Powered By Blogger

Tuesday, January 29, 2013

നീന്തല്‍ പഠനം.




മുന്പ് താമസിച്ചിരുന്ന വീട് നിന്നിരുന്ന സ്ഥലത്തിനു താഴോട്ടു തട്ട് തട്ട് പോലെയാണ് പറമ്പുകള്‍. മൂന്നോ നാലോ പറമ്പുകള്‍ കഴിഞ്ഞാല്‍ തേമാലിപ്പറമ്പുകളായി. തുടര്‍ന്ന്‍ വിശാലമായ പാടം. പാടത്തിന്റെ ലെവലിലുള്ള പറമ്പില്‍ ചാലുകള്‍ കീറും. ആ മണ്ണ് ചാലുകള്‍ക്കിടയില്‍ ഇട്ടു ഉയര്‍ത്തും. അതില്‍ തെങ്ങും ഇടവിളകളും കൃഷി ചെയ്യും. ചാലുകള്‍ക്ക് നാലടിയോളം താഴ്ച കാണും. പത്തടിയോളം വീതിയും. പറമ്പുകള്‍ക്കനുസരിച്ച് അറുപതും എഴുപതും അടി നീളം വരെ ചാലുകള്‍ക്ക് കാണും.രണ്ടു ചാലുകല്‍ക്കിടയില്‍ പതിനഞ്ചു - ഇരുപതടി സ്ഥലം. ഇങ്ങനെ ചാലുകളും കരയും കൂടിച്ചേര്‍ന്നതാണ് തേമാലിപ്പറമ്പുകള്‍. മഴക്കാലത്ത് ചാലുകള്‍ നിറഞ്ഞു കവിയും. ഓരോ ചാലിനെയും ബന്ധിപ്പിക്കുന്ന കഴകളിലൂടെ, പാടത്തെ വെള്ളം കവിഞ്ഞ് മീനുകള്‍ കയറി വരും. ബ്രാലുകള്‍ പാറ്റും. കുളംചാടികള്‍ കൂട്ട് കൂടി നടക്കും. കരിപ്പിടികള്‍ 'ഗ്ലപ്' എന്ന ശബ്ദത്തോടെ നീര്‍ കുടിച്ചു പോകും. ചാലിലെയ്ക്ക് ചാഞ്ഞിറങ്ങുന്ന പുല്ലിനിടയിലൂടെ നീര്‍ക്കോലികള്‍ തല നീട്ടും. വേനലില്‍ ചാലുകള്‍ വെള്ളം വലിഞ്ഞു വറ്റും. ചാലിലെ തന്നെ കൂടുതല്‍ ആഴമുള്ള ഭാഗത്തേയ്ക്ക് വന്നു ചേരുന്ന മീനുകളെ ആളുകള്‍ തേവിപ്പിടിയ്ക്കും. 

ഇടവിളകള്‍ക്കു വെള്ളം കിട്ടാനുള്ള സംവിധാനം ഒരുങ്ങുന്നത് വേനലിലാണ്. അതിനു വേണ്ടി പത്തുമുപ്പതടി താഴ്ചയ്യുള്ള ചതുരക്കിണറൂകളുണ്ടാക്കും. പത്തു പതിനഞ്ചടി വീതിയും ഇരുപതടിയോളം നീളവും ഇതിനുണ്ടാവും. ചിലര്‍ ഇതിനെ കൊക്കരണി എന്ന് വിളിക്കും. ഇത്തരം കുഴികളുടെ വശത്തായി വളര്‍ത്തിയിരിക്കുന്ന കരിശു പോലുള്ള മരങ്ങള്‍ക്കിടയില്‍ വിലങ്ങനെ വച്ച് കെട്ടിയ കനമുള്ള ഇരുമ്പുകമ്പിയിലാണ് ജലസേചന സംവിധാനം സ്ഥാപിക്കുന്നത്. ഇതൊരു നീളമുള്ള മരക്കഷണമാണ്. മുകളില്‍ പറഞ്ഞ ഇരുമ്പുകമ്പിയില്‍  ഇതു കോര്‍ത്ത്‌ കയറ്റി താങ്ങുകളില്‍ പിടിപ്പിച്ചാല്‍ 'കൊട്ടത്തേക്കി'ന്റെ പ്രാഥമിക രൂപമായി.  ഒരു സീസോ പോലെ ഇത് നില്‍ക്കും.വെള്ളം എടുക്കാനുള്ള ഭാഗത്ത് നീളം കൂടുതലുള്ള മുളകൊണ്ടുണ്ടാക്കിയ കോല്‍ കെട്ടിയിടുന്നു. മറു വശത്ത് ഭാരത്തിനായി കുമ്പിളാകൃതിയില്‍ മുള വച്ച് കെട്ടി അതില്‍ കല്ലും മണ്ണും ചെളിയും നിറച്ചു ഭാരം ഉണ്ടാക്കുന്നു. ഇനി വെള്ളം കോരിയെടുക്കാനുള്ള മരം കൊണ്ടുണ്ടാക്കിയ കൊട്ട മുളംകോലിനറ്റത്ത് പിടിപ്പിച്ചാല്‍ ഒരു ഉത്തോലകം പോലെ ഈ കൊട്ടത്തെക്ക് ഉപയോഗിക്കാം. ഒറ്റ കൊരലില്‍ നാല്‍പ്പതു - നാല്‍പ്പത്തഞ്ചു ലിറ്റര്‍ വെള്ളം കിട്ടും. തേവുന്ന കുഴിയ്ക്കു മുകളില്‍ വിലങ്ങനെ ബലമുള്ള മരക്കഷണം ഇടും. അതിനു മുകളില്‍ നിന്ന് കരയിലേയ്ക്ക് അടയ്ക്കാമരത്തിന്റെ പൊളികള്‍ രണ്ടോ മൂന്നോ കമഴ്ത്തിയിട്ട്‌ അതില്‍നിന്നാണ് വെള്ളം തേവുന്നത്. ബാലന്‍സ് വേണ്ട പണിയാണ്. നാട്ടിന്‍പുറങ്ങളിലെ എല്ലാവര്ക്കും ഇതില്‍ എക്സ്പീരിയന്‍സ് ഉണ്ടായിരുന്നു. കൊട്ട താഴ്ത്താന്‍ ഇത്തിരി ആരോഗ്യം വേണം. ഒമ്പത് പത്തു ക്ലാസിലോക്കെ എത്തിയപ്പോളേയ്ക്കും ഞാന്‍ ഇതിലൊക്കെ നല്ല കൈത്തഴക്കം കൈവരിച്ചു. 

പറമ്പ് വിട്ടു പാടത്തോട്ടു ഇറങ്ങിയാല്‍ കുളങ്ങളുടെ ബഹളമാണ്. നായര്‍ തറവാടുകളുടെ പിറകില്‍ മിനിമം ഒരു കുളമെങ്കിലും കാണും. അതും വലുപ്പമുള്ളത്‌. പാടത്തിനു നടുവിലൂടെ ഒരു വലിയ തോട്. അതില്‍നിന്നൊഴുകുന്ന ചെറിയ തോടുകള്‍. സമചതുരത്തില്‍ വെട്ടിയിറക്കിയ നടുവില്‍ കിണറുള്ള ചെട്ട്യാരുകുളം. വീട്ടു വളപ്പിനു വശത്തുകൂടെ ഒഴുകുന്ന ഇറിഗേഷന്‍ കനാല്‍.. ഇങ്ങിനെ ചെറുതും വലുതുമായ സ്വിമ്മിംഗ് പരിശീലന സ്ഥലങ്ങളും മികവുറ്റ 'പരിശീലകരും' ഉണ്ടായിട്ടും എനിക്ക് ഹൈസ്കൂളില്‍ എത്തുന്ന കാലത്ത് നീന്തലറിയില്ലായിരുന്നു! നീന്തല്‍ പഠിക്കാന്‍ പോയിട്ട്, വെള്ളത്തിലിറങ്ങാന്‍ പോലും അമ്മയറിഞ്ഞാല്‍ സമ്മതിക്കില്ല. എങ്കിലും ഞാന്‍ വേലി ചാടും.മേല്‍പ്പറഞ്ഞ അക്വാറ്റിക് പൂള്‍ കോംപ്ലക്സിന്റെ ഭൂമിശാസ്ത്രം മുഴുവന്‍ എനിക്ക് അറിയാം. മഴക്കാലത്ത് വെള്ളം കയറുമ്പോള്‍, ഏതൊക്കെ ചാലുകളില്‍ സേഫായി ഇറങ്ങാമെന്നു നല്ല നിശ്ചയമായിരുന്നു. അതില്‍ മാത്രം ഞാനിറങ്ങും.അതിനു നീന്തല്‍ അറിയേണ്ടല്ലോ! ഒരുവിധപ്പെട്ട സമപ്രായക്കാര്‍ക്കൊക്കെ ഞാനൊരു 'നീരാളി'ആണെന്ന ധാരണ പരത്താന്‍ എന്നെക്കൊണ്ട് സാധിച്ചു.നീന്തലറിയില്ലെന്നെങ്ങാന്‍ പറഞ്ഞുപോയാല്‍ ഇടിഞ്ഞു തകരാന്‍ പോകുന്ന ഇമേജ് കണക്കിലെടുത്ത് ഞാന്‍ അത് മൂടി വച്ചു.

നീന്തല്‍ അറിയില്ലെന്ന് പറഞ്ഞു നാണം കെടാതെ നീന്തല്‍ പഠിക്കാന്‍ ഞാന്‍ രണ്ടു മാസ്റ്റെഴ്സിനെ കണ്ടെത്തി. ജോണിയും സജീവനും. ഞാന്‍ എട്ടില്‍ പഠിക്കുമ്പോള്‍ ജോണി ആറില്‍. സജീവന്‍ അഞ്ചില്‍. അവരാവുമ്പോള്‍ ഉള്ള ഗുണമെന്താണെന്ന് വച്ചാല്‍ നമ്മള്‍ പറയുന്നത് കേട്ടോളും. പിന്നെ, രണ്ടും കിടിലന്‍ നീന്തുകാരാണ്. അങ്ങിനെ, സ്കൂള്‍ ഉച്ചയ്ക്ക് വിടുന്ന ദിവസങ്ങളില്‍, അപ്പനും അമ്മയും വീടിലില്ലാത്ത ദിവസങ്ങളില്‍ ഒക്കെ ഞാന്‍ മേല്‍പ്പറഞ്ഞ മാഷുമ്മാരെ കുളംചാടിമറിയലിനിടയില്‍ വീക്ഷിക്കാന്‍ തുടങ്ങി.

അവര്‍ മലര്‍ന്നും, കമിഴ്ന്നും, മുങ്ങാംകുഴിയിട്ടും, വെള്ളച്ചവിട്ടില്‍ നിന്നും, മുതലക്കൂപ്പ് നടത്തിയും എന്നില്‍ ആവേശം പകര്‍ന്നു. ഞാന്‍ എനിക്ക് നിലയുള്ള ഭാഗത്ത് ഈ വക പരീക്ഷണങ്ങള്‍ നടത്തുന്നതായി അഭിനയിച്ച് അവരെ പറ്റിച്ചു!

അങ്ങിനെയിരിക്കെ ഒരു വേനല്‍ക്കാലത്ത്, ഞങ്ങള്‍ സംഖം ചേരുന്നു, വിഷയം മീന്‍പിടുത്തം ആന്‍ഡ്‌ കുളം ചാടല്‍. മീന്‍പിടുത്തം വേഗം അവസാനിച്ചു. ചാലുകളായ ചാലുകളൊക്കെ കലങ്ങി മറിഞ്ഞു കിടക്കുന്നു. അപ്പോള്‍ കുളി അലമ്പാവുമോ എന്ന സംശയത്തിനു "നമുക്ക് തോട്ടില്‍ പോവാം" എന്ന സജഷന്‍ ഞാന്‍ വെച്ചു. അവിടെ നിലയുണ്ടെന്നു എനിക്ക് നല്ല ഉറപ്പാ.

"ഏയ്‌.. നമുക്ക് കുട്ടപ്പന്‍ വെല്ല്യച്ചന്റെ കൊട്ടത്തേക്ക് കുഴിയില്‍ മദിക്കാം" എന്നായി മാസ്റ്റേഴ്സ് ഓഫ് യൂണിവേഴ്സ്

എന്റെ ഉള്ളു കാളി. വേനലായിട്ടും രണ്ടാള്‍ക്ക്‌ വെള്ളമുള്ള കുഴി. സൈഡില്‍ പിടിച്ചു നില്‍ക്കാന്‍ പടവു പോലുമില്ല.അവിടെയെത്തുമ്പോ ഇവരെ എന്തെങ്കിലും കാര്യം പറഞ്ഞു പിന്തിരിപ്പിക്കാം എന്ന് ചിന്തിച്ചു ഞാന്‍ ഗെടികളെ ഫോളോ ചെയ്തു.

എന്റെ എല്ലാ കണക്കുകൂട്ടലും തെറ്റി.

കാര്യങ്ങള്‍ വിശദമാക്കുന്നതിനു മുന്‍പ് തന്നെ രണ്ടു പേരും തേവുന്ന പടിയില്‍നിന്നു വെള്ളത്തിലേയ്ക്ക് മുതലക്കൂപ്പ് നടത്തി. കണ്ണീരു പോലെ തെളിഞ്ഞ വെള്ളം. അതിനകത്ത് ജോണിയുടെയും സജീവന്റെയും ആര്‍മാദം. രണ്ടു പേരും ഇടയ്ക്ക് കരയ്ക്ക്‌ കയറുന്നു, പല തരം ഡൈവുകള്‍ നടത്തുന്നു, എന്നോടു "ഇറങ്ങുന്നില്ലേ" എന്ന് ചോദിക്കുന്നു.

എനിക്ക് ആവേശവും കൊതിയും മൂത്ത് പ്രാന്തായി.
ചുറ്റും നോക്കിയപ്പോള്‍ അതാ ഇരിക്കുന്നു പതിനഞ്ചു ലിറ്റര്‍ കൊള്ളുന്ന ഒരു പ്ലാസ്റ്റിക് കാന്‍ വിത്ത് അടപ്പ് . 'യഹി ഹേ റായ്ട്ട് ചോയ്സ് ബേബി..ആഹ..' 

സാധനം എടുത്തു വാഴവള്ളികൊണ്ട് ഒരു സേഫ്റ്റി ബെല്‍ട്ടും ഫിറ്റ് ചെയ്ത്‌, മുണ്ടഴിച്ച് വച്ച് തോര്‍ത്തുടുത്ത്‌ ഞാന്‍ കുഴിയിലെയ്ക്കിറങ്ങി. കാനിനു മുകളില്‍ വെള്ളത്തില്‍ കിടന്നു. "ചുമ്മാ നീന്തി ആരോഗ്യം കളയേണ്ട എന്ന് കരുതി" എന്നൊരു വിശദീകരണക്കുറിപ്പിറക്കി. മറ്റവര്‍ രണ്ടാളും ചാട്ടവും മറിയലും തുടര്‍ന്നുകൊണ്ടിരുന്നു. 

ഇടയില്‍ എനിക്കൊരു ബോധോദയമുണ്ടായി. എനിക്കെന്തുകൊണ്ട്‌ ഒരു സമ്മര്‌സൊള്‍ട്ട്  പരീക്ഷിച്ചു കൂടാ?

കൂടുതല്‍ ആലോചനകള്‍ ഉണ്ടായില്ല. 
മുകളില്‍ കയറി. ഓരോന്നൊന്നര ചാട്ടമങ്ങു വച്ച് കൊടുത്തു.

വെള്ളം തലയ്ക്ക് മുകളില്‍ ആരവമുയര്ത്തുന്നതും തുടര്‍ന്നു കാനിന്റെ ബലത്തില്‍ മുകളിലേയ്ക്ക് പൊന്തുന്നതും കണക്കു കൂട്ടിയിരുന്ന എനിക്ക് തെറ്റി. സേഫ്റ്റി ബെല്റ്റ് പൊട്ടി എന്റെ ജീവന്‍ ഞാനെല്പ്പിച്ചിരുന്ന ആ പ്ലാസ്റ്റിക് ക്യാന്‍ എന്നില്‍നിന്ന് വേര്‍പെട്ട് ദൂരേയ്ക്ക് നീങ്ങിപ്പോയി. 

കയ്യും കാലുമിട്ടടിച്ചു ഞാന്‍ മുകളിലേയ്ക്ക് പൊന്തി വന്നു. വെള്ളം കുറെ കുടിച്ചു. ജോണിയും സജീവനും എല്ലാം കണ്ടു നില്‍പ്പുണ്ട്. എന്റെ പരാക്രമം കണ്ടപ്പോള്‍ ജോണിക്ക് എന്തോ കത്തി. അവന്‍ വെള്ളത്തിലേക്ക് ചാടുന്നത് കണ്ടാണ്‌ ഞാന്‍ വീണ്ടും താഴ്ന്നു പോയത്.

കയ്യും കാലും തളര്‍ന്നു തുടങ്ങി.. കാലുകള്‍ നിലം മുട്ടി. പെട്ടെന്ന് മുന്നിലൂടെ എന്തോ നീങ്ങുന്നത്‌ കണ്ടു ഞാന്‍ അതില്‍ കയറിപ്പിടിച്ചു. അത് ജോണിയുടെ കാലായിരുന്നു. എന്റെ കനം മുകളിലെയ്ക്കുയര്ത്താന്‍ അവനു പറ്റിയില്ലെന്നു തോന്നുന്നു. പിടി വിടുവിക്കാന്‍വേണ്ടി എന്റെ  തലയില്‍ തന്നെ അവനു ചവിട്ടി മുകളിലേയ്ക്ക് കുതിക്കേണ്ടി വന്നു.

ഞാന്‍ വീണ്ടും വെള്ളം കുടിച്ചു.

കൈകളും കാലുകളും കുഴയുന്നതും മരണം വിളറിയ വെളിച്ചമായി അടുത്ത് വരുന്നതും  ഞാന്‍ തിരിച്ചറിഞ്ഞു. 

ഒരു നിമിഷം. എന്റെ തലയിലൂടെ ഒരു മിന്നല്‍ പാഞ്ഞു. 
ഇത് കുഴിയല്ലേ? വീതി കുറവല്ലേ?

ഞാന്‍ ഉള്ള ശക്തി മുഴുവന്‍ സംഭരിച്ചു കുളത്തിനടിയിലെ ചെളിയിലൂടെ നടന്നു. രണ്ടു സ്റ്റെപ്പ് വച്ചപ്പോലെയ്ക്കും കൈ കുളത്തിന്റെ വശത്ത് തട്ടി. അതിലൂടെ പരുങ്ങിപ്പിടിച്ചു ഞാന്‍ മുകളിലെയ്ക്കുയര്‍ന്നു.  തല വെള്ളത്തിനു മുകളിലെത്തിയപ്പോള്‍ പ്രാണവായു ആവോളം ഞാന്‍ വലിച്ചു കയറ്റി. കിതപ്പിനിടയില്‍ മരണത്തെ ഞാന്‍ തോല്‍പ്പിച്ചിരിക്കുന്നു എന്ന കാര്യം എന്റെയുള്ളില്‍ സന്തോഷം പരത്തി. അമ്പരന്നു നില്‍ക്കുന്ന സജീവനെയും ജോണിയും നോക്കി ഞാനൊരു ചിരി ചിരിച്ചു. ജീവിതത്തിന്റെ ചിരിയായിരുന്നു അതെങ്കിലും "ഇതൊക്കെ എന്റെയൊരു നമ്പരല്ലേ എന്ന ഭാവം പരമാവധി വരുത്തിയ ഒരു ചിരി.

അടുത്ത നിമിഷം ഞാന്‍ പിടിച്ചിരുന്ന വശത്തെ മണ്ണ് ഒരു വലിയ പാളിയായി ഇടിഞ്ഞു. ഞാനും മണ്ണും കൂടി വീണ്ടും വെള്ളത്തിലേയ്ക്ക് താഴ്ന്നു. വീണ്ടും കുറെ വെള്ളം കുടിച്ചു. നേരത്തെ കിട്ടിയ കുറച്ചു വായുവിന്റെ ബലത്തില്‍ പൊന്തി വന്നു. സജീവനോടു ഞാന്‍ പറഞ്ഞു..

"ഡാ.. എന്റെ മുണ്ടിട്ടു താടാ!"

താഴ്ന്നു, വീണ്ടും പൊന്തുമ്പോള്‍ എന്റെ കയ്യകലത്തില്‌ മുണ്ടിന് തലപ്പു ഞാന്‍ കണ്ടു.

എന്റെ ഡയറക്ഷന്‍ അനുസരിച്ച് എല്ലാ കാര്യങ്ങളും നടക്കുന്നതില്‍ പുളകിതനായി ഞാന്‍ മുണ്ടില്‍ പിടിച്ചുയര്‍ന്നു.

ശ്വാസകോശം നിറയുമാറു വെള്ളം കുടിച്ചുകൊണ്ട് ഞാനും മുണ്ടും കൂടി വെള്ളത്തില്‍ താഴ്ന്നു പോയി!


കരയ്ക്ക്‌ കേറി, ചര്‍ദ്ദിച്ചു അവശനായി തളര്‍ന്നിരിക്കുമ്പോള്‍ ജോണി പറഞ്ഞു. "എന്നേം കൂടെ കൊന്നേനെ.." 

ഞാനൊരു ഇളിഞ്ഞ ചിരി ചിരിച്ചു. എന്നിട്ട് സജീവനോടു ചോദിച്ചു..

"ഡാ, തെണ്ടീ.. നീ എന്ത് പണ്യാ കാണിച്ചേ.. "

"മുണ്ടിട്ടു തരാന്‍ പറഞ്ഞു, ഇട്ടു തന്നു. 
ഞാന്‍ വിചാരിച്ചു ഉടുക്കാനാണെന്ന് 
മറ്റെ തല പിടിക്കണമെന്ന് ചേട്ടന്‍ പറഞ്ഞില്ലല്ലോ.. !"


15 comments:

animeshxavier said...

Welcome

gopipuli said...

super -:))))

Neema said...

ഇഷ്ടായീ!! ആ ചിത്രവും.. :-)) ആ സംവിധാനത്തില്‍ വെള്ളം കോരുന്നത് ചില മലയാളം ചിത്രങ്ങളില്‍ കണ്ടിട്ടുള്ളത് ഓര്മ വന്നു..

Unknown said...

ജോറായിട്ടുണ്ട് അനിയേട്ടാ

Unknown said...

ചിരിപ്പിച്ചു..

നീന്തലറിയില്ലെന്നെങ്ങാന്‍ പറഞ്ഞുപോയാല്‍ ഇടിഞ്ഞു തകരാന്‍ പോകുന്ന ഇമേജ് കണക്കിലെടുത്ത് ഞാന്‍ അത് മൂടി വച്ചു.

എനിക്കിപ്പഴും നീന്താനറിയില്ല.

ചക്രൂ said...

ഹ ഹ കൊള്ളാം കൊള്ളാം ...ഞാനും പണ്ട് ഇതുപോലൊക്കെ ചെയ്തിട്ടുണ്ട്..
അനിമേഷ്‌ ചേട്ടന്റെ പ്രകൃതി വര്‍ണ്ണന വായിച്ചാല്‍ ശെരിക്കും അവിടെ എത്തിയപോലെ തോന്നും..

പട്ടേപ്പാടം റാംജി said...

ഓര്‍മ്മകള്‍ പുറകിലേക്ക് സഞ്ചരിക്കുമ്പോള്‍ അന്നത്തെ പല ജോലികളും ഇത്തരം അദ്ധ്വാനം നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ അന്ന് അസുഖങ്ങള്‍ വളരെ കുറവും. കാലത്ത് സ്കൂളില്‍ പോകുന്നതിനു മുന്പ് അര മണിക്കൂര്‍ തേവി കഴിഞ്ഞ് ആ കുട്ടയിലെ വെള്ളം കൊണ്ടു തന്നെ കുളിച്ച് സ്കൂളില്‍ പോകാന്‍ ഒരു ഉഷാര്‍ തന്നെയായിരുന്നു. പിന്നെ മനുഷ്യന് പ്രത്യേക എക്സര്‍സൈസോന്നും വേണ്ടിയിരുന്നില്ല.
കുറെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.

ഇതേക്കുറിച്ച് ഞാനും ഒരു കഥ ആദ്യം എഴുതിയിരുന്നതാണ് ബാലകൃഷ്ണന്‍ മാഷും നടക്കുകയാണ് എന്നത്.

ajith said...

കൊള്ളാം കേട്ടൊ

ആ ഗ്രാമവര്‍ണ്ണനയും ജലസമൃദ്ധിയും വായിച്ചപ്പോള്‍ കൊതിയായി

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല അസല് നീന്തല്‍ പഠിത്തം തന്നെ

animeshxavier said...

നാട്ടില്‍ ഇപ്പോള്‍ ഒരു സ്ഥലത്തും വെള്ളം തേവല്‍ ഇല്ല. പടമെടുക്കാന്‍ പറ്റാഞ്ഞതുകൊണ്ട് വരച്ചതാ. എന്തായാലും പഴയ കാലത്തേയ്ക്ക് ഒരു പോക്ക് പോകാന്‍ ഉപകരിച്ചല്ലോ.
നന്ദി, റാംജി, അജിത്‌, അമ്രുതംഗമയ

Joselet Joseph said...

ചേര്‍ത്തിരിക്കുന്ന ചിത്രം ആരുടെ വരയാണ്? സുന്ദരം.
കാരുണ്യം എന്ന സിനിമയില്‍ ഈ വെള്ളം കോരല്‍ സംഭവം കഥാഗതിയില്‍ വളരെ പ്രധാന്യമുള്ള ഒന്നാണ്.
.

Unknown said...

നേരിട്ട് കണ്ടപോലെ .........

ഷാജു അത്താണിക്കല്‍ said...

ഹഹ
അങ്ങനെ ഇപ്പോഴും പഠിച്ചില്ലേ

Priya G said...

<3 ഈ പടം ഞാനങ്ങ് എടുക്കുവാ അനിമേഷേ :) :)

animeshxavier said...

Sure, Priya