ്.


ഇന്നലെ വൈകീട്ട് വീട്ടില്‍ ചെന്ന് കയറുന്നതിനു മുന്‍പേ, സീറോ അവറില്‍ എന്തോ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട പ്രമേയം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ആകെ ബഹളം. നടുത്തളത്തിലാണ് ബഹളം നടക്കുന്നത്. സ്പീക്കർടെ ചേംബറില്‍ എന്‍റെ ഭാര്യ വാച് ആന്‍ഡ്‌ വാര്‍ഡിന്റെ പണികൂടി എടുക്കാന്‍ തയ്യാറായി ഇരിപ്പുണ്ട്. സംഭവം അതിശക്തമായ എന്തോ ക്രമസമാധാന ലംഘനമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണം വിട്ടു പോകാവുന്ന അവസ്ഥയിലാണെന്നും മനസ്സിലാക്കാന്‍ എനിക്ക് രണ്ട് മിനിട്ട് തികച്ചു വേണ്ടി വന്നില്ല.
ചുറ്റും നോക്കി. സന്ദര്‍ശക ഗാലരിയില്‍  അപ്പനും അമ്മയും ചിരി അടക്കിപ്പിടിചിരിക്കുന്നു.

ദേഷ്യത്തിന്റെ പാരമ്യത്തില്‍ "നിന്നെ ഇന്ന് കാണിച്ചു തരാമെടാ" എന്ന് പറഞ്ഞു മുന്നോട്ടു കുതിച്ച ഭരണപക്ഷ എമ്മെല്ലെയെ(മൂത്ത സന്താനഗോപാലം) ഞാന്‍ പിടിച്ചു നിറുത്തി.

"നീ പോടാ.. പൂച്ചേ" പ്രതി പക്ഷത്തിനു ഒരു കൂസലുമില്ല.

'ങേ, പൂച്ചയോ? അതെന്താ അങ്ങിനെ ഒരു പ്രയോഗം?' എന്‍റെ ആത്മഗതത്തിനു ഒപ്പം സ്പീക്കര്ടെ കയ്യില്‍ ഒരു വടി പ്രത്യക്ഷപ്പെട്ടു. സന്ദര്‍ശക ഗാലറിയില്‍നിന്നും മുറുമുറുപ്പുകള്‍ ഉയര്‍ന്നു.

"ഞാന്‍ ചീത്ത വാക്കൊന്നും പറഞ്ഞിട്ടില്ല.. പട്ടീന്ന് വിളിച്ചാലല്ലേ കൊഴപ്പോള്ളൂ.." പ്രതിപക്ഷ എമ്മെല്ലേ വിശദീകരണക്കുറിപ്പിറക്കി.

സ്പീക്കര്‍ പഴയ റൂളിങ്ങുകള്‍ മനസ്സില്‍ പരിശോധിച്ച് ഇങ്ങിനെയൊരു പ്രയോഗം കുഴപ്പമില്ലെന്നു കണ്ടെത്തിയെങ്കിലും സഭാനടപടിയുടെ രേഖകളില്‍നിന്നു നീക്കി.
ഇനി ഈ പ്രയോഗം വേണ്ടെന്ന മുന്നറിയിപ്പും കൊടുത്തു. വഴക്കും വാദപ്രതിവാദവും തുടര്‍ന്നു. ചര്‍ച്ച എങ്ങുമെത്താതെ പോകുന്നതില്‍ അരിശം കൊണ്ട സ്പീക്കര്‍ പ്രശ്നം പഠിച്ചു തീര്‍പ്പ് കല്‍പ്പിക്കാന്‍ ഏകാംഗ കമ്മീഷനെ അഥവാ എന്നെ ഏല്‍പ്പിച്ചു.
സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിച്ചു വിട്ടു.

കമ്മീഷന്‍ വിചാരണ തുടങ്ങി.

"എന്തൂട്ടണ്ടാ എല്ലാ നേരോം ഈ തല്ലൂട്ടം? ഇപ്പൊ എന്താ പ്രശ്നം?"

"അതേയ് ദിവനില്ലേ ... " "അവന്‍ ആദ്യം എന്‍റെ..." രണ്ട് പേരും ഒരുമിച്ചു കാരണം ബോധിപ്പിച്ചു തുടങ്ങി..

"അതേയ്.. ഓരോരുത്തര് പറയാ.. ആദ്യം ചെറിയ ആള്‍.. കുഞ്ഞു പറ, എന്താ കാര്യം?"

"അതേയ്, ചേട്ടന്‍ എന്‍റെ ടോയ്സേടുത്ത് കളിച്ചു ബാറ്ററി തീര്‍ത്തു. എനിക്ക് ഗിഫ്റ്റ് കിട്ടിയ പേന ചീത്തയാക്കി, എന്‍റെ ക്രയോണ് ബോക്സീന്നു യെല്ലോ ക്രയോണ് കാണാണ്ടാക്കി."
ഒറ്റ ശ്വാസത്തില്‍ പരാതികളുടെ കെട്ടഴിഞ്ഞു.

"ഇതൊക്കെ മുന്‍പേ സംഭവിച്ച കാര്യങ്ങളാണല്ലോ ഇപ്പൊ എന്താ പ്രശ്നം?"

"എനിക്കൊരു പ്രശ്നോമില്ല. പപ്പാ ചേട്ടനോടു തന്നെ ചോദിക്"

"അപ്പൊ, നിന്റെ കാര്യം കഴിഞ്ഞു. ഇനി കുട്ടന്‍ പറയ്‌."

"പപ്പയ്ക്കറിഞ്ഞൂടെ, എനിക്ക് മിട്ടായി നോമ്പുണ്ടായിരുന്നൂന്നുള്ള കാര്യം ?" മൂത്തവന്‍ തുടങ്ങി.

സംഭവം ശരിയാണ്. ക്രിസ്തുമസ് നോമ്പ് പ്രമാണിച്ച് വീട്ടില്‍ എല്ലാവരും നോമ്പിലാണ്. എന്തിനാണ് ഈ നോമ്പ് എന്നു ഗെടി ചോദിച്ചിരുന്നു. ഇഷ്ടമുള്ള സാധനങ്ങള്‍ ത്യജിച്ചു ജീസസിന്റെ പിറവിയ്ക്ക് വേണ്ടി ഹൃദയത്തെ ഒരുക്കാനാണെന്നും പിള്ളേര്‍ക്ക് നോമ്പോന്നും വേണ്ട എന്നും ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവന്‍ കണ്ട് പിടിച്ച പുതിയ നോമ്പാണ്‌ മിട്ടായി നോമ്പ്!

"ഒക്കെ.. അതിനിപ്പോ എന്താ പ്രശ്നംണ്ടായെ?"

"ഞാന്‍ പപ്പാ തന്നതും അപ്പൂപ്പന്‍ തന്നതും ഒക്കെ ഒരു ഹൈഡ് ആന്‍ഡ്‌ സീക്കിന്റെ ചെപ്പിലിട്ടു സൂക്ഷിച്ചിരുന്നു, ഫ്രിഡ്ജില്‍. കൊറേ ഇണ്ടാര്‍ന്നു. ഇന്നലെ പരീക്ഷ കഴിഞ്ഞു വന്നു ഞാന്‍ ട്യൂഷന് പോയി. തിരിച്ചു വന്നപ്പോ ഒറ്റ എണ്ണമില്ല. എല്ലാം ദിവന്‍ തിന്നു തീർത്ത്. നിക്കണ കണ്ടില്ലേ.. അനിയനാത്രേ. സാധനം"

എനിക്ക് ചിരി വന്നു. ഫ്രിഡ്ജിന്റെ ബി നിലവറ തുറന്നു പരിശോധിച്ച് അതിലുള്ള നിധി കടത്തിയെന്നതാണ് സംഭവം.

"അത് ശരി, നിന്റെ മിട്ടായിനോമ്പു പോളിഞ്ഞതാണ് പ്രശ്നം. ല്ലേ? അത് സാരമില്ലെടാ.. നമുക്ക് വേറെ വാങ്ങാം."

"അതല്ല പപ്പാ. ക്രിസ്തുമസ് ഗിഫ്ടായിട്ട് പാവപ്പെട്ട കുട്ടികള്‍ക്ക് കൊടുക്കാന്‍ ഞങ്ങള്‍ ഫ്രെണ്ട്സേല്ലാവരും പ്ലാന്‍ ചെയ്തു പരിപാടിയാ." അവന്റെ കണ്ണ് നിറഞ്ഞത്‌ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. മാറ്റി വയ്ക്കപ്പെട്ട മിട്ടായികള്‍ക്ക് മേല്‍ അവന്‍ കുഞ്ഞു  ത്യാഗത്തിന്റെ മധുരവും വിതറിയിരുന്നു എന്നോര്‍ത്ത് എനിക്ക് സന്തോഷവും തോന്നി.
"അതാണ്‌ ഇവന്‍ തിന്നു തീര്‍ത്തത്."

"സാരല്ല്യടാ.."  ഞാന്‍ രണ്ട് പേരെയും പിടിച്ചു മടിയിലിരുത്തി.
"നമുക്കിഷ്ടപ്പെട്ട എത്രയെത്ര സാധനങ്ങള്‍ പുറത്തൊക്കെ കാണാന്‍ പറ്റും. അതൊക്കെ കിട്ടാന്‍ നമുക്ക് ആഗ്രഹാമുണ്ടാവില്ലേ? പക്ഷെ അത് വേറെ ആള്‍ക്കാര്‍ടെ  ആവുമ്പോ എന്താ ഉണ്ടാവാ, നമ്മളെടുത്താ അവര്‍ക്ക് വിഷമാവില്ലേ? അപ്പൊ, ഒരിക്കലും അങ്ങിനെ ചെയ്യാന്‍ പാടില്ലാ ട്ടാ. ഇപ്പൊ കണ്ടാ.. ചേട്ടന് വിഷമായില്ലേ?" കുഞ്ഞൂന്റെ കണ്ണ് നിറഞ്ഞു. "എനിക്ക് കൊതിയായിട്ടാ പപ്പാ.. ഇനിയങ്ങിനെ ചെയ്യില്ല. ചേട്ടാ, സോറി." അവന്‍ പറഞ്ഞു.

"ഇതൊക്കെ പരീക്ഷണം ആണ് കുട്ടാ. ജീസസ് ഫോര്ടി വന്‍ ഡെയ്സ് ഉപവസിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ പരീക്ഷിക്കാന്‍ വന്നത് സാത്താനാ. അത് പോലെ നിന്റെ നോമ്പിനെ പരീക്ഷിച്ചതാവും" മൂത്തവനോടു ഞാന്‍ പറഞ്ഞു.
രംഗം ശാന്തമായി. വകുപ്പ് മാറ്റി ചെലവഴിക്കപ്പെട്ട മിട്ടായികള്‍ കേന്ദ്രവിഹിതം ഉപയോഗിച്ച് വീണ്ടും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി.

എണീറ്റ്‌ നടക്കുമ്പോള്‍ കുഞ്ഞൂസ് പിറകീന്നു വിളിച്ചു.
"പപ്പാ.." "പപ്പയ്ക്കും നോമ്പില്ലേ?"

"ഉണ്ടല്ലോ."

"പപ്പാ ഇങ്ങനെ സേവ് ചെയ്യണതൊക്കെ പാവങ്ങള്‍ക്ക് കൊടുക്ക്വോ?"

"കൊടുക്കാമല്ലോ."

"ഫിഷും മീറ്റും ഒക്കെ പാവപ്പെട്ടോര്‍ക്കു കൊടുക്ക്വോ?"

"കൊടുക്കാടോ. എന്തെ?"

ഒന്ന് നിറുത്തി, എന്നെ കണ്ഫ്യൂശന്റെ പടുകുഴിയില്‍ വീഴ്ത്താനുള്ള ആഗ്നേയാസ്ത്രം ലവന്‍ തൊടുത്തു.

"ബ്രാണ്ട്യോ?"

17 comments:

Animesh said...

എന്തും പറയാം!!

പൊട്ടന്‍ said...

ചെറു പുഞ്ചിരികള്‍ അവിടെയുമിവിടെയും സൃഷ്ടിക്കാനായി.

ആശംസകള്‍

Animesh said...

അത് മതി.
നന്ദി, സുഹൃത്തേ.

Neema Rajan said...

കുട്ടന്റെ കണ്ണ് നിറഞ്ഞപ്പോഴും, കുഞ്ഞൂന്റെ കണ്ണ് നനഞ്ഞപ്പോഴും നൊന്തു.. കുട്ടനും, കുഞ്ഞൂനും, സഭാംഗങ്ങള്‍ക്കെല്ലാര്‍ക്കും മെറി ക്രിസ്മസ്.. :-))

Animesh said...

Merry X'mas ivite paranju theerkkunnilla, Neema.

arun bhaskaran said...

ഇച്ചായോ, ഞങ്ങളപ്പോലുള്ള പാവങ്ങള്‍ക്ക് തരാന്‍ വേണ്ടി എവിടയാ ബ്രാണ്ടി സൂക്ഷിച്ചുവെച്ചിരിക്കന്നത് ?
മിട്ടായിനോമ്പിന്റെ കഥ കേട്ട് നക്ഷത്രങ്ങള്‍ കണ്ണുതുറന്നുവോ ? ഹാപ്പി ക്രിസ്ത്മസ് !!

Animesh said...

അരുണ്‍, മെറി ക്രിസ്തുമസ്..
പരീക്ഷകള്‍ നാളെ കഴിയും. രണ്ട് പേരും ക്രിസ്തുമസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഞാന്‍ പാവം ആയതുകൊണ്ട് ഞാന്‍ തന്നെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

ഒരു യാത്രികന്‍ said...

ഹൃദയത്തോട് സംവദിക്കുന്ന വരികളിലെ മാന്ത്രികത അനിമുവിന്റെ ഈ എഴുത്തിലും ശ്രദ്ടെയം......സസ്നേഹം

Anonymous said...

നിയസഭാ അവലോകനം നന്നായി.അടിപിടിയുടെ സ്വാഭാവികത കാത്തു സൂക്ഷിച്ചു.പെട്ടെന്ന് ഇടപെട്ടു തീര്‍ത്തത് കൊണ്ടു ഭംഗിയായി.

കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ നന്നായി.

വിഷയത്തിന്റെ കാതലിലെയ്ക്കു കടന്നപോള്‍ പെട്ടെന്ന് സീരിയസ് ആയി പ്പോയി,ഞാനും.പക്ഷെ ഹാപ്പി ക്രിസ്തുമസ് ,അതാണല്ലോ അതിന്റെ ഒരു ഇത്.....വിഷ് യു ആന്‍ഡ്‌ ഫാമിലി ഹാപ്പി ക്രിസ്തുമസ് ഓഫ് ദി ഇയര്‍.

പാവപ്പെട്ട ഒരു കുടുമ്പത്തിലെ അപ്പനില്ലാത്ത കുട്ടികള്‍ക്ക് ഞാനും അയച്ചുകൊടുത്തു ,കുറച്ചു കാശ്.ക്രിസ്തുമസ് ആഘോഷിക്കാന്‍.........

Animesh said...

നന്നായി രവീ.
ക്രിസ്തുമസ് ആശംസകള്‍. കൂട്ടുകാര്‍ക്കൊപ്പം അടിച്ചു പൊളിക്കൂ.

അനില്‍ഫില്‍ (തോമാ) said...

കൃസ്തുമസ് ആശംസകള്‍

Animesh said...

Merry X'mas

Pradeep said...

ഗഡി...എന്തൂട്ടാ നിന്റെ ഈ എഴുത്ത്....പൊളപ്പന്‍ തന്നെ...എനിക്ക് ശ്ശി പിടിച്ചൂട്ടോ....പാവം കുഞ്ഞന്‍....അവനെന്റെ കണ്ണും നനയിച്ചൂ....നന്നയിട്ടുന്ടെട്ടോ.....പതിവുപോലെ തന്നെ....

Animesh said...

എവിട്യാ ചുള്ളാ?
ഇതിലും ഭേദം ലവടെ നിക്കണതാര്ന്നല്ലോ! ഓണ്‍ലൈനില്‍ പോലും കാണാതായപ്പോ ഞങ്ങള്‍ ഒരു കഥ ഇറക്കിയാലോ എന്ന് ആലോചിച്ചതാ. ഹ ഹ..

Pradeep said...

ആശുപത്രിവാസവും ഒക്കെ ആയി കുറച്ചു ദിവസങ്ങള്‍ വേഗം പോയി കിട്ടി....ആരേയും ബന്ധപെടാന്‍ കഴിഞ്ഞില്ല....ക്ഷമിക്കുക.

പേനകം കുറുക്കന്‍ said...

അനിമേഷേ.. ആ ദാനം സ്വീകരിക്കാന്‍ എപ്പൊ എവിടെ വരണം.???

Animesh said...

സുബിന്‍.. അടുത്ത വരവിനാവട്ടെ!