Powered By Blogger

Sunday, September 8, 2024

പൊറോട്ടാശാൻ

കൊറോണയുടെ തീവ്ര ലോക്ക്ഡൗൺ ഇച്ചിരെ അളവ് കുറഞ്ഞ ഒരു കാലം. എന്തോ ഒരു അത്യാവശ്യത്തിനു കാട്ടൂർ പോയി, തിരികെ  ഇരിങ്ങാലക്കുട നിന്ന് മാപ്രാണം - മാടായിക്കോണം വഴി വഴിയമ്പലം സിറ്റിയിലേയ്ക്ക്(!) വരുമ്പോൾ അഭൗമമായ ഒരു കാഴ്ചയുടെ അനുഭവത്തിൽ ശരീരം കോൾമയിർ കൊണ്ടു. (സത്യമായും, ഇരുപത്തഞ്ചു വയസ്സോളം ആയപ്പോൾ തോലാഞ്ചം മാറി രോമാഞ്ചം ആയീണ്ട് ) ഒരു ചായക്കടയുടെ മുന്നിൽ ഉള്ള ടേബിളിന് മുകളിൽ ഒരു മീറ്റർ വീതിയിൽ പരന്നു വിടർന്നു വന്നു വീഴുന്ന പൊറോട്ട! ഋഷ്യശ്രംഘൻ  യാഗം തുടങ്ങിയപ്പോൾ ഉണ്ടായ പോലെ ഹൃദയത്തിൽ ദേവദുന്ദുഭി തൻ മംഗള ഘോഷം. അറിയാതെ ബ്രേയ്കിൽ കാലമർന്നു. എത്ര നാളായി പൊറോട്ട തിന്നിട്ട്. ഒരറുപത്തഞ്ചു വയസു തോന്നിക്കുന്ന വണ്ണം ആവറേജ് ഉള്ള ഒരു ചേട്ടനാണ് കടയുടെ മെയിൻ സ്റ്റാർ. ആളെന്നെ ആണ് കാഷ്യരും, ഓണറും സപ്ലയറും എന്ന് തോന്നുന്നു.  ഈ പ്രായത്തിലും ഇത്രേം കഷ്ടപ്പെടുന്ന പാവം എന്നൊന്നും തോന്നിയില്ല, പകരം ഞാൻ പൊറോട്ടയടി കോളേജ് തുടങ്ങിയാൽ ഇയാളായിരിക്കും അയ്‌ന്റെ പ്രിൻസിപ്പാള് എന്ന് കണക്കു കൂട്ടി. അത്ര ഉഗ്രൻ വീശ്.


കൊറോണ വന്നു സകലതും മുടിഞ്ഞാലും.. എന്ന് മനസ്സിൽ പറയുന്ന കൊളപ്പുള്ളി അപ്പനായി ഞാൻ കടയിൽ കയറി. നാണിച്ചു നാണിച്ചു രണ്ടു പൊറോട്ടയും ഇച്ചിരെ ഗ്രേവിയും എന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും അയാള്  നിർബന്ധിച്ചപ്പോൾ  അത് അഞ്ച് പൊറോട്ടയിലും ഒന്നര ബീഫ് ഫ്രൈയിലും പോയി മുട്ടി നിന്നു. ജീവിതത്തിൽ കഴിച്ച ഏറ്റവും രുചിയുള്ള പൊറോട്ടയും ബീഫും കൊമ്പിയിൽ ഒന്നായിരുന്നു അത്.


"ചേട്ടാ പൊറോട്ടയും ബീഫും പൊളിച്ചു ട്ടാ.."


എന്ന് പറഞ്ഞ് ഇറങ്ങാൻ നേരം പൊറോട്ട ആൻഡ്ബി ബീഫ്ല് ൻറെയും ചായ മേമ്പൊടിക്ക്  കയറ്റിയതിന്റെയും ബില്ലായ ഇരുന്നൂറ്റി പത്തിന് പകരം   രണ്ടായിരത്തിന്റെ മൂന്ന് നോട്ടുകൾ കൊടുത്ത് അയാളെ ഞെട്ടിക്കണം എന്ന് സത്യമായും സിദ്ധിക്ക് മുതൽ സന്തോഷ്‌ പണ്ഡിറ്റ് വരെയുള്ള സകല സിനിമാനടന്മാരെയും പോലെ ഞാനും ചിന്തിച്ചു. അത് കൈപ്പറ്റി ബോച്ചേ ടീയുടെ ലോട്ടറി അടിച്ച പോലെയുള്ള അയാളുടെ അന്തം വിട്ടുള്ള നിൽപ്പ് മനസ്സിൽ കാണാമായിരുന്നു.


പക്ഷേ, ട്വിസ്റ്റ്‌ വരുന്നേ ഉണ്ടായിരുന്നുള്ളൂ!


പേഴ്സിൽ ആകെയുള്ളത് എഴുപത് രൂപ! പിന്നൊരു പത്ത് രൂപ ചില്ലറയും. അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് ചിന്തിച്ചു കമഴ്ത്തിയും കിടത്തിയും ഒക്കെ പരിശോധിച്ചിട്ടും ഓട്ടക്കാലണ പോലുമില്ല. കൊറോണക്കാലത്തെ പേഴ്സ് ചതിച്ചു!


ചേട്ടാ.. ക്രെഡിറ്റ് കാർഡ് എടുക്കുമോ എന്ന് ചോദിക്കാൻ മുകളിൽ കെട്ടിയ ടാർപ്പായ കീറിയതിനിടയിലൂടെ വന്ന് മുഖത്ത് വീണ വെയിൽക്കീറ് സമ്മതിച്ചില്ല.


പിച്ച തെണ്ടുന്നവർ പോലും ജി പേ സ്കാനിംഗ് ഇമേജ് കൊണ്ടുനടക്കുന്ന ഇക്കാലത്തേക്കാൾ കുറച്ച് കൊല്ലം  മുമ്പാണ് സംഭവം നടക്കുന്നത്. സോ, അതും ഖുദാ ഹവാ.


ഉള്ള കോൺഫിഡൻസ്, നാണം ഇല്ല എന്നതും സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാൻ പറ്റുന്ന നാവുമാണ്. സി ഐ ഡി മൂലങ്കുഴിയിൽ സഹദേവന്റെ ഗുരുവും അങ്കിളുമായ ക്യാപ്റ്റനെ മനസ്സിൽ കണ്ട് 

കാർഡ് ?

ജി പേ?

ചെയിൻ?

വാച്ച്?

എന്നൊക്കെ ചോദിക്കാം എന്ന് വച്ചപ്പോൾ ദാറ്റ് ഓൾഡ് മാൻ ഇങ്ങോട്ട്..


"എന്ത്യേ? എന്ത് പറ്റി?"


ഇനി ഈ പിശാശ് പൊറോട്ട കുഴക്കാൻ എന്നെ ഏൽപ്പിക്കുമോ. അതിനും മുമ്പ് ഈ ഏരിയയിൽ ഉള്ള ആരെയെങ്കിലും വിളിച്ച് ഒരു ഇരുന്നൂറ് എത്തിക്കാൻ പറയാം. കൊറോണ ടൈമിൽ ആര്എ വരുമോ.. ന്ന് ചിന്തിക്കവേ അയാൾ തുടർന്നു.

"ചില്ലറ ഇല്ലെങ്കി പിന്നെ മതി സാറേ. "


ദുന്ദുഭിയ്ക്കൊപ്പം പെരുമഴ പെയ്തു മനസ് തണുത്തു.


"ഞാൻ വൈകീട്ട് കൊണ്ട് വന്ന് തരാം, ട്ടാ. പെട്ടെന്ന് പോരേണ്ടി വന്നതോണ്ട് എടുക്കാൻ വിട്ട് പോയി. പോക്കറ്റ് തപ്പിയപ്പോഴാ.. ഇതേ ഉളളൂ."


ഉള്ള ചില്ലറ നീട്ടി.


"ഏയ്‌, സാറ് ഒരുമിച്ചു തന്നാ മതി. "

"ശരി, എത്രയും പെട്ടെന്ന്. ഒത്താൽ ഇന്ന് തന്നെ. " 


കേവലം ഒരു പൊറോട്ടയടിക്കാരന്റെ ഔദാര്യത്തിനു മുന്നിൽ എന്റെ വിജരംഭിതാഭിമാനം  അടിയറവു വയ്ക്കാൻ ഞാൻ ഒരുക്കമല്ല. ഇന്ന് തന്നെ കാശ് കൊണ്ട് കൊടുത്തിരിക്കും. പുല്ല്.


"അപ്പൊ ശരി, പെട്ടെന്ന്കാണാ ട്ടോ ചേട്ടാ."

സാനിറ്റൈസർ കൊണ്ട് കുളിച്ച് വീട്ടിൽ കയറിയപ്പോൾ  പരിചയക്കാരൻ ഒരുത്തന്റെ ഫാമിലി അടക്കം കൊറോണ സെന്ററിലേയ്ക്ക് വീതം വയ്ക്കപ്പെട്ട വിവരം അറിഞ്ഞു. 

"ഈശ്വരാ... നാലാള് നാല് സെന്ററിലോ!"

രണ്ടു മണിക്കൂർ കഴിഞ്ഞില്ല, പൊറോട്ടമാഷിന്റെ കടം വീട്ടുന്നതിനായി ഹൃദയം ത്രസിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അനൗൺസ്‌മെന്റ് കേട്ടു. 

വാർഡ്‌ 18,19.... കണ്ടേയ്ൻമെന്റ് സോൺ.. വീട്ടിൽ തന്നെ ഇരിക്കുക..


ബെസ്റ്റ്. 

അപ്പൊ ഇത് പൂട്ടി ല്ലേ. എന്തൊക്കെ പ്ലാനുകൾ ആയിരുന്നു. സർവ്വതും പൊളിഞ്ഞു.

അതിനിടെ,

പൊറോട്ട മാഷ്ടെ കാശ് മാഞ്ഞു പോയ്‌!

ഫുഡ്ഡിച്ചു കഴിഞ്ഞിട്ടു കൊടുക്കാത്ത കാശ്, അവരിങ്ങോട്ട് വിളിക്കുമെന്ന് കരുതി മിണ്ടാതിരുന്നാൽ അപ്രത്യക്ഷമാകുന്ന സൗഹൃദങ്ങളെ കുറിച്ച് വാട്സാപ്പ് യൂണിവേഴ്സിറ്റി സ്റ്റഡി പോസ്റ്റ്‌ പോലെ ക്രമേണ മറന്നു പോയി.

നാള് കുറെയേറെ കഴിഞ്ഞ് ആ വഴി പോകേണ്ടി വന്നപ്പോഴാണ് കൊടുക്കാൻ വിട്ടുപോയ കാശ് ഓർമ്മ വന്നത്. ഇന്നത് കൊടുക്കണം. മൂക്ക് മുട്ടെ പൊറോട്ട കേറ്റെം വേണം.


രണ്ടായിരം വിട്ട് അഞ്ഞൂറിന്റെ മൂന്ന് നോട്ടെങ്കിലും കൊടുത്ത് പൊറോട്ടവീശ് ആശാനെ ഞെട്ടിച്ചാലോ എന്നൊരു ചിന്ത എന്റെ ദുഷ്ട മനസിലും വന്നു. 


നോക്കാം, 

മനസ്സിൽ പറഞ്ഞു.


ഒരു നിമിഷം സ്ഥലകാലം നഷ്ടപ്പെട്ടോ എന്ന് തോന്നി.

കട കാണാനില്ല.

ങേ..

ഇവിടെ തന്നെ ആരുന്നൂ ലൊ!

അവിടെ വിശാലമായ സെറ്റപ്പിൽ ഒരു ഹോട്ടൽ. ഏക് ബംഗാളി ബാബു പൊറോട്ട കാ കാം, ദൂസരാ ചപ്പാത്തി പരത്തൽ കർ രഹാ ഹേ.. ഹോ 

ഓഹോ..

അറിയുന്ന ഹിന്ദിയിൽ ലവരോട് പൊറോട്ട തിന്നിട്ട് അഞ്ചാറു മാസം മുമ്പ് കാശ് കടം പറഞ്ഞു പോയ കഥ പറഞ്ഞിട്ടും കുരിപ്പുകൾക്ക് മനസിലാവണില്ല.


അവസാനം 

"സേട്ടാ, യെ സേട്ടൻ കുച്ച് കഹ്‌ രഹാ ഹേ " എന്ന് ആകത്തേയ്ക്ക്  വിളിച്ച് പറഞ്ഞപ്പോൾ ഒരു മുപ്പത്തഞ്ചു തോന്നിക്കുന്ന ചുള്ളൻ പ്രത്യക്ഷനായി.


കാര്യം പറഞ്ഞു.


"അച്ഛനാവും. ഇപ്പൊ ഞാനാ നടത്തണേ. അതൊക്കെ വിട്ട് കള ഭായ്. അതൊക്കെ കഴിഞ്ഞു പോയ കാര്യല്ലേ. നിങ്ങ അതൊക്കെ ഓർത്തല്ലോ. അതന്നെ വല്യ കാര്യം "

" അല്ല, ഇത് അച്ഛന് കൊടുത്താ മതി. ആൾക്ക് സന്തോഷമാവട്ടെ. "

ഞാൻ കാശെടുത്തു.


" വേണ്ടെന്നേ, അച്ഛന് സന്തോഷം ആയിക്കാണും. "


" അതെന്താ നിങ്ങ തമ്മിലു മിണ്ടലും പറയലും ഒന്നൂല്യേ? "


"അച്ഛനെ കൊറോണ കൊണ്ടോയീട്ട് മൂന്ന് മാസായി, ബ്രോ " അയാൾ പറഞ്ഞു.

ആ കണ്ണുകളിൽ നനവുണ്ടായിരുന്നു.


ഒരു നിമിഷം ഞാൻ തരിച്ചു നിന്നു.

പിന്നെ, ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നടന്നു.


മനസ്സിൽ ഒരു മീറ്റർ വീതിയിൽ വിരിഞ്ഞ പൊറോട്ടയുടെ മറവിൽ നിന്ന് പൊറോട്ടമാഷ് തെളിഞ്ഞു വന്നു.

പദ്മരാജന്റെ വരികളിൽ ഒരു മോഡിഫിക്കേഷൻ  വരുത്തി ചുണ്ടുകൾ മന്ത്രിച്ചു.

"പൊറോട്ടയും  ചിലപ്പോൾ അങ്ങിനെയാണ് 

നമ്മോട് യാത്ര പോലും പറയാതെ 

ഒന്ന് തിരിഞ്ഞു നോക്കുകകൂടി  ചെയ്യാതെ ജീവിതത്തിൽനിന്നിറങ്ങിപ്പോകും!"