Thursday, January 21, 2016

പലരിൽ ചിലർ - 1

ചടുലമായ ചെറുപ്പത്തിന്റെ കൂലംകുത്തിയോഴുക്കിനിടയിലാണ് ഞാൻ അവനെ നേരിട്ടു പരിചയപ്പെട്ടത്‌. അതിനു മുമ്പ് പലപ്പോഴും തലങ്ങും വിലങ്ങുമുള്ള പാച്ചിലുകൾക്കിടയിൽ ഞാനവനെ കണ്ടിട്ടുണ്ട്. തല്ക്കാലം അവനെ x എന്ന് വിളിക്കാം. 

ഷെയറിട്ടൊരു കുപ്പി അടിക്കുന്നതിനിടയിൽ ആയിരുന്നു ഈ നേരിട്ടു പരിചയപ്പെടൽ. പിരിച്ചെടുത്ത കാശ് ഡീൽ ചെയ്യേണ്ട ആൾ ഞാനായതുകൊണ്ട് വളരെ കരുതലോടെ, ഓർഡർ  ചെയ്യുന്ന സംഭവങ്ങൾ കണക്കു കൂട്ടുകയായിരുന്നു ഞാൻ,
"എത്രയായി നിങ്ങടെ ബില്ല്?" റൂമിലേയ്ക്കു കടന്നു വന്നുകൊണ്ട് അവൻ ചോദിച്ചു.
"ങേ? എന്തിനാ?"
"അത് ഞാൻ കൊടുത്തോളാം."
"ഏയ്‌.. അതൊന്നും വേണ്ട. "
"ഓ.. അപ്ലയ്ക്കും സീരിയസായി. നീ പറയടപ്പാ."
മനസില്ലാ മനസോടെ ഞാൻ തുക പറഞ്ഞു. 120 രൂപയ്ക്കൊക്കെ എംസി ഫുൾ കിട്ടുന്ന കാലമാണ്. പക്ഷേ ജോലീം കൂലീം ഇല്ലാത്ത ഞങ്ങക്ക് അതന്നു വലിയ തുകയാണ്.
"അപ്പൊ നിങ്ങ കഴി. ഇത് വരെ ഉള്ള ബില്ല് ഞാൻ കൊടുത്തിട്ടു പോകുന്നുണ്ടേ.. അപ്രത്തെ റൂമില് നമ്മടെ പിള്ളേരാണോ? ഓപ്പോസിറ്റ് റൂമില് നമ്മടെ ഗെടികളാ അവർടെ ഞാൻ കൊടുത്തിട്ടുണ്ടേ" 
"അപ്രത്ത് നമ്മുടെ ടീമാ."
"പറഞ്ഞത് നന്നായി. ഇനി എത്തിച്ചു നോക്കി പ്രശ്നം ഉണ്ടാക്കണ്ടല്ലോ."
അന്തം വിട്ടിരുന്ന എന്നെ നോക്കി ചിരിച്ച് x പോയി.

"അവനു പുതിയ ലോഡിന്റെ കാശ് കിട്ടിക്കാണും."
"ലോഡോ?"
"ആ. ഗോതുരുത്തുന്ന് ലോഡായിട്ട് ചാരായം ഇറക്കി സപ്ലെ ചെയ്യുന്ന ഹോൾസെയിലറാടാ അവൻ."
"അത് ശരി".

പിന്നീടു ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. 

ഒരുപാടു കേസുകളുണ്ട് സ്വന്തം പേരില്. അന്വേഷിച്ചപ്പോൾ സ്വന്തം കാര്യത്തിനു വേണ്ടി ഉണ്ടാക്കിയ ഒന്നുമില്ല. എല്ലാം കൂട്ടുകാര്ക്ക് വേണ്ടിയാണ്. ശരിക്കും അന്വേഷിച്ചപ്പോ xനെ പലരും യൂട്ടിലൈസ് ചെയ്യുകയാണ്. ആ തന്റേടം, കയ്യിലുള്ള കാശ്. എല്ലാം
.
പിന്നെപ്പിന്നെ പലപ്പോഴും ഞങ്ങൾ ഒത്തു കൂടി. ചില പ്രശ്നങ്ങളിൽ നിന്നു "നീയെന്തിനാ അതിലേയ്ക്ക് കുത്തിക്കയറണെ?" എന്ന് പറഞ്ഞു അവനെ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

മറ്റു ചിലപ്പോൾ "എടാ.. നീ വീട്ടീ പോയേ, ഇത് കളി മാറി ടൂള്സ് വച്ചാവാൻ സാധ്യതയുണ്ട്" എന്ന് നിർബന്ധിച്ച് അവൻ എന്നെ വീട്ടിലേയ്ക്കു വിട്ടു.

ജോലിയൊക്കെയായി ഞാൻ പണിയില്ലാത്ത റ്റീമിനെടേന്നു മിഡിൽ സ്കൂട്ടായി.എങ്കിലും വല്ലപ്പോഴും എല്ലാവരേയും കാണാനും സംസാരിക്കാനും കൂടാനും സമയം കണ്ടെത്തി.

ഒരു ദിവസം രാത്രി ടൌണിൽ വച്ച് കാണുമ്പോ നല്ല പിമ്പിരിയായി X നില്പ്പുണ്ട്. 
"ഡാ.. നീ ഒരു കാര്യം കണ്ടാ?"
"എന്ത് കാര്യം?"
"എന്റെ കൂടെ വല്ല ഡാഷുകളും ഉണ്ടോന്നു നോക്ക്യേ?"
"ഒരു ഡാഷ് ഉണ്ടല്ലോ, ഞാൻ."
"പോടാ. കാശില്ലേങ്കി കൂട്ട് വേണ്ടാത്തവരെ ഉള്ളൂ."
"ഞാനും അങ്ങിനെ തന്ന്യാ. നിന്റെ കയ്യീ കാശുണ്ടാ?" ഞാൻ തമാശ പറഞ്ഞു.
"പോടാ.. പോടാ എന്നൊട് കാശ് വച്ച് അളക്കാത്ത ഒരാള് നീയാ. നിനക്ക് ഞാൻ എന്തൂട്ടാ ചെയ്തു തരണ്ടേ?"
"എനിക്ക് എന്ത് ചെയ്യാൻ?"
"കാശ് ചോദിക്കരുത്. ടൈറ്റാ. അഞ്ചാറു കേസ് കാശ് കൊടുത്തു ഒതുക്കി. മറ്റേ പരിപാടി നിർത്തി. അതോണ്ട് കാശില്ല. നിനക്ക് ദേഷ്യമുള്ള ആരെങ്കിലും ഉണ്ടാ? ഞാൻ ഡീൽ ചെയ്യാം."
"എന്റെ പോന്നു ഗെഡീ.. വേണ്ടേയ്. എനിക്ക് എന്നോടു തന്നെ ഇത്തിരീശെ ദേഷ്യം ഉണ്ടെന്നല്ലാതെ."

വേറൊരു ദിവസം എന്നോടു പറഞ്ഞു.
"ഡാ, നാളെ എന്റെ കൂടെ കളക്റ്റരേറ്റ് വരെ വരണം."
"എന്തിനു?"
"നീ വാ. അവര് പറയണത് മനസിലാക്കാൻ പറ്റണ ഒരു ആളു വേണ്ടേ."
"എന്നെ പിടിച്ചു അകത്തിട്വോ?"
"ഉവ്വടാ. അത് ഞാൻ ജീവിച്ചിരിക്കുമ്പോ.."
"ഏയ്‌.. ഞാൻ തമാശ പറഞ്ഞതാ."
പോയി.
ഒരു വെൽഫെയർ ഓഫീസർ ഉണ്ട്. ലേഡിയാ. ഐപിഎസ് ഒക്കെ ആണ്.
കുറച്ചു ഉപദേശം.
"തനിക്കു നല്ല ആരോഗ്യം ഒക്കെ ഉണ്ടല്ലോ ജോലി വല്ലതും ചെയ്യരുതോ?"
"ഒരു കൊല്ലം കൂടി കഴിഞ്ഞു ചെയ്യാം സാറേ."
"അതെന്താ ഒരു കൊല്ലം?"
"രണ്ടു കൊല്ലം മുമ്പ് ദേ ഈ വയറിന്റെ താഴെയായി ഒരു കുത്ത് കിട്ടിയിരുന്നു. പത്തു മുപ്പതു തുന്നലിട്ടു. കൊടലു ചെര്തായിട്ടു പുറത്ത് വന്നു. മൂന്നു കൊല്ലം കഴിഞ്ഞു കനപ്പെട്ട പണിയെടുത്തോളാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്."
"ഇയാൾ കനമില്ലാത്ത പണി എടുത്താ മതി."
"ഉവ്വ്."
ഇറങ്ങി.
മാസത്തിൽ ഒരിക്കൽ എസ്പി ഓഫീസിൽ പോയി ഒപ്പിടാനും മാത്രം വളര്ന്ന ജില്ലാ റൗഡി ലിസ്റ്റിലുള്ള ഒരുത്തനാണ് x എന്ന് ഞാൻ അന്ന് മനസിലാക്കി.

കാലം കടന്നു പോയിക്കൊണ്ടിരുന്നു.
ഇടയ്ക്കു കാണുമ്പോ വര്ത്താനം പറയും.
"കുറെ ഒതുങ്ങീടാ. ഇനി ഒരു നാലെണ്ണം കൂടി." 

ഒരിക്കൽ ഒരു അപകടക്കേസിൽ സാക്ഷി പറയാൻ പോയപ്പോൾ റിമാൻഡ് പ്രതികൾക്കിടയിൽ x .

"അവസാനിക്കാത്ത ഒരെണ്ണത്തിന്റെ പണിയാ." എന്ന് പറഞ്ഞു അവന്റെ ഹാജര് പറഞ്ഞു പോയി. 

എന്റെ കല്യാണം കഴിഞ്ഞ്  ഭാര്യവീട്ടീ പോവുമ്പോ വഴിയിൽ  വച്ച് കണ്ടപ്പോൾ ഞാൻ വണ്ടി നിർത്തി ആളെ ഒന്ന് പരിചയപ്പെടുത്തി. 
ഇടയിൽ ചോദിച്ചു.
"എന്തായീടാ മറ്റേ കാര്യം?"
"അത് തീര്ന്നു. ഇപ്പൊ ഒന്നും നിലവിലില്ല."
"എങ്ങിനെ? കാശ് കൊടുത്തോ?"
"അത് കാശ് ഉള്ളത് കൊടുക്കാംന്നു പറഞ്ഞിട്ടും തീരാത്ത കേസല്ലേ. അവസാനം ഞാൻ പോയി പറഞ്ഞു, എന്റേൽ ഇതേ ഉള്ളൂ. ഇനി നിനക്കെന്നെ ജയിലിൽ തള്ളിയേ മത്യാവുള്ളൂന്ന്വേച്ചാ വെല്ലോനു വേണ്ടിയല്ല, എനിക്ക് വേണ്ടി ഞാനൊന്നുകൂടി ഇറങ്ങും. സംഭവം കോമ്പ്രമൈസായി.
വേറെ വഴിയില്ലാര്ന്നു."
"എന്തേലുമാവട്ടെ, നല്ല കാര്യം."
"ഇനി എന്താ പരിപാടി."
"ഒരു ചെറിയ ലോൺ ഒക്കെ ശര്യാക്കീണ്ട്. ചെറിയ ഒരു വ്യവസായം തുടങ്ങണം."
"ആൾ ദി ബെസ്റ്റ്."

"ദൈവമേ, ഇത് ആ x ന്നു പറയുന്ന ആളല്ലെ?" ഭാര്യ ചോദിച്ചു.
"അതെ."
"ഇവരോക്ക്യായിട്ടാ കമ്പനി?"
ഹ ഹ.. ഞാൻ ചിരിച്ചു. 

ഇടയിൽ അവന്റെ കല്യാണം കഴിഞ്ഞതറിഞ്ഞു.
പിന്നേം ഇടയ്ക്കു കാണും. വിശേഷങ്ങൾ പറയും. യൂനിറ്റ് കുഴപ്പമില്ലാതെ പോകുന്നു. 

ഒരു ദിവസം ഭാര്യ വന്നു പറഞ്ഞു.
"മോന് സുഖമില്ലാതെ ആശുപത്രീ പോയപ്പോ x വന്നേക്കുന്നു. എന്ത് പറ്റി എന്നൊക്കെ ചോദിച്ച്. എനിക്കാകെ പേട്യായി. പെട്ടെന്ന് തന്നെ എല്ലാ കാര്യങ്ങളും ശര്യാക്കി, ഓട്ടോ വിളിച്ചു തന്നിട്ടാ പോയത്."

"നീ പേടിക്ക്യൊന്നും വേണ്ട. വെറ്തെ ചിരിച്ച് അങ്ങോട്ട്‌ തിരിഞ്ഞു മുറുമുറുക്കണ ആൾക്കാരേക്കാൾ നൂറിരട്ടി നല്ലതാ അവനൊക്കെ."

യൂനിറ്റ് പച്ച പിടിച്ചു എന്നും വീട് വയ്ക്കുന്നു എന്നും ഒക്കെ ഇടയ്ക്ക് കാണുമ്പോ അറിഞ്ഞു.

കഴിഞ്ഞ കൊല്ലം ഒരു സന്ധ്യയ്ക്ക് അപ്പനേം കൊണ്ട് ഒരു വീടന്വേഷിച്ചു  പോകുമ്പോ എതിരെ x.
"വണ്ടി ചവിട്ട്, വീട് അയാളോട് ചോദിക്കാം" എന്ന് പറഞ്ഞു അപ്പൻ
.
അപ്പൻ വീട് ചോദിച്ചപ്പോ അവൻ അപ്പന്റെ സൈഡീന്നു എന്റെ അടുത്തേയ്ക്ക് വന്നു. വീട് പറഞ്ഞു തന്നു. 
"ഞാൻ രണ്ടെണ്ണം വിട്ടണ്ട്രാ. അതാ ഇപ്രത്തേയ്ക്കു വന്നത്." എന്നോടു സ്വകാര്യം പറഞ്ഞു.

ഞാൻ ചിരിച്ചു.

"അത് x  അല്ലെ?" വണ്ടിയെടുത്തപ്പോ അപ്പൻ ചോദിച്ചു.
"അതെ."
"അവന്റെ പരിപാടിയൊക്കെ നന്നായി പോകുന്നുണ്ട് എന്നാ കേട്ടത്. എന്തായാലും തല്ലുകൊള്ളിത്തരം കൊണ്ട് നടന്നിട്ടു ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നൊരു ചുരുക്കാ. അതിലവന് മാര്ക്ക് കൊടുക്കണം."
"അവൻ രണ്ടെണ്ണം അടിച്ചിട്ടുണ്ടായിരുന്നു. അതാ എന്റെ അടുത്തേയ്ക്കു മാറീത്." ഞാൻ പറഞ്ഞു.
"എനിക്ക് മനസിലായി. ആള്ക്കാരെ അറിഞ്ഞു പെരുമാറാനുള്ള വിവേചനം ഉണ്ടല്ലോ. 
നന്നാവും."

അപ്പന്റെ കയ്യീന്ന് കോമ്പ്ലിമെന്റ്. ഞാൻ മനസ്സില് ചിരിച്ചു.

കഴിഞ്ഞ മാസം ടൗണിൽ വച്ച് കണ്ടപ്പോൾ അവന്റെ ബൈക്കിനു പുറകിൽ ഒരു ചങ്ങാതി ഉണ്ട്. അയാളെ എന്നെ പരിചയപ്പെടുത്തി. തിരിച്ചു എന്നെയും.

"ഇതെന്റെ പഴേ ഒരു ഗെട്യാ.
ഇപ്പഴും അങ്ങന്യന്ന്യാ ട്ടോ.
പണ്ടത്തെ ഗെടികളിൽ ഇപ്പഴും കാണെം വര്ത്താനം പറയേം ഒക്കെ ചെയ്യണ ഒരാള് ഇവനാ..
പക്ഷേ, ഈ തെണ്ടി എന്നെ ഇവന്റെ കല്യാണം വിളിച്ചില്ലെടാ..
എനിക്ക് അന്ന് ഭയങ്കര വിഷമായി.
പകരം ഞാനെന്തു ചെയ്തു, എന്റെ കല്യാണം ഇവനേം വിളിച്ചില്ല.
അങ്ങനെ വിട്ടാ പറ്റില്ലല്ലോ."

ഞാൻ ഒരു ഉണ്ടാക്കിച്ചിരി ചിരിച്ചു വിട്ടെങ്കിലും ഉള്ളിൽ ചളുങ്ങിപ്പോയി.കല്യാണത്തിനു വിളിക്കേണ്ടവരിലെ ലിസ്റ്റിൽ x എന്ന പേര് ഓർത്തില്ലായിരുന്നു. ഇത്ര വര്ഷം കഴിഞ്ഞിട്ടും അവനതു ഓര്മ്മ വയ്ക്കണമെങ്കിൽ.. അവന്റെ കല്യാണത്തിനു എന്നെ വിളിക്കാഞ്ഞതിനെക്കുരിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടേ ഇല്ല.
അവന്റെ മനസിൽ എനിക്കുള്ള സ്ഥാനം ഞാനവനു തിരിച്ചു കൊടുത്തിട്ടില്ലല്ലോ എന്നാലോചിച്ച് ഇപ്പഴും ചെറിയൊരു നൊമ്പരം. എത്രയോ പേരുണ്ടാവും, നമ്മൾ ഇഷ്ടപ്പെടുന്നതിനെക്കാൾ എത്രയോ മടങ്ങ് നമ്മളെ ഇഷ്ടപ്പെടുന്നവർ.

2 comments:

navas said...

ചിലര് അങ്ങനയാ ...

ajith said...

എല്ലാരും ചൊല്ലണു
എല്ലാരും ചൊല്ലണു
കല്ലാണു നെഞ്ചീലെന്ന്

ഞാനൊന്ന് നോക്കിയപ്പോ
നീലക്കരിമ്പിന്റെ
തുണ്ടാണു കണ്ടതയ്യാ