Powered By Blogger

Sunday, June 16, 2024

പലരിൽ ചിലർ 8


സുജാത..മിസ് യു ഡിയർ ഫ്രണ്ട്
ഫേസ്ബുക് പരിചയപ്പെടുത്തിയ ഒരു പ്രൊഫൈൽ. തുണികളിൽ പെയിന്റ് ചെയ്യുന്നു എന്നതും കേരള മ്യുറൽ ചെയ്യുന്നു എന്നതും സുജാത എന്ന വ്യക്തിയിലേക്ക് അടുപ്പിച്ചു. പ്രളയക്കാലത്ത് തുടങ്ങി കൊറോണക്കാലത്ത്,പച്ച പിടിച്ച സൗഹൃദം. നൂറു ദിനവരകളിലെ ഒത്തു ചേരൽ., ചർച്ചകൾ..
മ്യൂറൽ പാഠങ്ങൾ, അതിനനുബന്ധമായ ധ്യാനശ്ലോക കഥകൾ ഒക്കെ പറഞ്ഞു തന്ന വേദികളിൽ എപ്പോഴോ ഞാൻ ഗുരു എന്ന് വിളിച്ചു. പിന്നീട് ഒഫീഷ്യലായി ഓൺലൈനായി ശിഷ്യപ്പെട്ടു!
അതിനുമപ്പുറം മ്യുറൽ ആർട്ടിനെക്കുറിച്ച്..ഞങ്ങൾ വാ തോരാതെ സംസാരിച്ചു.ബുദ്ധനെക്കുറിച്ച്, യക്ഷിയെക്കുറിച്ച്, ആദികേശവപ്പെരുമാളെപ്പറ്റി..
കുറേക്കാലം മാധവി, സുജാതയുടെ മകളായിരിക്കും എന്ന ചിന്തയിലായിരുന്നു ഞാൻ. പിന്നീടാണ് അതൊരു സങ്കൽപ്പ കഥാപാത്രമാണെന്നു മനസിലായത്! മാധവിക്കു ചുറ്റും ഒരു ലോകം തീർക്കുകയും താൻ അതിലെ ഒരു കഥാപാത്രമാവുകയും ചെയ്‌തു സന്തോഷിക്കുന്ന സുജാതയെ ഒരു അത്ഭുതജീവിയായി ഞാൻ കണ്ടു. വരയൊന്നും നടന്നില്ല.. മാധവി വന്നു നൂറായിരം ചോദ്യങ്ങൾ ചോദിച്ചു ശല്യപ്പെടുത്തുന്നു.. എന്നൊക്കെ പറയുമ്പോൾ ക്രമേണ, കുട്ടികളല്ലേ, ചോദ്യങ്ങൾ വന്നുകൊണ്ടേയിരിക്കും.. എന്ന് പറയാൻ ഞാനും ശീലിച്ചു.
അറിയാതെ വരയ്ക്കുന്നതും അറിഞ്ഞിട്ടു സ്വതന്ത്രമായി മാറ്റി വരയ്ക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയണം അതറിഞ്ഞു വരയ്ക്കണം എന്ന് പറയുന്ന, വിഭ്രമാത്മകം എന്ന് ഒരുപക്ഷെ പുറത്തുനിന്നുയി നോക്കുന്നവർക്ക് തോന്നുന്ന, എന്നാൽ കൊമേഴ്സ്യൽ വർക്കുകളിൽ താൻ സൃഷ്ടിച്ച ലോകത്തിലെ ഒന്നും ഇടപെടാത്ത ഒരു ജീവിതമുള്ള ഒരാൾ. എന്നെ സംബന്ധിച്ച് ഭാവനയിലും റിയാലിറ്റിയിലും ഒരേ സമയം ജീവിക്കുന്ന ഒരാൾ.. അയാൾ ഒരു ദിവസം വെറുതെയങ്ങു മാഞ്ഞുപോയി എന്ന് പറയുന്നത് ഉൾക്കൊള്ളാനാവുന്നില്ല. അതുകൊണ്ടുതന്നെ മാധവിയുടെ വാശിയ്ക്കു വഴങ്ങി എങ്ങോട്ടോ ഒരു യാത്ര പോയി എന്ന് കരുതാനും എന്നെങ്കിലും തിരികെ വരും എന്ന് വിശ്വസിക്കാനുമാണിഷ്ടം.

No comments: