Friday, April 11, 2014

ചരമ പേജ്

ഫ്ളൈ ഓവറിന് ഇടതു വശത്തെ റോഡിലൂടെ ട്രാൻസ്പോർട്ട് സ്ടാണ്ടിലേയ്ക്കുള്ള വഴിയിലേയ്ക്ക് ബസ് കയറുമ്പോൾ സീറ്റിൽനിന്നു എണീറ്റു. ഇറങ്ങാനായി വാതില്ക്കലെയ്ക്ക് നടക്കുമ്പോൾ വാച്ചിൽ വീണ്ടും നോക്കി.

മൂന്നര.. നേരം വെളുക്കാൻ ഇനീം എത്ര നേരം..

'എന്തൊരു കത്തിക്കലാണപ്പാ. ഇങ്ങേർക്ക് ഇത്തിരി പതുക്കെ ഓടിച്ചൂടെ? '
പതിനഞ്ചു മിനിട്ടെങ്കിലും നേരത്തെ എത്തിച്ച് , എങ്ങനിണ്ട് എന്റെ പെട? എന്ന ഭാവത്തിലിരിക്കുന്ന 'ഫോർമുല വണ്‍' ഡ്രൈവറോട് അയാള് കേള്ക്കാതെ ഒരു ചോദ്യം ചോദിച്ചു.

വാതിൽ തുറന്നു, ഇറങ്ങി. വേറാരും  ഇറങ്ങാനും കയറാനും ഇല്ല.

'ഇങ്ങേർക്കിറങ്ങാൻ വേണ്ടി മാത്രാ ഞാനീ കിടുത്താപ്പിലെയ്ക്ക് വന്നത്' എന്ന ഭാവത്തിൽ വാതില്ക്കലെയ്ക്ക് നോക്കിയ ഡ്രൈവറുടെ മുഖത്തേയ്ക്ക് വാതിൽ കൊട്ടിയടച്ച് വെയ്റ്റിംഗ് റൂമിലേയ്ക്ക് നടക്കുമ്പോൾ ബസ് പുറകിൽ ഒരു ഹോണ്‍ മുഴക്കി. 
മനസിലായി.
അങ്ങേരുടെ വക തെറിയാണ്! വാതിൽ കനത്തിലടച്ചതിന്റെ മറുപടി.

ഈ നേരത്ത് സാധാരണ ഇവിടെ എത്തുക പതിവുള്ളതല്ല. ഇതിപ്പോ രണ്ട്  മണിക്കൂറോളം ബസിന് വേണ്ടി കാത്തിരിക്കണം. 'ഹൈവേ സൈഡിലൊക്കെ വീടുള്ള ദുഷ്ടന്മാരെ, നിങ്ങളുടെ ഭാഗ്യം. നമുക്ക് രക്ഷയില്ലല്ലോ. അഥവാ കണ്ടക്ടരുടെ കാലുപിടിച്ചു ബെല്ലടിപ്പിച്ചു വീടിനു നാലഞ്ചു കിലോമീറ്റർ ഇപ്പുറത്തുള്ള ജങ്ങ്ഷനിലെ സ്റ്റോപ്പിൽ ചെന്നിറങ്ങിയാലും വഴിക്കാര്യോം വാടകേം പറഞ്ഞ് ഓട്ടോക്കാരോട് തല്ലുകൂടാൻ നിക്കണം. അല്ല.. അവരെ പറഞ്ഞിട്ട് കാര്യമില്ല, അത്ര നല്ല റോഡാണല്ലോ!' ആത്മഗതങ്ങളുടെ വേലിയേറ്റം ബാക്പാക്കിലാക്കി വെയ്റ്റിംഗ് ഏരിയയിലെ സീറ്റിൽ നിക്ഷേപിച്ചു.

വെയ്റ്റിംഗ് റൂമെന്ന് ബോർഡുണ്ടെങ്കിലും അവിടെ കാത്തിരിപ്പുകാർ കാര്യമായി ആരുമില്ല. എപ്പോഴോ വന്നിറങ്ങിയ കുറച്ചു ബംഗാളികൾ നിലത്ത് ചുരുണ്ട് കിടപ്പുണ്ട്. അവരുടെ കെട്ടും ഭാണ്ഡവും മുന്നില് നിരന്നിരിക്കുന്നു. ആദ്യത്തെ ബസിനു വേണ്ടിയുള്ള കാത്തു കിടപ്പായിരിക്കും. പിന്നെ രണ്ടു മൂന്നു പേര് അവിടവിടെ ഇരിപ്പുണ്ട്. ഇരിപ്പിടങ്ങളോടു ചേർന്ന് പുറത്തേയ്ക്ക് തുറക്കുന്ന  ചെറിയ കടയുടെ മുന്നിലും സൈഡിലുമായി  കുറച്ചു പേര് ചായകുടിയും വര്ത്തമാനവും ആയി നില്പ്പുണ്ട്. ഇരിക്കാനാഞ്ഞ സീറ്റിനടിയിൽ എന്തോ അനക്കം കണ്ടു ഞെട്ടിയപ്പോൾ, 'ഉറങ്ങാനും സമ്മതിക്കൂല്ലടെയ്' എന്ന മുഖഭാവവുമായി ഒരു പട്ടി എണീറ്റ്‌ നടന്നു. ചുറ്റും നോക്കി, ഞെട്ടൽ ആരും കണ്ടിട്ടില്ല... സമാധാനം ! 

സെക്കണ്ട് ഷോയ്ക്ക് കയറുന്നതിനു മുൻപ് കഴിച്ച ടൂബോര്ഗിന്റെ തണുപ്പ് ഇരട്ടി ഉഷ്ണമായി ഷര്ട്ടിനെ നനയ്ക്കുന്നതും അതുണ്ടാക്കുന്ന അസ്വസ്ഥത സഹിയ്ക്കാവുന്നതിനുമപ്പുറത്തെയ്ക്കു വളരുന്നതും കുറയ്ക്കാൻ തണുത്തൊരു നാരങ്ങാസോഡാ കഴിച്ചാലോ എന്ന ആലോചനയിൽ എണീറ്റ്‌ കടയിലേയ്ക്ക് നടന്നു. 

"നാരങ്ങ ഇല്ല ഭായീ.. മാത്രല്ല, സോഡ തണുപ്പുമില്ല."

കോപ്പ്.. 
അതും പൊളിഞ്ഞു. ഇന്ന് മൊത്തം കാൽക്കുലേഷൻ മിസ്സിങ്ങായിരുന്നു. വീക്കെൻഡിൽ സാധാരണ പണി കുറവുള്ളതാ. ഇന്നാണേൽ ഒടുക്കത്തെ പണി. ഒരു തരത്തിൽ ജോലി കഴിഞ്ഞിറങ്ങി റിയയെ മീറ്റ് ചെയ്യാനുള്ള ഓട്ടം ഓടിയത് വെറുതെയായി. പത്തു മിനിട്ട് കാത്തു നിക്കാൻ ആ വെടക്കിനു പറ്റിയില്ല. ആകെ ആശ്വാസം ചുരുങ്ങിയത് ഒരിരുന്നൂറ്റമ്പതു രൂപ ലാഭം എന്നത്  മാത്രം! പിന്നെ രമേഷിനെ കാണാൻ ഒരു മണിക്കൂർ വെയ്റ്റ് ചെയ്തു. അവനാണെങ്കിൽ വന്നതു തന്നെ നാട്ടീ പോകാനുള്ള ട്രെയിൻ ടിക്കറ്റും പൊക്കിപ്പിടിച്ച്. അവന്റെ തല തിന്നാം എന്ന വ്യാമോഹം അതോടെ അസ്തമിച്ചു. അവസാനം തട്ട് കടേന്ന്  ഒരു കൂതറ ഭക്ഷണവും കഴിച്ച്, സീലോർഡീന്ന് രണ്ടു ടൂബോര്ഗും കഴിച്ച് സിനിമയ്ക്ക് കേറുമ്പോൾ ഭയങ്കര പ്ളാനിങ്ങായിരുന്നു. സിനിമ കഴിയുമ്പോൾ പന്ത്രണ്ടര. പതിയെ നടന്ന് ബസ് കിട്ടുമ്പോൾ ഒരു മണി. നാല് - നാലര മണിക്കൂർ  ബസിൽ. സ്ടാണ്ടിൽനിന്ന് ഒരു ചായ അടിച്ച് അഞ്ചെമുക്കാലിന്റെ ബസിൽ നാട്ടിലേയ്ക്ക്. ആഹ ഹ..

എവിടെ.. 
സിനിമയുടെ നീളം ഒന്നേമുക്കാൽ മണിക്കൂർ, പുറപ്പെടാൻ തയ്യാറായി നിന്ന ബസ്, ഡ്രൈവറുടെ ഫോര്മുല വണ്‍ ഡ്രൈവിംഗ്.. മൂന്നേമുക്കാലിനു ദേ. ദിവിടെ! 


സീറ്റിൽ തന്നെ പോയിരുന്നു. മൊബൈലെടുത്തു. ഹോ.. ബാറ്ററി ചുവന്നു കത്തുന്നു. എന്തൊരു കഷ്ടമാണപ്പാ. വിഗ്ഗ് വയ്ക്കാൻ മറന്ന തലേൽ കാക്ക തൂറി എന്ന് ആരോ പറഞ്ഞ പോലെ ആയി. സമയം പോകാൻ ഇനി എന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിലിരിക്കുമ്പോളാണ് സ്ടാന്റിലേയ്ക്ക് ഒരു പിക് അപ് കയറി വന്നത്. കടയുടെ മുമ്പിൽ അത് നിർത്തി. എവിടെനിന്നോ മൂന്നുനാലുപേർ വണ്ടിക്കു ചുറ്റും പ്രത്യക്ഷപ്പെട്ടതും ഡ്രൈവർ ഇറങ്ങി, പുറകുഭാഗം തുറക്കുന്നതും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കെ മനസ്സിൽ പെട്ടെന്നിടിവെട്ടി മഴ പെയ്തു. കാരണം ഇറക്കിയ കെട്ടുകൾ പത്രങ്ങളായിരുന്നു. സമയം തള്ളി നീക്കാൻ ദൈവം തരുന്ന മാര്ഗ്ഗം. സന്തോഷമായി.
കെട്ട് പൊട്ടിച്ചു തരം തിരിക്കുന്നതിനു മുൻപേ, പത്രം വാങ്ങാൻ ആക്രാന്തം കാട്ടിയ എന്നെ കണ്ണുരുട്ടി നോക്കിയെങ്കിലും കടക്കാരന്റെ കയ്യീന്ന് പത്രം കിട്ടി. ഇതിനാണ്  ചൂടോടെ വാർത്ത വായിക്കുക എന്ന് പറയുന്നത് എന്ന ഭാവത്തിൽ പത്രം നിവർത്തി. നേരെ പുറകിലെ പേജിലേയ്ക്ക്. അവിടെനിന്നാണ് വായന ആരംഭിക്കുന്നത്. പരസ്യം, സിനിമ, സ്പോര്ട്സ്... പിന്നെ മുൻ പേജിലേയ്ക്ക് അതാണ്‌ ക്രമം. 

സ്പോര്ട്സ് പേജിലെ 'എൽ - ക്ളാസികോ' റിപ്പോര്ട്ടിൽ മുഴുകിയിരിക്കുമ്പോൾ എന്തോ മനസ് അസ്വസ്ഥമാകുന്ന പോലെ. എന്തോ സംഭവിക്കാൻ പോകുന്ന പോലുള്ള ഒരു ഫീലിംഗ്. ചുറ്റും ഒന്ന് നോക്കി. തൊട്ട്‌ പുറകിലത്തെ വരിയിൽ ഇങ്ങോട്ട് തന്നെ ശ്രദ്ധിച്ചുകൊണ്ട് ഒരു പരിചിത രൂപം - ശാരദാമ്മ. ഇങ്ങോട്ട് തന്നെ ആണ് നോട്ടം. അലക്ഷ്യമായൊരു ഭാവം സ്വന്തം നോട്ടത്തിന് കൊടുത്ത് അവരെ കാണാത്ത ഭാവത്തിൽ മുഖം വീണ്ടും പത്രത്തിൽ പൂഴ്ത്തി.

'ഓ.. ഈ കുരിശു് ഇവിടെ ഉണ്ടാര്ന്നോ? ഇത്രേം നേരം കണ്ടില്ലല്ലോ.
പണ്ടാരമടങ്ങാനായിട്ട്, ഏതേലും അമ്പലത്ത്തിലെയ്ക്കുള്ള എഴുന്നള്ളത്തായിരിക്കും.
എവിടെ പോയാലും ഏതേലും ഇത്തിക്കണ്ണി എന്റെ മേല് കയറുന്നത് എന്തിനാണാവോ.'

വീണ്ടും ഒന്ന് പാളി നോക്കി. ഇങ്ങോട്ട് തന്നെ നോക്കിയിരിപ്പുണ്ട്‌.
'പൂതന. ഇതെന്തൂട്ട് സാധനമാണപ്പാ.' 

പുതിയ വീടു വാങ്ങി താമസമാക്കാൻ വന്നപ്പോൾ അഞ്ചാം ക്ളാസിലായിരുന്നു എന്നാണു ഓർമ്മ, സ്കൂൾ വിട്ടു വരുമ്പോൾ വെള്ളം കുറഞ്ഞ കനാലീന്ന് മീൻ പിടിച്ച വിശേഷം വീട്ടിലവതരിപ്പിച്ച് അടി വാങ്ങിത്തന്നു കൊണ്ടായിരുന്നു ശാരദാമ്മ ജീവിതത്തിലേയ്ക്ക് കയറി വന്നത്. അന്നവര്ക്ക് അമ്പതിനടുത്ത് പ്രായം കാണും. ഭര്ത്താവ് നേരത്തെ മരിച്ചു പോയി, ഒരു മകനുണ്ട്, അത് തന്നെ കുറെ വൈകി ഉണ്ടായതാണ്, ഐ ടി ഐ യിലോ മറ്റോ പഠിക്കുന്നു, കുറച്ചു പറമ്പുണ്ട്. അവിടെ അല്ലറ ചില്ലറ കൃഷിയും ഭര്ത്താവിന്റെ പെന്ഷനും ഒക്കെ ആയി ജീവിക്കുന്നു എന്നെല്ലാം ക്രമേണ അറിഞ്ഞു. ലോകകാര്യങ്ങൾ മുഴുവൻ അന്വേഷിക്കലും അമ്പലം നിരങ്ങലും ഏഷണി കേറ്റലുമാണ് മെയിൻ ഹോബി. 'നിന്റെ ലോക്കൽ ഗാർഡിയൻ ഞാനാ' എന്ന മട്ടിലായിരുന്നു എന്നോടുള്ള പെരുമാറ്റം. അവരുടെ വാക്ക് കേട്ട് തുള്ളാൻ അച്ഛനും അമ്മയും. 

ചൂരലിന്റെ അടയാളങ്ങൾ ചുവപ്പ് വീഴ്ത്തിയ എത്രയെത്ര സന്ദർഭങ്ങളാണ് അവരെനിക്കു സമ്മാനിച്ചിട്ടുള്ളത്! പാടത്ത് പന്ത് കളിക്കാൻ പോയതിന്, കുട്ടപ്പേട്ടന്റെ കൊക്കരണിയിൽ നീന്തൽ പഠിക്കാൻ പോയതിന്, കശുവണ്ടി കൊടുത്തു ഐസ് ഫ്രൂട്ട് വാങ്ങിയതിന്, പ്രദീപും മുരളിയുമായി കൂട്ട് കൂടിയതിന്, സാവിത്ര്യേച്ചീടെ കടയില്നിന്നു പൊറോട്ടയും ചാറും വാങ്ങിയതിന്... എന്തിന്, പത്തു കഴിഞ്ഞ് ഒരു ദിവസം ഉണ്ണിമോൻ ചേട്ടന്റെ കയ്യീന്ന് ഒരു ബീഡി അടിച്ചു മാറ്റി വലിച്ചത് വരെ കൃത്യമായി അവരുടെ മുന്നില് പെട്ടു. മിക്കവാറും പൂശു കിട്ടുന്നത് ശാരദാമ്മയുടെ മുന്നില് വച്ച് തന്നെയാവും. അവർ അത് ആസ്വദിച്ചു ചിരിക്കും.തോട്ടിനപ്പുറത്തെ ശിവരാമേട്ടന്റെ മോള് ചിത്രയുമായി സംസാരിച്ചു നില്ക്കുന്ന വിവരം വീട്ടിൽ അറിയിച്ചു ഭൂകമ്പമുണ്ടാക്കിയത് പ്ലസ് റ്റു കഴിഞ്ഞ സമയത്താണ്. അപ്പോഴേയ്ക്കും അടി നിർത്തി 'നിന്നെയൊക്കെ തല്ലീട്ടു നേരെയാവുന്ന കാലം കഴിഞ്ഞു' എന്ന അവസ്ഥയിലേയ്ക്ക് അച്ഛൻ എത്തിയിരുന്നു. അമ്മ പിന്നെ പണ്ടേ, പതം പറച്ചിലും കരച്ചിലും ആയിരുന്നു. അതിന്റെ അളവ് കൂട്ടി എന്ന് മാത്രം.

പക്ഷെ, ആ സംഭവത്തോടെ ശാരദാമ്മയെ ലൈഫീന്നു ഒഴിവാക്കി.
നേരെ അവരുടെ വീട്ടീ ചെന്നു.

"എന്താ മോനെ? വാ ഇരിക്ക്." ചിരി, ആതിഥേയ മര്യാദ 
"മോനോ? ആരുടെ മോൻ? ഞാനിരിക്കാൻ വന്നതല്ല."
"എന്തേ, ചൂടായിട്ട് ?"
"ആ.. ചൂടായിട്ടു തന്ന്യാ. നിങ്ങളേയ്  ഇനി മേലാൽ എന്റെ കാര്യം അന്വേഷിക്കരുത്. ഇത്രത്തോളം മതി."
"എന്താണാവോ? കൊച്ചു കുഞ്ഞായിരിക്കുമ്പൊ മുതൽ നിന്നെ കണ്ടു തുടങ്ങീതല്ലേ. ഇങ്ങന്യോന്നും മോൻ സംസാരിക്കണത് കേട്ടിട്ടില്ലല്ലോ."
"ഹും. എന്നേ സംസാരിക്കെണ്ടാതായിരുന്നു. നിങ്ങളാരാ എന്റെ കാര്യം അന്വേഷിക്കാൻ. നിങ്ങള്ക്ക് വേറെ ഒരു പണീമില്ലേ? അവനവന്റെ കാര്യം അന്വേഷിച്ചാ പോരെ?"
"എന്താ പ്പോ പ്രശ്നം."
"നിങ്ങളെന്റെ പുറകീന്ന് മാറില്ലേ? എവിടേയ്ക്ക് തിരിഞ്ഞാലും നിങ്ങളെ പേടിച്ചു നടക്കണല്ലോ."
"അതിപ്പോ.... പരിചയമുള്ള കുട്ട്യല്ലേ, വഴി പിഴച്ചു പോവണ്ടല്ലോ എന്ന് കരുതിയല്ലെ, ശാരദാമ്മ ഓരോ കാര്യങ്ങള് പറഞ്ഞു തന്നിട്ടുള്ളത്."
"നിങ്ങളാദ്യം നിങ്ങടെ മോനെ നന്നാക്ക്. വേറെ ജാതീന്നു പെണ്ണും കെട്ടി, അതിനെ ഉപേക്ഷിച്ച് കള്ളും കഞ്ചാവുമായി കാനേൽ കെടക്കണില്ലേ? അങ്ങേരെ ഉപദേശിച്ചു നേര്യാക്ക്.. എന്നിട്ട് മതി നാട്ടുകാർടെ പിള്ളേരെ നന്നാക്കൽ. ലോകം നന്നാക്കാൻ ഇറങ്ങിയിരിക്കുന്ന ഒരു മഹതി."

അവരുടെ വാക്കുകൾ പെട്ടെന്ന് നിന്നു. കണ്ണുകൾ നിറഞ്ഞു. 

അവിടെനിന്നു ഇറങ്ങി പോരുമ്പോൾ അതിന്റെ പേരിൽ മറ്റൊരു ഭൂകമ്പം പ്രതീക്ഷിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. അതോടെ തലയ്ക്കു മുകളിൽ തൂങ്ങിയിരുന്ന ശാരദാമ്മ എന്ന വാൾ മാറിക്കിട്ടി.പിന്നെ, ഒറ്റിക്കൊടുക്കലുകൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ഇടയ്ക്കാലോചിക്കുമ്പൊൾ അവർ പറഞ്ഞതെല്ലാം നല്ലതിനായിരുന്നില്ലേ, എന്ന ചിന്ത തോന്നായ്കയില്ല. എന്നാലും ആ സംഭവത്തോടെ ശാരദാമ്മയെ ബുക്കീന്ന് വെട്ടിക്കളഞ്ഞു.

എങ്കിലും. "ഇപ്പൊ എവിട്യാ ജോലി? ശമ്പളം എത്ര കാണും? താമസം എവിടെ? ഭക്ഷണം ആരാ ഉണ്ടാക്കി കൊടുക്കുന്നെ? " തുടങ്ങിയ ചോദ്യങ്ങളും "ബൈക്കിനു സ്പീഡു കൂടുതലാ, മൊബൈലിൽ സംസാരിച്ച് വണ്ടി ഓടിക്കുന്നു" എന്നീ പരാതികളും "എല്ലാ നേരവും കമ്പ്യൂട്ടറിന് മുന്നില് ഇരുന്നാൽ കണ്ണ് കേടാവും" തുടങ്ങിയ സാരോപദേശങ്ങളും വിളമ്പാൻ അമ്മയുടെ അടുത്ത് വരുന്നത് കാണാം. മൈൻഡ് ചെയ്യാറില്ല. ഇപ്പൊ പ്രായം കൂടി. അസുഖങ്ങൾ ധാരാളം. വിവിധ അമ്പലങ്ങൾ ചുറ്റാൻ നടക്കലാണ് പരിപാടി എന്ന് പറഞ്ഞു കേട്ടിരുന്നു. അങ്ങനെ വല്ല യാത്രയിലുമായിരിക്കും.

ഒന്നുകൂടെ നോക്കി.
നോട്ടം ഇങ്ങോട്ട് തന്നെ. എന്തോ പറയാനുള്ള വ്യഗ്രത മുഖത്ത് കാണാം.
'എന്തേ' എന്നൊരു ചോദ്യം പുരികം കൊണ്ടെറിഞ്ഞു.

"പേപ്പറ് .."

കോപ്പ്, പിന്നേം ശല്യമാണല്ലോ. ഒരാള് വായിക്കുന്നത് കണ്ടൂടെ. കഷണം കഷണമാക്കി പലര്ക്കു വീതിച്ചു കൊടുത്തു വായിക്കുന്ന ഒരു രീതി പണ്ടേ ഇഷ്ടമല്ല. ഇപ്പൊ ഇതീന്ന് കിട്ടണം. ഇവർ എന്നും നമുക്കൊരു ശല്യമാണല്ലോ, ഈശ്വരാ. എന്നൊക്കെ ചിന്തിച്ചെങ്കിലും പത്രത്തിന്റെ ഔട്ടർ പേജുകൾ മാറ്റിയെടുത്ത് യാന്ത്രികമായി അവര്ക്ക് നീട്ടി. 

മുഖത്തൊരു തെളിച്ചമില്ലല്ലോ.
മുഴുവനും വേണായിരിക്കും. ഓ. ശല്യം.

"ഇത് മൊത്തം വേണോ? " ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"വേണ്ട, ചരമ പേജു് .."

ഓ. ഇത് ഒരു പ്രായമാവുമ്പോൾ എല്ലാവര്ക്കും ഉണ്ടാവുന്ന സൂക്കേടാണെന്നു തോന്നുന്നു. അച്ഛനും അമ്മയും ഇപ്പൊ ചരമപെജു് അരിച്ചു പെറുക്കൽ തുടങ്ങീട്ടുണ്ട്.

കൊടുത്തു, ഇനി അതിന്റെ കുറവ് വേണ്ട. മുമ്പ് കൊടുത്ത പേജു് തിരികെ കിട്ടി.
ഇടയ്ക്കൊന്നുകൂടി നോക്കിയപ്പോൾ ചരമ വാർത്തകൾ കാര്യമായി ശ്രദ്ധിക്കുന്നതും മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി മറിയുന്നതും കണ്ടു.

ചില ബസുകൾ വന്നു പോയി. ആളുകള് കൂടിക്കൂടി വന്നു. ബംഗാളികൾ എണീറ്റു. 
വായനയുടെ ഇടയിൽ എപ്പോഴോ ഉറങ്ങിപ്പോയി. ഞെട്ടിയെണീറ്റു വാച്ചിൽ നോക്കിയപ്പോൾ അഞ്ചര. സീറ്റിൽ ശാരദാമ്മ ഇല്ല. പത്രത്തിന്റെ പേജ് അവിടെ തന്നെ ഉണ്ട്.

'ങേ. പോയോ?'
മൊത്തം ഒന്ന് നോക്കി. ആളെ കാണാനില്ല.
മുമ്പ് വന്ന വല്ല ബസുകളിലും കയറി പോയി കാണും. എന്നാലും ഒരു സാധനം വാങ്ങിച്ചാ തിരിച്ചു തന്നൂടെ. ആ.. പോട്ട്. ആള് പോയല്ലോ. സമാധാനം.

പത്രം മടക്കി ബാഗിൽ തിരുകി ഒരു ചായ കുടിച്ചു.
കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും ഒന്ന് നടന്നു. ഉഷാറായി.
ബസ് ബോര്ഡ് വച്ചു. കയറിയിരുന്ന് വീണ്ടും ഒരു നോട്ടം കൂടെ നടത്തി.

നോ ശാരദാമ്മ!

വീട്ടില് ചെന്ന് കയറുമ്പോൾ ആറര.
"എന്താടാ ഇത്രേം വൈക്യേ?"
"ഞാൻ വൈകുംന്നു പറഞ്ഞിരുന്നില്ലേ?"
"ഉവ്വ.. ന്നാലും ഞാൻ കരുതി മൂന്നു മൂന്നര ആവുമ്പൊളേയ്ക്കും എത്തുംന്ന്."
"വേണേൽ എത്താർന്നു. അച്ഛന്റേം അമ്മേടേം ഉറക്കം കളയേണ്ടന്നു കരുതി."
"ഉറക്കം അല്ലേലും ഉണ്ടാര്ന്നില്ല. അച്ഛൻ ദാ വന്നു കയറിയേ ഉള്ളൂ."
"എന്ത് പറ്റി?"
"മ്മടെ ശാരദാമ്മ മരിച്ചു. ഇന്നലെ വൈകീട്ട് ഒരു എട്ടുമണി ആയിക്കാണും. രാത്രി മുഴുവൻ അച്ഛൻ അവിട്യാർന്നു."
"ആര്?"
"ശാരദാമ്മ. നമ്മടെ വാര്യത്തെ ശാരദാമ്മന്നെ."

കിടുങ്ങിപ്പോയി. ഒരു വിറയൽ ശരീരത്തിലൂടെ കടന്നു പോയി. വിയർത്തു. വിറയ്ക്കുന്ന കൈകൾ  കൊണ്ട് പത്രം തുറന്നു ചരമ പേജ് എടുത്തു.
കണ്ണിൽ ഇരുട്ട് കയറുന്നതിനിടയിൽ മൂന്നാമത്തെ കോളത്തിൽ കണ്ടു.

പടമടക്കം... 
ശാരദ വാരസ്യാർ (67)


14 comments:

animesh xavier said...

പോരട്ടെ.. പോരട്ടെ

gopipuli said...

കൊള്ളാം ... നന്നായിട്ടുണ്ട്

Tijo P Mathew said...

നല്ല തുടക്കം നല്ല വിവരണം നല്ല ക്ലൈമാക്സ്
സൂപ്പേർബ് :)

ഞാൻ ഗന്ധർവൻ said...

എഴുത്ത് നന്നായി :-)

വിപ്ലവകാരി said...
This comment has been removed by the author.
ajith said...


+
വളരെ ഒഴുക്കുള്ള എഴുത്ത്
രസകരമായ ശൈലി
സരസമായ ചില പ്രയോഗങ്ങള്‍
സിമ്പിള്‍ ആയ വാക്കുകള്‍

-
ഇതേ തീം ഉള്ള പല കഥകള്‍ വായിച്ചിട്ടുണ്ട്
അതുകൊണ്ട് ഒരു പുതുമയോ പ്രത്യേകതയോ തോന്നിയില്ല.
ചരമപ്പേജ് എന്ന ടൈറ്റിലും ശാരദാമ്മയുടെ വരവും കഥയുടെ അന്ത്യം മുന്‍ കൂട്ടി കാണാന്‍ ഉള്ള ഒരു കുറുക്കുവഴി ആയിപ്പോയി

Achoo said...

വളരെ നന്നായി അനിയേട്ടാ,നല്ല ആഖ്യാനം ,അടുത്ത ഒരു ഷോര്‍ട്ട് ഫിലിമിനു ഉള്ള സബ്ജെറ്റു ഉണ്ട് ഇതിലും ,ക്ലൈമാക്സ് കിടു .
ഞാന്‍ കാര്യായിട്ടാ ,ഇതൊരു ഷോര്‍ട്ട് ഫിലിം ആക്കിയാലോ ?
ശാരദ വാരസ്യാരെ നമുക്ക് പ്ലസ്സീന്നു തന്നെ പൊക്കാം :)

Cv Thankappan said...

ചരമകോളം...!!!
തീര്‍ച്ചയായും ഞങ്ങളുടെ നിരയില്‍പ്പെട്ട വയസ്സന്‍മാര്‍ ചരമകോളം ശ്രദ്ധിക്കും!
തങ്ങളുടെ പരിചയവലയത്തിലുള്ള ആരെങ്കിലും......
നന്നായി എഴുതി
ആശംസകള്‍

Saleel Me said...

നന്നായിട്ടുണ്ട്.

Saleel Me said...
This comment has been removed by the author.
viddiman said...

അജിത്തേട്ടൻ പറഞ്ഞതു തന്നെ എന്റെയും അഭിപ്രായം :

"+
വളരെ ഒഴുക്കുള്ള എഴുത്ത്
രസകരമായ ശൈലി
സരസമായ ചില പ്രയോഗങ്ങള്‍
സിമ്പിള്‍ ആയ വാക്കുകള്‍

-
ഇതേ തീം ഉള്ള പല കഥകള്‍ വായിച്ചിട്ടുണ്ട്
അതുകൊണ്ട് ഒരു പുതുമയോ പ്രത്യേകതയോ തോന്നിയില്ല.
ചരമപ്പേജ് എന്ന ടൈറ്റിലും ശാരദാമ്മയുടെ വരവും കഥയുടെ അന്ത്യം മുന്‍ കൂട്ടി കാണാന്‍ ഉള്ള ഒരു കുറുക്കുവഴി ആയിപ്പോയി "

അനിമേഷ് സേവ്യർ, അനിമേഷ് സേവ്യറിനെ തന്നെ പിന്തുടരുകയാണോ എന്നൊരു സംശയവും ഇല്ലാതില്ല, ഈ പോസ്റ്റ് വായിച്ചത് ഓർമ്മയിലുള്ളതുകൊണ്ട് >> animeshxavier.blogspot.in/2013/06/blog-post.html

Aarsha Sophy Abhilash said...

ചരമകോളം വാങ്ങിയപ്പോള്‍ കഥ കിട്ടി :(
പക്ഷെ, സരസമായി എഴുതി -ലളിത ഭാഷയില്‍ :)
ആശംസകള്‍

Aarsha Sophy Abhilash said...

ചരമകോളം വാങ്ങിയപ്പോള്‍ കഥ കിട്ടി :(
പക്ഷെ, സരസമായി എഴുതി -ലളിത ഭാഷയില്‍ :)
ആശംസകള്‍

p m mohamadali said...

ചരമം കോളം കൊള്ളാം ,പത്രക്കാർക്ക് വാർത്തകൾ കുറയുമ്പോൾ
നീട്ടി പരത്തി പത്രം നിറക്കാൻ എളുപ്പം ,എത്രയും ഉണ്ടാകുമല്ലോ ?
വയസരേ, വായനക്കാരെ ,തൽപര പക്ഷികൾക്ക് ,പ്രായം ,അഭിപ്രായം
ഒരു പ്രശ്നമല്ലാത്ത കാലം ,കാലന്റെ കാല ഗണിതം ,കണിശം