ലോണ്‍ എടുക്കാന്‍ ഓടിയോടി രാവുണ്ണിയേട്ടന്റെ പണ്ടം കലങ്ങി. ഇന്നെങ്കിലും കാശ് കിട്ടില്ല്യെങ്കില്‍ പണിയാവും.
ആദ്യം ആധാരം. അത് കൊണ്ട് ചെന്നപ്പോ മുന്നാധാരം. അച്ഛന്, മുത്തച്ഛന്‍ ഇഷ്ട്ടദാനം നല്‍കിയതാണെന്നു തെളിയിക്കാന്‍ വില്ലെജീന്നു സാക്ഷ്യപത്രം, പഞ്ചായത്ത് മെമ്പറുടെ റെക്കമെന്റ്റ്,നിലവില്‍ ലോണൊന്നുമില്ലെന്നു തെളിയിക്കാന്‍ നോട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്. കരം അടച്ചതിന്റെ രസീത്...
കണ്ണീക്കണ്ടവന്റെയൊക്കെ കയ്യും കാലും പിടിച്ചും കാശ് കൊടുത്തും എല്ലാം ഒരു കണക്കിന് ഒപ്പിച്ചു അവസാനം മാനേജര്‍ ദൈവത്തിന്റെ അടുത്ത് ഹാജരായി.
"സാറേ, എല്ലാം ഉണ്ട്.. ഒന്ന് വേഗം ശര്യാക്ക്യാ ഉപകാരം. പത്തൂസായി ഓട്ടം തൊടങ്ങീട്ടേ, അതാ"
തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക പരിശോധിക്കുന്ന പോലെ, തിരിച്ചും മറിച്ചും കൂലംകഷമായ ഒരു പരിശോധന.
ദൈവത്തിന്റെ പുരികത്തിന്റെ ചുളിവുകൾക്കനുസരിച്ചു രാവുന്ന്യേട്ടന്റെ മുഖത് നവരസങ്ങള്‍ വിരിഞ്ഞു.
അവസാനം എല്ലാ പേപ്പറുകളും കൂടി മേശപ്പുറത്തേയ്ക്ക് എറിഞ്ഞിട്ടു ഇവനൊക്കെ എവടന്ന് വരുന്നു എന്ന റോളില്‍
"ഇതിലെവ്ട്യണ്ടോ? കുടിക്കെട സര്‍ട്ടിഫിക്കറ്റ്?"
അങ്ങന്യേം ഉണ്ടോ ഇനിയൊരു മാരണം, ഇയാള്‍ ഇതിനു മുന്നോന്നും ഇങ്ങന്യൊരു സാധനതിനെപ്പറ്റി പറഞ്ഞട്ടില്ല്യല്ലോ എന്ന ചിന്തയില്‍ മുഴുകി, പത്ത് ദിവസം ഓടിയ നെട്ടോട്ടവും ഇനി ഓടേണ്ട ഓട്ടവും മനസ്സില്‍ കണ്ടു രാവുണ്ണിയേട്ടന്‍ ദൈവപ്രീതിക്കായി കരുണം, ശോകം തുടങ്ങി തന്നാലാവുന്ന രസങ്ങളൊക്കെ മുഖത്ത് വീണ്ടും വരുത്തി നോക്കി..
എവിടെ, ദൈവം സ്ഥിരമായുള്ള പുച്ഛത്തില്‍ തന്നെ.
തരിച്ചു കയറിയ ദേഷ്യം അടക്കി, ശബ്ദം താഴ്ത്തി, വിനീതനായി, രാവുണ്ണിയേട്ടന്‍ ചോദിച്ചു..
"സാറെ, അതിനി എപ്പളാ ശരിയായിക്കിട്ടാന്നറിയില്ല്യ..
തല്‍ക്കാലം ഒന്ന് ചെറുതായിട്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റ്വോ?
വാസൂന്റെ കള്ളുഷാപ്പിലെ 'കടം കുടി' സര്‍ട്ടിഫിക്കറ്റു കൊണ്ട് തരട്ടെ?
അതാവുമ്പോ പറ്റുപടി ഉള്ളതാ. വേഗം കിട്ടേം ചെയ്യും."
3 comments:
ha ha...
എന്നങ്ങ് കൊല്ല് :)
കൈവശാവകാശ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, പോക്ക് വരവ്, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, കരമടച്ച രസീത്, എന്നിങ്ങനെ ഒരുകൂട്ടം സർട്ടിഫിക്കറ്റുകൾക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന ഒരുവൻ... :(
kalakki maashe
Post a Comment