"നീ.. നീയൊറ്റ ഒരുത്തിയാണ് നിന്റെ അച്ഛനെ ഇമ്മാതിരിയാക്കുന്നത്."
"ഞാനെന്തു ചെയ്തു?"
"പുതിയ പെട്ടി വണ്ടി വാങ്ങിക്കൊടുക്കുക, അതിന്റെ സി സി കൃത്യമായി അടയ്ക്കുക.. പിന്നെ അങ്ങേർക്കു വല്ല പ്രശ്നവുമുണ്ടോ? കിട്ടുന്ന കാശിനു മുഴുവൻ കുടിക്കാലോ. വണ്ടീടെ സി സിയെങ്കിലും അങ്ങേരു അടയ്ക്കട്ടേടീ, പോത്തേ"
"ഏയ്.. അതൊന്നും വിചാരിച്ചല്ല. അച്ഛൻ എന്തായാലും കുടിക്കും.വണ്ടി ഇല്ലെങ്കിൽ കടം വാങ്ങി കുടിക്കും. ആര് പറഞ്ഞാലും കേൾക്കൂല. ശബരിമലയ്ക്കു പോകാൻ മാലയിട്ടാ, അച്ഛൻ നാല്പത്തതൊന്നു ദിവസം കുടിക്കില്ല.ആ ദിവസങ്ങളിലെ പണി കൊണ്ട് പോകുന്നതിനു മുമ്പ് ഒരു സ്വർണ്ണമാല വാങ്ങും! എന്നിട്ടു നോമ്പെറക്കുമ്പോ മുതൽ കുടി തുടങ്ങും. പണയം വച്ച് കുടിക്കും, പിന്നെ വിറ്റു കുടിക്കും. നിനക്കറിയാലോ,"
"അതന്യാ പറഞ്ഞത്, നിങ്ങള് എതിർത്തു ഒരക്ഷരവും പറയാത്തതാണ് പ്രശ്നമെന്ന്. മൂന്നു പെൺപിള്ളേരായതുകൊണ്ടാ. ഒരെണ്ണം ആണാണെങ്കി കാണാരുന്നു."
"അതല്ലെടാ, അച്ഛനോട് അങ്ങിനെയൊന്നും പറയാമ്പറ്റൂലാ."
"അതെന്താ പേടിയാ? നീ ഇവിടെ ഉണ്ണിയാർച്ചയാണല്ലോ"
"അതല്ലടാ..
നിനക്കറിയാലോ, എന്റേം എന്റെ നാട്ടിലേം സെറ്റപ്. പത്ത് വരെ സ്കൂളീ പോയി മുട്ടിച്ചാ ഭാഗ്യം. അതങ്ങു കഴിഞ്ഞാ പെണ്ണാണെങ്കി ഓട്ടുകമ്പനീൽ പണി, അതാ ഒരു രീതി. അങ്ങനെ ഒരു ചുറ്റുപാടിൽ ഞങ്ങളെ മൂന്നു പേരേം പഠിക്കാൻ അനുവദിച്ചു എന്നതാണ് അച്ഛന്റെ ഗുണം. ഒരൊറ്റ പൈസ അച്ഛൻ തന്നിട്ടില്ല. സ്‌കോളർഷിപ്പും സഹായങ്ങളും ഒക്കെ കൊണ്ടാണ് ചേച്ചിയും അനിയത്തിയും ടീച്ചർമാരായതും ഞാൻ ബി ടെക്കുകാരിയായതും.
എന്റെ മക്കള് പഠിക്കാൻ പോവാ എന്ന് അപ്പുറത്തെ വീട്ടിലെ ഓട്ടുകമ്പനീന്ന് മാസശമ്പളം വാങ്ങുന്ന കൂട്ടുകാരികളുടെ അച്ഛന്മാരോട് പറയാൻ ഉണ്ടായിരുന്ന ആ ഉറപ്പിന് ഞാൻ കൊടുക്കുന്ന റിട്ടേണാ ഇത്. എനിക്കറിയാം ഈ കുടി നല്ലതല്ലെന്ന്. പക്ഷെ, അച്ഛൻ അത് ആസ്വദിക്കുന്നുണ്ട്. വീട്ടിൽ അലോസരം ഉണ്ടാക്കുന്നുമുണ്ട്. പക്ഷെ, കാലത്തെണീറ്റു പണിക്കു പോവേം വണ്ടിയൊതുക്കി വൈന്നേരം മുതൽ കുടിക്കേം ചെയ്യുന്നതിന്റെ ഇടയിലൊക്കെ ന്റെ മോള് വാങ്ങിച്ചു തന്ന വണ്ടിയാ എന്ന് പറയുമ്പോ ഒരു ചിരിയുണ്ട്.. എനിക്കതു മതി."
മതി..
മതിയാവുമായിരിക്കും.
No comments:
Post a Comment