Powered By Blogger

Monday, August 1, 2011

ക്യാഷ്

ഓടിപ്പാഞ്ഞു തിമിര്‍ക്കുന്ന പിള്ളേരും പണ്ടത്തെ കാര്യങ്ങള്‍ അയവിറക്കി ആഞ്ഞു ചിരിച്ചു ചുമയില്‍ അവസാനിക്കുന്ന വിശേഷങ്ങളുമായി വയസ്സായവരും പന്തലിനു മോടി പിടിപ്പിക്കുന്നവരും ആഭരണം കാണാന്‍ വന്നു അടക്കം പറച്ചിലുകളിലൂടെ വിശേഷങ്ങള്‍ കൈമാറുന്ന അയല്‍ക്കാരികളും ഒക്കെയായി മനസ്സമ്മത തലേന്നിന്റെ ആവേശത്തിലായിരുന്നു ജേക്കബേട്ടന്റെ വീട്. കത്താതിരുന്ന മാലബള്ബ്  കത്തിക്കാനുള്ള  പരിശ്രമത്തിലായിരുന്ന എന്നെ ജേക്കബേട്ടന്‍ തോണ്ടി വിളിച്ചു.  

"അതൊക്കെ വേറാരെങ്കിലും ശേര്യാക്കിക്കോളും. മോന്‍ വന്നോര്‍ക്ക് ചോറ് കൊടുക്കാനുള്ള കാര്യം നോക്കിയേ"

"അത് എല്ലാം റെഡി ആണല്ലോ. ചേട്ടന്‍ അകത്തൂന്ന് ആള്‍ക്കാരെ വിളിച്ചോ. മ്മടെ പിള്ളേരൊക്കെ വെളമ്പാന്‍ മുട്ടി നിക്ക്വാ. അത് പോട്ടെ, ബാക്കില്‍ ഏതാ സാധനം? നല്ല മണം വരണ്ണ്ടല്ലോ.. എത്രണ്ണം പൂശി?"

ഏയ്‌.. രണ്ടെണ്ണം. മോന്‍ ഇപ്പൊ അടിക്കണ്ടാട്ട. ഈ ഊണിന്റെ ബഹളം ഒന്ന് തീര്‍ന്നോട്ടെ. ഒരാള് ബോധത്തില്‍ വേണ്ട്രാ... അതോണ്ടാ. 
അല്ലെ തന്നെ അറിഞ്ഞൂടെ, എലെച്ചവിട്ടി വഴക്കുന്ടാക്കണ ടീമാ എന്‍റെ ബന്ധുക്കള്. നീ പേടിക്കണ്ട, ഷിബു കൊടുത്തയച്ച ഒരു കുപ്പി ഞാന്‍ മാറ്റി വച്ചണ്ട്. 
വെളമ്പ്‌ കഴിയുമ്പോ മ്മക്ക് പൊരിക്കാം. എന്നട്ട് ഒരുമിച്ചു ഊണ് കഴിക്കാം ട്ടാ."

എന്‍റെ കൂട്ടുകാരന്‍ ഷിബൂന്റെ അപ്പനും പ്രായഭേദമന്യേ എല്ലാ നാട്ടുകാരുടെയും ചങ്ങാതിയും വേണ്ടപ്പെട്ടവനും ആണ് ജേക്കബേട്ടന്‍.
വിദ്യാഭ്യാസം വട്ടപൂജ്യം. ന്നാലും ഒപ്പിടാനൊക്കെ നല്ല അറിവാ!
എല്ലുമുറിയെ പണിയെടുക്കുക, നല്ല പോലെ ഭക്ഷണം കഴിക്കുക, ആവശ്യത്തിനു കുടിക്കുക, സദാ പുഞ്ചിരിക്കുക തുടങ്ങിയവ ആളുടെ പ്രധാന ഗുണങ്ങള്‍.

നാല് മക്കള്‍. മൂന്നു പെണ്ണും ഒരാണും. മൂന്നാമനാണ് ഷിബു - ഇപ്പോള്‍ ഗള്‍ഫില്‍.

മനസ്സമ്മതം നടക്കാന്‍ പോകുന്നത് ഏറ്റവും താഴെയുള്ള കുട്ടിയുടെയാണ്.

ഷിബൂന്റെ പണ്ടേ തൊട്ടുള്ള കൂട്ടുകാരനായതുകൊണ്ട് എന്നെ വല്ല്യ കാര്യമാണ് പുള്ളിയ്ക്ക്.

ഇടയ്ക്ക് കാണുമ്പോ "ഡാ വനെ, ഷിബു വിളിക്ക്യാര്‍ണ്ടാ?" ന്നൊക്കെ ചോദിക്കുകയും അവന്‍ കൊടുത്തു വിട്ടതാന്നു പറഞ്ഞു ടൈഗര്‍ ബാമോ ആക്സ് ഓയിലോ ഒക്കെ തരുകേം ചെയ്യും.

ചോറും മീന്ചാറും ഒപ്പം കായേം പോത്തും ഇലകളില്‍ നിരന്നു.
വിളിച്ചിരുത്തലും വിളമ്പും ആഘോഷവുമായി പാതിരാവായി.

"ജെക്കബെട്ടാ, ഞാനെറങ്ങാ ട്ടാ" ന്നു പറഞ്ഞു ഇറങ്ങാന്‍ നേരത്ത് ആള്‍ എന്‍റെ അടുത്ത് വന്നു. 

"മോനെ, നാളെ നേരത്തെ തന്നെ വരണം. നാളത്തെ ഒരു കാര്യം നിന്നെ എല്പ്പിക്കാനുണ്ട്. "

"എന്തൂട്ടാ കാര്യം?"

"ഇപ്പൊ പോയിക്കെടന്നു ഒറങ്ങിക്കോ. അത് നാള്യല്ലേ. നേരത്തെ ഇങ്ങട് എത്ത്യാ മതി."

എന്ത് പുലിവാലാണാവോ എന്ന് ചിന്തിച്ചു ഞാന്‍ വീട്ടില്‍ പോയി കിടന്നുറങ്ങി.

രാവിലെ എണീറ്റ്‌ ഡ്രസ്സ്‌ ഒക്കെ മാറി കുട്ടപ്പനായി ഷിബൂന്റെ വീട്ടിലെത്തിയപ്പോള്‍ ജെക്കബേട്ടന്‍ വീടിന്റെ മുന്‍പില്‍ തന്നെ നില്‍പ്പുണ്ട്.
ഞാന്‍ ഒരു വെല്യ ചിരി പാസാക്കി. 

"ഞാന്‍ പകച്ചു നിക്കാര്‍ന്നു. നീ നേരം വൈകണ കണ്ടപ്പോ. ഇപ്പൊ ആശ്വാസായി." ജേക്കബേട്ടന്റെ മറുപടി.
"ഞാന്‍ എത്തുംന്നു പറഞ്ഞാ എത്തിയിരിക്കും. ചേട്ടന്‍ എന്തിനാ ടെന്‍ഷന്‍ അടിക്കണേ?"
"നിന്നെ ഒരു കാര്യം എല്പ്പിക്കണമെന്നു ഞാന്‍ ഇന്നലെ പറഞ്ഞില്ലേ? അതാ"

ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ സര്‍വ്വത്ര ബന്ധുക്കളും മനസ്സമ്മതത്തിനു പോകാന്‍ റെഡി ആയി നില്‍പ്പുണ്ട്.
എല്ലാവരും എന്നേം ജെക്കബെട്ടനേം നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ സീരിയസ് ആയി.

"എന്താ കാര്യം?"

"നീയിങ്ങു വന്നേ.." എന്നേം വിളിച്ചു ചേട്ടന്‍ പന്തലിനു പുറത്തേയ്ക്ക് നടന്നു.

ഞാന്‍ എന്തോ പന്തികേട്‌ മണത്തു. ദൈവമേ, എന്ത് കുന്തമാണാവോ പറയാന്‍ പോണത്.
തെക്കെപ്പുറത്തെ തെങ്ങിന്റെ ചോട്ടിലെയ്ക്ക് എന്നെ മാറ്റി നിര്‍ത്തി ജെക്കബേട്ടന്‍ പറഞ്ഞു.

"ഷിബു ഉണ്ടെങ്കില്‍ ഇത് മോനോട് പറയേണ്ട കാര്യല്ല്യ... ന്നാ ഇപ്പൊ അവനില്ലല്ലോ.."

"ചേട്ടാ.. കാര്യം പറയൂ.." എനിക്ക് പൊറുതി മുട്ടി.

"അതേയ്, ഞങ്ങളിപ്പോ പള്ളീ പോവും.. ഒരു പന്ത്രണ്ടാവും വരാന്‍. 
അപ്പൊ ചെക്കന്റെ വീട്ടുകാരും ഉണ്ടാവുമല്ലോ..
അവര്‍ വന്നാല്‍ ഉടനെ ചെയ്യണ്ട ഒരു കാര്യം ആണ് മോനെ എല്പ്പിക്കാനുള്ളത്."

ഞാന്‍ കാതും കരളും കൂര്‍പ്പിച്ചു.

"അവര്‍ വന്ന ഉടനെ ക്യാഷു കൊടുക്കണം.. അതാണ്‌ നീ ചെയ്യേണ്ട കാര്യം."

"എന്ത്? "

"ക്യാഷേയ്.. അത് നീ കൊടുക്കണം."

"ജെക്കബേട്ടന്‍ എന്തൂട്ടാ ഈ പറയണേ..? ഞാനോ?"

"അല്ലാതെ പിന്നെ, എന്‍റെ ഷിബു ഉണ്ടായിരുന്നെങ്കില്‍ അവനല്ലേ അത് ചെയ്യാ?"

ഞാന്‍ ഇരവിഴുങ്ങിയ പാമ്പിന്റെ പോലെ ആയി. 
ബന്ധുക്കളും വേണ്ടപ്പെട്ടവരുമായി പത്തമ്പത് പേര്‍ അവിടെയുണ്ട്. അതില്‍ തന്നെ, ആവശ്യം പോലെ കാരണവന്മാരും.
ജേക്കബേട്ടന്റെ അളിയന്‍മാര്‍ മുതല്‍ രണ്ടു അനിയന്മാര്‍ വരെയുള്ള ഇടിവെട്ട് കേസുകള്‍ വേറെ.
ഇനി മുപ്പതു തെകയാത്ത ഞാനാണോ അത് കൊടുക്കേണ്ട ആള്?
മാത്രവുമല്ല, ചെറുക്കന്‍ വീട്ടുകാര്‍ നോക്കുമ്പോള്‍ ഞാന്‍ ആരാ? അവര്‍ അതില്‍ എന്തൊക്കെ അര്‍ത്ഥങ്ങള്‍ ചിന്തിക്കും?
എന്തിനു എന്‍റെ പെങ്ങള്ടെ കല്യാണത്തിന് പോലും ഞാന്‍ അങ്ങിനെയൊരു കാര്യം ചെയ്തിട്ടില്ല.
എന്‍റെ വീട്ടുകാര്‍ എന്ത് വിചാരിക്കും?
നാട്ടുകാര്‍ എന്ത് വിചാരിക്കും? 
ഇയാള്‍ക്കെന്താ പ്രാന്തായാ..? എന്‍റെ മനോവിചാരങ്ങള്‍ കാട് കേറി.

"നീ എന്തൂട്ടാ മോനെ ഇത്ര ആലോചിക്കണേ. ഈ കാര്യോന്നും എന്‍റെ ബന്ധുക്കള്ന്നു പറയണ മറ്റതുകളെ ഏല്‍പ്പിക്കാന്‍ പറ്റില്ലെടാ. അതോണ്ടല്ലേ.."

"അല്ല.. ഞാന്‍.. അതല്ല ജേക്കബേട്ടാ.."

"ഒരു വേഷമോമില്ല.. സംഭവം അവടെ ശേര്യാക്കി വെച്ചണ്ടാവും. അത് നീ അങ്ങട് എടുത്തു അവര്‍ക്ക് കൊടുക്കാ.. അത്രന്നെ. "

എന്‍റെ കയ്യിലെ പിടി വിട്ടു പള്ളീല്‍ പോവാന്‍ നില്‍ക്കുന്നവരോടായി  "ന്നാ, നമുക്കെറങ്ങാട്ടാ.."  എന്നും പറഞ്ഞു ജെക്കബേട്ടന്‍ പോയി.
പകച്ചു നില്‍ക്കുന്ന എന്നെ നോക്കി എന്തോ പരസ്പരം പറഞ്ഞുചിരിച്ചും കൊണ്ട് രണ്ടുമൂന്നു പേര്‍  വീടിനകത്തെയ്ക്കും.
ആദ്യായിട്ട് ചാര്സൌ ബീസ് മുറുക്കിയ ആളെപ്പോലെ ഞാന്‍ വിയര്‍ത്തു. 
എന്താ ചെയ്യേണ്ടതെന്ന് ഒരു പിടുത്തവുമില്ലാതെ ഞാന്‍ പന്തലില്‍ ചെന്നിരുന്നു.  

പാചകപ്പുരയില്‍ പാചകം മേമ്പൊടി വിതറുന്ന ഘട്ടത്തില്‍. 
ചെറുക്കാനും പെണ്ണിനും ഇരിക്കാനുള്ള കസേരയോരുക്കുന്ന ചിലര്‍ പന്തലിലുണ്ട്.
വയറുവേദന, തലവേദന, തല ചുറ്റു തുടങ്ങിയ എന്തെങ്കിലും നമ്പര്‍ അടിച്ചു വീട്ടിലേയ്ക്ക് മുങ്ങിയാലോ..
ഏയ്‌.. വയറെളക്കാ ബെസ്റ്റ്. അത് പെട്ടെന്ന് സംഭവിക്കാമല്ലോ... 
അങ്ങിനെ ചിന്തകള്‍ നടത്തിയും വെട്ടിതിരുത്തിയും  ഒരു തീരുമാനത്തിലെത്താതെ ഞാനിരുന്നു.  

"ദേ അവരെത്തീ ട്ടാ.."
ഞാന്‍ ചാടിയെണീറ്റു. മാര്‍ക്കെറ്റിലെ സൈതാലിക്കയുടെ  കടയില്‍ തൂങ്ങിക്കെടക്കാന്‍ ഊഴം കാത്തു നിക്കുന്ന ആടിന്റെ പോലെ നിന്നു.
ജേക്കബേട്ടന്‍ ചിരിച്ചു അര്മ്മാടിച്ചാണ് വന്നു കേറിയത്‌. 

"എന്താ, ഒരു ഉഷാറില്ലാതെ? എല്ലാവരും ഇരിക്ക്. ആ കസേരകള്‍ ഒന്ന് നേരെ ഇട്ടു കൊടുത്തെ.. " ആള് ഫുള്‍ സ്വിങ്ങിലാണ്.
"മോന്‍ വാ..മ്മക്ക് കൊടുക്കാന്‍ നേരായീട്ടാ " എന്നെ ജെക്കബേട്ടന്‍  വീട്ടിനകത്തെയ്ക്ക് വിളിച്ചു. 

ഞാന്‍ ഒരു വളിഞ്ഞ ചിരി ചിരിച്ചു യാന്ത്രികമായി ആളെ പിന്‍തുടര്‍ന്നു. 

"അതേയ് .. ഹരീനേം സത്യനേം കൂടി വിളിച്ചോ..ക്യാഷു കൊടുക്കാന്‍ നിനക്കൊരു സഹായാവട്ടെ. അല്ലെങ്കില്‍ ഞാന്‍ തന്നെ വിളിക്കാം."

ഇയാള്‍ ഒരു വണ്ടി ക്യാഷാണോ കൊടുക്കാന്‍ പോണത്? സത്യത്തില്‍ ഇങ്ങേര്‍ക്ക് വട്ടായാ? തുടങ്ങിയ വിചാരങ്ങള്‍ എന്‍റെ തലയ്ക്കു ചുറ്റും പറന്നു.
സത്യനും ഹരിയും എന്‍റെ അടുത്ത് വന്നു.

"ഡാ എന്തൂട്ടാ ക്യാഷിന്റെ കാര്യം? നിന്നെ എല്പ്പിച്ചണ്ട്ന്നാണല്ലോ പറഞ്ഞത്?"
"എന്‍റെ പോന്നു ഗെടികളെ.. എന്താ സംഭവംന്നു എനിക്കറിയില്ല.." പറഞ്ഞു മുഴുവനാക്കും മുന്‍പ് ആളെത്തി..

"അപ്പൊ, പിള്ളേരെ, ക്യാഷു ദപ്രത്തെ മുറീല് വെച്ചണ്ട്. അത് നിങ്ങള് കൈകാര്യം ചെയ്തോ. ഞാന്‍ കലവറയിലൊന്ന് പൂവാ.." 

മുഖത്തോട് മുഖം നോക്കി ഞങ്ങള്‍ അപ്പുറത്തെ മുറീല്‍ ചെന്നു.

അപ്പോള്‍..
രണ്ടു ട്രെകളിലായി നല്ല ഓറഞ്ചു കളറില്‍ പത്തറുപതു ഗ്ലാസ്സുകളില്‍ നിരന്നിരിക്കുന്നു.. 
രസന കലക്കി കുട്ടപ്പനാക്കിയ സ്ക്വാഷ്.. അതായത് ജേക്കബേട്ടന്റെ ക്യാഷ്!! 



9 comments:

Jinto George said...

thalarthittaaaa.

Sneha said...

അപ്പോ അതായിരുന്നല്ലേ ക്യാഷ്..........:))))))

vinu said...

ente ponnu jacobettooo...edupolatthe teamukallu ellardem vittilundrappaaa...

animeshxavier said...

Thank u Vinu & Sneha

ചക്രൂ said...

ഹ ഹ ഹ ..... :)

animeshxavier said...

Thanks Chakroo.

Sreekumar muriyad said...

Ente daivame !!njanum vishamichupoyeetto...entha endavan ponennuvach.kalakki.

ലടുകുട്ടന്‍ said...

ശൂ ചുമ്മാ ഓരോന്ന് .....
ഇതു പറഞ്ഞപ്പോഴാ ഓര്‍ത്തത്
എന്റെ അയല്‍വാസിയും എന്റെ സന്തത സഹാചാരിയുടെ അച്ഛനുമായ ഭാസ്കരേട്ടനും ഞാനും ഇതുപോലെ ഇടയ്ക്ക് കൂടാറുണ്ട് :P

ഞാന്‍ രാവണന്‍ said...

അല്ലപ്പാ നിങ്ങ ആളെ കോയി ആക്കുന്ന പര്യാടി ആണല്ലേ ...