Wednesday, November 28, 2012

നിരാശാ കാമുകന് പറയാനുള്ളത്!

പ്രിയമുള്ള അനിയന്മാരെ,

ആടുമേയ്ക്കല്‍ മറന്നു ഫ്ലൂട്ട് വായിച്ചു ചന്ദ്രികയെ സന്തോഷിപ്പിച്ചു അവസാനം പ്രാന്തനായ രമണന്റെ കഥയിലൂടെ സ്വന്തം ജീവിതം പകര്‍ത്തിയ എന്റെ ആത്മീയ ഗുരു ചങ്ങമ്പുഴയെ മനസ്സില്‍ സ്മരിച്ചുകൊണ്ട്, 'സന്യാസിനീ...' പാടി നടന്ന ദിവസങ്ങള്‍ക്കു ശേഷം സ്വന്തം പോക്കറ്റ് നോക്കി, "പണ്ടാരക്കാലീ നീ മുടിഞ്ഞു പോവേയുള്ളൂ" എന്ന് മനസ് നൊന്തു പ്രാകിയ ആയിരക്കണക്കിന് മുന്‍ഗാമികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്‌.. രാവിലെ ഷെയര്‍ ചെയ്തടിച്ച പൈന്റിന്റെ ആന്തല് കഴിഞ്ഞപ്പോ വീണ്ടും വന്ന ഹൃദയവേദനയില്‍ ചാലിചെടുത്ത ടച്ചിങ്ങ്സ് .. അല്ല കുറച്ചു വാക്കുകള്‍ - നിലയില്ലാക്കയത്തിലെയ്ക്കെടുത്ത് ചാടി സായൂജ്യമടയാന്‍ ഒരുങ്ങുന്ന പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പറയുകയാണ്‌.

വേണെങ്കി കേട്ടോ.

ദിപ്പോ, നിങ്ങളീ കാണിക്കാന്‍ പോണ ആവേശമുണ്ടല്ലോ അതിന്റെ എഴെരട്ട്യാര്‍ന്നു എനിക്ക്. ഹോ.. എന്താര്‍ന്നു! പത്താം ക്ലാസില് തോടങ്ങ്യ പരിപാട്യല്ലേ.... എന്തൂട്ട്? എന്റെ പ്രേമം! അമ്പലത്തീ പോയി വരണ അവള്‍ടേം കൂട്ടുകാരീടേം മുന്നില്‍ ഇടിഞ്ഞു പൊളിഞ്ഞൊരു വീഴ്ച. സൈക്കിളുമേന്നു. അന്നത്തെ ചിരിയില്‍ ഞാന്‍ വീണ്ടും വീണു. അന്ന് തുടങ്ങീതാ.. "പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും..." എന്ന പാട്ട് മനസ്സില്‍ പാടിയങ്ങു തുടങ്ങി.
ഹ്മം.. അവള് ദേവസ്ത്രീയായി.. ഞാനൊരു പിച്ചക്കാരനും!

പ്ലസ് ടൂ നു അവള് പഠിക്കണ സ്ഥലത്ത് തന്നെ ചേരണമെന്ന് എന്റെ ആഗ്രഹം നടന്നില്ല. മോഡറെഷന്‍ എന്ന റേഷന്‍ കിട്ടി ജയിചോര്‍ക്ക് അവിടെ പഠിക്കാന്‍ സീറ്റ് കിട്ടുമായിരുന്നില്ല. എങ്ങനെ കിട്ടും പുത്തകം തോറക്കുംപോ തെളിയല്ലേ, ലവള്ടെ മോന്ത. അങ്ങനെ, ഞാന്‍ പിള്ളമാഷ്ടെ 'ഓലപ്പെരക്കൊളേ ജി'ലും അവള് പത്രാസുകാര് പഠിക്കണ കൊണ്‍വെന്ടിലും ആണെങ്കിലും മറ്റാരും കാണാതെ എന്നെ നോക്കിയുള്ള ചിരിയും ആ നോട്ടവും ഹൃദയത്തില്‍ വെച്ചുകൊണ്ട് നടന്നു ഞാന്‍ രണ്ടു കൊല്ലം തള്ളി നീക്കി - വായീനോക്കി എന്ന പേര് കിട്ടിയെങ്കിലും!

നഗരത്തിലെ കോളേജില്‍ അവള്‍ ചേര്‍ന്നപ്പോ ഞാന്‍ ഐടീസീ ചേര്‍ന്നു. വേറാരും അവളെ ലൈനടിക്കാതിരിക്കാന്‍ രാവിലേം വൈകീട്ടും എസ്കോര്‍ട്ട് പോയി.അവളുടെ നോട്ടവും ചിരിയും വര്ത്താനങ്ങളിലെയ്ക്കും ഐസ്ക്രീമിലെയ്ക്കും വളര്‍ന്നു. എന്റെ മാത്രം എന്ന ചിന്തയില്‍, അവള്‍ കൊളേജിലാരോടും മിണ്ടുന്നുണ്ടോന്നറിയാന്‍ സ്വന്തം ഗെഡീസിനെ ഉണ്ടാക്കി. അവര്‍ക്ക് ചെലവു ചെയ്യാന്‍ ഇലക്ട്രീഷ്യന്‍ അശോകേട്ടന്റെ കൂടെ ചുമര് വെട്ടിപ്പോളിക്കും പ്ലംബിംഗ് പണിക്കും പോയി. അവളോടു ഐ ലവ് യു പറഞ്ഞ ഒരുത്തനു പൂരത്തിന്റെ അന്ന് ടൌണിലിട്ടു പടക്കം പൊട്ടിക്കാന്‍ കെലിപ്പ് ടീംസിനെ ഇറക്കി. അതിനു മെനയ്ക്ക് ചെമ്പ് ചെലവായി. അത് കൊടുക്കാന്‍ വീട്ടിലെ ചെമ്പും ചരുവോം വിറ്റത് കൃഷ്ണന്‍ മൂശാരി ഒറ്റിക്കൊടുത്തതോടെ വേറൊരു പേര് കൂടിയായി.. കള്ളന്‍.

പൂശു കൊണ്ടവന്റെ കയ്യില്‍ കൂടുതല്‍ കാശുണ്ടാര്‍ന്നുന്ന്. ഞാന്‍ ഇറക്കിയ ടീംസ് തന്നെ എന്നെ തിരിച്ചു കിഴിയിട്ടപ്പോ മനസിലായി. ഇഞ്ച ചതയ്ക്കണ പോലയല്ലേ പൂശീത്. ബോധം കേട്ട പോലെ അഭിനയിച്ച കാരണം പൂത്യാവാതെ രക്ഷപ്പെട്ടു. ആ.. മറ്റൊരു പേര് കൂടി കിട്ടി - തല്ലുകൊള്ളി.

ഇടയ്ക്കവള്‍ "വീട്ടീന്ന് തരുന്നില്ല" എന്ന് പറഞ്ഞു പല കാര്യങ്ങള്‍ക്കും കാശ് വാങ്ങി. "പിശുക്കാ.. ഇതൊക്കെ തിരിച്ചു ഈടാക്കിക്കൊളാം" എന്ന് അവള്‍ടെ അച്ഛനോട് മനസ്സില്‍ പറഞ്ഞു ഞാനതൊക്കെ കൊടുത്തു. ടൂര്‍ പോകാനോക്കെ ഉണ്ടാക്കിക്കൊടുത്ത കാശിന്റെ പിന്നിലെ കളികള്‍ അറിഞ്ഞാ ഞാനന്ന് എസ ഐ അബ്ദുള്ള സാറിന്റെ കയ്യീന്ന് കാലിന്റെ അടീല്‍ പൂശു കൊണ്ട് ലോക്കപ്പില്‍ കേടന്നെനെ!

കോളേജും, കമ്പ്യൂട്ടര്‍ കോഴ്സും കഴിഞ്ഞു അവളെ കെട്ടിച്ചു വിടാന്‍ തീരുമാനിച്ചപ്പോ, എനിക്ക് ഇളകി. മതില് ചാടി അവളെ കാണാന്‍ ചെന്ന എന്നെ 'കള്ളന്' ന്നു പറഞ്ഞു ഓടിച്ചിട്ട് പിടിച്ചു തെങ്ങില്‍ കെട്ടിയിട്ടടിയ്ക്കാനും തെറി പറയാനും അച്ഛനും അമ്മയും ഒഴികെ നാട്ടിലെ എല്ലാരുമുണ്ടാര്‍ന്നു. ആ സംഭവത്തില്‍ പിന്നെ അച്ഛന്‍ പുറത്തിറങ്ങാതായി, രോഗിയായി.. പിന്നെ, മോളില്‍ക്ക് പോയി.

നാടുവിട്ടു പോയാലോ എന്ന ചിന്ത എന്റെ പ്രിയപ്പെട്ടവളെക്കുറിച്ചാലോചിച്ചു ഞാന്‍ കുഴിച്ചിട്ടു. എന്നോടുള്ള പ്രേമം മൂത്ത് ഞാന്‍ വിളിച്ചാല്‍ അവള്‍ ഇറങ്ങി വരുമെന്നും അങ്ങിനെ ഇല്ലെങ്കില്‍ തന്നെ അവളുടെ കല്യാണം വീട്ടുകാര്‍ നടത്താന്‍ തുനിഞ്ഞാല്‍ ഞാനൊരു കൊലപാതകിയാവുമെന്നും മനസ്സില്‍ ഉറപ്പിച്ചു.

ഒരു ദിവസം "ഡാ.. എവിട്യാ എന്റെ മോള് ?"ന്നും ചോദിച്ചു കലി കയറി വന്ന അവള്‍ടെ അച്ഛന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് - അവള്‍ പോയിത്രേ!! 

ക്രമേണ അറിഞ്ഞു.. ഫെസ് ബുക്കില്‍ പരിചയപ്പെട്ട ഏതോ മരക്കൊന്തന്റെ കൂടെ ചാറ്റി ചാറ്റി ലവള്‍ എന്നെ ചീറ്റു ചെയ്തൂന്ന്. 

ഹ്മം.. ഞാന്‍ വരീന്നു പോയി. 

മാനഹാനി, ധനനഷ്ടം.. സമയ നഷ്ടം.. ചുരുക്കത്തില്‍ ജീവിതം തന്നെ കൈ വിട്ടു പോയി.

ഇതെന്റെ മാത്രം അനുഭവല്ല.. ഒരുപാടു പെര്ടെ ജീവിതം ഇതിനോപ്പണ്ട്.

മതി.. 
ഇനീം പ്രേമിക്കാന്‍ കഴപ്പ് മൂത്ത് നടക്കുന്നൊരു പൊക്കോ.. 
പോയി വാ..
വരും, ഇവടെ വരും. വരാണ്ട് എവടെ പോവാന്‍! 

ഇവിടെ, ദേ ഈ ബിവരെജിന്റെ ഉമ്മറത്ത്.. 
കുടിച്ചു വാള് വെയ്ക്കുംപോ പൊറം ഉഴിഞ്ഞു തരാന്‍ ഞാനുണ്ടാവും ട്ടോ.
ഞാനുണ്ടാവും. ഈ ചേട്ടന്‍.

നന്ദി.. 
നമസ്കാരം.

13 comments:

RAHUL said...

:)

RAHUL said...

:)

animesh xavier said...

..

സൂര്യഭഗവാന്‍ said...

കലക്കി ...

prasanna raghavan said...

ഹൊ ശരിക്കും പവൻ മാർക്ക് നിരാശാകാമുകൻ :)

ഒറ്റയാന്‍ said...

വരും ..എപ്പോള്‍ വന്നു എന്ന് ചോദിച്ചാല്‍ മാത്രം മതി

ajith said...

അസോസിയേഷന്‍ പ്രസിഡന്റിനെ ഇതാ കണ്ടുപിടിച്ചിരിക്കുന്നു.

sumesh vasu said...

നർമ്മിച്ചു... നമിച്ചു

Anonymous said...

enta anna adangu annaa... allelum ee pennungal ellam ingana... annanu ithram allae pattiullu enna oruthy snehichu vanchichu anna.. Plus 2 thottu thudangiya premam oduvil msc chemicry kazhinju b'ed inta class thudangi aannu aval enna chadichu kondu enta kooda irangi vannathu.. ethra samadhanathoda jeevicha njana ipol... venda onnum parayanilla... enthayalum oral enkilum reksha pettallo.. nammada suresh gopi aashan parayana pole... ithu oru bharthavinta rodhanam

animesh xavier said...

ha ha...

Sangeeth Vinayakan said...

ഇത് നമ്മുടെ മത്സരത്തില്‍ പോസ്ടിയതല്ലേ.. നന്നായിട്ടുണ്ട്.

Rainy Dreamz said...

"പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും..." എന്ന പാട്ട് മനസ്സില്‍ പാടിയങ്ങു തുടങ്ങി.
ഹ്മം.. അവള് ദേവസ്ത്രീയായി.. ഞാനൊരു പിച്ചക്കാരനും!

അത് കൊടുക്കാന്‍ വീട്ടിലെ ചെമ്പും ചരുവോം വിറ്റത് കൃഷ്ണന്‍ മൂശാരി ഒറ്റിക്കൊടുത്തതോടെ വേറൊരു പേര് കൂടിയായി.. കള്ളന്‍.

മറ്റൊരു പേര് കൂടി കിട്ടി - തല്ലുകൊള്ളി.

പിച്ചക്കാരനും തല്ലുകൊള്ളിയും കള്ളനുമായ എഴുത്തുകാരനുമായ പ്രിയ ബ്ലോഗറെ താങ്കള്‍ക്ക് ഞാനൊരു പേര് കൂടി നല്‍കുന്നു രസികന്‍....!

വളരെ നന്നായി കേട്ടോ... ശരിക്കും ചിരിച്ചു ചിരിച്ചു മറിഞ്ഞു

njaan punyavalan said...

കൊള്ളാം നന്നായിരിക്കുന്നു സ്നേഹാശംസകളോടെ സ്വന്തം @ PUNYAVAALAN