Powered By Blogger

Friday, July 13, 2012

അമ്മയുടെ മിന്നു.


രണ്ടര വര്ഷം മുമ്പാണ് വഴിയിലിരുന്നു തത്തകളെ വിറ്റുകൊണ്ടിരുന്ന ഒരു മറുനാടന്‍ കച്ചവടക്കാരന്‍ ചെക്കന്റെ കയ്യീന്ന് രണ്ട് തത്തകളെ വാങ്ങിയത്. മക്കള്‍ക്ക്‌ പെരുത്ത് സന്തോഷം. അമ്മയ്ക്ക് അതിലേറെ. തത്തകള്‍ രണ്ടും കൂടി കൂട്ടില്‍ കൊത്തുകൂടിയപ്പോള്‍ ഒന്നിനെ ഭാര്യവീട്ടിലെയ്ക്ക് നാട് കടത്തി. അമ്മ ഇവളെ മിന്നു എന്ന് പേരിട്ടു വിളിച്ചു. കൌതുകവും ആകര്‍ഷണവും കഴിഞ്ഞപ്പോള്‍ പിള്ളേര് അതിന്റെ എരിയയിലെയ്ക്ക് വരവ് കുറഞ്ഞു. ഇടയ്ക്കൊരു ദിവസം എന്‍റെ കൈ കൊത്തിപ്പറിച്ചത് കണ്ടതോടെ അവര്‍ക്ക് പേടിയുമായി. എങ്കിലും അമ്മയുടെ കൂട്ടുകാരിയായി അവള്‍ വളര്‍ന്നു. അടുക്കളയ്ക്കടുത്താണ്  കൂട്. നേരം വെളുത്തു അമ്മ അടുക്കളയില്‍ എത്തുംപോളേ, ചലപിലാന്ന് ശബ്ദമുണ്ടാക്കി തുടങ്ങും. തത്തമ്മേ പൂച്ച എനൊക്കെ പറഞ്ഞു പഠിപ്പിച്ചു നാവു കഴച്ചിട്ടും പനയോല, കാ‍ന്താരി തുടങ്ങി എല്ലാ വിധ പരിപാടികളും നോക്കിയിട്ടും അവള്‍ ഒരക്ഷരം മനുഷ്യഭാഷ സംസാരിച്ചില്ല. പക്ഷെ, അവളുടെതായ ഭാഷയില്‍ അവള്‍ക്കു തോന്നുന്ന നേരത്ത് ചറ പറാന്നു ചിലയ്ക്കും. അമ്മയൊഴികെ ആര് അടുത്ത് ചെന്നാലും ഉടന്‍ പ്രഭാഷണം നിര്‍ത്തുകയും ചെയ്യും.

എന്തും തിന്നും. ചോറ് മുതല്‍ ആപ്പിള്‍ വരെ. പേരയ്ക്ക വലിയ ഇഷ്ടമാണ്. വയറു നിറഞ്ഞു കഴിഞ്ഞാല്‍ കൂട്ടില്‍ പരക്കം പാഞ്ഞു നടക്കും. വല്ലപ്പോളും അത് വഴി പറന്നു പോകുന്ന തത്തകളുടെ ചൊല്ലിനു മറുമൊഴി ചൊല്ലും. കോഴിക്കൂട് തുറന്നു വിട്ടു കഴിഞ്ഞാല്‍ മിന്നു ഉഷാറാണ്. കിട്ടിയ തീറ്റ കൂട്ടില്‍ ബാക്കിയുണ്ടെങ്കില്‍ അത് കഷണങ്ങളാക്കി കോഴികള്‍ക്ക് ഇട്ടുകൊടുക്കല്‍ ഒരു ഇഷ്ടവിനോദമാണ്. 

"ഇന്നലെ മിന്നൂന്റെ കൂടിന്മേല്‍ വേറെ രണ്ട് തത്തകള്‍ വന്നിരുന്നു." കഴിഞ്ഞ മാസം ഒരു ദിവസം അമ്മ എന്നോടു പറഞ്ഞു.

"ആഹ.. കൂട്ടുകാരൊക്കെ ആയോ?"

"ഉവ്വ്.. എന്നെ കണ്ടപ്പോള്‍ രണ്ടും പറന്നു പോയി.."

പിള്ളേര്‍ കണ്ണ് മിഴിച്ചു.

"മ്മക്ക് അവറ്റകളെ പിടിക്കാം പപ്പേ."

"ഉവ്വ്.. അങ്ങ് ചെന്നാ മതി. ഇപ്പൊ കിട്ടും."

"നമുക്ക് വല വച്ചാലോ?"

"നടപ്പിലാവണ കാര്യം പറയെടാ ചെക്കാ. അത് ഇന്നൊരു ദിവസം മിന്നൂനെ കണ്ടപ്പോ വന്നതാവും."

തിരശീല വീണു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കൂട്ടുകാരിയും രണ്ട് തത്തകളെ കണ്ടെന്നു എന്നെ ബോധിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ നാലോ അഞ്ചോ തത്തകള്‍ ചുറ്റുമുള്ള മരങ്ങളിലോക്കെയായി വന്നിരിക്കുന്നതും മിന്നുവും അവരുമായി അവരുടേതായ ഭാഷയില്‍ സംസാരിക്കുന്നതും ആളനക്കമില്ലാതായാല്‍ ഒന്ന് രണ്ടെണ്ണം കൂടിനുമേല്‍ പറന്നിരിക്കുന്നതും ഞാനും മക്കളും ഒളിഞ്ഞിരുന്നു കണ്ടു. ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ "ഇന്ന് ആറെണ്ണം ഉണ്ടാര്‍ന്നു. ഒരെണ്ണം വന്നു മിന്നൂനെ കൊത്തി." എന്നൊക്കെ പിള്ളേര് പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങളുടെ പറമ്പിന്റെ താഴെ ആളൊഴിഞ്ഞ വലിയ പറമ്പില്‍ അഞ്ചാറു തെങ്ങുകള്‍ തല പോയി നില്‍ക്കുന്നതും അതില്‍ തത്തക്കൂടുകള്‍ ഉള്ളതും പിള്ളേരും ഞാനും കണ്ട് പിടിച്ചു. 'വെറുതെയല്ല ഇത്രെയെണ്ണം ഈ പരിസരത്ത്'. സലിം അലികളായതില്‍ ഞങ്ങള്‍ പുളകിതരായി. പിള്ളേരുടെ തത്ത നിരീക്ഷണവും എന്‍റെ അടുത്തുള്ള റിപ്പോര്ട്ടിങ്ങുകളും മുറയ്ക്ക് നടന്നുകൊണ്ടിരുന്നു.

ഇന്നലെ വീട്ടില്‍ ചെന്നപോള്‍ അമ്മ പറഞ്ഞു..

"നമ്മുടെ മൊതല് പോയീ ട്ടാ.."

"എന്ത്?"

"മിന്ന്വേ, 
അത് പറന്നു പോയി. മൂന്നു മണി വരെ ഉണ്ടാര്‍ന്നു. ഇവിടെയൊക്കെ അവള്‍ടെ കൂട്ടുകാരുടെ ശബ്ദോം കേള്‍ക്കുന്നുണ്ടാര്‍ന്നു. പിന്നെ എപ്പോളോ പോയി."

എന്‍റെ ചുണ്ടില്‍ ചെറിയൊരു ചിരി വന്നു. അതിനെ തുറന്നു വിട്ടാലോ എന്ന് പല വട്ടം ഞാന്‍ ആലോചിച്ചതാണ്. 
പിള്ളേരെ നോക്കി. ആമ ചത്തപ്പോള്‍ ഒരാഴ്ച കരഞ്ഞവനാണ്. വലിയ ഭാവഭേദമില്ല!

"നീ അറിഞ്ഞില്ലെടാ?"

"അത് പോട്ടെ പപ്പേ.. പക്ഷെ..."

"ഉം? എന്താ ഒരു പക്ഷെ?"

"അതിനു പറക്കാന്‍ പറ്റ്വോ? 
റിയോയിലെ ബ്ലൂവിന്റെ മാതിരി.. അത് നടന്നു പോകുകയായിക്ക്യോ?"

"ഏയ്‌.. അങ്ങിനെ ഒന്നും ഉണ്ടാവില്ലെടാ. അത് പറന്നു പോയിക്കാണും."

എനിക്ക് പക്ഷെ ഒരു ആശങ്ക തോന്നി.

"കുഞ്ഞൂസിനു വിഷമണ്ടോ?"

"അത് കൂട്ടുകാരുടെ കൂടെ പോയീതല്ലേ.."

ഹാവൂ.. രണ്ടാളും ഒക്കെ. എനിക്ക് നേരത്തെ സന്തോഷമായി.
മിന്നു പുതിയ ആകാശവും ഭൂമിയും തേടട്ടെ.

ഇന്ന് രാവിലെ അമ്മ മൂത്തവനോടു ചോദിച്ചു. 
"കുട്ടാ, കൂടുതുറന്നു വച്ചു ഒരു പഴോം വച്ചു കൊടുത്താലോ? 
മിന്നു ചിലപ്പോ തിരിച്ചു വന്നാലോ?"

"വേണ്ട അമ്മൂമ്മേ, പുറത്ത് പറന്നു നടക്കട്ടെ. 
ശബ്ദം കേട്ടാ നോക്കിക്കോളൂ ട്ടോ.. 
ചെലപ്പോ അമ്മൂമ്മേ കാണാന്‍ വരും."

"ഹ്മം.. " അമ്മ ഒരു നെടുവീര്‍പ്പിട്ടു.
അകത്തേയ്ക്ക് പോകുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു.

10 comments:

animeshxavier said...

പറയൂ..

Unknown said...

നന്നായിട്ടുണ്ട്......:)

Neema said...

വേണ്ട അമ്മൂമ്മേ, പുറത്ത് പറന്നു നടക്കട്ടെ. - ഇതാണ് ശരി.. ഇത് തന്നെയാണ് ശരി.. :-)))

Unknown said...

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോറ്റിയ കണ്ണന്‍ എന്നാ കോഴി പ്പൂവന്റെ കഥയുണ്ട്.. നേരമില്ല..:((

ajith said...

തത്തക്കഥ സുന്ദരം

manoos said...

ഹ്മം.. " അമ്മ ഒരു നെടുവീര്‍പ്പിട്ടു.
അകത്തേയ്ക്ക് പോകുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു. മകന്റെയും ,,,,,,,,,,,,,,,,, സത്യം അതല്ലേ

Unknown said...

നല്ല സിമ്പിൾ എഴുത്ത്. ഇഷ്ടപ്പെട്ട്..

പക്ഷികൾ ആകാശത്തിന്റെ സ്വന്തമാണു

rameshkamyakam said...

എന്താ കഥ!ഇങ്ങനെ ചിലതൊക്ക മനസ്സില്‍ സൂക്ഷിക്കുന്നവരുണ്ടെന്ന് അറിയുന്നത് വലിയ സന്തോഷം തരുന്നു.ന്റുപ്പാപ്പയെ മറക്കാതിരിക്കുമല്ലോ.നന്ദി അനിമേഷ്.

animeshxavier said...

നന്ദി.. എല്ലാവര്ക്കും.
തുറന്നിട്ട കൂട്ടില്‍ ദിവസവും പഴവും വച്ചു അമ്മ മിന്നുവിനെ കാത്തിരിക്കുന്നുണ്ട്!

VISHNU DAS said...

കഥ നന്നായിട്ടുണ്ട്. സ്വാതന്ത്ര്യം തന്നെയാണ് വലുത്....