Powered By Blogger

Saturday, March 28, 2020

ചമ്മലിന്റെ മുപ്പതു വർഷങ്ങൾ

പന്ത് കളി കഴിഞ്ഞ് നാറിയ ഷോർട്സ് &ജേഴ്സി ഉണങ്ങി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ തലയ്ക്ക് മുകളിൽ ബൾബ് കത്തി. എന്തായാലും കുളിക്കണം. എന്നാപിന്നെ മുടിവെട്ടും കഴിയ്ക്കാം. ഒരു കുളിക്കു രണ്ടു കാര്യം. സമയം ഏഴര കഴിഞ്ഞതോണ്ട് അശോകേട്ടൻ 'ആലംബന' ആവാൻ വഴിയില്ല.

"നീ തിങ്കളാഴ്ച വൈന്നേരം വന്നാ മതീ ട്രാ.. " എന്ന് ഇന്നാളു കൂട്ടുകാരനോട് പറഞ്ഞെ ഉള്ളൂ.
"അതെന്താ അന്നത്തെ പ്രത്യേകത?"
"എടാ, വനേ.. നീയിവന്റെ മുടി നോക്യേ. പൂപ്പല് കളയണ കമ്പി ബ്രഷിന്റെ കട്ടിയാ മുടിക്ക്. ചൊവ്വാഴ്ച മൊടക്കലെടാ. അപ്പൊ ഇത് വെട്ടി, മൂർച്ച പോണ കത്രിക കുത്തിയിരുന്നു ചാണയ്ക്കു വെക്കാലോ" എന്നൊക്കെ പറയണ ഗെഡിയാണ് ശ്രീ അശോക്.

"ഹും .. ഇന്ന് അവസാനത്തെ ആളായത്കൊണ്ട് സീറ്റിൽ കേറ്റുന്നു." എന്ന് പറഞ്ഞേക്കും അത് സാരമില്ല. ആള് രസികനാണ്. തമാശക്കാരനാണ്. എല്ലാ ബാര്ബര്മാരെയും പോലെ ലോകവിവരങ്ങളുടെ ഭണ്ടാകാരമാണ്.

 'ഇത്തവണത്തെ നാനയുടെ സെന്റർ സ്പ്രെഡ് മികച്ച ഒരിതായിരിക്കണമെ' എന്ന് ഓർത്തുകൊണ്ട്  ബാർബർ ഷാപ്പിൽ കയറുമ്പോൾ അശോക് ദി ബാർബേറിയൻ ഒരാളെ വെട്ടി മുറിച്ചു ലെവലാക്കുന്നുണ്ട്. സുകുവേട്ടൻ അപ്പുറത്തെ ചെയറിലിരിക്കുന്ന ആരെയോ ഗോദ്രേജ് ഷേവിങ് റൗണ്ട്  പതപ്പിച്ചു ക്രിസ്തുമസ് ഫാദർ ആക്കി ഇരുത്തിയിട്ടുണ്ട്. ഇതാരാണാവോ? ആളെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ പതകൊണ്ട് മൂടി വച്ചിട്ട് സുകുവേട്ടൻ എങ്ങോട്ടോ പോകുന്നു!

"അതേയ് സായ്‌വിന്റെ കട ദിപ്പോ അടയ്ക്കും ത്തിരി പച്ചക്കറി.." എന്നൊരു ജാമ്യം സാന്താക്ളോസിനോട് പറയുകയും ആ പാവംഅത്  കൊടുക്കുകയും ചെയ്തിട്ടുണ്ട്.

സുകുവേട്ടന്റെ ആണ് കട. അശോകൻ ആൾടെ  പെങ്ങൾടെ മോനാണ്. ഒന്നര മില്ലി മീറ്റർ അളന്നു നോക്കി അപ്പന്റെ നിർദ്ദേശം കൃത്യമായി നടപ്പിലാക്കിയിരുന്ന സ്കൂൾ കാലത്ത് സുകുവേട്ടൻ ആയിരുന്നു എന്റെ ബാർബർ. ക്രമേണ, ഞാൻ സ്വയം പര്യാപ്തൻ ആവുകയും ചെറിയ പഴുതാര മീശയും നീട്ടി വളത്തിയ മുടിയും ഒക്കെയായി കോലം കേട്ട് പോവുകയും ചെയ്‌തതോടെ സുകുവേട്ടനെ ഞാൻ ഡിവോഴ്സ് ചെയ്തു! നിർദ്ദാക്ഷിണ്യം ഞാൻ അശോകൻ ആർമിയിൽ ചേർന്നു. ആള് നമ്മടെ ആളാ. നാലഞ്ചു വയസു കൂടുതൽ കാണും. തുണിപ്പന്തു കളി തൊട്ടു റഗ്ബി വരേയും കടലാസൊണ്ട് ഉണ്ടാക്കുന്ന വിമാനം തൊട്ട് മിഗും മിറാഷും വരെയും നേരമുണ്ടെങ്കിൽ ആശയങ്ങൾ കൈ മാറാം. സുക്വേട്ടൻ ഇല്ലാത്ത നേരമായാൽ ഹാപ്പി ആയി.

'ഭ്രൂട്ടീഷൻ വേണ്ടാത്തോണ്ടാ ഇവിടെ' എന്ന മട്ടിൽ യാതൊരു താല്പര്യവും ഇല്ലാത്ത പോലെ ഒരു നാന വെറുതെ മറിച്ചു നോക്കാൻ എടുത്തു. വളരെ കാഷ്വൽ ആയി എന്ന ഭാവത്തിൽ മുഖചിത്രം നോക്കി. താല്പര്യം ഇല്ലാത്ത പോലെ അവിടെ തന്നെ ഇട്ടു. അത് പഴയ ലക്കമാണ്.
പുത്തൻ ?
ഉണ്ടല്ലോ..
വളരെ കാഷ്വൽ ആയി തന്നെ അതെടുത്തു. മുഖചിത്രം നോക്കി കഷ്ടം എന്ന ഭാവത്തിൽ മറിച്ചു. സാന്താക്ളോസ് ഇതൊക്കെ നോക്കുന്നുണ്ടെന്ന ചിന്തയിൽ ആണ് ഇതൊക്കെ അഭിനയിക്കുന്നത്. ഉള്ളിൽ ആക്രാൻത് അലയടിക്കുന്നുണ്ട്.

"ഇത്തവണത്തെ നട് പേജ് ഗംഭീരം. എന്താ ഫോട്ടോ" ഇരയുടെ മുകളിൽ വിരിച്ചിരുന്ന തുണിയും മുടിയും കടയുടെ മൂലയിലുള്ള സെപ്പരേഷനിലേയ്ക്ക് കൊണ്ട് തട്ടുമ്പോൾ അശോകേട്ടൻ.
ഞാൻ ഒന്ന് ചമ്മി, കേൾക്കാത്ത പോലെ ഇരുന്നു.
അപ്പോളുണ്ട് ആള് പുസ്തകം എന്റെ കയ്യീന്ന് വാങ്ങി നടുപേജ്‌ നിവർത്തി ഒറ്റ കാണിക്കൽ!

ആസ് യൂഷ്വൽ മുഖത്തേക്കാൾ കൂടുതൽ മെയ്ക് അപ് തുടകളിലും വയറിലും ക്‌ളീവേജിലും ഇട്ട ഒരു മസാലദോശ എന്നെ നോക്കി ചിരിച്ചു. ഞാൻ താല്പര്യമില്ലാത്ത മട്ടിൽ സാന്താക്ളോസിനെ നോക്കി. അയാൾ മൂകസാക്ഷിയായി ഇരിപ്പുണ്ട്.ആരാണീ മഹാൻ എന്നൊരു പിടീം കിട്ടുന്നില്ല. അതോണ്ട് ഞാനൊരു പുച്ഛച്ചിരി അശോകേട്ടനെ നോക്കി ചിരിച്ചു.

"ഹൌ.. ഇഷ്ടായില്ലാന്നു തോന്നുണു.. അല്ലെങ്കി കമിഴ്ന്നു വീഴാറുണ്ടല്ലോ.
നേരം കളയണ്ട.. ഇരിക്ക്"

ചെറുതല്ലാത്ത രീതിയിൽ ചമ്മി. പിന്നെ ഞാൻ ശരിക്കും ഞാനായി. നനഞ്ഞാൽ പിന്നെ മുങാൻകുഴി ഇട്ടു കുളിച്ചിട്ടേ ഉള്ളൂ.

"ഇതാണോ ഗംഭീര പടം? ഏയ്.. പോരാ ട്ടാ."

സീറ്റിൽ കയറി ഇരുന്നു പുതപ്പു പുതപ്പിക്കാനായി ജേഴ്സി പുറകിലേക്ക് വലിച്ചപ്പോൾ ഒരു നീറ്റൽ. കോർണർ എടുക്കാനുള്ള കൂട്ടപ്പൊരിച്ചിലിനിടയിൽ കഴുത്തിനു പുറകിലായി ഒരു മാന്തു കിട്ടിയത് ഫീൽ ചെയ്തിരുന്നു. കളി സ്പിരിറ്റിൽ അത് മൈൻഡ് ചെയ്തില്ല.

"എന്തൂട്രാ ഇത്?" അശോകേട്ടൻ തൊലിപ്പുറത്തെ തിണർത്ത കോറലു കണ്ടു ചോദിച്ചു.
സാന്താക്ലോസ് എത്തി നോക്കുന്നത് കണ്ടു..
വളരെ കൂളായി, നാടകീയമായി ഞാൻ പറഞ്ഞു..
"നഖം കൊണ്ടതാ.. അവളിങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
ശ്ശെ.
ആവേശത്തിനൊരു പരിധിയില്ലേ.. ദുഷ്ട, മനുഷ്യനെ നാറ്റിയ്ക്കാൻ !"

പത്തോമ്പതാം വയസിന്മേൽ ഓട്ടം പോകുന്ന എന്റെ ഡയലോഗിൽ അശോകേട്ടൻ അറിഞ്ഞു ചിരിച്ചു.
സാന്താക്ളോസിന്റെ മുരടനക്കം കേട്ടു.
മൈൻഡ് ചെയ്തില്ല.

കൂടുതൽ വിശദീകരണത്തിലേയ്ക്ക് പോകുമ്പോഴേയ്ക്കും പച്ചക്കറി സഞ്ചിയുമായി സുകുവേട്ടൻ വന്നു. രംഗത്തിനു സെൻസർബോർഡ് കത്രിക വീണു. വെട്ടിനിരത്തൽ തുടങ്ങി. അവസരോചിതമായി അടിച്ച ഡയലോഗിൽ സ്വയം അഭിരമിച്ച് ഇരുന്ന ഞാൻ അടുത്ത നിമിഷം വിളറി വെളുത്തു.

സത്യത്തിന്റെ കണികകൾ മറ നീക്കി പുറത്ത് വരും എന്ന് പറഞ്ഞ പോലെ സുകുവേട്ടന്റെ ഓരോ ഷേവിലും സാന്താക്ളോസ്ന്റെ യഥാർതഥ മുഖം പുറത്ത് വന്നു... വാസുദേവേട്ടൻ. അപ്പന്റെ ഉറ്റ ദോസ്ത്, അയൽക്കാരൻ..

അന്ന് തോന്നിയ ചമ്മല് പത്തുമുപ്പതു കൊല്ലം കഴിഞ്ഞു കഴിഞ്ഞ ഡിസംബറിലാ മാറിയത്,  വാസുദേവേട്ടൻ മരിച്ചപ്പോ.

5 comments:

animeshxavier said...

പോന്നോട്ടെ 

Cv Thankappan said...

എന്നാലും ഇത്ര്യേം വർഷങ്ങൾ...
കടുപ്പംത്തന്നെ!
ആശംസകൾ

Manikandan said...

സുകുവേട്ടൻ വേഗം വന്നത് നന്നായി.

Anonymous said...

നന്നായി

സുധി അറയ്ക്കൽ said...

പോന്നു.