Powered By Blogger

Friday, July 6, 2012

സ്വപ്നച്ചിറകുകള്‍.


പാടത്തിനു നടുവിലുള്ള ചെമ്മണ്ണ് റോഡിലൂടെ നടക്കുമ്പോള്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. മുന്‍പ് പെയ്ത പെരുമഴയില്‍ ഉയര്‍ന്നു പൊങ്ങിയ വെള്ളം, താഴ്ന്ന ഭാഗങ്ങളിലൂടെ റോഡു മുറിച്ചോഴുകിക്കൊണ്ടിരുന്നു.നോക്കെത്താ ദൂരം വെള്ളം. പാടത്തിനെ മുറിച്ചുകൊണ്ട് പോയിരുന്ന തോട്ടുവക്കിലെ കൈതകള്‍ മാത്രം വെള്ളത്തില്‍ അങ്ങിങ്ങ് തലയുയര്‍ത്തി നില്‍പ്പുണ്ട്. കാലിനടിയില്‍ എന്തോ പിടഞ്ഞപ്പോള്‍ ഞെട്ടി കാല്‍ പിന്‍വലിച്ചു. അതൊരു മുഷിക്കുഞ്ഞനായിരുന്നു. കൂടെയുള്ളവന്‍ അതിനെ പിടിക്കാനാഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു. "അത് ചെറുതാടാ.. പോട്ടെ". കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോള്‍ റോഡു മുറിച്ചു കടക്കുന്ന വെള്ളത്തില്‍ വെള്ളിത്തിളക്കം.. ഒരു പരല്‍ക്കൂട്ടം! റോഡിന്റെ വളവില്‍ ചൂണ്ടയിടുന്ന കുട്ടികള്‍. അവര്‍ക്കൊപ്പം കൂടി. ഒരു ചാടനെ കോര്‍ത്തു ഞാനും ചൂണ്ടയിട്ടു. ചൂണ്ട നൂല് താഴ്ന്നതിനോപ്പം ചിറകുകള്‍ വീശി, കുമിള വിട്ടു  ഒരു വലിയ വരാല്‍  എന്‍റെ തൊട്ടടുത്ത്‌ വെള്ളപ്പരപ്പിലെയ്ക്ക് പൊന്തിവന്നു. ഞാന്‍ ചൂണ്ട ഉപേക്ഷിച്ചു.. പതിയെ കുനിഞ്ഞു.  വരാല്‍  അനങ്ങിയില്ല! ഞാന്‍ വിരല്‍ കൊണ്ട് അതിന്റെ മുതുകില്‍ തൊട്ടു. ഇക്കിളിയായതുപോലെ അത് ഒന്നനങ്ങി. ചിറകുകള്‍ വീശി എന്നെത്തന്നെ നോക്കിനിന്നു. അതിനു ചുറ്റും നിരവധി കുമിളകള്‍ ഉയരുന്നതും ചുവന്ന നിറത്തിലുള്ള ഒരായിരം വരാലുകള്‍ ചിറകുവീശി വെള്ളപ്പരപ്പില്‍ പ്രത്യക്ഷപ്പെടുന്നതും ഞാന്‍ കണ്ടു. എനിക്ക് ചുറ്റും ഒരു വൈദ്യുത തരംഗവും പ്രകാശവും രൂപപ്പെടുന്നതും ഞാനറിഞ്ഞു. വളരെ പതിയെ, വെള്ളത്തിലേയ്ക്ക് ഞാന്‍ അലിഞ്ഞിറങ്ങി. എനിക്കപ്പോള്‍ ചുവപ്പ് നിറമായിരുന്നു. കൈകളുടെ സ്ഥാനത്ത് വരാല്‍ ചിറകുകളും.

11 comments:

animeshxavier said...

സ്വപ്നമായിരുന്നു..
ഒരുപാടുനാളുകള്‍ക്കു ശേഷം കണ്ട അതി മനോഹര സ്വപ്നം.

ഞാന്‍ രാവണന്‍ said...

വരാല്‍ സ്വപനം

ജിത്തു എന്ന ജിതേഷ് said...

മനോഹര സ്വപ്നം.

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ said...

മല്‍സ്യം ആയി മാറിയ സ്വപ്നം :) ഇഷ്ട്ടമായി ...

zain said...
This comment has been removed by the author.
zain said...

ചിമിടും മണ്ണിരയും കോര്‍ത്ത്‌ കണ്ണനെ പിടിക്കാന്‍ നടക്കുന്ന നിഷ്കളങ്ക ബാല്യം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന സുന്ദരസ്വപനം .

ajith said...

നീന്തിയോ.....?

Neema said...

-എനിക്കപ്പോള്‍ ചുവപ്പ് നിറമായിരുന്നു. കൈകളുടെ സ്ഥാനത്ത് വരാല്‍ ചിറകുകളും.-

"സ്വപ്നങ്ങള്‍ക്കൊക്കെയും ഏഴു നിറങ്ങള്‍ ചിറകു നല്‍കീ..." നല്ല സ്വപ്‌നങ്ങള്‍ ഇടയ്ക്കിടെ കണ്ണിമകളെ തഴുകട്ടെ.. :-))

അജീഷ്.പി.ഡി said...

ഏതായാലും സ്വപ്നം കണ്ടു, എങ്കില്‍ കുറച്ച് നീളമുള്ള സ്വപ്നം കണ്ടുകൂടായിരുന്നോ????

rameshkamyakam said...

സ്വപ്നം കൊള്ളാം.ഇനിയും ആവോളം സ്വപ്നങ്ങള്‍ കാണാനിടവരട്ടെ.ചിലപ്പോള്‍ ബാലിശങ്ങളെന്നു വരാമെങ്കിലും നമ്മെ മുന്നോട്ടു നയിക്കാനുള്ള ശക്തി അവയില്‍ അന്തര്‍ലീനമെന്ന് അനുഭവത്തിലറിയാം.നന്ദി.

animeshxavier said...

സുഖമുള്ള സ്വപനം വളരെ വേഗം അവസാനിക്കുന്നു.
നന്ദി.. ഈ സ്വപ്നത്തില്‍ പങ്കു ചേര്‍ന്ന ഏവര്‍ക്കും!